Friday, December 01, 2006

‘വിരോധാഭാസ’മല്ല - വൈരുദ്ധ്യം

കല്ലേച്ചിയുടെ ബ്ലോഗ്ഗില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ കാഴ്ചക്കാരന്‍ എന്നൊരു സുഹൃത്ത്‌ 'ഹിന്ദുത്വ'ത്തേക്കുറിച്ചു നടത്തിയ പരാമര്‍ശത്തിനുള്ള മറുമൊഴിയാണിത്‌.

പ്രിയ കാഴ്ചക്കാരാ,

ഹിന്ദുത്വ പ്രത്യയശാസ്ത്രമെന്നതിന്‌ മുസ്ലിം വിരുദ്ധതയുടെ പ്രത്യയശാസ്ത്രം എന്ന്‌ താങ്കള്‍ അര്‍ത്ഥം കല്‍പിച്ചതിനോട്‌ എനിക്കു വിയോജിപ്പുണ്ട്‌. താങ്കളെ അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന്‌ മറ്റനേകരേയും പോലെ ഞാനും കരുതുന്നു. വിശ്വസിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമാണതെന്നത്‌ തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. ഇന്ത്യ എന്നാല്‍ പാമ്പുകളും തേളുകളുമാണ്‌ എന്നു വിചാരിച്ചിരിക്കുന്ന ഒരു അമേരിക്കക്കാരനോട്‌ നമ്മുടെ രാജ്യത്തേക്കുറിച്ച്‌ പറഞ്ഞു മനസ്സിലാക്കാന്‍ സമയമെടുക്കുമെന്നതുപോലത്തെ ഒരു പ്രശ്നമാണിത്‌. മാതൃഭൂമിയും മനോരമയും ദേശാഭിമാനിയുമൊക്കെ പറയുന്ന ഹിന്ദുത്വമാണ്‌ താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ അല്‍പം കൂടി കടുത്ത അര്‍ത്ഥം കൊടുത്താലും തെറ്റു പറയാനാകില്ല. ആ മാദ്ധ്യമങ്ങളേയും ഞാന്‍ തെറ്റു പറയില്ല. ആരും പണമിറക്കി പത്രം നടത്തുന്നത്‌ 'ചാരിറ്റി'ക്കു വേണ്ടി അല്ല എന്ന്‌ പല മാദ്ധ്യമങ്ങളുമായും വര്‍ഷങ്ങളുടെ ബന്ധമുള്ള എനിക്ക്‌ വളരെ നന്നായി അറിയാം.

പരസ്പര വിശ്വാസമില്ലായ്മയും സംശയത്തോടെയുള്ള സമീപനവും ഹിന്ദു-മുസ്ലീം ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതില്‍ എക്കാലത്തും വിലങ്ങു തടിയായിരുന്നിട്ടുണ്ട്‌. ഞാനോ താങ്കളോ വിചാരിച്ചാല്‍ പെട്ടെന്നെടുത്തു മാറ്റാവുന്ന ഒരു പൊങ്ങുതടിയല്ല അത്‌. പലനൂറ്റാണ്ടുകളിലായി, ഒരുപാടു തലമുറകളുടെ കണ്ണീരും ചോരയും വീണ്‌ അതിന്‌ വല്ലാതെ കനം വച്ചിട്ടുണ്ട്‌. നമുക്കു ചെയ്യാന്‍ പറ്റുന്നത്‌ അതിന്റെ കനം കുറയട്ടേ എന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിക്കുക എന്നതാണ്‌. ഒരുപാടു മനസ്സുകള്‍ ഒരേ കാര്യം ഒന്നിച്ചിരുന്നു വിചാരിച്ചാല്‍ അല്ലെങ്കില്‍ പ്രാര്‍ത്ഥിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന്‌ ഏതാണ്ടെല്ലാ മതവിശ്വാസങ്ങളും പറയുന്നു. ചുരുങ്ങിയ പക്ഷം അക്കാര്യത്തിലെങ്കിലും സംശയവും വിയോജിപ്പും ഒഴിവാക്കി ഒന്നിച്ചു കൂടേ കാഴ്ചക്കാരന്‍?

ഞാന്‍ ബഹുദൈവങ്ങളെ വിളിക്കുന്നു എന്നൊരു സംശയം തോന്നിയാല്‍ വെറുതേ അങ്ങു കണ്ണടച്ചേക്കുക. താങ്കള്‍ ആരെയാണ്‌ വിളിക്കുന്നത്‌ എന്നറിയാന്‍ എനിക്കും യാതൊരു താല്‍പര്യവുമില്ലെന്നറിയുക. ആ താല്‍പര്യമില്ലായ്മയ്ക്കു കാരണം എന്നിലെ ഹിന്ദുത്വമാണ്‌ എന്നു ഞാന്‍ ചിലപ്പോള്‍ പറഞ്ഞെന്നിരിക്കും. അത്‌ എന്റെ ഒരു വിശ്വാസം - ആയിക്കോട്ടെ - ഒരു പേരിലെന്തിരിക്കുന്നു എന്നു വിചാരിച്ചു വെറുതേ വിടാന്‍ ശ്രമിക്കുക.

