Wednesday, December 26, 2007

ഗുജറാത്തിലെ "വേവ്‌ " അഥവാ 'തരംഗം'

ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും ഏറെപ്പറഞ്ഞുകേള്‍ക്കാറുള്ള ഒരു വാക്കാണ്‌ 'തരംഗം' അഥവാ 'വേവ്‌ ' എന്നത്‌. സഹതാപതരംഗം - ഭരണവിരുദ്ധതരംഗം - അങ്ങനെ പലതും.

ഇക്കൂട്ടത്തില്‍, ഭരണവിരുദ്ധതരംഗം - 'anti-incumbency wave' - ആണ്‌ ഏറ്റവും പ്രമുഖം. ഒരു അനുഷ്ഠാനമെന്നോണം സ്ഥിരമായി അതെടുത്തുപയോഗിച്ചു ശീലമായിപ്പോയതുകൊണ്ടാവണം, ഇത്തവണത്തെ (2007) ഗുജറാത്ത്‌ തെരഞ്ഞെടുപ്പിന്റെ സമയത്തും ചിലര്‍ ആ വാക്കിനു പിന്നാലെ പോയി. ഗവണ്മെന്റിന്റെ വീഴ്ചകാണാനാഗ്രഹിച്ചവര്‍ക്ക്‌ അനാവശ്യപ്രതീക്ഷയ്ക്കും സത്യമറിയാവുന്നവര്‍ക്കു വിനോദത്തിനും വകനല്‍കിക്കൊണ്ട്‌.

ചില ബി.ജെ.പി.അനുകൂലികള്‍ ഒരു ഭരണാനുകൂല തരംഗം -'pro-incumbency wave' - ഉണ്ടെന്നവകാശപ്പെട്ടു.

കോണ്‍ഗ്രസിനനുകൂലമായി ഒരു സഹതാപതരംഗം - 'sympathy wave' - ഉണ്ടെന്നു ചിലര്‍ അടക്കം പറഞ്ഞു. ചൂണ്ടിക്കാണിക്കാന്‍ ഒരു നേതാവോ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മുദ്രാവാക്യമോ പോലുമില്ലാത്ത ദുരവസ്ഥയില്‍, ജാതി-മത-വര്‍ഗ്ഗീയ വിഷയങ്ങളില്‍ ഊന്നല്‍ കൊടുക്കുകയും - എതിരാളികളിലെ വിമതരെ ആശ്രയിക്കുകയുമെല്ലാം ചെയ്ത്‌ സമ്പൂര്‍ണ്ണമായും ഒരു 'വിഭജനത്തിന്റെ രാഷ്ട്രീയം' കളിക്കേണ്ടി വന്നതുകൊണ്ടല്ല - മറിച്ച്‌, അതു ചെയ്യുമ്പോഴും പതിവുമട്ടില്‍ തങ്ങളുടെ 'മതേതര'വാചകക്കസര്‍ത്തു തുടര്‍ന്ന്‌ പരിഹാസ്യരായതുകൊണ്ടാണ്‌ സഹതാപമുളവായത്‌ എന്നായിരുന്നു പക്ഷം. ഡല്‍ഹിയില്‍ നിന്ന്‌ പ്രസംഗത്തിനായി എത്തിച്ചവര്‍ ഓരോരുത്തരും കുറഞ്ഞത്‌ ഓരോ അബദ്ധപരാമര്‍ശങ്ങള്‍ വീതമെങ്കിലും നടത്തി മടങ്ങി എന്നതും തരംഗത്തിന്‌ ആക്കം കൂട്ടിയത്രേ. ഗുജറാത്തിലെ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം, സഹതാപതരംഗത്തിന്‌ മറ്റുചില കാരണങ്ങളായിരുന്നുവെന്നു പറയപ്പെടുന്നു. മഞ്ചേശ്വരത്ത്‌ ഒളിഞ്ഞും തെളിഞ്ഞും പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന ഇടതുവലത്‌ വോട്ടു ബാന്ധവം ഭാവ്‌നഗറില്‍ പരസ്യമായി ചെയ്യുന്നതും, കോണ്‍ഗ്രസുകാര്‍ അരിവാള്‍ ചുറ്റികയ്ക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതുമൊക്കെയായിരുന്നു അത്‌.

ഇങ്ങനെയൊക്കെ അഭിപ്രായങ്ങള്‍ പലതുണ്ടാകാമെങ്കിലും, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, അവിടെ എന്തെങ്കിലുമൊരു 'വേവ്‌ ' ഒന്നും ഉണ്ടായിരുന്നില്ല എന്നു കാണാന്‍ കഴിയും. കഴിഞ്ഞതോ അതിനു മുന്‍പിലത്തെയോ വര്‍ഷമായാലും ശരി - ഇനി അടുത്ത വര്‍ഷമായാലും ശരി - അവിടെ തെരഞ്ഞെടുപ്പു നടന്നാല്‍ ബി.ജെ.പി. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമായിരുന്നു എന്നുതന്നെയാണു തോന്നുന്നത്‌. പെട്ടെന്നുണ്ടാവുന്ന എന്തെങ്കിലും സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ മൊത്തത്തിലുണ്ടാകുന്ന ചലനങ്ങളെ നമുക്കു 'വേവ്‌ ' എന്നു വിശേഷിപ്പിക്കാം. സ്ഥായിയായ ജനപിന്തുണയുടെ അടിസ്ഥാനത്തിലുണ്ടാകുന്ന വിജയങ്ങള്‍ക്കു പിന്നില്‍ 'വേവു'കള്‍ക്കായി പരതുന്നതു മൗഢ്യമാണ്‌. അവിടെ തരംഗദൈര്‍ഘ്യമല്ല, മറിച്ച്‌ ആഴമാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ അളക്കാന്‍ ശ്രമിക്കേണ്ടത്‌.

നരേന്ദ്രമോദി ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങള്‍ അത്ഭുതാവഹമാണെന്നതില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കുപോലും എതിരഭിപ്രായമില്ല. അത്‌ തെരഞ്ഞെടുപ്പു വിജയത്തിനു സഹായിച്ചിട്ടില്ലേ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്‌. എന്നാല്‍ അതൊരു വലിയ 'വേവ്‌ ' ഉണ്ടാക്കിയോ എന്നു ചോദിച്ചാല്‍, ഇല്ലെന്നു തന്നെയാണു തോന്നുന്നത്‌.

2002-ലെ തെരഞ്ഞെടുപ്പു വിജയമെടുത്താലും ശരി - അത്‌ ഒരു വര്‍ഗ്ഗീയതരംഗം - communal wave - മൂലമുണ്ടായതാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. മറ്റു ചില സമയങ്ങളില്‍ അതിനെ തന്ത്രപൂര്‍വ്വം "ഹിന്ദുത്വ വേവ്‌ " എന്നും വിളിച്ചു. ഹിന്ദുത്വാശയങ്ങളേക്കുറിച്ചു പിടിപാടില്ലാത്ത ശുദ്ധഹൃദയന്മാരുടെ മനസ്സില്‍ വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട ഒരു നിര്‍വചനമെത്തിക്കാനുള്ള വിദഗ്ദ്ധതന്ത്രമല്ലാതെ മറ്റൊന്നുമല്ല ആ ഇരട്ടപ്രയോഗങ്ങള്‍.

ഫലപ്രഖ്യാപനത്തിനു തൊട്ടുമുമ്പു വരെ 'കമ്മ്യൂണല്‍ വേ'വിന്റെ കാര്യം ആരും മിണ്ടിക്കേട്ടിരുന്നില്ല എന്നതാണു കൗതുകകരം. കോണ്‍ഗ്രസ്‌ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്നൊക്കെയുള്ള അവകാശവാദങ്ങളുള്‍ക്കൊള്ളുന്ന അന്നത്തെ പത്രവാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോളും ലഭ്യമാണ്‌. ഫലം പുറത്തുവന്നതോടെ പ്ലേറ്റു മാറ്റി. 'കമ്മ്യൂണല്‍ വേവ്‌ ' കണ്ടുപിടിക്കപ്പെട്ടു.

"അങ്ങനെയാണെങ്കില്‍, അതിനു തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ - 1998-ല്‍ - 117 സീറ്റോടെ മികച്ച വിജയം നേടിയതോ" എന്നു ചോദിച്ചാല്‍ മറുപടിയില്ല. 2002-ല്‍ ഒരു പത്തു സീറ്റു കൂടുതല്‍ നേടാനായത്‌ ഒരു വലിയ കുതിച്ചു ചാട്ടമായിട്ടൊന്നും കണക്കാക്കേണ്ടതില്ല. പത്തിലേറെ മണ്ഡലങ്ങളില്‍ ചെറിയ ഭൂരിപക്ഷത്തിനാണ്‌ (ഇരുവശത്തിനുമനുകൂലമായി) അന്തിമഫലം നിര്‍ണ്ണയിക്കപ്പെട്ടത്‌. അത്തവണ, യഥാര്‍ത്ഥത്തില്‍, ബി.ജെ.പി.യുടെ എക്കാലത്തേയും ശക്തികേന്ദ്രങ്ങളായിരുന്ന സൗരാഷ്ട്രമേഖലയില്‍ പാര്‍ട്ടിക്ക്‌ ക്ഷീണം സംഭവിക്കുകയാണുണ്ടായത്‌.

ഗുജറാത്തില്‍ ബി.ജെ.പി.യുടെ സ്വാധീനത്തെ 'under estimate' ചെയ്യുന്നിടത്താണ്‌ ആശയക്കുഴപ്പമുണ്ടാകുന്നത്‌. അവിടെ ഒരു തെരഞ്ഞെടുപ്പു വിജയത്തിന്‌ അവര്‍ക്ക്‌ കമ്മ്യൂണലോ മറ്റെന്തെങ്കിലുമോ ആയ ഒരു വേവിന്റെ ആവശ്യമൊന്നുമില്ല. അതു തിരിച്ചറിയാത്തവരാണ്‌ വേവുകള്‍ കണ്ടുപിടിക്കാന്‍ ബദ്ധപ്പെടുന്നത്‌. അവരാണ്‌ "മനപ്പൂര്‍വ്വം കലാപം സൃഷ്ടിച്ചു" എന്നൊക്കെയുള്ള മൂഢവിശ്വാസങ്ങളിലേക്ക്‌ എളുപ്പം എത്തിപ്പെടുന്നതും. ദേശീയവാദികള്‍ക്കു പണ്ടുമുതല്‍ക്കേ സ്വാധീനമുള്ള പ്രദേശങ്ങള്‍ കൊണ്ടു സമ്പന്നമാണ്‌ ഗുജറാത്ത്‌. ജനസംഘകാലം മുതല്‍ക്കേ അതൊക്കെ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടുമുണ്ട്‌. കഴിഞ്ഞ രണ്ടുദശകങ്ങളിലായി കോണ്‍ഗ്രസ്‌ ഏതാണ്ടു സമ്പൂര്‍ണ്ണമായെന്നോണം തകരുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തില്‍, അമ്പതു ശതമാനത്തോളം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന ഒരു അനിഷേദ്ധ്യശക്തിയായി ബി.ജെ.പി. മാറിയിട്ടുള്ള ഒരു സ്ഥലത്ത്‌ അവര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കരസ്ഥമാക്കുന്നെങ്കില്‍ എന്തതിശയമാണുള്ളത്‌? ഇതൊക്കെ മനസ്സിലാക്കാന്‍ വലിയ രാഷ്ട്രീയപരിജ്ഞാനത്തിന്റെയൊന്നും ആവശ്യമില്ല.

ബി.ജെ.പി.ക്ക്‌ നഗരപ്രദേശങ്ങളില്‍ മാത്രമേ കാര്യമായ സ്വാധീനമുള്ളൂ എന്നതും മിഥ്യാധാരണമാത്രമാണ്‌. ഇത്തവണ (2007-ല്‍) വിജയിച്ച സീറ്റുകളില്‍ 75 എണ്ണം ഗ്രാമീണമേഖലയില്‍ നിന്നാണ്‌. സ്ഥാനാര്‍ത്ഥികളുടെയും മറ്റും വിശദ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിക്കൊണ്ട്‌ ഒരു 'professionally managed campaign' നടത്തി എന്നത്‌, സ്വാധീനവും പ്രവര്‍ത്തനവും 'നഗരകേന്ദ്രീകൃത'മാകുന്നതിന്റെ യാതൊരു സൂചനയും നല്‍കുന്നില്ല.

ഇത്തവണത്തെ 117 സീറ്റുകള്‍ 'വമ്പന്‍' നേട്ടമാണെന്നൊക്കെയാണ്‌ പലരും പറയുന്നത്‌. എന്തു വമ്പന്‍ നേട്ടം? Jamjodhpur മണ്ഡലത്തില്‍ കേവലം 17 വോട്ടുകള്‍ക്കാണ്‌ ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെട്ടത്‌. ജനതാദള്‍(യു)-വും ശിവസേനയുമൊക്കെച്ചേര്‍ന്നു നഷ്ടപ്പെടുത്തിയ വോട്ടുകളേക്കാള്‍ വളരെ താഴ്‌ന്ന ഭൂരിപക്ഷത്തിനു പരാജയപ്പെട്ട മറ്റ്‌ എട്ടു സീറ്റുകള്‍ കൂടിയുണ്ട്‌. NDA സഖ്യകക്ഷിതന്നെയായ JD(U)-വിന്‌ ഒരു സീറ്റുണ്ട്‌. അവിടെയും ബി.ജെ.പി.ക്ക്‌ തരക്കേടില്ലാത്ത വോട്ടു ലഭിച്ചിട്ടുമുണ്ട്‌. ഇവയെല്ലാം കൂടി ലഭിച്ചിരുന്നെങ്കില്‍ ഇത്തവണയും മൊത്തം സീറ്റുകള്‍ കഴിഞ്ഞതവണത്തേതുപോലെ 127 തന്നെ ആയേനെ. അങ്ങനെയെങ്കില്‍, അതിനെ എന്തു "വേവ്‌ " എന്നായിരിക്കും മാദ്ധ്യമങ്ങള്‍ വിളിക്കുക? യഥാതഥമായ - സത്യസന്ധമായ - വിലയിരുത്തലുകള്‍ പാര്‍ട്ടിയേപ്പറ്റി നടത്താന്‍ മാദ്ധ്യമങ്ങള്‍ വിമുഖതകാട്ടുന്നതുകൊണ്ടാണ്‌ മുകളില്‍പ്പറഞ്ഞ കാര്യങ്ങളൊന്നും ഒരു അവലോകനറിപ്പോര്‍ട്ടിലും ഇടംപിടിക്കാത്തത്‌.

2002-ല്‍ "വര്‍ഗ്ഗീയ ധൃവീകരണം" ഉണ്ടായി എന്നും, അതു സംഭവിച്ചിരുന്നില്ലെങ്കില്‍ ബി.ജെ.പി. പരാജയപ്പെടുമായിരുന്നു എന്നും കരുതുന്നതുന്നവരുണ്ട്‌. തെറ്റാണത്‌. ഗോധ്ര കൂട്ടക്കൊലയുടേയും തുടര്‍ന്നുണ്ടായ കലാപത്തിന്റേയും മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങിയിരുന്നില്ല എന്നതു ശരിയാണ്‌. പക്ഷേ എന്നു വച്ച്‌ ജനങ്ങള്‍ സ്പര്‍ദ്ധ വച്ച്‌ ഇരുവശത്തും നിന്ന്‌ വാശിക്കു വോട്ടു ചെയ്യുകയൊന്നുമായിരുന്നില്ല. അന്നു തന്നെ ഓരോ ആറുപേരിലും ഒരാള്‍ എന്ന കണക്കില്‍ മുസ്ലീങ്ങളും ബി.ജെ.പി.യെ പിന്തുണച്ചു എന്നാണു കണക്ക്‌. പിന്നെ, കലാപസംബന്ധിയായ സകലകുറ്റങ്ങളും - എന്തിന്‌ ഗോധ്രാസംഭവത്തിന്റെ ആസൂത്രണാപരാധം പോലും - മോദിയുടെയും ഹിന്ദുത്വപ്രസ്ഥാനങ്ങളുടെയും മേല്‍ ചാര്‍ത്തി തികച്ചും ഏകപക്ഷീയമായ ആക്രമണമഴിച്ചുവിട്ടവരെ പ്രതിരോധിക്കണമെന്നും അവര്‍ക്ക്‌ ബാലറ്റിലൂടെ മറുപടി പറയണമെന്നും തീരുമാനിച്ച്‌ ധാരാളമാളുകള്‍ മുന്നോട്ടു വന്നു പ്രവര്‍ത്തിച്ചതും വാസ്തവമാണ്‌. അതിനെയാണുദ്ദേശിച്ചതെങ്കില്‍, 'communal wave' എന്നല്ല - 'anti koosist tsunami' എന്ന പേരാവും കൂടുതല്‍ അനുയോജ്യം.

It is partly true that people were polarized then. People were polarized as 'Modi-haters' and 'Modi-non-haters', and the latter won the elections. Everybody knows who all, apart from the media, were behind that polarization. Certainly, it was not BJP.

സൗരാഷ്ട്രയുടെ ഒറ്റ ഉദാഹരണമെടുത്താല്‍ മതി മേല്‍പ്പറഞ്ഞ under estimation-ന്റെ ആഴമളക്കാന്‍. കേശുഭായിയേപ്പോലെ വളരെ മുതിര്‍ന്ന - ഇപ്പോഴും ആദരണീയനായ - സ്വാധീനശേഷിയുള്ള ഒരു നേതാവിന്റെ വിമതശബ്ദത്തിന്‌ തെരഞ്ഞെടുപ്പുഫലത്തെ തെല്ലും സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. അതില്‍ നിന്നു വെളിപ്പെടുന്നത്‌ ഭരണനേട്ടങ്ങളുടെ മാത്രമല്ല, പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന്റെ കൂടി ശക്തിയാണ്‌. 1984-ല്‍, രാജ്യം മുഴുവന്‍ 'കൈപ്പത്തി'ക്ക്‌ വോട്ടു ചെയ്യുകയും കോണ്‍ഗ്രസിതര നിരയിലെ പല പ്രമുഖരും പരാജയമറിയുകയും ചെയ്ത തെരഞ്ഞെടുപ്പില്‍പ്പോലും ബി.ജെ.പി.യെ ജയിപ്പിച്ചുവിട്ട ചരിത്രമുള്ള മെഹ്‌സാന മണ്ഡലമുള്‍ക്കൊള്ളുന്ന സ്ഥലങ്ങളാണതൊക്കെ. അതേപ്പറ്റിയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍, 'വേവു'കളുണ്ടാകും എന്നു പ്രതീക്ഷ വളര്‍ത്തി പിന്നീട്‌ പ്രവര്‍ത്തകര്‍ക്ക്‌ നൈരാശ്യമുണ്ടാക്കുന്ന സാഹചര്യം കോണ്‍ഗ്രസിന്‌ ഒഴിവാക്കാമായിരുന്നു.

(84-ലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച്‌ ഒന്നു കൂടി പറയാനുണ്ട്‌. 542 ലോക്‌സഭാമണ്ഡലങ്ങളില്‍ 415 എണ്ണം ഒരു കക്ഷി - കോണ്‍ഗ്രസ്‌ - ഒറ്റയ്ക്കു നേടുക എന്ന ചരിത്രപരമായ മഹാത്ഭുതം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്‌. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ സിഖ്‌ വംശജരായ ആയിരക്കണക്കിനാളുകളെ, പാര്‍ട്ടി നേതാക്കളുടെ ആസൂത്രണത്തില്‍, ഏകപക്ഷീയമായി അരുംകൊല നടത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ കോണ്‍ഗ്രസുകര്‍ അവസാനിപ്പിക്കുന്നതിനു മുമ്പായിരുന്നു ആ വിജയത്തിന്റെ മധുരവും. കോണ്‍ഗ്രസിന്റേയും ഇപ്പോള്‍ അവരെ പിന്തുണയ്ക്കുന്നവരുടേയും തിയറി അനുസരിച്ചാണെങ്കില്‍, സ്വതന്ത്രഭാരതംകണ്ട ഏറ്റവും വലിയ "വംശഹത്യ" നടത്തിയതിന്റെ പാരിതോഷികം എന്ന നിലയ്ക്കായിരിക്കണം അവര്‍ക്ക്‌ ആ തെരഞ്ഞെടുപ്പു വിജയം ജനങ്ങള്‍ സമ്മാനിച്ചത്‌! കഷ്ടം - നമ്മുടെ പൗരന്മാരുടെ ജനാധിപത്യബോധത്തേക്കുറിച്ച്‌ ചിലര്‍ക്കൊക്കെ എത്ര വികലമായ ധാരണകളാണുള്ളത്‌! ജനം വോട്ടു ചെയ്യുന്നതെന്തുകൊണ്ട്‌ എന്നു കണ്ടെത്താനുള്ള വിവരം എന്നാണിവര്‍ കൈവരിക്കുക?)

* * * * * * * * * *

ചുരുക്കിപ്പറഞ്ഞാല്‍, ഗുജറാത്തില്‍ ബി.ജെ.പി. വന്‍മാര്‍ജിനില്‍ പരാജയപ്പെടുക എന്ന അത്ഭുതം സംഭവിച്ചാല്‍ മാത്രമേ നാം 'വേവുകള്‍'ക്കായി പരതേണ്ടതുള്ളൂ. പക്ഷേ, മൂന്നു തിരുത്തലുകള്‍ വരുത്തിയാല്‍, വേവുകളേക്കുറിച്ച്‌ ഇപ്പോളുള്ള നിരീക്ഷണം തന്നെ സത്യമാവും താനും.

(1) ഗുജറാത്തിനെ സംബന്ധിച്ച്‌ സംസ്ഥാനത്തിനകത്തു മാത്രമല്ല - പുറത്തും നല്ല വേവ്‌ ഉണ്ട്‌.
(2) തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമല്ല - അത്‌ ഏതാണ്ട്‌ എല്ലായ്പോഴും ഉണ്ട്‌.
(3) അത്‌ ഇംഗ്ലീഷിലെ വേവ്‌ അല്ല - മലയാളത്തിലെ "വേവ്‌ " ആണ്‌. ഉള്ളിന്റെയുള്ളില്‍, എരി പൊരി കൊള്ളിക്കുന്ന ഒരു വേവ്‌! തനി നാടന്‍ വേവ്‌ - അഥവാ ആധി - അല്ലെങ്കില്‍ അസൂയ - അങ്ങനെ പലതും.

ആ വേവു മൂത്ത്‌ - അല്ലെങ്കില്‍ ആധി വര്‍ദ്ധിച്ച്‌ - രാഷ്ട്രീയവിദ്വേഷം മൂലം അന്ധത വന്നു കഴിയുമ്പോഴാണ്‌ ചില മാദ്ധ്യമപ്രവര്‍ത്തകരുടെ പേനയില്‍ വിഷം നിറയുന്നത്‌. അപ്പോഴാണ്‌ സകലതും മോദിമയമായിത്തോന്നുന്നത്‌. അയോദ്ധ്യയിലേക്ക്‌ ആളുകളെ അയച്ചതു മോദി. തിരിച്ചു വരുമ്പോള്‍ അവരെ ചുട്ടെരിച്ചതു മോദി. അപ്പോള്‍, തന്റെ പദ്ധതിയനുസരിച്ച്‌ സംശയിക്കപ്പെടാന്‍ മാത്രമായി ആയിരക്കണക്കിനാളുകളോട്‌ കൃത്യസമയത്ത്‌ അക്രമാസക്തരേപ്പോലെ അഭിനയിച്ച്‌ കൂട്ടം ചേര്‍ന്നു വരാന്‍ നിര്‍ദ്ദേശിച്ചതു മോദി. അതിനു ശേഷം നടന്നതും സകലതും മുന്നില്‍ നിന്നു നടപ്പാക്കിയതു മോദി. കലാപകാരികളായ നൂറുകണക്കിനാളുകളെ വെടിവച്ചിടാന്‍ പോലീസിന്‌ ഉത്തരവു കൊടുത്ത്‌ ‘തന്റെ ആളുകളെ‘(?)ത്തന്നെ വഞ്ചിച്ചതു മോദി. പതിനായിരത്തില്‍പ്പരം ഹിന്ദുക്കള്‍ ദുരിതാശ്വാസക്യാമ്പില്‍ കഴിയാനിടയാക്കിയതു മോദി. സര്‍വ്വം മോദിമയമാണ്‌, വേവു കൂടുമ്പോള്‍. പടവാളുമായി കടന്നുവരാന്‍ ബാബറേയും കൂട്ടരേയും പോയി ക്ഷണിച്ചുകൊണ്ടുവന്നത്‌ മോദിയുടെ മുതുമുത്തച്ഛനായിരുന്നു എന്നു വാദിച്ചാല്‍പ്പോലും അത്ഭുതപ്പെടേണ്ടതില്ലാത്ത അവസ്ഥയാണ്.

