എന്റെ തന്നെ ഒരു പോസ്റ്റിനുള്ള കമന്റിന്റെ രൂപത്തില്‍ ഞാനെഴുതിയ ഒരു വിശദീകരണക്കുറിപ്പാണ് താഴെക്കൊടുത്തിരിക്കുന്നത്.
ഇത് വായിച്ചിട്ട് 'വരരുചി' എന്നൊരാള്‍ അഭിപ്രായപ്പെട്ടത് ഇത് 'കാളകൂടവിഷ'മാണെന്നാണ്. എന്നെ ഒരു ഫാസിസ്റ്റായും അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി. അദ്ദേഹത്തോടുള്ള നാലു ചോദ്യങ്ങള്‍ കൂടി ആദ്യം കൊടുത്തിരിക്കുന്നു.
വരരുചീ,
(1) പലരും ചേര്‍ന്ന് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് ഇതിനകം തന്നെ വലിയൊരു തമാശപ്പദമായി മാറിയിരിക്കുന്ന 'ഫാസിസ'ത്തെ താങ്കളെങ്ങനെയാണ് നിര്‍വചിക്കുന്നത്?
(2) ഫാസിസത്തേക്കുറിച്ചുള്ള 'വിക്കി' പേജില്‍ കൊടുത്തിരിക്കുന്ന ഒരു ഭാഗമാണ് താഴെക്കൊടുത്തിരിക്കുന്നത്. ഇതിനേക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
The term "fascism" has become hopelessly vague in the years following World War II, and that today it is little more than a pejorative epithet used by supporters of various political views to attempt to discredit their opponents.
...the word ‘Fascism’ is almost entirely meaningless. In conversation, of course, it is used even more wildly than in print. I have heard it applied to farmers, shopkeepers, Social Credit, corporal punishment, fox-hunting, bull-fighting, the 1922 Committee, the 1941 Committee, Kipling, Gandhi, Chiang Kai-Shek, homosexuality, Priestley's broadcasts, Youth Hostels, astrology, women, dogs and I do not know what else ... Except for the relatively small number of Fascist sympathisers, almost any English person would accept ‘bully’ as a synonym for ‘Fascist’. That is about as near to a definition as this much-abused word has come.
(3) എന്റെ കമന്റില്‍, ഏതു ഭാഗമാണ് താങ്കള്‍ക്ക് 'വിഷ'മായി അനുഭവപ്പെട്ടത്? എന്തുകൊണ്ട്? ഒരുപക്ഷേ താങ്കളുടെ അതേ ചിന്താഗതികള്‍ പേറുന്നയാളല്ലാത്ത മറ്റൊരാള്‍ക്കും - ഉദാഹരണത്തിന് ഒരു നിഷ്പക്ഷമതിക്കും - അത് 'വിഷ'മായിത്തന്നെ അനുഭവപ്പെടും എന്ന് താങ്കള്‍ക്കഭിപ്രായമുണ്ടോ? അതോ ഹിന്ദു അനുഭാവ സംഘടനകളെ ആക്ഷേപിക്കാന്‍ ചിലര്‍ ഉപയോഗിക്കാറുള്ള പതിവു ജാര്‍ഗണും ക്ലീഷേകളും ഒക്കെ ഉപയോഗിച്ച് താങ്കളും മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയാണോ?
(4) മുസ്ലിം തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരെ ഫാസിസ്റ്റ് തുടങ്ങിയ സംബോധനകളിലൂടെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്ന, നിലവിലുള്ള, തന്ത്രം പരാജയപ്പെടുന്ന ഒരുവേളയില്‍, പകരം പ്രയോഗിക്കാന്‍ പറ്റിയ മറ്റെന്തെങ്കിലുമൊരു പുതിയ തന്ത്രം മെനയേണ്ടതിന്റെ ആവശ്യകതയേപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
-----------------------------------------------------------
ചോദ്യങ്ങള്‍ അവസാനിച്ചു.
എന്റെ കമന്റ് - വരരുചിക്ക് വിഷ(മ)മായിത്തോന്നിയത് താഴെ.
-----------------------------------------------------------
ഒന്ന്
----
ഈ പോസ്റ്റിലൂടെ മതതീവ്രവാദത്തെയല്ല ഞാന്‍ വിമര്‍ശി(ക്കാന്‍ ശ്രമി)ച്ചിരിക്കുന്നത്. തീവ്രവാദവിരുദ്ധനിലപാടുകളില്‍ വഞ്ചനാപരമായ ഇരട്ടത്താപ്പു കാണിക്കുന്ന രാഷ്ട്രീയ കാപട്യങ്ങളെയാണ്. 'വാദി പ്രതിയായി' എന്ന മട്ടില്‍ എന്നില്‍ ആരോപിക്കപ്പെട്ട കുറ്റം തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റിന്റെ വിഷയവും - ഒറ്റക്കണ്ണുകൊണ്ടുള്ള കാണല്‍. ഇവിടെ പ്രതിക്കൂട് സാമാന്യം വലുതാണ്. പല പല പ്രസ്താവനകളുടേയും രാഷ്ട്രീയ കരുനീക്കങ്ങളുടേയും പേരില്‍ രമേശ് ചെന്നിത്തലയും പിണറായിവിജയനും വെളിയം ഭാര്‍ഗ്ഗവനുമൊക്കെ മാത്രമല്ല - പല രചനകളുടേയും പേരില്‍ 'പുരോഗമനസാഹിത്യ'ത്തിന്റെ വക്താക്കളായ കെ.ഇ. എന്‍., സച്ചിദാനന്ദന്‍, വിജയലക്ഷ്മി തുടങ്ങിയവരും അവിടെ നിരന്നിരിപ്പുണ്ട്.
ഒരുവശത്ത് കേരളത്തിലെ മുസ്ലിം തീവ്രവാദപ്രവര്‍ത്തനങ്ങളും മറുവശത്ത് ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ പെട്ട പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളും (ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ നടന്ന ബാബറി മസ്ജിദ് ധ്വംസനവും ഗുജറാത്തിലെ ഗോധ്രയിലും വഡോദരയിലുമൊക്കെ നടന്ന കലാപവുമുള്‍പ്പെടെ) നിരത്തിവച്ച് തുലനം ചെയ്ത് ആരാണു കൂടുതല്‍ കുഴപ്പക്കാര്‍ എന്നു കണ്ടുപിടിക്കാനോ അതല്ലെങ്കില്‍ ഏതുപയോഗിച്ച് ഏതിനെയെല്ലാം ന്യായീകരിക്കാം എന്നു കണ്ടെത്താനോ ആര് ആര്‍ക്കു വളം വയ്ക്കുന്നു എന്നു സ്ഥാപിക്കാനോ ഒന്നുമുള്ള ഒരു വേദിയേ ആയിരുന്നില്ല ഇത് (എന്റെ ബ്ലോഗിന്റെ നിലവാരം അത്രയ്ക്കു താണുവോ എന്ന തോന്നല്‍ തന്നെ ഞെട്ടലുണ്ടാക്കുന്നു). പ്രതികരണങ്ങളാണ് ഇവിടുത്തെ വിഷയം. ആന്റണിയുടെ ഒരു പ്രതികരണമാണ് ഈ പോസ്റ്റിന്റെ ജന്മഹേതു. അര്യാടന്‍ മുഹമ്മദിന്റെ ഒരു മുന്‍ പ്രതികരണം അതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റുകളുടെ നയങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ചില എഴുത്തുകാരുടെ നിലപാടുകള്‍ കടന്നു വരുന്നുണ്ട്. ഒടുവില്‍, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ചില ഉദാഹരണങ്ങള്‍ എണ്ണിയെണ്ണിപ്പറയുന്നിടത്തും, നമ്മള്‍ പാലിച്ച നിശ്ശബ്ദത(പ്രതികരണമില്ലായ്മ)യാണ് യഥാര്‍ത്ഥ വിഷയം. അല്ലാതെ ആ പ്രവൃത്തികളല്ല. ചുരുക്കിപ്പറഞ്ഞാല്‍, തീവ്രവാദപ്രവര്‍ത്തനങ്ങളോടുള്ള നിലപാടുകളും അവയിലെ വൈരുദ്ധ്യങ്ങളുമൊക്കെയായിരുന്നു തുടങ്ങിവച്ചപ്പോളെങ്കിലും ചര്‍ച്ചയുടെ കാതല്‍. ആക്ഷേപഹാസ്യശൈലി ഉപയോഗിച്ചതുകൊണ്ടാവണം - വായനക്കാരില്‍ ചിലരെങ്കിലും വഴിമാറിപ്പോകുകയോ പ്രകോപിതരാവുകയോ ഒക്കെ ചെയ്തത് മൊത്തത്തില്‍ ചര്‍ച്ചയേയും അല്‍പം വഴിമാറ്റിവിട്ടു.
