അത്തരമൊരു പരിശോധനയും ആ വായനക്കാരനുള്ള മറുപടിയുമാണിവിടെ.
ആ പോസ്റ്റും കമന്റും വായിച്ചാൽ മാത്രമേ ഇനിപ്പറയാൻ പോകുന്നതിന്റെ സാംഗത്യം പിടികിട്ടുകയുള്ളൂ.
പോസ്റ്റ് ഇവിടെ (സോമനാഥ് ചാറ്റർജീ, സ്മരണ വേണം – വിമോചനസമരകാലത്തെ ഈ വിവാഹഫോട്ടോ!)
കമന്റ് ഇവിടെ ( രാമചന്ദ്രൻ എന്ന ബ്ലോഗറുടെ കമന്റ്.)
----------------------------------------------------------------------------------
രാമചന്ദ്രൻ,
താങ്കളുടെ കമന്റിലെ ചില ഭാഗങ്ങൾക്കുള്ള മറുപടി രണ്ടു പ്രാവശ്യമായി അവിടെത്തന്നെ കൊടുത്തിട്ടുണ്ട്. പ്രധാനപ്പെട്ട ചില ആരോപണങ്ങളുൾപ്പെട്ട ബാക്കിഭാഗത്തിനുള്ള മറുപടി ഇവിടെയൊരു പോസ്റ്റാക്കേണ്ടി വന്നു.
അരുണാ ആസിഫ് അലിയേപ്പറ്റിത്തന്നെയാവാം ആദ്യം. അക്കാര്യത്തിൽ താങ്കൾ വലിയ പ്രതിരോധത്തിനു ശ്രമിച്ചത് അല്പം അതിശയിപ്പിക്കാതിരുന്നില്ല.
----------------------------------------------------------------------------------
>>[Ramachandran] ” ….അരുണാ ആസഫലിയൂടെ കാര്യം......... ഇടതു പക്ഷവുമായി ചുരുങ്ങിയ കാലം (1955-58 വരെ മാത്രം) അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചതെന്നും പിന്നീടവർ രാഷ്ട്രീയം ഉപേക്ഷിച്ചു എന്നുള്ളതുമൊന്നു പറയാതെ താങ്കളുടെ അജണ്ടക്കനുസരിച്ചുള്ള ചരിത്ര രചന മാത്രമാണ് താങ്കൾ നടത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ….”
----------------------------------------------------------------------------------
[നകുലൻ] എന്റേത് ഒരു വർഗ്ഗീയഫാസിസ്റ്റ് ചരിത്രരചനയാണെന്ന് താങ്കൾ പിന്നാലെ സൂചിപ്പിച്ചിട്ടുള്ളതുകൂടി ഇവിടെ ചേർത്തുവായിക്കുകയാണ്. ഇടതുപക്ഷരചനകളിൽ പലപ്പോഴും കടന്നുവരാറുള്ള വാക്കുകളായ ‘ഫാസിസ്റ്റ്അജണ്ട / ഫാസിസ്റ്റ് ചരിത്രരചന’ എന്നതൊക്കെ എത്രമാത്രം അർത്ഥശൂന്യമാണ് എന്നു തെളിയിക്കുന്നതാണ് താങ്കളുടെ ഈ വരികൾ. അരുണയുടെ കാര്യം ഞാനൊരു ആരോപണമായിട്ടോ മറ്റോ പറഞ്ഞതുപോലെ, അതിനെ പെട്ടെന്നു കയറി പ്രതിരോധിക്കാൻ താങ്കൾ ശ്രമിച്ചുകാണുന്നത് അത്ഭുതപ്പെടുത്തുന്നു. അരുണയുടെ കമ്മ്യൂണിസ്റ്റുബന്ധമെന്താ അപമാനകരമായാണോ താങ്കൾക്കനുഭവപ്പെടുന്നത്?
.“…..was elected Delhi's first Mayor and held the office for a second term “ എന്നു തന്നെയാണല്ലോ താങ്കൾ തന്ന ലിങ്കിലും പറഞ്ഞിരിക്കുന്നത്. അതു തന്നെയല്ലേ ഞാനും പറഞ്ഞത്? അവരെന്താ കമ്മ്യൂണിസ്റ്റ് പാർട്ടിനോമിനി അല്ലായിരുന്നോ? ആദ്യം കോൺഗ്രസ് പിന്തുണയോടെയും പിന്നീട് ജനസംഘത്തിന്റെ പിന്തുണയോടെയുമല്ലേ അവർ മേയറായത് ? അല്ല എന്നു സ്ഥാപിക്കുന്നതൊന്നും ആ ലിങ്കിൽ കണ്ടില്ലല്ലോ!
അരുണ ഒരു “ആജീവനാന്ത“കമ്മ്യൂണിസ്റ്റുകാരിയൊന്നുമായിരുന്നില്ലായിരിക്കാം. ഏതാനും വർഷങ്ങളേ അവർ ഇടതുപക്ഷത്തുണ്ടായിരുന്നുള്ളൂ എന്നു വച്ച് ? അതു ഞാൻ “മനപ്പുർവ്വം മറച്ചുപിടിച്ചു“കൊണ്ട് “ചരിത്രരചന” നടത്തുകയായിരുന്നുവെന്ന മട്ടിലൊക്കെ താങ്കൾ കടന്നുചിന്തിക്കുന്നതെന്തുകൊണ്ടാണ് ? അതു മറച്ചുപിടിച്ചതുകൊണ്ട് എനിക്കോ തുറന്നുകാട്ടിയതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾക്കോ എന്തു നേട്ടമാണുണ്ടാവുക? എന്തിനുവേണ്ടി ഞാനതു മറച്ചുവച്ചുവെന്നാണ് താങ്കളുടെ ഊഹം?
“ഡൽഹിയിലെ ആദ്യമുനിസിപ്പൽ കൌൺസിലിൽ കമ്മ്യൂണിസ്റ്റുകൾ ആദ്യം കോൺഗ്രസിനു പിന്തുണകൊടുത്തു. കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ഒരു നോമിനിയെ മേയറാക്കി. പിന്നീട് അതേ ആളെത്തന്നെ മേയറാക്കി നിലനിർത്തിക്കൊണ്ട് ജനസംഘത്തിനു പിന്തുണ നൽകി” എന്നു ഞാൻ എഴുതണമായിരുന്നുവോ? എന്നെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള വിഷയം ജനസംഘത്തിനുള്ള കമ്മ്യൂണിസ്റ്റുപിന്തുണ മാത്രമായിരുന്നുവല്ലോ. അങ്ങനെയൊക്കെ എഴുതുന്നതിനു പകരം, അരുണയായിരുന്നു ആ വ്യക്തി എന്നുകൂടി വെളിപ്പെടുത്തിയെന്നുവച്ച് എന്തു ദോഷമാണുണ്ടായത്?
