'ഓണ്‍ലൈന്‍' ആയി ലഭ്യമായിരുന്ന ചില പത്രങ്ങളിലെ വാര്‍ത്തകള്‍ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ദീപിക, മംഗളം, മനോരമ, മാധ്യമം, കൗമുദി, ഇന്ത്യന്‍ എക്സ്‌പ്രസ്, ഹിന്ദു, മാതൃഭൂമി എന്നിവയാണ് ഇക്കൂട്ടത്തിലുള്ളത്. പലതിന്റേയും 'പ്രിന്റ് വേര്‍ഷ'നില്‍ കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ലഭ്യമായിരുന്നു.
(എന്തുകൊണ്ടോ ദേശാഭിമാനിയില്‍ തെറ്റുകള്‍ വളരെക്കൂടുതലായി കണ്ടതു കൊണ്ട് അതിനു വേണ്ടി ഒരു പ്രത്യേക പോസ്റ്റു തന്നെ മാറ്റിവയ്ക്കേണ്ടിവന്നു. അത് ഇവിടെ വായിക്കാവുന്നതാണ്.)
ദീപിക
--------
മറ്റുള്ളവര്‍ എഴുതാന്‍ മടിച്ചതു പലതും തുറന്നെഴുതാനുള്ള ആര്‍ജ്ജവം ദീപിക കാട്ടിയിട്ടുണ്ട്. എന്നാല്‍, സമ്പൂര്‍ണ്ണമായ അര്‍ത്ഥവ്യതിയാനമുണ്ടാക്കുന്ന ചില പിഴവുകളും അവര്‍ക്കു പറ്റി.
(1) പ്രകൃതിയെ ചൂഷണം ചെയ്യാതെ നമുക്കാവശ്യമുള്ളതുമാത്രം 'കറന്നെടുക്കുന്ന'താണു നമ്മുടെ സംസ്കാരം എന്നാണു മോഡി പറഞ്ഞത്. എന്നാല്‍, ദീപിക എഴുതിയത് 'കവര്‍ന്നെടുക്കുന്ന' എന്നാണ്. അര്‍ത്ഥം നേരെ തിരിഞ്ഞുപോയി.
(2) "'കപടമതവിശ്വാസികള്‍' എന്തെല്ലാം പറഞ്ഞാലും ശരി" എന്നമട്ടില്‍ എഴുതിയിരിക്കുന്നതും തെറ്റാണ്. കപടമതവിശ്വാസം എന്നു പറഞ്ഞാല്‍ വിശ്വാസം കപടമാണെന്നോ അല്ലെങ്കില്‍ മതം കപടമാണെന്നോ ഒക്കെ അര്‍ത്ഥം വരുന്നു. മതേതരത്വത്തേക്കുറിച്ചു പറയുകയും എന്നാല്‍ ഉള്ളില്‍ കൊടിയ വര്‍ഗീയത സൂക്ഷിച്ചുകൊണ്ടു പെരുമാറുകയും ചെയ്യുന്ന രാഷ്ട്രീയക്കാരേയും കൂസിസ്റ്റുകളേയുമൊക്കെ സൂചിപ്പിക്കാനുപയോഗിക്കുന്ന 'കപടമതേതരവാദികള്‍' എന്നതാണ് ശരിയായ, വേദിയില്‍ ഉപയോഗിക്കപ്പെട്ട, പദം.
മംഗളം
--------
ആരെയും കണ്ണടച്ച് എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ യാഥാര്‍ത്ഥ്യബോധത്തോടെയും ധൈര്യത്തോടെയും ചിലതൊക്കെ എഴുതാന്‍ പതിവുപോലെ ഇത്തവണയും 'മംഗളം' പത്രം മാത്രമേ തയ്യാറായിരുന്നുള്ളൂ.