വിഷയത്തേക്കുറിച്ച് കൂടുതല്‍ പറയുന്നതിനു മുമ്പ് 'ഗുജറാത്തി'നേക്കുറിച്ച് അല്‍പം പറയേണ്ടതുണ്ട്.
ഞാന്‍ 'ഗുജറാത്തു കലാപത്തേക്കുറിച്ചു പറഞ്ഞതേയില്ല' എന്ന മട്ടിലായിരുന്നു ഒരു പരാതി. ഈ പോസ്റ്റിന്റെ വിഷയമനുസരിച്ച് ഗുജറാത്തിനേക്കുറിക്കു പറയുകയാണെങ്കില്‍ അതില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത് ഇവയൊക്കെയാണ്. കലാപത്തേക്കുറിച്ച് നടത്തപ്പെട്ട ചര്‍ച്ചകള്‍ - എഴുതപ്പെട്ട അനവധി പുസ്തകങ്ങള്‍ - ലേഖനങ്ങള്‍ - കവിതകള്‍ - കഥകള്‍ - ലക്ഷക്കണക്കിനു ലഘുലേഖകള്‍ - ആയിരക്കണക്കിന് പ്രസംഗങ്ങള്‍ - കലാപം പരാമര്‍ശിക്കപ്പെട്ട, നേരിട്ടു വിഷയമായി നിര്‍മ്മിക്കപ്പെട്ട സിനിമകള്‍ - ഡോക്യുമെന്ററികള്‍- വിളിക്കപ്പെട്ട മുദ്രാവാക്യങ്ങള്‍ അങ്ങനെയങ്ങനെ എല്ലാ പ്രതികരണങ്ങളും - (ബീഹാറില്‍ ചാക്കു കണക്കിന് ഉത്‌പാദിപ്പിക്കപ്പെട്ട സീ.ഡി.കള്‍ അടക്കം!). ഇവയെല്ലാം നിരത്തിയെഴുതണമായിരുന്നുവോ? ഞാനവയേക്കുറിച്ചൊന്നും സൂചിപ്പിക്കാതിരുന്നത് നന്നായി എന്നുവേണം എന്നെ വിമര്‍ശിക്കുന്നവര്‍ കരുതാന്‍. കാരണം, അല്ലെങ്കില്‍, 'പ്രതികരണങ്ങളിലെ വൈരുദ്ധ്യം' എന്ന - ഞാന്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്നം - വിമര്‍ശകര്‍ ഒരു പക്ഷേ മറയ്ക്കാന്‍ ആഗ്രഹിച്ചേക്കാവുന്ന ചിത്രം - കുറേക്കൂടി മിഴിവോടെ ഉജ്ജ്വലിച്ചു നിന്നേനെ.
'റോ'യുടെ തലപ്പത്തു നിന്നും വിരമിച്ച ഹോര്‍മിസ് തരകന്റെ പ്രസ്താവന വന്നിട്ടുണ്ട് ഇന്നലെ. കേരളത്തില്‍, നാം നമ്മുടെ തീരപ്രദേശത്ത് സുരക്ഷയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ട സ്ഥിതിവിശേഷമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊരു സ്ഥാനത്തിരുന്നയാള്‍ പറയുന്നതു തമാശയോ നുണയോ ആവുമെന്നു വിശ്വസിക്കാന്‍ എന്റെ സാമാന്യബോധം എന്നെ അനുവദിക്കാത്തതില്‍ ക്ഷമിക്കുക. ഇന്നായിരുന്നു ഞാന്‍ ഈ പോസ്റ്റ് എഴുതിയിരുന്നതെങ്കില്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരാമര്‍ശിച്ചേനെ.അപ്പോളും വരുന്ന കമന്റുകള്‍ ഇങ്ങനെയൊക്കെത്തന്നെയാവാനേ തരമുള്ളൂ - "തീരദേശം കേട്ടു ബോറടിക്കുന്നു - മറ്റു നമ്പറുകള്‍ ഒന്നുമില്ലേ?' എന്ന്. നല്ല പ്രതികരണം! 'വരരുചി' അഭിപ്രായപ്പെട്ടതുപോലെ 'കുറ്റമാരോപിക്കാന്‍ ന്യൂനപക്ഷഭീകരവാദം എന്ന സ്വത്വത്തെ ആരെങ്കിലും നിര്‍മ്മിച്ചുവച്ചിരിക്കുകയാവും' എന്നൊന്നും വിചാരിച്ച് ഞാന്‍ മിണ്ടാതിരുന്നേക്കില്ല എന്നതില്‍ എന്നോടു ക്ഷമിക്കുക. ഭീകരവാദം ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതിനോടുള്ള എതിര്‍പ്പ് ഭാരതത്തിലെ സമാധാനപ്രേമികളും ദേശസ്നേഹികളുമായ ലക്ഷക്കണക്കിനു വരുന്ന മുസ്ലീങ്ങളോടും കൂടിയുള്ള എതിര്‍പ്പായി പരിണമിക്കാതെയും പരിണമിക്കുന്നതായി ചിത്രീകരിക്കപ്പെടാതെയും നോക്കുകയാണ് നാം വേണ്ടത് എന്നു തോന്നുന്നു.
'കോയമ്പത്തൂര്‍ ബോംബുസ്ഫോടനങ്ങളില്‍ പ്രതികളായ അനവധിപേര്‍ കള്ളപ്പേരില്‍ ശബരിമലയില്‍ കഴിയുമ്പോള്‍ പിടിയിലായി - അതിനേക്കുറിച്ച് നാം മൗനികളാണ്' - എന്നത് പ്രതികരണത്തിലെ വൈരുദ്ധ്യമായി ചൂണ്ടിക്കാട്ടിയപ്പോള്‍ അതാ വരുന്നു ഗുജറാത്ത്! അപ്പോള്‍ ഗുജറാത്തിന്റെ പേരില്‍ നാം ശബരിമലയിലെ തീവ്രവാദി സാന്നിദ്ധ്യം മിണ്ടാതിരുന്നു വകവച്ചു കൊടുക്കണമെന്നാണോ? അവിടെയെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമായിരുന്നു എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? ഇനിയിപ്പോള്‍ അങ്ങനെയെന്തൊക്കെ ഉണ്ടായാലും നമുക്കൊന്നുമില്ല - അന്ന് അതിനേയും ഗുജറാത്തിന്റെ പേരില്‍ ന്യായീകരിക്കാം, എന്നാണോ കണക്കു കൂട്ടല്‍?
