സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ 'സൗഹാര്‍ദ്ദസദസ്സ് ' എന്നൊക്കെയുള്ള പേരില്‍ കുടുംബസംഗമങ്ങള്‍ നടക്കുകയാണ്. അതിനുപിന്നിൽ, പാർട്ടികുടുംബങ്ങളുടെ നിർമ്മാണം എന്നൊരു ലക്ഷ്യം കൂടിയുണ്ടെന്നു പറയപ്പെടുന്നു. ഇപ്പോള്‍ ഇത്തരമൊരു കുടുംബനിർമ്മിതിയേപ്പറ്റി ചിന്തിക്കാൻ പാര്‍ട്ടിയെ പ്രേരിപ്പിച്ചിരിക്കാവുന്ന ഘടകങ്ങളെന്തൊക്കെയാണെന്ന ചില ചിന്തകളാണ് ഇക്കുറി. പലരും പെട്ടെന്നു ശ്രദ്ധിച്ചേക്കില്ലാത്ത - എന്നാല്‍ പകല്‍ പോലെ വ്യക്തമായ - ചില കാര്യങ്ങള്‍.
ഒരേ വീട്ടില്‍ത്തന്നെ പലപാര്‍ട്ടികളില്‍പ്പെട്ട അംഗങ്ങളുണ്ടാകുന്നതിന്റെ പരിണതഫലങ്ങള്‍ വിശദീകരിക്കപ്പെടുന്ന ചെറിയ ചെറിയ ഓഡിയോ ക്ലിപ്പിങ്ങുകള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
*-*-*-*-*-*-*-*-*-*-*
സംസ്ഥാനത്തു ഭരണവും കേന്ദ്രത്തില്‍ ഭരണനിയന്ത്രണവുമുണ്ടായിരിക്കെ ഇപ്പോള്‍ സര്ക്കാര്വിരുദ്ധസമരങ്ങള്ക്ക് സാദ്ധ്യതയില്ലാതായിത്തീര്ന്നിട്ടുണ്ട്. അധികാരം കയ്യിലിരിക്കെ, വിലക്കയറ്റത്തിനെതിരെയും ഹൈക്കോടതിബഞ്ചിനുവേണ്ടിയുമൊക്കെയുള്ള പ്രഹസനസമരങ്ങളുടെ പേരില്‍ ജനം തങ്ങളെ പരിഹസിക്കുകയില്ലെന്ന് അണികള്‍ക്കു തന്നെ ഉറപ്പുമില്ല. അപ്പോള്‍പ്പിന്നെ, അണികളെ കര്‍മ്മനിരതരാക്കി നിലനിര്‍ത്തുന്നതിനു മറ്റു വഴിയൊന്നുമില്ലാതായപ്പോള്‍ കണ്ടുപിടിച്ച ഒരു പോംവഴി മാത്രമാണോ 'സ്നേഹസദസ്സുകള്‍?'
അല്ല.
ഇത് ഗൗരവമായിട്ടെടുത്തൊരു പരിപാടി തന്നെയാണ്.
ചില മാദ്ധ്യമങ്ങള്‍ പറയുന്നത് 'മുറിവുകളുണക്കാനാണ് ' ഈ സംഗമങ്ങള്‍ എന്നാണ്. വിഭാഗീയത ഏറ്റവും താഴേത്തട്ടുവരെ വ്യാപിച്ചിരിക്കുന്നു - പരസ്യമായ തെരുവുയുദ്ധങ്ങളിലേക്കും ആയുധപ്രയോഗങ്ങളിലേക്കും വരെ അതു നീണ്ടിരിക്കുന്നു - പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ മാനസികമായ അകല്‍ച്ച കുറയ്ക്കാന്‍ സംഗമങ്ങള്‍ സഹായിക്കുമെന്നാണത്രെ കണക്കുകൂട്ടല്‍.
മറ്റു ചിലര്‍ പറയുന്നത് ഇത് 'പാര്‍ട്ടികുടുംബങ്ങള്‍ നിര്‍മ്മിച്ചു'കൊണ്ട് പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനുള്ള ശ്രമമാണെന്നാണ്.
കുറച്ചുനാളുകളായി ജനം ഓരോ അഞ്ചുകൊല്ലം കൂടുന്തോറും ഇരുമുന്നണികളേയും മാറിമാറി വാശിയോടെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നു - അപ്പോള്‍ ഓരോതവണയും മറുവശത്തുള്ളവര്‍ക്കു സംഭവിക്കുന്ന സ്വാഭാവിക വിജയം മാത്രമാണ് ഒന്നിടവിട്ട തവണ തങ്ങള്‍ക്കും ലഭിക്കുന്നതെന്നും - അല്ലാതെ തെരഞ്ഞെടുപ്പുവിജയങ്ങള്‍ പാര്‍ട്ടിയുടെ ജനസ്വാധീനത്തിന്റെ അളവുകോലായി കണക്കാക്കാനാവില്ല എന്നും തിരിച്ചറിഞ്ഞിരിക്കുന്നു.
കണ്ണൂരിലുള്ളതുപോലുള്ള 'പാര്‍ട്ടിഗ്രാമ'ങ്ങള് മറ്റുജില്ലകളില്‍ സൃഷ്ടിച്ചെടുക്കുന്നത് അസാദ്ധ്യമാണെന്നിരിക്കെ, കുറേ 'പാര്‍ട്ടികുടുംബ'ങ്ങളെങ്കിലും നിര്‍മ്മിച്ചെടുക്കുക എന്നതാണത്രേ ലക്ഷ്യം.
കുടുംബനാഥന് മാര്‍ക്സിസ്റ്റുകാരനായിരിക്കേ പുതുതലമുറ പാര്‍ട്ടിയിലേക്കു വരുന്നതിനു പകരം മറ്റുപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാകുകയും ചിലപ്പോള്‍ സജീവപ്രവര്‍ത്തകര്‍ തന്നെയായി മാറുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്.
സി.പി.എം. അല്ലാതെ മറ്റൊരു പാര്‍ട്ടി ഇല്ലാത്ത - ഉണ്ടാവാന്‍ അനുവദിക്കാത്ത - ഗ്രാമമാണ് പാര്ട്ടിഗ്രാമമെങ്കില്, മാര്‍ക്സിസ്റ്റുകാരല്ലാതെ മറ്റാരുമില്ലാത്ത - ഉണ്ടാവാന്‍ അനുവദിക്കാത്ത - കുടുംബമാവണം പാര്‍ട്ടികുടുംബം എന്നറിയപ്പെടാന്‍ പോകുന്നത്.
അപ്പോള്‍, പാർട്ടികുടുംബനിർമ്മാണത്തിന്റെ ആവശ്യകതയെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെയുണ്ട്.
പാര്‍ട്ടി അനുഭാവികളോ അംഗങ്ങളോ - എന്തിന് - നേതാക്കള്‍ തന്നെയോ ആയവരുടെ അടുത്ത തലമുറ പാര്‍ട്ടിയിലേക്കു വരാതെ മറ്റുപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാകുന്നു!അതു തടയണം!
മാര്കിസ്റ്റുകുടുംബത്തിലെ അംഗങ്ങള്‍ മറ്റെവിടേയ്ക്കു പോകുന്നുവെന്നാണു നേതൃത്വം കരുതുന്നത്? ഇതരകമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളിലേയ്ക്കോ? അതോ യു.ഡി.എഫിലെ ഘടക കക്ഷികളിലേതിലേക്കെങ്കിലുമോ? അതോ എല്ലായിടങ്ങളിലേയ്ക്കുമോ?
സ്നേഹസദസ്സെന്ന പരിപാടിയേക്കുറിച്ചും പ്രസംഗങ്ങളേക്കുറിച്ചുമൊക്കെയുള്ള പത്രവാര്‍ത്തകള്‍ പരിശോധിച്ചതില്‍ നിന്ന് നേരിട്ടുള്ള പരാമര്‍ശങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. അതു പ്രതീക്ഷിച്ചും കൂടല്ലോ. ആകെപ്പാടെ ഒരു സൂചന കിട്ടിയത് ഒരു വാചകത്തില്‍ നിന്നു മാത്രമാണ്. 'കുടുംബാംഗങ്ങള്‍ക്കിടയിലെ റിബലുകളെ സ്വാധീനിക്കാന്‍ ഫാസിസ്റ്റുകള്‍ക്കും മറ്റും സാധിക്കുന്നു'വെന്നൊരു പ്രയോഗം!
