(നാലുപേര്‍ക്കുള്ള മറുപടികളുടെ പരമ്പരയില്‍ മൂന്നാമത്തേത്. അടുത്തത് വിചാരത്തിന്)
>> ഒരു സംഘടനയുടെ പ്രത്യയശാസ്ത്ര അടിത്തറ തുറന്നു സമ്മതിക്കാനുള്ള തന്റേടമെങ്കിലും താങ്കളില്‍ നിന്നും ഇപ്പോഴും പ്രതീക്ഷിക്കുന്നു. അതില്ലെങ്കില്‍ ഈ ‘സംഘ’ത്തെ അറിയാനുള്ള എളിയ ശ്രമമാണിത് എന്ന താങ്കളുടെ വാദം കേവലമൊരു ചിരിയില്‍ ഇവിടെ നിര്‍ത്താം. <<
കയ്യൊപ്പേ,
ചില പൊതുസംശയങ്ങള്‍ ചോദിച്ചതിനുശേഷം മറുപടിയിലേക്കു വരാം.
- ഒരാള്‍ക്ക് സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ചറിയാന്‍ താല്‍പര്യമുണ്ടാവില്ല എന്നു താങ്കള്‍ കരുതുന്നുവെങ്കില്‍ അതെന്തുകൊണ്ടാണ്?
- അവരേക്കുറിച്ച് ഇടതുപക്ഷ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതൊക്കെ ശരിയാണെന്നു താങ്കള്‍ കരുതുന്നുണ്ടോ? എല്ലാവരും അവയെല്ലാം കണ്ണുമടച്ച് വിശ്വസിക്കുമെന്നു കരുതുന്നുവോ?
- സംഘത്തേക്കുറിച്ചു പഠിച്ചു ഡോക്ടറേറ്റു നേടിയ ക്രിസ്തുമതപുരോഹിതനെ താങ്കളൊരു സംഘപ്രവര്‍ത്തകനായി കണക്കാക്കുകയില്ലല്ലോ?
താങ്കള്‍ക്കൊരുപക്ഷേ സംഘപ്രസ്ഥാനങ്ങളേക്കുറിച്ച് ധാരാളം വായിക്കാനും പഠിക്കാനും സ്റ്റഡി ക്ലാസ്സുകളില്‍ പങ്കെടുക്കാനുമൊക്കെ വളരെമുമ്പേതന്നെ കഴിഞ്ഞിട്ടുണ്ടാവണം. ഞാനാണെങ്കില്‍, അവരെപ്പറ്റിയുള്ള വിജ്ഞാന സമ്പാദനം ആരംഭിച്ചിട്ട് കേവലം രണ്ടു വര്‍ഷത്തോളമേ ആകുന്നുള്ളൂ. അതാകട്ടെ, മിക്കവാറും വളരെ നീണ്ട ഇടവേളകളില്‍, ഒഴിവു സമയങ്ങളില്‍ മാത്രവും. അവരുടെ ഏതെങ്കിലും നിലപാടുകളോട് അനുഭാവപൂര്‍ണ്ണമായ എന്തെങ്കിലും ചിന്തകളുദയം ചെയ്തതിനും പരമാവധി ഒരു ആറേഴു വര്‍ഷത്തിനപ്പുറം പഴക്കമുണ്ടെന്നും തോന്നുന്നില്ല.
സംഘവിരുദ്ധ വിജ്ഞാനത്തിന്റെ കാര്യത്തിലും ഞാന്‍ പിറകില്‍ത്തന്നെ. വലിയ പക്വതയൊന്നും അവകാശപ്പെടാന്‍ കഴിയാതിരുന്ന കാലത്ത് അല്ലറ ചില്ലറ മുദ്രാവാക്യം വിളികളും പ്രകടനങ്ങളുമൊക്കെ നടത്തിയിട്ടുണ്ടെന്നല്ലാതെ സംഘവിരുദ്ധ/പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു അനുഭവജ്ഞാനമൊന്നും എനിക്കവകാശപ്പെടാനില്ല. എന്റെ പരിമിതമായ അറിവിനേക്കുറിച്ചു സമ്മതിച്ചു കൊണ്ടുള്ള വാചകങ്ങളേ ഞാന്‍ എഴുതാറുള്ളൂ.