അതുപോലെ സാദ്ധ്യമെങ്കില്‍ ആര്‍. എസ്‌. എസ്‌. കാരെ ചീത്തവിളിച്ചുകൊണ്ടേ എന്തും ആകാവൂ എന്നും നിര്‍ബന്ധിക്കാതിരിക്കാനും ശ്രമിക്കുക. കുറേക്കാലം ഞാനതു ചെയ്തതാണ്‌. ഇപ്പോളത്തെ സാഹചര്യത്തില്‍ അതു വയ്യ. ക്ഷമിക്കുക. തെറ്റാണെന്ന്‌ എന്നെങ്കിലും തോന്നിയാല്‍ അന്നു തിരുത്തിക്കോളാം. അതുറപ്പ്‌. ആര്‍. എസ്‌. എസിനേക്കുറിച്ച്‌ തുടര്‍ന്നും അറിയാന്‍ ശ്രമിച്ചുകൊണ്ടും അവരെ അന്ധമായി എതിര്‍ക്കാതെയും എനിക്ക്‌ താങ്കളുമായോ അല്ലെങ്കില്‍ മറ്റാരുമായോ നല്ല ബന്ധം പുലര്‍ത്തുന്നതില്‍ യാതൊരു തടസ്സവുമില്ല.


വൈത്തോ:- നല്ലബന്ധം എന്നെഴുതി നിര്‍ത്തിയപ്പോള്‍ "വിദ്വേഷം" എന്ന വാക്കിനേക്കുറിച്ചും ഓര്‍മ്മ വന്നു. "മാ വിദ്വിഷാ വഹൈ" എന്ന ഒരു പ്രയോഗമാണ്‌ തുടര്‍ന്നോര്‍മ്മ വന്നത്‌. ഗീതാവാക്യമാണ്‌. പക്ഷേ ഞാന്‍ ഗീത മുഴുവന്‍ വായിച്ചിട്ടില്ല. ആ പ്രയോഗം ആദ്യമായും അവസാനമായും വായിച്ചത്‌ ഗോള്‍വള്‍ക്കറുടെ പ്രസംഗമടങ്ങിയ ഒരു പുസ്തകത്തിലാണ്‌. "വിദ്വേഷമരുത്‌" എന്നര്‍ത്ഥം.

('വിരോധാഭാസം' അല്ല, 'വൈരുദ്ധ്യം' ആണ്‌ കുറച്ചുകൂടി ശരിയായ വാക്ക്‌. അങ്ങനെയെന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നു എങ്കില്‍...)

ലോകം ഇന്നവസാനിക്കുന്നില്ല. ഒരുപാടു പുലരികള്‍ ഇനിയും വരാനിരിക്കുന്നു. നാമറിയാത്ത, അറിയാന്‍ ഇഷ്ടപ്പെടാത്ത, അറിയാന്‍ മറ്റുള്ളവര്‍ സമ്മതിക്കാത്ത എന്തെല്ലാം...

മാ വിദ്വിഷാ വഹൈ.

8 comments:

ഉമേഷ്::Umesh said...

“വിരോധാഭാസം” എന്ന പദം തെറ്റായി ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യത്തെപ്പറ്റി എഴുതണമെന്നു് (അതു മാത്രമല്ല, അതു പോലെയുള്ള വികലപ്രയോഗങ്ങളെപ്പറ്റിയും) മന്‍‌ജിത്ത് ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു. നകുലന്‍ അതു് ഇവിടെ എഴുതിക്കണ്ടതില്‍ സന്തോഷം.

വിരോധാഭാസം വിരോധമല്ല. വിരോധമല്ലാത്തതും എന്നാല്‍ വിരോധമെന്നു തെറ്റിദ്ധരിപ്പിക്കുന്നതുമാണു്. നേരേ വിപരീതമാണു് അതിന്റെ അര്‍ത്ഥം.

സ്റ്റൈലിനു വേണ്ടി ഇങ്ങനെ ചില പ്രയോഗങ്ങള്‍ ഉപയോഗിക്കണമെന്നു് ചിലര്‍ക്കു നിര്‍ബന്ധമാണെന്നു തോന്നുന്നു. “സത്യം” എന്നു പറയില്ല, “നഗ്നസത്യം” എന്നേ പറയൂ. “അഭ്യര്‍ത്ഥിക്കുകയാണു്” എന്നു പറഞ്ഞാല്‍ “അപേക്ഷിക്കുകയാണു്” എന്നു പിന്നില്‍ ഉണ്ടാവും. കൃതജ്ഞത പറയുന്നവനു് “എന്റെ സ്വന്തം പേരിലും” പറഞ്ഞേ മതിയാവൂ!

