Sunday, February 22, 2009

തീർന്നില്ല! അതാ വരുന്നു – “ശിവരാമ”സേന!

അടുത്തിടെ നടന്ന ചില സംഭവവികാസങ്ങൾ കണ്ടപ്പോൾ ജാക്കിച്ചാൻ സിനിമകളേക്കുറിച്ചാണ് ഓർത്തുപോയത്‌. ജാക്കിച്ചാൻ ആദ്യകാലം മുതലേ ആക്ഷൻ നായകൻ തന്നെയാണ്. ഇടക്കാലത്ത് അദ്ദേഹം തന്റെ ചിത്രങ്ങളിൽ ഹാസ്യരംഗങ്ങളും കൂട്ടിച്ചേർത്തു തുടങ്ങി. ആ നീക്കം വിജയകരവുമായി.

ഇപ്പോളും, ആക്ഷൻ രംഗങ്ങളിൽത്തന്നെയാവും ഒരു ജാക്കിച്ചാൻ ചിത്രം തുടങ്ങുക. പിന്നീട് പതിയെപ്പതിയെ തമാശരംഗങ്ങൾ വന്നു തുടങ്ങും. അതിൽത്തന്നെ ഏറ്റവും പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങൾ കാണിക്കുന്നത് ഏറ്റവും അവസാനം, ചിത്രം തീർന്നതിനും ശേഷമാണ്. ഷൂട്ടിംഗ് സമയത്തു സംഭവിക്കുന്ന തമാശകളും അബദ്ധങ്ങളുമെല്ലാം - സിനിമയിൽ എഡിറ്റു ചെയ്തു കളയപ്പെട്ടവ – കത്രികവയ്ക്കുന്നതിനു മുമ്പുള്ള രൂപത്തിൽത്തന്നെ കാണിച്ചു തരും. ആരായാലും പൊട്ടിച്ചിരിച്ചുപോകുന്ന കാഴ്ചകൾ.

ഇവിടെ നടന്ന സംഭവങ്ങളുടെ കാര്യത്തിലുമതെ - എഡിറ്റു ചെയ്യപ്പെടാത്ത വീഡിയോ തന്നെ ഏറ്റവും ഉഗ്രൻ!

*-*-*-*-*-*-*-*-*-*-*-*-*-*

സി.പി.എം. എം.എൽ.എ. കുഞ്ഞമ്പുവിന്റെ മകളുടെ “മോഡസ്റ്റി” സംരക്ഷിക്കാനായി അദ്ദേഹത്തിന്റെ ആളുകൾ ചേർന്ന് ഒരു രക്ഷാപ്രവർത്തനം നടത്തി നോക്കിയത് – സംഗതി ആകെ പാളിപ്പോയത് – ഒടുവിലത് എം.എൽ.എ.യ്ക്കും കുടുംബത്തിനും പാർട്ടിയ്ക്കും മാത്രമല്ല ചില കേന്ദ്രമന്ത്രിമാർക്കു വരെ വലിയ നാണക്കേടാകുന്നിടം വരെ എത്തിയത് – ഇതെല്ലാം ഒരു ജാക്കിച്ചാൻ ചിത്രത്തെയാണ് ഓർമ്മിപ്പിച്ചത്.

ആക്ഷൻ രംഗങ്ങളിലായിരുന്നു തുടക്കം.

എന്തൊക്കെയാണ് സംഭവിച്ചതെന്ന് കുഞ്ഞമ്പു വിശദീകരിച്ചത് ഇങ്ങനെ. ബജ്രംഗ്‌‌ദൾ, ശ്രീരാമസേന എന്നിവരാണ് അതു ചെയ്തതെന്ന്‌ യാതൊരു സംശയവുമില്ലാത്ത മട്ടിലാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്‌.

യുട്യൂബ് വീഡിയോ

ബി.ജെ.പി.ഗവണ്മെന്റ് അധികാരത്തിലെത്തിയതോടെയാണ് ഇതെല്ലാം സംഭവിച്ചത് എന്നൊരു തമാശഡയലോഗ് അവിടെത്തന്നെ അവസാനം തിരുകിയിട്ടുണ്ട്. സംഗതി ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നൊക്കെയുള്ള മൾട്ടി മില്യൻ ജോക്കുകൾ ഒരു കേന്ദ്രമന്ത്രി അവതരിപ്പിച്ചതിനു പിന്നിലെ ഘടകവും രാഷ്ട്രീയം തന്നെ.

എന്നാലും ശരിക്കും തമാശസീനുകൾ അല്പം കൂടി കഴിഞ്ഞാണു കാണാൻ സാധിച്ചത്.

തങ്ങൾ ഇടതുപക്ഷക്കാരാണെന്നും, എം.എൽ.എ.യുടെ മകളെ രക്ഷിക്കാൻ മാത്രമാണു ശ്രമിച്ചതെന്നും പ്രതികൾ പറയുന്നു.

