Thursday, January 04, 2007

മാഷിന്റെ കണക്കു തീര്‍ത്തു!

വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും തലക്കെട്ടുകള്‍ ആകര്‍ഷകമാക്കുന്നതു സംബന്ധിച്ച്‌ പത്രപ്രവര്‍ത്തകനായ ഷാജുദ്ദീന്റെ ഒരു പോസ്റ്റ്‌ ഉണ്ട്‌. തലക്കെട്ടും തലവിധിയും എന്നപേരില്‍.

അതുവായിക്കുകയും ചില സമകാലിക കോടതിവിധികള്‍ മനസ്സിലേക്കു വരികയും ചെയ്തപ്പോള്‍ തോന്നിയ ഒരു തലവാചകമാണ്.
മാഷിന്റെ കണക്കു തീര്‍ത്തു!
(ജയകൃഷ്ണന്‍ മാഷ്‌ കൊല്ലപ്പെടുമ്പോള്‍ കുട്ടികളെ‌ കണക്കു പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. )
വേണമെങ്കില്‍, കുട്ടികളുടെ മനസ്സിന്റെ താളുകളില്‍ ചുവന്ന മഷിക്ക്‌ വെട്ടും കുത്തും!“ എന്നൊരു അനുബന്ധം കൂടി ആവാം

അതിനൊപ്പം, സുജയയുടെ ഒരു പോസ്റ്റില്‍ ഞാനിട്ട ഒരു കമന്റു കൂടി മറുമൊഴിയിലേക്കു പകര്‍ത്തിയിടാമെന്നു വച്ചു.

----------------------------------------------------------
ജയകൃഷ്ണന്‍ മാഷിനെ കൊന്നവരെ വെറുതേ വിട്ടത്‌ - കൊലയാളികള്‍ക്കു കിട്ടിയ വീരപരിവേഷവും രാജകീയസ്വീകരണവും - ഇവയെ സംബന്ധിച്ച് ഒരക്ഷരം മിണ്ടില്ല എന്നു കരുതിയതാണ്. എന്നാലും ഇവിടെ ചില പ്രതികരണങ്ങള്‍ക്ക്‌ കണ്ടപ്പോള്‍ അവയ്ക്ക്‌ ഒരു ചെറിയ അനുബന്ധമാവാം എന്നു തോന്നി.

----------------------------------------------------------
ആദ്യമായി, ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും‘ എന്ന ഒരു കമന്റിനേപ്പറ്റി.

ഈ കൊടുപ്പ്‌ മൂന്നു തലത്തിലാവാം

1 - LOW കൊടുപ്പ്‌
--------------------
കമ്മ്യൂണിസ്റ്റുകളാണ് ഭരിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ ഉദാരമാണ് - യാതൊന്നും കൊടുക്കണമെന്നു നിര്‍ബന്ധമില്ല. ഫ്രീ ആയിട്ട്‌ കിട്ടും. ഫ്രീ എനിക്കു വേണ്ട എന്നു പറയാന്‍ അവകാശമില്ല. വാങ്ങിയേ പറ്റൂ. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റാവണം. കുറഞ്ഞ പക്ഷം അങ്ങനെ നടിക്കുകയെങ്കിലും വേണം. ഉദാഹരണങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഗൂഗിള്‍ പോലും നമിച്ചുപോകുന്നമാതിരി സ്ഥലം തികയാതെ വരും. നമ്മളൊക്കെ ഇത്ര കാലം കണ്ണടച്ചല്ലല്ലോ ഇവിടെ ജീവിച്ചത്‌.

2 - MEDIUM കൊടുപ്പ്‌
--------------------------
പിന്നെ, കൊടുത്തിട്ടു തന്നെയാണു കിട്ടുന്നതെങ്കില്‍ തന്നെ, ഈ കൊടുപ്പ്‌ പലരീതിയിലാവാം.

  • കമ്യൂണിസമല്ലാത്ത പ്രത്യയശാസ്ത്രങ്ങള്‍ ശ്രദ്ധനേടാനിടയാക്കുക
  • ആളുകള്‍ അതില്‍ ആകൃഷ്ടരാകാനിടയാക്കുക
  • മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വളരാനിടയാക്കുക

ഇത്തരം ചെയ്തികളിലൂടെയുള്ള കൊടുപ്പുണ്ടല്ലോ - ജീവന്‍ പോകുന്ന രീതിയില്‍ അതു തിരിച്ചു കിട്ടാന്‍ ഈ കൊടുപ്പ്‌ ധാരാളം.

