വളരെ വലിയൊരു വിഷയമാണിത്. ആഴത്തില്‍ പഠിക്കണമെന്നാഗ്രഹിച്ച് ഇനിയും നടക്കാതെ അവശേഷിക്കുന്നവയിലൊന്ന്. ഇതേക്കുറിച്ച് ആധികാരികമായി സംസാരിക്കുവാന്‍ വേണ്ടതിന്റെ ഏഴയലത്തു വരില്ല - ഇതില്‍ എനിക്കുള്ള അറിവ്. അതുകൊണ്ടു തന്നെ, ഒരു പക്ഷേ, വെറും തോന്നലുകളായി തള്ളിക്കളയേണ്ടുന്നവയാവാം ഇതെല്ലാം.
ഇതെഴുതുന്നതിനുമുമ്പ് പുതിയതായി ഒന്നും പഠിക്കാനും പോയില്ല. മനപ്പൂര്‍വ്വമാണ്. ഇപ്പോള്‍ എന്തെങ്കിലും വായിച്ചാല്‍, അതില്‍ നിന്നു കിട്ടുന്ന വിവരങ്ങളാല്‍ സ്വാധീനിക്കപ്പെട്ടാലോ എന്നു കരുതി.
ഏതെങ്കിലുമൊരു സമൂഹത്തിന്റെ പൊതുചിന്തയെ പ്രതിനിധീകരിക്കാന്‍ യാതൊരു തരവുമില്ലാത്ത - തികച്ചും വ്യക്തിപരമായ - അഭിപ്രായങ്ങള്‍ മാത്രം!
* * * * * * * * *
സംവരണം വേണോ?
വേണം.
വിദ്യാഭ്യാസ - തൊഴില്‍ - മേഖലകളില്‍ സംവരണം ഇപ്പോളും ഒരു അനിവാര്യതയായി തുടരുക തന്നെയാണ്. അത് അവസാനിപ്പിക്കാവുന്ന ഒരു സാമൂഹ്യപശ്ചാത്തലം ഇനിയും സംജാതമായിട്ടില്ല.
അത് ഏതൊക്കെ മേഖലകളില്‍ - എത്ര തോതില്‍ - ആര്‍ക്കൊക്കെ നല്‍കണം - എന്നതേപ്പറ്റി പുനരവലോകനങ്ങളും വേണമെങ്കില്‍ പുത്തന്‍ തീരുമാനങ്ങളുമാവാം.
സംവരണം ആര്‍ക്ക്?
സംശയമില്ല. പിന്നോക്കക്കാര്‍ക്ക്.
പിന്നോക്കാവസ്ഥ എന്നത് എങ്ങനെ നിര്‍ണ്ണയിക്കും എന്നതുമായി ബന്ധപ്പെട്ട് പുനരവലോകനങ്ങളും വേണമെങ്കില്‍ പുത്തന്‍ തീരുമാനങ്ങളുമാവാം.
സംവരണം എന്തിന്?
ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു വിവേചനവും അനുഭവിക്കേണ്ടിവരാത്ത മട്ടില്‍ എല്ലാ മേഖലകളിലും തുല്ല്യാവസരങ്ങള്‍ ഉറപ്പു വരുത്തുക എന്നത് ശ്രമകരമായൊരു കാര്യം തന്നെയാണ്. ഇത്തരത്തില്‍, 'സമഗ്രമായ സാമൂഹ്യനീതി' എന്നതൊക്കെ സത്യത്തില്‍ സ്വപ്നതുല്യമായൊരു ലക്ഷ്യം മാത്രമാണ്. എന്നാല്‍, പരമാവധി അതിനടുത്തെത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാവണം ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണം.
വിവിധകാരണങ്ങളാല്‍ പിന്നോക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്ക്, അവരുടെ ജീവിതസാഹചര്യങ്ങള്‍ മൂലം തന്നെ, ഒരിക്കലും ആ പിന്നോക്കാവസ്ഥ മറികടക്കാന്‍ കഴിയാത്ത ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പരിമിതമായ വിഭവങ്ങളുള്ള അവസരങ്ങളില്‍, ഒരു മത്സരത്തിന്റെ സാഹചര്യമുണ്ടാവുമ്പോള്‍, അവര്‍ക്ക് പിടിച്ചു നില്‍ക്കാനാവാതെ പിന്തള്ളപ്പെട്ടു പോവേണ്ടി വരുന്നതു സ്വാഭാവികം. അത്തരക്കാരെ, പുറത്തുനിന്നുള്ള ഒരു കൈത്താങ്ങോടു കൂടിത്തന്നെ ഉയര്‍ത്തിവിടേണ്ടി വരും. അതിനുള്ള പലമാര്‍ഗ്ഗങ്ങളിലൊന്നാണ് - നിര്‍ബന്ധമായും കുറച്ചു വിഭവങ്ങള്‍ അവര്‍ക്കു മാത്രമായി നീക്കിവയ്ക്കുക എന്ന - സംവരണം.