They were leftists – attempting to protect the MLA's daughter's modesty

കുഞ്ഞമ്പുവിനെ അവിടെപ്പിടിച്ചു ‘കണ്ണമ്പു’വാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യെ വിദ്യാർത്ഥിസംഘടനയായി വിശേഷിപ്പിച്ചിരിക്കുന്ന തമാശ വേറേയും. കേരളം വിട്ടുകഴിഞ്ഞാൽ‌പ്പിന്നെ ഇടതുപ്രസ്ഥാനങ്ങൾക്കു സ്വാധീനമുള്ള സ്ഥലമെത്തണമെങ്കിൽ ബംഗാളിൽച്ചെല്ലണമെന്നതുകൊണ്ടായിരിക്കും – മാദ്ധ്യമപ്രവർത്തകർക്ക് ഈ പേരുകളേപ്പറ്റിയൊന്നും വലിയ പിടിപാടൊന്നുമില്ല.

കുട്ടിയുടെയും സുഹൃത്തിന്റെയും പെരുമാറ്റം അത്ര പന്തിയല്ലായിരുന്നുവെന്നും, അതുകൊണ്ടാണു പാർട്ടിക്കാർ ഇടപെട്ടതെന്നുമൊക്കെയുള്ള സൂചനകൾ പുറത്തുവന്നതും മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതും ദു:ഖകരമാണ്. അതല്ലെങ്കിൽത്തന്നെ സംഭവത്തേക്കുറിച്ച് ആദ്യമറിയുമ്പോൾ പാവം എം.എൽ.എ. വികാരവിക്ഷോഭങ്ങൾക്ക് അടിമപ്പെടുമെന്നതു സ്വാഭാവികമാണ്. അദ്ദേഹം അപ്പോൾപ്പറയുന്ന വാക്കുകൾ മുഖവിലയ്ക്കെടുക്കാതിരിക്കാനുള്ള മര്യാദ മറ്റുള്ളവർ കാട്ടണമായിരുന്നു.

എന്നാലും, എത്രയൊക്കെ ദു:ഖമോ ദേഷ്യമോ വന്നാലും ശരി – അതിഭയങ്കരമായ മുൻ‌വിധികളിലേക്ക് അദ്ദേഹം എടുത്തുചാടാനും പാടില്ലായിരുന്നു. എന്തടിസ്ഥാനത്തിലാണദ്ദേഹം “രാമസേന” എന്ന പേരൊക്കെ അവിടേയ്യ്ക്കു വലിച്ചിഴച്ചത്? വല്ല കാര്യവുമുണ്ടായിരുന്നോ‍? ഇടയ്ക്ക് ബജ്‌റംഗ്‌ദൾ എന്നും പറഞ്ഞുകേട്ടു. എന്താണു സംഗതിയെന്നൊക്കെ അന്വേഷിച്ചതിനു ശേഷം, നാലാളറിയാതെ ഒതുക്കാൻ ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചതു വലിയ തെറ്റായിപ്പോയി. കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ഹോസ്റ്റലിലേക്കു വിട്ടത് തന്റെ ആളുകൾ തന്നെയാവുമോ എന്നൊന്നു സംശയിക്കുക പോലും ചെയ്യാതെ ഓരോന്നു ചാടിപ്പറഞ്ഞുകളഞ്ഞത് വലിയ മണ്ടത്തരമായിപ്പോയി (മനപ്പൂർവ്വം പറഞ്ഞതാണെന്നു തോന്നുന്നില്ല - പാവം - അബദ്ധം പറ്റിയതാവും - ആരോടായാലും ശരി - അന്ധമായ രാഷ്ട്രീയവിദ്വേഷം ഒരു പരിധിയിൽക്കൂടുതൽ മനസ്സിൽ കൊണ്ടുനടന്നാൽ അക്കിടിപറ്റും‌.‌).

സിനിമ തീർന്നതിനു ശേഷം, എഡിറ്റു ചെയ്യാത്ത തമാശ രംഗങ്ങൾ കണ്ടപ്പോളാണു കാര്യം പിടികിട്ടിയത്.

പാവം കുഞ്ഞമ്പു! അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഈപ്പറയുന്ന ശ്രീരാമസേന – ബജ്‌റംഗ്‌‌ദൾ - എന്നീ രണ്ടുപേരുകളും അദ്ദേഹം സ്വന്തനിലയ്ക്കു പറഞ്ഞതായിരുന്നില്ല!! മറിച്ച്, മറ്റു ചിലർ അദ്ദേഹത്തിന്റെ നാവിൽ തിരുകിക്കയറ്റിയതായിരുന്നു. രാമസേന എന്ന പേരൊന്നും അദ്ദേഹം കേട്ടിട്ടുതന്നെയുണ്ടായിരുന്നില്ലെന്നു തോന്നുന്നു. എന്തായാലും അദ്ദേഹത്തിനാ പേരു പരിചയമില്ല. ചുറ്റും നിന്നവർ വിട്ടില്ല. മറ്റുള്ളവർ ‘പ്രോം‌പ്‌റ്റു’ ചെയ്തു പറയിപ്പിക്കുന്നതും അദ്ദേഹത്തിന് തെറ്റുപറ്റുന്നതും മറ്റുള്ളവർ തിരുത്തിപ്പറയിപ്പിക്കുന്നതുമൊക്കെയായ ഭാഗം ചാനലുകാർ എഡിറ്റു ചെയ്തു മാറ്റിയതായിരുന്നു.

