Wednesday, March 25, 2009

വരുണാസ്ത്രം വല്ലായ്മപ്പെടുത്തുമ്പോൾ

നെഹൃവിന്റെ കുടുംബത്തിലെ ഒരു അംഗം.

തന്നെ കഴുതയെന്ന ‘ജന്തു‘വെന്നു വിളിച്ചാലും വേണ്ടില്ല – ‘ഹിന്ദു‘വെന്നു വിളിക്കരുതേ – എന്നു വിലപിച്ചിരുന്ന സാക്ഷാൽ ജവഹർലാൽ നെഹൃവിന്റെ കുടുംബത്തിലെ തന്നെ ഒരു അംഗം.

അങ്ങനെയൊരാൾ, തന്റെ ‘കുലമഹിമ‘ വെടിഞ്ഞുകൊണ്ടും, ഹിന്ദുവെന്നതിൽ അഭിമാനിച്ചിരുന്ന ഗാന്ധിജിയുടെ ശൈലി സ്വീകരിച്ചുകൊണ്ടും, താൻ സ്വാഭിമാനിയായൊരു ഹിന്ദുവും ഭാരതീയനും ഗാന്ധിയുമാണെന്നൊക്കെ വിളിച്ചു പറഞ്ഞാൽ?

ചരിത്രസംഭവമാണ്.

വരുൺഗാന്ധിയാണ് സംഗതി ഒപ്പിച്ചുകളഞ്ഞത്.

പക്ഷേ, അങ്ങനെയൊരു പരാമർശം വേണ്ടിവന്ന സാഹചര്യം ദു:ഖിപ്പിക്കുന്നതായിരുന്നു.

ചില ശിഥിലചിന്തകൾ.

വരുൺഗാന്ധിയോട് ഒരു ബി.ജെ.പി.അനുഭാവിയ്ക്കു പറയാനുള്ളത്.

വരുൺഗാന്ധീ, അനിയാ,

ആദ്യത്തെ അങ്കമായിരുന്നു.

ആകെപ്പാടെയുള്ള രാഷ്ട്രീയപരിചയം അഞ്ചുവർഷത്തേതു മാത്രമായിരുന്നു.

പരിചയമില്ലായ്മയും പ്രായക്കുറവും പ്രകടമായിരുന്നു.

വല്ലായ്മപ്പെടുത്തിക്കളഞ്ഞു – ശരിക്കും.

സി.ഡി.യിലുള്ളത് പൂർണ്ണമായും തന്റെ വാക്കുകളല്ലെന്നും, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില എഡിറ്റിംഗുകൾ നടന്നിട്ടുണ്ടെന്നുമുള്ള വാദം കേൾക്കാതിരിക്കുന്നില്ല. അത് ഒട്ടും അസ്വാഭാവികമോ അസംഭവ്യമോ അല്ല. എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമങ്ങൾ കുറച്ചുനാളുകളായി നടക്കുകയായിരുന്നു എന്നു ന്യായമായും സംശയിപ്പിക്കുന്ന ചില പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതു ശ്രദ്ധിക്കാതെയുമല്ല. പക്ഷേ എന്തൊക്കെയായാലും ശരി, കോൺഗ്രസിനും അവരുടെ നോമിനി നവീൻ ചൌളയ്ക്കുമൊക്കെ അങ്ങനെയൊരു കുടുക്കിടാൻ അവസരമെങ്കിലും ഉണ്ടാക്കിക്കൊടുത്ത പരാമർശങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്നതു സത്യമാണെങ്കിൽ, തെറ്റുപറ്റിയെന്നു സമ്മതിക്കാതിരിക്കേണ്ടതില്ല.

രാഷ്ട്രീയപ്പാർട്ടികളുടെ അതിരു കടന്ന മതവിവേചനവും മതപ്രീണനവും മൂലം സഹികെടുമ്പോൾ മനസ്സിലുണ്ടായേക്കാവുന്ന പ്രതിഷേധം ഒരു കാരണവശാലും മതദ്വേഷമായി പരിണമിക്കാതെ സൂക്ഷിക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയും, അവയിലേക്കു നയിച്ചേക്കാവുന്നതെന്തിനെയും നിരുത്സാഹപ്പെടുത്തുകയും വേണം.

എല്ലാവരും ചേർന്ന് ആക്രമിക്കുമ്പോൾ പാർട്ടി കയ്യൊഴിയുകയില്ല. പക്ഷേ, പറഞ്ഞതായി ആരോപിക്കപ്പെടുന്ന പരാമർശങ്ങളിലെ തെറ്റായ വശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടു തന്നയുള്ളതാണ് പാർട്ടിയുടെ നിലപാടെന്നത് ഒരു കാരണവശാലും മറക്കരുത്. അതിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങൾ കൃത്യമായി വായിച്ചെടുത്ത്, പിഴവുകൾ പരിശോധിച്ചുമാത്രം മുന്നോട്ടു പോകുന്നതിനേപ്പറ്റി ആലോചിക്കുക.

പാർട്ടിക്കു പുറത്തു നിന്നു തന്നെയും താങ്കളെ അനുകൂലിച്ചു മുന്നോട്ടുവന്നിട്ടുള്ളവരുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഇതു പറയുന്നത്. മറ്റു രാഷ്ട്രീയക്കാർ കറകളഞ്ഞ വർഗ്ഗീയത സംസാരിക്കുകയും മതതീവ്രവാദികളെയടക്കം ന്യായീകരിച്ചുകൊണ്ട് അങ്ങേയറ്റം അപലപനീയമായ നിലപാടെടുക്കുകയും ചെയ്യുമ്പോളൊക്കെ “മതേതര“വാദികൾ കടുത്ത മൌനം പാലിക്കുകയും താങ്കളുടെ കാര്യത്തിൽ ആക്രമണമഴിച്ചുവിടുകയും ചെയ്യുന്നതു കാണുമ്പോൾ അതിനൊരു പ്രതിപ്രവർത്തനമെന്ന നിലയിൽ അനുകൂലിക്കാൻ ആളുകൾക്കു തോന്നും. അതു സ്വാഭാവികമാണ്.

