Tuesday, April 22, 2008

ചങ്ങനാശ്ശേരിയിലെ പോലീസുകാരേ - സ്മരണ വേണം! സ്മരണ!

ചങ്ങനാശ്ശേരി സംഭവത്തില്‍ ചില പോലീസുകാര്‍ അന്നു പറഞ്ഞതെന്തായിരുന്നു‌ - ഇന്നു പറയുന്നതെന്താണ്‌ - എന്നൊരു താരതമ്യമാണിവിടെ. പാവങ്ങള്‍ സ്വന്തം കുടുംബത്തെ ഓര്‍ത്താവണം കള്ളം പറയാന്‍ തുനിഞ്ഞത്‌. പക്ഷേ തെറ്റ്‌ തെറ്റു തന്നെയാണ്‌. പോലീസുകാരന്‍ "വിതുമ്പലോടെ വര്‍ണ്ണിച്ച" സംഭവം ദേശാഭിമാനി അന്ന്‌ എഴുതിവിട്ടത്‌ എങ്ങനെയായിരുന്നുവെന്ന്‌ ഇപ്പോള്‍ ഒരിക്കല്‍ക്കൂടി വായിച്ചുനോക്കേണ്ടതു തന്നെയാണ്‌!

*-*-*-*-*
അടുത്തിടെയായി പലരും ഇ-മെയില്‍ വഴിയായും കമന്റിലൂടെയുമെല്ലാം ചോദിച്ചുതുടങ്ങിയൊരു കാര്യമുണ്ട്‌. പച്ചക്കള്ളം പച്ചയ്ക്കു പറയാനും പ്രചരിപ്പിക്കാനും - ഭീഷണിയിലൂടെ മറ്റുള്ളവരേക്കൊണ്ടു പറയിപ്പിക്കാനും - മടിയില്ലാത്തവരാണു മാര്‍ക്സിസ്റ്റുകള്‍ എന്നത്‌ സ്വബോധമുള്ള ഏതൊരാള്‍ക്കും അറിയാവുന്നതല്ലേ? അവയൊക്കെ ചൂണ്ടിക്കാണിക്കാനായി ഇടയ്ക്കു ചില പോസ്റ്റുകളില്‍ ചെലവിടാറുള്ള സമയംകൂടി ഗൌരവസ്വഭാവമുള്ള മറ്റുപോസ്റ്റുകള്‍ക്കായി നീക്കി വച്ചുകൂടേ?

ശരിയാണ്‌. എത്രയോ വര്‍ഷമായി ഇതെല്ലാം കാണുന്നു. പക്ഷേ, ഇപ്പോളും ചിലതൊക്കെ കാണുമ്പോള്‍ മിണ്ടാതിരിക്കണമെങ്കില്‍ അത്ഭുതകരമായ ആത്മനിയന്ത്രണം വേണം എന്നതാണു പ്രശ്നം.

ചങ്ങനാശ്ശേരിയില്‍ എ.എസ്‌.ഐ. മരണപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തെ മുതലെടുക്കാനായി എന്തെല്ലാം തരം താണ കളികളായിരുന്നു മാര്‍ക്സിസ്റ്റുനേതൃത്വവും അവരുടെ സര്‍ക്കാരും ഇവിടെ നടത്തിയത്‌!

സംഭവം നടന്നു മണിക്കൂറുകള്‍ക്കകം പ്രതികളെ അങ്ങുദൂരെ തിരുവനന്തപുരത്ത്‌ പാര്‍ട്ടിയോഫീസില്‍ നിന്നു പ്രഖ്യാപിക്കുന്നു. അത്‌ ആഭ്യന്തരമന്ത്രിയുടെ നാവിലൂടെ ജനമറിയുന്നു! പെരുന്നയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ കോട്ടയത്തുള്ള ബി.എം.എസ്‌ ഓഫിസില്‍ പരിശോധന നടത്തുന്നു! നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നു! കൊലപാതകികളെന്നാരോപിച്ച്‌ കുറച്ചുപേരെ അറസ്റ്റുചെയ്ത്‌ പീഢിപ്പിക്കുന്നു. മൂക്കിന്റെ പാലമടിച്ചു തകര്‍ക്കുന്നു. എന്തൊക്കെ പുകിലായിരുന്നു! ഒടുവില്‍ കണ്ണൂര്‍ കലാപത്തിനുള്ള ന്യായീകരണമായിപ്പോലും പറഞ്ഞുവച്ചു ആ സംഭവം!

