Saturday, January 31, 2009

സൂക്ഷിക്കുക – നിങ്ങളുടെ ബ്ലോഗും ‘ആക്രമിക്ക’പ്പെട്ടേക്കാം!

ഞാനൊരു ബ്ലോഗറാണ്.
മലയാളിയാണ്.
മനുഷ്യനാണ്.
അങ്ങനെ പലതുമാണ്.
അക്കൂട്ടത്തിൽ സംഘപരിവാർ അനുഭാവിയുമാണ്.

അപ്പോൾ, "സംഘപരിവാർ ബ്ലോഗ് ആക്രമിക്കുമ്പോൾ" എന്നൊരു പോസ്റ്റു വരുമ്പോൾ സ്വാഭാവികമായും ശ്രദ്ധിക്കും.

'സംഘപരിവാർ' എന്ന വാക്ക് പലതവണ കടന്നുവന്നേക്കാവുന്ന ഒരു ഇടം എന്ന നിലയിൽ എന്റെ ബ്ലോഗായിരിക്കുമോ ആദ്യം ആക്രമിക്കപ്പെടുക എന്നായിരുന്നു കൂടുതൽ ഭീതി. വരാൻ പോകുന്ന ആക്രമണത്തിന്റെ സ്വഭാവത്തേക്കുറിച്ചൊന്നും തലക്കെട്ടിൽ സൂചനയുണ്ടായിരുന്നില്ല. പാർലമെന്റ് ആക്രമണം മുതൽ മുംബൈ ഭീകരാക്രമണം വരെ സംഘടിപ്പിച്ചവരും കേരളത്തിൽ 'സംഘപരിവാർ' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് എന്നതുകൊണ്ട് സത്യത്തിൽ ആരായിരിക്കും ആക്രമിക്കുക എന്നും വ്യക്തമായില്ല. എന്തുസുരക്ഷാമാർഗ്ഗമായിരിക്കും കൈക്കൊള്ളേണ്ടത് എന്നു പോലും തിട്ടമില്ലാതെ ആശങ്കപ്പെട്ടുപോയി.

പോസ്റ്റുവായിച്ചപ്പോളാണ് ആശ്വാസമായത്. ഈ ചാണക്യന്റെയൊരു തമാശ. അടി!

മംഗലാപുരത്ത് റിയാലിറ്റിഷോ നടത്തിയത് രാമസേന എന്ന സംഘടനയുടെ ആളുകളല്ല – മറിച്ച് സംഘപരിവാറുകാരാണ് എന്നാണദ്ദേഹം കണ്ടെത്തിയിരിക്കുന്നത്! കൂട്ടത്തിൽ മറ്റു പലർക്കും സംഘപരിവാർലേബൽ ചാർത്തിയിട്ടുണ്ട്. ഭാഗ്യത്തിന് 'മൊസാ'ദിന്റെ സാന്നിദ്ധ്യം ഇത്തവണ കണ്ടില്ല.

ഇതൊക്കെപ്പോരാഞ്ഞ് അതിലും രസകരമായ ഒരു കണ്ടെത്തൽ കൂടി അദ്ദേഹം നടത്തിക്കളഞ്ഞു. ചിത്രകാരനെ നിയന്ത്രിക്കാൻ നിയമപരമായി സാദ്ധ്യതകളുണ്ടോ എന്ന് ആരാഞ്ഞ പൊന്നമ്പലം എന്ന ബ്ലോഗറും സംഘപരിവാറിന്റെ “ഹിഡൺ അജണ്ട” നടപ്പാക്കുകയാണത്രേ!

"ചാണക്യനോട് ചോദിക്കാം, എന്തും ഏതും ഏത് സമയത്തും" എന്നുകൂടി അദ്ദേഹത്തിന്റെ ബ്ലോഗിൽ കൊടുത്തിരിക്കുന്നു. ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയതാൽ കൊള്ളാമെന്നു തോന്നി.