സത്യത്തിൽ, ഞാൻ ആ പേരു കൂടി സൂചിപ്പിച്ചതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾക്കു നേട്ടമുണ്ടാവുകയല്ലേ ചെയ്തത്? സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ, ഒന്നുമല്ലെങ്കിൽ ഡൽഹിയിൽ ആ പേരിൽ ഒരു റോഡുണ്ടാവാൻ മാത്രം പ്രാധാന്യമുള്ള ആരോ ഒരാൾ എന്ന നിലയിലെങ്കിലും അരുണയേക്കുറിച്ചു കേട്ടിട്ടുള്ളവർ - ആ ഭാഗം വായിച്ചാൽ എന്താ തോന്നുക? അരുണയുടെ കമ്മ്യൂണിസ്റ്റുബന്ധമെന്താ ഇടതുപക്ഷത്തിന് അഭിമാനകരമായിട്ടല്ലേ തോന്നേണ്ടത്? രാജ്യതലസ്ഥാനത്തെ ആദ്യത്തെ മേയർ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ നോമിനിയായിരുന്നു എന്നതെന്താ ഇടതുപക്ഷത്തിന് അപമാനകരമാണോ?
അറിയാതിരുന്നവർക്ക് ആ വിവരമൊക്കെ പറഞ്ഞുകൊടുത്തതിലൂടെ ഞാൻ സത്യത്തിൽ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളെ സഹായിക്കുകയായിരുന്നുവെന്നുവേണം കരുതാൻ. (ഒരു പക്ഷേ താങ്കൾക്കുപോലും അതൊരു പുതിയ അറിവായിരുന്നിരിക്കണം) ഇടതുപക്ഷത്തോടുണ്ടായിരുന്ന “സോഫ്റ്റ്കോർണർ” സമ്പൂർണ്ണമായി ഉപേക്ഷിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നു ധ്വനിപ്പിക്കുന്ന ചില അഭിപ്രായങ്ങൾ ഇതിനകം തന്നെ വന്നിട്ടുണ്ട്. ഞാനാണെങ്കിൽ അതൊരു അലങ്കാരമായിട്ടൊന്നുമല്ല – ആരോപണമായിട്ടാണു കാണുന്നതും. ആ ആരോപണം വീണ്ടുമുയർന്നേക്കുമെന്നു ഞാൻ ഭയപ്പെടേണ്ടതാണിവിടെ. അപ്പോളതാ താങ്കൾ വിചിത്രമായ മറ്റൊരാരോപണവുമായി വന്നിരിക്കുന്നു. അരുണ പിന്നീട് കമ്മ്യൂണിസ്റ്റ് ബന്ധമുപേക്ഷിച്ചുവെന്നതു പറയാത്തതെന്താ എന്നൊക്കെ ചോദിച്ചാൽ, ‘അതാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരം – അതു ഞാൻ മനപ്പൂർവ്വം മറച്ചുവച്ചു‘ എന്നൊക്കെത്തോന്നുമല്ലോ. അത്ഭുതകരമായിരിക്കുന്നു!
പറയേണ്ടതുമുഴുവൻ പറഞ്ഞില്ലെന്ന് എങ്ങനെയും വാദിക്കാനാണെങ്കിൽ ഇനിയും ഓരോന്നു കണ്ടെത്താം. ഞാൻ തന്നെ വേണമെങ്കിൽ ഒന്നു രണ്ടെണ്ണം ചൂണ്ടിക്കാണിക്കാം. 1958-59 കാലങ്ങളിൽ സോമനാഥ് ചാറ്റർജി പാർട്ടിയിലെത്തിയിരുന്നില്ല എന്നതാണൊരു കാര്യം. പക്ഷേ – അതുകൊണ്ടെന്താണ്? അതിനിവിടെ ഒരു പ്രാധാന്യവുമില്ല.
പിന്നീട് ബീഹാറിൽ സംയുക്തവിധായകദൾ ഗവണ്മെന്റു വന്നപ്പോൾ വീണ്ടും ജനസംഘവും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചു എന്നു പറഞ്ഞിട്ടുണ്ട്. അത് പക്ഷേ പിളർപ്പിനുശേഷമാണ്. അതുകൊണ്ട് മാർക്സിസ്റ്റുകൾക്ക് അതിൽ “ഉത്തരവാദിത്തമില്ല” എന്നൊക്കെ വാദിക്കാം. പക്ഷേ – അതുകൊണ്ടെന്താണ്? അതിനും ഇവിടെ ഒരു പ്രാധാന്യവുമില്ല.
“ഭാരതീയജനതാപാർട്ടിയുടെ ആദിമരൂപമെന്നു വിളിക്കാവുന്ന ജനസംഘം അവരുടെ ചരിത്രത്തിലാദ്യമായി മുന്നണിരാഷ്ട്രീയത്തിലേക്കു കടക്കുന്നത് കമ്മ്യൂണിസ്റ്റുകൾ അവരെ പിന്തുണച്ചുകൊണ്ട് ഒപ്പം ഭരിക്കുവാൻ തയ്യാറായപ്പോളാണ് ” എന്നതാണെന്റെ പോയിന്റ്. ഇതുവരെയുള്ള അറിവു വച്ച് അതു തികച്ചും സത്യം തന്നെയാണ്. അതൊക്കെ ‘ഫാസിസ്റ്റ് അജണ്ടയ്ക്കനുസരിച്ചുള്ള ചരിത്രരചന‘യാണെന്നെങ്ങാൻ താങ്കൾക്കഭിപ്രായമുണ്ടെങ്കിൽ, സത്യം വിളിച്ചുപറയാൻ മടിക്കാത്തവർക്ക് നൽകുന്ന പേരാണ് ‘ഫാസിസ്റ്റുകൾ’ എന്നാണപ്പോൾ മനസ്സിലാക്കേണ്ടത്.
----------------------------------------------------------------------------------
>>[Ramachandran] ”"സാധാരണപ്രവർത്തകർ പോലും പാർട്ടിനേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാൻ മടിക്കാത്ത ഈ കാലത്ത് ...." ശരിയാണ്. പറഞ്ഞത് സംഘ പരിവാർ സംഘടനകളെപ്പറ്റിയാണെന്ന് മനസ്സിലായി..വിവിധ പരിവാർ സംഘടനകൾ വിവിധ നാവുകളിൽ സംസാരിക്കുന്നത് പരിവാരത്തിൽ പുതുമയൊന്നുമല്ലല്ലോ? ”
----------------------------------------------------------------------------------
[നകുലൻ] ഒരു സംഘടനയുടെ പ്രവർത്തകർ നേതൃത്വത്തിനു കീഴ്പ്പെടാതെ പ്രവർത്തിക്കുന്നതിനേപ്പറ്റി പറഞ്ഞപ്പോൾ താങ്കൾ മറ്റു ചില സംഘടനകൾ തമ്മിലുള്ള ബന്ധവുമായി താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് കൌതുകകരമാണ്. സംഘപരിവാർ എന്ന വാക്കിനേപ്പറ്റിപ്പോലും താങ്കൾ ശരിയായവിധത്തിൽ മനസ്സിലാക്കിയിട്ടില്ല എന്നു കൂടിയാണിവിടെ വ്യക്തമാകുന്നത്. അതേപ്പറ്റി പിന്നാലെ പറയാം.
അവിടെ ഞാനുദ്ദേശിച്ചത് സി.പി.ഐ.(എം) നെയാണ്. താങ്കൾക്കത് ഒരു പൊതുവേദിയിൽ സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതു ഞാൻ മനസ്സിലാക്കുന്നു. പക്ഷേ താങ്കൾ ഒരു പ്രസ്ഥാനസ്നേഹിയാണെങ്കിൽ, ഈ വിഷയത്തിൽ ചിന്തിക്കാതെയെങ്കിലുമിരിക്കരുത്. മറ്റു പ്രസ്ഥാനങ്ങളുമായിട്ടല്ല, സി.പി.എമ്മിന്റെ തന്നെ പഴയകാലവും ഇന്നത്തെ അവസ്ഥയും തമ്മിലായിരുന്നു താങ്കളൊരു തുലനം നടത്തേണ്ടിയിരുന്നത്.