മറ്റു ഭാഷകളിലുമുണ്ടു് ഈ പ്രശ്നം. until, unless എന്നീ വാക്കുകള്‍ ഒറ്റയ്ക്കു പറയാത്തവരെ കണ്ടിട്ടുണ്ടു്. unless and until എന്നേ പറയൂ!

ഒരു പോസ്റ്റിനു വകുപ്പുണ്ടു്. വഴിയേ എഴുതാം. നകുലനു നന്ദി.

Anonymous said...

നകുലന്‍, വായിച്ചു.
'വിരോധം തോന്നുമാറുക്തി വിരോധാഭാസം' - ഏ.ആര്‍.
പ്രചാരത്തിലുള്ള തെറ്റുകളും നല്ലതല്ലാത്ത പ്രയോഗങ്ങളും ആരെങ്കിലുമൊക്കെ കാട്ടിത്തരുന്നതു വളരെ നല്ല കാര്യം.
(ഉദാ:പല ലേഖനങ്ങളിലും കാണുന്ന പ്രയോഗം:'ഇത്തരുണത്തില്‍'.നല്ല പ്രയോഗമല്ല.)
ഉമേഷ്ജീ,എഴുതണം.

Anonymous said...

നകുലന്, നന്ദി. ഞാന്കല്ലേച്ഛിയുടെ പോസ്റ്റില് എഴുതിയ കമന്റ് തന്നെ ആവര്ത്തിക്ക്കുന്നു. പലപ്പോഴും താന് ജീവിക്കുന്ന തന്റെ ചുറ്റ്പാട് മാത്രമാണ് ലോകമെന്ന പരിമിതമായ അറിവു വളരെ കുഞ്ഞു നാളിലെ കുത്തിവയ്ക്കപ്പെടുന്നതാണ് ഒന്നാമത്തെ കാരണം.
നമ്മുടെ ചുറ്റും കാണുന്നതിനപ്പുറം ഒരു ലോകമൂണ്ടെന്നും അവിടെ വിവിധ മതങ്ങള് ഉണ്ടെന്നും ഉള്ള ചരിത്രം ((ലോക ചരിത്രം , കുറഞ്ഞ പക്ഷം ഇന്ത്യാ ചരിത്രമെങ്കിലൂം )കൂടെ മത പഠനത്തോടൊപ്പം മദ്രസകളില് നല്കിയാല് നന്നായിരൂന്നു.
ആര്ഷ ഭാരതത്തിന്റെ മഹത്തായ ചരിത്രം തേടി വിദേശീയര് ധാരാളം എത്തുമ്പോഴും നാം അതിനു നേരെ കുറഞ്ഞ പക്ഷം കണ്ണടയ്ക്കാതെയെങ്കിലുമിരിക്ക്കുക. ഇതൊക്കെ പറയുമ്പോഴും "ഞാന് അതിന്റെ ഭാഗമല്ല"എന്ന് തിരാസ്കരിക്കുന്നവര്ക്ക് നെഞ്ചില് കൈ വച്ച് പറയാന് കഴിയുമോ? 14 വര്ഷം മുന്പു വരെ ഞാനൊരിക്കലും ഇങ്ങനെ ചിന്തിച്ചിരുന്നില്ല. ആഗ്രഹിച്ചുമിര്രുന്നില്ല. പക്ഷെ 1993ല് ഇവിടെ (സൌദി) യില് വന്ന ശേഷമുള്ള അനുഭവമാണ് എന്നെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ച്ത്. ക്ഷമിക്കുക.

ഓ:ടോ: ഉമേഷ്, കൂട്ടത്തില് അര്ഥം അറിയാതെ നാമെപ്പോഴും എടുത്തുപയോഗിക്കുന്ന "ഭയങ്കരം" കൂടെ കിടന്നോട്ടെ??.

chithrakaran ചിത്രകാരന്‍ said...

നകുലന്‍, എല്ലാവരും സ്വന്തം കണ്ണിലൂടെ കാണുന്നതു മാത്രമെ വിശ്വസിക്കുന്നുള്ളു. സ്വന്തം മതം(വിശ്വാസം) പോലെ പ്രാകൃതമാണ്‌ അന്യ മതങ്ങളും എന്ന് ആത്മീയത കുറഞ്ഞ ഏതു മതത്തിലെ വിശ്വാസിയും കരുതുന്നു. മതനിരപേക്ഷമായ സാംസ്കാരിക നവോദ്ധാനം നടക്കാതെ രക്ഷയില്ല.

Unknown said...

