ഗുജറാത്തിലെയും ബംഗാളിലെയും മുസ്ലിം ജീവിതാവസ്ഥകള്‍ - സച്ചാര്‍ റിപ്പോര്‍ട്ടിലെ ചില കാണാപ്പുറങ്ങള്‍ എന്ന പേരില്‍ ഞാന്‍ എഴുതിയ പോസ്റ്റില്‍ 'വരരുചി' എന്നൊരു അനോണി സുഹൃത്ത് എഴുതിയ കമന്റിനുള്ള മറുപടിയാണിത്.
* * * * * * * * * * * * * * * *
>> [വരരുചി] നകുലന് ഒരു പക്ഷേ മോഡി കണ്‍ കണ്ട ദൈവായിരിക്കും.
[നകുലന്‍] വീണ്ടും അതേ ഏകമുഖ ചിന്ത! ഒരാളെ സംബന്ധിച്ചിടത്തോളം രണ്ട് ഓപ്ഷനേയുള്ളൂവെന്നാണോ? ഒന്നുകില്‍ മോഡി കണ്‍കണ്ട ദൈവം ആകണം. അല്ലെങ്കില്‍ ചെകുത്താനും. ഈ രണ്ട് "extremes" മാത്രമേ അനുവദിച്ചു തരികയുള്ളൂ എന്നമട്ടിലുള്ള സങ്കുചിതചിന്ത വച്ചുപുലര്‍ത്തുന്നവരോട് എന്തെങ്കിലും കാര്യം പറഞ്ഞു മനസ്സിലാക്കുക എന്നത് ശ്രമകരം തന്നെയാണ്.
വരരുചീ, എന്റെ കാര്യമാണെങ്കില്‍, എനിക്ക് മോഡിയോട് പ്രത്യേകിച്ച് വലിയ മമതയൊന്നുമുണ്ടായിരുന്നില്ല - അടുത്ത കാലം വരെ. അങ്ങേരെപ്പറ്റി വരുന്ന ചില വാര്‍ത്തകള്‍ മനപ്പൂര്‍വ്വം മറച്ചുപിടിക്കുന്ന മാദ്ധ്യമപ്രവൃത്തിയേപ്പറ്റിയുള്ള എന്റെ ചില നിഷ്പക്ഷാഭിപ്രായങ്ങള്‍ക്കു നേരേ പലരും പുച്ഛം മാത്രമല്ല ഭര്‍ത്സനവും നീട്ടിയപ്പോള്‍ സ്വാഭാവികമായും അതെന്റെ ജിജ്ഞാസ വളര്‍ത്തി. പിന്നീട് ഒരുതരം വാശിയോടെ തേടിപ്പിടിച്ചു കണ്ടെത്തിയ പലകാര്യങ്ങളും അങ്ങേരോടുള്ള എതിര്‍പ്പു കുറയ്ക്കാന്‍ കാരണമായിട്ടുണ്ടെന്നു സമ്മതിക്കുന്നു. എന്നു വച്ച് മോഡിയെന്നല്ല ഏതെങ്കിലുമൊരു വ്യക്തിയുടെ മുമ്പിലോ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ കൊടിക്കു മുമ്പിലോ അന്ധമായി തലച്ചോറ് പണയം വച്ച് താങ്കള്‍ കരുതുന്നതുപോലെ എന്തിനെയെങ്കിലും അന്ധമായി വെറുക്കാനോ അന്ധമായി അനുകൂലിക്കാനോ ഞാനൊരുക്കമല്ല. ഇതിനെ ഒരു തരം പ്രതിക്രിയാത്മകമായ മനപരിവര്‍ത്തനമായി കണ്ടാല്‍ മതി. മോഡി എന്നു പറഞ്ഞാലേ കാര്‍ക്കിച്ചു തുപ്പുന്നവര്‍, യാഥാര്‍ത്ഥ്യബോധത്തോടെയും അല്‍പമെങ്കിലും നിഷ്പക്ഷതയോടെയും കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ തയ്യാറാകാത്തവര്‍ എന്നിവരൊക്കെച്ചേര്‍ന്നാണ് മോഡിയെ താരമാക്കിയതും വീണ്ടും വീണ്ടും വളര്‍ത്തിക്കൊണ്ടേയിരിക്കുന്നതും എന്നാണ് എനിക്കു തോന്നുന്നത്.
