*_*_*_*_*_*_*_*_*_*
“സഹദേവന്‍ കെ.കെ.“ എന്നൊരു എഴുത്തുകാരനുണ്ട്. ഒരു ബ്ലോഗര്‍ എന്നതിനേക്കാളും, ‘റിഡിഫ് വാര്‍ത്ത‘കളില്‍ മുടങ്ങാതെ കമന്റിടുന്നയാള്‍ എന്നനിലയിലാണദ്ദേഹത്തിനു കൂടുതല്‍ പ്രശസ്തി.
വാര്‍ത്തയില്‍ എവിടെയെങ്കിലും ബി.ജെ.പി. എന്ന വാക്കു കടന്നുവന്നിട്ടുണ്ടെങ്കില്‍, കൂടെ സഹദേവന്റെ കമന്റുമുണ്ടാകും. പച്ചക്കള്ളങ്ങളും അസഹിഷ്ണുതാപ്രകടനങ്ങളും നിറഞ്ഞ - വാര്‍ത്തയുമായി പലപ്പോഴും യാതൊരു ബന്ധവുമില്ലാത്ത - കമന്റുകള്‍ കണ്ടാല്‍ ഉറപ്പിക്കാം - അതു സഹദേവന്‍ തന്നെ!
അദ്ദേഹം മലയാളിയാണെന്നു സംശയിക്കപ്പെടുന്നുണ്ട്. എന്തായാലും, മലയാളികള്‍ക്കു തരക്കേടില്ലാത്ത ചീത്തപ്പേരുണ്ടാക്കുന്നുണ്ടെന്നതില്‍ സംശയമേതുമില്ല.
മാര്‍ക്സിസ്റ്റുകാരനാണ് എന്നും സംശയിക്കപ്പെടുന്നുണ്ട്. എന്നാല്‍, ബി.ജെ.പി.യ്ക്കെതിരെ അസംബന്ധമെഴുതുന്നുവെന്നുവച്ച് അദ്ദേഹമൊരു മാര്‍ക്സിസ്റ്റുകാരനാണെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുമോ എന്നു ചിന്തിക്കുന്നവരുമുണ്ട്. മാര്‍ക്സിസ്റ്റുകാര്‍ക്ക് അദ്ദേഹം ചീത്തപ്പേരു നല്ലതോതില്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടുതാനും.
ഈ രണ്ടാമത്തെ വാദം ശരിയാണെന്നു തോന്നിപ്പിക്കുന്ന ഒരു സംഭവമുണ്ടായി കഴിഞ്ഞദിവസം.
‘സഹദേവന്‍ കെ.കെ.‘ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ ഒരു വഴിയുമില്ല.
*_*_*_*_*_*_*_*_*_*
കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെയൊരു ബ്ലോഗ് പോസ്റ്റ് ഇ-മെയില്‍ വഴി ലഭിച്ചത്. ഇംഗ്ലീഷില്‍ത്തന്നെയുള്ള പോസ്റ്റ്. ലിങ്കിന്റെ അവസാനം, പോസ്റ്റിന്റെ പേര് ഇങ്ങനെയായിരുന്നു.
“bjp-rss-terrorists-kill-cpi-m-activists.html“
എന്താണു സംഭവമെന്നറിയാന്‍ ആകാംക്ഷതോന്നിപ്പോയി. സംഘപ്രസ്ഥാനങ്ങള്‍ക്കു മൃഗീയഭൂരിപക്ഷവും സി.പി.എമ്മിനു നാമമാത്രമായ സാന്നിദ്ധ്യവുമുള്ള അനേകം പ്രദേശങ്ങളുണ്ട്. അവിടെയൊന്നും മാര്‍ക്സിസ്റ്റുകാരെ വധിച്ചതായോ വധശ്രമമുണ്ടായതായോ കേട്ടിട്ടില്ല. സംഘട്ടനവും മറ്റും ഉണ്ടായിക്കേട്ടിട്ടുള്ളത് സി.പി.എമ്മിനു ഭൂരിപക്ഷമുള്ള കണ്ണൂര്‍ പോലെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ്. അവിടെയാണെങ്കില്‍ ഓരോതവണയും പ്രശ്നമുണ്ടാക്കുന്നതും വളര്‍ത്തുന്നതും താത്ക്കാലികമായി അവസാനിപ്പിക്കുന്നതുമെല്ലാം സി.പി.എമ്മാണു താനും. എവിടെ നടന്ന - എന്തുസംഭവമായിരിക്കും - സഹദേവന്‍ ഉദ്ദേശിക്കുന്നത് ?