പാർട്ടിയിൽ പഴയ അച്ചടക്കം ഇന്നുണ്ട് എന്നു താങ്കൾ കരുതുന്നുണ്ടോ? പ്രതിഷേധജാഥകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടി വരിക എന്നത് പാർട്ടിയുടെ ശക്തിയായിട്ടാണോ അതോ ദൌർബല്യമായിട്ടാണോ താങ്കൾ കരുതുന്നത്? ആദ്യമാസങ്ങളിൽ വകുപ്പുകൈമാറ്റവുമായി ബന്ധപ്പെട്ട് ഭരണസ്തംഭനം തന്നെ ഉണ്ടായതു നിഷേധിക്കാമോ? വിഭാഗീയത പ്രകടമായ പല സംഭവങ്ങളും പുറത്തുവന്നില്ലേ? അണികൾ പരസ്പരം ഏറ്റുമുട്ടിയ കാര്യങ്ങൾ പോലും പത്രങ്ങളെഴുതിയില്ലേ? (മിനിഞ്ഞാന്നു രാത്രി കൂടി പുന്നപ്രയിൽ ഗ്രൂപ്പിന്റെ പേരിൽ ഒരു ഡി.വൈ.എഫ്.ഐ. പ്രവർത്തകന്റെ കൈ മറ്റു ചില ഡി.വൈ.എഫ്.ഐ. ക്കാർ ചേർന്ന് അറുത്തെടുത്തുവെന്നു ദീപിക പറയുന്നു! സത്യമോ എന്തോ?) പിന്നീട് സംസ്ഥാനസമ്മേളനത്തിൽ സംഭവിച്ചതുപോലൊന്ന് മുമ്പ് കേട്ടിട്ടുണ്ടോ? ഇക്കഴിഞ്ഞയിടെ ഷൊർണ്ണൂരിൽ നിന്നു് മുരളിയിലൂടെ കേട്ടശബ്ദം നേതൃത്വത്തോടുള്ള പരസ്യമായ വെല്ലുവിളി എന്ന ഗണത്തിൽപ്പെടുത്താമോ? ഓർക്കാട്ടേരിയിലെ ‘മാർക്സിസ്റ്റുപാർട്ടി’ ഏതാണെന്ന് ഇനിയും മനസ്സിലായില്ലല്ലോ. ‘വിമതർ ലക്ഷങ്ങളൊഴുക്കുന്നു‘ എന്ന ആരോപണത്തിനു മറുപടി കിട്ടിയത് “ഞങ്ങൾക്കു പണം തരാൻ ഫാരിസ് അബൂബക്കർമാരില്ല” എന്നാണല്ലോ. ഇതൊക്കെ പരസ്യമായ വെല്ലുവിളികളുടെ ഗണത്തിൽപ്പെടുമോ? അതോ ആദ്യത്തെ വിമതസ്വരമുയരുമ്പോൾത്തന്നെ അവർ സ്വാഭാവികമായും പാർട്ടിക്കാരല്ലാതായി മാറുമോ?
സോമനാഥ്ചാറ്റർജിയുടെ കാര്യമെടുത്താലും ശരി - അദ്ദേഹത്തെ പാർട്ടിതീരുമാനം അനുസരിപ്പിക്കാൻ കഴിയാതിരുന്നത് വലിയ പരാജയം തന്നെയാണെന്നാണു തോന്നുന്നത്. അതിൽ ഒരു തർക്കത്തിനു വകയുണ്ടെന്നു ഞാൻ കരുതുന്നില്ല.
ഇനി, ‘വിവിധ സംഘപരിവാർ സംഘടനകൾ വിവിധനാവുകളിൽ സംസാരിക്കുന്നു‘ എന്ന താങ്കളുടെ പരാമർശത്തിലേക്കു വരാം. ഏതു സംഭവമാണ് താങ്കൾ ഉദ്ദേശിച്ചതെന്നറിയില്ല. എന്നാലും പറയുകയാണ്. പരിവാർ സംഘടനകൾക്ക് പൊതുവായി ഒരു നാവും ഒരു യജമാനനും ഒക്കെ ഉണ്ടാകുമെന്നു താങ്കൾ കരുതുന്നെങ്കിൽ അത് അവരെ സംബന്ധിച്ച് താങ്കൾക്കുണ്ടായിരിക്കാവുന്ന അനവധി തെറ്റിദ്ധാരണകളിൽ ഒന്നു മാത്രമാണ്. സംഘപരിവാർ എന്നാൽ സംഘകുടുംബം എന്നാണർത്ഥം. സംഘാദർശങ്ങളോട് ആഭിമുഖ്യമുള്ള സംഘടനകൾക്കെല്ലാം കൂടി പൊതുവിൽപ്പറയുന്ന ഒരു പേരുമാത്രമാണത്.
ചില പ്രത്യേകവിഷയത്തിൽ സമരം ചെയ്യാനുള്ള എസ്.എഫ്.ഐ.യുടെ നീക്കം പാർട്ടി തടഞ്ഞു - ഡി.വൈ.എഫ്.ഐ. നേതൃത്വത്തെ പാർട്ടി ശാസിച്ചു - എന്നൊക്കെ വാർത്തകൾ കേട്ടെന്നു വരാം. സി.പി.എമ്മിന്റെ വിദ്യാർത്ഥി/യുവജനപ്രസ്ഥാനങ്ങൾ എന്ന നിലയിൽത്തന്നെയാണവ അറിയപ്പെടുന്നതും. അതുപോലെയൊരു സാഹചര്യം താങ്കൾ സംഘപരിവാറിൽ പ്രതീക്ഷിക്കരുത്. അത് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഒരു കൂട്ടമല്ല. പൊതുവായ എന്തെങ്കിലുമൊരു പരമാധികാരസമിതിയ്ക്കു കീഴിലൊന്നുമല്ല അവ പ്രവർത്തിക്കുന്നതും.
രാഷ്ട്രീയകാരണങ്ങളാൽ മാത്രം അവരെ എതിർക്കുന്നവരെ സംബന്ധിച്ചിടത്തോളം സംഘപരിവാർ എന്നത് ബി.ജെ.പി. കേന്ദ്രീകൃതമായ എന്തോ ഒന്നാണെന്നു തോന്നിയേക്കാം. പക്ഷേ, ബി.ജെ.പി. എന്നത് സംഘകുടുംബത്തിലെ ഒരു അംഗം മാത്രമേ ആവുന്നുള്ളൂ. എ.ബി.വി.പി. എന്നത് ബി.ജെ.പി.യുടെ വിദ്യാർത്ഥിവിഭാഗമല്ല. ബി.എം.എസ്. എന്നത് ബി.ജെ.പി.യുടെ തൊഴിലാളിപ്രസ്ഥാനവുമല്ല. ബി.ജെ.പി.യുടെ പോഷകസംഘടനകൾ എന്നു വിളിക്കാവുന്നത് ഭാരതീയജനതായുവമോർച്ച, മഹിളാമോർച്ച, പട്ടികജാതിമോർച്ച, ന്യൂനപക്ഷമോർച്ച തുടങ്ങിയ വിവിധ മോർച്ചകളെ മാത്രമാണ്.