ഒറിജിനൽ വാക്കുകൾ ഇങ്ങനെ:-

ഐ തിങ്ക് ഇറ്റ് ഈസ് ശിവ….. (ശ്ശെ. മറന്നു..) ഇറ്റ് ഈസ് (കിട്ടുന്നില്ല) വാ‍ട്ട് സേന(പറഞ്ഞുതാഡേയ്‌..) യാ ! ” (ആരോ ശരിക്കുള്ള പേരു വിളിച്ചുപറഞ്ഞു എന്നൊന്ന്‌ അഭിനയിച്ചുകളയാം. ഇരിക്കട്ടെ ഒരു “യാ”. ചുറ്റും നിശബ്ദതയായിരുന്നെങ്കിലും.)

അപ്പോളേക്കും ഏതോ ഒരു ചാനൽ പ്രവർത്തകനോ മറ്റോ ചോദിക്കുന്നു.

ബജ്‌റംഗ്‌‌ദൾ?

ഉടൻ ആ പേരും കൂട്ടിച്ചേർത്തു. അതെ – ഇരിക്കട്ടെ - ബജ്‌റംഗ്‌‌ദൾ.

ബജ്‌റം‌ഗ്‌‌ദൾ….ആൻ‌ഡ്……ദിസീസ്…ദിസീസ്…(ശ്ശെ. എന്നിട്ടും കിട്ടുന്നില്ല..)

അടുത്ത പേരിനായി വീണ്ടും തപ്പുമ്പോൾ അരികിൽ നിന്ന്‌ ആരോ ശ്രീരാമസേന എന്നു പറഞ്ഞുകൊടുക്കുന്നു.

ഉടനെ കുഞ്ഞമ്പു:- “ശിവരാമ”. ഒന്നു സംശയിച്ചിട്ട്‌ - “വാട്ട്? …”

പേരു പറഞ്ഞുകൊടുത്തയാൾ പെട്ടെന്നു തിരുത്തിക്കൊടുക്കുന്നു – (ഹ - ശിവരാമയല്ല പണ്ടാരം - ശ്രീരാമ - ക്യാമറയ്ക്കു മുന്നിലാണ് - അലമ്പാക്കല്ലേ - എന്ന മട്ടിൽ) “‘ശ്രീരാമ’സേന….

‘ങാ – അങ്ങനെയെങ്കിൽ അങ്ങനെ’ എന്ന മട്ടിൽ ഉടനെ തിരുത്തുന്നു - “ശ്രീരാമസേന”!

(തുടർന്ന്, കണ്ടക്ടർക്ക് ഒരു പ്രധാനറോൾ ഉണ്ടെന്നു പറയുന്നതും കേൾക്കാം. ആ കണ്ടക്ടറുടെ പിതാവാണ് പിന്നീട് താനും തന്റെ മകനും കുഞ്ഞമ്പുവിനുവേണ്ടി തെരഞ്ഞെടുപ്പുപ്രവർത്തനം നടത്തിയിരുന്നവരാണെന്ന് കോടതിയിൽ സത്യവാങ്മൂലം നല്കിയത്)

“ശിവരാമ”ന്മാരുടെ സേനയേപ്പറ്റിയുള്ള വാക്കുകൾ - ആവർത്തിച്ചു കണ്ടു ചിരിക്കാൻ പ്രേരിപ്പിക്കുന്ന തമാശരംഗങ്ങൾ - താഴെ.

റീപ്പോർട്ടർമാരുടെ കൂട്ടത്തിൽ രസികന്മാർ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരു കുസൃതിപ്പണി കൂടി ഒപ്പിക്കാമായിരുന്നു. താനൊരു ജനപ്രതിനിധിയാണെന്നതും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തിക്കൂടാ എന്നതുമൊക്കെ മറന്നുകൊണ്ട് വായിൽത്തോന്നിയതു വിളിച്ചു പറഞ്ഞും മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്നതു കണ്ണുമടച്ച് ഏറ്റുപറഞ്ഞും നിൽക്കുന്ന അദ്ദേഹത്തോട്‌ ഇങ്ങനെ കൂടി വിളിച്ചു ചോദിക്കാമായിരുന്നു:-

“ഗോപാലസേന?”

പറഞ്ഞുകൊടുക്കുന്നതു പാർട്ടിക്കാരാണെന്നു ധരിച്ച്‌ ഉടനെ അദ്ദേഹം അതും ഏറ്റുപറഞ്ഞേനെ.

“യാ. ഐ തിങ്ക് – ദാറ്റ് സേന - ഗോപാലസേന…”

അങ്ങനെയെങ്കിൽ അതും വലിയ തമാശ സൃഷ്ടിച്ചേനെ. പക്ഷേ അതു കൂടുതലും പഴമക്കാരെയായിരിക്കും പൊട്ടിച്ചിരിപ്പിക്കുക. കാരണം, കേരളത്തിൽ പണ്ട് കമ്മ്യൂണിസ്റ്റുകാർ അവതരിപ്പിച്ചു നോക്കി പൊളിഞ്ഞുപോയ “ഗോപാലസേന“ എന്ന പരീക്ഷണത്തേക്കുറിച്ച് പുതിയ തലമുറ കേട്ടിട്ടുണ്ടാവണമെന്നില്ലല്ലോ.

