Wednesday, October 15, 2008

ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും

ഒറീസയിലെ കന്ധമാൽ ജില്ലയിൽ കഴിഞ്ഞ കുറേ മാസങ്ങളിലായി നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് – ബഹളങ്ങൾക്കിടയിൽ മറഞ്ഞുകിടക്കുന്നതും – എന്നാൽ എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ – ചില വസ്തുതകളൊക്കെ തുറന്നു കാട്ടിക്കൊണ്ട് എഴുതണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.

അപ്പോളാണ് ഒരു രഹസ്യാന്വേഷണ ഏജൻസി കേന്ദ്രസർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിനേക്കുറിച്ചുള്ള പത്രവാർത്ത കണ്ടത്. ഒറീസയിൽ എന്താണു സംഭവിച്ചതെന്നും ഇനി എന്താണു സംഭവിക്കാൻ പോകുന്നതെന്നും അവർ രഹസ്യമായി അന്വേഷിച്ചു കണ്ടുപിടിച്ച് സർക്കാറിനെ അറിയിച്ചിരിക്കുന്നുവത്രേ!

വാർത്ത വിശദമായി വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി!

ഇനി എഴുതാതെ വയ്യ എന്നു തോന്നി

മാദ്ധ്യമങ്ങൾ മനപ്പൂർവ്വം മറച്ചു പിടിച്ച ചില കാര്യങ്ങളൊക്കെ തുറന്നു കാട്ടണമെന്നു തോന്നി. ഓരോ സംഭവത്തിനു പിന്നിലും നാമറിയാത്ത ഒട്ടനവധി കാര്യങ്ങൾ വേറേയുമുണ്ടെന്ന തിരിച്ചറിവുണ്ടായാൽ, ഒട്ടനവധി വികാരവിക്ഷോഭങ്ങളും മാനസികസമ്മർദ്ദങ്ങളുമൊക്കെ പലർക്കും ഒഴിവാക്കാൻ പറ്റിയേക്കും.

വിശദമായ പോസ്റ്റ് ഇവിടെ.

ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും

Thursday, July 31, 2008

‘ഫാസിസ്റ്റ് അജണ്ട’യും ‘ചരിത്രരചന’യും മലയാളം ബ്ലോഗുകളിൽ? (രാമചന്ദ്രനു മറുപടി)

‘ഫാസിസ്റ്റ് ’ എന്ന പദം തന്നെ തികച്ചും അർത്ഥശൂന്യമായി ഉപയോഗിക്കപ്പെടുന്ന മലയാളത്തിൽ, ‘ഫാസിസ്റ്റ് അജണ്ട’ എന്ന പ്രയോഗവും തീർച്ചയായും അർത്ഥശൂന്യമായേ മതിയാവൂ. എങ്കിലും, അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ്‌പോസ്റ്റിലൂടെ ഞാൻ നടത്തിയത് ‘വർഗ്ഗീയഫാസിസ്റ്റ് ചരിത്രരചന’യാണ് എന്നൊരു വായനക്കാരൻ സൂചിപ്പിച്ചപ്പോൾ, അതിലെ തമാശയാസ്വദിക്കുക മാത്രം ചെയ്യാതെ, ഗൌരവമായ ഒരു പരിശോധന കൂടി നടത്തേണ്ടതുണ്ടെന്നു തോന്നി.

അത്തരമൊരു പരിശോധനയും ആ വായനക്കാരനുള്ള മറുപടിയുമാണിവിടെ.

ആ പോസ്റ്റും കമന്റും വായിച്ചാൽ മാത്രമേ ഇനിപ്പറയാൻ പോകുന്നതിന്റെ സാംഗത്യം പിടികിട്ടുകയുള്ളൂ.

പോസ്റ്റ് ഇവിടെ (സോമനാഥ് ചാറ്റർജീ, സ്മരണ വേണം – വിമോചനസമരകാലത്തെ ഈ വിവാഹഫോട്ടോ!)

കമന്റ് ഇവിടെ ( രാമചന്ദ്രൻ എന്ന ബ്ലോഗറുടെ കമന്റ്.)


----------------------------------------------------------------------------------
രാമചന്ദ്രൻ,

താങ്കളുടെ കമന്റിലെ ചില ഭാഗങ്ങൾക്കുള്ള മറുപടി രണ്ടു പ്രാവശ്യമായി അവിടെത്തന്നെ കൊടുത്തിട്ടുണ്ട്‌. പ്രധാനപ്പെട്ട ചില ആരോപണങ്ങളുൾപ്പെട്ട ബാക്കിഭാഗത്തിനുള്ള മറുപടി ഇവിടെയൊരു പോസ്റ്റാക്കേണ്ടി വന്നു.

അരുണാ ആസിഫ് അലിയേപ്പറ്റിത്തന്നെയാവാം ആദ്യം. അക്കാര്യത്തിൽ താങ്കൾ വലിയ പ്രതിരോധത്തിനു ശ്രമിച്ചത് അല്പം അതിശയിപ്പിക്കാതിരുന്നില്ല.

----------------------------------------------------------------------------------
>>[Ramachandran] ” ….അരുണാ ആസഫലിയൂടെ കാര്യം......... ഇടതു പക്ഷവുമായി ചുരുങ്ങിയ കാലം (1955-58 വരെ മാത്രം) അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചതെന്നും പിന്നീടവർ രാഷ്ട്രീയം ഉപേക്ഷിച്ചു എന്നുള്ളതുമൊന്നു പറയാതെ താങ്കളുടെ അജണ്ടക്കനുസരിച്ചുള്ള ചരിത്ര രചന മാത്രമാണ് താങ്കൾ നടത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ….
----------------------------------------------------------------------------------

[നകുലൻ] എന്റേത്‌ ഒരു വർഗ്ഗീയഫാസിസ്റ്റ്‌ ചരിത്രരചനയാണെന്ന്‌ താങ്കൾ പിന്നാലെ സൂചിപ്പിച്ചിട്ടുള്ളതുകൂടി ഇവിടെ ചേർത്തുവായിക്കുകയാണ്. ഇടതുപക്ഷരചനകളിൽ പലപ്പോഴും കടന്നുവരാറുള്ള വാക്കുകളായ ‘ഫാസിസ്റ്റ്‌അജണ്ട / ഫാസിസ്റ്റ് ചരിത്രരചന’ എന്നതൊക്കെ എത്രമാത്രം അർത്ഥശൂന്യമാണ് എന്നു തെളിയിക്കുന്നതാണ് താങ്കളുടെ ഈ വരികൾ. അരുണയുടെ കാര്യം ഞാനൊരു ആരോപണമായിട്ടോ മറ്റോ പറഞ്ഞതുപോലെ, അതിനെ പെട്ടെന്നു കയറി പ്രതിരോധിക്കാൻ താങ്കൾ ശ്രമിച്ചുകാണുന്നത് അത്ഭുതപ്പെടുത്തുന്നു. അരുണയുടെ കമ്മ്യൂണിസ്റ്റുബന്ധമെന്താ അപമാനകരമായാണോ താങ്കൾക്കനുഭവപ്പെടുന്നത്?

.“…..was elected Delhi's first Mayor and held the office for a second term “ എന്നു തന്നെയാണല്ലോ താങ്കൾ തന്ന ലിങ്കിലും പറഞ്ഞിരിക്കുന്നത്. അതു തന്നെയല്ലേ ഞാനും പറഞ്ഞത്? അവരെന്താ കമ്മ്യൂണിസ്റ്റ് പാർട്ടിനോമിനി അല്ലായിരുന്നോ? ആദ്യം കോൺഗ്രസ് പിന്തുണയോടെയും പിന്നീട് ജനസംഘത്തിന്റെ പിന്തുണയോടെയുമല്ലേ അവർ മേയറായത് ? അല്ല എന്നു സ്ഥാപിക്കുന്നതൊന്നും ആ ലിങ്കിൽ കണ്ടില്ലല്ലോ!

അരുണ ഒരു “ആജീവനാന്ത“കമ്മ്യൂണിസ്റ്റുകാരിയൊന്നുമായിരുന്നില്ലായിരിക്കാം. ഏതാനും വർഷങ്ങളേ അവർ ഇടതുപക്ഷത്തുണ്ടായിരുന്നുള്ളൂ എന്നു വച്ച് ? അതു ഞാൻ “മനപ്പുർവ്വം മറച്ചുപിടിച്ചു“കൊണ്ട് “ചരിത്രരചന” നടത്തുകയായിരുന്നുവെന്ന മട്ടിലൊക്കെ താങ്കൾ കടന്നുചിന്തിക്കുന്നതെന്തുകൊണ്ടാണ് ? അതു മറച്ചുപിടിച്ചതുകൊണ്ട് എനിക്കോ തുറന്നുകാട്ടിയതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾക്കോ എന്തു നേട്ടമാണുണ്ടാവുക? എന്തിനുവേണ്ടി ഞാനതു മറച്ചുവച്ചുവെന്നാണ് താങ്കളുടെ ഊഹം?

“ഡൽഹിയിലെ ആദ്യമുനിസിപ്പൽ കൌൺസിലിൽ കമ്മ്യൂണിസ്റ്റുകൾ ആദ്യം കോൺഗ്രസിനു പിന്തുണകൊടുത്തു. കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ഒരു നോമിനിയെ മേയറാക്കി. പിന്നീട് അതേ ആളെത്തന്നെ മേയറാക്കി നിലനിർത്തിക്കൊണ്ട് ജനസംഘത്തിനു പിന്തുണ നൽകി” എന്നു ഞാൻ എഴുതണമായിരുന്നുവോ? എന്നെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള വിഷയം ജനസംഘത്തിനുള്ള കമ്മ്യൂണിസ്റ്റുപിന്തുണ മാത്രമായിരുന്നുവല്ലോ. അങ്ങനെയൊക്കെ എഴുതുന്നതിനു പകരം, അരുണയായിരുന്നു ആ വ്യക്തി എന്നുകൂടി വെളിപ്പെടുത്തിയെന്നുവച്ച് എന്തു ദോഷമാണുണ്ടായത്?

സത്യത്തിൽ, ഞാൻ ആ പേരു കൂടി സൂചിപ്പിച്ചതുകൊണ്ട് കമ്മ്യൂണിസ്റ്റുകൾക്കു നേട്ടമുണ്ടാവുകയല്ലേ ചെയ്തത്? സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ, ഒന്നുമല്ലെങ്കിൽ ഡൽഹിയിൽ ആ പേരിൽ ഒരു റോഡുണ്ടാവാൻ മാത്രം പ്രാധാന്യമുള്ള ആരോ ഒരാൾ എന്ന നിലയിലെങ്കിലും അരുണയേക്കുറിച്ചു കേട്ടിട്ടുള്ളവർ - ആ ഭാഗം വായിച്ചാൽ എന്താ തോന്നുക? അരുണയുടെ കമ്മ്യൂണിസ്റ്റുബന്ധമെന്താ ഇടതുപക്ഷത്തിന് അഭിമാനകരമായിട്ടല്ലേ തോന്നേണ്ടത്? രാജ്യതലസ്ഥാനത്തെ ആദ്യത്തെ മേയർ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ നോമിനിയായിരുന്നു എന്നതെന്താ ഇടതുപക്ഷത്തിന് അപമാനകരമാണോ?

അറിയാതിരുന്നവർക്ക് ആ വിവരമൊക്കെ പറഞ്ഞുകൊടുത്തതിലൂടെ ഞാൻ സത്യത്തിൽ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളെ സഹായിക്കുകയായിരുന്നുവെന്നുവേണം കരുതാൻ. (ഒരു പക്ഷേ താങ്കൾക്കുപോലും അതൊരു പുതിയ അറിവായിരുന്നിരിക്കണം) ഇടതുപക്ഷത്തോടുണ്ടായിരുന്ന “സോഫ്റ്റ്‌കോർണർ” സമ്പൂർണ്ണമായി ഉപേക്ഷിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നു ധ്വനിപ്പിക്കുന്ന ചില അഭിപ്രായങ്ങൾ ഇതിനകം തന്നെ വന്നിട്ടുണ്ട്. ഞാനാണെങ്കിൽ അതൊരു അലങ്കാരമായിട്ടൊന്നുമല്ല – ആരോപണമായിട്ടാണു കാണുന്നതും. ആ ആരോപണം വീണ്ടുമുയർന്നേക്കുമെന്നു ഞാൻ ഭയപ്പെടേണ്ടതാണിവിടെ. അപ്പോളതാ താങ്കൾ വിചിത്രമായ മറ്റൊരാരോപണവുമായി വന്നിരിക്കുന്നു. അരുണ പിന്നീട് കമ്മ്യൂണിസ്റ്റ് ബന്ധമുപേക്ഷിച്ചുവെന്നതു പറയാത്തതെന്താ എന്നൊക്കെ ചോദിച്ചാൽ, ‘അതാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരം – അതു ഞാൻ മനപ്പൂർവ്വം മറച്ചുവച്ചു‘ എന്നൊക്കെത്തോന്നുമല്ലോ. അത്ഭുതകരമായിരിക്കുന്നു!

പറയേണ്ടതുമുഴുവൻ പറഞ്ഞില്ലെന്ന് എങ്ങനെയും വാദിക്കാനാണെങ്കിൽ ഇനിയും ഓരോന്നു കണ്ടെത്താം. ഞാൻ തന്നെ വേണമെങ്കിൽ ഒന്നു രണ്ടെണ്ണം ചൂണ്ടിക്കാണിക്കാം. 1958-59 കാലങ്ങളിൽ സോമനാഥ് ചാറ്റർജി പാർട്ടിയിലെത്തിയിരുന്നില്ല എന്നതാണൊരു കാര്യം. പക്ഷേ – അതുകൊണ്ടെന്താണ്? അതിനിവിടെ ഒരു പ്രാധാന്യവുമില്ല.

പിന്നീട് ബീഹാറിൽ സംയുക്തവിധായകദൾ ഗവണ്മെന്റു വന്നപ്പോൾ വീണ്ടും ജനസംഘവും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചു എന്നു പറഞ്ഞിട്ടുണ്ട്. അത് പക്ഷേ പിളർപ്പിനുശേഷമാണ്. അതുകൊണ്ട് മാർക്സിസ്റ്റുകൾക്ക് അതിൽ “ഉത്തരവാദിത്തമില്ല” എന്നൊക്കെ വാദിക്കാം. പക്ഷേ – അതുകൊണ്ടെന്താണ്? അതിനും ഇവിടെ ഒരു പ്രാധാന്യവുമില്ല.

ഭാരതീയജനതാപാർട്ടിയുടെ ആദിമരൂപമെന്നു വിളിക്കാവുന്ന ജനസംഘം അവരുടെ ചരിത്രത്തിലാദ്യമായി മുന്നണിരാഷ്ട്രീയത്തിലേക്കു കടക്കുന്നത് കമ്മ്യൂണിസ്റ്റുകൾ അവരെ പിന്തുണച്ചുകൊണ്ട് ഒപ്പം ഭരിക്കുവാൻ തയ്യാറായപ്പോളാണ് ” എന്നതാണെന്റെ പോയിന്റ്. ഇതുവരെയുള്ള അറിവു വച്ച് അതു തികച്ചും സത്യം തന്നെയാണ്. അതൊക്കെ ‘ഫാസിസ്റ്റ് അജണ്ടയ്ക്കനുസരിച്ചുള്ള ചരിത്രരചന‘യാണെന്നെങ്ങാൻ താങ്കൾക്കഭിപ്രായമുണ്ടെങ്കിൽ, സത്യം വിളിച്ചുപറയാൻ മടിക്കാത്തവർക്ക് നൽകുന്ന പേരാണ് ‘ഫാസിസ്റ്റുകൾ’ എന്നാണപ്പോൾ മനസ്സിലാക്കേണ്ടത്.

----------------------------------------------------------------------------------
>>[Ramachandran] ”"സാധാരണപ്രവർത്തകർ പോലും പാർട്ടിനേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കാൻ മടിക്കാത്ത ഈ കാലത്ത് ...." ശരിയാണ്. പറഞ്ഞത് സംഘ പരിവാർ സംഘടനകളെപ്പറ്റിയാണെന്ന് മനസ്സിലായി..വിവിധ പരിവാർ സംഘടനകൾ വിവിധ നാവുകളിൽ സംസാരിക്കുന്നത് പരിവാരത്തിൽ പുതുമയൊന്നുമല്ലല്ലോ?
----------------------------------------------------------------------------------

[നകുലൻ] ഒരു സംഘടനയുടെ പ്രവർത്തകർ നേതൃത്വത്തിനു കീഴ്പ്പെടാതെ പ്രവർത്തിക്കുന്നതിനേപ്പറ്റി പറഞ്ഞപ്പോൾ താങ്കൾ മറ്റു ചില സംഘടനകൾ തമ്മിലുള്ള ബന്ധവുമായി താരത‌മ്യം ചെയ്യാൻ ശ്രമിക്കുന്നത് കൌതുകകരമാണ്. സംഘപരിവാർ എന്ന വാക്കിനേപ്പറ്റിപ്പോലും താങ്കൾ ശരിയായവിധത്തിൽ മനസ്സിലാക്കിയിട്ടില്ല എന്നു കൂടിയാണിവിടെ വ്യക്തമാകുന്നത്. അതേപ്പറ്റി പിന്നാലെ പറയാം.

അവിടെ ഞാനുദ്ദേശിച്ചത് സി.പി.ഐ.(എം) നെയാണ്. താങ്കൾക്കത് ഒരു പൊതുവേദിയിൽ സമ്മതിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതു ഞാൻ മനസ്സിലാക്കുന്നു. പക്ഷേ താങ്കൾ ഒരു പ്രസ്ഥാനസ്നേഹിയാണെങ്കിൽ, ഈ വിഷയത്തിൽ ചിന്തിക്കാതെയെങ്കിലുമിരിക്കരുത്. മറ്റു പ്രസ്ഥാനങ്ങളുമായിട്ടല്ല, സി.പി.എമ്മിന്റെ തന്നെ പഴയകാലവും ഇന്നത്തെ അവസ്ഥയും തമ്മിലായിരുന്നു താങ്കളൊരു തുലനം നടത്തേണ്ടിയിരുന്നത്.

പാർട്ടിയിൽ പഴയ അച്ചടക്കം ഇന്നുണ്ട് എന്നു താങ്കൾ കരുതുന്നുണ്ടോ? പ്രതിഷേധജാഥകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടി വരിക എന്നത് പാർട്ടിയുടെ ശക്തിയായിട്ടാണോ അതോ ദൌർബല്യമായിട്ടാണോ താങ്കൾ കരുതുന്നത്? ആദ്യമാസങ്ങളിൽ വകുപ്പുകൈമാറ്റവുമായി ബന്ധപ്പെട്ട് ഭരണസ്തംഭനം തന്നെ ഉണ്ടായതു നിഷേധിക്കാമോ? വിഭാഗീയത പ്രകടമായ പല സംഭവങ്ങളും പുറത്തുവന്നില്ലേ? അണികൾ പരസ്പരം ഏറ്റുമുട്ടിയ കാര്യങ്ങൾ പോലും പത്രങ്ങളെഴുതിയില്ലേ? (മിനിഞ്ഞാന്നു രാത്രി കൂടി പുന്നപ്രയിൽ ഗ്രൂപ്പിന്റെ പേരിൽ ഒരു ഡി.വൈ.എഫ്‌.ഐ. പ്രവർത്തകന്റെ കൈ മറ്റു ചില ഡി.വൈ.എഫ്‌.ഐ. ക്കാർ ചേർന്ന്‌ അറുത്തെടുത്തുവെന്നു ദീപിക പറയുന്നു! സത്യമോ എന്തോ‌?) പിന്നീട് സംസ്ഥാനസമ്മേളനത്തിൽ സംഭവിച്ചതുപോലൊന്ന് മുമ്പ് കേട്ടിട്ടുണ്ടോ? ഇക്കഴിഞ്ഞയിടെ ഷൊർണ്ണൂരിൽ നിന്നു് മുരളിയിലൂടെ കേട്ടശബ്ദം നേതൃത്വത്തോടുള്ള പരസ്യമായ വെല്ലുവിളി എന്ന ഗണത്തിൽ‌പ്പെടുത്താമോ? ഓർക്കാട്ടേരിയിലെ ‘മാർക്സിസ്റ്റുപാർട്ടി’ ഏതാണെന്ന് ഇനിയും മനസ്സിലായില്ലല്ലോ. ‘വിമതർ ലക്ഷങ്ങളൊഴുക്കുന്നു‘ എന്ന ആരോപണത്തിനു മറുപടി കിട്ടിയത് “ഞങ്ങൾക്കു പണം തരാൻ ഫാരിസ് അബൂബക്കർമാരില്ല” എന്നാണല്ലോ. ഇതൊക്കെ പരസ്യമായ വെല്ലുവിളികളുടെ ഗണത്തിൽ‌പ്പെടുമോ? അതോ ആദ്യത്തെ വിമതസ്വരമുയരുമ്പോൾത്തന്നെ അവർ സ്വാഭാവികമായും പാർട്ടിക്കാരല്ലാതായി മാറുമോ?

സോമനാഥ്‌ചാറ്റർജിയുടെ കാര്യമെടുത്താലും ശരി - അദ്ദേഹത്തെ പാർട്ടിതീരുമാനം അനുസരിപ്പിക്കാൻ കഴിയാതിരുന്നത് വലിയ പരാജയം തന്നെയാണെന്നാണു തോന്നുന്നത്. അതിൽ ഒരു തർക്കത്തിനു വകയുണ്ടെന്നു ഞാൻ കരുതുന്നില്ല.

ഇനി, ‘വിവിധ സംഘപരിവാർ സംഘടനകൾ വിവിധനാവുകളിൽ സംസാരിക്കുന്നു‘ എന്ന താങ്കളുടെ പരാമർശത്തിലേക്കു വരാം. ഏതു സംഭവമാണ് താങ്കൾ ഉദ്ദേശിച്ചതെന്നറിയില്ല. എന്നാലും പറയുകയാണ്. പരിവാർ സംഘടനകൾക്ക് പൊതുവായി ഒരു നാവും ഒരു യജമാനനും ഒക്കെ ഉണ്ടാകുമെന്നു താങ്കൾ കരുതുന്നെങ്കിൽ അത്‌ അവരെ സംബന്ധിച്ച്‌ താങ്കൾക്കുണ്ടായിരിക്കാവുന്ന അനവധി തെറ്റിദ്ധാരണകളിൽ ഒന്നു മാത്രമാണ്. സംഘപരിവാർ എന്നാൽ സംഘകുടുംബം എന്നാണർത്ഥം. സംഘാദർശങ്ങളോട് ആഭിമുഖ്യമുള്ള സംഘടനകൾക്കെല്ലാം കൂടി പൊതുവിൽ‌പ്പറയുന്ന ഒരു പേരുമാത്രമാണത്.

ചില പ്രത്യേകവിഷയത്തിൽ സമരം ചെയ്യാനുള്ള എസ്.എഫ്.ഐ.യുടെ നീക്കം പാർട്ടി തടഞ്ഞു - ഡി.വൈ.എഫ്.ഐ. നേതൃത്വത്തെ പാർട്ടി ശാസിച്ചു - എന്നൊക്കെ വാർത്തകൾ കേട്ടെന്നു വരാം. സി.പി.എമ്മിന്റെ വിദ്യാർത്ഥി/യുവജനപ്രസ്ഥാനങ്ങൾ എന്ന നിലയിൽത്തന്നെയാണവ അറിയപ്പെടുന്നതും. അതുപോലെയൊരു സാഹചര്യം താങ്കൾ സംഘപരിവാറിൽ പ്രതീക്ഷിക്കരുത്. അത് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഒരു കൂട്ടമല്ല. പൊതുവായ എന്തെങ്കിലുമൊരു പരമാധികാരസമിതിയ്ക്കു കീഴിലൊന്നുമല്ല അവ പ്രവർത്തിക്കുന്നതും.

രാഷ്ട്രീയകാരണങ്ങളാൽ മാത്രം അവരെ എതിർക്കുന്നവരെ സംബന്ധിച്ചിടത്തോളം സംഘപരിവാർ എന്നത് ബി.ജെ.പി. കേന്ദ്രീകൃതമായ എന്തോ ഒന്നാണെന്നു തോന്നിയേക്കാം. പക്ഷേ, ബി.ജെ.പി. എന്നത് സംഘകുടുംബത്തിലെ ഒരു അംഗം മാത്രമേ ആവുന്നുള്ളൂ. എ.ബി.വി.പി. എന്നത് ബി.ജെ.പി.യുടെ വിദ്യാർത്ഥിവിഭാഗമല്ല. ബി.എം.എസ്. എന്നത് ബി.ജെ.പി.യുടെ തൊഴിലാളിപ്രസ്ഥാനവുമല്ല. ബി.ജെ.പി.യുടെ പോഷകസംഘടനകൾ എന്നു വിളിക്കാവുന്നത് ഭാരതീയജനതായുവമോർച്ച, മഹിളാമോർച്ച, പട്ടികജാതിമോർച്ച, ന്യൂനപക്ഷമോർച്ച തുടങ്ങിയ വിവിധ മോർച്ചകളെ മാത്രമാണ്.

