Thursday, November 15, 2007

മാര്‍ക്സിസ്റ്റ്‌ ശൈലി(യുടെ)യിലുള്ള ചില "പ്രകടന"ങ്ങള്‍

ബ്ലോഗിലെന്നല്ല - എവിടെയാണെങ്കിലും ശരി - രാഷ്ട്രീയം പറഞ്ഞാല്‍ നമുക്ക്‌ എല്ലാവരേയും സന്തോഷിപ്പിക്കാന്‍ പറ്റില്ല. ചിലര്‍ക്ക്‌ തീര്‍ച്ചയായും മുഷിയുക തന്നെ ചെയ്യും. തുടര്‍ന്നുണ്ടായേക്കാവുന്ന അസുഖകരമായ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കാനാണ്‌ നാട്ടിന്‍പുറങ്ങളിലുള്ള കടകളില്‍ "ദയവായി രാഷ്ട്രീയം പറയരുത്‌" എന്നൊരു ബോര്‍ഡു തൂക്കിയിട്ടുള്ളത്‌.

ബ്ലോഗ്‌ പോസ്റ്റാണെങ്കില്‍, കമന്റുകളുടെ രൂപത്തിലാണ്‌ കേള്‍വിക്കാരുടെ മുഷിവ്‌ പുറത്തുവരുന്നത്‌. ചങ്ങനാശ്ശേരി സംഭവം സി.പി.എം. തെറ്റായി കൈകാര്യം ചെയ്തതിനേപ്പറ്റിയുള്ള എന്റെ പോസ്റ്റ്‌ രാജുമോന്‍ എന്നൊരു ബ്ലോഗറെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്‌. സ്വന്തമായി ഒരു പ്രൊഫൈല്‍ പോലും ഉണ്ടാക്കാന്‍ ഇതു വരെ കഴിയാതിരുന്ന അദ്ദേഹം വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത പലതും എടുത്തിടാന്‍ നോക്കി പരാജയപ്പെട്ടു. എന്നാല്‍ സ്ഥിരോത്സാഹിയായ അദ്ദേഹമിപ്പോള്‍ വീണ്ടും 'പിടിച്ചോ' എന്ന പേരില്‍ മറ്റൊരു പ്രോഫൈല്‍ ഉണ്ടാക്കി പുതിയൊരു വിഷയം അവതരിപ്പിച്ച്‌ മറുപടി പറയാന്‍ എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്‌.

ഇനിമുതല്‍ അവഗണിക്കാമെന്നു കരുതിയിരുന്നയാളാണ്‌. ഇതിനു കൂടി മറുപടി കൊടുത്തിട്ടാവട്ടെ എന്നു വച്ചു.

-------------
തിരുവനന്തപുരത്ത്‌ പലകേസുകളിലും പ്രതിയായ ശോഭന എന്നൊരു സ്ത്രീ ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ മറ്റൊരു സ്ത്രീയുമായി കശപിശയുണ്ടാക്കിയത്രേ. (അവര്‍ മദ്യപിച്ചിരുന്നതായും പറയുന്നുണ്ട്‌). അതിനിടെ അതുവഴി കടന്നുപോകുകയായിരുന്നു ഒരു ബി.ജെ.പി. പ്രകടനത്തിനിടയിലേക്കു അവര്‍ കയറി. അപ്പോള്‍ പ്രകോപിതനായി പുറകില്‍ നിന്നെത്തിയ ഒരു പ്രകടനക്കാരന്‍ അവരെ ചവിട്ടിവീഴ്ത്തി. അത്‌ അയാള്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തു പോകുന്നതിനിടയാക്കി. അതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ദേശാഭിമാനിയൊക്കെ അവസരം മുതലെടുക്കുവാനുള്ള അമിതാവേശത്തിനിടെ ചില നുണകളവതരിപ്പിച്ച്‌ നാണം കെട്ടതുമാണ്‌. ആ സംഭവത്തിന്റെ വീഡിയോ ദൃശ്യമാണ്‌ എന്നോട്‌ "പിടിച്ചോ" എന്നു പറഞ്ഞിരിക്കുന്നത്‌. "ഇതേക്കുറിച്ച്‌ എന്തുപറയുന്നു? - ങേ? ങേ?" എന്നൊരു ചോദ്യവും.

