Monday, April 23, 2007

ന്യായീകരണവാദത്തിലെ അപകടം

തൊട്ടുമുമ്പത്തെ ‍പോസ്റ്റിന്റെ തുടര്‍ച്ചയാണിത്‌.

>>[വിചാരം] മുസ്ലീങ്ങള്‍ സംഘത്തോട്‌ എന്താണു ചെയ്തത്‌? എന്തു ചെയ്തിട്ടാണ് അവരെ വേട്ടയാടുന്നത്‌? <<

‘വേട്ട‘ എന്നുള്ള പ്രയോഗത്തിലെ പൊള്ളത്തരത്തേപ്പറ്റി നേരത്തെ പറഞ്ഞു കഴിഞ്ഞു.

"എന്താണ്‌ ചെയ്തത്‌?" എന്നു ചോദിക്കുന്നതില്‍ വലിയൊരു അപകടമുണ്ടെന്ന്‌ ദയവായി തിരിച്ചറിയുക. അപ്പോള്‍ "എന്തെങ്കിലും ചെയ്തിട്ടാണെങ്കില്‍ മനസ്സിലാക്കാമായിരുന്നു" എന്നൊരു ധ്വനിയുണ്ട്‌ അതില്‍. ഈയൊരു കാഴ്ചപ്പാട്‌ നമ്മുടെ സ്വതന്ത്ര ചിന്തകള്‍ക്കു വല്ലാത്തൊരു തടസ്സമാണു വിചാരം. സത്യത്തില്‍ പലപ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നതിനു കാരണമിതാണ്‌. ഒരല്‍പം സമയമെടുത്ത്‌ ഇതേപ്പറ്റി ആഴത്തില്‍ ചിന്തിക്കുന്നതു നന്നായിരിക്കും.

ഇനിയുള്ള ഭാഗം വളരെ ശ്രദ്ധയോടെ മാത്രം വായിക്കുക.

തീവണ്ടി ആകസ്മികമായി കത്തിയതാണെന്ന റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുപ്പിനു മുമ്പു പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടികള്‍ മല്‍സരിക്കുന്നതിനു പിന്നില്‍ ഈ മനശാസ്ത്രമുണ്ട്‌. ആകസ്മികമായിട്ടല്ല കത്തിയതെന്നു തെളിഞ്ഞാല്‍ പിന്നീടുണ്ടായ ആക്രമണങ്ങള്‍ ന്യായീകരിക്കപ്പെടും എന്നൊരു ഭയം. ഈയൊരു മനോഗതിയല്ലേ നമ്മുടെ യഥാര്‍ത്ഥ പ്രശ്നം? ചിന്തിക്കുക.

കത്തിച്ചതു തന്നെയെന്നു കരുതുക. എന്നു വച്ച്‌? തുടര്‍ന്നു നടന്നതിന്‌ ന്യായീകരണമുണ്ടോ? ഇല്ലല്ലോ. പക്ഷേ നാം അതിനൊരുക്കമല്ല. തുടര്‍ന്നു നടന്നതിനെ ഘോരഘോരം അപലപിക്കുന്നതിനോടൊപ്പം, അതിലും ഭയങ്കരമായ രീതിയില്‍, തീപിടുത്തത്തിന്റെ ആകസ്മികത തെളിയിക്കാന്‍ പാടുപെടുന്നത്‌, ഈയൊരു ചിന്താഗതി നമ്മെ നയിക്കുന്നതു കൊണ്ടാണ്‌.

ആകസ്മികതാവാദം വിവരമുള്ളവര്‍ വിശ്വസിക്കില്ലെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ നാം ഉടനെ അടുത്ത വാദം ഉന്നയിക്കുന്നു. ‘തീവയ്പു പോലും സംഘത്തിന്റെ പദ്ധതിയായിരുന്നു‘! കഷ്ടം! നമുക്കൊന്നും നാണമില്ലല്ലോ വിചാരം! അങ്ങേയറ്റം അവിശ്വസനീയമായ, ശുദ്ധ അസംബന്ധമാണെന്ന്‌ നമുക്കു തന്നെ ഉറപ്പുള്ള ഈയൊരു വാദമുഖത്തില്‍ പിടിച്ചു തൂങ്ങുമ്പോള്‍ നമ്മുടെ മനസ്സിലെന്താണ്? ജീവന്‍ പോയാലും ശരി - തീവയ്പില്‍ മൌലാന ഉമര്‍ജിയും കൂട്ടരുമടങ്ങിയ മുസ്ലീങ്ങള്‍ക്കു പങ്കുണ്ട്‌ എന്ന്‌ - അല്ലെങ്കില്‍ പങ്കുണ്ടാവാം എന്നെങ്കിലും - നാം സമ്മതിച്ചു കൊടുക്കില്ല എന്നല്ലേ? എന്തിനാണു വിചാരം ഈ കടും‌പിടുത്തം? അതു സമ്മതിച്ചു കൊടുത്താല്‍ കലാപം ന്യായീകരിക്കപ്പെട്ടാലോ എന്നു നാം ഭയക്കുന്നു. അതല്ലേ സത്യം? തീവയ്പു സമ്മതിക്കാം - പക്ഷേ കലാപം ഒഴിവാക്കേണ്ടതായിരുന്നു എന്നു പറയാനുള്ള ചങ്കൂറ്റം നമുക്കില്ല. തീവയ്പ്‌ സത്യമാണെങ്കില്‍ കലാപത്തേക്കുറിച്ച്‌ തെറ്റുപറയുന്നതെങ്ങനെ എന്ന ഒരു ചിന്ത - അങ്ങേയറ്റം അപലപനീയവും അപകടകരവുമായ ചിന്ത - ഞാനെടുത്തു പറയട്ടെ - മനുഷ്യത്വരഹിതമായ ചിന്ത - താങ്കളുടേയും മറ്റു ന്യായീകരണവാദികളുടെയും മനസ്സിനെ ‍ഭരിക്കുന്നു. ആ അപകടകരമായ ചിന്താധാര ആദ്യം തിരിച്ചറിയുക. എന്നിട്ടാവാം മനുഷ്യത്വ രാഹിത്യത്തേക്കുറിച്ചുള്ള തുടര്‍വിലാപങ്ങള്‍.

അങ്ങേയറ്റം അപകടകരമായ ഈ ന്യായീകരണവാദത്തെയും ഭയത്തെയും നാം തൂത്തെറിഞ്ഞാല്‍ത്തന്നെ പ്രശ്നങ്ങളവസാനിക്കില്ലേ? ആലോചിക്കുക.

അയോദ്ധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന്‌ ഒരിക്കലും സമ്മതിച്ചു തരില്ല എന്ന വാശിക്കു പിന്നില്‍ ഇതേ മനശാസ്ത്രമാണ്‌. അത്‌ ന്യായീകരണമായാലോ എന്ന ഭയം. ക്ഷേത്രാവശിഷ്ടങ്ങളേക്കുറിച്ചുള്ള തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിച്ച ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്‍ഡ്യയുടെ അധികാരികള്‍ - ഡോ. ബി.ബി.ലാല്‍ തുടങ്ങിയവര്‍ ഒറ്റ നിമിഷം കൊണ്ട്‌ വര്‍ഗ്ഗീയവാദികളായി മുദ്രകുത്തപ്പെടുന്നതിനു പിന്നിലും ഇതുണ്ട്‌. ആരൊക്കെ എത്രയൊക്കെ തെളിവുകള്‍ നിരത്തിയാലും അംഗീകരിച്ചു കൊടുക്കാന്‍ നമുക്ക്‌ ഭയമാണ്‌. അത്‌ ഒരു ന്യായീകരണമായാലോ? പഠനങ്ങള്‍ നടത്തിയവരെ 'ചെളികോരികള്‍' എന്നു വിളിക്കാന്‍ നാം തിടുക്കപ്പെടുന്നതിനു പിന്നില്‍ ആ ഭയമുണ്ട്‌. തര്‍ക്കമന്ദിരം തകര്‍ക്കപ്പെടുന്നതിനു മുമ്പ്‌ വളരെക്കാലത്തോളം, ഉടമസ്ഥാവകാശത്തേപ്പറ്റിയുള്ള വാദങ്ങളുടെ തെളിവുകളവതരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു എന്നത്‌ ഓര്‍ക്കാന്‍ പോലും നാമിഷ്ടപ്പെടാത്തത്‌ - നമ്മുടെ ചര്‍ച്ചകളില്‍ 1992 ഡിസംബര്‍ മുതലുള്ള കാര്യങ്ങള്‍ മാത്രം കടന്നു വരുന്നത്‌ - ഇതിന്റെയെല്ലാം പിന്നില്‍ ഈ ഭയമുണ്ട്‌.

ബാബറും മുഗള്‍ രാജാക്കന്മാരും ക്ഷേത്രങ്ങളൊന്നുപോലും തകര്‍ത്തിട്ടേയില്ല എന്നു വരുത്താനായുള്ള ബദ്ധപ്പാടുകള്‍ക്കു പിന്നിലും ഇതുണ്ട്‌. ന്യായീകരണം ഒഴിവാക്കുവാന്‍ നാം ആഗ്രഹിക്കുന്നു. സത്യമല്ലേ എന്നു ചിന്തിക്കുക.

തെറ്റുണ്ടെങ്കില്‍ ശരി - പക്ഷേ അത്‌ മറ്റൊരു തെറ്റിന്‌ ന്യായീകരണമാവുന്നില്ല എന്നു ചങ്കൂറ്റത്തോടെ പറയാന്‍ നമുക്കെല്ലാം കഴിയുന്ന ഒരു കാലം വന്നാല്‍, തെറ്റുകള്‍ തുറന്നു സമ്മതിക്കാന്‍ നമുക്കു കഴിഞ്ഞാല്‍, 'വല്ലയിടത്തും വല്ലവരും വല്ലതും ചെയ്താല്‍ നാമെന്തു പിഴച്ചു' എന്നു ചോദിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ - അന്ന്‌ സകല വിധ പ്രശ്നവും തീരും. വിശ്വസിക്കുക. സകലതും.

ശബരിമലയിലെ തീവ്രവാദിസാന്നിദ്ധ്യത്തേക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ എല്ലാവരും മൗനം പാലിക്കുന്നു - അതേക്കുറിച്ചു പറയുന്നവരെ ഫാസിസ്റ്റ്‌ എന്നു വിളിക്കുന്നു - എന്നു ഞാനൊരു പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മറുപടി വരുന്നത്‌ ഗുജറാത്തിന്റെ പേരിലുള്ള ന്യായീകരണമാണ്‌ !. താങ്കളും കണ്ടതാണത്‌. വഡോദരയില്‍ നിന്ന്‌ ഗോധ്രയിലേക്കും അവിടുന്ന്‌ അയോദ്ധ്യയിലേക്കും അതും കടന്ന്‌ അറേബ്യയിലേക്കും അങ്ങനെയങ്ങനെ വേരുകള്‍ തേടി അലയുന്നതിനും ന്യായീകരണങ്ങള്‍ കണ്ടെത്തി വശംകെടുന്നതിനുമിടയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വച്ച്‌, മതിയാക്കാം എന്നു ധൈര്യപൂര്‍വ്വം വിചാരിച്ചുകൊണ്ട്‌ നമുക്കു ചോദിച്ചു കൂടേ - "സോ വാട്ട്‌?" എന്ന്‌. 'ആണെങ്കിലെന്ത്‌?' എന്ന്‌.

ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു തിരുത്താനോ രണ്ടാമത്തേതിനെ ആദ്യത്തേതു വച്ചു ന്യായികരിക്കാനോ കഴിയില്ലെന്നു പറഞ്ഞ വാജ്‌പേയി, ആര്‍.എസ്‌.എസ്‌. ശാഖയിലൂടെ വാര്‍ത്തെടുക്കപ്പെട്ട വ്യക്തിത്വത്തിനുടമയാണ്‌ എന്നതു കൊണ്ടു മാത്രം നമുക്കാ വാക്കുകളെ വിരോധപൂര്‍വ്വം അവഗണിക്കാതിരിക്കാം. എനിക്കു തോന്നുന്നത്‌ ആ വാക്കുകള്‍ക്കൊരു ശക്തിയുണ്ടെന്നാണ്‌. അങ്ങനെ വിശ്വസിക്കുന്നതിന്റെ പേരില്‍, എന്റെയൊരു സുഹൃത്ത്‌ പണ്ട്‌ 'കിളവന്‍ നായ' എന്നു വിളിച്ചാക്ഷേപിച്ച വാജ്‌പേയി പറഞ്ഞതു ശരിവയ്ക്കുന്നുവെന്നതിന്റെ പേരില്‍, ആരെങ്കിലുമെന്നെ ഭര്‍ത്സിക്കാന്‍ തുനിഞ്ഞാല്‍ ആ ശാപവചനങ്ങള്‍ ഒരു അംഗീകാരമായി ഞാന്‍ അഭിമാനപൂര്‍വ്വം നെഞ്ചിലേറ്റും.

ആര്യനാക്രമണവാദവും അന്വേഷണങ്ങളുടെ ആഴവും

തൊട്ടുമുമ്പത്തെ ‍പോസ്റ്റിന്റെ തുടര്‍ച്ചയാണിത്‌.

>> [വിചാരം] മുസ്ലിംങ്ങള്‍ - അവരുടെ പാരമ്പര്യം ഇവിടെ (ഭാരതത്തില്‍) ഉടലെടുത്തവരല്ലേ ചരിത്രപരമായ സത്യമെടുത്താല്‍ പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ ആര്യ വംശരായ ബ്രാഹ്മണരല്ലേ ഇന്ത്യവിട്ട് പോവേണ്ടത് ? .. <<


പണ്ട്‌ ഞാനും ഇത്തരം ചരിത്രങ്ങളൊക്കെ വായിക്കുകയും പഠിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നതാണു വിചാരം. ആര്യനാക്രമണ വാദം തെളിയിക്കേണ്ടത്‌ ചിലരുടെയൊക്കെ ആവശ്യകതയാണെന്നതാണ് പഠനങ്ങളുടെ പ്രാധാന്യം എന്നു മനസ്സിലാക്കിയതോടെ താല്പര്യം കുറഞ്ഞു. മാത്രമല്ല, ഇന്നിപ്പോള്‍ നേരിട്ടു കാണുന്നതല്ലാതെ ഒന്നും ആരു പറയുന്നതും വിശ്വസിക്കില്ല എന്നൊരവസ്ഥയായിട്ടുണ്ട്‌.

താങ്കള്‍ പറയുന്നത്‌ മുസ്ലീങ്ങളുടെ പാരമ്പര്യം ഭാരതത്തില്‍ ഉടലെടുത്തതാണ്‌ - പേര്‍ഷ്യയില്‍ നിന്നു വന്ന ബ്രാഹ്മണര്‍ ഇന്ത്യ വിട്ടു പോകണം എന്ന മട്ടാണ്‌. ഈ 'വിട്ടു പോകല്‍' സിദ്ധാന്തം താങ്കളുടെ മനസ്സിലുദിക്കുന്നതു തന്നെ തെറ്റാണ്‌. ആ ഒരു സിദ്ധാന്തത്തേപ്പറ്റിയുള്ള തെറ്റിദ്ധാരണകളും ഉത്‌കണ്ഠകളും പേറി അതിനെ പ്രതിരോധിക്കാനായി കഷ്ടപ്പെടുമ്പോഴാണ്‌ പേര്‍ഷ്യന്‍ ആര്യന്മാര്‍ സഹായത്തിനെത്തുന്നത്‌. (ദയവായി മറുമൊഴിയിലെ എന്റെ മുന്‍പോസ്റ്റുകള്‍ വായിക്കുക. പ്രത്യേകിച്ച്‌ ഇത്‌)

ആരാണ്‌ 'കഴിയുന്നത്ര അലിഞ്ഞു ചേര്‍ന്ന്‌ ഇവിടെത്തന്നെ നില്‍ക്കൂ' എന്നു പറഞ്ഞത്‌? ആരാണ്‌ 'അതിനാവില്ല ഞങ്ങള്‍ വിട്ടുപോകുന്നു' എന്നു പറഞ്ഞ്‌ അകന്നത്‌? ആരാണ്‌ 'ഇനിയെങ്കിലും തിരിച്ചു വന്നു കൂടേ' എന്നു ചോദിച്ചു വിളിക്കുന്നത്‌?

‘ഞങ്ങള്‍ പഴയ കാലത്ത്‌ മതം മാറിയ ബ്രാഹ്മണരുടെ പിന്തുടര്‍ച്ചക്കാരാണ്‌ ‘ എന്ന്‌ സ്വകാര്യ സംഭാഷണങ്ങളിലെങ്കിലും അവകാശപ്പെടുന്ന മുസ്ലീങ്ങളുണ്ടല്ലോ (നിഷേധിക്കരുത്‌ - സത്യമാണിത്‌). താങ്കളുടെ വാദമനുസരിച്ചാണെങ്കില്‍ അവരിവിടെ നില്‍ക്കണോ പോണോ? താങ്കളുടെ തരം തിരിവനുസരിച്ച്‌ അവരുടെ പാരമ്പര്യം എവിടെ ഉടലെടുത്തതാണ്‌? ഇന്ത്യയിലോ പേര്‍ഷ്യയിലോ? മുസ്ലീങ്ങള്‍ എന്നു പറഞ്ഞാല്‍ ഉടന്‍ തന്നെ അവര്‍ ഒന്നടങ്കം ദലിതര്‍, പിന്നാക്കക്കാര്‍, പണ്ടുതൊട്ടേ ഇവിടെയുള്ള ദ്രാവിഡന്മാരുടെ പാരമ്പര്യത്തിന്റെ അവകാശികള്‍, പ്രത്യേക പരിഗണനകള്‍ “ഔദാര്യമല്ല അവകാശമാണ്” എന്ന്‌ അഭിപ്രായപ്പെടാനര്‍ഹതയുള്ളവര്‍ - എന്നൊക്കെയാണോ താങ്കളുടെയും കാഴ്ചപ്പാട്‌?

ഞാന്‍ മുമ്പു പറഞ്ഞ ഒരു കാര്യമുണ്ടല്ലോ. "അന്വേഷണങ്ങളുടെ ആഴം". അത്‌ ഇവിടെയും പ്രസക്തമാണ്‌. പൂര്‍വ്വികതയെ സംബന്ധിക്കുന്ന ആര്യനാക്രമണ സിദ്ധാന്തം തെളിയേണ്ടത്‌ താങ്കളുടെ ആവശ്യമാണ്‌. അതിനായി താങ്കള്‍ ഒരു പാടു കാലം പിറകിലേക്കു പോകാന്‍ തയ്യാറാണ്‌. ധാരാളം ഗവേഷണങ്ങള്‍ നടത്താന്‍, എന്തു ഖനനം നടത്താനും തയ്യാറാണ്‌. അതു തെളിയിക്കുന്ന എന്തെങ്കിലും കിട്ടിയാല്‍ അവിടം കൊണ്ട്‌ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യും. എന്നാല്‍ വെറും അഞ്ഞൂറു കൊല്ലം മാത്രം പിറകിലേക്കു പോയാല്‍ ലഭിക്കുന്ന ഒരു ക്ഷേത്രധ്വംസനത്തേക്കുറിച്ച്‌ യാതൊരു ഗവേഷണത്തിനും താങ്കളൊരുക്കമല്ല. കാരണം താങ്കള്‍ക്കു വേണ്ട ഘട്ടം കിടക്കുന്നത്‌ 1992-ലാണ്‌. അതിനു പിറകിലേക്കു പോകാന്‍ താങ്കള്‍ ഒരുക്കമല്ല. പിറകിലേക്കു പോകേണ്ടത്‌ ആവശ്യമുള്ളവര്‍ ഖനനത്തിനും നാനാവിധത്തിലുള്ള തെളിവു ശേഖരണത്തിനുമായി മെനക്കെട്ടിറങ്ങുന്നു. അപ്പോള്‍ അവരെ ‘ചെളികോരികള്‍‘ എന്നു വിളിക്കുന്നവരുടെ കൂടെ നില്‍ക്കാനാണ്‌ താങ്കളുടെ താല്‍പര്യം. ശരിയല്ലേ? അമ്പലമുണ്ടായിരുന്നെങ്കില്‍ അക്ബര്‍ പുനര്‍നിര്‍മ്മിച്ചേനെ(!) എന്നു വാദം സൂചിപ്പിക്കുന്നതെന്താണ്‌?

എനിക്കിതിലൊന്നും പരാതിയില്ല വിചാരം. നാമെല്ലാം മനുഷ്യരാണ്‌. നമ്മുടെ പക്ഷ ചിന്തകള്‍ക്കനുസരിച്ച്‌ നാം നിലപാടെടുക്കുക. നമുക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്‌.

* * * * * * * * *

ഈ രണ്ടു കാര്യങ്ങളിലും ഞാനൊരു നൂതന വാദമുന്നയിക്കട്ടെ?

ഉടമസ്ഥത എന്നത്‌ - പാരമ്പര്യം എന്നത്‌ - ഇതിന്റെയൊക്കെ ആരംഭം നാം എങ്ങനെ നിശ്ചയിക്കും? അന്വേഷണങ്ങളുടെ അതിരുകള്‍ നാം എങ്ങനെ നിശ്ചയിക്കും? ക്ഷേത്രമുണ്ടായിരുന്നെങ്കില്‍, അതു നിര്‍മ്മിക്കപ്പെട്ടതു മുതലല്ലല്ലോ ചരിത്രമാരംഭിക്കുന്നത്‌. അതിനും മുമ്പ്‌ ആ സ്ഥലം എന്തായിരുന്നു? രാമന്‍ ജനിച്ചുവെങ്കില്‍, അതിനും മുമ്പ്‌ അവിടം ആരുടേതായിരുന്നു? അതിനും മുമ്പോ? അതിനും അതിനും മുന്‍പ്‌? അങ്ങനെ എത്ര കാലം നാം പുറകോട്ടു പോയി ഉടമയെ കണ്ടെത്തും? അതുപോലെ തന്നെ, ബ്രാഹ്മണരെ വരത്തന്മാരാക്കി മാറ്റി നിര്‍ത്തിയിട്ട്‌ ദ്രാവിഡരുടെ കാര്യം ആലോചിക്കാം. അവരുടെ പിന്‍ഗാമികള്‍ ആരാണ്‌? അവരിവിടെത്തന്നെ ഉണ്ടായിരുന്നവരാണോ? പിറകോട്ടു പോകാന്‍ നമുക്കു താല്‍പര്യമുണ്ടോ? ഉവ്വെങ്കില്‍ എത്ര കാലം പുറകോട്ടു പോകും?