സംഘപരിവാർ പ്രസ്ഥാനങ്ങൾ എന്തെങ്കിലും വിഷയത്തിൽ ഇടപെടുമ്പോൾ ഉടൻ തന്നെ ബി.ജെ.പി.യെ മാത്രം മനസ്സിൽ‌വച്ചു ചിന്തിക്കുകയും അതിന്റെ രാഷ്ട്രീയവശം മാത്രം കണ്ടുകൊണ്ട് ഇടപെടുകയും ചെയ്യുന്നത് ഇടതുപക്ഷമുൾപ്പെടെ പലർക്കും പറ്റുന്ന ഒരു തെറ്റാണ്. ഇവിടെ താങ്കൾ നടത്തിയത് ഒന്നെങ്കിൽ ഒരു ‘തുറന്നുസമ്മതിക്കൽ‘ ആയിരിക്കണം. ‘രാഷ്ട്രീയലക്ഷ്യങ്ങൾ വച്ചുകൊണ്ട് “സംഘപരിവാർ” മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു’ എന്നൊക്കെയുള്ള ചില വാദങ്ങൾ പൊള്ളയാണെന്നു താങ്കൾ തന്നെ സമ്മതിക്കുകയാണിവിടെ. അതല്ലെങ്കിൽ, മനസ്സിലാക്കിവച്ചതും യാഥാർത്ഥ്യവും തമ്മിൽ ചില പൊരുത്തക്കേടുകളുണ്ടെന്നുള്ള സംശയവും തുടർന്നുണ്ടായ ആശയക്കുഴപ്പവുമാണ് അത്തരമൊരു വാചകം സൃഷ്ടിച്ചത്. വിശദമാക്കണമെങ്കിൽ ഒരുപാടു വിഷയങ്ങൾ പരാമർശിക്കേണ്ടി വരുമെന്നതിനാൽ നിർത്തുന്നു.

----------------------------------------------------------------------------------
>>[Ramachandran] ” എന്നു മാത്രമല്ല, "ബി.ജെ.പി.യുമായിച്ചേർന്ന് വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ! " എന്ന് മാത്രമേ താങ്കളും പറയുന്നുള്ളൂ. അങ്ങനെ ആരോടാ പറഞ്ഞത്? താങ്കൾക്കും അതത്ര ഉറപ്പില്ല , അതല്ലേ സത്യം?
----------------------------------------------------------------------------------

[നകുലൻ] ഇതിന്റെ മറുപടി താങ്കൾ തന്നെ അടുത്ത വരിയിൽ പറഞ്ഞിട്ടുണ്ടല്ലോ. അതു ദാ താഴെ.

----------------------------------------------------------------------------------
>>[Ramachandran] ” ഇനി അതല്ല സോമനാഥ് ചാറ്റർജിക്ക് പാർലമെന്ററി വ്യാമോഹം ഉണ്ടെന്നു തന്നെ വയ്ക്കുക.. സ്പീക്കർ പദവും എം പി സ്ഥാനവും ഒരുമിച്ച് രാജി വയ്ക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി എന്ന റിപ്പോർട്ടുമായി കൂട്ടി വായിച്ചാൽ …..
----------------------------------------------------------------------------------

[നകുലൻ] പിന്നീടു നടക്കാതെ പോയ ആ കാര്യം പറഞ്ഞ്‌ അദ്ദേഹം ആരെ, എപ്പോൾ, എവിടെവച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്? ഏതു റിപ്പോർട്ടുമായിട്ടാണ് കൂട്ടിവായിക്കേണ്ടത്? ആ റിപ്പോർട്ടിന്റെ പകർപ്പ് എവിടെ കിട്ടും?

അത്രയ്ക്കൊന്നുമില്ല. സാദാ പത്രറിപ്പോർട്ടുകളേപ്പറ്റിയല്ലേ താങ്കളിവിടെ പറയുന്നത്? എങ്കിൽ അതേമട്ടിൽ പത്രറിപ്പോർട്ടുകളെത്തന്നെയാണ് മുകളിലത്തെ വാചകമെഴുതാനായി ഞാനുമാശ്രയിച്ചത്.
താങ്കൾക്ക് ഇഷ്ടപ്പെട്ട റിപ്പോർട്ടുകളെ താങ്കൾ വിശ്വസിച്ചു. അല്ലാത്തവയെ അവിശ്വസിച്ചു. അതല്ലേ സംഭവിച്ചത്?

കൃത്യമായി ഏതു റിപ്പോർട്ടുകളെയാണു ഞാൻ ആശ്രയിച്ചത് എന്നു ചോദിച്ചാൽ കുടുങ്ങി. ആ പത്രവാർത്തകളൊക്കെ ഇനി പരതിയെടുക്കേണ്ടിവരും. എന്തായാലും താങ്കളുടെ കമന്റു വന്നതിനു ശേഷവും പത്രങ്ങൾ അങ്ങനെതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഇതാ ഈ ചിത്രം കാണുക. "ബി.ജെ.പി.യുമായിച്ചേർന്ന് വോട്ടുചെയ്യാൻ ബുദ്ധിമുട്ടുണ്ടത്രേ! " എന്ന എന്റെ വാചകത്തിൽ തെറ്റുണ്ടായിരുന്നില്ല എന്ന് ഇതു കണ്ടിട്ടെങ്കിലും താങ്കളംഗീകരിക്കുമെന്നു കരുതുന്നു.
----------------------------------------------------------------------------------
>>[Ramachandran] ” അതെന്തോ ആകട്ടെ, സോമനാഥ ചാറ്റർജിയുടെ പിതാവ് ഹിന്ദു മഹാ സഭാ പ്രവർത്തകനായിരുന്നിട്ടും
----------------------------------------------------------------------------------

[നകുലൻ] ചെറിയൊരു തിരുത്ത്. സാധാരണ പ്രവർത്തകനല്ല – ഭാരവാഹിത്വത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാമനും - രാജ്യത്ത് രണ്ടാമനുമായിരുന്നു!.

----------------------------------------------------------------------------------
>>[Ramachandran] ” ……. പിതാവ് ഹിന്ദു മഹാ സഭാ പ്രവർത്തകനായിരുന്നിട്ടും സോമനാഥിന് നെഞ്ചു വിരിച്ചു നിന്ന് വർഗ്ഗീയതക്കെതിരെ പൊരുതാൻ കഴിയുന്നുവെങ്കിൽ അതദ്ദേഹത്തിന്റെ മഹത്വമല്ലെന്ന് വർഗ്ഗീയ ഫാസിസ്റ്റ് ചരിത്ര രചന നടത്തുന്ന ഒരാൾക്കു മാത്രമേ വിലയിരുത്താനാവൂ . താങ്കൾ ചെയ്യുന്നത് ഒരു തരം മലർന്ന് കിടന്ന് തുപ്പലാണ്.
----------------------------------------------------------------------------------

[നകുലൻ] ഒരു ‘സ്മൈലി’ ഇവിടെ കൊടുക്കാതെ തുടരുന്നതു ശരിയല്ല.
:)
സി.പി.എം. ഇപ്പോൾ ‘പൊരുതു‘ന്നതുപോലെ ‘വർഗീയതയ്ക്കെതിരെ പൊരു‘താൻ അപാരമായ നെഞ്ചുവിരിവുമാത്രമല്ല, തൊലിക്കട്ടികൂടി വേണമെന്നതിൽ എനിക്ക് എതിരഭിപ്രായമില്ല. അതിനെയൊക്കെ ‘മഹത്വ’മായി വാഴ്‌ത്തണമെങ്കിൽ അതിനേക്കാളും ഒന്നൊന്നര ഇഞ്ചുകൂടി വിരിവു വേണം താനും.

എന്തായാലും, “വർഗ്ഗീയഫാസിസ്റ്റ് ചരിത്രരചന” എന്നൊക്കെ ഇടതുപക്ഷം പറഞ്ഞുപേടിപ്പിക്കാറുള്ളത് അപ്പോൾ ഇത്രയൊക്കെയേയുള്ളൂ എന്നറിയുന്നതിൽ സന്തോഷവും ആശ്വാസവും!

തുറന്നു ചോദിക്കുകയാണ്. ഹിന്ദുസമൂഹത്തിന്റെ ചില വികാരങ്ങൾ - അവ എത്രമാത്രം നിർദോഷവും ന്യായവുമായിരുന്നാൽക്കൂടി - അടിച്ചമർത്താൻ മാത്രമാണ് നിങ്ങൾ (ഇടതുപക്ഷം) എക്കാലവും താൽപര്യം കാട്ടിയിട്ടുള്ളത് എന്നുപറഞ്ഞാൽ തെറ്റുണ്ടോ? അതിനൊരു ന്യായീകരണം മാത്രമായി നിങ്ങളുപയോഗിക്കുന്ന – അർത്ഥം നഷ്ടപ്പെട്ട - ഒരു പദം മാത്രമായി ചുരുങ്ങിയിട്ടുണ്ട് ഇന്ന് ‘വർഗ്ഗീയത’ എന്നത്. ഇല്ലെന്നുണ്ടോ?

ഹൈന്ദവേതരസമൂഹങ്ങളുടെ – പ്രത്യേകിച്ചു മുസ്ലിംസമൂഹത്തിന്റെ – ചില വികാരങ്ങൾ - അമേരിക്കാവിരുദ്ധതപോലുള്ള ചിലത് പ്രത്യേകിച്ചും- അനാവശ്യവും അപകടകരവുമെന്ന് അവരിൽത്തന്നെ ചിലർ വിശേഷിപ്പിച്ച് ചെറുത്തുനിൽക്കാൻ ശ്രമിച്ചാലും സമ്മതിക്കാതെ, പരമാവധി അതിലേക്കു വലിച്ചിഴച്ചശേഷം - ആ താത്പര്യങ്ങളെ സംരക്ഷിക്കുന്നവരാണു തങ്ങളെന്ന പ്രതീതി ജനിപ്പിച്ച് വോട്ടുകൾ സമാഹരിക്കാൻ നിങ്ങളുപയോഗിക്കുന്ന മുഖം‌മൂടിയുടെ പേരുമാത്രമായി ചുരുങ്ങിയിട്ടുണ്ട് ‘മതേതരത്വം’ എന്നത്. നിഷേധിക്കാമോ?

‘മതേതരത്വ’ത്തിനായി നിലകൊള്ളുന്നു എന്നു വാദിക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാടുകളും പ്രവൃത്തികളും പ്രചാരണങ്ങളുമെല്ലാം ഇന്നുവരെ മതസ്പർദ്ധയല്ലാതെ തസൌഹാർദ്ദം തരിമ്പെങ്കിലും വളർത്തിയതായി തോന്നുന്നില്ല. ഉവ്വോ?

ദൈവാരാധനയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാഗ്രഹിക്കുന്നൊരു സമൂഹമെന്ന നിലയിൽ തങ്ങളുടെ നിലപാടുകൾ സ്വാഭാവികമായിത്തന്നെ “മതേതര”മാണ് എന്ന കമ്മ്യൂണിസ്റ്റുചിന്ത ശുദ്ധ അസംബന്ധമാണ്. മറ്റുസമൂഹങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറുന്ന ഒരു മതസമൂഹമായിത്തന്നെയാണ് കമ്മ്യൂണിസ്റ്റുകളും പരിഗണിക്കപ്പെടേണ്ടത്. എന്താണഭിപ്രായം?

താങ്കളുടെ തന്നെ പ്രയോഗം കടമെടുത്തുപറഞ്ഞാൽ, ‘ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി എപ്പോളും പറയുന്ന’തിനേക്കാൾ അങ്ങേയറ്റം പരിഹാസ്യമാണ് ഇടതുപക്ഷത്തിന്റെ മതേതരത്വവാദവും വീമ്പിളക്കലും. കാരണം ആണ്ടിയ്ക്ക് അടിയുടെ എ.ബി.സി.ഡി. പോലും പിടിയില്ലെന്നു മാത്രമല്ല – അതിനു നേർവിപരീതം പ്രവർത്തിക്കുകയും ചെയ്യുന്നു. അല്ലെന്നുണ്ടോ?

ഇനി ഇതുമൊത്തമൊന്നും വിശദീകരിക്കാൻ താങ്കൾക്കു താല്പര്യമില്ലെങ്കിലും വേണ്ടില്ല – ആ പോസ്റ്റിൽ മറ്റൊരു മാർക്സിസ്റ്റ് അനുഭാവിയോടു ചോദിച്ചിട്ട് ഇനിയും മറുപടി കിട്ടാത്ത ഒരു ചോദ്യം മാത്രം ഇവിടെയുമാവർത്തിക്കുകയാണ്. അതിനെങ്കിലും മറുപടി തരുമോ?

ഉത്തർപ്രദേശിൽ “മതേതരകകക്ഷികൾക്കു മാതൃക”യായിരുന്നു എസ്.പി. – പക്ഷേ ഇപ്പോളവർ മലക്കം മറിഞ്ഞുവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായി പത്രങ്ങളെഴുതിയിരുന്നു. ആ നിലപാടിനോടു താങ്കളും യോജിക്കുന്നുവോ? മുമ്പ് “മാതൃകാപരമായി മതേതര“മായിരുന്ന അവരുടെ മതേതരത്വം ഇപ്പോൾ പെട്ടെന്നു നശിച്ചുവെങ്കിൽ, എന്താണ് മതേതരത്വം നിർണ്ണയിക്കുന്ന ആ ഘടകം? ആ ഘടകമനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറായാൽ ബി.ജെ.പി.യേയും നിങ്ങൾ മതേതരകക്ഷി എന്നു വിളിക്കാൻ തയ്യാറാകുമോ?

ഇനിയിപ്പോൾ, ഈ സംശയങ്ങൾക്കൊന്നും മറുപടി പറയാൻ താങ്കൾക്കു താല്പര്യമില്ലെങ്കിലും വിരോധമില്ല. മലർന്നുകിടന്നുതുപ്പൽ എന്ന താങ്കളുടെ പ്രയോഗം അറം പറ്റിക്കാണുന്നത് അത്ര സുഖകരമായ കാഴ്ചയായിരിക്കില്ല.

----------------------------------------------------------------------------------
>>[Ramachandran] “"എന്നാൽ യെച്ചൂരിയും കാരാട്ടുമൊക്കെ കോൺഗ്രസിനോടാവശ്യപ്പെട്ടത് 'ഘടകകക്ഷികളുടെ താത്പര്യങ്ങൾക്കു വിലകല്പിക്കുന്നതുപോലുള്ള മുന്നണിമര്യാദകൾ ബി.ജെ.പി.യിൽ നിന്നു പഠിക്കൂ" എന്ന് പറഞ്ഞത് ശരിയാണ്, കാരണം 370 -ആം വകുപ്പ്, രാമക്ഷേത്ര നിർമ്മാണം എന്നിവ ഒക്കെ പരണത്ത് വച്ചത് നാം കണ്ടതാണല്ലോ? അതല്ലാതെ എൻ.ഡി.എ ഭരണത്തിന് ഒരു സർട്ടിഫിക്കറ്റും ആരും നല്കിയിട്ടില്ല.
----------------------------------------------------------------------------------

[നകുലൻ] “ആരും” എന്നത് “ഇടതുപക്ഷം” എന്നു മനസ്സിലാക്കി വായിക്കുമ്പോൾ അക്ഷരം പ്രതി ശരിയാണ്. അവർ സർട്ടിഫിക്കറ്റു കൊടുത്തിട്ടില്ല. ഇനിയൊട്ടു കൊടുക്കുകയുമില്ല.

ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്നില്ല. അതൊരു കൂട്ടുകക്ഷിഭരണമായിരുന്നു. അപ്പോൾ സഖ്യകക്ഷികളെല്ലാം പൊതുവായി ചേർന്നു രൂപം നൽകിയ അജണ്ട മുൻ‌നിർത്തി ഭരിച്ചു. അവർ അതിനെ ഒരു അന്തസ്സായിത്തന്നെയാണു കാണുന്നത്. അത് അങ്ങനെതന്നെ ആണുതാനും.

“ബി.ജെ.പി. തങ്ങളുടെ അജണ്ടകൾ മറന്നു” എന്നൊക്കെയുള്ള വിലാപങ്ങൾ ഇപ്പോൾ കാ‍ണുന്നത് കൂടുതലും അവരെ എതിർക്കുന്നവരുടെ വാക്കുകളിലാണെന്നതാണു കൌതുകകരം. ‘രാമക്ഷേത്രപുനർനിർമ്മാണത്തിനായി രൂപം കൊണ്ടതും പ്രവർത്തിക്കുന്നതുമായ പാർട്ടി‘ എന്നൊക്കെയുള്ള പരമാബദ്ധങ്ങൾ കൂടി ചിലപ്പോൾ അതിനൊടൊപ്പം ചേർന്നു കാണാമെന്നതുകൊണ്ട് അവയൊക്കെ വലിയ ചിരിക്കു വക നൽകാറുണ്ട്.

ബി.ജെ.പി.യ്ക്കുള്ള അജണ്ടകളിൽ ഏതെങ്കിലുമൊന്ന് അവർ മറന്നതായോ മാറ്റിവച്ചതായോ എനിക്കു തോന്നിയിട്ടില്ല. അയോദ്ധ്യയിലെ രാമക്ഷേത്രപുനർനിർമ്മാണമെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യം സാക്ഷാത്കരിക്കുക എന്നത് ബി.ജെ.പി.യുടെ അനവധി അജണ്ടകളിൽ ഒന്നാണ്. അതിനവർ പ്രതിജ്ഞാബദ്ധവുമാണ്. അതിനു് മൂന്നുവഴികളാണുള്ളതെന്നാണ് അവർ അന്നും ഇന്നും പറയുന്നത്. സ്വീകാര്യതയുടെ ക്രമത്തിൽ‌പ്പറഞ്ഞാൽ:-
(1) തർക്കമുന്നയിക്കുന്നവരുമായുള്ള പരസ്പരസഹകരണം വഴി
(2) നീതിപീഠത്തിന്റെ നിർദ്ദേശം വഴി
(3) നിയമനിർമ്മാണം വഴി.

ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയാലും മുന്നണിയായി ഭരിച്ചാലും പ്രതിപക്ഷത്തിരുന്നാലും എല്ലാം ഇതുതന്നെയായിരിക്കും അവരുടെ നിലപാട്. ഭരണത്തിലാണെങ്കിൽ പ്രശ്നപരിഹാരത്തിനായി കുറേക്കൂടി ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കും എന്നതുമാത്രമായിരിക്കും വ്യത്യാസം. 2004-ൽ അവർക്കു ഭരണം തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇതിനകം പ്രശ്നത്തിനു ര‌മ്യമായ പരിഹാരമുണ്ടാക്കാനുള്ള പരിശ്രമങ്ങൾ പൂർത്തിയാക്കാനും വിജയത്തിലെത്തിക്കാനും അവർക്കു കഴിഞ്ഞേക്കുമായിരുന്നു എന്നു വിശ്വസിക്കുന്ന അനേകം ആളുകളുണ്ട്‌.

പിന്നെ, ബി.ജെ.പി.യുടെ അജണ്ടകളിൽ ഏതെങ്കിലുമൊരെണ്ണം “പരണ“ത്തുവയ്ക്കപ്പെട്ട ചരിത്രമുണ്ടെങ്കിൽ - എന്തുചെയ്യാം – അതുചെയ്തതും ഇടതുപക്ഷം തന്നെയാണ്. ഏകീകൃതസിവിൽകോഡ് എന്ന ആശയത്തിന് ഇടതുപക്ഷം പണ്ട് അനുകൂലമായിരുന്നു. ബി.ജെ.പി. എക്കാലവും സംസാരിച്ചിട്ടുള്ളത്‌ “ശരി-അത്ത് “ ഉൾപ്പെടെയുള്ളവയെല്ലാം പരിഗണിച്ച് മതനിയമങ്ങളിലും അല്ലാതെയുള്ളവയിലുമെല്ലാം അടങ്ങിയിട്ടുള്ള നിയമങ്ങൾ വിശദമായി കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായൊരു പൊതുപൌരനിയമത്തേക്കുറിച്ചു മാത്രമാണ്. എന്നാൽ, അതിനേക്കാളും ‘മതേതര’മായ - മതനിയമങ്ങളെ പരമാവധി അകറ്റി നിർത്തിയുള്ള - ഒരു സംഗതിയായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ ആവശ്യം. എന്നാൽ, വോട്ടുകിട്ടാൻ അതൊക്കെ വലിയ തടസ്സമാണെന്നു വന്നതോടെ അത്തരം പലനിലപാടുകളും പരണത്തുകേറിത്തുടങ്ങി.

"മതേതരവും ഏകീകൃതവുമായ സിവിൽ കോഡ് " എന്ന ആശയം ബി.ജെ.പി.യുടേതാണ്. അതവർ എവിടെയും കയറ്റിവച്ചിട്ടില്ല. പക്ഷേ, മുമ്പ്‌ അത്തരമൊരു ആശയത്തെ പിന്താങ്ങിയിരുന്ന കമ്മ്യൂണിസ്റ്റുകൾ അതിൽനിന്നു പിന്നോക്കം പോയശേഷം ഇപ്പോൾ നോക്കുന്നത്‌ ‘ഹിന്ദുനിയമങ്ങൾ’ അടിച്ചേല്പിക്കാൻ നോക്കുന്നു എന്ന പച്ചനുണ പറഞ്ഞുകൊണ്ട്‌ ഒരു മുസ്ളീം വോട്ടെങ്കിലും അധികം സംഘടിപ്പിക്കാമോ എന്നു മാത്രമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇനിയാ പഴയ ആശയമൊക്കെ പരണത്തുതന്നെ ഇരിക്കാനേ വഴിയുള്ളൂ. മുസ്ലീങ്ങൾ അതിനായി വാദിക്കുന്ന ഒരു കാലം വരാത്തിടത്തോളം കാലം.

പക്ഷേ, ‘മുസ്ലീം നവോത്ഥാന’ത്തിനായി സ്വന്തനിലയിൽ ഇടതുപക്ഷം ഒരിക്കലും ശ്രമിച്ചുനോക്കിയിട്ടേയില്ല എന്നും പറഞ്ഞുകൂടാ. ഇ.എം.എസ്. ഉണ്ടായിരുന്നപ്പോൾ ഒന്നു ശ്രമിച്ചതാണ്. 'ഈ ബഹുഭാര്യാത്വം അത്ര നല്ലതൊന്നുമല്ല' എന്നമട്ടിൽ അദ്ദേഹം മയത്തില്‍ത്തന്നെ ഒന്നു പറഞ്ഞുനോക്കി. കേരളത്തെ പിടിച്ചു കുലുക്കിയ പ്രകടനങ്ങളുടെ പരമ്പരയോടെയാണ് പിറ്റേ ദിവസം പുലര്‍ന്നത്. മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു.

"രണ്ടും കെട്ടും - നാലും കെട്ടും -
നമ്പൂരിശ്ശന്റെ ഓളേം കെട്ടും
"!

അന്ന് അവസാനിച്ചതാണ് "നവോത്ഥാനപരിശ്രമങ്ങൾ". പിന്നീട് ഇ.എം.എസോ അദ്ദേഹത്തിന്റെ കാലശേഷം മറ്റുള്ളവരോ അത്തരം ചരിത്രപരമായ മണ്ടത്തരങ്ങൾ ആവര്‍ത്തിച്ചതായി കണ്ടിട്ടില്ല.

അത്രത്തോളം ശക്തമല്ലാത്ത ചെറിയൊരു “പ്രകടനം” കുറച്ചുകാലം മുമ്പ്‌ കൽക്കത്തയിലെ ഒരു തെരുവിലും നടന്നിരുന്നു. അതേത്തുടർന്ന്‌ തസ്ലീമാനസ്രീൻ എന്നൊരു എഴുത്തുകാരി രായ്ക്കുരാമാനം കമ്മ്യൂണിസ്റ്റുഹൃദയഭൂമിയിൽനിന്നും പായ്ക്കുചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാർ താങ്ങിയിരുന്ന സർക്കാറിന്റെ സഹായത്താൽ, അവരിപ്പോൾ എവിടെയാണെന്നുപോലുമറിയില്ല. എന്തായാലും ഈ രാജ്യത്തില്ല!

ആശയങ്ങളും അവകാശവാദങ്ങളുമെല്ലാം തരാതരം പോലെ കമ്മ്യൂണിസ്റ്റുകൾ പരണത്തുകേറ്റുന്നതിന്റെ ഉദാഹരണങ്ങൾ പറയാൻ തുടങ്ങിയാൽ അതിനായി പ്രത്യേകം ബ്ലോഗുകൾ തന്നെ തുടങ്ങേണ്ടിവരുമെന്ന ഭീതിമൂലം നിർത്തുന്നു.

----------------------------------------------------------------------------------
>>[Ramachandran] ”നിങ്ങളെല്ലാവരും ഇവിടെ ചൈനയ്ക്കും അമേരിക്കയ്ക്കും ഇറാനും ഇസ്രായേലിനുമൊക്കെയിടയ്ക്കു കിടന്നു പോർവിളിമുഴക്കുന്നതിനിടയിൽ, ഭാരതത്തേപ്പറ്റി ആശങ്കപ്പെടാനും ആരെങ്കിലും വേണമല്ലോ.“ ചൈനയെയും ഇസ്രായേലിനെയും ഒക്കെ കൂട്ടിക്കെട്ടുന്ന - നിങ്ങളെല്ലാവരും എന്ന് കാടടച്ചു പ്രയോഗിക്കുന്ന അതിബുദ്ധി കൊള്ളാം. പക്ഷെ, എപ്പോഴുമുള്ള ഈ ദേശസ്നേഹവാചകമടി ആത്മവിശ്വാസമില്ലായ്മയിൽ നിന്നാവാനേ തരമുള്ളൂ. ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി എപ്പോഴും പറയുന്നത് ചിരിക്കേ വക നല്കൂ.
----------------------------------------------------------------------------------

[നകുലൻ] ആശയക്കുഴപ്പമെന്താണെന്നു മനസ്സിലായി. താങ്കളിങ്ങനെ ഒന്നിൽ നിന്ന്‌ നേരിട്ട്‌ നാലിലേയ്ക്കു കടക്കാതെ, രാഷ്ട്രങ്ങളുടെ ക്രമവും അവസാനം “ഇടയ്ക്ക് ” എന്നു പറഞ്ഞിരിക്കുന്നതും ഒന്നു കൂടി ശ്രദ്ധിച്ചുവായിച്ചാൽ ആ സംശയമില്ലാതാകും. ചൈനയേയും ഇസ്രയേലിനേയും ഒരുമിച്ചുകെട്ടുന്നുവോ എന്നു താങ്കൾ തെല്ലും ഭയപ്പെടേണ്ടതില്ല. അറിയാതെപോലും ഇസ്രായേലിനെ ‘തീണ്ടി’ക്കുമെന്നു കരുതാതിരിക്കുക. ചൈനയ്ക്കും അമേരിക്കയ്ക്കുമിടയിൽ - ഇറാനും ഇസ്രായേലിനുമിടയിൽ എന്നിങ്ങനെതന്നെയാണുദ്ദേശിച്ചത്. രണ്ടു ജോടികളും ഒരുമിച്ചു പറഞ്ഞു നാലായപ്പോൾ താങ്കൾക്കൊരു ആശയക്കുഴപ്പമുണ്ടായതാവണം.