എന്തായിരുന്നു സത്യത്തില്‍ സംഭവിച്ചത്‌ എന്നു പൂര്‍ണ്ണ വിവരമില്ലാതിരിക്കെ ആ വീഡിയോ കിട്ടിയത്‌ വളരെ അനുഗ്രഹമായി. കുറേ തെറ്റിദ്ധാരണകള്‍ മാറിക്കിട്ടി.

സൂര്യാവാര്‍ത്തകളുടെ ഒരു ക്ലിപ്പിംഗ്‌ ആണു കൊടുത്തിരിക്കുന്നത്‌. വീഡിയോ ദൃശ്യങ്ങള്‍ കാണാതെ ഓഡിയോ കേള്‍ക്കുക മാത്രം ചെയ്യുന്നൊരാള്‍ക്കു കിട്ടുന്ന വിവര‍ങ്ങള്‍ ഇങ്ങനെ.

(1) ബി.ജെ.പി. പ്രകടനത്തിനിടെ ഒരു സ്ത്രീയ്ക്കു "കൊടിയ മര്‍ദ്ദനമേറ്റു"

(2) പോലീസ്‌ സംഘത്തിന്റെ കണ്മുന്നില്‍ "ഇട്ടായിരുന്നു" "മര്‍ദ്ദിച്ച"ത്‌.

(3) പ്രകടനത്തിനു നേതൃത്വം നല്‍കിയ നേതാക്കള്‍ പ്രവര്‍ത്തകന്റെ മര്‍ദ്ദനമുറയ്ക്കു സാക്ഷ്യം വഹിച്ചെങ്കിലും ആരും പ്രതികരിച്ചു കണ്ടില്ല.

"നേര്‌ നേരത്തെ അറിയിക്കുന്ന" പത്രത്തിലും ഏതാണ്ട്‌ ഇതുപോലൊക്കെയുള്ള വാക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്‌.

ദൈവമേ ഇടിച്ച്‌ ഇഞ്ചപ്പരുവമാക്കിയ മട്ടുണ്ട്‌! എനിക്കതു വളരെ ദു:ഖമുണ്ടാക്കിയിരുന്നു. സ്ത്രീയനുഭവിക്കേണ്ടി വന്നിട്ടുണ്ടാകാവുന്ന യാതനയോര്‍ത്തും എനിക്ക്‌ അനുഭാവമുള്ള പാര്‍ട്ടിക്ക്‌ അത്‌ അപകീര്‍ത്തിയുണ്ടാക്കുമല്ലോ എന്നോര്‍ത്തും ഞാന്‍ വിഷമിച്ചിരുന്നു.

ഒരല്‍പം സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ നടന്ന ഹര്‍ത്താല്‍ കൂടിയായതുകൊണ്ട്‌ പ്രകടനത്തിനിടെ മര്‍ദ്ദനമുണ്ടായാല്‍ അതല്‍പം കടുത്തുപോയിട്ടുണ്ടാകും എന്നു ഞാന്‍ പ്രതീക്ഷിച്ചു ഭയപ്പെട്ടു. കാരണമിതാണ്‌ - നമ്മുടെ കേരളത്തില്‍, വെറുതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിനില്‍ക്കുമ്പോള്‍ ഒരു മര്‍ദ്ദനമുണ്ടായാല്‍പ്പോലും ദാ ഇതാണു ശൈലി. അടികിട്ടുന്നയാള്‍ ശ്വാസത്തിനു വേണ്ടി വിഷമിക്കുകയാണ്‌.