* * * * * * * * *
ഈ വിഷയത്തില്‍ നടക്കുന്ന ഏതൊരു ചര്‍ച്ചയും ഒടുവില്‍ തര്‍ക്കങ്ങള്‍ മാത്രമായി പരിണമിച്ചുകാണാറുണ്ട്. സംവരണത്തിനു ജാതി മാത്രം പരിഗണിച്ചാല്‍ മതിയെന്നും, അതല്ല സാമ്പത്തിക മാനദണ്ഡങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. മതാടിസ്ഥാനത്തിലുള്ള സംവരണം, മതപരിവര്‍ത്തനത്തേത്തുടര്‍ന്ന് ജാതി സംവരണം നഷ്ടപ്പെടുന്നത് ഇതൊക്കെയും തര്‍ക്കവിഷയങ്ങളാണ്. സാമുദായികപശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച കുറവുകള്‍ക്കു പരിഹാരം കാണാനുദ്ദേശിച്ചു നടപ്പാക്കുന്നതു പലതും, സമുദായങ്ങള്‍ തമ്മിലുള്ള വിടവുകള്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്നും ആരോപണമുണ്ട്. ഇതൊക്കെ തര്‍ക്കങ്ങളില്‍ പ്രതിഫലിച്ചുകാണാറുള്ളതും നിര്‍ഭാഗ്യകരമാണ്.
ഈ കാര്യങ്ങളില്‍, നടന്നു കിട്ടിയാല്‍ കൊള്ളാമെന്ന് എനിക്ക് (ഇപ്പോള്‍) തോന്നുന്ന ചില സ്വപ്നങ്ങളാണ് ഇനി പറയുന്നത്. ഇതേക്കുറിച്ചൊക്കെ കൂടുതല്‍ ചിന്തിക്കാനോ അറിവു നേടാനോ ഒക്കെ സമയം കിട്ടിക്കഴിഞ്ഞാല്‍ ഒരു പക്ഷേ ഈ ചിന്താഗതികളൊക്കെ പാടേ മാറി മറിഞ്ഞേക്കാം.
* * * * * * * * *
ഒന്ന്
സാമൂഹ്യപിന്നോക്കാവസ്ഥയ്ക്കു പരിഹാരംകാണുക - സംവരണസംബന്ധിയായ തീരുമാനങ്ങള്‍ കൈക്കൊള്ളുക - ഇതിനൊക്കെ ചുമതലപ്പെട്ട ഒരു ഉന്നതാധികാര സമിതി ഉണ്ടാവണം. (നിലവില്‍ അങ്ങനെയൊന്നുണ്ടാവാനിടയില്ല. അറിയില്ല. ന്യൂനപക്ഷകമ്മീഷനും പട്ടികജാതി ക്ഷേമവകുപ്പിലെ സമിതികളുമൊന്നുമല്ല ഉദ്ദേശിച്ചത്. തീര്‍ച്ചയായും മണ്ഡല്‍ കമ്മീഷന്‍ പോലൊന്നുമല്ല!)
ഇതിന്റെ അധികാരങ്ങള്‍ പരമാവധി - പറ്റുമെങ്കില്‍ സമ്പൂര്‍ണ്ണമായി - രാഷ്ട്രീയവിമുക്തമാക്കുക എന്നതാണു പ്രധാനം. സര്‍ക്കാരുകള്‍ വരികയോ പോകുകയോ കക്ഷികള്‍ മാറുകയോ ചെയ്യുന്നതൊന്നും ഇതിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത്.
തെരഞ്ഞെടുപ്പു കമ്മീഷനും മറ്റും പോലെ - ഒരുപക്ഷേ അതിലും ഉയരത്തില്‍ - ഒരു constitutional body(?) - എന്നൊക്കെ വിളിക്കാവുന്ന മട്ടില്‍ ഒന്നു സാദ്ധ്യമാവുമോ എന്തോ? ഒരു ഇംപീച്ചുമെന്റോ നിയന്ത്രണങ്ങളോ ഒക്കെ വേണമെങ്കില്‍, ഇരു സഭകളിലും മൂന്നില്‍ രണ്ടോ അതില്‍ക്കൂടുതലോ ഭൂരിപക്ഷം വേണം - മുതലായ നിയന്ത്രണങ്ങളിലൂടെ, രാഷ്ട്രീയക്കാര്‍ക്ക് പരമാവധി അപ്രാപ്യമാവണം ആ സമിതി. എന്നുവച്ച് തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമുണ്ടാവാന്‍ പാടില്ല താനും.
ആര്‍ക്കെങ്കിലും സംവരണം ലഭിക്കാനിടയാകുന്നെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ ഒരു രാഷ്ട്രീയകക്ഷിക്കും കഴിയരുത്. ആര്‍ക്കെങ്കിലും നഷ്ടപ്പെടുന്നെങ്കില്‍, അതൊരു കക്ഷിയുടെയും കുറ്റമായി കണക്കാക്കപ്പെടുകയുമരുത്.
തങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നവര്‍ക്കു മാത്രമേ തങ്ങള്‍ വോട്ടു ചെയ്യൂ എന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ ആളുകള്‍ മടിക്കാത്ത നിര്‍ഭാഗ്യകരമായ സാഹചര്യം ഇന്നു നിലവിലുണ്ട്.
ഇതൊക്കെ, രാഷ്ട്രീയ കരുനീക്കങ്ങളില്‍ പ്രതിഫലിക്കപ്പെടും എന്നത് - സംവരണാനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയകക്ഷികളുടെ കണക്കുകൂട്ടലുകളില്‍ തങ്ങള്‍ക്കു ലഭിക്കാനിടയുള്ള വോട്ടുകളുടെ എണ്ണവും പെടും എന്നത് - ഇന്നൊരു രഹസ്യമൊന്നുമല്ല. അധികസംവരണത്തിന്റെ തോത് ധൃതിയില്‍ 27% എന്നു തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സംവരണനീക്കങ്ങള്‍ അപകടകരമാണെന്നും അവയെ തുടര്‍ന്നും ചെറുക്കുമെന്നുമുള്ള ബി.ജെ.പി.യുടെ പ്രഖ്യാപനത്തിന് ചിലര്‍ വര്‍ഗ്ഗീയമായ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നുമുണ്ട്.
ഇത്തരം അവസ്ഥകളെല്ലാം ഒഴിവാകണം. സംവരണവും രാഷ്ടീയവും തമ്മിലുള്ള അകലം എത്ര വര്‍ദ്ധിക്കുന്നോ - കാര്യങ്ങള്‍ നേരെയാവാനുള്ള സാദ്ധ്യത അത്രയും കൂടുന്നു.
രണ്ട്
പിന്നോക്കാവസ്ഥ എന്നത് വ്യക്തമായി നിര്‍വചിക്കപ്പെടണം. ഏതൊക്കെ ഘടകങ്ങളാണ് പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നത് എന്നതില്‍ വ്യക്തമായ ധാരണയിലെത്തുകയും അത് എഴുതിവയ്ക്കുകയും വേണം.
എന്തിനാണു നാം സംവരണം കൊടുക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം കരുതിവയ്ക്കപ്പെടാത്തിടത്തോളം കാലം, സംവരണാര്‍ഹരെ കണ്ടെത്തുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരും.
പിന്നോക്കജാതികളായി കണക്കാക്കപ്പെട്ടിരുന്നവരെ ഉദ്ധരിക്കുക എന്നത് തീര്‍ച്ചയായും ഒരു ലക്ഷ്യം തന്നെയാണ്. അതു മാത്രമാണോ നാം ലക്ഷ്യം വയ്ക്കുന്നത്? ഇപ്പോളത്തെ അവസ്ഥ എന്തു തന്നെയായിരുന്നാലും ശരി, അവരുടെ മുന്‍ഗാമികളുടെ അവസ്ഥ പരിഗണിച്ച് 'ഭൂതകാലത്തില്‍ ജാതിയുടെ പേരിലേല്‍ക്കേണ്ടിവന്ന സഹനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുക'യാണു വേണ്ടതെന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടു കാണാറുണ്ട്. ഇതുതന്നെയാണോ യഥാര്‍ത്ഥത്തില്‍ 'ഔദ്യോഗികമായ' നിലപാടും? ആണെങ്കില്‍, അതു വ്യക്തമായി പ്രഖ്യാപിച്ച്, എഴുതി വയ്ക്കണം.
സാമ്പത്തികമായി ഏറ്റവും താഴേക്കിടയിലുള്ളവരോടുള്ള നമ്മുടെ നിലപാടെന്താവണം? മറ്റു ഘടകങ്ങള്‍ക്കതീതമായി അവരെ നാം പിന്നോക്കമായി പരിഗണിക്കുന്നുണ്ടോ? അവരെ നാം പുറത്തുനിന്നുള്ള കൈത്താങ്ങോടു കൂടി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കേണ്ടതുണ്ടോ? ഇല്ല എന്നുണ്ടെങ്കില്‍, ജാതിമാത്രമേ പരിഗണിക്കേണ്ടതുള്ളൂ എങ്കില്‍, അതു വ്യക്തമായി പ്രഖ്യാപിച്ച്, എഴുതി വയ്ക്കണം. മറിച്ചാണെങ്കില്‍ അതും.
പ്രാദേശികഘടകങ്ങള്‍ - വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ - ഇതൊക്കെ നം പരിഗണിക്കേണ്ടതുണ്ടോ? ചില പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ - ചരിത്രപരമായ കാരണങ്ങളാല്‍ - സാമ്പത്തിക/ജാതീയ ഘടകങ്ങള്‍ക്കതീതമായി - വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരല്ലേ? അവര്‍ മത്സരങ്ങളില്‍ പിന്തള്ളപ്പെട്ടുപോകുകയും ആ പ്രദേശങ്ങള്‍ എന്നും പിന്നോക്കമായിത്തന്നെ അവശേഷിക്കുകയും ചെയ്യുന്നൊരു സ്ഥിതിവിശേഷമില്ലേ? അത്തരം ഘടകങ്ങള്‍കൂടി പരിഗണിച്ച്, അവരേക്കൂടി പിന്തുണയ്ക്കുവാനുള്ള ബാദ്ധ്യത നമുക്കുണ്ടോ? ഇല്ലെങ്കിലും ഉണ്ടെങ്കിലും, അതു വ്യക്തമായി പ്രഖ്യാപിച്ച്, എഴുതി വയ്ക്കണം.
ചുരുക്കിപ്പറഞ്ഞാല്‍, ആരാണ് പിന്നോക്കക്കാരന്‍? എന്തൊക്കെ ഘടകങ്ങളാണ് അയാളെ പിന്നോക്കക്കാരനാക്കുന്നത്?
ഒരു പിന്നോക്കക്കാരന് ഇല്ലാത്തത് എന്തെല്ലാമാണ്? സംവരണത്തിലൂടെ നാം അവനുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നത് എന്തൊക്കെയാണ്?
ഈ ചോദ്യങ്ങള്‍ക്കെല്ലാം സുവ്യക്തമായ ഉത്തരങ്ങളിലെത്തുക എന്നതാവണം സമിതിയുടെ ആദ്യ ചുമതലകളിലൊന്ന്. അത് സംശയങ്ങള്‍ക്കിടയില്ലാത്തവിധം ഒരു ലിഖിതരൂപത്തിലാക്കുകയും വേണം.
മൂന്ന്
പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കപ്പെടുന്നത് ആപേക്ഷികമായാവരുത്. അതിന് വ്യക്തമായ ഒരു സൂചകം വേണം. ഒരു - Index of backwardness - അഥവാ പിന്നോക്കാവസ്ഥാസൂചകം എല്ലാവരിലും നിര്‍ണ്ണയിക്കാന്‍ കഴിയണം. ഒരു "quantitative approach" ആണ് ഇവിടെ വേണ്ടത്.
"അയാള്‍ ഒരു പിന്നോക്കക്കാരനാവാന്‍ തരമുണ്ട് - മറ്റേയാളാണെന്നു തോന്നുന്നു അതിലും പിന്നോക്കം" എന്നൊക്കെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാവരുത് തീരുമാനം എന്നു ചുരുക്കം. ഉദാഹരണത്തിന്, സുധാകരന്റെ 'Index Of Backwardness (IOB?)' 44 ആണ്. പക്ഷേ ശശിയുടേത് 51 ആണ്. അതുകൊണ്ട് ശശിയാണു കൂടുതല്‍ പിന്നോക്കം എന്നു പറയാന്‍ കഴിയണം.
നാല്
പിന്നോക്കാവസ്ഥാസൂചകം നിര്‍ണ്ണയിക്കാന്‍, ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. അതിന്റെയൊരു വിശദമായ മാര്‍ഗ്ഗരേഖ തയ്യാറാക്കി വയ്ക്കണം.
ജാതിയുടെയോ അല്ലെങ്കില്‍ ദാരിദ്ര്യത്തിന്റെയോ മാത്രം അടിസ്ഥാനത്തിലാവണം സംവരണം എന്നു വാദിക്കുന്നവരുടെ ശ്രദ്ധയിലേക്കായി ചില ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. പിന്നോക്കാവസ്ഥാസൂചകം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് എന്നു വ്യക്തമാക്കാനും അവ സഹായിച്ചേക്കും.
ആളുകള്‍ പല തരത്തിലാണ്. പലജാതിയില്‍പ്പെട്ടവരുണ്ട്. സാമ്പത്തികമായും, വിദ്യാഭ്യാസപരമായുമൊക്കെ ഉയര്‍ന്നവരും താഴ്‌ന്നവരുമുണ്ട്. എട്ടു വ്യക്തികള്‍ - മൂന്നു വ്യത്യസ്തമേഖലകളില്‍ പരമാവധി എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കാം എന്ന് താഴെക്കൊടുത്തിരിക്കുന്നു.
'Y' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് 'പിന്നോക്കമാണ്' എന്നു സൂചിപ്പിക്കുന്നു. '---' എന്നത് 'പിന്നോക്കമല്ല' എന്നതിനേയും.
'One' എന്നയാള്‍ ഒരു കാര്യത്തിലും പിന്നോക്കമല്ല എന്നുകാണാം.
'Two' എന്നയാള്‍ 'പിന്നോക്കജാതി'യില്‍പ്പെട്ടയാളാണ്. പക്ഷേ അദ്ദേഹത്തിന് വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 'Seven' എല്ലാക്കാര്യത്തിലും പിന്നോക്കമാണ്.
ഇപ്പോള്‍ നിലവിലുള്ള പിന്നോക്കജാതിലിസ്റ്റു മാത്രം പരിഗണിച്ച് സംവരണം ഏര്‍പ്പെടുത്തിയാല്‍, 'Two', 'Three', 'Seven', 'Eight' എന്നിവര്‍ക്കു സംവരണം ലഭിക്കും.
സാമ്പത്തികമാനദണ്ഡങ്ങള്‍ മാത്രം പരിഗണിച്ചാല്‍ 'Four', 'Five', 'Seven', 'Eight' എന്നിവര്‍ക്കു ലഭിക്കും.
മൂന്നാമത്തെ മാനദണ്ഡമെടുത്താല്‍, 'Three', 'Five', 'Six', 'Seven' എന്നിവര്‍ക്കായിരിക്കും ലഭിക്കുക.
ഇനി, കുറഞ്ഞത് ഏതെങ്കിലും രണ്ടു മേഖലകളിലെങ്കിലും പിന്നോക്കമായവര്‍ക്കേ സംവരണാര്‍ഹതയുള്ളൂ എന്നാണെങ്കില്‍, 'Three', 'Five', 'Seven', 'Eight' എന്നിവര്‍ക്കായിരിക്കും അവസരം.
ഇതില്‍ ഏതു രീതി ഉപയോഗിച്ചാലും, ഏറ്റവും പിന്നോക്കമായ 'Seven' സംവരണാര്‍ഹനാണ് എന്നു കാണാം. ഏറ്റവും മുന്നോക്കമായ 'One' ഒരിക്കലും അര്‍ഹനാകുന്നില്ല താനും. പക്ഷേ, അവര്‍ക്കു രണ്ടു പേര്‍ക്കുമിടയ്ക്കുള്ളവരുടെ കാര്യത്തില്‍ വ്യത്യാസങ്ങളുണ്ടാവുന്നുണ്ട്. ഇതില്‍ ഒരു രീതിയും പൂര്‍ണ്ണമായും കുറ്റമറ്റതാണെന്നു പറയാനാവില്ല.
ആദ്യം ചെയ്യേണ്ടത് ഈയൊരു ടേബിള്‍ വിപുലീകരിക്കുക എന്നതാണ്. പിന്നോക്കാവസ്ഥയ്ക്കു കാരണമാകുന്ന മൂന്നു ഘടകങ്ങള്‍ മാത്രമേ ഇവിടെ പരിഗണിച്ചിട്ടുള്ളൂ. സമിതി കണ്ടെത്തുന്ന എല്ലാ ഘടകങ്ങളിലെയും പിന്നോക്കാവസ്ഥകള്‍ പ്രത്യേകം കണക്കിലെടുക്കണം.
അടുത്തതായി ചെയ്യേണ്ടത് ഒരു ഗ്രേഡിംഗ് കൊണ്ടുവരുക എന്നതാണ്. ഇതു വരെ നാം രണ്ടു തരത്തിലേ വിഭജിച്ചിരുന്നുള്ളൂ. ഒന്നെങ്കില്‍ പിന്നോക്കമാണ് (Y) അല്ലെങ്കില്‍, പിന്നോക്കമല്ല (---) എന്നിങ്ങനെ. അതിനു പകരം പല ഗ്രേഡുകളായി തിരിക്കാം. എത്രഗ്രേഡുകള്‍ വേണം, ഓരോ ഗ്രേഡിലും പെടുത്താനുള്ള മാനദണ്ഡങ്ങളെന്ത് ഇവയൊക്കെ വ്യക്തമായി നിര്‍വചിക്കപ്പെടണം.
ഉദാഹരണത്തിന് അഞ്ചു ഗ്രേഡുകളായി തിരിക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍, 5 എന്നു വച്ചാല്‍, ഒരു മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്നു. 1 എന്ന ഗ്രേഡുള്ളവര്‍ താരതമ്യേന ഭേദപ്പെട്ട നിലയിലുള്ളവരായിരിക്കും. പരമദരിദ്രരായുള്ളവര്‍, ആ മാനദണ്ഡത്തില്‍ ഗ്രേഡ് 5 ആയിരിക്കും. ആദിവാസികളും പട്ടികവര്‍ഗ്ഗക്കാരുമൊക്കെ ജാതിവിഭാഗത്തിലെ ഗ്രേഡ് 5 ആയിരിക്കും.
ഓരോരുത്തര്‍ക്കും പല വിഭാഗങ്ങളിലായി കിട്ടിയ ഗ്രേഡുകള്‍ കൂട്ടി നോക്കിയാല്‍, മൊത്തത്തിലുള്ള പിന്നോക്കാവസ്ഥയുടെ ഒരു സൂചകം ലഭിക്കും. മുകളിലെ ചിത്രമനുസരിച്ച് Three (16) -> One (15) -> Two (14) എന്നാണ് പിന്നോക്കാവസ്ഥയുടെ ക്രമം എന്നു കാണാം.
ഇവിടെ പക്ഷേ ഒരു പ്രശ്നമുണ്ട്. എല്ലാ മാനദണ്ഡങ്ങള്‍ക്കും ഒരേ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. അതു ശരിയല്ല.
മുകളിലത്തെ ചിത്രത്തില്‍, ആദ്യത്തെ രണ്ടു മാനദണ്ഡങ്ങള്‍ ജാതീയവും സാമ്പത്തികവുമായ ഘടകങ്ങളായിരുന്നു എന്നു വിചാരിക്കുക. അവയ്ക്കാണു നാം മറ്റു ഘടകങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കാനുദ്ദേശിക്കുന്നത് എന്നും കരുതുക. ഈ രണ്ടു കാര്യത്തിലും, Two എന്നയാള്‍ ഏറ്റവും പിന്നോക്കമാണ്. അദ്ദേഹത്തിന് അതു രണ്ടിലും 5 പോയിന്റു വീതമാണുള്ളത്. മറ്റു രണ്ടുപേരും ആ രണ്ടു ഘടകങ്ങളില്‍ മുന്നോക്കമായതുകൊണ്ട് ഓരോ പോയിന്റു വീതമേയുള്ളൂ. എന്നാല്‍പ്പോലും, മൊത്തം കണക്കെടുക്കുമ്പോള്‍ 'Two' ഏറ്റവും മുന്നോക്കമായി കണക്കാക്കപ്പെട്ടുപോകുന്നു. എല്ലാ മാനദണ്ഡങ്ങള്‍ക്കും തുല്യമായ മൂല്യം - ഒരു weightage" - കൊടുക്കുന്നതിന്റെ പ്രശ്നമാണിത്.
ഓരോ ഘടകങ്ങള്‍ക്കും അതിന്റെ പ്രാധാന്യമനുസരിച്ചുള്ള ഒരു 'weightage factor' കൂടി നല്‍കിക്കൊണ്ടുള്ള ഒരു കണക്കുകൂട്ടല്‍ താഴെ കൊടുത്തിരിക്കുന്നു. ആദ്യ രണ്ടു ഘടകങ്ങള്‍ക്ക് ഏറ്റവും കൂടിയ weightage - 5 - നല്‍കിയിട്ടുണ്ട്. ഓരോ പോയിന്റും അതാതിന്റെ മൂല്യം കൊണ്ടു ഗുണിക്കപ്പെട്ടതിനു ശേഷമാണ് ആകെത്തുക കണക്കുകൂട്ടുന്നത്.
ഈ രീതി ഉപയോഗിക്കുമ്പോള്‍, Two (58) ഏറ്റവും പിന്നോക്കമാണെന്നതു വെളിപ്പെടുന്നു. ആദ്യ രണ്ടു ഘടകങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യം നല്‍കിയതുകൊണ്ടാണ് ഇതു സാധിച്ചത്.
One, Three എന്നിവ തുല്യനില(37)യിലാണ്. അവരുടെ കൃത്യമായ നില അറിയാനൊരു മാനദണ്ഡം വേണമെന്നാണെങ്കില്‍, മുല്യം ഏറ്റവും കൂടിയ ഘടകങ്ങളോരോന്നായി പരിശോധിച്ചു വരുകയോ മറ്റോ ആകാവുന്നതാണ്. മൂല്യം 5 ആയ ഘടകങ്ങളില്‍ രണ്ടുപേരും തുല്യനിലയിലാണ്. 10 പോയിന്റു വീതം. അടുത്തതായി ഏറ്റവും ഉയര്‍ന്ന മൂല്യമായ 3 എടുത്തു നോക്കിയാല്‍, One (12) ആണ് Three (9) - യേക്കാള്‍ പിന്നോക്കം.
അപ്പോള്‍, പിന്നോക്കാവസ്ഥയുടെ പുതിയ ക്രമം - Two (58) -> One (37(12)) -> Three (37(9)) എന്നാകുന്നു. മുമ്പത്തെ ക്രമത്തിന്റെ നേര്‍വിപരീതമാണിത്.
അഞ്ച്
ഇങ്ങനെ കണക്കു കൂട്ടിക്കിട്ടുന്നതില്‍, ഒരു നിശ്ചിതസംഖ്യയ്ക്കു മുകളിലുള്ളവരെ പിന്നോക്കമായി പ്രഖ്യാപിക്കണം. ആനുകൂല്യങ്ങള്‍ അവര്‍ക്കിടയിലായിരിക്കണം വീതിക്കപ്പെടേണ്ടത്. ഈ സംഖ്യ - Threshold figure - എത്രയാണെന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തപ്പെടുത്താം.
ആറ്
പിന്നോക്കക്കാര്‍ക്കിടയില്‍ത്തന്നെ സംവര്‍ണാനുകൂല്യങ്ങളും മറ്റും വീതം വയ്ക്കുന്നതിലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (Index Of Backwardness ഏറ്റവും കൂടുതലുള്ളവര്‍ക്ക്) ഏറ്റവും ആദ്യം എന്നു കരുതിക്കൂടാ. അവര്‍ക്കു തന്നെ മുന്‍ഗണന. പക്ഷേ അവര്‍ക്കു മാത്രമായിപ്പോകുന്നെങ്കില്‍, അതിലൊരു പ്രശ്നമുണ്ട്.
ആദിവാസികള്‍ - മറ്റു പട്ടികവര്‍ഗ്ഗങ്ങള്‍ - മുതലായവര്‍ എല്ലാ മേഖലയിലും പിന്നോക്കമായിരിക്കും. അവരുടെ Total Index Of Backwardness വളരെക്കൂടുതലായിരിക്കും. സംവരാണാനുകൂല്യങ്ങളും മറ്റും അവര്‍ക്കു മാത്രമായി ചുരുങ്ങിപ്പോയിക്കൂടാ. അവരുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനായിരിക്കും താരതമ്യേന കൂടുതല്‍ സമയം ആവശ്യമായി വരിക എന്നതും ഓര്‍ക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ അത്ര ദീര്‍ഘകാലം കാത്തുനില്‍ക്കേണ്ടതായി വരരുത്.
അതുകൊണ്ട്, Threshold figure-നു മുകളിലുള്ളവരെ മൂന്നോ മറ്റോ തട്ടുകളായി തിരിക്കാം. ഓരോ തട്ടിലുമുള്ളവര്‍ക്ക് നിശ്ചിതശതമാനം സംവരണം എന്നു തീരുമാനിക്കാം.
കൃത്യം ഇടയില്‍പ്പെട്ടുപോകുന്നവരുടെ കാര്യത്തില്‍ അനീതിയില്ലേ എന്നു സംശയം തോന്നാം.
ഇല്ല. യാതൊരു മാനദണ്ഡങ്ങളുമില്ലാത്തതിന്റെ പേരില്‍ അനര്‍ഹരായ പലരും ഇപ്പോള്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നതു വച്ചു നോക്കിയാല്‍ അതൊരു പ്രശ്നമേയല്ല. ഇടയില്‍പ്പെട്ടുപോകുന്നവര്‍ക്ക് അധികം താമസിയാതെ അവസരങ്ങളുണ്ടാവാനുള്ള സാദ്ധ്യതയുണ്ടു താനും.
മൊത്തം ഇന്‍ഡക്സുകള്‍ ഒരു പട്ടികരൂപത്തില്‍ എഴുതിയാല്‍ ഓരോരുത്തരുടെയും നില എവിടെയൊക്കെയാണ് - ഓരോ കാര്യത്തിലും ഏതൊക്കെ പോയിന്റുകളില്‍ വച്ചാണ് മുറിക്കപ്പെടുന്നത് - ഇത്തരം കാര്യങ്ങളൊന്നും വളരെ സുതാര്യമാക്കേണ്ടതില്ലെന്നു തീരുമാനിച്ചാല്‍, പരാതികളൊഴിവാക്കാം. ആവശ്യമായ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍, ബാക്കി കണക്കുകൂട്ടലുകളെല്ലാം കമ്പ്യൂട്ടറാണു ചെയ്യുന്നത് എന്നും, സ്വന്തം ഇഷ്ടപ്രകാരം ആളുകളെ തിരുകിക്കയറ്റാന്‍ അവസരമില്ല എന്നും വന്നാല്‍, ഈ അതാര്യതയും എതിര്‍ക്കപ്പെടാനിടയില്ല.
ഏഴ്
അളക്കാവുന്ന ഒന്നായി - ഒരു 'masurable quantity' യായി - പിന്നോക്കാവസ്ഥയെ ഇതിനകം മാറ്റിക്കഴിഞ്ഞ സ്ഥിതിക്ക്, ആ measurement കൂടി ഇടയ്ക്കിടയ്ക്കു നടക്കാനുള്ള സംവിധാനമുണ്ടാവണം. നിശ്ചിത കാലയളവുകളില്‍, ഈ കണക്കുകള്‍ പുതുക്കിക്കൊണ്ടിരിക്കണം. ഇതിനകം സംവരണം നേടിക്കഴിഞ്ഞവരുടെ കാര്യത്തില്‍, അവരുടെ പിന്നോക്കാവസ്ഥാസൂചകം താഴ്‌ന്നു താഴ്‌ന്നു വന്ന് ഒടുവിലവര്‍ തുടര്‍ന്ന് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാതായിത്തീരുന്നത് വ്യക്തമായി കാണുവാന്‍ സാധിക്കണം. ഏതെങ്കിലും സമുദായങ്ങള്‍ മൊത്തത്തില്‍ മുന്നോക്കാവസ്ഥ കൈവരിച്ചു തുടങ്ങുന്നുവെങ്കില്‍, അവരുടെ കാര്യത്തില്‍ സമുദായസൂചകത്തിന്റെ മൂല്യത്തില്‍ കുറവു വരുത്തണം.
* * * * * * * * *
ഇത്രയും എഴുതിയത് ഓടിച്ചൊന്നു വായിച്ചു നോക്കിയപ്പോളാണു തോന്നിയത് - അല്ലാ - ഇതൊക്കെയല്ലേ പണ്ടു മണ്ഡല്‍ കമ്മീഷനും ചെയ്യാന്‍ നോക്കിയത്? അബദ്ധമായോ? ഇതിനകം പരീക്ഷിക്കപ്പെട്ടവയുടെ ആവര്‍ത്തനം മാത്രമായോ? മണ്ഡലിനേപ്പറ്റിയാണെങ്കില്‍ തീരെ പിടിപാടില്ല താനും.
ഓടിച്ചൊന്നു 'ഗൂഗിള്‍' ചെയ്തു നോക്കി. ആശ്വാസം. അതു സംഗതി വേറെയാണെന്നു തോന്നുന്നു.
വിവിധഘടകങ്ങള്‍ പരിഗണിച്ച് പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നതേപ്പറ്റിയൊക്കെ ചിന്തിച്ചതുകൊണ്ടാണ് സാദൃശ്യം അനുഭവപ്പെട്ടത്. എന്നാല്‍, അവിടെ സമുദായങ്ങളുടെ പിന്നോക്കാവസ്ഥയാണു പരിഗണിക്കപ്പെട്ടത്. ഇവിടെ, മനുഷ്യരുടെ പിന്നോക്കാവസ്ഥയേപ്പറ്റിയാണു ചിന്തിച്ചത്.
ഇതുതന്നെ - ഈ വ്യത്യാസം തന്നെ - യഥാര്‍ത്ഥത്തില്‍ എല്ലാ 'സംവരണവിരുദ്ധ'(?)വാദങ്ങളുടെയും കാതല്‍.
മനുഷ്യനെ മനുഷ്യനായിക്കാണുക എന്നത് പറഞ്ഞുനടക്കുന്നതിനു പകരം പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍, ആളുകള്‍ക്കതിനെ എതിര്‍ക്കാന്‍ തോന്നുമോ എന്തോ?
ഇപ്പോള്‍ സാമുദായികപരിഗണനകളാല്‍ സംവരണാര്‍ഹരായിരിക്കുന്നവര്‍ക്ക് അതു നഷ്ടപ്പെടാത്തൊരു സാഹചര്യത്തില്‍ത്തന്നെ, ജാതിമാത്രമല്ല പിന്നോക്കാവസ്ഥയുടെ അടിസ്ഥാനം എന്നൊരു സങ്കല്‍പം കൂടി കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ മാറാതിരിക്കുമോ എന്തോ?
ജാതിവിടവുകള്‍ കൂട്ടുന്നതിനു പകരം അലിയിച്ച് ഇല്ലാതാക്കാന്‍ അതു സഹായിക്കാതിരിക്കുമോ എന്തോ?
