Wednesday, December 19, 2007

റെയില്‍വേയിലെ 'ലാലുലീല'കള്‍

പണ്ട്‌, 'ലാലുലീല' എന്ന പേരില്‍ കുട്ടികളുടെ ഒരു പ്രസിദ്ധീകരണമുണ്ടായിരുന്നു. 'ബാലരമ'യും 'പൂമ്പാറ്റ'യുമൊക്കെപ്പോലെ. അത്‌ ഇപ്പോഴുമുണ്ടോ എന്നറിയില്ല.

കൊച്ചു കുട്ടികളെ കളിപ്പിക്കുന്ന മാതിരി കേരളീയരെ റെയില്‍വേ മന്ത്രാലയം കളിപ്പിച്ചുകൊണ്ടിരിക്കുന്നതു കണ്ടപ്പോളാണ്‌ ലാലുലീലയുടെ കാര്യം ഓര്‍ത്തത്‌. റെയില്‍വേ പാക്കേജും പതിവുപോലെ വെറുംവാക്കായതിന്റെ വാര്‍ത്ത താഴെ. ലാലുവിന്റെ ഓരോരോ ലീലകള്‍!
*******************
ഹിമാചല്‍പ്രദേശിലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ നിന്ന്‌ ലാലു വിട്ടുനിന്നതിനേപ്പറ്റി പല അഭ്യൂഹങ്ങളും ഉത്തരേന്ത്യന്‍ പത്രങ്ങള്‍ എഴുതിവിട്ടിരുന്നു. എന്നാല്‍ ആ സമയം അദ്ദേഹം ദക്ഷിണേന്ത്യയില്‍ കടുത്ത തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിലായിരുന്നുവെന്നത്‌ ആരും ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമൊക്കെയിരുന്ന്‌ അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള ചില മുന്നൊരുക്കങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം. വോട്ടു പിടിച്ചുകൊണ്ടിരുന്നത്‌ മറ്റൊരു സംസ്ഥാനത്തിലെ - അതും ബി.ജെ.പി.യുടെ - സ്ഥാനാര്‍ത്ഥിയായേക്കാവുന്ന ഓ.രാജഗോപാലിനുവേണ്ടിയായിരുന്നു എന്നതാണ്‌ ഏറ്റവും ശ്രദ്ധേയം.

മലയാളികളെ പ്രീണിപ്പിക്കാനായി അടുത്തിടെ ലാലുജി പ്രഖ്യാപിച്ച പദ്ധതികളിലൊന്ന്‌ താഴെ. സേലം ഡിവിഷന്റെ ആഘാതം തീരുന്നതിനു മുമ്പേ തന്നെയാണ്‌ അടുത്ത സമ്മാനം - മംഗലാപുരം എന്ന ശല്യം മുറിച്ചുമാറ്റി കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസുകാര്‍ക്കു നല്‍കിക്കൊണ്ട്‌ മലയാളികളെ രക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു ലാലുജി.
തകര്‍പ്പന്‍ പ്രകടനത്തിനു കയ്യടിച്ചു തീരുന്നതിനു മുമ്പ്‌ അടുത്ത സമ്മാനവും എത്തിക്കഴിഞ്ഞു. ഇത്തവണ ഇടിവെട്ടുപോലെയാണു സമ്മാനം എത്തുന്നത്‌. തിരുവനന്തപുരം മുറിച്ച്‌ തിരുനെല്‍വേലി ഡിവിഷന്‍ ഉണ്ടാക്കാന്‍ പോകുന്നത്രേ!
കിഴക്കു നിന്നു സേലം മുറിച്ചുമാറ്റി. വടക്കു നിന്നു മംഗലാപുരം. തിരുനെല്‍വേലിയെ 'തെക്കോട്ടും' എടുത്തു. പടിഞ്ഞാറ്‌ അറബിക്കടലായിപ്പോയതു കൊണ്ടാണോ ലാലൂ താങ്കള്‍ മടിക്കുന്നത്‌? അറയ്ക്കാതെ - മടിക്കാതെ കടന്നു വരണം ഹേ! ബാക്കിയുള്ള കഷ്ണങ്ങള്‍ കൂടി വാരിയെടുത്ത്‌ വല്ല ലക്ഷദ്വീപിലും കൊണ്ടുപോയി തള്ളണം. മലയാളികള്‍ കയ്യടിക്കുകയേയുള്ളൂ. കാളവണ്ടിയില്‍ പോകേണ്ടി വന്നാലും ശരി - നാണം കെട്ട്‌ വോട്ടു ചെയ്യുന്ന ശീലം വിട്ടു പിടിക്കാന്‍ തയ്യാറല്ല ഞങ്ങള്‍.