അപ്പോള്‍ അതാണു പ്രശ്നം!
പാർട്ടി പാരമ്പര്യമുള്ള കുടുംബത്തിൽ റിബലുകളുണ്ടാകാതെ നോക്കണം. ഇല്ലെങ്കിൽ അവർ ചിലപ്പോൽ ‘ഫാസിസ്റ്റു‘കളുടെ സ്വാധീനത്തിൽപ്പെട്ടേക്കും!
ആരാണ് ഈ ഫാസിസ്റ്റുകൾ? ആ വാക്കിനു തൃപ്തികരമായൊരു നിർവചനം കൊടുക്കാൻ ഇന്നുവരെ പാർട്ടിഗുരുക്കന്മാർക്കു കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ നിഘണ്ടുവനുസരിച്ചു നോക്കിയാല്‍ അവിടെ 'ബി.ജെ.പി.' എന്നാണ് അര്‍ത്ഥമെടുക്കേണ്ടത്. തത്ക്കാലം ഒരു പേരായി മാത്രം അതുമനസ്സിലാക്കുക എന്നാണു മട്ട്.
അപ്പോൾ, പാർട്ടിയോടു ചായ്വുള്ള കുടുംബങ്ങളിൽനിന്നു ബി.ജെ.പി.ക്കാർ ഉണ്ടായി വരുന്നു. അതു തടയണം.
അച്ഛന് മാര്‍ക്സിസ്റ്റുകാരനും മകന് ബി.ജെ.പി.ക്കാരനുമായ കുടുംബങ്ങള്‍ കേരളത്തില്‍ ഉടലെടുത്തുതുടങ്ങിയത് ഒരു പുതുമയൊന്നുമല്ല. ഇതു സംഭവിക്കാന്‍ തുടങ്ങിയിട്ടു കുറച്ചു വര്‍ഷങ്ങളായി. ശ്രദ്ധയില്പ്പെടാതിരുന്നിട്ടുമില്ല. എന്നിട്ടും - എന്തെങ്കിലും ചെയ്തേ പറ്റൂവെന്ന് - ഇപ്പോള്‍ മാത്രമെന്താണു പെട്ടെന്നു തോന്നാന്‍ കാരണം?
അതിന്റെ ഉത്തരമറിയാന്‍, പാര്‍ട്ടിഗ്രാമങ്ങളുടെ നാടായ
കണ്ണൂരിലേക്കുതന്നെ നോക്കണം. അവിടെ അടുത്തിടെ നടന്ന സംഭവങ്ങൾ, ‘കുടുംബനിർമ്മാണ’ത്തിനുള്ള തീരുമാനത്തിനു പ്രേരിപ്പിച്ചിട്ടുണ്ടാവണം എന്നതിന്റെ വ്യക്തമായ സൂചനകള്‍ കാണാന്‍ സാധിക്കും.
പരമാവധി സംഘപ്രവര്‍ത്തകരെ കൊന്നൊടുക്കുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക എന്ന ലക്ഷ്യവുമായി അടുത്തിടെ സി.പി.എം. കണ്ണൂരില്‍ നടപ്പാക്കിയ രണ്ടു കലാപങ്ങളില്‍ ആദ്യത്തേത് ആരംഭിച്ചത് 2007 നവംബറില്‍ ആയിരുന്നു. ഒമ്പതുസംഘപ്രവര്ത്തകരെ മൃതപ്രായരാക്കുകയും മുപ്പത്തിയഞ്ചോളം പേരുടെ വീടുകള്‍ തകര്‍ക്കുകയും പിന്നീട് വിദ്യാഭാരതിയുടെ സ്കൂള്‍ ആക്രമിച്ച് ഇരുപതുലക്ഷം രൂപയുടെ നഷ്ടം വരുത്തുന്ന മട്ടില്‍ വസ്തുവകകള്‍ നശിപ്പിക്കുകയുമൊക്കെച്ചെയ്തു.
അടുത്തടുത്ത ദിവസങ്ങളിലായി നാലു സംഘപ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുകൊണ്ട് ആരംഭിച്ച ആ കലാപത്തില്‍ ആദ്യം വെട്ടേറ്റത് മുകളില്‍പ്പറഞ്ഞമട്ടുള്ള ഒരു 'ബഹുകക്ഷികുടുംബ'ത്തിലെ അംഗത്തിനാണ്.
മാഹിയില്‍ - ഷെറിന് എന്ന സംഘപ്രവര്‍ത്തകനായിരുന്നു ആദ്യത്തെ വെട്ടേല്‍ക്കുന്നത്.
ഷെറിന്റെ അമ്മ സി.പി.എം. അംഗം മാത്രമല്ല - നേതാവുകൂടിയാണ്. കഴിഞ്ഞടേമില്‍ സി.പി.എമ്മിന്റെ ബാനറില്‍ തെരഞ്ഞെടുപ്പു ജയിച്ച പഞ്ചായത്തുമെംബര്‍ കൂടിയായിരുന്നു അവര്‍.
പക്ഷേ മകന് താത്പര്യം തോന്നിയത് സംഘത്തിന്റെ ആദര്‍ശങ്ങളിലാണ്.വെട്ടി!
ഭാഗ്യവശാല്‍ ജീവന് തിരിച്ചുകിട്ടി. ഇപ്പോള്‍ പരസഹായം കൂടാതെ കഴിയാനാവാത്ത മകനെ, സി.പി.എമ്മുകാരിയായ അമ്മ തന്നെ ശുശ്രൂഷിക്കുന്നു.
ഒരു പ്രസംഗത്തില്നിന്നെടുത്ത ചെറിയൊരു ഓഡിയോ ക്ലിപ് താഴെ.
6 comments:
സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ 'സൗഹാര്‍ദ്ദസദസ്സ് ' എന്നൊക്കെയുള്ള പേരില്‍ കുടുംബസംഗമങ്ങള്‍ നടക്കുകയാണ്. ഇപ്പോള്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനായി പാര്‍ട്ടിയെ പ്രേരിപ്പിച്ചിരിക്കാവുന്ന ഘടകങ്ങളെന്തൊക്കെയാണെന്ന ചില ചിന്തകളാണ് ഇക്കുറി. പലരും പെട്ടെന്നു ശ്രദ്ധിച്ചേക്കില്ലാത്ത - എന്നാല്‍ പകല്‍ പോലെ വ്യക്തമായ - ചില കാര്യങ്ങള്‍.
ഒരേ വീട്ടില്‍ത്തന്നെ പലപാര്‍ട്ടികളില്‍പ്പെട്ട അംഗങ്ങളുണ്ടാകുന്നതിന്റെ പരിണതഫലങ്ങള്‍ വിശദീകരിക്കപ്പെടുന്ന ചെറിയ ചെറിയ ഓഡിയോ ക്ലിപ്പിങ്ങുകള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
മറ്റു പാര്ട്ടിക്കാര് പ്രസംഗിക്കുമ്പോള്‍ ഒന്നു കൈയടിച്ചാല് കൈയും കാലും തള്ളിയോടിക്കുന്നവരാ. അപ്പൊ പാറ്ടി വിട്ടുപോയാല്‍ പറയാനുണ്ടോ. പാര്‍ട്ടി വിട്ടു ബി.ജെ.പി എന്നല്ല ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലും അനുഭവം ഒന്നു തന്നെ.