ഒരിക്കൽ, ഇന്ത്യാക്കാർ ഒന്നടങ്കം ദു:ഖമാചരിച്ചിരുന്ന വേളയിൽ ‘ഇസ്രായേലിനെ നിലയ്ക്കു നിർത്താനായി’ ഇടതുപക്ഷം പ്രകടനങ്ങൾ സംഘടിപ്പിച്ചതു മറന്നിട്ടില്ല. ചൈനയുമായി ഒരു കൂട്ടിക്കെട്ടൽ അറിയാതെപോലും സംഭവിക്കില്ല.

ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപിണിയിലൂടെ പൊങ്ങിയത് സിറിയയ്ക്കുനേരെയുള്ള ചാരക്കണ്ണുകളായിരിക്കുമോ എന്നോർത്ത് വിഷമിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഇടതുപക്ഷത്തോട് അത്രയ്ക്കൊരു കൊടുംചതി ചെയ്യാൻ മാത്രം ക്രൂരനല്ല ഞാൻ.

ഇസ്രായേൽ എന്ന രാജ്യം തന്നെ ഇല്ലാതാകണമെന്ന് ഇപ്പോഴും വാദിക്കുന്ന നെജാദിന്റെ അണുപരീക്ഷണങ്ങൾക്കു തടസ്സം നിന്നാൽ ഇന്ത്യൻ ഗവണ്മെന്റിനുള്ള പിന്തുണ പിൻ‌വലിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇടതുപക്ഷത്തോട് അത്തരമൊരു കൊടുംചതി ആരും ചെയ്യാൻ പാടില്ല.

ചൈന ചൈനയാണ്. ഇസ്രായേൽ ഇസ്രായേലും. കൂട്ടിക്കെട്ടൽ അസാദ്ധ്യം! അതു തന്നെയാണവിടെ പറഞ്ഞുവച്ചതും.

രാമചന്ദ്രൻ, താങ്കളെന്തൊക്കെപ്പറഞ്ഞാലും ശരി - ഇടതുപക്ഷപ്രസ്ഥാനങ്ങളും സംഘപരിവാർ പ്രസ്ഥാനങ്ങളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം കിടക്കുന്നത്‌ ഈ രാഷ്ട്രത്തോടുള്ള സമീപനത്തിന്റെ കാര്യത്തിൽത്തന്നെയാണ്. ‘ആണ്ടി തൊഴിക്കും - സൂക്ഷിക്കണം’ എന്ന്‌ തൊ(ക)മ്മി നാഴികയ്ക്കു നാല്പതു വട്ടം പറഞ്ഞുനടക്കുമ്പോൾ, അടിയാണു യഥാർത്ഥകാര്യം എന്ന്‌ ആണ്ടി ഇടയ്ക്കൊന്നു കയറിപ്പറഞ്ഞുവെന്നു വരും. അതിൽ ആത്മവിശ്വാസത്തിന്റെ പ്രശ്നമല്ല നിഴലിക്കുന്നത്‌. ഓർമ്മപ്പെടുത്തലിലൂടെ ഒന്ന്‌ അലോസരപ്പെടുത്താനുള്ള കുസൃതി തന്നെയാണത്‌ എന്നു കരുതിക്കോളൂ.ഇടതുപക്ഷബുദ്ധിജീവികളും ചരിത്രകാരന്മാരും അംഗീകരിച്ചെങ്കിൽ മാത്രമേ മേൽ‌പ്പറഞ്ഞതു താങ്കളും അംഗീകരിക്കൂ എന്നുണ്ടെങ്കിൽ അതിനും മാർഗ്ഗമുണ്ട്‌. സംഘപരിവാറിനേക്കുറിച്ച്‌ മനസ്സിൽത്തോന്നിയതു പലതും എഴുതിമുന്നേറുന്നതിനിടയിൽ ചിലരൊക്കെ അറിയാതെ പലതും സമ്മതിച്ചുപോകാറുമുണ്ട്‌. മാർക്സിസം ഒരു കയ്യിലും മൌദൂദിസം മറുകയ്യിലും പിടിച്ച്‌ പുരോഗമനസാഹിത്യത്തെ മുന്നോട്ടു നയിക്കുന്നയാൾ എന്ന്‌ കുറുമുന്നണിക്കാർ ആരോപിക്കുന്ന കെ.ഇ.എൻ.-ന്റെ ലേഖനങ്ങളിലൊന്ന്‌ ഓർമ്മ വരുന്നു. അതിൽ, സംഘത്തിന്റെ ഏറ്റവും വലിയ പ്രശ്നമായി അദ്ദേഹം കാണുന്നത്‌ ‘അന്ധമായ ദേശസ്നേഹ’മാണ്. അതൊരു അവകാശവാദം മാത്രമാണെന്നഭിപ്രായമുണ്ടായിരുന്നെങ്കിൽ, അതദ്ദേഹം മറ്റൊരു ആയുധമാക്കിയേനെ. ദേശസ്നേഹം എന്ന വാക്ക്‌ അറിയാതെ പറഞ്ഞുപോയതിന്റെ പേരിൽ തന്റെ പുരോഗമനമുഖത്തിനു പരിക്കേറ്റാലോ എന്നു ഭയന്നിട്ടോ എന്തോ - തെറ്റുതിരുത്തലെന്ന മട്ടിൽ അദ്ദേഹം ഉടൻ തന്നെ ‘ഗ്രഹണി പിടിച്ച ഭാരതമാതാവ്‌ ’ എന്നു കൂടി പരിഹസിച്ചിട്ടുമുണ്ടായിരുന്നു. ലേഖനവും പുസ്തകവുമേതെന്നു മറന്നു.

ഇനി, ചൈനയെ പരാമർശിച്ചതിന്റെ പേരിലല്ല താങ്കൾ എതിർത്തതെന്നു കൂടി കരുതട്ടെ. ഇന്ത്യയിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് ചൈനയോടുള്ള മാനസികവിധേയത്വത്തിന്റെ കാര്യത്തിൽ താങ്കളൊരു തർക്കത്തിനില്ലെന്നു തന്നെയാണെന്റെ വിശ്വസം. അതല്ല എങ്കിൽ, ഇതുവരെയാരും മറുപടി തരാതിരുന്ന അനവധി ചോദ്യങ്ങൾ പലരുടെ കമന്റുകളിലായി ഇതാ താഴെക്കൊടുത്തിരിക്കുന്ന പോസ്റ്റിൽ ചിതറിക്കിടക്കുന്നു. ആദ്യം തന്നെ ആ സംശയങ്ങൾ തീർത്തു തരുവാൻ ശ്രമിക്കാവുന്നതാണ്.

ചൈനയ്ക്കുചുറ്റും ഹരികൃഷ്ണന്മാർ

Tuesday, July 15, 2008

ചുവന്ന പാഠപുസ്തകത്തേപ്പറ്റി പച്ചയ്ക്കു ചിലതു പറഞ്ഞാൽ...

പാഠപുസ്തകം പരിശോധിക്കാനെത്തിയ ‘വിദഗ്ദ്ധ’സമിതിയുടെ ആദ്യത്തെ അഭിപ്രായം പുറത്തുവന്നിരിക്കുന്നു. ‘മതമില്ലാത്ത ജീവൻ’ എന്ന പാഠം പരിഷ്ക്കരിക്കാവുന്നതാണ്. പക്ഷേ – കമ്മ്യൂണിസ്റ്റുവൽക്കരണം എന്ന ആരോപണത്തിൽ കഴമ്പില്ലത്രേ!!!!!

ചർച്ചകളെ ആ ഒരു പാഠത്തിലേക്കു മാത്രം ഒതുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അതേ കമ്മ്യൂണിസ്റ്റുതന്ത്രം തന്നെയാണ് ഈ പ്രസ്താവനയുടെ പിന്നിലും.

ഇത്തരം “വിദഗ്ദ്ധ”രുടേതായി പത്രങ്ങളിലും മറ്റും വരുന്ന ലേഖനങ്ങളിലെ സാങ്കേതികപദങ്ങളും മറ്റും മിക്കവാറും മനസ്സിലാകാതെ വരുന്നു. ആ നിലയ്ക്ക്‌, ഒരു സാധാരണക്കാരനു പച്ചയ്ക്കു പറയാനുള്ളത്‌ എന്ന നിലയ്ക്ക്‌ ചിലതൊക്കെ കുറിച്ചിടാമെന്നു തോന്നിപ്പോയി.

“ജീവ“ന്റെ പാഠത്തിലെ മതനിരാസമെന്നത്‌ സത്യത്തിൽ വളരെച്ചെറിയൊരു ഭാഗം മാത്രമാണ്. ആ ഭാഗത്തിന്റെ പേരിലല്ല – മറിച്ച്‌ ആദ്യപുറം മുതൽ അവസാനത്തേതു വരെ സമ്പൂർണ്ണമായി കമ്മ്യൂണിസ്റ്റുവൽക്കരിച്ച പാഠപുസ്തകം എന്ന നിലയിലാണ് അത്‌ എതിർക്കപ്പെടുന്നത്‌. അതേക്കുറിച്ചു തന്നെയാണ് ഇവിടെ പറയാനുള്ളതും.

1. ഇന്നത്തെ ക്ലാസ്‌ കഴിഞ്ഞു കുട്ടികളേ - ലാൽ‌സലാം!
2. സാറേ – സാറു സത്യത്തിൽ ആരാ? പട്ടരോ അതോ പറയനോ‌?
3. സൂര്യനുദിക്കുന്നത്‌ കിഴക്കോ പടിഞ്ഞാറോ? – ‘വിദഗ്ദ്ധർ’ പങ്കെടുക്കുന്ന സംവാദം
4. നോക്കൂ – ദാ എന്റെ തലയിൽ കോഴിത്തൂവലില്ല!
5. അമേരിക്കയില്ലാത്ത കഷായമുണ്ടോ?
6. കോരിയൊഴിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്‌മതവർഗ്ഗീയത
7. സമരങ്ങളോടുള്ള സമീപനം
8. യഥാർത്ഥപാഠങ്ങൾ ഇവയൊക്കെ


-------------------------------------------------------------------------
1. ഇന്നത്തെ ക്ലാസ്‌ കഴിഞ്ഞു കുട്ടികളേ - ലാൽ‌സലാം!
-------------------------------------------------------------------------

കമ്മ്യൂണിസ്റ്റുകളുടെ ചിന്തയിൽ നല്ല തോതിൽ രാഷ്ട്രീയം കലർന്നിരിക്കുന്നതുകൊണ്ട്‌ അവർക്കൊരുപക്ഷേ പുസ്തകത്തിൽ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി അനുഭവപ്പെടില്ലായിരിക്കും. പക്ഷേ മറ്റുള്ളവരുടെ സ്ഥിതി അതല്ല എന്നതാണിവിടുത്തെ പ്രശ്നം.

ഞാൻ വെറുതെയൊന്ന്‌ ആലോചിച്ചുനോക്കുകയായിരുന്നു. എന്റെ മകൻ വളർന്ന് ഏഴാം ക്ലാസ്സിലെത്തുന്നു. ഒരു ദിവസം, കസേരയിലിരുന്നു പത്രംവായിക്കുന്ന എന്റെ അരികിലിരുന്ന്‌ അവൻ സാമൂഹ്യപാഠത്തിന്റെ നോട്ടുകൾ ഉറക്കെ വായിച്ച്‌ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നു.

പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് ആത്യന്തികലക്ഷ്യം. അതിന്റെ വഴിയിൽ എന്തു തടസ്സങ്ങളുണ്ടെങ്കിലും മാറ്റുക തന്നെ വേണം. ഒന്നുകിൽ സഹകരണത്തിന്റെ വഴി. അല്ലെങ്കിൽ സമ്മർദ്ദത്തിന്റെ വഴി. എന്തായാലും തടസ്സങ്ങൾ നീക്കുക തന്നെ വേണം!

ഇത്രയുമാകുമ്പോഴേക്കും ഞാൻ പത്രത്തിൽനിന്നു മുഖമുയർത്തി അവനെയൊന്നു നോക്കും. എന്താണവന്റെ മുഖഭാവമെന്നു ശ്രദ്ധിക്കും. വാരിക്കുന്തമൊന്നും കയ്യിലെടുത്തു പിടിച്ചിട്ടില്ല – മര്യാദയ്ക്ക്‌ തന്റെ നോട്ടുബുക്ക്‌ വായിച്ചു പഠിക്കുകതന്നെയാണ് എന്ന്‌ ഉറപ്പു വരുത്തിയതിനുശേഷം വീണ്ടും പത്രവായന തുടരും.

അപ്പോളവൻ വീണ്ടും ഇങ്ങനെ വായനതുടരുകയാണ്.
നമ്മൾ ഇപ്പോളും ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്‌. പരിധിയില്ലാതെ ചിലർ ഭൂമികയ്യടക്കിവച്ചിരിക്കുന്നു. ധനം ചിലരുടെ കയ്യിൽ കുമിഞ്ഞുകൂടുന്നു. ഇതിനൊക്കെ എതിരെ ഒറ്റയ്ക്കു പ്രവർത്തിച്ചിട്ടു കാര്യമില്ല. കൂട്ടായ പ്രവർത്തനമാണു വേണ്ടത്‌.

ഇത്രയുമാകുമ്പോളേക്കും ഞാൻ വായിച്ചുകൊണ്ടിരുന്ന പത്രം വലിച്ചെറിഞ്ഞുകളഞ്ഞിട്ട് കസേരയിൽനിന്നു ചാടിയെണീക്കും. എന്റെ മകന്റെ കയ്യിൽ നിന്ന്‌ നോട്ടുബുക്കു പിടിച്ചുവാങ്ങി മുഴുവൻ അരിച്ചുപെറുക്കി വായിക്കും. അതിന്റെ പൊതിച്ചിലഴിച്ചുകളഞ്ഞ്‌ അതിനുള്ളിൽ വല്ല കൊച്ചരിവാളോ കുന്തമോ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. ‘മൊട്ടേന്നു വിരിയാത്ത’ ഇവൻ എന്തു “കൂട്ടായ പ്രവർത്തനമാണ് “ സംഘടിപ്പിക്കാൻ പോകുന്നത്‌‌‌ ? പണം ചിലരിൽ കുമിഞ്ഞുകൂടുന്ന അവസ്ഥ “ഏതുവിധേനയും“ ഒഴിവാക്കാൻ - സഹകരണമെങ്കിൽ സഹകരണം - സമ്മർദ്ദമെങ്കിൽ അങ്ങനെ – ഏതു വിധേനയും ഒഴിവാക്കാൻ - എന്ത്‌ ഉപായമാണ് ഇവന്റെ കുഞ്ഞുമനസ്സിൽ തെളിഞ്ഞുവരുന്നത്‌‌ ?

ഇതൊക്കെ ഞങ്ങൾക്കു പഠിക്കാനുള്ളതാണച്ഛാ. പാഠപുസ്തകത്തിൽനിന്ന്‌ തയ്യാറാക്കിയ നോട്ടാണ് “ എന്നു പറഞ്ഞ്‌ മകൻ കെഞ്ചിക്കരഞ്ഞാലും ശരി – ഞാനാ നോട്ടുബുക്കിന്റെ മുക്കും മൂലയും അരിച്ചുപെറുക്കും. ആന്തരികാർത്ഥങ്ങൾ ചികയും.

എനിക്കെന്തു പറ്റി - ഞാനൊരു ഭ്രാന്തനായോ എന്ന്‌ ഒരു പക്ഷേ എന്റെ മകൻ പോലും ചിന്തിക്കുമായിരിക്കും. ഞാനതു കാര്യമാക്കില്ല. എനിക്കറിയാവുന്നത്‌ ഒന്നു മാത്രമാണ്. ഞാനൊരു അച്ഛനാണ്. മക്കളുടെ കാര്യമോർത്താൽ എനിക്കു നെഞ്ചു പിടയും. ഞാനൊരു അച്ഛനാണ്. സാധാരണക്കാരനായ ഒരു അച്ഛൻ.

ചിലപ്പോൾ ഞാൻ വെറും സ്വാർത്ഥമതിയായതുകൊണ്ടാവും. നാട്ടിൽ നിരവധി ‘വെല്ലുവിളി‘കളുള്ളപ്പോൾ അതേപ്പറ്റി ആശങ്കപ്പെടുന്നതിനു പകരം പത്രം വായിച്ചു രസിക്കുന്ന എനിക്കു സാമൂഹ്യപ്രതിബദ്ധതയില്ലാത്തതുകൊണ്ടായിരിക്കും. അല്ലെങ്കിൽ ഞാൻ വെറും പിന്തിരിപ്പനായൊരു മൂരാച്ചിയോ ബൂർഷ്വയോ അതുമല്ലെങ്കിൽ അല്പം കൂടി റേഞ്ച്‌ കൂടിയ ‘പെറ്റി ബ്വൂർഷ്വ’യോ ആയതുകൊണ്ടാവും. പക്ഷേ എന്തുചെയ്യാം. എനിക്കെന്റെ മക്കളോട്‌ സ്നേഹമാണ്. എന്റെ പിഞ്ചുമകൻ വിപ്ലവം പ്രസംഗിക്കുന്നതു കേൾക്കാൻ എന്തുകൊണ്ടോ എനിക്കത്ര താത്പര്യം തോന്നുന്നില്ല!

എനിക്ക്‌ കമ്മ്യൂണിസ്റ്റുകാരായ സുഹൃത്തുക്കളുണ്ട്‌. അവരുടെ അവസ്ഥ ഒരു പക്ഷേ വ്യത്യസ്തമായിരിക്കാം. ഏഴാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ പിഞ്ചുമക്കൾ ഇങ്ങനെയൊക്കെ വായിക്കുന്നതുകേട്ടാൽ ആ കുഞ്ഞുമനസ്സിലെ വിപ്ലവബോധമോർത്ത്‌ അവർ രോമാഞ്ചം കൊള്ളുമായിരിക്കാം. ചിലർ അറിയാതെ ആവേശം കയറി “ആഹാ കലക്കി - ബീഡിയുണ്ടോ മകനേ ഒരു തീപ്പെട്ടിയെടുക്കാൻ“ എന്നു ചോദിച്ചു പോകുമായിരിക്കാം. ചെയ്യുന്നവർ ചെയ്യട്ടെ. പക്ഷേ എന്തുചെയ്യാം – കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല ഉള്ളത്‌. മറ്റുള്ളവർക്കെല്ലാം തങ്ങളുടെ കുട്ടികളുടെ വിപ്ലവപ്രസംഗം കേൾക്കുമ്പോൾ ആവേശമല്ല. ആശങ്കയാണ്. അത്തരമോരോന്നു പഠിക്കാനല്ലതാനും അവർ തങ്ങളുടെ കുട്ടികളെ പള്ളിക്കൂടത്തിൽ വിടുന്നത്‌.

ഇനിയിപ്പോൾ - മതമില്ലാത്ത “ജീവ“ന്റെ കാര്യത്തിലെന്നപോലെ – വലുതാകുമ്പോൾ അവന് വിപ്ലവമോ മറ്റെന്തെങ്കിലും രാഷ്ട്രീയമോ വേണമെന്നുതോന്നിയാലോ? അങ്ങനെ വേണമെന്നു തോന്നുമ്പോൾ അവന് ഇഷ്ടമുള്ള രാഷ്ട്രീയം തെരഞ്ഞെടുക്കട്ടെ. പക്ഷേ ഇപ്പോൾ വേണ്ട – പന്ത്രണ്ടുവയസ്സുപോലും തികയാത്ത അവന്റെ മേൽ ഇപ്പോളേ ചോരതിളപ്പിക്കാൻ ശ്രമിക്കുന്ന വിപ്ലവരാഷ്ട്രീയം അടിച്ചേൽ‌പ്പിക്കുന്നതു തെറ്റാണ്. അത്‌ അച്ഛനായ ഞാനായാലും ശരി - അദ്ധ്യാപകനായ സഖാവായാലും ശരി – തെറ്റാണ്. തെറ്റുതന്നെയാണ്. എനിക്കതിൽ സംശയമേതുമില്ല.

----------------------------------------------------------------------------------
2. സാറേ – സാറു സത്യത്തിൽ ആരാ? പട്ടരോ അതോ പറയനോ‌?
----------------------------------------------------------------------------------

ഒരു പക്ഷേ അതിനേക്കാളും രൂക്ഷമായ മറ്റൊരു പ്രശ്നം എനിക്ക്‌ അഭിമുഖീകരിക്കേണ്ടിവരിക അവൻ മറ്റൊരു പാഠഭാഗം വായിച്ചു പഠിക്കുമ്പോളായിരിക്കും. രണ്ടാം പാഠം.

ഒരു ദിവസം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ മകൻ വെറുതെ കുറേ പേരുകളും ജാതിപ്പേരുകളുമൊക്കെ മാത്രം വിളിച്ചു പറയുന്നതാവും കേൾക്കുന്നത്‌. “എന്താടാ - നിനക്കു പഠിക്കാനൊന്നുമില്ലേ ” എന്ന്‌ ദേഷ്യത്തിൽത്തന്നെയൊരു ചോദ്യം എന്നിൽനിന്നും സ്വാഭാവികമായും ഉണ്ടാകുകയും ചെയ്യും. പക്ഷേ, “ഞാൻ പഠിക്കുകയാണച്ഛാ” എന്ന മറുപടി എന്നെ നിശ്ശബ്ദനാക്കും!

അവിടം കൊണ്ടു തീർന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, ജാതിയടിസ്ഥാനത്തിൽ ഇന്നത്തെ കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിനുള്ള അവസരം എത്രത്തോളമുണ്ടെന്നും മറ്റും മനസ്സിലാക്കണമെങ്കിൽ അവന് ഒറ്റയ്ക്കു പറ്റില്ല. സ്വാഭാവികമായും എന്റെ സഹായം തേടും. ഞാനവനെ എങ്ങനെ സഹായിക്കണമെന്നാണ്‌ ?

അപ്പുറത്തെ വീട്ടിലെ രാജു എന്തുജാതിയാണച്ഛാ” എന്ന ചോദ്യത്തിന് എനിക്കു മറുപടിയില്ല. പൊതുവേ ഈ ജാതി കിള്ളിച്ചികഞ്ഞുകണ്ടെത്തുന്നത്‌ എനിക്കത്ര താത്പര്യമുള്ളവിഷയമല്ല.

കുഞ്ഞുമോൾ പഠിത്തം നിർത്താൻ കാരണം അവളുടെ ജാതിയാണോ അച്ഛാ” എന്നു ചോദിച്ചാൽ ഞാൻ കുഴഞ്ഞുപോകുകയേയുള്ളൂ.

ഇതെല്ലാം സഹിക്കാം. അറിയില്ലെന്നോ മറ്റോ എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ്‌ തടിയൂരാം.

പക്ഷേ...

അവൻ ചിലപ്പോൾ സ്വന്തം ജാതിയും ചികഞ്ഞുകണ്ടെത്താൻ ശ്രമിച്ചെന്നിരിക്കും!

എനിക്ക്‌ ചെറുപ്പം തൊട്ടേ സമുദായസംഘടനകളോ അതുപോലെയുള്ള പരിപാടികളുമായോ ബന്ധമൊന്നുമില്ല. വ്യത്യസ്തജാതിയിൽ നിന്നാണു വിവാഹം കഴിച്ചിരിക്കുന്നത്‌. പൊതുവേ ജാതിസൂചകങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ നിന്ന്‌ ഒഴിവാകാറാണു പതിവ്‌. മക്കൾക്ക്‌ ജാതിചേർത്തിട്ടുമില്ല.

എന്റെ മകന് പ്രത്യേകിച്ചങ്ങനെയൊരു ജാതിയൊന്നുമില്ല എന്നു പറയാനാണ് എനിക്കിഷ്ടം. ഇന്നത്തെ “നിയമ”വ്യവസ്ഥയിൽ എത്രകാലം അങ്ങനെ കൊണ്ടുപോകാനാവുമെന്നറിയില്ല. പക്ഷേ പരമാവധി അങ്ങനെ കൊണ്ടുപോകാനാണിഷ്ടം. അതിനിടയിൽക്കയറി എന്റെ മകൻ തന്നെ ജാതിതാല്പര്യം കാണിച്ചുതുടങ്ങിയാൽ?