>> [വരരുചി] നാല് ലക്ഷത്തോളം മനുഷ്യര്‍ക്ക് മോഡി ഇപ്പഴും ചെകുത്താനാണ്
[നകുലന്‍] അവര്‍ക്കങ്ങനെ കരുതാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് സച്ചാര്‍ റിപ്പോര്‍ട്ടിലെ മാദ്ധ്യമങ്ങള്‍ മറച്ചു വച്ച ഭാഗം ആരും തുറന്നു കാണിക്കരുതെന്നാണോ?
മോഡിയുമായും ഗുജറാത്തുമായും ബന്ധപ്പെട്ട പല വാര്‍ത്തകളും നമ്മുടെ മാദ്ധ്യമങ്ങള്‍ എത്രമാത്രം തമസ്ക്കരിക്കുന്നു എന്നതിനേപ്പറ്റി താങ്കള്‍ക്കൊരു പക്ഷേ വലിയ പിടിപാടില്ലായിരിക്കാം. എനിക്കതുണ്ട്. ബംഗാളിലെ സി.പി.എം മുഖ്യമന്ത്രി, പാര്‍ട്ടി മുഖപത്രമായ ഗണശക്തിയില്‍ എഴുതിയതാണ് - വികസനകാര്യത്തില്‍ നാം മോഡിയേക്കണ്ടു പഠിക്കേണ്ടതുണ്ട് എന്ന്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന കാര്യത്തില്‍ നാം ഗുജറാത്തില്‍ മോഡി നടപ്പാക്കിയ നയങ്ങള്‍ മാതൃകയാക്കണം എന്ന്. (You are a fool if you are not in Gujarath" എന്ന് രത്തന്‍ റ്റാറ്റ വ്യവസായ നിക്ഷേപകരെ ഉദ്ദേശിച്ച് പറഞ്ഞത് ബംഗാളിലെ കാര്യം കൂടി കണക്കിലെടുത്താണ് എന്നതൊക്കെക്കൊണ്ടു കൂടിയാവണം ബുദ്ധദേവ് അങ്ങനെ പറഞ്ഞത്. ഗണശക്തിയിലെ കുറിപ്പിനേക്കുറിച്ചുള്ള വാര്‍ത്ത വന്നിട്ട് ആഴ്ച ഒന്നേ ആകുന്നുള്ളൂ. താങ്കള്‍ ആ വാര്‍ത്ത കേട്ടിരുന്നോ?
എനിക്ക് തോന്നുന്നത് നമുക്കു മോഡിയോടു വിരോധമുണ്ടെങ്കില്‍, പുതിയൊരു പ്രതിഷേധരീതി പരീക്ഷിക്കാവുന്നതാണ് എന്നാണ്. ഗുജറാത്തില്‍പ്പോയി ജോലിചെയ്തു കുടുംബം പോറ്റുന്ന 12 ലക്ഷത്തോളം മലയാളികളുണ്ട്. മോഡിയോടുള്ള പ്രതിഷേധസൂചകമായി അവരോട് ജോലി മതിയാക്കി തിരിച്ചു വരാന്‍ പറയുക. നമുക്ക് അവര്‍ക്ക് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലോ ബംഗാളിലോ ജോലി കൊടുക്കാം. എന്തു പറയുന്നു? ചുരുങ്ങിയ പക്ഷം അവിടേയ്ക്കു വണ്ടി കയറിക്കൊണ്ടിരിക്കുന്നവരിലെ ഇടതുപക്ഷ അനുഭാവികളോടെങ്കിലും ഇവിടെ നില്‍ക്കാന്‍ പറയാവുന്നതാണ്.
(പിന്നെ, ചെകുത്താനായ മോഡിയുടെ പാര്‍ട്ടിയ്ക്ക് എന്തു കൊണ്ടു നിങ്ങളില്‍ ധാരാളം പേര്‍ വോട്ടു ചെയ്യുന്നു ഗുജറാത്തി മുസ്ലീങ്ങളേ എന്നുകൂടി ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. വെറുതെ അറിഞ്ഞു വയ്ക്കാനാണ്.)