സംഘപരിവാർ പ്രസ്ഥാനങ്ങൾ എന്തെങ്കിലും വിഷയത്തിൽ ഇടപെടുമ്പോൾ ഉടൻ തന്നെ ബി.ജെ.പി.യെ മാത്രം മനസ്സിൽവച്ചു ചിന്തിക്കുകയും അതിന്റെ രാഷ്ട്രീയവശം മാത്രം കണ്ടുകൊണ്ട് ഇടപെടുകയും ചെയ്യുന്നത് ഇടതുപക്ഷമുൾപ്പെടെ പലർക്കും പറ്റുന്ന ഒരു തെറ്റാണ്. ഇവിടെ താങ്കൾ നടത്തിയത് ഒന്നെങ്കിൽ ഒരു ‘തുറന്നുസമ്മതിക്കൽ‘ ആയിരിക്കണം. ‘രാഷ്ട്രീയലക്ഷ്യങ്ങൾ വച്ചുകൊണ്ട് “സംഘപരിവാർ” മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു’ എന്നൊക്കെയുള്ള ചില വാദങ്ങൾ പൊള്ളയാണെന്നു താങ്കൾ തന്നെ സമ്മതിക്കുകയാണിവിടെ. അതല്ലെങ്കിൽ, മനസ്സിലാക്കിവച്ചതും യാഥാർത്ഥ്യവും തമ്മിൽ ചില പൊരുത്തക്കേടുകളുണ്ടെന്നുള്ള സംശയവും തുടർന്നുണ്ടായ ആശയക്കുഴപ്പവുമാണ് അത്തരമൊരു വാചകം സൃഷ്ടിച്ചത്. വിശദമാക്കണമെങ്കിൽ ഒരുപാടു വിഷയങ്ങൾ പരാമർശിക്കേണ്ടി വരുമെന്നതിനാൽ നിർത്തുന്നു.
----------------------------------------------------------------------------------
>>[Ramachandran] ” എന്നു മാത്രമല്ല, "ബി.ജെ.പി.യുമായിച്ചേർന്ന് വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ! " എന്ന് മാത്രമേ താങ്കളും പറയുന്നുള്ളൂ. അങ്ങനെ ആരോടാ പറഞ്ഞത്? താങ്കൾക്കും അതത്ര ഉറപ്പില്ല , അതല്ലേ സത്യം?”
----------------------------------------------------------------------------------
[നകുലൻ] ഇതിന്റെ മറുപടി താങ്കൾ തന്നെ അടുത്ത വരിയിൽ പറഞ്ഞിട്ടുണ്ടല്ലോ. അതു ദാ താഴെ.
----------------------------------------------------------------------------------
>>[Ramachandran] ” ഇനി അതല്ല സോമനാഥ് ചാറ്റർജിക്ക് പാർലമെന്ററി വ്യാമോഹം ഉണ്ടെന്നു തന്നെ വയ്ക്കുക.. സ്പീക്കർ പദവും എം പി സ്ഥാനവും ഒരുമിച്ച് രാജി വയ്ക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി എന്ന റിപ്പോർട്ടുമായി കൂട്ടി വായിച്ചാൽ …..”
----------------------------------------------------------------------------------
[നകുലൻ] പിന്നീടു നടക്കാതെ പോയ ആ കാര്യം പറഞ്ഞ് അദ്ദേഹം ആരെ, എപ്പോൾ, എവിടെവച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്? ഏതു റിപ്പോർട്ടുമായിട്ടാണ് കൂട്ടിവായിക്കേണ്ടത്? ആ റിപ്പോർട്ടിന്റെ പകർപ്പ് എവിടെ കിട്ടും?
അത്രയ്ക്കൊന്നുമില്ല. സാദാ പത്രറിപ്പോർട്ടുകളേപ്പറ്റിയല്ലേ താങ്കളിവിടെ പറയുന്നത്? എങ്കിൽ അതേമട്ടിൽ പത്രറിപ്പോർട്ടുകളെത്തന്നെയാണ് മുകളിലത്തെ വാചകമെഴുതാനായി ഞാനുമാശ്രയിച്ചത്.
താങ്കൾക്ക് ഇഷ്ടപ്പെട്ട റിപ്പോർട്ടുകളെ താങ്കൾ വിശ്വസിച്ചു. അല്ലാത്തവയെ അവിശ്വസിച്ചു. അതല്ലേ സംഭവിച്ചത്?
കൃത്യമായി ഏതു റിപ്പോർട്ടുകളെയാണു ഞാൻ ആശ്രയിച്ചത് എന്നു ചോദിച്ചാൽ കുടുങ്ങി. ആ പത്രവാർത്തകളൊക്കെ ഇനി പരതിയെടുക്കേണ്ടിവരും. എന്തായാലും താങ്കളുടെ കമന്റു വന്നതിനു ശേഷവും പത്രങ്ങൾ അങ്ങനെതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഇതാ ഈ ചിത്രം കാണുക. "ബി.ജെ.പി.യുമായിച്ചേർന്ന് വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ! " എന്ന എന്റെ വാചകത്തിൽ തെറ്റുണ്ടായിരുന്നില്ല എന്ന് ഇതു കണ്ടിട്ടെങ്കിലും താങ്കളംഗീകരിക്കുമെന്നു കരുതുന്നു.
----------------------------------------------------------------------------------
>>[Ramachandran] ” അതെന്തോ ആകട്ടെ, സോമനാഥ ചാറ്റർജിയുടെ പിതാവ് ഹിന്ദു മഹാ സഭാ പ്രവർത്തകനായിരുന്നിട്ടും”
----------------------------------------------------------------------------------
[നകുലൻ] ചെറിയൊരു തിരുത്ത്. സാധാരണ പ്രവർത്തകനല്ല – ഭാരവാഹിത്വത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാമനും - രാജ്യത്ത് രണ്ടാമനുമായിരുന്നു!.
----------------------------------------------------------------------------------
>>[Ramachandran] ” ……. പിതാവ് ഹിന്ദു മഹാ സഭാ പ്രവർത്തകനായിരുന്നിട്ടും സോമനാഥിന് നെഞ്ചു വിരിച്ചു നിന്ന് വർഗ്ഗീയതക്കെതിരെ പൊരുതാൻ കഴിയുന്നുവെങ്കിൽ അതദ്ദേഹത്തിന്റെ മഹത്വമല്ലെന്ന് വർഗ്ഗീയ ഫാസിസ്റ്റ് ചരിത്ര രചന നടത്തുന്ന ഒരാൾക്കു മാത്രമേ വിലയിരുത്താനാവൂ . താങ്കൾ ചെയ്യുന്നത് ഒരു തരം മലർന്ന് കിടന്ന് തുപ്പലാണ്.”
----------------------------------------------------------------------------------
[നകുലൻ] ഒരു ‘സ്മൈലി’ ഇവിടെ കൊടുക്കാതെ തുടരുന്നതു ശരിയല്ല.