ചിന്തിച്ചു ചിന്തിച്ച്‌ പ്രബുദ്ധരാകുക.
നമ്മുടെ ചിന്തകളില്‍ പക്ഷപാതിത്വമുണ്ടെന്നും അതാണ് നമ്മുടെ അന്വേഷണങ്ങളുടെ ആഴം നിര്‍ണ്ണയിക്കുന്നതെന്നുമൊക്കെ തിരിച്ചറിയുന്ന ഒരു കാലമെത്തുമ്പോള്‍ അത്യത്ഭുതകരമായ ഒരു പക്വത നമുക്കു വന്നു ചേരും.

>> [വിചാരം] ഇവരല്ലേ (സംഘവും ഉത്തര്യേന്ത്യന്‍ ബ്രാഹ്മണ കൂട്ടം) ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ .. <<

അവരാണ്‌ ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍!
ആയിരിക്കണം - വിചാരം. ആയിരിക്കണം.. സംഘം ഉടലെടുത്തിരുന്നില്ലെങ്കില്‍, “ഉത്തരേന്ത്യയിലെ ബ്രാഹ്മണക്കൂട്ടം“ ചത്തൊടുങ്ങുകയോ കാശ്മീരി പണ്ഡിറ്റുകള്‍ക്കു സംഭവിച്ചതു പോലെ അപ്രത്യക്ഷരാകുകയോ ചെയ്തിരുന്നെങ്കില്‍, ഒരു പക്ഷേ ഇവിടെ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ല. എനിക്കു കൂടുതലൊന്നും പറയാനില്ല. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

കഴിഞ്ഞയിടെ ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍, ബി.ജെ.പി. വന്‍വിജയം നേടിയതിനേപ്പറ്റിയുള്ള ഒരു വിലയിരുത്തല്‍ കണ്ടത്‌ ഓര്‍ത്തു പോകുന്നു. ദല്‍ഹിയിലെ ചില അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചതാണത്രേ കോണ്‍ഗ്രസ്‌ പരാജയപ്പെടുവാനുള്ള ഒരേയൊരു കാരണം!

ആരും ഒന്നും പഠിക്കുന്നില്ല. എത്രയെത്ര അനുഭവങ്ങള്‍ തുടരെത്തുടരെയുണ്ടായാലും.

(തുടരും)
അടുത്ത പോസ്റ്റ്‌ :- “ന്യായീകരണവാദത്തിലെ അപകടം

സംഘപരിവാര്‍ ആയുധം സംഭരിക്കുന്നുണ്ടോ? - 'വിചാര'ത്തിനു മറുപടി

എന്റെ മറ്റൊരു പോസ്റ്റില്‍ വിചാരം നല്‍കിയ കമന്റിനുള്ള മറുപടിയാണിത്‌. എങ്കിലും, മറ്റാരോടൊക്കെയോ പറയാമെന്നേറ്റിരുന്ന ചിലതു കൂടി ഇതില്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ട്‌.

>>[വിചാരം] എനിക്കൊരു ലളിതമായൊരു ചോദ്യം സഘപരിവാറിന്‍റെ ഒരു അനുഭാവി എന്ന നിലക്കുള്ള ഒരാളോട്... മുസ്ലിംങ്ങള്‍ എന്താണ് സംഘത്തോട് ചെയ്തത് ? പ്രത്യേകിച്ച് കേരളത്തിലെ മുസ്ലിംങ്ങള്‍ എന്തിനാണവരെ ആര്‍.എസ്.എസ് വേട്ടയാടുന്നത് ? <<


പ്രത്യേകിച്ച്‌ കേരളത്തിലെ മുസ്ലീങ്ങള്‍ എന്ന്‌ എടുത്തുപറഞ്ഞുപോയതെന്താണു വിചാരം? അപ്പോള്‍ മറ്റുള്ളവര്‍ (ഉത്തരേന്ത്യയിലുള്ളവരെയാണോ ഉദ്ദേശിച്ചത്‌?) എന്താണു ചെയ്തത്‌ - അല്ലെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌? താങ്കളുടെ അറിവുകള്‍ പറഞ്ഞു തരിക.

സംഘവുമായി ബന്ധമില്ലാത്തൊരു കാര്യമാണെങ്കിലും പറയാം. ഇന്ത്യയിലെ ഇസ്ലാം മത വ്യാപനം രണ്ടു ദിശകളിലൂടെയാണു നടന്നത്‌. കച്ചവടത്തിനെത്തിയവര്‍ കേരളത്തില്‍ മതം പ്രചരിപ്പിച്ചതിലൂടെയാണ്‌ ദക്ഷിണഭാരതത്തില്‍ അതു സംഭവിച്ചത്‌. അതിന്റെ ഗുണഫലങ്ങള്‍ പലരീതിയില്‍ ഇവിടെ നാം അനുഭവിക്കുന്നുമുണ്ട്‌. എന്നാല്‍ ഉത്തരേന്ത്യയില്‍, ആരെന്തൊക്കെ വാദിച്ചാലും ശരി, മതവ്യാപനത്തിന്‌ ആയുധമുപയോഗിക്കപ്പെട്ടിട്ടുണ്ട്‌. അതിന്റെ ദോഷഫലങ്ങള്‍, തലമുറകളിലായി പകര്‍ന്നു കിട്ടുന്ന അകല്‍ച്ചകളിലൂടെ അവിടുത്തെ മുസ്ലീങ്ങള്‍ ഇന്നും അനുഭവിക്കുന്നുമുണ്ട്‌. ഇതൊക്കെ അന്തസ്സായ രീതിയില്‍ ചര്‍ച്ച ചെയ്യാനും യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ വിശകലനം ചെയ്യാനും നമുക്കു കഴിയുന്നില്ലെങ്കില്‍, നാം സാംസ്കാരികമായി ഇനിയും പുരോഗമിച്ചിട്ടില്ലെന്നും നമ്മുടെ മനസ്സ്‌ മതേതരമല്ല എന്നും പറയേണ്ടി വരും.

കേരള സാഹചര്യത്തേക്കുറിച്ചു തന്നെ ഞാന്‍ തുടര്‍ന്നു ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാനും താങ്കള്‍ക്ക്‌ ഉത്തരേന്ത്യയില്‍ നടന്നിട്ടുള്ള കലാപങ്ങളെ ആശ്രയിക്കേണ്ടി വരുമോ എന്നു ഞാന്‍ ഉറ്റുനോക്കുകയാണ്‌. 'മുസ്ലിം വേട്ട' എന്ന പ്രയോഗം ഞാന്‍ ചില പോസ്റ്ററുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അതാകട്ടെ ആലുവയില്‍ യോഗം ചേര്‍ന്ന സിമി പ്രവര്‍ത്തകരെ (പത്രങ്ങള്‍ പറഞ്ഞത്‌) പോലീസ്‌ അറസ്റ്റു ചെയ്ത കാലത്ത്‌ പതിച്ചതും. സംഘം മുസ്ലിം വേട്ട നടത്തുന്നുവെന്നൊക്കെ പറയുന്നതുകൊണ്ട്‌ താങ്കള്‍ എന്താണര്‍ത്ഥമാക്കുന്നത്‌? സംഘം അവരെ കള്ളക്കേസില്‍ കുടുക്കുന്നോ? ശാരീരികമായി ഉപദ്രവിക്കുന്നോ? എന്താണീ വേട്ട? ആയുധങ്ങളുമായി സഞ്ചരിച്ച്‌ ഇരകളെ തേടിപ്പിടിച്ച്‌ കീഴടക്കുകയോ കൊല്ലുകയോ ചെയ്യുന്നതല്ലേ വേട്ട? സംഘം മുസ്ലീങ്ങളെ തേടിപ്പിടിച്ച്‌ ഉപദ്രവിക്കുന്നുണ്ടോ? അവര്‍ക്കതുകൊണ്ട്‌ എന്തു നേട്ടമാണുള്ളത്‌? അവരുടെ ലക്ഷ്യങ്ങള്‍ക്കോ ആശയഗതിക്കോ പ്രവര്‍ത്തന ശൈലിക്കോ അനുസരിച്ച്‌ ആരെയെങ്കിലും വേട്ടയാടുന്നത്‌ എങ്ങനെയെങ്കിലും ന്യായീകരിക്കപ്പെടുന്നുണ്ടോ? അതോ ഇനി ഉത്തരേന്ത്യയില്‍ നടന്നിട്ടുള്ള കലാപങ്ങളുടെ ഓര്‍മ്മ വച്ച്‌, അതിന്റെയൊക്കെ ഉത്തരവാദിത്തം സമ്പൂര്‍ണ്ണമായി സംഘത്തിന്റെ തലയില്‍ ചാര്‍ത്തുന്ന കേരളശൈലിക്കനുസരിച്ച്‌ താങ്കള്‍ അറിയാതെ എഴുതിപ്പോയെന്നേ ഉള്ളോ? കേരളത്തില്‍, ഇസ്ലാമില്‍ അടിയുറച്ചു വിശ്വസിച്ച്‌ അന്തസ്സായി ജീവിക്കുന്ന ഒരു സാധാരണ വ്യക്തിയെ സങ്കല്‍പിക്കുക. അദ്ദേഹത്തോട്‌ സംഘത്തിന്‌ പകയോ വിദ്വേഷമോ ഉണ്ടാവേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട്‌? താങ്കളുടെ നിലപാടുകള്‍ പറഞ്ഞു തരിക.

കേരളത്തിലെ സാഹചര്യങ്ങളേക്കുറിച്ച്‌ തുടര്‍ന്നു പറയുന്നതിനു മുന്‍പ്‌ എനിക്കെന്റെ മൂന്നു സംശയങ്ങള്‍ പങ്കു വയ്ക്കാനുണ്ട്‌.

(1) എന്‍. ഡി. എ. ഗവണ്മെന്റിനെയും ബി.ജെ.പി.യേയുമൊക്കെ കണ്ണുമടച്ച്‌ എതിര്‍ത്തവര്‍ക്കു പോലും അംഗീകരിക്കാതെ തരമില്ലാതെ പോയ ഒരു കാര്യമുണ്ട്‌. പാകിസ്ഥാനെ ഒരു ശതൃരാജ്യമായി മാത്രം കണക്കാക്കിയിരുന്നത്‌ അവസാനിപ്പിച്ച്‌, പകരം സൗഹൃദവും സാഹോദര്യബോധവും വളര്‍ത്തുന്നതിനു വേണ്ടിയുള്ള വിപ്ലവകരമായ ചുവടുവയ്പ്പുകള്‍ നടത്തി എന്നതാണത്‌. എന്റെ സംശയമിതാണ്‌. അടിമുടി ഒരു സ്വയംസേവകനായ വാജ്‌പേയിയെ അത്തരമൊരു ചുവടു വയ്‌പിനു പ്രേരിപ്പിക്കുന്ന യഥാര്‍ത്ഥ വികാരമെന്താവും? ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്നതിലപ്പുറം വൈകാരികമായ ഒരു സമീപനം അതിലുണ്ടോ? താങ്കളുടെ കാഴ്ചപ്പാടെന്താണ്‌?

(2) "വിശ്വസിക്കുക - ഒരു പുന:സംയോജനം അസാദ്ധ്യമല്ല" എന്നൊരു വാചകം ഞാന്‍ എന്റെ ജീവിതത്തില്‍ ആകെപ്പാടെ വായിച്ചിട്ടുള്ളത്‌ സംഘപരിവാര്‍ പ്രസിദ്ധീകരണത്തിലാണ്‌. ലോകത്ത്‌ മുസ്ലിം ജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന നമ്മോടു കൂടെ, മൂന്നാമതു നില്‍ക്കുന്ന പാക്കിസ്ഥാനെ ചേര്‍ത്തു വച്ച്‌ നമ്മെ ഏറ്റവും കൂടുതല്‍ - മറ്റുള്ളവരേക്കാള്‍ വളരെക്കൂടുതല്‍ - മുസ്ലിം ജനസംഖ്യയുള്ള ഒരു രാജ്യമാക്കി മാറ്റാനിടയാക്കില്ലേ അത്‌? അത്തരമൊരു നീക്കത്തെ അനുകൂലിക്കുന്ന ഈയൊരു വാദത്തിനു പിന്നിലെ വൈകാരിക തലമെന്താണ്‌? നമ്മളെ മറ്റുള്ളവര്‍ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന ഉന്‍മൂലനവാദവുമായി ഇത്‌ ലവലേശം പൊരുത്തപ്പെടുന്നില്ലല്ലോ വിചാരം? അതോ എല്ലാവരേയും ഒരുമിച്ചു കൂട്ടിയിട്ട്‌ ഒരുമിച്ച്‌ ഉന്‍മൂലനം ചെയ്തു കളയാം എന്നാവുമോ?

രാഷ്ട്ര സങ്കല്‍പം, ദേശീയത, മതം - എവിടെയൊക്കെയോ എന്തൊക്കെയോ ആശയക്കുഴപ്പം നമുക്കൊക്കെ ഉണ്ടെന്നു സംശയിക്കാനെങ്കിലും എന്നെ അനുവദിക്കുമോ?

(3) "പൂര്‍ണ്ണമായ പുന:സംയോജനം സംഭവ്യമല്ലെങ്കില്‍, ഒരു ഇന്‍ഡോ-പാക്‌ കോണ്‍ഫെഡറേഷനേക്കുറിച്ചെങ്കിലും ആലോചിച്ചു കൂടേ" എന്ന്‌ അപേക്ഷിച്ചത്‌ - ഞാനാ വാക്ക്‌ ബോധപൂര്‍വ്വം ഉപയോഗിക്കുകയാണ്‌ - അപേക്ഷിച്ചത്‌ - മുഴുവന്‍ സംഘബന്ധമുള്ള നേതാക്കന്മാരും എഴുത്തുകാരും മാത്രമാണല്ലോ. അവരുടെ മനശ്ശാസ്ത്രമെന്താണ്‌? എനിക്കറിയില്ല വിചാരം. താങ്കള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരിക. ഒരുമിച്ചു നില്‍ക്കണമെന്നാരു പറയുന്നു - വിഘടിച്ചു നില്‍ക്കണമെന്നാരു പറയുന്നു - ആവോ? എനിക്കറിയില്ല. ഒന്നും.

ഇനി കേരളത്തിലേക്കു വരാം.

ആദ്യം തന്നെ പറയുകയാണ്‌ - എന്റെ മാനസികാവസ്ഥയും നിസ്സഹായതയും താങ്കള്‍ മനസ്സിലാക്കുമെന്നാണെന്റെ വിശ്വാസം. സംഘം വര്‍ഗ്ഗീയത പരത്തുന്നു - വേട്ട നടത്തുന്നു - ആയുധം സംഘടിപ്പിക്കുന്നു എന്നൊക്കെ ആരെങ്കിലും പറയുന്നതു കേട്ടാല്‍ താങ്കള്‍ക്ക്‌ അതു കൊണ്ടു തൃപ്തിയായേക്കും. തുടരന്വേഷണങ്ങളില്‍ താങ്കള്‍ക്കു താല്‍പര്യമില്ലായിരിക്കാം. കാരണം, അത്തരമൊരു വാര്‍ത്തയാണ്‌ താങ്കള്‍ക്കു വേണ്ടത്‌. താങ്കള്‍ ഇഷ്ടപ്പെടുന്ന - അല്ലെങ്കില്‍ വിശ്വസിക്കാന്‍ മനസ്സനുവദിക്കുന്ന - ആ ഒരു ഘട്ടത്തില്‍ വച്ച്‌ താങ്കള്‍ തൃപ്തനാവുന്നു. പിന്നീടങ്ങോട്ട്‌ യാതൊരന്വേഷണങ്ങള്‍ക്കും താല്‍പര്യമില്ലാതാവുന്നു.

എന്റെ സ്ഥിതി അതല്ലാത്തതിന്‌ എനിക്കെന്തു ചെയ്യാന്‍ പറ്റും എന്നതാണു സങ്കടം. ഹിന്ദുത്വം എന്നത്‌ നമ്മുടെ സംസ്കാരമാണ്‌. എനിക്കതിലഭിമാനമുണ്ട്‌. ഒരു സംഘടനയ്ക്കു നേരെയുള്ള ആരോപണം എന്നതില്‍ക്കവിഞ്ഞ്‌ അത്‌ ഒരു സംസ്കാരത്തിനു നേരെയുള്ള അവഹേളനങ്ങള്‍ എന്ന നിലയിലേക്കു കൂടി വളരുമ്പോള്‍ - 'ഗ്രഹണി പിടിച്ച ഭാരതമാതാവിന്റെ പുറകെ നടക്കുന്നു' എന്നൊക്കെ ചില "സാംസ്ക്കാരിക നായകന്മാര്‍' എഴുതുമ്പോള്‍ - ഞാന്‍ നിശ്ശബ്ദനായിരിക്കണം എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്‌? എനിക്കങ്ങനെയൊരാരോപണവും കേട്ടു വിശ്വസിച്ച്‌ വെറുതെയിരിക്കാനാവുന്നില്ല. എന്റെ മനസ്സനുവദിക്കുന്ന, എനിക്കു സന്തോഷമാവുന്ന, എനിക്കു വിശ്വസിക്കാന്‍ താല്‍പര്യമുള്ള ഒരു കാര്യം കണ്ടെത്തുന്നതു വരെ ഞാന്‍ തുടര്‍ന്നന്വേഷിച്ചുകൊണ്ടിരിക്കും. ഇതൊക്കെ മനുഷ്യസഹജമല്ലെന്നുണ്ടോ? അന്വേഷണങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന ചില സത്യങ്ങളൊക്കെ വിളിച്ചു പറഞ്ഞെന്നുമിരിക്കും, അതില്‍ വിഷമിച്ചിട്ടോ പരിഭവിച്ചിട്ടോ യാതൊരു കാര്യവുമില്ല. ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ തിടുക്കപ്പെട്ട്‌ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരൊക്കെ (താങ്കളല്ല) എന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നവരാണ്‌.


സംഘം കേരളത്തിലെ ചില അമ്പലപ്പറമ്പുകളില്‍ കളരിപ്പയറ്റ്‌ പരിശീലിക്കുന്നുവെന്ന്‌ "എല്ലാവര്‍ക്കുമറിയാ"മെന്നോ മറ്റോ താങ്കളാണെന്നു തോന്നുന്നു ഒരിക്കലൊരു കമന്റ്‌ എഴുതിയത്‌. എനിക്കറിയില്ലായിരുന്നു. അങ്ങനെയൊരമ്പലം താങ്കള്‍ക്കറിയാമെങ്കില്‍ സ്ഥലം പറഞ്ഞു തരിക. എനിക്കതേക്കുറിച്ച്‌ അന്വേഷിക്കാന്‍ താല്‍പര്യമുണ്ട്‌. പൊതുവായ, തുറസ്സായ, ആര്‍ക്കു വേണമെങ്കിലും ഏതു നിമിഷവും കടന്നു ചെല്ലാവുന്ന, ആര്‍ക്കു വേണമെങ്കിലും കാഴ്ചക്കാരായും കേള്‍വിക്കാരായും ചെന്നിരിക്കാവുന്ന ഒരു സ്ഥലത്തല്ലാതെ എവിടെയെങ്കിലും വച്ച്‌ രഹസ്യമായോ മറ്റോ ഒരു സംഘശാഖ നടത്തപ്പെടുന്നുവെങ്കില്‍ ദയവായി എനിക്കു പറഞ്ഞു തരിക. എനിക്കതറിയാന്‍ താല്‍പര്യമുണ്ട്‌.

സംഘശാഖയിലെ ഒരു മണിക്കൂര്‍ സമയം സ്വയംസേവകര്‍ ചെലവഴിക്കുന്നതെങ്ങനെയൊക്കെയാണ്‌? എന്തൊക്കെയാണ്‌ ശാഖയിലെ കാര്യപരിപാടികള്‍? താങ്കളുടെ അറിവുകള്‍ പങ്കു വയ്ക്കുക. എനിക്ക്‌ പുസ്തകങ്ങള്‍ വായിച്ചും ചില സ്വയംസേവകരോട്‌ ചോദിച്ചറിഞ്ഞതുമായ വിവരമേയുള്ളു. ഈയിടെ മറ്റു ചില സംഘടനകളുടെ കേന്ദ്രങ്ങളില്‍ റെയ്ഡ്‌ നടത്തിയതിനെത്തുടര്‍ന്ന്‌ ആരെയൊക്കെയോ ബോധിപ്പിക്കാനായി ഒരു 'ബാലന്‍സ്‌' എന്നോണം ധാരാളം സംഘകാര്യാലയങ്ങളിലും 'മിന്നല്‍ റെയ്ഡ്‌' നടന്നിരുന്നു. എന്തെങ്കിലും ആയുധമോ നിയമവിരുദ്ധമായ പ്രവര്‍ത്തനം നടക്കുന്നതിന്റെ തെളിവുകളോ കണ്ടെത്തിയതായി താങ്കള്‍ക്കറിവുണ്ടെങ്കില്‍ പറഞ്ഞു തരിക.

ബിഷപ്‌ ഹൗസ്‌ അക്രമം, പള്ളിയിലെ മോഷണം, ആലപ്പുഴയില്‍ സി.പി.എം. നേതാവിന്റെ വീട്ടില്‍ ഏപ്രില്‍ഫൂള്‍ ദിനത്തില്‍ തലയോട്ടി കൊണ്ടു വച്ചത്‌ - ഇങ്ങനെ പലതും - ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‌ ഇതൊന്നും ചെയ്യേണ്ട യാതൊരു കാര്യവുമില്ല - അയാള്‍ ഒരിക്കലുമത്‌ ചെയ്യുകയുമില്ല എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന പലകാര്യങ്ങളും അവരുടെ തലയില്‍ കെട്ടി വയ്ക്കുകയും പിന്നെ പച്ചയായ സത്യം പുറത്തു വരികയും ചെയ്യുന്നു. കല്ലു വച്ച നുണകളിലൂടെയുള്ള ഇത്തരം കളികളൊക്കെ എന്റെ കണ്‍മുമ്പില്‍ വച്ച്‌ കൂടിവന്നു കൊണ്ടിരിക്കുമ്പോള്‍, സംഘത്തേക്കുറിച്ചുള്ള പല പ്രചാരണങ്ങളും സത്യവിരുദ്ധമാണ്‌ എന്ന എന്റെ സംശയം കൂടുതല്‍ കൂടുതല്‍ ബലപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, ഞാന്‍ തുടര്‍ന്നും മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ അവരെ ഭര്‍ത്സിച്ചുകൊണ്ടേയിരിക്കണം എന്നു പറയുന്നതിന്റെ യുക്തിയെന്താണ്‌? എനിക്കെന്താ ചിന്തിക്കാനുള്ള അവകാശമില്ലെന്നാണോ? തെറ്റാണ്‌ എന്നെനിക്കു തോന്നുന്ന പ്രചാരണങ്ങളിലെ പൊള്ളത്തരം തുറന്നു കാട്ടാന്‍ എനിക്കനുവാദമില്ലാത്തതെന്താണ്‌?