ജിജ്ഞാസ തോന്നി.
പോസ്റ്റിന്റെ തലക്കെട്ടു കണ്ടപ്പോള്‍ സംശയം മാറി.
“Kannur: What RSS acted; What National Leaders Said“
അപ്പോള്‍ കണ്ണൂര്‍തന്നെയാണു വിഷയം. കഴിഞ്ഞയിടെ കണ്ണൂരില്‍ നടന്ന സംഭവങ്ങളും അവയുടെ പരിണാമഗതികളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നൊരാള്‍ എന്ന നിലയില്‍, പോസ്റ്റുവായിക്കാന്‍ വളരെ ജിജ്ഞാസ തോന്നി.
ദേശീയനേതാക്കള്‍ പറഞ്ഞതും സംഘപ്രവര്‍ത്തകര്‍ ചെയ്തതും തമ്മില്‍ എന്തോ വൈരുദ്ധ്യമുണ്ടെന്നാണല്ലോ തലക്കെട്ടു സൂചിപ്പിക്കുന്നത്. എന്തായിരിക്കും അത് ?
സഹദേവന്‍ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ വഴിയില്ല. എന്തായാലും സംഗതിയെന്താണെന്നു നോക്കാമെന്നു കരുതി.
*_*_*_*_*_*_*_*_*_*
നോക്കിയപ്പോള്‍, ചില ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്.
മെയിലില്‍ ചിത്രങ്ങള്‍ ദൃശ്യമായിരുന്നില്ല - അവയിലേക്കുള്ള ലിങ്കുകള്‍ മാത്രം കണ്ടു. അതിനടിയില്‍, ആകെ രണ്ടു വാചകങ്ങളേയുള്ളൂ പോസ്റ്റില്‍. അവ ഇങ്ങനെ.
BJP & RSS terrorists kill CPI (M) Activists, because CPI (M) protects common people, working class people, Muslims, Christians, Dalits, Artists, Social Activists etc. Communists always try to make system for people between cast, creed or religion to live peacefully.
നല്ല കഥയായി! സഹദേവന്‍ തന്റെ റിഡിഫ് കമന്റുകളില്‍ കാത്തുസൂക്ഷിക്കാറുള്ള നര്‍മ്മബോധം ബ്ലോഗിലും കൈവിട്ടിട്ടില്ലല്ലോ എന്നു കരുതി.
പലരേയും സംരക്ഷിക്കുന്നതിന്റെ പ്രതികാര(!)മെന്നനിലയിലാണ് സംഘപ്രവര്‍ത്തകര്‍ സി.പി.എമ്മിനെ ആക്രമിക്കുന്നതെന്ന പരിഹാസ്യമായ വാദം അതേപടി ആവര്‍ത്തിച്ചുകൊണ്ട്, അത്തരം അസംബന്ധവാദമുന്നയിക്കുന്നവര്‍ക്കെതിരെ പരോക്ഷമായ വിമര്‍ശനം നടത്തുന്നു സഹദേവന്‍! അദ്ദേഹം ഒരു മാര്‍ക്സിസ്റ്റുകാരനാണെന്നു കരുതുക വയ്യ.
‘ന്യൂനപക്ഷസംരക്ഷണത്തിനുവേണ്ടി “ജീവന്‍ കളഞ്ഞു” മെനക്കെടുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍‘ എന്നും - ‘ഞങ്ങളെ കൈവെടിയല്ലേ‘ എന്ന മട്ടിലും താണുകേണുപ്രസംഗിച്ച നേതാക്കന്മാരെ പരിഹാസം കൊണ്ടുമൂടുന്ന ശക്തമായ വാചകങ്ങള്‍!