*******************
ഒന്നോര്‍ത്താല്‍ ബഹുമിടുക്കനാണ്‌ ശ്രീ ലാലു. സംസ്ഥാനരാഷ്ട്രീയത്തിലെ തന്റെ എതിരാളിയും, റെയില്‍വേമന്ത്രിപദത്തില്‍ തന്റെ മുന്‍ഗാമിയുമായ നിതീഷ്‌കുമാറിന്റെ ഭരണനേട്ടങ്ങള്‍ പലതും സ്വന്തം പോക്കറ്റിലാക്കി അവതരിപ്പിച്ച ലാലുവിന്റെ "മാനേജ്‌‌മെന്റ്‌‌" തന്ത്രങ്ങള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. താന്‍ അധികാരത്തിലേറി കേവലം രണ്ടു മാസത്തിനകം ഏതോ മന്ത്രശക്തിയാലെന്ന വണ്ണം റെയില്‍വേയ്ക്ക്‌ കോടികളുടെ ലാഭമുണ്ടാക്കിക്കൊടുത്തു എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ കുറേപ്പേരെയെങ്കിലും വിശ്വസിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സത്യമറിയാമെങ്കിലും, മുന്നണിയുടെയും പിന്തുണയുടേയും പേരില്‍ കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കുമൊക്കെ മൗനം പാലിക്കേണ്ടിയും വന്നിരുന്നു. ഇതൊക്കെ സാധിച്ചെടുത്തതിനു പിന്നിലെ 'മാനേജ്‌‌മെന്റ്‌‌ തന്ത്ര'ങ്ങളറിയാന്‍, രാഷ്ട്രീയമറിയാത്ത ചില എം.ബി.എ. വിദ്യാര്‍ത്ഥികള്‍ വരെ ക്യൂ നിന്നതായാണു കഥ! ക്യാമ്പസില്‍ രാഷ്ട്രീയം അനുവദിക്കണമോ വേണ്ടയോ എന്ന ചര്‍ച്ച കൊഴുക്കട്ടെ!

അതൊക്കെ വിട്ട്‌ ലാലുവും കേരളവുമായുള്ള ബന്ധത്തേക്കുറിച്ചോര്‍ത്താല്‍, ആദ്യം ഓര്‍മ്മ വരുന്നത്‌ കേരളീയര്‍ വിരണ്ടുപോയൊരു സംഭവമാണ്‌. സ്ത്രീശാക്തീകരണമെന്നാല്‍ എന്തെന്ന്‌ ലാലുവിന്റെ മകള്‍ കേരളീയര്‍ക്കു കാണിച്ചു തന്നതാണത്‌. തിരുവനന്തപുരത്തു വച്ച്‌, ലാലുവിന്റെ മകളുടെ അടികൊണ്ട്‌ ശരിക്കും 'പിരുന്നു' പോയിരുന്നു, തിരക്കില്‍പ്പെട്ടുപോയ ഒരു പാവം പത്രക്കാരന്‍.

അടുത്തത്‌ സാക്ഷാല്‍ ലാലു തന്നെ വിരണ്ടുപോയൊരു സംഭവമാണ്‌. സേലം ഡിവിഷന്‍ ഉത്ഘാടനവും കഴിഞ്ഞ്‌ കേരളത്തിലേക്കു വരുമ്പോള്‍ ബി.ജെ.പി.യുടെ പ്രതിഷേധം ഭയന്ന്‌ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങി വന്നതാണ്‌ അത്‌. എന്നിട്ടും ചെങ്ങന്നൂരില്‍ യുവമോര്‍ച്ചക്കാരുടെ കരിങ്കൊടിവീശലില്‍ നിന്ന്‌ ഒഴിവാകാന്‍ കഴിഞ്ഞതുമില്ല. റെയില്‍വേ ജീവനക്കാരേയും യാത്രക്കാരേയുമൊക്കെ അരദിവസത്തോളം മെനക്കെടുത്തി നടത്തിയ ആ യാത്രയ്ക്കൊടുവില്‍ തന്നിട്ടുപോയ വാഗ്ദാനമാകട്ടെ - ചവറ്റുകൊട്ടയില്‍ വീഴുകയും ചെയ്തു.

ലാലുവിനെ പാലക്കാടു വഴിതന്നെ വരാന്‍ ബി.ജെ.പി.ക്കാര്‍ ക്ഷണിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്‌. വരുന്ന വഴി ഓ.രാജഗോപാലിന്റെ വീട്ടില്‍ക്കയറി ഒരു അഞ്ചുമിനുട്ട്‌ ചെലവഴിച്ചിട്ടുപോകാനും ആവശ്യപ്പെടാമായിരുന്നു. കേരളത്തിന്റെ റെയില്‍വേ വികസനസാദ്ധ്യതകളേക്കുറിച്ചും പല പദ്ധതികളും എങ്ങനെ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞു എന്നതിനേക്കുറിച്ചുമൊക്കെ ഒന്നു പഠിച്ചിട്ടു പോകാനാവശ്യപ്പെടാമായിരുന്നു. മാനേജ്‌‌മെന്റ്‌‌ അങ്ങോട്ടു പഠിപ്പിക്കുന്നതു കൂടാതെ വല്ലപ്പോഴും സ്വയം വല്ലതും പഠിക്കുന്നതും നല്ലതു തന്നെ.

**************

പറഞ്ഞുവന്നപ്പോള്‍ ഒരു കാര്യം കൂടി ഓര്‍ത്തുപോകുകയാണ്‌. 'കേരളപ്പിറവിദിന'ത്തില്‍ ബി.ജെ.പി. ഹര്‍ത്താല്‍ നടത്തിയത്‌ നാണക്കേടായി എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേപ്പറ്റി ചിലതു പറയാനുണ്ട്‌.