*-*-*-*-*-*-*-*-*-*-*-*

ചാണക്യാ,

സാമ്പത്തികമാന്ദ്യവും മറ്റും സൃഷ്ടിക്കുന്ന വിഷമിപ്പിക്കുന്ന വാർത്തകൾക്കിടെ വീണുകിടന്നു ചിരിക്കാൻ അവസരം തന്നതിന് ആദ്യം തന്നെ നന്ദി പറയട്ടെ.

താങ്കളതു ഗൌരവബുദ്ധ്യാ എഴുതിയതാണെന്നതു കൂടുതൽ ചിരിക്കു വക നൽകി. സംഘപരിവാർ ബ്ലോഗിനെ ആക്രമിക്കുകയാണത്രേ!!! വിഡ്ഢിത്തമാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ടെന്നതു സമ്മതിക്കാതെ വയ്യ. സംഘപരിവാർഭർത്സനത്തിനുള്ള സാദ്ധ്യതകൾക്കായി സദാജാഗരൂകരായിരിക്കുന്ന ആർക്കും പറ്റാവുന്ന അബദ്ധം മാത്രമേ താങ്കൾക്കും പറ്റിയിട്ടുള്ളൂ. അതുകൊണ്ട് അത് അത്രയ്ക്കൊന്നും ആക്ഷേപകരവുമല്ല. മറ്റു ചില രചനകളിൽ നിന്ന് താങ്കളുടെ മനസ്സിൽ സംഘവിരുദ്ധത എത്രത്തോളമുണ്ടെന്നു വ്യക്തവുമാണല്ലോ.

ആദ്യം തന്നെ പറയട്ടെ - ശ്രീരാമസേന എന്നു പേരിൽ അറിയപ്പെടുന്ന ഒരുകൂട്ടം ആളുകൾക്ക് ഏതുവകുപ്പിലാണ് സംഘപരിവാർ പട്ടം കിട്ടിയത് എന്ന ചോദ്യം സംഘപരിവാർ അനുഭാവികൾ പരസ്പരം ചോദിക്കാറില്ല. ഇന്ത്യയുടെ തലസ്ഥാനം എന്തുകൊണ്ട് ഇസ്താംബൂളായി എന്നാരും ചർച്ച ചെയ്യാറില്ലല്ലോ. മറിച്ച്, ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അതിലെ തമാശ ആസ്വദിക്കുക മാത്രമാണ് എല്ലാവരും ചെയ്യുക.

ഇപ്പോളത്തെ സംഭവത്തിലാകട്ടെ, കോൺഗ്രസുകാർക്കു പറ്റിയ അബദ്ധത്തേക്കുറിച്ചു കൂടി പറയാനുണ്ടു താനും. 'മുത്തലിക്കു'മായി അടുത്ത സുഹൃദ്‌ബന്ധമുള്ള സകല കോൺഗ്രസുകാരും കുടുങ്ങിയേക്കുമെന്നു സൂചനയുണ്ട്. നിമിഷങ്ങൾക്കകം ചാനലുകൾ എങ്ങനെ പറന്നെത്തി എന്നും, ഒരു "റിയാലിറ്റി ഷോ" നടത്തുകയായിരുന്നില്ലേ ഉദ്ദേശം എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനായി വീരപ്പമൊയ്‌‌ലി സമ്മേളനം വിളിച്ചുവോ എന്നൊക്കെയാണത്രേ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കൾ തമാശയായി ചോദിക്കുന്നത്.