പക്ഷേ അതിന്റെ പേരിൽ, എല്ലാ വശങ്ങളും ആലോചിക്കാതിരിക്കരുത്. തെറ്റുണ്ടെങ്കിൽ അവ തിരിച്ചറിഞ്ഞു തിരുത്തുക തന്നെ വേണം.

സാമുദായികവിദ്വേഷം വളർത്താനൊന്നും താനൊരിക്കലും ശ്രമിക്കുകയില്ലെന്ന ഏറ്റുപറച്ചിൽ നന്നായി. അത്രയും നല്ലത്.

പറഞ്ഞതായി ആരോപിക്കപ്പെടുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്നതിനൊന്നും പ്രസക്തിയില്ലെന്നതാണു യാഥാർത്ഥ്യം. അവ തെറ്റായ എന്തെങ്കിലും സന്ദേശങ്ങൾ കൂടി നൽകുന്നുണ്ടോ എന്നതാണു പ്രശ്നം. എന്താണ് ഒരാൾ ഉദ്ദേശിക്കുന്നതെങ്കിലും ശരി – പറയാനിടയാക്കുന്ന സാഹചര്യങ്ങൾ എന്തായാലും ശരി – വാക്കുകൾ മുന്നോട്ടുവയ്ക്കുന്ന സന്ദേശം നല്ലതല്ലെങ്കിൽ, അതു കുറ്റകരമാണ്.

ഉത്തർപ്രദേശ് കലുഷിതമാണ്. അറിയാൻ വയ്യാത്തതല്ല. മുസ്ലീങ്ങൾ പിണങ്ങുമെന്നു ധരിച്ചുകൊണ്ടും, അതുകൊണ്ടു തന്നെ നടപടികൾക്കു മടിച്ചു കൊണ്ടും രാഷ്ട്രീയക്കാർ പല പ്രശ്നങ്ങളുടെ നേരെയും കണ്ണടയ്ക്കുകയാണെന്നും അറിയാതെയല്ല.

പക്ഷേ അതിനെല്ലാം സമ്പൂർണ്ണമായി മുസ്ലീങ്ങളെ ഒന്നടങ്കം പ്രതിസ്ഥാനത്തു നിർത്തുകയാണെന്ന പ്രതീതി ഒരിക്കലും വന്നുകൂടാ. അങ്ങനെവന്നാൽ അതു മുതലെടുത്ത് വീണ്ടും പ്രശ്നങ്ങൾ വർദ്ധിക്കുകയേയുള്ളൂ. മുസ്ലീങ്ങളെ വച്ചു മുതലെടുക്കുന്ന കൂസിസ്റ്റു രാഷ്ട്രീയക്കാർ തന്നെയാണു മുഖ്യപ്രതികൾ. അവരെത്തന്നെയാണ് ആദ്യം തിരുത്തേണ്ടതും.

ഒന്നുമില്ലെങ്കിലും, സമുദായത്തിനകത്തുതന്നെയുള്ള കുറച്ചുപേരുടെ പ്രവൃത്തികൾ മൂലവും പ്രീണനരാഷ്ട്രീയക്കാരുടെ ചെയ്തികൾ മൂലവും സമുദായത്തിനു മേൽ ഒന്നാകെ വീഴുന്ന ലേബലുകളിൽ നിന്നു കുതറിമാറാൻ ആഗ്രഹിക്കുകയും കൂസിസ്റ്റുരാഷ്ട്രീയത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന മുസ്ലീ‍ങ്ങൾ അനവധിയാണെന്നതു കൂടിയെങ്കിലും അറിഞ്ഞുവയ്ക്കേണ്ടതുണ്ട്. അതു കൂടി മനസ്സിൽ വയ്ക്കേണ്ടതുമുണ്ട്.

മറ്റൊരു വശത്ത്, ഹിന്ദുവിന്റെ നേരേ മെക്കിട്ടു കയറുന്നവർക്കെതിരെ നേരിട്ടു പ്രതികരിക്കുന്നതേപ്പറ്റിയും ചിലതു ചിന്തിക്കേണ്ടതുണ്ട്. ഇതൊന്നും രാജ്യത്ത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നോർക്കണം. അതുകൊണ്ടൊക്കെ ഇത്രയും നാളുകൾക്കുള്ളിൽ എന്തു നേടി എന്നു കൂടി പരിശോധിക്കുന്നതും നന്നായിരിക്കും.

എത്രയോ നൂറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടേയിരുന്നു! അതിർത്തി കടന്ന് അനവധിപേർ അക്ഷരാർത്ഥത്തിൽത്തന്നെ “കുതിരകയറി”. വെട്ടുകൊണ്ടു പ്രയോജനമുണ്ടായില്ല. അധിനിവേശങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയമായ ചെറുത്തുനിൽ‌പ്പ് ദുസാദ്ധ്യമോ അസാദ്ധ്യമോ ആയിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ, രാഷ്ട്രം വെട്ടിമുറിക്കണമെന്നു പറഞ്ഞ് ആഭ്യന്തരമായ കുതിരകയറ്റങ്ങൾ അരങ്ങേറി. ഒടുവിൽ, ഡയറക്റ്റ് ആക്ഷനുകൾ തന്നെ നടന്നു. തിരിച്ചുള്ള പ്രതികരണങ്ങളുമുണ്ടായി. യാതൊരു പ്രയോജനവുമുണ്ടായില്ല.

വിഭജനം ഒഴിവാക്കാൻ വെട്ടുകൾക്കു കഴിഞ്ഞില്ല. കോൺഗ്രസിനെ മറികടക്കാൻ ഒരു രാഷ്ട്രീയ ശക്തിയായിരുന്നു അവിടെ വേണ്ടിയിരുന്നത്.

