Thursday, June 12, 2008

മഹാകവി പാലാ - മരിക്കാത്ത ചില ഓര്‍മ്മകള്‍!

ഇത്‌ തികച്ചും വ്യക്തിപരമായ ചില ഓര്‍മ്മക്കുറിപ്പുകള്‍ മാത്രമാണ്‌. പാലാ ഉള്‍പ്പെടെ പലരേക്കുറിച്ചുമുള്ളത്‌. മഹാകവി പാലായേപ്പറ്റി വിശദമായി എഴുതുവാനുള്ള എന്തെങ്കിലും യോഗ്യത പോയിട്ട്‌ അദ്ദേഹത്തിന്റെ കൃതികള്‍ ധാരാളമായി വായിച്ചുള്ള പരിചയം പോലും എനിക്കില്ല.

*-*-*-*-*-*-*-*-*-*

ചില വേര്‍പാടുകള്‍ വളരെ വേദനിപ്പിക്കുന്നവയാണ്‌. ഓര്‍ക്കാപ്പുറത്താവുമ്പോള്‍ പ്രത്യേകിച്ചും. അത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിട്ടാല്‍ കൊള്ളാമെന്നു തോന്നാറുണ്ട്‌. ചിലപ്പോള്‍ ഡയറിയില്‍ എന്തെങ്കിലും എഴുതിയിടും. കുറേയായി ഇപ്പോള്‍ അതിനും കഴിയാറില്ല. മറവികൊണ്ടു മുറിവുകളുണക്കി, പുതിയവ സൃഷ്ടിച്ച്‌ കാലം വീണ്ടും മുമ്പോട്ട്‌...

കഴിഞ്ഞ ഒന്നു രണ്ടു കൊല്ലങ്ങള്‍ക്കിടെ അങ്ങനെ നേരിടേണ്ടി വന്ന ഒന്ന്‌ വി.പി.സത്യന്റെ 'സഡന്‍ ഡെത്ത്‌' ആയിരുന്നു. വാര്‍ത്ത സൃഷ്ടിച്ച നടുക്കം ഇപ്പോളുമോര്‍ക്കുന്നു. ഒരു കാലത്ത്‌ ആവേശപൂര്‍വ്വം നെഞ്ചേറ്റിയിരുന്ന പേരുകളിലൊന്ന്‌. കുരികേശ്‌ മാത്യു... ഷറഫലി... പാപ്പച്ചന്‍... തോമസ്‌ സെബാസ്റ്റ്യന്‍... ചാക്കോ... മറക്കാനാവാത്ത ചില പേരുകളിലൊന്ന്‌. കഴിഞ്ഞകുറേ വർഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും ഓര്‍ത്തിരുന്നില്ലെങ്കിലും, പെട്ടെന്നുള്ള വേര്‍പാടു സൃഷ്ടിക്കുന്ന നടുക്കം പലപ്പോഴും പഴയ ഓര്‍മ്മകളുമായി കൂടിക്കുഴഞ്ഞുപോകുമെന്നതുകൊണ്ട്‌, പറഞ്ഞറിയിക്കാനാവാത്തൊരു വികാരമാണതു സൃഷ്ടിക്കുക.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌, സത്യന്റേയും മറ്റും ചില "ബ്ലാക്‌ & വൈറ്റ്‌" ചിത്രങ്ങള്‍ മനോരമ സ്പോര്‍ട്‌സ്‌ പേജില്‍ നിന്നു വെട്ടിയെടുത്തുവച്ചിരുന്നതോര്‍ക്കുന്നു. ആ തുണ്ടുകടലാസ്സുകള്‍ ഇപ്പോള്‍ എവിടെയായിരിക്കും?

അറിയില്ല. എവിടെയോ കിടന്നു ചിതലരിച്ചു നശിച്ചുപോയിരിക്കണം!

അറിയാവുന്നത്‌ ഒന്നു മാത്രമാണ്‌. കേരളത്തിന്റെ പഴയകാല ഫുട്ബോള്‍പ്രതിഭകളെ ആദരിക്കാന്‍ നാമിനിയൊരു പരിപാടി സംഘടിപ്പിച്ചാല്‍ - ക്യാപ്റ്റന്റെ കരുത്തുറ്റ ചുവടുകളുമായി ആ വേദിയിലേക്കു കടന്നു വന്നിരിക്കാന്‍ - എനിക്ക്‌ ആദരവോടെ എണീറ്റു നിന്നു കയ്യടിക്കാന്‍ - സത്യന്‍ ഉണ്ടാവില്ല!