തിരുത്തലുകളും പിന്നാലെ വന്നുകൊണ്ടിരുന്നു (പോലീസ്‌ രേഖകള്‍ തിരുത്തിയതിനു പുറമേ). ആഭ്യന്തരമന്ത്രിയ്ക്കും ഡി.ജി.പി.യ്ക്കും എല്ലാം തങ്ങള്‍ പറഞ്ഞതു തിരുത്തേണ്ടി വന്നു. ചങ്ങനാശ്ശേരിയില്‍ "അരുതാത്തതു സംഭവിച്ചു"വെന്ന്‌ പാര്‍ട്ടി സെക്രട്ടറിയ്ക്കുപോലും തുറന്നു സമ്മതിക്കേണ്ടിവന്നു.

"ദൃക്‌സാക്ഷി" എന്നവകാശപ്പെട്ടിരുന്ന ഒരു പോലീസുകാരന്റെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു ദേശാഭിമാനിയുടെ സകലനുണപ്രചാരണവും. 'കൊല്ലടാ അവനെ' എന്ന്‌ ആക്രോശിച്ചു കൊണ്ടാണത്രേ അടിച്ചത്‌. കൃത്യം "ഇടതുകര്‍ണ്ണത്തിനടിയിലാണ്‌ അടിച്ചതെന്നും" പറഞ്ഞു. തന്നെയാദ്യം തള്ളിത്താഴെയിട്ടതിനുശേഷമാണത്രേ അടിച്ചത്‌.

എ.എസ്‌.ഐ.യ്ക്കു് അടിയേറ്റിരുന്നില്ല എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാവുകയും ഹൃദയസ്തംഭനമാണ് മരണകാരണമെന്നുതെളിയുകയും ചെയ്തതോടെയാണ് സകല നുണകളും തകര്‍ന്നടിഞ്ഞത്‌. പഴയ ദൃക്‌സാക്ഷികള്‍ ഇപ്പോള്‍ പറയുന്നത്‌ തങ്ങള്‍ ചെന്നപ്പോള്‍ എ.എസ്‌.ഐ. വീഴുന്നതു മാത്രമാണു കണ്ടതെന്നാണ്‌. അപ്പോള്‍ "വിദ്യാര്‍ത്ഥികള്‍" കൂടി നില്‍പ്പുണ്ടായിരുന്നുവെന്നും. (ഏതു വിദ്യാര്‍ത്ഥികള്‍ എന്ന്‌ ഇപ്പോളും പറയുന്നില്ല) അവരുടെ അടികൊണ്ടാണു വീണതെന്നു ചുമ്മാ അങ്ങു വിചാരിച്ചു പോയതാണത്രേ!

ഇപ്പോളത്തെ മൊഴിയേപ്പറ്റിയുള്ള ദീപിക വാര്‍ത്ത ഇങ്ങനെ (ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ പുതിയ വിന്‍ഡോയില്‍ തുറന്നു വരും).
അന്നത്തെ മൊഴി ഒരു അപസര്‍പ്പകനോവലിനെ അനുസ്മരിപ്പിക്കുന്ന വിധം ദേശാഭിമാനിയുടെ നുണയെഴുത്തുകാര്‍ വര്‍ണ്ണിച്ചത്‌ ഇങ്ങനെയായിരുന്നു.
കണ്ണില്‍‍ ഇരുട്ടുകയറിയത്രേ! ഇന്നിപ്പോള്‍ അതു വീണ്ടും വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല - സകലരുടേയും കണ്ണില്‍ ഇരുട്ടുകയറുകയാണ് !

അന്ന്‌, തങ്ങള്‍ “നേര് നേരത്തെ അറിയിക്കുന്ന“തിനെ‌ മറ്റുപത്രങ്ങള്‍ പിന്തുണയ്ക്കാത്തതിലുള്ള അമര്‍ഷപ്രകടനങ്ങളും ഒപ്പമുണ്ടായിരുന്നു. മറ്റു മാദ്ധ്യമങ്ങളൊന്നും പോലീസുകാരനെ "അടിച്ചുകൊന്നു" എന്നു വ്യക്തമായി പറയുന്നില്ല എന്നാരോപിച്ച്‌ സകലരേയും ചീത്തവിളിച്ചിരുന്നു. ‘തലയ്ക്കടിച്ചു വീഴുത്തുന്നത്‌ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ "വ്യക്തമായി" കണ്ടതാണ്‌ - എന്നിട്ടും!‘ എന്ന മട്ടായിരുന്നു ആക്രോശം.