Rajeeve Chelanat - ന്റെ കമന്റ്:-
നകുലന്,
വലിയ എന്തോ ഒരു കണ്ടെത്തല്‍ എന്ന നിലക്ക് താങ്കള്‍ അവതരിപ്പിച്ച ഇതിലെ ഒട്ടുമിക്ക കാര്യങ്ങളും ശുദ്ധമായ അസംബന്ധമാണ്. പക്ഷേ അതൊന്നും ഈ കമന്റു കൊണ്ട് മാറ്റിമറിക്കാമെന്ന ധാരണയും ഇതെഴുതുന്നയാള്‍ക്കില്ല. കമന്റുകളും മറുകമന്റുകളുമായും, വിഷയത്തില്‍നിന്നുള്ള വ്യതിചലനമായും അതങ്ങിനെ നീണ്ടുപോവുകയും ചെയ്യും. അത്രമാത്രം. അതുകൊണ്ട് അതിനൊന്നും മുതിരുന്നില്ല. താങ്കളുടെ കണ്ടെത്തലുകളെ ഒന്ന് ക്രോഡീകരിച്ചുനോക്കുന്നു എന്നുമാത്രം.
താങ്കളുടെ വാദങ്ങളുടെ ചുരുക്കം ഇതാണ്.
1. പാര്‍ട്ടിയില്‍നിന്നും ധാരാളം കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടാവുന്നുണ്ട്. അതിന്റെ ഫലമായാണ് കൂടുതലും അക്രമങ്ങളും പച്ചക്കു കൊല്ലലും, വെട്ടലും നടക്കുന്നത്.
2. അതൊക്കെ അവസാനിപ്പിക്കാനുള്ള ഒരു തന്ത്രമെന്ന നിലക്കാണ് സി.പി.എം.ഇത്തരം സൌഹൃദസദസ്സുകള്‍ സംഘടിപ്പിക്കുന്നത് (അതൊന്നും സഫലമാകാന്‍ പോകുന്നില്ല എന്ന ആശ്വാസവും താങ്കളില്‍ കാണുന്നുണ്ട്. സന്തോഷം)
3. അത്തരം സദസ്സുകളില്‍ നടക്കുന്നത് അഭിപ്രായസ്വാതന്ത്ര്യങ്ങളെ നിഷേധിക്കലാണ് (ചിന്താസ്വാതന്ത്ര്യം വിലക്കപ്പെട്ട കൊച്ചുകൊച്ച് ജനസമൂഹങ്ങള്‍!!). സംഘപരിവാറില്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കും എല്ലാ അഭിപ്രായങ്ങളും വെച്ചുപുലര്‍ത്താനും ശീലിക്കാനും, പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ബെസ്റ്റ് കണ്ണാ..
4. അത്തരം ജനസമൂഹങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യമോ ചിന്താശക്തിയോ ഉണ്ടാകില്ല (ഈ 3, 4 വാദങ്ങളുടെ പരസ്പരാശ്ലേഷം -വെച്ചുമാറല്‍-മാത്രം മതി താങ്കളുടെ യുക്തിരാഹിത്യത്തിന്റെ തെളിവായി കാണിക്കാന്‍. അതു പോട്ടെ). സംഘപരിവാരികള്‍ക്ക് യുക്തി പ്രതീക്ഷിച്ചുകൂടല്ലോ.
5. ഇനിയുള്ളത്, സംഘത്തിന്റെ അഖണ്ഡതയും, ദേശസങ്കല്പ്പവും, നമസ്തേ സദാ വത്സലയും, മീനാക്ഷീയുമൊക്കെയാണ് . പഴയ വാദമുഖങ്ങള്‍. നിങ്ങള്‍ക്കൊന്നും ദേശസ്നേഹം എന്തെന്ന് അറിയില്ല, ഞങ്ങളതില്‍ ഡോക്ടറേറ്റ് എടുത്തതാണ്, എന്നൊക്കെയുള്ള പതിവു സാധനങ്ങള്‍.
6. പിന്നെ, വര്‍ഗ്ഗീയതയും സവര്‍ണ്ണ പ്രത്യയശാസ്ത്രവുമൊക്കെ സംഘത്തെക്കുറിച്ചുള്ള വികട-കപട ധാരണകളാണ് എന്നത്.
ഇതൊക്കെയാണ് കാണാപ്പുറങ്ങള്‍. നല്ലത്.
പക്ഷേ ചിരി വന്നത് അപ്പോഴൊന്നുമല്ല. ഇതാ താങ്കളുടെ ചില വാക്യങ്ങള്‍.
“നാം ഇത്ര ബൃഹത്തും ശക്തവുമായ ഒരു രാഷ്ട്രമായിരുന്നിട്ടുകൂടി നൂറ്റാണ്ടുകളോളം വിദേശികളുടെ അടിമകളായി കഴിഞ്ഞുകൂടേണ്ടി വന്നതെന്തുകൊണ്ട് എന്നും - വിദൂരദേശത്തുള്ള ചെറുരാഷ്ട്രങ്ങള്‍ക്കുപോലും നമ്മെ അനായാസം നിയന്ത്രിക്കാന്‍ കഴിഞ്ഞതെങ്ങനെ എന്നുമുള്ള ചിന്തകളില്‍നിന്നാണ്..” - എങ്ങിനെയെന്ന് ഒന്നു പറഞ്ഞുതരൂ സര്.
“ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ - പ്രായോഗികമായ - കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് സംഘമാണ്. തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നില്ലാത്തതിന്റെ പേരില്‍ അവരതൊന്നും പരസ്യത്തിനു വയ്ക്കുന്നില്ല എന്നേയുള്ളൂ“..ഇതിനെയാണ് വിനയം എന്നു പറയുന്നത്.
പിന്നെ, ‘തെക്കോട്ടെടുക്കുക’ എന്നതിന്റെ ഉപനിഷദ്സാരാംശം ക്ഷ പിടിച്ചു. അപ്പോള്‍ തെക്കന്‍ സംസ്ഥാനങ്ങളിലെ അക്കൌണ്ട് ഇപ്പൊ തുറക്കുമെന്നൊക്കെ പറഞ്ഞതിന്റെ പൊരുള്‍ ഇതായിരുന്നുവല്ലേ പരംപൊരുളേ. ഇതൊന്നും അറിയാതെയാണ് ഈ നശിച്ച കമ്മ്യൂണിസ്റ്റുകാര്‍ വെറുതെ ഓരോ കുറ്റവും പറഞ്ഞു നടക്കുന്നത്.
അപ്പോ, ശരി. പിന്നെ കാണാം.
അഭിവാദ്യങ്ങളോടെ
രാജീവ്,
വാചകങ്ങള്‍ സംഗ്രഹിക്കുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന ആശയച്ചോര്ച്ചയ്ക്കു പുറമേ, താങ്കളുടെ ചുരുക്കെഴുത്തില്‍ ചില അര്‍ത്ഥവ്യതിയാനങ്ങളും സംഭവിച്ചുപോയിട്ടുണ്ട്. ഞാനായിരുന്നു ആ സംഗ്രഹം എഴുതിയിരുന്നതെങ്കില്‍ അത് ഇങ്ങനെയായിരുന്നേനെ.
ഒന്നാം ഭാഗം:- സി.പി.എം. ഇപ്പോള്‍ സംഘടിപ്പിച്ചിരിക്കുന്ന കുടുംബയോഗങ്ങള്‍ക്കു പിന്നില്‍, പാര്‍ട്ടികുടുംബങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് ഒരുവിഭാഗം മാധ്യമങ്ങള്‍ പറയുന്നു. കുടുംബനാഥന് മാര്‍ക്സിസ്റ്റുകാരനായിരിക്കേ, മറ്റു കുടുംബാംഗങ്ങള്‍ ഇതരപ്രസ്ഥാനങ്ങളുടെ അനുഭാവികളാകുന്നതു തടയണമത്രേ. കണ്ണൂരില്‍ ഈയിടെ നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍, മാര്‍ക്സിസ്റ്റുകാരായ മാതാപിതാക്കളുടെ - സംഘാനുഭാവികളായ മക്കള്‍ ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയുമൊക്കെച്ചെയ്ത ഉദാഹരണങ്ങള്‍ കാണാം. ഒരു പക്ഷേ അതായിരിക്കണം - ഇത്തരം നീക്കങ്ങള്‍ ഇപ്പോള്‍ ഉടലെടുക്കാന്‍ കാരണം.
