Monday, May 26, 2014

സച്ചിദാനന്ദന്റെ കവിതയ്ക്കു മറുപടി

ആരോഹണത്തിലെ ആശങ്കകൾ - ഒരു കവിയുടെ വിലാപം.


('പാടില്ല' എന്ന വിവാദമായ മോദിവിരുദ്ധകവിത യ്ക്കു മറുപടി)


വൃഥാവിലായീ 'കന്മതിൽ', കന്യാ
കുമാരി, കാശ്മീരെമ്പാടും
അവിശ്രമം ഭാരതത്തിലെങ്ങും
'അവൻ' നടന്നിട്ടിന്നൊടുവിൽ
അവന്റെ നന്മയുമവന്റെ വൈഭവ-
മവനേ രാജ്യം നെഞ്ചേറ്റി!

എന്തെഴുതീടാനെന്തുരചെയ്യാ-
നെന്തിനി മേലിൽ കരണീയം?
അന്തസ്സായൊരു ജനവിധിയോടവ-
നിന്ത്യ ഭരിക്കാനെത്തുമ്പോൾ
അന്തം വിട്ടു പുലമ്പാമല്ലാ-
തെന്തിനി മേലിൽ കരണീയം?

അടിവച്ചങ്ങനെ വന്നിട്ടൊടുവിൽ
അവനാ സിംഹാസനമേറി!
അവൻ വരുന്നെന്നല്ലാ- വന്നൂ
അവന്റെ യുഗമാണിനി മേലിൽ!

അവനൊരു 'മൃഗ'മെന്നിനിയും ചൊന്നാ-
ലവജ്ഞ കിട്ടും അതു നൂനം.
അവനെ ശപിച്ചാലാളുകൾ പറയും
"കവിയൊരു കേവല കൃമികീടം!
അവന്റെ തുമ്മലിൽ ആഞ്ഞുതെറിക്കും
അതിനും ചെയ്യണമൊരു പുണ്യം!"
എന്തെഴുതീടാനെന്തുരചെയ്യാ-
നെന്തിനി മേലിൽ കരണീയം?

പത്തിമടക്കാം, വിഷമൂറ്റാം, ഒരു
പൊത്തിലൊളിക്കാം വൈകാതെ.
അവന്റെ യുഗമാണിനിമേൽ, നാട്ടിൽ
അവൻ നയിക്കും സൽഭരണം!
അവൻ പറഞ്ഞിടു-മനുസ്സരിക്കാൻ
അനവധിയാളുകൾ വരി നിൽക്കും.

"കന്മതിലാക്കിയൊരിച്ഛ"യുമായി-
ത്തിന്മ പടർത്താൻ ചെന്നെന്നാൽ
വന്മതിലായി നിരന്നീ നാടിൻ
പൊന്മകനേകും രക്ഷയവർ.
ആളുകളായിരമായിരമൊന്നി-
ച്ചാളിക്കത്തും ജനരോഷം
അതിലടിപതറിച്ചെന്നെത്തീടും
അറബിക്കടലിൽ വിഷകാവ്യം.

അകന്നുമാറാം ദുരയും ദ്വേഷവു-
മിനിയും മാറ്റാൻ മടിയെങ്കിൽ
അതല്ല നമ്മുടെ തിമിരം മാറ്റീ-
ട്ടകം തുറക്കാൻ മനസ്സെങ്കിൽ
അടുത്തു നിൽക്കാം കാണാം - ചെന്നി-
ട്ടവന്റെ ചെയ്തികൾ മടിയാതെ.

അവശരുമാർത്തരുമാകുന്നോർക്കിനി
യവൻ ചമയ്ക്കും പുതുസ്വർഗ്ഗം.
അശരണജീവിതദൈന്യങ്ങൾ തീർ-
ത്തവൻ നിറയ്ക്കും പുതുജീവൻ.
അവനിയിലെവിടെയുമടിപെട്ടോരിനി-
യവന്റെ വാക്കിനു കാതോർക്കും.
അവൻ വരുന്നെന്നല്ലാ - വന്നൂ
അവന്റെ യുഗമാണിനി മേലിൽ!

അടിവച്ചങ്ങനെ വന്നിട്ടൊടുവിൽ
അവനാ സിംഹാസനമേറി!
അവൻ വരുന്നെന്നല്ലാ- വന്നൂ
അവന്റെ യുഗമാണിനി മേലിൽ!