കലാപം പ്രോത്സാഹിപ്പിച്ചുകൊണ്ടും സകലമാദ്ധ്യമമര്യാദകളും ലംഘിച്ചുകൊണ്ടും പലരും എഴുതിക്കൂട്ടിയ ലക്ഷക്കണക്കിനു പേജുകള്‍ ചരിത്രത്തില്‍ അവശേഷിക്കുകയാണ്‌. വേവിന്റെ ഉദാഹരണമായി അതില്‍നിന്ന്‌ ഒരേയൊരെണ്ണം മാത്രം ചൂണ്ടിക്കാണിച്ചു നിര്‍ത്തുന്നു.

പലരും ആക്രോശിച്ചത്‌, കലാപം നിയന്ത്രിക്കാനെത്തിയ കേന്ദ്രസേനയെ മോദി മൂന്നു ദിവസം തടഞ്ഞുവച്ചുവെന്നും, അതിനുള്ളില്‍ എല്ലാം കഴിഞ്ഞുവെന്നുമാണ്‌. ഇരുപത്തിയെട്ടാം തീയതി സംസ്ഥാനത്തെത്തിയ കേന്ദ്രസേനയെ വിന്യസിച്ചത്‌ പിറ്റേമാസം ഒന്നാം തീയതി മാത്രമാണത്രേ! വിവരമുള്ളവര്‍ ആരും നെഞ്ചത്തുകൈവച്ചുപോകും. എന്തൊരപരാധമാണത്‌? 29, 30, 31 - എന്നീ തീയതികളിലെന്നെങ്കിലും കേന്ദ്രസേനയെ വിന്യസിക്കാനനുവദിച്ചിരുന്നെങ്കില്‍ കുറേപ്പേരുടെ കൂടി ജീവന്‍ രക്ഷിക്കാമായിരുന്നില്ലേ?

വിവരവും ചിന്താശേഷിയും രണ്ടും രണ്ടാണ്‌. ആരും ചിന്തിക്കില്ല - ഗോധ്ര കൂട്ടക്കൊല നടന്നത്‌ ഫെബ്രുവരി 27-ന്‌ അല്ലേ എന്ന്‌. തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയത്‌ പിറ്റേദിവസം 28-ന്‌ അല്ലേ എന്ന്‌. കേന്ദ്രസേനയെ അന്നു വൈകിട്ടു തന്നെ സംസ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞില്ലേ എന്ന്‌. 2002 ഫെബ്രുവരിക്ക്‌ 28 ദിവസമേ ഉള്ളല്ലോ എന്ന്‌. തൊട്ടു പിറ്റേ ദിവസം - അതായത്‌ മാര്‍ച്ച്‌ ഒന്നിനു തന്നെ സേനാവിന്യാസം നടന്നില്ലേ എന്ന്‌. ആരുമാലോചിക്കില്ല. ആരുമതു ചൂണ്ടിക്കാട്ടാന്‍ മെനക്കെടുകയുമില്ല.

മൂന്നു ദിവസം സേനയെ തടഞ്ഞുവച്ചു എന്ന തെറ്റിദ്ധാരണയും പേറി - അതുപോലെ മറ്റനേകം ധാരണകളും പേറി - മനസ്സിലുണ്ടായിരുന്ന വിദ്വേഷം കൂടുതല്‍ ഉജ്ജ്വലിക്കപ്പെട്ട്‌ - ലക്ഷക്കണക്കിനാളുകള്‍ ഇന്നും ജീവിക്കുകയാണ്‌. മാദ്ധ്യമങ്ങള്‍ ആശിച്ച മട്ടില്‍ത്തന്നെ.

എന്തുപറയാനാണ്‌! ചില മാദ്ധ്യമപ്രവര്‍ത്തകരുടെ "വേവ്‌ ലെംഗ്‌ത്‌ " അപാരം തന്നെ എന്ന്‌ ആശ്ചര്യപ്പെടുകയല്ലാതെ എന്തുചെയ്യാന്‍? ഈശ്വരോ രക്ഷതു!

* * * * * * * * * *

അനുബന്ധരചനകള്‍:-
(1) ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ - മാദ്ധ്യമങ്ങളിലെ "ഹൈപ്പും" "കൈപ്പും"

(2) ഗുജറാത്ത്‌ ഫലം - ചില പുരോഗമന-ജനാധിപത്യ-മതേതരചിന്തകള്‍

Wednesday, December 19, 2007

റെയില്‍വേയിലെ 'ലാലുലീല'കള്‍

പണ്ട്‌, 'ലാലുലീല' എന്ന പേരില്‍ കുട്ടികളുടെ ഒരു പ്രസിദ്ധീകരണമുണ്ടായിരുന്നു. 'ബാലരമ'യും 'പൂമ്പാറ്റ'യുമൊക്കെപ്പോലെ. അത്‌ ഇപ്പോഴുമുണ്ടോ എന്നറിയില്ല.

കൊച്ചു കുട്ടികളെ കളിപ്പിക്കുന്ന മാതിരി കേരളീയരെ റെയില്‍വേ മന്ത്രാലയം കളിപ്പിച്ചുകൊണ്ടിരിക്കുന്നതു കണ്ടപ്പോളാണ്‌ ലാലുലീലയുടെ കാര്യം ഓര്‍ത്തത്‌. റെയില്‍വേ പാക്കേജും പതിവുപോലെ വെറുംവാക്കായതിന്റെ വാര്‍ത്ത താഴെ. ലാലുവിന്റെ ഓരോരോ ലീലകള്‍!
*******************
ഹിമാചല്‍പ്രദേശിലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ നിന്ന്‌ ലാലു വിട്ടുനിന്നതിനേപ്പറ്റി പല അഭ്യൂഹങ്ങളും ഉത്തരേന്ത്യന്‍ പത്രങ്ങള്‍ എഴുതിവിട്ടിരുന്നു. എന്നാല്‍ ആ സമയം അദ്ദേഹം ദക്ഷിണേന്ത്യയില്‍ കടുത്ത തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിലായിരുന്നുവെന്നത്‌ ആരും ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമൊക്കെയിരുന്ന്‌ അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള ചില മുന്നൊരുക്കങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം. വോട്ടു പിടിച്ചുകൊണ്ടിരുന്നത്‌ മറ്റൊരു സംസ്ഥാനത്തിലെ - അതും ബി.ജെ.പി.യുടെ - സ്ഥാനാര്‍ത്ഥിയായേക്കാവുന്ന ഓ.രാജഗോപാലിനുവേണ്ടിയായിരുന്നു എന്നതാണ്‌ ഏറ്റവും ശ്രദ്ധേയം.

മലയാളികളെ പ്രീണിപ്പിക്കാനായി അടുത്തിടെ ലാലുജി പ്രഖ്യാപിച്ച പദ്ധതികളിലൊന്ന്‌ താഴെ. സേലം ഡിവിഷന്റെ ആഘാതം തീരുന്നതിനു മുമ്പേ തന്നെയാണ്‌ അടുത്ത സമ്മാനം - മംഗലാപുരം എന്ന ശല്യം മുറിച്ചുമാറ്റി കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസുകാര്‍ക്കു നല്‍കിക്കൊണ്ട്‌ മലയാളികളെ രക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു ലാലുജി.
തകര്‍പ്പന്‍ പ്രകടനത്തിനു കയ്യടിച്ചു തീരുന്നതിനു മുമ്പ്‌ അടുത്ത സമ്മാനവും എത്തിക്കഴിഞ്ഞു. ഇത്തവണ ഇടിവെട്ടുപോലെയാണു സമ്മാനം എത്തുന്നത്‌. തിരുവനന്തപുരം മുറിച്ച്‌ തിരുനെല്‍വേലി ഡിവിഷന്‍ ഉണ്ടാക്കാന്‍ പോകുന്നത്രേ!
കിഴക്കു നിന്നു സേലം മുറിച്ചുമാറ്റി. വടക്കു നിന്നു മംഗലാപുരം. തിരുനെല്‍വേലിയെ 'തെക്കോട്ടും' എടുത്തു. പടിഞ്ഞാറ്‌ അറബിക്കടലായിപ്പോയതു കൊണ്ടാണോ ലാലൂ താങ്കള്‍ മടിക്കുന്നത്‌? അറയ്ക്കാതെ - മടിക്കാതെ കടന്നു വരണം ഹേ! ബാക്കിയുള്ള കഷ്ണങ്ങള്‍ കൂടി വാരിയെടുത്ത്‌ വല്ല ലക്ഷദ്വീപിലും കൊണ്ടുപോയി തള്ളണം. മലയാളികള്‍ കയ്യടിക്കുകയേയുള്ളൂ. കാളവണ്ടിയില്‍ പോകേണ്ടി വന്നാലും ശരി - നാണം കെട്ട്‌ വോട്ടു ചെയ്യുന്ന ശീലം വിട്ടു പിടിക്കാന്‍ തയ്യാറല്ല ഞങ്ങള്‍.

*******************
ഒന്നോര്‍ത്താല്‍ ബഹുമിടുക്കനാണ്‌ ശ്രീ ലാലു. സംസ്ഥാനരാഷ്ട്രീയത്തിലെ തന്റെ എതിരാളിയും, റെയില്‍വേമന്ത്രിപദത്തില്‍ തന്റെ മുന്‍ഗാമിയുമായ നിതീഷ്‌കുമാറിന്റെ ഭരണനേട്ടങ്ങള്‍ പലതും സ്വന്തം പോക്കറ്റിലാക്കി അവതരിപ്പിച്ച ലാലുവിന്റെ "മാനേജ്‌‌മെന്റ്‌‌" തന്ത്രങ്ങള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. താന്‍ അധികാരത്തിലേറി കേവലം രണ്ടു മാസത്തിനകം ഏതോ മന്ത്രശക്തിയാലെന്ന വണ്ണം റെയില്‍വേയ്ക്ക്‌ കോടികളുടെ ലാഭമുണ്ടാക്കിക്കൊടുത്തു എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ കുറേപ്പേരെയെങ്കിലും വിശ്വസിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സത്യമറിയാമെങ്കിലും, മുന്നണിയുടെയും പിന്തുണയുടേയും പേരില്‍ കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കുമൊക്കെ മൗനം പാലിക്കേണ്ടിയും വന്നിരുന്നു. ഇതൊക്കെ സാധിച്ചെടുത്തതിനു പിന്നിലെ 'മാനേജ്‌‌മെന്റ്‌‌ തന്ത്ര'ങ്ങളറിയാന്‍, രാഷ്ട്രീയമറിയാത്ത ചില എം.ബി.എ. വിദ്യാര്‍ത്ഥികള്‍ വരെ ക്യൂ നിന്നതായാണു കഥ! ക്യാമ്പസില്‍ രാഷ്ട്രീയം അനുവദിക്കണമോ വേണ്ടയോ എന്ന ചര്‍ച്ച കൊഴുക്കട്ടെ!

അതൊക്കെ വിട്ട്‌ ലാലുവും കേരളവുമായുള്ള ബന്ധത്തേക്കുറിച്ചോര്‍ത്താല്‍, ആദ്യം ഓര്‍മ്മ വരുന്നത്‌ കേരളീയര്‍ വിരണ്ടുപോയൊരു സംഭവമാണ്‌. സ്ത്രീശാക്തീകരണമെന്നാല്‍ എന്തെന്ന്‌ ലാലുവിന്റെ മകള്‍ കേരളീയര്‍ക്കു കാണിച്ചു തന്നതാണത്‌. തിരുവനന്തപുരത്തു വച്ച്‌, ലാലുവിന്റെ മകളുടെ അടികൊണ്ട്‌ ശരിക്കും 'പിരുന്നു' പോയിരുന്നു, തിരക്കില്‍പ്പെട്ടുപോയ ഒരു പാവം പത്രക്കാരന്‍.

അടുത്തത്‌ സാക്ഷാല്‍ ലാലു തന്നെ വിരണ്ടുപോയൊരു സംഭവമാണ്‌. സേലം ഡിവിഷന്‍ ഉത്ഘാടനവും കഴിഞ്ഞ്‌ കേരളത്തിലേക്കു വരുമ്പോള്‍ ബി.ജെ.പി.യുടെ പ്രതിഷേധം ഭയന്ന്‌ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങി വന്നതാണ്‌ അത്‌. എന്നിട്ടും ചെങ്ങന്നൂരില്‍ യുവമോര്‍ച്ചക്കാരുടെ കരിങ്കൊടിവീശലില്‍ നിന്ന്‌ ഒഴിവാകാന്‍ കഴിഞ്ഞതുമില്ല. റെയില്‍വേ ജീവനക്കാരേയും യാത്രക്കാരേയുമൊക്കെ അരദിവസത്തോളം മെനക്കെടുത്തി നടത്തിയ ആ യാത്രയ്ക്കൊടുവില്‍ തന്നിട്ടുപോയ വാഗ്ദാനമാകട്ടെ - ചവറ്റുകൊട്ടയില്‍ വീഴുകയും ചെയ്തു.

ലാലുവിനെ പാലക്കാടു വഴിതന്നെ വരാന്‍ ബി.ജെ.പി.ക്കാര്‍ ക്ഷണിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്‌. വരുന്ന വഴി ഓ.രാജഗോപാലിന്റെ വീട്ടില്‍ക്കയറി ഒരു അഞ്ചുമിനുട്ട്‌ ചെലവഴിച്ചിട്ടുപോകാനും ആവശ്യപ്പെടാമായിരുന്നു. കേരളത്തിന്റെ റെയില്‍വേ വികസനസാദ്ധ്യതകളേക്കുറിച്ചും പല പദ്ധതികളും എങ്ങനെ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞു എന്നതിനേക്കുറിച്ചുമൊക്കെ ഒന്നു പഠിച്ചിട്ടു പോകാനാവശ്യപ്പെടാമായിരുന്നു. മാനേജ്‌‌മെന്റ്‌‌ അങ്ങോട്ടു പഠിപ്പിക്കുന്നതു കൂടാതെ വല്ലപ്പോഴും സ്വയം വല്ലതും പഠിക്കുന്നതും നല്ലതു തന്നെ.

**************

പറഞ്ഞുവന്നപ്പോള്‍ ഒരു കാര്യം കൂടി ഓര്‍ത്തുപോകുകയാണ്‌. 'കേരളപ്പിറവിദിന'ത്തില്‍ ബി.ജെ.പി. ഹര്‍ത്താല്‍ നടത്തിയത്‌ നാണക്കേടായി എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേപ്പറ്റി ചിലതു പറയാനുണ്ട്‌.

അനവസരത്തിലും അനുചിതമായ രീതിയിലും നിരന്തരം പ്രയോഗിക്കപ്പെട്ടതുമൂലം ശക്തി നശിച്ച, കാലഹരണപ്പെട്ട ഒരു സമരരീതിയാണെന്നു തോന്നുന്നു ബന്ദും ഹര്‍ത്താലുമൊക്കെ. കുറേക്കൂടി ഫലപ്രദമായ, ജനങ്ങള്‍ക്ക്‌ ഉപദ്രവത്തിനു പകരം ഉപകാരം കൊണ്ടുവരുന്ന സമരരീതികള്‍ ആവിഷ്കരിക്കപ്പെടേണ്ടിയിരിക്കുന്നു. പക്ഷേ, “നവംബര്‍ ഒന്നി“ന്റെ ഹര്‍ത്താല്‍ പലര്‍ക്കും നാണക്കേടായിത്തോന്നുന്നത്‌ ബി.ജെ.പി.വിരുദ്ധതയുടെ കനലുകള്‍ ഉള്ളില്‍ക്കിടക്കുന്നതുകൊണ്ടു മാത്രമാണ്‌.

നിരന്തരമായ അവഗണന മാത്രമല്ല - ഉള്ളതു കൂടി കവര്‍ന്നെടുക്കുന്ന അനീതി തന്നെ കേരളത്തോടു കാണിക്കുന്ന റെയില്‍വേയ്ക്കെതിരെ പ്രതികരിക്കാതെ മിണ്ടാതിരിക്കുന്നതും പോരാഞ്ഞ്‌, പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുക കൂടി ചെയ്യുന്ന ഈ സ്വഭാവമുണ്ടല്ലോ - സത്യത്തില്‍ ഇതല്ലേ ഏറ്റവും വലിയ നാണക്കേട്‌?

ഹര്‍ത്താലുകള്‍ ആഘോഷമാക്കി ആസ്വദിക്കുന്ന മലയാളി മനസ്സുകളെയോര്‍ത്ത്‌ നമുക്കു നാണിക്കാം. എന്നാല്‍, “നവംബര്‍ ഒന്നി“ന്റെ പേരില്‍, നാണിക്കേണ്ട യാതൊരാവശ്യവുമില്ല. സേലം ഡിവിഷന്‍ രൂപവല്‍ക്കരണം തടയാനുള്ള സകല ശ്രമങ്ങളും പരാജയപ്പെട്ടപ്പോളാണ്‌ കേരളത്തിനനുവദിച്ച കോച്ച്‌ ഫാക്ടറിക്കു കൂടി ഉടന്‍ തറക്കല്ലിടണമെന്ന്‌ ബി.ജെ.പി. ആവശ്യപെട്ടത്‌. സേലം ഉത്ഘാടനം നടക്കുന്ന നവംബര്‍ ഒന്നിനു തന്നെ, കോച്ച്‌ ഫാക്ടറിക്കു തറക്കല്ലിടുന്നതിന്റെ തീയതിയെങ്കിലും പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ സമരത്തില്‍ നിന്നു പിന്‍മാറാമെന്ന്‌ മാസങ്ങള്‍ക്കു മുമ്പേ ഉറപ്പു കൊടുത്തിരുന്നതുമാണ്‌. എന്നിട്ടും - കേരളത്തിനായി ഒരു ഉറപ്പു പോലും - പിന്നീട്‌ ജലരേഖയായേക്കാമെങ്കില്‍ക്കൂടി - ഒരു ഉറപ്പു പോലും വാങ്ങിച്ചെടുക്കാന്‍ കഴിയാതിരുന്ന കേരളത്തിലെ നേതാക്കളെയോര്‍ത്തു വേണമെങ്കില്‍ നമുക്കു നാണിക്കാം. നവംബര്‍ ഒന്നിനേപ്പറ്റിയോര്‍ത്തല്ല.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ട ദിവസം വലിയൊരാഘോഷമായി കണക്കാക്കുന്നത്‌ എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കുകയാണു നാം ചെയ്യേണ്ടത്‌. റിപ്പബ്ലിക്‌ ദിനവും സ്വാതന്ത്ര്യദിനവും ആഘോഷിക്കാം. അതല്ലെങ്കില്‍ ദേശീയോത്ഗ്രഥനത്തിനു സഹായകരമാകുന്ന സുപ്രധാനതീരുമാനങ്ങളെന്തെങ്കിലും എടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ വാര്‍ഷികവും ആഘോഷിക്കാം. അതിനൊക്കെ പകരം വെട്ടിമുറിക്കലുകള്‍ ആഘോഷിക്കപ്പെടുമ്പോള്‍, അതിനു പിന്നില്‍ അപകടകരമായ പ്രാദേശികവാദമാണ്‌ നാമറിയാതെ ഫണം വിടര്‍ത്തുന്നത്‌. അതേ പ്രാദേശികവാദത്തിന്റെ ഏറ്റവും വലിയ വക്താക്കളായ കരുണാനിധിയും മറ്റും, അതേ വിഷബാധയേറ്റതുകൊണ്ടാണ്‌ സേലം ഡിവിഷന്‍ ഉത്ഘാടനവും നവംബര്‍ ഒന്നിനു തന്നെ നടത്തണമെന്നു വാശി പിടിച്ചതും, ഉത്ഘാടനപ്രസംഗത്തില്‍ കേരളത്തിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ചൊരിഞ്ഞതും. കാവേരിയും മുല്ലപ്പെരിയാറും നെയ്യാറുമൊക്കെ ഭാരതത്തിലെ നദികളാണെന്നും ഏതെങ്കിലും സംസ്ഥാനത്തിലെയല്ലെന്നുമുള്ള ബോധം ഉള്ളിലുറയ്ക്കണമെങ്കില്‍, നവംബര്‍ ഒന്നുകള്‍ കലണ്ടറിലെ സാധാരണ ദിവസങ്ങളിലൊന്നു മാത്രമായി മാറണം. സംസ്ഥാനാടിസ്ഥാനത്തിലുള്ള അധികാരവികേന്ദ്രീകരണം ഏതൊക്കെ മേഖലയില്‍ എങ്ങനെയൊക്കെ നടത്തണമെന്നത്‌ ഇടയ്ക്കിടയ്ക്ക്‌ പുന:പരിശോധനയ്ക്കു വിധേയമാക്കുകയും ആവശ്യമെന്നു കണ്ടാല്‍ മാറ്റങ്ങള്‍ക്കു തയ്യാറാകുകയും വേണം.

മലയാളത്തെ സ്നേഹിക്കാം. സ്നേഹിക്കണം. ആ സ്നേഹം സൂചിപ്പിക്കാനാണെങ്കില്‍, ഭാഷയ്ക്ക്‌ നല്ലതു സംഭവിച്ച ഏതെങ്കിലും ഒരു ദിവസം തെരഞ്ഞെടുത്ത്‌ വര്‍ഷാവര്‍ഷം ആഘോഷിക്കുകയാണു വേണ്ടത്‌. ഭാഷാപിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ഒരു പ്രതിമ തിരൂരില്‍ സ്ഥാപിക്കാന്‍ പോലും സമ്മതിക്കാത്ത 'സാംസ്കാരികനായകന്‍'മാര്‍ക്ക്‌ അങ്ങനെയൊരു ദിവസം കണ്ടെത്താനും താല്‍പര്യമുണ്ടാവാനിടയില്ല. 'കൈരളി'യുടെ പിറവിയേപ്പറ്റി ചോദിച്ചാല്‍ അവര്‍ മിക്കവാറും ഒരു ചാനല്‍ തുടങ്ങിയ തീയതിയായിരിക്കും പറയുന്നതു താനും.

ഇനി, വേറേ ചിലര്‍ ഒരു കുറവായിക്കാണുന്നത്‌ “പ്രസിഡന്റു വന്ന ദിവസം ഹര്‍ത്താലു നടത്തി” എന്നതാണ്. മുന്‍‌കൂട്ടി പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ദിനത്തില്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം പിന്നീടു തീരുമാനിക്കപ്പെടുകയാണുണ്ടായത്‌. അതിന്റെ പേരില്‍ അവസാനനിമിഷം ഹര്‍ത്താല്‍ ആഹ്വാനം പിന്‍‌വലിക്കാനോ തിയതി മാറ്റാനോ നേതൃത്വം വഴങ്ങാതിരുന്നതാണ്. അതു നന്നായി എന്നു വേണം യഥാര്‍ത്ഥത്തില്‍ കരുതാന്‍. ഹര്‍ത്താലുകള്‍ കൊണ്ട്‌ ആകെയുള്ളൊരു പ്രയോജനം, പ്രതിഷേധിക്കുന്ന പ്രശ്നത്തേക്കുറിച്ച്‌ നാലാള്‍ അറിയും എന്നതു മാത്രമാണ്‌ (ഇപ്പോള്‍ ആരും കാരണം അന്വേഷിക്കാറില്ല എന്ന മട്ടായിട്ടുണ്ട്‌). ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പ്രശ്നമെത്തിക്കാന്‍ കഴിഞ്ഞാല്‍ അതുമാത്രമാണ്‌ ഏക നേട്ടം. അങ്ങനെ നോക്കുമ്പോള്‍, പ്രസിഡന്റിനെപ്പോലെ 'വലിയവര്‍' എത്തുന്ന സമയത്ത്‌ ഹര്‍ത്താലാകുന്നത്‌ നല്ലതു തന്നെ. പ്രതിഷേധം അവരുടെയൊക്കെ ശ്രദ്ധയില്‍പ്പെട്ടിട്ട്‌ എന്തു പ്രയോജനം എന്നത്‌ മറ്റൊരു കാര്യം.

ഇതൊക്കെയാണെങ്കിലും, അന്നത്തെ ഹര്‍ത്താലിന്‌ എന്റെ വ്യക്തിപരമായ പിന്തുണയില്ലായിരുന്നു. കരുണാനിധിയും മറ്റും പ്രകോപിപ്പിക്കപ്പെട്ടേക്കാമെന്നല്ലാതെ, കേരളത്തിന്‌ നീതി ലഭിക്കാന്‍ ആ സമരം പ്രയോജനപ്പെട്ടേക്കില്ല എന്ന ഒരു തോന്നല്‍ മൂലമായിരുന്നു അത്‌. കേരളത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്ന നീതിനിഷേധം അധികാരികളെ അറിയിക്കാന്‍ നാടൊട്ടുക്കു ചര്‍ച്ചകളും സെമിനാറുകളും മറ്റും സംഘടിപ്പിക്കാമായിരുന്നു എന്ന്‌ ആദ്യം തോന്നി. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതു തന്നെയാണല്ലോ എന്നും രാഷ്ട്രീയകാരണങ്ങളാലാണല്ലോ ഇതൊക്കെ ഇങ്ങനെയൊക്കെത്തന്നെ കിടക്കുന്നത്‌ എന്നുമോര്‍ത്തപ്പോള്‍ പിന്നെ, "എന്തെങ്കിലുമാകട്ടെ' എന്നൊരു നിലപാടായി.