മംഗളത്തില്‍, താഴെപ്പറയുന്നവ പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
- നരേന്ദ്രമോഡിയെ എന്തിനെതിര്‍ക്കണം? (മുഖപ്രസംഗം - ജനു.29 - 2007)
- മോഡിയുടെ വികസന നയം മാതൃകയാക്കണം (ജനു.29 - 2007)
- മോഡിയുടെ പ്രസംഗം കേട്ട് ലജ്ജിച്ച കേരളീയര്‍ (കെ. എം. റോയ് - ഫെബ്രുവരി 5 - 2007)
(1) ‘പോലീസിനെ നോക്കുകുത്തിയാക്കി ‘ എന്ന പ്രയോഗം തികച്ചും തെറ്റാണ്. സമ്മേളനസ്ഥലത്തെ സുരക്ഷിതത്വത്തിന്റെ ചുമതല സംഘപ്രവര്‍ത്തകര്‍ തന്നെ കൈകാര്യം ചെയ്തു എന്നതു സത്യമാണ്. പക്ഷേ പോലീസിനെ ഒന്നും ചെയ്യാനാവാതെ വെറുതെ നിര്‍ത്തി എന്നര്‍ത്ഥം വരുന്ന പ്രയോഗങ്ങള്‍ ശരിയല്ല. പോലിസ് അവിടെ സ്ത്യുത്യര്‍ഹമായ സേവനമാണ് കാഴ്ചവച്ചത്. അവര്‍ക്ക് മേളയുടെ സംഘാടകരില്‍ നിന്നും തിരിച്ചങ്ങോട്ടും നല്ല സഹകരണവുമുണ്ടായിരുന്നു.
(2) ‘പോലീസ് കടത്തി വിട്ട ചിലരെ"പ്പോലും" പ്രവര്‍ത്തകര്‍ തടഞ്ഞു‘ എന്നതില്‍ ആശ്ചര്യമെന്താണുള്ളത്?പോലീസ് കടത്തിവിട്ടു എന്നതു കൊണ്ട്, സമ്മേളനത്തിന്റെ നടത്തിപ്പുകാര്‍ക്ക് - അതും സുരക്ഷയുടെ ചുമതലയുള്ളവര്‍ക്ക് - ഒരാള്‍ തികച്ചും സ്വീകാര്യനായിക്കൊള്ളണമെന്നുണ്ടോ? സമ്മേളന സ്ഥലത്തേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയോ ആരെയെങ്കിലും പ്രവേശിക്കാനനുവദിക്കാതിരിക്കുകയോ ആരെയെങ്കിലും പുറത്താക്കുകയോ ചെയ്തിട്ടില്ല. തിരക്ക് വളരെ വര്‍ദ്ധിക്കുമ്പോള്‍, ഗതാഗതസൗകര്യം പ്രമാണിച്ചും മറ്റും പലരേയും വഴിമാറ്റിയൊക്കെ വിടേണ്ടി വരും. അതില്‍ പ്രമുഖര്‍ കൂടി ഉള്‍പ്പെട്ടു എന്നതില്‍ നിന്നു തന്നെയറിയാം, തക്കതായ കാരണമുള്ളതുകൊണ്ടു തന്നെയാണ് അതു ചെയ്തത് എന്ന്.
(3) ‘കാക്കി നിക്കറും വെള്ള ഷര്‍ട്ടുമെന്ന "പതിവുയൂണിഫോമിനു" പകരം കറുത്ത പാന്റും വെള്ള ഷര്‍ട്ടുമാണ് രക്ഷക് പ്രവര്‍ത്തകര്‍ ധരിച്ചിരുന്നത്‘.
ആര്‍. എസ്. എസ്. പ്രവര്‍ത്തകരുടെ ഔദ്യോഗികവേഷമായ 'ഗണവേഷ'ത്തിന്റെ ഭാഗമാണ് കാക്കി. 'രക്ഷകര്‍'ക്ക് പ്രത്യേക വേഷമുണ്ടോ എന്നറിയില്ല. എന്തായാലും ഹിന്ദു മഹാമേള പോലൊരു പരിപാടിക്ക് ഏതെങ്കിലുമൊരു സംഘപ്രവര്‍ത്തകന്‍ ഗണവേഷം ധരിച്ചുകൊണ്ട് എത്തും എന്നു പ്രതീക്ഷിക്കുന്നത് സംഘപ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയാണു കാണിക്കുന്നത്.
മനോരമ
-----------
(1) പ്രസംഗത്തിലൂടെ മോഡി പ്രകോപനമുണ്ടാക്കാതിരുന്നതും പോലീസിനും സര്‍ക്കാരിനും ആശ്വാസമായി.
പ്രസംഗത്തിലൂടെ മോഡി എന്തെങ്കിലും 'പ്രകോപന'മുണ്ടാക്കും എന്നു പ്രതീക്ഷിച്ചിരുന്നവര്‍ക്ക് മോഡിയേക്കുറിച്ചോ സംഘത്തേക്കുറിച്ചോ ഒക്കെ പരിമിതമായ- അതും മുന്‍ധാരണകളാല്‍ വികലമായ - അറിവുകളേ ഉള്ളൂവെന്നു വ്യക്തം. സമ്മേളനത്തിനു മുമ്പുള്ള ഒന്നൊന്നര മാസക്കാലം തെരുവില്‍ മോഡിയുടെ കോലം കത്തിക്കലും ഭര്‍ത്സനവും പ്രചാരണബോര്‍ഡുകള്‍ നശിപ്പിക്കലുമൊക്കെ അനുസ്യൂതം നടക്കുന്നതു കണ്ടിട്ടും പ്രകോപിതരാവാതിരുന്നവര്‍ പെട്ടെന്നൊരു ദിവസം ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടു പ്രകോപിതരാവുമെന്നു കരുതുക വയ്യ. അല്ലെങ്കില്‍ത്തന്നെ എന്തു പറഞ്ഞാണ് മോഡി പ്രകോപനമുണ്ടാക്കുക? ആരെയാണ് പ്രകോപിപ്പിക്കുക? സമ്മേളനത്തിനെത്തിയവരെയോ അതോ പുറത്തുള്ളവരെയോ? ആവോ? അറിയാവുന്നത് മനോരമയ്ക്കു മാത്രം.
(2) വര്‍ഗ്ഗീയച്ചുവയുള്ള പ്രസംഗമാണു മൈതാനം തിങ്ങി നിറഞ്ഞ ജനസഞ്ചയം പ്രതീക്ഷിച്ചതെങ്കിലും...
സ്വന്തം ചിന്തകള്‍ "ജനങ്ങളുടേ"താണെന്ന മട്ടില്‍ അവതരിപ്പിക്കാറുള്ളത് സാധാരണ ദേശാഭിമാനി ലേഖകന്മാരാണ്. മനോരമയും അത് അനുകരിച്ചു തുടങ്ങിയിരിക്കുന്നു. ഞാനടക്കം അവിടെക്കൂടിയ എല്ലാവരുടേയും മനസ്സ് വായിക്കുവാനായി ലേഖകന്‍ ഉപയോഗിച്ച ആധുനിക സാങ്കേതിക വിദ്യയെന്താണാവോ? അവിടെ കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരും വടിയും കുത്തിപ്പിടിച്ചു വന്ന മുത്തശ്ശിമാരും (ഞാന്‍ നേരിട്ടു കണ്ടവര്‍) എല്ലാം 'വര്‍ഗ്ഗീയച്ചുവയുള്ള പ്രസംഗം കേള്‍ക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശയിലാവണം മടങ്ങിയത്!
അവിടെക്കൂടിയവരൊക്കെ എന്തെല്ലാം കാരണങ്ങളാല്‍ അവിടെ എത്തി എന്നു മനസ്സിലാക്കാന്‍ ആ ലേഖകനേപ്പോലെയുള്ളവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല ഉടനെയെങ്ങും കഴിയുമെന്നും തോന്നുന്നില്ല എന്നു വ്യക്തമാക്കുന്നു ഈ വാചകം.
കൗമുദി
---------
(1) "തീവ്രഹിന്ദുത്വ നിലപാടിലൂന്നിയ പ്രസംഗം പ്രതീക്ഷിച്ചവരെ ആശ്ചര്യപ്പെടുത്തി"..
പത്രക്കാരുടെ നിരാശ വളരെ നന്നായി പ്രതിഫലിപ്പിക്കുന്നു ഈ വാചകം.
'തീവ്രഹിന്ദുത്വം' എന്നും മറ്റുമുള്ള വാക്കുകള്‍ സൃഷ്ടിച്ചെടുത്തവര്‍ തന്നെ പറയേണ്ടി വരും - അതു കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന്. ശക്തമായ ഹിന്ദുത്വ നിലപാടില്‍ ഊന്നിയ പ്രസംഗം തന്നെയാണ് മോഡി നടത്തിയത്. അത് പ്രസംഗം കേട്ടവരുടെ കൂട്ടത്തില്‍ ഹിന്ദുത്വം എന്നാല്‍ എന്തെന്ന് അറിയുന്നവര്‍ ആരും സമ്മതിക്കും. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആവേശവും അഭിമാനവും വാനോളമുയര്‍ത്തിയിട്ടാണ് മോഡി മടങ്ങിയതും.
ഏതെങ്കിലും മതവിഭാഗങ്ങള്‍ക്കെതിരായ പ്രസംഗം പ്രതീക്ഷിച്ച് ഇവിടുത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ കാത്തിരുന്നുവെങ്കില്‍, അവര്‍ അങ്ങേയറ്റം നാണം കെട്ടു എന്നതു വാസ്തവം. നിരാശയോടൊപ്പം, "ആശ്ചര്യ'വും കൂടി ഉണ്ടായെങ്കില്‍, അത് യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ചുള്ള അവരുടെ അജ്ഞതയില്‍ നിന്ന് ഉണ്ടായതാണെന്നാണ് എനിക്കു തോന്നുന്നത്.
(2) പക്ഷേ ഞങ്ങള്‍ പാകിസ്ഥാനിലാണ് പ്രശ്നമുണ്ടാക്കുന്നത് - മോഡി പറഞ്ഞു.
നൂറുശതമാനം തെറ്റാണിത്. ഇതു കേട്ടാല്‍ തോന്നും മോഡിയുടെ ആള്‍ക്കാര്‍ ആരോ പാക്കിസ്ഥാനില്‍ നുഴഞ്ഞുകയറി അവിടെയെന്തോ പ്രശ്നമുണ്ടാക്കുന്നു എന്ന്.
ബംഗ്ലാദേശിന്റെ വശത്തു നിന്ന് ആസ്സാമിലും മറ്റും നിര്‍ബാധം നടക്കുന്നതുപോലെയുള്ള നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനങ്ങളും അനുവദിച്ചുകൊടുക്കാത്തതിന്റെ പേരില്‍, പാക്കിസ്ഥാനു വിഷമമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ഞങ്ങള്‍ (ഗുജറാത്ത് തീരസംരക്ഷണ സേനയും മറ്റും) എന്നാണ് മോഡി പറഞ്ഞത്.
"ഹമാരേ കാരണ്‍ പാക്കിസ്ഥാന്‍ പരേശാന്‍ ഹെ" എന്ന് ഹിന്ദിയിലെ മൂലവാചകം.
(3) ആര്‍. എസ്. എസ്. സഹസംഘപ്രചാരക് നന്ദകുമാര്‍ പരിഭാഷപ്പെടുത്തി.
'സഹസംഘപ്രചാരക്' എന്നൊരു പദവിയേക്കുറിച്ച് ഇതു വരെ കേട്ടിട്ടുമില്ല - സംഘത്തേക്കുറിച്ച് വായിച്ച പുസ്തകങ്ങളിലൊന്നും കണ്ടിട്ടുമില്ല. കൗമുദി, എവിടെ നിന്നോ പകുതി കേട്ട ഒരു പേര് തങ്ങള്‍ക്കു തോന്നിയ മട്ടില്‍ പൂരിപ്പിച്ചെടുത്തതാവാനേ തരമുള്ളൂ.
New Indian Express
----------------------------
(1) Moditva modified for development..
ഗുജറാത്തിലെ വികസനപ്രവര്‍ത്തനങ്ങളേപ്പറ്റിയോ, അതുമായി ബന്ധപ്പെട്ട് മോഡിയുടെ ഇമേജിനേപ്പറ്റിയോ ഒന്നും വായിച്ചോ കേട്ടോ അറിഞ്ഞിട്ടില്ലാത്തതു കോണ്ടാണ് 'modified‘ എന്നു പറയേണ്ടി വരുന്നത്. അല്ലെങ്കില്‍, അറിയാമെങ്കിലും മറച്ചുപിടിക്കുന്നതുമാവാം.
(2) No fumes to ignite communal passion
പ്രതീക്ഷയോടെ കാത്തിരുന്നു കിട്ടാതെ പോയ മറ്റൊരു കാര്യം എന്നേ പറയാനുള്ളൂ..
(3) No more justifications for politics of hatred..
Hatred against Modi's politics ആണ് ഇങ്ങനെയൊക്കെ എഴുതിക്കുന്നത് എന്നു തോന്നുന്നു.