രണ്ടാം ഭാഗം:- സി.പി.എം. അനുഭാവികള്‍ മാത്രമുള്ള കുടുംബങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയും അത് അങ്ങനെ തന്നെ നിലനിര്‍ത്തുകയും ചെയ്യുക എന്നത് ഈ കാലഘട്ടത്തില്‍ വളരെ ശ്രമകരമാണ്. മറ്റുപ്രസ്ഥാനങ്ങളില്‍ ആളുകള്‍ ആകൃഷ്ടരാകുന്നതു തടയുവാനായുള്ള മാര്‍ക്സിസ്റ്റു പരിശ്രമങ്ങള്‍ പൂര്‍ണ്ണമായും ഫലപ്രദമല്ലെന്നു മാത്രമല്ല - പലപ്പോഴും വിപരീതഫലമുളവാക്കുന്നുമുണ്ട്.
മൂന്നാം ഭാഗം:- വിഭാഗീയതമൂലം പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ മാനസികാകല്‍ച്ച പരിഹരിക്കല്‍ മാത്രമാണു കുടുംബസദസ്സുകളുടെ ലക്ഷ്യമെങ്കില്‍, ആ ശ്രമത്തിനും തുടക്കത്തില്‍ത്തന്നെ തിരിച്ചടിയേറ്റ സാഹചര്യമാണുള്ളത്. വെല്ലുവിളികളെ നേരിട്ടിട്ടുള്ള ഒരു പ്രസ്ഥാനമെന്ന നിലയില്‍ പ്രതികൂലസാഹചര്യങ്ങളെ അവര്‍ എങ്ങിനെ നേരിടുമെന്നു കാത്തിരുന്നു നിരീക്ഷിക്കുവാന്‍ കൌതുകമുണ്ട്.
ഇനി, താങ്കളുടെ വരികള്‍ക്കുള്ള വിയോജനക്കുറിപ്പുകള്‍.
>> [രാജീവ്] വലിയ എന്തോ ഒരു കണ്ടെത്തല്‍ എന്ന നിലക്ക് താങ്കള്‍ അവതരിപ്പിച്ച ഇതിലെ ...
ഒരു കണ്ടുപിടുത്തം എന്ന നിലയ്ക്കല്ല ഞാന്‍ ഇവയൊന്നും അവതരിപ്പിച്ചിരിക്കുന്നത്. 'പാര്‍ട്ടിയെ "പ്രേരിപ്പിച്ചിരിക്കാവുന്ന" ഘടകങ്ങള്‍ "എന്തൊക്കെയാവാം" എന്ന ചിന്തകള്‍' എന്നു വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ചോദിച്ചിട്ടുണ്ടാകണം - പാര്‍ട്ടി ചിന്തിച്ചതു മറ്റൊരു വഴിക്കായിരിക്കണം - അത്തരമൊരു ചിന്തയില്നിന്നായിരിക്കണം - എന്നൊക്കെയുള്ള പ്രയോഗങ്ങളില്‍ നിന്ന്, ഇത് കേവലമൊരു അനുമാനം മാത്രമാണെന്ന് വളരെ വ്യക്തമായിത്തന്നെ എഴുതിയിട്ടുണ്ട്.
ഒരാളോടു ശക്തമായി വിയോജിച്ചുകൊണ്ടും അല്പമൊരു ക്ഷോഭത്തോടെയും കമന്റെഴുതുമ്പോള്‍ നമുക്കെല്ലാം സ്വാഭാവികമായും കടന്നുവരുന്ന പരിഹാസഭാവത്തില്നിന്നാണെന്നു തോന്നുന്നു "വലിയ എന്തോ ഒരു കണ്ടെത്തല്‍" എന്ന പ്രയോഗം ആദ്യം തന്നെ കടന്നുവന്നത്.
>> [രാജീവ്] ...ഒട്ടുമിക്ക കാര്യങ്ങളും ശുദ്ധമായ അസംബന്ധമാണ്.
നമ്മുടെ രണ്ടുപേരുടേയും കാഴ്ചപ്പാടുകളില്‍ വൈരുദ്ധ്യമുണ്ടാവുക സ്വാഭാവികം. എന്തൊക്കെയാണ് 'അസംബന്ധം" എന്നത് ആപേക്ഷികവുമാണ്. എന്നാലും, താങ്കളുടെ ദൃഷ്ടിയില് എന്തൊക്കെയാണ് അസംബന്ധങ്ങള്‍ എന്നു സൂചിപ്പിക്കുകയെങ്കിലും വേണ്ടിയിരുന്നു.
കണ്ണൂരില്‍ പീഢനമനുഭവിച്ചവരെയോര്ത്തു വേദനിക്കുന്ന മാതാപിതാക്കളുടെ കൂട്ടത്തില്‍ മാര്ക്സിസ്റ്റുകാരുണ്ടെന്നു ഞാന്‍ ചൂണ്ടിക്കാട്ടിയതില്‍ തെറ്റുണ്ടോ? അതുകൊണ്ടൊക്കെയാവാം 'പാര്‍ട്ടികുടുംബം' എന്ന ആശയം ഇപ്പോള്‍ പൊങ്ങിവന്നത് എന്ന് ഒരാള്‍ക്കു സംശയിച്ചുകൂടെന്നുണ്ടോ?
ഇനി, താഴെ അക്കമിട്ടു പറഞ്ഞിരിക്കുന്നവയാണ് അസംബന്ധങ്ങളെങ്കില്, അവയില്‍ പലതും താങ്കളുടെ നിരീക്ഷണങ്ങള്‍ മാത്രമാണ്.
>> [രാജീവ്] പാര്‍ട്ടിയില്‍നിന്നും ധാരാളം കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടാവുന്നുണ്ട്.
ഇത് താങ്കളുടെ സ്വന്തം ആശയമാണ്. മുകളില്‍പ്പറഞ്ഞമട്ടുള്ള ഒരു സംശയം - കണ്ണൂരില്‍ വെട്ടേറ്റവരില്‍ ചിലരുടെ മാതാപിതാക്കള്‍ മാര്‍ക്സിസ്റ്റുകാരാണ് - അതേക്കുറിച്ചു ചിന്തിക്കുന്നതിനിടെയാവാം പാര്‍ട്ടികുടുംബം എന്ന ആശയം പൊങ്ങിവന്നത് എന്നു ഞാന്‍ സംശയിക്കുന്നു - എന്ന് ഒരൊറ്റ വാചകത്തില്‍ എഴുതിനിര്ത്താമായിരുന്നു എനിക്ക്. അങ്ങനെ വെറുതേ പറഞ്ഞുപോകുന്നതിനു പകരം, എന്തുകൊണ്ടങ്ങനെ ചിന്തിക്കുന്നു എന്നു വ്യക്തമാക്കാനായി, എട്ടൊന്‍പത് ഉദാഹരണങ്ങള്‍ പറയുകമാത്രമാണു ഞാന്‍ ചെയ്തിരിക്കുന്നത്. "ധാരാളം കൊഴിഞ്ഞുപോക്ക്" എന്നത് താങ്കള്‍ സ്വയം മുന്നോട്ടു വച്ചൊരു കാര്യമാണ്.
ഒരു പക്ഷേ ഇക്കഴിഞ്ഞ പാര്ട്ടിക്കോണ്ഗ്രസില് അവതരിപ്പിക്കപ്പെട്ട റിപ്പോര്ട്ടിനേപ്പറ്റിയുള്ള വാര്‍ത്തകളില്‍ നിന്നോ - അല്ലെങ്കില്‍ പാര്‍ട്ടിയ്ക്കകത്തെ മറ്റു സ്രോതസ്സുകളില്‍ നിന്നോ - കിട്ടിയ വിവരമനുസരിച്ച് താങ്കളുടെ മനസ്സിലുള്ളൊരു ചിത്രം അറിയാതെ പ്രതിഫലിച്ചുപോയതാവാം അത്. എന്റെ വാക്കുകളിലെ സൂചനകളില്‍ നിന്നു മാത്രമാണ് "ധാരാളം കൊഴിഞ്ഞുപോക്ക്" എന്നു പറയാന്‍ താങ്കള്‍ക്കു പ്രേരണയുണ്ടായത് എന്നതു വിശ്വസനീയമല്ല.