അത്തരമൊരു സാഹചര്യം സൃഷ്ടിച്ച ജാതിഭ്രാന്തന്മാർ ആരായാലും ശരി – ജാതിവ്യത്യാസങ്ങൾ ഒഴിവാക്കാനനുവദിക്കാത്തതിന്റെ പേരിൽ – മാറ്റങ്ങൾ ഉൾക്കൊള്ളാൻ പുതുതലമുറയെ അനുവദിക്കാതെ കാലങ്ങൾ പിറകിലേക്കു തിരിച്ചു നടക്കാൻ പ്രേരിപ്പിക്കുന്നതിന്റെ പേരിൽ - അവരെ ഞാൻ മനസ്സുകൊണ്ടു പഴിക്കും.

----------------------------------------------------------------------------------
3. സൂര്യനുദിക്കുന്നത്‌ കിഴക്കോ പടിഞ്ഞാറോ? – ‘വിദഗ്ദ്ധർ’ പങ്കെടുക്കുന്ന സംവാദം
----------------------------------------------------------------------------------

പാഠപുസ്തകത്തിൽ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ കുത്തിത്തിരുകിയിട്ടുണ്ടോ ഇല്ലയോ എന്ന മട്ടിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ തികച്ചും അനാവശ്യമാണ്. അത്രയ്ക്കു വ്യക്തമാണ് – പകൽ പോലെ വ്യക്തമാണ് - കാര്യങ്ങൾ. തലക്കെട്ടുകൾ മാത്രം കൊടുത്തിട്ടുള്ള ചില പേജുകളൊഴിച്ചാൽ ബാക്കി എല്ലാ പേജുകളിലും, പരക്കെ എതിർക്കപ്പെടാവുന്നതായ – കമ്മ്യൂണിസ്റ്റുകളൊഴിച്ച്‌ മറ്റുള്ളവർക്കു സ്വീകാര്യമല്ലാത്ത - ഒട്ടനവധി കാര്യങ്ങളുണ്ട്‌.

ഈ വിവാദങ്ങളൊക്കെ ഉണ്ടാകുന്നതിനു മുമ്പ്‌ അതിന്റെ മുഖചിത്രം ചീന്തിക്കളഞ്ഞിട്ട്‌ ആർക്കെങ്കിലും വായിക്കാൻ കൊടുക്കുകയും “എന്തുപുസ്തകമാണെന്നു പറയാമോ“ എന്നു ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ പറഞ്ഞേനെ – “ഏതോ ഇടതുപക്ഷവിദ്യാർത്ഥിസംഘടനയുടെ ശില്പശാലയിലോ മറ്റോ പഠിപ്പിക്കാനുള്ള എന്തോ ആണ്” എന്ന്‌.

റഫറൻസിനായി കൊടുത്തിരിക്കുന്ന പുസ്തകങ്ങളുമതെ - ഒന്നാന്തരം കമ്മ്യൂണിസ്റ്റു ചരിത്രരേഖകളാണ്.

ഭൂപരിഷ്കരണം, ജാതീയതയ്ക്കെതിരെയുള്ള മുന്നേറ്റങ്ങൾ തുടങ്ങിയവ പുതുതലമുറയ്ക്ക്‌ അറിവില്ലാത്ത സ്ഥിതിയ്ക്ക്‌ അവർക്കിടയിൽ അതു “മാർക്കറ്റു“ചെയ്യാൻ വ്യഗ്രതപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റിന്റെ മേനി പറച്ചിൽ മാത്രമാണ് ആദ്യഭാഗം മുഴുവനും. “പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും താരത‌മ്യം ചെയ്യൂ – എങ്ങനെയാണ് മാറ്റം ഉണ്ടായത്‌? – ങേ – ങേ?” എന്നൊക്കെ ചിന്തിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾ വ്യക്തമായിത്തന്നെ ചോദിച്ചിട്ടുണ്ട്‌. എന്നിട്ട്‌ അതിനു താഴെ അല്പം സ്ഥലമിട്ടിരിക്കുന്നു. കണ്ടെത്തിയ കാര്യങ്ങൾ എന്തെല്ലാം? ....കുത്തുകുത്ത്‌......!

ഇതൊക്കെക്കണ്ടാൽ ഒരു വായനക്കാരൻ എന്തുമനസ്സിലാക്കണമെന്നാണ് ? കുട്ടികൾ താരത‌മ്യത്തിലൂടെ ഇവിടെ എന്തുകണ്ടെത്തണമെന്നാണ് രചയിതാവ് ഉദ്ദേശിക്കുന്നത്? എങ്ങനെ മാറ്റം ഉണ്ടായെന്നാണ്? ആ ‘കുത്തുകുത്തുകൾ’ എങ്ങനെയും വ്യാഖ്യാനിക്കാവുന്നവയാണോ? അതോ അതു നിർബന്ധപൂർവ്വം കുട്ടികളിൽ എന്തെങ്കിലും അടിച്ചേൽ‌പ്പിക്കുന്നുണ്ടോ? പൊതുജനം വെറും മണ്ടന്മാരാണെന്നു കരുതരുത്‌.

“മാറ്റം വരുത്തിയതു കമ്മ്യൂണിസ്റ്റുകാരാണ് – അവരില്ലായിരുന്നെങ്കിൽ കേരളം ഇപ്പോളേയ്ക്കും കട്ടപ്പൊകയായേനെ“ എന്നും, “വളർന്നു വരുമ്പോൾ നമ്മളും കൂട്ടത്തോടെ അരിവാളിനു കുത്തുകയാണെങ്കിൽ മാത്രമേ ഇന്നത്തെ ഈ “പുരോഗമനപര“മായ അവസ്ഥ നിലനിർത്താൻ പറ്റൂ“ എന്നും വിരുതനായൊരു കുട്ടി – പറ്റുമെങ്കിൽ ചുവന്ന മഷിയിൽത്തന്നെ - എഴുതിവച്ചാൽ അവനു നൂറിൽ നൂറു മാർക്ക്‌. അല്ലാത്ത കുട്ടികൾക്ക് പ്രോഗ്രസ്‌കാർഡിലായിരിക്കും ചുവന്ന മഷി!

ഉത്തരപ്പേപ്പർ നോക്കുന്നയാൾ ‘കെ.എസ്‌.ടി.എ.‘ക്കാരനാണെങ്കിൽ മാർക്കു നൂറുകടന്നുപോകാനും സാദ്ധ്യതയുണ്ട്‌. തന്റെ ഉത്തരപ്പേപ്പർ നോക്കുന്ന അദ്ധ്യാപകൻ ആരായിരിക്കുമെന്നും അദ്ദേഹത്തിന്റെ യൂണിയൻ ഏതായിരിക്കുമെന്നുമറിയാൻ പാഴൂർപടിപ്പുരയിൽ‌പ്പോയി പ്രശ്നംവയ്പ്പിച്ച ശേഷം പരീക്ഷയെഴുതേണ്ട അവസ്ഥയാണ്.

ഇതു സത്യത്തിൽ സർക്കാരിനു പറ്റിയ ഒരു കയ്യബദ്ധമായിട്ടാണു ഞാൻ വിലയിരുത്തുന്നത്‌. ഒരു ഭരണകൂടത്തിന് പാഠപുസ്തകങ്ങളുടെ നിലവിലുള്ള ചട്ടക്കൂടിലും ഉള്ളടക്കത്തിലും താത്പര്യമില്ലായ്മ ഉണ്ടാകുന്നതും അവരതു തിരുത്താൻ ശ്രമിക്കുന്നതുമൊക്കെ സ്വാഭാവികമാണ്. പക്ഷേ അതിനൊരു പരിധിയൊക്കെയുണ്ട്‌. ഒരല്പം തന്ത്രപരമായ രചനയൊക്കെ പ്രതീക്ഷിക്കുകയും വേണം. ഇതുപക്ഷേ – അമിതാവേശം കാരണമോ മറ്റോ – സമ്പൂർണ്ണമായി ഇടത്തേയ്ക്കു ചെരിച്ച്‌ എഴുതിക്കളഞ്ഞു! ഒറ്റ നോട്ടത്തിൽത്തന്നെ കള്ളി വെളിച്ചത്താവുന്ന മട്ടിൽ. അതും വമ്പിച്ച പ്രതിഷേധം ഉയർത്തിവിടുന്ന മട്ടിൽ.

പാഠപുസ്തകത്തിന്റെ ആദ്യമൂന്നുഭാഗങ്ങൾ മുഴുവൻ വായിച്ചുകഴിഞ്ഞപ്പോൾ, ഈയിടെ ഷൊർണ്ണൂരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട വിമതനേതാവ്‌ മുരളിയുടെ ഒരു പറച്ചിലാണ് ഓർമ്മ വന്നത്‌. “ഞാൻ പാർട്ടി ഓഫീസിന്റെ തിണ്ണയിലിരുന്നു കഞ്ചാവു വലിച്ചു വളർന്നവനല്ല“ എന്നോ മറ്റോ ആണ് അദ്ദേഹം പറഞ്ഞത്‌. ആരെയോ വെല്ലുവിളിച്ചുകൊണ്ടെന്ന മട്ടിൽ ഒരു മുതിർന്ന നേതാവ്‌ അങ്ങനെ പറയുന്നെങ്കിൽ അതിനർത്ഥം – അങ്ങനെ വളർന്നു വന്ന മറ്റാരോ ഉണ്ടെന്നു തന്നെയാണ്. അങ്ങനെയുണ്ടെങ്കിൽ അത്തരമൊരു കഞ്ചാവുകക്ഷിയോ മറ്റോ ഈ പുസ്തകത്തിൽ കൈവച്ചിട്ടുണ്ടോ എന്നുപോലും സംശയിച്ചുപോകും. അല്ലാതെ മറ്റാരായിരുന്നെങ്കിലും അല്പം കൂടി ആത്മനിയന്ത്രണം പാലിച്ചേനെ. ഇതിപ്പോൾ സർവ്വപരിധികളും ലംഘിച്ച്‌ ഒരുമാതിരി പാർട്ടി ലഘുലേഖകൾ കൂട്ടിത്തുന്നിയ മട്ടായിപ്പോയി.

അവസാനപേജിൽ 'ലാൽ‌സലാം' എന്നെഴുതി അരിവാളിന്റെയും മുഷ്ടിയുടെയും ചിത്രവും വരച്ചുചേർത്ത്‌ അവസാനിപ്പിക്കാത്തതു ഭാഗ്യം എന്നു വേണം കരുതാൻ. എഴുതിയെഴുതി അത്രയുമായപ്പോളേയ്ക്കും കെട്ടു വിട്ടിട്ടുണ്ടാവണം. കഴിച്ച സാധനത്തിന്റെ ക്വാളിറ്റി പോര എന്നായിരിക്കണം കുട്ടികൾ ഇതിൽനിന്നും എത്തിച്ചേരേണ്ട നിഗമനം. അല്ല പിന്നെ! ഓരോന്നു പറയിപ്പിച്ചാൽ പിന്നെ എന്തുചെയ്യാനാണ്!

-----------------------------------------------------------------------
4. നോക്കൂ – ദാ എന്റെ തലയിൽ കോഴിത്തൂവലില്ല!
-----------------------------------------------------------------------

കമ്മ്യൂണിസ്റ്റ്‌ ആശയപ്രചാരണമൊന്നും ഉദ്ദേശിച്ചിട്ടില്ല എന്ന്‌ ആവർത്തിച്ചുവ്യക്തമാക്കിക്കൊണ്ട്‌ ധാരാളം ലേഖനങ്ങൾ ഇപ്പോൾ വരുന്നുണ്ട്‌. അക്കൂട്ടത്തിലൊരെണ്ണം സംസ്ഥാനവിദ്യാഭ്യാസസമിതിഉപദേശകന്റേതായി മാതൃഭൂമിയിൽക്കണ്ടു. ഇടയ്ക്ക്‌ ഒരു ഖണ്ഡികയിൽ അദ്ദേഹം അറിയാതെ ആവേശം കയറി ഏതാണ്ട്‌ ഇമ്മട്ടിൽ എഴുതിയിരിക്കുന്നു. “കമ്മ്യൂണിസമൊക്കെ സാമൂഹ്യശാസ്ത്രപാഠത്തിനു വിഷയമാകും. അത്‌ ആ വിഷയത്തിന്റെ സ്വഭാവമാണ്. അതു പാടില്ല എന്നൊന്നും പറയാനാവില്ല

പച്ചയായ തുറന്നു സമ്മതം!

അത്രയെങ്കിലും ആശ്വാസം – കമ്മ്യൂണിസമുണ്ട്‌ എന്നെങ്കിലും സമ്മതിക്കുന്നല്ലോ.

“പുസ്തകത്തിൽ എന്താണു തെറ്റുള്ളതെന്നു ചൂണ്ടിക്കാണിക്കൂ” എന്നു ചിലർ ചോദിക്കുന്നു.

ദേശാഭിമാനിയുടെ ശൈലിയിൽ പച്ചയായ നുണയെഴുത്തു കാണുന്നു എന്നല്ല ആളുകളുടെ പരാതി എന്നാണവർ മനസ്സിലാക്കേണ്ടത്‌.

പുസ്തകത്തിൽ നുണയാണെന്നല്ല പറയുന്നത്‌. അതിന്റെ ഉള്ളടക്കം ഒരു ‘പൊതു‘പാഠപുസ്തകമെന്ന നിലയിൽ അസ്വീകാര്യമാണ് എന്നു മാത്രമാണ്.

അതിൽ, പഠിപ്പിക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന കാര്യങ്ങളൊക്കെത്തന്നെയാണോ എല്ലാ മലയാളികളുടെയും കുട്ടികൾ പഠിക്കേണ്ടത്‌? - പ്രായവും പാഠങ്ങളും ഒത്തുപോകുന്നുണ്ടോ?

അതുമാത്രമാണോ പഠിപ്പിക്കേണ്ടത്‌ – ഒഴിവാക്കലുകൾ ഉണ്ടോ?

അത്‌ അങ്ങനെയൊക്കെത്തന്നെയാണോ പഠിപ്പിക്കേണ്ടത്‌ – വളച്ചൊടിക്കലുകളില്ലേ?

ഇതൊക്കെയാണ് ചോദ്യങ്ങൾ. പാഠപുസ്തകത്തെ ന്യായീകരിക്കുന്നവർ ആ ചോദ്യങ്ങൾക്കാണു മറുപടി കണ്ടെത്താൻ ശ്രമിക്കേണ്ടത്‌.

കമ്മ്യൂണിസ്റ്റ്‌ ആശയഗതികൾക്കനുസരിച്ചുജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന – കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളോട്‌ ആഭിമുഖ്യമുള്ള - ഒരു തലമുറയെ വാർത്തെടുക്കുവാനുതകുന്ന ചിന്തയുടെ വിത്തുകൾ വിദ്യാർത്ഥിസമൂഹത്തിൽ പാകുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ആ പുസ്തകത്തിന്റെ രചന നടത്തിയിട്ടുള്ളത്‌ എന്നതു നിസ്സംശയം പറയാം. വ്യക്തമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തിട്ടുള്ളതെങ്കിൽ, തന്നെ ഏൽ‌പ്പിച്ച ജോലി വൃത്തിയായി ചെയ്തതായി രചയിതാവിന് അഭിമാനിക്കാം. ഇനി അതല്ല – മേൽപ്പറഞ്ഞപടി വല്ല സംഗതികളുടെയും എഫക്ടുമൂലം അറിയാതെ ഇങ്ങനെയൊക്കെ എഴുതിപ്പോയതാണെങ്കിൽ - ഇനിയെങ്കിലും ലഹരി ഒരു പരിധി വിടാതെ ശ്രദ്ധിക്കുന്നതു നന്നാവും എന്നേ പറയാനുള്ളൂ.

കമ്മ്യൂണിസ്റ്റുകാർക്കുമുണ്ടാവും പറയാൻ പരാതികൾ എന്നതാണിപ്പോളത്തെ അവസ്ഥ. എന്തുകൊണ്ടാണ് കരിവെള്ളൂരിൽ മാത്രം ഒതുക്കിയത്‌? “കയ്യൂരും കരിവെള്ളൂരും – പുന്നപ്രയും വയലാറും“ – അങ്ങനെ പലതുമുണ്ടായിരുന്നു എഴുതിച്ചേർക്കുവാൻ. പിന്നെ, പൊതുവെ അക്രമവാസനപ്രോത്സാഹിപ്പിക്കൽ, കമ്മ്യൂണിസ്റ്റ്‌ സായുധസമരങ്ങളെ പെരുപ്പിച്ചുകാട്ടൽ - അതൊക്കെ വന്നിട്ടുണ്ട്‌ എന്നോർത്ത്‌ ആശ്വസിക്കാം.

“ജീവനില്ലാത്ത മത“ത്തിന്റെ പാഠത്തിലുമതെ. ആശയം നല്ലതാണെന്നു പറയുന്നു. മതമൈത്രിയോ മതേതരത്വമോ ഒക്കെയാണ് അതുകൊണ്ടുദ്ദേശിച്ചതെങ്കിൽ, അതുകൂടി മറ്റൊരു വരിയിൽ എഴുതിച്ചേർക്കുന്നതു നന്നായിരുന്നു. “ഓ. അപ്പോൾ ഇതാണുദ്ദേശിച്ചിരിക്കുന്നതല്ലേ “– എന്ന്‌ വായനക്കാർക്കു കരുതാമായിരുന്നു. ഇപ്പോളത്തെ അവസ്ഥയിൽ, ‘മതം തികച്ചും അപ്രധാനമാണ്. അത്‌ ഉപേക്ഷിക്കുന്നതിലും തെറ്റില്ല‘ എന്നുതന്നെയാണ് അവിടെ പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാൻ വളരെ ലളിതമായ യുക്തിബോധം മതി.

എന്ത്‌ ആശയമാണ് അവിടെ ഉദ്ദേശിച്ചതെങ്കിലും ശരി - അവതരണം അറുബോറാണ്. മാത്രമല്ല – അബദ്ധജടിലവുമാണ്. ആ പ്രായത്തിൽ കുത്തിത്തിരുകേണ്ട ഒന്നല്ല താനും അത്‌.

മിശ്രവിവാഹം എന്ന അതിദുർബലമായ ഉദാഹരണത്തിലൂടെയൊന്നുമായിരുന്നില്ല മതമൈത്രി എന്ന ആശയം കൊണ്ടുവരാൻ ശ്രമിക്കേണ്ടിയിരുന്നത്‌. മിശ്രവിവാഹങ്ങൾ നല്ലതുതന്നെയാണ് – അതു നമുക്കിടയിൽ സംഭവിക്കുന്നുമുണ്ട്‌. എന്നാലും പൊതുവിൽ നോക്കിയാൽ അവ ഒരു “മൈത്രി“യൊന്നുമല്ല സമൂഹത്തിൽ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്‌. ഒരു ബഹുസ്വരസമൂഹത്തിൽ സമാധാനപരമായ സഹവർത്തിത്വം സാധ്യമാക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സംബന്ധിച്ച, കുറേക്കൂടി “ജീവ“നുള്ള, എന്തെല്ലാം ഉദാഹരണങ്ങൾ കൊണ്ടുവരാമായിരുന്നു! ഇപ്പോളത്തെ പാഠത്തിൽ പൊതുവെ “ഓ.. എന്തോന്നു മതം – പോകാൻ പറ” എന്നൊരു കമ്മ്യൂണിസ്റ്റു ധാർഷ്ട്യം തന്നെയാണു മുഴച്ചു നിൽക്കുന്നത്‌.

കുട്ടികളിൽ മതമൈത്രിയുടെ സന്ദേശമെത്തിക്കുമ്പോൾ, പരോക്ഷമായ സൂചനകളിലൂടെ അതവരുടെ ഹൃദയത്തിൽ നേരിട്ടെത്തിക്കാനാണു ശ്രമിക്കേണ്ടത്‌ എന്നതൊരു സാമാന്യതത്വമാണ്. ‘മതമൈത്രി വേണം‘ എന്ന്‌ എടുത്തു പറയുന്നതുപോലും കുട്ടികളുടെ മനസ്സിൽ മറിച്ചൊരു ചിത്രം പതിയാനിടയാക്കുമെന്നതിനാൽ വളരെ സൂക്ഷിക്കണം. മതസൂ‍ചനകൾ പ്രത്യക്ഷത്തിൽ വരാതെ തന്നെ, മതമൈത്രിയുടെ ആവശ്യകതയേക്കുറിച്ചു തങ്ങൾക്കു പറഞ്ഞുതരികയാണെന്നു തോന്നാതെ, ഇതൊരു സാമാന്യരീതിമാത്രമാണ് എന്ന തോന്നൽ കുട്ടികളുടെ മനസ്സിൽ അവരറിയാതെ പതിയുന്ന വിധം പരോക്ഷമായി വേണം ആ വിഷയം അവതരിപ്പിക്കാൻ.

ഇപ്പോൾ അങ്ങനെ പ്രത്യക്ഷത്തിൽ പറഞ്ഞുവെന്ന്‌ ആരോപിക്കുകയല്ല. പക്ഷേ, മുകളിൽ‌പ്പറഞ്ഞമട്ടൊരു ഗൌരവത്തോടെയല്ല ആ വിഷയത്തെ സമീപിച്ചിരിക്കുന്നത്‌. പാഠപുസ്തകം മൊത്തത്തിൽ നോക്കുമ്പോൾ, കുട്ടികൾ സ്വന്തം മതം മാത്രമല്ല – സ്വന്തം ജാതി – മറ്റുകുട്ടികളുടെ ജാതി – ഇതൊക്കെ തിരിച്ചറിഞ്ഞുകൊണ്ട്‌ ആലോചിച്ച്‌ സമഭാവനയ്ക്കു പകരം തങ്ങൾ വ്യത്യസ്തരാണ് എന്ന ചിന്തയിലേക്കു നയിക്കപ്പെടുമോ എന്നു ഭയന്നുപോകുന്നു.

തുറന്നുവച്ച ജാതീയതയും ഒളിപ്പിച്ചുവച്ച വർഗ്ഗീയതയും ഉപയോഗിച്ചുകൊണ്ടുകൂടിയാണ് കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങൾ വളർന്നത്‌. കമ്മ്യൂണിസ്റ്റുപാഠപുസ്തകം രചിക്കപ്പെടുമ്പോൾ അതിന്റെ പ്രതിഫലനമുണ്ടാകുന്നതു സ്വാഭാവികം. പക്ഷേ അതിരുകടന്നാൽ അത്‌ അപകടമാണ്.

ഏഴിലെ തന്നെ മലയാളം പാഠപുസ്തകവും ചുവപ്പുനിറം തന്നെയാണെന്നാണു കേട്ടത്‌. വായിക്കാൻ അവസരം ലഭിച്ചില്ല. ആശാൻ - ഉള്ളൂർ - വള്ളത്തോൾ എന്നിവർ പോയിട്ട്‌ ഭാഷാപിതാവ്‌ തുഞ്ചത്തെഴുത്തച്ഛനേപ്പോളും മഷിയിട്ടു നോക്കിയാൽ കാണാനാവില്ലത്രേ. പക്ഷേ പരാതിക്കിടയില്ല. പ്രശസ്ത കമ്മ്യൂണിസ്റ്റ്‌ കവി തിരുനെല്ലൂർ കരുണാകരൻ തൊഴിലാളികളേപ്പറ്റി എഴുതിയ ഒരു പാട്ടുകൊടുത്തിട്ടുണ്ട്‌. അതിന്റെ അവസാനം കുട്ടികൾക്കു ചെയ്തു നോക്കുവാനുള്ള കാര്യങ്ങളുടെ കൂട്ടത്തിൽ, മുദ്രാവാക്യങ്ങൾ തയ്യാർ ചെയ്യാനാണത്രേ ആവശ്യപ്പെട്ടിരിക്കുന്നത്‌!!!

‘ഇങ്ക്വിലാബ്‌ സിന്ദാബാദ്‌‘ എന്നൊരു ഉദാഹരണം കൂടി കൊടുത്തിട്ടുണ്ടോ ആവോ? അല്ലെങ്കിൽ, “നമ്മളു കാണും ചാനലുകൾ - നമ്മുടെതാടീ പൈങ്കിളിയേ” എന്നൊരു വരി?

“വിനാശകാലേ വിപരീതബുദ്ധി“ എന്നല്ലാതെ എന്തുപറയാൻ?

----------------------------------------------------------
5. അമേരിക്കയില്ലാത്ത കഷായമുണ്ടോ?
----------------------------------------------------------

കേരളത്തിലെ കമ്മ്യൂണിസ്റ്റുനേതാക്കളുടെ വാക്കുകൾ ഏറ്റവുമധികം ചിരിപ്പിക്കുന്നത്‌ അവർ അമേരിക്കയേക്കുറിച്ചു പറയുമ്പോളാണ്. ഏതെങ്കിലുമൊരു ഓണംകേറാമൂലയിലെ ഇടവഴിയിൽ‌വച്ച്‌ ഒരു ലോക്കൽകമ്മിറ്റി മെംബറെ പട്ടികടിക്കാൻ ഓടിച്ചാലും അവർ പറഞ്ഞുകളയും അത്‌ അമേരിക്ക അഴിച്ചുവിട്ട പട്ടിയാണെന്ന്‌!

പാഠപുസ്തകവിരുദ്ധസമരത്തിനുപിന്നിലും വിദേശകരങ്ങളാണെന്നും മറ്റുമുള്ള വാദങ്ങൾ എത്ര പരിഹാസ്യമാണ്! ഇവിടെ ഏതൊക്കെയോ അമേരിക്കൻ ചാരന്മാർ ഉണ്ടെന്നും അവർ ഇടതുഗവണ്മെന്റ്റിനെ തകർക്കാൻ നോക്കുകയാണെന്നുമൊക്കയാണു പറഞ്ഞുകളയുന്നത്‌! രാവിലെ തന്നെ കുളിച്ചു പൌഡറുമിട്ട്‌ കോളേജിലേക്കു പോയിരുന്ന കുമാരന്മാരുടെയും കുമാരിമാരുടേയും കാര്യം ഓർത്തുപോകുകയാണ്. ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ അവരുടെ വിചാരം ലോകം മുഴുവൻ അവരെയാണു ശ്രദ്ധിക്കുന്നതെന്നാണ്. എവിടെ?!