എന്തു ചെയ്യാനാണ്‌?

ലാലുവും വേലുവും ബാലുവും - ഇവരെയൊക്കെ പിന്താങ്ങാനായി ഇടത്തുനിന്നും വലത്തു നിന്നും നിര്‍ലജ്ജമായ ഓരോ കൈത്താങ്ങുകളും! കഷ്ടം! മലയാളിക്ക്‌ ഇതൊക്കെയേ വിധിച്ചിട്ടുള്ളൂ എന്നു തോന്നുന്നു. എന്തായാലും വെറുതെയല്ല ഓ.രാജഗോപാലിന്‌ രണ്ടേകാല്‍ലക്ഷത്തിലധികം വോട്ടു ലഭിച്ചത്‌. 24 വര്‍ഷമായി മത്സരരംഗത്തില്ലാതിരുന്ന പി.കെ.വി.യെ രംഗത്തിറക്കാന്‍ (അനാരോഗ്യം മൂലം അതു പിന്നീട്‌ അദ്ദേഹത്തിന്റെ മരണത്തിനു തന്നെ ഇടയാക്കുന്നമട്ടില്‍) ഇടതുമുന്നണി നിര്‍ബന്ധിതരായതും വെറുതെയല്ല. അട്ടിമറിസാദ്ധ്യതകള്‍ അവര്‍ മുന്‍കൂട്ടി കണ്ടിരിക്കണം. ആരു പറഞ്ഞു - മലയാളികള്‍ക്കു പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന്‌?

പയ്യന്‍സിനു സ്നേഹപൂര്‍വ്വം

എന്റെ ഒരു മുന്‍പോസ്റ്റില്‍ കമന്റിട്ട ‘പയ്യന്‍സ്‌‘ എന്ന ബ്ലോഗര്‍ക്കുള്ള മറുപടിയാണിത്‌. മുമ്പ്‌ 'സംഘപരിവാ'റിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നെന്നും (ഏതൊക്കെ പ്രസ്ഥാനങ്ങളെയാണുദ്ദേശിച്ചത്‌ എന്നു വ്യക്തമല്ല) ഇപ്പോള്‍ 'സ്വതന്ത്ര'നായി എന്നുമൊക്കെ അവകാശപ്പെട്ട അദ്ദേഹം സംഘത്തെ വളരെ ഭര്‍ത്സിച്ചിട്ടുണ്ട്‌.

സാധാരണക്കാരായ പലരേയും പോലെ എനിക്കും സംഘത്തേക്കുറിച്ചുള്ള ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നൊരു പോസ്റ്റായിരുന്നു അത്‌. പയ്യന്‍സിന്റെ അവകാശവാദങ്ങള്‍ സത്യമായിരുന്നുവെങ്കില്‍ സ്വാഭാവികമായും അദ്ദേഹത്തിന്‌ പറയാന്‍ പലതുമുണ്ടാകുമായിരുന്നു. പക്ഷേ ആ പോസ്റ്റിന്റെ ഉള്ളടക്കത്തിനോട്‌ തികഞ്ഞ അവജ്ഞ പുലര്‍ത്തിക്കൊണ്ട്‌ സംഘത്തെ അടച്ചാക്ഷേപിക്കാന്‍ മാത്രമാണ്‌ അദ്ദേഹം തുനിഞ്ഞത്‌. മറുപടിയര്‍ഹിക്കുന്നു എന്ന്‌ 'എനിക്കു' തോന്നിയ ചില പരാമര്‍ശങ്ങള്‍ മാത്രം തെരഞ്ഞെടുത്ത്‌ അവതരിപ്പിക്കുകയാണിവിടെ.

---------
പയ്യന്‍സേ,

സംഘപരിവാര്‍ ബന്ധത്തിന്റെ കാര്യത്തില്‍, താങ്കളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഞാനെത്ര നിസ്സാരനാണ്‌! കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബി.ജെ.പി.യുടെ പല നിലപാടുകളോടും അനുഭാവം പുലര്‍ത്തുന്നു എന്നതു മാത്രമാണ്‌ എന്റെ സംഘപരിവാര്‍ ബന്ധം. വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചിന്തകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ സംഭവിച്ചൊരു മാനസിക പരിണാമമാണത്‌. അത്തരമൊരു രാഷ്ട്രീയനിലപാടെടുക്കുന്നത്‌ ഒരു അപരാധമായി എനിക്കു തോന്നുന്നില്ല. അവര്‍ക്കെതിരെയുള്ള ഏകപക്ഷീയമായ പ്രചാരണങ്ങളില്‍ തെറ്റുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഞാന്‍ അവര്‍ക്കനുകൂലമായി ചിന്തിച്ചു തുടങ്ങിയതു തന്നെ. കാപട്യങ്ങള്‍ കണ്ടു കൊണ്ട്‌ മിണ്ടാതിരിക്കേണ്ടി വരുന്നതിലുള്ള നാണക്കേടും, ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതിലെ വിഷമവും താരതമ്യം ചെയ്താല്‍, ആദ്യത്തേതാണു കൂടുതല്‍ കഠിനം. അതുകൊണ്ട്‌, താങ്കളേപ്പോലുള്ളവര്‍ എത്രയൊക്കെ അസഹിഷ്‌ണുത പ്രകടിപ്പിച്ചാലും എനിക്കെന്റെ അഭിപ്രായപ്രകടനങ്ങള്‍ തുടരേണ്ടി വരും.

'കലാപം' എന്ന പദമുപയോഗിച്ചുകൊണ്ട്‌ എന്റെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാമെന്നു താങ്കള്‍ കരുതുന്നെങ്കില്‍, അതു തികഞ്ഞ തെറ്റിദ്ധാരണയാണ്‌. ഏതെങ്കിലുമൊരു കലാപം കണ്ട്‌ 'ഇഷ്ടപ്പെട്ടി'ട്ടല്ല എന്റെ രാഷ്ട്രീയ ചായ്‌വുകള്‍ തീരുമാനിക്കപ്പെടുന്നത്‌ എന്നതും, ഞാന്‍ കലാപവാര്‍ത്തകള്‍ കേട്ട്‌ കയ്യടിക്കാറില്ല എന്നതുമായ വസ്തുതകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം, ' ഗോധ്ര ‌' എന്ന പദം എന്റെ വാദങ്ങള്‍ക്കുള്ള ഒരു മറുപടിയല്ല. കോടിക്കണക്കിന്‌ അനുഭാവികളുള്ള ഒരു പ്രസ്ഥാനത്തിന്റെ ചില നയങ്ങളെ ഞാനും പിന്തുണയ്ക്കുന്നു എന്നു വച്ച്‌, ഇക്കണ്ട ജനമെല്ലാം - അവരോരോരുത്തരും - സദാസമയവും സമചിത്തത, സാത്വികഭാവം, സകലരോടുമുള്ള സാഹോദര്യം തുടങ്ങിയ ഗുണങ്ങളോടു കൂടി ജീവിച്ചുകൊള്ളും എന്ന്‌ ഉറപ്പു വരുത്തേണ്ടത്‌ എന്റെ ബാദ്ധ്യതയുമല്ല - അത്‌ അസാദ്ധ്യവുമാണ്‌. ഞാന്‍ കലാപത്തില്‍ പങ്കെടുക്കുകയോ അല്ലെങ്കില്‍ അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുകയോ ചെയ്യുന്നതായി തോന്നിയാല്‍ മാത്രം എന്നോടു തര്‍ക്കിക്കുക. ബി.ജെ.പി. അനുഭാവിയെന്നാല്‍ "by default" അയാള്‍ കലാപത്തിന്റെ പേരില്‍ ഭര്‍ത്സിക്കപ്പെടേണ്ടയാള്‍ എന്ന മനോഭാവത്തെ, സത്യത്തില്‍ മനോരോഗം എന്നാണു വിളിക്കേണ്ടത്‌.

നിര്‍ഭാഗ്യകരവും അപലപനീയവുമായ അസംഖ്യം വര്‍ഗ്ഗീയകലാപങ്ങള്‍ രാജ്യത്തു നടന്നിട്ടുള്ളതില്‍ ഒന്നാണ്‌ ഗോധ്രാനന്തര കലാപവും. രണ്ടു മതവിഭാഗങ്ങള്‍ക്കിടയിലാണ്‌ അവിടെ പ്രശ്നമുണ്ടായത്‌. അതിലെ കൊലപാതകികളില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളിലും പല മതങ്ങളിലും പെട്ടവര്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നുവെന്നതും ഗവണ്മെന്റിന്റെ പരാജയത്തേക്കുറിച്ച്‌ ആക്ഷേപങ്ങളുയരാന്‍ അവസരമുണ്ടായതുമൊക്കെയാണ്‌ അത്‌ ബി.ജെ.പി.ക്കു കളങ്കമുണ്ടാക്കുന്നത്‌. എന്നാല്‍ തികച്ചും ഏകപക്ഷീയമായ - മറ്റു ചില രാഷ്ട്രീയപാര്‍ട്ടികള്‍ നേരിട്ടു നടത്തിയ കൊലപാതകങ്ങളായ സിഖ്‌ വിരുദ്ധ കലാപവും നന്ദിഗ്രാം കൂട്ടക്കൊലയുമൊക്കെ അതാതു പാര്‍ട്ടിയില്‍പ്പെട്ടവരെ എത്രമാത്രം ലജ്ജിപ്പിക്കുന്നുണ്ടാവണം? അവര്‍ക്കൊക്കെ അതാതു പാര്‍ട്ടികള്‍ക്കുള്ള പിന്തുണ തുടരുന്നതില്‍ പ്രശ്നമില്ല എന്നും നേരേ മറിച്ച്‌ അവരുടെ ഒരു നേതാവു പറഞ്ഞതുപോലെ 'അഭിമാനം തോന്നുക'യാണു ചെയ്യുന്നതുമെങ്കില്‍, എന്റെ ബി.ജെ.പി. അനുഭാവത്തെ ചോദ്യം ചെയ്യുന്നതു തികച്ചും പരിഹാസ്യമാണ്‌. ഇതേക്കുറിച്ചു വിശദീകരിക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍, പിന്നീടാവാം.

ഇനി, രാഷ്ട്രീയ സ്വയംസേവക സംഘത്തേക്കുറിച്ചാണെങ്കില്‍ - അവരേക്കുറിച്ചും സംസാരിക്കാന്‍ ഞാനാളല്ല. എനിക്ക്‌ സംഘപ്രവര്‍ത്തനപശ്ചാത്തലം പോലുമില്ല. എന്തിന്‌ - ബി.ജെ.പി.യില്‍പ്പോലും പ്രവര്‍ത്തിച്ചു പരിചയമില്ല. വായിച്ചും കണ്ടും കേട്ടും പ്രവര്‍ത്തകരുമായി സംസാരിച്ചുമെല്ലാമുള്ള പരിചയമാണൂ കൂടുതലും. പക്ഷേ ഞാനെന്തു പറഞ്ഞാലും പലരും സംഘത്തെ സംബന്ധിച്ച എന്തെങ്കിലും എടുത്തിടുകയും സ്വാഭാവികമായും ചര്‍ച്ച അതിനെ ചുറ്റിപ്പറ്റിയാവുകയും ചെയ്യും. സംഘത്തിന്റെ നിലപാടുകള്‍ മുഴുവനുമറിയാവുന്നൊരാളോ അവരുടെ വക്താവോ ഒന്നുമല്ല ഞാന്‍. പക്ഷേ അവരേക്കുറിച്ചു കേള്‍ക്കുന്നതു പലതും തെറ്റാണെന്നു തിരിച്ചറിയാവുന്നിടത്തോളം ഞാനവരേക്കുറിച്ചു മനസ്സിലാക്കിയിട്ടുണ്ട്‌. ദുരാരോപണങ്ങളെ പുഞ്ചിരിയോടെ നേരിടാനുള്ള മനോബലം സംഘപ്രവര്‍ത്തകര്‍ക്കുണ്ടാവാം. എനിക്കതില്ല. അതുകൊണ്ട്‌ എനിക്കവരേപ്പോലെ ക്ഷമയും പക്വതയും പ്രകടിപ്പിക്കാനാവാതെ പലപ്പോഴും ഇടപെട്ടു സംസാരിക്കേണ്ടി വരുന്നു. എന്നുവച്ച്‌ അതിന്റെ പേരില്‍ തുടര്‍ഭര്‍ത്സനമേല്‍ക്കേണ്ടിവരുന്നെങ്കില്‍, ഞാനതു നിസ്സാരമായി തള്ളിക്കളയുകയേയുള്ളൂ.

താങ്കളുടെ ചില വാചകങ്ങള്‍ക്കുള്ള എന്റെ, വ്യക്തിപരമായ മറുപടികള്‍ മാത്രമാണു താഴെ കൊടുത്തിരിക്കുന്നത്‌. അവ മറ്റേതെങ്കിലും വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ നിലപാടുകളെ പ്രതിനിധീകരിക്കണമെന്നു നിര്‍ബന്ധമില്ലെന്നോര്‍ക്കുക.

>> [പയ്യന്‍സ്‌] ningalude ajanda orikkalum INDIAyil nadakkilla ennu ningalkku thanne ariyam. pinne athikaram poornamayi kittiyal oru kai nokkam.

'നിങ്ങള്‍' എന്നുദ്ദേശിച്ചത്‌ ആര്‍.എസ്‌.എസ്‌.നെ ആണെന്നു തോന്നുന്നു. അധികാര രാഷ്ട്രീയത്തോടുള്ള സംഘത്തിന്റെ നിലപാട്‌ താങ്കള്‍ക്കു തീരെ അറിയില്ലെന്നും വ്യക്തമാണ്‌. ഞാനതേപ്പറ്റി ധാരാളം വായിച്ചും നിരീക്ഷിച്ചും മനസ്സിലാക്കിയിട്ടുണ്ട്‌. അധികം വിശദീകരിച്ചിട്ടു പ്രയോജനമില്ലെന്ന്‌ ഉറപ്പുള്ളതു കൊണ്ട്‌ അതിനു മുതിരുന്നില്ല.

പരിവാര്‍ പ്രസ്ഥാനങ്ങള്‍ മൊത്തമെടുത്താല്‍, ബി.ജെ.പി.ക്കു മാത്രമാണ്‌ അധികാര രാഷ്ട്രീയവുമായി ബന്ധമുള്ളത്‌. സംഘവുമായുള്ള അടുപ്പത്തിന്റെ കാര്യത്തില്‍, അവര്‍ക്ക്‌ മറ്റു പ്രസ്ഥാനങ്ങള്‍ക്കെല്ലാം പിറകില്‍ നില്‍ക്കാന്‍ മാത്രമേ അവകാശമുള്ളൂ താനും.

എന്നാല്‍ ബി.ജെ.പി. വിരുദ്ധര്‍ നേരേ തിരിച്ചാണു കാണുന്നതെന്നതാണു രസകരം. സംഘവുമായി ബന്ധപ്പെട്ട പലതും, ബി.ജെ.പി.യെ മനസ്സില്‍ വച്ച്‌ രാഷ്ട്രീയം കലര്‍ത്തിയാണു പലരും നിരീക്ഷിക്കുന്നത്‌. ബി.ജെ.പി. ശക്തിപ്രാപിച്ചതോടെയാണ്‌ പലരും പ്രകടമായ സംഘവിരുദ്ധ പ്രവര്‍ത്തനങ്ങളാരംഭിച്ചത്‌. ഞാന്‍ മുമ്പൊരിടത്തു പറഞ്ഞതുപോലെ, ബി.ജെ.പി. എന്നൊരു രാഷ്ട്രീയ കക്ഷിയും അവരെ മറ്റുള്ളവര്‍ക്ക്‌ ഒരു രാഷ്ട്രീയ എതിരാളിയായിക്കാണേണ്ട ഒരു സാഹചര്യവും നിലവിലില്ലായിരുന്നുവെങ്കില്‍, സംഘവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാകുമായിരുന്നു കൈകാര്യം ചെയ്യപ്പെടുക.

സകല സംഘവിരുദ്ധശക്തികളുടെയും പ്രവൃത്തികളുടെ അടിസ്ഥാനം ബി.ജെ.പി.യുടെ സാന്നിദ്ധ്യമാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌, സംഘത്തിന്റെ രാഷ്ട്രസേവനങ്ങളെ മാനിച്ചു കൊണ്ട്‌ പ്രധാനമന്ത്രി നടത്തിയ പ്രത്യേകക്ഷണപ്രകാരം സംഘസ്വയംസേവകര്‍ തങ്ങളുടെ ഔദ്യാഗികവേഷമായ 'ഗണവേഷ'മണിഞ്ഞ്‌ റിപ്പബ്ലിക്‌ ദിനപരേഡില്‍ പങ്കെടുത്തിട്ടുള്ള കാര്യം ഒരു പക്ഷേ പുതു തലമുറയ്ക്ക്‌ അറിവുണ്ടാവാനിടയില്ല. ആദ്യകാലങ്ങളിലും, സംഘത്തിന്‌ ഒരു രാഷ്ട്രീയപക്ഷമുണ്ടാകുന്നതിനെയും അത്‌ തങ്ങള്‍ക്കൊരു വെല്ലുവിളിയാകുന്നതിനെയുമായിരുന്നു എല്ലാവരും ഭയപ്പെട്ടിരുന്നത്‌. ഒരിക്കല്‍, നിരോധനം പിന്‍വലിക്കാനുള്ള ഒരു നിബന്ധനയായി സര്‍ക്കാര്‍ മുന്നോട്ടു വച്ചത്‌ സംഘപ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരണം എന്നതായിരുന്നു. സംഘം ഒരു രാഷ്ട്രീയകക്ഷിയല്ല എന്നതും, പേരിന്റെ തുടക്കത്തിലുള്ള 'രാഷ്ട്രീയ'ത്തിന്റെ അര്‍ത്ഥം പ്രധാനമായും രാഷ്ട്രത്തെ സംബന്ധിച്ചതാണെന്നും ചൂണ്ടിക്കാട്ടി ഗുരുജി ഗോള്‍വള്‍ക്കര്‍ അതു നിരസിക്കുകയായിരുന്നു.


>> [പയ്യന്‍സ്‌] allenkil sayudhamayi konnu nokkam. ennalum 20 crore varunna ee pinnookka muslingaleyum christianikaleyum communistukaleym onnum cheyyan ningalkku avilla.

"ഈ പിന്നോക്ക മുസ്ലീങ്ങള്‍" എന്നു പറഞ്ഞതിലെ "ഈ" ഞാന്‍ ശ്രദ്ധിച്ചെങ്കിലും അവഗണിക്കുന്നു. "'നിങ്ങള്‍ക്ക്‌' ആവില്ല" എന്നു പറഞ്ഞതിലെയും മുന്‍വിധി പ്രകടമാണ്‌. അതും ഞാന്‍ അവഗണിക്കുന്നു.

പയ്യന്‍സ്‌, ഈപ്പറഞ്ഞ പോയിന്റു തന്നെയല്ലേ ഞാനും എടുത്തെടുത്തു ചോദിച്ചു കൊണ്ടിരുന്നത്‌? സായുധമായി കൊന്ന്‌ ഒരു സമൂഹത്തെ അവസാനിപ്പിക്കാം എന്നത്‌ എന്തൊരു മണ്ടന്‍ ആശയമാണ്‌? അല്ലെങ്കിലും എന്തിനാണതു ചെയ്യുന്നത്‌? സാമാന്യബുദ്ധിയുള്ളവര്‍ക്ക്‌ ഇങ്ങനെയൊന്നും ആലോചിക്കാന്‍ കൂടി കഴിയില്ല. സംഘവുമായി ബന്ധപ്പെട്ട്‌ ഒരിടത്തും ഇത്തരമൊരു മണ്ടന്‍ ആശയം ഞാന്‍ കേട്ടിട്ടില്ല (അതെന്റെ കുറ്റവുമല്ല!). ഇത്തരമൊരു ആശയത്തേക്കുറിച്ചു സംസാരിച്ചു കാണാറുള്ളത്‌ ചില ഇടതുപക്ഷചിന്തകരും മുസ്ലീം തീവ്രവാദികളുമൊക്കെ മാത്രമാണ്‌. അത്തരമൊരു രീതിയില്‍ ചിന്തിക്കാന്‍ കഴിയുന്നതു തന്നെ അവരുടെ ക്രൂരമനസ്സിനെയാണു വെളിപ്പെടുത്തുന്നത്‌ എന്നാണെനിക്കു തോന്നുന്നത്‌. അവരുടെ ഉള്ളിലിരുപ്പു പുറത്തുവരുന്നത്‌ ശരിക്കും ഞെട്ടിപ്പിക്കുന്നു.

'അജണ്ട' എന്നു നിങ്ങളുദ്ദേശിച്ചതെന്താണെന്ന്‌ ഇവിടെയാണു വ്യക്തമായത്‌. 'ഹിന്ദുരാഷ്ട്രം' എന്ന പ്രയോഗമാണെന്നു തോന്നുന്നു പലരേയും പോലെ താങ്കളെയും ചിന്താക്കുഴപ്പത്തിലാക്കുന്നത്‌. ഹിന്ദുരാഷ്ട്രസങ്കല്‍പത്തേക്കുറിച്ചുപോലും തെറ്റിദ്ധാരണകളുള്ള ഒരാള്‍, താന്‍ ദീര്‍ഘകാലം സംഘപ്രവര്‍ത്തകനായിരുന്നു എന്നു പറയുന്നതു വിശ്വസിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്‌.

മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍, ലോകത്തു രണ്ടാമതു നില്‍ക്കുന്ന രാജ്യമാണു നമ്മുടേത്‌. മുസ്ലീങ്ങളെ ഉപദ്രവിക്കാനോ കൊല്ലാനോ ഒന്നും ഇവിടെയാരും - ഞാനാവര്‍ത്തിക്കട്ടെ - ആരും - 'തക്കം പാര്‍ത്തിരിക്കു'ന്നൊന്നുമില്ല. അങ്ങനെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ തീര്‍ച്ചയായും പ്രോത്സാഹനീയമല്ല. വര്‍ഗ്ഗീയകലാപങ്ങളേക്കുറിച്ചു പറയാനാണെങ്കില്‍, നമ്മുടെ ചരിത്രത്തില്‍ നിര്‍ഭാഗ്യവശാല്‍ അവയുടെ നീണ്ടനിര തന്നെയുണ്ട്‌. ബി.ജെ.പി.യെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരമുള്ളവയേക്കുറിച്ചു മാത്രമേ നാം സംസാരിക്കാന്‍ ഒരുക്കമുള്ളൂ എന്നേയുള്ളൂ. കലാപങ്ങളുടെ കാരണങ്ങളേക്കുറിച്ചൊക്കെ കാപട്യങ്ങളില്ലാതെ ചിന്തിക്കാനും സംസാരിക്കാനും നമുക്കു കഴിയണം. അവ ആവര്‍ത്തിക്കാതിരിക്കാനായി തെറ്റുകള്‍ തുറന്നംഗീകരിച്ചും പൊറുത്തും ജനസമൂഹങ്ങളില്‍ കൂടുതല്‍ ഇഴയടുപ്പം സൃഷ്ടിക്കാനൊക്കെയാണ്‌ ശ്രമിക്കേണ്ടത്‌. അതിനു പകരം, കലാപങ്ങളെ കൂട്ടു പിടിച്ച്‌, അവ നിരന്തരം ആഘോഷിച്ച്‌, അവയൊക്കെ 'സായുധമായ ഉന്‍മൂലനശ്രമ'മാണ്‌ എന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ വിഷവിത്തു പാകുന്നവരാണ്‌. അവര്‍ പറയുന്നതില്‍ യാതൊരു യാഥാര്‍ത്ഥ്യവുമില്ല.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ പലയിടത്തായി മുസ്ലീങ്ങള്‍ സംഘം ചേര്‍ന്ന്‌ പോലീസിനെ ആക്രമിച്ച സംഭവങ്ങള്‍ ധാരാളമുണ്ട്‌. അവയെല്ലാം ചൂണ്ടിക്കാണിച്ച്‌ - 'അവര്‍ പോലീസുകാരെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ്‌' എന്ന്‌ ആരെങ്കിലും വാദിക്കുന്നെങ്കില്‍, എന്തൊരു വിഡ്ഢിത്തമായിരിക്കും അത്‌! സാഹചര്യം മനസ്സിലാക്കാതെ ഒരു അക്രമപ്രവര്‍ത്തനത്തേയും അന്ധമായി വിലയിരുത്തരുത്‌. സാഹചര്യപരിഗണനകള്‍, അക്രമങ്ങള്‍ക്കു ന്യായീകരണവുമാകരുത്‌. ഇതേപ്പറ്റിയൊക്കെ ഞാന്‍ മുമ്പേ തന്നെ ധാരാളം എഴുതിയിട്ടുണ്ട്‌.