ആ ഭര്‍ത്സനം ദാ ഇങ്ങനെയായിരുന്നു.

*-*-*-*-*
നുണപറച്ചിലിന്റെ ആഗോളതമ്പുരാക്കന്മാരേക്കുറിച്ച്‌ കൂടുതല്‍ സംസാരിച്ചു സമയം കളയേണ്ടതില്ല.

പക്ഷേ... താഴെക്കാണുന്നതും പണ്ടത്തെ ഒരു വാര്‍ത്ത തന്നെയാണ്‌. അതിനൊക്കെ ഇനിയാരു സമാധാനം പറയും എന്നതാണ്‌ നടുക്കുന്നൊരു ചോദ്യം.
അന്നു സമരം ചെയ്ത ഇവരൊക്കെ മാത്രമല്ല - കേരളസമൂഹമൊന്നടങ്കം ചോദിക്കുകയാണ്‌ - മാര്‍ക്സിസ്റ്റുകളേ - നിങ്ങള്‍ പുതിയ എന്തു നുണ പറഞ്ഞാണ്‌ ഇനി രക്ഷപെടുവാന്‍ ശ്രമിക്കുക?
ഏതുകൊടിയുടെ പിറകിലാണ്‌ നിങ്ങളിനി മുഖം മറയ്ക്കുക?

Saturday, April 05, 2008

മാര്‍ക്സിസ്റ്റ്‌ അക്രമമില്ലാത്ത ഒരു ദിവസമെങ്കിലും ഇവിടെ പുലരുമോ?

"പറഞ്ഞു നാവെടുത്തില്ല - അതിനുമുമ്പ്‌ " എന്നൊരു പ്രയോഗമുണ്ട്‌. അതുപോലായിപ്പോയി സംഭവം. ഇവിടെ ഒരു പോസ്റ്റ്‌ 'പബ്ലിഷ്‌ ' ചെയ്ത്‌ മൗസിന്റെ മേലുള്ള ഞെക്കു വിട്ടില്ല - അതിനു മുമ്പ്‌ ദാ വീണ്ടും!

സി.പി.എമ്മുകാര്‍ പോലീസിനെ വെറുമൊരു പാര്‍ട്ടി ഉപകരണമായി മാത്രം കണക്കാക്കുകയും അറസ്റ്റു ചെയ്യപ്പെടുന്ന പ്രതികളെ ബലം പ്രയോഗിച്ചു മോചിപ്പിക്കുക മുതലായ ധാര്‍ഷ്ട്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ ചില ഉദാഹരണങ്ങളായിരുന്നു കഴിഞ്ഞ പോസ്റ്റില്‍. കഴിഞ്ഞ മാസങ്ങളില്‍ ഓരോന്നിലും നിന്ന്‌ ഓരോ ഉദാഹരണങ്ങള്‍ വീതമെങ്കിലും എടുക്കാനുണ്ടായി എന്നത്‌ സംസ്ഥാനത്തെ ആശങ്കാകരമായ സ്ഥിതിവിശേഷമാണു കാണിച്ചിരുന്നത്‌.

ഈ മാസം അല്‍പമെങ്കിലും ഭേദമുണ്ടാകും എന്നാരെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അവരെ അങ്ങേയറ്റം നിരാശപ്പെടുത്തിക്കൊണ്ട്‌, ആദ്യത്തെ ആഴ്ചയില്‍ത്തന്നെ, അതും മുമ്പത്തേതിനേക്കാളും അപലപനീയമായ, ഒരു സംഭവമുണ്ടായിരിക്കുന്നു.

ഇത്തവണ ഒരു വ്യത്യാസമുള്ളത്‌ - വനംവകുപ്പ്‌ ഉദ്യോഗസ്ഥരാണ്‌ അപമാനിതരായത്‌ എന്നതാണ്‌. താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മാത്രമല്ല - എം.എല്‍.എ.യടക്കമാണ്‌ "മോചന"കൃത്യം നിര്‍വഹിച്ചത്‌ എന്നതു മറ്റൊന്നും.