>> [വരരുചി] നമ്മള്‍ പറയും ഗുജറാത്തിലെ മുസ്‌ലിം അവസ്ഥ മോഡി മുഖ്യമന്ത്രിയായതു കാരണം (അതാണല്ലോ ലേഖനം ഉയര്‍ത്തുന്ന ധ്വനി) ഏറെ ഉയര്‍ന്നതാണെന്ന്.
[നകുലന്‍] ഇത്രമാത്രം വികലമായൊരു വായനയാണ് താങ്കള്‍ നടത്തിയത് എന്നറിയുന്നതില്‍ ദു:ഖം തോന്നുന്നു വരരുചീ. പോസ്റ്റു മാത്രമേ വായിച്ചുള്ളോ? കമന്റുകള്‍ ഒഴിവാക്കിയോ? പോസ്റ്റു തന്നെ ശരിക്കു വായിച്ചില്ലേ? ഇത്തരം ആശയങ്ങള്‍ താങ്കള്‍ക്കെവിടെ നിന്നാണു കിട്ടുന്നത്? എന്റെ എഴുത്തിന്റെ പ്രശ്നമോ അതോ താങ്കളുടെ വായനയുടെ പ്രശ്നമോ? ഗുജറാത്ത് ഗവണ്മെന്റ് നടപ്പാക്കിയ പല പദ്ധതികളുടെയും ഗുണഭോക്താക്കളില്‍, അവിടുത്തെ മുസ്ലീങ്ങളും പെടും. അതുകൊണ്ടെന്ത്? ഒന്നുമില്ല. അതേക്കുറിച്ചുള്ള ഒരു ചര്‍ച്ച തന്നെ സത്യത്തില്‍ ഒരുതരം വര്‍ഗ്ഗീയചര്‍ച്ചയാണ്. ആ പദ്ധതികള്‍ മാത്രമാണ് ഗുജറാത്തി മുസ്ലീങ്ങളുടെ ഉയര്‍ന്ന സാക്ഷരതയ്ക്കും തൊഴില്‍പ്രാതിനിധ്യത്തിനുമൊക്കെ കാരണം എന്നു കരുതുന്നത് എന്തൊരു അബദ്ധമാണ്!
ഗുജറാത്തിനെ ഇടിച്ചു താഴ്ത്താനും അവിടുത്തെ മുസ്ലീങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ മനപൂര്‍വ്വം നിഷേധിക്കപ്പെടുകയാണെന്നു വാദിക്കാനും ഉത്സാഹിക്കുന്ന മാദ്ധ്യമങ്ങള്‍ ബംഗാളിന്റെ കാര്യത്തില്‍ മൗനം ദീക്ഷിക്കുന്നു എന്നതാണ് എന്റെ രചനയുടെ കാതല്‍. വളരെ വ്യക്തമായി പറഞ്ഞിരിക്കുന്ന അതൊക്കെ മനസ്സിലാവുന്നില്ല എന്നാണെങ്കില്‍, ദയവായി ഒന്നുകൂടി വായിച്ചു നോക്കൂ എന്ന് അപേക്ഷിക്കാണേ നിവൃത്തിയുള്ളൂ..
>> [വരരുചി] ഖുതുബുദ്ദീന്‍ അന്‍സാരിക്ക് അഭയം നല്‍കിയത് മാര്‍ക്സിസ്റ്റെന്ന് അവകാശപ്പെടുന്ന ബംഗാളിലാണ്
[നകുലന്‍] ഞാന്‍ പറയുമ്പോഴാണല്ലോ കുഴപ്പം. ഓ. അബ്ദുല്ലയുടെ ഒരു ലേഖനമുണ്ട്. കഴിയുമെങ്കില്‍ തപ്പിപ്പിടിച്ച് വായിക്കുക. ‘ഖുതുബുദ്ദീന്‍ അന്‍സാരിക്ക് ഒരു കടയിട്ടുകൊടുത്തതാണോ കമ്മ്യൂണിസ്റ്റുകള്‍ ചെയ്ത വലിയ കാര്യം?’ എന്നൊക്കെ ചോദിച്ചുകൊണ്ടും ബംഗാളിലെ മുസ്ലീങ്ങളുടെ ദുരവസ്ഥ വിവരിച്ചു കൊണ്ടും അദ്ദേഹം എഴുതിയിട്ടുണ്ട്.