ഞാനൊരു ഹിന്ദുവാണ്. എനിക്കതില്‍ അഭിമാനമുണ്ട്. ഹൈന്ദവമായ എന്തിനേയും അധിക്ഷേപിച്ചാല്‍ നേട്ടം കൊയ്യാമെന്ന മട്ടിലുള്ള ഒരു രാഷ്ട്രീയ, സാഹിത്യ സംസ്ക്കാരം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തു ജീവിക്കുമ്പോള്‍, ഞാന്‍ പല വേദികളിലും സധൈര്യം കടന്നു ചെന്ന് എന്റെ വേദനകളും പ്രതിഷേധവും പ്രകടിപ്പിച്ചു എന്നു വരും. എന്നു വച്ച് എന്റെ രാജ്യത്ത് ഗുജറാത്തു കലാപം പോലൊരു സംഭവമുണ്ടാകുമ്പോള്‍ അതില്‍ ദു:ഖവും അമര്‍ഷവും രോഷവും ഇനിയൊരിക്കലും ഇതാവര്‍ത്തിക്കരുത് എന്ന് ആഗ്രഹവും ഉണ്ടായിരിക്കാനുള്ള എന്റെ അവകാശം ഞാന്‍ ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ല. എന്റെ അച്ചനും അമ്മയും ഹിന്ദുക്കളായതുകൊണ്ടും ഹൈന്ദവസംസ്കൃതിയുടെ ഈ ഭൂമിയില്‍ ജനിച്ചതുകൊണ്ടും ഞാനും ഹിന്ദുവായി. എന്നു വച്ച് ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ മുന്‍വിധികളോടെ എന്നെ "എതിര്‍പക്ഷ'ത്തു കണ്ടുകൊണ്ട് എനിക്കെന്തു പറയണമെന്നാണെങ്കിലും അതിനുമുന്‍പ് ഗുജറാത്തിനു ക്ഷമചോദിക്കണമെന്ന മട്ടില്‍ ആരെങ്കിലും പറഞ്ഞാല്‍ അയാളുടെ നേര്‍ക്കു നേര്‍ നിന്ന് ആ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കിക്കൊണ്ട് നിര്‍ദ്ദാക്ഷിണ്യം ഞാന്‍ വിളിച്ചുപറയും - "നിങ്ങളാണ് ഈ ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ വര്‍ഗ്ഗീയവാദി" എന്ന്. വികലമായ ഒരു സാമൂഹ്യവീക്ഷണം പേറുന്നയാള്‍ എന്ന നിലയില്‍ എന്റെ നിരവധി ചോദ്യങ്ങള്‍ക്ക് അയാള്‍ തുടര്‍ന്ന് ഉത്തരം പറയേണ്ടിവരികയും ചെയ്യും.
ഗുജറാത്തിനേക്കുറിച്ച് എനിക്കു പറയാനുള്ളതെല്ലാം അതിനായി മാത്രം നീക്കി വച്ചിട്ടുള്ള ഒരു പോസ്റ്റിലേക്കായി നീട്ടി വയ്ക്കുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടുള്ള എന്റെ സമീപനം മറ്റൊരു പോസ്റ്റില്‍ - "ഞാനാര് - ഞാനെന്തിനെഴുതുന്നു?" എന്നതില്‍ - വിശദീകരിക്കുന്നതാണ്. ഞാന്‍ ഏതെങ്കിലുമൊരു സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനോ അവരെ അന്ധമായി അനുകൂലിക്കേണ്ടതിന്റെ എന്തെങ്കിലും ആവശ്യമുള്ളയാളോ അല്ല എന്നു മാത്രം - മുന്‍പു പലതവണ പറഞ്ഞിട്ടുള്ളത് - ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുക മാത്രം ചെയ്യുന്നു - തല്‍ക്കാലം.
കേരളത്തിലെ മുസ്ലീം തീവ്രവാദപ്രവര്‍ത്തനങ്ങളേക്കുറിച്ച് പറയണമെന്നു തോന്നുമ്പോള്‍ - ഗുജറാത്തെന്നല്ല - ഒന്നിന്റേയും പേരില്‍ നിശ്ശബ്ദത പാലിക്കാന്‍ ഞാനൊരുക്കമല്ല. ഞാനൊരു കൂസിസ്റ്റല്ല തന്നെ!
ഇനി ഗുജറാത്തുവിട്ട് ഇവിടേക്കു വരാം.
കേരളത്തിലെ ഇടതുവലതുമുന്നണികളുടെ സംഘപരിവാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പലതും ശുദ്ധ കാപട്യമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്നാല്‍, മുസ്ലിം തീവ്രവാദവിരുദ്ധ മുദ്രാവാക്യങ്ങളില്‍ കാപട്യമില്ല താനും. കാരണം, അങ്ങനെയൊരു നയമോ മുദ്രാവാക്യമോ ഉണ്ടായിട്ടുവേണ്ടേ അതില്‍ കാപട്യമുണ്ടാവാന്‍?
മുസ്ലിം ലീഗില്‍ തീവ്രവാദസ്വഭാവമുള്ളവര്‍ നുഴഞ്ഞുകയറി സ്വാധീനം വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്ന മട്ടിലൊരു പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ആര്യാടന്‍ മുഹമ്മദിന് ഒരു തരം ഊരുവിലക്കു തന്നെ നേരിടേണ്ടി വന്നതു നാം കണ്ടതാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടായിരുന്നു എന്നതില്‍ ഇപ്പോഴും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാലും അതു തുറന്നു പറയാന്‍ അദ്ദേഹം കാട്ടിയ ചങ്കൂറ്റം (അങ്ങനെ പറയേണ്ടിവരുന്നു!) പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ പേരില്‍, തിരുവമ്പാടി തെരഞ്ഞെടുപ്പു പ്രചാരണസമയത്ത് കുറേക്കാലം അദ്ദേഹത്തെ ആ മണ്ഡലത്തിന്റെ ഏഴയലത്തേക്ക് അടുക്കാന്‍ അനുവദിച്ചിരുന്നില്ല കോണ്‍ഗ്രസ്സ് നേതൃത്വം. വോട്ടുകള്‍ നഷ്ടപ്പെടുമെന്നാണെങ്കില്‍ തീവ്രവാദികളെ പിണക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നവര്‍, ഒരുപടികൂടി കടന്ന് വോട്ടുകള്‍ കിട്ടുമെന്നാണെങ്കില്‍ അവരെ പ്രീണിപ്പിക്കില്ല എന്നതിന് എന്താണുറപ്പ്?
തിരുവമ്പാടിയില്‍ ഒരുവശത്ത് ഊരുവിലക്കു നിലവിലുള്ളപ്പോള്‍, മറുവശത്ത് സദ്ദാം ഹുസ്സൈന്റെ തടവറജീവിതം വിറ്റു വോട്ടാക്കുകയായിരുന്നു ഇടതുമുന്നണി.