>> [പയ്യന്‍സ്‌] RSS nashippikkeppedathe INDIA maharajyam rekshapedilla.

'ഇന്ത്യ രക്ഷപെടണം' എന്നൊരു ആഗ്രഹത്തിന്റെ സൂചന കാട്ടിയതിനു നന്ദി പറയുന്നു. ഈയൊരു മനോഭാവം പേറുന്നതു മാത്രമാണ്‌ താങ്കള്‍ക്ക്‌ ഒരു സംഘപ്രവര്‍ത്തകനുമായി എന്തെങ്കിലുമൊരു സാമ്യം ഞാന്‍ കാണുന്നത്‌.

സംഘത്തെ നശിപ്പിക്കണം എന്നു പറയുന്നവര്‍ക്കാണോ ഇന്ത്യ രക്ഷപെട്ടു കാണാന്‍ ആഗ്രഹമുള്ളത്‌ അതോ മറ്റുള്ളവര്‍ക്കാണോ എന്നത്‌ തര്‍ക്കമുള്ളൊരു വിഷയമാണ്‌. ഞാനതിലിപ്പോള്‍ അഭിപ്രായപ്പെടുന്നില്ല. സംഘവിരോധികള്‍ ചേര്‍ന്ന്‌ ഇന്ത്യയെ 'രക്ഷിച്ച' ചില കഥകള്‍ പരിശോധിക്കുന്നതു രസകരമായിരിക്കുമെന്നു മാത്രം പറഞ്ഞുവയ്ക്കുന്നു..

മുകളില്‍പ്പറഞ്ഞ വാചകത്തോട്‌ താങ്കള്‍ക്ക്‌ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അതു പ്രാവര്‍ത്തികമാക്കാന്‍ എന്താണു ചെയ്യാന്‍ പറ്റുക എന്നാലോചിക്കുകയല്ലേ വേണ്ടത്‌? സംഘത്തെ ഭര്‍ത്സിച്ചുകൊണ്ടു മാത്രമിരുന്നാല്‍ എന്താണു പ്രയോജനം? ഈപ്പറഞ്ഞതിന്റെ നേര്‍വിപരീതമായി 'സംഘമില്ലെങ്കില്‍ ഇന്ത്യ നശിക്കും' എന്നു ചിന്തിക്കുന്നവരില്ലേ? അവര്‍ അങ്ങനെ ചിന്തിക്കാനിടയാകുന്ന സാഹചര്യങ്ങളെന്തൊക്കെയാണെന്നു കണ്ടെത്തി അതിനൊക്കെ പരിഹാരം കാണാന്‍ ശ്രമിക്കുക. മാര്‍ക്സിസ്റ്റുകളും മറ്റും ചെയ്യുന്നതുപോലെ, അക്രമം നടത്തിക്കൊണ്ടുള്ള സായുധമായ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും മാദ്ധ്യമങ്ങളുപയോഗിച്ചുള്ള പ്രചാരണങ്ങളുമൊക്കെ കൂടുതലും വിപരീതഫലങ്ങളാണുണ്ടാക്കുക. കുറേക്കൂടി തന്ത്രപരമായ, ആശയപരമായ ചെറുത്തുനില്‍പ്പിനു വേണം ശ്രമിക്കാന്‍. അതു പക്ഷേ മാന്യതയോടെ ചെയ്യുന്നില്ലെങ്കില്‍, അവിടെയും തിരിച്ചടിയുണ്ടാകും. അവരേക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൊതു ചര്‍ച്ചകള്‍ വേണ്ടി വരും എന്നതുകൊണ്ട്‌, അവരുടെ ശബ്ദം പൊതുവേദികളിലെത്തുന്നതു പരമാവധി തടയുക എന്ന നിലവിലുള്ള തന്ത്രങ്ങള്‍ തുടരാനാവാതെ വരികയും ചെയ്യും. ചുരുക്കത്തില്‍, ഭാരതമാസകലം ഇതിനകം വ്യാപിച്ചുപോയ സംഘത്തെ പെട്ടെന്നവസാനിപ്പിക്കണം എന്നു വച്ചാല്‍ അത്‌ അങ്ങേയറ്റം ശ്രമകരമാണ്‌.


>> [പയ്യന്‍സ്‌] Hitler ,mussolini thudangiyavar vicharichiTTu polum kore kollan patti ennallathe enthayirunnu nettam.

'അവര്‍ വിചാരിച്ചിട്ടുപോലും' എന്നു വച്ചാല്‍? അവര്‍ എന്താണു വിചാരിച്ചത്‌? അവര്‍ക്കിവിടെ എന്താണു കാര്യം? സംഘം എന്താണു വിചാരിക്കുന്നത്‌? വിദേശികളോടുള്ള ഇമ്മാതിരി ഭ്രമവും മാനസികാടിമത്തവുമൊക്കെ നമ്മെ നശിപ്പിക്കുമെന്ന്‌ സംഘം എക്കാലവും മുന്നറിയിപ്പു തന്നിട്ടുണ്ട്‌. ഇവിടെ ഇവരെയൊക്കെ വലിച്ചിഴച്ചുകൊണ്ടു വന്നതെന്തിനാണ്‌? കോമഡി അരങ്ങുതകര്‍ക്കുകയാണല്ലോ പയ്യന്‍സേ.

സംഘവുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോള്‍ ഹിറ്റ്ലറേയും മുസ്സോളിനിയേയുമൊക്കെ കൂട്ടുപിടിച്ചു കാണാറുള്ളത്‌ കൂടുതലും സംഘത്തേക്കുറിച്ച്‌ യാതൊരു പരിജ്ഞാനവുമില്ലാത്തവര്‍ - കൂടുതലും ഇടതുപക്ഷപ്രചാരണങ്ങളില്‍ വീണുപോയിട്ടുള്ളവര്‍ - ആണ്‌. സംഘപശ്ചാത്തലമുണ്ടെന്ന്‌ താങ്കള്‍ അവകാശപ്പെട്ടതു തരിമ്പെങ്കിലും സത്യമായിരുന്നുവെങ്കില്‍, ഈ അബദ്ധം കാണിക്കില്ലായിരുന്നു എന്നു ഞാന്‍ കരുതുന്നു.

>> [പയ്യന്‍സ്‌] Jaathi chintha ellatha ethu RSS karananu Indiayil ullathu?

അപ്പോള്‍ താങ്കള്‍ക്കു സംഘത്തേക്കുറിച്ചു മാത്രമല്ല - സംഘപ്രവര്‍ത്തകരേക്കുറിച്ചും തീരെ അറിയില്ല എന്ന്‌ ഇവിടെ വ്യക്തമാകുന്നു. ഏതൊക്കെ സംഘപ്രവര്‍ത്തകരെ - എത്ര പേരെയാണാവോ താങ്കള്‍ക്കറിയാവുന്നത്‌?

എല്ലാ പ്രവര്‍ത്തകരേയും ഒറ്റദിവസം കൊണ്ട്‌ സമ്പൂര്‍ണ്ണമായി മാനസികപരിവര്‍ത്തനം ചെയ്യുക എന്ന മാന്ത്രികവിദ്യയൊന്നും സംഘത്തിന്റെയെന്നല്ല - ഏതൊരു പ്രസ്ഥാനത്തിന്റെയും കയ്യിലൊന്നുമില്ല. ജാതിചിത ജനമനസ്സുകളില്‍ രൂഢമൂലമാണ്‌. അതു മുഴുവന്‍ തുടച്ചു നീക്കുക എന്നതു വളരെ ശ്രമകരവുമാണ്‌. അതു പിഴുതെറിയാന്‍ കേവലം മുദ്രാവാക്യങ്ങള്‍ കൊണ്ടു സാധിക്കില്ല. അതിന്‌, മനസ്സിന്റെ അടിത്തട്ടില്‍ നിന്നു തന്നെയുള്ള സമൂലമായ ഒരു മാനസികപരിവര്‍ത്തനം വേണം. നിരന്തരമായ സാധനയുള്‍ക്കൊള്ളുന്ന സംഘകാര്യപദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നത്‌ അതു കൂടി മനസ്സില്‍ കണ്ടു കൊണ്ടാണ്‌.

'വിചാരധാര'യില്‍ ആരെയൊക്കെയോ കൊല്ലാന്‍ പറഞ്ഞിരിക്കുന്നു എന്ന കമ്മ്യൂണിസ്റ്റ്‌ ആക്രോശം കേട്ടാണ്‌ സത്യമറിയാന്‍ ഞാന്‍ അതു തേടിപ്പിടിച്ചു വായിച്ചത്‌. പക്ഷേ, എനിക്ക്‌ അങ്ങനെയൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല - ജാതിയും മറ്റും മൂലമുള്ള അകല്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള ഉജ്ജ്വലാശയങ്ങളൊക്കെ കാണുകയും ചെയ്തു. (ഇതൊക്കെ എന്റെ തെറ്റാകുന്നതെങ്ങനെയാണോ എന്തോ? വിചാരധാരയൊന്നും ആരും വായിക്കില്ലായിരിക്കുമെന്നു ധരിച്ച്‌ പണ്ടെങ്ങോ ആരൊക്കെയോ ഉണ്ടാക്കി വച്ച ചില ആരോപണങ്ങളൊക്കെ വിവരസാങ്കേതികവിപ്ലവത്തിന്റെ ഇക്കാലത്തും എടുത്തുപയോഗിച്ചു പരിഹാസ്യരാകുന്നവരെ വേണം കുറ്റപ്പെടുത്താന്‍)

പിന്നെ, കമ്മ്യൂണിസ്റ്റുകള്‍ ജാതിചിന്ത നീക്കി എന്നൊന്നും നിങ്ങള്‍ അവകാശപ്പെടില്ല എന്നു കൂടി കരുതട്ടെ. അങ്ങനെ തെറ്റിദ്ധരിച്ചിരുന്ന അവസാനത്തെ ആളുകൂടി തെറ്റുതിരുത്തിയ സംഭവം നടന്ന കാലത്ത്‌ പയ്യന്‍സ്‌ ഉണ്ടായിരുന്നോ എന്നറിയില്ല. ഇ.എം.എസ്‌.ന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ഗൗരിയമ്മയെ ജാതിപ്പേരുചേര്‍ത്തു വിളിക്കുകയും ഇ.എം.എസ്‌. മൗനം പാലിച്ചപ്പോള്‍ ഗൗരിയമ്മ തിരിച്ചും ജാതിപ്പേരു വിളിച്ചതുമൊക്കെയാണത്‌. അതു വലിയൊരു പരാതിയായി ഗൗരിയമ്മ കൊണ്ടു നടന്നതിനര്‍ത്ഥം അവരുടെ മനസ്സിലും ജാതി ചിന്തയുണ്ടായിരുന്നുവെന്നാണ്‌. ജാതിവിശേഷണം അവര്‍ക്കൊരു അപമാനമായിത്തോന്നേണ്ട കാര്യമെന്താണ്‌? കമ്മ്യൂണിസത്തിന്‌ അവരേപ്പോലുള്ള മുതിര്‍ന്ന നേതാക്കളില്‍പ്പോലും വരുത്താന്‍ കഴിഞ്ഞ മാനസിക പരിവര്‍ത്തനമെന്നത്‌ "വട്ടപ്പൂജ്യ"മാണെന്നു വേണം മനസ്സിലാക്കാന്‍.


>> [പയ്യന്‍സ്‌] enikku chila questions undu. 1.thankal enthinu vendiyanu Nilakollunnathu.

ദാ - താഴെപ്പറയുന്നതിനു വേണ്ടി.

ഹിന്ദുക്കള്‍, ഹൈന്ദവസംഘടനകള്‍, ബി.ജെ.പി. പോലുള്ള രാഷ്ട്രീയകക്ഷികള്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇവയുമായൊക്കെ ബന്ധപ്പെട്ട്‌ തെറ്റിദ്ധാരണാജനകമായ ധാരാളം കാര്യങ്ങള്‍ തുടരെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. കേരളത്തിലെ രാഷ്ട്രീയ-സാമുദായിക പശ്ചാത്തലവും മലയാള മാദ്ധ്യമങ്ങളുടെ സ്പഷ്ടമായ പക്ഷ നിലപാടുകളുമൊക്കെയാണിതിനു കാരണം. കണ്ണടച്ചുവിടാവുന്ന കള്ളത്തരങ്ങള്‍ എന്ന നിലയില്‍ നിന്ന്‌, വലിയൊരു സാമൂഹ്യ വിപത്ത്‌ എന്ന നിലയിലേക്ക്‌ ഈയിടെയായി അതു മാറിയിട്ടുണ്ട്‌. പ്രചരിപ്പിക്കുന്ന പല കള്ളത്തരങ്ങളും, പല ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ന്യായീകരണം ചമയ്ക്കാനായി ഉപയോഗിക്കപ്പെടുന്നു എന്നതു കൊണ്ടാണിത്‌.

ഇതൊക്കെ കാണുമ്പോള്‍, സത്യമറിയാവുന്നവരില്‍ ചിലര്‍ക്ക്‌ തങ്ങള്‍ക്കു തോന്നുന്ന ചില കാര്യങ്ങള്‍ വിളിച്ചു പറയണമെന്നു തോന്നും. മുഖ്യധാരാമാദ്ധ്യമങ്ങളെന്നവകാശപ്പെടുന്നവര്‍ ചര്‍ച്ച ചെയ്യാനാഗ്രഹിച്ചേക്കില്ലാത്ത പലതും തുറന്നു കാട്ടണമെന്നു തോന്നും. അങ്ങനെയുള്ളവര്‍ക്ക്‌ അതു ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണു ഞാന്‍ നിലകൊള്ളുന്നത്‌. ഞാനും അവരിലൊരാളാണ്‌. ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും ഞാനെന്റെ അഭിപ്രായപ്രകടനങ്ങള്‍ തുടരും.

ഒരു ബി.ജെ.പി. അനുഭാവിയെന്ന നിലയ്ക്ക്‌ ചില വിഷയങ്ങളിലുള്ള രാഷ്ട്രീയനിലപാടുകളേക്കുറിച്ചും ചിലപ്പോള്‍ എഴുതാറുണ്ട്‌.

>> [പയ്യന്‍സ്‌] 2.thankalude sramam ennenkilum vijayikkumo?

ആരംഭകാലം മുതല്‍ക്കേ അതു വിജയിച്ചിട്ടേയുള്ളൂ. ഗുരുവായൂരമ്പലനടയില്‍ ഭജനമിരിക്കാന്‍ വന്ന ഒരു പാവം അമ്മൂമ്മ, മതപരിവര്‍ത്തനവ്യവസായികളുടെ പീഢനം മൂലം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. പ്രശ്നം ലഘൂകരിക്കാനായി, 'അവര്‍ക്ക്‌ ചെവി കേള്‍ക്കില്ലായിരുന്നു' എന്നും 'ട്രെയിന്‍ വന്നത്‌ അവര്‍ കണ്ടിട്ടുണ്ടാവില്ല' എന്നും മറ്റും അതിക്രൂരമായി റിപ്പോര്‍ട്ടു ചെയ്ത മാദ്ധ്യമങ്ങളുടെ വര്‍ഗ്ഗീയമുഖം കണ്ടു മനസ്സു നൊന്താണ്‌ ഞാന്‍ ഒരു ബ്ലോഗ്‌ ആരംഭിച്ചത്‌. ആ പോസ്റ്റ്‌ മുതല്‍ ഇങ്ങോട്ട്‌ ധാരാളം പേര്‍ ഞാന്‍ പറയുന്നതു സത്യമാണെന്ന്‌ അംഗീകരിച്ചിട്ടുണ്ട്‌. അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള എന്റെ പോരാട്ടത്തിന്‌ കമന്റുകള്‍ വഴിയും മെയിലുകള്‍ വഴിയും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചവര്‍ അനവധിയാണ്‌. അതെനിക്ക്‌ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. സത്യം മറഞ്ഞു തന്നെ കിടക്കണമെന്നു നിര്‍ബന്ധമുള്ള ചിലര്‍ വൃഥാ എതിര്‍ത്തിട്ടുമുണ്ട്‌. അസഹിഷ്‌ണുതയും ഭയവുമൊക്കെയാണ്‌ എതിര്‍പ്പുകള്‍ക്കു പിന്നിലെന്നു തിരിച്ചറിയുമ്പോള്‍ എനിക്കതു കൂടുതല്‍ അംഗീകാരമാവുകയാണു ചെയ്യുന്നത്‌.


>> [പയ്യന്‍സ്‌] 3.thankal avakashappedunna rama rajyathil ente (kezzhalente] sthanam ennethekal moshamayirikkille?

ഇത്‌ താങ്കള്‍ ആരോടു പറഞ്ഞ വാചകമാണ്‌? എന്നോടു തന്നെയാണോ്‌? ഞാന്‍ 'രാമ രാജ്യം' അവകാശപ്പെട്ടു എന്നതൊക്കെ എനിക്കു പുതിയ അറിവാണ്‌. പയ്യന്‍സിന്‌ എന്തോ കാര്യമായ ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ട്‌.

എന്തായാലും 'കീഴാളന്‍' എന്ന പ്രയോഗം ആവര്‍ത്തിച്ചിരിക്കുന്നതു കൊണ്ടു പറയുകയാണ്‌. ഒന്നെങ്കില്‍, താങ്കള്‍ക്ക്‌ സംഘവുമായി പുലബന്ധം പോലുമില്ല. അല്ലെങ്കില്‍, താങ്കള്‍ പ്രവര്‍ത്തിച്ചുവെന്നവകാശപ്പെടുന്ന പ്രദേശത്തെ കാര്യകര്‍ത്താക്കന്മാര്‍ക്ക്‌ സംഘത്തിന്റെ അന്തസ്സത്തയേപ്പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല. സംഘപ്രവര്‍ത്തനമാണെന്ന പേരില്‍, അവര്‍ അജ്ഞാതമായ മ‌റ്റെന്തൊക്കെയോ ചെയ്തു സമയം കളയാന്‍ മാത്രം വിവേകശൂന്യരോ കഴിവു കുറഞ്ഞവരോ ആയിരുന്നിരിക്കണം.

ഒമ്പതു വര്‍ഷമുണ്ടായിരുന്നിട്ടും താങ്കള്‍ ഒരു സംഘശിക്ഷാവര്‍ഗ്ഗിലും പോയിട്ടൊന്നുമില്ലേ? സംഘശാഖയില്‍ 9 വര്‍ഷം പ്രവര്‍ത്തിച്ചൊരാള്‍ എത്ര പക്വമതിയും വിവേകശാലിയും ഉജ്ജ്വലാശയങ്ങളുടെ ഉടമയുമായിരിക്കണം! നശിച്ച ജാതിവര്‍ത്തമാനം അദ്ദേഹം പറയുകയില്ല എന്ന്‌ നൂറ്റൊന്നു ശതമാനം ഉറപ്പ്‌!

>> [പയ്യന്‍സ്‌] 4.chathurvarnym keralathil ennenkilum nadapilayal thankal ethu sectionil pedum hahahha

അവസാനത്തെ 'ഹഹഹ' താങ്കള്‍ തന്നെ എഴുതിയതാണ്‌. ഞാനും ചിരിച്ചു പോകുകയാണ്‌. എന്തൊരു ചോദ്യമാണിത്‌? ചാതുര്‍വര്‍ണ്ണ്യം നടപ്പിലാകുകയേ? താങ്കളെന്താണുദ്ദേശിച്ചത്‌? ഈ ലോകത്തൊന്നുമല്ല ജീവിക്കുന്നതെന്നുണ്ടോ ആവോ? ആരൊക്കെയോ എന്തൊക്കെയോ പറയുന്നതു കേട്ട്‌ അര്‍ത്ഥമറിയാതെ ആവര്‍ത്തിക്കുകയാണോ?

സമൂഹത്തില്‍ ജാതിചിന്തകളും മറ്റും ഇന്നത്തേതിലും വര്‍ദ്ധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുക എന്നതാണോ ഉദ്ദേശിച്ചത്‌? അങ്ങനെയാണെങ്കില്‍, അതിനൊക്കെ വളം വച്ചുകൊടുക്കുന്നവരെ എതിര്‍ക്കാനാരെങ്കിലുമുണ്ടെങ്കില്‍, ഞാന്‍ അവരുടെ സെക്ഷനില്‍ പെടും.

ഒരു ഉദാഹരണം പറയാം. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന്‌ ഒരുമിച്ചു നില്‍ക്കാന്‍ തുനിഞ്ഞ രണ്ടു സമുദായസംഘടനകളെ പരിഹസിച്ചും പഴയ പരാജയങ്ങളോര്‍മ്മിപ്പിച്ചും കുത്സിതരാഷ്ട്രീയതന്ത്രങ്ങളുപയോഗിച്ചുമൊക്കെ വീണ്ടും അകറ്റിയവരുണ്ടല്ലോ. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും. അവരെയൊക്കെ തുറന്നെതിര്‍ക്കാന്‍ തന്റേടമുള്ളവരുണ്ടെങ്കില്‍ ഞാന്‍ അവരുടെ സെക്ഷനില്‍ പെടും പയ്യന്‍സേ.

ജാതിക്കെതിരെയുള്ള വലിയ പോരാട്ടങ്ങളുടെ ചരിത്രമൊന്നും എനിക്കവകാശപ്പെടാനില്ല. ചില നിസ്സാര കാര്യങ്ങളൊക്കെ ജീവിതത്തില്‍ സ്വാഭാവികമായിട്ടെന്ന മട്ടില്‍ സംഭവിച്ചിട്ടുണ്ടെന്നേയുള്ളു. മറ്റൊരു ജാതിയില്‍ നിന്നു വിവാഹം കഴിച്ചത്‌ - കുട്ടികളുടെ ജാതി രേഖപ്പെടുത്താത്തത്‌ - ജാതിസംഘടനകളും മറ്റുമായി സമ്പൂര്‍ണ്ണ അകല്‍ച്ച പാലിക്കുന്നത്‌ - ജാതിസൂചനകള്‍ വേണ്ടി വരുന്ന ഇടപാടുകളില്‍ നിന്ന്‌ പരമാവധി ഒഴിഞ്ഞു നില്‍ക്കുന്നത്‌ അങ്ങനെ ചിലതു മാത്രം.

സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലായിപ്പോയ ആദിവാസിസമൂഹത്തിനു വേണ്ടിയും മറ്റും പ്രതിഫലേച്ഛകൂടാതെ സേവനമനുഷ്ഠിക്കുന്ന സംഘസ്വയംസേവകരൂണ്ടിവിടെ. ഞാനൊരു സ്വയംസേവകനല്ലാത്തതുകൊണ്ട്‌ എനിക്ക്‌ അതിലൊന്നും യാതൊരു ക്രെഡിറ്റും അവകാശപ്പെടാനില്ല. ശക്തമായ പ്രവര്‍ത്തന പശ്ചാത്തലമുള്ള സംഘപരിവാര്‍ പ്രസ്ഥാനമായ സേവാഭാരതിയ്ക്കൊക്കെ ഒരു ചെറിയ സഹായം പോലും ചെയ്തു കൊടുക്കാതിരുന്ന ഞാനൊക്കെ എന്ത്‌ അവകാശപ്പെടാനാണ്‌? അവകാശപ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക്‌ അതില്‍ താല്‍പര്യമില്ല താനും.

ഇവിടെച്ചിലര്‍ 'അധ:കൃതര്‍ക്കു ക്ഷേത്രപ്രവേശനം കിട്ടി' എന്നതൊക്കെ ഇപ്പോഴും വലിയ സംഭവമായി പറഞ്ഞു നടക്കുമ്പോള്‍, സംഘം ചെയ്യുന്നത്‌ അതിലുമൊക്കെ എത്രയോ വിപ്ലവകരമായ കാര്യങ്ങളാണ്‌? ആദിവാസികളടക്കം, ഏറ്റവും പിന്നാക്കക്കാരായവരേയും ഉള്‍പ്പെടുത്തി, അവര്‍ക്കൊക്കെ ക്ഷേത്രത്തിലല്ല - ശ്രീകോവില്‍ പ്രവേശനം തന്നെ - സാദ്ധ്യമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമൊക്കെയാണ്‌ 'താന്ത്രികവിദ്യാപീഢ'മൊക്കെ ചെയ്യുന്നത്‌. ആദിവാസികളുടെയും മറ്റും ജീവിതനിലവാരമുയര്‍ത്തുവാനും അവര്‍ക്കു വിദ്യാഭ്യാസം ലഭിക്കുന്നുവെന്നുമുറപ്പു വരുത്തുവാനുമൊക്കെയായി അനവധി പരിപാടികളാണ്‌ 'വനവാസി കല്യാണ്‍ കേന്ദ്ര'മൊക്കെ നടത്തിവരുന്നത്‌. സമാജസേവനത്തിനു സ്വയം തുനിഞ്ഞിറങ്ങിയ അവരുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഞാനൊക്കെ എത്ര നിസ്സാരനാണു പയ്യന്‍സ്‌? എന്നെ വിട്ടേക്കൂ.