*-*-*-*-*-*-*-*-*-*-*-*-*-*
വാൽക്കഷണം:-

പെൺകുട്ടിയെ ‘തട്ടിക്കൊണ്ടുപോ’യെന്നും ‘മർദ്ദി’ച്ചെന്നുമെല്ലാമുള്ള പച്ചക്കള്ളം പ്രചരിപ്പിച്ച് അട്ടഹസിച്ചവർ – കൂടെക്കണ്ട ചെറുപ്പക്കാരന്റെ പേരിനോ അയാളുടെ മതം ഏതാണെന്നതിനോ ഒന്നും യാതൊരു പ്രാധാന്യവുമില്ലാതിരിക്കെ, തികച്ചും അനാവശ്യമായി അതെല്ലാം പൊക്കിപ്പിടിച്ചു ബഹളമുണ്ടാക്കുകയും വർഗ്ഗീയനിറം നൽകുകയും ചെയ്തവർ – മതത്തിന്റെ പേരിലാണു തല്ലുകിട്ടിയത് എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചവർ - മതസൂചനകളുള്ള പേരുള്ള ഒരു സംഘടനയെ ബോധപൂർവ്വം ഇതിലേക്കു വലിച്ചിഴച്ചു ബഹളമുണ്ടാക്കിയവർ – അങ്ങനെയെല്ലാം മതസ്പർദ്ധ വളരാൻ ഇടയാക്കിയവർ – രാഷ്ട്രീയം കളിക്കുന്നതിനിടയിൽ രാജ്യത്തെ മറക്കുന്നവർ - മതേതരത്വസംരക്ഷണത്തിനും മതസൌഹാർദ്ദം വളർത്തുന്നതിനും കഴിഞ്ഞ കുറേ വർഷങ്ങളായി അവരെല്ലാം നൽകിക്കൊണ്ടിരിക്കുന്ന ഇത്തരം അമൂല്യസംഭാവനകളുടെ പേരിൽ വീണ്ടുമൊരിക്കൽക്കൂടി നന്ദി പറയാം. അവരെ ദൈവം രക്ഷിക്കട്ടെ! യഥാർത്ഥമതേതരത്വ/ജനാധിപത്യവിശ്വാസികൾ ദൈവത്തോട് പിണങ്ങിയേക്കുമെങ്കിൽക്കൂടി.


*-*-*-*-*-*-*-*-*-*-*-*-*-*
അനുബന്ധപോസ്റ്റ്‌:-

മുസ്ലീങ്ങളോടു മിണ്ടിപ്പോകരുത്! (ഇമ്മാതിരി നുണകൾ)

Thursday, February 05, 2009

'രാമ(വാനര?)സേന'യ്ക്കു നേരെ ചെരുപ്പെറിയുമ്പോൾ

കേരളത്തിലേയ്ക്കു വച്ച്‌ പഞ്ചപാവങ്ങളും പരമസാത്വികരുമായ ഒരു കൂട്ടം ആളുകളുടെ നേതാവിനു നേരെ ചെരുപ്പെറിയാനുള്ള അമിതാവേശം കാണിച്ചതിന്റെ പേരിൽ ഇഞ്ചപ്പരുവമായി മുതുവത്തെ പരിക്കുകളുമായി കഴിയുന്ന “മുതുവത്തെ ഷാജി”യാണ് ഈ പോസ്റ്റിന് ഇടയാക്കിയത്‌.

എന്താണു കാര്യമെന്നു പറയുന്നതിനു മുമ്പു തന്നെ, പഴയ ഒരു പോസ്റ്റിൽ നിന്നെടുത്ത രണ്ടു ചിത്രങ്ങൾ കാണിക്കാതെ വയ്യെന്നു തോന്നി. ഷാജിയെ തല്ലിപ്പരുവമാക്കിയതു സ്വാഭാവികമായും ഒരുദ്യോഗികപക്ഷക്കാരായിരിക്കണം. പക്ഷേ അവശപക്ഷക്കാരും അക്കാര്യത്തിൽ മോശമൊന്നുമല്ലെന്നും, പക്ഷഭേദമില്ലാതെ മാർക്സിസ്റ്റുകൾക്കു പൊതുവായി ചിലതുണ്ടെന്നും തിരിച്ചറിയാൻ ആ ചിത്രങ്ങൾ ഉപകരിച്ചേക്കും.

പണ്ടു ചിലർ പി.ജെ.ജോസഫിനെ കരിങ്കൊടി കാണിച്ചപ്പോൾ അടുത്തെവിടെയോ വി.എസ്‌. അച്യുതാനന്ദനും നിൽ‌പ്പുണ്ടായിരുന്നു എന്ന കാരണത്താൽ, പ്രതിഷേധക്കാർക്കു കിട്ടിയ പ്രതിഫലം ചുവടെ.
അതിനടുത്തുനിന്നുകൊണ്ട്‌ മറ്റൊരാള്‍ വാങ്ങിച്ചു കൂട്ടുന്നത്‌ ദാ ഇങ്ങനെ.