ഓരോ സംഭവങ്ങളേയും അങ്ങേയറ്റം പർവ്വതീകരിച്ചും അതിഭയങ്കരമായ ഗൂഢാലോചന ആരോപിച്ചും - ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തൊക്കെയോ വലിയ പ്രശ്നങ്ങളാണ് – സ്ത്രീകളേയും മതവിഭാഗങ്ങളേയുമൊക്കെ പ്രത്യേകം ലക്ഷ്യം വച്ച് ആക്രമിക്കുന്നു - എന്നൊക്കെയുള്ള ഇമേജുണ്ടാക്കാനായി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ആരൊക്കെ എപ്പോളൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോളൊക്കെ അത് അവർക്കു തന്നെ തിരിച്ചടിയായിട്ടേ ഉള്ളൂ. ഇവിടെയും ചരിത്രം ആവർത്തിക്കുകയാണ്. കർണ്ണാടകയിൽ ബി.ജെ.പി.ക്ക് അധികാരം നേടിക്കൊടുത്തതു കൊണ്ടു മാത്രം കോൺഗ്രസിനു തൃപ്തിയായില്ലെന്നു തോന്നുന്നു. അവിടം കൂടി ഒരു കോട്ടയാക്കിക്കൊടുത്തേ അടങ്ങൂവെന്ന വാശിയിലാണെന്നു തോന്നുന്നു.

എന്തായാലും, ഷോയിൽ പങ്കെടുത്തവരെ കൃത്യമായി അറസ്റ്റുചെയ്യുകയും ആ സംഘടന എന്താണെന്നു കണ്ടുപിടിച്ച് വേണ്ടിവന്നാൽ നിരോധിക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നു മുഖ്യമന്ത്രി യെദ്ദ്യൂരപ്പ പ്രഖ്യാപിക്കുകയും ചെയ്തതോടെ കർണ്ണാടകയിലെ കോൺഗ്രസുകാരിൽ അല്പമെങ്കിലും ബുദ്ധിയുള്ള ചിലരെങ്കിലും അക്കിടി തിരിച്ചറിഞ്ഞിട്ടുണ്ടാവണം. മറുപടിയില്ലാതായിപ്പോയ അവർക്കുവേണ്ടി സംസാരിച്ചുകണ്ടത് ഒരു മലയാളി ബ്ലോഗറാണെന്നതിൽ സന്തോഷം. ജനരോഷം ഭയന്നാണത്രേ സർക്കാർ നടപടികൾക്കു മുതിർന്നത്! ജനങ്ങൾ രോഷിച്ചില്ലായിരുന്നുവെങ്കിൽ ആ സംഘടനക്കാരെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർക്കു പദ്മശ്രീ കൊടുത്തേക്കുമായിരുന്നു എന്നു തോന്നും ആരോപണം കേട്ടാൽ. നല്ല കോമഡി തന്നെ. ഇനിയിപ്പോൾ അങ്ങനെയൊക്കെ പറഞ്ഞു തടിതപ്പുകയല്ലാതെ എന്തു വിശേഷം?

ഈപ്പറയുന്ന 'രാമ'സേനയിൽത്തന്നെ പെട്ട ആർക്കോ കുത്തേറ്റതിന്റെ
പേരിൽ പണ്ട് മംഗലാപുരത്തൊരു ഹർത്താൽ നടന്നിരുന്നു. അതും സംഘപരിവാറിന്റെ തലയിൽ ചാർത്തിക്കണ്ടു ചിലർ :). അന്നാണ് ഈയൊരു പേരു പോലും ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

ഈപ്പറയുന്ന സേന ബി.ജെ.പി.ക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെന്നു കേട്ടിരുന്നു. അതു ചൂണ്ടിക്കാട്ടിയാൽ ഉടൻ 'സംഘപരിവാറിൽ ആഭ്യന്തരകലാപം' എന്നോ മറ്റോ എഴുതാനും മടിച്ചേക്കില്ല. തമാശ പറയണമെന്നുള്ളവർക്ക് പരിധികളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലല്ലോ.

ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യയിൽ എവിടെ ചെണ്ടപ്പുറത്ത് കോലുവീണാലും ഉടൻ തന്നെ കൊട്ടുന്നയാളുടെ പക്ഷം നോക്കലാണ് പല മാദ്ധ്യമപ്രവർത്തകരുടെയും ആദ്യചുമതല. ദ സോ കോൾഡ് "ന്യൂനപക്ഷ"മോ മറ്റോ ആണെങ്കിൽ ഉടൻ തന്നെ, "ജനക്കൂട്ടം" ചെണ്ട കൊട്ടാൻ നിർബന്ധിതരായി എന്ന് എഴുതണം (കൊട്ടിച്ചത് സംഘപരിവാറാണ് എന്നൊരു കൊട്ട് ന്യായീകരണമായി ചേർക്കുകയുമാവാം) അതല്ല എങ്കിൽ, ചെണ്ട സംഘപരിവാറിന്റേതാണ് എന്നു നിസ്സംശയം എഴുതാം. ആ കൊട്ടുകാരെങ്ങനെ സംഘപരിവാറുകാരായി എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ആ ചെണ്ടയ്ക്ക് ഒരു പേരും നിശ്ചയിച്ചിട്ടുണ്ട്. അതത്രേ സംഘപരിവാർ അജണ്ട!

*-*-*-*-*-*-*-*-*-*-*-*

ചാണക്യാ - താങ്കൾ അവിടവും കടന്ന് അതാ നവനിർമ്മാണസേനയ്ക്കും കൊടുത്തിരിക്കുന്നല്ലോ പരിവാർ പട്ടം! ഭേഷായി!

ഇക്കണക്കിനാണെങ്കിൽ, സിനിമാസംവിധായകൻ രാജസേനൻ കേരളത്തിൽ സംഘപരിവാർ അജണ്ട സിനിമകളിലൂടെ നടപ്പാക്കുന്നതിന്റെ ചുമതലക്കാരനാണ് - അതിന്റെ രാജാവാണ് - എന്നും വാദിച്ചു നോക്കാവുന്നതാണ്. അദ്ദേഹത്തിനുമുണ്ടല്ലോ പേരിലെങ്കിലും ഒരു സേനാബന്ധം.

ഞാൻ മനസ്സിലാക്കിയിടത്തോളം, കേരളത്തിൽ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരോ അനുഭാവികളോ അല്ലാത്തവർക്ക് ആ പ്രസ്ഥാനങ്ങളേക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ഘോരഘോരം വാദിക്കുന്ന പലർക്കും അതു വട്ടപ്പൂജ്യവുമാണ്. ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞുവച്ചതൊക്കെ ആവർത്തിക്കുക മാത്രമാണ് പലരും ചെയ്യുന്നത്. സംഘപരിവാർ എന്ന വാക്കിന്റെ അർത്ഥം പോലും പലർക്കുമറിയില്ലെന്നതാണു രസകരം.

ഇപ്പോൾ ദാ പൊന്നമ്പലം എന്ന ബ്ലോഗറും സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുകയാണെന്ന വിധിയെഴുത്തു നടന്നിരിക്കുന്നു!!! ദൈവമേ എന്തൊരു വിഡ്ഢിത്തമാണിത്!!!!!

പൊന്നമ്പലത്തിനെന്താ സ്വന്തമായ ഒരു മനസ്സില്ലേ - തലച്ചോറില്ലേ - ചിന്തകളില്ലേ - വികാരങ്ങളില്ലേ - ഏതെങ്കിലും സംഘടനകളുടെ അജണ്ട നടപ്പാക്കാൻ നടക്കാൻ അദ്ദേഹത്തിനുള്ള താല്പര്യമെന്താണ്? നാസിക്കിലേയും മംഗലാപുരത്തേയും പരിപാടികൾക്കു സംഘപരിവാറുമായി ബന്ധം വരുന്നതെങ്ങനെ എന്നു സന്ദേഹിക്കുക പോലും ചെയ്യാതിരുന്ന അദ്ദേഹത്തിന്റെ കമന്റു കണ്ടാ‍ൽത്തന്നെ അറിയാം അദ്ദേഹത്തിന്റെ സംഘബന്ധം എത്രത്തോളമുണ്ടെന്ന്. ഒരു തവണപോലും ഒരു സംഘശാഖയിൽ ചെന്നിട്ടില്ലാ‍ത്ത എനിക്കുള്ളതിന്റെ പത്തിലൊന്നു പോലും സംഘബന്ധം പൊന്നമ്പലത്തിനുണ്ടെന്നു ഞാൻ കരുതുന്നില്ല. അദ്ദേഹവുമായി അടുത്തപരിചയമൊന്നുമില്ലെങ്കിലും, സംഘപരിവാർ "അജണ്ട" (?) നടപ്പാക്കാൻ ശ്രമിക്കുന്നയാളല്ല എന്നു മനസ്സിലാക്കാവുന്നത്ര അടുപ്പം എന്തായാലും എനിക്ക് അദ്ദേഹവുമായി ഉണ്ട്. (ഏതാണ്ട് അത്ര തന്നെ സൌഹൃദം ചിത്രകാരനുമായും ഉണ്ടെന്നതു വേറേ കാര്യം. അതവിടെ നിൽക്കട്ടെ.)