കൈവെട്ടാനല്ല – മറിച്ച് – അരുതെന്നു പറഞ്ഞുകൊണ്ട് കോൺഗ്രസിന്റെ കയ്യിൽ കടന്നു പിടിക്കാനായിരുന്നു അവിടെ ആളുണ്ടാവേണ്ടിയിരുന്നത്.

സാധിച്ചില്ല. തടയാൻ കഴിഞ്ഞില്ല..

രാഷ്ട്രീയമായ പ്രതിരോധം ദുർബലമായിരുന്നു. വെട്ടുകൾ ഒന്നടങ്കം നിഷ്ഫലമാകുന്നത്ര ദുർബലം.

ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ വളരെ വ്യക്തമാണ്. എല്ലായ്പോഴും, ഒരു രാഷ്ട്രീയപരിഹാരത്തേക്കുറിച്ചു തന്നെയാണു ചിന്തിക്കേണ്ടതെന്നു തന്നെയാണ് ആ പാഠം പറഞ്ഞുവയ്ക്കുന്നത്. മറ്റു മാർഗ്ഗങ്ങൾ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളൂ.

പിന്നീട്, “ഡയറക്ട് ആക്ഷ“നുകൾ നടത്തിയ അതേ മുസ്ലീം ലീഗിനേത്തന്നെ മാന്യന്മാരാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റുകൾ അവർക്കു ഭരിക്കാൻ അവസരമുണ്ടാക്കിക്കൊടുത്തു. കാലം കടന്നുപോയപ്പോൾ, ഒരിക്കൽ ലിഗിനെ ‘ചത്ത കുതിര’ എന്നു വിശേഷിപ്പിച്ച കോൺഗ്രസും അവരെ കൂടെ കൂട്ടി. ഒടുവിലിതാ, അവർ മൂന്നു പേരും ചേർന്നു നടത്തിയ യു.പി.എ. ഭരണവും രാജ്യത്തിനു കാണേണ്ടി വന്നു!!!

ആ ഭരണം ഇനിയും തുടരണോ എന്നു തീരുമാനിക്കാനുള്ള ഒരു തെരഞ്ഞെടുപ്പാണ് ഇനി വരുന്നത്.

അത് അടുത്തു വരുമ്പോൾ, താങ്കൾ നിൽക്കുന്നത് എവിടെയാണ്? തയ്യാറെടുപ്പുകൾ എവിടം വരെയായി?

തുറന്നു പറയട്ടെ - എന്റെ അഭിപ്രായത്തിൽ, ആരോപണങ്ങൾ അതേപടി ശരിയാണെങ്കിൽ, പ്രസ്താവനകളിൽ ചിലത് തീർച്ചയായും അനുചിതവും, അപക്വവും തന്നെയായിരുന്നു. പ്രകോപനങ്ങളോ പ്രേരണയോ എന്തു തന്നെയായിരുന്നാലും.

സത്യത്തിൽ, ആളുകൾ വരുണിന്റെ പിന്നാലെ പായാൻ അത്യുത്സാഹം കാട്ടുകയല്ലേ എന്നു പലരും ചോദിക്കുന്നു. പ്രസംഗം കുറ്റകരമാണെങ്കിൽ, മണിക്കൂറിൽ നാലു തവണ എന്ന കണക്കിൽ കോൺഗ്രസ് അനുകൂല മാദ്ധ്യമങ്ങൾ അതു തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നത് അതിനേക്കാൾ കുറ്റകരമല്ലേ എന്നും ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

ഇതേ ഉത്തർപ്രദേശ് തന്നെയല്ലേ ഡാനിഷ് കാർട്ടൂണിസ്റ്റിന്റെ തല വെട്ടിക്കൊണ്ടുവരുന്നയാൾക്ക് 51 കോടി പാരിതോഷികം നൽകുമെന്നു പരസ്യമായി പ്രഖ്യാപിച്ച മന്ത്രി ഹാജി യാക്കൂബ് ഖുറേഷിയുടെ സ്ഥലവും - എന്നു പലരും ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

കോൺഗ്രസ് നേതാവ് ഇമ്രാൻ കിദ്വായി, ഇസ്ലാമിന്റേയും കാഫിറുകളേയും ബി.ജെ.പി.യുടെയുമൊക്കെ കാര്യം പറഞ്ഞ് വോട്ടു ചോദിച്ചില്ലേയെന്നും, ബി.ജെ.പി.പ്രവർത്തകരായ മുസ്ലീങ്ങൾക്കെതിരെ തനിക്കു ഫത്വ പുറപ്പെടുവിക്കാൻ കഴിയാത്തതിൽ ദു:ഖമുണ്ടെന്നു പറഞ്ഞില്ലേയെന്നും പലരും ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

മുംബൈ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിനിന്നപ്പോൾ, തീവ്രവാദികളുടെ മതവും പൊക്കിപ്പിടിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് അബ്ദുറഹിമാൻ ആന്തുലേ നടത്തിയ പ്രസ്താവനകൾ അപലപനീയമായിരുന്നില്ലേ എന്നു ചോദിക്കുന്നു പലരും.

അതെ. അതുകൊണ്ട്?

അതിനൊക്കെയെതിരെ പ്രതികരിക്കാൻ പോയിട്ട് ഒന്നു തുമ്മാൻ പോലും ഭയക്കുകയും, ഹിന്ദുക്കളുടെ കാര്യം വന്നാൽ ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന “മതേതര“വാദികളുടെ മനസ്സിലുള്ളതു കറകളഞ്ഞ കാപട്യമല്ലേ എന്നു ചോദിക്കുന്നു.

അതെ. അതുകൊണ്ട്?

അതുകൊണ്ടൊക്കെയെന്താണ് - എന്നതാണു പ്രശ്നം.
ആ രാഷ്ട്രീയക്കാരൊക്കെ അങ്ങനെയൊക്കെ പറഞ്ഞെങ്കിൽ, അവർക്കെതിരെ പ്രതികരിക്കാൻ പലരും മടിക്കുന്നെങ്കിൽ, അതിനെല്ലാമെതിരെ വികാരം കൊള്ളുക മാത്രം ചെയ്താൽ എന്തു കാര്യമുണ്ടെന്നതാണു പ്രശ്നം.