>> [പയ്യന്‍സ്‌] EDATHUPAKSHA kkaraya kore saghakkanmar evide undu. dutykkidayilum avar ithu vayikkunnundu.

അതെന്നെ സന്തോഷിപ്പിക്കുന്നു. സ്വപക്ഷനിലപാടുകള്‍ അടിച്ചേല്‍പിക്കുന്ന പേജുകളല്ലാതെ, തങ്ങളുടെ നിലപാടുകള്‍ ചോദ്യംചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന പുറങ്ങളും കൂടി വായിക്കാന്‍ അവര്‍ തയ്യാറാകുന്നു എന്നതും വലിയൊരു മാറ്റമാണ്‌. കാലം മാറുന്നതനുസരിച്ചു മാറാന്‍ അവരും നിര്‍ബന്ധിതരാവുന്നു എന്നതു ശുഭോദര്‍ക്കം തന്നെ.

പിന്നെ, ഡ്യൂട്ടിക്കിടയിലുള്ള വായനയും യൂണിയന്‍ പ്രവര്‍ത്തനവുമൊക്കെ ഇവിടത്തെ സര്‍ക്കാരാപ്പീസുകളുടെ മാത്രം ശാപമെന്നാണു കരുതിയിരുന്നത്‌. നിങ്ങളൊക്കെച്ചേര്‍ന്ന്‌ ഖത്തറും കേരളം പോലെയാക്കിയോ? :)

>> [പയ്യന്‍സ്‌] avarellam parayunnathu thankal attintholaninja oru chennayannennaanu

സഖാക്കള്‍ വളരെയധികം മാറിയിരിക്കുന്നു! മര്യാദയ്ക്കു കാര്യങ്ങള്‍ പറയുമ്പോള്‍, ആടിന്റെ ഒരു തോലായിട്ടെങ്കിലും അവര്‍ക്കു ഫീല്‍ ചെയ്യുന്നുണ്ടല്ലോ. ഇടതര്‍ക്ക്‌ ഇങ്ക്വിലാബു വിളിച്ചു കൂടെ നില്‍ക്കാത്തവരെയെല്ലാം കണ്ണുമടച്ച്‌ ചെന്നായ്ക്കളായിക്കാണുകയും അവരോടു ക്രൂരമായി പെരുമാറുകയും ചെയ്യുന്ന സ്വഭാവമായിരുന്നു പണ്ടൊക്കെ. അതു മാറിയെങ്കില്‍ നല്ല കാര്യം തന്നെ. പ്രധാനമായും അവര്‍ക്കു തന്നെ നല്ലത്‌.


>> [പയ്യന്‍സ്‌] Ethirkkunnavane unmoolanam cheyyuunna prayoga rastriiyavum chintjikkunnavante uduthunimaattuna "vichara" rastreeyavum

കറക്റ്റ്‌!! ബലേ ഭേഷ്‌! ഇടതുപക്ഷസഖാക്കന്മാരേക്കുറിച്ചു ഇത്ര കൃത്യമായി വിശേഷിപ്പിച്ചിരിക്കുന്ന സ്ഥിതിക്ക്‌ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനുള്ള പയ്യന്‍സിന്റെ കഴിവു നഷ്ടപ്പെട്ടില്ല എന്നു തന്നെ വേണം കരുതാന്‍. എന്തായാലും സൂക്ഷിക്കുന്നതു നന്നാവും. 'എതിര്‍ക്കുന്നവനെ ഉന്‍മൂലനം ചെയ്യുക' എന്ന പരിപാടിയുടെ ലോകത്തിലെ ഏറ്റവും വലിയ പ്രയോക്താക്കളും ഇന്ത്യയിലെ ഏക പ്രയോക്താക്കളുമായ ആ സഖാക്കന്മാര്‍ പയ്യന്‍സിനെയും.....? സൂക്ഷിക്കുക.


>> [പയ്യന്‍സ്‌] MOne dhinesha than anannekil ee pazhaya RSS karente report BLOgil kodukku thangalude kadum padalum thalli yulla marupadu venda. marupadi ondenkkil thaaa mone abhinayikkaruthu. pacha malayalathil ezhuthiyal mathi.

സുഹൃത്തേ, ഇതൊക്കെ അങ്ങേയറ്റം തരം താണ ഭാഷയാണ്‌. പയ്യനല്ലേ - കുറച്ചു കൂടി പ്രായമാകുമ്പോള്‍ പക്വത വന്നേക്കുമെന്നു കരുതി ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്‌. ഇത്തരം വാചകങ്ങള്‍ക്കൊക്കെ മറുപടി കൊടുത്ത്‌ സ്വന്തം വില കളയാന്‍ വിവേകശാലികള്‍ തയ്യാറാവില്ല.

പലരും തുറന്നു പറയാന്‍ മടിക്കുന്ന അപ്രിയസത്യങ്ങള്‍ പലതും ചില പോസ്റ്റുകളിലൂടെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. അത്‌ ഒരു വലിയ അപരാധമാണോ എന്നറിയില്ല. എന്തായാലും അതു പലര്‍ക്കും അലോസരമുണ്ടാക്കുന്നുവെന്നത്‌ താങ്കളെഴുതിയതുപോലുള്ള കമന്റുകളില്‍ നിന്നു വ്യക്തമാണ്‌.

പോസ്റ്റു മുഴുവന്‍ വായിച്ചുമനസ്സിലാക്കാതെയും, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധമില്ലാതെയുമാണ്‌ പലരും കമന്റിടുന്നത്‌. അത്തരക്കാര്‍ക്കു മറുപടി കൊടുത്തു സമയം കളയരുത്‌ എന്നെന്നോടു പല സുഹൃത്തുക്കളും ഉപദേശിച്ചതാണ്‌. പക്ഷേ പല കമന്റുകളിലും ശുദ്ധ അബദ്ധങ്ങളടക്കം കാണാറുള്ളതുകൊണ്ട്‌ പ്രതികരിക്കാതെ വിടാന്‍ മനസ്സനുവദിച്ചിരുന്നില്ല.

എന്നാല്‍, ആ തെറ്റ്‌ ഇതോടെ തിരുത്തുകയാണ്‌. ഇത്തരം മറുപടികളുടെ ഗണത്തിലെ അവസാനത്തേതാണിത്‌. പ്രകോപനം മാത്രമുദ്ദേശിച്ചുള്ള അപക്വപരാമര്‍ശങ്ങള്‍ക്ക്‌ ഇനി മറുപടിയില്ല.

ഞാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കുറിച്ച്‌ വിഷയത്തിലൊതുങ്ങി നിന്നു കൊണ്ട്‌ വസ്തുനിഷ്ഠമായും ആരോഗ്യകരമായ ഒരു സംവാദമുദ്ദേശിച്ചും ഭര്‍ത്സനങ്ങളൊഴിവാക്കിയുമൊക്കെ കമന്റിടുന്നവര്‍ക്കു വേണ്ടി മാത്രമേ സമയം ചെലവഴിക്കുകയുള്ളൂ.

ഇതിനു മറുപടി എന്ന വ്യാജേന, ഇതുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത എന്തെങ്കിലും ഭര്‍ത്സനങ്ങളുമായി താങ്കളോ താങ്കളുടെ ഖത്തര്‍ സഖാക്കന്മാരിലാരെങ്കിലുമോ വീണ്ടും വന്നാലും ഞാനതു ശ്രദ്ധിച്ചെന്നു വരില്ല. എന്നോടു ക്ഷമിക്കുക. വിഷമകരമായ ആ തീരുമാനം താങ്കള്‍ തന്നെയാണെടുപ്പിച്ചത്‌. ഗുഡ്‌ ബൈ!

Thursday, December 06, 2007

'ഒറ്റപ്പെട്ട' ചില സംഭവങ്ങള്‍ - കേരളരാഷ്ട്രീയത്തില്‍

കേരളരാഷ്ട്രീയത്തിലെ പല സംഭവങ്ങളും നിരീക്ഷിച്ചു കൊണ്ടിരുന്നാല്‍, കരയണമോ ചിരിക്കണമോ എന്നറിയാത്ത അവസ്ഥയാണ്‌ പലപ്പോഴുമുണ്ടാകാറ്‌. എന്നാല്‍, അറിയാതെ കയ്യടിച്ചു പോകുന്ന സംഭവങ്ങളും അപൂര്‍വ്വമായിട്ടാണെങ്കിലും ഉണ്ടാകാറുണ്ട്‌. ഇന്നലെയും അങ്ങനെയൊന്നുണ്ടായി. കെ. മുരളീധരന്റെ ഒരു പ്രസ്താവന കേട്ടപ്പോളാണത്‌. എന്‍.സി.പി.യുടെ (വിമത?) യോഗത്തിലെ അക്രമസംഭവങ്ങള്‍ക്കു ശേഷം അദ്ദേഹം പറഞ്ഞത്‌ "അതൊരു ഒറ്റപ്പെട്ട സംഭവമാണെ"ന്നാണ്‌.

അംഗീകരിച്ചു കൊടുക്കാതെ തരമില്ല. അണികളോട്‌ സ്നേഹവും ആത്മാര്‍ത്ഥതയുള്ള നേതാക്കളാണെങ്കില്‍ ഇങ്ങനെ വേണം. സത്യത്തില്‍, യഥാര്‍ത്ഥ പ്രശ്നം "ഒറ്റപ്പെട്ടതു" തന്നെയായിരുന്നു. മറ്റുള്ളവര്‍ക്കാര്‍ക്കും അതു മനസ്സിലാകണമെന്നില്ല. അവരതു ശ്രദ്ധിച്ചിരിക്കണമെന്നുമില്ല. 'ഒറ്റപ്പെട്ട ആ സംഭവം' താഴെ.

ചില ഒറ്റപ്പെട്ട ദൃശ്യങ്ങള്‍ ചുവടെ.


കോണ്‍ഗ്രസിലായിരുന്നപ്പോള്‍, ജനം ഒരിക്കലും മറക്കാത്ത ചില ചാനല്‍ ദൃശ്യങ്ങള്‍ സംഭാവന ചെയ്തതിന്റെ തുടര്‍ച്ച തന്നെയാണ്‌ ഇതും.

സി.പി.എമ്മിലാണെങ്കില്‍, ചില്ലറ തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനും 'ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പു വരുത്താനുമൊക്കെ നാട്ടുകാരുടെ മുന്നില്‍ വച്ച്‌ ഇതുപോലെ നാണം കെട്ട അടികൂടുന്ന പതിവില്ല. അവിടെ അതിനൊക്കെ കുറേക്കുടി 'വ്യവസ്ഥാപിതമായ' പാര്‍ട്ടി ശൈലികളുണ്ടെന്നു പറയപ്പെടുന്നു. എന്തൊക്കെയാണതെന്ന വിശദവിവരങ്ങള്‍ പ്രവര്‍ത്തകര്‍ക്കേ അറിയൂ. ജനം കാണുന്നത്‌ ഇതൊക്കെയാണ്‌.

ഇതെല്ലാം ഉള്‍പ്പാര്‍ട്ടി യുദ്ധങ്ങളല്ലേ - അവ കണ്ടില്ലെന്നു നടിക്കാമെന്നു വിചാരിച്ചാലും രക്ഷയില്ല. ഇടതുവലതു മുന്നണികള്‍ അധികാരത്തിനു വേണ്ടി അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പരസ്പരം "കടിപിടി കൂടിയ" ഒരു സംഭവം ചുവടെ.

ഒന്നോര്‍ത്താല്‍, ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ തന്നെയാണ്‌. ജനങ്ങള്‍ ശരിക്കും ഒറ്റപ്പെട്ടു പോകുന്ന ചില സംഭവങ്ങള്‍.

Sunday, December 02, 2007

കാക്കിയിട്ടവന്റെ നേരേ കയ്യോങ്ങിയാല്‍.....നോവില്ല!

കമ്മീഷണര്‍ ഭരത്‌ ചന്ദ്രന്‍ ഉണ്ടായിരുന്നെങ്കില്‍, ഇന്ന്‌ സി.പി.ഐ.യുടെ ഓഫീസില്‍ കയറിച്ചെന്ന് വെളിയം ഭാര്‍ഗ്ഗവനെ കണ്ടുപിടിച്ച്‌ വാതിലടച്ചു കുറ്റിയിട്ട്‌ ചില ചോദ്യങ്ങള്‍ ചോദിച്ചേനെ. “പാര്‍ട്ടി ഓഫീസുകളെന്നാല്‍ പോലീസുകാരുടെ ശവപ്പറമ്പുകൂടിയാണോ“ എന്നതായിരിക്കും മുഖ്യമായിട്ടും അന്വേഷിക്കുക.

വെളിയം പറയുന്നതനുസരിച്ചാണെങ്കില്‍, പാര്‍ട്ടിഓഫീസില്‍ കയറിയ പോലീസുകാര്‍ തിരിച്ചു പോയ ചരിത്രമില്ല! ശവം പോലും വിട്ടുകൊടുക്കില്ലെന്നും അവിടെത്തന്നെ കുഴിച്ചുമൂടിക്കളയുമെന്നുമൊക്കെയാവണം ഉദ്ദേശിച്ചത്‌.
* * * * * * * * * * *
ഒന്നോര്‍ത്താല്‍, “കുത്തകവിരുദ്ധ”സമരമെന്നു പറഞ്ഞാല്‍ ശരിക്കും ഇങ്ങനെ വേണം. ചില സമരശൈലികളൊക്കെ മാര്‍ക്സിസ്റ്റുകാര്‍ കുത്തകയാക്കി വച്ചിട്ട്‌ കാലം കുറേയായി. ഇതൊക്കെ തങ്ങള്‍ക്കു മാത്രമേ കഴിയൂ എന്ന അവരുടെ അഹന്തയ്ക്കു ചുട്ട മറുപടിയാണു വെളിയവും കൂട്ടരും കൊടുത്തുകൊണ്ടിരിക്കുന്നത്‌.

നടുറോഡില്‍ വച്ച്‌ വനിതാപോലീസുകാരിയെ തല്ലിയ പ്രവര്‍ത്തക ഇതിനകം താരമായിക്കഴിഞ്ഞു. ദേശാഭിമാനിയുടെ ഭീഷണശൈലിയെ നാണം കെടുത്തുന്ന മട്ടില്‍ ‘ജനയുഗ‘ത്തിനുവേണ്ടി ഫണ്ടുപിരിച്ചതും നാടു മുഴുവന്‍ പ്രശസ്തിനേടിയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്കു പൊതുവായി ചില പ്രത്യേകതകളൊക്കെയുണ്ടെന്നും മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ ഇതൊന്നും തീറെഴുതിയിട്ടില്ലെന്നും നാലാളെ അറിയിക്കാന്‍ കഴിയുന്നതു നിസ്സാരകാര്യമല്ല.

* * * * * * * * * * *

ഇതിനൊക്കെ ഇടയില്‍ കിടക്കുന്ന പോലീസുകാരുടെ കാര്യമാണു കഷ്ടം. കമ്മ്യൂണിസ്റ്റുരാജ്‌ വന്നാലും പോയാലും അവരുടെ കാര്യം കഷ്ടം തന്നെയാണ്.

ഭരണമില്ലാത്ത കാലത്താണെങ്കില്‍, സര്‍ക്കാറിനെതിരെയുള്ള സമരങ്ങളുടെ സകലപീഢനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നത്‌ പോലീസുകാര്‍ തന്നെ. ശാരീരികപീഢനങ്ങളേക്കാള്‍ വലുത്‌ മാനസികപീഢനങ്ങളാണ്. ‘വേണ്ടിവന്നാല്‍ പോലീസ്‌ സ്റ്റേഷനുമുമ്പിലും ബോംബുണ്ടാക്കും‘ എന്നൊക്കെ ചിലര്‍ പ്രസംഗിക്കുമ്പോള്‍ കേട്ടു നില്‍ക്കാനേ കഴിയൂ.

ഭരണം മാറുകയും മേല്‍പ്പടി പ്രസംഗം നടത്താന്‍ മടിക്കാത്തവര്‍ ആഭ്യന്തരമന്ത്രിക്കസേരയിലൂടെ പോലീസിന്റെ തലപ്പത്തെത്തുകയും ചെയ്താല്‍ രക്ഷയുണ്ടോ എന്നു ചോദിച്ചാല്‍ അതുമില്ല! ‍ ‘സല്‍ഭരണം’ നടത്താനുദ്ദേശിക്കുന്നവര്‍ക്കേ പോലീസിനെക്കൊണ്ട്‌ ആവശ്യമുള്ളൂ. ‘സെല്‍ഭരണം’ നടത്തുന്നവര്‍ക്കായി ക്രമസമാധാനപാലനം നടത്താന്‍ ‘ജനകീയപോലീസ്‌‘ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്‌. അവര്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനിടയില്‍ മെനക്കെടുത്താന്‍ ചെന്നാല്‍ കുട്ടി സഖാക്കന്മാര്‍ തലയ്ക്കടിച്ചു കൊന്നുകളയും താനും.

അങ്ങനെയങ്ങു വിടാന്‍ പറ്റുമോ എന്നു കരുതി കുട്ടിപ്പോലീസിനെയും സഹായികളേയും അറസ്റ്റുചെയ്യാമെന്നു വച്ചാല്‍ മുകളില്‍ നിന്ന്‌ ഉടന്‍ നിര്‍ദ്ദേശങ്ങളെത്തും. എല്ലാവരെയും വിട്ടയക്കേണ്ടിവരും. ഫോണിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച്‌ പ്രതികളെ പ്രഖ്യാപിക്കേണ്ടിയും വരും.

വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണല്ലോ എന്നു കരുതി, പ്രതികരിക്കാതെ, അമര്‍ഷം ഉള്ളിലൊതുക്കി കഴിയാമെന്നു വച്ചാല്‍, പത്രങ്ങളൊക്കെ ദാ ഇമ്മട്ടിലൊക്കെ ഓരോന്നു തുറന്നെഴുതി നാട്ടുകാരെ മുഴുവനറിയിച്ച്‌ നാണം കെടുത്തുകയും ചെയ്യും.

പരമാവധി ആശ്രിതത്വം പ്രകടിപ്പിച്ച്‌ ആജ്ഞകള്‍ യഥാവിധി അനുസരിച്ചാല്‍ പ്രയോജനമുണ്ടോ എന്നു ചോദിച്ചാല്‍ അതുമില്ല. കള്ളക്കളികള്‍ നാടുമുഴുവനറിഞ്ഞ്‌ നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ അവസാനം കുറ്റം വന്നു വീഴുന്നതും പോലീസിന്റെ തലയില്‍ത്തന്നെ! ‘അന്വേഷണശേഷമുള്ള’ സ്ഥലം മാറ്റം!

* * * * * * * * * * *

പോലീസാകുന്നെങ്കില്‍ ബംഗാളിലെ പോലീസാകണം. പ്രത്യേകിച്ചു പണിയൊന്നുമില്ല. വല്ല ഓപ്പറേഷനും വേണ്ടിവന്നാല്‍, കേവലം ലാത്തിയുമായിച്ചെന്ന്‌ തടികേടാകുമോയെന്ന ഭയവും വേണ്ട - നല്ല ഉന്നമുള്ള തോക്കുകളുമായി പാര്‍ട്ടിപ്രവര്‍ത്തകരും കൂടെയുണ്ടാവും.

‘അബദ്ധവശാല്‍‘ വെടിപൊട്ടി പത്തു പതിനഞ്ചെണ്ണം ചത്താലും പരാതിയൊന്നും കേള്‍ക്കേണ്ടി വരില്ല. മാത്രമല്ല - തുടര്‍ന്നുള്ള ഓപ്പറേഷനില്‍ പങ്കെടുക്കേണ്ടി വരികയുമില്ല. “ഇത്തവണ കൂടണമെന്നില്ല” എന്ന അഭിപ്രായത്തിനു പകരം “ആ ഏരിയയില്‍ കണ്ടുപോകരുത്‌ “ എന്ന ഉത്തരവു തന്നെ കിട്ടുമ്പോള്‍, സന്തോഷത്തോടെ മാറി നിന്നു കാഴ്ചകണ്ടുരസിക്കുക എന്നതേ ചെയ്യാനുള്ളൂ. കേന്ദ്രസേനയേപ്പോലും അടുപ്പിക്കാത്ത സ്ഥലത്ത്‌ വെറും ലോക്കല്‍ പോലീസ്‌ ചെന്നിട്ട്‌ അല്ലെങ്കിലും എന്തു കാണിക്കാനാണ്?

പത്രക്കാര്‍ ആരെങ്കിലും വരുമ്പോള്‍, ‘ഇത്തവണ വല്ലതും നടക്കും’, ‘പഴയതുപോലെ ഈസി ആവില്ല - ഇത്തവണ ടൈറ്റ്‌ ആവും’ എന്നൊക്കെ വെറുതേ അഭിപ്രായവും തട്ടിമൂളിച്ച്‌ - ലാത്തിയടി” എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കി - അങ്ങനെയങ്ങു നിന്നാല്‍ മതി. പരമസുഖം! ദാ കണ്ടില്ലേ!

ഇക്കാരണവും പറഞ്ഞ്‌ “ജനക്കൂട്ടം” ചിലപ്പോള്‍ തെരുവുകളില്‍ കലാപമഴിച്ചുവിട്ടേക്കും എന്നൊരു പ്രശ്നമുണ്ട്‌. പക്ഷേ അവിടെയും ഇടപെടേണ്ടിവരുമെന്നു പേടിക്കേണ്ട. കലാപം അടിച്ചമര്‍ത്താനുള്ള ഉത്തരവൊന്നും ലഭിക്കില്ല. ‘കലാപത്തിന് ഇടയാക്കി‘യവരെ രായ്ക്കുരാമാനം നാടുകടത്തിക്കൊണ്ട്‌ സര്‍ക്കാര്‍ തന്നെ പ്രശ്നം പരിഹരിച്ചോളും.

പോലീസാകുന്നെങ്കില്‍, ബംഗാളിലെ പോലീസാകണം!

കേരളാപോലീസിന്റെ കാര്യം പറയാനാണെങ്കില്‍, “കട്ടപ്പുക” എന്നതിലും നല്ലൊരു വാക്ക്‌ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

* * * * * * * * * * *

ഇതിനൊക്കെയിടയിലും - ഇത്ര അസുഖകരമായ ജോലിസാഹചര്യങ്ങള്‍ക്കിടയിലും - ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുന്ന പോലീസുകാരുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അറിയാതെ നമിച്ചു പോകുകയാണ്.

WE SALUTE YOU!

In fact, The Nation salutes you!


-------------------------
ഈ പോസ്റ്റിട്ടതിനു രണ്ടുമൂന്നു ദിവസം കഴിഞ്ഞു വന്ന ഒരു വാര്‍ത്തകൂടി കൂട്ടിച്ചേര്‍ക്കുന്നു. പൊതുജനമദ്ധ്യത്തില്‍ താറടിച്ച്‌ സേനയുടെ ആത്മവീര്യം കെടുത്തുന്ന നേതാക്കള്‍ക്കെതിരെയുള്ള അസംതൃപ്തി പോലീസ്‌ അസ്സോസ്സിയേഷന്‍ ‘രഹസ്യമായി’ ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ടത്രെ. ഭരണമുന്നണിയോട്‌ ആഭിമുഖ്യമുള്ളവരാണ് അസ്സോയിയേഷനെ നിയന്ത്രിക്കുന്നതെന്നതിനാല്‍ പരസ്യമായി പ്രതികരിക്കാനാവുന്നില്ലത്രെ!

ഒന്നോര്‍ത്താല്‍, പരസ്യമായി പ്രതികരിക്കാതിരിക്കുന്നതു തന്നെയാണു നല്ലത്‌. ആരൊക്കെ എത്രയൊക്കെ ആക്ഷേപിച്ചാലും പോലീസിനോട്‌ ജനങ്ങള്‍ക്ക്‌ ഇപ്പോഴും ഒരു ബഹുമാനമൊക്കെയുണ്ട്‌. ഓരോരുത്തരുടെ അപക്വപ്രയോഗങ്ങള്‍ക്ക്‌ മറുപടി കൊടുത്ത്‌ ഉള്ളവിലകൂടി കളയുന്നതെന്തിന്?

Thursday, November 15, 2007

മാര്‍ക്സിസ്റ്റ്‌ ശൈലി(യുടെ)യിലുള്ള ചില "പ്രകടന"ങ്ങള്‍

ബ്ലോഗിലെന്നല്ല - എവിടെയാണെങ്കിലും ശരി - രാഷ്ട്രീയം പറഞ്ഞാല്‍ നമുക്ക്‌ എല്ലാവരേയും സന്തോഷിപ്പിക്കാന്‍ പറ്റില്ല. ചിലര്‍ക്ക്‌ തീര്‍ച്ചയായും മുഷിയുക തന്നെ ചെയ്യും. തുടര്‍ന്നുണ്ടായേക്കാവുന്ന അസുഖകരമായ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കാനാണ്‌ നാട്ടിന്‍പുറങ്ങളിലുള്ള കടകളില്‍ "ദയവായി രാഷ്ട്രീയം പറയരുത്‌" എന്നൊരു ബോര്‍ഡു തൂക്കിയിട്ടുള്ളത്‌.