പലതിനാലും സ്വാധീനിക്കപ്പെടാമെങ്കിലും, എനിക്ക് എന്റേതായ ചിന്താധാരയുണ്ട്. ആ കാഴ്ചപ്പാടുകളും വിലയിരുത്തലുകളുമൊക്കെയാണ് ഞാനവതരിപ്പിക്കുന്നത്. എന്തു സമ്മതിച്ചു തരാനുള്ള തന്റേടമാണ് ഞാന്‍ കാണിക്കേണ്ടത്? താങ്കളുടെ ഒരു കാഴ്ചപ്പാട് ശരിയാണെന്നു ഞാന്‍ സമ്മതിച്ചു തരണമെന്നു പറയുന്നതു പോലെയല്ലേ അത്? ഓരോന്നു കൊണ്ടും ഓരോരുത്തര്‍ എന്താണുദ്ദേശിക്കുന്നത് എന്നത് തികച്ചും ആപേക്ഷികമാണ് എന്ന കാര്യത്തിലെങ്കിലും താങ്കളെന്നോടു യോജിക്കുമെന്നു കരുതുന്നു. “സംഘം ബ്രാഹ്മണാധിപത്യമാണ് ലക്ഷ്യം വയ്ക്കുന്നത് - മറ്റുള്ളവര്‍ പുറത്തുപോകണമെന്നാണവര്‍ പറയുന്നത്“ എന്നൊക്കെയുള്ള പരമാബദ്ധങ്ങളാണോ ഞാന്‍ സമ്മതിച്ചു തരേണ്ടത്? ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ എവിടമാണ് അകം? എവിടമാണ് പുറം? പ്രത്യയശാസ്ത്ര അടിത്തറയേപ്പറ്റിയൊക്കെയുള്ള എന്റെ ചില ചിന്തകള്‍ അടുത്ത പോസ്റ്റില്‍ എഴുതാം.
‘എളിയ ശ്രമം’, ‘കേവലമൊരു ചിരി’ എന്നൊക്കെയുള്ള പ്രയോഗങ്ങളിലെ പ്രകടമായ പരിഹാസം എന്നെ ദു:ഖിപ്പിക്കുന്നില്ല. എന്റെ പശ്ചാത്തലത്തേപ്പറ്റി താങ്കള്‍ എന്തു വേണമെങ്കിലും ധരിച്ചു കൊള്ളുക. നുണപറയാന്‍ മനസ്സൊരുങ്ങാത്തിടത്തോളം കാലം ഞാനൊരു സംഘപ്രവര്‍ത്തകനല്ല എന്നതില്‍ ഞാനുറച്ചുനില്‍ക്കും. അവരേക്കുറിച്ചു പഠിക്കാന്‍ തുനിഞ്ഞതും, പ്രചാരണങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത് പല നിലപാടുകളോടുമുള്ള അനുഭാവത്തിലേക്കെത്തിച്ചതുമെല്ലം എവിടെയോ പറഞ്ഞു വച്ചിട്ടുണ്ട്. പലര്‍ക്കുമായി എഴുതുന്നതു കൊണ്ട് എവിടെയെന്നോര്‍ക്കുന്നില്ല. അതൊന്നും ആവര്‍ത്തിക്കേണ്ട എന്തെങ്കിലും ആവശ്യമുണ്ടെന്നു കരുതുന്നുമില്ല.
(തുടരും)
അടുത്ത പോസ്റ്റ് - "ഗോള്‍വള്‍ക്കറെ പേടിച്ച് എത്ര നാള്‍?"
2 comments:
RSS-നേക്കുറിച്ച് പഠിച്ച് ഡോക്ടറേറ്റ് നേടിയ ക്രൈസ്തവപുരോഹിതനേക്കുറിച്ച് നാലാളറിഞ്ഞെന്നു വച്ച് ഇവിടെ യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അതൊക്കെ കാണാപ്പുറത്തു മാത്രമേ കിടക്കാവൂ എന്നു നാം വാശിപിടിക്കുന്നെങ്കില്‍, നാം ഭയക്കുന്നത് സത്യത്തെയാണോ എന്നു സംശയിച്ചു പോകും.
telling the truth is always revolutionary എന്നല്ലേ അന്തോണിയൊ ഗ്രാംഷി പറഞ്ഞത്. അതു കൊണ്ട് ( ഇനിയിപ്പൊ, ഗ്രാംഷി അങിനെ പറഞ്ഞിട്ടില്ലെങ്കിലും ) എല്ലാ സത്യങളും കാണാപ്പുറത്തുനിന്ന് പുറത്തേക്ക് വരട്ടേ, നകുലന്‍.
Post a Comment