*-*-*-*-*-*-*-*-*-*

സി.പി.ഐ.യുടെ മുതിര്‍ന്ന നേതാവായിരുന്ന സഖാവ്‌ മമ്മൂട്ടിയുടെ മരണമായിരുന്നു മറ്റൊന്ന്‌. വളരെ കുറഞ്ഞ പരിചയമേയുള്ളൂ. അദ്ദേഹമെന്നെ ഓര്‍ത്തിരിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്തത്ര അകന്ന പരിചയം. 'യുവകലാസാഹിതി'യുമായി ബന്ധപ്പെട്ട ചില പരിപാടികള്‍ വഴി മാത്രമുള്ള ബന്ധം. പക്ഷേ, അദ്ദേഹം ഇനിയില്ല എന്നറിഞ്ഞപ്പോളാണ്‌ ഒരു കാര്യം ഞെട്ടലോടെ ഓര്‍ത്തത്‌. തന്നെ വന്നു കണ്ടേ തീരൂ എന്നു സ്നേഹപൂര്‍വ്വം ശഠിച്ചുകൊണ്ട്‌ ഒരു ചെറിയ തുണ്ടുകടലാസ്സില്‍ വിലാസം കുറിച്ചു തന്നിരുന്നു - അവസാനമായിക്കണ്ടപ്പോള്‍. ആ കടലാസ്‌ കഷണം ഇപ്പോളെവിടയാവും? ജീവിതയാത്രയ്ക്കിടയിലെപ്പോഴോ - എവിടെവച്ചായിരുന്നിരിക്കണം എനിക്കതു നഷ്ടപ്പെട്ടത്‌? താമസിച്ച അനവധി വാടകവീടുകളിലേതിലെങ്കിലും - ഏതെങ്കിലുമൊരു ഒഴിഞ്ഞ കോണിലോ മറ്റോ - പൊടിപിടിച്ച ഒരു പുസ്തകത്തിനുള്ളില്‍ അതിപ്പോളും ഒളിച്ചിരിപ്പുണ്ടാവുമോ? ഇനിയൊരിക്കലും വരാത്ത കയ്യക്ഷരവും പേറി? അതോ മഴനനഞ്ഞു മണ്ണടിഞ്ഞു പോയിരിക്കുമോ?

അറിയില്ല.

അറിയാവുന്നത്‌ ഒന്നു മാത്രമാണ്‌. എവിടെയെങ്കിലും വച്ച്‌ ഇനിയെപ്പോളെങ്കിലും - യുവകലാസാഹിതിയുടെ ക്യാമ്പു നടക്കുന്നുവെന്നോ മറ്റോ അറിഞ്ഞ്‌ കയറിച്ചെന്നൊന്നു പരിചയം പുതുക്കാമെന്നു വച്ചാല്‍ .. കൈ പിടിച്ചു സംസാരിക്കാന്‍ സഖാവ്‌ മമ്മൂട്ടി അവിടെയുണ്ടാവില്ല.

*-*-*-*-*-*-*-*-*-*

ഒരിക്കല്‍, തിരുവനന്തപുരത്ത്‌ പി.എസ്‌.സി. ഓഫീസില്‍ പോകേണ്ടിവന്നപ്പോളാണ്‌ അതിനടുത്ത്‌ ഒരു പരിപാടി നടക്കുന്നതു ശ്രദ്ധിച്ചത്‌. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ സേവാവിഭാഗമായ സേവാഭാരതി മെഡിക്കല്‍ കോളേജിലെ നിര്‍ദ്ധനരായ രോഗികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള അന്നദാനപദ്ധതിയുടെ വാര്‍ഷികമോ മറ്റോ. അന്നാണ്‌ സംഘത്തിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഗോപിക്കുട്ടന്‍സാറിനെ ആദ്യം ശ്രദ്ധിക്കുന്നത്‌.

