Wednesday, April 11, 2007

ബുദ്ധദേവിനെയോ മോഡിയേയോ സ്വന്തം പാര്‍ട്ടികള്‍ തള്ളിപ്പറയുമോ? - കണ്ണൂസിനു മറുപടി

എന്റെ മറ്റൊരു പോസ്റ്റില്‍ കണ്ണൂസ്‌ നല്‍കിയ കമന്റിനുള്ള മറുപടിയാണിത്‌. (നാലുപേര്‍ക്കുള്ള മറുപടികളുടെ പരമ്പരയില്‍ രണ്ടാമത്തേത്‌. അടുത്തത്‌ കയ്യൊപ്പിനും വിചാരത്തിനും)

-----------------------------------------------------
[കണ്ണൂസ്‌]
>> നരേന്ദ്രമോഡിയുടെ സന്ദര്‍ശനം എന്തു കൊണ്ട്‌ ഒരു മുന്‍വിധിയോടെ മാധ്യമങ്ങള്‍ നോക്കിക്കണ്ടു എന്നതാണ്‌ താങ്കളുടെ ഈ നീണ്ട പോസ്റ്റിന്റെ സാംഗത്യം എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന് ഊന്നിപ്പറയുകയാണ്‌ പോസ്റ്റിന്റെ ഉദ്ദേശമെന്നും. <<

തെറ്റ്‌. മാദ്ധ്യമങ്ങള്‍ മുന്‍വിധിയോടെയേ നോക്കിക്കാണൂ എന്നതില്‍ എനിക്കൊരു സംശയവുമില്ല. അതിന്‌ ഓരോരുത്തര്‍ക്കും അവരവരുടേതായ കാരണങ്ങളും (ആവശ്യങ്ങളും) ഉണ്ട്‌. എന്റെ പോസ്റ്റുകൊണ്ട്‌ ഞാനെന്താണുദ്ദേശിച്ചതെന്ന്‌ അതിന്റെ ആദ്യത്തെ രണ്ടുവരിയില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

പ്രസംഗം നടന്നു കഴിഞ്ഞതിനുശേഷം എങ്ങനെയാണ്‌ മുന്‍വിധികള്‍ ഉണ്ടാകുന്നത്‌? മുന്‍വിധിയില്‍ മാത്രമല്ല പിന്‍വിധിയിലും തെറ്റുകളുണ്ട്‌. ദേശാഭിമാനി എഴുതിയത്‌ 'മോഡി വിഷം ചീറ്റി'(!) എന്നൊക്കെയാണ്‌. ഗോള്‍വള്‍ക്കറാണ്‌ സംഘം സ്ഥാപിച്ചത്‌(!) എന്നുപോലും എഴുതിക്കളഞ്ഞു അവര്‍. മറ്റു മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊക്കെ അതു വലിയ തമാശയ്ക്കു വക നല്‍കിയിരുന്നു കുറച്ചു നാള്‍. കണ്ണുമടച്ചുള്ള ഈ പ്രയോഗങ്ങളെ മാതൃഭൂമി കളിയാക്കുകയും ചെയ്തിരുന്നു ഒരു ലക്കത്തില്‍. ദേശാഭിമാനി എന്ത്‌ എഴുതിയെന്നത്‌ മറ്റൊരു പോസ്റ്റായി ഇടുന്നുണ്ട്‌.

എന്തും എഴുതി വിടാം - ചോദ്യം ചെയ്യപ്പെടുകയില്ല എന്ന മാദ്ധ്യമഭീമന്മാരുടെ അഹങ്കാരത്തിന്‌ കാലം നല്‍കുന്ന തിരിച്ചടിയാണ്‌ ബ്ലോഗ്‌ എന്ന മാദ്ധ്യമം. മോഡിയുടെ പ്രസംഗം തന്നെ പോസ്റ്റു ചെയ്യാന്‍ ഞാനൊരുങ്ങുകയാണ്‌. അതിനു മുന്നോടിയായ ഈ പോസ്റ്റ്‌ ഒന്നു വായിക്കുക.