'ഞങ്ങള്‍ക്ക് ആര്‍.എസ്.എസുകാരന്റെ വോട്ടുവേണ്ട' എന്ന് എല്ലാ മീറ്റിങ്ങിലും ഏതാണ്ട് എല്ലാ പ്രാസംഗികരും ഉറക്കെ വിളിച്ചു പറയുന്നതു കേള്‍ക്കാറുണ്ട്. 'നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം' എന്ന ചൊല്ല് ഓര്‍മ്മിപ്പിക്കുന്ന ഒരുതരം 'അടവുനയം' മാത്രമാണത്. എന്തായാലും കിട്ടാന്‍ പോകുന്നില്ലാത്ത വോട്ട് - അത് വേണ്ട എന്നു പറഞ്ഞതുകൊണ്ട് പുതിയതായി ഒന്നും നഷ്ടപ്പെടുന്നില്ല. എന്നാല്‍ നിരന്തരപ്രചാരണത്തിലൂടെ, 'അവര്‍ ഹിന്ദു ഐക്യത്തിനായി നടക്കുന്നവരാണ് - അവര്‍ ന്യൂനപക്ഷവിരോധികളാണ് - അവര്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്ക് - അതായത് ഞങ്ങള്‍ക്ക് - വോട്ടു ചെയ്യണം' എന്ന ഒരു വര്‍ഗ്ഗീയചിന്ത ചിലര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളതുകൊണ്ട് ആ പ്രസ്താവന കുറച്ചെങ്കിലും വോട്ടുകള്‍ ആകര്‍ഷിക്കുകയും ചെയ്യും.
നേരേ മറിച്ച് ഞങ്ങള്‍ക്ക് എന്‍.ഡി.എഫിന്റെയോ അല്ലെങ്കില്‍ പി.ഡി.പിയുടെയോ ജമാ അത്തെ ഇസ്ലാമിയുടേയോ ഐ. എന്‍. എല്‍.-ന്റെയോ ഒന്നും വോട്ടു വേണ്ട എന്ന് - ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെ പേരെടുത്തുപറഞ്ഞ് ഒന്നു പ്രസംഗിക്കാന്‍ പോയിട്ട് അല്‍പം ഉറക്കെപ്പറയാനെങ്കിലും ധൈര്യമുള്ള ഒരു നേതാവിനെ ഇടതോ വലതോ മുന്നണികളില്‍ നിന്ന് ഇന്നു കണ്ടെടുക്കാനാവുമെന്നു തോന്നുന്നില്ല. അത്തരമൊരു പ്രസ്താവന ഇരട്ടത്തലയുള്ള - തിരിഞ്ഞുകൊത്തുന്ന - ഒരു സര്‍പ്പമാണ്. 'ഈ മുന്നണി കൊള്ളാം - അവര്‍ ദാ തീവ്രവാദവിരുദ്ധ നിലപാടെടുക്കുന്നു' എന്നും പറഞ്ഞ് പുതിയതായി ഒരൊറ്റ വോട്ട് പോലും കിട്ടാന്‍ പോകുന്നില്ലെന്നുമാത്രമല്ല സാദ്ധ്യതയുള്ളത് നഷ്ടപ്പെടുകയും ചെയ്യും.
(വ്യത്യസ്തമായ പ്രവര്‍ത്തന പശ്ചാത്തലമുള്ള മേല്‍പ്പറഞ്ഞ സംഘടനകളെയെല്ലാം ഒരു ചരടില്‍ കോര്‍ത്തുകാണുന്നതില്‍ അനൗചിത്യമുണ്ട്. എന്നാലും, വേണമെങ്കില്‍ എതിര്‍ക്കപ്പെടാവുന്നതായ പല സംഗതികളും എതിര്‍ക്കപ്പെടാതിരിക്കുന്നു എന്ന പൊതുഗുണം അവയെ ഒന്നിപ്പിക്കുന്നു)
246 ഒക്കെപ്പോലെ വളരെക്കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുന്ന സാഹചര്യം കൂടിയാകുമ്പോള്‍ സ്വഭാവികമായും ആരും 'റിസ്ക്ക്' എടുക്കാന്‍ തയ്യാറാകില്ല. ഇരുതലനാഗത്തെ കൈകൊണ്ടു തൊടാതെ, ഇരുകാര്യം നേട്ടമുള്ള നെയ്യപ്പം തിന്നു രസിക്കും. സംഘപരിവാര്‍ വര്‍ഗ്ഗീയവും 'ഫ്രണ്ടു പരിവാര്‍' സ്വര്‍ഗ്ഗീയവുമായി പ്രഖ്യാപിക്കും. അതിന് ആരെയും തെറ്റുപറയാനാവില്ല.
സംഘത്തെ സംബന്ധിക്കുന്നതു മാത്രമല്ല - ഹിന്ദുക്കളെ പൊതുവായി സംബന്ധിച്ച ഒരല്‍പം വൈകാരികപ്രശ്നം അടങ്ങുന്ന വിഷയമാണെങ്കിലും ശരി - അവയൊക്കെ തമസ്ക്കരിക്കാനോ വേണമെങ്കില്‍ ഒരല്‍പം ആക്ഷേപിക്കാനോ ഒന്നും രാഷ്ട്രീയകക്ഷികള്‍ക്ക് പൊതുവേ വലിയ മടിയൊന്നുമുണ്ടാകില്ല. ഹിന്ദുക്കളുടെ വോട്ടുകള്‍ ജാതിക്കാര്‍ഡുകള്‍ ഉപയോഗിച്ചും പരമ്പരാഗത വോട്ടിംഗ് പാറ്റേണിന്റെ സാധ്യതകള്‍ ഉപയോഗിച്ചുമൊക്കെ ഉറപ്പാക്കിക്കഴിഞ്ഞിരിക്കും എന്നതുകൊണ്ട് അവ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നില്ല. മതപരമായ കാര്യങ്ങളില്‍ അതിവൈകാരികത കടന്നുവരാന്‍ വഴിയില്ലാത്തതുകൊണ്ട് അവരുടെ കാര്യത്തില്‍ അതീവശ്രദ്ധ ചെലുത്തേണ്ട കാര്യവുമില്ല. (ജാതിക്കാര്യത്തില്‍ പക്ഷേ അത്യതീവ ശ്രദ്ധ വേണം താനും!) അല്‍പം കൂടി 'സെന്‍സിറ്റീവ്' ആയ ഇതരസമുദായങ്ങളുടെ താല്‍പര്യങ്ങള്‍ പക്ഷേ കക്ഷികള്‍ വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും പരിപാലിക്കാറുണ്ട്.
ഇതൊക്കെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്. ഇതൊക്കെ തുറന്നു പറഞ്ഞുകൊണ്ട് മുമ്പോട്ടുവരാന്‍ എന്നേപ്പോലെ നിരവധിയാളുകള്‍ ഇന്നു തയ്യാറാകുന്നുണ്ട്. ആരും ശബ്ദിച്ചില്ലെങ്കിലും അവയൊക്കെ യാഥാര്‍ത്ഥ്യങ്ങളായി നിലകൊള്ളുക തന്നെ ചെയ്യും.