>> [രാജീവ്] അതിന്റെ ഫലമായാണ് കൂടുതലും അക്രമങ്ങളും പച്ചക്കു കൊല്ലലും, വെട്ടലും നടക്കുന്നത്.
ഇവിടെയുമതെ - കൊഴിഞ്ഞുപോക്കിന്റെ ഫലമായാണ് കൂടുതലും കൊലപാതകങ്ങള്‍ നടക്കുന്നതെന്നതും - താങ്കളുടെ നിര്‍ദ്ദേശം മാത്രമാണ്. എനിക്കങ്ങനെ തോന്നുന്നില്ല. കൊഴിഞ്ഞുപോകുന്നവരെ മാത്രമല്ല ആക്രമിക്കുന്നത്. മാതാപിതാക്കള്‍ മാര്ക്സിസ്റ്റുകാരായവരുടെ ഉദാഹരണങ്ങള്‍ക്കു മാത്രമാണ് ഇവിടെ പ്രസക്തിയെന്നതിനാല്‍ അവയില്‍ ചിലതു മാത്രമേ പറഞ്ഞിട്ടുള്ളുവെന്നേയുള്ളൂ. മൊത്തം കൊലപാതകങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമേ ആകുന്നുള്ളൂ അത്. മാത്രവുമല്ല, പത്തുനാല്പതു വര്‍ഷം മുതലേ ആക്രമണങ്ങള്‍ ഉണ്ടു താനും. സംഘപ്രവര്‍ത്തകരെ ആക്രമിക്കുന്നതുകൊണ്ട് പലതരത്തിലുള്ള ലാഭങ്ങള്‍ മാര്‍ക്സിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. പോകാന്‍ ഒരുമ്പെട്ടേക്കാവുന്നവരെ ഭീഷണിയിലൂടെ തടയാം എന്നത് അതില്‍ ചെറിയ ഒന്നു മാത്രമേ ആകാനിടയുള്ളൂ.
>> [രാജീവ്] അതൊക്കെ അവസാനിപ്പിക്കാനുള്ള ഒരു തന്ത്രമെന്ന നിലക്കാണ് സി.പി.എം.ഇത്തരം സൌഹൃദസദസ്സുകള്‍ സംഘടിപ്പിക്കുന്നത്
ഇത് ഭാഗികമായി എന്റെ വാക്കുകളോടു ചേര്‍ന്നു വരുന്നുണ്ട്. മാതാപിതാക്കള്‍ മാര്‍കിസ്റ്റുകാരും മക്കള്‍ സംഘാനുഭാവികളും എന്ന അവസ്ഥയുണ്ടാവുന്നതു തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാവാം പാര്‍ട്ടി കുടുംബ നിര്‍മ്മാണം എന്നതും - അതു മുന്‍നിര്‍ത്തിയാവാം കുടുംബസംഗമങ്ങളെന്നതും - എന്റെ വാക്കുകളില്‍ നിന്നു വായിച്ചെടുക്കാം. 'ധാരാളമായുണ്ടാകുന്ന കൊഴിഞ്ഞുപോക്കു തടയാന്‍' എന്നു ഞാന്‍ അപ്പോഴും ഉദ്ദേശിച്ചിട്ടില്ല. ഇപ്പോള്‍ ഇങ്ങനെയൊരാശയം ഉടലെടുക്കാന്‍ കാരണം കണ്ണൂരാവാം എന്നേ പറഞ്ഞിട്ടുള്ളൂ.
>> [രാജീവ്] അത്തരം സദസ്സുകളില്‍ നടക്കുന്നത് അഭിപ്രായസ്വാതന്ത്ര്യങ്ങളെ നിഷേധിക്കലാണ് (ചിന്താസ്വാതന്ത്ര്യം വിലക്കപ്പെട്ട കൊച്ചുകൊച്ച് ജനസമൂഹങ്ങള്‍!!)
ഇത് തികച്ചും തെറ്റാണ്. "കുടുംബസദസ്സുകളില്‍" അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നു ഞാന്‍ പറഞ്ഞിട്ടേയില്ല. ഒരു പാര്‍ട്ടിയിലുള്ളവര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് എങ്ങനെയോ ഉറപ്പുവരുത്തപ്പെടുന്ന ഒരു കുടുംബം എന്ന നിലയ്ക്ക് - പാര്‍ട്ടികുടുംബം എന്ന സങ്കല്പത്തെയാണ് - ചിന്താസ്വാതന്ത്ര്യം വിലക്കപ്പെട്ട കൊച്ചു സമൂഹം എന്നു വിളിച്ചിരിക്കുന്നത്. അല്ലാതെ കുടുംബസദസ്സിനെയല്ല. ആ വാചകത്തിനു മുമ്പ് 'പാര്‍ട്ടികുടുംബങ്ങള്‍' എന്നും അതു കഴിഞ്ഞയുടന്‍ തന്നെ "ഇത്തരമൊരു കുടുംബ നിര്‍മ്മിതി" എന്നും പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക.
>> [രാജീവ്] അത്തരം ജനസമൂഹങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യമോ ചിന്താശക്തിയോ ഉണ്ടാകില്ല (ഈ 3, 4 വാദങ്ങളുടെ പരസ്പരാശ്ലേഷം -വെച്ചുമാറല്‍-മാത്രം മതി താങ്കളുടെ യുക്തിരാഹിത്യത്തിന്റെ തെളിവായി കാണിക്കാന്‍. അതു പോട്ടെ). സംഘപരിവാരികള്‍ക്ക് യുക്തി പ്രതീക്ഷിച്ചുകൂടല്ലോ.
മുകളില്‍പ്പറഞ്ഞ അതേവാക്കുകള്‍ വിപുലീകരിച്ചാണെന്നു തോന്നുന്നു താങ്കളുടെ ഈ വാചകവും ഉടലെടുത്തത്. അതോ 'സ്വത്രന്ത്രചിന്തയുടെ കാലമാണ്' എന്നു തുടങ്ങുന്ന ഖണ്ഡികയില്‍ നിന്നോ?
എന്തായാലും ശരി - താങ്കള്‍ മുകളില്‍ നൂറുശതമാനം തെറ്റായി ഉദ്ധരിച്ചൊരു വാചകം ഇതിനോട് ‘ആശ്ളേഷി‘പ്പിക്കുകയോ ‘വച്ചുമാറുക‘യോ ഒക്കെ ചെയ്യാന്‍ നോക്കിയാല്‍ തെളിയുന്നത് 'എന്റെ യുക്തിരാഹിത്യ'മാവില്ല - പകരം മറ്റെന്തോ ആവും - എന്നു ഞാന്‍ ഭയക്കുന്നു. 'സംഘപരിവാരി'യെന്നല്ല - വികാരങ്ങള്‍ക്കു കീഴ്പ്പെട്ട് ധൃതിയില്‍ എഴുതുകയോ പറയുകയോ ചെയ്യുന്ന സമയത്ത് ഏതൊരു വ്യക്തിയില്‍ നിന്നും യുക്തി പ്രതീക്ഷിച്ചുകൂടാ. മനുഷ്യസഹജമായൊരു കേവലവികാരം എന്ന നിലയ്ക്ക് അത് ഒട്ടും ആക്ഷേപകരവുമല്ല.
>> [രാജീവ്] ഇനിയുള്ളത്, സംഘത്തിന്റെ അഖണ്ഡതയും, ദേശസങ്കല്പ്പവും, നമസ്തേ സദാ വത്സലയും, മീനാക്ഷീയുമൊക്കെയാണ് . പഴയ വാദമുഖങ്ങള്‍. നിങ്ങള്‍ക്കൊന്നും ദേശസ്നേഹം എന്തെന്ന് അറിയില്ല, ഞങ്ങളതില്‍ ഡോക്ടറേറ്റ് എടുത്തതാണ്, എന്നൊക്കെയുള്ള പതിവു സാധനങ്ങള്‍.
"നിങ്ങള്‍ - ഞങ്ങള്‍" - എന്നല്ല. "മാര്‍ക്സിസ്റ്റുകള്‍ - സംഘം" - എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. എന്റെ നിരീക്ഷണങ്ങളാണു പറഞ്ഞിരിക്കുന്നത്. എങ്ങനെ മനസ്സിലാക്കേണമെന്നത് വായനക്കാരന്റെ കൈയിലാണിരിക്കുന്നത്.