ലോകത്തിന്റെ ഏതോ ഒരു കൊച്ചുമൂലയിൽ അരിവാൾ ചുറ്റിക വിജയിച്ചുവെന്നും പറഞ്ഞ്‌ ഉറക്കം നഷ്ടപ്പെടുത്താൻ മാത്രം വിഡ്ഢികളാണോ എന്തോ അമേരിക്കക്കാർ? ഇനി അഥവാ അവർക്ക്‌ അതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽത്തന്നെ, ഗവണ്മെന്റിനെതിരെ സമരം നടത്തിക്കാൻ പണം മുടക്കാൻ മാത്രം അത്രയ്ക്കു പമ്പരവിഡ്ഢികളായിരിക്കുമോ? അല്പമെങ്കിലും നിരീക്ഷണപാടവമുണ്ടെങ്കിൽ അവർ ഇതിനകം തന്നെ മനസ്സിലാക്കിയിട്ടുണ്ടാവണം – കമ്മ്യൂണിസ്റ്റുഗവണ്മെന്റിനെ താഴെയിറക്കാൻ കമ്മ്യൂണിസ്റ്റുകൾ തന്നെ ധാരാളമാണെന്ന്‌. അധികാരത്തിൽക്കയറി ആദ്യവർഷം പോലും തികയ്ക്കണമെന്നില്ല – അതിനു മുമ്പു തന്നെ സകലരേയും വെറുപ്പിക്കുക എന്ന വിദ്യയിൽ വിദഗ്ദ്ധന്മാരാണവർ.

കമ്മ്യൂണിസ്റ്റുകൾ എന്തിനേയും അമിതമായി രാഷ്ട്രീയം കലർത്തിയാണു കാണുന്നത്‌. അതുകൊണ്ടൊക്കെത്തന്നെയാണ് ഇത്തരം കമന്റുകൾ ഉണ്ടാകുന്നത്‌. ഇവിടെ അമേരിക്കയും ചൈനയുമൊന്നുമല്ല പ്രശ്നം. കേരളമാണ്. മലയാളമാണ്. ഇവിടുത്തെ പാഠപുസ്തകമാണ്. അത്‌ നമ്മൾ മലയാളികൾ തന്നെയാണു പരിഹരിക്കേണ്ടത്‌.

കോൺഗ്രസും ബി.ജെ.പി.യുമടക്കം, ഇടതുപക്ഷത്തല്ലാത്ത പ്രമുഖകകക്ഷികളൊക്കെ പാഠപുസ്തകത്തിനെതിരാണ്. എന്നുവച്ച്‌ ‘സമരങ്ങൾ രാഷ്ട്രീയപ്രേരിത‘മാണെന്നു പറയാൻ തുടങ്ങിയാൽ അതു തെറ്റാണ്. സർക്കാരിനെ താഴെയിറക്കാൻ മാത്രമാണ് – മറ്റൊരു വിമോചനസമരത്തിനുള്ള പുറപ്പാടാണ് – ലോക്‌സഭാതെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് എന്നൊക്കെയുള്ള പറച്ചിലുകൾക്ക്‌ ഒരുതരം കുറ്റസമ്മതത്തിന്റെ സ്വരമാണ്. അപ്പോൾ, സമരക്കാർക്കു ജനപിന്തുണ കിട്ടും എന്നവർ ഭയക്കുന്നു എന്നർത്ഥം. ഇതെന്താ കമ്മ്യൂണിസ്റ്റുകൾക്ക്‌ ഇത്രയ്ക്ക്‌ ആത്മവിശ്വാസമില്ലേ?

പാഠപുസ്തകം കമ്മ്യൂണിസ്റ്റുകളല്ലാത്തവർക്കു മിക്കവർക്കും താത്പര്യമില്ലാത്ത ഒന്നാണ്. സമരം ചെയ്യുന്നവർക്കു രാഷ്ട്രീയനേട്ടവുമുണ്ടായേക്കാം. എന്നു വച്ച്‌ അതാണു ലക്ഷ്യം എന്നു പറയുന്നതു മണ്ടത്തരമാണ്. പുസ്തകമാണു പ്രശ്നം. പിഴവുകൾ പരിഹരിച്ച്‌ എത്രയും പെട്ടെന്നു തലയൂരാനാണ് സർക്കാർ ശ്രമിക്കേണ്ടത്‌.

“പാഠപുസ്തകവിരുദ്ധസമരം വികസനത്തെ അട്ടിമറിക്കാനാ“ണെന്നൊക്കെ കോടിയേരി പ്രഖ്യാപിച്ചിരിക്കുന്നു. എസ്‌.എഫ്‌.ഐ.യുടെ പ്രകടനത്തിനു മുന്നിൽ പ്രസംഗിച്ചതാണ്. “വിവാദം അർത്ഥശൂന്യ“വുമാണത്രേ. ഉത്തരവാദിത്തപ്പെട്ടവർ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഇങ്ങനെ ഒളിച്ചോടുന്നതു ദു:ഖകരമാണ്. സത്യത്തിൽ ഇത്തരം രാഷ്ട്രീയപ്രസ്താവനകളാണ് തികച്ചും അർത്ഥശൂന്യം. ആളുകൾ വികസനത്തെയല്ല – കമ്മ്യൂണിസ്റ്റുവൽക്കരിക്കപ്പെട്ട പാഠപുസ്തകത്തെ മാത്രമാണ് എതിർക്കാനും തടയാനും ശ്രമിക്കുന്നത്‌. അർത്ഥശൂന്യമായ രാഷ്ട്രീയപ്രസ്താവനകൾ ആവർത്തിച്ചുകൊണ്ട്‌ ഈ പ്രശ്നം ഇങ്ങനെ നീട്ടി നീട്ടിക്കൊണ്ടുപോകാതെ വിട്ടുവീഴ്ചകൾക്കു തയ്യാറായി ഇതൊന്നവസാനിപ്പിച്ചുകൂടേ?

അതിനിടയ്ക്ക്‌ വിദ്യാഭ്യാസമന്ത്രി പുസ്തകവുമായി ഡൽഹിയ്ക്കു പോയത്‌ എന്തിനാണാവോ? ഈ അർജ്ജുൻസിംഗിനും യശ്പാലിനുമൊക്കെ അതിന്റെ പരിഭാഷവായിച്ച്‌ എന്തുപിടികിട്ടാനാണ്? പിടികിട്ടിയാൽത്തന്നെ മലയാളികളുടെ പരാതിയ്ക്ക്‌ അഭിപ്രായം പറയാൻ അവർ ആരാണ്?

അപ്പോളതാ ഒരു ‘വിദഗ്ദ്ധ സമിതി’ വന്നിരിക്കുന്നു! പാഠപുസ്തകത്തേക്കുറിച്ചു പരാതികളുള്ളവർക്കു പ്രാതിനിധ്യമില്ലാത്ത ഒരു സമിതി വെറുമൊരു അധികപ്പറ്റു മാത്രമല്ലെന്നുണ്ടോ? വേറുതെ കുറേ സമയം നീട്ടിക്കിട്ടാമെന്നല്ലാതെ? പുരോഗമനകലാസാഹിത്യസംഘം വേറേ യോഗം ചേർന്ന്‌ ആക്രോശം മുഴക്കുന്നുണ്ടല്ലോ. പിന്നെന്തിനാണ് പ്രത്യേകിച്ച്‌ വേറൊരു ‘വിദഗ്ദ്ധ സമിതി’?

പാഠപുസ്തകത്തിൽ പിഴവുകളുണ്ടാവാം എന്ന്‌ വിദ്യാഭ്യാസമന്ത്രി ഒടുവിൽ സമ്മതിച്ചതായി കേൾക്കുന്നു. അത്രയുമെങ്കിലും നല്ലത്‌. പിടിവാശി അവസാനിപ്പിച്ച്‌ എത്രയും പെട്ടെന്ന്‌ പ്രശ്നമവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ഇതിങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോയാൽ ഇടതുസർക്കാരിനു പരിക്കുകൾ വർദ്ധിക്കുകയേയുള്ളൂ.

--------------------------------------------------------------------------
6. കോരിയൊഴിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്‌മതവർഗ്ഗീയത
--------------------------------------------------------------------------

ചില പൊതുവിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ജീവിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ കമ്മ്യൂണിസ്റ്റുകളുടേത്‌ തികച്ചും ഒരു മതസമൂഹമാണ്. ദൈവാരാധന - ആത്മീയത – മുതലായകാര്യങ്ങളിൽ മാത്രമേ അവർക്ക്‌ മറ്റുള്ളവരിൽ നിന്നു വ്യത്യാസമുള്ളൂ. കമ്മ്യൂണിസ്റ്റുകൾക്ക്‌ പൊതുവായ ഒരു അഭിപ്രായം - ഒരു മതം – ഉണ്ട്‌. അവർ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നത്‌ അവരുടെ പ്രത്യയശാസ്ത്രത്തെയാണെന്നുവച്ച്‌ അവരൊരു മതസമൂഹമല്ലാതാകുന്നില്ല. ദൈവാരാധനയോടുള്ള വിമുഖത – വിശ്വാസമില്ലായ്മ – ഇതൊക്കെച്ചേർന്ന്‌ അവരെ മതമില്ലാത്തവരല്ല – മറിച്ച്‌ മറ്റൊരു മതമുള്ളവരായാണ് ആക്കിത്തീർക്കുന്നത്‌.

ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഹിന്ദുക്കൾ, കമ്മ്യൂണിസ്റ്റുകൾ - ഈ നാലു മത വിഭാഗക്കാരും കേരളത്തിൽ പ്രബലരാണ്. ഇതിൽ ഏതെങ്കിലുമൊരു മതസമൂഹം മറ്റൊന്നിനെയോ മറ്റെല്ലാത്തിനെയുമോ വെറുപ്പിക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തിയിലേർപ്പെട്ടാൽ അതു പ്രതിഷേധങ്ങൾക്കിടയാക്കും. അത്‌ മൊത്തത്തിൽ മലയാളി സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

കേരളത്തിലെ ഈ നാലു പ്രബലമതവിഭാഗങ്ങളിൽ ഏറ്റവുമധികം സംഘടിതമായ മതമേതെന്നു ചോദിച്ചാൽ - അതു കമ്മ്യൂണിസ്റ്റുകളുടേതാണ്. വിവിധസംഘടനാ ചട്ടക്കൂടുകൾ കൊണ്ട്‌ അവർ തികച്ചും പരസ്പരബന്ധിതമായ ഒരു സമൂഹം സൃഷ്ടിച്ചിരിക്കുന്നു. മതനേതാക്കളുടെ നിർദ്ദേശങ്ങൾ ചോദ്യം ചെയ്യപ്പെടാതെ തന്നെ അനുസരിക്കപ്പെടുക എന്നത്‌ ഏറ്റവുമധികം സംഭവിക്കുന്നതും അവരുടെ കാര്യത്തിലാണ്.

ആരാധനാക്രമങ്ങളിൽനിന്ന്‌ അകന്നു നിൽക്കുന്ന മതസമൂഹമായതുകൊണ്ട്‌ തങ്ങളുടെ കാഴ്ചപ്പാടുകൾ സ്വാഭാവികമായിത്തന്നെ മതേതരമാണ് എന്നൊരു വലിയ തെറ്റിദ്ധാരണ കമ്മ്യൂണിസ്റ്റുകൾക്കുണ്ട്‌. അത്‌ പല ആശയക്കുഴപ്പങ്ങൾക്കും കാരണമായിത്തീരുന്നുമുണ്ട്‌.

കമ്മ്യൂണിസ്റ്റുകൾ ഉൾപ്പെടെയുള്ള മതസമൂഹങ്ങളിൽ യാതൊന്നിനോടും അമിതമായ ആഭിമുഖ്യം പുലർത്താതെ – ഒന്നിനേയും മനപ്പൂർവ്വം ഉപദ്രവിക്കാതെ – ഒന്നിനും അമിത പ്രാധാന്യമോ പരിഗണനയോ കൊടുക്കാതെയുള്ള ഒരു സമീപനത്തെ മാത്രമേ മതങ്ങൾക്ക്‌ ഇതരമായ – അഥവാ മതേതരമായ - സമിപനം എന്നു പറയാൻ പറ്റൂ.

ഇത്തരത്തിൽ മതേതരമല്ലാത്തതിനെ വിളിക്കേണ്ടത്‌ വർഗ്ഗീയം എന്നാണെങ്കിൽ, ഏഴാം ക്ലാസ്‌ പാഠപുസ്തകം അങ്ങേയറ്റം വർഗ്ഗീയമാണ്. കാ‍രണം – കമ്മ്യൂണിസ്റ്റുമതവിശ്വാസികൾക്കു മാത്രം താത്പര്യമുള്ള – മറ്റുള്ള പലർക്കും പലതുകൊണ്ടും എതിർപ്പുള്ള – ധാരാളം കാര്യങ്ങൾ ആ പുസ്തകത്തിൽ കാണാൻ സാധിക്കും. എത്രപേർ എത്രകാലം ഘോരഘോരം വാദിച്ചാലും ശരി – തെറ്റാണെന്നു തെളിയിക്കാനാകാത്തത്ര അനിഷേദ്ധ്യമായൊരു സത്യമാണിത്‌.

കമ്മ്യൂണിസ്റ്റുവർഗ്ഗീയതയടങ്ങിയ പുസ്തകങ്ങൾ വിപണിയിലെത്തുന്നതിനെ ആരും എതിർക്കില്ല. ഓരോമതവിശ്വാസികൾക്കും അവരവരുടെ വിശ്വാസങ്ങൾ മുറുകെപ്പിടിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ അത്‌ വഞ്ചനയിലൂടെയോ ഭീഷണിയിലൂടെയോ അടിച്ചേൽ‌പ്പിക്കപ്പെടുമ്പോൾ അതിശക്തമായിത്തന്നെ എതിർക്കപ്പെടും. പുസ്തകങ്ങൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, പത്രമാദ്ധ്യമങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട്‌ കമ്മ്യൂണിസ്റ്റുകൾ ആശയപ്രചാരണം നടത്തുന്നതിനെ ഇപ്പോളും ആരും എതിർക്കുന്നില്ല. പക്ഷേ അതൊരു നിർബന്ധിതപാഠ്യപദ്ധതിയുടെ ഭാഗമായി മാറുമ്പോൾ എതിർക്കപ്പെടും എന്നത്‌ തികച്ചും സ്വാഭാവികമാണ്.

--------------------------------------------
7. സമരങ്ങളോടുള്ള സമീപനം
--------------------------------------------

നിർഭാഗ്യവശാൽ, ഏറ്റവും സംഘടിതമായതു മാത്രമല്ല – ഏറ്റവും അസഹിഷ്ണുതയുള്ള മതവും കമ്മ്യൂണിസ്റ്റുമതം തന്നെ. സമരങ്ങളോടുള്ള സർക്കാർ സമീപനം അതാണു വീണ്ടും വീണ്ടും തെളിയിക്കുന്നത്‌.

പുസ്തകത്തിന്റെ മുപ്പത്തിയഞ്ചാം പേജിൽ സ്വാതന്ത്ര്യസമരകാലത്തെ ‘വാഗൺ ട്രാജഡി‘യേക്കുറിച്ചു പറയുന്ന ഒരു ഭാഗമുണ്ട്‌. അതിനുശേഷം കൊടുത്തിരിക്കുന്ന ചോദ്യം ഇങ്ങനെ.

അന്നും ഇന്നും ഭരണാധികാരികൾ പ്രതിഷേധസമരങ്ങളോടു കാണിക്കുന്ന സമീപനങ്ങൾ താരതമ്യം ചെയ്യൂ. എന്താണു നിങ്ങളുടെ നിഗമനം?

ഭേഷായി! ഇപ്പോൾ അത്തരമൊരു പരിശോധന നടത്തിയിട്ട്‌ ആ നിഗമനം പറയാതിരിക്കുന്നതു തന്നെയാവും ഭേദം!

അങ്ങേയറ്റത്തെ അസഹിഷ്ണുത - കമ്മ്യൂണിസ്റ്റുകളുടെ മുഖമുദ്രയായ അസഹിഷ്ണുത – അതൊന്നു മാത്രമാണ് സമരങ്ങൾക്കുനേരെ സർക്കാരും സർക്കാർ അനുകൂലസംഘടനകളും പ്രകടിപ്പിച്ചുകാണുന്നത്‌. എന്തിനും ഏതിനും അവർ മറുപടി പറയുന്നത്‌ കയ്യാങ്കളിയിലൂടെയാണ്. ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയുമല്ലാതെ, മര്യാദാപൂർവ്വവും അതേസമയം തന്ത്രപരവുമായ ഇടപെടലുകളിലൂടെയും വേണമെങ്കിൽ കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കാം എന്ന ലളിതരാഷ്ട്രീയപാഠം അവർക്ക്‌ തികച്ചും അന്യമാണെന്നുറപ്പിക്കുന്ന സംഭവങ്ങളാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്‌.

പാഠപുസ്തകത്തെ എതിർക്കുന്നവരെ “തെരുവിൽ നേരിടു“മെന്നാണ് സർക്കാർ അനൂകൂലസംഘടനകൾ പറയുന്നത്‌. ‘പള്ളീലച്ചന്മാരെ ളോഹയിട്ടു വഴിനടക്കാൻ അനുവദിക്കില്ല‘ എന്ന് ആക്രോശിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം വിപ്ലവസംഘടനകൾ പ്രകടനങ്ങൾ സംഘടിപ്പിച്ചത്‌. കമ്മ്യൂണിസ്റ്റുകൾക്ക്‌ എതിരുനിൽക്കുന്നത്‌ ആരായാലും അവരെ തുണിയുടുത്തുനടക്കാൻ അനുവദിക്കില്ല എന്നൊരു ധാർഷ്ട്യപ്രഖ്യാപനമായി അതാരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാനാവില്ല. “വെള്ളക്കൊടിയെ തൊട്ടുകളിച്ചാൽ - വെള്ളപുതച്ചു കിടത്തിക്കും” എന്നു ഭീഷണസ്വരത്തിൽ പാടുന്നവരാണു മാർക്സിസ്റ്റു ചെറുപ്പക്കാർ. “വെള്ളയുമിട്ടു നടക്കുന്നവരെ” എന്ന്‌ ആദ്യത്തെ വരി തിരുത്തിപ്പാടാൻ അവർക്കധികം സമയമൊന്നും വേണ്ട. അതിനെ വിപ്ലവാവേശം ബാധിച്ച ഏതാനും ചെറുപ്പക്കാരുടെ വികലചിന്തയായിട്ടല്ല – മറിച്ച്‌, തങ്ങളെ എതിർക്കുന്നവരോടുള്ള സർക്കാർനിലപാടിന്റെ സൂചനയായിട്ടാണ് എടുക്കേണ്ടത്‌.

“തങ്ങൾ കുത്തകയാക്കിവച്ചിരുന്ന അക്രമസമരത്തിന്റെ പാത ഏറ്റെടുക്കാൻ യു.ഡി.എഫ്‌. അനുകൂലവിദ്യാർത്ഥിസംഘടനകളെ അനുവദിക്കില്ല” എന്ന മട്ടിലായിരുന്നു കോട്ടയത്ത്‌ ചുവപ്പുസേന നടത്തിയ “അക്രമവിരുദ്ധ“ പ്രകടനം! മനോരമയ്ക്കും മറ്റു മാദ്ധ്യമപ്രവർത്തകർക്കുമെതിരെ നടത്തിയ ഹീനമായ അക്രമത്തെ സർക്കാർ എങ്ങനെയാണു കാണുന്നതെന്നറിയില്ല. പക്ഷേ, സർക്കാറിന്റെ മർദ്ദനനയം നടപ്പാക്കുന്ന പ്രതിനിധികളായിത്തന്നെയാണ് ആ ആക്രമിസംഘത്തെ മറ്റുള്ളവർ കാണുന്നത്‌.

പാഠപുസ്തകത്തിനെതിരെമാത്രമല്ല – ചില നിയമനങ്ങളിലെ അഴിമതിയടക്കം വിവിധമേഖലകളിൽ സർക്കാരിന്റെ തെറ്റായ നയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സെക്രട്ടേറിയറ്റ്‌ പരിസരത്ത്‌ യുവമോർച്ച സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നത്‌. അവരുടെ സമരപ്പന്തലിലേക്ക്‌ ഇരച്ചുകയറി മിന്നലാക്രമണം നടത്തിക്കൊണ്ടാണ് ഡിഫിക്കാർ വിപ്ലവവീര്യം പ്രകടിപ്പിച്ചത്‌. അക്രമം നടത്താൻ കൂട്ടുനിൽക്കുക – എറിയാൻ കല്ലെടുത്തുകൊടുക്കുക – ഇതൊക്കെപ്പോരാഞ്ഞ്‌ ഈ അന്യായങ്ങളുടെയെല്ലാം ഇരകളുടെ നേരേ ലാത്തിച്ചാർജ്ജും കൂടി അഴിച്ചുവിട്ടപ്പോളാണ് ചുവപ്പൻ പോലീസിനു സമാധാനമായത്‌. ഈ സംഭവങ്ങളിലെല്ലാം – ഇടതുവിദ്യാർത്ഥി‌/യുവജനസംഘടനകളും പോലീസുമെല്ലാം സർക്കാരിന്റെ പ്രതിനിധികളാണ്. പ്രതിഷേധസമരങ്ങളോടുള്ള സർക്കാരിന്റെ സമീപനമാണ് ഇവരുടെയെല്ലാം പ്രവൃത്തിയിലൂടെ പ്രതിഫലിക്കുന്നത്‌.

പാഠപുസ്തകത്തിൽ പറയുന്നതുപോലെ, “അന്നും ഇന്നും ഭരണാധികാരികൾ പ്രതിഷേധസമരങ്ങളോടു കാണിക്കുന്ന സമീപനങ്ങൾ താരതമ്യം ചെയ്ത്‌ “ ആളുകൾ ഒരു നിഗമനത്തിലെത്തിയാൽ ആ നിഗമനം കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം കേൾവിയ്ക്കു തീരെ സുഖകരമായിരിക്കില്ല. അതുകൊണ്ട്‌ ആ ചോദ്യത്തിനു മറുപടിയായി
സർക്കാരിനോട്‌ ഒരു മറുചോദ്യം മാത്രം ചോദിക്കുന്നതാവും ഉത്തമം. ആ ചോദ്യവും പാഠപുസ്തകത്തിൽ നിന്നു തന്നെയെടുക്കാം. നാല്പതാം പേജിൽനിന്ന്:-

സാമൂഹ്യതിന്മകൾക്കെതിരെ പ്രതികരിക്കുന്നതിന് മുന്നോട്ടു വരുന്നവർ ആക്രമിക്കപ്പെടുന്നു. ഇതു ശരിയാണോ? ഇവർ ആക്രമണത്തിന് ഇരയാകാൻ എന്തായിരിക്കും കാരണം?

--------------------------------------------------------
8. യഥാർത്ഥപാഠങ്ങൾ ഇവയൊക്കെ :-
--------------------------------------------------------

ഈ പാഠപുസ്തകം – അതിനെതിരെയുള്ള പ്രതിഷേധം – മറിച്ചുള്ള പ്രതികരണങ്ങൾ - ഇവയൊക്കെച്ചേർന്ന്‌ പകർന്നു തരുന്ന യഥാർത്ഥപാഠങ്ങൾ ഇതൊക്കെയാണ്.

എപ്പോളൊക്കെ അവസരം ലഭിച്ചിട്ടുണ്ടോ അപ്പോളൊക്കെ ചരിത്രം വളച്ചൊടിക്കാനും തങ്ങൾക്കനുകൂലമാക്കി അവതരിപ്പിക്കാനും ശ്രമിക്കുക എന്ന രീതിയിൽനിന്ന്‌ കമ്മ്യൂണിസ്റ്റുകൾ ഇനിയും പിന്നോക്കം പോയിട്ടില്ല.

സമഗ്രാധിപത്യം എന്ന പരമമായ ലക്ഷ്യത്തിലേക്കു നയിക്കാനുതകുന്ന എന്തു പരിപാടികളും അവർ നിരന്തരമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കും.

അണികൾക്ക്‌ ഈയിടെയായി തിരിച്ചറിവുണ്ടാകുന്നുണ്ട്‌. എങ്കിലും, പാർട്ടികൾ ഒരു നിലപാടെടുത്താൽ - അതു തെറ്റാണെന്ന്‌ എത്രയധികം ഉറപ്പുണ്ടെങ്കിലും അതിനെ അന്ധമായി ന്യായീകരിക്കുക എന്ന മാനസികാടിമത്തത്തിൽ നിന്ന്‌ ഭുരിഭാഗവും ഇനിയും മോചിതരായിട്ടില്ല.

ആരൊക്കെ എത്രയൊക്കെ വിശദീകരിച്ചുകൊടുത്താലും ശരി – മറ്റുള്ളവരുടെ ഭാഗത്തുനിന്നുകൂടി കാര്യങ്ങൾ ആലോചിക്കാനോ തങ്ങളുടെ തെറ്റുകൾ അംഗീകരിക്കാനോ നിലപാടുകൾ പുന:പരിശോധിക്കാനോ കമ്മ്യൂണിസ്റ്റുകൾ ഇപ്പോളും തയ്യാറല്ല.

അവർ പിടിക്കുന്ന മുയലിനു കൊമ്പ്‌ മൂന്നല്ല – മുപ്പതിനായിരമാണ്.