വനംവകുപ്പ്‌ ഉദ്യോഗസ്ഥരെ മാര്‍ക്സിസ്റ്റുകള്‍ വളഞ്ഞുവച്ച്‌ സമരം ചെയ്യുന്നു. അറസ്റ്റു ചെയ്യപ്പെട്ടിരുന്നവരെ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ച്‌ സമരക്കാരുടെ കൂടെ നിര്‍ത്തുന്നു (രണ്ടുകൂട്ടരുടെ നേരെയും ബലം പ്രയോഗിക്കുന്നു എന്നര്‍ത്ഥം). മഹസ്സര്‍ വലിച്ചു കീറുന്നു. മൈക്കില്‍ അനൗണ്‍സ്‌മെന്റ്‌ നടത്തിയിട്ട്‌ ഔദ്യോഗികവാഹനത്തില്‍ (പാര്‍ട്ടിയുടെയല്ല) കൂടുതല്‍ സമര(=പാര്‍ട്ടി)ക്കാരെ എത്തിച്ചശേഷം കസ്റ്റഡിയിലായിരുന്ന വാഹനങ്ങളും ആളുകളേയുമൊക്കെ തന്നിഷ്ടപ്രകാരം ഇറക്കിക്കൊണ്ടുപോകുന്നു!

ഈ "പ്രകടനങ്ങള്‍" എല്ലാം പോരാഞ്ഞ്‌ ഇതിനെല്ലാം ശേഷം നഗരത്തില്‍ വേറേ പ്രകടനം നടത്തുന്നു. അതിനിടയില്‍ മറ്റൊരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഓഫീസിനു നേരെ കല്ലെറിയുന്നു. വയറ്റില്‍പ്പിഴപ്പിന്റെ ഭാഗമായി ഇതൊക്കെ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ തല്ലിയും കലി തീര്‍ക്കുന്നു!

വാര്‍ത്ത ചുവടെ.
കലി തീര്‍ക്കലാണു കണ്ടുകൊണ്ടിരിക്കുന്നത്‌! കലികാലം തന്നെ!

എറണാകുളത്താണെങ്കില്‍, കഴിഞ്ഞയിടെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു തല്ലുകിട്ടിയതിന്റെ പിന്നില്‍ ഏതൊക്കെയോ മാഫിയയുണ്ടായിരുന്നുവത്രെ. എന്തായാലും അതിന്റെയും തലപ്പത്തുള്ളയാളുടെ മാര്‍ക്സിസ്റ്റുബന്ധം ആളുകള്‍ വെറുതെ വലിച്ചു പുറത്തിട്ടു നാണക്കേടുണ്ടാക്കി.

ഇതൊക്കെ എവിടെയെങ്കിലും പരാമര്‍ശിക്കപ്പെടുമ്പോള്‍ മറ്റുസംസ്ഥാനങ്ങളിലേയ്ക്ക്‌ ഓടാന്‍ ശ്രമിച്ചു പരിഹാസ്യരാകുന്നവരുണ്ട്‌. എവിടൊക്കെ പോയി നോക്കിയിട്ടെന്താണു കാര്യം? മാര്‍ക്സിസ്റ്റുകള്‍ - മാവോയിസ്റ്റുകള്‍ - നക്സലൈറ്റുകള്‍ മുതലായ വിപ്ലവസംഘടനകള്‍ മാത്രമാണ്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമണം - നിയമപാലകരെ ആക്രമിക്കല്‍ - അവരുടെ മേല്‍ ബലപ്രയോഗം നടത്തി നിയമം കയ്യിലെടുക്കല്‍ മുതലായ പരിപാടികളില്‍ ഏര്‍പ്പെട്ടുകാണാറ്‌ (കഴിഞ്ഞയിടെ മലപ്പുറത്ത്‌ തീവ്രനിലപാടുകള്‍ പുലര്‍ത്തുന്നതായിപ്പറയുന്ന ഒരു മുസ്ലിം സംഘടനയും പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചിരുന്നു). മാദ്ധ്യമങ്ങളെ ഏറ്റവും ഭയക്കുന്നതായിക്കണ്ടുവരുന്നതും മാര്‍ക്സിസ്റ്റുകള്‍ തന്നെ.