“ദേശ“ത്തെ എങ്ങനെ നിര്‍വചിക്കുന്നു എന്നതു തന്നെ ആപേക്ഷികമാണെന്നിരിക്കെ അതിനെ എങ്ങനെ "സ്നേഹി"ക്കാം എന്നതും തികച്ചും ആപേക്ഷികമാണ്. രാഷ്ട്രത്തോടുള്ള "സമീപന"ത്തില്‍ അതിഭീമമായ അന്തരമുണ്ട് എന്നാണു പറഞ്ഞിരിക്കുന്നത്. ആ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ബി.ജെ.പി. അനുഭാവിയായ ഞാന്‍ സംഘത്തിന്റെ പ്രാര്‍ത്ഥനയിലെ 'സദാവത്സലേ മാതൃഭൂമേ' എന്ന ഭാഗത്തേക്കുറിച്ചു പറയുമ്പോള്‍, സി.പി.എം. അനുഭാവി (യോ പ്രവര്‍ത്തകനോ) ആണെന്നു സംശയിക്കാവുന്ന താങ്കള്‍ 'മീനാക്ഷി" എന്നു പരിഹസിക്കുന്നതില്‍ നിന്നു തന്നെ, എന്റെ നിരീക്ഷണം ശരിയാണെന്നു കാണാം. "ഗ്രഹണി പിടിച്ച ഭാരതമാതാവ്" എന്നു പരിഹസിച്ച പുരോഗമനസാഹിത്യകാരനും - വിവസ്ത്രയായി ചിത്രീകരിച്ചയാള്‍ക്ക് അവാര്‍ഡു കൊടുക്കാനുള്ള തീരുമാനവും - അങ്ങനെയുള്ള ഉദാഹരണങ്ങള്‍ പിറകേയും (അതേപ്പറ്റിയെന്നല്ല - മറ്റൊന്നിനേപ്പറ്റിയും ഇനി തുടര്കമന്റുകളിലും ചര്‍ച്ചകളിലുമൊന്നും യാതൊരു താത്പര്യവുമില്ലെന്ന താങ്കളുടെ നിലപാടു തന്നെ - എനിക്കും).
ആളുകള്‍ക്കു സംഘാനുഭാവമുണ്ടാകുന്നതിന്റെ പിന്നിലെ അടിസ്ഥാനവികാരമെങ്കിലും മനസ്സിലാക്കാതെയുള്ള സംഘപ്രതിരോധം എങ്ങനെ സാദ്ധ്യമാകും എന്ന ചോദ്യത്തിന്റെ ഭാഗമായാണ് ആ രാഷ്ട്രഭാവനയുടെ കാര്യമൊക്കെ കടന്നുവന്നത്. അപ്പോള്‍ പ്രകടിപ്പിക്കുന്ന വികാരവും പരിഹാസം തന്നെയാണ്. എങ്ങനെ സാദ്ധ്യമാകും എന്ന ചോദ്യം അല്പം കൂടി മുഴങ്ങുന്നതായി മാത്രമേ എനിക്കനുഭവപ്പെടുന്നുള്ളൂ.
>> [രാജീവ്] പിന്നെ, വര്‍ഗ്ഗീയതയും സവര്‍ണ്ണ പ്രത്യയശാസ്ത്രവുമൊക്കെ സംഘത്തെക്കുറിച്ചുള്ള വികട-കപട ധാരണകളാണ് എന്നത്.
വര്‍ഗ്ഗീയതയും ജാതീയതയും ആരോപിച്ചുകൊണ്ടുള്ള പ്രചാരണങ്ങളിലൂടെയുള്ള സംഘപ്രതിരോധത്തിനു പരിമിതികളുണ്ട് എന്നു ഞാനാവര്‍ത്തിക്കുന്നു. സംഘത്തെ പിന്തുണയ്ക്കുന്നവരുടെ ചിന്താധാരകളെയെല്ലാം പിന്തുടര്ന്നു നിരീക്ഷിക്കുക എന്നതു ശ്രമകരമാവാം. പക്ഷേ, തങ്ങളുടെ മുന്‍വിധികളുടെ മാത്രം അടിസ്ഥാനത്തില്‍ നടത്തുന്ന പ്രതിരോധം ഫലപ്രദമല്ല എന്നു തീര്‍ച്ച.
>> [രാജീവ്] പക്ഷേ ചിരി വന്നത് അപ്പോഴൊന്നുമല്ല. ഇതാ താങ്കളുടെ ചില വാക്യങ്ങള്‍. “നാം ഇത്ര ബൃഹത്തും ശക്തവുമായ ഒരു രാഷ്ട്രമായിരുന്നിട്ടുകൂടി.....“
സംഘം അവരേപ്പറ്റിത്തന്നെ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നെടുത്ത വിവരങ്ങളാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. സംഘത്തെ എതിര്‍ക്കുന്നവര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വച്ചാണ് താങ്കളവയെ വിശകലനം ചെയ്യുന്നതും. വൈരുദ്ധ്യമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. വൈരുദ്ധ്യം ഹാസ്യം ജനിപ്പിക്കും.
>> [രാജീവ്] “നാം ഇത്ര ബൃഹത്തും ശക്തവുമായ ഒരു രാഷ്ട്രമായിരുന്നിട്ടുകൂടി നൂറ്റാണ്ടുകളോളം വിദേശികളുടെ അടിമകളായി കഴിഞ്ഞുകൂടേണ്ടി വന്നതെന്തുകൊണ്ട് എന്നും വിദൂരദേശത്തുള്ള ചെറുരാഷ്ട്രങ്ങള്‍ക്കുപോലും നമ്മെ അനായാസം നിയന്ത്രിക്കാന്‍ കഴിഞ്ഞതെങ്ങനെ എന്നുമുള്ള ചിന്തകളില്‍നിന്നാണ്..” - എങ്ങിനെയെന്ന് ഒന്നു പറഞ്ഞുതരൂ സര്.
സംഘസ്ഥാപകന് മരണമടഞ്ഞിട്ട് എഴുപതു വര്‍ഷത്തോടടുക്കുന്നു. പുസ്തകങ്ങളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. എന്തുകൊണ്ട് അടിമകളായി എന്നതിനെ സംബന്ധിച്ച് സംഘസ്ഥാപകന്റെ നിരീക്ഷണം ഇങ്ങനെയായിരുന്നുവെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.
നാം നമ്മുടെ വൈജാത്യങ്ങളിലൂന്നിയും സ്വാര്‍ഥതാത്പര്യങ്ങളുടെ പേരിലും പരസ്പരം കലഹിച്ച് ചിന്നിച്ചിതറിയ കൊച്ചുസമൂഹങ്ങളായി കഴിഞ്ഞുകൂടുകയായിരുന്നതിനാല് നമ്മെ കീഴടക്കാന്‍ വളരെയെളുപ്പമായിരുന്നു. എല്ലാ വൈജാത്യങ്ങള്‍ക്കിടയിലും - ആസേതുഹിമാമചലമുള്ള ജനത ഒരു പൊതുസാംസ്ക്കാരികധാരയാല് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും - നാമെല്ലാം ഒരു രാഷ്ട്രത്തിന്റെ സന്തതികളാണെന്നുമുള്ള ഒരു ബോധം - ഒരുതരം രാഷ്ട്രഭാവന - ഉണ്ടായിരുന്നുവെങ്കില്‍, നമ്മുടെയാളുകളുടെ തന്നെ സഹായത്താല്‍ മറ്റുള്ളവര്‍ക്കു നമ്മെ പടിപടിയായി കീഴടക്കുവാന്‍ കഴിയുമായിരുന്നില്ല.
>> [രാജീവ്] “ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ - പ്രായോഗികമായ - കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് സംഘമാണ്. തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നില്ലാത്തതിന്റെ പേരില്‍ അവരതൊന്നും പരസ്യത്തിനു വയ്ക്കുന്നില്ല എന്നേയുള്ളൂ“..ഇതിനെയാണ് വിനയം എന്നു പറയുന്നത്.
