Monday, March 24, 2008

പോലീസ്‌ യൂണിഫോമിന്റെ നിറം മാറ്റണമോ?

ഒന്ന്‌

സേവനസന്നദ്ധതയുടെ പ്രതീകമായി കാക്കിനിറം പൊതുവെ കണക്കാക്കപ്പെടുന്നുണ്ട്‌. ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ജനസേവനം നടത്തുന്നവര്‍ - സേവനത്തിനു സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍ - എല്ലാവരും തങ്ങളുടെ യൂണിഫോമിന്റെ ഭാഗമായി കാക്കി നിറം ഉള്‍പ്പെടുത്തിക്കാണാറുണ്ട്‌.

ചുവപ്പു നിറം പൊതുവെ അപകടത്തിന്റേയും 'അരുത്‌' എന്ന സൂചനയുടേയും പ്രതീകമായി ഉപയോഗിക്കപ്പെട്ടു കാണുന്നു.

വിദേശരാജ്യങ്ങളിലും മറ്റും - നിയമപാലനത്തിനുമപ്പുറത്തുള്ള പല ഉത്തരവാദിത്തങ്ങളും പോലീസിനുണ്ടെന്നും - പല അടിയന്തിരഘട്ടങ്ങളിലും സേവനസന്നദ്ധരായി ആദ്യമെത്തേണ്ടുന്നവര്‍ അവരാണെന്നും പറയപ്പെടുന്നു. നമ്മുടെ പോലീസ്‌ സേനയേയും ജനസേവകരായിട്ടു തന്നെയാണു നാം കണക്കാക്കുന്നതെങ്കില്‍, അവര്‍ക്ക്‌ ഇപ്പോളുള്ള കാക്കി യൂണിഫോം തന്നെയാവും നല്ലത്‌. അതല്ല - ഭയപ്പെടേണ്ടുന്നവരായി അവരെ ചിത്രീകരിക്കണമെന്നുണ്ടെങ്കില്‍ മാത്രമേ ഒരു ചുവപ്പു യൂണിഫോം നിര്‍ദ്ദേശിക്കേണ്ടതുള്ളൂ.

രണ്ട്‌
കര്‍ത്തവ്യനിര്‍വ്വഹണത്തിലെ കാര്യക്ഷമതയുടെ കാര്യത്തില്‍ കേരളാപോലീസ്‌ ഇപ്പോളും മുന്‍പന്തിയില്‍ത്തന്നെയാണെന്നുള്ളതിനു സംശയം വേണ്ട. കഴിവുള്ള ഉദ്യോഗസ്ഥരും കുറ്റമറ്റ സംവിധാനങ്ങളുമൊക്കെയായി ഒന്നാന്തരം പോലീസ്‌ സേന തന്നെയാണ്‌ നമുക്കുള്ളത്‌. ആക്ഷേപങ്ങള്‍ക്ക്‌ ഇതുവരെ അവസരമുണ്ടായിട്ടില്ലെന്നല്ല. പക്ഷേ അത്തരം സംഭവങ്ങളില്‍ ഏതാണ്ട്‌ മുഴുവനിലും, ബാഹ്യമായ ഇടപെടലുകളാണ്‌ പ്രശ്നമുണ്ടാക്കിയിട്ടുള്ളതെന്നു കാണാം. പോലീസിനു കൂച്ചുവിലങ്ങിടുന്ന രാഷ്ട്രീയ നേതൃത്വം തന്നെയാണ്‌ മുഖ്യമായും പ്രതിസ്ഥാനത്ത്‌.

മൂന്ന്‌
കണ്ണൂരിലേയും ചങ്ങനാശ്ശേരിയിലേയും മറ്റും സംഭവങ്ങളുടെ വെളിച്ചത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചോദ്യമിതാണ്‌.

"ഇടതുഭരണത്തിന്‍കീഴില്‍ കേരളാ പോലീസ്‌ സമ്പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞോ?"

"ഇല്ലേയില്ല" എന്നുതന്നെയാണുത്തരം.

കണ്ണൂരില്‍, കലാപം നടത്തുന്നതിനുള്ള അനുകൂലസാഹചര്യമൊരുക്കാനായി അനേകം പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റേണ്ടിവന്നുവെങ്കില്‍ അതിനര്‍ത്ഥം രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്ര്യത്തിനു വഴങ്ങാനൊരുക്കമല്ലാത്ത ഉദ്യോഗസ്ഥര്‍ ഇപ്പോളും സേനയിലുണ്ടെന്നു തന്നെയാണ്‌.

ചങ്ങനാശേരിയില്‍, ആയുധങ്ങളുമായി അറസ്റ്റുചെയ്യപ്പെട്ട SFI/DYFI പ്രവര്‍ത്തകരെ വിട്ടയക്കേണ്ടി വന്നതും പോലീസ്‌ രേഖകള്‍ തിരുത്തേണ്ടിവന്നതുമെല്ലാം വെളിയില്‍ കൊണ്ടുവന്നതും പോലീസുകാര്‍ തന്നെ.

അപ്പോള്‍ - ബംഗാളിലെ സ്ഥിതിവിശേഷമല്ല ഇവിടെയുള്ളതെന്നുറപ്പ്‌. നന്ദിഗ്രാമില്‍ വ്യാപകമായ അക്രമം നടത്താന്‍ സി.പി.എം. കേഡര്‍മാരെ പോലീസുകാര്‍ എങ്ങനെയല്ലാം സഹായിച്ചുവെന്നു പത്രങ്ങള്‍ വിശദമായി എഴുതിയിരുന്നതാണ്‌. പടയൊരുക്കത്തിനിടെ, സേനയിലുള്ള തങ്ങളുടെ ആധിപത്യം ആഘോഷിക്കാനെന്നോണം പോലീസ്‌ ഔട്ട്‌പോസ്റ്റില്‍ പാര്‍ട്ടിക്കൊടി ഉയര്‍ത്താന്‍ പോലും മടിക്കാതിരുന്നതിന്റെ കഥ മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെയും പുറത്തു വന്നിരുന്നു.
കേരളത്തില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്‌. മുന്നണി സംവിധാനങ്ങളുടെ ബലത്തില്‍ ഇടയ്ക്കിടയ്ക്ക്‌ അധികാരം പങ്കിടുവാന്‍ സാധിക്കുന്നുണ്ടെന്നല്ലാതെ, ചോദിക്കാനാരുമില്ലാത്തൊരു സ്ഥിതി കേരളത്തിലില്ല. ഇനിയൊട്ടുണ്ടാകുമെന്നും തോന്നുന്നില്ല.

നാല്
കേരളത്തില്‍ സി.പി.എമ്മുകാരെ അറസ്റ്റുചെയ്യുവാന്‍ പൊതുവെ പോലീസ്‌ മടികാണിക്കുന്നുണ്ടോ? ഇക്കാര്യത്തില്‍ - കണ്ണൂര്‍/ചങ്ങനാശ്ശേരി ശൈലി മറ്റിടങ്ങളിലുണ്ടോ?

ഇല്ല.

അഥവാ ആരെങ്കിലും അറസ്റ്റു ചെയ്യപ്പെട്ടാല്‍ ഉടന്‍തന്നെ ഉന്നതങ്ങളില്‍ നിന്ന്‌ നേരിട്ടെത്തുന്ന നിര്‍ദ്ദേശപ്രകാരം അവര്‍ വിട്ടയക്കപ്പെടുന്നുണ്ടോ? എല്ലായ്പ്പോഴും? ഇക്കാര്യത്തിലും - കണ്ണൂര്‍/ചങ്ങനാശ്ശേരി ശൈലി മറ്റിടങ്ങളിലുണ്ടോ?

ഇല്ല.

ഏറ്റവും അടുത്ത നാളുകളിലെ ചില പത്രവാര്‍ത്തകള്‍ തന്നെ അതിനു തെളിവ്‌.

രണ്ടാഴ്ച മുമ്പു നടന്ന ഒരു അറസ്റ്റു വിവരം ചുവടെ.
പോലീസ്‌ അറസ്റ്റിനു മടിച്ചില്ല എന്നത്‌ ഒരു കാര്യം. നേതാക്കള്‍ ആദ്യം തന്നെ ഇടപെടുന്നതിനു പകരം താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ നേരിട്ടാണ്‌ മോചനത്തിനു മുന്‍കൈയെടുത്തത്‌ എന്നത്‌ മറ്റൊന്ന്‌. മുന്‍പു കൊടുത്ത രണ്ടാരോപണങ്ങളും തികച്ചും തെറ്റാണ്‌.

മേല്‍പ്പറഞ്ഞത്‌ ഒരു ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞു തള്ളിക്കളയാനും വയ്യ. കഴിഞ്ഞ മാസം നടന്ന മറ്റൊരു അറസ്റ്റു വിവരം ഇങ്ങനെ.
ഇവിടെയും അറസ്റ്റു നടന്നു - പ്രവര്‍ത്തകര്‍ നേരിട്ടു കയ്യാങ്കളി നടത്തിയാണ്‌ മോചിപ്പിച്ചതും. ഉന്നത നേതൃത്വത്തിന്റെ ഇടപെടലുകളെ പഴിക്കുവാന്‍ ഇവിടെ അവസരമില്ല.

അറസ്റ്റിനു ശേഷം മാത്രമല്ല - അറസ്റ്റുണ്ടായേക്കാം എന്നൊരവസ്ഥയുണ്ടെങ്കില്‍, മുന്‍കൂട്ടിത്തന്നെ പോലിസിനെ ആക്രമിക്കുന്ന പരിപാടിയുമുണ്ട്‌. അതു നടന്നതും കഴിഞ്ഞമാസം.
എന്തുകാര്യത്തിനും പോലീസിനെ കുറ്റപ്പെടുത്തുന്നതിനു മുമ്പ്‌ മലയാളികള്‍ ഓര്‍ത്തിരിക്കേണ്ടതായ അനേകം സംഗതികള്‍ വേറെയുമുണ്ട്‌.

'പാര്‍ട്ടി ഓഫീസില്‍ കയറിയ പോലീസുകാര്‍ തിരിച്ചുപോയ ചരിത്രമില്ല' എന്ന്‌ മറ്റൊരു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ നേതാവു ഭീഷണിപ്പെടുത്തിയിട്ട്‌ മൂന്നുമാസമേ ആയിട്ടുള്ളൂ. വനിതാപോലീസിനെ തല്ലിയ തങ്ങളുടെ പ്രവര്‍ത്തകയ്ക്കും മറ്റുമുള്ള സ്വീകരണം ഉത്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു ആ പരാമര്‍ശം.

പോലീസ്‌സേന ഇതിനെല്ലാം ഇടയ്ക്കു കിടന്നു വെള്ളം കുടിക്കുകയും കയ്യുംകാലുമിട്ടടിക്കുകയുമാണ്‌ എന്നു ജനം കരുതിപ്പോയാല്‍ തെറ്റുപറയാനാവില്ല.

വെള്ളംകുടിയും കൈകാലടിയും ഒഴിവാക്കാന്‍ മാര്‍ഗ്ഗമൊന്നേയുള്ളൂ. നീന്തല്‍ പഠിക്കുക.
അതെന്തായാലും നല്ല നീക്കം തന്നെ. നടക്കട്ടെ. നന്നായി വരട്ടെ.

വാല്‍ക്കഷണം:-

പോലീസിനെതിരെ ഭരണമുന്നണിയില്‍ നിന്നു തന്നെ ശാരിരികമായും മാനസികമായും പീഢനങ്ങളും പരസ്യമായ പോര്‍വിളിയുമുണ്ടാകുന്നത്‌ സേനയുടെ ആത്മവീര്യം കെടുത്തുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

ഈയൊരു ഘട്ടത്തില്‍, നിയമപാലകരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത്‌ സാമൂഹ്യപ്രതിബദ്ധതയുള്ളവരുടെ കര്‍ത്തവ്യമായിത്തീരുകയാണ്‌.

അത്യന്തം ദുര്‍ഘടമായ ജോലിസാഹചര്യങ്ങളിലും ആത്മാര്‍ത്ഥതയോടെ ജോലിനോക്കുന്ന പോലീസ്‌ സേനാംഗങ്ങളേ - ഞങ്ങള്‍ നിങ്ങളെ നമിക്കുന്നു.

WE SALUTE YOU!
In fact, The Nation salutes you!