(ജയകൃഷ്ണന്‍ മാഷ് ‘ക്രിമിനല്‍’ ആയിരുന്നു (കൊല്ലപ്പെടുന്നതില്‍ തെറ്റില്ല?) എന്നും മറ്റും പറഞ്ഞു കടന്നുപോകുന്ന എത്രപേര്‍ക്ക്‌ അങ്ങേരുടെ രാഷ്ട്രീയപശ്ചാത്തലം എന്തായിരുന്നു എന്ന്‌ അറിയുമോ എന്തോ? ആ കൊലപാതകം നടന്ന സമയത്തെ രാഷ്ട്രീയാന്തരീക്ഷം അറിയുമോ എന്തോ?)

3 - HIGH കൊടുപ്പ്‌
---------------------
ഇനിയിപ്പോള്‍ ആളെക്കൊല്ലുന്ന ‘കൊടുപ്പ്‌‘ തന്നെയാണു കൊടുത്തതെങ്കില്‍ - ‘ഇവന്‍ മറ്റവനെ കൊന്നതാണ്. അതു കൊണ്ട്‌ ഇവന്‍ വധശിക്ഷയ്ക്കര്‍ഹനാണ് - ഇവനെ ഞങ്ങള്‍ കൊല്ലും‘ എന്നും പറഞ്ഞ്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ആരെയും കൊല്ലാം എന്നാണോ? നമ്മളാര്? ലോകപോലീസ്‌? സോറി - കേരളാപോലീസ്‌?

ഇതൊരു മാതിരി അമേരിക്ക സദ്ദാം ഹുസൈനോടു പറഞ്ഞതു പോലെയുണ്ട്‌. ‘നീ കൊന്നവനാണ് - അതുകൊണ്ട്‌ നിന്നെ എനിക്കു കൊല്ലാം. ഞാനൊരു ഭൂലോകകൊലയാളിയാണെന്നതു വിഷയമല്ല’. രണ്ട്‌ അവസരങ്ങളിലും ഒരുപോലെ യോജിക്കുന്ന വാചകങ്ങള്‍. ഇതേ അമേരിക്കക്കെതിരെയല്ലേ ഇവര്‍ ഇതേ കാരണം പറഞ്ഞ്‌ ഭീഷണി മുഴക്കുന്നത്‌? തങ്ങള്‍ക്കാവാം - മറ്റുള്ളവര്‍ പാടില്ല എന്ന ആ സ്വഭാവം തന്നെ. കലിയുഗത്തില്‍ കൂസിസം അഴിഞ്ഞാടുക തന്നെയാണ്!

----------------------------------------------------------
രണ്ടാമതായി - ഒരു കമന്റിനിടെ കോയമ്പത്തൂരും കാശ്മീരും ഗുജറാത്തും അയോദ്ധ്യയും ബോംബെയുമൊക്കെ കടന്നു വന്നപ്പോള്‍, “ഇവിടെയൊക്കെ ചത്തവനാരാ, ഒറ്റ കൂട്ടര്‍!“ എന്ന്‌ മറ്റൊരാ‍ള്‍ കമന്റിട്ടതിനേപ്പറ്റി.

ഈയൊരു പ്രചാരണം ശക്തിപ്രാപിക്കുന്നതും ഇങ്ങനെയൊരു വിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുന്നതും സത്യത്തില്‍ ഇന്ന്‌ ഇന്ത്യന്‍ മുസ്ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. കാര്യങ്ങള്‍ ഒറ്റക്കണ്ണിലൂടെ മാത്രം കണ്ട്‌ ആവേശം കൊണ്ട്‌ മുസ്ലിം അനുകൂലപ്രസ്താവനകളിലൂടെ വാചാലരാകുന്നവരുടെ ഉദ്ദേശങ്ങള്‍ പലതാണെങ്കിലും (ചില പാവങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ് - ബാക്കിയുള്ളവര്‍ സത്യമറിയാമെങ്കിലും മറച്ചുവച്ച്‌ കാര്യം കാണുന്ന കൂസിസ്റ്റ്‌ സ്വഭാവമുള്ളവരും) അതിന്റ്റെയും ദോഷഫലമനുഭവിക്കുന്നത്‌ മുസ്ലീങ്ങള്‍ തന്നെയാണ്.