അനവസരത്തിലും അനുചിതമായ രീതിയിലും നിരന്തരം പ്രയോഗിക്കപ്പെട്ടതുമൂലം ശക്തി നശിച്ച, കാലഹരണപ്പെട്ട ഒരു സമരരീതിയാണെന്നു തോന്നുന്നു ബന്ദും ഹര്‍ത്താലുമൊക്കെ. കുറേക്കൂടി ഫലപ്രദമായ, ജനങ്ങള്‍ക്ക്‌ ഉപദ്രവത്തിനു പകരം ഉപകാരം കൊണ്ടുവരുന്ന സമരരീതികള്‍ ആവിഷ്കരിക്കപ്പെടേണ്ടിയിരിക്കുന്നു. പക്ഷേ, “നവംബര്‍ ഒന്നി“ന്റെ ഹര്‍ത്താല്‍ പലര്‍ക്കും നാണക്കേടായിത്തോന്നുന്നത്‌ ബി.ജെ.പി.വിരുദ്ധതയുടെ കനലുകള്‍ ഉള്ളില്‍ക്കിടക്കുന്നതുകൊണ്ടു മാത്രമാണ്‌.

നിരന്തരമായ അവഗണന മാത്രമല്ല - ഉള്ളതു കൂടി കവര്‍ന്നെടുക്കുന്ന അനീതി തന്നെ കേരളത്തോടു കാണിക്കുന്ന റെയില്‍വേയ്ക്കെതിരെ പ്രതികരിക്കാതെ മിണ്ടാതിരിക്കുന്നതും പോരാഞ്ഞ്‌, പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുക കൂടി ചെയ്യുന്ന ഈ സ്വഭാവമുണ്ടല്ലോ - സത്യത്തില്‍ ഇതല്ലേ ഏറ്റവും വലിയ നാണക്കേട്‌?

ഹര്‍ത്താലുകള്‍ ആഘോഷമാക്കി ആസ്വദിക്കുന്ന മലയാളി മനസ്സുകളെയോര്‍ത്ത്‌ നമുക്കു നാണിക്കാം. എന്നാല്‍, “നവംബര്‍ ഒന്നി“ന്റെ പേരില്‍, നാണിക്കേണ്ട യാതൊരാവശ്യവുമില്ല. സേലം ഡിവിഷന്‍ രൂപവല്‍ക്കരണം തടയാനുള്ള സകല ശ്രമങ്ങളും പരാജയപ്പെട്ടപ്പോളാണ്‌ കേരളത്തിനനുവദിച്ച കോച്ച്‌ ഫാക്ടറിക്കു കൂടി ഉടന്‍ തറക്കല്ലിടണമെന്ന്‌ ബി.ജെ.പി. ആവശ്യപെട്ടത്‌. സേലം ഉത്ഘാടനം നടക്കുന്ന നവംബര്‍ ഒന്നിനു തന്നെ, കോച്ച്‌ ഫാക്ടറിക്കു തറക്കല്ലിടുന്നതിന്റെ തീയതിയെങ്കിലും പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ സമരത്തില്‍ നിന്നു പിന്‍മാറാമെന്ന്‌ മാസങ്ങള്‍ക്കു മുമ്പേ ഉറപ്പു കൊടുത്തിരുന്നതുമാണ്‌. എന്നിട്ടും - കേരളത്തിനായി ഒരു ഉറപ്പു പോലും - പിന്നീട്‌ ജലരേഖയായേക്കാമെങ്കില്‍ക്കൂടി - ഒരു ഉറപ്പു പോലും വാങ്ങിച്ചെടുക്കാന്‍ കഴിയാതിരുന്ന കേരളത്തിലെ നേതാക്കളെയോര്‍ത്തു വേണമെങ്കില്‍ നമുക്കു നാണിക്കാം. നവംബര്‍ ഒന്നിനേപ്പറ്റിയോര്‍ത്തല്ല.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ട ദിവസം വലിയൊരാഘോഷമായി കണക്കാക്കുന്നത്‌ എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കുകയാണു നാം ചെയ്യേണ്ടത്‌. റിപ്പബ്ലിക്‌ ദിനവും സ്വാതന്ത്ര്യദിനവും ആഘോഷിക്കാം. അതല്ലെങ്കില്‍ ദേശീയോത്ഗ്രഥനത്തിനു സഹായകരമാകുന്ന സുപ്രധാനതീരുമാനങ്ങളെന്തെങ്കിലും എടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ വാര്‍ഷികവും ആഘോഷിക്കാം. അതിനൊക്കെ പകരം വെട്ടിമുറിക്കലുകള്‍ ആഘോഷിക്കപ്പെടുമ്പോള്‍, അതിനു പിന്നില്‍ അപകടകരമായ പ്രാദേശികവാദമാണ്‌ നാമറിയാതെ ഫണം വിടര്‍ത്തുന്നത്‌. അതേ പ്രാദേശികവാദത്തിന്റെ ഏറ്റവും വലിയ വക്താക്കളായ കരുണാനിധിയും മറ്റും, അതേ വിഷബാധയേറ്റതുകൊണ്ടാണ്‌ സേലം ഡിവിഷന്‍ ഉത്ഘാടനവും നവംബര്‍ ഒന്നിനു തന്നെ നടത്തണമെന്നു വാശി പിടിച്ചതും, ഉത്ഘാടനപ്രസംഗത്തില്‍ കേരളത്തിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ചൊരിഞ്ഞതും. കാവേരിയും മുല്ലപ്പെരിയാറും നെയ്യാറുമൊക്കെ ഭാരതത്തിലെ നദികളാണെന്നും ഏതെങ്കിലും സംസ്ഥാനത്തിലെയല്ലെന്നുമുള്ള ബോധം ഉള്ളിലുറയ്ക്കണമെങ്കില്‍, നവംബര്‍ ഒന്നുകള്‍ കലണ്ടറിലെ സാധാരണ ദിവസങ്ങളിലൊന്നു മാത്രമായി മാറണം. സംസ്ഥാനാടിസ്ഥാനത്തിലുള്ള അധികാരവികേന്ദ്രീകരണം ഏതൊക്കെ മേഖലയില്‍ എങ്ങനെയൊക്കെ നടത്തണമെന്നത്‌ ഇടയ്ക്കിടയ്ക്ക്‌ പുന:പരിശോധനയ്ക്കു വിധേയമാക്കുകയും ആവശ്യമെന്നു കണ്ടാല്‍ മാറ്റങ്ങള്‍ക്കു തയ്യാറാകുകയും വേണം.