-----------
[കണ്ണൂസ്‌]
>> താരതമ്യേനെ രൂക്ഷത കുറഞ്ഞ ഒരു കലാപത്തിന്റെ പേരില്‍ ഇത്രയും പ്രശ്‌നമുണ്ടാക്കുന്ന ഒരു സംഘടനക്കോ അതിന്റെ വക്താക്കള്‍ക്കോ ഇങ്ങനെ ഒരു കാര്യം ഉന്നയിക്കാനുള്ള ധാര്‍മികമായ അവകാശം ഇല്ല എന്ന് ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ഞാന്‍ ചെയ്തത്‌.<<


താങ്കളുടെ ഈ വാചകം സത്യത്തില്‍ എനിക്കു മനസ്സിലായില്ല. അതുമായി ബന്ധപ്പെട്ട്‌ അഞ്ചു ചോദ്യങ്ങളാണ്‌ എനിക്കുള്ളത്‌.

രൂക്ഷത കുറഞ്ഞ ഏതു കലാപം?
എത്രയും പ്രശ്നം?
ഏതു സംഘടന?
ആരൊക്കെയാണു വക്താക്കള്‍?
അവരെന്താണ്‌ ഉന്നയിച്ചത്‌?

ആകെപ്പാടെ ആശയക്കുഴപ്പമായിപ്പോകുന്നു. സംഘമാണോ താങ്കളുദ്ദേശിച്ച സംഘടന? മോഡിയുടെ വരവ്‌ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത രീതിയേപ്പറ്റി അവര്‍ എന്തെങ്കിലും പറഞ്ഞുവോ? എനിക്ക്‌ അവരുടെ നിലപാടറിയാന്‍ ആകാംക്ഷയുണ്ട്‌. പരതിനോക്കിയിട്ടൊന്നും കിട്ടിയില്ല. താങ്കളുടെ ശ്രദ്ധയില്‍ എന്തെങ്കിലും പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കുക. അവരതൊന്നും വലിയ കാര്യമാക്കിയിട്ടുണ്ടാവില്ല എന്നാണു ഞാന്‍ കരുതുന്നത്‌.

-----------
[കണ്ണൂസ്‌]

>> സിഖ്‌ വിരുദ്ധ കലാപങ്ങള്‍ ആസൂത്രണം ചെയ്തവരേയും നടപ്പാക്കിയവരേയും - സജ്ജന്‍ കുമാര്‍, ഭഗത്‌, ടൈറ്റ്‌ലര്‍ - വൈകിയാണെങ്കിലും തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സ്‌ നിര്‍ബന്ധിതമായി. നന്ദിഗ്രാമിന്റെ കാര്യത്തില്‍ ജനങ്ങളോട്‌ ഉത്തരം പറയാന്‍ CPM-ഉം ബാധ്യസ്ഥരാണ്‌. പക്ഷേ, മോഡി ഇന്നും BJP യുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ത്തന്നെ ഇരിക്കുമ്പോള്‍ ..... <<

പാര്‍ട്ടിക്കും ഭൂരിഭാഗം ജനങ്ങള്‍ക്കും പൂര്‍ണ്ണമായും അനഭിമതരായ നേതാക്കന്മാരുടെ കാര്യത്തില്‍ മാത്രമേ ഈ തള്ളിപ്പറച്ചില്‍ സംഭവ്യമാകുകയുള്ളൂ എന്നതല്ലേ സത്യം? കോണ്‍ഗ്രസ്‌ ഈയിടെ നട്‌വറിനെ തള്ളി. നഷ്ടമില്ലാത്തതു കൊണ്ട്‌. ബുദ്ധദേവിനെ സി.പി.എം. തള്ളിപ്പറയുമോ? അസാദ്ധ്യമാണത്‌.

ആദ്യത്തെ പ്രശ്നങ്ങള്‍ അടങ്ങിയതിനുശേഷവും അതിന്റെ രൂക്ഷത വ്യക്തമാക്കുന്ന കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. ഭംഗപുര പാലത്തിനു സമീപം നിന്ന്‌ കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരം ലഭിച്ചു. കിലോമീറ്ററോളം നീളത്തില്‍ കാണപ്പെട്ട ചോരപ്പാടുകള്‍, കാണാതായവരില്‍ ഭൂരിഭാഗം പേരും മരിച്ചിട്ടുണ്ടെന്നും ശവശരീരങ്ങള്‍ ബലമായി മറവു ചെയ്യപ്പെട്ടു എന്നുമുള്ള സംശയം ബലപ്പെടുത്തുന്നു. ബലാല്‍സംഗ ആരോപണം സത്യമായിരുന്നുവെന്ന്‌ പോലീസ്‌ സമ്മതിച്ചു. ഇതിലൊന്നും ആരും ആരെയും തള്ളിപ്പറയണ്ട. ഏതെങ്കിലുമൊരു പുരോഗമന സാഹിത്യകാരന്‍ അതേപ്പറ്റി ഒരൊറ്റ വരി കവിത എഴുതാന്‍ തയ്യാറാകുമോ? അസംഭവ്യമാണത്‌. ഞാനതില്‍ തെറ്റൊന്നും കാണുന്നില്ല. നമ്മളെല്ലാം മനുഷ്യരാണ്‌. നമുക്കു പക്ഷചിന്തകളുണ്ട്‌.