അതിനടുത്തുനിന്നുകൊണ്ട്‌ മറ്റൊരാള്‍ വാങ്ങിച്ചു കൂട്ടുന്നത്‌ ദാ ഇങ്ങനെ.
അതു സാരമില്ല - അതൊക്കെ അങ്ങു വടക്കല്ലേ - തിരുവനന്തപുരത്ത്‌ പ്രശ്നമുണ്ടാകില്ല എന്ന്‌ ആശ്വസിക്കാനും കഴിയില്ല. കാരണം - തിരുവനന്തപുരത്തുള്ള ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈപ്രയോഗം ദാ ഇങ്ങനെയൊക്കെയാണ്‌.

ഇതൊക്കെയോര്‍ത്ത്‌ വളരെ ടെന്‍ഷനടിച്ചിരുന്നു ഞാന്‍. എന്നാല്‍, വിശദമായ വീഡിയോ കാണാനായത്‌ അനുഗ്രഹമായി.

അതില്‍ ഞാന്‍ കണ്ടത്‌ ഇതാണ്‌. റോഡരികില്‍ നിന്ന രണ്ടു സ്ത്രീകളിലൊരാള്‍ പ്രകടനത്തിനിടയിലേക്ക്‌ ദുരൂഹമായ ഏതോ പ്രേരണയാല്‍ കടക്കുന്നു. (ഒരു വഴിയാത്രക്കാരി അബദ്ധവശാല്‍ റോഡു മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണെന്നൊക്കെ സൂര്യ പറയുന്നതു വീഡിയോ കണ്ടാല്‍ തോന്നില്ല) എന്തു കാരണമായാലും ശരി തുടര്‍ന്ന്‌ ഒരാള്‍ അവരെ ചിവിട്ടി വീഴ്ത്തുന്നതും പുറത്തുപോകാനാവശ്യപ്പെടുന്നതും കാണാം. വളരെ മോശമായിപ്പോയി ആ പ്രവൃത്തി. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെടാന്‍ മാത്രമല്ല - അറസ്റ്റുതന്നെ അര്‍ഹിച്ച കുറ്റം തന്നെയാണത്‌. വീണസ്ത്രീ ഉടന്‍ തന്നെയെഴുന്നേറ്റ്‌ പോവുകയും ചെയ്തു. എല്ലാം രണ്ടുമൂന്നു സെക്കന്റുകള്‍ക്കുള്ളില്‍ കഴിഞ്ഞു.

എത്ര പ്രകോപനമുണ്ടായാലും ശരി - കാണിച്ചതു തികഞ്ഞ പോക്രിത്തരമായി. അതിനെ അങ്ങനെ തന്നെയാണു പാര്‍ട്ടി എടുത്തതും. ഉടന്‍ തന്നെ അയാള്‍ പാര്‍ട്ടിക്കു പുറത്താകുകയും ചെയ്തു.

ജയകൃഷ്ണന്‍ മാഷ്‌ വധിക്കപ്പെട്ട കാലമാണ്‌ ഞാന്‍ പെട്ടെന്നോര്‍ത്തു പോയത്‌. ആ സംഭവം നടന്ന അന്നു തന്നെ മറ്റൊരു ബി.ജെ.പി. പ്രവര്‍ത്തകന്‍ കൂടി കൊല ചെയ്യപ്പെട്ടിരുന്നു. അതേക്കുറിച്ചു ചോദിച്ചപ്പോള്‍ "അവരെ ഉന്‍മൂലനം ചെയ്യാനായി ഞങ്ങള്‍ ഏതറ്റം വരെ പോകാനും മടിക്കില്ല" എന്ന മട്ടിലാണ്‌ ഒരു സി.പി.എം. നേതാവ്‌ പറഞ്ഞത്‌. ദൈവാധീനം കൊണ്ട്‌ അത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പരാമര്‍ശങ്ങളൊന്നുമല്ല ഇവിടെ ബി.ജെ.പി. നേതാക്കളില്‍ നിന്നുണ്ടായത്‌ എന്നു ഞാനോര്‍ത്തു. പ്രതികളെ രക്ഷിച്ചു കൊണ്ടു വന്ന്‌ സ്വീകരിച്ചാനയിച്ചപ്പോളും സീനിയറായ സി.പി.എം. നേതാക്കന്മാരടക്കം ചെന്ന്‌ മാലയിട്ട്‌ ആലിംഗനം ചെയ്യുകയാണുണ്ടായത്‌. ഇവിടെ ക്രൂരമായ കൊലപാതകമൊന്നുമല്ലാഞ്ഞിട്ടുകൂടി കുറ്റം ചെയ്തവനെ കുറ്റക്കാരനായിത്തന്നെ പരിഗണിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.