വൌ!!! അടിയെന്നു പറഞ്ഞാൽ - കുടുംബത്തു പിറന്ന അടി!

ഇനി കാര്യത്തിലേക്കു കടക്കാം.

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഒരു സി.പി.എമ്മുകാരൻ ചിലപ്പോൾ രാവിലെ എണീറ്റു പല്ലുതേക്കാൻ നോക്കുമ്പോളായിരിക്കും പേസ്റ്റു തീർന്നിരുന്നുവല്ലോ എന്ന കാര്യം ഓർക്കുന്നത്‌. അപ്പോളുള്ള പ്രതികരണം കണ്ടാലറിയാം അയാളുടെ പ്രത്യയശാസ്ത്രാഭിമുഖ്യം എത്രത്തോളമുണ്ടെന്ന്‌. പേസ്റ്റു തീർന്നതിനു പിന്നിൽ "സംഘപരിവാർ അജണ്ട"യുണ്ടെന്നോ കുറഞ്ഞപക്ഷം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പരിപാടിയാണെന്നോ എങ്കിലും പറയുന്നില്ലെങ്കിൽ അയാൾക്കു പാർട്ടിയിൽ വലിയ ഭാവിയൊന്നുമുണ്ടാവാനിടയില്ല. തലേ ദിവസം പേസ്റ്റു തീർന്ന വിവരം ഓർത്തുവച്ച്‌ പുതിയതു വാങ്ങിക്കാതിരുന്നതു തെറ്റായിപ്പോയി എന്നൊരു സ്വയംവിമർശനമെങ്ങാൻ നടത്തിപ്പോയാൽ ഉറപ്പ് - അബ്ദുള്ളക്കുട്ടിയുടെ വഴി തന്നെ അയാളുടെയും.

സി.പി.എമ്മുകാരന് പാർട്ടിവേദികളിൽ വിമർശനസ്വാതന്ത്ര്യമുണ്ടാവാം. മറ്റുള്ളവർക്ക്‌ അതറിയില്ല. എന്തായാലും, പൊതുവേദികളിൽ അയാൾ എങ്ങനെ സംസാരിക്കണമെന്നു നിശ്ചയിക്കുന്നതു പാർട്ടിയാണെന്നു തന്നെ വേണം കരുതാൻ. പാർട്ടിപ്രവർത്തകരുടേയും അനുഭാവികളുടേയും "തെരഞ്ഞെടുത്ത പ്രതികരണ"ങ്ങളിലെ പ്രകടമായ കാപട്യം അതുതന്നെയാണു സൂചിപ്പിക്കുന്നത്‌.

അങ്ങനെ പറയാൻ കാരണമുണ്ട്‌.

മംഗലാപുരം ഭാഗത്ത്‌ രാമസേന എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെറിയ ആൾക്കൂട്ടമുണ്ടെന്നു തന്നെ അറിഞ്ഞത്‌ ഈയിടെയാണ്. എന്തായാലും അതൊരു സംഘപരിവാർ സംഘടനയല്ല. അവരുടെയെന്നല്ല ആരുടെയായാലും ശരി - പബ്ബിലെ തല്ലുകൂടൽ പോലെയുള്ള ചെയ്തികളെ സംഘപരിവാർ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുമെന്നു കരുതുന്നതും തെറ്റാണ്. ആ ഒറ്റപ്പെട്ട സംഭവത്തിൽ കർണ്ണാടകയിലെ ബി.ജെ.പി. ഗവണ്മെന്റ്‌ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്‌. അതേപ്പറ്റിയൊന്നുമിവിടെ വിശദീകരിക്കാനുദ്ദേശിക്കുന്നില്ല. എവിടെ എന്തു സംഭവം നടന്നാലും ശരി - അതിനെ സംഘപരിവാർ എന്ന ലേബലിലേക്ക്‌ ഒതുക്കുകയും ആ വാക്കിനെ കഴിവിന്റെ പരമാവധി ഭർത്സിച്ച്‌ – അതിന്റെ കണക്കുപറഞ്ഞു വോട്ടുവാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്ന കൂസിസ്റ്റുകളുടെ – പ്രത്യേകിച്ചു കമ്മ്യൂണിസ്റ്റുകളുടെ നിലപാടുകളൊന്ന്‌ അവലോകനം ചെയ്യാമെന്നു തോന്നി. അവർ എന്തിനൊക്കെ പ്രതികരിക്കും - എങ്ങനെയൊക്കെ പ്രതികരിക്കും - എന്നൊന്നു ചിന്തിച്ചു നോക്കിയതാണ്.

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

സത്യത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ - പ്രത്യേകിച്ചു മാർക്സിസ്റ്റുകൾ - ഉള്ളാലെ രാമസേനക്കാർക്കു നന്ദിപറയേണ്ടവരാണ്. പുറമേയ്ക്ക്‌ ആക്രോശങ്ങൾ തുടരാമെങ്കിലും.