ഒരു കാര്യവുമില്ല. യാതൊരു കാര്യവുമില്ല.

അങ്ങനെയുള്ളവരെ ഇനിയെങ്കിലും പാർലമെന്റു കാണിക്കാതിരിക്കാൻ എന്താണു ചെയ്യാനാവുക എന്നു ചിന്തിക്കുക.

വികാരം കൊള്ളലുകളോ വീരവാദങ്ങളോ ഒന്നും ആർക്കും ഒരുകാലത്തും നേട്ടമുണ്ടാക്കിയിട്ടില്ല. വേദനകൾക്കു പരിഹാരവുമുണ്ടാക്കിയിട്ടില്ല. മറിച്ച്, അവ പ്രശ്നപരിഹാരങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടേ ഉള്ളൂ. എക്കാലത്തും.

വികാരം കൊള്ളാൻ അവസരമുണ്ടാക്കിയത് ആരാണെന്നു പരിശോധിക്കുക. അവർക്ക് രാഷ്ട്രീയമായ തിരിച്ചടികൊടുക്കാൻ പറ്റുമോ എന്നു ശ്രമിക്കുക.

ബി.ജെ.പി. ഒഴിച്ചാൽ ഉത്തർപ്രദേശിലെ മറ്റു പ്രമുഖ പാർട്ടികൾ ആരൊക്കെയാണ്? ബി.എസ്.പി.യും എസ്.പി.യും കോൺഗ്രസും. അഹമ്മദാബാദ് സ്ഫോടനത്തിന്റെ സൂത്രധാരനെന്നു പോലീസ് കണ്ടെത്തിയ സിമി നേതാവിന്റെ വീട്ടിൽ "സഹായ"വാഗ്ദാനവുമായെത്തിയ പാർട്ടി നേതാക്കളുടെ കൂട്ടത്തിൽ ഈ മൂന്നു പാർട്ടികളുടെയും പ്രമുഖരുണ്ടായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അവർക്കൊക്കെ ശക്തമായ മറുപടി കൊടുക്കാൻ എന്തു വാചകങ്ങളാണ് വരുൺ, താങ്കളുടെ കയ്യിലുള്ളത്? അത്തരക്കാരോടു ശക്തമായ പ്രതിഷേധമുള്ള ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു സംസാരിക്കാൻ രാഷ്ട്രീയമായ മറുപടികൾ എന്തൊക്കെയാണ് താങ്കളുടെ കയ്യിലുള്ളത്?

ഏതെങ്കിലും സമുദായത്തിനെതിരെ പരാതിയുണ്ടായിട്ടു കാര്യമില്ല. വാക്കുകൾ അവർക്കെതിരെയെന്ന മട്ടിലുമല്ല ചൊരിയേണ്ടത്. യാതൊരു പരിധിയുമില്ലാതെ മതപ്രീണനനയങ്ങളുമായി മുന്നേറുന്ന ഇവിടുത്തെ കൂസിസ്റ്റു രാഷ്ട്രീയക്കാരെ നിലയ്ക്കു നിർത്താനാണു പരിശ്രമിക്കേണ്ടത്. ദേശീയപ്രസ്ഥാനങ്ങളെ തളർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുടെ കയ്യിലേക്ക് വടി വച്ചു നീട്ടുവാനല്ല.

താങ്കൾ ജനിച്ചത് 1980-ൽ. അതേ വർഷം തന്നെയാണ് ഭാരതീയജനതാപാർട്ടിയും പിറന്നു വീണത്. പക്ഷേ എന്നു വച്ച് പാർട്ടിയുടെ പാരമ്പര്യവും അത്രത്തോളമേയുള്ളൂവെന്നു ധരിച്ചുപോകരുത്. ജനസംഘകാലഘട്ടവും കൂടി കണക്കിലെടുത്ത് മൊത്തം ആറു പതിറ്റാണ്ടോളം എന്നും കരുതിക്കൂടാ.ആയിരക്കണക്കിനു വർഷങ്ങൾ പിന്നിലേക്കു കിടക്കുന്ന വലിയൊരു സംസ്കാരത്തിലാണ് അതിന്റെ അടിത്തറ ആണ്ടുകിടക്കുന്നത്. അതിനെ അന്ധമായി അധിക്ഷേപിക്കാൻ മാത്രം ശ്രമിക്കുന്നവർക്ക് അവസരമുണ്ടാക്കിക്കൊടുക്കരുത്.

പാർട്ടി രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യസമ്പൂർണ്ണ സമ്മേളനം 1980 ഡിസംബറിൽ മുംബൈയിലാണു നടന്നത്. അന്ന്, ആയിരക്കണക്കിനു പ്രതിനിധികളെ സാക്ഷി നിർത്തിക്കൊണ്ട്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്രവിദ്യാഭ്യാസമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശ്രീ. മുഹമ്മദ് കരീം ഛഗ്ല ഇങ്ങനെ പറഞ്ഞു: -

കോൺഗ്രസിന് ഒരു ബദലില്ലെന്ന് ആരുപറഞ്ഞു? ഇതാ എന്റെ മുന്നിൽ, ഭാരതീയ ജനതാ പാർട്ടിയുടെ രൂപത്തിലൂടെ അതു ഞാൻ കാണുന്നു. അടൽ ബിഹാരി വാജ്‌പേയിയിലൂടെ, ഇന്ദിരയ്ക്കുള്ള ബദലും.

ഇന്ദിര, റേഡിയോയിലൂടെയും പത്രങ്ങളിലൂടെയും ഈ പാർട്ടി വർഗ്ഗീയമാണെന്നു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ഞാനതു ശക്തമായി നിരാകരിക്കുന്നു. ഭാരതീയ ജനതാ പാർട്ടിയെ വർഗ്ഗീയമെന്നു മുദ്രകുത്തുന്നതു തികച്ചും തെറ്റാണ്.