ന്യൂനപക്ഷസംരക്ഷണം അതിരുകടന്നതിന്റെ അനന്തരഫലമാണ് നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പുപരാജയം എന്ന് നേതാക്കന്മാര്‍ മനസ്സുതുറക്കുന്ന ഈ വേളയില്‍ത്തന്നെ ഇതുവായിക്കണം താനും.
സി.പി.എം. “സംരക്ഷിക്കുന്ന“വരുടെ കൂട്ടത്തില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ പേരും കണ്ടതാണ് ഏറ്റവും ചിരിപടര്‍ത്തിയത്. പാവം മഹാശ്വേതാദേവി! അതുപോലെതന്നെ മേധാപട്‌ക്കര്‍! അവരുടെ സാരി വലിച്ചഴിച്ചത് ‘നന്നായിപ്പോ‘യെന്നും ‘സി.പി.എമ്മിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കു‘മെന്നൊക്കെയുള്ള മട്ടില്‍ പ്രസംഗിച്ച നേതാക്കന്മാരെ വിമര്‍ശിക്കുവാന്‍ ഇതില്‍പ്പരം കുറിക്കുകൊള്ളുന്ന വാചകങ്ങളില്ല.
സഹദേവന്‍ ഒരു മാര്‍ക്സിസ്റ്റുകാരനാവാന്‍ തരമില്ല. എന്തായാലും ആ പോസ്റ്റില്‍ ആദ്യം കൊടുത്തിരിക്കുന്ന നാലു ചിത്രങ്ങള്‍ എന്തൊക്കെയാവും? കാണാന്‍ ആകാംക്ഷയായി.
*_*_*_*_*_*_*_*_*_*
ആദ്യത്തെ ചിത്രത്തിന് “സുരേഷ് “ എന്നാണു പേരു നല്‍കിയിരിക്കുന്നത്. ബാക്കിയുള്ളവയ്ക്ക് നമ്പരുകള്‍ മാത്രം.
അദ്യചിത്രം തുറന്നു. നടുങ്ങിപ്പോയി!
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കു തയ്യാറെടുത്തിരുന്ന മകളുടെ മുന്നില്‍ വച്ച് സി.പി.എം.കാരാല്‍ വധിക്കപ്പെട്ട - സംഘാനുഭാവിയായ - സുരേഷ് ബാബുവിന്റെ ചിത്രം!
അടുത്തതു തുറന്നു. ബീഭത്സതയില്‍ നടുങ്ങിവിറച്ചുപോയി. സി.പി.എം.കാര്‍ ചേര്‍ന്ന് കഴുത്തറുത്തുകൊന്ന - സംഘപ്രവര്‍ത്തകന്‍ - സത്യന്റെ ചിത്രം!
അടുത്തതു തുറന്നു. ഇത്തവണ ദൈന്യതയാണു തോന്നിയത്. സി.പി.എം.കാരായ തന്റെ സുഹൃത്തുക്കള്‍ ഫോണ്‍ ചെയ്തതനുസരിച്ച് അവരുടെ അരികിലേയ്ക്ക് ചിരിച്ചുകൊണ്ടു ചെന്നപ്പോള്‍ മറുപടിയായി വെട്ടുകിട്ടി പിടങ്ങുവീണു മരിച്ച - സംഘാനുഭാവിയായ - മഹേഷിന്റെ ചിത്രം!
നാലാമത്തെ ഒരു ചിത്രം മാത്രമായി ബാക്കിവയ്ക്കുന്നതെന്തിന്? അതുകൂടി തുറന്നു. ഇത്തവണ രോഷമാണുയര്‍ന്നത്. രണ്ടുവൃക്കകളും തകര്‍ന്ന് - മരുന്നും മറ്റുമായി - വീട്ടില്‍ നിന്നിറങ്ങാതെ - കഴിഞ്ഞിരുന്ന - രോഗിയും വൃദ്ധനുമായിരുന്ന - സി.പി.എമ്മുകാര്‍ “ചങ്കൂറ്റം പ്രദര്‍ശിപ്പിച്ചു” വെട്ടിക്കൊന്ന - പഴയകാലസംഘപ്രവര്‍ത്തകന്‍ - സുരേന്ദ്രന്റെ ചിത്രം!