കേരളം കണ്ടതിലേക്കു വച്ച്‌ ഏറ്റവും വലിയ അഴിമതി നടത്തിയ ഒരാളെ പാർട്ടിയുടെ സംസ്ഥാനത്തെ ഒന്നാമത്തെ നേതാവായും പി.ബി.മെംബറായും ചുമക്കേണ്ടി വരിക – അതും പോരാഞ്ഞ്‌ അദ്ദേഹം നിരപരാധിയാണെന്ന കള്ളം പ്രചരിപ്പിക്കാനുള്ള പരിപാടികളിൽ മനസ്സാക്ഷിക്കുത്തില്ലാതെ പങ്കെടുക്കേണ്ടിവരുക – അങ്ങനെ, ഔദ്യോഗികപക്ഷമെന്നോ അവശപക്ഷമെന്നോ ഉള്ള വ്യത്യാസമില്ലാതെ മാർക്സിസ്റ്റുകമ്മ്യൂണിസ്റ്റുകാരുടെ കട്ടയും പടവും മടങ്ങിയൊടിഞ്ഞിരുന്ന സമയമായിരുന്നു ഇത്‌. എങ്ങനെ തലപൊക്കി നോക്കുമെന്നും, സ്ഥിരമുള്ള പ്രതികരണജോലിയുടെ ഭാഗമായി ഇനിയിപ്പോൾ ആരെ കുറ്റപ്പെടുത്തിക്കൊണ്ട്‌ എന്തെഴുതണം – എന്തു പറയണമെന്നുമൊക്കെ അറിയാതെ വിഷമിക്കുമ്പോളാണ് ഒരു ഈർക്കിൽ സംഘടന ഒരു ആശ്വാസമായി അവതരിച്ചത്‌.

ആ സംഘടന പറയുന്ന കാര്യങ്ങളിലാണെങ്കിൽ 'ഭാരതീയസംസ്കാരം' എന്ന വാക്കൊക്കെ കടന്നു വരുന്നു. അവരുടെ പേരിലാണെങ്കിൽ ഒരു 'രാമൻ' ടച്ചും. കമ്മ്യൂണിസ്റ്റുകാർക്കു കലിയിളകുന്ന രണ്ടുവാക്കുകളും ഒന്നിച്ചുവന്നാൽ‌പ്പിന്നെ ആലോചിക്കേണ്ട ആവശ്യം തന്നെയില്ല. ആക്രോശം തുടങ്ങുകയായി!

തങ്ങൾക്ക്‌ ഇഷ്ടമുള്ളവരുടെ കൂടെ നടക്കാനും വേണ്ടിവന്നാൽ മദ്യപിക്കാനുമൊക്കെ പെൺകുട്ടികൾക്ക്‌ സ്വാതന്ത്ര്യം വേണം എന്നതാണു മുഖ്യ ഡിമാൻഡ്‌. പ്രതിഷേധം – പ്രകടനങ്ങൾ - ആകെ ബഹളം!

ഒരു ബ്ലോഗർ സുഹൃത്ത്‌ അവിടം കൊണ്ടും നിർത്താതെ ചിത്രകാരനെതിരെ അന്വേഷണം വന്ന സംഭവത്തേപ്പോലും അതുമായി ബന്ധിപ്പിച്ചുകളഞ്ഞു! ഇതെല്ലാം ഏതോ ഒരു തരം വിശേഷപ്പെട്ട 'അജണ്ട'യുടെ ഭാഗമാണെന്നും, സംഘപരിവാർ ബ്ലോഗുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുമൊക്കെപ്പോലും എഴുതിപ്പിടിപ്പിച്ചുകളഞ്ഞു അദ്ദേഹം!

ഇത്തരം ആക്രോശങ്ങൾക്കു പിന്നിലെല്ലാം പ്രവർത്തിക്കുന്നത്‌ സംഘപരിവാർ സംഘടനകളോട്‌ – പ്രത്യേകിച്ച്‌ ബി.ജെ.പി.യോടുള്ള അന്ധവും അനാവശ്യവുമായ വിദ്വേഷം ഒന്നു മാത്രമാണെന്നു പകൽ പോലെ വ്യക്തമാണ്. രാഷ്ട്രീയമര്യാദകളെല്ലാം മറന്നുകൊണ്ട്‌ പാർട്ടി ഒന്നാം നമ്പർ "ശതൃ" എന്നു തന്നെ പരസ്യമായി വിശേഷിപ്പിച്ചുവച്ചിരിക്കുന്ന ബി.ജെ.പി.യെ ആക്ഷേപിക്കാൻ ഇതുപയോഗിക്കാം എന്നൊരു തോന്നലില്ലായിരുന്നുവെങ്കിൽ ഈ വിഷയത്തിൽ കൊടിപിടിക്കുന്നതോ കവലപ്രസംഗം നടത്തുന്നതോ പോയിട്ട്‌ കമാന്നൊരക്ഷരം പറയാൻ ആളുണ്ടാകുമായിരുന്നില്ല. ആത്മാർത്ഥതയുടെ ചെറിയൊരു അംശം പോലുമില്ല ഈ ബഹളങ്ങൾക്ക്‌.