ബ്ലോഗ്‌ പോസ്റ്റാണെങ്കില്‍, കമന്റുകളുടെ രൂപത്തിലാണ്‌ കേള്‍വിക്കാരുടെ മുഷിവ്‌ പുറത്തുവരുന്നത്‌. ചങ്ങനാശ്ശേരി സംഭവം സി.പി.എം. തെറ്റായി കൈകാര്യം ചെയ്തതിനേപ്പറ്റിയുള്ള എന്റെ പോസ്റ്റ്‌ രാജുമോന്‍ എന്നൊരു ബ്ലോഗറെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്‌. സ്വന്തമായി ഒരു പ്രൊഫൈല്‍ പോലും ഉണ്ടാക്കാന്‍ ഇതു വരെ കഴിയാതിരുന്ന അദ്ദേഹം വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത പലതും എടുത്തിടാന്‍ നോക്കി പരാജയപ്പെട്ടു. എന്നാല്‍ സ്ഥിരോത്സാഹിയായ അദ്ദേഹമിപ്പോള്‍ വീണ്ടും 'പിടിച്ചോ' എന്ന പേരില്‍ മറ്റൊരു പ്രോഫൈല്‍ ഉണ്ടാക്കി പുതിയൊരു വിഷയം അവതരിപ്പിച്ച്‌ മറുപടി പറയാന്‍ എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്‌.

ഇനിമുതല്‍ അവഗണിക്കാമെന്നു കരുതിയിരുന്നയാളാണ്‌. ഇതിനു കൂടി മറുപടി കൊടുത്തിട്ടാവട്ടെ എന്നു വച്ചു.

-------------
തിരുവനന്തപുരത്ത്‌ പലകേസുകളിലും പ്രതിയായ ശോഭന എന്നൊരു സ്ത്രീ ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ മറ്റൊരു സ്ത്രീയുമായി കശപിശയുണ്ടാക്കിയത്രേ. (അവര്‍ മദ്യപിച്ചിരുന്നതായും പറയുന്നുണ്ട്‌). അതിനിടെ അതുവഴി കടന്നുപോകുകയായിരുന്നു ഒരു ബി.ജെ.പി. പ്രകടനത്തിനിടയിലേക്കു അവര്‍ കയറി. അപ്പോള്‍ പ്രകോപിതനായി പുറകില്‍ നിന്നെത്തിയ ഒരു പ്രകടനക്കാരന്‍ അവരെ ചവിട്ടിവീഴ്ത്തി. അത്‌ അയാള്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തു പോകുന്നതിനിടയാക്കി. അതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ദേശാഭിമാനിയൊക്കെ അവസരം മുതലെടുക്കുവാനുള്ള അമിതാവേശത്തിനിടെ ചില നുണകളവതരിപ്പിച്ച്‌ നാണം കെട്ടതുമാണ്‌. ആ സംഭവത്തിന്റെ വീഡിയോ ദൃശ്യമാണ്‌ എന്നോട്‌ "പിടിച്ചോ" എന്നു പറഞ്ഞിരിക്കുന്നത്‌. "ഇതേക്കുറിച്ച്‌ എന്തുപറയുന്നു? - ങേ? ങേ?" എന്നൊരു ചോദ്യവും.

എന്തായിരുന്നു സത്യത്തില്‍ സംഭവിച്ചത്‌ എന്നു പൂര്‍ണ്ണ വിവരമില്ലാതിരിക്കെ ആ വീഡിയോ കിട്ടിയത്‌ വളരെ അനുഗ്രഹമായി. കുറേ തെറ്റിദ്ധാരണകള്‍ മാറിക്കിട്ടി.

സൂര്യാവാര്‍ത്തകളുടെ ഒരു ക്ലിപ്പിംഗ്‌ ആണു കൊടുത്തിരിക്കുന്നത്‌. വീഡിയോ ദൃശ്യങ്ങള്‍ കാണാതെ ഓഡിയോ കേള്‍ക്കുക മാത്രം ചെയ്യുന്നൊരാള്‍ക്കു കിട്ടുന്ന വിവര‍ങ്ങള്‍ ഇങ്ങനെ.

(1) ബി.ജെ.പി. പ്രകടനത്തിനിടെ ഒരു സ്ത്രീയ്ക്കു "കൊടിയ മര്‍ദ്ദനമേറ്റു"

(2) പോലീസ്‌ സംഘത്തിന്റെ കണ്മുന്നില്‍ "ഇട്ടായിരുന്നു" "മര്‍ദ്ദിച്ച"ത്‌.

(3) പ്രകടനത്തിനു നേതൃത്വം നല്‍കിയ നേതാക്കള്‍ പ്രവര്‍ത്തകന്റെ മര്‍ദ്ദനമുറയ്ക്കു സാക്ഷ്യം വഹിച്ചെങ്കിലും ആരും പ്രതികരിച്ചു കണ്ടില്ല.

"നേര്‌ നേരത്തെ അറിയിക്കുന്ന" പത്രത്തിലും ഏതാണ്ട്‌ ഇതുപോലൊക്കെയുള്ള വാക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്‌.

ദൈവമേ ഇടിച്ച്‌ ഇഞ്ചപ്പരുവമാക്കിയ മട്ടുണ്ട്‌! എനിക്കതു വളരെ ദു:ഖമുണ്ടാക്കിയിരുന്നു. സ്ത്രീയനുഭവിക്കേണ്ടി വന്നിട്ടുണ്ടാകാവുന്ന യാതനയോര്‍ത്തും എനിക്ക്‌ അനുഭാവമുള്ള പാര്‍ട്ടിക്ക്‌ അത്‌ അപകീര്‍ത്തിയുണ്ടാക്കുമല്ലോ എന്നോര്‍ത്തും ഞാന്‍ വിഷമിച്ചിരുന്നു.

ഒരല്‍പം സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ നടന്ന ഹര്‍ത്താല്‍ കൂടിയായതുകൊണ്ട്‌ പ്രകടനത്തിനിടെ മര്‍ദ്ദനമുണ്ടായാല്‍ അതല്‍പം കടുത്തുപോയിട്ടുണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിച്ചു ഭയപ്പെട്ടു. കാരണമിതാണ്‌ - നമ്മുടെ കേരളത്തില്‍, വെറുതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിനില്‍ക്കുമ്പോള്‍ ഒരു മര്‍ദ്ദനമുണ്ടായാല്‍പ്പോലും ദാ ഇതാണു ശൈലി. അടികിട്ടുന്നയാള്‍ ശ്വാസത്തിനു വേണ്ടി വിഷമിക്കുകയാണ്‌.


അതിനടുത്തുനിന്നുകൊണ്ട്‌ മറ്റൊരാള്‍ വാങ്ങിച്ചു കൂട്ടുന്നത്‌ ദാ ഇങ്ങനെ.
അതു സാരമില്ല - അതൊക്കെ അങ്ങു വടക്കല്ലേ - തിരുവനന്തപുരത്ത്‌ പ്രശ്നമുണ്ടാകില്ല എന്ന്‌ ആശ്വസിക്കാനും കഴിയില്ല. കാരണം - തിരുവനന്തപുരത്തുള്ള ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈപ്രയോഗം ദാ ഇങ്ങനെയൊക്കെയാണ്‌.

ഇതൊക്കെയോര്‍ത്ത്‌ വളരെ ടെന്‍ഷനടിച്ചിരുന്നു ഞാന്‍. എന്നാല്‍, വിശദമായ വീഡിയോ കാണാനായത്‌ അനുഗ്രഹമായി.

അതില്‍ ഞാന്‍ കണ്ടത്‌ ഇതാണ്‌. റോഡരികില്‍ നിന്ന രണ്ടു സ്ത്രീകളിലൊരാള്‍ പ്രകടനത്തിനിടയിലേക്ക്‌ ദുരൂഹമായ ഏതോ പ്രേരണയാല്‍ കടക്കുന്നു. (ഒരു വഴിയാത്രക്കാരി അബദ്ധവശാല്‍ റോഡു മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണെന്നൊക്കെ സൂര്യ പറയുന്നതു വീഡിയോ കണ്ടാല്‍ തോന്നില്ല) എന്തു കാരണമായാലും ശരി തുടര്‍ന്ന്‌ ഒരാള്‍ അവരെ ചിവിട്ടി വീഴ്ത്തുന്നതും പുറത്തുപോകാനാവശ്യപ്പെടുന്നതും കാണാം. വളരെ മോശമായിപ്പോയി ആ പ്രവൃത്തി. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെടാന്‍ മാത്രമല്ല - അറസ്റ്റുതന്നെ അര്‍ഹിച്ച കുറ്റം തന്നെയാണത്‌. വീണസ്ത്രീ ഉടന്‍ തന്നെയെഴുന്നേറ്റ്‌ പോവുകയും ചെയ്തു. എല്ലാം രണ്ടുമൂന്നു സെക്കന്റുകള്‍ക്കുള്ളില്‍ കഴിഞ്ഞു.

എത്ര പ്രകോപനമുണ്ടായാലും ശരി - കാണിച്ചതു തികഞ്ഞ പോക്രിത്തരമായി. അതിനെ അങ്ങനെ തന്നെയാണു പാര്‍ട്ടി എടുത്തതും. ഉടന്‍ തന്നെ അയാള്‍ പാര്‍ട്ടിക്കു പുറത്താകുകയും ചെയ്തു.

ജയകൃഷ്ണന്‍ മാഷ്‌ വധിക്കപ്പെട്ട കാലമാണ്‌ ഞാന്‍ പെട്ടെന്നോര്‍ത്തു പോയത്‌. ആ സംഭവം നടന്ന അന്നു തന്നെ മറ്റൊരു ബി.ജെ.പി. പ്രവര്‍ത്തകന്‍ കൂടി കൊല ചെയ്യപ്പെട്ടിരുന്നു. അതേക്കുറിച്ചു ചോദിച്ചപ്പോള്‍ "അവരെ ഉന്‍മൂലനം ചെയ്യാനായി ഞങ്ങള്‍ ഏതറ്റം വരെ പോകാനും മടിക്കില്ല" എന്ന മട്ടിലാണ്‌ ഒരു സി.പി.എം. നേതാവ്‌ പറഞ്ഞത്‌. ദൈവാധീനം കൊണ്ട്‌ അത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പരാമര്‍ശങ്ങളൊന്നുമല്ല ഇവിടെ ബി.ജെ.പി. നേതാക്കളില്‍ നിന്നുണ്ടായത്‌ എന്നു ഞാനോര്‍ത്തു. പ്രതികളെ രക്ഷിച്ചു കൊണ്ടു വന്ന്‌ സ്വീകരിച്ചാനയിച്ചപ്പോളും സീനിയറായ സി.പി.എം. നേതാക്കന്മാരടക്കം ചെന്ന്‌ മാലയിട്ട്‌ ആലിംഗനം ചെയ്യുകയാണുണ്ടായത്‌. ഇവിടെ ക്രൂരമായ കൊലപാതകമൊന്നുമല്ലാഞ്ഞിട്ടുകൂടി കുറ്റം ചെയ്തവനെ കുറ്റക്കാരനായിത്തന്നെ പരിഗണിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.

വീഡിയോ ഒരിക്കല്‍ക്കൂടി കണ്ടു നോക്കി. സത്യം പറഞ്ഞാല്‍, "കൊടിയ മര്‍ദ്ദനമേറ്റു" എന്നു പറയുന്നതൊന്നും അവിടെ കണ്ടില്ല. 'പോലീസുകാരുടെ മുന്നിലിട്ടു മര്‍ദ്ദിച്ചു' എന്നു പറഞ്ഞിരിക്കുന്നതും തെറ്റു തന്നെയാണ്‌. ചവിട്ടി വീഴ്ത്തി എന്നു പറയുന്നതും 'ഇട്ട്‌ കൊടിയ മര്‍ദ്ദനമേല്‍പ്പിച്ചു' എന്നു പറയുന്നതും തമ്മില്‍ അര്‍ത്ഥവ്യത്യാസം ഏറെയാണ്‌.

"പ്രകടനം നയിച്ചുകൊണ്ടിരുന്ന നേതാക്കള്‍ മര്‍ദ്ദനമുറയ്ക്കു സാക്ഷ്യം വഹിച്ചു - പക്ഷേ അനങ്ങിയില്ല" എന്നൊക്കെ പറഞ്ഞുകളഞ്ഞതും ശുദ്ധ കളവാണെന്നു ബോദ്ധ്യമായി. പ്രകടനത്തിനു മുന്നിലല്ല - ഇടയിലാണു പ്രശ്നമുണ്ടായത്‌. അതിനടുത്തുണ്ടായിരുന്ന എട്ടു പത്തുപേരല്ലാതെ മറ്റാരും സംഗതി അറിഞ്ഞിട്ടുതന്നെയില്ലെന്ന്‌ നൂറുശതമാനം ഉറപ്പ്‌. രണ്ടു മൂന്നു സെക്കന്‍ഡുകള്‍ക്കകം എല്ലാം കഴിഞ്ഞ്‌ ആ സ്ത്രീ അവിടുന്നെഴുന്നേറ്റു പോകുകയും ചെയ്തപ്പോള്‍ പെട്ടെന്നുണ്ടായ അമ്പരപ്പിലും അതുപോലൊരു സാഹചര്യത്തിലും ഏതൊരാളും ചെയ്യുന്നതുപോലെയാണ്‌ അവര്‍ പെരുമാറിയതും.

അപ്പപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്ന ദൃശ്യത്തിനൊപ്പം തന്നെ എരിവുകൂട്ടാനായി നടക്കാത്ത കാര്യങ്ങള്‍ പറയാന്‍ പോലും ദൃശ്യമാദ്ധ്യമങ്ങള്‍ മുതിരുമെങ്കില്‍പ്പിന്നെ അച്ചടി മാദ്ധ്യമങ്ങളുടെ കാര്യം പറയാനുണ്ടോ? "ബി.ജെ.പി. പ്രകടനത്തിനിടയില്‍ ചവിട്ടേറ്റ സ്ത്രീയുടെ നില ഗുരുതരം - പരിക്കില്‍ ദുരൂഹത" എന്ന തലക്കെട്ടിലൊക്കെ ദേശാഭിമാനി രണ്ടു ദിവസത്തിനകം വാര്‍ത്ത നിരത്തി. അതു പക്ഷേ ഇതുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു സംഭവമായിരുന്നു. ഗുരുതരമല്ലാത്ത, ദുരൂഹതയില്ലാത്ത ഒന്നായിരുന്നു അത്‌. മറ്റൊരു സ്ത്രീ ശോഭനയെ തലയ്ക്കടിച്ചു പരിക്കേല്‍പിക്കുകയായിരുന്നു. അവരെ അറസ്റ്റും ചെയ്തു. ശോഭനയ്ക്കെതിരെയും നിലവിലുണ്ടത്രെ മൂന്നു പോലീസ്‌ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകള്‍.

ഇതെല്ലാം മറച്ചുവച്ചു കൊണ്ട്‌ ബി.ജെ.പി. വിരുദ്ധമാദ്ധ്യമങ്ങള്‍ അവര്‍ക്കു വീണു കിട്ടിയ ഒരു സംഭവം ആഘോഷമാക്കുകയായിരുന്നു എന്നു വ്യക്തം. അങ്ങനെ നോക്കുമ്പോള്‍, ആ വീഡിയോ ലഭ്യമായതു വളരെ നന്നായി. നടന്ന കാര്യങ്ങള്‍ ആരും നിഷേധിക്കുന്നുമില്ല - നടക്കാത്ത കാര്യങ്ങളേ നിഷേധിച്ചിട്ടുള്ളൂ എന്നതിന്‌ ഇതില്‍പ്പരം തെളിവുവേണ്ട എന്നതിനാല്‍.

*****************
ഇവിടെ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ ഒരു തെറ്റു ചെയ്തു എന്നതു ശരിയാണ്‌. പാര്‍ട്ടി അതു വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തു. അതൊക്കെ ചൂണ്ടിക്കാട്ടി രാജുമോനേപ്പോലെയുള്ളവര്‍ എന്നെ പ്രതിരോധിക്കാന്‍ വരുന്നത്‌ എനിക്കൊരു തമാശയാണ്‌. അതും സി.പി.എം. അനുഭാവം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള രാജന്‍!

സി.പി.എമ്മിന്റെ ചില പ്രകടനങ്ങള്‍ മാത്രമാണ്‌ മുകളില്‍ കണ്ടത്‌. ഇതിലും എത്രയോ അധികം ഉദാഹരണങ്ങള്‍ ഉണ്ട്‌?

സ്ത്രീകളേയും അവര്‍ വെറുതേ വിടാറില്ലല്ലോ. പണ്ട്‌ സമരാഹ്വാനം അവഗണിച്ച്‌ ജോലിക്കെത്തിയ വനിതകളുടെ മുഖത്തു കരിയോയിലൊഴിച്ചതടക്കം എത്രയോ എണ്ണം. വിനീത കോട്ടായിയൊക്കെ പോകട്ടെ - കഴിഞ്ഞയാഴ്ച സാക്ഷാല്‍ മേധാപട്ക്കറെ വരെ മര്‍ദ്ദിച്ച്‌ വസ്ത്രാക്ഷേപത്തിനൊരുങ്ങിയില്ലേ അവര്‍?

അതു മാത്രമോ? "തിരിച്ചുപിടിക്ക"ലിനിടയില്‍ ഒരു സ്ത്രീയുടെ രണ്ടുകാലിലും വെടിവച്ചു വീഴ്ത്തിയിട്ട്‌ അവളെ..........ഛെ...പറയാന്‍ തന്നെ മടിയാകുന്നു. വെറുതെ നിര്‍ബന്ധിക്കാതിരിക്കൂ രാജുമോന്‍...പ്ലീസ്‌.

ഇതൊക്കെയൊന്നു കണ്ടു നോക്കൂ. എന്നെ വിട്ടേക്കൂ..ദയവായി.





വാല്‍ക്കഷണം:-
ഈ പോസ്റ്റിനിടയാക്കിക്കൊണ്ട്‌ രാജുമോന്‍ ഇട്ട കമന്റിലെ വീഡിയോയുടെ ലിങ്ക്‌ ഇവിടെ.

Monday, October 29, 2007

അന്നു ഞാന്‍ കോട്ടയം DYFI - സോറി - DYSP!

"ഓര്‍മ്മയുണ്ടോ ഈ മുഖം?" എന്നു ചോദിച്ചുകൊണ്ടാരംഭിക്കുന്ന ഡയലോഗ്‌ - "കമ്മീഷണര്‍' എന്ന ചിത്രത്തിലേത്‌ - ഹാസ്യാത്മകമായി അവതരിപ്പിക്കുമായിരുന്ന ചില മിമിക്രി കലാകാരന്മാരെ ഓര്‍ത്തു പോകുന്ന സംഭവങ്ങളൊക്കെയാണ്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്‌. ആകെ കണ്‍ഫ്യൂഷനടിച്ചു പോകുകയാണ്‌. ഇവിടെ ആരൊക്കെയോ "ആടിനെ പട്ടിയാക്കുന്നു"വെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. ഏതാണ്‌ ആട്‌ - ഏതാണ്‌ പട്ടി എന്നു മാത്രം മനസിലാകുന്നില്ല?

ഡി.വൈ.എസ്‌.പി. എന്ന സ്ഥാനപ്പേരിന്റെ സംരക്ഷണമുള്ള പി.ബി.വിജയനോ അല്ലെങ്കില്‍ ഡി.വൈ. എഫ്‌.ഐ.ക്കു സംരക്ഷണം കൊടുക്കുന്ന പിണറായി വിജയനോ - ആരെങ്കിലുമൊക്കെ ഉത്തരം പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നേനെ. തെളിവുകള്‍ മറിച്ചു പറഞ്ഞാലും, അവരൊക്കെപ്പറയുന്നതു നാം വിശ്വസിക്കണമെന്നാണല്ലോ പ്രമാണം. ഏത്‌?

* * * * * * * * * *

"ചങ്ങനാശ്ശേരി കോളേജില്‍ എസ്‌.എഫ്‌.ഐ. - എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം" എന്നൊരു വാര്‍ത്ത വരുന്നു. കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക്‌ - കുറച്ചുകാലമെങ്കിലും ജീവിച്ചിട്ടുള്ളവര്‍ക്ക്‌ - അതില്‍ അതിശയിക്കാനൊന്നുമില്ല. കേരളത്തിലെ കലാലയങ്ങളില്‍ പഠിച്ചിട്ടുള്ളവര്‍ക്കു പ്രത്യേകിച്ചും.

അക്രമവും ഭീഷണിയും ബലപ്രയോഗവുമൊക്കെ ഉപാധികളായി സ്വീകരിച്ചാണ്‌ മാര്‍ക്സിസ്റ്റ്‌ അനുകൂലസംഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നത്‌. ചോരത്തിളപ്പു കൂടുതലുള്ള പ്രായമായതു കൊണ്ട്‌ വിദ്യാര്‍ത്ഥി-യുവജന സംഘടനകളില്‍ അതു കൂടുതല്‍ പ്രകടമാണെന്നു മാത്രം. ഭയം മൂലം പലരും അവരുടെ പോക്രിത്തരങ്ങള്‍ക്കു മുമ്പില്‍ നിശ്ശബ്ദത പാലിച്ചു വഴങ്ങിക്കൊടുക്കുമ്പോള്‍, ധീരന്മാര്‍ പക്ഷേ, ചോദ്യം ചെയ്യും. അത്‌ പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കിട നല്‍കുകയും ചെയ്യും. ഇതിലൊന്നും യാതൊരു പുതുമയുമില്ല.

പക്ഷേ...

സംഘര്‍ഷം തടയാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥന്‍ തലക്കടിയേറ്റു മരിക്കുന്ന സംഭവം ആദ്യമായിട്ടാണ്‌. ദു:ഖത്തോടെ ആ വാര്‍ത്ത വായിക്കുമ്പോള്‍ - ആദ്യം മനസ്സില്‍ തെളിഞ്ഞ ചിത്രം ഇങ്ങനെയായിരുന്നു.

ഇരുവിഭാഗം വിദ്യാര്‍ത്ഥികളും ചേരി തിരിഞ്ഞ്‌ ഏറ്റുമുട്ടുന്നു. ഇടയില്‍പ്പെട്ടു പോകുന്ന പോലീസുകാരന്‌ ആകസ്മികമായി അടികിട്ടി അയാള്‍ മരിക്കാനിടയാകുന്നു. അടിച്ചതാരാണെങ്കിലും ശരി - സംഘര്‍ഷത്തിനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചവരടക്കം - അവിടം മുതലിങ്ങോട്ട്‌ പലരും - വേണ്ടത്ര സുരക്ഷാ ഉപാധികളില്ലാതെ സംഘര്‍ഷമേഖലകളില്‍ പോലീസുകാര്‍ സേവനമനുഷ്ഠിക്കേണ്ടി വരുന്ന വ്യവസ്ഥിതിക്കു കാരണക്കാര്‍ വരെ പലരും - കുറ്റക്കാരാണ്‌.

എന്നാല്‍ - പുറത്തു വന്നു കൊണ്ടിരുന്ന വാര്‍ത്തകളുടെ സ്വഭാവം വേറൊന്നായിരുന്നു. കൊലപാതകികളേക്കുറിച്ചു വ്യക്തമായ സൂചനകള്‍ കിട്ടിയതും അവിടുന്നു തന്നെ.

എ.ബി.വി.പി. പ്രവര്‍ത്തകര്‍ (മാത്രം??) അറസ്റ്റില്‍! (എന്നാത്തിനോ എന്തോ?)

ആഭ്യന്തരമന്ത്രി ഉടന്‍ സ്ഥലം സന്ദര്‍ശിച്ചു പ്രസ്താവന നടത്തുന്നു. കൊന്നത്‌ ആര്‍.എസ്‌.എസ്‌.കാരാണെന്നും അത്‌ ആസൂത്രിതമായിരുന്നു(!!)വെന്നും മറ്റും. (എന്തരിനോ എന്തോ?) പിണറായി വിജയനും ഡി.ജി.പി.യും ഒക്കെ ധൃതിപ്പെട്ട്‌ പ്രഖ്യാപിച്ചതും അതു തന്നെ.

കോട്ടയത്തെ സംഘപരിവാര്‍ കാര്യാലയങ്ങളില്‍ പോലീസ്‌ റെയ്ഡ്‌ നടത്തുന്നു! (എന്തോന്നിനോ എന്തോ?)