പിന്നീടൊരിക്കല്‍ ജന്മഭൂമിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും അദ്ദേഹം പ്രസംഗിക്കുന്നതുകാണാനിടയായി. ഏറ്റവും പിറകിലിരുന്നിട്ടുകൂടി, പരിപാടി കഴിഞ്ഞപ്പോള്‍ അദ്ദേഹം അടുത്തേയ്ക്കു വന്നു പരിചയപ്പെട്ടത്‌ അത്ഭുതപ്പെടുത്തിക്കളഞ്ഞു. കൈപിടിച്ചു സംസാരിച്ചതു മറക്കാനാവില്ല. പിന്നീടു കേള്‍ക്കുന്നത്‌ അദ്ദേഹം വിടപറഞ്ഞുവെന്നാണ്‌. അധികം പരിചയമില്ലാതിരുന്നിട്ടുകൂടി - അദ്ദേഹത്തിന്റെ മരണവാര്‍ത്ത വല്ലാതെ ദു;ഖിപ്പിച്ചുകളഞ്ഞു.

*-*-*-*-*-*-*-*-*-*

ഇപ്പോളിതാ മഹാകവി പാലാ ഇനിയില്ല എന്ന വാര്‍ത്ത മുന്നില്‍ തെളിയുന്നു!

എണ്‍പതുകളുടെ അവസാനം - അല്ലെങ്കില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ - എന്നാണെന്നു പോലുമോര്‍ക്കുന്നില്ല - അവസാനമായി കണ്ടത്‌.

അറിയണമെന്നാഗ്രഹിച്ചും അനുഗ്രഹം തേടിയുമായിരുന്നു കണ്ടത്‌. അഭിസംബോധന ചെയ്യേണ്ടുന്നതെങ്ങനെ എന്നറിയാതെ കുഴങ്ങുന്നുവെന്നു തിരിച്ചറിഞ്ഞപ്പോള്‍ 'അമ്മാവനെന്നു വിളിച്ചോളൂ' എന്നു പറഞ്ഞുകൊണ്ടു സ്നേഹപൂര്‍വ്വം എന്റെ കയ്യില്‍ പിടിച്ചു. അന്നതു തൊട്ടതു ഹൃദയത്തിലായിരുന്നുവെന്നുറപ്പ്‌.

അന്നു തന്നെ പ്രായം എണ്‍പതിനടുത്തുണ്ടായിരുന്നിരിക്കണം അദ്ദേഹത്തിന്‌. കുട്ടികളേപ്പോലെ കാര്യമായി സംസാരിച്ചു.

പാലായില്‍ നിന്നു തുടങ്ങി ഒടുവില്‍ വൈക്കത്തുവന്നെത്തി താമസിക്കുന്നത്‌ - അവിടെ 'തിരുമണിവെങ്കിടപുരം' എന്ന സ്ഥലം 'ടി.വി. പുരം' ആയത്‌. അതിനെ ആളുകള്‍ 'തൃണയങ്കുടം' എന്നു ചുരുക്കി വിളിക്കുന്നത്‌ - 'പാലാ, വൈക്കം' എന്നിങ്ങനെ രണ്ടു സ്ഥലപ്പേരുകള്‍ മാത്രമെഴുതി ഒരു കത്തിട്ടാല്‍ അതു കൃത്യമായി തനിക്കു കിട്ടിക്കൊള്ളുമെന്ന കൗതുകകരമായ കാര്യം - അങ്ങനെയൊക്കെ ഓരോരോ നാട്ടുകാര്യങ്ങള്‍ - വീടുകാര്യങ്ങള്‍ - ഇടയ്ക്കു കുറച്ചു കവിതയും കഥയും - അങ്ങനെ ഒത്തിരി സംസാരിച്ചിരുന്നു അദ്ദേഹം. അതു പതിവുള്ളതോ എന്തോ?

ഒരൊറ്റ കത്തിനുപോലും മറുപടി തരാതിരുന്നിട്ടില്ല. എഴുതാന്‍ പഴയതുപോലെ കൈവഴങ്ങുന്നില്ലെന്ന ക്ഷമാപണത്തോടെ ആരംഭിച്ചിരുന്ന - വിറയാര്‍ന്ന കൈകള്‍ കൊണ്ടെഴുതിയത്‌ എന്നു കണ്ടാല്‍ത്തന്നെ ഉറപ്പിക്കാമായിരുന്ന ചില കത്തുകള്‍ ഇപ്പോളുമോര്‍ക്കുന്നു. ബന്ധുജനങ്ങളോടൊപ്പം ക്ഷേത്രദര്‍ശനം നടത്തിയ വിശേഷമൊക്കെ വര്‍ണ്ണിച്ചിരുന്നതു വായിച്ചപ്പോള്‍ അത്ഭുതം കൂറിയിട്ടുണ്ട്‌. എവിടെയോ നിന്നുള്ള ഏതോ ഒരു ചെക്കനെ മരുമകനെന്നു വിളിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന - തന്റെ വിശേഷങ്ങള്‍ എഴുതിയറിയിക്കുന്ന - ഈ മനുഷ്യനെ മഹാകവിയെന്നോ അതോ മഹദ്‌കവി എന്നോ വിളിക്കേണ്ടത്‌?

കവിതയെന്ന പേരില്‍ എന്തെങ്കിലും എഴുതി അയച്ചുകൊടുത്ത്‌ അഭിപ്രായമാരാഞ്ഞാല്‍ സമയമെടുത്ത്‌ ഓരോ വരിയും ഇഴപിരിച്ചു വിശകലനം ചെയ്ത്‌ തിരുത്തിത്തരുമായിരുന്നു. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്നേഹപൂര്‍വ്വമുള്ള ശാസനകളും നിറഞ്ഞ മറുപടിക്കത്തുകള്‍.

അവസാനം അയച്ചുകൊടുത്ത ചില വരികളും അതിന്‌ അദ്ദേഹം നടത്തിയ തിരുത്തലുകളും നടുക്കത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല. ഒരു ചെറുകാറ്റ്‌ ഒരു ചിതയില്‍ നിന്ന്‌ ചെന്തീപ്പൊരികള്‍ "സംഭരിക്കുന്ന"തായി എഴുതിയ വരിയില്‍ അദ്ദേഹം "സഞ്ചയിക്കുന്നു" എന്നു തിരുത്തി.

ഞാനിന്നിതെഴുതുമ്പോള്‍, പണ്ട്‌ അദ്ദേഹമെന്റെ കൈപിടിച്ചു സംസാരിച്ചിരുന്ന സ്ഥലത്തിനടുത്തെരിയുന്ന ഒരു ചിതയില്‍ നിന്നും ചെന്തീപ്പൊരികള്‍ സഞ്ചയിക്കപ്പെടുന്നുണ്ടാവണം!

ചിതയ്ക്കടുത്തു നിന്നും അവസാനത്തെയാളും നടന്നു മറഞ്ഞു എന്നു സൂചിപ്പിക്കാനായി ചിത 'മങ്ങി' എന്നെഴുതിയപ്പോള്‍ - അതുപോര എന്നും "അനാഥമായ്‌ " എന്നുതന്നെ പറഞ്ഞാലേ ശക്തികിട്ടൂ എന്നും ഉപദേശിച്ചു അദ്ദേഹം.

വൈക്കത്ത്‌ ഇപ്പോളെരിയുന്ന ആ ചിതയും ഒടുവില്‍ ആളുകള്‍ അകന്ന്‌ അനാഥമാകില്ലേ? അതും പതുക്കെ മറവിയിലേക്കു മറയില്ലേ?

വല്ലാത്ത കുറ്റബോധം തോന്നുന്നു. ഒരിക്കലെങ്കിലും ഒന്നു കൂടി പോയി ഒന്നു കാണാന്‍ ശ്രമിക്കേണ്ടതായിരുന്നു. കഴിഞ്ഞില്ല. മറ്റു ബന്ധങ്ങളും പതിയെപ്പതിയെ അറ്റുപോയി.

ഒരുകാലത്ത്‌ വളരെ അമൂല്യമായിക്കരുതി സൂക്ഷിച്ചുവച്ചിരുന്ന - പിന്നിടെപ്പോഴോ ജീവിതയാത്രയുടെ തിരക്കുകളില്‍ മറഞ്ഞുമറഞ്ഞുപോയ - ഇപ്പോളും വിലമതിക്കാനാവാത്ത - ആ കത്തുകള്‍ ഇപ്പോളെവിടെയാവും? പുസ്തകക്കെട്ടുകള്‍ക്കിടയില്‍ എവിടെയെങ്കിലും അവ ഇപ്പോളും ഭദ്രമായി ഇരിപ്പുണ്ടാവുമോ? അതോ?

അറിയില്ല. എനിക്കറിയില്ല.

അറിയാവുന്നത്‌ ഒന്നു മാത്രമാണ്‌. ഇനിയെന്നെങ്കിലും പണ്ടത്തേപ്പോലെ 'പാലാ - ടി.വി.പുരം - വൈക്കം' എന്ന വിലാസത്തില്‍ ഒരു പദ്യശകലം അയച്ചുകൊടുത്താല്‍ ആ കത്തു മടങ്ങിവരും! വെട്ടിത്തിരുത്തലുകളും സ്നേഹോപദേശങ്ങളുമില്ലാതെ - തുറക്കപ്പെടുകപോലും ചെയ്യാതെ - അതേപടി അതു മടങ്ങിവരും.

എന്റെ അമ്മാവന്‍ മരിച്ചുപോയിരിക്കുന്നു!

Monday, June 09, 2008

ഹര്‍ത്താല്‍! 'വീരവാദ'ങ്ങളിലെ തമാശകളോര്‍ത്താല്‍...!

സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അഭിപ്രായം മാറ്റിപ്പറയാനറിയാത്തവര്‍ രാഷ്ട്രീയത്തില്‍ തികഞ്ഞ പരാജയമാകുമെന്നുറപ്പ്‌. പലരുടെയും രാഷ്ട്രീയനിലപാടുകള്‍ ഓരോരോ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ എങ്ങനെയെല്ലാം മാറിമറിയുന്നു എന്നു പിന്തുടര്‍ന്നു പരിശോധിക്കുന്നതു പലപ്പോഴും രസാവഹമാണ്‌.

*-*-*-*-*-*-*-*-*-*

'ഭരണവും സമരവും' ഒന്നിച്ചുകൊണ്ടുപോകാന്‍ പാടുപെടുന്നവരാണ്‌ ഇടതുപക്ഷം. കേന്ദ്രത്തിലായാലും കേരളത്തിലായാലും.

ഇടതുപക്ഷപിന്തുണയുള്ള കേന്ദ്രസര്‍ക്കാരിനെതിരെ ഭരണതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു പകരം ജനങ്ങളെ വിഡ്ഢികളാക്കാന്‍ തെരുവിലിറങ്ങി സമരാഭാസങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടി കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു.

ഇന്ധനവിലവര്‍ദ്ധനവിനെതിരെ മിന്നല്‍ ഹര്‍ത്താല്‍!

കേരളത്തില്‍ ഉജ്ജ്വലമായ വിജയം! ജനജീവിതം സ്തംഭിച്ചുപോയി! പണിമുടക്ക്‌ പൂര്‍ണ്ണം.

'വീരവാദ'ങ്ങളില്‍ ചിലത്‌ ഇങ്ങനെയൊക്കെ - ജനരോഷം ആളിക്കത്തി - വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല - കടകള്‍ അടഞ്ഞുകിടന്നു!

വിജയാഹ്ലാദപ്രകടനം ദേശാഭിമാനിയില്‍ക്കണ്ടത്‌ ഇങ്ങനെ.
പക്ഷേ, ഇതൊന്നും വിശ്വസിക്കരുത്‌ - ശുദ്ധനുണയാണ്‌ - എന്നു നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും ഇടതുപക്ഷം തന്നെ! ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിക്കുന്നു എന്നതൊക്കെ ചുമ്മാതാണ്‌ - പത്രങ്ങള്‍ വെറുതെ പെരുപ്പിച്ചെഴുതുന്നതുമാത്രമാണ്‌ - എന്നൊക്കെയാണ്‌ കുറച്ചുമാസങ്ങള്‍ക്കുമുമ്പ്‌ ഇടതുസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച "സത്യവാങ്മൂല"ത്തില്‍ പറഞ്ഞിരുന്നത്‌.
തമാശതന്നെ!

ഇതുരണ്ടുമല്ലാതെ മൂന്നാമതൊരു നിലപാടുകൂടിയുണ്ട്‌. ഹര്‍ത്താല്‍ "ജനം"തന്നെ ബോധപൂര്‍വ്വം തള്ളിക്കളഞ്ഞു എന്നൊക്കെപ്പറഞ്ഞ്‌ - അക്രമങ്ങളെ അപലപിച്ചുകൊണ്ട്‌ - അങ്ങനെയങ്ങനെ. ആ നിലപാടുകാണണമെങ്കില്‍ ഇടതുപക്ഷമല്ലാത്ത ആരെങ്കിലും ഹര്‍ത്താല്‍ നടത്തണം.

ഭരണവും പ്രഹസനസമരവും ഒന്നിച്ചുകൊണ്ടുപോകുന്ന അച്ചുതണ്ടിന്റെ മറുവശത്തു നിന്നുകൊണ്ട്‌ മലയാളികളെ പറ്റിക്കുന്ന യു.ഡി.എഫും നടത്തിയിരുന്നു ഒരു ഹര്‍ത്താല്‍. വിലക്കയറ്റത്തിനെതിരെ! ഫെബ്രുവരിയില്‍.

അതേപ്പറ്റി ദേശാഭിമാനി എഴുതിയിരുന്നത്‌ ഇങ്ങനെ.
അധികാരത്തിലിരിക്കുന്നവര്‍ സമരം നടത്തി പരസ്പരം പഴിചാരുമ്പോള്‍ അന്തംവിടുന്ന മലയാളികള്‍!

ഇടതിന്റെയും വലതിന്റെയും മുഴുവന്‍ എം.പി.മാരും പിന്തുണയ്ക്കുന്ന ലാലുപ്രസാദ്‌ യാദവിന്റെ മന്ത്രാലയം കേരളത്തോടു കടുത്ത അവഗണന കാട്ടുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട്‌ - സേലം ഡിവിഷന്‍ ഉത്ഘാടനത്തിന്റെയന്ന്‌ ബി.ജെ.പി. ഹര്‍ത്താല്‍ നടത്തിയിരുന്നു. അന്ന്‌ അതിനെ പരാജയപ്പെടുത്താന്‍ 'രഹസ്യ' ഉത്തരവിറക്കി നോക്കിയിരുന്നു എന്നാണ്‌ മുകളിലത്തെ ഒരു വാര്‍ത്തയില്‍ നിന്നു മനസ്സിലായത്‌. എന്നാല്‍, യു.പി.എ.യുടെ സൗഹൃദമത്സരം നടന്ന കഴിഞ്ഞദിവസത്തെ ഹര്‍ത്താലിലാകട്ടെ സര്‍ക്കാര്‍പിന്തുണയോടെയാണ്‌ ജനജീവിതം സ്തംഭിപ്പിച്ചത്‌. വാര്‍ത്ത മനോരമ എഴുതിയത്‌ ഇങ്ങനെ.
രണ്ടായിരാമാണ്ടില്‍, ബില്‍ക്ലിന്റണ്‍ ഡല്‍ഹി വഴി ബംഗ്ലാദേശിലേക്കുപോയ ദിവസം ഒരു വിപ്ലവസംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും - എസ്‌.എസ്‌.എല്‍.സി. പരീക്ഷ തടസ്സപ്പെടുത്തിക്കൊണ്ടുപോലും അതു വിജയിപ്പിക്കാന്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ പരോക്ഷപിന്തുണ കൊടുത്തതും ഓര്‍ക്കുമ്പോള്‍ ഇതെത്ര നിസ്സാരം എന്നു വേണം വിചാരിക്കാന്‍!

ഹര്‍ത്താല്‍ വാര്‍ത്തകളില്‍ ഏറ്റവും തമാശ നല്‍കിയത്‌ മറ്റൊന്നാണ്‌. തങ്ങള്‍ പിന്തുണയ്ക്കുന്ന സര്‍ക്കാരിനെതിരെ സമരമെന്നപേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനേപ്പറ്റിയുള്ള ചോദ്യങ്ങളോട്‌ ഇടതുപക്ഷനേതാക്കള്‍ പ്രതികരിച്ച രീതി രസാവഹമായിരുന്നു.

"പിന്തുണ പിന്‍വലിച്ചതുകൊണ്ട്‌ ഇന്ധനവിലകുറയില്ല" എന്നാണവര്‍ പച്ചയ്ക്കു പറഞ്ഞുകളഞ്ഞത്‌! അതിനേക്കാള്‍ കടുത്ത സമ്മര്‍ദ്ദതന്ത്രമായ ഹര്‍ത്താലോ മറ്റോ പ്രയോഗിക്കേണ്ടി വരും എന്നാണോ ആവോ ഉദ്ദേശിച്ചത്‌? ഒരു വാര്‍ത്ത ചുവടെ.
"പിന്നെ - ഹര്‍ത്താല്‍ നടത്തിയാലാണോ വിലകുറയുന്നത്‌" എന്ന മറുചോദ്യം അവര്‍ക്കു കിട്ടിയിട്ടുണ്ടാവുമെന്നുറപ്പ്‌. അതു വാര്‍ത്തയില്‍ ഇടാനാവില്ലല്ലോ.

"പിന്തുണ പിന്‍വലിക്കണമെന്നാരു പറഞ്ഞു? - സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിങ്ങള്‍ക്കു മുന്നണിതലത്തില്‍ സംവിധാനങ്ങളൊന്നുമില്ലേ? ഇതുവെറുതെ ഉത്തരവാദിത്തങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമല്ലേ" - മുതലായ അനവധി ചോദ്യങ്ങളേയും അവര്‍ നേരിട്ടിട്ടുണ്ടാവുമെന്നുറപ്പ്‌. പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്തുകാര്‍ വെള്ളം കുടിപ്പിച്ചുവിട്ടെങ്കില്‍, ബര്‍ദാന്‍ കല്‍ക്കട്ടയിലും വെള്ളം കുടിച്ചിരിക്കണം.

ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ നാടകംകളിയ്ക്കു പിന്നിലെ രാഷ്ട്രീയമെന്തെന്ന്‌ അവര്‍ തുറന്നു സമ്മതിക്കുന്നതും അതേവാര്‍ത്തയില്‍ത്തന്നെ കാണാം.

ജനങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ. ബി.ജെ.പി. - ബി.ജെ.പി.യാണു ഞങ്ങളുടെ പ്രശ്നം!

ബി.ജെ.പി.യെ എങ്ങനെയെങ്കിലും അധികാരത്തില്‍നിന്നു പുറത്തുനിര്‍ത്തുക എന്നതു മാത്രമാണു തങ്ങളുടെ ഒറ്റ ലക്ഷ്യമെന്നും - പിന്തുണ നല്‍കുന്നത്‌ അതുകൊണ്ടു മാത്രമാണെന്നും - ഇന്ധനവില കൂട്ടുകയെന്നല്ല ആകാശം ഇടിഞ്ഞുവീണാലും ശരി - ആ ലക്ഷ്യം മാറുന്നില്ലല്ലോ എന്നും തുറന്നു സമ്മതിച്ചിരിക്കുന്നു.

അടുത്തിടെ ഒരു തെരഞ്ഞെടുപ്പില്‍ ഇതുപോലെ തന്നെ നയം വ്യക്തമാക്കിയ വാര്‍ത്തയും അപ്പോള്‍ ഓര്‍മ്മ വന്നു.

ബി.ജെ.പി.യെ "എങ്ങനെയും" തടയുക. അതിന്‌ "എല്ലാ ശ്രമവും" നടത്തുക. അതിനായി "ആരെയും" പിന്തുണയ്ക്കുക. ഇങ്ങനെയൊക്കെയാണ്‌ ഇടതുനയം. വാര്‍ത്ത ചുവടെ.
ആരെയാണോ "എങ്ങനെയും" തോല്‍പ്പിക്കാന്‍ നോക്കിയത്‌ - അവര്‍ ജയിച്ചു കയറി സര്‍ക്കാറുണ്ടാക്കി എന്നതും - നിഷേധാത്മകരാഷ്ട്രീയം കളിച്ചവര്‍ക്ക്‌ തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഒരു സീറ്റുകൂടി നഷ്ടമായതും പിന്നിട്‌ ചരിത്രത്തില്‍ അവശേഷിപ്പിക്കപ്പെട്ട ജനാധിപത്യപാഠം!

*-*-*-*-*-*-*-*-*-*

ഇല്ല. പഠിക്കുന്നില്ല. ആരും ഒരു പാഠവും പഠിക്കുന്നില്ല. ജാതിമതവര്‍ഗ്ഗീയരാഷ്ട്രീയം കളിക്കുന്നവര്‍ മിക്കവാറും സ്ഥലങ്ങളില്‍ കൈകോര്‍ത്തുനിന്നിട്ടും എന്തുകൊണ്ടാണു ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ കഴിയാതിരുന്നത്‌ എന്നു മനസ്സിലാക്കാനുള്ള ഒരു പഠനവും നടക്കുന്നതായിത്തോന്നുന്നില്ല. 'മതേതരവോട്ടുകള്‍ ഭിന്നിച്ച'താണു പ്രശ്നമെന്ന പതിവുവീരവാദം തന്നെയാണ്‌ ഇക്കുറിയും കേള്‍ക്കുന്നത്‌.

ജനങ്ങളെ കബളിപ്പിക്കാന്‍ - അവരെ പരിഹസിക്കാന്‍ - ശ്രമിക്കുന്നവരെ ജനം പരാജയപ്പെടുത്തും. അതായിരുന്നു യഥാര്‍ത്ഥത്തില്‍ കര്‍ണ്ണാടക നല്‍കിയ പാഠം.

പഠിക്കുന്നില്ല. വോട്ടര്‍മാരെ ആക്ഷേപിച്ചുകൊണ്ടുള്ള നാടകങ്ങള്‍ തുടരുകയാണ്‌.