സാക്ഷാൽ മുഹമ്മദ് കരീം ഛഗ്ല പറഞ്ഞ വാക്കുകളാണ്. അദ്ദേഹം തീർച്ചയായും ആലോചനാശൂന്യനല്ല. വരുൺ, ഇതൊന്നും തമാശകളുമല്ല.

പാർട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതിനു പിന്നിൽ അത്യദ്ധ്വാനം ചെയ്തിട്ടുള്ള മുസ്ലീങ്ങൾ അനവധിയാണ്. അവരുടെ കൂട്ടത്തിൽ, വടക്ക് പാർലമെന്റംഗമായ ഷാനവാസ് ഹുസൈനേപ്പോലെയുള്ള വലിയവർ മാത്രമല്ല, ഇങ്ങു തെക്ക് കൊടുങ്ങല്ലൂരിലെ സാധാരണ വഴിയോര കച്ചവടക്കാരായ ഖാലിദും ഷംസുദ്ദീനും മുഹമ്മദും ജമാലും ഹമീദുമെല്ലാമുണ്ട്.

അവരെയൊന്നും മറന്നു കൊണ്ട് ആരും സംസാരിക്കരുത്. ഒരു ബി.ജെ.പി.ക്കാരനും സംസാരിക്കരുത്. അറിയില്ലയെങ്കിൽ, പാർട്ടിയേക്കുറിച്ചു പഠിക്കണം. അറിവുണ്ടാക്കി വയ്ക്കണം.

പ്രചാരണത്തിനിടെ രണ്ടാഴ്ച മുമ്പു താൻ നടത്തിയ പരാമർശങ്ങൾ ഇപ്പോളെങ്ങനെ പെട്ടെന്നു പൊട്ടിമുളച്ചതു പോലെ പ്രത്യക്ഷപ്പെടുന്നു എന്ന താങ്കളുടെ അത്ഭുതം കൂറലുകളും രാഷ്ട്രീയരംഗത്തെ പരിചയമില്ലായ്മ തന്നെയാണു കാണിക്കുന്നത്.

പ്രസംഗത്തിന്റെ വാർത്ത പരക്കുന്നതിനു കുറച്ചുമുമ്പു വരെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരുന്നത് മറ്റൊരു വാർത്തയായിരുന്നു. ഉത്തർപ്രദേശിൽത്തന്നെ
ഗാസിയാബാദിൽ നൂറുകണക്കിനു മുസ്ലീങ്ങൾ ബി.ജെ.പി.യിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ച കാര്യ
മായിരുന്നു അത്. ആ വാർത്ത ബി.ജെ.പി.ക്ക് അനുകൂലം എന്നതിനേക്കാളധികം കോൺഗ്രസിനു പ്രതികൂലമായിരുന്നു. കോൺഗ്രസിൽ വിശ്വാസമില്ലെന്ന അവരുടെ പ്രഖ്യാപനം ശ്രദ്ധനേടി വരികയായിരുന്നു. അത്തരമൊരു വാർത്ത പ്രചാരം നേടി വരുമ്പോൾ മിണ്ടാതിരിക്കുന്നതിനു പകരം തിരിച്ചടിയേക്കുറിച്ചു ചിന്തിക്കാതിരിക്കില്ല ആരായാലും. അടിയും തിരിച്ചടിയും അടിയൊഴുക്കുകളുമൊക്കെ കലർന്നതാണു രാഷ്ട്രീയം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയം. ഇവിടെ, കോൺഗ്രസിന്റെ തിരിച്ചടിക്ക് ശക്തി കൂടുതലായിരുന്നു.

വരുൺ - താങ്കളെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സംഗതി വിപരീതഫലം ചെയ്യുമെന്നും കാറ്റു തിരിഞ്ഞുവീശുമെന്നും അറിയാത്തവരല്ല മുതിർന്ന രാഷ്ട്രീയക്കാർ. “വരുൺ ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടി പറഞ്ഞതാണെന്നും കൂടുതൽ പ്രതികരിച്ച് അനാവശ്യമായ പ്രാധാന്യം നൽകേണ്ടെ“ന്നും മുലായം സിംഗ് യാദവിനേക്കൊണ്ടു പറയിച്ചത് അദ്ദേഹത്തിന്റെ പ്രായോഗികരാഷ്ട്രീയതന്ത്രജ്ഞാനമാണ്. മായാവതിയും കാര്യമായി പ്രതികരിച്ചിട്ടില്ല. എന്തൊക്കെയായാലും, അങ്ങനെയൊരു കാറ്റടിപ്പിക്കാൻ വേണ്ടി താങ്കൾ ബോധപൂർവ്വം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ലാത്തതുകൊണ്ടു പറയുകയാണ്. രാഷ്ട്രീയം എളുപ്പമല്ല വരുൺ – പ്രത്യേകിച്ച് ഉത്തർപ്രദേശിലെ രാഷ്ട്രീയം. നോക്കിയും കണ്ടും വേണം എന്തും ചെയ്യാൻ. മുതിർന്നവർ നിൽക്കുന്നതു കണ്ടു മനസ്സിലാക്കി കരുതലോടെ നിൽക്കുക.

ദിവസം ചെല്ലുന്തോറും ഈ സംഭവം വാർത്തകളിൽ മങ്ങിമങ്ങിപ്പോകും. വരുൺ എന്ന പേര് മാഞ്ഞുപോകും. പറഞ്ഞെന്ന് ആരോപിക്കപ്പെടുന്ന കാര്യങ്ങളും അവയുടെ പശ്ച്ചാത്തലവും പ്രേരണയും പരിചയക്കുറവും, പാർട്ടി അവയെ തള്ളിപ്പറഞ്ഞതുമെല്ലാം മാഞ്ഞുമാഞ്ഞുപോകും. ഒടുവിൽ ഒരു വരി മാത്രം അവശേഷിക്കും. അല്ലെങ്കിൽ ചിലർ ബോധപൂർവ്വം അവശേഷിപ്പിക്കും. ബി.ജെ.പി.യുടെ ലക്ഷ്യം മുസ്ലീങ്ങളെ ഉപദ്രവിക്കലാണത്രേ!