മോഡിയെ ബി.ജെ.പി.യും തള്ളിപ്പറയും എന്നു കരുതുക വയ്യ. അദ്ദേഹം ജനങ്ങള്‍ക്കും പാര്‍ട്ടിക്കും സമ്പൂര്‍ണ്ണമായി അനഭിമതനല്ല എന്നതു തന്നെ കാരണം. കലാപം സൃഷ്ടിച്ച കളങ്കം നിലനിര്‍ത്തുവാന്‍ എതിരാളികള്‍ക്കു കഴിയുന്നുണ്ടെങ്കില്‍പ്പോലും വികസനനേട്ടങ്ങളുടെ കാര്യത്തില്‍ മോഡിയുടെ ഇമേജ്‌ - ബുദ്ധദേവ്‌ അടക്കം സമ്മതിച്ചു തരുന്നത്‌ - പാര്‍ട്ടിയെ സഹായിക്കുക കൂടി ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. മോഡി ആര്‍ക്കൊക്കെ അനഭിമതനാണോ അവരൊക്കെ ഇപ്പോഴും തള്ളിപ്പറയുന്നുണ്ട്‌. പിന്നെ - ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയിലൊക്കെ മാദ്ധ്യമങ്ങള്‍ മാത്രമാണ്‌ പൊക്കിക്കൊണ്ടു വരുന്നതെന്നാണെനിക്കു തോന്നുന്നത്‌. തളര്‍ത്താന്‍ ശ്രമിച്ച്‌ വളര്‍ത്തുന്നതിന്റെ മറ്റൊരുദാഹരണം.

-----------
[കണ്ണൂസ്‌]

>> എനിക്ക്‌ സംശയമുണ്ട്‌. സ്വകാര്യമെന്ന് പറയാവുന്ന ഒരു സംഭാഷണത്തില്‍ ഒരു പത്രലേഖകനോട്‌ വാജ്‌പേയി പറഞ്ഞ ഒരു വാചകം അല്ലാതെ ഏതവസരത്തിലാണ്‌ കലാപത്തില്‍ മോഡി സര്‍ക്കാരിന്റെ നിഷ്ക്രിയത BJP അംഗീകരിച്ചിട്ടുള്ളത്‌? <<

ഗുജറാത്ത്‌ കലാപവും അക്ഷര്‍ധാം ക്ഷേത്രാക്രമണവുമൊക്കെ തടയാന്‍ കഴിയാതിരുന്നതിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കുകയും കേന്ദ്രനേതൃത്വം പോലും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ഇതൊന്നും നമ്മളറിഞ്ഞില്ലായെങ്കില്‍ - വാജ്‌പേയിയുടെ സ്വകാര്യ(!) സംഭാഷണം മാത്രമേ കേട്ടുള്ളൂവെങ്കില്‍ - കുറ്റം നമ്മുടേതോ പാര്‍ട്ടിയുടേതോ അല്ല. അതൊക്കെ മറച്ചുപിടിച്ച നമ്മുടെ മാദ്ധ്യമങ്ങളുടേതാണ്‌. നന്ദിഗ്രാമില്‍ നടന്നത്‌ സ്വയരക്ഷയ്ക്കു വേണ്ടിയുള്ള വെടിവയ്പാണെന്ന്‌ പിണറായി വിജയന്‍ പറഞ്ഞപ്പോള്‍, ബുദ്ധദേവ്‌ പറഞ്ഞത്‌ അത്‌ മുസ്ലിം മതമൗലികവാദികള്‍ ഒപ്പിച്ച പണിയാണെന്നാണ്‌. രണ്ടു തവണ പൊതുവേദികളില്‍ അദ്ദേഹം അതു പറഞ്ഞിരുന്നു. ആ പരാമര്‍ശം ഏതെങ്കിലുമൊരു മലയാളപത്രത്തിലൂടെ താങ്കളറിഞ്ഞിരുന്നോ?