ആരെങ്കിലുമൊക്കെ പാര്‍ട്ടിക്കെതിരെ നില്‍ക്കണമെന്നു കൂടിയില്ല. എതിരു നില്‍ക്കുന്നു എന്നു പാര്‍ട്ടിക്കു തോന്നിയാലും മതി. ബലപ്രയോഗം - അടിച്ചമര്‍ത്തല്‍ ശ്രമം - അതിന്റെ ഭാഗമായ അക്രമം - കൊലപാതകം - എല്ലാം ഉറപ്പാണ്‌.

വരുന്ന തലമുറയെങ്ങാന്‍ രക്ഷപെടുമോ എന്നറിയാന്‍ കലാലയങ്ങളിലേക്കു നോക്കാമെന്നു വച്ചാല്‍ അതിലും കഷ്ടമാണ്‌. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കല്‍ എന്നത്‌ "വളര്‍ന്നു വരുന്ന" പ്രവര്‍ത്തകര്‍ക്ക്‌ ഒരു അക്രമപരിശീലനപരിപാടിയായിത്തന്നെ മാറിയിട്ടുണ്ട്‌. എസ്‌.എഫ്‌.ഐ.യെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന്‌ ക്രൈസ്തവസംഘടനാനേതൃത്വത്തിന്‌ ഇന്നലെ പറയേണ്ടിവന്ന സാഹചര്യവും ഇവിടെ ചേര്‍ത്തുവയ്ക്കാവുന്നതാണ്‌.

എന്നാല്‍, അതെല്ലാം ഇന്നലത്തെ വാര്‍ത്തകളല്ലേ - ഇന്നൊരു ദിവസമെങ്കിലും ഈ നശിച്ച അക്രമപരമ്പരയ്ക്ക്‌ മാര്‍ക്സിസ്റ്റുകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമോ എന്നറിയാന്‍ ഇന്നത്തെ പത്രം വായിക്കാമെന്നു വച്ചാല്‍ ദാ കഷ്ടം - കോഴിക്കോട്‌ അതാ ഒരു കൂലിവേലക്കാരനെ അടിച്ചു കൊല്ലാറാക്കി ഇട്ടിരിക്കുന്നു. ജീവന്‍ കിട്ടിയാലും ഇനി അയാള്‍ക്കു കൂലിപ്പണി ചെയ്തു ജീവിക്കാന്‍ കഴിയില്ല. ജീവിതം തുലഞ്ഞുവെന്നര്‍ത്ഥം. കൂടെയുള്ളവര്‍ക്കും ഇരുമ്പുവടികൊണ്ട്‌ അടികിട്ടിയിട്ടുണ്ടെങ്കിലും ജീവനു ഭീഷണിയില്ല. ജനതാദളുകാരാണ്‌ എന്നതാണ്‌ അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള കുറ്റം.
പരക്കെ അക്രമവും അരാജകത്വവും! ഭരണത്തിലേറിയെന്നു വച്ച്‌ സമരങ്ങള്‍ നിര്‍ത്താനുദ്ദേശമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിത്രവലിയൊരു ഭീഷണിയായിരിക്കുമെന്നാരും കരുതിയിരിക്കില്ല.

"ജനാധിപത്യ" പ്രസ്ഥാനങ്ങളെന്നാല്‍ ഇങ്ങനെയൊക്കെയാണ്‌. ജനം എന്നാല്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ എന്നാണ്‌ അവരുടെ നിര്‍വചനം. "ആധിപത്യം" നേടുന്നതിന്‌ 'തോക്കിന്‍കുഴലിനു' പകരം കമ്പിപ്പാരയും ഇടിക്കട്ടയും മറ്റു നാടന്‍ ഉപകരണങ്ങളുമൊക്കെയാണ്‌. (ചിലര്‍ തോക്കും കൊണ്ടുനടക്കുന്നുണ്ടെന്ന്‌ ചില പത്രവായനക്കാര്‍ അടക്കം പറഞ്ഞു കേള്‍ക്കുന്നു. അതിന്റെ ഉണ്ട എവിടെനിന്നോ കളഞ്ഞുകിട്ടിയത്രെ.)

*-*-*-*-*-*-*-*

വയനാട്ടില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റതിലുള്ള പ്രതിഷേധം രേഖപ്പെടുത്താമെന്നു കരുതിയെടുത്ത പേനയാണ്‌. അതു പല വഴിയ്ക്കുപോയി - അഥവാ കീബോര്‍ഡിലെ പല കട്ടകളും അധികം ഞെങ്ങി.