(ഈ ‘സമുദായപ്രേമി‘കളുടെ കാപട്യം തിരിച്ചറിയാനും അവരുടെ പ്രവൃത്തികളുടെ ദോഷം തിരിച്ചറിഞ്ഞ്‌ അവരെ അകറ്റി നിര്‍ത്താനും ഉത്തരേന്ത്യന്‍ മുസ്ലീങ്ങള്‍ ഈയിടെയായി തയ്യാറായിത്തുടങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ ഒന്നൊന്നര വര്‍ഷത്തിനിടയില്‍ നടന്ന ചില തെരഞ്ഞെടുപ്പുകളില്‍ - ഗുജറാത്ത്‌ മുനിസിപ്പല്‍ , ബീഹാര്‍ അസംബ്ലി, ഉത്തര്‍പ്രദേശ് മുന്‍സിപ്പല്‍ എന്നിവയില്‍ - മുസ്ലീങ്ങള്‍ക്കു നിര്‍ണ്ണായകസ്വാധീനമുള്ള സ്ഥലങ്ങളില്‍ നിന്നുമുള്ള ഫലങ്ങള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. മതേതരമേനി നടിച്ച്‌ ‘ഇരകള്‍ സിദ്ധാന്തം’ പ്രചരിപ്പിച്ചു നടന്നവര്‍ അവിടങ്ങളില്‍ അമ്പേ പരാജയപ്പെട്ടതും ആരെക്കുറിച്ചു വെറുപ്പു പ്രചരിപ്പിച്ചുവോ അവര്‍ ധാരാളമായി മുസ്ലിം വോട്ടു നേടി വന്‍പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചതും ‘പ്രചാരക’രുടെ ഉറക്കം കെടുത്തിയിട്ടുണ്ട്‌. ഇനിയിപ്പോള്‍ പ്രചാരണത്തിന്റെ ശൈലി ഒന്നു മാറ്റിയേക്കാനിടയുണ്ട്‌. ‘അവിടങ്ങളിലെല്ലാം മുസ്ലീങ്ങളെ ഭയപ്പെടുത്തി വോട്ടു ചെയ്യിപ്പിച്ചു‘ എന്നു പറയാം. അത്തരമൊരു പ്രചാരണം അവിടങ്ങളിലെ മുസ്ലീങ്ങള്‍ പ്രകടിപ്പിച്ച രാഷ്ട്രീയ-ജനാധിപത്യബോധത്തെ കളിയാക്കുന്നതിനു തുല്യമാണ് - അത്‌ ഇനിയും തിരിച്ചടികളുണ്ടാക്കുകയേയുള്ളൂ എന്നു തിരിച്ചറിയും വരെ.)

----------------------------------------------------------
മൂന്നാമതായി...കുട്ടികളുടെ മുന്‍പിലിട്ടു കൊന്നു..അയ്യോ സ്കൂളല്ലേ അതൊരു സരസ്വതീക്ഷേത്രമല്ലേ എന്ന മട്ടിലൊക്കെയുള്ള ചില പറച്ചിലുകളെക്കുറിച്ച്‌.

ഗണ്‍‌മാനെ ഒഴിവാക്കാനും, കുട്ടികളെ പഠിപ്പിക്കുന്നതിനിടയിലുള്ള അപ്രതീക്ഷിത ആക്രമണമായതുകൊണ്ട്‌ ഒരു സ്വയം പ്രതിരോധത്തിനു പോലും അവസരമില്ല എന്നു ഉറപ്പു വരുത്താനും വേണ്ടി തന്ത്രപൂര്‍വം തീരുമാനിച്ച സ്ഥലമാണ് ക്ലാസ്‌മുറി എന്നത്‌. അത്‌ എത്രയും പെട്ടെന്നു നടപ്പാക്കാന്‍ നോക്കുന്നതിനിടയില്‍ എന്തോന്നു കുട്ടികള്‍? എന്തോന്നു സരസ്വതീക്ഷേത്രം? ആ പേരു തന്നെ മതി - എന്നാല്‍ അവിടെയിട്ടു തന്നെ കൊല്ലാം എന്നു തീരുമാനിക്കാന്‍.

കമ്മ്യൂണിസ്റ്റുനേതാക്കള്‍ ആരെയെങ്കിലും കൊല്ലാന്‍ തീരുമാനിച്ചാല്‍, അണികളെവിട്ട്‌ എങ്ങനെയെങ്കിലും അവര്‍ കൊന്നിരിക്കും. അതിനൊക്കെ സമയാസമയത്തു പ്രതിഫലവും കിട്ടും. കണ്ടില്ലേ ഹാരാര്‍പ്പണവും ജയ്‌വിളിയും ആശ്ലേഷങ്ങളുമെല്ലാം.

എന്നാല്‍ പണിയില്ലാത്ത കുറേ പട്ടിണിപ്പാവങ്ങള്‍ക്കു പണിയുണ്ടാക്കികൊടുക്കാം എന്നു വിചാരിച്ച്‌ ഒരുത്തന്‍ നടന്ന്‌ എന്തെങ്കിലും ചെയ്താല്‍ അവനിതു വല്ലതും കിട്ടുമോ?