ശ്രീ. കാളിയംബി ഇ-മെയില്‍ വഴി പറഞ്ഞു തന്ന ചില കാര്യങ്ങള്‍ ഒരു കമന്റായി ഇവിടെ ചേര്‍ക്കാമെന്നു വച്ചു.
-----------------------------
“മാ വിദ്വിഷാവ ഹൈ" എന്നത് കൃഷ്ണ യജുര്‍വേദ ഉപനിഷദ് ശാന്തിപാഠമാണ്. പൂര്‍ണ്ണ രൂപം താഴെ.
---------------
ഓം
സഹനാവവതു സഹ നൌ ഭുനക്തു
സഹ വീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
----------
രാമകൃഷ്ണമഠത്തിന്റെയൊരു പുസ്തകത്തില്‍ കൊടുത്തിരിയ്ക്കുന്ന അര്‍ത്ഥം താഴെ
------------------
ഉപനിഷദ് പ്രതിപാദ്യമായ പരമ്പൊരുള്‍ നമ്മെ ഒന്നിച്ചു രക്ഷിയ്ക്കട്ടെ.
ആ പരം പൊരുള്‍ വിദ്യാപ്രാപ്തിയ്ക്ക് സമര്‍ത്ഥമായ ബുദ്ധിശക്തി തന്ന് നമ്മെ ഒരുമിച്ച് പോഷിപ്പിയ്ക്കട്ടെ.
വിദ്യാ പ്രാപ്തി കൊണ്ടുള്ള തേജസ്സ് നമുക്ക് ഒരുമിച്ച് സമ്പാദിയ്ക്കാം.
അതിനായി നാം പഠിയ്ക്കുന്നതെല്ലാം സഫലമാകട്ടേ.
അന്യോന്യം യാതൊരു ദ്വേഷവും നമ്മള്‍ തമ്മില്‍ തോന്നാതിരിയ്ക്കട്ടേ.
ആദിദൈവികമായ ശാന്തി വിളയാടട്ടേ.
ആദിഭൌതികമായ ശാന്തി വിളയാടട്ടേ.
ആധ്യാത്മികമായ ശാന്തി വിളയാടട്ടേ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീ കാണാപ്പുറം-

കമന്റിന്റെ അവസാനത്തെ മൂന്നു വരികളില്‍-
ആധിദൈവികം, ആധിഭൗതികം, ആദ്ധ്യാത്മികം എന്നതിനു പകരം രണ്ടെണ്ണത്തിന്‌ ആദി ആദി എന്നു ചേര്‍ത്തിരിക്കുന്നത്‌ തിരുത്തുമല്ലൊ

Unknown said...

ഇന്ത്യാഹെറിറ്റേജ്‌,

വളരെ നന്ദി. ഒരു തെറ്റുചൂണ്ടിക്കാണിക്കാനുദ്ദേശിച്ച്‌ എഴുതിയ ഈ പോസ്റ്റ്‌, തുടര്‍ന്ന്‌ മറ്റു പല തെറ്റുകളും തിരുത്തപ്പെടാന്‍ ഇടയാക്കുന്നതായിക്കാണുന്നതില്‍ സന്തോഷമുണ്ട്‌.

അപ്പോള്‍ ‘ആധിദൈവികം‘ എന്നും ‘ആധിഭൌതികം‘ എന്നുമാണു ശരിയായ പ്രയോഗങ്ങള്‍. അല്ലേ? അര്‍ത്ഥവ്യത്യാസവും കൂടി സൂചിപ്പിച്ച്‌ ചെറിയൊരു വിശദീകരണം തന്നിരുന്നെങ്കില്‍ വളരെ നന്നായേനെ.

കാളിയംബീ,
താങ്കള്‍ പറഞ്ഞ പുസ്തകത്തിലും ഈ പിഴവു കടന്നുകൂടിയിട്ടുണ്ടോ അതോ എഴുതിയപ്പോള്‍ പറ്റിയ കൈപ്പിഴവാണോ എന്നു ദയവായി പരിശോധിക്കുമല്ലോ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ കാണാപ്പുറം,

ദുഃഖങ്ങള്‍ മൂന്നു തരമാണെന്നാണ്‌ ഭാരതീയദര്‍ശനാഭിപ്രായം.
ആധിഭൗതികം ആധിദൈവികം, ആദ്ധ്യാത്മികം എന്നിങ്ങനെ.

അവ മൂന്നും , ഇല്ലാതെയാകട്ടെ എന്നാണ്‌ ആ മൂന്നു തവണ ശാന്തി പറയുന്നതിനര്‍ത്ഥം.

ഇവ വിശദീകരിക്കണമെങ്കില്‍ ഒരു പോസ്റ്റ്‌ തന്നെ വേണ്ടി വരും. അതുകൊണ്ട്‌ തല്‍ക്കാലം ഇത്രയില്‍ നിര്‍ത്തുന്നു.