വീഡിയോ ഒരിക്കല്‍ക്കൂടി കണ്ടു നോക്കി. സത്യം പറഞ്ഞാല്‍, "കൊടിയ മര്‍ദ്ദനമേറ്റു" എന്നു പറയുന്നതൊന്നും അവിടെ കണ്ടില്ല. 'പോലീസുകാരുടെ മുന്നിലിട്ടു മര്‍ദ്ദിച്ചു' എന്നു പറഞ്ഞിരിക്കുന്നതും തെറ്റു തന്നെയാണ്‌. ചവിട്ടി വീഴ്ത്തി എന്നു പറയുന്നതും 'ഇട്ട്‌ കൊടിയ മര്‍ദ്ദനമേല്‍പ്പിച്ചു' എന്നു പറയുന്നതും തമ്മില്‍ അര്‍ത്ഥവ്യത്യാസം ഏറെയാണ്‌.

"പ്രകടനം നയിച്ചുകൊണ്ടിരുന്ന നേതാക്കള്‍ മര്‍ദ്ദനമുറയ്ക്കു സാക്ഷ്യം വഹിച്ചു - പക്ഷേ അനങ്ങിയില്ല" എന്നൊക്കെ പറഞ്ഞുകളഞ്ഞതും ശുദ്ധ കളവാണെന്നു ബോദ്ധ്യമായി. പ്രകടനത്തിനു മുന്നിലല്ല - ഇടയിലാണു പ്രശ്നമുണ്ടായത്‌. അതിനടുത്തുണ്ടായിരുന്ന എട്ടു പത്തുപേരല്ലാതെ മറ്റാരും സംഗതി അറിഞ്ഞിട്ടുതന്നെയില്ലെന്ന്‌ നൂറുശതമാനം ഉറപ്പ്‌. രണ്ടു മൂന്നു സെക്കന്‍ഡുകള്‍ക്കകം എല്ലാം കഴിഞ്ഞ്‌ ആ സ്ത്രീ അവിടുന്നെഴുന്നേറ്റു പോകുകയും ചെയ്തപ്പോള്‍ പെട്ടെന്നുണ്ടായ അമ്പരപ്പിലും അതുപോലൊരു സാഹചര്യത്തിലും ഏതൊരാളും ചെയ്യുന്നതുപോലെയാണ്‌ അവര്‍ പെരുമാറിയതും.

അപ്പപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്ന ദൃശ്യത്തിനൊപ്പം തന്നെ എരിവുകൂട്ടാനായി നടക്കാത്ത കാര്യങ്ങള്‍ പറയാന്‍ പോലും ദൃശ്യമാദ്ധ്യമങ്ങള്‍ മുതിരുമെങ്കില്‍പ്പിന്നെ അച്ചടി മാദ്ധ്യമങ്ങളുടെ കാര്യം പറയാനുണ്ടോ? "ബി.ജെ.പി. പ്രകടനത്തിനിടയില്‍ ചവിട്ടേറ്റ സ്ത്രീയുടെ നില ഗുരുതരം - പരിക്കില്‍ ദുരൂഹത" എന്ന തലക്കെട്ടിലൊക്കെ ദേശാഭിമാനി രണ്ടു ദിവസത്തിനകം വാര്‍ത്ത നിരത്തി. അതു പക്ഷേ ഇതുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു സംഭവമായിരുന്നു. ഗുരുതരമല്ലാത്ത, ദുരൂഹതയില്ലാത്ത ഒന്നായിരുന്നു അത്‌. മറ്റൊരു സ്ത്രീ ശോഭനയെ തലയ്ക്കടിച്ചു പരിക്കേല്‍പിക്കുകയായിരുന്നു. അവരെ അറസ്റ്റും ചെയ്തു. ശോഭനയ്ക്കെതിരെയും നിലവിലുണ്ടത്രെ മൂന്നു പോലീസ്‌ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകള്‍.