(4) devoting his entire speach to list the development..
‘Entire speach‘ എന്നത് തെറ്റാണ്. ഗുജറാത്തിലെ വികസനനേട്ടങ്ങളേക്കുറിച്ചല്ലാതെ മറ്റു പല കാര്യങ്ങളും പറഞ്ഞിരുന്നു.
(5) ‘I urge the centre to emulate gujarath model development‘ എന്നു പറഞ്ഞെന്നു തോന്നുന്നില്ല. ഹിന്ദിയില്‍ പറഞ്ഞുവോ എന്നുറപ്പില്ല. പരിഭാഷയില്‍ കേട്ടില്ല.
മാധ്യമം
---------
(1) തലസ്ഥാനം നിസ്സംഗമായിരുന്നു എന്ന് അന്ന് അവിടം സന്ദര്‍ശിച്ച ആരും അഭിപ്രായപ്പെടുമെന്നു തോന്നുന്നില്ല. ലേഖകന്റെ ഒരു 'ആഗ്രഹപ്രകടനം' വാക്കുകളില്‍ മുഴച്ചു നില്‍ക്കുന്നതുപോലെ തോന്നുന്നു. മൊത്തത്തില്‍ എന്തോ ഒരു ഭീതിജനകമായ അന്തരീക്ഷമായിരുന്നു എന്നു സ്ഥാപിക്കാന്‍ വേണ്ടിയെന്നോണം താഴെ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ തന്നെ, നിസ്സംഗം എന്ന തലക്കെട്ടിനെ ചോദ്യം ചെയ്യുന്നുണ്ട്.
(2) മോഡിയുടെ 'തീപ്പൊരി' പ്രസംഗം പ്രതീക്ഷിച്ചാണ് സ്വയം സേവകര്‍ എത്തിയത് എന്ന് ലേഖകന്‍ എങ്ങനെ അറിഞ്ഞുവോ എന്തോ? അതുപോലെ തന്നെ ഒരു പ്രസംഗം തീപ്പൊരിയാകുന്നത് എന്തു ഘടകങ്ങള്‍ അനുസരിച്ചാണാവോ? പ്രസംഗത്തിലെ ഓരോ വാചകവും അവിടെക്കൂടിയിരുന്ന സംഘപ്രവര്‍ത്തകര്‍ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് ശ്രവിച്ചതെന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്.
(3) എം.ജി. റോഡിലും സമീപത്തുമുള്ള വ്യാപാരസ്ഥാപനങ്ങള്‍ വൈകിട്ട് ആറുമണിയോടെ തന്നെ പൂട്ടി.
സമ്മേളനം നടന്ന സ്ഥലത്തു നിന്നും ദൂരെയുള്ള ഏതെങ്കിലും സ്ഥലമാണോ ലേഖകന്‍ ഉദ്ദേശിച്ചതെന്നറിയില്ല. സമ്മേളനസ്ഥലത്തിനടുത്തുള്ള കടകളൊക്കെ രാത്രി എട്ടു മണിക്കു ശേഷവും തുറന്നു കിടക്കുന്നതു തന്നെയാണു കണ്ടത്.
(4) സംഘര്‍ഷം ഭയന്നാണ് പലരും കടയടച്ചത്.
ഇതു സത്യമാണെങ്കില്‍, മാദ്ധ്യമങ്ങളും ചില പ്രസ്ഥാനങ്ങളുമൊക്കെച്ചേര്‍ന്ന് ഭീതി സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചു എന്നു വേണം കരുതാന്‍.
(5) "മുഖ്യമന്ത്രിയായല്ല - ആര്‍. എസ്. എസ്. പ്രവര്‍ത്തകനായാണ് കേരളത്തിലെത്തിയതെന്ന് അര്‍ത്ഥശങ്കയ്ക്കിട നല്‍കാതെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു."
