എന്റെ ഒരു മുന്‍പോസ്റ്റില്‍ കമന്റിട്ട ‘പയ്യന്‍സ്‘ എന്ന ബ്ലോഗര്‍ക്കുള്ള മറുപടിയാണിത്. മുമ്പ് 'സംഘപരിവാ'റിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നെന്നും (ഏതൊക്കെ പ്രസ്ഥാനങ്ങളെയാണുദ്ദേശിച്ചത് എന്നു വ്യക്തമല്ല) ഇപ്പോള്‍ 'സ്വതന്ത്ര'നായി എന്നുമൊക്കെ അവകാശപ്പെട്ട അദ്ദേഹം സംഘത്തെ വളരെ ഭര്‍ത്സിച്ചിട്ടുണ്ട്.
സാധാരണക്കാരായ പലരേയും പോലെ എനിക്കും സംഘത്തേക്കുറിച്ചുള്ള ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നൊരു പോസ്റ്റായിരുന്നു അത്. പയ്യന്‍സിന്റെ അവകാശവാദങ്ങള്‍ സത്യമായിരുന്നുവെങ്കില്‍ സ്വാഭാവികമായും അദ്ദേഹത്തിന് പറയാന്‍ പലതുമുണ്ടാകുമായിരുന്നു. പക്ഷേ ആ പോസ്റ്റിന്റെ ഉള്ളടക്കത്തിനോട് തികഞ്ഞ അവജ്ഞ പുലര്‍ത്തിക്കൊണ്ട് സംഘത്തെ അടച്ചാക്ഷേപിക്കാന്‍ മാത്രമാണ് അദ്ദേഹം തുനിഞ്ഞത്. മറുപടിയര്‍ഹിക്കുന്നു എന്ന് 'എനിക്കു' തോന്നിയ ചില പരാമര്‍ശങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണിവിടെ.
---------
പയ്യന്‍സേ,
സംഘപരിവാര്‍ ബന്ധത്തിന്റെ കാര്യത്തില്‍, താങ്കളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഞാനെത്ര നിസ്സാരനാണ്! കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബി.ജെ.പി.യുടെ പല നിലപാടുകളോടും അനുഭാവം പുലര്‍ത്തുന്നു എന്നതു മാത്രമാണ് എന്റെ സംഘപരിവാര്‍ ബന്ധം. വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചിന്തകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ സംഭവിച്ചൊരു മാനസിക പരിണാമമാണത്. അത്തരമൊരു രാഷ്ട്രീയനിലപാടെടുക്കുന്നത് ഒരു അപരാധമായി എനിക്കു തോന്നുന്നില്ല. അവര്‍ക്കെതിരെയുള്ള ഏകപക്ഷീയമായ പ്രചാരണങ്ങളില്‍ തെറ്റുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഞാന്‍ അവര്‍ക്കനുകൂലമായി ചിന്തിച്ചു തുടങ്ങിയതു തന്നെ. കാപട്യങ്ങള്‍ കണ്ടു കൊണ്ട് മിണ്ടാതിരിക്കേണ്ടി വരുന്നതിലുള്ള നാണക്കേടും, ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതിലെ വിഷമവും താരതമ്യം ചെയ്താല്‍, ആദ്യത്തേതാണു കൂടുതല്‍ കഠിനം. അതുകൊണ്ട്, താങ്കളേപ്പോലുള്ളവര്‍ എത്രയൊക്കെ അസഹിഷ്‌ണുത പ്രകടിപ്പിച്ചാലും എനിക്കെന്റെ അഭിപ്രായപ്രകടനങ്ങള്‍ തുടരേണ്ടി വരും.
'കലാപം' എന്ന പദമുപയോഗിച്ചുകൊണ്ട് എന്റെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാമെന്നു താങ്കള്‍ കരുതുന്നെങ്കില്‍, അതു തികഞ്ഞ തെറ്റിദ്ധാരണയാണ്. ഏതെങ്കിലുമൊരു കലാപം കണ്ട് 'ഇഷ്ടപ്പെട്ടി'ട്ടല്ല എന്റെ രാഷ്ട്രീയ ചായ്‌വുകള്‍ തീരുമാനിക്കപ്പെടുന്നത് എന്നതും, ഞാന്‍ കലാപവാര്‍ത്തകള്‍ കേട്ട് കയ്യടിക്കാറില്ല എന്നതുമായ വസ്തുതകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം, ' ഗോധ്ര ' എന്ന പദം എന്റെ വാദങ്ങള്‍ക്കുള്ള ഒരു മറുപടിയല്ല. കോടിക്കണക്കിന് അനുഭാവികളുള്ള ഒരു പ്രസ്ഥാനത്തിന്റെ ചില നയങ്ങളെ ഞാനും പിന്തുണയ്ക്കുന്നു എന്നു വച്ച്, ഇക്കണ്ട ജനമെല്ലാം - അവരോരോരുത്തരും - സദാസമയവും സമചിത്തത, സാത്വികഭാവം, സകലരോടുമുള്ള സാഹോദര്യം തുടങ്ങിയ ഗുണങ്ങളോടു കൂടി ജീവിച്ചുകൊള്ളും എന്ന് ഉറപ്പു വരുത്തേണ്ടത് എന്റെ ബാദ്ധ്യതയുമല്ല - അത് അസാദ്ധ്യവുമാണ്. ഞാന്‍ കലാപത്തില്‍ പങ്കെടുക്കുകയോ അല്ലെങ്കില്‍ അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുകയോ ചെയ്യുന്നതായി തോന്നിയാല്‍ മാത്രം എന്നോടു തര്‍ക്കിക്കുക. ബി.ജെ.പി. അനുഭാവിയെന്നാല്‍ "by default" അയാള്‍ കലാപത്തിന്റെ പേരില്‍ ഭര്‍ത്സിക്കപ്പെടേണ്ടയാള്‍ എന്ന മനോഭാവത്തെ, സത്യത്തില്‍ മനോരോഗം എന്നാണു വിളിക്കേണ്ടത്.
നിര്‍ഭാഗ്യകരവും അപലപനീയവുമായ അസംഖ്യം വര്‍ഗ്ഗീയകലാപങ്ങള്‍ രാജ്യത്തു നടന്നിട്ടുള്ളതില്‍ ഒന്നാണ് ഗോധ്രാനന്തര കലാപവും. രണ്ടു മതവിഭാഗങ്ങള്‍ക്കിടയിലാണ് അവിടെ പ്രശ്നമുണ്ടായത്. അതിലെ കൊലപാതകികളില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളിലും പല മതങ്ങളിലും പെട്ടവര്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നുവെന്നതും ഗവണ്മെന്റിന്റെ പരാജയത്തേക്കുറിച്ച് ആക്ഷേപങ്ങളുയരാന്‍ അവസരമുണ്ടായതുമൊക്കെയാണ് അത് ബി.ജെ.പി.ക്കു കളങ്കമുണ്ടാക്കുന്നത്. എന്നാല്‍ തികച്ചും ഏകപക്ഷീയമായ - മറ്റു ചില രാഷ്ട്രീയപാര്‍ട്ടികള്‍ നേരിട്ടു നടത്തിയ കൊലപാതകങ്ങളായ സിഖ് വിരുദ്ധ കലാപവും നന്ദിഗ്രാം കൂട്ടക്കൊലയുമൊക്കെ അതാതു പാര്‍ട്ടിയില്‍പ്പെട്ടവരെ എത്രമാത്രം ലജ്ജിപ്പിക്കുന്നുണ്ടാവണം? അവര്‍ക്കൊക്കെ അതാതു പാര്‍ട്ടികള്‍ക്കുള്ള പിന്തുണ തുടരുന്നതില്‍ പ്രശ്നമില്ല എന്നും നേരേ മറിച്ച് അവരുടെ ഒരു നേതാവു പറഞ്ഞതുപോലെ 'അഭിമാനം തോന്നുക'യാണു ചെയ്യുന്നതുമെങ്കില്‍, എന്റെ ബി.ജെ.പി. അനുഭാവത്തെ ചോദ്യം ചെയ്യുന്നതു തികച്ചും പരിഹാസ്യമാണ്. ഇതേക്കുറിച്ചു വിശദീകരിക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍, പിന്നീടാവാം.
ഇനി, രാഷ്ട്രീയ സ്വയംസേവക സംഘത്തേക്കുറിച്ചാണെങ്കില്‍ - അവരേക്കുറിച്ചും സംസാരിക്കാന്‍ ഞാനാളല്ല. എനിക്ക് സംഘപ്രവര്‍ത്തനപശ്ചാത്തലം പോലുമില്ല. എന്തിന് - ബി.ജെ.പി.യില്‍പ്പോലും പ്രവര്‍ത്തിച്ചു പരിചയമില്ല. വായിച്ചും കണ്ടും കേട്ടും പ്രവര്‍ത്തകരുമായി സംസാരിച്ചുമെല്ലാമുള്ള പരിചയമാണൂ കൂടുതലും. പക്ഷേ ഞാനെന്തു പറഞ്ഞാലും പലരും സംഘത്തെ സംബന്ധിച്ച എന്തെങ്കിലും എടുത്തിടുകയും സ്വാഭാവികമായും ചര്‍ച്ച അതിനെ ചുറ്റിപ്പറ്റിയാവുകയും ചെയ്യും. സംഘത്തിന്റെ നിലപാടുകള്‍ മുഴുവനുമറിയാവുന്നൊരാളോ അവരുടെ വക്താവോ ഒന്നുമല്ല ഞാന്‍. പക്ഷേ അവരേക്കുറിച്ചു കേള്‍ക്കുന്നതു പലതും തെറ്റാണെന്നു തിരിച്ചറിയാവുന്നിടത്തോളം ഞാനവരേക്കുറിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ദുരാരോപണങ്ങളെ പുഞ്ചിരിയോടെ നേരിടാനുള്ള മനോബലം സംഘപ്രവര്‍ത്തകര്‍ക്കുണ്ടാവാം. എനിക്കതില്ല. അതുകൊണ്ട് എനിക്കവരേപ്പോലെ ക്ഷമയും പക്വതയും പ്രകടിപ്പിക്കാനാവാതെ പലപ്പോഴും ഇടപെട്ടു സംസാരിക്കേണ്ടി വരുന്നു. എന്നുവച്ച് അതിന്റെ പേരില്‍ തുടര്‍ഭര്‍ത്സനമേല്‍ക്കേണ്ടിവരുന്നെങ്കില്‍, ഞാനതു നിസ്സാരമായി തള്ളിക്കളയുകയേയുള്ളൂ.
താങ്കളുടെ ചില വാചകങ്ങള്‍ക്കുള്ള എന്റെ, വ്യക്തിപരമായ മറുപടികള്‍ മാത്രമാണു താഴെ കൊടുത്തിരിക്കുന്നത്. അവ മറ്റേതെങ്കിലും വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ നിലപാടുകളെ പ്രതിനിധീകരിക്കണമെന്നു നിര്‍ബന്ധമില്ലെന്നോര്‍ക്കുക.
>> [പയ്യന്‍സ്] ningalude ajanda orikkalum INDIAyil nadakkilla ennu ningalkku thanne ariyam. pinne athikaram poornamayi kittiyal oru kai nokkam.
'നിങ്ങള്‍' എന്നുദ്ദേശിച്ചത് ആര്‍.എസ്.എസ്.നെ ആണെന്നു തോന്നുന്നു. അധികാര രാഷ്ട്രീയത്തോടുള്ള സംഘത്തിന്റെ നിലപാട് താങ്കള്‍ക്കു തീരെ അറിയില്ലെന്നും വ്യക്തമാണ്. ഞാനതേപ്പറ്റി ധാരാളം വായിച്ചും നിരീക്ഷിച്ചും മനസ്സിലാക്കിയിട്ടുണ്ട്. അധികം വിശദീകരിച്ചിട്ടു പ്രയോജനമില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് അതിനു മുതിരുന്നില്ല.
പരിവാര്‍ പ്രസ്ഥാനങ്ങള്‍ മൊത്തമെടുത്താല്‍, ബി.ജെ.പി.ക്കു മാത്രമാണ് അധികാര രാഷ്ട്രീയവുമായി ബന്ധമുള്ളത്. സംഘവുമായുള്ള അടുപ്പത്തിന്റെ കാര്യത്തില്‍, അവര്‍ക്ക് മറ്റു പ്രസ്ഥാനങ്ങള്‍ക്കെല്ലാം പിറകില്‍ നില്‍ക്കാന്‍ മാത്രമേ അവകാശമുള്ളൂ താനും.
എന്നാല്‍ ബി.ജെ.പി. വിരുദ്ധര്‍ നേരേ തിരിച്ചാണു കാണുന്നതെന്നതാണു രസകരം. സംഘവുമായി ബന്ധപ്പെട്ട പലതും, ബി.ജെ.പി.യെ മനസ്സില്‍ വച്ച് രാഷ്ട്രീയം കലര്‍ത്തിയാണു പലരും നിരീക്ഷിക്കുന്നത്. ബി.ജെ.പി. ശക്തിപ്രാപിച്ചതോടെയാണ് പലരും പ്രകടമായ സംഘവിരുദ്ധ പ്രവര്‍ത്തനങ്ങളാരംഭിച്ചത്. ഞാന്‍ മുമ്പൊരിടത്തു പറഞ്ഞതുപോലെ, ബി.ജെ.പി. എന്നൊരു രാഷ്ട്രീയ കക്ഷിയും അവരെ മറ്റുള്ളവര്‍ക്ക് ഒരു രാഷ്ട്രീയ എതിരാളിയായിക്കാണേണ്ട ഒരു സാഹചര്യവും നിലവിലില്ലായിരുന്നുവെങ്കില്‍, സംഘവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാകുമായിരുന്നു കൈകാര്യം ചെയ്യപ്പെടുക.
സകല സംഘവിരുദ്ധശക്തികളുടെയും പ്രവൃത്തികളുടെ അടിസ്ഥാനം ബി.ജെ.പി.യുടെ സാന്നിദ്ധ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, സംഘത്തിന്റെ രാഷ്ട്രസേവനങ്ങളെ മാനിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രത്യേകക്ഷണപ്രകാരം സംഘസ്വയംസേവകര്‍ തങ്ങളുടെ ഔദ്യാഗികവേഷമായ 'ഗണവേഷ'മണിഞ്ഞ് റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുത്തിട്ടുള്ള കാര്യം ഒരു പക്ഷേ പുതു തലമുറയ്ക്ക് അറിവുണ്ടാവാനിടയില്ല. ആദ്യകാലങ്ങളിലും, സംഘത്തിന് ഒരു രാഷ്ട്രീയപക്ഷമുണ്ടാകുന്നതിനെയും അത് തങ്ങള്‍ക്കൊരു വെല്ലുവിളിയാകുന്നതിനെയുമായിരുന്നു എല്ലാവരും ഭയപ്പെട്ടിരുന്നത്. ഒരിക്കല്‍, നിരോധനം പിന്‍വലിക്കാനുള്ള ഒരു നിബന്ധനയായി സര്‍ക്കാര്‍ മുന്നോട്ടു വച്ചത് സംഘപ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരണം എന്നതായിരുന്നു. സംഘം ഒരു രാഷ്ട്രീയകക്ഷിയല്ല എന്നതും, പേരിന്റെ തുടക്കത്തിലുള്ള 'രാഷ്ട്രീയ'ത്തിന്റെ അര്‍ത്ഥം പ്രധാനമായും രാഷ്ട്രത്തെ സംബന്ധിച്ചതാണെന്നും ചൂണ്ടിക്കാട്ടി ഗുരുജി ഗോള്‍വള്‍ക്കര്‍ അതു നിരസിക്കുകയായിരുന്നു.
>> [പയ്യന്‍സ്] allenkil sayudhamayi konnu nokkam. ennalum 20 crore varunna ee pinnookka muslingaleyum christianikaleyum communistukaleym onnum cheyyan ningalkku avilla.
"ഈ പിന്നോക്ക മുസ്ലീങ്ങള്‍" എന്നു പറഞ്ഞതിലെ "ഈ" ഞാന്‍ ശ്രദ്ധിച്ചെങ്കിലും അവഗണിക്കുന്നു. "'നിങ്ങള്‍ക്ക്' ആവില്ല" എന്നു പറഞ്ഞതിലെയും മുന്‍വിധി പ്രകടമാണ്. അതും ഞാന്‍ അവഗണിക്കുന്നു.
പയ്യന്‍സ്, ഈപ്പറഞ്ഞ പോയിന്റു തന്നെയല്ലേ ഞാനും എടുത്തെടുത്തു ചോദിച്ചു കൊണ്ടിരുന്നത്? സായുധമായി കൊന്ന് ഒരു സമൂഹത്തെ അവസാനിപ്പിക്കാം എന്നത് എന്തൊരു മണ്ടന്‍ ആശയമാണ്? അല്ലെങ്കിലും എന്തിനാണതു ചെയ്യുന്നത്? സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇങ്ങനെയൊന്നും ആലോചിക്കാന്‍ കൂടി കഴിയില്ല. സംഘവുമായി ബന്ധപ്പെട്ട് ഒരിടത്തും ഇത്തരമൊരു മണ്ടന്‍ ആശയം ഞാന്‍ കേട്ടിട്ടില്ല (അതെന്റെ കുറ്റവുമല്ല!). ഇത്തരമൊരു ആശയത്തേക്കുറിച്ചു സംസാരിച്ചു കാണാറുള്ളത് ചില ഇടതുപക്ഷചിന്തകരും മുസ്ലീം തീവ്രവാദികളുമൊക്കെ മാത്രമാണ്. അത്തരമൊരു രീതിയില്‍ ചിന്തിക്കാന്‍ കഴിയുന്നതു തന്നെ അവരുടെ ക്രൂരമനസ്സിനെയാണു വെളിപ്പെടുത്തുന്നത് എന്നാണെനിക്കു തോന്നുന്നത്. അവരുടെ ഉള്ളിലിരുപ്പു പുറത്തുവരുന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നു.
'അജണ്ട' എന്നു നിങ്ങളുദ്ദേശിച്ചതെന്താണെന്ന് ഇവിടെയാണു വ്യക്തമായത്. 'ഹിന്ദുരാഷ്ട്രം' എന്ന പ്രയോഗമാണെന്നു തോന്നുന്നു പലരേയും പോലെ താങ്കളെയും ചിന്താക്കുഴപ്പത്തിലാക്കുന്നത്. ഹിന്ദുരാഷ്ട്രസങ്കല്‍പത്തേക്കുറിച്ചുപോലും തെറ്റിദ്ധാരണകളുള്ള ഒരാള്‍, താന്‍ ദീര്‍ഘകാലം സംഘപ്രവര്‍ത്തകനായിരുന്നു എന്നു പറയുന്നതു വിശ്വസിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്.
മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍, ലോകത്തു രണ്ടാമതു നില്‍ക്കുന്ന രാജ്യമാണു നമ്മുടേത്. മുസ്ലീങ്ങളെ ഉപദ്രവിക്കാനോ കൊല്ലാനോ ഒന്നും ഇവിടെയാരും - ഞാനാവര്‍ത്തിക്കട്ടെ - ആരും - 'തക്കം പാര്‍ത്തിരിക്കു'ന്നൊന്നുമില്ല. അങ്ങനെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ തീര്‍ച്ചയായും പ്രോത്സാഹനീയമല്ല. വര്‍ഗ്ഗീയകലാപങ്ങളേക്കുറിച്ചു പറയാനാണെങ്കില്‍, നമ്മുടെ ചരിത്രത്തില്‍ നിര്‍ഭാഗ്യവശാല്‍ അവയുടെ നീണ്ടനിര തന്നെയുണ്ട്. ബി.ജെ.പി.യെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരമുള്ളവയേക്കുറിച്ചു മാത്രമേ നാം സംസാരിക്കാന്‍ ഒരുക്കമുള്ളൂ എന്നേയുള്ളൂ. കലാപങ്ങളുടെ കാരണങ്ങളേക്കുറിച്ചൊക്കെ കാപട്യങ്ങളില്ലാതെ ചിന്തിക്കാനും സംസാരിക്കാനും നമുക്കു കഴിയണം. അവ ആവര്‍ത്തിക്കാതിരിക്കാനായി തെറ്റുകള്‍ തുറന്നംഗീകരിച്ചും പൊറുത്തും ജനസമൂഹങ്ങളില്‍ കൂടുതല്‍ ഇഴയടുപ്പം സൃഷ്ടിക്കാനൊക്കെയാണ് ശ്രമിക്കേണ്ടത്. അതിനു പകരം, കലാപങ്ങളെ കൂട്ടു പിടിച്ച്, അവ നിരന്തരം ആഘോഷിച്ച്, അവയൊക്കെ 'സായുധമായ ഉന്‍മൂലനശ്രമ'മാണ് എന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ വിഷവിത്തു പാകുന്നവരാണ്. അവര്‍ പറയുന്നതില്‍ യാതൊരു യാഥാര്‍ത്ഥ്യവുമില്ല.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ പലയിടത്തായി മുസ്ലീങ്ങള്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിച്ച സംഭവങ്ങള്‍ ധാരാളമുണ്ട്. അവയെല്ലാം ചൂണ്ടിക്കാണിച്ച് - 'അവര്‍ പോലീസുകാരെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ്' എന്ന് ആരെങ്കിലും വാദിക്കുന്നെങ്കില്‍, എന്തൊരു വിഡ്ഢിത്തമായിരിക്കും അത്! സാഹചര്യം മനസ്സിലാക്കാതെ ഒരു അക്രമപ്രവര്‍ത്തനത്തേയും അന്ധമായി വിലയിരുത്തരുത്. സാഹചര്യപരിഗണനകള്‍, അക്രമങ്ങള്‍ക്കു ന്യായീകരണവുമാകരുത്. ഇതേപ്പറ്റിയൊക്കെ ഞാന്‍ മുമ്പേ തന്നെ ധാരാളം എഴുതിയിട്ടുണ്ട്.
>> [പയ്യന്‍സ്] RSS nashippikkeppedathe INDIA maharajyam rekshapedilla.
'ഇന്ത്യ രക്ഷപെടണം' എന്നൊരു ആഗ്രഹത്തിന്റെ സൂചന കാട്ടിയതിനു നന്ദി പറയുന്നു. ഈയൊരു മനോഭാവം പേറുന്നതു മാത്രമാണ് താങ്കള്‍ക്ക് ഒരു സംഘപ്രവര്‍ത്തകനുമായി എന്തെങ്കിലുമൊരു സാമ്യം ഞാന്‍ കാണുന്നത്.
സംഘത്തെ നശിപ്പിക്കണം എന്നു പറയുന്നവര്‍ക്കാണോ ഇന്ത്യ രക്ഷപെട്ടു കാണാന്‍ ആഗ്രഹമുള്ളത് അതോ മറ്റുള്ളവര്‍ക്കാണോ എന്നത് തര്‍ക്കമുള്ളൊരു വിഷയമാണ്. ഞാനതിലിപ്പോള്‍ അഭിപ്രായപ്പെടുന്നില്ല. സംഘവിരോധികള്‍ ചേര്‍ന്ന് ഇന്ത്യയെ 'രക്ഷിച്ച' ചില കഥകള്‍ പരിശോധിക്കുന്നതു രസകരമായിരിക്കുമെന്നു മാത്രം പറഞ്ഞുവയ്ക്കുന്നു..
മുകളില്‍പ്പറഞ്ഞ വാചകത്തോട് താങ്കള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അതു പ്രാവര്‍ത്തികമാക്കാന്‍ എന്താണു ചെയ്യാന്‍ പറ്റുക എന്നാലോചിക്കുകയല്ലേ വേണ്ടത്? സംഘത്തെ ഭര്‍ത്സിച്ചുകൊണ്ടു മാത്രമിരുന്നാല്‍ എന്താണു പ്രയോജനം? ഈപ്പറഞ്ഞതിന്റെ നേര്‍വിപരീതമായി 'സംഘമില്ലെങ്കില്‍ ഇന്ത്യ നശിക്കും' എന്നു ചിന്തിക്കുന്നവരില്ലേ? അവര്‍ അങ്ങനെ ചിന്തിക്കാനിടയാകുന്ന സാഹചര്യങ്ങളെന്തൊക്കെയാണെന്നു കണ്ടെത്തി അതിനൊക്കെ പരിഹാരം കാണാന്‍ ശ്രമിക്കുക. മാര്‍ക്സിസ്റ്റുകളും മറ്റും ചെയ്യുന്നതുപോലെ, അക്രമം നടത്തിക്കൊണ്ടുള്ള സായുധമായ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും മാദ്ധ്യമങ്ങളുപയോഗിച്ചുള്ള പ്രചാരണങ്ങളുമൊക്കെ കൂടുതലും വിപരീതഫലങ്ങളാണുണ്ടാക്കുക. കുറേക്കൂടി തന്ത്രപരമായ, ആശയപരമായ ചെറുത്തുനില്‍പ്പിനു വേണം ശ്രമിക്കാന്‍. അതു പക്ഷേ മാന്യതയോടെ ചെയ്യുന്നില്ലെങ്കില്‍, അവിടെയും തിരിച്ചടിയുണ്ടാകും. അവരേക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൊതു ചര്‍ച്ചകള്‍ വേണ്ടി വരും എന്നതുകൊണ്ട്, അവരുടെ ശബ്ദം പൊതുവേദികളിലെത്തുന്നതു പരമാവധി തടയുക എന്ന നിലവിലുള്ള തന്ത്രങ്ങള്‍ തുടരാനാവാതെ വരികയും ചെയ്യും. ചുരുക്കത്തില്‍, ഭാരതമാസകലം ഇതിനകം വ്യാപിച്ചുപോയ സംഘത്തെ പെട്ടെന്നവസാനിപ്പിക്കണം എന്നു വച്ചാല്‍ അത് അങ്ങേയറ്റം ശ്രമകരമാണ്.
>> [പയ്യന്‍സ്] Hitler ,mussolini thudangiyavar vicharichiTTu polum kore kollan patti ennallathe enthayirunnu nettam.
'അവര്‍ വിചാരിച്ചിട്ടുപോലും' എന്നു വച്ചാല്‍? അവര്‍ എന്താണു വിചാരിച്ചത്? അവര്‍ക്കിവിടെ എന്താണു കാര്യം? സംഘം എന്താണു വിചാരിക്കുന്നത്? വിദേശികളോടുള്ള ഇമ്മാതിരി ഭ്രമവും മാനസികാടിമത്തവുമൊക്കെ നമ്മെ നശിപ്പിക്കുമെന്ന് സംഘം എക്കാലവും മുന്നറിയിപ്പു തന്നിട്ടുണ്ട്. ഇവിടെ ഇവരെയൊക്കെ വലിച്ചിഴച്ചുകൊണ്ടു വന്നതെന്തിനാണ്? കോമഡി അരങ്ങുതകര്‍ക്കുകയാണല്ലോ പയ്യന്‍സേ.
സംഘവുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോള്‍ ഹിറ്റ്ലറേയും മുസ്സോളിനിയേയുമൊക്കെ കൂട്ടുപിടിച്ചു കാണാറുള്ളത് കൂടുതലും സംഘത്തേക്കുറിച്ച് യാതൊരു പരിജ്ഞാനവുമില്ലാത്തവര്‍ - കൂടുതലും ഇടതുപക്ഷപ്രചാരണങ്ങളില്‍ വീണുപോയിട്ടുള്ളവര്‍ - ആണ്. സംഘപശ്ചാത്തലമുണ്ടെന്ന് താങ്കള്‍ അവകാശപ്പെട്ടതു തരിമ്പെങ്കിലും സത്യമായിരുന്നുവെങ്കില്‍, ഈ അബദ്ധം കാണിക്കില്ലായിരുന്നു എന്നു ഞാന്‍ കരുതുന്നു.
>> [പയ്യന്‍സ്] Jaathi chintha ellatha ethu RSS karananu Indiayil ullathu?
അപ്പോള്‍ താങ്കള്‍ക്കു സംഘത്തേക്കുറിച്ചു മാത്രമല്ല - സംഘപ്രവര്‍ത്തകരേക്കുറിച്ചും തീരെ അറിയില്ല എന്ന് ഇവിടെ വ്യക്തമാകുന്നു. ഏതൊക്കെ സംഘപ്രവര്‍ത്തകരെ - എത്ര പേരെയാണാവോ താങ്കള്‍ക്കറിയാവുന്നത്?
എല്ലാ പ്രവര്‍ത്തകരേയും ഒറ്റദിവസം കൊണ്ട് സമ്പൂര്‍ണ്ണമായി മാനസികപരിവര്‍ത്തനം ചെയ്യുക എന്ന മാന്ത്രികവിദ്യയൊന്നും സംഘത്തിന്റെയെന്നല്ല - ഏതൊരു പ്രസ്ഥാനത്തിന്റെയും കയ്യിലൊന്നുമില്ല. ജാതിചിത ജനമനസ്സുകളില്‍ രൂഢമൂലമാണ്. അതു മുഴുവന്‍ തുടച്ചു നീക്കുക എന്നതു വളരെ ശ്രമകരവുമാണ്. അതു പിഴുതെറിയാന്‍ കേവലം മുദ്രാവാക്യങ്ങള്‍ കൊണ്ടു സാധിക്കില്ല. അതിന്, മനസ്സിന്റെ അടിത്തട്ടില്‍ നിന്നു തന്നെയുള്ള സമൂലമായ ഒരു മാനസികപരിവര്‍ത്തനം വേണം. നിരന്തരമായ സാധനയുള്‍ക്കൊള്ളുന്ന സംഘകാര്യപദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നത് അതു കൂടി മനസ്സില്‍ കണ്ടു കൊണ്ടാണ്.
'വിചാരധാര'യില്‍ ആരെയൊക്കെയോ കൊല്ലാന്‍ പറഞ്ഞിരിക്കുന്നു എന്ന കമ്മ്യൂണിസ്റ്റ് ആക്രോശം കേട്ടാണ് സത്യമറിയാന്‍ ഞാന്‍ അതു തേടിപ്പിടിച്ചു വായിച്ചത്. പക്ഷേ, എനിക്ക് അങ്ങനെയൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല - ജാതിയും മറ്റും മൂലമുള്ള അകല്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള ഉജ്ജ്വലാശയങ്ങളൊക്കെ കാണുകയും ചെയ്തു. (ഇതൊക്കെ എന്റെ തെറ്റാകുന്നതെങ്ങനെയാണോ എന്തോ? വിചാരധാരയൊന്നും ആരും വായിക്കില്ലായിരിക്കുമെന്നു ധരിച്ച് പണ്ടെങ്ങോ ആരൊക്കെയോ ഉണ്ടാക്കി വച്ച ചില ആരോപണങ്ങളൊക്കെ വിവരസാങ്കേതികവിപ്ലവത്തിന്റെ ഇക്കാലത്തും എടുത്തുപയോഗിച്ചു പരിഹാസ്യരാകുന്നവരെ വേണം കുറ്റപ്പെടുത്താന്‍)
പിന്നെ, കമ്മ്യൂണിസ്റ്റുകള്‍ ജാതിചിന്ത നീക്കി എന്നൊന്നും നിങ്ങള്‍ അവകാശപ്പെടില്ല എന്നു കൂടി കരുതട്ടെ. അങ്ങനെ തെറ്റിദ്ധരിച്ചിരുന്ന അവസാനത്തെ ആളുകൂടി തെറ്റുതിരുത്തിയ സംഭവം നടന്ന കാലത്ത് പയ്യന്‍സ് ഉണ്ടായിരുന്നോ എന്നറിയില്ല. ഇ.എം.എസ്.ന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ഗൗരിയമ്മയെ ജാതിപ്പേരുചേര്‍ത്തു വിളിക്കുകയും ഇ.എം.എസ്. മൗനം പാലിച്ചപ്പോള്‍ ഗൗരിയമ്മ തിരിച്ചും ജാതിപ്പേരു വിളിച്ചതുമൊക്കെയാണത്. അതു വലിയൊരു പരാതിയായി ഗൗരിയമ്മ കൊണ്ടു നടന്നതിനര്‍ത്ഥം അവരുടെ മനസ്സിലും ജാതി ചിന്തയുണ്ടായിരുന്നുവെന്നാണ്. ജാതിവിശേഷണം അവര്‍ക്കൊരു അപമാനമായിത്തോന്നേണ്ട കാര്യമെന്താണ്? കമ്മ്യൂണിസത്തിന് അവരേപ്പോലുള്ള മുതിര്‍ന്ന നേതാക്കളില്‍പ്പോലും വരുത്താന്‍ കഴിഞ്ഞ മാനസിക പരിവര്‍ത്തനമെന്നത് "വട്ടപ്പൂജ്യ"മാണെന്നു വേണം മനസ്സിലാക്കാന്‍.
>> [പയ്യന്‍സ്] enikku chila questions undu. 1.thankal enthinu vendiyanu Nilakollunnathu.
ദാ - താഴെപ്പറയുന്നതിനു വേണ്ടി.
ഹിന്ദുക്കള്‍, ഹൈന്ദവസംഘടനകള്‍, ബി.ജെ.പി. പോലുള്ള രാഷ്ട്രീയകക്ഷികള്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇവയുമായൊക്കെ ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ ധാരാളം കാര്യങ്ങള്‍ തുടരെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ-സാമുദായിക പശ്ചാത്തലവും മലയാള മാദ്ധ്യമങ്ങളുടെ സ്പഷ്ടമായ പക്ഷ നിലപാടുകളുമൊക്കെയാണിതിനു കാരണം. കണ്ണടച്ചുവിടാവുന്ന കള്ളത്തരങ്ങള്‍ എന്ന നിലയില്‍ നിന്ന്, വലിയൊരു സാമൂഹ്യ വിപത്ത് എന്ന നിലയിലേക്ക് ഈയിടെയായി അതു മാറിയിട്ടുണ്ട്. പ്രചരിപ്പിക്കുന്ന പല കള്ളത്തരങ്ങളും, പല ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ന്യായീകരണം ചമയ്ക്കാനായി ഉപയോഗിക്കപ്പെടുന്നു എന്നതു കൊണ്ടാണിത്.
ഇതൊക്കെ കാണുമ്പോള്‍, സത്യമറിയാവുന്നവരില്‍ ചിലര്‍ക്ക് തങ്ങള്‍ക്കു തോന്നുന്ന ചില കാര്യങ്ങള്‍ വിളിച്ചു പറയണമെന്നു തോന്നും. മുഖ്യധാരാമാദ്ധ്യമങ്ങളെന്നവകാശപ്പെടുന്നവര്‍ ചര്‍ച്ച ചെയ്യാനാഗ്രഹിച്ചേക്കില്ലാത്ത പലതും തുറന്നു കാട്ടണമെന്നു തോന്നും. അങ്ങനെയുള്ളവര്‍ക്ക് അതു ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണു ഞാന്‍ നിലകൊള്ളുന്നത്. ഞാനും അവരിലൊരാളാണ്. ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും ഞാനെന്റെ അഭിപ്രായപ്രകടനങ്ങള്‍ തുടരും.
ഒരു ബി.ജെ.പി. അനുഭാവിയെന്ന നിലയ്ക്ക് ചില വിഷയങ്ങളിലുള്ള രാഷ്ട്രീയനിലപാടുകളേക്കുറിച്ചും ചിലപ്പോള്‍ എഴുതാറുണ്ട്.
>> [പയ്യന്‍സ്] 2.thankalude sramam ennenkilum vijayikkumo?
ആരംഭകാലം മുതല്‍ക്കേ അതു വിജയിച്ചിട്ടേയുള്ളൂ. ഗുരുവായൂരമ്പലനടയില്‍ ഭജനമിരിക്കാന്‍ വന്ന ഒരു പാവം അമ്മൂമ്മ, മതപരിവര്‍ത്തനവ്യവസായികളുടെ പീഢനം മൂലം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. പ്രശ്നം ലഘൂകരിക്കാനായി, 'അവര്‍ക്ക് ചെവി കേള്‍ക്കില്ലായിരുന്നു' എന്നും 'ട്രെയിന്‍ വന്നത് അവര്‍ കണ്ടിട്ടുണ്ടാവില്ല' എന്നും മറ്റും അതിക്രൂരമായി റിപ്പോര്‍ട്ടു ചെയ്ത മാദ്ധ്യമങ്ങളുടെ വര്‍ഗ്ഗീയമുഖം കണ്ടു മനസ്സു നൊന്താണ് ഞാന്‍ ഒരു ബ്ലോഗ് ആരംഭിച്ചത്. ആ പോസ്റ്റ് മുതല്‍ ഇങ്ങോട്ട് ധാരാളം പേര്‍ ഞാന്‍ പറയുന്നതു സത്യമാണെന്ന് അംഗീകരിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള എന്റെ പോരാട്ടത്തിന് കമന്റുകള്‍ വഴിയും മെയിലുകള്‍ വഴിയും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചവര്‍ അനവധിയാണ്. അതെനിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. സത്യം മറഞ്ഞു തന്നെ കിടക്കണമെന്നു നിര്‍ബന്ധമുള്ള ചിലര്‍ വൃഥാ എതിര്‍ത്തിട്ടുമുണ്ട്. അസഹിഷ്‌ണുതയും ഭയവുമൊക്കെയാണ് എതിര്‍പ്പുകള്‍ക്കു പിന്നിലെന്നു തിരിച്ചറിയുമ്പോള്‍ എനിക്കതു കൂടുതല്‍ അംഗീകാരമാവുകയാണു ചെയ്യുന്നത്.
>> [പയ്യന്‍സ്] 3.thankal avakashappedunna rama rajyathil ente (kezzhalente] sthanam ennethekal moshamayirikkille?
ഇത് താങ്കള്‍ ആരോടു പറഞ്ഞ വാചകമാണ്? എന്നോടു തന്നെയാണോ്? ഞാന്‍ 'രാമ രാജ്യം' അവകാശപ്പെട്ടു എന്നതൊക്കെ എനിക്കു പുതിയ അറിവാണ്. പയ്യന്‍സിന് എന്തോ കാര്യമായ ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ട്.
എന്തായാലും 'കീഴാളന്‍' എന്ന പ്രയോഗം ആവര്‍ത്തിച്ചിരിക്കുന്നതു കൊണ്ടു പറയുകയാണ്. ഒന്നെങ്കില്‍, താങ്കള്‍ക്ക് സംഘവുമായി പുലബന്ധം പോലുമില്ല. അല്ലെങ്കില്‍, താങ്കള്‍ പ്രവര്‍ത്തിച്ചുവെന്നവകാശപ്പെടുന്ന പ്രദേശത്തെ കാര്യകര്‍ത്താക്കന്മാര്‍ക്ക് സംഘത്തിന്റെ അന്തസ്സത്തയേപ്പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല. സംഘപ്രവര്‍ത്തനമാണെന്ന പേരില്‍, അവര്‍ അജ്ഞാതമായ മറ്റെന്തൊക്കെയോ ചെയ്തു സമയം കളയാന്‍ മാത്രം വിവേകശൂന്യരോ കഴിവു കുറഞ്ഞവരോ ആയിരുന്നിരിക്കണം.
ഒമ്പതു വര്‍ഷമുണ്ടായിരുന്നിട്ടും താങ്കള്‍ ഒരു സംഘശിക്ഷാവര്‍ഗ്ഗിലും പോയിട്ടൊന്നുമില്ലേ? സംഘശാഖയില്‍ 9 വര്‍ഷം പ്രവര്‍ത്തിച്ചൊരാള്‍ എത്ര പക്വമതിയും വിവേകശാലിയും ഉജ്ജ്വലാശയങ്ങളുടെ ഉടമയുമായിരിക്കണം! നശിച്ച ജാതിവര്‍ത്തമാനം അദ്ദേഹം പറയുകയില്ല എന്ന് നൂറ്റൊന്നു ശതമാനം ഉറപ്പ്!
>> [പയ്യന്‍സ്] 4.chathurvarnym keralathil ennenkilum nadapilayal thankal ethu sectionil pedum hahahha
അവസാനത്തെ 'ഹഹഹ' താങ്കള്‍ തന്നെ എഴുതിയതാണ്. ഞാനും ചിരിച്ചു പോകുകയാണ്. എന്തൊരു ചോദ്യമാണിത്? ചാതുര്‍വര്‍ണ്ണ്യം നടപ്പിലാകുകയേ? താങ്കളെന്താണുദ്ദേശിച്ചത്? ഈ ലോകത്തൊന്നുമല്ല ജീവിക്കുന്നതെന്നുണ്ടോ ആവോ? ആരൊക്കെയോ എന്തൊക്കെയോ പറയുന്നതു കേട്ട് അര്‍ത്ഥമറിയാതെ ആവര്‍ത്തിക്കുകയാണോ?
സമൂഹത്തില്‍ ജാതിചിന്തകളും മറ്റും ഇന്നത്തേതിലും വര്‍ദ്ധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുക എന്നതാണോ ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കില്‍, അതിനൊക്കെ വളം വച്ചുകൊടുക്കുന്നവരെ എതിര്‍ക്കാനാരെങ്കിലുമുണ്ടെങ്കില്‍, ഞാന്‍ അവരുടെ സെക്ഷനില്‍ പെടും.
ഒരു ഉദാഹരണം പറയാം. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒരുമിച്ചു നില്‍ക്കാന്‍ തുനിഞ്ഞ രണ്ടു സമുദായസംഘടനകളെ പരിഹസിച്ചും പഴയ പരാജയങ്ങളോര്‍മ്മിപ്പിച്ചും കുത്സിതരാഷ്ട്രീയതന്ത്രങ്ങളുപയോഗിച്ചുമൊക്കെ വീണ്ടും അകറ്റിയവരുണ്ടല്ലോ. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും. അവരെയൊക്കെ തുറന്നെതിര്‍ക്കാന്‍ തന്റേടമുള്ളവരുണ്ടെങ്കില്‍ ഞാന്‍ അവരുടെ സെക്ഷനില്‍ പെടും പയ്യന്‍സേ.
ജാതിക്കെതിരെയുള്ള വലിയ പോരാട്ടങ്ങളുടെ ചരിത്രമൊന്നും എനിക്കവകാശപ്പെടാനില്ല. ചില നിസ്സാര കാര്യങ്ങളൊക്കെ ജീവിതത്തില്‍ സ്വാഭാവികമായിട്ടെന്ന മട്ടില്‍ സംഭവിച്ചിട്ടുണ്ടെന്നേയുള്ളു. മറ്റൊരു ജാതിയില്‍ നിന്നു വിവാഹം കഴിച്ചത് - കുട്ടികളുടെ ജാതി രേഖപ്പെടുത്താത്തത് - ജാതിസംഘടനകളും മറ്റുമായി സമ്പൂര്‍ണ്ണ അകല്‍ച്ച പാലിക്കുന്നത് - ജാതിസൂചനകള്‍ വേണ്ടി വരുന്ന ഇടപാടുകളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കുന്നത് അങ്ങനെ ചിലതു മാത്രം.
സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലായിപ്പോയ ആദിവാസിസമൂഹത്തിനു വേണ്ടിയും മറ്റും പ്രതിഫലേച്ഛകൂടാതെ സേവനമനുഷ്ഠിക്കുന്ന സംഘസ്വയംസേവകരൂണ്ടിവിടെ. ഞാനൊരു സ്വയംസേവകനല്ലാത്തതുകൊണ്ട് എനിക്ക് അതിലൊന്നും യാതൊരു ക്രെഡിറ്റും അവകാശപ്പെടാനില്ല. ശക്തമായ പ്രവര്‍ത്തന പശ്ചാത്തലമുള്ള സംഘപരിവാര്‍ പ്രസ്ഥാനമായ സേവാഭാരതിയ്ക്കൊക്കെ ഒരു ചെറിയ സഹായം പോലും ചെയ്തു കൊടുക്കാതിരുന്ന ഞാനൊക്കെ എന്ത് അവകാശപ്പെടാനാണ്? അവകാശപ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക് അതില്‍ താല്‍പര്യമില്ല താനും.
ഇവിടെച്ചിലര്‍ 'അധ:കൃതര്‍ക്കു ക്ഷേത്രപ്രവേശനം കിട്ടി' എന്നതൊക്കെ ഇപ്പോഴും വലിയ സംഭവമായി പറഞ്ഞു നടക്കുമ്പോള്‍, സംഘം ചെയ്യുന്നത് അതിലുമൊക്കെ എത്രയോ വിപ്ലവകരമായ കാര്യങ്ങളാണ്? ആദിവാസികളടക്കം, ഏറ്റവും പിന്നാക്കക്കാരായവരേയും ഉള്‍പ്പെടുത്തി, അവര്‍ക്കൊക്കെ ക്ഷേത്രത്തിലല്ല - ശ്രീകോവില്‍ പ്രവേശനം തന്നെ - സാദ്ധ്യമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമൊക്കെയാണ് 'താന്ത്രികവിദ്യാപീഢ'മൊക്കെ ചെയ്യുന്നത്. ആദിവാസികളുടെയും മറ്റും ജീവിതനിലവാരമുയര്‍ത്തുവാനും അവര്‍ക്കു വിദ്യാഭ്യാസം ലഭിക്കുന്നുവെന്നുമുറപ്പു വരുത്തുവാനുമൊക്കെയായി അനവധി പരിപാടികളാണ് 'വനവാസി കല്യാണ്‍ കേന്ദ്ര'മൊക്കെ നടത്തിവരുന്നത്. സമാജസേവനത്തിനു സ്വയം തുനിഞ്ഞിറങ്ങിയ അവരുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഞാനൊക്കെ എത്ര നിസ്സാരനാണു പയ്യന്‍സ്? എന്നെ വിട്ടേക്കൂ.
>> [പയ്യന്‍സ്] EDATHUPAKSHA kkaraya kore saghakkanmar evide undu. dutykkidayilum avar ithu vayikkunnundu.
അതെന്നെ സന്തോഷിപ്പിക്കുന്നു. സ്വപക്ഷനിലപാടുകള്‍ അടിച്ചേല്‍പിക്കുന്ന പേജുകളല്ലാതെ, തങ്ങളുടെ നിലപാടുകള്‍ ചോദ്യംചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന പുറങ്ങളും കൂടി വായിക്കാന്‍ അവര്‍ തയ്യാറാകുന്നു എന്നതും വലിയൊരു മാറ്റമാണ്. കാലം മാറുന്നതനുസരിച്ചു മാറാന്‍ അവരും നിര്‍ബന്ധിതരാവുന്നു എന്നതു ശുഭോദര്‍ക്കം തന്നെ.
പിന്നെ, ഡ്യൂട്ടിക്കിടയിലുള്ള വായനയും യൂണിയന്‍ പ്രവര്‍ത്തനവുമൊക്കെ ഇവിടത്തെ സര്‍ക്കാരാപ്പീസുകളുടെ മാത്രം ശാപമെന്നാണു കരുതിയിരുന്നത്. നിങ്ങളൊക്കെച്ചേര്‍ന്ന് ഖത്തറും കേരളം പോലെയാക്കിയോ? :)
>> [പയ്യന്‍സ്] avarellam parayunnathu thankal attintholaninja oru chennayannennaanu
സഖാക്കള്‍ വളരെയധികം മാറിയിരിക്കുന്നു! മര്യാദയ്ക്കു കാര്യങ്ങള്‍ പറയുമ്പോള്‍, ആടിന്റെ ഒരു തോലായിട്ടെങ്കിലും അവര്‍ക്കു ഫീല്‍ ചെയ്യുന്നുണ്ടല്ലോ. ഇടതര്‍ക്ക് ഇങ്ക്വിലാബു വിളിച്ചു കൂടെ നില്‍ക്കാത്തവരെയെല്ലാം കണ്ണുമടച്ച് ചെന്നായ്ക്കളായിക്കാണുകയും അവരോടു ക്രൂരമായി പെരുമാറുകയും ചെയ്യുന്ന സ്വഭാവമായിരുന്നു പണ്ടൊക്കെ. അതു മാറിയെങ്കില്‍ നല്ല കാര്യം തന്നെ. പ്രധാനമായും അവര്‍ക്കു തന്നെ നല്ലത്.
>> [പയ്യന്‍സ്] Ethirkkunnavane unmoolanam cheyyuunna prayoga rastriiyavum chintjikkunnavante uduthunimaattuna "vichara" rastreeyavum
കറക്റ്റ്!! ബലേ ഭേഷ്! ഇടതുപക്ഷസഖാക്കന്മാരേക്കുറിച്ചു ഇത്ര കൃത്യമായി വിശേഷിപ്പിച്ചിരിക്കുന്ന സ്ഥിതിക്ക് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനുള്ള പയ്യന്‍സിന്റെ കഴിവു നഷ്ടപ്പെട്ടില്ല എന്നു തന്നെ വേണം കരുതാന്‍. എന്തായാലും സൂക്ഷിക്കുന്നതു നന്നാവും. 'എതിര്‍ക്കുന്നവനെ ഉന്‍മൂലനം ചെയ്യുക' എന്ന പരിപാടിയുടെ ലോകത്തിലെ ഏറ്റവും വലിയ പ്രയോക്താക്കളും ഇന്ത്യയിലെ ഏക പ്രയോക്താക്കളുമായ ആ സഖാക്കന്മാര്‍ പയ്യന്‍സിനെയും.....? സൂക്ഷിക്കുക.
>> [പയ്യന്‍സ്] MOne dhinesha than anannekil ee pazhaya RSS karente report BLOgil kodukku thangalude kadum padalum thalli yulla marupadu venda. marupadi ondenkkil thaaa mone abhinayikkaruthu. pacha malayalathil ezhuthiyal mathi.
സുഹൃത്തേ, ഇതൊക്കെ അങ്ങേയറ്റം തരം താണ ഭാഷയാണ്. പയ്യനല്ലേ - കുറച്ചു കൂടി പ്രായമാകുമ്പോള്‍ പക്വത വന്നേക്കുമെന്നു കരുതി ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. ഇത്തരം വാചകങ്ങള്‍ക്കൊക്കെ മറുപടി കൊടുത്ത് സ്വന്തം വില കളയാന്‍ വിവേകശാലികള്‍ തയ്യാറാവില്ല.
പലരും തുറന്നു പറയാന്‍ മടിക്കുന്ന അപ്രിയസത്യങ്ങള്‍ പലതും ചില പോസ്റ്റുകളിലൂടെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അത് ഒരു വലിയ അപരാധമാണോ എന്നറിയില്ല. എന്തായാലും അതു പലര്‍ക്കും അലോസരമുണ്ടാക്കുന്നുവെന്നത് താങ്കളെഴുതിയതുപോലുള്ള കമന്റുകളില്‍ നിന്നു വ്യക്തമാണ്.
പോസ്റ്റു മുഴുവന്‍ വായിച്ചുമനസ്സിലാക്കാതെയും, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധമില്ലാതെയുമാണ് പലരും കമന്റിടുന്നത്. അത്തരക്കാര്‍ക്കു മറുപടി കൊടുത്തു സമയം കളയരുത് എന്നെന്നോടു പല സുഹൃത്തുക്കളും ഉപദേശിച്ചതാണ്. പക്ഷേ പല കമന്റുകളിലും ശുദ്ധ അബദ്ധങ്ങളടക്കം കാണാറുള്ളതുകൊണ്ട് പ്രതികരിക്കാതെ വിടാന്‍ മനസ്സനുവദിച്ചിരുന്നില്ല.
എന്നാല്‍, ആ തെറ്റ് ഇതോടെ തിരുത്തുകയാണ്. ഇത്തരം മറുപടികളുടെ ഗണത്തിലെ അവസാനത്തേതാണിത്. പ്രകോപനം മാത്രമുദ്ദേശിച്ചുള്ള അപക്വപരാമര്‍ശങ്ങള്‍ക്ക് ഇനി മറുപടിയില്ല.
ഞാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കുറിച്ച് വിഷയത്തിലൊതുങ്ങി നിന്നു കൊണ്ട് വസ്തുനിഷ്ഠമായും ആരോഗ്യകരമായ ഒരു സംവാദമുദ്ദേശിച്ചും ഭര്‍ത്സനങ്ങളൊഴിവാക്കിയുമൊക്കെ കമന്റിടുന്നവര്‍ക്കു വേണ്ടി മാത്രമേ സമയം ചെലവഴിക്കുകയുള്ളൂ.
ഇതിനു മറുപടി എന്ന വ്യാജേന, ഇതുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത എന്തെങ്കിലും ഭര്‍ത്സനങ്ങളുമായി താങ്കളോ താങ്കളുടെ ഖത്തര്‍ സഖാക്കന്മാരിലാരെങ്കിലുമോ വീണ്ടും വന്നാലും ഞാനതു ശ്രദ്ധിച്ചെന്നു വരില്ല. എന്നോടു ക്ഷമിക്കുക. വിഷമകരമായ ആ തീരുമാനം താങ്കള്‍ തന്നെയാണെടുപ്പിച്ചത്. ഗുഡ് ബൈ!
Wednesday, December 19, 2007
Subscribe to:
Post Comments (Atom)
2 comments:
പയ്യന്‍സിനുള്ള മറുപടി എഴുതിവന്നപ്പോള്‍ നീണ്ടുപോയതുകൊണ്ട് ഒരു പോസ്റ്റാക്കുന്നു.
qw_er_ty
chetta,,
engane vilichathu sneham kondalla. sahathapam kondanu.
kallatharam fashism mugamudra akkiyathu ennalayum ennumalla.
geebals engane ayirunnu
Jews ne kollan enthellam kallatharangalanu ayal kattikkottiyathu.
1. sangathinu enthu kondanu Muslim virodham?
2. Communistukal enthu kondu enemies ayi?
3.christias engane sangathinte hit listil pettu...?
4. Ramarajyathil chathurvarnyam ille?
5.gandhi ji ye konnathu sangam nyayi karichille?
6.Thankalude arivu vachu nokkumbol thankal Sangathekurichu padichittundennum, balyakalam muthal sangathinte classukalil poyittundennum manasilakum
pinne enthinu kallam parayunnu?
7.anthasayittu thankal RSS karan anennu paranjju koode?
Post a Comment