:)
സി.പി.എം. ഇപ്പോൾ ‘പൊരുതു‘ന്നതുപോലെ ‘വർഗീയതയ്ക്കെതിരെ പൊരു‘താൻ അപാരമായ നെഞ്ചുവിരിവുമാത്രമല്ല, തൊലിക്കട്ടികൂടി വേണമെന്നതിൽ എനിക്ക് എതിരഭിപ്രായമില്ല. അതിനെയൊക്കെ ‘മഹത്വ’മായി വാഴ്ത്തണമെങ്കിൽ അതിനേക്കാളും ഒന്നൊന്നര ഇഞ്ചുകൂടി വിരിവു വേണം താനും.
എന്തായാലും, “വർഗ്ഗീയഫാസിസ്റ്റ് ചരിത്രരചന” എന്നൊക്കെ ഇടതുപക്ഷം പറഞ്ഞുപേടിപ്പിക്കാറുള്ളത് അപ്പോൾ ഇത്രയൊക്കെയേയുള്ളൂ എന്നറിയുന്നതിൽ സന്തോഷവും ആശ്വാസവും!
തുറന്നു ചോദിക്കുകയാണ്. ഹിന്ദുസമൂഹത്തിന്റെ ചില വികാരങ്ങൾ - അവ എത്രമാത്രം നിർദോഷവും ന്യായവുമായിരുന്നാൽക്കൂടി - അടിച്ചമർത്താൻ മാത്രമാണ് നിങ്ങൾ (ഇടതുപക്ഷം) എക്കാലവും താൽപര്യം കാട്ടിയിട്ടുള്ളത് എന്നുപറഞ്ഞാൽ തെറ്റുണ്ടോ? അതിനൊരു ന്യായീകരണം മാത്രമായി നിങ്ങളുപയോഗിക്കുന്ന – അർത്ഥം നഷ്ടപ്പെട്ട - ഒരു പദം മാത്രമായി ചുരുങ്ങിയിട്ടുണ്ട് ഇന്ന് ‘വർഗ്ഗീയത’ എന്നത്. ഇല്ലെന്നുണ്ടോ?
ഹൈന്ദവേതരസമൂഹങ്ങളുടെ – പ്രത്യേകിച്ചു മുസ്ലിംസമൂഹത്തിന്റെ – ചില വികാരങ്ങൾ - അമേരിക്കാവിരുദ്ധതപോലുള്ള ചിലത് പ്രത്യേകിച്ചും- അനാവശ്യവും അപകടകരവുമെന്ന് അവരിൽത്തന്നെ ചിലർ വിശേഷിപ്പിച്ച് ചെറുത്തുനിൽക്കാൻ ശ്രമിച്ചാലും സമ്മതിക്കാതെ, പരമാവധി അതിലേക്കു വലിച്ചിഴച്ചശേഷം - ആ താത്പര്യങ്ങളെ സംരക്ഷിക്കുന്നവരാണു തങ്ങളെന്ന പ്രതീതി ജനിപ്പിച്ച് വോട്ടുകൾ സമാഹരിക്കാൻ നിങ്ങളുപയോഗിക്കുന്ന മുഖംമൂടിയുടെ പേരുമാത്രമായി ചുരുങ്ങിയിട്ടുണ്ട് ‘മതേതരത്വം’ എന്നത്. നിഷേധിക്കാമോ?
‘മതേതരത്വ’ത്തിനായി നിലകൊള്ളുന്നു എന്നു വാദിക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാടുകളും പ്രവൃത്തികളും പ്രചാരണങ്ങളുമെല്ലാം ഇന്നുവരെ മതസ്പർദ്ധയല്ലാതെ മതസൌഹാർദ്ദം തരിമ്പെങ്കിലും വളർത്തിയതായി തോന്നുന്നില്ല. ഉവ്വോ?
ദൈവാരാധനയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാഗ്രഹിക്കുന്നൊരു സമൂഹമെന്ന നിലയിൽ തങ്ങളുടെ നിലപാടുകൾ സ്വാഭാവികമായിത്തന്നെ “മതേതര”മാണ് എന്ന കമ്മ്യൂണിസ്റ്റുചിന്ത ശുദ്ധ അസംബന്ധമാണ്. മറ്റുസമൂഹങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറുന്ന ഒരു മതസമൂഹമായിത്തന്നെയാണ് കമ്മ്യൂണിസ്റ്റുകളും പരിഗണിക്കപ്പെടേണ്ടത്. എന്താണഭിപ്രായം?
താങ്കളുടെ തന്നെ പ്രയോഗം കടമെടുത്തുപറഞ്ഞാൽ, ‘ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി എപ്പോളും പറയുന്ന’തിനേക്കാൾ അങ്ങേയറ്റം പരിഹാസ്യമാണ് ഇടതുപക്ഷത്തിന്റെ മതേതരത്വവാദവും വീമ്പിളക്കലും. കാരണം ആണ്ടിയ്ക്ക് അടിയുടെ എ.ബി.സി.ഡി. പോലും പിടിയില്ലെന്നു മാത്രമല്ല – അതിനു നേർവിപരീതം പ്രവർത്തിക്കുകയും ചെയ്യുന്നു. അല്ലെന്നുണ്ടോ?
ഇനി ഇതുമൊത്തമൊന്നും വിശദീകരിക്കാൻ താങ്കൾക്കു താല്പര്യമില്ലെങ്കിലും വേണ്ടില്ല – ആ പോസ്റ്റിൽ മറ്റൊരു മാർക്സിസ്റ്റ് അനുഭാവിയോടു ചോദിച്ചിട്ട് ഇനിയും മറുപടി കിട്ടാത്ത ഒരു ചോദ്യം മാത്രം ഇവിടെയുമാവർത്തിക്കുകയാണ്. അതിനെങ്കിലും മറുപടി തരുമോ?
ഉത്തർപ്രദേശിൽ “മതേതരകകക്ഷികൾക്കു മാതൃക”യായിരുന്നു എസ്.പി. – പക്ഷേ ഇപ്പോളവർ മലക്കം മറിഞ്ഞുവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായി പത്രങ്ങളെഴുതിയിരുന്നു. ആ നിലപാടിനോടു താങ്കളും യോജിക്കുന്നുവോ? മുമ്പ് “മാതൃകാപരമായി മതേതര“മായിരുന്ന അവരുടെ മതേതരത്വം ഇപ്പോൾ പെട്ടെന്നു നശിച്ചുവെങ്കിൽ, എന്താണ് മതേതരത്വം നിർണ്ണയിക്കുന്ന ആ ഘടകം? ആ ഘടകമനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറായാൽ ബി.ജെ.പി.യേയും നിങ്ങൾ മതേതരകക്ഷി എന്നു വിളിക്കാൻ തയ്യാറാകുമോ?
ഇനിയിപ്പോൾ, ഈ സംശയങ്ങൾക്കൊന്നും മറുപടി പറയാൻ താങ്കൾക്കു താല്പര്യമില്ലെങ്കിലും വിരോധമില്ല. മലർന്നുകിടന്നുതുപ്പൽ എന്ന താങ്കളുടെ പ്രയോഗം അറം പറ്റിക്കാണുന്നത് അത്ര സുഖകരമായ കാഴ്ചയായിരിക്കില്ല.