താങ്കള്‍ക്ക് എത്രവേണമെങ്കിലും ആക്ഷേപിക്കാം. പക്ഷേ ആ പറഞ്ഞിരിക്കുന്നത് കേവലം യാഥാര്‍ത്ഥ്യം മാത്രമാണ്. സംഘം എന്നു പറഞ്ഞാല്‍ പലര്‍ക്കും ബി.ജെ.പി. എന്നാണര്‍ത്ഥം! പ്രത്യേകിച്ചും രാഷ്ട്രീയക്കാര്‍ക്ക്. സംഘകുടുംബത്തിലെ കേവലം ഒരു അംഗം മാത്രമായ - സംഘത്തോടുള്ള അടുപ്പത്തിന്റെ കാര്യത്തില്‍ മറ്റു പരിവാര്‍ സംഘടനകളുടെയെല്ലാം പിറകില്‍ മാത്രം നില്ക്കേണ്ടുന്ന - ബി.ജെ.പി.യെ മാത്രം വച്ചുകൊണ്ട് സംഘത്തെ വിലയിരുത്തുമ്പോള്‍ സംഭവിക്കുന്ന അനേകം പിഴവുകളില്‍ ഒന്നു മാത്രമാണിത്.
"ആഢംബരജീവിതം ഒഴിവാക്കുക എന്നതാണു കമ്മ്യൂണിസ്റ്റുകളുടെ നയം - അതാണു വിനയം!" എന്നൊരാള്‍ ആക്ഷേപരൂപത്തില്‍ പറഞ്ഞാല്‍ താങ്കള്ക്കെന്താണോ പറയാനുണ്ടാവുക അതുതന്നെയാണിവിടെയും മറുപടി. ആരെത്ര ആക്ഷേപിച്ചാലും ശരി - ഒരു സംഘടനയുടെ നയം എന്നത് നയം തന്നെയാണ്. ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകള്ക്കിപ്പോള് നയവ്യതിയാനം സംഭവിച്ചിരിക്കുന്നു എന്ന് ആക്ഷേപമുള്ളതുകൊണ്ട് ആ ഉദാഹരണം ഇവിടെ അതേപടി ഉപയോഗിച്ചുകൂടാ. സംഘം ഇതുവരെ പരസ്യം ചെയ്തു തുടങ്ങിയിട്ടില്ല. കഴിഞ്ഞമാസം ബീഹാറിലെ മറ്റൊരു പ്രമുഖക്ഷേത്രത്തില്ക്കൂടി ദലിതനെന്നു വിളിക്കപ്പെടുന്നൊരാള് പൂജാരിയായ വാര്‍ത്തയൊക്കെ - എങ്ങിനെയോ കണ്ണില്‍പ്പെട്ടു എന്നേയുള്ളൂ.
ഒരു മാര്‍ക്സിസ്റ്റ് എഴുത്തുകാരന് വാദിച്ചു കണ്ടത് 'ബ്രാഹ്മണ്യം' സംരക്ഷിക്കാനായാണ് സംഘം ആരംഭിച്ചത് എന്നാണ്! അതുകൊണ്ടെന്താണ് അവര്‍ ഉദേശിക്കുന്നതെന്ന് എത്രശ്രമിച്ചാലും കണ്ടെത്താനാവുന്നുമില്ല. സംഘത്തെ സംബന്ധിച്ചുള്ള പലകാര്യങ്ങളിലും - സംഘം തന്നെ പറയുന്നതാണു ശരിയെന്നും മാര്‍ക്സിസ്റ്റുകളുടെ പലവാദങ്ങളും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു വളരെയകലെയാണെന്നും തന്നെയാണ് ഇതുവരെയുള്ള നിരീക്ഷണങ്ങളില്‍ നിന്നു മനസ്സിലാകുന്നത്.
>> [രാജീവ്] പിന്നെ, ‘തെക്കോട്ടെടുക്കുക’ എന്നതിന്റെ ഉപനിഷദ്സാരാംശം ക്ഷ പിടിച്ചു.
'തെക്കോട്ടെടുക്കുക' എന്നത് എന്റെ പ്രയോഗമല്ല.
താങ്കളീ കമന്റ് പോസ്റ്റാക്കിയപ്പോള്‍ ഈ ഭാഗം തിരുത്തിയിരിക്കുന്നതായിക്കാണുന്നതിനാല് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
നകുലന്,
കണ്ണൂരിലും മറ്റും നടക്കുന്ന (മാര്‍ക്സിസ്റ്റ്-ആര്.എസ്.എസ്)കൊലപാതകങ്ങളിലും, അതിന്റെ അസംബന്ധതയിലും, അതിനുള്ള കാരണങ്ങളിലുമെങ്കിലും താങ്കള്‍ക്ക് ആകുലതയുണ്ടാകുമെന്ന തോന്നലുകൊണ്ടാണ് ‘നകുലന്റെ ആകുലതകള്‍‘ എന്ന് എഴുതിയത്. എന്നെ സംബന്ധിച്ചാണെങ്കില്‍, അതില്‍ നല്ലവണ്ണം ആകുലതയുണ്ട്. കൊല്ലപ്പെടുന്നത് മാര്‍ക്സിസ്റ്റായാലും ആര്.എസ്സ്.എസ്സായാലും. താങ്കള്‍ക്കും (ഭൂരിപക്ഷത്തിനൂം) അതുണ്ടാകുമെന്നുതന്നെയാണ് എന്റെ ബലമായ വിശ്വാസവും.
ഇനി, താങ്കളുടെ അഭിപ്രായങ്ങളെ ക്രോഡീകരിച്ചപ്പോള്‍ വേണ്ടത്ര വിശദമായി എടുത്തെഴുതാത്തതുകൊണ്ട്, അര്ത്ഥവ്യതിയാനവും ആശയചോര്‍ച്ചയും ഉണ്ടായിട്ടുണ്ടാകും. അതിനു ക്ഷമചോദിക്കുന്നു. എങ്കിലും താങ്കളുടെതന്നെ വിശദമായ പോസ്റ്റ് ഇവിടെയുള്ളതുകൊണ്ട് അത്ര വലിയ വ്യതിയാനവും ചോര്‍ച്ചയും ഉണ്ടാകാനിടയില്ലല്ലോ
മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കകത്ത് വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. അത് മാറ്റാനും, പാര്‍ട്ടിയെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കാനുമാണ് ഇത്തരം സൌഹാര്ദ്ദസദസ്സുകള് നടത്തുന്നത്. അല്ലാതെ, കുടുംബനാഥന് പാര്ട്ടിക്കാരനായിരിക്കുകയും മറ്റുള്ളവര്‍ സംഘാംഗങ്ങളായിരിക്കുകയും (മറിച്ചുമാകാം)ചെയ്യുന്ന സ്ഥിതിവിശേഷം ഒരിക്കലും ഇല്ലാതാക്കാനായിട്ടുള്ളതല്ല. താങ്കളുടെ അനുമാനത്തിനു ഉപോദ്ബലകമായ ഒന്നും ഇവിടെ കൊടുത്തിട്ടുള്ള ശബ്ദരേഖകളില്നിന്ന് എനിക്ക് കിട്ടിയതുമില്ല. പരോക്ഷമായ ചില സൂചനകളൊഴിച്ച്. പക്ഷേ, ആ ശബ്ദരേഖയുടെ നിഷ്പക്ഷത‘യെക്കുറിച്ചോ, സൂചനകളെക്കുറിച്ചോ ഞാന്‍ ഒന്നും പറയുന്നില്ല്ല. ഇത് കേള്‍ക്കുന്നവര്‍ തന്നെ, അത് തീരുമാനിക്കട്ടെ. ‘വളരെ നിഷ്പക്ഷ‘നായ ഒരേ ആളുതന്നെയാണല്ലോ ഈ വസ്തുനിഷ്ഠമായ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ളത്.