സംഘത്തേക്കുറിച്ച്‌ താങ്കള്‍ക്കുള്ള അറിവുകളില്‍ എത്ര ശതമാനമാണ്‌ അവരെ അനുകൂലിക്കുന്നവരില്‍ നിന്ന്‌ ശേഖരിച്ചത്‌ എന്നും കൂടി പറഞ്ഞു തരിക. ഏതെങ്കിലുമൊരു സംഘപ്രവര്‍ത്തകനോട്‌ "എന്തൊക്കെയാ മാഷേ സത്യത്തില്‍ നിങ്ങളുടെ പരിപാടി" എന്നു ചോദിക്കാന്‍ താങ്കള്‍ക്കവസരമുണ്ടായിട്ടുണ്ടോ? താങ്കളുടെ പഴയ ഒരു സുഹൃത്തിനേക്കുറിച്ചു പറഞ്ഞുവല്ലോ. അദ്ദേഹത്തോട്‌ ചോദിച്ചിരുന്നുവോ?

കേരളത്തില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ 'ജന്മഭൂമി' എന്ന ഒരെണ്ണമല്ലാതെ വേറേയൊരൊറ്റയെണ്ണമെങ്കിലും, സംഘത്തേക്കുറിച്ചുള്ള സത്യസന്ധമായ വാര്‍ത്തകള്‍ (ചിലത്‌ അവരെ അനുകൂലിക്കുന്നതായിപ്പോകുമെന്നതു കൊണ്ട്‌) പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുമെന്ന്‌ താങ്കള്‍ കരുതുന്നുണ്ടോ? ഏതെങ്കിലുമൊരു ചാനല്‍ (കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ആധിപത്യമുള്ള 'അമൃത' അടക്കം) സംഘത്തേക്കുറിച്ച്‌ യഥാതഥമായ റിപ്പോര്‍ട്ടുകള്‍ നല്‍കുമെന്നു താങ്കള്‍ കരുതുന്നുണ്ടോ? ബി.ജെ.പി.യല്ലാതെ മറ്റേതെങ്കിലുമൊരു പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്ന്‌ സംഘത്തേക്കുറിച്ചുള്ള എന്തെങ്കിലും സത്യാവസ്ഥ പ്രത്യക്ഷപ്പെടും എന്നു താങ്കള്‍ കരുതുന്നുണ്ടോ?

ഇതിനൊക്കെ 'ഇല്ല' എന്നാണു മറുപടിയെങ്കില്‍, ഇവയില്‍ നിന്നൊക്കെ മാത്രം സംഘത്തേക്കുറിച്ച്‌ നാം രൂപപ്പെടുത്തിയെടുത്ത അറിവുകള്‍ എത്രമാത്രം വികലമായിരിക്കും എന്നു ചിന്തിക്കുക. ഇനിയതല്ല - മാദ്ധ്യമങ്ങള്‍ക്കു പക്ഷപാതിത്വമില്ല - കേരളമാദ്ധ്യമങ്ങള്‍ സംഘ വിരുദ്ധമല്ല - അവരെഴുതുന്നതൊക്കെ അക്ഷരംപ്രതി ശരിയാണ്‌ എന്നൊക്കെയാണെങ്കില്‍, താങ്കളുടെ വിശ്വാസത്തിന്റെ കരുത്താണതു സൂചിപ്പിക്കുന്നത്‌. അപ്പോള്‍പ്പോലും, സംശയാലുക്കള്‍ മുന്നോട്ടു വയ്ക്കുന്ന ചില ചിന്തകളെ അവഗണിക്കാനായില്ലെന്നു വരും.

കേരളത്തില്‍, സംഘത്തെ എതിരാളികള്‍ കായികമായി നേരിടുന്നുണ്ട്‌. ആര്‍ക്കും യാതൊരു ഉപദ്രവവും ചെയ്തിട്ടില്ലെങ്കില്‍പ്പോലും, സംഘബന്ധമുണ്ട്‌ എന്ന ഒരൊറ്റ കാരണത്താല്‍ മാത്രം ക്രൂരമായി കൊല്ലപ്പെട്ടവര്‍ കേരളത്തിലുണ്ട്‌. അത്‌ നിഷേധിക്കാന്‍ മാത്രം ക്രൂരനല്ല താങ്കളെന്നു കരുതട്ടെ. ജീവന്‍ വേണമെന്നുണ്ടെങ്കില്‍ പ്രതിരോധിക്കണം എന്ന ഘട്ടമാണെങ്കില്‍ താങ്കള്‍ പോലും ചില കടുംകൈകള്‍ ചെയ്തെന്നു വരും. വെറുതെ നില്‍ക്കുന്ന ആരെയെങ്കിലും സംഘവിരുദ്ധനാണ്‌ എന്ന കാരണത്താല്‍ സംഘമിവിടെ ഉപദ്രവിച്ചതായി കേട്ടിട്ടുണ്ടോ? എന്നാല്‍, സംഘപ്രവര്‍ത്തകനാണ്‌ എന്നതിന്റെ പേരില്‍ മാത്രം ആളുകള്‍ കൊല്ലപ്പെട്ടിട്ടില്ലേ? നിഷേധിക്കാനാവുമോ?

സംഘര്‍ഷങ്ങളുണ്ടാവുമ്പോള്‍ സംഘം കായികമായ തിരിച്ചടികള്‍ ഒരുക്കിയിട്ടുണ്ട്‌. എന്നാല്‍ കായിക സംഘട്ടനങ്ങളും പ്രശ്നങ്ങള്‍ സൃഷ്ടിക്കലും അവരുടെ ലക്ഷ്യമോ കാര്യപദ്ധതിയിലെ ഒരു ഘടകമോ അല്ല. ഒരു ആറു മാസമോ ഒരു വര്‍ഷക്കാലമോ ഒക്കെ ആരും അവരെ ഉപദ്രവിക്കാതിരുന്നു നോക്കട്ടെ. എന്നിട്ട്‌ നമുക്കൊരു തീരുമാനത്തിലെത്താം അക്രമമാണോ ആത്യന്തികമായി അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന്‌. എന്തേ?

മുകളില്‍ പറഞ്ഞ മട്ടിലുള്ള തിരിച്ചടികളൊരുക്കാന്‍ വമ്പിച്ച ആയുധസംഭരണവും പരിശീലനവുമൊക്കെ വേണമെന്നൊന്നും എനിക്കു തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍, മാര്‍ക്സിസ്റ്റുകാരും കൃത്യമായി ആയുധം ശേഖരിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നുണ്ടാവണം. കാരണം കേരളത്തിലെ 95% രാഷ്ട്രീയകൊലപാതകങ്ങളും നടത്തുന്നത്‌ അവരാണ്‌.

ഇന്നലെയും ഒരു ആര്‍.എസ്‌.എസ്‌. നേതാവിനെ സി.പി.എം.അക്രമികള്‍ വെട്ടിക്കൊന്നിട്ടുണ്ട്‌. മറ്റൊരു ആര്‍. എസ്‌.എസ്‌. പ്രവര്‍ത്തകനെ മാര്‍ക്സിസ്റ്റുകാര്‍ തന്നെ മര്‍ദ്ദിച്ചതാണ്‌ പ്രശ്നങ്ങളുടെ തുടക്കം. അവിടെയും ഒടുവില്‍ സംഘം അക്രമമുണ്ടാക്കി എന്ന വാര്‍ത്തയായിരിക്കും പ്രചരിപ്പിക്കപ്പെടുക. ഭൂരിഭാഗം ആളുകള്‍ക്കും അത്തരമൊരു വാര്‍ത്തയാണ്‌ സുഖകരം എന്നതുകൊണ്ട്‌.

സംഘം ഏതെങ്കിലുമൊരു പൊതു അജണ്ട മുന്‍‌നിര്‍ത്തി ആയുധം സംഭരിക്കുകയാണ്‌ - പരിശീലനം നടത്തുകയാണ്‌ - എന്നൊക്കെ വിശ്വസിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും താങ്കള്‍ക്കൊരു സുഖമുണ്ട്‌ എന്നാണെങ്കില്‍ എനിക്കതില്‍ പരാതിയില്ല. പക്ഷേ നൂറുശതമാനവും തെറ്റിദ്ധാരണയാണ്‌ അത്‌ എന്നു വിളിച്ചുപറയാനുള്ള എന്റെ അവകാശത്തെ ചോദ്യം ചെയ്യരുത്‌. വിശ്വസിച്ചില്ലെങ്കിലും വേണ്ടില്ല. ഞാനതു പറയും. എനിക്കതിനവകാശമുണ്ട്‌.


താങ്കളേപ്പോലെയുള്ളവര്‍ ഊഹം വച്ചു പറയുന്നതു വിശ്വസിച്ചും ഭയന്നുമാവണം - അല്ലെങ്കില്‍ അതൊരു ന്യായീകരണമാക്കാം എന്നു കരുതിയാവണം - ഇവിടെ മറ്റു ചിലര്‍ ആയുധം സംഭരിക്കുന്നുണ്ട്‌. നേരിട്ടു കണ്ടിട്ടില്ല. പത്രത്തില്‍ കാണുന്ന ഫോട്ടോകളെ ചിലപ്പോള്‍ വിശ്വാസത്തിലെടുക്കേണ്ടി വരും. ഇതിന്റെയൊക്കെ കാരണം സംഘത്തിന്റെ സാന്നിദ്ധ്യമാണ്‌ എന്നു മാത്രം പറഞ്ഞ്‌ ഉത്തരവാദിത്തത്തിന്റെ പങ്ക്‌ ഏറ്റെടുക്കാതെ ഒഴിയാമെന്ന്‌ ആരും കരുതണ്ട. സംഘത്തേക്കുറിച്ച്‌ താങ്കളടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നതില്‍ ഒരു ശതമാനമെങ്കിലും നുണയുണ്ട്‌ എന്നു സമ്മതിക്കുന്നുവെങ്കില്‍ ഞാന്‍ പറയാം - ആ നുണകള്‍ ഒരായിരം തിരിച്ചടികളുടെ രൂപത്തില്‍ നിങ്ങളോരോരുത്തര്‍ക്കും കാലം തിരിച്ചു നല്‍കും. സംഘപ്രവര്‍ത്തകര്‍ എന്നെങ്കിലും സായുധരായി സംഘടിച്ച്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചതായോ മറ്റോ താങ്കള്‍ കേട്ടിട്ടുണ്ടോ? നില്‍ക്കുന്ന നില്‍പ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്ന മട്ടില്‍ ബോംബു സ്ഫോടനങ്ങള്‍ അവര്‍ നടത്തിയതായി കേട്ടിട്ടുണ്ടോ? വിദേശത്തുനിന്നും ഹവാലപണം കൈപ്പറ്റിയോ മറ്റോ ആയുധങ്ങള്‍ അവരിലാരെങ്കിലും വാങ്ങുന്നതായി ഒരു ആരോപണമെങ്കിലും നമുക്കുന്നയിക്കാന്‍ പറ്റുമോ? 'ഇല്ല' എന്നല്ലാതെ അതിനൊരു ഉത്തരമില്ല, വിചാരം. എന്നാല്‍, മുകളില്‍ പറഞ്ഞതൊക്കെ ഇന്ന്‌ കേരളത്തില്‍ സാധാരണമാണ് എങ്കില്‍, അതിനുത്തരവാദികള്‍ താങ്കളൊക്കെക്കൂടിയാണ്‌. സംഘത്തെക്കുറിച്ച്‌ അനാവശ്യഭീതി പരത്തുന്നതിലും അപകടമുണ്ട്‌ എന്നു പറഞ്ഞ എം.ജി.എസ്‌. നാരായണനെപ്പോലുള്ളവരെ ഫാസിസ്റ്റുകള്‍ എന്നു വിളിച്ച്‌ പരിഹസിച്ച പാരമ്പര്യമുള്ള ഏതൊരാള്‍ക്കും ആ ഉത്തരവാദിത്തത്തില്‍ നിന്ന്‌ ഒഴിയാനാവില്ല. പിടികൂടപ്പെടുന്ന ഓരോ ആയുധവും നിങ്ങളുടെയൊക്കെ പ്രചാരണങ്ങള്‍ക്കു കിട്ടുന്ന പ്രതിഫലമാണ്‌. എന്തു ചെയ്യണമെന്ന്‌ സ്വയം തീരുമാനിക്കുക.

(തുടരും)
അടുത്ത പോസ്റ്റ്‌ :- “അന്വേഷണങ്ങളുടെ ആഴം

Wednesday, April 18, 2007

ഇടതുപക്ഷത്തിന്റെ സംഘപരിവാര്‍ വിരോധം - ചില പിന്നാമ്പുറങ്ങള്‍

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്‌.

കയ്യൊപ്പേ,

രാഷ്ട്രീയ സ്വയംസേവക സംഘത്തെയും സംഘാനുബന്ധപ്രസ്ഥാനങ്ങളേയും ഇടതുപക്ഷം എതിര്‍ക്കുന്നതിന്‌ എനിക്കു തോന്നുന്ന ചില കാരണങ്ങള്‍ കൂടി ഞാന്‍ പറയട്ടേ? പ്രധാന കാരണങ്ങള്‍ അവയാണെന്നു സമ്മതിച്ചില്ലെങ്കിലും, അവയും കാരണങ്ങളാണ്‌ എന്നെങ്കിലും താങ്കള്‍ സമ്മതിക്കുമോ എന്നെനിക്ക്‌ അറിയണമെന്നുണ്ട്‌.

  • കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ മതനിഷേധമാണ്‌ താല്‍പര്യം. മതപരമായ ആചാരങ്ങള്‍ക്ക്‌ അല്‍പമെങ്കിലും പ്രാധാന്യം കിട്ടുന്നൊരു സമൂഹത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ ആശയ പ്രചാരണത്തിനു തടസ്സങ്ങളുണ്ട്‌. സാംസ്കാരിക ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാനും ഇടയാക്കുന്നുണ്ട്‌ എന്ന തിരിച്ചറിവ്‌‍.

  • ഹിന്ദു സമൂഹത്തിന്റെ അസംഘടിതാവസ്ഥയും ജാതി വൈജാത്യങ്ങളും അവ സൃഷ്ടിക്കുന്ന അകല്‍ച്ചകളും ഇടതുപക്ഷ കാഴ്ചപ്പാടുകളുടെ വളര്‍ച്ചയ്ക്കു സഹായകരമാണ്‌. ആ സാഹചര്യങ്ങള്‍ ഇല്ലാതാകുന്നതും ജനങ്ങളില്‍ ദേശീയബോധം വളരുന്നതും കമ്മ്യൂണിസ്റ്റുകള്‍ക്കു ഗുണകരമല്ല.

  • ഹിന്ദുത്വത്തിന്റേത്‌ അനേകരീതികള്‍ ഒരുമിച്ചു ചേരുന്ന ഒരു സമന്വയത്തിന്റെ കാഴ്ചപ്പാടാണ്‌. (മതപരമായി നോക്കുമ്പോള്‍, ബഹുദൈവവിശ്വാസം എന്നൊക്കെ തെറ്റിദ്ധരിക്കപ്പെടുന്നത്‌ വൈജാത്യങ്ങളുടെ ഈയൊരു സമ്മിശ്രതയെ നന്നായി മനസ്സിലാക്കാനാവാതെ പോകുന്നതുകൊണ്ടാണ്‌.) പരമാവധി ഒരുമിച്ചു ചേര്‍ക്കുക എന്നതാണ്‌ ആ ഹിന്ദുത്വത്തെ ശക്തിപ്പെടുത്തണമെന്നുള്ളവരുടെ കാഴ്ചപ്പാട്‌. കമ്മ്യൂണിസ്റ്റുകള്‍ക്കാവട്ടെ വര്‍ഗ്ഗ വിഭജനങ്ങളും അവയ്ക്കിടയിലെ വൈരുദ്ധ്യങ്ങളും അവ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളുമൊക്കെച്ചേര്‍ന്നു രൂപം കൊടുക്കുന്ന ഒരു പ്രശ്നമണ്ഡലത്തിലൂടെയാണ്‌ വളരേണ്ടത്‌. ഹിന്ദുത്വം ഒരു സമന്വയത്തിന്റെ - confluence - ന്റെ കാര്യവും, കമ്മ്യൂണിസം ഒരു സംഘര്‍ഷത്തിന്റെ - conflict-ന്റെ കാര്യവും പറയുന്നു എന്നതു കൊണ്ട്‌ ആ ഒരു കാര്യത്തില്‍ ഇതു രണ്ടും ഇരു ധൃവങ്ങളിലായി നില്‍ക്കുന്നു.

  • കമ്മ്യൂണിസ്റ്റുകളുടെ അടിസ്ഥാനാശയങ്ങള്‍ വൈദേശികമായതുകൊണ്ട്‌, വിദേശകൂറിനേപ്പറ്റിയും മറ്റുമുള്ള സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രകടമായും തങ്ങള്‍ക്കു വിലങ്ങുതടിയാകുമെന്ന മുന്‍വിധിയും ഭയവും.

  • മതപരമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ശക്തമായ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്ന മുസ്ലിം, ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്കു ശക്തമായ വേരോട്ടമുണ്ടാക്കുക എന്നത്‌ തികച്ചും ദുഷ്കരമാണ്‌. എന്നാല്‍, അനവധികാരണങ്ങളാല്‍ വിഘടിച്ചു നില്‍ക്കുന്നതും, 'അവിശ്വാസം' എന്നൊരു പദത്തിനു തന്നെ അര്‍ത്ഥമില്ലാത്ത തരത്തില്‍ എന്തും ഉള്‍ക്കൊള്ളാനനുവദിക്കുന്ന ഒരു ബഹുമുഖവിശ്വാസം പേറുന്നതുമായ ഹിന്ദു സമൂഹത്തില്‍ അത്‌ താരതമ്യേന എളുപ്പമാണ്‌. സംഘപ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം, തങ്ങള്‍ക്ക്‌ അണികളെ നല്‍കുന്ന മുഖ്യസ്രോതസ്സില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന ഭയം.

  • സംഘപരിവാറിനേക്കുറിച്ച്‌ പരമാവധി ഭീതി പരത്തുന്നത്‌ മുസ്ലിം സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്‌. കേരളത്തിലും മറ്റും, ഇടതുപക്ഷമാദ്ധ്യമങ്ങളോടു മത്സരിക്കാവുന്നിടത്തോളം ശക്തി സംഘാനുകൂല പ്രസിദ്ധീകരണങ്ങള്‍ക്കില്ലാത്തതുകൊണ്ടും അവര്‍ മാദ്ധ്യമകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടും, ദുരാരോപണങ്ങള്‍ അവഗണിക്കുന്നതു കൊണ്ടും മറ്റും, പലപ്പോഴും നുണപ്രചാരണങ്ങള്‍ തീരെ പ്രതിരോധിക്കപ്പെടാതെ പോകുന്നുണ്ട്‌. സംഘപരിവാറിനെ എതിര്‍ക്കുന്നത്‌ തങ്ങള്‍ക്ക്‌ മുസ്ലിം സമൂഹത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുമെന്ന്‌ ഇടതുപക്ഷം കരുതുന്നു. (ഇത്‌ പച്ചയായി പ്രഖ്യാപിച്ചിട്ടുള്ള സി.പി.എം. ഔദ്യോഗിക രേഖയുടെ (തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോര്‍ട്ട്‌) പകര്‍പ്പ്‌ എന്റെ കൈവശമുണ്ട്‌)

ഇതൊക്കെയാണ്‌ ഇടതുപക്ഷങ്ങളുടെ സംഘപ്രതിരോധത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്നും , ഫാസിസം എന്ന ആരോപണമൊക്കെ എതിര്‍ക്കുന്നതിനുള്ള 'കാരണം' അല്ല - നേരേ മറിച്ച്‌ 'ന്യായീകരണം' മാത്രമാണ്‌ - എന്നുമാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌.

തെറ്റാവാം.

താങ്കളെന്തു പറയുന്നു?

Tuesday, April 17, 2007

ഗോള്‍വള്‍ക്കറെ പേടിച്ച്‌ എത്ര നാള്‍?

തൊട്ടുമുമ്പത്തെ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്‌.

കയ്യൊപ്പേ,
'വംശശുദ്ധീകരണം' എന്നൊക്കെ പറയുന്നതു കൊണ്ട്‌ താങ്കളുദ്ദേശിക്കുന്നത്‌ എന്താണ്‌? ഈപ്പറയുന്ന ഉത്തരേന്ത്യന്‍ ബ്രാഹ്മണക്കൂട്ടം (അവര്‍ മാത്രമാണ്‌ 'ഹിന്ദുക്കള്‍' എന്നാണോ?) അല്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നോ? അതോ ഹിന്ദു"മതവിശ്വാസികള്‍" (എന്നു വച്ചാല്‍ ഈശ്വരഭജനത്തിനായി അമ്പലത്തില്‍ പോകുന്നവര്‍) അല്ലാത്തവര്‍ക്കൊന്നും ഇവിടെ അവകാശങ്ങളില്ലെന്നോ? ഈ തോന്നലുകളൊക്കെ ശുദ്ധ അസംബന്ധമാണ്‌. ഞാനത്‌ ആവര്‍ത്തിക്കാനാഗ്രഹിക്കുന്നു - ശുദ്ധ അസംബന്ധമാണത്‌.

ഹിന്ദുത്വവാദികള്‍ ആദ്യം മുതലേ പറയുന്നത്‌ ഒരു 'വിട്ടുപോകല്‍ സിദ്ധാന്ത'ത്തേക്കുറിച്ചല്ല. 'ചേര്‍ന്നുനില്‍ക്കല്‍ സിദ്ധാന്ത'ത്തേക്കുറിച്ചാണ്‌. ഈയൊരു മണ്ണില്‍ ജനിച്ചവരെല്ലാം, അവരുടെ, ജാതി - മത - വര്‍ണ്ണ - വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഒരു പൊതു സംസ്ക്കാരത്തിന്റെ - വൈജാത്യങ്ങളുടെ സമ്മിശ്രതയായ ഹിന്ദുത്വത്തിന്റെ - പാരമ്പര്യത്തിന്‌ ഉടമകളാണെന്നും ആ പാരമ്പര്യം അവകാശപ്പെടാന്‍ എല്ലാവര്‍ക്കുമര്‍ഹതയുണ്ടെന്നുമാണ്‌ ഹിന്ദുത്വ വാദികള്‍ പറഞ്ഞുവയ്ക്കുന്നത്‌. വൈദേശികപശ്ചാത്തലമുള്ള മത, പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും എല്ലാത്തരത്തിലും ഉള്‍ച്ചേരാനുള്ള 'ഇടസമ്പന്നത ഹിന്ദുത്വത്തിനു സ്വന്തമായുണ്ട്‌. അതിന്റേത്‌ ഏകമുഖവും പരിമിതവുമായ ഒരു വീക്ഷണമല്ല്ല, മറിച്ച്‌ അങ്ങേയറ്റം ബഹുമുഖവും വിശാലവുമായതാണ്‌ എന്നതു തന്നെ കാരണം.

