ഗുരുവായൂരമ്പലനടയില്‍ വച്ച് അപമാനിതയാക്കപ്പെട്ട അമ്മിണിയമ്മ എന്ന ഒരു വൃദ്ധ ആത്മഹത്യ ചെയ്തതിനേപ്പറ്റി ഞാന്‍ മുന്‍പ് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിനു വന്ന കമന്റുകളില്‍ ഒന്ന് ആശ്ചര്യം ജനിപ്പിക്കുന്നതായിരുന്നു.
"ഹിന്ദുവിന്റെ ശതൃക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണെന്ന പഴയ ഗോള്‍വള്‍ക്കര്‍ 'ഫലിത'ത്തെ എങ്ങനെയാണു നോക്കിക്കാണുന്നത്? " എന്ന്.
കുറേ നാളുകള്‍ക്കു ശേഷമാണ് മറുപടി എഴുതാനൊത്തത്. അത് മറുമൊഴിയിലേക്കു കൂടി പകര്‍ത്തിയിട്ടാല്‍, ഫലിതപ്രിയരായ ആരെങ്കിലും ഇനിയും വന്നാല്‍ കാണിച്ചുകൊടുക്കാന്‍ എളുപ്പമാകുമല്ലോ എന്നു വിചാരിച്ചു.
=============================================
സുഹൃത്തേ,
'ഹിന്ദുവിന്റെ ശത്രുക്കളേക്കുറിച്ചുള്ള ഗോള്‍വള്‍ക്കര്‍ ഫലിതം' സംബന്ധിച്ച് താങ്കള്‍ ചോദിച്ചിരുന്ന ചോദ്യം കാണാതെയിരുന്നതല്ല. അമ്മിണിയമ്മയുടെ ചിത അടങ്ങുന്നതിനു മുന്‍പ് അത്തരമൊരു ചര്‍ച്ച വേണ്ടെന്നു വച്ചു തന്നെയാണ് കുറച്ചുനാള്‍ മൗനം പാലിച്ചത്. ക്ഷമിക്കുമല്ലോ.
ആദ്യമേ തന്നെ പറയട്ടെ. അതൊരു ഫലിതമാണോ എന്നത് ആപേക്ഷികമായ കാര്യമാണെന്നു താങ്കളും സമ്മതിക്കുമെന്നു കരുതുന്നു. വലിയ ഗമയില്‍ സൈക്കിളില്‍ പോകുന്ന ഒരാള്‍ ഗട്ടറില്‍ ചാടി ഉരുണ്ടു വീഴാനിടയായാല്‍ കണ്ടുനില്ക്കുന്നവര് ചിരിച്ചുപോയി എന്നു വരും. എന്നാല്‍ ആ വീഴ്ചയില്‍ അയാളുടെ നടുവൊടിഞ്ഞു എന്നു മനസ്സിലാകുമ്പോള്‍ അത് അനുകമ്പയുണ്ടാക്കും. അയാളുടെ ഭാര്യയ്ക്കോ അമ്മയ്ക്കോ ഒക്കെ ആണെങ്കില്‍ ആദ്യത്തെ വീഴ്ച പോലും ചിരിയുണര്‍ത്തില്ല താനും.
വിചാരധാര തപ്പിപ്പിടിച്ച് മുഴുവന്‍ പരതിയിട്ടും 'ഹിന്ദുവിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണെ'ന്ന ഒരു പരാമര്‍ശം കണ്ടെത്തിയില്ല. ആന്തരികഭീഷണികളേപ്പറ്റി പ്രതിപാദിക്കുന്ന സ്ഥലത്ത് ഈ മൂന്നു കൂട്ടരിലും പെട്ടവര്‍ നമ്മുടെ ദേശീയതാല്പര്യങ്ങള്ക്കു ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനേപ്പറ്റി പറയുന്നുണ്ട്. അതൊക്കെ ശരിയാണോ, അന്നു സംഭവിച്ചിരുന്നതിനൊക്കെ ഇന്നും സാംഗത്യമുണ്ടോ, ഇപ്പോള്‍ നില മെച്ചപ്പെട്ടുവോ അതോ കൂടുതല്‍ മോശമായോ എന്നൊക്കെ അറിയാന്‍, നമുക്കുചുറ്റുമുള്ള സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളിലേക്കു വെറുതെയൊന്നു കണ്ണോടിച്ചാല്‍ മതി.