ഈ വാചകത്തില്‍ "അര്‍ത്ഥശങ്കയ്ക്കിട നല്‍കാതെ" എന്ന് എഴുതുവാന്‍ ലേഖകനു തോന്നിയതിന്റെ പിന്നിലൊരു മനശ്ശാസ്ത്രമുണ്ട്. ആര്‍. എസ്. എസ്. പ്രവര്‍ത്തകനാണ് എന്നത് മറച്ചു പിടിച്ചു സംസാരിക്കാന്‍ ശ്രമിച്ചേക്കുമോ എന്ന സംശയത്തില്‍ നിന്നാണ് ആ വാക്ക് കടന്നു വന്നത്. സംഘപ്രവര്‍ത്തകന്‍ എന്ന ലേബല്‍ മോശമാണ് എന്നു കരുതുന്നവര്‍ക്കാണ് അത്തരമൊരു തോന്നലുണ്ടാകുന്നത്. എന്നാല്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം, മോഡിയടക്കം ഏതാണ്ട് എല്ലാ സംഘപ്രവര്‍ത്തകരും അതൊരു അഭിമാനമായാണ് കരുതുന്നത്.
(6) എന്നാല്‍ ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ കൂടുതലും ഗുജറാത്തിന്റെ വികസനം വര്‍ണ്ണിക്കാനാണ് ഉപയോഗിച്ചതും.
ഈ വാചകത്തിന്റെ തുടക്കത്തിലുള്ള 'എന്നാല്‍' എന്ന വാക്കിന്റെ പിന്നിലെ മനശ്ശാസ്ത്രവും അല്‍പം പരിശോധിക്കുന്നത് കൗതുകമുണര്‍ത്തും. ആര്‍. എസ്. എസ്. പ്രവര്‍ത്തകനായിട്ടാണ് എത്തിയത്. - "എന്നാല്‍" ഗുജറാത്തിന്റെ വികസന കാര്യം പറഞ്ഞു എന്ന് ലേഖകന്‍ അത്ഭുതപ്പെടുന്നു! പിന്നെ, ആര്‍. എസ്. എസ്. പ്രവര്‍ത്തകന്‍ വേറേ എന്തു പറയുമെന്നാണ് ലേഖകന്‍ വിചാരിച്ചത്? രാഷ്ട്രപൂജ ചെയ്യുന്നവര്‍ എന്നറിയപ്പെടുന്ന ആര്‍. എസ്. എസ്.കാര്‍ രാഷ്ട്രസേവനം നടത്തുന്നത് എങ്ങനെയൊക്കെയാണ് എന്നത് ഉദാഹരണസഹിതം വ്യക്തമാക്കുകയാണ് മോഡി ചെയ്തത്. പ്രസംഗം മുഴുവന്‍ കേട്ടിരുന്നുവെങ്കില്‍ അതു മനസ്സിലായേനെ.
(7) മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
മോഡിയുടെ തീരുമാനങ്ങള്‍ നേരിട്ടറിഞ്ഞ ഒരാള്‍ എഴുതുന്നതുപോലെയുണ്ട്! ആരൊക്കെക്കൂടിയാണാവോ മുന്‍കൂട്ടി നിശ്ചയിച്ചത്? ആ ചര്‍ച്ചയില്‍, മാധ്യമലേഖകനും ഉള്‍പ്പെട്ടിരുന്നോ എന്തോ? ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തും പെടുത്തും എന്നു കരുതി പേനയില്‍ മഷിനിറച്ചു വച്ചവരുടെ നിരാശ അറിയാതെ പുറത്തു വന്നതുപോലെയുണ്ട് ഈ വാചകം.
The Hindu
---------------
(1) 'The Hindu'വിന്റെ പ്രിന്റ് എഡിഷനില്‍ വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും, ഓണ്‍ലൈന്‍ എഡിഷനില്‍, മോഡി കേരളത്തില്‍ വന്നു പോയതിന്റെ ചെറിയ സൂചനകള്‍ പോലും കണ്ടില്ല. നിയമസഭാമന്ദിരത്തില്‍ ബോംബുഭീഷണി ഉണ്ടായതിനേപ്പറ്റിയുള്ള വാര്‍ത്തയിലും, ആ ഭാഗം പ്രത്യേകം മറച്ചുപിടിച്ചിട്ടുണ്ട്.
മാതൃഭൂമി
-----------
(1) ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം എന്ന് എഴുതേണ്ടിയിരുന്നതിനു പകരം അബദ്ധത്തില്‍ ആഘോഷ'സമിതിയുടെ' സമാപനം എന്നായിപ്പോയതാണ് മാതൃഭൂമിക്കു പറ്റിയ തെറ്റ്.