ബെല്ലും ബ്രേക്കുമില്ലാതെ പോകുന്ന ചിത്രകാരന്റെ സൈക്കിളിനൊന്നു കൈകാണിക്കാനെങ്കിലും വഴിയിൽ നിൽക്കുന്ന പോലീസുകാരന് അവകാശമുണ്ടോ – നിയമമനുസരിച്ച് അതിനു വകുപ്പുണ്ടോ - എന്നൊരു അന്വേഷണം മാത്രമാണ് പൊന്നമ്പലം നടത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്. "ഇങ്ങോട്ട് കടുത്ത തെറിവരുമ്പോൾ, അതിനൊപ്പിച്ചു തിരിച്ചുപറയാൻ തന്നേക്കൊണ്ടു കൊള്ളില്ലെന്ന ദൌർബല്യം തിരിച്ചറിഞ്ഞതുകൊണ്ടോ മറ്റോ അദ്ദേഹം അക്കാര്യത്തിൽ ബിരുദമുള്ളവരോട് അന്വേഷിച്ചുനോക്കി" എന്നൊരു തമാശയിൽക്കൂടുതൽ അതിനൊരു പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്നതു തർക്കവിഷയമാണ്. എന്തായാലും, ആ അന്വേഷണത്തെ പിന്നീടെപ്പോഴോ വന്ന ഒരു (വികട)സരസ്വതിപോസ്റ്റുമായി ബന്ധിപ്പിച്ചതു തികച്ചും തെറ്റായിരുന്നുവെന്നാണ് എന്റെ പക്ഷം. സരസ്വതിപോസ്റ്റ് കുറ്റകരമായിരുന്നുവെന്ന് മൂന്നാമതു നിൽക്കുന്നൊരാളുടെ ഏറ്റുപറച്ചിൽ പോലെ തോന്നിപ്പിച്ചു അത്. തലയിൽ തൂവലുണ്ടോ എന്നു തപ്പി നോക്കുന്നതിനു തുല്യം.

'കേസുകൊടുത്തു' എന്ന പ്രയോഗം പോലും തെറ്റായിരുന്നു. എന്താണു സംഗതിയെന്നന്വേഷിക്കാതെ മുൻ‌വിധിയോടെ നടത്തിയ എടുത്തുചാട്ടവുമായിരുന്നു ആ ആരോപണം. എന്തായാലും, അതുപോലെതന്നെ മുൻ‌വിധിയോടെ നടത്തുന്ന പരിഹാസ്യമായ ഒരു നീക്കമാണ് അവിടെയിപ്പോൾ ഒരു സംഘപരിവാർ കണക്ഷൻ കൊണ്ടുവരാൻ ശ്രമിക്കുന്നതും. ഇക്കാര്യത്തിൽ, പ്രത്യക്ഷമായോ പരോക്ഷമായോ (ഹിന്ദുത്വത്തെ ഹൃദയത്തിനു തൊട്ടടുത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന സംഘപരിവാറുകാരൻ സ്വാധീനം ചെലുത്തുന്നത്) ഒരു സംഘപരിവാർ ബന്ധം ആരോപിക്കുന്നത് ശുദ്ധവിഡ്ഢിത്തം മാത്രമല്ല അപലപനീയം കൂടിയായി ഞാൻ കരുതുന്നു. അതിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