ജനങ്ങളില്‍ ഏതെങ്കിലുമൊരു വിഭാഗത്തെയെടുത്ത് അവരില്‍ ഒന്നൊഴിയാതെ എല്ലാവരും തികച്ചും ഒരേമട്ടില്ത്തന്നെ പെരുമാറും എന്ന് നക്ഷത്രഫലമെഴുതുന്നവര് പോലും പറയില്ല. 'അവരില്‍ ചിലര്‍', അല്ലെങ്കില്‍ 'മിക്കവാറും പേര്', 'അവരുടെയൊരു പൊതുസ്വഭാവം' എന്ന മട്ടിലൊക്കെ എടുത്താല്‍ മതി.
യഥാര്‍ത്ഥപ്രശ്നം എന്നത് ഇത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന - ഇപ്പറഞ്ഞമട്ടിലുള്ള - 'സാമാന്യവല്ക്കരണം' തന്നെയാണ്. (പ്രയോഗം ശരിയാണോ എന്നറിയില്ല. മറ്റുവാക്കുകളൊന്നും മനസ്സിലേക്കു വരുന്നില്ല. ഇതു കൊണ്ട് എന്താണുദ്ദേശിച്ചത് എന്ന് തുടര്‍വായനയില്‍ വ്യക്തമാവുമെന്നു കരുതുന്നു)
സാമാന്യവല്ക്കരണം രണ്ടു ഭാഗത്തു നിന്നും വരാം. ആരോപിക്കുന്നയാളിന്റെ ഭാഗത്തു നിന്നും ആരോപിക്കപ്പെട്ടയാളുടെ ഭാഗത്തു നിന്നും. മുസ്ലീങ്ങളുടെ കാര്യത്തില്‍, കുറഞ്ഞ പക്ഷം ഇന്ത്യയിലെങ്കിലും, ആദ്യത്തേതിനേക്കാള്‍ രണ്ടാമത്തേത് വളരെ തീക്ഷ്ണമാണെന്നൊരഭിപ്രായമെനിക്കുണ്ട്. ഉദാഹരണത്തിന് - എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണെന്നൊന്നും ഇവിടെ ഒരൊറ്റയാളും ഇതുവരെ പറഞ്ഞിട്ടുമില്ല ഇനി പറയുകയുമില്ല. പക്ഷേ മുസ്ലീങ്ങളായ ആരെങ്കിലും ചെയ്ത തെറ്റുകള്‍ വിമര്ശിക്കപ്പെടുമ്പോള് അത് തനിക്കെതിരേ കൂടിയുള്ള ഒരു പറച്ചിലാണെന്നു സ്വയം ധരിച്ച് വികാരം കൊള്ളാറുള്ള എത്രയോ മുസ്ലീങ്ങളുണ്ട്? അഫ്സല് ഗുരുവിന്റെ, ഇസ്രത്തിന്റെ, മദനിയുടെ അങ്ങനെ പലരുടേയും കാര്യങ്ങള്‍ ഉദാഹരണങ്ങളായി നമ്മുടെ മുന്പിലുണ്ട്. ഈയൊരു 'സ്വയം സാമാന്യവല്‍ക്കരണ സ്വഭാവം' ഒഴിവാക്കാന്‍ പറ്റാത്തതാണ് ഇന്നു മുസ്ലിം സമൂഹം നേരിടുന്ന സുപ്രധാന വെല്ലുവിളി. പുറമേ മതേതരമേനി നടിക്കുകയും ഉള്ളില്‍ അതിഭീകരമായ കൂസിസ്റ്റ് അജണ്ടകള്‍ ഒളിപ്പിക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതും സമുദായത്തിന്റെ ഈ ബലഹീനതയെയാണ്. വളരെ വിശദമായി പറയേണ്ടുന്ന വിഷയമാണ്. പിന്നീടെഴുതാന്‍ ശ്രമിക്കാം.
താങ്കള്‍ പറഞ്ഞ വാചകം അങ്ങനെ തന്നെ പ്രചരിപ്പിക്കപ്പെട്ടാലേ അത് കൂടുതല്‍ ഭീതി ജനിപ്പിക്കുകയും രക്ഷക വേഷം കെട്ടാന്‍ അവസരമുണ്ടാക്കുകയും അങ്ങനെ കൂടുതല്‍ വോട്ടു നേടിത്തരാനിടയാക്കുകയും ചെയ്യുകയുള്ള്ലൂ. അതുകൊണ്ട് ആ ഫലിതം ഇനിയും അങ്ങനെ തന്നെ അറിയപ്പെടാനാണു സാദ്ധ്യത.