ഇതുപറയുമ്പോൾ, മേഘയുടെ കാര്യം തന്നെയാണ് ആദ്യം ഓർമ്മ വന്നത്‌.

അതെ. എസ്‌.എഫ്‌.ഐ.യുടെ “മാനവസേന” കണ്ണുകുത്തിപ്പൊട്ടിച്ച മേഘ തന്നെ.
വിപ്ലവകാരികളുടെ ഭർത്സനഭാഷയിൽ‌പ്പറഞ്ഞാൽ - "വാനരസ്ത്രീ".
മദ്യപിച്ചു സ്വയം കണ്ണു നഷ്ടപ്പെടുത്തിയ പലരുണ്ട്‌. എന്നാൽ, മേഘയുടെ കണ്ണ്‌ മറ്റുള്ളവർ ചേർന്നു മനപ്പൂർവ്വം കുത്തിപ്പൊട്ടിച്ചതാണ്. എ.ബി.വി.പി.യെ അനുകൂലിച്ചൊന്നു സംസാരിച്ചു പോയി എന്നതായിരുന്നു അവൾ ചെയ്ത കുറ്റം.

എവിടെയോ കിടന്ന ചിലർ ചേർന്ന്‌ പബ്ബിൽച്ചെന്നു ബഹളമുണ്ടാക്കിയതിന്റെ പേരിൽ സംഘപരിവാറിനു നേരെ കയർക്കുന്നവർ - സ്ത്രീകളെ തൊട്ടാൽ തട്ടിക്കളയുമെന്നു വീരവാദം മുഴക്കുന്നവർ - സ്വയം സൃഷ്ടിക്കുന്ന നിഴലുകളോടു യുദ്ധം ചെയ്ത്‌ കോലം കത്തിക്കുന്നവർ - അവരിൽ ആരെങ്കിലും – ഒരൊറ്റയാളെങ്കിൽ ഒരുക്കമുണ്ടോ ഇനിയെങ്കിലും ഈ ക്രൂരതയ്ക്കെതിരെ ശബ്ദിക്കാൻ എന്നതാണു ചോദ്യം.

പെൺകുട്ടികൾക്കു മദ്യപിക്കാനായുള്ള അവകാശത്തിനായി പോർ‌വിളിക്കുന്ന കുട്ടിസഖാക്കന്മാരിൽ ഒരൊറ്റയൊരുത്തനെങ്കിലും തന്റേടമുണ്ടോ ഇനിയെങ്കിലും മേഘയെ ഒന്ന്‌ ആശ്വസിപ്പിക്കാൻ എന്നതാണു ചോദ്യം.

ഉണ്ടാവുമെന്നു കരുതുക വയ്യ.

ജനാധിപത്യമഹിളാഅസോസിയേഷനു താല്പര്യമില്ലെങ്കിൽ‌പ്പിന്നെ മറ്റുള്ളവർക്കെങ്ങനെ താല്പര്യമുണ്ടാവാനാണ്?

ഒരു കണ്ണിൽ നിന്നു ചോരയും മറുകണ്ണിൽ നിന്നു കണ്ണീരുമൊലിപ്പിച്ചു നിന്ന മേഘയെ പരസ്യമായി ആശ്വസിപ്പിക്കാൻ ഒരു സഖാവിനും കഴിയില്ല. കാരണം അവർ "മാനവികത"യുടെ വക്താക്കളാണ്.

ഇനി, പരസ്യമായിത്തന്നെ ആക്രമിക്കപ്പെട്ട തസ്ലീമ നസ്രീന്റെ കാര്യമോ? അവരും ഒരു സ്ത്രിയല്ലെന്നുണ്ടോ? സി.പി.എമ്മുകാരല്ല – മറ്റൊരു കക്ഷിയിൽ‌പ്പെട്ട എം.എൽ.എ. മാർ തന്നെയാണവരെ ആക്രമിച്ചത്‌. പ്രതികരിക്കാമായിരുന്നല്ലോ.

പക്ഷേ സി.പി.എമ്മുകാർ അതിനെതിരെ ബ്ലോഗും എഴുതിയില്ല പ്രകടനവും നടത്തിയില്ല. നേരേ മറിച്ച്‌, മറ്റു ചിലർ നടത്തിയ ഒരു പ്രകടനം കണ്ടു ഭയന്ന്‌ തസ്ലീമയെ നാടുകടത്താനാണവർ താല്പര്യം കാണിച്ചത്‌. "ലജ്ജ" പ്രശ്നമാണത്രേ! ആ പുസ്തകത്തിൽ മതദ്വേഷമൊന്നുമില്ലെന്നും, ബംഗ്ലാദേശിലെ ന്യൂനപക്ഷഹിന്ദുക്കൾക്കേറ്റ പീഢനങ്ങളേക്കുറിച്ചു വിവരിച്ചതാണ് പലരേയും ചൊടിപ്പിച്ചതെന്നുമാണു കേൾവി.