ഒരു ബി.എം.എസ്‌. നേതാവിനെ അറസ്റ്റു ചെയ്തത്രെ! (എന്തൂട്ടിനോ എന്തോ?)

കാര്യങ്ങള്‍ അത്രയുമായപ്പോഴേക്കും ചിത്രം ഏതാണ്ടു വ്യക്തമായിരുന്നു. രാഷ്ട്രീയക്കളികളേക്കുറിച്ചു ബോധമുള്ള ഏതൊരാളെയും പോലെ ഞാനും മനസ്സില്‍ക്കുറിച്ചു. "ഇത്‌ ആദ്യം വിചാരിച്ചതു പോലെ ഒരു ആകസ്മിക സംഭവമല്ല. കൊലയ്ക്കു പിന്നില്‍ മാര്‍ക്സിസ്റ്റ്‌ ക്രിമിനല്‍ സംഘം മാത്രമായിരിക്കണം ഉള്‍പ്പെട്ടിട്ടുള്ളത്‌. പ്രതികളെ കണ്ടെത്തിയെന്നും അറസ്റ്റു നടത്തിയെന്നും മറ്റുമുള്ള ധൃതിപിടിച്ച പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നത്‌ അതു തന്നെ. ഈ തിടുക്കം - ഇത്‌ ഒത്തിരി കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌.“

ഊഹങ്ങള്‍ ശരിയായി!

കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടേയിരുന്നു.

സി. ഐ. റ്റി, യു., ഡി.വൈ. എഫ്‌. ഐ., എസ്‌. എഫ്‌. ഐ. തുടങ്ങിയ മാര്‍ക്സിസ്റ്റ്‌ പോഷകസംഘടനകളില്‍ പെട്ട അക്രമികള്‍ കയ്യില്‍ പട്ടികക്കഷണങ്ങളും മറ്റുമായി പോലീസിനെ ആക്രമിച്ചതിനിടയിലാണ്‌ തലയ്ക്ക്‌ അടി കിട്ടിയതെന്ന ദൃക്‌സാക്ഷി മൊഴികള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മാദ്ധ്യമങ്ങള്‍ തയ്യാറായി. എ.ബി.വി.പി.ക്കാര്‍ അപ്പോള്‍ ദൂരത്തായിരുന്നുവെന്നും അവര്‍ക്കിതില്‍ പങ്കില്ല എന്നുമുള്ള സാക്ഷി നിരീക്ഷണങ്ങള്‍, സംഘപരിവാര്‍ സംഘടനകളെ അന്ധമായി പിന്തുണയ്ക്കേണ്ട യാതൊരു ആവശ്യവുമില്ലാത്ത മാദ്ധ്യമങ്ങള്‍ വരെ തുറന്നെഴുതി.

സംഭവം നടന്നിട്ട്‌ വളരെക്കഴിഞ്ഞതിനു ശേഷം, പ്രകടനം നടത്തുകയായിരുന്ന കുറേ വിദ്യാര്‍ത്ഥികളെ പിടികൂടുക മാത്രമായിരുന്നുവെന്നത്‌ വെളിപ്പെട്ടു. പോലീസുകാരന്റെ മരണം അടിയേറ്റല്ല - മറിച്ച്‌ ഹൃദയസ്തംഭനം മൂലമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതു കൂടി പുറത്തറിഞ്ഞതോടെ കുറ്റവാളികളെ രക്ഷിക്കാന്‍ ഭരണകൂടം നടത്തുന്ന നഗ്നമായ ശ്രമങ്ങള്‍ പകല്‍ പോലെ വെളിച്ചത്തായി.

സംഭവം നടന്ന്‌ മിനിട്ടുകള്‍ക്കകം കുറ്റവാളികളെ തിരുവനന്തപുരത്തു പ്രഖ്യാപിച്ചതെങ്ങനെ എന്നും, ഏ.കേ.ജി. സെന്ററില്‍ നിന്നു വന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു സംസാരിക്കുക മാത്രമല്ലേ ചെയ്തത്‌ എന്നുമുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഡി.ജി.പി. വിളറി.

യഥാര്‍ത്ഥപ്രതികളുടെ ചിത്രങ്ങള്‍ നാടെങ്ങും പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ഈ അനീതിയെ നേരിടുമെന്ന ബി.ജെ.പി.യുടെ പ്രഖ്യാപനം ഇടതു തിരക്കഥാകൃത്തുക്കളുടെ മനസ്സില്‍ വെള്ളിടി വീഴ്ത്തി.

പിടി കൂടിയവരെ പോലീസ്‌ കൃരമായി മര്‍ദ്ദിച്ചതിന്റെ തെളിവായി അവരിലൊരാളുടെ മൂക്കിലൂടെ ചോര വാര്‍ന്നു കൊണ്ടിരുന്നത്‌ ജനം ഞെട്ടലോടെ കണ്ടു. അത്‌ അയാള്‍ തെന്നി വീണതു മൂലമാണെന്ന്‌ (!!!)കണ്ടെത്തിയ ദേശാഭിമാനിയിലെ വരികള്‍ വായിച്ച്‌ ജനം കാറിത്തുപ്പി.

ഒടുവില്‍, രക്ഷയില്ലെന്നായപ്പോള്‍ തലയൂരല്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മാര്‍ക്സിസ്റ്റു ക്രിമിനലുകളേക്കാള്‍ ക്രൂരതയില്‍ ഒട്ടും പിന്നിലല്ലെന്നു തെളിയിച്ച രണ്ടു പോലീസുകാരെ സസ്പെന്റ്‌ ചെയ്തു. DYSP വിജയനെ അന്വേഷണത്തില്‍നിന്നു മാറ്റി നിര്‍ത്തേണ്ടി വന്നു. ഇടതു സംഘടനകള്‍ക്കും (ഉം) പങ്കുണ്ടെങ്കില്‍ അതും (ഉം) അന്വേഷിക്കും എന്നു പ്രഖ്യാപിക്കാന്‍ ഡി.ജി.പി. നിര്‍ബന്ധിതനാകുകയും ചെയ്തു.

* * * * * * * * * *

ഇനി ചില ചോദ്യങ്ങളാണ്‌. ആദ്യം DYSP വിജയനോടാവട്ടെ.

മാഷേ, (സാര്‍ എന്ന അഭിസംബോധന മനപ്പൂര്‍വം ഒഴിവാക്കിയതു തന്നെ) പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ - സംഘപരിവാറുകാരെ അനാവശ്യമായി പിന്തുണയ്ക്കേണ്ട യാതൊരാവശ്യവുമില്ലാത്ത പത്രങ്ങളില്‍ വന്ന അനേകം വാര്‍ത്തകളില്‍ ഒരെണ്ണം മാത്രം - ദാ താഴെക്കൊടുത്തിരിക്കുന്നു




ഇതുപോലെ അനേകം വാര്‍ത്തകള്‍. ഇവയിലെല്ലാം ചൂണ്ടിക്കാണിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്നു വിശ്വസിച്ച്‌ ഞങ്ങള്‍ ദേശാഭിമാനി പറയുന്നതു മാത്രം വിശ്വസിക്കണമെന്നാണോ സാര്‍? (ഇത്തവണ സാര്‍ എന്നത്‌ മനപ്പൂര്‍വ്വം) ദേശാഭിമാനി ഒറ്റദിവസം കൊണ്ട്‌ നന്നായിപ്പോയോ സാര്‍? ഇതു വരെയുള്ള ആയിരക്കണക്കിന്‌ അനുഭവങ്ങള്‍ വച്ചാണെങ്കില്‍, അവര്‍ പകല്‍ എന്നു പറഞ്ഞാല്‍ രാത്രി എന്നു വേണം മനസ്സിലാക്കേണ്ടത്‌. ഇവിടെയും അതു തന്നെ പ്രതീക്ഷിക്കുന്നതല്ലേ ബുദ്ധി - സാര്‍?

പ്രതികളെന്നു പറഞ്ഞ്‌ പിടിച്ചവരെ ഇഞ്ചപ്പരുവമാക്കിയ മാര്‍ക്സിസ്റ്റ്‌ പോലീസ്‌ ഗുണ്ടകളോളം ആത്മാര്‍ത്ഥത സാറിനു വരില്ലെന്നാണ്‌ കേട്ടിട്ടുള്ളത്‌. കുറ്റാരോപിതരായ 100 പോലീസ്‌ ഉദ്യോഗസ്ഥരില്‍ സാറും പെടുമെന്നും, സംഗതികളില്‍ നിന്ന്‌ ഊരിക്കിട്ടാന്‍ വേണ്ടി - തലപ്പത്തുള്ളവരുടെ പ്രീതി കിട്ടാനായി കളിച്ച കളിയാവാമെന്നുമാണ്‌ നിഗമനം. ഇതില്‍ ഏതായാലും ശരി - ഒരു മാര്‍ക്സിസ്റ്റ്‌ അനുകൂല സാഹിത്യസംഘടനയിലുണ്ടായിരുന്നൊരാള്‍ പറഞ്ഞത്‌ ഓര്‍ത്തു കൊണ്ടു പറയുകയാണ്‌. പുലിപ്പുറത്താണു സാര്‍ - സാറിന്റെ യാത്ര. ഒരിക്കല്‍ അതിന്റെ പുറത്തു കയറിയാല്‍ പിന്നെ മരിക്കുന്നതു വരെ അവിടെ ഇറുകിപ്പിടിച്ചിരിക്കാനേ കഴിയൂ. എന്നെങ്കിലുമൊരിക്കല്‍ താഴെയിറങ്ങാമെന്നു വിചാരിച്ചാല്‍ പുലി കടിച്ചു കീറിക്കളയും. രണ്ടായാലും ജീവിതം കട്ടപ്പുക തന്നെ. പുലിപ്പുറത്തുള്ള ആ യാത്ര ആസ്വദിക്കാന്‍ പഠിക്കുക മാത്രമേ പിന്നെ രക്ഷയുള്ളു. സാറിന്‌ എല്ലാ വിധ നന്മകളും നേരുന്നു.

ദു:ഖത്തോടെ ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യട്ടെ. സഹപ്രവര്‍ത്തകന്റെ ശവമഞ്ചത്തില്‍ "ഇന്നു ഞാന്‍ നാളെ നീ" എന്നൊരു വാക്യം കണ്ടേക്കും. സംശയിക്കേണ്ട - 'നാളെ മാര്‍ക്സിസ്റ്റ്‌ കൊലക്കത്തി സാറിനു നേരെയും നീണ്ടേക്കാം - അന്ന്‌ മറ്റൊരു ഉദ്യാഗസ്ഥന്‍ പ്രതികളെ സംരക്ഷിച്ചേക്കാം' എന്ന നിശ്ശബ്ദമായ ഒരു ഓര്‍മ്മപ്പെടുത്തലായിത്തന്നെ താങ്കള്‍ക്കതിനെ എടുക്കാവുന്നതാണ്‌.

* * * * * * * * * *

അടുത്ത ചോദ്യം പിണറായി വിജയനോടാവാം.

അല്ല വിജയോ - ഒന്നു ചോദിക്കട്ടെ. താങ്കളും കൊടിയേരിയുമൊക്കെ ആരുടെ മുന്നിലാണ്‌ ഈ പ്രഖ്യാപനങ്ങളൊക്കെ നടത്തുന്നത്‌? എല്ലാവരും കണ്ണു പൊട്ടന്മാരല്ല സഖാവേ. പാര്‍ട്ടിവേദിയും പൊതുവേദിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്‌. ആനയും ആടും പോലെയല്ല. ഇരുട്ടും വെളിച്ചവും പോലെ - പ്രകടമായ വ്യത്യാസം.

ഇതേ സ്ഥലത്തു വച്ചു തന്നെയാണ്‌ പണ്ടു നിങ്ങള്‍ ബിംബി എന്നൊരു വിദ്യാര്‍ത്ഥിയെ ഇടിച്ചു കൊന്നത്‌. ചങ്ങനാശ്ശേരിയില്‍ നിന്ന്‌ അധികം ദൂരെയല്ല പരുമല. അവിടെയാണ്‌ നിങ്ങള്‍ കുറേ കുട്ടികളെ വെള്ളത്തില്‍ മുക്കിയും ചുടുകട്ട കൊണ്ട്‌ എറിഞ്ഞും കൊന്നു കളഞ്ഞത്‌. നിങ്ങളുടെ പ്രസ്ഥാനത്തിന്റെ ചരിത്രമപ്പാടെ ചോര പുരണ്ടതാണ്‌ മിസ്റ്റര്‍! നിങ്ങള്‍ "നീന്തിക്കയറി" എന്നവകാശപ്പെടാറുള്ള "ചോരച്ചാലുക"ളുണ്ടല്ലോ. ആ ചാലുകള്‍ തീര്‍ത്തത്‌ പലപ്പോഴും നിങ്ങളുടെ കൂട്ടത്തിനു പുറത്തു നിന്നു എന്ന അപരാധം മാത്രം ചെയ്തവരുടെ ചോര കൊണ്ടാണ്‌. നിങ്ങളുടെ കൊലക്കത്തിക്ക്‌ അവസാനം ഇരയായ ആ പാവം പോലീസുകാരന്റെയടക്കം ചോര കൊണ്ട്‌ അങ്ങയറ്റം വികൃതമാണ്‌ വിജയന്‍ - നിങ്ങളുടെ മുഖം! കുറ്റബോധം തരിമ്പുമില്ലെങ്കില്‍പ്പോലും, അനാഥമായിപ്പോയ അനവധി കുടുംബങ്ങളുടെ ശാപം നിങ്ങളെ ഒരു നിഴല്‍ പോലെ പിന്തുടരുന്നുണ്ടാവണം മിസ്റ്റര്‍! അതുകൊണ്ടൊക്കെത്തന്നെയാവണം - മാരകായുധങ്ങള്‍ കൈവശം വച്ചു കൊണ്ടു യാത്രചെയ്യേണ്ട ഗതികേട്‌ താങ്കള്‍ക്കുണ്ടാകുന്നതും. താങ്കളാരെയും ഭയപ്പെടേണ്ടതില്ല വിജയന്‍ - ചോരകുടിക്കാന്‍ തക്കം പാര്‍ത്തു നടക്കുന്ന സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയല്ലാതെ.

"ഈ ചോരക്കൊതി ഇനിയും തീര്‍ന്നില്ലേ?" എന്നു ഞാന്‍ ചോദിക്കുന്നില്ല. അത്‌ ഉടനെയൊന്നും തീരില്ല എന്നു ബോദ്ധ്യമുള്ളതു കൊണ്ട്‌.

ചോദിക്കാനുള്ളത്‌ മറ്റൊന്നാണ്‌.

തുറന്നു പിടിച്ചിരിക്കുന്ന ലക്ഷക്കണക്കിനു കണ്ണുകളുടെ മുന്നില്‍ വച്ച്‌ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന അണികള്‍ക്കു വേണ്ടി സംസാരിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, കുറ്റം മറ്റുള്ളവരുടെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ച്‌ അപഹാസ്യനാവുന്നതെന്തിനാണ്‌? ധൃതിയില്‍ പ്രഖ്യാപനങ്ങളിറക്കി മറ്റുള്ളവരില്‍ കുറ്റമാരോപിക്കാന്‍ നിങ്ങളിത്ര ബദ്ധപ്പെടുന്നതെന്തിനാണ്‌? യഥാര്‍ത്ഥത്തില്‍ അതിന്റെ ആവശ്യമുണ്ടോ എന്ന്‌ ആലോചിച്ചിട്ടുണ്ടോ?

സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതു വഴി അവരുടെ വളര്‍ച്ച തടയാമെന്നു കരുതിയാണോ? ആണെങ്കില്‍, അത്‌ ശുദ്ധ മണ്ടത്തരമാണെന്ന്‌ പറഞ്ഞു കൊള്ളട്ടെ. വാര്‍ത്തകളറിയാന്‍ ദേശാഭിമാനി പോലുള്ള പത്രങ്ങളെ മാത്രം ആശ്രയിക്കേണ്ട കാലം കഴിഞ്ഞുപോയത്‌ അറിഞ്ഞില്ലെന്നുണ്ടോ? കാര്യങ്ങളൊക്കെ പകല്‍ പോലെ വ്യക്തമായിരിക്കേ, ദുരാരോപണങ്ങള്‍ വഴി അവരെ പരാജയപ്പെടുത്താമെന്നു വിചാരിക്കുന്നത്‌ അവരുടെ ശക്തിയും പ്രസക്തിയും പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. നിങ്ങളുടെ ആക്രമണങ്ങള്‍ക്ക്‌ തുടരെ ഇരയാവുന്നതിന്റെ പേരിലും, നിങ്ങളുടെ പോക്രിത്തരങ്ങളെ ചെറുക്കാന്‍ പലപ്പോഴും അവര്‍ മാത്രമേ രംഗത്തു വരാന്‍ തയ്യാറാകുന്നുള്ളൂ എന്നതിന്റെ പേരിലും, അവര്‍ക്ക്‌ കൂടുതല്‍ പിന്തുണ ലഭിക്കുകയേയുള്ളൂ. എന്നേപ്പോലെ, ഇതിനകം തന്നെ അവരോടനുഭാവം വളര്‍ന്നു കഴിഞ്ഞിട്ടുള്ളവര്‍ കൂടുതല്‍ ശക്തിയോടെയും ആത്മാര്‍ത്ഥതയോടെയും അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാകുകയും ചെയ്യും. പണ്ടുമതെ - ഇപ്പൊളുമതെ - നിങ്ങള്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രസക്തി നാള്‍ക്കു നാള്‍ വര്‍ദ്ധിപ്പിച്ച്‌ അവരെ വളര്‍ത്തിയിട്ടേ ഉള്ളൂ വിജയന്‍ - തരിമ്പും തളര്‍ത്തിയിട്ടില്ല.

ഇനിയിപ്പോള്‍ - സ്വന്തം അണികളെത്തന്നെ വിശ്വസിപ്പിക്കാനാണ്‌ മറ്റുള്ളവരുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ നോക്കുന്നതെങ്കില്‍ - ആലോചിച്ചു നോക്കൂ - അതും മണ്ടത്തരം തന്നെയല്ലേ? മാര്‍ക്സിസ്റ്റുകാര്‍ കാണിക്കുന്ന സകല പോക്രിത്തരങ്ങളുടെയും പിന്നില്‍ തങ്ങള്‍ തന്നെയാണെന്ന്‌ അണികള്‍ക്ക്‌ അറിയാഞ്ഞിട്ടാണോ? അവര്‍ക്കത്‌ ഒട്ടും അപമാനകരമായിത്തോന്നാറില്ല എന്നതല്ലേ സത്യം? ചങ്ങനാശ്ശേരിയിലും പരുമലയിലുമെല്ലാം കൊലപാതകം നടത്തിയത്‌ മാര്‍ക്സിസ്റ്റുകാരാണെന്ന്‌ സകലര്‍ക്കുമറിയാം. മാര്‍ക്സിസ്റ്റ്‌ പോലീസ്‌ തന്നെ കൊണ്ടു വരുന്ന തെളിവുകള്‍(!) പ്രതികളെ രക്ഷിച്ചില്ലെങ്കിലല്ലേ ആളുകള്‍ അത്ഭുതപ്പെടൂ?

ജയകൃഷ്ണന്‍ മാഷിനെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്‍പിലിട്ട്‌ അരിഞ്ഞുകൂട്ടിയ പൈശാചികത നടപ്പിലാക്കിയത്‌ മാര്‍ക്സിസ്റ്റുകാരാണെന്ന്‌ സകലര്‍ക്കുമറിയില്ലേ പിണറായി വിജയാ? അതുകൊണ്ടെന്താ? ആ കൃത്യം പാര്‍ട്ടിക്കു വേണ്ടി നടപ്പിലാക്കിയവരെ സുഖമായി രക്ഷിച്ചിറക്കിക്കൊണ്ടു വരാന്‍ സാധിച്ചില്ലേ? അവര്‍ക്കു പൂമാലകളിട്ടു കൊടുക്കാനും ആരവം മുഴക്കാനും നേതാക്കന്മാര്‍ മാത്രമല്ലല്ലോ - അണികളും വന്നില്ലേ?

അപ്പോള്‍ ' കുറ്റം ചെയ്തത്‌ ഞങ്ങളല്ല" എന്നു വാദിക്കാന്‍ താങ്കള്‍ ബദ്ധപ്പെടേണ്ടതില്ല എന്നതാണു യാഥാര്‍ത്ഥ്യം. അതായിരിക്കില്ല ഒരു പക്ഷേ അണികള്‍ ആഗ്രഹിക്കുന്നതും.

"അറസ്റ്റു ചെയ്യപ്പെട്ട ഞങ്ങളുടെ ചില കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു പോലീസുകാരനേയും ഞങ്ങള്‍ തട്ടി. ഞങ്ങളെ ചോദ്യം ചെയ്യുന്നവരെ ഉന്‍മൂലനം ചെയ്യാന്‍ ഞങ്ങള്‍ ഏതറ്റം വരെ പോകാനും മടിക്കില്ല" എന്ന്‌ അലറി വിളിക്കുക. അപ്പോളാണ്‌ അണികള്‍ക്ക്‌ കൂടുതല്‍ ആവേശമുണ്ടാകുക. നിങ്ങളുടെ ചോരക്കളികളെ അംഗീകരിക്കാന്‍ മടിയില്ലാത്തവര്‍ മാത്രമേ എന്നും നിങ്ങളെ പിന്തുണച്ചിട്ടുള്ളൂ. അതു കൊണ്ട്‌ ആക്രോശങ്ങളില്‍ നിന്ന്‌ വിട്ടു നില്‍ക്കേണ്ടതില്ല. "വേണ്ടി വന്നാല്‍ പോലീസ്‌ സ്റ്റേഷനു മുന്‍പില്‍ ബോംബ്‌ ഉണ്ടാക്കാനും മടിക്കില്ല" എന്നു പ്രസംഗിച്ച കൊടിയേരിയെ ആണല്ലോ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ജയിപ്പിച്ച്‌ ആഭ്യന്തരമന്ത്രിയാക്കിയത്‌. "കായികമായി ഞങ്ങളെ നേരിടാന്‍ കേരളത്തില്‍ ആരുണ്ട്‌" എന്ന്‌ പരസ്യമായി ഒരു മാര്‍ക്സിസ്റ്റു മന്ത്രി വെല്ലു വിളിച്ചിട്ട്‌ അധികം നാളായില്ലല്ലോ. ജനം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചതല്ലാതെ പ്രതികരിച്ചോ?

ഭീരുക്കളായിരിക്കാന്‍ ചിലര്‍ ഇഷ്ടപ്പെടുന്നു പിണറായീ. ചിലര്‍ അക്രമികളായിരിക്കാനും.
അക്രമപ്രവര്‍ത്തനങ്ങളുടെ "ക്രെഡിറ്റ്‌" മറ്റുള്ളവര്‍ക്കു കൊടുക്കുന്ന മണ്ടത്തരം അവസാനിപ്പിക്കുക. ആവേശത്തോടെ പ്രഖ്യാപിക്കുക - “ഞങ്ങള്‍ തന്നെയാണ്‌ - ആരുണ്ടിവിടെ ചോദിക്കാന്‍?” എന്ന്‌. എന്നിട്ട്‌ വേണമെങ്കില്‍, കാലം നല്‍കാന്‍ പോകുന്ന മറുപടികള്‍ക്കായി കാതോര്‍ക്കുകയുമാവാം.

Wednesday, May 09, 2007

അഞ്ച് തുടര്‍ചോദ്യങ്ങള്‍

ഈ പോസ്റ്റും, ഏതാണ്ട്‌ മുന്‍ പോസ്റ്റിലെ ചര്‍ച്ചകളുടെ തുടര്‍ച്ച തന്നെയാണ്‌.

കഴിഞ്ഞയിടെ വിചാരം എന്നോടു ചോദിച്ചിരുന്നു - "താങ്കള്‍ക്കു നെഞ്ചത്തു കൈവച്ചു പറയാനാവുമോ - ട്രെയിന്‍ കത്തിച്ചതു മോഡിയല്ലെന്ന്‌?" എന്ന്‌.

വളരെ ഉറച്ച വിശ്വാസമാണ്‌ അദ്ദേഹത്തിന്റേത്‌. ഇത്തരം സമീപനമുള്ള ധാരാളം പേരെ കണ്ടുമുട്ടിയിട്ടുള്ള അനുഭവങ്ങളില്‍ നിന്നാണ്‌ കഴിഞ്ഞ പോസ്റ്റിലെ ചില വരികള്‍ ഉണ്ടായത്‌. അവിട വന്ന ചില കമന്റുകളിലും ഏതാണ്ട്‌ ഇതേ നിരീക്ഷണം കാണാനിടയായി.