താങ്കള്‍ കേട്ടിരിക്കാന്‍ സാദ്ധ്യതയില്ലാത്ത മറ്റൊരു ഗോള്‍വള്‍ക്കര്‍ വചനം - ഈയിടെ ശ്രദ്ധയില്‍പ്പെട്ടത് - പറഞ്ഞു നിര്‍ത്താം. ഓര്‍മ്മയില്‍ നിന്നെടുത്തെഴുതുന്നതാണ്. വാക്കുകള്‍ കൃത്യമായിരിക്കില്ല.
"ഒരാള്‍ എന്നോടു ചോദിച്ചു - 'മുസ്ലീങ്ങളുടെ അതിക്രമങ്ങള്‍ക്കെതിരെ ആളെ സംഘടിപ്പിക്കുകയാണോ നിങ്ങളുടെ ഉദ്ദേശം' എന്ന്.
എന്റെ മറുപടി ഇങ്ങനെയായിരുന്നു.
മുഹമ്മദ് നബി ജനിച്ചിരുന്നില്ലെങ്കില്‍ത്തന്നെ, ഇസ്ലാം മതം സ്ഥാപിക്കപ്പെട്ടിരുന്നില്ലെങ്കില്‍ തന്നെ, ഹൈന്ദവജനതയെ ഈയൊരു ദയനീയ പരിതസ്ഥിതിയില്‍ കണ്ടിരുന്നു എങ്കില്‍ ഡോക്ടര്‍ജി സംഘം ആരംഭിക്കുമായിരുന്നു - നാം അതു വളര്‍ത്തുകയും ചെയ്യുമായിരുന്നു."
സംഘത്തേക്കുറിച്ചുള്ള ഒരുപാടു ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമെല്ലാം ഇത് ഉത്തരം നല്‍കുന്നുണ്ട്. സംഘവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാവര്‍ക്കും ഇതും ഇതുപോലെയുള്ള മറ്റനേകം യാഥാര്‍ത്ഥ്യങ്ങളും അറിയാമായിരിക്കണം. അതു പൊക്കിപ്പിടിച്ച് വോട്ടു വാങ്ങാന്‍ ആര്‍ക്കും താല്പര്യമില്ലാത്തതുകൊണ്ടാവണം പലപ്പോഴും ഇത്തരം കാര്യങ്ങള്‍ താങ്കളേപ്പോലെ പലരുടെയും 'കാണാപ്പുറ'ത്തു മാത്രം കിടക്കുന്നത്.
Saturday, January 20, 2007
Subscribe to:
Post Comments (Atom)
4 comments:
മനുഷ്യരെ ഹൈന്ദവജനത ,മുസ്ലീംജനത എന്നൊക്കെ കാണുന്നതെന്തിനാണ് കാണുന്ന പുറമേ?നിങ്ങളൊക്കെക്കൂടി എന്നെപ്പോലുള്ളവ്രെ ജീവിക്കാന്‍ സമ്മതിക്കൂല അല്ലേ...
വിഷ്ണുപ്രസാദ്, താങ്കള്‍ക്കു മടുത്തു അല്ലേ? എനിക്കും മടുത്തിരുന്നു. എന്തെങ്കിലും പറയാമെന്നു വിചാരിച്ചാല്‍, ഒഴിവാക്കാനാഗ്രഹിക്കുന്ന പലതും കൂടി പറയേണ്ടി വരുന്നു - പലപ്പോഴും .
ഒരു വൃദ്ധയെ കുറേപ്പേര് ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ച് കൊന്നതിലുള്ള ദു:ഖം പങ്കു വച്ചപ്പോള്‍ വന്ന കമന്റുകള്‍ പലതും അതുമായി യാതൊരു ബന്ധവുമില്ലാത്ത, വര്‍ഗ്ഗീയതാ ദുസ്സൂചനകള്‍ നിറഞ്ഞവ, ആയിരുന്നു. ഈ പോസ്റ്റിനു വഴി തെളിച്ച കമന്റു തന്നെ 'ആശ്ചര്യം ജനിപ്പിച്ചു' എന്ന് എടുത്തു പറഞ്ഞത് ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു.