വാര്‍ത്തകള്‍ തമസ്ക്കരിക്കപ്പെടുന്നുണ്ട്‌. അതൊരു യാഥാര്‍ത്ഥ്യമാണ്‌. അതൊക്കെ തുറന്നു കാട്ടാന്‍ സഹായിക്കേണ്ടത്‌ ബ്ലോഗുകളൊക്കെയാണ്‌. അങ്ങനെ ചെയ്യാന്‍ നമുക്ക്‌ "ധാര്‍മ്മികമായ അവകാശമുണ്ടോ" എന്ന്‌ ചര്‍ച്ച ചെയ്തു നിന്നാല്‍ കാലം കടന്നുപോകും. ഈ ബ്ലോഗ്‌ സ്വാതന്ത്ര്യം ഒക്കെ എത്ര നാള്‍ ഉണ്ടാവുമെന്ന്‌ ആര്‍ക്കറിയാം?

-----------
[കണ്ണൂസ്‌]

>> ഗുജറാത്തില്‍ മോഡിക്കുള്ള പിന്തുണ കിട്ടിയ വോട്ടിന്റെ കണക്ക്‌ വെച്ചാണ്‌ നിരത്തുന്നതെങ്കില്‍, കാണാപ്പുറം കഴിഞ്ഞ കമന്റില്‍ സൂചിപ്പിച്ച പോളിംഗ്ബൂത്തില്‍ ഇരിക്കാന്‍ ആളെ കിട്ടാത്ത സ്ഥിതി തന്നെ അതിന്‌ ഉത്തരം. <<

വികസനനേട്ടങ്ങളുടെയും ജനപ്രിയതയുടെയുമെല്ലാം അടിസ്ഥാനത്തില്‍ നടത്തപ്പെട്ട അഭിപ്രായസര്‍വേകളാണ്‌ ഞാനുദ്ദേശിച്ചത്‌. അവയില്‍ പങ്കെടുക്കുന്നവര്‍ പോളിംഗ്‌ ബൂത്തിലല്ലല്ലോ ചെല്ലുന്നത്‌. ഗുജറാത്തിലുള്ളവര്‍ മാത്രമല്ല പങ്കെടുക്കുന്നതും. സര്‍വ്വേ സംഘടിപ്പിച്ചത്‌ പലപ്പോഴും മോഡി വിരുദ്ധരാണു താനും. മോഡിയ്ക്ക്‌ 75% വരെ സമ്മതി ലഭിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്‌. അദ്ദേഹത്തോട്‌ എത്രമാത്രം വിരോധമോ വിയോജിപ്പോ ഉണ്ടായിരുന്നാലും ശരി - നമ്മളിതൊന്നും കാണാതിരുന്നിട്ട്‌ ഒരു കാര്യവുമില്ല. അസൂയാവഹമായ പുരോഗതി ഗുജറാത്ത്‌ കൈവരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും. മോഡി ഒരുതരം വാശിയോടെയാണ്‌ പ്രവര്‍ത്തിച്ചു കാണിക്കുന്നതെന്നാണ്‌ എനിക്കു തോന്നുന്നത്‌. എന്തായാലും ഏകപക്ഷീയമായ ആക്രമണങ്ങള്‍ കൊണ്ട്‌ ഗുജറാത്തിനു ഗുണം കിട്ടുന്നതു കൊള്ളാം. ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ തീര്‍ച്ചയായും ന്യൂനപക്ഷങ്ങളുമുണ്ടാവും എന്നതോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

പിന്നെ - ബൂത്ത്‌ നിയന്ത്രണത്തിന്റെ മാര്‍ക്സിസ്റ്റ്‌ ശൈലി ബി.ജെ.പി. എവിടെയെങ്കിലും കടമെടുത്തതായി ആരോപിച്ചു കേട്ടിട്ടില്ല. അല്ലെങ്കില്‍ത്തന്നെ ഗുജറാത്തില്‍ മുഴുവന്‍ ബി.ജെ.പി. ആധിപത്യമാണ്‌ എന്നൊന്നും എനിക്കു തോന്നുന്നില്ല. 2002-ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ സ്വാധീനമുള്ള സ്ഥലങ്ങളില്‍പോലും അവര്‍ പരാജയപ്പെട്ടിരുന്നു. മറ്റിടങ്ങളില്‍ മുന്നേറാനായെങ്കിലും. അതുപോലെ 2002-ല്‍ വലിയ 'കുതിച്ചു ചാട്ട'മൊന്നും നടത്തിയിട്ടുമില്ല. അതിനു മുമ്പേ തന്നെ 111 സീറ്റുണ്ടായിരുന്നു. അത്തവണ പത്തു പതിനഞ്ചു സീറ്റുകള്‍ കൂടിയത്‌ അത്ര വലിയ നേട്ടമൊന്നുമല്ല. അതു തന്നെ ബി.ജെ.പി.യുടെ വളര്‍ച്ച എന്നതിനേക്കാളും കോണ്‍ഗ്രസിന്റെ തളര്‍ച്ചയായിട്ടാണ്‌ പ്രാദേശികരാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിക്കണ്ടത്‌.