(പിന്നെ, അന്‍സാരിയുടെ ആ ചിത്രം ദു:ഖിപ്പിക്കുന്നതും കലാപത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതുമാണ്. അതു നിങ്ങള്‍ മറന്നിട്ടുണ്ടാവും എന്നൊക്കെ താങ്കള്‍ പറയുന്നത് വികാരവിക്ഷോഭത്തില്‍ പറയുന്നതാണ് എന്നു ഞാന്‍ മനസ്സിലാക്കുന്നു)
>> [വരരുചി] മനുഷ്യന്റെ ചോര പവിത്രമാണെന്ന് വിശ്വസിക്കുന്ന ആര്‍ക്കും അതങ്ങ് മറക്കാനാവില്ല
[നകുലന്‍] “മനുഷ്യന്റെ ചോര പവിത്രമാണെന്നു വിശ്വസിക്കുന്ന ആര്‍ക്കും“ എന്നു പറഞ്ഞിരിക്കുന്നവരുടെ കൂട്ടത്തില്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ക്കു വേണ്ടി മറ്റുള്ളവരെ നിര്‍ദ്ദാക്ഷിണ്യം വെട്ടാനും കൊല്ലാനും തയ്യാറായി നടക്കുന്നവരേക്കൂടി പെടുത്തിയിട്ടുണ്ടെങ്കില്‍, പിന്നെ എനിക്കൊന്നും പറയാനില്ല. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.
>> [വരരുചി] ഗര്‍ഭിണിയുടെ വയറു കീറാനോ ഭ്രൂണം എരിയുന്ന ചിതയിലേക്കെറിയുവാനോ ഒരു ബി.ജെ.പിക്കാരനും ഇനിയും ധൈര്യമുണ്ടാവില്ലെന്നും ഓര്‍ക്കുന്നത് നന്ന്, ബംഗാളിലെങ്കിലും!
[നകുലന്‍] ഗര്‍ഭിണിയുടെ വയറു കീറിയ ബി.ജെ.പി.ക്കാരനെ താങ്കള്‍ക്കു നേരിട്ടറിയാമെന്നും ഗുജറാത്തില്‍ മുസ്ലീങ്ങളൊഴിച്ച് ബാക്കിയെല്ലാവരും ബി.ജെ.പി.ക്കാരാണെന്നുമുള്ള സ്ഥിതിക്ക് ബംഗാളില്‍ പേടിക്കേണ്ട എന്നതു വാസ്തവം തന്നെ! പക്ഷേ എന്തു ചെയ്യാം, ബി.ജെ.പി.ക്കാരില്‍ നിന്നു മാത്രമല്ലല്ലോ ഗര്‍ഭിണികള്‍ക്കു ഭീഷണിയുള്ളത്.
ഗര്‍ഭിണിയ്ക്കു നേരെ വെടിയുണ്ട പായിച്ചു കൊന്ന പോലീസിനെതിരെ കേട്ട മുദ്രാവാക്യങ്ങളുടെ ചരിത്രം ഒരു ബി.ജെ.പി. ഗവണ്മെന്റിനേക്കുറിച്ചല്ല പറയുന്നത്. (അതേപ്പറ്റി കൂടുതല്‍ അറിയാത്തതുകൊണ്ട് അധികം ദീര്‍ഘിപ്പിക്കുന്നില്ല.)
പ്രാര്‍ത്ഥനാനിരതരായിരുന്നവരുടെ ഇടയില്‍ ബോംബുപൊട്ടിച്ച് ആളുകളെ കൊല്ലുകയും ഗര്‍ഭാവസ്ഥയില്‍ത്തന്നെ പരിക്കേറ്റ കുട്ടി ശരീരത്തില്‍ ബോംബുചീളുകളുമായി പിറന്നു വീഴാനിടയാക്കുകയും ചെയ്തത് ബി.ജെ.പി.ക്കാരല്ല.