ഇപ്പോള്‍ വന്നു വന്ന് 'ഞാന്‍ ഇന്നത്തെ ഹിന്ദു പത്രം വായിച്ചു' എന്നു പറയണമെങ്കില്‍ പോലും അതിനുമുന്‍പ് ഒരു ചടങ്ങെന്ന പോലെ ഗുജറാത്തിലടക്കം പലയിടത്തും ആരൊക്കെയോ ചെയ്ത തെറ്റുകള്‍ക്കൊക്കെ "സമസ്താപരാധം പറ"യേണ്ടതുണ്ട് എന്നൊരു അവസ്ഥാവിശേഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുണ്ട്. അത്തരം ദുര്വാസനകള്ക്കെതിരേ ശക്തമായ ചെറുത്തു നില്പ്പുകളും നടക്കുന്നുണ്ട്. അമ്മിണിയമ്മ എന്ന ഒരാള്‍ മരിച്ചതിലാണോ നിങ്ങള്‍ക്കു സങ്കടം - അപ്പോള്‍ രണ്ടായിരം പേര് മരിച്ചതിനെ നിസ്സാരവല്ക്കരിക്കുകയല്ലേ - എന്ന മട്ടിലൊക്കെ ഒരു ആക്രോശം ഉണ്ടായില്ലല്ലോ - അത്രയും സമാധാനം - എന്ന് ആശ്വസിച്ചു ഞാന്‍.
പിന്നെ - സ്വയം സമൂഹങ്ങളായി രൂപപ്പെട്ട് തിരിഞ്ഞ് പ്രവര്‍ത്തിക്കുക എന്നത് മനുഷ്യനുണ്ടായ കാലം തൊട്ടേ ഉള്ളതാണ്. വ്യത്യസ്തമായ പല മാനദണ്ഡങ്ങളനുസരിച്ച് ഒരേ സമയം തന്നെ പല സമൂഹനിര്മ്മിതികളും നടക്കുന്നതു കൊണ്ട് ഒരു വ്യക്തി തന്നെ പല സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന അവസ്ഥയുമുണ്ട്. ലോകകപ്പു വരുമ്പോള്‍ പ്രത്യേകിച്ചു വലിയ അടിസ്ഥാനമൊന്നുമില്ലാത്ത കാരണങ്ങള്‍ പറഞ്ഞ് പലരാജ്യങ്ങളുടെ ആരാധകരായിത്തിരിഞ്ഞ് നാം പെരുമാറുന്നതു തൊട്ട് മറ്റു പല മനശ്ശാസ്ത്രപരമായ സംഗതികളുമൊക്കെ പ്രതിപാദിച്ച് വിശദമായ ഒരു പോസ്റ്റിനുള്ള സംഗതിയാണ്. തല്ക്കാലം വിടാനേ നിവൃത്തിയുള്ളൂ.
സത്യത്തില്‍ താങ്കളുടെ മനസ്സില്‍ ഇപ്പോള്‍ നടന്നതും ഒരുതരം വര്‍ഗ്ഗീകരണമാണ്. മുമ്പു പരാമര്‍ശിക്കപ്പെട്ട വര്‍ഗ്ഗങ്ങളില്‍ നിന്നു വിഭിന്നമായ മറ്റൊരെണ്ണം സ്വയം സൃഷ്ടിച്ച് താങ്കള്‍ അതിലേക്കു മാറുന്നു എന്നു മാത്രമല്ല - '"നിങ്ങള്‍” (ഇതരസമൂഹങ്ങള്‍) ഒക്കെ എന്നെ“പ്പോലുള്ളവരെ”(സ്വന്തം സമൂഹം) ജീവിക്കാന്‍ സമ്മതിക്കില്ല - അല്ലേ' എന്ന ചോദ്യത്തിലൂടെ ഒരു 'കോണ്ഫ്ലിക്ടിന്' മാനസികമായി ഒരുങ്ങുകയും ചെയ്തിരിക്കുന്നു!