----------------------------------------------------------------------------------
>>[Ramachandran] “"എന്നാൽ യെച്ചൂരിയും കാരാട്ടുമൊക്കെ കോൺഗ്രസിനോടാവശ്യപ്പെട്ടത് 'ഘടകകക്ഷികളുടെ താത്പര്യങ്ങൾക്കു വിലകല്പിക്കുന്നതുപോലുള്ള മുന്നണിമര്യാദകൾ ബി.ജെ.പി.യിൽ നിന്നു പഠിക്കൂ" എന്ന് പറഞ്ഞത് ശരിയാണ്, കാരണം 370 -ആം വകുപ്പ്, രാമക്ഷേത്ര നിർമ്മാണം എന്നിവ ഒക്കെ പരണത്ത് വച്ചത് നാം കണ്ടതാണല്ലോ? അതല്ലാതെ എൻ.ഡി.എ ഭരണത്തിന് ഒരു സർട്ടിഫിക്കറ്റും ആരും നല്കിയിട്ടില്ല.”
----------------------------------------------------------------------------------
[നകുലൻ] “ആരും” എന്നത് “ഇടതുപക്ഷം” എന്നു മനസ്സിലാക്കി വായിക്കുമ്പോൾ അക്ഷരം പ്രതി ശരിയാണ്. അവർ സർട്ടിഫിക്കറ്റു കൊടുത്തിട്ടില്ല. ഇനിയൊട്ടു കൊടുക്കുകയുമില്ല.
ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്നില്ല. അതൊരു കൂട്ടുകക്ഷിഭരണമായിരുന്നു. അപ്പോൾ സഖ്യകക്ഷികളെല്ലാം പൊതുവായി ചേർന്നു രൂപം നൽകിയ അജണ്ട മുൻനിർത്തി ഭരിച്ചു. അവർ അതിനെ ഒരു അന്തസ്സായിത്തന്നെയാണു കാണുന്നത്. അത് അങ്ങനെതന്നെ ആണുതാനും.
“ബി.ജെ.പി. തങ്ങളുടെ അജണ്ടകൾ മറന്നു” എന്നൊക്കെയുള്ള വിലാപങ്ങൾ ഇപ്പോൾ കാണുന്നത് കൂടുതലും അവരെ എതിർക്കുന്നവരുടെ വാക്കുകളിലാണെന്നതാണു കൌതുകകരം. ‘രാമക്ഷേത്രപുനർനിർമ്മാണത്തിനായി രൂപം കൊണ്ടതും പ്രവർത്തിക്കുന്നതുമായ പാർട്ടി‘ എന്നൊക്കെയുള്ള പരമാബദ്ധങ്ങൾ കൂടി ചിലപ്പോൾ അതിനൊടൊപ്പം ചേർന്നു കാണാമെന്നതുകൊണ്ട് അവയൊക്കെ വലിയ ചിരിക്കു വക നൽകാറുണ്ട്.
ബി.ജെ.പി.യ്ക്കുള്ള അജണ്ടകളിൽ ഏതെങ്കിലുമൊന്ന് അവർ മറന്നതായോ മാറ്റിവച്ചതായോ എനിക്കു തോന്നിയിട്ടില്ല. അയോദ്ധ്യയിലെ രാമക്ഷേത്രപുനർനിർമ്മാണമെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം സാക്ഷാത്കരിക്കുക എന്നത് ബി.ജെ.പി.യുടെ അനവധി അജണ്ടകളിൽ ഒന്നാണ്. അതിനവർ പ്രതിജ്ഞാബദ്ധവുമാണ്. അതിനു് മൂന്നുവഴികളാണുള്ളതെന്നാണ് അവർ അന്നും ഇന്നും പറയുന്നത്. സ്വീകാര്യതയുടെ ക്രമത്തിൽപ്പറഞ്ഞാൽ:-
(1) തർക്കമുന്നയിക്കുന്നവരുമായുള്ള പരസ്പരസഹകരണം വഴി
(2) നീതിപീഠത്തിന്റെ നിർദ്ദേശം വഴി
(3) നിയമനിർമ്മാണം വഴി.
ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയാലും മുന്നണിയായി ഭരിച്ചാലും പ്രതിപക്ഷത്തിരുന്നാലും എല്ലാം ഇതുതന്നെയായിരിക്കും അവരുടെ നിലപാട്. ഭരണത്തിലാണെങ്കിൽ പ്രശ്നപരിഹാരത്തിനായി കുറേക്കൂടി ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കും എന്നതുമാത്രമായിരിക്കും വ്യത്യാസം. 2004-ൽ അവർക്കു ഭരണം തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇതിനകം പ്രശ്നത്തിനു രമ്യമായ പരിഹാരമുണ്ടാക്കാനുള്ള പരിശ്രമങ്ങൾ പൂർത്തിയാക്കാനും വിജയത്തിലെത്തിക്കാനും അവർക്കു കഴിഞ്ഞേക്കുമായിരുന്നു എന്നു വിശ്വസിക്കുന്ന അനേകം ആളുകളുണ്ട്.
പിന്നെ, ബി.ജെ.പി.യുടെ അജണ്ടകളിൽ ഏതെങ്കിലുമൊരെണ്ണം “പരണ“ത്തുവയ്ക്കപ്പെട്ട ചരിത്രമുണ്ടെങ്കിൽ - എന്തുചെയ്യാം – അതുചെയ്തതും ഇടതുപക്ഷം തന്നെയാണ്. ഏകീകൃതസിവിൽകോഡ് എന്ന ആശയത്തിന് ഇടതുപക്ഷം പണ്ട് അനുകൂലമായിരുന്നു. ബി.ജെ.പി. എക്കാലവും സംസാരിച്ചിട്ടുള്ളത് “ശരി-അത്ത് “ ഉൾപ്പെടെയുള്ളവയെല്ലാം പരിഗണിച്ച് മതനിയമങ്ങളിലും അല്ലാതെയുള്ളവയിലുമെല്ലാം അടങ്ങിയിട്ടുള്ള നിയമങ്ങൾ വിശദമായി കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായൊരു പൊതുപൌരനിയമത്തേക്കുറിച്ചു മാത്രമാണ്. എന്നാൽ, അതിനേക്കാളും ‘മതേതര’മായ - മതനിയമങ്ങളെ പരമാവധി അകറ്റി നിർത്തിയുള്ള - ഒരു സംഗതിയായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ ആവശ്യം. എന്നാൽ, വോട്ടുകിട്ടാൻ അതൊക്കെ വലിയ തടസ്സമാണെന്നു വന്നതോടെ അത്തരം പലനിലപാടുകളും പരണത്തുകേറിത്തുടങ്ങി.
"മതേതരവും ഏകീകൃതവുമായ സിവിൽ കോഡ് " എന്ന ആശയം ബി.ജെ.പി.യുടേതാണ്. അതവർ എവിടെയും കയറ്റിവച്ചിട്ടില്ല. പക്ഷേ, മുമ്പ് അത്തരമൊരു ആശയത്തെ പിന്താങ്ങിയിരുന്ന കമ്മ്യൂണിസ്റ്റുകൾ അതിൽനിന്നു പിന്നോക്കം പോയശേഷം ഇപ്പോൾ നോക്കുന്നത് ‘ഹിന്ദുനിയമങ്ങൾ’ അടിച്ചേല്പിക്കാൻ നോക്കുന്നു എന്ന പച്ചനുണ പറഞ്ഞുകൊണ്ട് ഒരു മുസ്ളീം വോട്ടെങ്കിലും അധികം സംഘടിപ്പിക്കാമോ എന്നു മാത്രമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇനിയാ പഴയ ആശയമൊക്കെ പരണത്തുതന്നെ ഇരിക്കാനേ വഴിയുള്ളൂ. മുസ്ലീങ്ങൾ അതിനായി വാദിക്കുന്ന ഒരു കാലം വരാത്തിടത്തോളം കാലം.