അയോദ്ധ്യയുടെ കാര്യത്തിൽ, അഞ്ഞൂറുവർഷത്തെ സഹനങ്ങളേക്കുറിച്ച് ആരുമിപ്പോൾ ഓർക്കുന്നില്ല.

ഹിന്ദുക്കളുടെ തികച്ചും ന്യായവും മാന്യവുമായ ആവശ്യത്തെ അനേകമനേകം മുസ്ലീങ്ങൾ ആത്മാർത്ഥമായി പിന്തുണച്ചതായിരുന്നു എന്നത് ഓർക്കുന്നില്ല.

ഷാഹ്‌ബാനു കേസിലെ വിധിയും കോൺഗ്രസിന്റെ കരണം മറിച്ചിലുകളും ആരും ഓർക്കുന്നില്ല.

ഫൈസാബാദ് കോടതിവിധിയും അതിനെതിരെയുള്ള ആക്ഷൻ കമ്മിറ്റി രൂപവത്കരണവുമൊന്നും ഓർക്കുന്നില്ല.

മുസ്ലീങ്ങളിൽത്തന്നെ വളരെച്ചെറിയ ഒരു വിഭാഗത്തിന്റെ കടും‌പിടുത്തത്തിന്റെ മുന്നിൽ ഇവിടുത്തെ കൂസിസ്റ്റുരാഷ്ട്രീയക്കാർ കമിഴ്ന്നുവീണതായിരുന്നു എല്ലാ പ്രശ്നങ്ങളുടെയും യഥാർത്ഥകാരണമെന്ന് ആരും ഓർക്കുന്നില്ല.

ഹിന്ദുക്കളുടെ നിരന്തരമായ പരാതികൾ, പരിഭവങ്ങൾ, സഹനസമരങ്ങൾ, അവർ നേരിട്ട ചതികൾ - ഒന്നും ആരും ഓർക്കുന്നില്ല. പുതുതലമുറയ്ക്കാണെങ്കിൽ പഴയ കഥകൾ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാൻ പോലും ആരുമില്ല.

ഇപ്പോൾ അവശേഷിക്കുന്ന – ചിലർ ബോധപൂർവ്വം അവശേഷിപ്പിക്കുന്ന ചിത്രം ഒന്നു മാത്രമാണ്. ബി.ജെ.പി. മനപ്പൂർവ്വം ഒരു പള്ളി പൊളിച്ചിരുന്നുവത്രേ! അത്, “മുസ്ലീങ്ങളെ ഉപദ്രവിക്കൽ“ എന്ന അജണ്ടയുടെ ഭാഗമായിരുന്നത്രേ!

എത്ര മാത്രം വിഡ്ഢിത്തമാണത്!

ശുദ്ധ അസംബന്ധമാണ് – അറിയാവുന്നവർക്കറിയാം. പക്ഷേ, കാലം കടന്നുപോകുമ്പോൾ ചുവരിൽ അവശേഷിക്കുന്ന – ചിലർ മനപ്പൂർവ്വം അവശേഷിപ്പിക്കുന്ന - എഴുത്ത് അങ്ങനെ ചിലതു മാത്രമാണ്.

സൂക്ഷിക്കണം വരുൺ – പറയുന്നതിനും പ്രവർത്തിക്കുന്നതിനും മുമ്പു സൂക്ഷിക്കണം – ആരായാലും – എന്തായാലും.

അയോദ്ധ്യാ‍പ്രശ്നം പരിഹരിക്കുന്നതിൽ കോൺഗ്രസ് ആദ്യം കാണിച്ച താല്പര്യം ആത്മാർത്ഥമായി തുടർന്നിരുന്നെങ്കിൽ, മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും അതിൽ ഇടപേടേണ്ടി വരുക പോലുമുണ്ടായിരുന്നില്ല.

അവർക്കു താല്പര്യമില്ലെങ്കിൽ വേണ്ട - പ്രശ്നപരിഹാരത്തിനു തൊട്ടടുത്തെത്തിയ ചന്ദ്രശേഖറിന്റെ ഗവണ്മെന്റിനെ ഒരു സുപ്രഭാതത്തിൽ വലിച്ചു താഴെയിട്ടതെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ, പ്രശ്നം ഇന്നുമിങ്ങനെ പരിഹരിക്കപ്പെടാതെ അവശേഷിക്കുമായിരുന്നില്ല.

അങ്ങനെയെങ്കിൽ, തർക്കമന്ദിരം തകർക്കപ്പെടുമായിരുന്നില്ല. അതിന്റെ ന്യായം പറഞ്ഞ് ഒരുവനും ആക്രോശിക്കുകയോ ആക്രമണങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല.

അതിങ്ങനെ അന്തമില്ലാതെ നീണ്ടിരുന്നില്ലെങ്കിൽ, അവിടേയ്ക്കു കർസേവകർക്കു പോകേണ്ടി വരുമായിരുന്നില്ല. അവർ ട്രെയിനിൽ മടങ്ങിവരുമായിരുന്നില്ല. അവരെയാരും ചുട്ടുകരിക്കുമായിരുന്നില്ല. അത് മറ്റൊരു കലാപത്തിനു വഴിവയ്ക്കുമായിരുന്നില്ല.

ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ കോൺഗ്രസ് കോറിയിട്ട കറുത്തപാടുകൾ ഭീകരമാണ്. അവർ വരുത്തിവച്ച വിനകൾ അനവധിയാണ്. അടിയന്തിരാവസ്ഥ മാറ്റി നിർത്തിയാൽത്തന്നെ - രാജ്യവിഭജനം മുതൽ - അയോദ്ധ്യയ്ക്കു വഴിമരുന്നിട്ടതും വളർത്തിയതും – അങ്ങനെയങ്ങനെ അനവധി പാടുകൾ. കോൺഗ്രസ് കടുത്ത വർഗ്ഗീയതാല്പര്യങ്ങൾക്കു വഴങ്ങിക്കൊടുത്തതിന്റെ പേരിൽ മാത്രം ഉണ്ടായ അനവധി പാടുകൾ.

ഇപ്പോളും അയോദ്ധ്യയുടെ പേരിൽ പഴികേൾക്കേണ്ടിവരുന്നത് ആർക്കാണ്?
ബി.ജെ.പി.

ഗോധ്രാനന്തരസംഭവങ്ങളുടെ പേരിൽ പഴികേൾക്കുന്നതാരാണ്?
ബി.ജെ.പി.

അയോദ്ധ്യയിലെ ക്ഷേത്രം പുനർ‌നിർമ്മിക്കപ്പെടണമെന്ന അനേകലക്ഷങ്ങളുടെ അഭിലാഷം പൂർത്തീകരിക്കപ്പെടാതെ അവശേഷിക്കുന്നതിന്റെ പേരിൽ പഴികേൾക്കുന്നതാരാണ്?

അതും ബി.ജെ.പി.!!!

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായ സിഖുവിരുദ്ധകലാപത്തിന്റെ പേരിലെങ്കിലും കോൺഗ്രസ് ഇപ്പോളും വിമർശിക്കപ്പെടുന്നുണ്ടോ? ഇല്ല. എല്ലാവർക്കും വേണ്ടത് ബി.ജെ.പി.യുടെ രക്തമാണ്. അതിനു വേണ്ടി കോൺഗ്രസെന്നോ കമ്മ്യൂണിസ്റ്റോ എന്നില്ലാതെ ഏതൊരാളും കെട്ടിപ്പിടിക്കും. കാർക്കശ്യത്തോടെ കഥകൾ ചമയ്ക്കും.

വരുണേ, ബി.ജെ.പി.യെ അന്ധമായി എതിർക്കുന്ന അനവധി പാർട്ടികളുടെ ഇടയിലൂടെ വേണം പ്രവർത്തിക്കാൻ എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ താങ്കൾ ആ പാർട്ടിയിലേക്കു ചെല്ലരുത്.

ദേശീയപ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താനും തകർക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ സഹായത്തിന് എപ്പോളുമുള്ള മാദ്ധ്യമങ്ങളേയും മറ്റു പ്രചാരണോപാധികളേയും നിസാരവൽക്കരിച്ചുകൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനം ആത്മഹത്യാപരവുമാണ് വരുൺ. സൂക്ഷിക്കണം.

പ്രശ്നങ്ങൾ എന്തൊക്കെയായാലും ശരി - രാഷ്ട്രീയപരിഹാരം – ജനാധിപത്യരീതിയിലുള്ള പരിഹാരം - അതുമാത്രമാണ് – അതുമാത്രമാണ് ഒരു പോംവഴി – എന്നതു സദാ മനസ്സിൽ വയ്ക്കുകയും വേണം.

അതിനായി ശ്രമിക്കുക - – അതുമാത്രമാണ് – അതുമാത്രമാണ് കരണീയം.

നിരാശപ്പെട്ടിട്ടോ രോഷം കൊണ്ടിട്ടോ പിന്നെ പശ്ചാ‍ത്തപിച്ചിട്ടോ ഒന്നും ഒരു കാര്യവുമില്ല. ക്ഷമവേണം. അപാരമായ ക്ഷമ.

കോൺഗ്രസിന്റെ വർഗ്ഗീയതയ്ക്കു മറുപടി പറയേണ്ടത് അവരെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിക്കൊണ്ടായിരിക്കണം.

ഇപ്പോളവർ പറയുന്നത് വരുന്ന പാർലമെന്റു തെരഞ്ഞെടുപ്പിൽ തങ്ങൾ ഇപ്പോളേ ജയിച്ചുകഴിഞ്ഞുവെന്നാണ്!

2004-ലെ പാർലമെന്റു തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ നിരന്തരമായ പരാജയങ്ങളാണ് അവർ ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്. കഴിഞ്ഞ വർഷം അവസാനം അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നിച്ചു തെരഞ്ഞെടുപ്പു നടക്കുന്നതുവരെ അവർക്ക് തലയുയർത്താൻ വയ്യാത്തത്ര ദയനീയമായ അവസ്ഥയായിരുന്നു. കർണ്ണാടക കൂടി നഷ്ടമായതോടെ കോൺഗ്രസിനെ എക്കാലവും പൊക്കി നിർത്തുന്ന മാദ്ധ്യമങ്ങൾ പോലും അവരെ കൈവിട്ടു.

ഒടുവിൽ, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോ‍ളും, അവയിൽ മൂന്നെണ്ണം ബി.ജെ.പി. ഭരിച്ചിരുന്നവ ആയിരുന്നിട്ടുകൂടി - കാര്യമായ മുന്നേറ്റമുണ്ടാക്കാനൊന്നും കോൺഗ്രസിനു കഴിഞ്ഞിട്ടേയില്ല. അക്കൂട്ടത്തിൽ ഏറ്റവും വലിയ മൂന്നു സംസ്ഥാനങ്ങളിൽ രണ്ടിടത്തു ബി.ജെ.പി. ജയിച്ചു. ഏറ്റവും ചെറിയ രണ്ടു സംസ്ഥാനങ്ങളിൽ കോൺഗ്രസും ജയിച്ചു. ഒരിടത്ത് ആർക്കും ഭൂരിപക്ഷവുമില്ല. പലവിധഘടകങ്ങളാൽ ബി.ജെ.പി.യ്ക്കു കനത്ത പരാജയം പ്രവചിക്കപ്പെട്ട രാജസ്ഥാനിൽ‌പ്പോലും അവരെ മറികടന്നു വ്യക്തമായ വിജയമുറപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ബി.ജെ.പി.യെ മറികടന്ന് ഭൂരിപക്ഷമുണ്ടാക്കാൻ ആകെ സാധിച്ച ഏക സംസ്ഥാനമായ ഡൽഹിയിൽത്തന്നെ ബി.ജെ.പി. പഴയ നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. നേരിട്ടു മത്സരം നടക്കാത്ത സംസ്ഥാനമായ മിസോറാം കൂടി കണക്കിലെടുത്ത് എണ്ണിയാൽ‌പ്പോലും, കോൺഗ്രസിനേക്കാളധികം സീറ്റുകളിൽ ബി.ജെ.പി.വിജയിക്കുകയും ചെയ്തു.