ഇതെല്ലാം മറച്ചുവച്ചു കൊണ്ട്‌ ബി.ജെ.പി. വിരുദ്ധമാദ്ധ്യമങ്ങള്‍ അവര്‍ക്കു വീണു കിട്ടിയ ഒരു സംഭവം ആഘോഷമാക്കുകയായിരുന്നു എന്നു വ്യക്തം. അങ്ങനെ നോക്കുമ്പോള്‍, ആ വീഡിയോ ലഭ്യമായതു വളരെ നന്നായി. നടന്ന കാര്യങ്ങള്‍ ആരും നിഷേധിക്കുന്നുമില്ല - നടക്കാത്ത കാര്യങ്ങളേ നിഷേധിച്ചിട്ടുള്ളൂ എന്നതിന്‌ ഇതില്‍പ്പരം തെളിവുവേണ്ട എന്നതിനാല്‍.

*****************
ഇവിടെ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ ഒരു തെറ്റു ചെയ്തു എന്നതു ശരിയാണ്‌. പാര്‍ട്ടി അതു വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തു. അതൊക്കെ ചൂണ്ടിക്കാട്ടി രാജുമോനേപ്പോലെയുള്ളവര്‍ എന്നെ പ്രതിരോധിക്കാന്‍ വരുന്നത്‌ എനിക്കൊരു തമാശയാണ്‌. അതും സി.പി.എം. അനുഭാവം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള രാജന്‍!

സി.പി.എമ്മിന്റെ ചില പ്രകടനങ്ങള്‍ മാത്രമാണ്‌ മുകളില്‍ കണ്ടത്‌. ഇതിലും എത്രയോ അധികം ഉദാഹരണങ്ങള്‍ ഉണ്ട്‌?

സ്ത്രീകളേയും അവര്‍ വെറുതേ വിടാറില്ലല്ലോ. പണ്ട്‌ സമരാഹ്വാനം അവഗണിച്ച്‌ ജോലിക്കെത്തിയ വനിതകളുടെ മുഖത്തു കരിയോയിലൊഴിച്ചതടക്കം എത്രയോ എണ്ണം. വിനീത കോട്ടായിയൊക്കെ പോകട്ടെ - കഴിഞ്ഞയാഴ്ച സാക്ഷാല്‍ മേധാപട്ക്കറെ വരെ മര്‍ദ്ദിച്ച്‌ വസ്ത്രാക്ഷേപത്തിനൊരുങ്ങിയില്ലേ അവര്‍?

അതു മാത്രമോ? "തിരിച്ചുപിടിക്ക"ലിനിടയില്‍ ഒരു സ്ത്രീയുടെ രണ്ടുകാലിലും വെടിവച്ചു വീഴ്ത്തിയിട്ട്‌ അവളെ..........ഛെ...പറയാന്‍ തന്നെ മടിയാകുന്നു. വെറുതെ നിര്‍ബന്ധിക്കാതിരിക്കൂ രാജുമോന്‍...പ്ലീസ്‌.

ഇതൊക്കെയൊന്നു കണ്ടു നോക്കൂ. എന്നെ വിട്ടേക്കൂ..ദയവായി.





വാല്‍ക്കഷണം:-
ഈ പോസ്റ്റിനിടയാക്കിക്കൊണ്ട്‌ രാജുമോന്‍ ഇട്ട കമന്റിലെ വീഡിയോയുടെ ലിങ്ക്‌ ഇവിടെ.