ഈയിടെ മലങ്കര ബിഷപ് കാലം ചെയ്തപ്പോള്‍ അവിടെ മതമുള്ളവരും മതത്തെ നിഷേധിക്കുന്നവരുമൊക്കെയായി രാഷ്ട്രീയ നേതാക്കന്മാരുടേയും സര്‍ക്കാര്‍ പ്രതിനിധികളുടേയും വന്‍ തിരക്കാണ് വാര്‍ത്തകളില്‍ കണ്ടത്. എന്നാല്‍ രണ്ടുമാസം മുമ്പ് സ്വാമി സത്യാനന്ദ സരസ്വതി സമാധിയായപ്പോള്‍ അവിടേക്ക് ഒരു നേതാവോ മന്ത്രിയോ പോയിട്ട് ഒരു ലാസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ ജീവനക്കാരന്‍ പോലും തിരിഞ്ഞു നോക്കിയില്ല.
ഇതിനെ തരംതാണ ഒരു വര്‍ഗ്ഗീയ താരതമ്യമായി കാണരുത്. ബിഷപ്പിന്റെ അന്ത്യകര്‍മ്മങ്ങളില്‍ രാഷ്ട്രീയക്കാര്‍ പങ്കെടുത്തതില്‍ യാതൊരു തെറ്റുമില്ല. ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് സ്ഥലത്തുണ്ടായിരുന്ന സമയമായിരുന്നു - അദ്ദേഹവും അവിടെപ്പോയിരുന്നു. അതൊക്കെ രാഷ്ട്രീയമര്യാദകളും ഉത്തരവാദിത്തങ്ങളുമാണ്. 'അയ്യോ സ്വാമിയുടെ അടുത്തു പോയില്ലല്ലോ' എന്ന പരിഭവവുമല്ല. പറഞ്ഞുവരുന്നത് ഇവിടെ ഒളിഞ്ഞിരിക്കുന്ന അപകടകരവും അംഗീകരിക്കാനാവാത്തതുമായ ഒരു മനോഭാവത്തേക്കുറിച്ചാണ്. ഹിന്ദുവിനെത്തൊട്ടാല്‍ അതു വര്‍ഗ്ഗീയവും മറ്റുള്ളതെല്ലം മതേതരവും എന്ന മനോഭാവമാണത്. അതേ മനോഭാവം കൊണ്ടുതന്നെയാണ് ഹിന്ദുമത സംബന്ധിയായ ഏതെങ്കിലുമൊരു പരിപാടിയ്ക്കായി പൊതുവേദിയിലിരിക്കാന്‍ രാഷ്ട്രീയക്കാര്‍ ഭയക്കുന്നതും മറ്റുള്ളവരുടെ കാര്യത്തില്‍ മത്സരിച്ചോടുന്നതും. ഈയൊരു ഇരട്ടത്താപ്പ് വര്‍ഗ്ഗീയതാവിരുദ്ധനിലപാടുകളിലും അറിഞ്ഞോ അറിയാതെയോ കടന്നു വരുന്നുണ്ട്. ഇപ്പോള്‍ അതിശക്തമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും അതൊക്കെയാണ്.
പാറ്റൂര്‍ എന്നൊരു സ്ഥലത്തെ പള്ളിയില്‍ ഗോവന്‍ ക്രൈസ്തവനായ ഒരു മോഷ്ടാവു കടന്നുകയറി ഭിത്തിയില്‍ ചില ഹൈന്ദവചിഹ്നങ്ങള്‍ വരച്ചിട്ട് കടന്നുകളഞ്ഞതിന്റെ പിറ്റേന്ന് 'ഹിന്ദുത്വ ഫാസിസത്തിനെതിരെ' എത്ര പ്രകടനങ്ങളാണ് കേരളം കണ്ടത്? മാറാട് എട്ടു ഹിന്ദുക്കള്‍ കൊല്ലപ്പെട്ടതിന്റെ ശേഷം മാസങ്ങള്‍ പലതു വേണ്ടിവന്നു ഒരു പ്രകടനം കാണാനും മുദ്രാവാക്യം വിളി കേള്‍ക്കാനും. അപ്പോഴും മുദ്രാവാക്യം മുഴങ്ങിയത് കൊലയാളികള്‍ക്കെതിരെ ആയിരുന്നില്ല - മാറാട് 'മറിയംബിയുടെ പുനരധിവാസം താമസിക്കുന്നതിനെതിരെ' ആയിരുന്നു!
(മാറാടിനേക്കുറിച്ചു പറയുമ്പോള്‍, പലരും ആവേശം കൊള്ളാനിടയുണ്ട്. അതെന്താ പുനരധിവാസം ഒരു ബാദ്ധ്യതയല്ലേ - ഒന്നാമതു കലാപമുണ്ടായി - ഇരുപക്ഷത്തുനിന്നുമായി അഞ്ചുപേര്‍ - രണ്ടാമതാണ് ആസൂത്രിത കൂട്ടക്കൊല നടന്നത്. എട്ടു ഹിന്ദുക്കള്‍ - ഒന്നു കാരണം രണ്ടുണ്ടായി - ഒറ്റക്കണ്ണുകൊണ്ടു കാണരുത് - ഏകപക്ഷീയമായ വീക്ഷണം - തുടങ്ങിയ വാദങ്ങളുമായി വന്നേക്കാവുന്ന അത്തരക്കാര്‍ക്കു ഞാന്‍ മറുപടി തരില്ലെന്നു മുന്‍കൂറായി പറയുകയാണ്. ഇവിടെയും കലാപങ്ങളേക്കുറിച്ചുള്ള താരതമ്യപഠനമല്ല നാം നടത്തുന്നത്. മതേതരമേനിനടിക്കുന്ന കൂസിസ്റ്റു രാഷ്ട്രീയക്കാര്‍ ഈ സംഭവങ്ങളോടൊക്കെ പ്രതികരിച്ചതിലെ കാപട്യങ്ങളാണ് ഇവിടുത്തെ വിഷയം.)
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നില്‍, ഇടതുമുന്നണിയുടേതായി വന്ന ഒരു പോസ്റ്ററിന്റെ അടിക്കുറിപ്പ് "മാറാട് - വര്‍ഗ്ഗീയതയുടെ ബാക്കി പത്രം" എന്നായിരുന്നു. കൊടുത്തിരിക്കുന്ന ചിത്രമാകട്ടെ വിഷമിച്ചിരിക്കുന്ന രണ്ടു മുസ്ലിം സ്ത്രീകളുടേയും!!!??! ഏതൊരു പാര്‍ട്ടിയാണെങ്കിലും ശരി, കൂട്ടക്കൊലയില്‍ മകനെ നഷ്ടപ്പെട്ട ഒരു ഹിന്ദു സ്ത്രീയുടെ ചിത്രം വച്ച് അതേ അടിക്കുറിപ്പില്‍ ഒരു പോസ്റ്റര്‍ അടിച്ചിറക്കിയാല്‍ അത് എത്രമാത്രം നികൃഷ്ടമായ വര്‍ഗീയപ്രവൃത്തിയായി ചിത്രീകരിക്കപ്പെടുമായിരുന്നു എന്നോര്‍ക്കുക.
പോലീസിന്റെ വെടിയേറ്റു മരിച്ച തീവ്രവാദികളെ പിന്തുണച്ച് 'പുരോഗമനകവിത'യെഴുതിയ വിജയലക്ഷ്മി മാറാടിനെ സംബന്ധിച്ചും ഒരു കവിതയെഴുതിയിട്ടുണ്ടെന്നു കേള്‍ക്കുമ്പോള്‍ ആരായാലും അതേക്കുറിച്ചന്വേഷിച്ചുപോകും. 'ഒറ്റമണല്‍ത്തരി' എന്ന കവിത ഇത്തവണ പക്ഷേ കൊല്ലപ്പെട്ടവരേക്കുറിച്ചല്ലത്രേ പറയുന്നത്. കൂട്ടക്കൊലയേത്തുടര്‍ന്ന് വീടുവിട്ടുപോയവരേക്കുറിച്ചാണ്!
മണിപ്പൂരില്‍, ഇസ്ക്കോണ്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കൃഷ്ണാഷ്ടമി വേളയില്‍ ബോംബുസ്ഫോടനമുണ്ടായി ഒരു ഗര്‍ഭസ്ഥശിശുവിനു പരിക്കേല്‍ക്കുകയുണ്ടായി. ഒരാഴ്ചയ്ക്കുള്ളില്‍, പരിക്കുകളോടെ തന്നെ ആ കുഞ്ഞിനെ പ്രസവിച്ചു. തലമുറകള്‍ക്കു മുമ്പേ കിട്ടിയ മുറിവുകളും പേറി, ജനിക്കുമ്പോള്‍ത്തന്നെ വേദനകളുമായി വരുന്ന - ഒരു സമകാലീന ഹിന്ദുവിനെ ശരിക്കും പ്രതിനിധാനം ചെയ്യുന്ന ആ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സച്ചിദാനന്ദനോ മറ്റു പുരോഗമനവാദികള്‍ക്കോ ഒരു വരി കവിതപോലും വന്നില്ല. അതിന് ലോകകപ്പ് ഫൈനല്‍ വരെ കാത്തിരിക്കേണ്ടിവന്നു. മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ട്` സിദാന്‍ ചുവപ്പുകാര്‍ഡു കണ്ടു പുറത്തായപ്പോള്‍ ഉടന്‍ വന്നു കവിത - വരികള്‍ വ്യക്തമായി ഓര്‍മ്മയില്ല. "നമസിനു മാത്രം കുനിഞ്ഞിരുന്ന തലയാണ് - ഇംഗ്ലണ്ടിലോ വേറെയെങ്ങാണ്ടൊക്കെയോ എന്തിന് ഗുജറാത്തില്‍ പോലും പരീക്ഷിക്കപ്പെട്ട വംശീയത അമര്‍ഷമായി കുനിഞ്ഞിറങ്ങി"യെന്നോ മറ്റോ ആയിരുന്നു അത്!
('ഗര്‍ഭസ്ഥശിശുവിനു പരിക്കേറ്റതല്ലേയുള്ളൂ അപ്പോള്‍ ശൂലം കൊണ്ടു കുത്തിയ ഗര്‍ഭസ്ഥശിശുവോ' എന്നു കയര്‍ത്തുകൊണ്ടു വരുന്നവര്‍ക്കു മുന്‍പിലേക്ക് സച്ചിദാനന്ദന്റെ "സാക്ഷ്യങ്ങള്‍" എന്ന കവിതാസമാഹാരത്തിന്റെ ഒരു ആയിരം പ്രതികളെങ്കിലും ചൊരിഞ്ഞിട്ടു കൊടുത്ത് വായിക്കാന്‍ പറയും ഞാന്‍. ഇടയ്ക്കിടയ്ക്ക് അതിന്റെ മുഖചിത്രത്തിലേക്കു സൂക്ഷിച്ചുനോക്കാനും പറയും. എന്നിട്ട് ഓര്‍മ്മിപ്പിക്കും - പ്രതികരണങ്ങളിലെ വൈരുദ്ധ്യമാണ് നമ്മുടെ വിഷയം - മറക്കരുത് എന്ന്. ചില മറുചോദ്യങ്ങളുള്ളത് ഗുജറാത്തിനേക്കുറിച്ചു മാത്രമായുള്ള പോസ്റ്റിനായി നീക്കി വയ്ക്കുകയും ചെയ്യും.)
ഇന്ന് ഈ കാപട്യങ്ങളൊക്കെ കാണുകയും തിരിച്ചറിയുകയുമൊക്കെ ചെയ്യുന്നത് ഇവിടുത്തെ 'സംഘപരിവാര്‍ ഹിന്ദുക്കള്‍' മാത്രമാണെന്നു ആരെങ്കിലും കരുതുന്നെങ്കില്‍ തെറ്റി. ചിന്താശേഷിയുള്ള 'കമ്യൂണിസ്റ്റു ഹിന്ദു'ക്കളും 'കോണ്‍ഗ്രസ് ഹിന്ദു'ക്കളും 'വെറും ഹിന്ദു'ക്കളുമൊക്കെ കാപട്യങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിന്റെയൊക്കെ ചലനങ്ങള്‍ സമൂഹത്തില്‍ കാണപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്. എന്റെ പോസ്റ്റുകള്‍ പോലും ആ ചലനങ്ങളിലൊന്നാണ്. അതൊക്കെ തിരിച്ചറിഞ്ഞു തന്നെയാവണം ഇപ്പോള്‍ 'പാര്‍ട്ടി സെക്രട്ടറിമാര്‍' മുസ്ലിം തീവ്രവാദത്തിനെതിരെ നാവനക്കാനെങ്കിലും തുടങ്ങിയത്.
ഇനി തെറ്റുകളാവര്‍ത്തിക്കാതിരിക്കാന്‍ ഒരു പക്ഷേ അവര്‍ക്കു കഴിഞ്ഞേക്കുമെങ്കിലും, ചെയ്തുപോയ തെറ്റുകള്‍ക്കു പിഴയടക്കേണ്ടിത്തന്നെ വരും. മൊത്തത്തിലുള്ള ഒരു ഹിന്ദു നവോത്ഥാന തരംഗത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു ദശകമായി ഉയര്‍ന്നു വന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വികാസപരിണാമങ്ങള്‍ കണ്ടു ഭയന്ന രാഷ്ട്രീയക്കാര്‍, അതിനെ ചെറുക്കാനായുള്ള പ്രതിക്രിയാത്മകമായ പ്രവൃത്തികള്‍ വഴി സൃഷ്ടിച്ച നിഷേധാത്മക രാഷ്ട്രീയമാണ് സത്യത്തില്‍ ഈ പല അവസ്ഥകളുടെയും പിന്നില്‍. ഹിന്ദുത്വരാഷ്ട്രീയം എന്തുകൊണ്ടു വളര്‍ന്നോ അവയ്ക്ക് ആക്കം കൂട്ടുക എന്ന വമ്പന്‍ പിഴവാണ് പ്രത്യയശാസ്ത്രപ്രയോഗത്തില്‍ അവര്‍ക്കു സംഭവിച്ചത്. പലകോടി വരുന്ന അഗണ്യജനതയുടെ ആശങ്കകളും പരാതികളും പരിഭവങ്ങളും രാഷ്ട്രജീവിതത്തേക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളുമല്ല നേരേ മറിച്ച് ന്യൂനപക്ഷ വിരോധമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാതല്‍ എന്ന പഴയ ചിന്ത തന്നെ തുടര്‍ന്നും വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്ന പിഴവു തുടരുകകൂടി ചെയ്യുന്നിടത്തോളം കാലം ഈയൊരവസ്ഥയ്ക്കു മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. ഇടതു വലതു വേര്‍തിരിവുകള്‍ അലിഞ്ഞില്ലാതെയാകുകയും ഹിന്ദുത്വ അനുകൂലമെന്നും വിരുദ്ധമെന്നും രണ്ടുചേരിയായി ഇന്ത്യന്‍ രാഷ്ട്രീയം ധൃവീകരിക്കപ്പെട്ടു നില്‍ക്കുകയും ചെയ്യുന്ന ഈ വേളയില്‍ എത്രകാലം ഈ പിഴവുകളൊക്കെ തിരുത്തപ്പെടാതെ കിടക്കും എന്നത് രാഷ്ട്രീയനിരീക്ഷകരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്.
രണ്ട്
------
എന്റെ പോസ്റ്റ് വായനക്കാരുടെ മനസ്സാക്ഷിയ്ക്കു മുമ്പിലേക്കു ഇട്ടുകൊടുക്കുന്ന മറ്റൊരു സുപ്രധാന ചോദ്യം ഇതാണ്.
"സംഘപരിവാര്‍ പ്രവര്‍ത്തകരോടും അവരുടെ ആദര്‍ശങ്ങളോടും നമ്മളില്‍ ചിലര്‍ക്കു മമതയില്ലെങ്കില്‍ ശരി - പക്ഷേ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സത്യങ്ങളെ നാം എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത്?"
സംഘപരിവാര്‍ ഉന്നയിക്കുന്ന ചില പ്രശ്നങ്ങള്‍ - അതെന്തുമാകട്ടെ, അവയെല്ലാം - പ്രത്യേകിച്ചും രാജ്യസുരക്ഷയേ സംബന്ധിച്ചും മറ്റുമുള്ളത് - ഒന്നൊഴിയാതെ എല്ലാം തികഞ്ഞ നുണയാണെന്നാണോ നാം ധരിക്കേണ്ടത്? അതെല്ലാം നാം 'വിദ്വേഷ പ്രചാരണം' എന്ന വിഭാഗത്തിലൊതുക്കി അവജ്ഞയോടെ തള്ളിക്കളയുകയാണോ വേണ്ടത്?
നമ്മളൊരിക്കല്‍ രാവിലെ വീട്ടുമുറ്റത്തു നിന്നു പല്ലു തേക്കുമ്പോള്‍, നമുക്കൊപ്പം താമസിക്കുന്നയാളെങ്കിലും നമുക്കു വളരെ വിരോധമുള്ളതും നമ്മളോടു വിരോധമുണ്ടെന്നു നാം സംശയിക്കുന്നതുമായ ഒരാള്‍ വന്ന്, നമ്മുടെ പിറകിലേക്കു ചൂണ്ടി 'ദേ നമ്മുടെ പുരയ്ക്കു തീ പിടിച്ചിരിക്കുന്നു' എന്നു പറയുന്നു എന്നു കരുതുക. നാമതിനെ എങ്ങനെ കാണണം? കത്തുകയില്ലെന്ന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നു കരുതുക. എന്നാല്‍ത്തന്നെ, ഒന്നു തിരിഞ്ഞുനോക്കുന്നതില്‍ തെറ്റുണ്ടോ? അയാള്‍ പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടാവുമോ എന്നു പരിശോധിക്കുന്നതില്‍ തെറ്റുണ്ടോ?
തിരിഞ്ഞുനോക്കുന്നതില്‍ തെറ്റില്ല എന്നാണെന്റെ വിശ്വാസം. അത് സത്യമാണെന്നു ബോദ്ധ്യപ്പെട്ടാല്‍ (എങ്കില്‍ മാത്രം) അക്കാര്യം തുറന്നംഗീകരിക്കുന്നതിലും തെറ്റില്ല. സത്യമായേക്കാം എന്നറിയാമെങ്കില്‍ പോലും തിരിഞ്ഞുനോക്കാതെ ബലം പിടിച്ചു നിന്നുകൊണ്ട്, അതു ചൂണ്ടിക്കാണിച്ചു തരുന്നയാളെ കല്ലെടുത്തെറിയാനാണു നാം ശ്രമിക്കുന്നതെങ്കില്‍, ഞാന്‍ പറയും - പുറകിലുള്ളത് നമ്മുടെ വീടല്ല എന്ന്. നമ്മുടെ വീടാണെങ്കിലേ നമുക്കു നോവൂ. കത്തുന്നു എന്നറിയുമ്പോള്‍ ചങ്കുരുകുകയുള്ളൂ. അതല്ലായെങ്കില്‍, ഏതെങ്കിലും തരത്തിലുള്ള മാനസിക അടിമത്തമോ, യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ചുള്ള അജ്ഞതയോ അല്ലെങ്കില്‍ രണ്ടുമോ നല്‍കുന്ന അപകടകരമായ അന്ധത നമ്മുടെ കണ്ണുകളെ മൂടിയിട്ടുണ്ടാവണം. ഇതിലേതെങ്കിലുമൊന്ന് ഇല്ലായെങ്കില്‍ 'തീയുണ്ട്' എന്ന് ആരു പറഞ്ഞാലും നമുക്കു തിരിഞ്ഞു നോക്കാതിരിക്കാനാവില്ല.
മൂന്ന്
------
നേരിട്ടു വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും, ചില വാചകങ്ങളിലൂടെ അറിയാതെ പുറത്തുവരുന്ന മറ്റൊരു പ്രതിഷേധവും ഈ പോസ്റ്റു മുന്‍പോട്ടു വയ്ക്കുന്നുണ്ട്. സാംസ്കാരിക ചിഹ്നങ്ങളായി മാത്രം മനസ്സിലിടം കൊടുത്തിട്ടുള്ള പലതിനേയും ആരൊക്കെയോ ചേര്‍ന്ന് മത പരിവേഷം ചാര്‍ത്തി മാറ്റി നിര്‍ത്തുന്നതു കാണുമ്പോള്‍, ഇതെല്ലാം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ശരാശരി ഹിന്ദുവിന്റെ മനസ്സ് വേദനിക്കുന്നുണ്ട്. ഇതൊരല്‍പം സങ്കീര്‍ണ്ണമായ വിഷയമാണ്. സത്യത്തില്‍ വന്ദേമാതരസംബന്ധിയായി ഉണ്ടാകാറുള്ള അനാവശ്യവിവാദങ്ങള്‍ക്കു പിറകിലും ഈയൊരു പ്രശ്നമാണുള്ളത്. ഒരു പോസ്റ്റല്ല - പുസ്തകം തന്നെ എഴുതാനുള്ള വകുപ്പുണ്ട്. വിസ്താരഭയം മൂലം നിര്‍ത്തുന്നു.
ഓണത്തേപ്പോലും വര്‍ഗ്ഗീയവല്‍ക്കരിച്ചു കൊണ്ടുള്ള കെ.ഇ.എന്‍-ന്റെ രചനകളും പി. കുഞ്ഞിരാമന്‍ നായര്‍ സവര്‍ണ്ണകവിയാണെന്ന മട്ടിലുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ലേഖനങ്ങളും എല്ലാം ആരെയും വേദനിപ്പിക്കാതെയല്ല കടന്നുപോകുന്നത് എന്നു മാത്രം പറഞ്ഞുവയ്ക്കുന്നു.