പക്ഷേ, ‘മുസ്ലീം നവോത്ഥാന’ത്തിനായി സ്വന്തനിലയിൽ ഇടതുപക്ഷം ഒരിക്കലും ശ്രമിച്ചുനോക്കിയിട്ടേയില്ല എന്നും പറഞ്ഞുകൂടാ. ഇ.എം.എസ്. ഉണ്ടായിരുന്നപ്പോൾ ഒന്നു ശ്രമിച്ചതാണ്. 'ഈ ബഹുഭാര്യാത്വം അത്ര നല്ലതൊന്നുമല്ല' എന്നമട്ടിൽ അദ്ദേഹം മയത്തില്ത്തന്നെ ഒന്നു പറഞ്ഞുനോക്കി. കേരളത്തെ പിടിച്ചു കുലുക്കിയ പ്രകടനങ്ങളുടെ പരമ്പരയോടെയാണ് പിറ്റേ ദിവസം പുലര്ന്നത്. മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു.
"രണ്ടും കെട്ടും - നാലും കെട്ടും -
നമ്പൂരിശ്ശന്റെ ഓളേം കെട്ടും"!
അന്ന് അവസാനിച്ചതാണ് "നവോത്ഥാനപരിശ്രമങ്ങൾ". പിന്നീട് ഇ.എം.എസോ അദ്ദേഹത്തിന്റെ കാലശേഷം മറ്റുള്ളവരോ അത്തരം ചരിത്രപരമായ മണ്ടത്തരങ്ങൾ ആവര്ത്തിച്ചതായി കണ്ടിട്ടില്ല.
അത്രത്തോളം ശക്തമല്ലാത്ത ചെറിയൊരു “പ്രകടനം” കുറച്ചുകാലം മുമ്പ് കൽക്കത്തയിലെ ഒരു തെരുവിലും നടന്നിരുന്നു. അതേത്തുടർന്ന് തസ്ലീമാനസ്രീൻ എന്നൊരു എഴുത്തുകാരി രായ്ക്കുരാമാനം കമ്മ്യൂണിസ്റ്റുഹൃദയഭൂമിയിൽനിന്നും പായ്ക്കുചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാർ താങ്ങിയിരുന്ന സർക്കാറിന്റെ സഹായത്താൽ, അവരിപ്പോൾ എവിടെയാണെന്നുപോലുമറിയില്ല. എന്തായാലും ഈ രാജ്യത്തില്ല!
ആശയങ്ങളും അവകാശവാദങ്ങളുമെല്ലാം തരാതരം പോലെ കമ്മ്യൂണിസ്റ്റുകൾ പരണത്തുകേറ്റുന്നതിന്റെ ഉദാഹരണങ്ങൾ പറയാൻ തുടങ്ങിയാൽ അതിനായി പ്രത്യേകം ബ്ലോഗുകൾ തന്നെ തുടങ്ങേണ്ടിവരുമെന്ന ഭീതിമൂലം നിർത്തുന്നു.
----------------------------------------------------------------------------------
>>[Ramachandran] ”“നിങ്ങളെല്ലാവരും ഇവിടെ ചൈനയ്ക്കും അമേരിക്കയ്ക്കും ഇറാനും ഇസ്രായേലിനുമൊക്കെയിടയ്ക്കു കിടന്നു പോർവിളിമുഴക്കുന്നതിനിടയിൽ, ഭാരതത്തേപ്പറ്റി ആശങ്കപ്പെടാനും ആരെങ്കിലും വേണമല്ലോ.“ ചൈനയെയും ഇസ്രായേലിനെയും ഒക്കെ കൂട്ടിക്കെട്ടുന്ന - നിങ്ങളെല്ലാവരും എന്ന് കാടടച്ചു പ്രയോഗിക്കുന്ന അതിബുദ്ധി കൊള്ളാം. പക്ഷെ, എപ്പോഴുമുള്ള ഈ ദേശസ്നേഹവാചകമടി ആത്മവിശ്വാസമില്ലായ്മയിൽ നിന്നാവാനേ തരമുള്ളൂ. ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി എപ്പോഴും പറയുന്നത് ചിരിക്കേ വക നല്കൂ.”
----------------------------------------------------------------------------------
[നകുലൻ] ആശയക്കുഴപ്പമെന്താണെന്നു മനസ്സിലായി. താങ്കളിങ്ങനെ ഒന്നിൽ നിന്ന് നേരിട്ട് നാലിലേയ്ക്കു കടക്കാതെ, രാഷ്ട്രങ്ങളുടെ ക്രമവും അവസാനം “ഇടയ്ക്ക് ” എന്നു പറഞ്ഞിരിക്കുന്നതും ഒന്നു കൂടി ശ്രദ്ധിച്ചുവായിച്ചാൽ ആ സംശയമില്ലാതാകും. ചൈനയേയും ഇസ്രയേലിനേയും ഒരുമിച്ചുകെട്ടുന്നുവോ എന്നു താങ്കൾ തെല്ലും ഭയപ്പെടേണ്ടതില്ല. അറിയാതെപോലും ഇസ്രായേലിനെ ‘തീണ്ടി’ക്കുമെന്നു കരുതാതിരിക്കുക. ചൈനയ്ക്കും അമേരിക്കയ്ക്കുമിടയിൽ - ഇറാനും ഇസ്രായേലിനുമിടയിൽ എന്നിങ്ങനെതന്നെയാണുദ്ദേശിച്ചത്. രണ്ടു ജോടികളും ഒരുമിച്ചു പറഞ്ഞു നാലായപ്പോൾ താങ്കൾക്കൊരു ആശയക്കുഴപ്പമുണ്ടായതാവണം.
ഒരിക്കൽ, ഇന്ത്യാക്കാർ ഒന്നടങ്കം ദു:ഖമാചരിച്ചിരുന്ന വേളയിൽ ‘ഇസ്രായേലിനെ നിലയ്ക്കു നിർത്താനായി’ ഇടതുപക്ഷം പ്രകടനങ്ങൾ സംഘടിപ്പിച്ചതു മറന്നിട്ടില്ല. ചൈനയുമായി ഒരു കൂട്ടിക്കെട്ടൽ അറിയാതെപോലും സംഭവിക്കില്ല.
ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപിണിയിലൂടെ പൊങ്ങിയത് സിറിയയ്ക്കുനേരെയുള്ള ചാരക്കണ്ണുകളായിരിക്കുമോ എന്നോർത്ത് വിഷമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഇടതുപക്ഷത്തോട് അത്രയ്ക്കൊരു കൊടുംചതി ചെയ്യാൻ മാത്രം ക്രൂരനല്ല ഞാൻ.
ഇസ്രായേൽ എന്ന രാജ്യം തന്നെ ഇല്ലാതാകണമെന്ന് ഇപ്പോഴും വാദിക്കുന്ന നെജാദിന്റെ അണുപരീക്ഷണങ്ങൾക്കു തടസ്സം നിന്നാൽ ഇന്ത്യൻ ഗവണ്മെന്റിനുള്ള പിന്തുണ പിൻവലിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇടതുപക്ഷത്തോട് അത്തരമൊരു കൊടുംചതി ആരും ചെയ്യാൻ പാടില്ല.