വൈത്തോ:- ഇതിവിടെ ഓ.ടോ. ആണ്‌ എന്നാലും പറയാം. ഇക്കഴിഞ്ഞയിടെ എന്‍.ഡി.ടി.വി. പ്രതിനിധി ശ്രീനിവാസന്‍ ജെയിന്‍ മോഡിയുമായി ഒരു ഇന്റര്‍വ്യൂ നടത്തിയത്രേ. കലാപം കഴിഞ്ഞ്‌ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയുന്നവരുടെ ദയനീയാവസ്ഥയേപ്പറ്റി ചോദിച്ചപ്പോള്‍, 'ഈപ്പറയുന്ന അഭയാര്‍ത്ഥിക്യാമ്പുകള്‍ എവിടെയാണെന്നു കാണിച്ചു തന്നാല്‍ നമുക്ക്‌ ഇപ്പോള്‍ത്തന്നെ അവിടെപ്പോകാം' എന്നായിരുന്നത്രേ മറുപടി. അത്രയും ചങ്കൂറ്റത്തോടെ പറയാന്‍ കഴിയണമെങ്കില്‍, ഇപ്പോള്‍ ക്യാമ്പുകള്‍ നിലവിലില്ല എന്നതു സത്യമാവണം. ആരു പറയുന്നതാണോ ആവോ വിശ്വസിക്കേണ്ടത്‌?

വിചാരണകൂടാതെ ഒമ്പതു വര്‍ഷമായി തടവില്‍ക്കഴിയുന്നൊരാളുടെ കാര്യം ഇക്കഴിഞ്ഞയിടെപ്പോലും വായിച്ചതേയുള്ളൂ. ഇപ്പോള്‍ ദാ വാര്‍ത്ത വരുന്നു 'വിചാരണ കഴിഞ്ഞു - മൊത്തം രണ്ടായിരത്തോളം പേരെ വിസ്തരിച്ചു എന്ന്‌. അപ്പോള്‍ വിചാരണ എന്നു തുടങ്ങി? ഒറ്റ രാത്രി കൊണ്ട്‌ അത്‌ അവസാനിച്ചുവോ? ഇതൊക്കെ ധൈര്യപൂര്‍വ്വം ചോദിക്കുവാന്‍ ആരുമില്ലാത്തതില്‍ വ്യസനമില്ല. പത്രങ്ങളെ അന്ധമായി വിശ്വസിക്കുന്നതിലേ വിഷമമുള്ളൂ. അവരില്‍ ചിലരെങ്കിലും നുണ പറയും. കല്ലു വച്ച നുണ. അവരെ എനിക്കു വിശ്വാസമില്ല തന്നെ!

2 comments:

Unknown said...

നരേന്ദ്രമോഡി ആരോടൊക്കെയോ ഉള്ള വാശി തീര്‍ക്കാനെന്നവണ്ണമാണ്‌ പ്രവര്‍ത്തിച്ചു കാണിക്കുന്നതെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. എന്തായാലും മോഡി നേരിട്ട ഏകപക്ഷീയമായ ആക്രമണങ്ങള്‍ കൊണ്ട്‌ ഗുജറാത്തിനു ഗുണം കിട്ടുന്നതു കൊള്ളാം. ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ തീര്‍ച്ചയായും ന്യൂനപക്ഷങ്ങളുമുണ്ടാവും എന്നതോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

N.J Joju said...

കാര്യമാത്രപ്രസക്തം, ചിന്തനീയം.

വാര്‍ത്തകളുടെ തമസ്കരണവും അതിലെ മുന്‍-പിന്‍ വിധികളും എല്ലാം യാഥാര്‍ത്ഥ്യമാണ്.

വാര്‍ത്തകളിലെ യാഥാര്‍ത്യങ്ങളെക്കാളും മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു. വായനക്കാര്‍ക്ക് വാര്‍ത്തകളല്ല ആ‍വശ്യം എരിവും പുളിയുമാണ് എന്ന നിലയും വന്നിരിക്കുന്നു.