ഇതൊക്കെ ഒരു "വാദ"മായി അവതരിപ്പിക്കപ്പെട്ടത്‌ ഏതെങ്കിലും തരത്തിലുള്ള അസഹിഷ്ണുതയുടെയോ അല്ലെങ്കില്‍ വിഭാഗീയത സൃഷ്ടിച്ച്‌ എന്തെങ്കിലും തരത്തിലുള്ള കാര്യസാദ്ധ്യത്തിനുള്ള ശ്രമങ്ങളുടെയോ സൂചനയല്ല. സത്യത്തില്‍ ആ വാദം അവതരിപ്പിക്കേണ്ട അവസ്ഥ 'വന്നു ചേര്‍ന്ന'താണ്‌. പലപ്പോഴും വൈദേശിക പശ്ചാത്തലത്തിന്റെ സ്വാധീനം, ചിലരുടെയെങ്കിലും മനസ്സുകളില്‍ ആ വിദേശകേന്ദ്രങ്ങളോടുള്ള കൂറിന്റെ രൂപം പ്രാപിക്കുകയും അത്‌ സ്വന്തം രാഷ്ട്രതാല്‍പര്യങ്ങള്‍ക്കു ഗുണകരമല്ലാത്ത രീതിയിലേക്കു പരിണമിക്കുകയും ചെയ്യുന്നുവെന്ന ഘട്ടത്തിലാണ്‌ ഇതെല്ലാം ഒരു 'വാദ'മായി അവതരിപ്പിക്കപ്പെടാനുള്ള അവസ്ഥ സംജാതമായത്‌. പലകാരണങ്ങളാലും ദുര്‍ബലമായിത്തീര്‍ന്നിരുന്ന രാഷ്ട്രസ്വത്വബോധം വീണ്ടെടുക്കേണ്ടതുണ്ടെന്നുള്ള ചിന്തകള്‍ ഉദയം ചെയ്തതും അതു കൊണ്ടൊക്കെത്തന്നെയാണ്‌.

"hindu culture" എന്നാല്‍ "hinduism" അല്ല. ഹിന്ദു രാഷ്ട്രം എന്നു പറഞ്ഞാല്‍ കുളിച്ച്‌ അമ്പലത്തില്‍പ്പോയി കുറി തൊടുന്നവര്‍ മാത്രം ജീവിക്കുന്നൊരു സ്ഥലവുമല്ല. ഇതൊക്കെ ഒന്നുകില്‍ മനപൂര്‍വ്വം സൃഷ്ടിക്കുന്ന വികലമായ അര്‍ത്ഥങ്ങളാണ്‌. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ചുള്ള അജ്ഞത സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തില്‍നിന്നു വരുന്നതാണ്‌.

സംഘം 'ഉന്‍മൂലന'സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നുവെന്നൊന്നും ഞാന്‍ കരുതുന്നില്ല. ഉത്തരേന്ത്യയില്‍ നടക്കുന്ന സകല കലാപങ്ങളും സംഘത്തിന്റെ സൃഷ്ടിയാണെന്നും ഞാന്‍ കരുതുന്നില്ല. അധിനിവേശങ്ങളും വിഭജനവും യുദ്ധങ്ങളും ദേവാലയധ്വംസനങ്ങളും കലാപങ്ങളുമെല്ലാം ചേര്‍ന്ന്‌ സമ്മാനിച്ച മുറിവുകളും അകല്‍ച്ചകളും തലമുറകളായി പകര്‍ന്നുകിട്ടിക്കൊണ്ടിരിക്കുന്ന ഒരു ജനതയാണ്‌ ഉത്തരേന്ത്യയിലുള്ളത്‌. അതിവൈകാരികത കലര്‍ന്ന പ്രതികരണങ്ങളാണ്‌ പലപ്പോഴും അവരുടേത്‌. സംഘത്തിന്റെ ജനനത്തിനും എത്രയോ മുമ്പു മുതല്‍ക്കേ സാമുദായിക സംഘര്‍ഷങ്ങളുണ്ടായിരുന്നിട്ടുണ്ട്‌. അവിടെ നിലനില്‍ക്കുന്ന സാമുദായിക സ്പര്‍ദ്ധയുടെ ആഴങ്ങള്‍ മനസ്സിലാക്കി, നമുക്കെന്തെങ്കിലും ചെയ്യാനാകുമോ എന്നന്വേഷിക്കാതെ, സംഘത്തിനെ കുറ്റപ്പെടുത്തുക മാത്രം ചെയ്ത്‌ മാറി നില്‍ക്കുന്നതിനെ 'escapism' എന്നും ‘മുതലെടുപ്പ്‌ ‘ എന്നുമൊക്കെയേ വിളിക്കാനാവൂ.

നേരിട്ട്‌ സംഘത്തിന്റെ കീഴില്‍ വരുന്നില്ലെങ്കിലും വലിയൊരു ശതമാനം ജനമനസ്സുകളില്‍ സംഘമുയര്‍ത്തിപ്പിടിക്കുന്ന ദേശിയതയുടെ കാഴ്ചപ്പാടും മറ്റും രൂഡമൂലമാണ്‌ എന്ന്‌ ഇടതുപക്ഷ എഴുത്തുകാര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. അതു പക്ഷേ ഒരു ആരോപണമായിട്ടല്ല, നിരീക്ഷണമായിട്ടാണ്‌ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്‌. ആരോപണങ്ങളുടെയും വിമര്‍ശനങ്ങളുടെയും ലക്ഷ്യങ്ങള്‍ എന്നും സംഘാനുബന്ധ പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നു.

സംഘത്തെ വിമര്‍ശിച്ചുകൊണ്ട്‌ 'ഷംസുള്‍ ഇസ്‌ലാം' എന്നൊരാള്‍ എഴുതിയൊരു പുസ്തകം ഈയിടെ വായിച്ചു. താങ്കള്‍ ചൂണ്ടിക്കാട്ടിയതുപോലെ, 'മുന്‍ജെ' എന്നൊരു കോണ്‍ഗ്രസുകാരന്‍ 1931-ല്‍ ഏതോ ഒരു വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്തുമടങ്ങുന്നതിനിടെ യൂറോപ്പില്‍ പത്തുദിവസക്കാലം തങ്ങിയതിനേപ്പറ്റിയൊക്കെ അതിലും പരാമര്‍ശമുണ്ട്‌. ദേശീയതയെ സംബന്ധിച്ച അവരുടെകാഴ്ചപ്പാടുകള്‍ മുന്‍ജെയെ ആകര്‍ഷിച്ചതിനെപ്പറ്റിയും ഭാരതത്തില്‍ സംഘം വളര്‍ന്നു കാണാന്‍ ആഗ്രഹിച്ചതിനെപ്പറ്റിയുമൊക്കെ കമ്മ്യൂണിസ്റ്റ്‌ ആഭിമുഖ്യമുള്ള മറ്റൊരു പുസ്തകത്തിന്റെ സഹായത്തോടെ ലേഖകന്‍ വിവരിക്കുന്നുണ്ട്‌. ഞാന്‍ നിരീക്ഷിച്ചിടത്തോളം, സ്ഥാപനത്തിന്റെയും വ്യാപനത്തിന്റെയും ആദ്യവര്‍ഷങ്ങളില്‍ ഏതെങ്കിലും പ്രസ്ഥാനവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട ചിലര്‍ പ്രത്യേക അവസരങ്ങളില്‍ പറഞ്ഞ വാക്കുകളും ചെയ്ത പ്രവൃത്തിയുമൊക്കെ വച്ച്‌ ആ പ്രസ്ഥാനത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നത്‌ അബദ്ധമാവാനിടയുണ്ട്‌. 'മുന്‍ജെയുടെ യൂറോപ്യന്‍ സന്ദര്‍ശനം' പോലെ സംഘവിരുദ്ധര്‍ ചൂണ്ടിക്കാണിക്കുന്ന പഴയ കാര്യങ്ങള്‍ ഏതെങ്കിലും സംഘത്തിന്റെ ഇന്നത്തെ സ്വീകാര്യതയെ തരിമ്പും സഹായിച്ചിട്ടുള്ളതായി ഞാന്‍ കരുതുന്നില്ല. സംഘം ഇന്ന്‌ അതൊന്നുമല്ല. അവര്‍ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. 1920-കളിലെയോ 30-കളിലെയോ ചരിത്രം വച്ച്‌ ഇന്നത്തെ സംഘത്തെ പ്രതിരോധിക്കാമെന്നു കരുതുന്നത്‌ അബദ്ധമാണെന്നാണ്‌ എനിക്കു തോന്നുന്നത്‌.

'നാമും നമ്മുടെ ദേശീയതയും' ഞാന്‍ വായിച്ചിട്ടില്ല. ഗോള്‍വള്‍ക്കര്‍ സംഘനേതൃനിരയിലെത്തുന്നതിനു മുമ്പെങ്ങോ വിവര്‍ത്തനം ചെയ്തതെന്നു പറയുന്ന അതിന്‌ സംഘവിരുദ്ധര്‍ വലിയ പ്രാധാന്യം കല്‍പിച്ചു കാണാറുണ്ടെങ്കിലും അതിന്‌ സംഘം കാര്യമായ എന്തെങ്കിലും പരിഗണന കൊടുത്തിട്ടുണ്ടോ എന്നു സംശയമാണ്‌. 'വിചാരധാര'യേക്കുറിച്ചാണെങ്കില്‍, ചില ഭാഗങ്ങളൊക്കെ ഞാനും വായിച്ചിട്ടുണ്ട്‌. ഏതൊരു സമീപനത്തോടെയാണോ നാമതു വായിക്കുന്നത്‌ എന്നതനുസരിച്ച്‌ ഒന്നുകില്‍ ഭയപ്പെടുകയോ അല്ലെങ്കില്‍ നിര്‍ദ്ദോഷമായിത്തോന്നുകയോ ചെയ്യാം എന്നാണെനിക്കു തോന്നിയത്‌.

കമ്യൂണിസ്റ്റുകളേയും മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ഒന്നടങ്കം മുഖ്യശതൃക്കളായി പറയുന്നു എന്നൊക്കെ ഒരൊറ്റ വാചകം മാത്രം അവതരിപ്പിച്ച്‌ ഘോരഘോരം വാദിക്കുന്നത്‌ തെറ്റാണ്‌. ആഭ്യന്തരഭീഷണികളേപ്പറ്റി പറയുന്നിടത്ത്‌, ഈ മൂവരിലും പെട്ട ചിലര്‍ രാഷ്ട്രതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ പ്രവൃത്തികളിലേര്‍പ്പെടുന്നതിനേപ്പറ്റി പറയുന്നുണ്ട്‌. അത്‌ അക്കൂട്ടര്‍ക്ക്‌ "ഒന്നടങ്കം" എതിരെ നടത്തുന്ന യുദ്ധപ്രഖ്യാപനമാണ്‌ എന്നൊക്കെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്‌ സംഘത്തെ എതിര്‍ക്കാനുള്ള ഒരു ആയുധം സൃഷ്ടിച്ചെടുക്കുന്നതിനുള്ള വികല ശ്രമത്തിന്റെ ഭാഗമായേ കാണാനാവൂ. ഇന്നത്തെക്കാലത്താണ്‌ വിചാരധാര രചിക്കപ്പെട്ടിരുന്നതെങ്കില്‍ ഒരുപക്ഷേ ആഗോളവല്‍ക്കരണത്തിന്റെ കെണിയില്‍പ്പെട്ട്‌ ദേശീയബിംബങ്ങളെ തള്ളിപ്പറയുന്ന നാരായണമൂര്‍ത്തിയേപ്പോലുള്ളവരേക്കുറിച്ചും പരാമര്‍ശിച്ചേനെ. ഇവിടെ മതമൊന്നുമല്ല വിഷയം. ദേശീയതാല്‍പര്യങ്ങളോടുള്ള സമീപനമാണ്‌.

സാമാന്യമായി ചില സമൂഹങ്ങളെ മൊത്തമായിട്ടല്ല എതിര്‍ക്കുന്നതെങ്കില്‍പ്പോലും അത്തരം വരികള്‍ തെറ്റാണ്‌ എന്നു വാദിക്കുന്നവര്‍ക്ക്‌, അത്തരം വരികള്‍ എന്തുകൊണ്ട്‌ ഉണ്ടാവുന്നു എന്നു കൂടി പറഞ്ഞു തരാനുള്ള ബാദ്ധ്യതയുണ്ട്‌. 'അതൊക്കെ ഫാസിസ്റ്റ്‌ ചിന്താഗതിയാണ്‌' എന്നു മാത്രം പറഞ്ഞ്‌ ഇതുവരെ രക്ഷപെട്ടിരുന്നത്‌ ഇനിയും ഏറെക്കാലം അനുവദിക്കപ്പെടണമെന്നില്ല. അത്തരം വരികള്‍ ജനിക്കാനിടയാക്കുന്ന കാരണങ്ങള്‍ നിഷേധിക്കാനാവാത്തിടത്തോളം കാലം വിമര്‍ശകരുടെ വിശ്വാസ്യതയും ആത്മാര്‍ത്ഥതയും സംശയിക്കപ്പെട്ടുകൊണ്ടിരിക്കും.

ചൈന നമ്മളെ ആക്രമിച്ച സമയത്ത്‌, 'വിപ്ലവത്തിലൂടെ ഇന്ത്യയിലേക്കു സ്വര്‍ഗ്ഗമെത്താന്‍ പോകുന്നു'വെന്ന മട്ടില്‍, കല്‍ക്കട്ടയില്‍ ആഘോഷം നടന്നുവെന്നു പറയപ്പെടുന്നുണ്ട്‌. യുദ്ധമുഖത്തേയ്ക്ക്‌ നമ്മുടെ സൈനികരെ സഹായിക്കാനായുള്ള ഭക്ഷണവും യുദ്ധസാമഗ്രികളുമൊക്കെ എത്തുന്നതു തടയാനായി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കു പ്രഖ്യാപിച്ചു എന്നും! ഇതൊക്കെ ആരെയും നടുക്കുന്നതാണെന്നുപറഞ്ഞുതരാന്‍ നമുക്കൊരു 'ഗുരുജി'യുടെ ആവശ്യമില്ല.

പണ്ടു നടന്നതിനു തെളിവില്ല എന്നാണെങ്കില്‍, ഇന്നത്തെ കാലത്തേക്കു വരാം. മെലഗാവ്‌ സ്ഫോടനങ്ങളില്‍ ഭാരതം നടുങ്ങിവിറച്ചിരിക്കുമ്പോള്‍, അതേക്കുറിച്ച്‌ ഒരക്ഷരം പോലും ഉരിയാടാനില്ലാതെ, 'ലെബനനില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്മാറണ'മെന്നാവശ്യപ്പെട്ട്‌ വമ്പിച്ച പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റും സംഘടിപ്പിച്ചവരാണു നമ്മളില്‍ ചില കമ്മ്യൂണിസ്റ്റുകള്‍. ഇറാനെ അണുപരീക്ഷണം നടത്താന്‍ സമ്മതിക്കുന്ന തരത്തില്‍ ഇന്ത്യ വോട്ടു ചെയ്തില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഭരിക്കാനനുവദിക്കില്ലെന്നു ഭീഷണി മുഴക്കിയ കമ്മ്യൂണിസ്റ്റുകള്‍, ഭാരതം അണുപരീക്ഷണം നടത്തിയപ്പോള്‍ അതിനെ അപലപിച്ചവരാണ്‌! ഇതൊക്കെ അല്‍പമെങ്കിലും രാജ്യസ്നേഹം ഉള്ളിലവശേഷിക്കുന്ന ആരെയുംവേദനിപ്പിക്കുന്നതു തന്നെയാണ്‌. ഗോള്‍വള്‍ക്കര്‍ മുതലായവര്‍ ജനിച്ചിരുന്നില്ലെങ്കില്‍ത്തന്നെയും അത്‌ അങ്ങനെ തന്നെ ആയിരിക്കും.

സകല കമ്മ്യൂണിസ്റ്റുകളേയും അടച്ച്‌ കുറ്റപ്പെടുത്തുകയാണ്‌ എന്ന തോന്നലുണ്ടാകുന്നത്‌ ഹിന്ദുത്വത്തിന്റെ ഹൃദയവിശാലതയേക്കുറിച്ച്‌ യാതൊരു രൂപവുമില്ലാതെ ഏകമുഖമായ ചിന്ത മാത്രം ശീലിച്ചവര്‍ക്കാണ്‌. ആദ്യ കമ്മ്യൂണിസ്റ്റുഗവണ്മെന്റിന്റെ അമ്പതാം വാര്‍ഷികം ഇപ്പോള്‍ കൊണ്ടാടപ്പെടുകയാണല്ലോ. വിമോചനസമരത്തേത്തുടര്‍ന്ന്‌ ആ ഗവണ്മെന്റിന്റെ പിരിച്ചുവിടുമ്പോള്‍, 'ഇതില്‍ ജനാധിപത്യമൂല്യങ്ങളുടെ ധ്വംസനമില്ലേ എന്നു പരിശോധിക്കേണ്ടതുണ്ട്‌' എന്ന്‌ പറഞ്ഞ്‌ ദേശീയതലത്തില്‍ പ്രതിഷേധിച്ചത്‌ മറ്റാരുമല്ല - ഗുരുജി ഗോള്‍വള്‍ക്കറാണത്രേ. ഇതൊക്കെ ആരറിയുന്നു?

രണ്ടാമത്തെ കൂട്ടരെ - മുസ്ലീങ്ങളെ - ഒന്നടങ്കം ഹിന്ദുത്വവാദികള്‍ ശതൃക്കളായി കാണുന്നു എന്നത്‌ ശുദ്ധ കളവാണ്‌. പല രാജ്യങ്ങളെയുമപേക്ഷിച്ച്‌ മുസ്ലീങ്ങള്‍ക്ക്‌ മെച്ചപ്പെട്ട ആരാധനാസ്വാതന്ത്ര്യവും സൗകര്യവും ഇവിടെ ലഭിക്കുന്നുവെങ്കില്‍ അതിന്റെ കാരണം ഇവിടുത്തെ ജനങ്ങളുടെ സിരകളിലോടുന്ന ഹിന്ദുത്വ രക്തമാണ്‌. എന്നു വച്ച്‌ മുസ്ലീങ്ങളിലാരെങ്കിലും നഗ്നമായ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാല്‍ ആരും പ്രതികരിക്കാതെയിരുന്നെന്നു വരില്ല. ഉദാഹരണങ്ങള്‍ക്കായി അധികം പിറകോട്ടുപോകേണ്ടതില്ല - ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ്‌ തമിഴ്‌നാട്ടില്‍ ചില മുസ്ലിം യുവാക്കള്‍ ചേര്‍ന്ന്‌ ദേശീയപതാകയ്ക്കൊപ്പം ചെരുപ്പുകള്‍ കെട്ടിത്തൂക്കി ഉയര്‍ത്തിയത്‌. ഇതൊക്കെ കണ്ടുകൊണ്ടു മിണ്ടാതെയിരിക്കുന്നവരാണ്‌ യഥാര്‍ത്ഥ മുസ്ലീം വിരോധികളും രാജ്യദ്രോഹികളും. ഇതേക്കുറിച്ചൊക്കെ ആരെങ്കിലും പറയുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന മട്ടില്‍ മൊത്തത്തില്‍ ഒരു മുസ്ലിം വികാരം ഉണരുന്നെങ്കില്‍ - അല്ലെങ്കില്‍ ആരെങ്കിലും ചേര്‍ന്ന്‌ ഉണര്‍ത്തുന്നുവെങ്കില്‍ - അത്‌ ഏറ്റവും അപകടമുണ്ടാക്കുന്നത്‌ സമുദായത്തിനു തന്നെയാണ്‌. അഫ്സല്‍ ഗുരുവിനെ സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്കിടെ ഒരു മലയാളി ബ്ലോഗര്‍ തന്നെയാണു പറഞ്ഞത്‌ "മഹത്തായ ഇന്ത്യന്‍ പാര്‍ലമെന്റ്‌ എന്നു പറയാന്‍ മാത്രമൊന്നുമില്ല. അതിനെ ആക്രമിച്ചാലും അതത്ര വലിയ കുറ്റമൊന്നുമല്ല" എന്നൊക്കെ! രാഷ്ട്രീയക്കാരെ എത്രയും പുച്ഛിച്ചാലും വേണ്ടില്ല - എന്നാല്‍, ഇന്ത്യന്‍ പാര്‍ലമെന്റിനെ അടച്ച്‌ ആക്ഷേപിച്ചുകൊണ്ട്‌ - കുറ്റമാരോപിക്കപ്പെട്ട ഒരാളെ മതത്തിനു മാത്രം പരിഗണനകൊടുത്ത്‌ പിന്തുണയ്ക്കുക - ഇതൊക്കെ നമ്മുടെ കണ്മുന്നില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്‌. ഇതിനെയൊക്കെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാനും മനസ്സിലാക്കാനും കഴിയാതെ നാം ഗോള്‍വള്‍ക്കറെ ഭര്‍ത്സിച്ചുകൊണ്ടിരുന്നതു കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. അദ്ദേഹത്തിന്‌ സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള കഴിവും പലതും മുന്‍കൂട്ടിക്കാണാനുള്ള ദീര്‍ഘവീക്ഷണവും ഉണ്ടായിരുന്നതു കൊണ്ട്‌ പറഞ്ഞു വച്ചു. ഇല്ലെങ്കിലും വേറെയാരെങ്കിലും പറഞ്ഞേനെ എന്നു കരുതിയാല്‍ മതി.