സുവ്യക്തമായ കാര്യങ്ങളുടെ പേരിൽ‌പ്പോലും അനാവശ്യമായി തർക്കിച്ചും തമ്മിൽത്തല്ലിയും മലയാളിസമൂഹം ഊർജ്ജവും സമയവും പാഴാക്കുന്നു.

അടുത്തെങ്ങും കേരളം രക്ഷപെടുമെന്നു തോന്നുന്നില്ല.

ഇതൊക്കെയാണ് പാഠങ്ങൾ.

വേദനിപ്പിക്കുന്ന ചില സാമൂഹ്യപാഠങ്ങൾ!


--------------
അനുബന്ധപോസ്റ്റ്‌:- ‘മയ’മില്ലാത്ത ധീരൻ - ഒരു ബദൽ പാഠപുസ്തകം – സാമ്രാജ്യത്വസമക്ഷം!

Thursday, June 12, 2008

മഹാകവി പാലാ - മരിക്കാത്ത ചില ഓര്‍മ്മകള്‍!

ഇത്‌ തികച്ചും വ്യക്തിപരമായ ചില ഓര്‍മ്മക്കുറിപ്പുകള്‍ മാത്രമാണ്‌. പാലാ ഉള്‍പ്പെടെ പലരേക്കുറിച്ചുമുള്ളത്‌. മഹാകവി പാലായേപ്പറ്റി വിശദമായി എഴുതുവാനുള്ള എന്തെങ്കിലും യോഗ്യത പോയിട്ട്‌ അദ്ദേഹത്തിന്റെ കൃതികള്‍ ധാരാളമായി വായിച്ചുള്ള പരിചയം പോലും എനിക്കില്ല.

*-*-*-*-*-*-*-*-*-*

ചില വേര്‍പാടുകള്‍ വളരെ വേദനിപ്പിക്കുന്നവയാണ്‌. ഓര്‍ക്കാപ്പുറത്താവുമ്പോള്‍ പ്രത്യേകിച്ചും. അത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിട്ടാല്‍ കൊള്ളാമെന്നു തോന്നാറുണ്ട്‌. ചിലപ്പോള്‍ ഡയറിയില്‍ എന്തെങ്കിലും എഴുതിയിടും. കുറേയായി ഇപ്പോള്‍ അതിനും കഴിയാറില്ല. മറവികൊണ്ടു മുറിവുകളുണക്കി, പുതിയവ സൃഷ്ടിച്ച്‌ കാലം വീണ്ടും മുമ്പോട്ട്‌...

കഴിഞ്ഞ ഒന്നു രണ്ടു കൊല്ലങ്ങള്‍ക്കിടെ അങ്ങനെ നേരിടേണ്ടി വന്ന ഒന്ന്‌ വി.പി.സത്യന്റെ 'സഡന്‍ ഡെത്ത്‌' ആയിരുന്നു. വാര്‍ത്ത സൃഷ്ടിച്ച നടുക്കം ഇപ്പോളുമോര്‍ക്കുന്നു. ഒരു കാലത്ത്‌ ആവേശപൂര്‍വ്വം നെഞ്ചേറ്റിയിരുന്ന പേരുകളിലൊന്ന്‌. കുരികേശ്‌ മാത്യു... ഷറഫലി... പാപ്പച്ചന്‍... തോമസ്‌ സെബാസ്റ്റ്യന്‍... ചാക്കോ... മറക്കാനാവാത്ത ചില പേരുകളിലൊന്ന്‌. കഴിഞ്ഞകുറേ വർഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും ഓര്‍ത്തിരുന്നില്ലെങ്കിലും, പെട്ടെന്നുള്ള വേര്‍പാടു സൃഷ്ടിക്കുന്ന നടുക്കം പലപ്പോഴും പഴയ ഓര്‍മ്മകളുമായി കൂടിക്കുഴഞ്ഞുപോകുമെന്നതുകൊണ്ട്‌, പറഞ്ഞറിയിക്കാനാവാത്തൊരു വികാരമാണതു സൃഷ്ടിക്കുക.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌, സത്യന്റേയും മറ്റും ചില "ബ്ലാക്‌ & വൈറ്റ്‌" ചിത്രങ്ങള്‍ മനോരമ സ്പോര്‍ട്‌സ്‌ പേജില്‍ നിന്നു വെട്ടിയെടുത്തുവച്ചിരുന്നതോര്‍ക്കുന്നു. ആ തുണ്ടുകടലാസ്സുകള്‍ ഇപ്പോള്‍ എവിടെയായിരിക്കും?

അറിയില്ല. എവിടെയോ കിടന്നു ചിതലരിച്ചു നശിച്ചുപോയിരിക്കണം!

അറിയാവുന്നത്‌ ഒന്നു മാത്രമാണ്‌. കേരളത്തിന്റെ പഴയകാല ഫുട്ബോള്‍പ്രതിഭകളെ ആദരിക്കാന്‍ നാമിനിയൊരു പരിപാടി സംഘടിപ്പിച്ചാല്‍ - ക്യാപ്റ്റന്റെ കരുത്തുറ്റ ചുവടുകളുമായി ആ വേദിയിലേക്കു കടന്നു വന്നിരിക്കാന്‍ - എനിക്ക്‌ ആദരവോടെ എണീറ്റു നിന്നു കയ്യടിക്കാന്‍ - സത്യന്‍ ഉണ്ടാവില്ല!

*-*-*-*-*-*-*-*-*-*

സി.പി.ഐ.യുടെ മുതിര്‍ന്ന നേതാവായിരുന്ന സഖാവ്‌ മമ്മൂട്ടിയുടെ മരണമായിരുന്നു മറ്റൊന്ന്‌. വളരെ കുറഞ്ഞ പരിചയമേയുള്ളൂ. അദ്ദേഹമെന്നെ ഓര്‍ത്തിരിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്തത്ര അകന്ന പരിചയം. 'യുവകലാസാഹിതി'യുമായി ബന്ധപ്പെട്ട ചില പരിപാടികള്‍ വഴി മാത്രമുള്ള ബന്ധം. പക്ഷേ, അദ്ദേഹം ഇനിയില്ല എന്നറിഞ്ഞപ്പോളാണ്‌ ഒരു കാര്യം ഞെട്ടലോടെ ഓര്‍ത്തത്‌. തന്നെ വന്നു കണ്ടേ തീരൂ എന്നു സ്നേഹപൂര്‍വ്വം ശഠിച്ചുകൊണ്ട്‌ ഒരു ചെറിയ തുണ്ടുകടലാസ്സില്‍ വിലാസം കുറിച്ചു തന്നിരുന്നു - അവസാനമായിക്കണ്ടപ്പോള്‍. ആ കടലാസ്‌ കഷണം ഇപ്പോളെവിടയാവും? ജീവിതയാത്രയ്ക്കിടയിലെപ്പോഴോ - എവിടെവച്ചായിരുന്നിരിക്കണം എനിക്കതു നഷ്ടപ്പെട്ടത്‌? താമസിച്ച അനവധി വാടകവീടുകളിലേതിലെങ്കിലും - ഏതെങ്കിലുമൊരു ഒഴിഞ്ഞ കോണിലോ മറ്റോ - പൊടിപിടിച്ച ഒരു പുസ്തകത്തിനുള്ളില്‍ അതിപ്പോളും ഒളിച്ചിരിപ്പുണ്ടാവുമോ? ഇനിയൊരിക്കലും വരാത്ത കയ്യക്ഷരവും പേറി? അതോ മഴനനഞ്ഞു മണ്ണടിഞ്ഞു പോയിരിക്കുമോ?

അറിയില്ല.

അറിയാവുന്നത്‌ ഒന്നു മാത്രമാണ്‌. എവിടെയെങ്കിലും വച്ച്‌ ഇനിയെപ്പോളെങ്കിലും - യുവകലാസാഹിതിയുടെ ക്യാമ്പു നടക്കുന്നുവെന്നോ മറ്റോ അറിഞ്ഞ്‌ കയറിച്ചെന്നൊന്നു പരിചയം പുതുക്കാമെന്നു വച്ചാല്‍ .. കൈ പിടിച്ചു സംസാരിക്കാന്‍ സഖാവ്‌ മമ്മൂട്ടി അവിടെയുണ്ടാവില്ല.

*-*-*-*-*-*-*-*-*-*

ഒരിക്കല്‍, തിരുവനന്തപുരത്ത്‌ പി.എസ്‌.സി. ഓഫീസില്‍ പോകേണ്ടിവന്നപ്പോളാണ്‌ അതിനടുത്ത്‌ ഒരു പരിപാടി നടക്കുന്നതു ശ്രദ്ധിച്ചത്‌. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ സേവാവിഭാഗമായ സേവാഭാരതി മെഡിക്കല്‍ കോളേജിലെ നിര്‍ദ്ധനരായ രോഗികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള അന്നദാനപദ്ധതിയുടെ വാര്‍ഷികമോ മറ്റോ. അന്നാണ്‌ സംഘത്തിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഗോപിക്കുട്ടന്‍സാറിനെ ആദ്യം ശ്രദ്ധിക്കുന്നത്‌.

പിന്നീടൊരിക്കല്‍ ജന്മഭൂമിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും അദ്ദേഹം പ്രസംഗിക്കുന്നതുകാണാനിടയായി. ഏറ്റവും പിറകിലിരുന്നിട്ടുകൂടി, പരിപാടി കഴിഞ്ഞപ്പോള്‍ അദ്ദേഹം അടുത്തേയ്ക്കു വന്നു പരിചയപ്പെട്ടത്‌ അത്ഭുതപ്പെടുത്തിക്കളഞ്ഞു. കൈപിടിച്ചു സംസാരിച്ചതു മറക്കാനാവില്ല. പിന്നീടു കേള്‍ക്കുന്നത്‌ അദ്ദേഹം വിടപറഞ്ഞുവെന്നാണ്‌. അധികം പരിചയമില്ലാതിരുന്നിട്ടുകൂടി - അദ്ദേഹത്തിന്റെ മരണവാര്‍ത്ത വല്ലാതെ ദു;ഖിപ്പിച്ചുകളഞ്ഞു.

*-*-*-*-*-*-*-*-*-*

ഇപ്പോളിതാ മഹാകവി പാലാ ഇനിയില്ല എന്ന വാര്‍ത്ത മുന്നില്‍ തെളിയുന്നു!

എണ്‍പതുകളുടെ അവസാനം - അല്ലെങ്കില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ - എന്നാണെന്നു പോലുമോര്‍ക്കുന്നില്ല - അവസാനമായി കണ്ടത്‌.

അറിയണമെന്നാഗ്രഹിച്ചും അനുഗ്രഹം തേടിയുമായിരുന്നു കണ്ടത്‌. അഭിസംബോധന ചെയ്യേണ്ടുന്നതെങ്ങനെ എന്നറിയാതെ കുഴങ്ങുന്നുവെന്നു തിരിച്ചറിഞ്ഞപ്പോള്‍ 'അമ്മാവനെന്നു വിളിച്ചോളൂ' എന്നു പറഞ്ഞുകൊണ്ടു സ്നേഹപൂര്‍വ്വം എന്റെ കയ്യില്‍ പിടിച്ചു. അന്നതു തൊട്ടതു ഹൃദയത്തിലായിരുന്നുവെന്നുറപ്പ്‌.

അന്നു തന്നെ പ്രായം എണ്‍പതിനടുത്തുണ്ടായിരുന്നിരിക്കണം അദ്ദേഹത്തിന്‌. കുട്ടികളേപ്പോലെ കാര്യമായി സംസാരിച്ചു.

പാലായില്‍ നിന്നു തുടങ്ങി ഒടുവില്‍ വൈക്കത്തുവന്നെത്തി താമസിക്കുന്നത്‌ - അവിടെ 'തിരുമണിവെങ്കിടപുരം' എന്ന സ്ഥലം 'ടി.വി. പുരം' ആയത്‌. അതിനെ ആളുകള്‍ 'തൃണയങ്കുടം' എന്നു ചുരുക്കി വിളിക്കുന്നത്‌ - 'പാലാ, വൈക്കം' എന്നിങ്ങനെ രണ്ടു സ്ഥലപ്പേരുകള്‍ മാത്രമെഴുതി ഒരു കത്തിട്ടാല്‍ അതു കൃത്യമായി തനിക്കു കിട്ടിക്കൊള്ളുമെന്ന കൗതുകകരമായ കാര്യം - അങ്ങനെയൊക്കെ ഓരോരോ നാട്ടുകാര്യങ്ങള്‍ - വീടുകാര്യങ്ങള്‍ - ഇടയ്ക്കു കുറച്ചു കവിതയും കഥയും - അങ്ങനെ ഒത്തിരി സംസാരിച്ചിരുന്നു അദ്ദേഹം. അതു പതിവുള്ളതോ എന്തോ?

ഒരൊറ്റ കത്തിനുപോലും മറുപടി തരാതിരുന്നിട്ടില്ല. എഴുതാന്‍ പഴയതുപോലെ കൈവഴങ്ങുന്നില്ലെന്ന ക്ഷമാപണത്തോടെ ആരംഭിച്ചിരുന്ന - വിറയാര്‍ന്ന കൈകള്‍ കൊണ്ടെഴുതിയത്‌ എന്നു കണ്ടാല്‍ത്തന്നെ ഉറപ്പിക്കാമായിരുന്ന ചില കത്തുകള്‍ ഇപ്പോളുമോര്‍ക്കുന്നു. ബന്ധുജനങ്ങളോടൊപ്പം ക്ഷേത്രദര്‍ശനം നടത്തിയ വിശേഷമൊക്കെ വര്‍ണ്ണിച്ചിരുന്നതു വായിച്ചപ്പോള്‍ അത്ഭുതം കൂറിയിട്ടുണ്ട്‌. എവിടെയോ നിന്നുള്ള ഏതോ ഒരു ചെക്കനെ മരുമകനെന്നു വിളിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന - തന്റെ വിശേഷങ്ങള്‍ എഴുതിയറിയിക്കുന്ന - ഈ മനുഷ്യനെ മഹാകവിയെന്നോ അതോ മഹദ്‌കവി എന്നോ വിളിക്കേണ്ടത്‌?

കവിതയെന്ന പേരില്‍ എന്തെങ്കിലും എഴുതി അയച്ചുകൊടുത്ത്‌ അഭിപ്രായമാരാഞ്ഞാല്‍ സമയമെടുത്ത്‌ ഓരോ വരിയും ഇഴപിരിച്ചു വിശകലനം ചെയ്ത്‌ തിരുത്തിത്തരുമായിരുന്നു. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്നേഹപൂര്‍വ്വമുള്ള ശാസനകളും നിറഞ്ഞ മറുപടിക്കത്തുകള്‍.

അവസാനം അയച്ചുകൊടുത്ത ചില വരികളും അതിന്‌ അദ്ദേഹം നടത്തിയ തിരുത്തലുകളും നടുക്കത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല. ഒരു ചെറുകാറ്റ്‌ ഒരു ചിതയില്‍ നിന്ന്‌ ചെന്തീപ്പൊരികള്‍ "സംഭരിക്കുന്ന"തായി എഴുതിയ വരിയില്‍ അദ്ദേഹം "സഞ്ചയിക്കുന്നു" എന്നു തിരുത്തി.

ഞാനിന്നിതെഴുതുമ്പോള്‍, പണ്ട്‌ അദ്ദേഹമെന്റെ കൈപിടിച്ചു സംസാരിച്ചിരുന്ന സ്ഥലത്തിനടുത്തെരിയുന്ന ഒരു ചിതയില്‍ നിന്നും ചെന്തീപ്പൊരികള്‍ സഞ്ചയിക്കപ്പെടുന്നുണ്ടാവണം!

ചിതയ്ക്കടുത്തു നിന്നും അവസാനത്തെയാളും നടന്നു മറഞ്ഞു എന്നു സൂചിപ്പിക്കാനായി ചിത 'മങ്ങി' എന്നെഴുതിയപ്പോള്‍ - അതുപോര എന്നും "അനാഥമായ്‌ " എന്നുതന്നെ പറഞ്ഞാലേ ശക്തികിട്ടൂ എന്നും ഉപദേശിച്ചു അദ്ദേഹം.

വൈക്കത്ത്‌ ഇപ്പോളെരിയുന്ന ആ ചിതയും ഒടുവില്‍ ആളുകള്‍ അകന്ന്‌ അനാഥമാകില്ലേ? അതും പതുക്കെ മറവിയിലേക്കു മറയില്ലേ?

വല്ലാത്ത കുറ്റബോധം തോന്നുന്നു. ഒരിക്കലെങ്കിലും ഒന്നു കൂടി പോയി ഒന്നു കാണാന്‍ ശ്രമിക്കേണ്ടതായിരുന്നു. കഴിഞ്ഞില്ല. മറ്റു ബന്ധങ്ങളും പതിയെപ്പതിയെ അറ്റുപോയി.

ഒരുകാലത്ത്‌ വളരെ അമൂല്യമായിക്കരുതി സൂക്ഷിച്ചുവച്ചിരുന്ന - പിന്നിടെപ്പോഴോ ജീവിതയാത്രയുടെ തിരക്കുകളില്‍ മറഞ്ഞുമറഞ്ഞുപോയ - ഇപ്പോളും വിലമതിക്കാനാവാത്ത - ആ കത്തുകള്‍ ഇപ്പോളെവിടെയാവും? പുസ്തകക്കെട്ടുകള്‍ക്കിടയില്‍ എവിടെയെങ്കിലും അവ ഇപ്പോളും ഭദ്രമായി ഇരിപ്പുണ്ടാവുമോ? അതോ?

അറിയില്ല. എനിക്കറിയില്ല.

അറിയാവുന്നത്‌ ഒന്നു മാത്രമാണ്‌. ഇനിയെന്നെങ്കിലും പണ്ടത്തേപ്പോലെ 'പാലാ - ടി.വി.പുരം - വൈക്കം' എന്ന വിലാസത്തില്‍ ഒരു പദ്യശകലം അയച്ചുകൊടുത്താല്‍ ആ കത്തു മടങ്ങിവരും! വെട്ടിത്തിരുത്തലുകളും സ്നേഹോപദേശങ്ങളുമില്ലാതെ - തുറക്കപ്പെടുകപോലും ചെയ്യാതെ - അതേപടി അതു മടങ്ങിവരും.

എന്റെ അമ്മാവന്‍ മരിച്ചുപോയിരിക്കുന്നു!

Monday, June 09, 2008

ഹര്‍ത്താല്‍! 'വീരവാദ'ങ്ങളിലെ തമാശകളോര്‍ത്താല്‍...!

സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അഭിപ്രായം മാറ്റിപ്പറയാനറിയാത്തവര്‍ രാഷ്ട്രീയത്തില്‍ തികഞ്ഞ പരാജയമാകുമെന്നുറപ്പ്‌. പലരുടെയും രാഷ്ട്രീയനിലപാടുകള്‍ ഓരോരോ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ എങ്ങനെയെല്ലാം മാറിമറിയുന്നു എന്നു പിന്തുടര്‍ന്നു പരിശോധിക്കുന്നതു പലപ്പോഴും രസാവഹമാണ്‌.

*-*-*-*-*-*-*-*-*-*

'ഭരണവും സമരവും' ഒന്നിച്ചുകൊണ്ടുപോകാന്‍ പാടുപെടുന്നവരാണ്‌ ഇടതുപക്ഷം. കേന്ദ്രത്തിലായാലും കേരളത്തിലായാലും.

ഇടതുപക്ഷപിന്തുണയുള്ള കേന്ദ്രസര്‍ക്കാരിനെതിരെ ഭരണതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു പകരം ജനങ്ങളെ വിഡ്ഢികളാക്കാന്‍ തെരുവിലിറങ്ങി സമരാഭാസങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു.

ഇന്ധനവിലവര്‍ദ്ധനവിനെതിരെ മിന്നല്‍ ഹര്‍ത്താല്‍!

കേരളത്തില്‍ ഉജ്ജ്വലമായ വിജയം! ജനജീവിതം സ്തംഭിച്ചുപോയി! പണിമുടക്ക്‌ പൂര്‍ണ്ണം.

'വീരവാദ'ങ്ങളില്‍ ചിലത്‌ ഇങ്ങനെയൊക്കെ - ജനരോഷം ആളിക്കത്തി - വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല - കടകള്‍ അടഞ്ഞുകിടന്നു!

വിജയാഹ്ലാദപ്രകടനം ദേശാഭിമാനിയില്‍ക്കണ്ടത്‌ ഇങ്ങനെ.
പക്ഷേ, ഇതൊന്നും വിശ്വസിക്കരുത്‌ - ശുദ്ധനുണയാണ്‌ - എന്നു നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും ഇടതുപക്ഷം തന്നെ! ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിക്കുന്നു എന്നതൊക്കെ ചുമ്മാതാണ്‌ - പത്രങ്ങള്‍ വെറുതെ പെരുപ്പിച്ചെഴുതുന്നതുമാത്രമാണ്‌ - എന്നൊക്കെയാണ്‌ കുറച്ചുമാസങ്ങള്‍ക്കുമുമ്പ്‌ ഇടതുസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച "സത്യവാങ്മൂല"ത്തില്‍ പറഞ്ഞിരുന്നത്‌.
തമാശതന്നെ!

ഇതുരണ്ടുമല്ലാതെ മൂന്നാമതൊരു നിലപാടുകൂടിയുണ്ട്‌. ഹര്‍ത്താല്‍ "ജനം"തന്നെ ബോധപൂര്‍വ്വം തള്ളിക്കളഞ്ഞു എന്നൊക്കെപ്പറഞ്ഞ്‌ - അക്രമങ്ങളെ അപലപിച്ചുകൊണ്ട്‌ - അങ്ങനെയങ്ങനെ. ആ നിലപാടുകാണണമെങ്കില്‍ ഇടതുപക്ഷമല്ലാത്ത ആരെങ്കിലും ഹര്‍ത്താല്‍ നടത്തണം.

ഭരണവും പ്രഹസനസമരവും ഒന്നിച്ചുകൊണ്ടുപോകുന്ന അച്ചുതണ്ടിന്റെ മറുവശത്തു നിന്നുകൊണ്ട്‌ മലയാളികളെ പറ്റിക്കുന്ന യു.ഡി.എഫും നടത്തിയിരുന്നു ഒരു ഹര്‍ത്താല്‍. വിലക്കയറ്റത്തിനെതിരെ! ഫെബ്രുവരിയില്‍.

അതേപ്പറ്റി ദേശാഭിമാനി എഴുതിയിരുന്നത്‌ ഇങ്ങനെ.
അധികാരത്തിലിരിക്കുന്നവര്‍ സമരം നടത്തി പരസ്പരം പഴിചാരുമ്പോള്‍ അന്തംവിടുന്ന മലയാളികള്‍!

ഇടതിന്റെയും വലതിന്റെയും മുഴുവന്‍ എം.പി.മാരും പിന്തുണയ്ക്കുന്ന ലാലുപ്രസാദ്‌ യാദവിന്റെ മന്ത്രാലയം കേരളത്തോടു കടുത്ത അവഗണന കാട്ടുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട്‌ - സേലം ഡിവിഷന്‍ ഉത്ഘാടനത്തിന്റെയന്ന്‌ ബി.ജെ.പി. ഹര്‍ത്താല്‍ നടത്തിയിരുന്നു. അന്ന്‌ അതിനെ പരാജയപ്പെടുത്താന്‍ 'രഹസ്യ' ഉത്തരവിറക്കി നോക്കിയിരുന്നു എന്നാണ്‌ മുകളിലത്തെ ഒരു വാര്‍ത്തയില്‍ നിന്നു മനസ്സിലായത്‌. എന്നാല്‍, യു.പി.എ.യുടെ സൗഹൃദമത്സരം നടന്ന കഴിഞ്ഞദിവസത്തെ ഹര്‍ത്താലിലാകട്ടെ സര്‍ക്കാര്‍പിന്തുണയോടെയാണ്‌ ജനജീവിതം സ്തംഭിപ്പിച്ചത്‌. വാര്‍ത്ത മനോരമ എഴുതിയത്‌ ഇങ്ങനെ.
രണ്ടായിരാമാണ്ടില്‍, ബില്‍ക്ലിന്റണ്‍ ഡല്‍ഹി വഴി ബംഗ്ലാദേശിലേക്കുപോയ ദിവസം ഒരു വിപ്ലവസംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും - എസ്‌.എസ്‌.എല്‍.സി. പരീക്ഷ തടസ്സപ്പെടുത്തിക്കൊണ്ടുപോലും അതു വിജയിപ്പിക്കാന്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ പരോക്ഷപിന്തുണ കൊടുത്തതും ഓര്‍ക്കുമ്പോള്‍ ഇതെത്ര നിസ്സാരം എന്നു വേണം വിചാരിക്കാന്‍!

ഹര്‍ത്താല്‍ വാര്‍ത്തകളില്‍ ഏറ്റവും തമാശ നല്‍കിയത്‌ മറ്റൊന്നാണ്‌. തങ്ങള്‍ പിന്തുണയ്ക്കുന്ന സര്‍ക്കാരിനെതിരെ സമരമെന്നപേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനേപ്പറ്റിയുള്ള ചോദ്യങ്ങളോട്‌ ഇടതുപക്ഷനേതാക്കള്‍ പ്രതികരിച്ച രീതി രസാവഹമായിരുന്നു.