മോഡി മനപൂര്‍വ്വം ചെയ്യിച്ചതാണതെന്ന്‌ ഉറച്ചുവിശ്വസിക്കാന്‍ ബുദ്ധിമുട്ടില്ലാത്തവര്‍ ഉണ്ടാവാം. പക്ഷേ അങ്ങനെയല്ലാത്തവരുമുണ്ട്‌ ഇവിടെ. ആസൂത്രണവാദത്തില്‍ അവിശ്വസനീയതയുണ്ട്‌ എന്നു കരുതുന്നത്‌ ഒരു പാതകമായി ഞാന്‍ കണക്കാക്കുന്നില്ല. അതേക്കുറിച്ചൊക്കെ മിണ്ടാതിരിക്കുന്നത്‌ മതനിരപേക്ഷതയുടെയും, സംസാരിക്കുന്നത്‌ വര്‍ഗ്ഗീയതയുടെയും ലക്ഷണമാണെന്നും.

ചില ചോദ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്ത്‌ ചുരുക്കി അവതരിപ്പിച്ചിരിക്കുകയാണ്‌ ഇവിടെ. ‘യെസ്‌/നോ‘ ചോദ്യങ്ങളുടെ രൂപത്തില്‍. ഗോധ്ര തീവയ്പ്‌ മോഡിയുടെ പദ്ധതിയായിരുന്നു എന്ന്‌ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചവര്‍ - ആ വാദത്തെ യുക്തിപൂര്‍വ്വവും മര്യാദാപൂര്‍വ്വവും ചോദ്യം ചെയ്തപ്പോള്‍ മറ്റു പലതും പറഞ്ഞ്‌ ഒഴിഞ്ഞുമാറിയവര്‍ - ഇവര്‍ക്കൊക്കെ ഈ ലളിതമായ ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം പറയാനാവുമോ എന്ന്‌ നോക്കാവുന്നതാണ്‌.

(1) ഗോധ്രയില്‍ സബര്‍മതി എക്സ്‌പ്രസിനു തീ വച്ച്‌ അറുപതോളം പേരെ ചുട്ടു കരിച്ചത്‌ ഒരു കലാപം സൃഷ്ടിക്കാനായി മോഡി അയച്ച ചില ആളുകള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന്‌ - കലാപ സൃഷ്ടിക്കായി അവര്‍ ചാവേറുകളായി സ്വയം വെന്തു മരിച്ചെന്ന്‌ - അല്ലെങ്കില്‍, അകത്തു നിന്നു തീ വച്ച ശേഷം അതിമാനുഷികമായി രക്ഷപെട്ടുവെന്ന്‌ - അസന്നിഗ്ദ്ധമായി - നൂറില്‍ നൂറു ശതമാനം നിങ്ങള്‍ വിശ്വസിക്കുന്നുവോ? സംശയലേശമില്ലാതെ?


  • (എ) ഉവ്വ്‌. തീര്‍ച്ചയായും
  • (ബി) ഇല്ല. ചിലപ്പോള്‍ മറ്റാരെങ്കിലും ചെയ്തതാവാനും മതി

(2) ഇനിപ്പറയുന്ന ഒരു നിരീക്ഷണം പേറുന്നവരുണ്ട്‌.
"ആദ്യം പറഞ്ഞ ആരോപണം സത്യമാവാം. പക്ഷേ അത്‌ കണ്ണുമടച്ച്‌ വിശ്വസിക്കേണ്ടതില്ല. മൗലാന ഉമര്‍ജി തുടങ്ങി പോലീസ്‌ പിടിയിലായവര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇതില്‍ പങ്കുണ്ടായിരിക്കാനുള്ള സാദ്ധ്യത നൂറു ശതമാനം തള്ളിക്കളയേണ്ടതില്ല"
ഇങ്ങനെ ചിന്തിക്കുന്നവരെല്ലാം - അതായത്‌ മോഡിയുടെ ആസൂത്രണം എന്നത്‌ കണ്ണുമടച്ചു വിശ്വസിക്കാന്‍ തയ്യാറാകാത്തവര്‍- അവരെല്ലാം 'ഫാസിസ്റ്റു'കളും 'മോഡിപ്രേമി'കളും 'ഉന്‍മൂലനവാദി'കളുമൊക്കെ ആണോ?


  • (എ) അതെ.
  • (ബി) അല്ല. ഏതൊരു നിഷ്പക്ഷമതിക്കും തോന്നാവുന്ന ചിന്തകളാണ്‌ അവ.

(3) കലാപത്തില്‍ ദു:ഖവും അമര്‍ഷവും രോഷവുമുണ്ടെങ്കിലും ശരി, തീവയ്പിനു പിന്നില്‍ ഏതെങ്കിലും ചില മുസ്ലീങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവാമെന്നു സമ്മതിക്കുകയും അങ്ങനെയാണെങ്കില്‍ത്തന്നെ അതിനു മറ്റുള്ളവരെന്തു പിഴച്ചു എന്നു ചോദിക്കുകയും ചെയ്യുന്ന അനേകം മുസ്ലീങ്ങളുണ്ട്‌. കാരണം എന്തായിരുന്നാലും ശരി - കലാപം ന്യായീകരിക്കപ്പെട്ടുകൂടാ എന്ന എന്റെ അതേ നിരീക്ഷണം പേറുന്നവരാണവര്‍. എന്നാല്‍ - അതു മാത്രം പോരാ - തീവയ്പ്‌ അടക്കം സകലപ്രശ്നങ്ങളും മോഡിയുടെ സൃഷ്ടിയാണെന്നു കൂടി സമ്മതിച്ചു തന്നേ പറ്റൂ എന്ന്‌ പിടിവാശി കാണിക്കുന്നത്‌ കൂടുതലും രാഷ്ട്രീയ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ചിന്തകരാണ്‌.


  • (എ) ശരിയാണ്‌. ഇടതുപക്ഷത്തല്ലാതെ നില്‍ക്കുന്ന കടുത്ത മോഡിവിരുദ്ധര്‍ പോലും ഇതു സമ്മതിക്കുന്നുണ്ട്‌. ഇത്തരം കടുംപിടുത്തങ്ങള്‍ കാരണം മോഡീപ്രതിരോധം വേണ്ടത്ര ഫലപ്രദമാകാതെ പോകുന്നതില്‍ അവര്‍ക്ക്‌ അമര്‍ഷവുമുണ്ട്‌.
  • (ബി) തെറ്റ്‌. മോഡിയുടെ ആരാധകര്‍ അല്ലാത്ത സകലരും - സകല മുസ്ലീങ്ങളും അടക്കം, ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ അതേ ചിന്ത പേറുന്നു.

(4) ഞാന്‍ മുന്‍പോസ്റ്റില്‍ സൂചിപ്പിച്ചതു പോലെ, ന്യായീകരണവാദം അങ്ങേയറ്റം അപകടകരമാണ്‌. അകത്തു നിന്നോ പുറത്തുനിന്നോ - തീ എവിടെ നിന്നു പകര്‍ന്നാലും ശരി - അതിനു പിന്നില്‍ ആരു പ്രവര്‍ത്തിച്ചാലും ശരി - കലാപം ന്യായീകരിക്കപ്പെടില്ല എന്നൊരു നിലപാടിലെത്തിച്ചേരാന്‍ എല്ലാവര്‍ക്കും കഴിഞ്ഞാല്‍‍പ്പിന്നെ ആര്‍ക്കും കലാപങ്ങള്‍ "സൃഷ്ടിക്കാന്‍" കഴിയാതെ വരും. 'തീവയ്പു നടത്തിയത്‌ മുസ്ലീങ്ങളായേക്കാം' എന്ന്‌ ഒരു സന്ദേഹത്തിന്റെ രൂപത്തിലെങ്കിലും സമ്മതിച്ചുകൊടുക്കേണ്ടി വന്നാല്‍പ്പിന്നെ ‘അതില്‍ പ്രകോപിതരായ ഹിന്ദുക്കളുടെ പ്രവൃത്തികള്‍‘ എന്ന വാദത്തെ തങ്ങള്‍ക്കു പുര്‍ണ്ണമായി തള്ളിപ്പറയാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ചിലരുടെ ആത്മവിശ്വാസമില്ലായ്മയില്‍ നിന്നു കൂടിയാണ്‌ 'തീവയ്പിലും മോഡിയുടെ ആസൂത്രണമുണ്ട്‌' എന്ന ആരോപണം ജനിക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍, തീവയ്പിലും മോഡിക്കു പങ്കുണ്ടെന്നു വീറോടെ വാദിക്കുന്ന തീവ്ര ഇടതുപക്ഷ ചിന്തകര്‍, ഉള്ളിന്റെയുള്ളില്‍, അറിയാതെ കലാപത്തെ ന്യായീകരിച്ചു പോകുകയാണ്‌. അല്ലെങ്കില്‍, തീവയ്പില്‍ ഏതെങ്കിലും മുസ്ലീങ്ങള്‍ക്കു പങ്കുണ്ടാവാം എന്നെങ്കിലും സമ്മതിക്കാന്‍ അവരിത്ര ഭയക്കേണ്ട ആവശ്യമില്ല.

സ്വയമറിയാതെ കലാപത്തെ ന്യായീകരിക്കുകയാണ്‌ ചില കമ്മ്യൂണിസ്റ്റുകള്‍!


  • (എ) ശരിയാണ്‌. മുന്‍വിധികളില്ലാതെ, ആവേശമോ രോഷമോ കൊള്ളാതെ, ബുദ്ധിപരമായും സമാധാനപരമായും അല്‍പനേരം ഇരുത്തിച്ചിന്തിച്ചാല്‍ ഇതു ബോദ്ധ്യമാവും.
  • (ബി) എന്തൊരു അസംബന്ധമാണിത്‌?
    മനസ്സിലായില്ല / വ്യക്തമായില്ല
    മറുപടി പറയാന്‍ തയ്യാറില്ല
    ഇതൊരു ഫാസിസ്റ്റ്‌ - പ്രതിലോമ -
    എന്തൊക്കെയോ അജണ്ടകളുടെ
    ഭാഗമായുള്ള ചിന്തയാണ്‌.

(5) തെറ്റുകള്‍ എല്ലാവരും തുറന്നംഗീകരിക്കാന്‍ തയ്യാറാകണം - ഒരു തെറ്റിനെ മറ്റൊന്നു കൊണ്ടു ന്യായീകരിച്ചു കൂടാ - പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയല്ല വേണ്ടത്‌ - മൗനം പ്രശ്നപരിഹാരത്തിനുതകില്ല എന്നും മറ്റുമുള്ള നിലപാടുകളുമായി - ചില വ്യത്യസ്ത നിരീക്ഷണങ്ങളും തുറന്ന മനസ്സും മുറിവുകളുണങ്ങണമെന്ന ആഗ്രഹവുമായി ധൈര്യപൂര്‍വ്വം മുന്നോട്ടു വരുന്ന ചിലരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വേണ്ടില്ല - അധിക്ഷേപിക്കുന്നത്‌ മോശമാണ്‌. പ്രശ്നങ്ങള്‍ അവശേഷിക്കുന്നതുകൊണ്ട്‌ നേട്ടമുള്ളവരാണ്‌ അധിക്ഷേപങ്ങള്‍ക്കു മുതിരുന്നത്‌.


  • (എ) ശരിയാണ്‌.
  • (ബി) അല്ല. അത്തരം ചിന്തകളവതരിപ്പിക്കുന്നവര്‍ മുഖംമൂടിയണിഞ്ഞ ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ രഹസ്യ അജണ്ട നടപ്പാക്കുകയാണ്‌. വര്‍ഗ്ഗീയവാദികളെന്നു വിളിച്ചും ഭര്‍ത്സിച്ചും പരമാവധി അധിക്ഷേപിച്ച്‌ ഒതുക്കണം അവരെ. ഇത്‌ ഇടതുപക്ഷത്തിന്റെ മാത്രമല്ല - സമൂഹത്തിന്റെ ഒരു പൊതു ആവശ്യമാണ്‌.

ചോദ്യങ്ങളവസാനിച്ചു.
എന്റെ ഉത്തരങ്ങള്‍ ഇവയാണ്‌.
(1) ബി (2) ബി (3) എ (4) എ (5) എ

താല്‍പര്യമുള്ളവര്‍ക്ക്‌ മറുപടി പറയാം. മൗനവും ഒരു മറുപടിയാണ്‌.

അഭിപ്രായസ്വാതന്ത്ര്യം വിജയിക്കട്ടെ!

Monday, April 23, 2007

ന്യായീകരണവാദത്തിലെ അപകടം

തൊട്ടുമുമ്പത്തെ ‍പോസ്റ്റിന്റെ തുടര്‍ച്ചയാണിത്‌.

>>[വിചാരം] മുസ്ലീങ്ങള്‍ സംഘത്തോട്‌ എന്താണു ചെയ്തത്‌? എന്തു ചെയ്തിട്ടാണ് അവരെ വേട്ടയാടുന്നത്‌? <<

‘വേട്ട‘ എന്നുള്ള പ്രയോഗത്തിലെ പൊള്ളത്തരത്തേപ്പറ്റി നേരത്തെ പറഞ്ഞു കഴിഞ്ഞു.

"എന്താണ്‌ ചെയ്തത്‌?" എന്നു ചോദിക്കുന്നതില്‍ വലിയൊരു അപകടമുണ്ടെന്ന്‌ ദയവായി തിരിച്ചറിയുക. അപ്പോള്‍ "എന്തെങ്കിലും ചെയ്തിട്ടാണെങ്കില്‍ മനസ്സിലാക്കാമായിരുന്നു" എന്നൊരു ധ്വനിയുണ്ട്‌ അതില്‍. ഈയൊരു കാഴ്ചപ്പാട്‌ നമ്മുടെ സ്വതന്ത്ര ചിന്തകള്‍ക്കു വല്ലാത്തൊരു തടസ്സമാണു വിചാരം. സത്യത്തില്‍ പലപ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നതിനു കാരണമിതാണ്‌. ഒരല്‍പം സമയമെടുത്ത്‌ ഇതേപ്പറ്റി ആഴത്തില്‍ ചിന്തിക്കുന്നതു നന്നായിരിക്കും.

ഇനിയുള്ള ഭാഗം വളരെ ശ്രദ്ധയോടെ മാത്രം വായിക്കുക.

തീവണ്ടി ആകസ്മികമായി കത്തിയതാണെന്ന റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുപ്പിനു മുമ്പു പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടികള്‍ മല്‍സരിക്കുന്നതിനു പിന്നില്‍ ഈ മനശാസ്ത്രമുണ്ട്‌. ആകസ്മികമായിട്ടല്ല കത്തിയതെന്നു തെളിഞ്ഞാല്‍ പിന്നീടുണ്ടായ ആക്രമണങ്ങള്‍ ന്യായീകരിക്കപ്പെടും എന്നൊരു ഭയം. ഈയൊരു മനോഗതിയല്ലേ നമ്മുടെ യഥാര്‍ത്ഥ പ്രശ്നം? ചിന്തിക്കുക.

കത്തിച്ചതു തന്നെയെന്നു കരുതുക. എന്നു വച്ച്‌? തുടര്‍ന്നു നടന്നതിന്‌ ന്യായീകരണമുണ്ടോ? ഇല്ലല്ലോ. പക്ഷേ നാം അതിനൊരുക്കമല്ല. തുടര്‍ന്നു നടന്നതിനെ ഘോരഘോരം അപലപിക്കുന്നതിനോടൊപ്പം, അതിലും ഭയങ്കരമായ രീതിയില്‍, തീപിടുത്തത്തിന്റെ ആകസ്മികത തെളിയിക്കാന്‍ പാടുപെടുന്നത്‌, ഈയൊരു ചിന്താഗതി നമ്മെ നയിക്കുന്നതു കൊണ്ടാണ്‌.

ആകസ്മികതാവാദം വിവരമുള്ളവര്‍ വിശ്വസിക്കില്ലെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ നാം ഉടനെ അടുത്ത വാദം ഉന്നയിക്കുന്നു. ‘തീവയ്പു പോലും സംഘത്തിന്റെ പദ്ധതിയായിരുന്നു‘! കഷ്ടം! നമുക്കൊന്നും നാണമില്ലല്ലോ വിചാരം! അങ്ങേയറ്റം അവിശ്വസനീയമായ, ശുദ്ധ അസംബന്ധമാണെന്ന്‌ നമുക്കു തന്നെ ഉറപ്പുള്ള ഈയൊരു വാദമുഖത്തില്‍ പിടിച്ചു തൂങ്ങുമ്പോള്‍ നമ്മുടെ മനസ്സിലെന്താണ്? ജീവന്‍ പോയാലും ശരി - തീവയ്പില്‍ മൌലാന ഉമര്‍ജിയും കൂട്ടരുമടങ്ങിയ മുസ്ലീങ്ങള്‍ക്കു പങ്കുണ്ട്‌ എന്ന്‌ - അല്ലെങ്കില്‍ പങ്കുണ്ടാവാം എന്നെങ്കിലും - നാം സമ്മതിച്ചു കൊടുക്കില്ല എന്നല്ലേ? എന്തിനാണു വിചാരം ഈ കടും‌പിടുത്തം? അതു സമ്മതിച്ചു കൊടുത്താല്‍ കലാപം ന്യായീകരിക്കപ്പെട്ടാലോ എന്നു നാം ഭയക്കുന്നു. അതല്ലേ സത്യം? തീവയ്പു സമ്മതിക്കാം - പക്ഷേ കലാപം ഒഴിവാക്കേണ്ടതായിരുന്നു എന്നു പറയാനുള്ള ചങ്കൂറ്റം നമുക്കില്ല. തീവയ്പ്‌ സത്യമാണെങ്കില്‍ കലാപത്തേക്കുറിച്ച്‌ തെറ്റുപറയുന്നതെങ്ങനെ എന്ന ഒരു ചിന്ത - അങ്ങേയറ്റം അപലപനീയവും അപകടകരവുമായ ചിന്ത - ഞാനെടുത്തു പറയട്ടെ - മനുഷ്യത്വരഹിതമായ ചിന്ത - താങ്കളുടേയും മറ്റു ന്യായീകരണവാദികളുടെയും മനസ്സിനെ ‍ഭരിക്കുന്നു. ആ അപകടകരമായ ചിന്താധാര ആദ്യം തിരിച്ചറിയുക. എന്നിട്ടാവാം മനുഷ്യത്വ രാഹിത്യത്തേക്കുറിച്ചുള്ള തുടര്‍വിലാപങ്ങള്‍.

അങ്ങേയറ്റം അപകടകരമായ ഈ ന്യായീകരണവാദത്തെയും ഭയത്തെയും നാം തൂത്തെറിഞ്ഞാല്‍ത്തന്നെ പ്രശ്നങ്ങളവസാനിക്കില്ലേ? ആലോചിക്കുക.

അയോദ്ധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന്‌ ഒരിക്കലും സമ്മതിച്ചു തരില്ല എന്ന വാശിക്കു പിന്നില്‍ ഇതേ മനശാസ്ത്രമാണ്‌. അത്‌ ന്യായീകരണമായാലോ എന്ന ഭയം. ക്ഷേത്രാവശിഷ്ടങ്ങളേക്കുറിച്ചുള്ള തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിച്ച ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്‍ഡ്യയുടെ അധികാരികള്‍ - ഡോ. ബി.ബി.ലാല്‍ തുടങ്ങിയവര്‍ ഒറ്റ നിമിഷം കൊണ്ട്‌ വര്‍ഗ്ഗീയവാദികളായി മുദ്രകുത്തപ്പെടുന്നതിനു പിന്നിലും ഇതുണ്ട്‌. ആരൊക്കെ എത്രയൊക്കെ തെളിവുകള്‍ നിരത്തിയാലും അംഗീകരിച്ചു കൊടുക്കാന്‍ നമുക്ക്‌ ഭയമാണ്‌. അത്‌ ഒരു ന്യായീകരണമായാലോ? പഠനങ്ങള്‍ നടത്തിയവരെ 'ചെളികോരികള്‍' എന്നു വിളിക്കാന്‍ നാം തിടുക്കപ്പെടുന്നതിനു പിന്നില്‍ ആ ഭയമുണ്ട്‌. തര്‍ക്കമന്ദിരം തകര്‍ക്കപ്പെടുന്നതിനു മുമ്പ്‌ വളരെക്കാലത്തോളം, ഉടമസ്ഥാവകാശത്തേപ്പറ്റിയുള്ള വാദങ്ങളുടെ തെളിവുകളവതരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു എന്നത്‌ ഓര്‍ക്കാന്‍ പോലും നാമിഷ്ടപ്പെടാത്തത്‌ - നമ്മുടെ ചര്‍ച്ചകളില്‍ 1992 ഡിസംബര്‍ മുതലുള്ള കാര്യങ്ങള്‍ മാത്രം കടന്നു വരുന്നത്‌ - ഇതിന്റെയെല്ലാം പിന്നില്‍ ഈ ഭയമുണ്ട്‌.

ബാബറും മുഗള്‍ രാജാക്കന്മാരും ക്ഷേത്രങ്ങളൊന്നുപോലും തകര്‍ത്തിട്ടേയില്ല എന്നു വരുത്താനായുള്ള ബദ്ധപ്പാടുകള്‍ക്കു പിന്നിലും ഇതുണ്ട്‌. ന്യായീകരണം ഒഴിവാക്കുവാന്‍ നാം ആഗ്രഹിക്കുന്നു. സത്യമല്ലേ എന്നു ചിന്തിക്കുക.

തെറ്റുണ്ടെങ്കില്‍ ശരി - പക്ഷേ അത്‌ മറ്റൊരു തെറ്റിന്‌ ന്യായീകരണമാവുന്നില്ല എന്നു ചങ്കൂറ്റത്തോടെ പറയാന്‍ നമുക്കെല്ലാം കഴിയുന്ന ഒരു കാലം വന്നാല്‍, തെറ്റുകള്‍ തുറന്നു സമ്മതിക്കാന്‍ നമുക്കു കഴിഞ്ഞാല്‍, 'വല്ലയിടത്തും വല്ലവരും വല്ലതും ചെയ്താല്‍ നാമെന്തു പിഴച്ചു' എന്നു ചോദിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ - അന്ന്‌ സകല വിധ പ്രശ്നവും തീരും. വിശ്വസിക്കുക. സകലതും.

ശബരിമലയിലെ തീവ്രവാദിസാന്നിദ്ധ്യത്തേക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ എല്ലാവരും മൗനം പാലിക്കുന്നു - അതേക്കുറിച്ചു പറയുന്നവരെ ഫാസിസ്റ്റ്‌ എന്നു വിളിക്കുന്നു - എന്നു ഞാനൊരു പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മറുപടി വരുന്നത്‌ ഗുജറാത്തിന്റെ പേരിലുള്ള ന്യായീകരണമാണ്‌ !. താങ്കളും കണ്ടതാണത്‌. വഡോദരയില്‍ നിന്ന്‌ ഗോധ്രയിലേക്കും അവിടുന്ന്‌ അയോദ്ധ്യയിലേക്കും അതും കടന്ന്‌ അറേബ്യയിലേക്കും അങ്ങനെയങ്ങനെ വേരുകള്‍ തേടി അലയുന്നതിനും ന്യായീകരണങ്ങള്‍ കണ്ടെത്തി വശംകെടുന്നതിനുമിടയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വച്ച്‌, മതിയാക്കാം എന്നു ധൈര്യപൂര്‍വ്വം വിചാരിച്ചുകൊണ്ട്‌ നമുക്കു ചോദിച്ചു കൂടേ - "സോ വാട്ട്‌?" എന്ന്‌. 'ആണെങ്കിലെന്ത്‌?' എന്ന്‌.

ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു തിരുത്താനോ രണ്ടാമത്തേതിനെ ആദ്യത്തേതു വച്ചു ന്യായികരിക്കാനോ കഴിയില്ലെന്നു പറഞ്ഞ വാജ്‌പേയി, ആര്‍.എസ്‌.എസ്‌. ശാഖയിലൂടെ വാര്‍ത്തെടുക്കപ്പെട്ട വ്യക്തിത്വത്തിനുടമയാണ്‌ എന്നതു കൊണ്ടു മാത്രം നമുക്കാ വാക്കുകളെ വിരോധപൂര്‍വ്വം അവഗണിക്കാതിരിക്കാം. എനിക്കു തോന്നുന്നത്‌ ആ വാക്കുകള്‍ക്കൊരു ശക്തിയുണ്ടെന്നാണ്‌. അങ്ങനെ വിശ്വസിക്കുന്നതിന്റെ പേരില്‍, എന്റെയൊരു സുഹൃത്ത്‌ പണ്ട്‌ 'കിളവന്‍ നായ' എന്നു വിളിച്ചാക്ഷേപിച്ച വാജ്‌പേയി പറഞ്ഞതു ശരിവയ്ക്കുന്നുവെന്നതിന്റെ പേരില്‍, ആരെങ്കിലുമെന്നെ ഭര്‍ത്സിക്കാന്‍ തുനിഞ്ഞാല്‍ ആ ശാപവചനങ്ങള്‍ ഒരു അംഗീകാരമായി ഞാന്‍ അഭിമാനപൂര്‍വ്വം നെഞ്ചിലേറ്റും.