മലയാളത്തെ സ്നേഹിക്കാം. സ്നേഹിക്കണം. ആ സ്നേഹം സൂചിപ്പിക്കാനാണെങ്കില്‍, ഭാഷയ്ക്ക്‌ നല്ലതു സംഭവിച്ച ഏതെങ്കിലും ഒരു ദിവസം തെരഞ്ഞെടുത്ത്‌ വര്‍ഷാവര്‍ഷം ആഘോഷിക്കുകയാണു വേണ്ടത്‌. ഭാഷാപിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ഒരു പ്രതിമ തിരൂരില്‍ സ്ഥാപിക്കാന്‍ പോലും സമ്മതിക്കാത്ത 'സാംസ്കാരികനായകന്‍'മാര്‍ക്ക്‌ അങ്ങനെയൊരു ദിവസം കണ്ടെത്താനും താല്‍പര്യമുണ്ടാവാനിടയില്ല. 'കൈരളി'യുടെ പിറവിയേപ്പറ്റി ചോദിച്ചാല്‍ അവര്‍ മിക്കവാറും ഒരു ചാനല്‍ തുടങ്ങിയ തീയതിയായിരിക്കും പറയുന്നതു താനും.

ഇനി, വേറേ ചിലര്‍ ഒരു കുറവായിക്കാണുന്നത്‌ “പ്രസിഡന്റു വന്ന ദിവസം ഹര്‍ത്താലു നടത്തി” എന്നതാണ്. മുന്‍‌കൂട്ടി പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ദിനത്തില്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം പിന്നീടു തീരുമാനിക്കപ്പെടുകയാണുണ്ടായത്‌. അതിന്റെ പേരില്‍ അവസാനനിമിഷം ഹര്‍ത്താല്‍ ആഹ്വാനം പിന്‍‌വലിക്കാനോ തിയതി മാറ്റാനോ നേതൃത്വം വഴങ്ങാതിരുന്നതാണ്. അതു നന്നായി എന്നു വേണം യഥാര്‍ത്ഥത്തില്‍ കരുതാന്‍. ഹര്‍ത്താലുകള്‍ കൊണ്ട്‌ ആകെയുള്ളൊരു പ്രയോജനം, പ്രതിഷേധിക്കുന്ന പ്രശ്നത്തേക്കുറിച്ച്‌ നാലാള്‍ അറിയും എന്നതു മാത്രമാണ്‌ (ഇപ്പോള്‍ ആരും കാരണം അന്വേഷിക്കാറില്ല എന്ന മട്ടായിട്ടുണ്ട്‌). ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പ്രശ്നമെത്തിക്കാന്‍ കഴിഞ്ഞാല്‍ അതുമാത്രമാണ്‌ ഏക നേട്ടം. അങ്ങനെ നോക്കുമ്പോള്‍, പ്രസിഡന്റിനെപ്പോലെ 'വലിയവര്‍' എത്തുന്ന സമയത്ത്‌ ഹര്‍ത്താലാകുന്നത്‌ നല്ലതു തന്നെ. പ്രതിഷേധം അവരുടെയൊക്കെ ശ്രദ്ധയില്‍പ്പെട്ടിട്ട്‌ എന്തു പ്രയോജനം എന്നത്‌ മറ്റൊരു കാര്യം.

ഇതൊക്കെയാണെങ്കിലും, അന്നത്തെ ഹര്‍ത്താലിന്‌ എന്റെ വ്യക്തിപരമായ പിന്തുണയില്ലായിരുന്നു. കരുണാനിധിയും മറ്റും പ്രകോപിപ്പിക്കപ്പെട്ടേക്കാമെന്നല്ലാതെ, കേരളത്തിന്‌ നീതി ലഭിക്കാന്‍ ആ സമരം പ്രയോജനപ്പെട്ടേക്കില്ല എന്ന ഒരു തോന്നല്‍ മൂലമായിരുന്നു അത്‌. കേരളത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്ന നീതിനിഷേധം അധികാരികളെ അറിയിക്കാന്‍ നാടൊട്ടുക്കു ചര്‍ച്ചകളും സെമിനാറുകളും മറ്റും സംഘടിപ്പിക്കാമായിരുന്നു എന്ന്‌ ആദ്യം തോന്നി. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതു തന്നെയാണല്ലോ എന്നും രാഷ്ട്രീയകാരണങ്ങളാലാണല്ലോ ഇതൊക്കെ ഇങ്ങനെയൊക്കെത്തന്നെ കിടക്കുന്നത്‌ എന്നുമോര്‍ത്തപ്പോള്‍ പിന്നെ, "എന്തെങ്കിലുമാകട്ടെ' എന്നൊരു നിലപാടായി.

എന്തു ചെയ്യാനാണ്‌?

ലാലുവും വേലുവും ബാലുവും - ഇവരെയൊക്കെ പിന്താങ്ങാനായി ഇടത്തുനിന്നും വലത്തു നിന്നും നിര്‍ലജ്ജമായ ഓരോ കൈത്താങ്ങുകളും! കഷ്ടം! മലയാളിക്ക്‌ ഇതൊക്കെയേ വിധിച്ചിട്ടുള്ളൂ എന്നു തോന്നുന്നു. എന്തായാലും വെറുതെയല്ല ഓ.രാജഗോപാലിന്‌ രണ്ടേകാല്‍ലക്ഷത്തിലധികം വോട്ടു ലഭിച്ചത്‌. 24 വര്‍ഷമായി മത്സരരംഗത്തില്ലാതിരുന്ന പി.കെ.വി.യെ രംഗത്തിറക്കാന്‍ (അനാരോഗ്യം മൂലം അതു പിന്നീട്‌ അദ്ദേഹത്തിന്റെ മരണത്തിനു തന്നെ ഇടയാക്കുന്നമട്ടില്‍) ഇടതുമുന്നണി നിര്‍ബന്ധിതരായതും വെറുതെയല്ല. അട്ടിമറിസാദ്ധ്യതകള്‍ അവര്‍ മുന്‍കൂട്ടി കണ്ടിരിക്കണം. ആരു പറഞ്ഞു - മലയാളികള്‍ക്കു പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന്‌?

10 comments:

Unknown said...

കൊച്ചു കുട്ടികളെ കളിപ്പിക്കുന്ന മാതിരി കേരളീയരെ റെയില്‍വേ മന്ത്രാലയം കളിപ്പിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തുടരെത്തുടരെ ദാ ഇമ്മട്ടില്‍ പുറത്തുവരുന്നതു കണ്ടപ്പോളാണ്‌ “ലാലുലീല“യുടെ കാര്യം ഓര്‍ത്തത്‌.

krish | കൃഷ് said...

നാം മലയാളികള്‍ കണ്ടിട്ടും കേട്ടിട്ടും അറിയാത്ത ഭാവത്തില്‍ നടിക്കുന്ന ചില കാര്യങ്ങളാണ് കാണാപ്പുറം ഇവിടെ പറഞ്ഞിരിക്കുന്നത്.
നല്ല ലേഖനം.

കേരളത്തിന് ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എല്ലാ രാഷ്ട്രീയക്കാരും ഒരുമിച്ച് നിന്ന് സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടത്. തമ്മില്‍തല്ല് തീര്‍ന്നിട്ടുവേണ്ടെ ഇതിനൊക്കെ സമയം.

അപ്പോള്‍‍ ഇങ്ങനത്തെ ലീലാവിലാസങ്ങള്‍ കണ്ടു രസിക്കുക.

നന്ദു said...

നകുല്‍ ജീ,
നല്ല ലേഖനം. ഉത്തരേന്ത്യന്‍ ലോബികളുടെ അവഹേളനം കേരളം ഏല്‍ക്കേണ്ടിവരുന്നതു തുടര്‍ക്കഥ തന്നെയാണ്. റെയില്‍വേ മാത്രമല്ല, ഒട്ടു മിക്ക ഡിപ്പാരട്ട്മെന്റ്റുകളിലും ഇത് കാണാം. വിമാനത്താവളം മറ്റൊരു ഉദാഹരണം. തിരുവനന്തപുരം വിമാനത്താവള വികസനം മാറി വന്ന പല സര്‍ക്കാരുകളും ഉന്നയിച്ചിട്ടും (ഉന്നയിച്ചൊ?) എങ്ങുമെത്തിയില്ലല്ലോ?. മിഗും മിറാഷുമൊക്കെ വിജയകരമായി പറത്തി പക്ഷെ ഇനിയും ഇതു ഒരു അന്തര്‍ദ്ദേശീയ നിലവാരത്തിലേയ്ക്കെത്താന്‍ ഇനിയും എത്ര നൂറ്റാണ്ടുകള്‍ കാക്കണം?. ഇതുപോലെ തന്നെ കേരളത്തിന്‍റെ ഒട്ടുമിക്ക പ്രശ്നങ്ങളും ഉത്തരേന്ത്യന്‍ ലോബികളുടെ കൈപ്പിടീയില്‍ നിന്നും മോചിച്ചിട്ടില്ല. ലാലുവും തന്‍റെ റോള്‍ ഭംഗിയാക്കി എന്നു കരുതാം. നമുക്കുണ്ടല്ലോ എം.പി മാര്‍. ഇപ്പം ഞങ്ങള്‍ വലിക്കും (പിന്തുണ) എന്നു പറയാന്‍ തുടങ്ങി കേട്ടിട്ട് കാലമെത്രയായി. എന്താ മയങ്ങിപ്പോയോ സോണീയാജീടേ...........ല്?
ആണത്തം വേണം അതിന്. ഈ നപുംസകങ്ങ്ള്ക്ക് അതുമില്ല....!

Sreejith K. said...

ലേഖനം കലക്കി. നാണമുള്ള ഒരുത്തനെങ്കിലും “പടിഞ്ഞാറ്‌ അറബിക്കടലായിപ്പോയതു കൊണ്ടാണോ ലാലൂ താങ്കള്‍ മടിക്കുന്നത്‌? അറയ്ക്കാതെ - മടിക്കാതെ കടന്നു വരണം ഹേ!“ എന്ന് കളിയാക്കിയത് കൊണ്ടിരുന്നെങ്കില്‍ എന്നാശിച്ച് പോകുന്നു.

പക്ഷെ ഹര്‍ത്താലിനെ പിന്തുണച്ചതിനോട് യോജിപ്പില്ല. ഈ പ്രാകൃതമായ സമരമുറയല്ലാതെ മറ്റൊന്നും ഇന്നും ഒരു നേതാവിന്റേയും തലയില്‍ വരില്ലേ? കേരളം മുഴുവന്‍ സ്തംഭിപ്പിച്ചിട്ട് എന്ത് പ്രയോജനം? നമ്മുടെ നാട്ടുകാര്‍ ഹര്‍ത്താലിന്റെ പ്രകോപനകാരണം പോലും അന്വേഷിക്കാറില്ല. ബി.ജെ.പി ഉള്ള ചീത്തപ്പേര്‍ പോകാതെ നോക്കി എന്ന് മാത്രം.

Unknown said...

ഹര്‍ത്താലിനെ പിന്തുണച്ചിട്ടില്ലല്ലോ ശ്രീജിത്തേ. “നവംബര്‍ ഒന്നിന്” വലിയ ഊന്നല്‍ കൊടുത്തതിനോടാണ് വിയോജിപ്പു പ്രകടിപ്പിച്ചത്‌.

myexperimentsandme said...

നല്ല ലേഖനം. കുഞ്ഞാലിക്കുട്ടിയെയൊക്കെ നിര്‍ത്തിയും ഇരുത്തിയും പൊരിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ ലാലുവിന്റെ മോള്‍ ചെപ്പക്കുറ്റി നോക്കി ഒന്ന് കൊടുത്തപ്പോള്‍ അത് മാദ്ധ്യമ പ്രവര്‍ത്തകനെയല്ല, വീഡിയോ ഗ്രാ‍ഫറെയാണ് അടിച്ചത് എന്നോ മറ്റോ പറഞ്ഞ് എല്ലാം കോമ്പ്രമൈസ് പോലുമാക്കിയില്ല.

റെയില്‍‌വേയ്ക്ക് വേണ്ടി വളരെ നാളുകള്‍ കൂടി ഞാനറിഞ്ഞിടത്തോളം കേരളത്തിന് വളരെയധികം കാര്യങ്ങള്‍ ചെയ്ത ആളാണ് ശ്രീ ഓ. രാജഗോപാല്‍. പക്ഷേ ഇലക്ഷന്‍ വന്നപ്പോള്‍ നമ്മള്‍ അത് മറന്നു. മലയാളിയായതുകാരണം രാജഗോപാല്‍ അതുകൊണ്ട് എന്തെങ്കിലും ഗുണം പ്രതീക്ഷിരുന്നോ എന്നറിയില്ല. എന്തായാലും ബി.ജെ.പിയ്ക്ക് ഒരു സീറ്റ് കിട്ടിയില്ലെങ്കിലും ഇക്കഴിഞ്ഞ ഇലക്ഷനില്‍ എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് കേരളത്തിലുണ്ടാക്കാന്‍ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു എന്ന് മൂവാറ്റുപുഴയില്‍ ശ്രീ പി.സി.തോമസ് തെളിയിച്ചു. ഇനി ഇന്ത്യയെങ്ങാനും തിളങ്ങിയാലോ എന്നോര്‍ത്ത് ഇലക്ഷന് സ്വല്പം മുന്‍പ് അദ്ദേഹം എന്‍.ഡി.ഏ ആയി. ഇന്ത്യ തിളങ്ങിയില്ലെന്ന് ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി. കൂളായി ഇപ്പുറം ചാടുകയും ചെയ്തു. ഇത്രയും സിമ്പിളാണ് കാര്യങ്ങളെന്ന് അന്നാണ് മനസ്സിലായത്. ശ്രീ വെള്ളാപ്പള്ളി നടേശന്റെ രാജഗോപാലിന്റെ തിരുവനന്തപുരത്തെ തോല്‍‌വിയും ശ്രീ പി.സി. തോമസിന്റെ മൂവാറ്റുപുഴയിലെ ജയവും പരാമര്‍ശിച്ചതാണ് എന്റെ മനസ്സില്‍ ഇപ്പോഴും.

ശരിക്കും മലയാളിക്ക് കേരളത്തോട് സ്നേഹമുണ്ടോ? അവനനവന്റെ കാര്യം, അവന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ കാര്യം എന്നതിനൊക്കെയപ്പുറം കേരളത്തെ മൊത്തത്തില്‍ ബാധിക്കുന്ന എന്തെങ്കിലും കാര്യത്തെപ്പറ്റി ഒരു ശരാശരി മലയാളി എത്രമാത്രം വികാരിയാവും? കേരളത്തിന് വെളിയില്‍ താമസിക്കുന്നവരുടെ സ്വാഭാവിക നോവാള്‍ജിയയ്ക്കപ്പുറം (കഃട് ദേവേട്ടന്‍) ഒരു ശരാശരി മലയാളി എന്ന് പറയുന്നത് തികച്ചുമൊരു പ്രായോഗിക വാദി (സ്വന്തം കാര്യം സിന്ദാബാദ്) ആണെന്നാണ് ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിരിക്കുന്നത്. നമുക്ക് നേരിട്ട് എന്തെങ്കിലും പറ്റുമ്പോളല്ലാതെ അങ്ങിനെയിങ്ങിനെയൊന്നും മലയാളി കുലുങ്ങാറില്ല എന്ന് തോന്നുന്നു. എല്ലാവരും കൂടി യോജിച്ച് ഒരു ഹര്‍ത്താല്‍ നടത്താന്‍ സ്കോപ്പുള്ള എത്രയെത്ര കാര്യങ്ങളുണ്ട് കേരളത്തില്‍. റോഡ് മുഴുവന്‍ കുഴിയായപ്പോള്‍ ആരും പറയാതെ തന്നെ മലയാളിക്ക് വീട്ടിലിരിക്കാമായിരുന്നു- റോഡില്ലാതെങ്ങിനെ ആപ്പീസില്‍ വരും സാര്‍ എന്നുള്ള ഉത്തരത്തിനുള്ള ചോദിക്കാന്‍ ബോസ്സിനു പോലും ആപ്പീസില്‍ വരാന്‍ പറ്റാത്തത്ര ഭീകരമായിരുന്നല്ലോ റോഡുകളുടെ അവസ്ഥ. എന്നിട്ടും മലയാളികള്‍ ആപ്പീസുകളില്‍ പോയത് രാജ്യസ്നേഹം കൊണ്ടായിരുന്നോ അതോ ലീവ് പോകുമെന്നോര്‍ത്താണോ? അതുപോലെ ഡോക്ടര്‍ മാരുടെ സമരം വന്നപ്പോള്‍ സര്‍ക്കാരിന്റെ നിസ്സംഗതയ്ക്കെതിരെ മലയാളികള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലല്ലോ.

റെയില്‍‌വേയുടെ പ്രശ്‌നം അതുപയോഗിക്കുന്നവരുടെ മാത്രം പ്രശ്‌നം, ഡോക്ടര്‍മാരുടെ സമരം സര്‍ക്കാര്‍ ഡോക്ടര്‍മാരെ കാണുന്നവരുടെ മാത്രം പ്രശ്നം, അരവണ പ്രശ്നം മലയ്ക്ക് പോകുന്നവരുടെ മാത്രം പ്രശ്നം, അരിപ്രശ്നം കോഴിയിറച്ചി കഴിച്ചാല്‍ തീരുന്ന പ്രശ്നം വിദ്യാഭ്യാസ പ്രശ്നം സര്‍ക്കാര്‍ സ്കൂളുകളുടെ മാത്രം പ്രശ്നം സ്വാശ്രയ പ്രശ്നം മാനേജ്‌മെന്റിന്റെ മാത്രം പ്രശ്നം, മുല്ലപ്പെരിയാറിന്റെ പ്രശ്നം ഡാം പൊട്ടിയാല്‍ തന്നെ മുങ്ങുന്നവരുടെ മാത്രം പ്രശ്നം ഇങ്ങിനെയൊക്കെയാണ് ഒരു മലയാളി കേരളാ പ്രശ്നങ്ങളെ കാണുന്നതെന്ന ഒരു തോന്നല്‍ (അങ്ങിനെയൊന്നുമല്ലാതിരിക്കട്ടെ).

ഇന്നത്തെ അവന്റെ പ്രശ്നം നാളത്തെ നമ്മുടെയും പ്രശ്നമാവാം എന്ന ചിന്ത വന്നാല്‍ കുറച്ചൊക്കെ മാറുമായിരിക്കും.

കൊച്ചുമുതലാളി said...

ഈ മൂന്ന് ഡിവിഷനിലും തമ്മില്‍ കണക്റ്റ് ചെയ്യുന്ന കുറേ ട്രയിനുകള്‍ വന്നാല്‍ പ്രശ്നം തീരത്തില്ലേ?

Unknown said...

തീരത്തില്ല കൊച്ചുമുതലാളീ.

പുതിയ ഡിവിഷനുകള്‍ രൂപവല്‍ക്കരിക്കണമെന്നു തമിഴ്‌നാടും കര്‍ണ്ണാടകയും ബലം പിടിക്കണമെങ്കില്‍, അതിനു തക്കതായ കാരണങ്ങളുണ്ടാകുമെന്നോര്‍ക്കുക. ഇവിടെ “കിട്ടപ്പോര്” ആണു വിഷയം. പാലക്കാട്‌ - തിരുവനന്തപുരം ഡിവിഷനുകളുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍ പലതും നഷ്ടപ്പെട്ട്‌ അവയുടെ നിലനില്‍പ്പു തന്നെ അവതാളത്തിലാകുമെന്നു പറയപ്പെടുന്നു. “ഞങ്ങളുടെ സംസ്ഥാനത്തുനിന്നുള്ള വരുമാനം ഞങ്ങള്‍ക്കുവേണ“മെന്ന്‌ ആരെങ്കിലും പറയുന്നെങ്കില്‍, അതിര്‍ത്തിവരകള്‍ക്കു കട്ടികൂടുന്നതായിത്തന്നെ വേണം അതിനെ കാണാന്‍.

കേരളത്തിനകത്ത്‌ ചില റെയില്‍‌വേ ഡിവിഷനുകള്‍ ഉണ്ടായിരിക്കുകയും അവയ്ക്ക്‌ നല്ല വരുമാനമുണ്ടായിരിക്കുകയും ചെയ്താല്‍ അത്‌ കേരളീയര്‍ക്ക്‌ എങ്ങനെയാണു പ്രയോജനപ്പെടുക എന്ന് വ്യക്തമായിട്ടറിഞ്ഞാലേ നമുക്കൊരു പൂര്‍ണ്ണചിത്രം കിട്ടൂ. മറ്റുള്ളവരുടെ ബലം പിടുത്തത്തിന്റെ ശക്തിയില്‍ നിന്ന്‌, സാമാന്യം നല്ല പ്രയോജനമുണ്ടെന്നു തന്നെ വേണം മനസ്സിലാക്കാന്‍.

നമുക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല എന്നതും കബളിപ്പിക്കലുകള്‍ മനസ്സിലാക്കാന്‍ നമുക്കു കഴിയുന്നില്ല എന്നതുമാണ് ദു:ഖിപ്പിക്കുന്നത്‌. റെയില്‍‌വേ-പാന്‍‌ട്രി കാറുകളില്‍ മണ്‍കോപ്പകളില്‍ ചായ കൊടുക്കാന്‍ തീരുമാനം വന്നാല്‍, അവയുണ്ടാക്കാനുള്ള കളിമണ്ണ്‌ മലയാളിയുടെ തലയില്‍ നിന്നെടുക്കാം എന്നു കൂടി ഒരു അനുബന്ധതീരുമാനം വന്നേക്കാം. അങ്ങനെയെങ്കില്‍, അവ നിര്‍മ്മിക്കാനുള്ള ഫാക്ടറി കൂടി ആവശ്യക്കാര്‍ അടിച്ചുകൊണ്ടുപോകുമെന്നതിനാല്‍, മലയാളികള്‍ക്ക്‌ അവിടെച്ചെന്നു മണ്ണു കൊടുക്കേണ്ടതായി വരികയും ചെയ്യും.

Unknown said...

ഇന്നത്തെ മനോരമയില്‍ ഇതുമായി ബന്ധപ്പെട്ട മൂന്നു രസകരമായ വാര്‍ത്തകള്‍ കിടക്കുന്നു.

(1) റെയില്‍‌വേ മന്ത്രാലയത്തിന്റെ നടപടികള്‍ മൂലം "കേരളത്തിനുണ്ടായ നഷ്ടം നികത്താമെന്ന വാക്കു പാലിക്കണമെന്ന്" ആവശ്യപ്പെടാനായി മന്ത്രിമാരും എം.പി.മാരും ചേര്‍ന്ന്‌ ഡല്‍ഹിക്കു പോകുന്നുവത്രേ! നഷ്ടമുണ്ടായി എന്നവര്‍ സമ്മതിച്ചുവെങ്കില്‍ അതു തന്നെ വലിയ നേട്ടം. നികത്താമെന്നൊരു പാഴ്‌വാക്കെങ്കിലും പറഞ്ഞുകിട്ടിയെങ്കില്‍ അതും നേട്ടം. ഇനിയിപ്പോള്‍ ആ വാക്കു പാലിക്കണമെന്നും പറഞ്ഞ്‌ അടുത്ത പരാതി. അതിനായി ഒരു യാത്ര!

‘ങാ നോക്കാം’ എന്നെങ്ങാനും മറുപടി കിട്ടുമായിരിക്കും. ‘ങാ നോക്കാമെന്ന്‌“ പറഞ്ഞതിലെ ‘നോട്ടം’ എപ്പോളാണെന്ന് ചോദിക്കാനായി മറ്റൊരു യാത്രയ്ക്കു വകുപ്പുണ്ട്‌ - നാലഞ്ചു മാസത്തിനു ശേഷം. മലയാളിയുടെ ഗതികേടു നോക്കണം!

വാര്‍ത്ത ഇവിടെ.

(2) ഏറ്റവും വലിയ തമാശ തരുന്നത്‌ രണ്ടാമത്തെ വാര്‍ത്തയാണ്. കേരളാപ്രതിനിധിസംഘത്തോട്‌ കേന്ദ്രം ഇന്നു പറയാനിരിക്കുന്നത്‌ ഇതൊക്കെയാണ് എന്നു പറഞ്ഞ്‌ മനോരമ സകല വിവരങ്ങളും നല്‍കിയിരിക്കുന്നു. ‘ആദ്യം സ്വന്തം ഉത്തരവാദിത്തം നിറവേറ്റുക‘ എന്ന ഉപദേശമാണ് അതിന്റെ കാതല്‍.

വാര്‍ത്ത ഇവിടെ.

(3) ജനങ്ങളുമായിച്ചേര്‍ന്ന്‌ ഇടംവലം നിന്ന്‌ കണ്ണുപൊത്തിക്കളിനടത്തുന്നതും പോരാഞ്ഞ്‌ പിന്നെ ജനങ്ങളുടെ തന്നെ പണം മുടക്കിയുള്ള ഈ യാത്രയും ആരെ ബോധിപ്പിക്കാനാണ് - ഒരു മനോരമ പത്രം മേടിച്ച്‌ എല്ലാവരും ഒരുമിച്ചിരുന്നു വായിച്ചാല്‍ പോരേ - എന്നു സംശയിച്ചു പ്പോകും. അതിനുള്ള മറുപടിയും മനോരമ തന്നെ തരുന്നുണ്ട്‌. ദല്‍ഹിയിലെ അതിശൈത്യത്തിന് ശമനം വന്ന്‌ കാലാവസ്ഥ നന്നായിത്തുടങ്ങിയത്രേ.

വാര്‍ത്ത ഇവിടെ.

ഒന്നു കറങ്ങാമെന്നു തോന്നിയാല്‍ കുറ്റം പറയാനാവുമോ? ഇവിടെയാവുമ്പോള്‍ കാലാവസ്ഥ പലതുകൊണ്ടും അത്ര നന്നല്ല താനും.

radcliffeabdullah said...

Harrah's Casino & Hotel - Mapyro
Harrah's Casino & Hotel. 전라남도 출장안마 777 Harrah's Blvd. New Orleans, 제주도 출장안마 LA 70130. 울산광역 출장마사지 Directions · (504) 571-1111. Call Now · More 양산 출장안마 Info. Hours, Accepts Credit 속초 출장마사지 Cards, Accepts