*-*-*-*-*-*-*-*-*-*-*-*

ഒരു പക്ഷേ വല്ല കമ്മ്യൂണിസ്റ്റുകാരേയോ മറ്റോ വീക്ഷിക്കുന്ന അതേ വീക്ഷണകോണിലൂടെ എല്ലാവരേയും കാണാൻ ശ്രമിക്കുമ്പോളാണ് ആളുകൾക്ക് തെറ്റുപറ്റുന്നത്. 'സംഘടനയുടെ അജണ്ടനടപ്പാക്കൽ' എന്നതൊക്കെ ഒരുപക്ഷേ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പ്രാഥമിക ചുമതലയായിരിക്കും. ആത്മാഭിമാനവും വ്യക്തിത്വവും പണയപ്പെടുത്തിക്കൊണ്ടും ആ ചുമതല നിറവേറ്റേണ്ടത് ഒരു പക്ഷേ ഒരുതരം ബാദ്ധ്യത തന്നെ ആയിരിക്കും. കേരളം കണ്ടതിലേക്കും വച്ച് ഏറ്റവും ഭീമമായ അഴിമതി നടത്തിയ ആളെ കുറ്റവിമുക്തനായി ചിത്രീകരിക്കാനും പ്രശംസിച്ചു രക്ഷിക്കാനും വിഫലശ്രമം നടത്തിനോക്കുന്ന പാവം അണികളെ കാണുമ്പോൾ അങ്ങനെ വിശ്വസിക്കാനാണു തോന്നുന്നത്. പക്ഷേ മറ്റുള്ളവരെല്ലാം അങ്ങനെയല്ല എന്നും – ഏതെങ്കിലും സംഘടന പറയുന്നതു കേൾക്കാൻ മാത്രമല്ലാതെ - സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറും സ്വാതന്ത്ര്യവുമുള്ളവരും ഈ നാട്ടിലുണ്ട് എന്നും നമ്മളെല്ലാം തിരിച്ചറിയേണ്ടതുണ്ട്.

പൊന്നമ്പലം അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമപരമായ വഴികളേക്കുറിച്ചറിയാൻ ഔത്സുക്യം കാട്ടിയത് എന്നു തന്നെ ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അതല്ലെങ്കിൽ അദ്ദേഹം പറയട്ടെ.

എന്റെ അഭിപ്രായത്തിൽ, ചിത്രകാരന്റെ ബ്ലോഗിനെ 'ആക്രമിച്ചു' എന്നൊക്കെ കടത്തിപ്പറയുന്നതു തന്നെ ദ്രോഹമാണ്.
അത് സംഘപരിവാർ ആക്രമണമാണെന്നു പറയുന്നതാകട്ടെ – രോഗമാണ്.

*-*-*-*-*-*-*-*-*-*-*-*

ഇനി, മറ്റൊന്നുകൂടി ചോദിക്കാതെ വയ്യ.