ചൈന ചൈനയാണ്. ഇസ്രായേൽ ഇസ്രായേലും. കൂട്ടിക്കെട്ടൽ അസാദ്ധ്യം! അതു തന്നെയാണവിടെ പറഞ്ഞുവച്ചതും.
രാമചന്ദ്രൻ, താങ്കളെന്തൊക്കെപ്പറഞ്ഞാലും ശരി - ഇടതുപക്ഷപ്രസ്ഥാനങ്ങളും സംഘപരിവാർ പ്രസ്ഥാനങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം കിടക്കുന്നത് ഈ രാഷ്ട്രത്തോടുള്ള സമീപനത്തിന്റെ കാര്യത്തിൽത്തന്നെയാണ്. ‘ആണ്ടി തൊഴിക്കും - സൂക്ഷിക്കണം’ എന്ന് തൊ(ക)മ്മി നാഴികയ്ക്കു നാല്പതു വട്ടം പറഞ്ഞുനടക്കുമ്പോൾ, അടിയാണു യഥാർത്ഥകാര്യം എന്ന് ആണ്ടി ഇടയ്ക്കൊന്നു കയറിപ്പറഞ്ഞുവെന്നു വരും. അതിൽ ആത്മവിശ്വാസത്തിന്റെ പ്രശ്നമല്ല നിഴലിക്കുന്നത്. ഓർമ്മപ്പെടുത്തലിലൂടെ ഒന്ന് അലോസരപ്പെടുത്താനുള്ള കുസൃതി തന്നെയാണത് എന്നു കരുതിക്കോളൂ.
ഇടതുപക്ഷബുദ്ധിജീവികളും ചരിത്രകാരന്മാരും അംഗീകരിച്ചെങ്കിൽ മാത്രമേ മേൽപ്പറഞ്ഞതു താങ്കളും അംഗീകരിക്കൂ എന്നുണ്ടെങ്കിൽ അതിനും മാർഗ്ഗമുണ്ട്. സംഘപരിവാറിനേക്കുറിച്ച് മനസ്സിൽത്തോന്നിയതു പലതും എഴുതിമുന്നേറുന്നതിനിടയിൽ ചിലരൊക്കെ അറിയാതെ പലതും സമ്മതിച്ചുപോകാറുമുണ്ട്. മാർക്സിസം ഒരു കയ്യിലും മൌദൂദിസം മറുകയ്യിലും പിടിച്ച് പുരോഗമനസാഹിത്യത്തെ മുന്നോട്ടു നയിക്കുന്നയാൾ എന്ന് കുറുമുന്നണിക്കാർ ആരോപിക്കുന്ന കെ.ഇ.എൻ.-ന്റെ ലേഖനങ്ങളിലൊന്ന് ഓർമ്മ വരുന്നു. അതിൽ, സംഘത്തിന്റെ ഏറ്റവും വലിയ പ്രശ്നമായി അദ്ദേഹം കാണുന്നത് ‘അന്ധമായ ദേശസ്നേഹ’മാണ്. അതൊരു അവകാശവാദം മാത്രമാണെന്നഭിപ്രായമുണ്ടായിരുന്നെങ്കിൽ, അതദ്ദേഹം മറ്റൊരു ആയുധമാക്കിയേനെ. ദേശസ്നേഹം എന്ന വാക്ക് അറിയാതെ പറഞ്ഞുപോയതിന്റെ പേരിൽ തന്റെ പുരോഗമനമുഖത്തിനു പരിക്കേറ്റാലോ എന്നു ഭയന്നിട്ടോ എന്തോ - തെറ്റുതിരുത്തലെന്ന മട്ടിൽ അദ്ദേഹം ഉടൻ തന്നെ ‘ഗ്രഹണി പിടിച്ച ഭാരതമാതാവ് ’ എന്നു കൂടി പരിഹസിച്ചിട്ടുമുണ്ടായിരുന്നു. ലേഖനവും പുസ്തകവുമേതെന്നു മറന്നു.
ഇനി, ചൈനയെ പരാമർശിച്ചതിന്റെ പേരിലല്ല താങ്കൾ എതിർത്തതെന്നു കൂടി കരുതട്ടെ. ഇന്ത്യയിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് ചൈനയോടുള്ള മാനസികവിധേയത്വത്തിന്റെ കാര്യത്തിൽ താങ്കളൊരു തർക്കത്തിനില്ലെന്നു തന്നെയാണെന്റെ വിശ്വസം. അതല്ല എങ്കിൽ, ഇതുവരെയാരും മറുപടി തരാതിരുന്ന അനവധി ചോദ്യങ്ങൾ പലരുടെ കമന്റുകളിലായി ഇതാ താഴെക്കൊടുത്തിരിക്കുന്ന പോസ്റ്റിൽ ചിതറിക്കിടക്കുന്നു. ആദ്യം തന്നെ ആ സംശയങ്ങൾ തീർത്തു തരുവാൻ ശ്രമിക്കാവുന്നതാണ്.
2 comments:
very good. keep it up.
മതേതരകക്ഷികൾക്കു മാതൃകയായിരുന്ന സമാജ്വാദിപാർട്ടി ഇപ്പോൾ മലക്കം മറിഞ്ഞുവെന്ന മട്ടിൽ പ്രകാശ്കാരാട്ട് പ്രസ്താവന നടത്തിയതിനേപ്പറ്റിയായിരുന്നു ചോദ്യം. കാത്തിരുന്നു മടുത്തു. അനിലിനും രാമചന്ദ്രനും മറുപടിയ്ക്കു താല്പര്യമില്ലെനു തോന്നുന്ന സ്ഥിതിയ്ക്ക് ഇനി ഞാൻ തന്നെ മറുപടി പറയാം.
എസ്.പി. ഇപ്പോളും കറതീർന്ന മതേതരപ്പാർട്ടി തന്നെയാണ്. ഇന്നു ദാ മുലായംസിങ്ങിന്റെ പ്രസ്താവന വന്നിരിക്കുന്നു. “സിമിയെ നിരോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല”. മതേതര കക്ഷികൾക്ക് ഇപ്പോളും മാതൃകതന്നെയാണവർ.
കേരളത്തിൽ അറസ്റ്റിലായ സിമിക്കാരെ വെറുതെ വിടാനിടയാക്കിയ സാഹചര്യം സൃഷ്ടിച്ചു എന്ന ആരോപണം പേറുന്ന സി.പി.എമ്മിനേക്കാളും കുറേക്കൂടി മതേതരം എസ്.പി. തന്നെയാണ്. കാരണം, നിരോധനം നിക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് ആദ്യം രംഗത്തുവന്നത് അവരാണ്. ഇനിയിപ്പോൾ സുപ്രീംകോടതി അതിനൊരു സ്റ്റേ കൊണ്ടുവന്നസ്ഥിതിയ്ക്ക് സുപ്രീംകോടതിയ്ക്കെതിരെ ഒരു പ്രകടനം കൂടിയായാൽ ഭേഷായി.
മതേതരത്വം വിജയിക്കട്ടെ.
Post a Comment