ചോദ്യങ്ങള്‍ക്ക് 'convincing' ആയ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ തെരുവിനുപകരം ക്ലാസ്‌മുറികള്‍ തന്നെ തെരഞ്ഞെടുക്കാതിരിക്കുമോ? അതോ അവര്‍ 'സംവരണം എന്ന സങ്കല്‍പമേ തെറ്റാണ് ' എന്നൊരു വാദമുയര്‍ത്തി പെട്രോള്‍ക്യാന്‍ തലയ്ക്കു മുകളിലുയര്‍ത്തുമോ?
അറിയില്ല. ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്. സകലഭാരതീയരും കൂടുതല്‍ ഉന്നതിയെ പ്രാപിക്കും. ഇന്നല്ലെങ്കില്‍ നാളെ ഭാരതം ലോകത്തിന്റെ നെറുകയിലെത്തും. ഇല്ലെങ്കില്‍ ആരെങ്കിലുമൊക്കെച്ചേര്‍ന്ന് എത്തിക്കും. തീര്‍ച്ച!
* * * * * * * * *
വാല്‍ക്കഷണം:-
സ്വപ്നങ്ങള്‍ക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. അപ്രായോഗികതകള്‍ കൊണ്ട് സമ്പന്നമായിരിക്കും അവ.
ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള - വിപുലമായ അധികാരങ്ങളുള്ള - വിപുലമായ പ്രാതിനിധ്യസ്വഭാവമുള്ള - നല്ല അംഗബലമുള്ള - ഒരു സമിതി - അതൊരു സ്ഥിരം സമിതിയായിരിക്കണം - ജോലിഭാരം കണക്കിലെടുക്കുമ്പോള്‍ 'support staff'-ന്റെ അംഗബലവും ഭീമമായിരിക്കും - താഴേത്തട്ടില്‍വരെയെത്തുന്ന പ്രവര്‍ത്തനങ്ങള്‍ - ഇതൊക്കെ നടക്കുന്ന കാര്യമാണോ?
സമുദായങ്ങള്‍ എണ്ണത്തില്‍ കുറവല്ലെങ്കിലും, ഒരു പരിധിയൊക്കെയുണ്ട്. ജനങ്ങളുടെ കാര്യത്തില്‍ അതാണോ സ്ഥിതി? വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും കാര്യം മാത്രമെടുക്കാമെന്നു കരുതിയാല്‍ത്തന്നെയും, എന്തൊരു ഭീമമായ 'ഡേറ്റാബേസ്' ആയിരിക്കും അത്? കൃത്യമായ കണക്കുകളൊക്കെ ആര് - എങ്ങനെ - ശേഖരിക്കും? - ആര് അവയൊക്കെ കൃത്യമായി പുതുക്കിക്കൊണ്ടിരിക്കും?
അങ്ങേയറ്റം ദുസ്സാദ്ധ്യമാണ്. സംശയമില്ല അതില്‍. പക്ഷേ എന്നു വച്ച് സ്വപ്നം പോലും കാണാന്‍ പറ്റാത്ത മട്ടില്‍ അസാദ്ധ്യമാണെന്നില്ലല്ലോ.
ഇത്രയും പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊടുക്കാന്‍ സാധിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചതാണോ? ഇത്രയും തെരഞ്ഞെടുപ്പുകള്‍ സമ്പൂര്‍ണ്ണമായി വോട്ടിംഗ് യന്ത്രങ്ങളുപയോഗിച്ചു നടത്താന്‍ സാധിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ?
Data collection, entry, refreshment എല്ലാം ഭഗീരഥന്മാര്‍ക്കു മാത്രം പറ്റുന്ന പണികള്‍ തന്നെ. കുറെയൊക്കെ തെറ്റുകള്‍ കടന്നുകൂടുമായിരിക്കും താനും. പക്ഷേ, ആ വിവരങ്ങളുപയോഗിച്ച് പിന്നോക്കാവസ്ഥാസൂചകങ്ങള്‍ നിര്‍ണ്ണയിക്കാനും മറ്റും വെറുമൊരു 'മൗസ് ക്ലിക്കില്‍' സാധിക്കുന്ന മട്ടിലൊരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കാന്‍ നമ്മുടെ എഞ്ചിനീയര്‍മാര്‍ക്കു കഴിയില്ല എന്നു വരുമോ?
എല്ലാം ശരിയാവുമെന്ന് ഉറപ്പുവരുത്തിയിട്ട് ഒരു കാര്യം തുടങ്ങാമെന്നു വച്ചാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തുടങ്ങാനാവുമോ?
അല്ലെങ്കില്‍ത്തന്നെ, ഇതൊക്കെ ഒരു സ്വപ്നം മാത്രമാണല്ലോ.
സ്വപ്നം കാണുന്നതിന് നാമാരെയും ഭയക്കേണ്ടതില്ല.
'If there is a will, there is a way' എന്നാണു പറയാറുള്ളത്. ഏതോ ഒരു വിരുതന്‍ അതിനെ 'If there is a well, there is a way' എന്നു തിരുത്തിക്കളഞ്ഞു. ഒരു കിണറുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങോട്ടൊരു വഴിയുമുണ്ടാവുമത്രേ! ചിരിയും കൊള്ളാം ചിന്തയും കൊള്ളാം. ആരെങ്കിലുമൊക്കെ ചിന്തിച്ച് ഇവിടുത്തെ പാവപ്പെട്ടവരുടെ മുഖത്തു ചിരി വരുത്തിയാല്‍ നന്നായിരുന്നു.
ഭാരതമാതാവു വിജയിക്കട്ടെ!