പ്രവൃത്തികളിലുള്ള വൈരുദ്ധ്യം പ്രശ്നങ്ങളിലേക്ക് എത്തിക്കുന്ന ഒരു അവസ്ഥയില്ലാത്തിടത്തോളം, വര്‍ഗ്ഗീകരണങ്ങള്‍ തടയേണ്ടതില്ലെന്നും അല്ലെങ്കില്‍ത്തന്നെ അത് അസാദ്ധ്യമോ കുറഞ്ഞപക്ഷം ദുസ്സാദ്ധ്യമെങ്കിലുമോ ആയിരിക്കുമെന്നും തോന്നുന്നു. തങ്ങളുടേത് മനുഷ്യസ്നേഹത്തിന്റെ പ്രത്യയശാസ്ത്രമാണ് എന്നു വാദിക്കുന്ന ചിലര്‍, തങ്ങളുടെ പ്രസ്ഥാനത്തിനു പുറത്തുള്ളവരോട് എത്ര മനുഷ്യത്വരഹിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നു നമുക്കറിയാമല്ലോ. അവര്‍ ചെയ്യുന്നതുപോലെ 'മനുഷ്യര്‍' എന്നതിന്റെ നിര്‍വചനം 'തങ്ങളുടെ കൂടെ നില്ക്കുന്നവര്' എന്നതിലൊതുക്കാതെ മറ്റുള്ളവരുടെ സാന്നിദ്ധ്യമംഗീകരിക്കുകയും സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തയ്യാറാകുകയും ചെയ്യുന്നെങ്കില്‍, തരം തിരിവു കൊണ്ടു വലിയ പ്രശ്നമുണ്ടാകേണ്ടതില്ല.
-------------------------
എന്നാലും ഈ വര്‍ഗ്ഗീകരണം, വര്‍ഗ്ഗസിദ്ധാന്തം, വര്‍ഗ്ഗസമരം, വര്‍ഗ്ഗ സര്‍വാധിപത്യം, വര്‍ഗ്ഗീയ വിരുദ്ധതാ കാപട്യങ്ങള്‍, വര്‍ഗ്ഗീസിനെ വെടിവച്ചയാള്‍, വര്‍ഗ്ഗവും പൃഥ്വിരാജിന്റെ മറ്റു ചില ചിത്രങ്ങളും.. എല്ലാം പറഞ്ഞും കേട്ടും ആകെ മടുത്ത പോലെ.
സത്യത്തില്‍, നമ്മളിപ്പോള്‍ നടത്തിയ ഈ സംഭാഷണം പോലും ഒഴിവാക്കാനാവുമായിരുന്നെങ്കില് അതായിരുന്നു എനിക്കിഷ്ടം. പക്ഷേ, താങ്കളുടെ കമന്റില്‍, തള്ളിക്കളയേണ്ടതായി ഒന്നുമില്ലാത്ത സ്ഥിതിക്ക് അത് പ്രസിദ്ധീകരിക്കാതിരിക്കാന്‍ എന്റെ മാന്യത അനുവദിക്കുന്നില്ല. അത് അനുവദിക്കുന്ന സ്ഥിതിക്ക് മറുപടി എഴുതാതെയും വയ്യ. അങ്ങനെ ഏതാണ്ടൊരു കുരുക്കിലായതുകൊണ്ടാണ് ഇതെഴുതിയത്. ഇനിയിപ്പോള്‍ ആകെ ചെയ്യാന്‍ പറ്റുന്നത് എന്റെയീ കമന്റിനെ പിന്മൊഴിയിലേക്കു പോകാനനുവദിക്കാതെ, ഇതിനു കുടുതല്‍ പ്രസിദ്ധി കൊടുക്കുന്നതു തടയുക എന്നതാണ്. (ദൈവമേ പ്രസിദ്ധീപരാങ്മുഖത എനിക്കും തലയ്ക്കു പിടിച്ചോ!). ഇത് പിന്മൊഴിയിലേക്കല്ല - നേരെ കൊരട്ടിയിലേക്കു പോകട്ടെ (qw er ty !)
കമന്റ് മോഡറേഷന് എന്നു പറഞ്ഞാല്‍ ഒന്നുകില്‍ കൊള്ളാനോ അല്ലെങ്കില്‍ തള്ളാനോ മാത്രമേ പറ്റൂ. അതില്‍ക്കയറി പണിയാന്‍ പറ്റില്ല. (അങ്ങനെ ചെയ്യാനാവുന്നത് നല്ലതുമല്ല) അല്ലെങ്കില്‍ താങ്കളുടെ കമന്റിനടിയിലും ഈയൊരു വാലു പിടിപ്പിച്ച് അതിനെയും ഞാന്‍ 'കൊരട്ടി'യ്ക്കു വിട്ടേനേ.