----------------------------------------------------------
നാലാമതായി.. ‘ആ‍ശുപത്രിയില്‍ കയറിപ്പോലും ആളെക്കൊല്ലുന്ന സംസ്കാരമാണ് ആര്‍. എസ്‌. എസി‘നെന്ന പിണറായിയുടെ ആരോപണത്തെപ്പറ്റി.

ഇത്തരമൊരു സാഹചര്യത്തില്‍ ചിരിക്കുന്നതു മാന്യതയല്ലല്ലോ എന്നോര്‍ത്തു കടിച്ചുപിടിക്കാം. അല്ല. ഇതാര് പറയുന്നത്‌? ‘അന്തഹന്തയ്ക്കിന്ത പട്ട്‌‘ എന്ന മാതിരി ആ ‘പോലും’ എന്ന പ്രയോഗത്തിനു എന്തെങ്കിലുമൊരു പാരിതോഷികമാവാം. ‘ആശുപത്രിയില്‍ പോലും‘ പോലും!

  • സംഘപ്രവര്‍ത്തകരെ പരമാവധി ബുദ്ധിമുട്ടിക്കുക -
  • മാനസിക-ശാരീരിക പീഢനങ്ങളേല്പിക്കുക
  • മികച്ച സംഘാടകരായി ഉയര്‍ന്നു വരുന്നവരെങ്കില്‍ കൂടുതല്‍ വളരാനനുവദിക്കാതെ കൊന്നുകളഞ്ഞേക്കുക
  • നില്‍ക്കക്കള്ളിയില്ലാതെ അവര്‍ തിരിച്ചടിച്ചാല്‍ അതിന് വമ്പിച്ച പ്രചാരം കൊടുക്കുക

ഇതൊക്കെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വിളറി പുണ്ട അവസരങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകള്‍ പരീക്ഷിച്ചിട്ടുള്ള തന്ത്രമാണ്. ഇതൊക്കെ എന്നും വിപരീത ഫലങ്ങളേ ഉളവാക്കിയിട്ടുള്ളൂ എന്നു തിരിച്ചറിയാന്‍ ഇതു വരെ അവര്‍ക്കു കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു.

ആയുധം കൊണ്ടല്ല ആശയം കൊണ്ടുള്ള സംഘട്ടനത്തിനേ സ്ഥായിയായ വിജയം തരാനാവൂ എന്ന്‌ കമ്മ്യൂണിസ്റ്റുകള്‍ (പ്രത്യേകിച്ച്‌ സി.പി.എം.കാര്‍) തിരിച്ചറിയേണ്ടതുണ്ട്‌. പക്ഷേ അതറിഞ്ഞതുകൊണ്ടും പ്രയോജനമില്ല. മറ്റുള്ള ആശയങ്ങള്‍ എന്തെന്നു മനസ്സിലാക്കാനുള്ള സന്നദ്ധതയും സഹിഷ്ണുതയും ഉണ്ടെങ്കിലേ ആശയസംഘട്ടനം സാദ്ധ്യമാകുകയുള്ളൂ. അവ ആദ്യം ആര്‍ജ്ജിക്കേണ്ടതുണ്ട്‌.

കണ്ണൂര്‍ ഭാഗങ്ങളില്‍, കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചെറുപ്പക്കാര്‍ ആര്‍.എസ്‌.എസിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌ അവര്‍ കായികപരിശീ‍ലനം നടത്തുന്നതുകൊണ്ടാണ്(!!) എന്നും അതുകൊണ്ട് യുവാക്കളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടി കരാട്ടേ പരിശീലനം ഏര്‍പ്പെടുത്തണം എന്നുമുള്ള വിചിത്ര തീരുമാനം എടുത്തത്‌ ഓര്‍ത്തുപോകുന്നു. അമ്മാതിരിയുള്ള അബദ്ധധാരണകളുമായിട്ടാണു ചെല്ലുന്നതെങ്കില്‍, ആശയസംഘട്ടനവും ഒഴിവാക്കുന്നതു തന്നെയാണു നല്ലത്‌. പരന്ന വായന, ഉറച്ച ചിന്ത തുടങ്ങിയ നല്ലശീലങ്ങള്‍ ഉപേക്ഷിച്ചാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെന്നല്ല, ഏതൊരു പ്രസ്ഥാനത്തിനും സംഭവിക്കാവുന്ന അപചയമാണിത്‌.

No comments: