കഴിഞ്ഞയിടെ വിചാരം എന്നോടു ചോദിച്ചിരുന്നു - "താങ്കള്‍ക്കു നെഞ്ചത്തു കൈവച്ചു പറയാനാവുമോ - ട്രെയിന്‍ കത്തിച്ചതു മോഡിയല്ലെന്ന്?" എന്ന്.
വളരെ ഉറച്ച വിശ്വാസമാണ് അദ്ദേഹത്തിന്റേത്. ഇത്തരം സമീപനമുള്ള ധാരാളം പേരെ കണ്ടുമുട്ടിയിട്ടുള്ള അനുഭവങ്ങളില്‍ നിന്നാണ് കഴിഞ്ഞ പോസ്റ്റിലെ ചില വരികള്‍ ഉണ്ടായത്. അവിട വന്ന ചില കമന്റുകളിലും ഏതാണ്ട് ഇതേ നിരീക്ഷണം കാണാനിടയായി.
മോഡി മനപൂര്‍വ്വം ചെയ്യിച്ചതാണതെന്ന് ഉറച്ചുവിശ്വസിക്കാന്‍ ബുദ്ധിമുട്ടില്ലാത്തവര്‍ ഉണ്ടാവാം. പക്ഷേ അങ്ങനെയല്ലാത്തവരുമുണ്ട് ഇവിടെ. ആസൂത്രണവാദത്തില് അവിശ്വസനീയതയുണ്ട് എന്നു കരുതുന്നത് ഒരു പാതകമായി ഞാന്‍ കണക്കാക്കുന്നില്ല. അതേക്കുറിച്ചൊക്കെ മിണ്ടാതിരിക്കുന്നത് മതനിരപേക്ഷതയുടെയും, സംസാരിക്കുന്നത് വര്‍ഗ്ഗീയതയുടെയും ലക്ഷണമാണെന്നും.
ചില ചോദ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് ചുരുക്കി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. ‘യെസ്/നോ‘ ചോദ്യങ്ങളുടെ രൂപത്തില്‍. ഗോധ്ര തീവയ്പ് മോഡിയുടെ പദ്ധതിയായിരുന്നു എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചവര്‍ - ആ വാദത്തെ യുക്തിപൂര്‍വ്വവും മര്യാദാപൂര്‍വ്വവും ചോദ്യം ചെയ്തപ്പോള്‍ മറ്റു പലതും പറഞ്ഞ് ഒഴിഞ്ഞുമാറിയവര്‍ - ഇവര്‍ക്കൊക്കെ ഈ ലളിതമായ ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം പറയാനാവുമോ എന്ന് നോക്കാവുന്നതാണ്.
(1) ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിനു തീ വച്ച് അറുപതോളം പേരെ ചുട്ടു കരിച്ചത് ഒരു കലാപം സൃഷ്ടിക്കാനായി മോഡി അയച്ച ചില ആളുകള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് - കലാപ സൃഷ്ടിക്കായി അവര്‍ ചാവേറുകളായി സ്വയം വെന്തു മരിച്ചെന്ന് - അല്ലെങ്കില്‍, അകത്തു നിന്നു തീ വച്ച ശേഷം അതിമാനുഷികമായി രക്ഷപെട്ടുവെന്ന് - അസന്നിഗ്ദ്ധമായി - നൂറില്‍ നൂറു ശതമാനം നിങ്ങള്‍ വിശ്വസിക്കുന്നുവോ? സംശയലേശമില്ലാതെ?
- (എ) ഉവ്വ്. തീര്‍ച്ചയായും
- (ബി) ഇല്ല. ചിലപ്പോള്‍ മറ്റാരെങ്കിലും ചെയ്തതാവാനും മതി
(2) ഇനിപ്പറയുന്ന ഒരു നിരീക്ഷണം പേറുന്നവരുണ്ട്.
"ആദ്യം പറഞ്ഞ ആരോപണം സത്യമാവാം. പക്ഷേ അത് കണ്ണുമടച്ച് വിശ്വസിക്കേണ്ടതില്ല. മൗലാന ഉമര്‍ജി തുടങ്ങി പോലീസ് പിടിയിലായവര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇതില്‍ പങ്കുണ്ടായിരിക്കാനുള്ള സാദ്ധ്യത നൂറു ശതമാനം തള്ളിക്കളയേണ്ടതില്ല"
ഇങ്ങനെ ചിന്തിക്കുന്നവരെല്ലാം - അതായത് മോഡിയുടെ ആസൂത്രണം എന്നത് കണ്ണുമടച്ചു വിശ്വസിക്കാന്‍ തയ്യാറാകാത്തവര്‍- അവരെല്ലാം 'ഫാസിസ്റ്റു'കളും 'മോഡിപ്രേമി'കളും 'ഉന്മൂലനവാദി'കളുമൊക്കെ ആണോ?
- (എ) അതെ.
- (ബി) അല്ല. ഏതൊരു നിഷ്പക്ഷമതിക്കും തോന്നാവുന്ന ചിന്തകളാണ് അവ.
(3) കലാപത്തില്‍ ദു:ഖവും അമര്‍ഷവും രോഷവുമുണ്ടെങ്കിലും ശരി, തീവയ്പിനു പിന്നില്‍ ഏതെങ്കിലും ചില മുസ്ലീങ്ങള്‍ പ്രവര്ത്തിച്ചിട്ടുണ്ടാവാമെന്നു സമ്മതിക്കുകയും അങ്ങനെയാണെങ്കില്‍ത്തന്നെ അതിനു മറ്റുള്ളവരെന്തു പിഴച്ചു എന്നു ചോദിക്കുകയും ചെയ്യുന്ന അനേകം മുസ്ലീങ്ങളുണ്ട്. കാരണം എന്തായിരുന്നാലും ശരി - കലാപം ന്യായീകരിക്കപ്പെട്ടുകൂടാ എന്ന എന്റെ അതേ നിരീക്ഷണം പേറുന്നവരാണവര്‍. എന്നാല്‍ - അതു മാത്രം പോരാ - തീവയ്പ് അടക്കം സകലപ്രശ്നങ്ങളും മോഡിയുടെ സൃഷ്ടിയാണെന്നു കൂടി സമ്മതിച്ചു തന്നേ പറ്റൂ എന്ന് പിടിവാശി കാണിക്കുന്നത് കൂടുതലും രാഷ്ട്രീയ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ചിന്തകരാണ്.
- (എ) ശരിയാണ്. ഇടതുപക്ഷത്തല്ലാതെ നില്ക്കുന്ന കടുത്ത മോഡിവിരുദ്ധര്‍ പോലും ഇതു സമ്മതിക്കുന്നുണ്ട്. ഇത്തരം കടുംപിടുത്തങ്ങള്‍ കാരണം മോഡീപ്രതിരോധം വേണ്ടത്ര ഫലപ്രദമാകാതെ പോകുന്നതില്‍ അവര്‍ക്ക് അമര്‍ഷവുമുണ്ട്.
- (ബി) തെറ്റ്. മോഡിയുടെ ആരാധകര്‍ അല്ലാത്ത സകലരും - സകല മുസ്ലീങ്ങളും അടക്കം, ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ അതേ ചിന്ത പേറുന്നു.
(4) ഞാന്‍ മുന്‍പോസ്റ്റില്‍ സൂചിപ്പിച്ചതു പോലെ, ന്യായീകരണവാദം അങ്ങേയറ്റം അപകടകരമാണ്. അകത്തു നിന്നോ പുറത്തുനിന്നോ - തീ എവിടെ നിന്നു പകര്‍ന്നാലും ശരി - അതിനു പിന്നില്‍ ആരു പ്രവര്‍ത്തിച്ചാലും ശരി - കലാപം ന്യായീകരിക്കപ്പെടില്ല എന്നൊരു നിലപാടിലെത്തിച്ചേരാന്‍ എല്ലാവര്ക്കും കഴിഞ്ഞാല്‍പ്പിന്നെ ആര്‍ക്കും കലാപങ്ങള്‍ "സൃഷ്ടിക്കാന്‍" കഴിയാതെ വരും. 'തീവയ്പു നടത്തിയത് മുസ്ലീങ്ങളായേക്കാം' എന്ന് ഒരു സന്ദേഹത്തിന്റെ രൂപത്തിലെങ്കിലും സമ്മതിച്ചുകൊടുക്കേണ്ടി വന്നാല്‍പ്പിന്നെ ‘അതില്‍ പ്രകോപിതരായ ഹിന്ദുക്കളുടെ പ്രവൃത്തികള്‍‘ എന്ന വാദത്തെ തങ്ങള്‍ക്കു പുര്‍ണ്ണമായി തള്ളിപ്പറയാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ചിലരുടെ ആത്മവിശ്വാസമില്ലായ്മയില്‍ നിന്നു കൂടിയാണ് 'തീവയ്പിലും മോഡിയുടെ ആസൂത്രണമുണ്ട്' എന്ന ആരോപണം ജനിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, തീവയ്പിലും മോഡിക്കു പങ്കുണ്ടെന്നു വീറോടെ വാദിക്കുന്ന തീവ്ര ഇടതുപക്ഷ ചിന്തകര്‍, ഉള്ളിന്റെയുള്ളില്‍, അറിയാതെ കലാപത്തെ ന്യായീകരിച്ചു പോകുകയാണ്. അല്ലെങ്കില്‍, തീവയ്പില്‍ ഏതെങ്കിലും മുസ്ലീങ്ങള്‍ക്കു പങ്കുണ്ടാവാം എന്നെങ്കിലും സമ്മതിക്കാന്‍ അവരിത്ര ഭയക്കേണ്ട ആവശ്യമില്ല.