"പിന്തുണ പിന്‍വലിച്ചതുകൊണ്ട്‌ ഇന്ധനവിലകുറയില്ല" എന്നാണവര്‍ പച്ചയ്ക്കു പറഞ്ഞുകളഞ്ഞത്‌! അതിനേക്കാള്‍ കടുത്ത സമ്മര്‍ദ്ദതന്ത്രമായ ഹര്‍ത്താലോ മറ്റോ പ്രയോഗിക്കേണ്ടി വരും എന്നാണോ ആവോ ഉദ്ദേശിച്ചത്‌? ഒരു വാര്‍ത്ത ചുവടെ.
"പിന്നെ - ഹര്‍ത്താല്‍ നടത്തിയാലാണോ വിലകുറയുന്നത്‌" എന്ന മറുചോദ്യം അവര്‍ക്കു കിട്ടിയിട്ടുണ്ടാവുമെന്നുറപ്പ്‌. അതു വാര്‍ത്തയില്‍ ഇടാനാവില്ലല്ലോ.

"പിന്തുണ പിന്‍വലിക്കണമെന്നാരു പറഞ്ഞു? - സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിങ്ങള്‍ക്കു മുന്നണിതലത്തില്‍ സംവിധാനങ്ങളൊന്നുമില്ലേ? ഇതുവെറുതെ ഉത്തരവാദിത്തങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമല്ലേ" - മുതലായ അനവധി ചോദ്യങ്ങളേയും അവര്‍ നേരിട്ടിട്ടുണ്ടാവുമെന്നുറപ്പ്‌. പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്തുകാര്‍ വെള്ളം കുടിപ്പിച്ചുവിട്ടെങ്കില്‍, ബര്‍ദാന്‍ കല്‍ക്കട്ടയിലും വെള്ളം കുടിച്ചിരിക്കണം.

ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ നാടകംകളിയ്ക്കു പിന്നിലെ രാഷ്ട്രീയമെന്തെന്ന്‌ അവര്‍ തുറന്നു സമ്മതിക്കുന്നതും അതേവാര്‍ത്തയില്‍ത്തന്നെ കാണാം.

ജനങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ. ബി.ജെ.പി. - ബി.ജെ.പി.യാണു ഞങ്ങളുടെ പ്രശ്നം!

ബി.ജെ.പി.യെ എങ്ങനെയെങ്കിലും അധികാരത്തില്‍നിന്നു പുറത്തുനിര്‍ത്തുക എന്നതു മാത്രമാണു തങ്ങളുടെ ഒറ്റ ലക്ഷ്യമെന്നും - പിന്തുണ നല്‍കുന്നത്‌ അതുകൊണ്ടു മാത്രമാണെന്നും - ഇന്ധനവില കൂട്ടുകയെന്നല്ല ആകാശം ഇടിഞ്ഞുവീണാലും ശരി - ആ ലക്ഷ്യം മാറുന്നില്ലല്ലോ എന്നും തുറന്നു സമ്മതിച്ചിരിക്കുന്നു.

അടുത്തിടെ ഒരു തെരഞ്ഞെടുപ്പില്‍ ഇതുപോലെ തന്നെ നയം വ്യക്തമാക്കിയ വാര്‍ത്തയും അപ്പോള്‍ ഓര്‍മ്മ വന്നു.

ബി.ജെ.പി.യെ "എങ്ങനെയും" തടയുക. അതിന്‌ "എല്ലാ ശ്രമവും" നടത്തുക. അതിനായി "ആരെയും" പിന്തുണയ്ക്കുക. ഇങ്ങനെയൊക്കെയാണ്‌ ഇടതുനയം. വാര്‍ത്ത ചുവടെ.
ആരെയാണോ "എങ്ങനെയും" തോല്‍പ്പിക്കാന്‍ നോക്കിയത്‌ - അവര്‍ ജയിച്ചു കയറി സര്‍ക്കാറുണ്ടാക്കി എന്നതും - നിഷേധാത്മകരാഷ്ട്രീയം കളിച്ചവര്‍ക്ക്‌ തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഒരു സീറ്റുകൂടി നഷ്ടമായതും പിന്നിട്‌ ചരിത്രത്തില്‍ അവശേഷിപ്പിക്കപ്പെട്ട ജനാധിപത്യപാഠം!

*-*-*-*-*-*-*-*-*-*

ഇല്ല. പഠിക്കുന്നില്ല. ആരും ഒരു പാഠവും പഠിക്കുന്നില്ല. ജാതിമതവര്‍ഗ്ഗീയരാഷ്ട്രീയം കളിക്കുന്നവര്‍ മിക്കവാറും സ്ഥലങ്ങളില്‍ കൈകോര്‍ത്തുനിന്നിട്ടും എന്തുകൊണ്ടാണു ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ കഴിയാതിരുന്നത്‌ എന്നു മനസ്സിലാക്കാനുള്ള ഒരു പഠനവും നടക്കുന്നതായിത്തോന്നുന്നില്ല. 'മതേതരവോട്ടുകള്‍ ഭിന്നിച്ച'താണു പ്രശ്നമെന്ന പതിവുവീരവാദം തന്നെയാണ്‌ ഇക്കുറിയും കേള്‍ക്കുന്നത്‌.

ജനങ്ങളെ കബളിപ്പിക്കാന്‍ - അവരെ പരിഹസിക്കാന്‍ - ശ്രമിക്കുന്നവരെ ജനം പരാജയപ്പെടുത്തും. അതായിരുന്നു യഥാര്‍ത്ഥത്തില്‍ കര്‍ണ്ണാടക നല്‍കിയ പാഠം.

പഠിക്കുന്നില്ല. വോട്ടര്‍മാരെ ആക്ഷേപിച്ചുകൊണ്ടുള്ള നാടകങ്ങള്‍ തുടരുകയാണ്‌.

തെരഞ്ഞെടുപ്പ്‌ അവലോകനങ്ങളില്‍ അധികം പരാമര്‍ശിക്കപ്പെടാതെ പോയൊരു കാര്യമുണ്ട്‌. കര്‍ണ്ണാടകയിലെ കഴിഞ്ഞ കോണ്‍ഗ്രസ്‌ മന്ത്രിസഭയിലെ മുഖ്യമന്ത്രി - തുടര്‍ച്ചയായ ഒമ്പതാം തവണ ജയിച്ച്‌ റെക്കോര്‍ഡു കരസ്ഥമാക്കാന്‍ ചെന്ന - ധരംസിംഗ്‌ - ഇത്തവണ ബി.ജെ.പി.യോടു പരാജയപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിനും മുമ്പു തന്നെ ജനങ്ങള്‍ ധരംസിംഗിനു വ്യക്തമായ സൂചനകൊടുത്തിരുന്നതാണ്‌ - ഇത്തവണ വഴി പുറത്തേയ്ക്കാണ്‌ എന്ന്‌. ആരും അതൊന്നും ശ്രദ്ധിച്ചിരുന്നതായിത്തോന്നിയില്ല.
A few days ago, three villages traditionally loyal to the Congress, didn’t even allow Singh to campaign, accusing him of having done little to develop his constituency.

.....

A visit to Balbatti village some 40 km from Gulbarga city throws up signs of things to come. On Sunday, Singh visited Balbatti that has around 2,000 voters, with an extra police escort and a pilot vehicle. The reason: Four days ago, villagers here lined the approach roads with stones and drove Singh away. Similar uprisings were reported in Mardi and Shivpur villages as well.

When he held a sabha in the largest house in the village, most villagers preferred to stay away and chew betel leaves in front of a temple instead. Ramegowda, a farmer from Bulbatti says, “Last time he said he would become CM if we voted for him and he did. But that has not done us any good. We refused to let him enter our village and turned him away.” Their village, says Ramegowda, has an acute water shortage and no roads.
മുഴുവന്‍ വാര്‍ത്ത ചുവടെ.

Not welcome, voters tell Dharam Singh

ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമകളായും വോട്ടുകുത്തുതൊഴിലാളികളായും കഴിഞ്ഞിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. അവരിപ്പോള്‍ പലതും തിരിച്ചു പ്രതീക്ഷിക്കുന്നുണ്ട്‌. ആവശ്യത്തിലധികം അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞവരോട്‌ ഇനി മാറി നില്‍ക്കൂ എന്നു പറയാന്‍ അവര്‍ തയ്യാറാകുന്നു. വികസനാഭിമുഖ്യമുള്ള ജനങ്ങള്‍ വികസനാഭിമുഖ്യമുള്ള കക്ഷികളെ പരീക്ഷിക്കാന്‍ തയ്യാറാകുന്നു. ഒരുവശത്ത്‌ കടുത്ത വര്‍ഗ്ഗീയനയങ്ങള്‍ പുലര്‍ത്തുകയും മറുവശത്ത്‌ മതേതരവാദങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത്‌ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ ലഭിക്കുന്നു.

'ജനാധിപത്യം" എന്നു പറഞ്ഞാല്‍, അങ്ങനെയൊക്കെയാണ്‌. ഭരണത്തിലിരിക്കുന്നവരുടെ കുട്ടിപ്പട്ടാളത്തിന്‌ ധാര്‍ഷ്ട്യത്തോടെ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ക്കാം - നിയമം കയ്യിലെടുക്കാം - എന്നതല്ല ആ വാക്കിന്റെ അര്‍ത്ഥം. അധികാരം നല്‍കി കയറ്റി വിടുന്ന ജനങ്ങള്‍ക്ക്‌ തിരിച്ച്‌ അങ്ങോട്ടു വല്ലതും കൂടി ലഭിക്കണം. അല്ലെങ്കില്‍ അവര്‍ കല്ലെടുത്തെറിഞ്ഞുകളയും!

യു.പി.എ.യുടെ നാടകങ്ങള്‍ തുടരട്ടെ. ഇടതുവലതുഹര്‍ത്താലുകളും തുടരട്ടെ. നാടകക്കമ്പനി ഇനിയെത്രകാലമെന്ന്‌ ആര്‍ക്കറിയാം?

Saturday, May 31, 2008

മാര്‍ക്സിസ്റ്റുകാര്‍ ബ്ലോഗെഴുതിയാല്‍ ഇങ്ങനെയിരിക്കും! .. അതോ?

ബ്ലോഗിലൂടെ വ്യക്തിഹത്യ നടത്താന്‍ പാടില്ല. പക്ഷേ, ഒരാള്‍ സ്വയം ഹത്യ - അതായത്‌ ആത്മഹത്യ - നടത്തുകയാണെങ്കില്‍ അതു ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ല. അയാളോട്‌ അടുപ്പമുള്ള ആരെങ്കിലും ചേര്‍ന്ന്‌ ആ ഹീനകൃത്യം തടഞ്ഞേക്കും എന്ന ഗുണവുമുണ്ട്‌.

*_*_*_*_*_*_*_*_*_*

“സഹദേവന്‍ കെ.കെ.“ എന്നൊരു എഴുത്തുകാരനുണ്ട്. ഒരു ബ്ലോഗര്‍ എന്നതിനേക്കാളും, ‘റിഡിഫ്‌ വാര്‍ത്ത‘കളില്‍ മുടങ്ങാതെ കമന്റിടുന്നയാള്‍ എന്നനിലയിലാണദ്ദേഹത്തിനു കൂടുതല്‍ പ്രശസ്തി.

വാര്‍ത്തയില്‍ എവിടെയെങ്കിലും ബി.ജെ.പി. എന്ന വാക്കു കടന്നുവന്നിട്ടുണ്ടെങ്കില്‍, കൂടെ സഹദേവന്റെ കമന്റുമുണ്ടാകും. പച്ചക്കള്ളങ്ങളും അസഹിഷ്ണുതാപ്രകടനങ്ങളും നിറഞ്ഞ - വാര്‍ത്തയുമായി പലപ്പോഴും യാതൊരു ബന്ധവുമില്ലാത്ത - കമന്റുകള്‍ കണ്ടാല്‍ ഉറപ്പിക്കാം - അതു സഹദേവന്‍ തന്നെ!

അദ്ദേഹം മലയാളിയാണെന്നു സംശയിക്കപ്പെടുന്നുണ്ട്‌. എന്തായാലും, മലയാളികള്‍ക്കു തരക്കേടില്ലാത്ത ചീത്തപ്പേരുണ്ടാക്കുന്നുണ്ടെന്നതില്‍ സംശയമേതുമില്ല.

മാര്‍ക്സിസ്റ്റുകാരനാണ് എന്നും സംശയിക്കപ്പെടുന്നുണ്ട്‌. എന്നാല്‍, ബി.ജെ.പി.യ്ക്കെതിരെ അസംബന്ധമെഴുതുന്നുവെന്നുവച്ച്‌ അദ്ദേഹമൊരു മാര്‍ക്സിസ്റ്റുകാരനാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ പറ്റുമോ എന്നു ചിന്തിക്കുന്നവരുമുണ്ട്‌. മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ അദ്ദേഹം ചീത്തപ്പേരു നല്ലതോതില്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടുതാനും.

ഈ രണ്ടാമത്തെ വാദം ശരിയാണെന്നു തോന്നിപ്പിക്കുന്ന ഒരു സംഭവമുണ്ടായി കഴിഞ്ഞദിവസം.

‘സഹദേവന്‍ കെ.കെ.‘ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ ഒരു വഴിയുമില്ല.

*_*_*_*_*_*_*_*_*_*

കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെയൊരു ബ്ലോഗ്‌ പോസ്റ്റ്‌ ഇ-മെയില്‍ വഴി ലഭിച്ചത്‌. ഇംഗ്ലീഷില്‍ത്തന്നെയുള്ള പോസ്റ്റ്‌. ലിങ്കിന്റെ അവസാനം, പോസ്റ്റിന്റെ പേര് ഇങ്ങനെയായിരുന്നു.

“bjp-rss-terrorists-kill-cpi-m-activists.html“

എന്താണു സംഭവമെന്നറിയാന്‍ ആകാംക്ഷതോന്നിപ്പോയി. സംഘപ്രസ്ഥാനങ്ങള്‍ക്കു മൃഗീയഭൂരിപക്ഷവും സി.പി.എമ്മിനു നാമമാത്രമായ സാന്നിദ്ധ്യവുമുള്ള അനേകം പ്രദേശങ്ങളുണ്ട്‌. അവിടെയൊന്നും മാര്‍ക്സിസ്റ്റുകാരെ വധിച്ചതായോ വധശ്രമമുണ്ടായതായോ കേട്ടിട്ടില്ല. സംഘട്ടനവും മറ്റും ഉണ്ടായിക്കേട്ടിട്ടുള്ളത്‌ സി.പി.എമ്മിനു ഭൂരിപക്ഷമുള്ള കണ്ണൂര്‍ പോലെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ്. അവിടെയാണെങ്കില്‍ ഓരോതവണയും പ്രശ്നമുണ്ടാക്കുന്നതും വളര്‍ത്തുന്നതും താത്ക്കാലികമായി അവസാനിപ്പിക്കുന്നതുമെല്ലാം സി.പി.എമ്മാണു താനും. എവിടെ നടന്ന - എന്തുസംഭവമായിരിക്കും - സഹദേവന്‍ ഉദ്ദേശിക്കുന്നത്‌ ?

ജിജ്ഞാസ തോന്നി.

പോസ്റ്റിന്റെ തലക്കെട്ടു കണ്ടപ്പോള്‍ സംശയം മാറി.

“Kannur: What RSS acted; What National Leaders Said“

അപ്പോള്‍ കണ്ണൂര്‍തന്നെയാണു വിഷയം. കഴിഞ്ഞയിടെ കണ്ണൂരില്‍ നടന്ന സംഭവങ്ങളും അവയുടെ പരിണാമഗതികളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നൊരാള്‍ എന്ന നിലയില്‍, പോസ്റ്റുവായിക്കാന്‍ വളരെ ജിജ്ഞാസ തോന്നി.

ദേശീയനേതാക്കള്‍ പറഞ്ഞതും സംഘപ്രവര്‍ത്തകര്‍ ചെയ്തതും തമ്മില്‍ എന്തോ വൈരുദ്ധ്യമുണ്ടെന്നാണല്ലോ തലക്കെട്ടു സൂചിപ്പിക്കുന്നത്‌. എന്തായിരിക്കും അത്‌ ?

സഹദേവന്‍ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ വഴിയില്ല. എന്തായാലും സംഗതിയെന്താണെന്നു നോക്കാമെന്നു കരുതി.

*_*_*_*_*_*_*_*_*_*

നോക്കിയപ്പോള്‍, ചില ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്‌.
മെയിലില്‍ ചിത്രങ്ങള്‍ ദൃശ്യമായിരുന്നില്ല - അവയിലേക്കുള്ള ലിങ്കുകള്‍ മാത്രം കണ്ടു. അതിനടിയില്‍, ആകെ രണ്ടു വാചകങ്ങളേയുള്ളൂ പോസ്റ്റില്‍. അവ ഇങ്ങനെ.

BJP & RSS terrorists kill CPI (M) Activists, because CPI (M) protects common people, working class people, Muslims, Christians, Dalits, Artists, Social Activists etc. Communists always try to make system for people between cast, creed or religion to live peacefully.

നല്ല കഥയായി! സഹദേവന്‍ തന്റെ റിഡിഫ്‌ കമന്റുകളില്‍ കാത്തുസൂക്ഷിക്കാറുള്ള നര്‍മ്മബോധം ബ്ലോഗിലും കൈവിട്ടിട്ടില്ലല്ലോ എന്നു കരുതി.

പലരേയും സംരക്ഷിക്കുന്നതിന്റെ പ്രതികാര(!)മെന്നനിലയിലാണ് സംഘപ്രവര്‍ത്തകര്‍ സി.പി.എമ്മിനെ ആക്രമിക്കുന്നതെന്ന പരിഹാസ്യമായ വാദം അതേപടി ആവര്‍ത്തിച്ചുകൊണ്ട്‌, അത്തരം അസംബന്ധവാദമുന്നയിക്കുന്നവര്‍ക്കെതിരെ പരോക്ഷമായ വിമര്‍ശനം നടത്തുന്നു സഹദേവന്‍! അദ്ദേഹം ഒരു മാര്‍ക്സിസ്റ്റുകാരനാണെന്നു കരുതുക വയ്യ.

‘ന്യൂനപക്ഷസംരക്ഷണത്തിനുവേണ്ടി “ജീവന്‍ കളഞ്ഞു” മെനക്കെടുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍‘ എന്നും - ‘ഞങ്ങളെ കൈവെടിയല്ലേ‘ എന്ന മട്ടിലും താണുകേണുപ്രസംഗിച്ച നേതാക്കന്മാരെ പരിഹാസം കൊണ്ടുമൂടുന്ന ശക്തമായ വാചകങ്ങള്‍!

ന്യൂനപക്ഷസംരക്ഷണം അതിരുകടന്നതിന്റെ അനന്തരഫലമാണ് നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പുപരാജയം എന്ന്‌ നേതാക്കന്മാര്‍ മനസ്സുതുറക്കുന്ന ഈ വേളയില്‍ത്തന്നെ ഇതുവായിക്കണം താനും.

സി.പി.എം. “സംരക്ഷിക്കുന്ന“വരുടെ കൂട്ടത്തില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ പേരും കണ്ടതാണ്‌ ഏറ്റവും ചിരിപടര്‍ത്തിയത്‌. പാവം മഹാശ്വേതാദേവി! അതുപോലെതന്നെ മേധാപട്‌ക്കര്‍! അവരുടെ സാരി വലിച്ചഴിച്ചത്‌ ‘നന്നായിപ്പോ‘യെന്നും ‘സി.പി.എമ്മിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കു‘മെന്നൊക്കെയുള്ള മട്ടില്‍ പ്രസംഗിച്ച നേതാക്കന്മാരെ വിമര്‍ശിക്കുവാന്‍ ഇതില്‍പ്പരം കുറിക്കുകൊള്ളുന്ന വാചകങ്ങളില്ല.

സഹദേവന്‍ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ തരമില്ല. എന്തായാലും ആ പോസ്റ്റില്‍ ആദ്യം കൊടുത്തിരിക്കുന്ന നാലു ചിത്രങ്ങള്‍ എന്തൊക്കെയാവും? കാണാന്‍ ആകാംക്ഷയായി.

*_*_*_*_*_*_*_*_*_*

ആദ്യത്തെ ചിത്രത്തിന് “സുരേഷ്‌ “ എന്നാണു പേരു നല്‍കിയിരിക്കുന്നത്‌. ബാക്കിയുള്ളവയ്ക്ക്‌ നമ്പരുകള്‍ മാത്രം.

അദ്യചിത്രം തുറന്നു. നടുങ്ങിപ്പോയി!

എസ്.എസ്‌.എല്‍.സി. പരീക്ഷയ്ക്കു തയ്യാറെടുത്തിരുന്ന മകളുടെ മുന്നില്‍ വച്ച്‌ സി.പി.എം.കാരാല്‍ വധിക്കപ്പെട്ട - സംഘാനുഭാവിയായ - സുരേഷ്‌ ബാബുവിന്റെ ചിത്രം!

അടുത്തതു തുറന്നു. ബീഭത്സതയില്‍ നടുങ്ങിവിറച്ചുപോയി. സി.പി.എം.കാര്‍ ചേര്‍ന്ന്‌ കഴുത്തറുത്തുകൊന്ന - സംഘപ്രവര്‍ത്തകന്‍ - സത്യന്റെ ചിത്രം!

അടുത്തതു തുറന്നു. ഇത്തവണ ദൈന്യതയാണു തോന്നിയത്‌. സി.പി.എം.കാരായ തന്റെ സുഹൃത്തുക്കള്‍ ഫോണ്‍ ചെയ്തതനുസരിച്ച്‌ അവരുടെ അരികിലേയ്ക്ക്‌ ചിരിച്ചുകൊണ്ടു ചെന്നപ്പോള്‍ മറുപടിയായി വെട്ടുകിട്ടി പിടങ്ങുവീണു മരിച്ച - സംഘാനുഭാവിയായ - മഹേഷിന്റെ ചിത്രം!

നാലാമത്തെ ഒരു ചിത്രം മാത്രമായി ബാക്കിവയ്ക്കുന്നതെന്തിന്? അതുകൂടി തുറന്നു. ഇത്തവണ രോഷമാണുയര്‍ന്നത്‌. രണ്ടുവൃക്കകളും തകര്‍ന്ന്‌ - മരുന്നും മറ്റുമായി - വീട്ടില്‍ നിന്നിറങ്ങാതെ - കഴിഞ്ഞിരുന്ന - രോഗിയും വൃദ്ധനുമായിരുന്ന - സി.പി.എമ്മുകാര്‍ “ചങ്കൂറ്റം പ്രദര്‍ശിപ്പിച്ചു” വെട്ടിക്കൊന്ന - പഴയകാലസംഘപ്രവര്‍ത്തകന്‍ - സുരേന്ദ്രന്റെ ചിത്രം!

അടിയിലെ വാചകങ്ങള്‍ ഒരിക്കല്‍ക്കൂടി വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

BJP & RSS terrorists kill CPI (M) Activists, because CPI (M) protects common people, working class people, Muslims, Christians, Dalits, Artists, Social Activists etc. Communists always try to make system for people between cast, creed or religion to live peacefully

ഗംഭീരമായിരിക്കുന്നു!

നന്നായി സഹദേവന്‍! നന്നായി! ഇതിനെ അഭിനന്ദിക്കുവാന്‍ വാക്കുകളില്ല. നഗ്നയാഥാര്‍ത്ഥ്യങ്ങളെ തലകീഴായി തൂക്കിയിട്ടവതരിപ്പിക്കുന്ന ആ അപാരകരങ്ങള്‍ക്കു മുന്നില്‍ ഒരു എളിയ വായനക്കാരന്റെ പ്രണാമം! താങ്കളൊരു മാര്‍ക്സിസ്റ്റുകാരനല്ല - തീര്‍ച്ച.

താങ്കള്‍ക്കിനിയും കണ്ണൂരിലെ വാര്‍ത്തകളേക്കുറിച്ച്‌ എഴുതേണ്ടിവന്നേക്കും. ധാരാളം ചിത്രങ്ങള്‍ ആവശ്യമായും വന്നേക്കും. മാര്‍ക്സിസ്റ്റുഭരണത്തിന് മൂന്നുവര്‍ഷംകൂടി തുടരാനുള്ള ജനവിധി ഇപ്പോളേയുണ്ട്. കാത്തിരിപ്പു വെറുതെയാകാനിടയില്ല.

ന്യൂനപക്ഷസംരക്ഷകരായതിന്റെ പേരില്‍ സി.പി.എമ്മുകാര്‍ ആക്രമിക്കപ്പെട്ടതിന്റെ പഴയചിത്രങ്ങള്‍ ഇനിയും ആവശ്യമുണ്ടെങ്കില്‍ ദാ താഴെക്കാണുന്ന വിഡിയോയില്‍ നിന്നെടുക്കാം. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്ത്‌ പത്തറുപതുവര്‍ഷമായി കാത്തിരുന്നു മുഷിയുന്ന കൂട്ടരുണ്ടല്ലോ. ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നതിനു പകരം അവരുടെ സംരക്ഷകരെ ഉപദ്രവിക്കുന്ന ബുദ്ധിമാന്മാര്‍. അവരെ അനുകൂലിക്കുന്നൊരു സൈറ്റില്‍ നിന്നു കിട്ടിയതാണ്.വീഡിയോയുടെ ഒറിജിനല്‍ ലിങ്ക്‌ ഇവിടെ.

വേണമെങ്കില്‍ ദാ ഈ പോസ്റ്റു വായിക്കുകയുമാവാം
കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ്‌!

കൂടുതലൊന്നും പറയാനില്ല സഹദേവന്‍! താങ്കളൊരു മാര്‍ക്സിസ്റ്റുകാരനല്ല - തീര്‍ച്ച!