('കൊരട്ടിയ്ക്കു വിടു'മെന്നു പറഞ്ഞ് 'വെരട്ടി വിടുക'യല്ല. ഒരല്പം തമാശ സൃഷ്ടിക്കാനുള്ള (വൃഥാ?)ശ്രമമാണേ. ആക്ഷേപമാണെന്നു തെറ്റിദ്ധരിക്കാതിരിക്കുക.)
qw_er_ty
നകുലാ: ഗോള്‍വാള്‍ക്കറിന്റെ ഈ വചനം
മുഹമ്മദ് നബി ജനിച്ചിരുന്നില്ലെങ്കില്‍ത്തന്നെ, ഇസ്ലാം മതം സ്ഥാപിക്കപ്പെട്ടിരുന്നില്ലെങ്കില്‍ തന്നെ,..... വായിച്ചു ആരെങ്കിലും തെറ്റിദ്ധരിക്കാതിരിക്കാന്‍ ഒരു വിശദീകരണം കൊടുക്കുന്നു; ഇതു പോസ്റ്റിന്റെ പുറത്തുള്ള വിഷയമാണു; ക്ഷമിക്കുമല്ലോ.
മുഹമ്മദ് നബി ഒരു മതവും പുതുതായി സ്ഥാപിച്ചിട്ടില്ല; അദ്ദേഹം ഇസ്ലാം എന്ന ലോകാരംഭം മുതലുള്ള ഒരു മതത്തിന്റെ ഒരു ലക്ഷത്തി ഇരുപത്തിനലായിരത്തിലധികം വരുന്ന ഒരു പ്രവാചകനില്‍ ഒരാള്‍ മാത്രം; അദ്ദേഹം ഇസ്ലാം എന്ന തത്വസംഹിതയെ പൂര്‍ണ്ണമായും അവതരിപ്പിച്ചു പൂര്‍ത്തിയാക്കി ലോകത്തിനു സമര്‍പ്പിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി നിയോഗിക്കപ്പെട്ട അവസാനത്തെ പ്രവാചകനും; ഒരു സാധാരണ മനുഷ്യനുമാണു മുഹമ്മദ് നബി; ഇന്ന് ലോകത്തു കാണുന്ന മതങ്ങളെല്ലാം ഇസ്ലാമിന്റെ തന്നെ വേറെ പതിപ്പുകളാണെന്നണു എന്റെ ധാരണ.
പലയിടത്തും പ്രവാചകന് മുഹമ്മദിനെ കുറിച്ചു ഇസ്ലാം മത സ്ഥാപകന്‍ എന്നു കാണാനിടയാതു കൊണ്ടാണു ഇങ്ങനെ എഴുതേണ്ടി വന്നത്. ഒരു ഭാഷയോ, ജീവിതത്തിന്റെ നികലമേഖലകളെയും പ്രതിപാതിക്കുന്ന ഒരു മതമോ പരിമിതമായ ഒരു മനുഷ്യായുസ്സു കൊണ്ടു സ്ഥാപിക്കാന്‍ കഴിയും എന്ന ധാരണയും എനിക്കില്ല.
പോസ്റ്റു നന്നാവുന്നുണ്ട്. മതസ്പര്‍ദ്ദ. ഞാന്‍ അനുഭവിച്ചിട്ടുണ്ട്, അതെന്താണു ? എന്തിനാണു ? എന്നു എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല;
ഏതെങ്കിലും ഒരു മതക്കാരുമാത്രം ഒരു രാജ്യത്തു, അല്ലെങ്കില്‍ ഈ ഭൂമിയില്‍ ഭൂരിപക്ഷമായതുകൊണ്ടു ഇവിടം സ്വര്‍ഗ്ഗമുണ്ടാകും എന്നതു മൗഡ്യമാണ്.
100% മുസ്ലികള്മാത്രമുള്ള സോമലിയ ഹിന്ദു ഭൂരിപക്ഷമുള്ള നേപാളിനെയും ഉദാഹരിക്കട്ടെ.
ബയാന്‍,
ഇത്തരമൊരു കമന്റ് ആകര്‍ഷിക്കാന്‍ കഴിഞ്ഞത് വലിയൊരു ധന്യതയായി ഞാനുള്ക്കൊള്ളുന്നു. പരമാവധി കാണാപ്പുറങ്ങള്‍ തുറന്നു കാണിക്കാനും അങ്ങനെ പരമാവധി തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനുമാണ് ഞാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്, നന്ദി.
Post a Comment