ഇതെഴുതുമ്പോള്‍ ബംഗാളില്‍ മാര്‍ക്സിസ്റ്റു ഗവണ്മെന്റിനെതിരെ സമരം നടത്തി വെടിയേറ്റു മരിച്ച പാവപ്പെട്ട കര്‍ഷകരുടെ എണ്ണം പതിനാലായി എന്ന വാര്‍ത്ത വന്നു. അവരില്‍ മുസ്ലീങ്ങള്‍ പെട്ടിട്ടുണ്ടോ എന്തോ? എന്തായാലും ഗര്‍ഭിണികള്‍ ആരെങ്കിലും സമരമുഖത്തു വന്നിരുന്നെങ്കില്‍, അവര്‍ ഒഴിവാക്കപ്പെടുമായിരുന്നില്ലെന്നു തീര്‍ച്ച. ഒരു കൂട്ടം ഗര്‍ഭിണികള്‍ ചേര്‍ന്ന് - എല്ലാവരും മുസ്ലീങ്ങളായിക്കൊള്ളട്ടെ - തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബംഗാളില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കട്ടെ. അത്രയും വേണമെന്നില്ല - അവിടുത്തെ പാര്‍ട്ടി നേതൃത്വത്തിനു പിടിക്കാത്ത എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു നോക്കട്ടെ. അപ്പോളറിയാം, അവരും ഗര്‍ഭസ്ഥശിശുക്കളുമെല്ലാം എത്ര മാത്രം സുരക്ഷിതരാണെന്ന്!
വരരുചീ.... ഏതൊരു പ്രശ്നമായാലും ശരി - പരമാവധി യാഥാര്‍ത്ഥ്യബോധത്തോടേ നാം കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ ശീലിക്കണം. നമ്മുടെ പക്ഷചിന്തകള്‍ കൈവെടിയാതെ ഏതറ്റം വരെ പോകാമോ അതു വരെയെങ്കിലും പോയിനോക്കണം. കണ്ണുമടച്ച് പ്രശ്നങ്ങളെല്ലാം ഒരാളുടെ തലയില്‍ കെട്ടിവച്ച് (അയാള്‍ മുമ്പേ തന്നെ നമ്മുടെ ശതൃവാണെങ്കില്‍ പ്രത്യേകിച്ചും) പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചാല്‍, ആ പ്രശ്നങ്ങളിലൊക്കെപ്പെട്ട് മരിക്കുന്നവരുടെ പ്രേതങ്ങള്‍ നമ്മുടെ പിന്നാലെ വന്നു ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അതു ചിലപ്പോള്‍ ചില ബ്ലോഗ് പോസ്റ്റുകളില്‍ വരുന്ന - നമ്മള്‍ അറിയാനിഷ്ടപ്പെടാത്ത - ചില യാഥാര്‍ത്ഥ്യങ്ങളുടെ രൂപത്തിലായിരിക്കും.
Thursday, March 15, 2007
Subscribe to:
Post Comments (Atom)
2 comments:
“ഗുജറാത്തിലെയും ബംഗാളിലെയും മുസ്ലിം ജീവിതാവസ്ഥകള്‍ - സച്ചാര്‍ റിപ്പോര്‍ട്ടിലെ ചില കാണാപ്പുറങ്ങള്‍“ എന്ന പേരില്‍ ഞാന്‍ എഴുതിയ പോസ്റ്റില്‍ 'വരരുചി' എന്നൊരു അനോണി സുഹൃത്ത് എഴുതിയ കമന്റിനുള്ള മറുപടിയാണിത്.
ഖുതുബുദ്ദീന്‍ അന്‍സാരിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഈയിടെ മനസ്സിലാക്കാന്‍ സാധിച്ചത് ഇവിടെ കൂട്ടിച്ചേര്‍ക്കുന്നതു നന്നാവുമെന്നു തോന്നുന്നു.