ക്രിസ്ത്യാനികളുടെ കാര്യത്തിലും - അവരെ ഒന്നടങ്കം ഇവിടുള്ളവര്‍ ശതൃക്കളായിക്കരുതുന്നുവെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അത്‌ ശുദ്ധ അസംബന്ധമാണ്‌. ചില ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനത്തിനായി ചില മാര്‍ഗ്ഗങ്ങളുപയോഗിക്കുന്നത്‌ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്‌. അത്‌ അല്‍പമെങ്കിലും സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കമ്മ്യൂണിസ്റ്റു രാജ്യങ്ങളിലോ ഇസ്ലാമിക രാജ്യങ്ങളിലോ നടക്കാത്ത ഒരു കാര്യം ഇവിടെ നിര്‍ബാധം അനുവദിച്ചുകൊടുക്കണമെന്നു പറഞ്ഞാല്‍ എല്ലാവരും അത്‌ അംഗീകരിച്ചെന്നു വരില്ല. അല്ലെങ്കില്‍ത്തന്നെ ഗോള്‍വള്‍ക്കര്‍ പറഞ്ഞു വച്ചത്‌ രാഷ്ട്രതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ രീതിയിലുള്ള പ്രവൃത്തികള്‍ക്കു നമ്മെ പ്രേരിപ്പിക്കും വിധം വൈദേശികകേന്ദ്രങ്ങളോട്‌ മാനസിക അടിമത്തം വന്നുപോകരുത്‌ എന്നേയുള്ളൂ. അത്‌ ആരാധനാസ്വാതന്ത്ര്യത്തെ തടച്ചിലല്ല. നമ്മുടെയൊരു സംസ്ഥാനമാണെന്നു നാമവകാശപ്പെടുന്ന നാഗലാന്‍ഡിലേക്കു ചെല്ലുമ്പോള്‍ “INDIAN DOGS ARE NOT WELCOME” എന്നൊരു ബോര്‍ഡാണു നമ്മെ കാത്തു നില്‍ക്കുന്നതെങ്കില്‍, അതിനെ 'പണ്ട്‌ ഗോള്‍വള്‍ക്കര്‍ പറഞ്ഞതിന്‌ ആരോ ഇംഗ്ലീഷില്‍ അടിവരയിട്ടു വച്ചിരിക്കുന്നത്‌' എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ. മതപരിവര്‍ത്തനത്തിനായുള്ള ചില വഴിവിട്ട ശ്രമങ്ങളെ പ്രതിരോധിക്കുന്നതും, നമ്മുടെ രാഷ്ട്രതാല്‍പര്യങ്ങളെ ഹനിക്കരുതെന്നു നിഷ്കര്‍ഷിക്കുന്നതും 'ക്രിസ്ത്യാനികളോടു മൊത്തത്തിലുള്ള യുദ്ധപ്രഖ്യാപനമാണ്‌ - അവരെ പുറത്താക്കാനുള്ള ആഹ്വാനമാണ്‌' എന്നൊക്കെ പറയുന്നത്‌ അതിക്രൂരമാണെന്നേ പറയാന്‍ പറ്റൂ. യേശുക്രിസ്തുവിനെ യേശുദേവനെന്നു വിശേഷിപ്പിച്ച്‌ സ്വീകാര്യത നല്‍കിയ ഒരു ജനതയോടും ആ സംസ്കാരത്തോടുമുള്ള അതിക്രൂരമായ അവഹേളനം എന്നതാണ്‌ കുറേക്കൂടി ശരിയായ വിശേഷണം.

“They must cease to be foreigners”എന്നു പറയുന്നതിനെ എതിര്‍ക്കുന്നത്‌ തെറ്റിദ്ധാരണകൊണ്ടാണോ അതോ മനപൂര്‍വ്വമാണോ എന്നു പരിശോധിക്കണം. അല്ലെങ്കില്‍ അത്‌ "We must alow them to continue as foreigners“എന്നു വാദിക്കുന്നതുപോലെ പരിഹാസ്യമാണെന്നതു ശ്രദ്ധിക്കപ്പെടാതെ പോകും. ‘Foreigners’ എന്നു പറയുന്നത്‌ ഏതെങ്കിലും മത വിഭാഗത്തെയാണെന്നു പറയുന്നത്‌ ശുദ്ധ അസംബന്ധമാണ്‌. ആ ഒരു തോന്നല്‍ അവസാനിപ്പിക്കണമെന്നാണു പറയുന്നത്‌. അല്ലാതെ നിങ്ങള്‍ അങ്ങനെയാണ്‌ എന്ന പ്രഖ്യാപനമല്ല.

‘Hindu culture and language' എന്നൊക്കെപ്പറയുന്നതു രൂപപ്പെടുത്തിയെടുത്തത്‌ തങ്ങളും കൂടിയാണെന്നു മനസ്സിലാക്കി, അതു തുറന്നംഗീകരിച്ചു കൊണ്ട്‌ ഭാരതീയ ജനജീവിതത്തിലെ സജീവസാന്നിദ്ധ്യമായി ഇടിച്ചിറങ്ങാന്‍ തയ്യാറാകുന്നവര്‍ എങ്ങനെയാണ്‌ 'foreigners' ആകുന്നത്‌? 'അകന്നു നില്‍ക്കുന്നു' എന്ന തോന്നലും 'അടുക്കാനനുവദിക്കുന്നില്ല' എന്ന പരാതിയുമൊക്കെ അവസാനിപ്പിച്ച്‌ വൈദേശിക വിശ്വാസപ്രമാണങ്ങളിലൊന്നും കാര്യമായ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകാതെ തന്നെ, എന്നാല്‍ പരമാവധി ഇഴയടുപ്പം സൃഷ്ടിച്ച്‌, നമ്മുടെ രാഷ്ട്രജീവിതത്തെ സമ്പന്നമാക്കാന്‍ എല്ലാവരും തയ്യാറാകുകയും, കാലം സൃഷ്ടിച്ച മുറിവുകളുണങ്ങി അത്തരമൊരടുപ്പം സാദ്ധ്യമാകുകയും ചെയ്യുന്നൊരു കാലം വരുമെന്നും അന്ന്‌ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നും സ്വപ്നം കാണാനാണ് എനിക്കിഷ്ടം. അതിന്റെ പേരില്‍ എന്ത്‌ ‘ഇസം‘ എന്റെ മേല്‍ ആരോപിച്ചാലും ശരി - അത്‌ ഞാന്‍ അഭിമാനത്തോടെ നെഞ്ചേറ്റും.

(തുടരും)
അടുത്ത പോസ്റ്റ്‌ - "ഇടതുപക്ഷം സംഘപരിവാറിനെ എതിര്‍ക്കുന്നത്‌ എന്തുകൊണ്ടൊക്കെ?

Monday, April 16, 2007

സംഘപരിവാറിനേക്കുറിച്ചു പഠിച്ച്‌ ഡോക്ടറേറ്റു നേടിയ ക്രൈസ്തവപുരോഹിതന്‍ - കയ്യൊപ്പിനു മറുപടി

എന്റെ മറ്റൊരു പോസ്റ്റില്‍ കയ്യൊപ്പ്‌ നല്‍കിയ കമന്റിനുള്ള മറുപടിയാണിത്‌.

(നാലുപേര്‍ക്കുള്ള മറുപടികളുടെ പരമ്പരയില്‍ മൂന്നാമത്തേത്‌. അടുത്തത്‌ വിചാരത്തിന്‌)

>> ഒരു സംഘടനയുടെ പ്രത്യയശാസ്ത്ര അടിത്തറ തുറന്നു സമ്മതിക്കാനുള്ള തന്റേടമെങ്കിലും താങ്കളില്‍ നിന്നും ഇപ്പോഴും പ്രതീക്ഷിക്കുന്നു. അതില്ലെങ്കില്‍ ഈ ‘സംഘ’ത്തെ അറിയാനുള്ള എളിയ ശ്രമമാണിത് എന്ന താങ്കളുടെ വാദം കേവലമൊരു ചിരിയില്‍ ഇവിടെ നിര്‍ത്താം. <<

കയ്യൊപ്പേ,
ചില പൊതുസംശയങ്ങള്‍ ചോദിച്ചതിനുശേഷം മറുപടിയിലേക്കു വരാം.


  • ഒരാള്‍ക്ക്‌ സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ചറിയാന്‍ താല്‍പര്യമുണ്ടാവില്ല എന്നു താങ്കള്‍ കരുതുന്നുവെങ്കില്‍ അതെന്തുകൊണ്ടാണ്‌?


താങ്കള്‍ക്കൊരുപക്ഷേ സംഘപ്രസ്ഥാനങ്ങളേക്കുറിച്ച്‌ ധാരാളം വായിക്കാനും പഠിക്കാനും സ്റ്റഡി ക്ലാസ്സുകളില്‍ പങ്കെടുക്കാനുമൊക്കെ വളരെമുമ്പേതന്നെ കഴിഞ്ഞിട്ടുണ്ടാവണം. ഞാനാണെങ്കില്‍, അവരെപ്പറ്റിയുള്ള വിജ്ഞാന സമ്പാദനം ആരംഭിച്ചിട്ട്‌ കേവലം രണ്ടു വര്‍ഷത്തോളമേ ആകുന്നുള്ളൂ. അതാകട്ടെ, മിക്കവാറും വളരെ നീണ്ട ഇടവേളകളില്‍, ഒഴിവു സമയങ്ങളില്‍ മാത്രവും. അവരുടെ ഏതെങ്കിലും നിലപാടുകളോട്‌ അനുഭാവപൂര്‍ണ്ണമായ എന്തെങ്കിലും ചിന്തകളുദയം ചെയ്തതിനും പരമാവധി ഒരു ആറേഴു വര്‍ഷത്തിനപ്പുറം പഴക്കമുണ്ടെന്നും തോന്നുന്നില്ല.

സംഘവിരുദ്ധ വിജ്ഞാനത്തിന്റെ കാര്യത്തിലും ഞാന്‍ പിറകില്‍ത്തന്നെ. വലിയ പക്വതയൊന്നും അവകാശപ്പെടാന്‍ കഴിയാതിരുന്ന കാലത്ത്‌ അല്ലറ ചില്ലറ മുദ്രാവാക്യം വിളികളും പ്രകടനങ്ങളുമൊക്കെ നടത്തിയിട്ടുണ്ടെന്നല്ലാതെ സംഘവിരുദ്ധ/പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു അനുഭവജ്ഞാനമൊന്നും എനിക്കവകാശപ്പെടാനില്ല. എന്റെ പരിമിതമായ അറിവിനേക്കുറിച്ചു സമ്മതിച്ചു കൊണ്ടുള്ള വാചകങ്ങളേ ഞാന്‍ എഴുതാറുള്ളൂ.

പലതിനാലും സ്വാധീനിക്കപ്പെടാമെങ്കിലും, എനിക്ക്‌ എന്റേതായ ചിന്താധാരയുണ്ട്‌. ആ കാഴ്ചപ്പാടുകളും വിലയിരുത്തലുകളുമൊക്കെയാണ്‌ ഞാനവതരിപ്പിക്കുന്നത്‌. എന്തു സമ്മതിച്ചു തരാനുള്ള തന്റേടമാണ്‌ ഞാന്‍ കാണിക്കേണ്ടത്‌? താങ്കളുടെ ഒരു കാഴ്ചപ്പാട്‌ ശരിയാണെന്നു ഞാന്‍ സമ്മതിച്ചു തരണമെന്നു പറയുന്നതു പോലെയല്ലേ അത്‌? ഓരോന്നു കൊണ്ടും ഓരോരുത്തര്‍ എന്താണുദ്ദേശിക്കുന്നത്‌ എന്നത്‌ തികച്ചും ആപേക്ഷികമാണ്‌ എന്ന കാര്യത്തിലെങ്കിലും താങ്കളെന്നോടു യോജിക്കുമെന്നു കരുതുന്നു. “സംഘം ബ്രാഹ്മണാധിപത്യമാണ് ലക്ഷ്യം വയ്ക്കുന്നത്‌ - മറ്റുള്ളവര്‍ പുറത്തുപോകണമെന്നാണവര്‍ പറയുന്നത്‌“ എന്നൊക്കെയുള്ള പരമാബദ്ധങ്ങളാണോ ഞാന്‍ സമ്മതിച്ചു തരേണ്ടത്‌? ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ എവിടമാണ് അകം? എവിടമാണ് പുറം? പ്രത്യയശാസ്ത്ര അടിത്തറയേപ്പറ്റിയൊക്കെയുള്ള എന്റെ ചില ചിന്തകള്‍ അടുത്ത പോസ്റ്റില്‍ എഴുതാം.

‘എളിയ ശ്രമം’, ‘കേവലമൊരു ചിരി’ എന്നൊക്കെയുള്ള പ്രയോഗങ്ങളിലെ പ്രകടമായ പരിഹാസം എന്നെ ദു:ഖിപ്പിക്കുന്നില്ല. എന്റെ പശ്ചാത്തലത്തേപ്പറ്റി താങ്കള്‍ എന്തു വേണമെങ്കിലും ധരിച്ചു കൊള്ളുക. നുണപറയാന്‍ മനസ്സൊരുങ്ങാത്തിടത്തോളം കാലം ഞാനൊരു സംഘപ്രവര്‍ത്തകനല്ല എന്നതില്‍ ഞാനുറച്ചുനില്‍ക്കും. അവരേക്കുറിച്ചു പഠിക്കാന്‍ തുനിഞ്ഞതും, പ്രചാരണങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്‌ പല നിലപാടുകളോടുമുള്ള അനുഭാവത്തിലേക്കെത്തിച്ചതുമെല്ലം എവിടെയോ പറഞ്ഞു വച്ചിട്ടുണ്ട്‌. പലര്‍ക്കുമായി എഴുതുന്നതു കൊണ്ട്‌ എവിടെയെന്നോര്‍ക്കുന്നില്ല. അതൊന്നും ആവര്‍ത്തിക്കേണ്ട എന്തെങ്കിലും ആവശ്യമുണ്ടെന്നു കരുതുന്നുമില്ല.

(തുടരും)
അടുത്ത പോസ്റ്റ്‌ - "ഗോള്‍വള്‍ക്കറെ പേടിച്ച്‌ എത്ര നാള്‍?"

Wednesday, April 11, 2007

ബുദ്ധദേവിനെയോ മോഡിയേയോ സ്വന്തം പാര്‍ട്ടികള്‍ തള്ളിപ്പറയുമോ? - കണ്ണൂസിനു മറുപടി

എന്റെ മറ്റൊരു പോസ്റ്റില്‍ കണ്ണൂസ്‌ നല്‍കിയ കമന്റിനുള്ള മറുപടിയാണിത്‌. (നാലുപേര്‍ക്കുള്ള മറുപടികളുടെ പരമ്പരയില്‍ രണ്ടാമത്തേത്‌. അടുത്തത്‌ കയ്യൊപ്പിനും വിചാരത്തിനും)

-----------------------------------------------------
[കണ്ണൂസ്‌]
>> നരേന്ദ്രമോഡിയുടെ സന്ദര്‍ശനം എന്തു കൊണ്ട്‌ ഒരു മുന്‍വിധിയോടെ മാധ്യമങ്ങള്‍ നോക്കിക്കണ്ടു എന്നതാണ്‌ താങ്കളുടെ ഈ നീണ്ട പോസ്റ്റിന്റെ സാംഗത്യം എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന് ഊന്നിപ്പറയുകയാണ്‌ പോസ്റ്റിന്റെ ഉദ്ദേശമെന്നും. <<

തെറ്റ്‌. മാദ്ധ്യമങ്ങള്‍ മുന്‍വിധിയോടെയേ നോക്കിക്കാണൂ എന്നതില്‍ എനിക്കൊരു സംശയവുമില്ല. അതിന്‌ ഓരോരുത്തര്‍ക്കും അവരവരുടേതായ കാരണങ്ങളും (ആവശ്യങ്ങളും) ഉണ്ട്‌. എന്റെ പോസ്റ്റുകൊണ്ട്‌ ഞാനെന്താണുദ്ദേശിച്ചതെന്ന്‌ അതിന്റെ ആദ്യത്തെ രണ്ടുവരിയില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

പ്രസംഗം നടന്നു കഴിഞ്ഞതിനുശേഷം എങ്ങനെയാണ്‌ മുന്‍വിധികള്‍ ഉണ്ടാകുന്നത്‌? മുന്‍വിധിയില്‍ മാത്രമല്ല പിന്‍വിധിയിലും തെറ്റുകളുണ്ട്‌. ദേശാഭിമാനി എഴുതിയത്‌ 'മോഡി വിഷം ചീറ്റി'(!) എന്നൊക്കെയാണ്‌. ഗോള്‍വള്‍ക്കറാണ്‌ സംഘം സ്ഥാപിച്ചത്‌(!) എന്നുപോലും എഴുതിക്കളഞ്ഞു അവര്‍. മറ്റു മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊക്കെ അതു വലിയ തമാശയ്ക്കു വക നല്‍കിയിരുന്നു കുറച്ചു നാള്‍. കണ്ണുമടച്ചുള്ള ഈ പ്രയോഗങ്ങളെ മാതൃഭൂമി കളിയാക്കുകയും ചെയ്തിരുന്നു ഒരു ലക്കത്തില്‍. ദേശാഭിമാനി എന്ത്‌ എഴുതിയെന്നത്‌ മറ്റൊരു പോസ്റ്റായി ഇടുന്നുണ്ട്‌.

എന്തും എഴുതി വിടാം - ചോദ്യം ചെയ്യപ്പെടുകയില്ല എന്ന മാദ്ധ്യമഭീമന്മാരുടെ അഹങ്കാരത്തിന്‌ കാലം നല്‍കുന്ന തിരിച്ചടിയാണ്‌ ബ്ലോഗ്‌ എന്ന മാദ്ധ്യമം. മോഡിയുടെ പ്രസംഗം തന്നെ പോസ്റ്റു ചെയ്യാന്‍ ഞാനൊരുങ്ങുകയാണ്‌. അതിനു മുന്നോടിയായ ഈ പോസ്റ്റ്‌ ഒന്നു വായിക്കുക.

-----------
[കണ്ണൂസ്‌]
>> താരതമ്യേനെ രൂക്ഷത കുറഞ്ഞ ഒരു കലാപത്തിന്റെ പേരില്‍ ഇത്രയും പ്രശ്‌നമുണ്ടാക്കുന്ന ഒരു സംഘടനക്കോ അതിന്റെ വക്താക്കള്‍ക്കോ ഇങ്ങനെ ഒരു കാര്യം ഉന്നയിക്കാനുള്ള ധാര്‍മികമായ അവകാശം ഇല്ല എന്ന് ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ഞാന്‍ ചെയ്തത്‌.<<


താങ്കളുടെ ഈ വാചകം സത്യത്തില്‍ എനിക്കു മനസ്സിലായില്ല. അതുമായി ബന്ധപ്പെട്ട്‌ അഞ്ചു ചോദ്യങ്ങളാണ്‌ എനിക്കുള്ളത്‌.

രൂക്ഷത കുറഞ്ഞ ഏതു കലാപം?
എത്രയും പ്രശ്നം?
ഏതു സംഘടന?
ആരൊക്കെയാണു വക്താക്കള്‍?
അവരെന്താണ്‌ ഉന്നയിച്ചത്‌?

ആകെപ്പാടെ ആശയക്കുഴപ്പമായിപ്പോകുന്നു. സംഘമാണോ താങ്കളുദ്ദേശിച്ച സംഘടന? മോഡിയുടെ വരവ്‌ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത രീതിയേപ്പറ്റി അവര്‍ എന്തെങ്കിലും പറഞ്ഞുവോ? എനിക്ക്‌ അവരുടെ നിലപാടറിയാന്‍ ആകാംക്ഷയുണ്ട്‌. പരതിനോക്കിയിട്ടൊന്നും കിട്ടിയില്ല. താങ്കളുടെ ശ്രദ്ധയില്‍ എന്തെങ്കിലും പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കുക. അവരതൊന്നും വലിയ കാര്യമാക്കിയിട്ടുണ്ടാവില്ല എന്നാണു ഞാന്‍ കരുതുന്നത്‌.

-----------
[കണ്ണൂസ്‌]

>> സിഖ്‌ വിരുദ്ധ കലാപങ്ങള്‍ ആസൂത്രണം ചെയ്തവരേയും നടപ്പാക്കിയവരേയും - സജ്ജന്‍ കുമാര്‍, ഭഗത്‌, ടൈറ്റ്‌ലര്‍ - വൈകിയാണെങ്കിലും തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സ്‌ നിര്‍ബന്ധിതമായി. നന്ദിഗ്രാമിന്റെ കാര്യത്തില്‍ ജനങ്ങളോട്‌ ഉത്തരം പറയാന്‍ CPM-ഉം ബാധ്യസ്ഥരാണ്‌. പക്ഷേ, മോഡി ഇന്നും BJP യുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ത്തന്നെ ഇരിക്കുമ്പോള്‍ ..... <<

പാര്‍ട്ടിക്കും ഭൂരിഭാഗം ജനങ്ങള്‍ക്കും പൂര്‍ണ്ണമായും അനഭിമതരായ നേതാക്കന്മാരുടെ കാര്യത്തില്‍ മാത്രമേ ഈ തള്ളിപ്പറച്ചില്‍ സംഭവ്യമാകുകയുള്ളൂ എന്നതല്ലേ സത്യം? കോണ്‍ഗ്രസ്‌ ഈയിടെ നട്‌വറിനെ തള്ളി. നഷ്ടമില്ലാത്തതു കൊണ്ട്‌. ബുദ്ധദേവിനെ സി.പി.എം. തള്ളിപ്പറയുമോ? അസാദ്ധ്യമാണത്‌.

ആദ്യത്തെ പ്രശ്നങ്ങള്‍ അടങ്ങിയതിനുശേഷവും അതിന്റെ രൂക്ഷത വ്യക്തമാക്കുന്ന കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. ഭംഗപുര പാലത്തിനു സമീപം നിന്ന്‌ കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരം ലഭിച്ചു. കിലോമീറ്ററോളം നീളത്തില്‍ കാണപ്പെട്ട ചോരപ്പാടുകള്‍, കാണാതായവരില്‍ ഭൂരിഭാഗം പേരും മരിച്ചിട്ടുണ്ടെന്നും ശവശരീരങ്ങള്‍ ബലമായി മറവു ചെയ്യപ്പെട്ടു എന്നുമുള്ള സംശയം ബലപ്പെടുത്തുന്നു. ബലാല്‍സംഗ ആരോപണം സത്യമായിരുന്നുവെന്ന്‌ പോലീസ്‌ സമ്മതിച്ചു. ഇതിലൊന്നും ആരും ആരെയും തള്ളിപ്പറയണ്ട. ഏതെങ്കിലുമൊരു പുരോഗമന സാഹിത്യകാരന്‍ അതേപ്പറ്റി ഒരൊറ്റ വരി കവിത എഴുതാന്‍ തയ്യാറാകുമോ? അസംഭവ്യമാണത്‌. ഞാനതില്‍ തെറ്റൊന്നും കാണുന്നില്ല. നമ്മളെല്ലാം മനുഷ്യരാണ്‌. നമുക്കു പക്ഷചിന്തകളുണ്ട്‌.