*_*_*_*_*_*_*_*_*_*

പിന്‍‌കുറിപ്പ്‌:-

ബ്ലോഗ്‌ ലോകത്തിനു തന്നെ അഭിമാനമായ ശ്രീമാന്‍ സഹദേവന്റെ ബ്ലോഗിലേയ്ക്ക്‌ ഒരു ലിങ്കുവഴിപോലും ബന്ധം സ്ഥാപിക്കാന്‍ - തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ - താത്പര്യപ്പെടുന്നില്ല. ഗൂഗിളിലും വേഡ്പ്രസിലും ബ്ലോഗുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ നിന്ന്‌ രണ്ട്‌ സ്ക്രീന്‍ഷോട്ടുകള്‍ മാത്രം ഇവിടെ ഇടുന്നു.


Sunday, May 25, 2008

കര്‍ണ്ണാടക തെരഞ്ഞെടുപ്പുഫലം - ശിഥിലചിന്തകള്‍

കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പിനേക്കുറിച്ചു പറയാനാണെങ്കില്‍ ഏറെയുണ്ട്‌. പെട്ടെന്നു തോന്നിയ ചില കാര്യങ്ങള്‍ - ചില ചിതറിയ ചിന്തകള്‍ - മാത്രം കുറിച്ചിടുന്നു.

*-*-*-*-*-*-*-*
(1) അപ്രതീക്ഷിതമല്ല - അത്ഭുതവുമില്ല
(2) സംവരണമണ്ഡലങ്ങള്‍
(3) കോണ്‍ഗ്രസ്‌ സംസ്ഥാനാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ
(4) സി.പി.എം. നേതാവ്‌ വൃന്ദാകാരാട്ട്‌
(5) മുസ്ലിംവോട്ടും മതേതരത്വവും
(6) ബഹുകക്ഷിനേതാവ്‌ ബംഗാരപ്പ
(7) തെരഞ്ഞെടുപ്പുകമ്മീഷന്‍
(8) കോണ്‍ഗ്രസുകാരോടു മൊത്തത്തില്‍

*-*-*-*-*-*-*-*

(1) അപ്രതീക്ഷിതമല്ല - അത്ഭുതവുമില്ല

ബി.ജെ.പി. നേടിയ വിജയം അവരെ സംബന്ധിച്ചിടത്തോളം അഭിമാനകരം തന്നെയാണ്‌. അതിന്‌ വളരെ പ്രാധാന്യവുമുണ്ട്‌. പക്ഷേ, അന്ധമായ ബി.ജെ.പി.വിരുദ്ധത പുലര്‍ത്തുന്ന ചില മാദ്ധ്യമങ്ങളിലൂടെ മാത്രമല്ലാതെ കാര്യങ്ങള്‍ വിലയിരുത്തിയ ഏതൊരാളെ സംബന്ധിച്ചിടത്തോളവും, ഒട്ടും അപ്രതീക്ഷിതമല്ല ഈ തെരഞ്ഞെടുപ്പുഫലം.

കഴിഞ്ഞ തവണ - പാര്‍ലമെന്റ്‌/അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്നപ്പോള്‍, അവിടെ പാര്‍ലമെന്റിലേക്കു ബി.ജെ.പി.യ്ക്കു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു. പകുതിയിലധികം അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളിലാണ്‌ അവര്‍ക്കു മുന്‍തൂക്കമുണ്ടായിരുന്നത്‌. പക്ഷേ പകുതിയിലധികം അസംബ്ലിസീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നുമില്ല. പാര്‍ലമെന്റിലേക്കും അസംബ്ലിയിലേക്കും രണ്ടുരീതിയിലുള്ള പരിഗണനയാണു ചില വോട്ടര്‍മാര്‍ നല്‍കിയതെന്നുറപ്പ്‌. ഇത്തവണ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്ന നിലയ്ക്ക്‌, കഴിഞ്ഞ തവണ പകുതി മാത്രം അംഗീകരിച്ചവര്‍ വിചാരിച്ചാല്‍ത്തന്നെ ഈ വിജയം ഉറപ്പിക്കാമായിരുന്നു. അപ്പോള്‍, വലിയൊരു കുതിച്ചുചാട്ടമൊന്നുമില്ലാതെ തന്നെ നേടാവുന്നൊരു നേട്ടം തന്നെയാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.

മുമ്പുണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാതിരുന്നതുമായ ചില അനുകൂലഘടകങ്ങള്‍ മാത്രമേയുള്ളൂ. ബംഗാരപ്പയുടെയും ജനതാദള്‍ (യു)-വിന്റേയും സാന്നിദ്ധ്യമാണത്‌. അവര്‍ കാര്യമായ നഷ്ടമുണ്ടാക്കിയില്ലെന്നും വേണം കരുതാന്‍.

അനുകൂലഘടകങ്ങള്‍ മുതലെടുത്തുകൊണ്ട്‌ ചിട്ടയായ പ്രവര്‍ത്തനം നടത്തുവാനും ബി.ജെ.പി.ക്കു സാധിച്ചിരുന്നു. ഭരണപ്രതിസന്ധിയുണ്ടാകുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്ത അന്നു മുതല്‍ - കഴിഞ്ഞ ആറുമാസക്കാലം - പരോക്ഷമായ തെരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തുവാന്‍ അവര്‍ക്കു കഴിഞ്ഞു.

ഏറ്റവും ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും പ്രകടനപത്രിക പുറത്തിറക്കിയതും മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയതും എല്ലാം അവര്‍തന്നെയായിരുന്നു. പ്രചാരണത്തിന്റെ എല്ലാ മേഖലയിലും അവര്‍ മുന്നിലായിരുന്നു.

സംസ്ഥാനത്തെ പൊതുവേയുള്ള അന്തരീക്ഷം കണക്കിലെടുത്താല്‍, ബി.ജെ.പി. ജയിക്കുമെന്നോ ഇല്ലെങ്കില്‍ ജയത്തിന്‌ തൊട്ടടുത്തെങ്കിലും എത്തുമെന്നോ കരുതുന്നതു തന്നെയായിരുന്നു ബുദ്ധി. CNN-IBN നടത്തിയ പ്രീപോള്‍ - എക്സിറ്റ്‌പോള്‍ സര്‍വ്വേകളില്‍ മാത്രമാണ്‌ മറിച്ച്‌ എന്തെങ്കിലുമൊരു സൂചനകിട്ടിയത്‌. യോഗേന്ദ്രയാദവിനേയും രജ്‌‌ദീപ്‌ സര്‍ദേശായിയേയുമൊക്കെ മുമ്പേതന്നെ അറിയാവുന്നവരാരും അവരുടെ വാക്കുകള്‍ക്ക്‌ വിലകല്‍പിച്ചിട്ടുണ്ടാവില്ലെന്നു തീര്‍ച്ചയാണ്‌.

(2) സംവരണമണ്ഡലങ്ങള്‍

'ഇത്തവണ സംവരണമണ്ഡലങ്ങള്‍ വര്‍ദ്ധിച്ചു - അതു ബി.ജെ.പി.യ്ക്കു തിരിച്ചടിയാകും' എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടുകേട്ടിരുന്നു. ബി.ജെ.പി.യേക്കുറിച്ചു മറ്റുള്ളവര്‍ പറയുന്നതുമാത്രം കേട്ടുകൊണ്ട്‌ ഒരു അഭിപ്രായം സ്വരൂപിക്കുന്നതിന്റെയും അവരേക്കുറിച്ചു പഠിക്കാന്‍ തയ്യാറാകാത്തതിന്റേയും ഫലമായുണ്ടാകുന്ന മറ്റൊരു പ്രശ്നമാണതെന്നു തോന്നിയിരുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കു മുന്‍തൂക്കമുള്ള പല പ്രദേശങ്ങളും സംഘപരിവാര്‍ ശക്തികേന്ദ്രങ്ങളാണെന്നത്‌ കര്‍ണ്ണാടകയിലെ മാത്രമല്ല രാജ്യത്തിന്റെ പലഭാഗത്തുമുള്ളൊരു സ്ഥിതിവിശേഷമാണ്‌. കര്‍ണ്ണാടകയില്‍ കഴിഞ്ഞതവണ തന്നെ 35 സംവരണമണ്ഡലങ്ങളിലെ ഫലം ഇങ്ങനെയായിരുന്നു.

ബി.ജെ.പി. - 14
ജനതാദള്‍ - 9
കോണ്‍ഗ്രസ്‌ - 8
മറ്റുള്ളവര്‍ - 4

ഇത്തവണത്തെ ഫലം - സംവരണമണ്ഡലങ്ങള്‍ മാത്രം പരിഗണിച്ചുള്ളത്‌ - ഇതുവരെ ലഭ്യമായിട്ടില്ല. ഇടയ്ക്കൊരു ചാനലില്‍ മിന്നിമറഞ്ഞ വിവരമനുസരിച്ച്‌ ബി.ജെ.പി. വളരെ മുമ്പില്‍ത്തന്നെയാണ്‌.

ഇടയ്ക്ക്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അഭിഷേക്‌ സിംഘ്‌വി അതിനേക്കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു. സംവരണസീറ്റുകളില്‍ ബി.ജെ.പി. ജയിക്കാനിടയായതെന്തുകൊണ്ടാണെന്നു പരിശോധിക്കണമെന്നൊക്കെ - ബി.എസ്‌.പി.യെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ അദ്ദേഹം രോഷം കൊള്ളുന്നതായിത്തോന്നി. ബി.ജെ.പി.യേക്കുറിച്ച്‌ യാതൊന്നുമറിയാതെയാണല്ലോ ഇവരൊക്കെ പൊരുതാനിറങ്ങുന്നത്‌ എന്നു തോന്നിപ്പോയി.

(3) കോണ്‍ഗ്രസ്‌ സംസ്ഥാനാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ

ഇപ്പോള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ ആരോടെങ്കിലും സംസാരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍, ഞാന്‍ ശ്രീ. ഖാര്‍ഗേയോടു തന്നെ സംസാരിക്കാന്‍ താത്പര്യപ്പെടും. അതിനു കാരണമുണ്ട്‌.

2006-ല്‍ കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിന്റെ സമയത്ത്‌ അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. കേരളത്തില്‍ ബി.ജെ.പി.ക്ക്‌ ഏറ്റവുമധികം ജയസാദ്ധ്യതയുള്ള മണ്ഡലമാണു മഞ്ചേശ്വരം. അന്ന്‌ ഒരു പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞ ഒരു വാചകം ഇപ്പോളുമോര്‍ക്കുന്നു. "പവിത്രമായ നിയമസഭയില്‍ കാലുകുത്താന്‍ ബി.ജെ.പി.ക്കാരെ അനുവദിക്കരുത്‌ " എന്നതായിരുന്നു ആ വാചകം. 'പവിത്രത'യേക്കുറിച്ചുള്ള വാദങ്ങള്‍ ആപേക്ഷികമല്ലെന്നുണ്ടോ ഖാര്‍ഗേ എന്നും - ഇതിനുള്ള മറുപടി തരാന്‍ ജനാധിപത്യസംവിധാനത്തില്‍ മാര്‍ഗ്ഗങ്ങളുണ്ട്‌ എന്നും മനസ്സില്‍പ്പറഞ്ഞിരുന്നു.


അന്ന്‌ അദ്ദേഹം ആര്‍ക്കു വേണ്ടി പ്രചാരണം നടത്തിയോ ആ സ്ഥാനാര്‍ത്ഥി ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി.ക്കും പിറകില്‍ മൂന്നാമതു പോയതോടെ ആദ്യത്തെ മറുപടിയായി. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പി.ഗവണ്മെന്റിനെതിരെ ഒരുപക്ഷേ പ്രതിപക്ഷനേതാവായി ഇരിക്കേണ്ടി വരിക എന്നത്‌ അദ്ദേഹത്തിന്‌ രണ്ടാമത്തെ മറുപടിയായിക്കൊള്ളും. ഒരു മുതിര്‍ന്ന രാഷ്ട്രീയനേതാവെന്ന നിലയില്‍ ആദരവിന്‌ അല്‍പം പോലും കോട്ടമില്ലാതെ തന്നെ - പ്രചാരണത്തിനിടെ "വെള്ളം കുടിക്കുന്ന" അദ്ദേഹത്തിന്റെ ഒരു ചിത്രം ഇവിടെ ഇട്ടുകൊള്ളട്ടെ.

(4) സി.പി.എം. നേതാവ്‌ വൃന്ദാകാരാട്ട്‌

മറ്റു സി.പി.എം.നേതാക്കള്‍ പ്രസംഗിച്ചുപോയ പലതും - ഇപ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ അത്യാവശ്യമായ പലതും ഉണ്ട്‌. അവയെല്ലാം മാറ്റിവച്ചാലും ഒന്നുമാത്രം പറയാതെ വയ്യ. ശ്രീമതി വൃന്ദാകാരാട്ട്‌ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആഹ്വാനം ചെയ്തത്‌ "ബി.ജെ.പി. എന്ന വൈറസിനെ തോല്‍പ്പിക്കണം" എന്നാണ്‌. രാഷ്ട്രീയ എതിരാളികളെ ശതൃക്കള്‍ എന്നു വിശേഷിപ്പിക്കുകയും ബി.ജെ.പി.യെ 'ഒന്നാം നമ്പര്‍ ശതൃ' എന്നു വിളിക്കുകയും ചെയ്തൊരു പാര്‍ട്ടിയുടെ നേതാവില്‍ നിന്ന്‌ കൂടുതലൊന്നും പ്രതീക്ഷിച്ചുകൂടെങ്കിലും, അത്‌ സകലരാഷ്ട്രീയമര്യാദകളേയും ലംഘിച്ചൊരു പരാമര്‍ശമായിരുന്നുവെന്നു പറയാതെ വയ്യ.

ഓരോ പാര്‍ട്ടിക്കും ഓരോ സംസ്കാരം - ഇഷ്ടം പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ - എന്നും കൂടി മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ.

ജനാധിപത്യം എന്ന വാക്ക്‌ ഇടയ്ക്കിടയ്ക്കു പ്രയോഗിച്ചുകാണാറുള്ളവര്‍ കര്‍ണ്ണാടകയിലെ ജനവിധി അംഗീകരിക്കുക മാത്രമല്ല - തങ്ങളുടെ "ആഹ്വാനങ്ങള്‍" ജനം തള്ളിക്കളഞ്ഞുവെന്നു തുറന്നു സമ്മതിക്കുക കൂടി ചെയ്യുമെന്നു കരുതാം.

ഭാരതത്തിലെ ഒരു അനിഷേദ്ധ്യരാഷ്ട്രീയശക്തിയാണു ബി.ജെ.പി. അതൊന്ന്‌ ഓര്‍മ്മപ്പെടുത്താനായി, ശ്രീമതി കാരാട്ടിന്‌ യാദൃച്ഛികമായി ബി.ജെ.പി.ക്കാരുമായി കൈകോര്‍ത്തുപിടിക്കേണ്ടിവന്നൊരു ചിത്രം ഇവിടെ കൊടുക്കട്ടെ. ഒരു ജനാധിപത്യസംവിധാനത്തില്‍ ഇങ്ങനെ പലരുമായും കൈകോര്‍ത്തുപ്രവര്‍ത്തിക്കേണ്ടിവരും. അസഹിഷ്ണുതപ്പെട്ടിട്ടു യാതൊരു കാര്യവുമില്ല.

(5) മുസ്ലിംവോട്ടും മതേതരത്വവും

കല്‍ക്കട്ടയില്‍ നിന്നുള്ള "The Telegraph" എന്ന പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു. "Muslims ask candidates to promise they will keep religion out of politics" എന്ന തലക്കെട്ട്‌ പ്രതീക്ഷ നല്‍കി. മതേതരരാഷ്ട്രീയം എന്നതിന്റെ നല്ലൊരു നിര്‍വചനം കാണുമ്പോള്‍ സന്തോഷിക്കാതെയും പ്രതീക്ഷിക്കാതെയും വയ്യ. കൂസിസ്റ്റുകളുടെ തന്ത്രങ്ങളില്‍ വീഴാതെ മുസ്ലീങ്ങള്‍ ഉജ്ജ്വലമായ രാഷ്ട്രീയനിലപാടെടുക്കുന്നുവല്ലോ എന്നോര്‍ത്തു കുടുതല്‍ സന്തോഷമായി.

പക്ഷേ, വാര്‍ത്തയില്‍ കണ്ട ചില ഭാഗങ്ങള്‍ ഇങ്ങനെ.

In keeping with the image of a state synonymous with India’s IT boom, the Karnataka Muslim Muttahida Mahaz (Karnataka Muslims’ United Front) is listening to science, rather than electoral promises, to issue support to candidates in the Assembly elections.

A team of local researchers, working across Karnataka’s 28 districts, has sent in its statistical sampling of voter sentiment and perceptions of the candidates.
The study has thrown up a list of names — cutting across party lines, including some Independents — “most likely to defeat the BJP” in their respective constituencies.
......
“We do not have any real expectations from any of the parties. Our only aim is to stave off a BJP victory. So we cannot afford to be sucked in by emotions or promises,” says Sayyed Tanvir Ahmed, a senior Mahaz official.

മതത്തിന്റെ മാത്രം പേരില്‍ കുറേയാളുകള്‍ ഒരുമിച്ചുകൂടുക - ഒരുപാര്‍ട്ടിയെ എങ്ങനെയെങ്കിലും തോല്‍പിക്കാന്‍ വേണ്ടി മറ്റു പരിഗണനകളൊന്നുമില്ലാതെ വേറെ ആര്‍ക്കുവേണമെങ്കിലും വോട്ടുചെയ്യാമെന്ന നിലപാടെടുക്കുക - എന്തു പറയാനാണ്‌ - പ്രത്യേകിച്ചൊന്നും പറയാനില്ല.

കണക്കുകൂട്ടലുകള്‍ക്കിടയ്ക്കിടയ്ക്ക്‌ എപ്പോഴെങ്കിലും അവര്‍ക്കു സമയം കിട്ടുമെന്നും ബി.ജെ.പി.യിലെ ഏതെങ്കിലും മുതിര്‍ന്ന മുസ്ലീം നേതാവിനേയോ മറ്റോ വിളിച്ച്‌ "എന്താ സത്യത്തില്‍ പരിപാടി" എന്നു ചോദിക്കാനെങ്കിലും തുനിയുമെന്നും പ്രത്യാശിക്കാം.

മതേതരത്വം വിജയിക്കട്ടെ.

(6) ബഹുകക്ഷിനേതാവ്‌ ബംഗാരപ്പ

ബംഗാരപ്പയുടെ പേരില്‍ രണ്ടു റിക്കോര്‍ഡുകളാണുള്ളത്‌. തെരഞ്ഞെടുപ്പില്‍ പരാജയമറിയാതിരുന്നതിന്റെ റെക്കോര്‍ഡാണ്‌ ഒന്ന്‌. അനവധി പാര്‍ട്ടികള്‍ മാറിമറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനിടയില്‍ മത്സരിച്ച ചിഹ്നങ്ങളുടെ എണ്ണമാണ്‌ മറ്റൊന്ന്‌.

അതില്‍ ഒരു റെക്കോര്‍ഡ്‌ ഇത്തവണ തകര്‍ന്നു. പരാജയം എന്തെന്നു മനസ്സിലായി.

യെദ്ദ്യൂരപ്പയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിനായി കോണ്‍ഗ്രസും ജനതാദളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയും "സെക്യുലര്‍" പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ തന്നെ ബംഗാരപ്പ പരാജയം ഉറപ്പിച്ചിരുന്നു. പക്ഷേ അതിലും ശ്രദ്ധേയമായ പരാജയം സംഭവിച്ചത്‌ മക്കളായ ബംഗാരപ്പമാര്‍ക്കാണ്‌. കോണ്‍ഗ്രസിലും എസ്‌.പി.യിലുമായി മക്കള്‍ ബംഗാരപ്പമാര്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ പോരാട്ടം കനത്തു. ആ മണ്ഡലത്തിലെ ബി.ജെ.പി.സ്ഥാനാര്‍ത്ഥിയേക്കുറിച്ചു സംസാരിക്കാന്‍ പോലും ആര്‍ക്കും സമയമുണ്ടായിരുന്നില്ല. പക്ഷേ ഫലം വന്നപ്പോള്‍ ജനം രണ്ടു ബംഗാരപ്പമാരേയും പറഞ്ഞയച്ച്‌ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു. താന്‍ മാറിയതോടെ ബി.ജെ.പി. ഇല്ലാതായി എന്നൊക്കെ അഹങ്കരിച്ചിരുന്ന ബംഗാരപ്പയ്ക്ക്‌ ഇതിലും നല്ലൊരു ശിക്ഷ കൊടുക്കാനില്ലെന്ന്‌ ജനം കരുതിയിരിക്കണം.

(7) തെരഞ്ഞെടുപ്പു കമ്മീഷന്‍

ഇവിടെ യഥാര്‍ത്ഥവിജയി എന്ന വിശേഷണവും അഭിനന്ദനവും ഏറ്റവുമര്‍ഹിക്കുന്നതാരെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം. അതു തെരഞ്ഞെടുപ്പു കമ്മീഷനാണ്‌. മണ്ഡലപുനര്‍നിര്‍ണ്ണയം വിസ്മയകരമായ വേഗത്തില്‍ പൂര്‍ത്തിയാക്കിയതു മാത്രമല്ല - തെരഞ്ഞെടുപ്പു സമയത്തെ പണമൊഴുക്കു തടഞ്ഞതും -പരാതികള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ഇടയാക്കാതെ സമയബന്ധിതമായി എല്ലാം പൂര്‍ത്തിയാക്കിയതും - അങ്ങനെ പലതുമുണ്ട്‌ കാരണങ്ങള്‍. പ്രചാരണത്തിന്റെ പരിധി നിശ്ചയിച്ചത്‌ അല്‍പം കടന്നുപോയില്ലേ എന്ന സംശയവും അതിനേപ്പറ്റിയുള്ള ചര്‍ച്ചകളും അവശേഷിക്കുമ്പോള്‍ത്തന്നെ, കമ്മീഷന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

(8) അവസാനമായി, കോണ്‍ഗ്രസുകാരോടു മൊത്തത്തില്‍ ചിലതു പറയാനുണ്ട്‌.

ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ബി.ജെ.പി.ക്ക്‌ കര്‍ണാടകയില്‍ ആകെ ഒരു എം.എല്‍.എ. മാത്രമാണുണ്ടായിരുന്നത്‌ എന്നു നിങ്ങള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. പണ്ട്‌ - അടിയന്തിരാവസ്ഥയ്ക്കുശേഷം - രാജ്യം മുഴുവന്‍ തനിക്കെതിരെ നിന്നിരുന്ന കാലങ്ങളില്‍ ഇന്ദിരാഗാന്ധി മത്സരിക്കാനായി തെരഞ്ഞെടുത്തത്‌ കര്‍ണ്ണാടകയായിരുന്നുവെന്നും ആലോചിക്കുക. അത്രയ്ക്ക്‌ സുരക്ഷിതമായ ഒരു കോണ്‍ഗ്രസ്‌ കോട്ടയായിരുന്നു കര്‍ണ്ണാടകം. അവിടെയിപ്പോളത്തെ സ്ഥിതിചൂണ്ടിക്കാണിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം പറയുന്ന കാരണം കേള്‍ക്കേണ്ടതു തന്നെയാണ്‌.

സെക്യുലര്‍ വോട്ടുകള്‍ വിഭജിച്ചുപോയതാണത്രേ പ്രശ്നം.!

അപ്പോള്‍, ഇക്കണ്ടജനമൊക്കെ ഈ കാലയളവിനുള്ളില്‍ “കമ്മ്യൂണലിസ്റ്റു“കളായി മാറിയെന്നു ചുരുക്കം. അതോ ഇക്കാലയളവില്‍ വളര്‍ന്നു വന്ന പുത്തന്‍തലമുറ - പുതിയ വോട്ടര്‍മാര്‍ - മാത്രമാണോ വര്‍ഗ്ഗീയവാദികള്‍? എന്തായാലും അവര്‍ക്കാണു ഭൂരിപക്ഷം എന്നു വന്നിരിക്കുന്നു ഇപ്പോള്‍.

പ്രിയ കോണ്‍ഗ്രസ്‌ - ഈ "സെക്യുലര്‍" വാദഗതികളില്‍ കടിച്ചുതൂങ്ങുക എന്ന പരമാബദ്ധം നിങ്ങള്‍ എന്നവസാനിപ്പിക്കുന്നോ അന്നു വരെ തെരഞ്ഞെടുപ്പുകളുടെ മൊത്തം ഫലം ഏതാണ്‌ ഇങ്ങനെയൊക്കെത്തന്നെയായിരിക്കും എന്ന്‌ ഉറപ്പിച്ചു പറയാം.

അല്ല - കേള്‍ക്കണേ! - കോണ്‍ഗ്രസ്‌ മതേതരമാണെന്ന്‌!

തെരഞ്ഞെടുപ്പിന്റെ ചൂടും ഫലപ്രഖ്യാപനത്തിന്റെ ടെന്‍ഷനും ഒക്കെ കഴിഞ്ഞില്ലേ ഇനിയല്‍പം തമാശയൊക്കെയാവാം എന്നാണെങ്കില്‍ വിരോധമില്ല. അപ്പോള്‍ - മതേതരത്വത്തിന്റെ നിര്‍വചനമിതാണ്‌. ബി.ജെ.പി. വര്‍ഗ്ഗീയം. മറ്റുപാര്‍ട്ടികളെല്ലാം മതേതരം! കൊള്ളാം. മതേതരത്വം വിജയിക്കട്ടെ.

________________
അനുബന്ധപോസ്റ്റുകള്‍ :-
(1) ബി.ജെ.പി.യ്ക്ക്‌ "പുത്തന്‍ ഉണര്‍വ്വ്‌ "? സത്യമോ മിഥ്യയോ?
(2) കര്‍ണ്ണാടക - കടമ്പകള്‍ ഇനിയുമേറെ