(1) അന്‍സാരിയ്ക്ക് ബംഗാള്‍ ‘അഭയം കൊടുത്തു’ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തികച്ചും തെറ്റാണ്. അദ്ദേഹത്തിന്റെ ചിത്രം കമ്മ്യൂണിസ്റ്റുകളുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ ദുരുപയോഗം ചെയ്തതിന്റെ ഫലമായി, എവിടെച്ചെന്നാലും ആളുകള്‍ തിരിച്ചറിയുന്നു എന്ന അവസ്ഥ വന്നപ്പോള്‍, അതില്‍ നിന്നു രക്ഷപെടാനായിട്ടാണ് അദ്ദേഹം ബംഗാളിലേക്കു പോകാന്‍ സമ്മതം മൂളിയത്. അഹമ്മദാബാദില്‍ ഇപ്പോള്‍ ഒരു പ്രശ്നവുമില്ലെന്നും, എന്നാല്‍ തന്റെ സ്ഥിതി മാത്രം അതല്ല എന്നും പരാതിപ്പെട്ടുകൊണ്ടാണ് അദ്ദേഹം പോയത്. ഇനിയും തന്റെ ചിത്രം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യില്ല എന്ന് ഉറപ്പു തരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
(2) രണ്ടുമൂന്നു തയ്യല്‍ മഷീനുകളും കടമുറിയുടെ ഒരു വര്‍ഷത്തെ വാടകയും മറ്റും മാത്രമായിരുന്നു ബംഗാള്‍ സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍. ലക്ഷക്കണക്കിനു മുസ്ലീങ്ങള്‍ പട്ടിണികിടക്കുന്ന ബംഗാളില്‍ അന്‍സാരിക്ക് ഇത്തരം നിസ്സാര സഹായങ്ങളെങ്കിലും കിട്ടിയെങ്കില്‍, അതിനു പിന്നില്‍ അദ്ദേഹത്തെ രാഷ്ട്രീയാവശ്യങ്ങള്‍ക്കു ഉപയോഗിക്കാം എന്ന കാരണം മാത്രമായിരുന്നു എന്നു പകല്‍ പോലെ വ്യക്തമാണ്. അദ്ദേഹത്തെ ചില വേദികളിലൊക്കെ വലിച്ചിഴച്ച് വീണ്ടും അപമാനിക്കുകയും ചെയ്തിരുന്നു. പിന്നീട്, തനിക്കു തന്റെ നാടായ ഗുജറാത്തു തന്നെയാണു വലുതെന്നും അവിടെ ഒരു പ്രശ്നവുമില്ലെന്നും പ്രഖ്യാപിച്ച് അദ്ദേഹം നാട്ടിലേക്കു തിരിച്ചെത്തുകയാണുണ്ടായത്. ഇപ്പോളദ്ദേഹം അഹമ്മദാബാദില്‍ സുഖമായി കഴിയുന്നു.
(3) കലാപസമയത്ത് അന്‍സാരിയോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ഒന്നും ആക്രമിക്കപ്പെട്ടിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. അതുപോലെ, അദ്ദേഹം “കലാപകാരികള്‍ക്കു മുമ്പില്‍ കൈകൂപ്പി ജീവനുവേണ്ടി അപേക്ക്ഷിച്ചു” എന്നൊക്കെ എഴുതിക്കൂട്ടിയത് ആരുടെയോ ഭാവനമാത്രമാണെന്നു തോന്നുന്നു. അദ്ദേഹം പോലീസുകാരോട് സഹായാഭ്യര്‍ത്ഥനനടത്തുന്നതിനിടെ വികാരാധീനനായതാണു രംഗം. അതു ക്രുത്യമായി ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറും അതുവച്ചു മുതലെടുത്ത രാഷ്ട്രീയക്കാരുമൊന്നും പിന്നീടദ്ദേഹത്തെ സഹായിച്ചില്ല. സഹായങ്ങളെന്ന മട്ടില്‍ പലതും ‘അടിച്ചേല്‍പ്പിച്ച്’ കൂടുതല്‍ ഉപദ്രവിക്കുകയാണുണ്ടായത്.
qw_er_ty
Post a Comment