മോഡിയെ ബി.ജെ.പി.യും തള്ളിപ്പറയും എന്നു കരുതുക വയ്യ. അദ്ദേഹം ജനങ്ങള്‍ക്കും പാര്‍ട്ടിക്കും സമ്പൂര്‍ണ്ണമായി അനഭിമതനല്ല എന്നതു തന്നെ കാരണം. കലാപം സൃഷ്ടിച്ച കളങ്കം നിലനിര്‍ത്തുവാന്‍ എതിരാളികള്‍ക്കു കഴിയുന്നുണ്ടെങ്കില്‍പ്പോലും വികസനനേട്ടങ്ങളുടെ കാര്യത്തില്‍ മോഡിയുടെ ഇമേജ്‌ - ബുദ്ധദേവ്‌ അടക്കം സമ്മതിച്ചു തരുന്നത്‌ - പാര്‍ട്ടിയെ സഹായിക്കുക കൂടി ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. മോഡി ആര്‍ക്കൊക്കെ അനഭിമതനാണോ അവരൊക്കെ ഇപ്പോഴും തള്ളിപ്പറയുന്നുണ്ട്‌. പിന്നെ - ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയിലൊക്കെ മാദ്ധ്യമങ്ങള്‍ മാത്രമാണ്‌ പൊക്കിക്കൊണ്ടു വരുന്നതെന്നാണെനിക്കു തോന്നുന്നത്‌. തളര്‍ത്താന്‍ ശ്രമിച്ച്‌ വളര്‍ത്തുന്നതിന്റെ മറ്റൊരുദാഹരണം.

-----------
[കണ്ണൂസ്‌]

>> എനിക്ക്‌ സംശയമുണ്ട്‌. സ്വകാര്യമെന്ന് പറയാവുന്ന ഒരു സംഭാഷണത്തില്‍ ഒരു പത്രലേഖകനോട്‌ വാജ്‌പേയി പറഞ്ഞ ഒരു വാചകം അല്ലാതെ ഏതവസരത്തിലാണ്‌ കലാപത്തില്‍ മോഡി സര്‍ക്കാരിന്റെ നിഷ്ക്രിയത BJP അംഗീകരിച്ചിട്ടുള്ളത്‌? <<

ഗുജറാത്ത്‌ കലാപവും അക്ഷര്‍ധാം ക്ഷേത്രാക്രമണവുമൊക്കെ തടയാന്‍ കഴിയാതിരുന്നതിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കുകയും കേന്ദ്രനേതൃത്വം പോലും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ഇതൊന്നും നമ്മളറിഞ്ഞില്ലായെങ്കില്‍ - വാജ്‌പേയിയുടെ സ്വകാര്യ(!) സംഭാഷണം മാത്രമേ കേട്ടുള്ളൂവെങ്കില്‍ - കുറ്റം നമ്മുടേതോ പാര്‍ട്ടിയുടേതോ അല്ല. അതൊക്കെ മറച്ചുപിടിച്ച നമ്മുടെ മാദ്ധ്യമങ്ങളുടേതാണ്‌. നന്ദിഗ്രാമില്‍ നടന്നത്‌ സ്വയരക്ഷയ്ക്കു വേണ്ടിയുള്ള വെടിവയ്പാണെന്ന്‌ പിണറായി വിജയന്‍ പറഞ്ഞപ്പോള്‍, ബുദ്ധദേവ്‌ പറഞ്ഞത്‌ അത്‌ മുസ്ലിം മതമൗലികവാദികള്‍ ഒപ്പിച്ച പണിയാണെന്നാണ്‌. രണ്ടു തവണ പൊതുവേദികളില്‍ അദ്ദേഹം അതു പറഞ്ഞിരുന്നു. ആ പരാമര്‍ശം ഏതെങ്കിലുമൊരു മലയാളപത്രത്തിലൂടെ താങ്കളറിഞ്ഞിരുന്നോ?

വാര്‍ത്തകള്‍ തമസ്ക്കരിക്കപ്പെടുന്നുണ്ട്‌. അതൊരു യാഥാര്‍ത്ഥ്യമാണ്‌. അതൊക്കെ തുറന്നു കാട്ടാന്‍ സഹായിക്കേണ്ടത്‌ ബ്ലോഗുകളൊക്കെയാണ്‌. അങ്ങനെ ചെയ്യാന്‍ നമുക്ക്‌ "ധാര്‍മ്മികമായ അവകാശമുണ്ടോ" എന്ന്‌ ചര്‍ച്ച ചെയ്തു നിന്നാല്‍ കാലം കടന്നുപോകും. ഈ ബ്ലോഗ്‌ സ്വാതന്ത്ര്യം ഒക്കെ എത്ര നാള്‍ ഉണ്ടാവുമെന്ന്‌ ആര്‍ക്കറിയാം?

-----------
[കണ്ണൂസ്‌]

>> ഗുജറാത്തില്‍ മോഡിക്കുള്ള പിന്തുണ കിട്ടിയ വോട്ടിന്റെ കണക്ക്‌ വെച്ചാണ്‌ നിരത്തുന്നതെങ്കില്‍, കാണാപ്പുറം കഴിഞ്ഞ കമന്റില്‍ സൂചിപ്പിച്ച പോളിംഗ്ബൂത്തില്‍ ഇരിക്കാന്‍ ആളെ കിട്ടാത്ത സ്ഥിതി തന്നെ അതിന്‌ ഉത്തരം. <<

വികസനനേട്ടങ്ങളുടെയും ജനപ്രിയതയുടെയുമെല്ലാം അടിസ്ഥാനത്തില്‍ നടത്തപ്പെട്ട അഭിപ്രായസര്‍വേകളാണ്‌ ഞാനുദ്ദേശിച്ചത്‌. അവയില്‍ പങ്കെടുക്കുന്നവര്‍ പോളിംഗ്‌ ബൂത്തിലല്ലല്ലോ ചെല്ലുന്നത്‌. ഗുജറാത്തിലുള്ളവര്‍ മാത്രമല്ല പങ്കെടുക്കുന്നതും. സര്‍വ്വേ സംഘടിപ്പിച്ചത്‌ പലപ്പോഴും മോഡി വിരുദ്ധരാണു താനും. മോഡിയ്ക്ക്‌ 75% വരെ സമ്മതി ലഭിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്‌. അദ്ദേഹത്തോട്‌ എത്രമാത്രം വിരോധമോ വിയോജിപ്പോ ഉണ്ടായിരുന്നാലും ശരി - നമ്മളിതൊന്നും കാണാതിരുന്നിട്ട്‌ ഒരു കാര്യവുമില്ല. അസൂയാവഹമായ പുരോഗതി ഗുജറാത്ത്‌ കൈവരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും. മോഡി ഒരുതരം വാശിയോടെയാണ്‌ പ്രവര്‍ത്തിച്ചു കാണിക്കുന്നതെന്നാണ്‌ എനിക്കു തോന്നുന്നത്‌. എന്തായാലും ഏകപക്ഷീയമായ ആക്രമണങ്ങള്‍ കൊണ്ട്‌ ഗുജറാത്തിനു ഗുണം കിട്ടുന്നതു കൊള്ളാം. ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ തീര്‍ച്ചയായും ന്യൂനപക്ഷങ്ങളുമുണ്ടാവും എന്നതോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

പിന്നെ - ബൂത്ത്‌ നിയന്ത്രണത്തിന്റെ മാര്‍ക്സിസ്റ്റ്‌ ശൈലി ബി.ജെ.പി. എവിടെയെങ്കിലും കടമെടുത്തതായി ആരോപിച്ചു കേട്ടിട്ടില്ല. അല്ലെങ്കില്‍ത്തന്നെ ഗുജറാത്തില്‍ മുഴുവന്‍ ബി.ജെ.പി. ആധിപത്യമാണ്‌ എന്നൊന്നും എനിക്കു തോന്നുന്നില്ല. 2002-ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ സ്വാധീനമുള്ള സ്ഥലങ്ങളില്‍പോലും അവര്‍ പരാജയപ്പെട്ടിരുന്നു. മറ്റിടങ്ങളില്‍ മുന്നേറാനായെങ്കിലും. അതുപോലെ 2002-ല്‍ വലിയ 'കുതിച്ചു ചാട്ട'മൊന്നും നടത്തിയിട്ടുമില്ല. അതിനു മുമ്പേ തന്നെ 111 സീറ്റുണ്ടായിരുന്നു. അത്തവണ പത്തു പതിനഞ്ചു സീറ്റുകള്‍ കൂടിയത്‌ അത്ര വലിയ നേട്ടമൊന്നുമല്ല. അതു തന്നെ ബി.ജെ.പി.യുടെ വളര്‍ച്ച എന്നതിനേക്കാളും കോണ്‍ഗ്രസിന്റെ തളര്‍ച്ചയായിട്ടാണ്‌ പ്രാദേശികരാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിക്കണ്ടത്‌.

വൈത്തോ:- ഇതിവിടെ ഓ.ടോ. ആണ്‌ എന്നാലും പറയാം. ഇക്കഴിഞ്ഞയിടെ എന്‍.ഡി.ടി.വി. പ്രതിനിധി ശ്രീനിവാസന്‍ ജെയിന്‍ മോഡിയുമായി ഒരു ഇന്റര്‍വ്യൂ നടത്തിയത്രേ. കലാപം കഴിഞ്ഞ്‌ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയുന്നവരുടെ ദയനീയാവസ്ഥയേപ്പറ്റി ചോദിച്ചപ്പോള്‍, 'ഈപ്പറയുന്ന അഭയാര്‍ത്ഥിക്യാമ്പുകള്‍ എവിടെയാണെന്നു കാണിച്ചു തന്നാല്‍ നമുക്ക്‌ ഇപ്പോള്‍ത്തന്നെ അവിടെപ്പോകാം' എന്നായിരുന്നത്രേ മറുപടി. അത്രയും ചങ്കൂറ്റത്തോടെ പറയാന്‍ കഴിയണമെങ്കില്‍, ഇപ്പോള്‍ ക്യാമ്പുകള്‍ നിലവിലില്ല എന്നതു സത്യമാവണം. ആരു പറയുന്നതാണോ ആവോ വിശ്വസിക്കേണ്ടത്‌?

വിചാരണകൂടാതെ ഒമ്പതു വര്‍ഷമായി തടവില്‍ക്കഴിയുന്നൊരാളുടെ കാര്യം ഇക്കഴിഞ്ഞയിടെപ്പോലും വായിച്ചതേയുള്ളൂ. ഇപ്പോള്‍ ദാ വാര്‍ത്ത വരുന്നു 'വിചാരണ കഴിഞ്ഞു - മൊത്തം രണ്ടായിരത്തോളം പേരെ വിസ്തരിച്ചു എന്ന്‌. അപ്പോള്‍ വിചാരണ എന്നു തുടങ്ങി? ഒറ്റ രാത്രി കൊണ്ട്‌ അത്‌ അവസാനിച്ചുവോ? ഇതൊക്കെ ധൈര്യപൂര്‍വ്വം ചോദിക്കുവാന്‍ ആരുമില്ലാത്തതില്‍ വ്യസനമില്ല. പത്രങ്ങളെ അന്ധമായി വിശ്വസിക്കുന്നതിലേ വിഷമമുള്ളൂ. അവരില്‍ ചിലരെങ്കിലും നുണ പറയും. കല്ലു വച്ച നുണ. അവരെ എനിക്കു വിശ്വാസമില്ല തന്നെ!

Tuesday, April 10, 2007

സംഘം - പുസ്തകങ്ങള്‍ - സംവരണത്തിന്റെ നകുലപക്ഷം - 'വിമത'നുള്ള മറുപടികള്‍

എന്റെ മറ്റൊരു പോസ്റ്റില്‍ വിമതന്‍ നല്‍കിയ കമന്റിനുള്ള മറുപടിയാണിത്‌. നാലുപേര്‍ക്കുള്ള മറുപടികളുടെ പരമ്പരയില്‍ ആദ്യത്തേത്‌ (ഇനി വരുന്നത്‌ കണ്ണൂസിനും, വിചാരത്തിനും കയ്യൊപ്പിനും)
-----------------------------------------------------------------
[വിമതന്‍]
>> പ്രിയ നകുലന്‍, താങ്കള്‍ ഇങനെ എഴുതി “ഗോള്‍വള്‍ക്കര്‍ സംഘനേതൃനിരയിലെത്തുന്നതിനും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘം ഭാ‍രതമാസകലം വ്യാപിക്കുന്നതിനും, സംഘത്തിന്റെ ആശയധാരയും കര്‍മ്മ പദ്ധതികളും കാര്യക്രമങ്ങളുമെല്ലാം അതിന്റെ ഏതാണ്ട്‌ പൂര്‍ണ്ണവികസിതമായ (ഇന്നത്തെ)രൂപത്തിലെത്തുന്നതിനുമെല്ലാം പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ, അദ്ദേഹം യുവാവായിരുന്നപ്പോള്‍ എഴുതിയ (വിവര്‍ത്തനം നടത്തുക മാത്രമായിരുന്നു എന്നുമൊരു തര്‍ക്കമുണ്ട്‌) ഒരു പുസ്തകത്തിലെ ഏതാനും ചില വരികളുദ്ധരിച്ചു കൊണ്ട് - ‘ഇതൊക്കെയാണ് ഇവരുടെ പരിപാടി‘ എന്ന പരമാബദ്ധവും വിശ്വസിച്ച്‌ (വിശ്വസിപ്പിച്ചും) - ഇന്നത്തെക്കാലത്ത്‌ അവരെ എതിര്‍ത്തു മുന്നേറുന്നതിന്‌ ഒരു പരിധിയുണ്ടെന്നും അതില്പരമൊരു മൌഢ്യമില്ലെന്നും ഇനിയെങ്കിലും മനസ്സിലാക്കുക”.

മേല്‍പ്പറഞതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ഗോള്‍വാര്‍ക്കര്‍ ചെറുപ്പത്തില്‍ എഴുതിയത് പില്‍ക്കാലത്ത് തള്ളിപ്പറഞ്ഞിട്ടുണ്ടോ? അതോ അന്ന് പറഞ്ഞിരുന്ന കാര്യങള്‍ ആര്‍ എസ്സ് എസ്സ് ഇന്ന് അംഗീകരിക്കുന്നില്ല എന്നാണോ? അതൊ, മേല്‍പ്പറഞ്ഞ പുസ്തകം ഗോള്‍വള്‍ക്കര്‍ എഴുതിയതല്ല , മറിച്ച് മറ്റാരോ എഴുതിയത് ഗോള്‍വള്‍ക്കര്‍ വിവര്‍ത്തനം ചെയ്യുക മാത്രമേ ചെയ്തുള്ളൂ, അതുകൊണ്ട് അതില്‍ പറഞ്ഞ കാര്യങള്‍ ഒന്നും ഗോള്‍വാള്‍ക്കരുടേയൊ, സംഘത്തിന്റെയോ അഭിപ്രായമല്ല എന്നാണോ വിവക്ഷ? അങിനെയാണെങ്കില്‍ എന്തുകോണ്ട് സംഘത്തിന്റെ ഔദ്യോഗിക നിലപാടായി അത് തുറന്നു പറയുന്നില്ല. <<

അല്ല വിമതന്‍ - അങ്ങനെയൊന്നുമല്ല മനസ്സിലാക്കേണ്ടത്‌. അതു തന്നെയാണ്‌ ആ വരിയുടെ സാംഗത്യവും. സംഘത്തെ വിമര്‍ശിക്കുന്നവര്‍ ഇപ്പോഴും അതുപോലുള്ള ചില വരികളെ ആശ്രയിക്കുകയാണ്‌. എന്നാല്‍ സംഘം ആ പുസ്തകത്തിനോ അതിലെ പരാമര്‍ശങ്ങള്‍ക്കോ ഒന്നും എന്തെങ്കിലും പ്രാധാന്യമോ പരിഗണനയോ കൊടുത്തു കാത്തു നില്‍ക്കുന്നതായിക്കാണുന്നില്ല. പലരും അത്തരമൊരു പുസ്തകത്തേപ്പറ്റി കേട്ടിട്ടുപോലുമില്ലാത്തത്ര തരത്തില്‍ അപ്രധാനമാണത്‌. സംഘം മറ്റു പലതുമാണ്‌. അവര്‍ ബഹുദൂരം മുമ്പോട്ടു പോയിട്ടുണ്ട്‌. അവരെ എതിര്‍ക്കണമെന്നുള്ളവര്‍ അവരുടെ ആശയഗതികളെയും വളര്‍ച്ചയേയും പിന്തുടര്‍ന്ന്‌ പ്രതിരോധമൊരുക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്‌. പകരം, ഗുരുജി സംഘചാലകനാവുന്നതിനു മുമ്പെങ്ങോ വിവര്‍ത്തനം ചെയ്ത ഒരു പുസ്തകത്തിലെ കാഴ്ചപ്പാടുകളെ തള്ളിപ്പറഞ്ഞിട്ടു മതി ബാക്കി കാര്യം എന്ന മട്ടില്‍ നിന്നാല്‍ അവിടെത്തന്നെ നില്‍ക്കുകയേയുള്ളൂ എന്നതാണു ഞാനുദ്ദേശിച്ചത്‌.

'നാമും നമ്മുടെ ദേശീയതയും' ഞാന്‍ വായിച്ചിട്ടില്ല. ഇത്തരം ചില ഭാഗങ്ങള്‍ ഉദ്ധരിച്ചു കേട്ടിട്ടേയുള്ളൂ. വിചാര ധാരയിലെ ചില ഭാഗങ്ങള്‍ വായിച്ചിട്ടുണ്ട്‌. അതേക്കുറിച്ചും ഹിന്ദുത്വത്തേക്കുറിച്ചു പൊതുവിലുമുള്ള ചില ചിന്തകള്‍ മറ്റൊരു പോസ്റ്റിലൂടെ (കയൊപ്പിനുള്ള മറുപടിയിലോ മറ്റോ) പങ്കു വയ്ക്കാം. അധികമാരും കേട്ടിട്ടുണ്ടാവില്ലാത്ത ഒന്നു രണ്ടു ഗോള്‍വള്‍ക്കര്‍ വചനങ്ങള്‍ മാത്രം ഇവിടെ പറഞ്ഞു വയ്ക്കാം.

"മത പരിവര്‍ത്തനം നടത്തുന്നതിന്‌ പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുവെന്നതൊഴിച്ചാല്‍ ക്രൈസ്തവരോട്‌ യാതൊരെതിര്‍പ്പും ഞങ്ങള്‍ക്കില്ല. മാത്രമല്ല, പല ഇന്ത്യന്‍ സഭകളും റോമില്‍ നിന്നു സ്വതന്ത്രമാകാനും സ്വയംഭരണത്തിനും നടത്തുന്ന നീക്കങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്‌."

"മുസ്ലീങ്ങളോടുള്ള ഏറ്റവും ഉചിതമായ നയം സ്നേഹം കൊണ്ട്‌ അവരുടെ കൂറ്‌ നേടിയെടുക്കുകയാണ്‌. പൂര്‍വ്വികര്‍ ഇന്ത്യ ഭരിച്ചിരുന്നവരാണെന്ന കാര്യം അവര്‍ മറക്കണം. മാതൃഭൂമിയായി വിദേശ ഇസ്ലാമിക രാജ്യങ്ങളെ കാണുന്നത്‌ അവര്‍ മതിയാക്കണം. ഭാരതീയതയുടെ മുഖ്യധാരയില്‍ അവര്‍ ലയിക്കണം. ചില വേളകളില്‍ മുസ്ലീങ്ങളുടെ പ്രവര്‍ത്തി കണ്ട്‌ പലരും ക്ഷുഭിതരാവാറുണ്ട്‌. പക്ഷേ ഹൈന്ദവരക്തത്തില്‍ അത്തരം പകയോ വിദ്വേഷമോ ദീര്‍ഘകാലത്തേയ്ക്കു നിലനില്‍ക്കില്ല."

------------
[വിമതന്‍]
>>മേല്‍പ്പറഞ്ഞ പുസ്തകം പോലെ , അല്ലെങ്കില്‍ മനുസ്മ്രിതി പോലെ, സ്ത്രീ-അവര്‍ണ്ണ വിരുദ്ധ നിലപാടുകള്‍ ഉണ്ട് എന്നു ആരോപിക്കപ്പെടുന്നവ, സംഘം കാലഹരണപ്പെട്ടതായി കണക്കാക്കി തള്ളീപ്പറഞ്ഞിട്ടുണ്ടോ? അതോ, അവയെ തള്ളിപ്പറയാതെ അവയ്ക്കൊക്കെ വെള്ളപൂശുന്ന പുതിയ വ്യാഖ്യാനങള്‍ ചമയ്ക്കുകയണോ ചെയ്യാറുള്ളത്?<<

മനുസ്മൃതി ഞാന്‍ വായിച്ചിട്ടില്ല. മനുസ്മൃതിയേപ്പറ്റി സംഘത്തിന്റെ ആദ്യകാല നേതാക്കന്മാര്‍ എന്താണു പറഞ്ഞിട്ടുള്ളതെന്നറിയില്ല. ഏതെങ്കിലും പുസ്തകങ്ങളില്‍ കാണുകയാണെങ്കില്‍ ശ്രദ്ധിക്കാം. എന്തായാലും നിങ്ങളുടെ ആരോപണങ്ങളില്‍ നിന്ന്‌ ഏതാണ്ടൊരു രൂപം എനിക്കൂഹിക്കാന്‍ കഴിയുന്നുണ്ട്‌. എപ്പോഴെങ്കിലും, ആ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യത്തിനെ ന്യായീകരിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിക്കാണണം.