ഇനി അതങ്ങിനെതന്നെയാണെന്നു കരുതുക. അതിലെന്താണ് തെറ്റ്? ഓരോ സംഘടനയും ചെയ്യുക, എല്ലാവരെയും അതിന്റെ കീഴില്‍ കൊണ്ടുവരികതന്നെയല്ലേ. അതിന് അവര്‍ എല്ലാ രീതികളും ഉപയോഗിക്കും. അതില്‍ അക്രമവും, ജനാധിപത്യ-മനുഷ്യാവകാശവിരുദ്ധമായ രീതികള്‍ വരുമ്പോഴല്ലേ അതിനെ അപലപിക്കേണ്ടത്? സൌഹാര്‍ദ്ദ സദസ്സുകളില്‍ അത്തരത്തിലുള്ള വല്ലതും നടക്കുന്നുണ്ടോ? ഈയൊരു പ്രെമിസസില്‍ നിന്നു നോക്കുമ്പോള്‍തന്നെ താങ്കളുടെ ‘അണിയറ രഹസ്യ‘ പ്രയോഗവും മറ്റും അഴിഞ്ഞുവീഴും. (തുടക്കം മുതല്‍ 'കുടുംബാംഗങ്ങള്‍ക്കിടയിലെ റിബലുകളെ സ്വാധീനിക്കാന്‍ ഫാസിസ്റ്റുകള്‍ക്കും മറ്റും സാധിക്കുന്നു'വെന്നൊരു പ്രയോഗം! എന്ന ഖണ്ഡിക വരെയുള്ള ന്യായങ്ങള്‍)
എന്നിട്ടും താങ്കള്‍ വിടുന്നില്ല.
വീണ്ടും ആദ്യം മുതല്‍ തുടങ്ങുന്നു. അതവസാനിക്കുന്നത് പിന്നെയും “.....അവസ്ഥയുള്ളതുകൊണ്ടല്ലേ വെട്ടേണ്ടി വരുന്നത്? ആരും പോവില്ല - പോവാനുള്ള സാദ്ധ്യതകള്‍ മുളയിലേ നുള്ളിക്കളയും - എന്നാണെങ്കില്‍പ്പിന്നെ, ആയുധമെടുക്കലും അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുന്നതും ഒഴിവാക്കാമല്ലോ. അതല്ലേ കൂറേക്കൂടി ബുദ്ധിപരം - എന്നു ചിന്തിച്ചിട്ടുണ്ടാവണം“ എന്ന വരിയിലാണ്. അപ്പോഴും എനിക്ക് അതില്‍ ഒരു തെറ്റും കാണാനാവുന്നില്ല. ഒന്നുമില്ലെങ്കില്‍ ഈ പറയുന്ന അക്രമവും അതിന്റെ പേരിലുള്ള ആക്ഷേപങ്ങളുമൊക്കെ എങ്ങിനെയെങ്കിലുമൊന്ന് അവസാനിപ്പിക്കണമെന്നു കരുതുന്നതില്‍ എന്തു തെറ്റാണ് ഉള്ളത് പ്രിയപ്പെട്ട നകുലാ.
പിന്നെയാണ് സ്വതന്ത്രചിന്തയുടെയും സ്വതന്ത്ര മാദ്ധ്യമങ്ങളുടെയുമൊക്കെ കാര്യങ്ങള്‍ താങ്കള്‍ വിവരിക്കുന്നത്. അതിനോടൊക്കെ എനിക്കും യോജിപ്പാണുള്ളത്. (...അത് ഉടനടിപൊളിഞ്ഞുവീഴുന്നു എന്നൊരു സാഹചര്യമുണ്ടാവുമ്പോള്‍, ആരോപണമുന്നയിച്ചവരെത്തന്നെയാണതു പ്രതികൂലമായി ബാധിക്കുക“ ...എന്നുവരെയുള്ള മിക്ക വാദങ്ങളോടും ഞാന്‍ യോജിക്കും).
പിന്നെയുള്ളത്, മാര്ക്സിസ്റ്റുപാര്ട്ടിതന്നെ ചെയ്ത കൊലപാതകങ്ങള്‍ സംഘത്തിന്റെ തലയില്‍ കെട്ടിവെച്ചുവെന്നും, അതൊക്കെ ഒടുവില്‍ തിരിച്ചറിയപ്പെട്ടുവെന്നുമൊക്കെയുള്ള കാര്യങളാണ്. അതിനനുകൂലവും പ്രതികൂലവുമായ ഡാറ്റകളൊക്കെ ഇരുപക്ഷക്കാരും നിരത്തിയിട്ടുമുണ്ട്.
ഇനിവരുന്നത്, “ഇടതുപക്ഷാഭിമുഖ്യമുണ്ടായിരുന്നവര്‍ സംഘത്തിലേക്കു പോകുന്നുണ്ടെങ്കില്‍, അത് എന്തുകൊണ്ടാണെന്നു കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്...എന്നുതുടങ്ങുന്ന വാദങ്ങളാണ്.. കിരണിന്റെ കമന്റുകള്‍ കാണുക.
ഇനി ബാക്കിയുള്ളത് ഇടതുപക്ഷത്തിന്റെയും സംഘപരിവാറിന്റെയും ഐഡിയോളജിയെക്കുറിച്ചുള്ളതാണ്. അതിനെക്കുറിച്ചുള്ള ചര്‍ച്ച മറ്റൊരിക്കലാക്കാമെന്നു തോന്നുന്നു. എന്റെ പൊതുവായ അഭിപ്രായങ്ങള്‍ ഇവിടെയും മറ്റു പല സ്ഥലങ്ങളിലും ഞാന്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്.
സംഘപരിവാര്‍ എന്നത് ഒരു സവര്‍ണ്ണ ഹിന്ദു വര്‍ഗ്ഗീയ സംഘടനയാണെന്നുതന്നെയാണ് എന്റെ വിശ്വാസം. പുരോഗമനപരമായ ആശയങ്ങളല്ല അതിന്റെ കാതല്‍ എന്നു മാത്രം പറഞ്ഞാല്‍ മതിയാവില്ല, ജനാധിപത്യ-മതേതരത്വ വിരുദ്ധവും കൂടിയാണത്. ഒരു പരിപൂര്‍ണ്ണ ഫാസിസ്റ്റ് സംഘടന. അത് ഇന്നനുവര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രം തുടര്‍ന്നുപോയാല്‍, അവര്‍തന്നെ പ്രചരിപ്പിക്കുന്ന ഈ അഖണ്ഡതയും, എന്തിന് ഇന്ത്യ എന്ന സങ്കല്‍പ്പം പോലും നഷ്ടമായേക്കും.
അഭിവാദ്യങ്ങളോടെ
നന്ദി രാജീവ്,
ആകുലതകളുണ്ടെന്നതു യാഥാര്‍ത്ഥ്യം. പക്ഷേ ഈ പോസ്റ്റില്‍ അവയല്ല പ്രകടിപ്പിച്ചത് എന്നതുകൊണ്ടാണ് ഞാന്‍ വിയോജിച്ചത്.
കിരണിന്റെ കണക്കുകളേക്കുറിച്ച് എനിക്കു പറയാനുള്ളതു ഞാന്‍ അവിടെ ഒരു കമന്റായി ഇട്ടിട്ടുണ്ട്.
സംഘപ്രസ്ഥാനങ്ങളേക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടുകളേക്കുറിച്ച് വിയോജിപ്പുണ്ട്. ഇടതുപക്ഷത്തിന്റെ 'മതേതര'നിലപാടുകളേക്കുറിച്ചും എനിക്കു സംശയങ്ങളുണ്ട്. പക്ഷേ അവയെല്ലാം വീണ്ടും - ആപേക്ഷികമായ പലതിനേക്കുറിച്ചുള്ള ചര്‍ച്ചകളായതിനാല്‍ തുടരുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. അത്തരമൊരു വിശ്വാസം പേറുന്നത് താങ്കളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. താങ്കളുടെ നിലപാടുകളെ ഞാന്‍ മാനിക്കുന്നു.
നമുക്കു രണ്ടാള്‍ക്കും പറയാനുള്ളതു പറഞ്ഞുകഴിഞ്ഞുവെന്നാണു കരുതുന്നത്. വായനയ്ക്കും അഭിപ്രായത്തിനും ഒരിക്കല്‍ക്കൂടി നന്ദി.
പ്രത്യഭിവാദ്യങ്ങള്‍.
സ്നേഹപൂര്‍വം.
Post a Comment