അടിയിലെ വാചകങ്ങള്‍ ഒരിക്കല്‍ക്കൂടി വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“BJP & RSS terrorists kill CPI (M) Activists, because CPI (M) protects common people, working class people, Muslims, Christians, Dalits, Artists, Social Activists etc. Communists always try to make system for people between cast, creed or religion to live peacefully“
ഗംഭീരമായിരിക്കുന്നു!
നന്നായി സഹദേവന്‍! നന്നായി! ഇതിനെ അഭിനന്ദിക്കുവാന്‍ വാക്കുകളില്ല. നഗ്നയാഥാര്‍ത്ഥ്യങ്ങളെ തലകീഴായി തൂക്കിയിട്ടവതരിപ്പിക്കുന്ന ആ അപാരകരങ്ങള്‍ക്കു മുന്നില്‍ ഒരു എളിയ വായനക്കാരന്റെ പ്രണാമം! താങ്കളൊരു മാര്‍ക്സിസ്റ്റുകാരനല്ല - തീര്‍ച്ച.
താങ്കള്‍ക്കിനിയും കണ്ണൂരിലെ വാര്‍ത്തകളേക്കുറിച്ച് എഴുതേണ്ടിവന്നേക്കും. ധാരാളം ചിത്രങ്ങള്‍ ആവശ്യമായും വന്നേക്കും. മാര്‍ക്സിസ്റ്റുഭരണത്തിന് മൂന്നുവര്‍ഷംകൂടി തുടരാനുള്ള ജനവിധി ഇപ്പോളേയുണ്ട്. കാത്തിരിപ്പു വെറുതെയാകാനിടയില്ല.
ന്യൂനപക്ഷസംരക്ഷകരായതിന്റെ പേരില്‍ സി.പി.എമ്മുകാര്‍ ആക്രമിക്കപ്പെട്ടതിന്റെ പഴയചിത്രങ്ങള്‍ ഇനിയും ആവശ്യമുണ്ടെങ്കില്‍ ദാ താഴെക്കാണുന്ന വിഡിയോയില്‍ നിന്നെടുക്കാം. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്ത് പത്തറുപതുവര്‍ഷമായി കാത്തിരുന്നു മുഷിയുന്ന കൂട്ടരുണ്ടല്ലോ. ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നതിനു പകരം അവരുടെ സംരക്ഷകരെ ഉപദ്രവിക്കുന്ന ബുദ്ധിമാന്മാര്‍. അവരെ അനുകൂലിക്കുന്നൊരു സൈറ്റില്‍ നിന്നു കിട്ടിയതാണ്.
വീഡിയോയുടെ ഒറിജിനല്‍ ലിങ്ക് ഇവിടെ.
വേണമെങ്കില്‍ ദാ ഈ പോസ്റ്റു വായിക്കുകയുമാവാം
കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ്!
കൂടുതലൊന്നും പറയാനില്ല സഹദേവന്‍! താങ്കളൊരു മാര്‍ക്സിസ്റ്റുകാരനല്ല - തീര്‍ച്ച!
*_*_*_*_*_*_*_*_*_*
പിന്‍കുറിപ്പ്:-
ബ്ലോഗ് ലോകത്തിനു തന്നെ അഭിമാനമായ ശ്രീമാന്‍ സഹദേവന്റെ ബ്ലോഗിലേയ്ക്ക് ഒരു ലിങ്കുവഴിപോലും ബന്ധം സ്ഥാപിക്കാന്‍ - തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ - താത്പര്യപ്പെടുന്നില്ല. ഗൂഗിളിലും വേഡ്പ്രസിലും ബ്ലോഗുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ നിന്ന് രണ്ട് സ്ക്രീന്‍ഷോട്ടുകള്‍ മാത്രം ഇവിടെ ഇടുന്നു.