വിമതന്‍, താങ്കള്‍ക്കും അറിവുള്ളതാണല്ലോ. ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെ കടന്ന്‌ തലമുറകളിലൂടെ കൈമാറിവന്ന ആചാരങ്ങളും ജീവിതരീതികളുമൊക്കെയാണ്‌ ഹൈന്ദവരുടേത്‌. സ്വാഭാവികമായും അതിന്‌ അതിന്റേതായ ശക്തിദൗര്‍ബല്യങ്ങളുണ്ട്‌. പലവിധ അനാചാരങ്ങളും ചില അന്ധവിശ്വാസങ്ങളുമൊക്കെ ഇടയ്ക്കു കടന്നുകൂടി. ജാതിവ്യവസ്ഥയുമെല്ലാം അതിനിടയ്ക്കുണ്ടായി. അസ്പൃശ്യതയും വിവേചനങ്ങളുമെല്ലാം നിലനിന്നു. വിദ്യാഭ്യാസവും മറ്റും ചില വിഭാഗങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു. ഇതൊക്കെ യാഥാര്‍ത്ഥ്യങ്ങളാണ്‌. സംഘത്തിന്റെ ആശയധാരയും കാര്യപദ്ധതിയുമൊക്കെ രൂപപ്പെടുത്തിയവര്‍ ഇതേക്കുറിച്ചൊന്നും ബോധവാന്മാരായിരുന്നില്ല എന്നു കരുതുന്നെങ്കില്‍ തികഞ്ഞ തെറ്റാണത്‌. അനാചാരങ്ങള്‍ ഒഴിവാക്കുന്നതിനു തന്നെയാണവര്‍ ആഗ്രഹിച്ചതും പരിശ്രമിച്ചതും. സമൂഹ്യ സമരസത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, ജാതീയമായ അകല്‍ച്ചകള്‍ പരമാവധി ഇല്ലാതാക്കി ഹിന്ദു ഏകത സാദ്ധ്യമാക്കുക എന്നതു തന്നെയായിരുന്നു അവര്‍ ലക്ഷ്യം വച്ചത്‌. അവര്‍ ജാതീയത പ്രോത്സാഹിപ്പിക്കുന്നു - മനുസ്മൃതി ആരാധിക്കുന്നു എന്നതൊക്കെ വെറും ആരോപണങ്ങള്‍ മാത്രമായിരുന്നു. ജാതി സമ്പ്രദായം നിലനില്‍ക്കുന്നതുകൊണ്ട്‌ ഹിന്ദു സമൂഹം ആക്ഷേപിക്കപ്പെട്ടപ്പോള്‍, അത്‌ വലിയ എതിര്‍പ്പിനു കാരണമായപ്പോള്‍, ജാതിവ്യവസ്ഥ ഒരുപക്ഷേ ആദിമകാലത്ത്‌ എന്തുകൊണ്ടു നിലവില്‍ വന്നു എന്നതിനൊരു വിശദീകരണം കണ്ടെത്തേണ്ടത്‌ സ്വാഭാവികമായും സംഘാധികാരികളുടെ ആവശ്യമായി മാറി. അതില്‍ അസ്വാഭാവികതയൊന്നുമില്ല. അവരതിന്‌ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടാവാം. അതു സ്വാഭാവികമായും ന്യായികരണങ്ങളുടെ രൂപം പ്രാപിച്ചേക്കാം. അത്തരമൊരു "ഉത്തരവാദിത്ത"ത്തില്‍ നിന്ന്‌ ഒഴിഞ്ഞു മാറിയാലാണ്‌ അവര്‍ ആക്ഷേപിക്കപ്പെടേണ്ടത്‌ എന്നു ഞാന്‍ കരുതുന്നു. ജാതീയതയുടെ പേരു പറഞ്ഞ്‌ ഹിന്ദുധര്‍മ്മം ഒന്നടങ്കം അവഹേളിക്കപ്പെട്ടപ്പോള്‍, പ്രതിരോധിക്കുന്നതിനായി മേല്‍പറഞ്ഞ തരം ചില വാദമുഖങ്ങള്‍ അവതരിപ്പിച്ചിരിക്കാം എന്നതുകൊണ്ട്‌ അവര്‍ "ജാതീയമായ ഉച്ചനീചത്വങ്ങളെ പ്രോത്സാഹിപ്പിച്ചു" എന്നു കരുതുന്നതിന്‌ യാതൊരു ന്യായീകരണവും ഞാന്‍ കാണുന്നില്ല.

'ന സ്ത്രീ സാതന്ത്ര്യമര്‍ഹതി' എന്ന്‌ അവസാനിക്കുന്ന ശ്ലോകം മാത്രമാണോ മനുസ്മൃതിയെ സ്ത്രീവിരുദ്ധമാക്കുന്നത്‌ എന്നൊന്നുമെനിക്കറിയില്ല. മനുസ്മൃതിയുമായി ബന്ധപ്പെട്ട്‌ ഞാന്‍ കേട്ടിട്ടുള്ളത്‌ അതു മാത്രമാണ്‌.

അതുള്‍ക്കൊള്ളുന്ന ആശയം എന്നതൊക്കെ ഓരോരുത്തര്‍ ചമയ്ക്കുന്ന വ്യാഖ്യാനങ്ങള്‍ക്കനുസരിച്ചല്ലേ വിമതന്‍? 'കൗമാരത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ധക്യത്തില്‍ പുത്രനും സംരക്ഷിക്കേണ്ടതുണ്ട്‌. ഒറ്റയ്ക്കലഞ്ഞ്‌ വശം കെടേണ്ട ദുര്‍ഗതി സ്ത്രീയ്ക്കു വരുത്തിക്കൂടാ' എന്നല്ലേ അര്‍ത്ഥമെന്നും അതു നല്ലതല്ലേയെന്നുമൊക്കെ ചിലര്‍ ചോദിച്ചു കേട്ടിട്ടുണ്ട്‌. 'ലോകത്ത്‌ സ്വാതന്ത്ര്യം അര്‍ഹിക്കുന്നത്‌ നായ്ക്കളും സ്ത്രീകളും മാത്രമാണ്‌' എന്നും ഒരു വിരുതന്‍ വിവര്‍ത്തനം ചെയ്തിരുന്നു. എന്തായാലും മനുവാദികളെന്ന പ്രയോഗമൊക്കെ ബ്രാഹ്മണ-ദലിത്‌ വിടവുകള്‍ മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഞാന്‍ കാണുന്നത്‌. സംഘം ജാതിവിടവുകളും അതിന്റെ പേരിലുള്ള മുതലെടുപ്പുകളും അസ്പൃശ്യതയുമെല്ലാം ഒഴിവാക്കാനാണ്‌ അന്നും ഇന്നും പ്രയത്നിക്കുന്നത്‌ എന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുകയാണ്‌. സംഘത്തെ ബ്രാഹ്മണക്കൂട്ടമായി ചിത്രീകരിക്കുന്നത്‌ ദലിത്‌ രാഷ്ട്രീയത്തിന്റെ ഒരു 'പ്രയോഗബാക്കി' മാത്രമാണ്‌. സത്യമല്ല അത്‌.

------------
[വിമതന്‍]

>>ഓ ടോ: മറ്റൊന്നുകൂടി , ഓ ബി സി സംവരണ പ്രശ്നത്തില്‍ സംഘത്തിന്റെ ഔദ്യോഗിക നിലപാട് എന്താണ് ?.<<

എനിക്കറിയില്ല വിമതന്‍. എനിക്കവരുടെ നിലപാടുകള്‍ അപ്പപ്പോള്‍ അറിയാനുള്ള ഒരു മാര്‍ഗ്ഗവുമില്ല. അല്ലെങ്കിലും, 'സാമൂഹ്യപിന്നാക്കാവസ്ഥയ്ക്കുള്ള ദീര്‍ഘകാലാടിസ്ഥാത്തിലുള്ള ഒരു പരിഹാരമെന്ത്‌' എന്ന വിഷയത്തിലോ മറ്റോ ആണെങ്കിലേ സംഘത്തിന്‌ ഒരു അഭിപ്രായപ്രകടനത്തിനു താല്‍പര്യമുണ്ടാവൂ എന്നു ഞാന്‍ കരുതുന്നു. ഇപ്പോള്‍ നടന്നത്‌ ഒരു രാഷ്ട്രീയ അടവു നാടകം മാത്രമാണ്‌. അതിലൊക്കെ പ്രതികരിക്കേണ്ടത്‌ രാഷ്ട്രീയ കക്ഷികളാണ്‌.

എന്റെ അഭിപ്രായം വേണമെങ്കില്‍ ചുരുക്കി അവതരിപ്പിക്കാം. വലിയൊരു ചര്‍ച്ചയ്ക്കു വകുപ്പുള്ള വിഷയമാണ്‌. രാജ്യപുരോഗതിക്ക്‌ എന്തെങ്കിലും പ്രയോജനം കിട്ടുന്ന കാര്യവുമാണ്‌. പക്ഷേ ഈയിടെയായി കുറച്ചധികം എഴുതിയതു കൊണ്ട്‌ ഉടനെ ഒരു ദീര്‍ഘ ചര്‍ച്ചയ്ക്ക്‌ ആരോഗ്യം പോലും സമ്മതിക്കുന്നില്ല.

ചില വിഭാഗങ്ങളുടെ സാമൂഹ്യ പിന്നാക്കാവസ്ഥ ഇനിയും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു എന്നത്‌ നമ്മുടെ രാഷ്ട്രതന്ത്രജ്ഞന്മാരുടെ പിടിപ്പുകേടുമാത്രമല്ല, നമ്മുടെ മൊത്തത്തിലുള്ള സാംസ്കാരികമായ പിന്നാക്കാവസ്ഥയും സൂചിപ്പിക്കുന്നുണ്ട്‌. ഒരു പരിഷ്‌കൃതസമൂഹം എന്നു വിശേഷിപ്പിക്കപ്പെടാന്‍ ആഗ്രഹമുള്ളവര്‍ എത്രയും പെട്ടെന്ന്‌ ഇത്തരം ജീര്‍ണ്ണതകളില്‍ നിന്ന്‌ പുറത്തു വരേണ്ടതുണ്ട്‌. അതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളും അവയുടെ പ്രയോഗസാധുതയുമൊക്കെ വിശദമായി പരിശോധിക്കേണ്ടതുണ്ട്‌. സംവരണം എത്രത്തോളം ഒരു പരിഹാരമാണ്‌ - അതുമാത്രമാണോ പരിഹാരം എന്നുമൊക്കെ ചിന്തിക്കേണ്ടതുണ്ട്‌. സംവരണം എന്നത്‌ ഇപ്പോഴും അനിവാര്യതയായിത്തന്നെ തുടരുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണെന്നു ഞാന്‍ കരുതുന്നു. ഇന്നത്തെ സാഹചര്യത്തില്‍ നമുക്കതില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കാനാവില്ല.

അര്‍ജുന്‍സിംഗിന്റെ '27%' എന്ന ധൃതി പിടിച്ചുള്ള പ്രഖ്യാപനം വന്നപ്പോള്‍ത്തന്നെ ഏതാണ്ടുറപ്പായിരുന്നു അത്‌ അംഗീകരിക്കപ്പെടുകയില്ല എന്ന്‌. യാതൊരു തയ്യാറെടുപ്പുമില്ലാതെയുള്ള ആ എടുത്തു ചാട്ടത്തില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല. എന്തടിസ്ഥാനത്തിലാണ്‌ സംവരണത്തോതും മറ്റും സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്‌ എന്ന കോടതിയുടെ ചോദ്യത്തിന്‌ അര്‍ജ്ജുന്‍ സിംഗിന്റെ കയ്യില്‍ ഉടന്‍ ഉത്തരം ഉണ്ടായിരുന്നില്ല. അതേക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ അനുവദിച്ച സമയം പോലും വേണ്ട വിധം വിനിയോഗിച്ചില്ലെന്നു വേണം കരുതാന്‍.

സംവരണം ഒരിക്കലും വേണ്ട എന്നല്ല - അതു ശാസ്ത്രീയമായി നടപ്പിലാക്കാന്‍ കഴിയും വിധം തുടര്‍ന്നും പഠനങ്ങള്‍ നടത്തണമെന്നാണ്‌ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ എന്നതുകൊണ്ട്‌ വിധി എല്ലാവരിലും സന്തോഷം തന്നെയാണു സൃഷ്ടിക്കേണ്ടത്‌.

'സംവരണവിരുദ്ധര്‍' എന്നു വിളിക്കപ്പെട്ടവരുടെ എതിര്‍പ്പ്‌ യഥാര്‍ത്ഥത്തില്‍ സംവരണത്തോടായിരുന്നില്ല. മറിച്ച്‌ യാതൊരു ശാസ്ത്രീയതയും ഉറപ്പു വരുത്താതെ നിശ്ചയിച്ച അതിന്റെ തോത്‌ - സംവരണാര്‍ഹരെ കണ്ടെത്തുന്നതിന്‌ ജാതി മാത്രം മാനദണ്ഡമാക്കുന്നത്‌ എന്നതൊക്കെയായിരുന്നു.

27% എന്ന തോത്‌ നിശ്ചയിക്കപ്പെട്ടതിന്റെ അടിസ്ഥാനം കോടതി മുമ്പു നിശ്ചയിച്ചിട്ടുള്ള മൊത്ത സംവരണ പരിധിയായ 50% എന്നതാണ്‌ (22.5% ഇപ്പോഴേ നിലവിലുണ്ട്‌) എന്നും, മൊത്തം സംവരണ പരിധി 60% ആയിരുന്നെങ്കില്‍ അര്‍ജുന്‍ സിംഗ്‌ കണ്ണുമടച്ച്‌ 37% പ്രഖ്യാപിച്ചേനെ എന്നുമുള്ള തോന്നല്‍, സംവരണത്തിലൂടെ അവസരങ്ങള്‍ നഷ്ടപ്പെടുന്നവരെ ചൊടിപ്പിച്ചു.

സംവരണം അടിച്ചേല്‍പ്പിക്കുന്നതിനു പകരം, സംയമനത്തിന്റെ പാത സ്വീകരിക്കുക എന്നത്‌ അപ്രായോഗികമൊന്നുമല്ല. ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ അത്‌ എതിര്‍ക്കപ്പെടുകയൊന്നുമില്ല. നിലവിലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ അവശവിഭാഗങ്ങള്‍ക്കു മാത്രമായി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക മുതലായ നല്ല നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്ത്‌ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു ആസൂത്രണവും കൂട്ടായ പ്രയത്നവുമൊക്കെ ഇവിടെ ആവശ്യമാണ്‌. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇച്ഛാശക്തിയുള്ള ആരെങ്കിലുമൊക്കെ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. ഇത്തരം രാഷ്ട്രീയ തീരുമാനങ്ങള്‍ വരുമ്പോള്‍ നമ്മുടെ കക്ഷിതാല്‍പര്യങ്ങളോ അല്ലെങ്കില്‍ ജാതിയോ മാത്രം ഓര്‍ത്ത്‌ "യെസ്‌" അല്ലെങ്കില്‍ "നോ" എന്നു മാത്രം പറഞ്ഞ്‌ സംഘടിച്ച്‌ സംഘര്‍ഷത്തിന്റെ പാതയിലേക്കു നിങ്ങുന്നവരാണു നമ്മളെങ്കില്‍, 'നമ്മളൊക്കെ രക്ഷപെട്ടിട്ടെന്തിനാണ്‌' എന്നു ചോദിച്ചു പോകും.

വൈത്തോ:- വിമതാ, താങ്കളുടെ ഈ അവസാന ചോദ്യം, സംഘത്തെയും സവര്‍ണ്ണതയെയും സംബന്ധിക്കുന്ന താങ്കളുടെ വിശ്വാസങ്ങള്‍ ഒന്നുകൂടി വെളിപ്പെടുത്തിയിരുന്നു. സംഘം എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നതില്‍ താങ്കള്‍ക്ക്‌ ആശയക്കുഴപ്പമുണ്ടെന്നു വ്യക്തമാണ്. എന്നെ വിശ്വസിക്കുക - സംഘത്തിന്റെ സവര്‍ണ്ണമുഖം എന്നത്‌ പൊയ്‌മുഖമാണ്‌. ദലിത്‌ രാഷ്ട്രീയത്തിന്റെ ചില വക്താക്കള്‍ ചേര്‍ന്നാണ്‌ ആ മുഖം സംഘത്തിന്റെ മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്‌. സംഘപ്രതിരോധത്തിനുള്ള തരക്കേടില്ലാത്ത ഒരു തന്ത്രം എന്ന നിലയില്‍.

Sunday, April 01, 2007

സംഘപരിവാര്‍ ബ്രാഹ്മണക്കൂട്ടമെന്ന്‌!!

മറുമൊഴിയില്‍ത്തന്നെയുള്ള മറ്റൊരു പോസ്റ്റില്‍, ‘കയ്യൊപ്പ്‌ ‘ എഴുതിയ ഒരു കമന്റിനുള്ള മറുപടിയാണിത്‌.

(1) >> (“അകലങ്ങള്‍ ഒരു പരിധി വിട്ട്‌ കുറയുന്നത്‌ ഇപ്പോള്‍‍പ്പോലും അത്രയ്കൊന്നും ആശാസ്യകരമല്ല” എന്ന് കാണാപ്പുറം!) >>

കയ്യൊപ്പേ, ദു:ഖത്തോടെ പറയട്ടെ - ഇത്ര വികലമായൊരു വായന - എടുത്തു പറയട്ടെ - വികലമായൊരു വായന - താങ്കള്‍ നടത്തുമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. അല്ലെങ്കില്‍ കുറേക്കൂടി വ്യക്തമാക്കി എഴുതിയേനെ. എന്തൊരു കഷ്ടമാണിത്‌!

എന്റെ വാചകം ഇങ്ങനെ വായിക്കാം.
“കമ്മ്യൂണിസ്റ്റുകള്‍ ജാതി പ്രോത്സാഹിപ്പിച്ചു എന്നു പറയുന്നില്ല. പക്ഷേ സവര്‍ണ്ണാധിപത്യത്തോടുള്ള എതിര്‍പ്പുകള്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുള്ള നിര്‍ണ്ണായകമായ ഏണിപ്പടികളായിരുന്നുവെന്നും അകലങ്ങള്‍ ഒരു പരിധി വിട്ട്‌ കുറയുന്നത്‌ ഇപ്പോള്‍പ്പോലും അത്രയ്കൊന്നും ആശാസ്യകരമല്ല എന്നും ആരും സമ്മതിക്കും“

ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാകും എന്നാണ് ഞാന്‍ കരുതിയത്‌. ഞാന്‍ പറഞ്ഞിരിക്കുന്നത്‌ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ഒരു പൊതു നിരീക്ഷണമാണ്. മറ്റു കാരണങ്ങള്‍ മറന്നുകൊണ്ടൊന്നുമല്ല ഇതു പറയുന്നത്‌. പക്ഷേ അകലങ്ങളുണ്ടായിരുന്നത്‌ അവരുടെ വളര്‍ച്ചയ്ക്കു സഹായിച്ചിട്ടുണ്ട്‌ എന്നും അതു കുറയുന്നത്‌ അവരെ സംബന്ധിച്ചിടത്തോളം ആശാസ്യകരമല്ല എന്നുമാണ് ഞാന്‍ പറഞ്ഞു വച്ചത്‌. അത്‌ ആ വാചകത്തില്‍ വളരെ വ്യക്തമായിരുന്നു എന്നു തന്നെ ഞാന്‍ ഇപ്പോളും കരുതുന്നു.

“അകലങ്ങള്‍ കുറയുന്നത്‌ ‘പൊതുവില്‍‘ ആശാസ്യകരമല്ല“ എന്നാണ് ഞാന്‍ പറഞ്ഞതെന്ന്‌ താങ്കളേപ്പോലെ പലരും തെറ്റിദ്ധരിച്ചുവെങ്കില്‍, നാണക്കേടു മൂലം ഒരാഴ്ചയെങ്കിലും ഞാനെന്റെ പേന താഴെ വയ്ക്കണം. മലയാളമറിയില്ലെങ്കില്‍ പഠിച്ചിട്ടു വേണം എഴുതാന്‍. അല്ല പിന്നെ!

താങ്കള്‍ പെട്ടെന്ന്‌ അങ്ങനെ തെറ്റിദ്ധരിച്ചതും എന്റെയൊരു അഭിപ്രായമായി അതിനെ ഒന്നുരണ്ടിടത്ത്‌ എടുത്തെടുത്ത്‌ എഴുതിയിരിക്കുന്നതും മറ്റുചില ധാരണകള്‍ മന‍സ്സില്‍ രൂഢമൂലമായിരിക്കുന്നതു കൊണ്ടാ‍ണ്. ആര്‍. എസ്.എസും സവര്‍ണ്ണതയും മറ്റും സംബന്ധിച്ച ചില ധാരണകള്‍ - ഞാന്‍ സംഘപ്രവര്‍ത്തകനാണെന്ന തോന്നല്‍ - അങ്ങനെ പലതും.

താങ്കള്‍ക്കു നെഞ്ചത്തു കൈവച്ചു പറയാമോ വെള്ളാപ്പള്ളിയും പണിക്കരുമെല്ലാം ചേര്‍ന്ന്‌ ഉയര്‍ത്തിക്കൊണ്ടു വന്ന ‘നായരീഴവഐക്യം’ (അതേക്കുറിച്ച്‌ എനിക്കു കൂടുതലൊന്നും പറയാനില്ല) തകര്‍ക്കേണ്ടത്‌ ഇടതുകക്ഷികളുടെയും കോണ്‍ഗ്രസിന്റെയുമെല്ലാം ആവശ്യമായിരുന്നില്ല എന്ന്‌? വെള്ളാപ്പള്ളിയെ ഇടത്തോട്ടും പണിക്കരെ വലത്തോട്ടും വലിച്ചാണ് (പഴയ സങ്കേതങ്ങളില്‍ത്തന്നെ തിരിച്ചെത്തിച്ച്‌)അത്‌ പിളര്‍ത്തിയതെന്ന്‌ അറിഞ്ഞു കൂടാത്തവരുണ്ടോ?

അകലങ്ങള്‍ കുറയുന്നത്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ - എടുത്തെടുത്തു പറഞ്ഞോട്ടെ - കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ആശാസ്യകരമായിരുന്നെങ്കില്‍, ജാതി വിരോധം മറന്നു നീങ്ങാനുള്ള രണ്ടു പ്രബല ഹിന്ദു സമുദായസംഘടനകളുടെ ഉദ്യമങ്ങളെ ഭര്‍ത്സിച്ചും പരിഹസിച്ചും തകര്‍ക്കാനുദ്ദേശിച്ചും ഓര്‍മ്മപ്പെടുത്തലുകളിലൂടെ ജാതി വിരോധം വീണ്ടുമുണര്‍ത്തിയും പഴയ പരാജയങ്ങള്‍ ഓര്‍മ്മിപ്പിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തിയുമെല്ലാമായി ഇടതുപക്ഷ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ലേഖനങ്ങള്‍ എന്തിനെഴുതിയവയായിരുന്നു? ഹിന്ദു സമൂഹം ജാതിചിന്ത വെടിഞ്ഞാല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നല്ലത്‌ എന്നാണോ? നല്ല കഥയായി! ജാതി മാത്രമല്ല- മതവും വെടിഞ്ഞ്‌ - ‘ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു‘ എന്നു വിളിച്ചു പറഞ്ഞ്‌ - മതനിഷേധം മനസ്സില്‍ നിറച്ച്‌ - മറ്റു രാഷ്ട്രീയകക്ഷികളോടുള്ള അനുഭാവവും വെടിഞ്ഞ്‌ - തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിനായുള്ള പോരാട്ടത്തില്‍ മുന്നണിപ്പടയാളികളായി സകലരും രംഗത്തിറങ്ങിയാല്‍ സര്‍വ്വം ശുഭം. അല്ലാത്തിടത്തോളം കാലം അല്പസ്വല്പം ജാതിയുള്ളതൊക്കെത്തന്നെയാണ് ഇടതുപാര്‍ട്ടികള്‍ക്കു ലാഭകരം. അതും നിഷേധിക്കാനാണു ഭാവമെങ്കില്‍ എനിക്കൊന്നും പറയാനില്ല.