സ്വയമറിയാതെ കലാപത്തെ ന്യായീകരിക്കുകയാണ് ചില കമ്മ്യൂണിസ്റ്റുകള്‍!
- (എ) ശരിയാണ്. മുന്‍വിധികളില്ലാതെ, ആവേശമോ രോഷമോ കൊള്ളാതെ, ബുദ്ധിപരമായും സമാധാനപരമായും അല്പനേരം ഇരുത്തിച്ചിന്തിച്ചാല്‍ ഇതു ബോദ്ധ്യമാവും.
- (ബി) എന്തൊരു അസംബന്ധമാണിത്?
മനസ്സിലായില്ല / വ്യക്തമായില്ല
മറുപടി പറയാന്‍ തയ്യാറില്ല
ഇതൊരു ഫാസിസ്റ്റ് - പ്രതിലോമ -
എന്തൊക്കെയോ അജണ്ടകളുടെ
ഭാഗമായുള്ള ചിന്തയാണ്.
(5) തെറ്റുകള്‍ എല്ലാവരും തുറന്നംഗീകരിക്കാന്‍ തയ്യാറാകണം - ഒരു തെറ്റിനെ മറ്റൊന്നു കൊണ്ടു ന്യായീകരിച്ചു കൂടാ - പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയല്ല വേണ്ടത് - മൗനം പ്രശ്നപരിഹാരത്തിനുതകില്ല എന്നും മറ്റുമുള്ള നിലപാടുകളുമായി - ചില വ്യത്യസ്ത നിരീക്ഷണങ്ങളും തുറന്ന മനസ്സും മുറിവുകളുണങ്ങണമെന്ന ആഗ്രഹവുമായി ധൈര്യപൂര്‍വ്വം മുന്നോട്ടു വരുന്ന ചിലരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വേണ്ടില്ല - അധിക്ഷേപിക്കുന്നത് മോശമാണ്. പ്രശ്നങ്ങള്‍ അവശേഷിക്കുന്നതുകൊണ്ട് നേട്ടമുള്ളവരാണ് അധിക്ഷേപങ്ങള്‍ക്കു മുതിരുന്നത്.
- (എ) ശരിയാണ്.
- (ബി) അല്ല. അത്തരം ചിന്തകളവതരിപ്പിക്കുന്നവര് മുഖംമൂടിയണിഞ്ഞ ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ രഹസ്യ അജണ്ട നടപ്പാക്കുകയാണ്. വര്‍ഗ്ഗീയവാദികളെന്നു വിളിച്ചും ഭര്‍ത്സിച്ചും പരമാവധി അധിക്ഷേപിച്ച് ഒതുക്കണം അവരെ. ഇത് ഇടതുപക്ഷത്തിന്റെ മാത്രമല്ല - സമൂഹത്തിന്റെ ഒരു പൊതു ആവശ്യമാണ്.
ചോദ്യങ്ങളവസാനിച്ചു.
എന്റെ ഉത്തരങ്ങള്‍ ഇവയാണ്.
(1) ബി (2) ബി (3) എ (4) എ (5) എ
താല്പര്യമുള്ളവര്ക്ക് മറുപടി പറയാം. മൗനവും ഒരു മറുപടിയാണ്.
അഭിപ്രായസ്വാതന്ത്ര്യം വിജയിക്കട്ടെ!