മറ്റു ചില പണികള്‍ കരുതിവച്ചിരുന്നതു മുടങ്ങിപ്പോയി.

എസ്‌.എഫ്‌.ഐ.ക്കാരെ മാത്രം ജയിപ്പിച്ചിരുന്ന കോളേജില്‍ എ.ബി.വി.പി.യുടെ ബാനറില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിച്ചുജയിച്ചു എന്ന അതിഭീകരമായകുറ്റം ചെയ്തതായി മാര്‍ക്സിസ്റ്റു കോടതി കണ്ടെത്തുകയും മരണശിക്ഷവിധിക്കുകയും ചെയ്ത ഒരു വിദ്യാര്‍ത്ഥിയേപ്പറ്റി മുമ്പ്‌ എഴുതിയിരുന്നു. മരണശിക്ഷ നടപ്പാക്കാനായി പരീക്ഷാഹാള്‍ തന്നെ തെരഞ്ഞെടുത്ത കണ്ണില്‍ച്ചോരയില്ലാത്ത ആരാച്ചാര്‍മാരെ ന്യായീകരിക്കുവാന്‍ വ്യഗ്രത കാണിച്ച "Ignited Words" എന്ന ബ്ലോഗറുടെ ചില സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കാമെന്നു കരുതിയിരുന്നു. അതു നടന്നില്ല.

അദ്ദേഹത്തിന്റെ കമന്റ്‌ ഒരിക്കല്‍കൂടി വായിക്കാന്‍ മാത്രം പറ്റി.

ഉള്ളില്‍ത്തട്ടിയ ചില ഭാഗങ്ങള്‍ പലയാവര്‍ത്തി വായിക്കാനും സമയം കിട്ടി.

(1) ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എന്നും ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വന്നവരാണ്‌.

('വന്നവരാണ്‌ ' എന്ന ഭൂതകാലത്തിലെ പ്രയോഗം മനപ്പൂര്‍വ്വമോ അതോ അറിയാതെ വന്ന പിഴവോ എന്നുറപ്പില്ല. 'ഇപ്പോളങ്ങനെയല്ല' എന്നൊരു സമ്മതഭാവം എന്തായാലും ഉള്ളിലുണ്ടാവണം. എന്തായാലും "ജനം" എന്നതിന്‌ "പാര്‍ട്ടിയോടൊപ്പം കൂറും വിധേയത്വവും കാണിച്ചു ഭയപ്പെട്ടു നില്‍ക്കാന്‍ തയ്യാറുള്ളവരുടെ (മാത്രം) കൂട്ടം" എന്നാണ്‌ അര്‍ത്ഥമെന്നിരിക്കെ ആ വാചകം തികച്ചും സത്യം തന്നെ. ഇപ്പോഴും.)

(2) അതുകൊണ്ടുതന്നെയാണ്‌ ഇന്നും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേതാക്കളെ ജനങ്ങള്‍ നെഞ്ചോടടുക്കി ഇപ്പോളും ആരാധിക്കുന്നത്‌.

("അതുകൊണ്ട്‌ " എന്നതിലെ 'അത്‌ ' എന്നത്‌ ഏതെങ്കിലും ആയുധമാണോ ഉദ്ദേശിക്കുന്നത്‌ എന്നു സംശയിച്ചുകൂടായ്കയില്ല. ആ ആയുധം 'കൊണ്ടി'ട്ടാണോ ആരാധിക്കുന്നത്‌ എന്നും. അതു'കൊണ്ടിട്ട്‌ ' "തലയോട്‌ " ഇളകണ്ട എന്നു കരുതിയാണോ "നെഞ്ചോട്‌ " ചേര്‍ക്കുന്നത്‌ എന്നും.)

(3) ആരാണ്‌ അക്രമികളെന്ന്‌ ഇന്നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അറിയാവുന്നൊരു വസ്തുതയാണ്‌.

(സത്യം! എല്ലാവര്‍ക്കുമറിയാം! പ്രത്യയശാസ്ത്രതിമിരം ബാധിക്കാത്ത രണ്ടു കണ്ണുകളും പണിയെടുക്കാന്‍ തയ്യാറുള്ള ഒരു തലച്ചോറുമുള്ള ഏതൊരാള്‍ക്കും അറിയാം.