സുഹൃത്തേ, കമ്മ്യൂണിസ്റ്റുകള്‍ ജാതി സ്പര്‍ദ്ധ വളര്‍ത്തിയെന്നു പറയാത്തിടത്തോളം എന്റെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കുക. അവര്‍ ജാതി സ്പര്‍ദ്ധ ഉപയോഗിച്ചിട്ടേയില്ല എന്നാണു പറയേണ്ടതെങ്കില്‍, ദയവായി എന്നെ അതിനു നിര്‍ബന്ധിക്കാതിരിക്കുക. ബ്ലോഗെഴുതാന്‍ മാത്രമല്ല - പാലായിലെ പാതിരിമാര്‍ക്കും പാലക്കാട്ടെ പട്ടന്മാര്‍ക്കും എങ്ങാണ്ടത്തെ നായന്മാര്‍ക്കുമൊക്കെ എതിരെ മുദ്രാവാക്യം വിളിച്ചു തരുമ്പോള്‍ ആവേശത്തില്‍ മുകളിലേയ്ക്കുയര്‍ത്താനും ഈ കൈകള്‍ ഉപയോഗിച്ചിരുന്നു. ഏതാണ്ടൊരു പതിനൊന്നു കൊല്ലം മുമ്പു വരെ. എന്നെ നിര്‍ബന്ധിക്കാതിരിക്കുക.

നായരീഴവ “ഐക്യം“ പോരിന്റെ രൂപത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെ ഒരു സംഭവമുണ്ടായിട്ടുണ്ട്‌. ഇടുക്കിയില്‍ ഒരു അമ്പലത്തില്‍ പൂജാരിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം. ആള്‍ നമ്പൂതിരി തന്നെയായിരിക്കണമെന്ന്‌ എന്‍.എസ്‌.എസും തന്ത്രവിദ്യപഠിച്ച ഈഴവനൊരാള്‍ അര്‍ഹനാണ് - അദ്ദേഹമാവണമെന്ന്‌ എസ്‌.എന്‍.ഡി.പി.യും! ഇത്തരം തര്‍ക്കങ്ങളില്‍ ഇടപെട്ടു കാണാറില്ലെങ്കിലും, സംഘത്തിന്റെ നിലപാട്‌ ഈഴവപക്ഷത്തിനാണ് അനുകൂലം എന്നതാണു യാഥാര്‍ത്ഥ്യം. ജന്മം കൊണ്ടല്ല - കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണനാവേണ്ടതെന്നും തന്ത്രവിദ്യ പഠിച്ചയാള്‍ക്ക്‌ പൂജാകര്‍മ്മങ്ങളാവാമെന്നും അവര്‍ കരുതുന്നു. സംഘത്തിന്റെ കേരളഘടകം പിതൃസ്ഥാനത്തു കണ്ട് ആദരിക്കുന്ന ‘മാധവ്‌ജി’ എന്നൊരാളാണ് താന്ത്രിക വിദ്യാപീഢം തുടങ്ങിയതു തന്നെ എന്നും കേട്ടിട്ടുണ്ട്‌.

സംഘം മുന്നാക്ക ജാതിക്കാര്‍ക്കായി നിലകൊണ്ടു എന്നു പറഞ്ഞാല്‍ പെട്ടെന്നംഗീകരിക്കാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്‌. സംഘം ഹിന്ദുക്കള്‍ക്കു വേണ്ടി നിലകൊണ്ടിട്ടുണ്ട്‌. ഏതെങ്കിലും ജാതിയ്ക്കു വേണ്ടിയല്ല. ഫ്യൂഡല്‍ ചിന്താഗതികളില്‍ മുറുകിപ്പിടിച്ചു നില്‍ക്കാനാഗ്രഹിച്ച ചില സവര്‍ണ്ണര്‍‍ക്ക്‌ സംഘം തലവേദനകള്‍ തന്നെയാണു സൃഷ്ടിച്ചിട്ടുള്ളത്‌. ഇന്നത്തെ ചൂടുള്ള ഒരു പത്രവാര്‍ത്ത തന്നെ അത്തരമൊരു തലവേദനയേക്കുറിച്ചുള്ളതാണ്. ഒരു നമ്പൂതിരികുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ബി.എം.എസ്‌. നേതാവും സിബി വര്‍ഗ്ഗീസ്‌ എന്ന പേരുകാരനും, ക്രിസ്ത്യാനിയുമായ ഒരു സംഘപരിവാര്‍ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്താന്‍ ഉടമയ്ക്ക്‌ ഗുണ്ടാസംഘങ്ങളെ ഏര്‍പ്പെടുത്തേണ്ടി വന്നതാണ് ആ വാര്‍ത്ത. സംഘപരിവാറിന്റെ ബ്രാഹ്മണാഭിമുഖ്യത്തേക്കുറിച്ചു മാത്രം കേള്‍ക്കാനാഗ്രഹിക്കുന്ന നാം ഈ വാര്‍ത്തയൊന്നും ശ്രദ്ധിച്ചില്ല എന്നു വരും.

പൂജാരിയെ സംബന്ധിച്ച തര്‍ക്കത്തേപ്പറ്റി പറയുന്നിടത്ത്‌ മറ്റൊരു സാദ്ധ്യതയുണ്ട്‌. ആള്‍ ബ്രാഹ്മണനല്ലെങ്കിലും, സംഗതി ഹിന്ദു ആചാരങ്ങളും പൂജകളുമൊക്കെത്തന്നെയാണല്ലോ. അതിനെയൊക്കെ എത്രമാത്രം ആക്ഷേപിക്കുന്നു എന്നതനുസരിച്ചാണ് പലപ്പോഴും അംഗീകാരം നിശ്ചയിക്കപ്പെടുന്നത്‌. ആദിവാസികളെ ഹിന്ദുക്കളാക്കുന്നു(!!???) എന്നൊക്കെ ആശ്ചര്യപ്പെടുന്നതുപോലെ സംഘപരിവാര്‍ ദലിതരെ ബ്രാഹ്മണരാക്കുന്നു(!) എന്ന്‌ ആശങ്കപ്പെട്ടുകൊണ്ട്‌ ലേഖനങ്ങളെഴുതാവുന്നതാണ്. അതു വായിക്കുന്നവരില്‍ സംഘത്തേക്കുറിച്ചറിയില്ലാത്തവരുടെ ആയുസ്സു കുറയുകയും (രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച്‌ )അറിയാവുന്നവര്‍ക്ക്‌ ആയുസ്സു വര്‍ദ്ധിക്കുകയും (ചിരിയിലൂടെ) ചെയ്യും. അല്ലാതെന്തു പറയാന്‍?

ബി.ജെ.പി. ഇന്ത്യ ഭരിച്ചാല്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു വലിയ പൂണൂല്‍ നീണ്ടു കിടക്കും എന്നൊക്കെ പണ്ടു ചിലര്‍ അഭിപ്രായപ്പെട്ടു കേട്ടിരുന്നു. 2004 -നു മുമ്പുള്ള കാലത്ത്‌ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓരോ സംസ്ഥാനങ്ങള്‍ക്കും അവരവരുടേതായ പൂണൂല്‍ ഉണ്ടാവുമോ എന്തോ? ഏറ്റവുമടുത്ത സ്ഥലം കര്‍ണ്ണാടകയാണ്. അവിടുത്തെ പൂണൂല്‍ ബാംഗ്ലൂരിലോ മൈസൂരിലോ മറ്റോ എവിടെയെങ്കിലും ദൃശ്യമാണോ എന്തോ? കാണണമെന്ന്‌ ആഗ്രഹമുണ്ട്‌.

സംഘപരിവാറിനെ എതിര്‍ക്കാനുദ്ദേശിച്ച്‌ ബൌദ്ധിക തലത്തില്‍ - സാഹിത്യരചനകളുടെയും പ്രസംഗങ്ങളുടെയുമൊക്കെ രൂപത്തില്‍ - പ്രവര്‍ത്തിക്കുന്ന എല്ലാവരോടുമായി എനിക്കൊരുപദേശമുണ്ട്‌. ബ്രാഹ്മണാഭിമുഖ്യം എന്ന ആയുധം എടുത്തുപയോഗിക്കുന്നതു കൊള്ളാം. ധാരാളം പേരെ അവര്‍ക്കെതിരെ അണി നിരത്തുവാന്‍ അതുപകരിക്കും. പക്ഷേ പറഞ്ഞു പറഞ്ഞ്‌ നിങ്ങള്‍ സ്വയം അതു വിശ്വസിച്ചുപോകുന്ന അവസ്ഥ വന്നുപോകാതെ സൂക്ഷിക്കണം. ഡ്രാക്കുളയെ സൃഷ്ടിച്ച നോവലിസ്റ്റ്‌ ഒടുവില്‍ ഭയന്നു മരിച്ചു എന്നു പറഞ്ഞതുപോലെയായിപ്പോകും. ബ്രാഹ്മണാഭിമുഖ്യമാണ് അവരുടെ മുഖമുദ്ര എന്ന തോന്നല്‍ നിങ്ങളുടെയും മനസ്സിലുറച്ചുപോയാല്‍ പിന്നെ അതിനനുസരിച്ചുള്ള പദ്ധതികളാവും നിങ്ങള്‍ തയ്യാറാക്കുക. അപ്പോള്‍‍ അവ ഫലപ്രദമല്ലാതെ വരും. പുറമേയ്ക്ക്‌ സവര്‍ണ്ണതയും മറ്റും തന്നെ തുടര്‍ന്നും പറയുക. പക്ഷേ അണിയറയില്‍, എന്താണവരുടെ യഥാര്‍ത്ഥ പ്രശ്നമെന്ന്‌ മനസ്സിലാക്കാനും ശ്രമിച്ചു കൊണ്ടിരിക്കുക. എന്തു മാനസികാവസ്ഥയാണ് അവരെ ഒന്നിച്ചു കൂട്ടുന്നതെന്ന്‌ മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട്‌ അതിനനുസരിച്ചുള്ള പദ്ധതികള്‍, അവരെ പരാജയപ്പെടുത്താനായി രൂപം കൊടുക്കുക. ഇല്ലെങ്കില്‍, നിങ്ങളുടേത്‌ നിഴലുകളോടുള്ള ‌യുദ്ധങ്ങളായിപ്പരിണമിച്ചേക്കും.

ഗോള്‍വള്‍ക്കര്‍ സംഘനേതൃനിരയിലെത്തുന്നതിനും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘം ഭാ‍രതമാസകലം വ്യാപിക്കുന്നതിനും, സംഘത്തിന്റെ ആശയധാരയും കര്‍മ്മ പദ്ധതികളും കാര്യക്രമങ്ങളുമെല്ലാം അതിന്റെ ഏതാണ്ട്‌ പൂര്‍ണ്ണവികസിതമായ (ഇന്നത്തെ)രൂപത്തിലെത്തുന്നതിനുമെല്ലാം പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ, അദ്ദേഹം യുവാവായിരുന്നപ്പോള്‍ എഴുതിയ (വിവര്‍ത്തനം നടത്തുക മാത്രമായിരുന്നു എന്നുമൊരു തര്‍ക്കമുണ്ട്‌) ഒരു പുസ്തകത്തിലെ ഏതാനും ചില വരികളുദ്ധരിച്ചു കൊണ്ട് - ‘ഇതൊക്കെയാണ് ഇവരുടെ പരിപാടി‘ എന്ന പരമാബദ്ധവും വിശ്വസിച്ച്‌ (വിശ്വസിപ്പിച്ചും) - ഇന്നത്തെക്കാലത്ത്‌ അവരെ എതിര്‍ത്തു മുന്നേറുന്നതിന്‌ ഒരു പരിധിയുണ്ടെന്നും അതില്പരമൊരു മൌഢ്യമില്ലെന്നും ഇനിയെങ്കിലും മനസ്സിലാക്കുക. 'One should know about his enemy more than he knows about himself' എന്നാണു പ്രമാണം. ‘മാനവവിരുദ്ധ‘പ്രത്യയശാസ്ത്രത്തിനു പിറകില്‍ മാനവര്‍ കൂടുന്നതെന്തുകൊണ്ടാവും എന്നു പഠിക്കുക. അവര്‍ക്കെല്ലാം ഭ്രാന്താണെങ്കില്‍, ഒരേ സമയം ഒരുപാടാളുകള്‍ക്കു ഭ്രാന്തു പിടിക്കുന്നതെന്തുകൊണ്ടാവുമെന്നു ചിന്തിക്കുക. ഭ്രാന്തന്മാരുടെ കൂട്ടത്തില്‍ ദലിതരും ന്യൂനപക്ഷങ്ങളുമൊക്കെപ്പോലും അകപ്പെട്ടുപോകുന്നതെന്തുകൊണ്ടെന്നു ചിന്തിക്കുക. ‘പരിപ്പു വേവുകില്ല’ എന്നും മറ്റും പാര്‍ട്ടി പത്രങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞു തന്ന്‌ ആശ്വസിപ്പിക്കുന്നതു മാത്രം വിശ്വസിച്ചിരുന്നാല്‍ മതിയോ - അതിപ്പോള്‍ വെന്തു കൊണ്ടിരിക്കുന്ന അടുപ്പുകള്‍ കേരളത്തില്‍ത്തന്നെയാണു കൂടുതലെന്നെങ്കിലും ഓര്‍ത്ത്‌ കൂടുതല്‍ ജാഗരൂകരാവേണ്ടതില്ലേ എന്നൊക്കെ ഓര്‍ക്കുക. ‘ചിന്ത’ എന്നത്‌ ഒരു പ്രസിദ്ധീകരണത്തിന്റെ പേരുമാത്രമല്ല - ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ നമുക്കെടുത്തുപയോഗിക്കാവുന്ന ശക്തമായൊരു ആയുധവും കൂടിയാണ് എന്നോര്‍ക്കുക. എല്ലാ ആശംസകളും നേരുന്നു - ആത്മാര്‍ത്ഥമായിത്തന്നെ.

(2) << ഇത് വടക്കേ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ നിന്ന് വിഭിന്നമാണു. ഈ പുതിയ കപട മുഖം ഇവിടെ സമ്മാനിച്ചതില്‍ ‘വിചാര കേന്ദ്ര’ത്തിനു വലിയ പങ്കുണ്ട്. >>

അപ്പോള്‍, നമ്മെ പറഞ്ഞു ഭയപ്പെടുത്തി വച്ച പലതിന്റെയും പ്രയോഗങ്ങളൊന്നും ഇവിടെ ഇതു വരെ നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ താങ്കള്‍ സമ്മതിച്ചു തരുന്നുണ്ട്‌. അത്‌ പക്ഷേ ഒരു ‘കപടമുഖ‘മാണെന്നതാണ് അതിനു കണ്ടെത്തുന്ന വിശദീകരണം. യഥാര്‍ത്ഥമുഖം എന്നു പുറത്തുവരുമോ എന്തോ?

ഇത്‌ താങ്കളുടെ വിശ്വാസത്തിന്റെ ശക്തിയാണു കാണിക്കുന്നത്‌. ആരൊക്കെ എന്തൊക്കെ വിശദീകരിച്ചാലും ശരി - കണ്മുന്നില്‍ നേരിട്ടു കണ്ടാലും ശരി - മുന്‍‌ധാരണകളില്‍ നിന്നു വ്യതിചലിക്കാന്‍ താങ്കളൊരുക്കമല്ല. ആശയക്കുഴപ്പം അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ - ‘ഇതൊക്കെ കാപട്യമാണ് സത്യം ഇതല്ല‘ എന്നും പറഞ്ഞ്‌ തുടരന്വേഷണങ്ങള്‍ ഒഴിവാക്കുക എന്നത്‌ നല്ലൊരു തന്ത്രം തന്നെയാണ്.

(3) << താങ്കളുടെ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ >>

ഇത്തരം മുന്‍‌വിധികളൊക്കെയാണു താങ്കളുടെ പ്രശ്നവും. അല്ല കയ്യൊപ്പേ, അണുപരീക്ഷണവുമായി ബന്ധപ്പെട്ട് ഇറാന് അനുകൂലമായി നാം സംസാരിച്ചുപോയാല്‍ നമ്മള്‍ ഇറാനികളാണെന്നു വരുമോ? അപ്പോള്‍ നമ്മള്‍ ഒരേ സമയം പാലസ്തീനികളും ആണെന്നു വരില്ലേ? അപ്പോള്‍ കമ്പോഡിയ - ചെച്നിയ - വിയറ്റ്നാം? ചോദിച്ചെന്നേയുള്ളൂ.. ഈ ഉദാഹരണങ്ങളൊക്കെ തെരഞ്ഞെടുത്തതു തന്നെ ഞാന്‍ സംഘപ്രവര്‍ത്തകനാണെന്നതിനു തെളിവാണ് എന്നൊരു മറുവാദം ഉന്നയിക്കാമോ? തമാശകള്‍ ആര്‍ക്കാണിഷ്ടമില്ലാത്തത്‌?

ഞാനൊരു സംഘപ്രവര്‍ത്തകനൊന്നും അല്ല. അതുകൊണ്ടു തന്നെ അവരേക്കുറിച്ചുള്ള എന്റെ ധാ‍രണകള്‍ തെറ്റായിരിക്കാനിടയുണ്ട്‌. എനിക്കതേക്കുറിച്ചു നല്ല ബോദ്ധ്യവുമുണ്ട്‌. ഞാന്‍ സംഘത്തിന്റെ വക്താവാണെന്നോ ഞാന്‍ പറയുന്നത്‌ സംഘത്തിന്റെ ഔദ്യോഗിക നിലപാടുകളാണെന്നോ ആളുകള്‍ തെറ്റിദ്ധരിക്കരുത്‌ എന്നെനിക്ക്‌ ആഗ്രഹമുണ്ട്‌. അത്‌ അവര്‍ മൂലം എനിക്കു ചീത്തപ്പേരുണ്ടാകരുത്‌ എന്നു ഭയന്നിട്ടല്ല - എവിടുന്നൊക്കെയോ എന്തൊക്കെയോ മനസ്സിലാക്കിയിട്ട്‌ സംസാരിക്കുന്ന ഞാന്‍ മൂലം അവര്‍ക്കു ചീത്തപ്പേരുണ്ടാകണ്ട എന്നു കരുതിയിട്ടാണ്. ഈയൊരു നിലപാടിനെ അവരോട്‌ എതിര്‍പ്പില്ലാത്തതിന്റെ തെളിവായി എടുക്കാവുന്നതാണ്. ഇതൊക്കെ ഞാനിങ്ങനെ വിശദീകരിക്കുന്നതു വായിക്കുകയും സംഘത്തേക്കുറിച്ച്‌ അറിയാവുകയും ചെയ്യുന്ന ഏതൊരാള്‍ക്കും പെട്ടെന്നു മനസ്സിലാവും - ഞാന്‍ ഒരു സംഘശാഖയുടെ ഏഴയലത്തുപോലും ചെന്നിട്ടില്ലാത്തയാളാണെന്ന്‌. (പറയുന്നത്‌ തെറ്റ്‌ എന്ന നിലയ്ക്കല്ല. വാദ-പ്രതിവാദത്തില്‍ പക്വത പുലര്‍ത്തുന്നുണ്ടോ എന്ന സംശയത്തിന്റെ പേരില്‍.)

വൈത്തോ:-
(1) കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഉപയോഗിക്കുന്ന രഹസ്യകോഡ്‌ അനുസരിച്ച്‌ ‘സംഘപരിവാര്‍’ എന്നതിന് ‘നമ്പൂതിരിമാര്‍’ എന്നാണത്രേ പറയേണ്ടുന്നത്‌. നമ്പൂതിരിമാര്‍ ഇതില്‍ പ്രതിഷേധിക്കാനിടയുണ്ട്‌. ഇതുവരെ കേട്ടിട്ടുള്ള സകല നമ്പൂതിരിഫലിതങ്ങളേയും കടത്തിവെട്ടിക്കളഞ്ഞതിന്റെ പേരില്‍!

(2) ചെറിയൊരുപദേശം കൂടി. പിന്നാക്കജാതിക്കാര്‍ക്കും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുമൊക്കെ ഇടയില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള അനേകം ബി.ജെ.പി.നേതാക്കന്മാരില്‍ ആരെയെങ്കിലുമൊക്കെയാണു വിമര്‍ശിക്കുന്നതെങ്കില്‍, ചിലപ്പോഴൊക്കെ നാം ഓര്‍‍ത്തെന്നു വരും. പക്ഷേ മോഡിയേക്കുറിച്ചാ‍ണെങ്കില്‍ - അറിയാമല്ലോ - ആവേശം കൂടിപ്പോകാനിടയുണ്ട്‌. ഏതെങ്കിലുമൊരു ചര്‍ച്ചയ്ക്കിടയില്‍ “നരേന്ദ്രമോഡി എന്ന സവര്‍ണ്ണഫാസിസ്റ്റ്‌“ എന്നൊന്നും കേറി പറഞ്ഞു കളയരുത്‌. അങ്ങേരുടെ ജാതിയും കുലവുമൊക്കെ അറിയുന്നവര്‍ ചിരിക്കും. ഹിന്ദുത്വ ഫാസിസ്റ്റ്‌ എന്നു പറയുന്നതായിരിക്കും ബുദ്ധി. അല്ലെങ്കില്‍, ‘സ്വന്തം ജാതിയോട്‌ യാതൊരു കൂറും കാണിക്കാതെ, സവര്‍ണ്ണ മേധാവിത്വത്തിനു വേണ്ടി പരിശ്രമിക്കുന്ന വിഡ്ഢി‘ എന്നുമാവാം.