തെരഞ്ഞെടുപ്പ്‌ അവലോകനങ്ങളില്‍ അധികം പരാമര്‍ശിക്കപ്പെടാതെ പോയൊരു കാര്യമുണ്ട്‌. കര്‍ണ്ണാടകയിലെ കഴിഞ്ഞ കോണ്‍ഗ്രസ്‌ മന്ത്രിസഭയിലെ മുഖ്യമന്ത്രി - തുടര്‍ച്ചയായ ഒമ്പതാം തവണ ജയിച്ച്‌ റെക്കോര്‍ഡു കരസ്ഥമാക്കാന്‍ ചെന്ന - ധരംസിംഗ്‌ - ഇത്തവണ ബി.ജെ.പി.യോടു പരാജയപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പിനും മുമ്പു തന്നെ ജനങ്ങള്‍ ധരംസിംഗിനു വ്യക്തമായ സൂചനകൊടുത്തിരുന്നതാണ്‌ - ഇത്തവണ വഴി പുറത്തേയ്ക്കാണ്‌ എന്ന്‌. ആരും അതൊന്നും ശ്രദ്ധിച്ചിരുന്നതായിത്തോന്നിയില്ല.
A few days ago, three villages traditionally loyal to the Congress, didn’t even allow Singh to campaign, accusing him of having done little to develop his constituency.

.....

A visit to Balbatti village some 40 km from Gulbarga city throws up signs of things to come. On Sunday, Singh visited Balbatti that has around 2,000 voters, with an extra police escort and a pilot vehicle. The reason: Four days ago, villagers here lined the approach roads with stones and drove Singh away. Similar uprisings were reported in Mardi and Shivpur villages as well.

When he held a sabha in the largest house in the village, most villagers preferred to stay away and chew betel leaves in front of a temple instead. Ramegowda, a farmer from Bulbatti says, “Last time he said he would become CM if we voted for him and he did. But that has not done us any good. We refused to let him enter our village and turned him away.” Their village, says Ramegowda, has an acute water shortage and no roads.
മുഴുവന്‍ വാര്‍ത്ത ചുവടെ.

Not welcome, voters tell Dharam Singh

ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമകളായും വോട്ടുകുത്തുതൊഴിലാളികളായും കഴിഞ്ഞിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. അവരിപ്പോള്‍ പലതും തിരിച്ചു പ്രതീക്ഷിക്കുന്നുണ്ട്‌. ആവശ്യത്തിലധികം അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞവരോട്‌ ഇനി മാറി നില്‍ക്കൂ എന്നു പറയാന്‍ അവര്‍ തയ്യാറാകുന്നു. വികസനാഭിമുഖ്യമുള്ള ജനങ്ങള്‍ വികസനാഭിമുഖ്യമുള്ള കക്ഷികളെ പരീക്ഷിക്കാന്‍ തയ്യാറാകുന്നു. ഒരുവശത്ത്‌ കടുത്ത വര്‍ഗ്ഗീയനയങ്ങള്‍ പുലര്‍ത്തുകയും മറുവശത്ത്‌ മതേതരവാദങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത്‌ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ ലഭിക്കുന്നു.

'ജനാധിപത്യം" എന്നു പറഞ്ഞാല്‍, അങ്ങനെയൊക്കെയാണ്‌. ഭരണത്തിലിരിക്കുന്നവരുടെ കുട്ടിപ്പട്ടാളത്തിന്‌ ധാര്‍ഷ്ട്യത്തോടെ കണ്ണില്‍ക്കണ്ടതെല്ലാം തല്ലിത്തകര്‍ക്കാം - നിയമം കയ്യിലെടുക്കാം - എന്നതല്ല ആ വാക്കിന്റെ അര്‍ത്ഥം. അധികാരം നല്‍കി കയറ്റി വിടുന്ന ജനങ്ങള്‍ക്ക്‌ തിരിച്ച്‌ അങ്ങോട്ടു വല്ലതും കൂടി ലഭിക്കണം. അല്ലെങ്കില്‍ അവര്‍ കല്ലെടുത്തെറിഞ്ഞുകളയും!

യു.പി.എ.യുടെ നാടകങ്ങള്‍ തുടരട്ടെ. ഇടതുവലതുഹര്‍ത്താലുകളും തുടരട്ടെ. നാടകക്കമ്പനി ഇനിയെത്രകാലമെന്ന്‌ ആര്‍ക്കറിയാം?