ഇനി അഥവാ കേരളത്തില്‍ ആദ്യമായി കാലുകുത്തുന്ന വല്ല ടൂറിസ്റ്റുകളോ മറ്റോ ആണെങ്കില്‍ - ഇവിടുത്തെ കാര്യങ്ങളേക്കുറിച്ച്‌ ഒരു അറിവുമില്ലാത്ത വല്ല കേന്ദ്ര സംഘമോ മറ്റോ ആണെങ്കില്‍ - ഇന്റര്‍നെറ്റിലെ പത്രവാര്‍ത്തകളിലെ ഫ്ലാഷ്‌ ന്യൂസില്‍ ഇപ്പോള്‍ ആദ്യം കാണുന്നതു വായിച്ച്‌ അര്‍ത്ഥം പറഞ്ഞുതരാന്‍ ആരോടെങ്കിലും പറയാവുന്നതാണ്‌.

രാവിലത്തെയല്ല - സാഹാഹ്നവാര്‍ത്ത - ഏറ്റവും പുതിയത്‌ - ഇന്നത്തേത്‌ - ചൂടുള്ളത്‌ - മഞ്ചേരിയില്‍ നിന്നെത്തിയിരുന്നു. കുറേ ചെറുപ്പക്കാര്‍ - "മാനവികത" സംരക്ഷിക്കൂ - "മനുഷ്യത്വത്തിനായി അണിചേരൂ" എന്നൊക്കെ യാചനാപൂര്‍വ്വം മുദ്രാവാക്യം വിളിക്കുന്നവരാണെന്നു സംശയിക്കുന്നു - ഒരു കട അടിച്ചുതകര്‍ത്തിരിക്കുന്നു. കട പോയാല്‍ വേറെ പണിയാം. പക്ഷേ അടികൊണ്ടു മൂന്നു പല്ലുപോയ പോലീസുദ്യോഗസ്ഥന്‌ അതു വീണ്ടും മുളയ്ക്കുന്ന പ്രായം കഴിഞ്ഞിരിക്കാന്‍ തന്നെയാണു സാദ്ധ്യതയത്രേ.
"ജനാധിപത്യ"പരമായ പ്രതിഷേധത്തിന്റെ ഓരോരോ ശൈലികളാണു കണ്ടുകൊണ്ടിരിക്കുന്നത്‌! ഏറ്റവും പുതിയ ഈ പ്രകടനം പെട്ടെന്നു നടത്തിയതായതുകൊണ്ട്‌ മുന്‍കൂട്ടി പേരിടാന്‍ കഴിഞ്ഞിട്ടില്ലത്രേ. 'ജനകീയ പ്രതിരോധം' - 'ചെറുത്തുനില്‍പ്പ്‌ ' - മുതലായ പഴയ പേരുകള്‍ കേള്‍ക്കുമ്പോള്‍ ജനം കാര്‍ക്കിച്ചു തുപ്പുന്നു എന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന്‌ 'കുത്തകവിരുദ്ധജനകീയമുന്നേറ്റം' എന്നോ മറ്റോ ആക്കാനാണു സാദ്ധ്യതയെന്ന്‌ അണിയറയില്‍ കേള്‍ക്കുന്നു. നാളത്തെ പത്രം കണ്ടാലറിയാം - അവസാനം തീരുമാനിച്ചുറപ്പിച്ച പേര്‌.

സൂക്ഷിച്ചുസൈക്കിളോടിക്കാത്തതുകൊണ്ട്‌ പണ്ടെങ്ങാനും ഒരു ദേശാഭിമാനിയുടെ അരിക്‌ അല്‍പം മഴനനയാനിടയായിരുന്നു എന്നോ മറ്റോ പറഞ്ഞ്‌ പത്രക്കാരനെ ഈ രാത്രി "പ്രതിരോധിക്കുകയും" അയാള്‍ നാളെ ആശുപത്രിക്കിടക്കയിലോ മോര്‍ച്ചറിയിലോ ആവുകയും ചെയ്യുന്നില്ല എങ്കില്‍, നാളെ പ്രഭാതത്തിലും പത്രക്കെട്ടുകള്‍ വന്നു വീഴും. പേരുമാത്രമല്ല - പലതും അപ്പോള്‍ അറിയാം. രാത്രി അധികം വൈകാതെ മറ്റെന്തെങ്കിലും "ജനകീയ"പരിപാടി കൂടി സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ അതും. )