പക്ഷേ, മാദ്ധ്യമങ്ങളും മറ്റും ഉടൻ തന്നെയങ്ങുപ്രഖ്യാപിക്കുകയാണ് കോൺഗ്രസ് തിരിച്ചുവരികയാണത്രേ! ബി.ജെ.പി. തകർന്നത്രേ!

ഇവിടെ ഈ കൊച്ചു കേരളത്തിൽ‌പ്പോലുമുണ്ട് 20 ലോക്‌സഭാമണ്ഡലങ്ങൾ. അങ്ങനെയിരിക്കെ, വെറും ഒരേയൊരു ലോക്‌സഭാ സീറ്റുള്ള മിസോറാമിലും കേവലം ഏഴെണ്ണം മാത്രമുള്ള ഡൽഹിയിലും അസംബ്ലി തെരഞ്ഞെടുപ്പു ജയിച്ചാൽ ഉടൻ തന്നെ കോൺഗ്രസ് രക്ഷപെട്ടുവെന്നൊക്കെ വാദിക്കുന്നവരേക്കുറിച്ച് എന്തു പറയാനാണ്! അതിലുമൊക്കെ എത്രയോ വലിയ സംസ്ഥാനമായ മധ്യപ്രദേശിലും മറ്റും 140-ൽ പരം സീറ്റുനേടി ബി.ജെ.പി. നേടിയ ഉജ്ജ്വലവിജയത്തേക്കുറിച്ചു മിണ്ടാട്ടമേയില്ലാത്തവരുടെ കാര്യം! ജനസംഖ്യ തീരെക്കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലെ പല കോൺഗ്രസ് സ്ഥാനാർത്ഥികളും നേടിയ മൊത്തം വോട്ടുകൾ, രാജസ്ഥാനിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വസുന്ധരയ്ക്കു ലഭിച്ച ഭൂരിപക്ഷത്തിന്റെ പകുതി പോലുമില്ലെന്നറിയണം!

കോൺഗ്രസ് വേണമെങ്കിൽ തങ്ങളെ പിന്തുണയ്ക്കട്ടെ എന്ന് ഒരു കമ്മ്യൂണിസ്റ്റു നേതാവു വീമ്പടിക്കുന്നതു പോലും കേൾക്കേണ്ടി വരുന്നത്ര പരിതാപകരമായ അവസ്ഥയിലാണ് കോൺഗ്രസ് ഇപ്പോൾ. ഏറ്റവുമധികം സീറ്റുകളുള്ള സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ബീഹാറിലുമെല്ലാം യു.പി.എ. പൊളിയുകയും ഒറ്റയ്ക്കു മത്സരിക്കേണ്ടി വരികയും ചെയ്തതോടെ പരാജയവും ഉറപ്പാണ്. എന്നിട്ടും, ഇപ്പോളേ തങ്ങൾ ജയിച്ചുവെന്നൊക്കെ വീമ്പിളക്കുന്ന അവരുടെ അജ്ഞാനത്തിനും അഹങ്കാരത്തിനും മറുപടി കൊടുക്കുവാൻ കഴിയുമോ എന്നു പരിശോധിക്കൂ വരുൺ! ആത്മാർത്ഥമായി പ്രവർത്തിച്ച് അവരെ പരാജയപ്പെടുത്തൂ.

രാജ്യത്തെ വിഭവങ്ങളുടെ ഒന്നാമത്തെ അവകാശം തന്നെ മുസ്ലീങ്ങൾക്കു ലഭിക്കണമെന്നൊക്കെ വാദിക്കുകയും, അതേ സമയം തന്നെ "മതനിരപേക്ഷത"യേപ്പറ്റി മേനി നടിക്കുകയും ചെയ്യുന്നൊരാളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിപ്പിക്കുന്ന കോൺഗ്രസ് എന്ന തനി‌വർഗ്ഗീയപ്പാർട്ടിയേയും അവരെ പിന്താങ്ങാനല്ലാതെ മറ്റൊന്നിനുമാവാത്ത കമ്മ്യൂണിസ്റ്റുകളേയുമൊക്കെ പരാജയപ്പെടുത്താൽ ശ്രമിക്കൂ.

മുസ്ലീം വോട്ടുകൾ നഷ്ടപ്പെടുമെന്നു തെറ്റിദ്ധരിച്ച് മതതീവ്രവാദികളെ പിണക്കാൻ മടിക്കുക മാത്രമല്ല – പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്ന കൂസിസ്റ്റുകളെ ഒന്നടങ്കം പരാജയപ്പെടുത്താൻ ഉത്സാഹിക്കൂ.

അങ്ങനെയെങ്കിൽ, മുസ്ലീങ്ങളോ ഹിന്ദുക്കളോ എന്നൊന്നും ഭേദമില്ലാതെ ഈ രാജ്യത്തെ അനേകമാളുകൾ നിങ്ങളെ അഭിനന്ദിക്കും. അതിനൊക്കെ ശ്രമിക്കൂ. അല്ലാതെ, അപക്വമായ പ്രസ്താവനകൾ നടത്തിക്കൊണ്ട് അത്തരക്കാരുടെ കെണികൾക്കു കഴുത്തു നീട്ടരുത്.