ലജ്ജയുള്ള തസ്ലീമ – ലജ്ജയില്ലാത്ത മാർക്സിസ്റ്റുകൾ!

ബംഗാളിലെ സി.പി.എമ്മുകാർ മേധാപട്ക്കറെ പരസ്യമായി തല്ലിയതാണു മറ്റൊന്ന്‌. മുലകുടിമാറാത്ത കൊച്ചുപെൺകുഞ്ഞിനെ വരെ ആക്രമിക്കാമെങ്കിൽ‌പ്പിന്നെ വളർന്നു വലുതായവരുടെ കാര്യം പറയേണ്ടതുണ്ടോ എന്നും ചോദിക്കാം. ഒന്നരവയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗോപികയെ വെട്ടിയതു പഴയസംഭവമാക്കി മറന്നുകൊണ്ടുതന്നെ പറയാം. പാർട്ടിയിൽ‌ത്തന്നെ പെട്ട ഒരു വനിതാനേതാവിനുപോലും പുരുഷനേതാവിൽ നിന്ന്‌ ഉപദ്രവം നേരിടുന്ന ലജ്ജിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നില്ലേ ഒരുകാലത്ത്‌ മാദ്ധ്യമങ്ങളുടെ ഇഷ്ടവിഷയം എന്നതു മറ്റൊരു ചോദ്യം.

ഇങ്ങനെ, സി.പി.എമ്മുകാർ സ്ത്രീകളെ ഉപദ്രവിച്ചിട്ടുള്ളതിന്റെ ഉദാഹരണങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ നേരം വെളുത്താലും തീരില്ല. അതല്ല ഇവിടുത്തെ വിഷയവും.

ആക്രമണങ്ങളല്ല - അവയോടുള്ള പ്രതികരണങ്ങളാണ് ഇവിടുത്തെ വിഷയം.

മേധാപട്ക്കറുടെ സാരിക്കുത്തിനു പിടിച്ചു വലിച്ചതിന് "അവർക്കങ്ങനെ വേണം" എന്ന മട്ടൊരു ധാർഷ്ട്യത്തിലുള്ള മറുപടിയാണ് കേട്ടത്‌. കമ്മ്യൂണിസ്റ്റുകാരോടു കളിച്ചാൽ അങ്ങനെയിരിക്കും എന്നും കേട്ടു!!!

നന്ദിഗ്രാമിനേക്കുറിച്ചു മൊത്തത്തിലാണെങ്കിലും, അതിൽ അഭിമാനിക്കുന്നുവെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്‌ !!!

ഒരു പ്രസംഗത്തിനിടയിലാണ് അതു പറഞ്ഞതെന്നതു കൊണ്ട്‌ ആരും മറുത്തൊന്നും പറഞ്ഞില്ല. പ്രത്രസമ്മേളനമായിരുന്നെങ്കിൽ മറുചോദ്യങ്ങൾ വന്നേനെ. സി.പി.എമ്മുകാരുടെ ധാർഷ്യത്തിനു വഴങ്ങാതിരുന്നതിന്റെ പേരിൽ സ്ത്രീകളെ ബലാൽത്സംഗം ചെയ്തതാണോ അതോ ഒരു പെൺകുട്ടിയെ ചുട്ടുകരിച്ചതാണോ - ഏതാണു കൂടുതൽ അഭിമാനകരമായി അനുഭവപ്പെടുന്നതു ദാസാ – ഛെ – വിജയാ – എന്ന് ആരെങ്കിലുമൊരാൾ ചോദിച്ചേനെ.

പ്രസംഗമായതുകൊണ്ട്‌ ആരും പ്രതികരിച്ചില്ല. ആ പത്രവാർത്തയോടും ആരും പ്രതികരിച്ചുകണ്ടില്ല.

ഇവിടെയൊക്കെയാണ് "പ്രതികരണത്തൊഴിലാളിവർഗ്ഗബോധം" എന്ന വാക്കു കടന്നു വരുന്നത്‌. മംഗലാ(പുര)മെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ! മൌദുവോ മാർക്സോ ആണെങ്കിൽ അക്ഷണം തൂറണം പേടിച്ചു നമ്മളെല്ലാം!

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
വാൽക്കഷണം:-

പ്രതികരണങ്ങളിലെ ഈ കാപട്യവും അന്ധമായ സംഘപരിവാർഭർത്സനവുമൊക്കെ കണ്ടുകണ്ടു മടുത്തുകഴിയുമ്പോളാണ് ആരും ഇങ്ങനെ പറഞ്ഞുപോകുന്നത്‌.

"കാണിച്ചതു കറതീർന്ന കന്നംതിരിവാണെന്ന്‌ ഊന്നിപ്പറഞ്ഞുകൊണ്ടുതന്നെ - കൊടുക്കണം 'രാമസേന'യ്ക്കും ഒരു കൈ! കയ്യും കണക്കുമില്ലാത്തത്ര കാ‍പട്യമാണ് ഇക്കാലത്തെ കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്രയെന്നത്‌ ഒരിക്കൽക്കൂടി വെളിവാകാൻ അവസരം സൃഷ്ടിച്ചതിന്".