പൊതുവില്‍ ചിലത്
-----------------
എന്റെപോസ്റ്റില്‍ ഞാനെഴുതിയ ഏതെങ്കിലുമൊരു വാചകം നുണയാണെന്നു ഞാന്‍ കരുതുന്നില്ല. സത്യം എഴുതുമ്പോള്‍, എല്ലായ്പോഴും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നു വരില്ല. ഇവിടെ നാം കാണുന്നതെല്ലാം കാണാപ്പുറക്കാഴ്ചകളാണ്. എല്ലാവരേയും സന്തോഷിപ്പിക്കുന്നതോ അല്ലെങ്കില്‍ പ്രതികരിക്കാന്‍ പൊതുവെ മടി കാണിക്കുന്ന വിഭാഗത്തെ മാത്രം ദു:ഖിപ്പിക്കുന്നതോ (സംശയം ശരി തന്നെ - ഹിന്ദുക്കള്‍ എന്നു തന്നെയാണ് ഉദ്ദേശിച്ചത്) ആയ കാര്യങ്ങളായിരുന്നെങ്കില്‍, ഇവയെല്ലാം നമ്മുടെ "മുഖ്യധാരാ(?!) മാദ്ധ്യമങ്ങ"ളില്‍ പണ്ടേ പ്രത്യക്ഷപ്പെട്ടേനെ.
സത്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ആര്‍ക്കെങ്കിലും അവ ആക്ഷേപകരമായി അനുഭവപ്പെടുന്നുവെങ്കില്‍, അവയെ 'തനിക്ക് ആക്ഷേപകരമായ ചില സത്യങ്ങള്‍' എന്ന നിലയില്‍ കണ്ടാല്‍ മതി. പ്രതിഷേധിക്കുന്നതിലും തെറ്റില്ല. പക്ഷേ അത് ആ സത്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നിടത്തു മാത്രം ഒതുക്കിയതുകൊണ്ടു കാര്യമില്ല. അങ്ങനെയായാല്‍ ചര്‍ച്ചകള്‍ അവസാനിക്കുകയുമില്ല പുതിയവ മുളപൊട്ടുകയും ചെയ്യും. ആ സത്യങ്ങള്‍ ഇവിടെ നിലനില്‍ക്കാന്‍ ഇടയാക്കുന്ന കപട മതേതരവാദികളായ രാഷ്ട്രീയക്കാരും കൂസിസ്റ്റുകളുമുണ്ടല്ലോ. അവരോടും പ്രതിഷേധിക്കുക. അവര്‍ നിലപാടു മാറ്റിയാല്‍, സത്യങ്ങള്‍ ഇല്ലാതാകുന്നു - സ്വാഭാവികമായും ചര്‍ച്ചകളും.
എനിക്കു സത്യമാണെന്നുതോന്നുന്ന ഒരു കാര്യം, അത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ ആരെങ്കിലും മുമ്പു പറഞ്ഞിട്ടുണ്ടോ എന്നു നോക്കിയിട്ട്, 'ഉണ്ടെങ്കില്‍ മിണ്ടാതിരിക്കാം - എന്റെ പുരോഗമന - മതേതര പരിവേഷം നഷ്ടപ്പെടാതിരിക്കട്ടെ' എന്നു വിചാരിക്കാനുള്ള അത്രയും നട്ടെല്ലില്ലായ്മയോ 'സംഘപരിവാര്‍വിരുദ്ധത'യോ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായിട്ടെങ്കിലും എനിക്കില്ല എന്നു മാത്രം തല്‍ക്കാലം പറഞ്ഞുവയ്ക്കട്ടെ - അഭിമാനപൂര്‍വ്വം.
-------------------------------
വരരുചിയുടെ അഭിപ്രായം താഴെ
-------------------------------
തുപ്പുന്നത് കാളകൂടവിഷമാണെങ്കിലും ഒന്നാറ്റിക്കുറുക്കി തുപ്പിക്കൂടേ! എഴുതിവിടുന്നതെല്ലാം കൂടെയിരുന്നു വായിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ളതു കൊണ്ട് പറയ്യാണ്. ആവശ്യവില്ലാത്ത വിശദീകരണമൊക്കെ ഒഴിവാക്കിയാല്‍ നന്നായിരിക്കും എന്റെ ഹൈന്ദവ ഫാസിസ്റ്റേ....
---------------------------------
അതിന് എന്റെ തുടര്‍മറുപടി താഴെ.
---------------------------------
വരരുചീ,
.....
പലരുടേയും കള്ളത്തരങ്ങള്‍ വെളിവാക്കുകയും അപ്രിയസത്യങ്ങള്‍ വിളിച്ചു പറയുകയുമൊക്കെ ചെയ്യുമ്പോള്‍ അത് ചിലര്‍ക്കെങ്കിലും “ആവശ്യമില്ലാത്തതായി” തോന്നുമെന്നതില്‍ എനിക്ക് അതിശയമില്ല. വായിക്കാന്‍ ബുദ്ധിമുട്ടു തോന്നും. വിമര്‍ശനങ്ങള്‍ വിഷം പോലെ അനുഭവപ്പെടുകയും ചെയ്യും. ’
സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമായിരിക്കും. കണ്ടിട്ടുപേടിയാകുന്നെങ്കില്‍ കണ്ണങ്ങു ഇറുക്കിയടച്ചേക്കുക’ എന്ന് ഉപദേശിക്കാനേ തല്‍ക്കാലം കഴിയുന്നുള്ളൂ. സത്യങ്ങള്‍ തുറന്നു കാണിക്കുന്നവരെ ഭര്‍ത്സിക്കുന്നതുകൊണ്ട് അവ അപ്രത്യക്ഷമാവാന്‍ പോകുന്നില്ല. അവ സൃഷ്ടിക്കുന്നവരെ തിരുത്താന്‍ കഴിയുമോ എന്നാണ് അന്വേഷിക്കേണ്ടത്.
പിന്നെ, മറ്റുള്ളവരുടെ വികാരങ്ങള്‍ കൂടി മനസ്സിലാക്കാനുള്ള ഒരു മാനസികാവസ്ഥയുമായല്ല നമ്മളൊരു പൊതു ചര്‍ച്ചയ്ക്കു പോകുന്നതെങ്കില്‍ വലിയ അപകടമുണ്ട്. അസഹിഷ്ണുതചിലപ്പോള്‍ അപക്വമായ ചില അഭിപ്രായപ്രകടനങ്ങളുടെ രൂപത്തില്‍ പുറത്തു വന്ന് സ്വന്തം നിലവാരം അല്പം കൂടി ഇടിച്ചു താഴ്ത്തപ്പെടുന്നതിനിടയാക്കും.
പിന്നെ - ഹൈന്ദവഫാസിസ്റ്റ് എന്ന വിളി ഉണര്‍ത്തിയ ചിരി ഇതു വരെ അടങ്ങിയിട്ടില്ല. ഈ ബ്ലോഗ് തുടങ്ങിയ കാലവും അതിനിടയാക്കിയ സംഭവങ്ങളുമൊക്കെ പെട്ടെന്നു മനസ്സിലേക്കു വന്നു. തുടര്‍ന്നുമെഴുതാന്‍ പ്രേരണ നല്‍കുന്നതിനു നന്ദി. ’താങ്കളേപ്പോലെയുള്ളവര്‍ കൂടുതല്‍ കൂടുതല്‍ നകുലന്മാരെ മാനസിക അടിമത്തങ്ങളില്‍ നിന്നും നട്ടെല്ലില്ലായ്മയില്‍ നിന്നുമെല്ലാം ഉണര്‍ത്തിവിട്ടുകൊണ്ടേയിരിക്കും. ഇനിയുമിനിയും.’
Wednesday, February 21, 2007
Subscribe to:
Posts (Atom)