ഇക്കണക്കിനാണെങ്കിൽ, ഹിന്ദുക്കളുമായി ബന്ധപ്പെട്ട എന്തുകാര്യമാണെങ്കിലും ശരി - അവരെ ആക്ഷേപിച്ചുകൊണ്ടേ സംസാരിക്കാവൂ എന്നെങ്ങാനും നിയമമുണ്ടോ എന്നു കൂടി പൊന്നമ്പലത്തിന് അന്വേഷിക്കേണ്ടി വരുമോ? അങ്ങനെ, ഭർത്സിച്ചുകൊണ്ടല്ലാതെ ആരെങ്കിലും സംസാരിക്കുന്നുവെന്നു കണ്ടാൽ ഉടൻ തന്നെ അവർക്കൊരു സംഘപരിവാർ മുദ്ര പതിപ്പിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇതിൽ നിന്നൊക്കെ എന്താണാവോ മനസ്സിലാക്കേണ്ടത്? സംഘപരിവാറുകാർ അല്ലാത്തവർക്കെന്താ ഹിന്ദുക്കളെ കണ്ടുകൂടേ? മറ്റുള്ളവർക്കെന്താ യാതൊരു സഹാനുഭൂതിയും ഇല്ലേ? അല്ല ചാണക്യാ – താങ്കളേപ്പോലെയുള്ളവർ നടത്തുന്ന ഈയൊരു ലേബലിംഗ് സകല പരിധിയും കടന്നു മുന്നേറുന്നതു കാണുമ്പോൾ ന്യായമായും ചോദിച്ചുപോകുന്നതാണ്. താങ്കൾ തന്നെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഹൈന്ദവൻ-അതിഹൈന്ദവൻ - കൺസപ്റ്റ് ഒന്നും ഇക്കാര്യത്തിൽ അപ്ലൈ ചെയ്തു കാണുന്നില്ലല്ലോ.

ഹൈന്ദവമായ എന്തിനോടെങ്കിലും അല്പമെങ്കിലും ആഭിമുഖ്യമോ അനുഭാവമോ ഉണ്ടാകണമെങ്കിൽ അയാൾ സംഘപരിവാറുകാരനായേ തീരൂ എന്ന ശാഠ്യമാണോ? ആണെങ്കിൽ തുറന്നു പറയുക. അങ്ങനെയെങ്കിൽ എന്റെയൊരു വലിയ സംശയം അതോടെ തീർന്നുകിട്ടി. പ്രവർത്തനപശ്ചാത്തലമില്ലാത്തതിന്റെ പേരിൽ ആ നിർവചനത്തിൽ‌പ്പെടുമോ എന്ന സംശയം ഇനി വേണ്ട. ഞാൻ "തരക്കേടില്ലാത്ത" ഒരു സംഘപരിവാറുകാരൻ തന്നെ! തീർച്ച!

*-*-*-*-*-*-*-*-*-*-*-*

പിന്നെ, ചാണക്യാ – കൂട്ടത്തിൽ, പ്രത്യയശാസ്ത്രപരമായ താങ്കളുടെ ചില തികഞ്ഞ അറിവില്ലായ്മകളും എഴുത്തിൽ പ്രതിഫലിച്ചതേക്കുറിച്ചു കൂടി പറയാതെ വയ്യ. സംഘപരിവാർ ജാതീയമായ ഉച്ചനീചത്വങ്ങളെ പിന്താങ്ങുന്നുവെന്നും സവർണ്ണമേൽക്കോയ്മയെ കായികമായി അടിച്ചേൽ‌പ്പിക്കാൻ ശ്രമിക്കുന്നുവെന്നെങ്ങാനുമൊക്കെ വല്ല അബദ്ധവിചാരങ്ങളും താങ്കളുടെ മനസ്സിലുണ്ടോ? എങ്കിൽ തുറന്നുപറയട്ടെ – സംഘത്തേക്കുറിച്ചുള്ള താങ്കളുടെ അജ്ഞതയുടെ അപാരത മാത്രമാണതു കാണിക്കുന്നത്. പാതിരാത്രിയേയും പട്ടാപ്പകലിനേയും തുല്യമായിക്കാണുന്നുവെന്നു പറഞ്ഞാലും പോരാ. അതിനേക്കാളും വലിയ വിഡ്ഢിത്തമാണത്.

താങ്കൾ പറയുന്നത് “സംഘപരിവാറുകാരൻ ജാതീയത തുടങ്ങിയ തിന്മകളെ എതിർക്കുന്നവർക്കു നേരേ തിരിയു“മെന്നൊക്കെയാണ്. അതൊക്കെക്കേട്ട് കഥയറിയാതെ ചിലർ കയ്യടിച്ചിട്ടുമുണ്ട്. സത്യത്തിൽ താങ്കളവിടെ എന്താണുദ്ദേശിച്ചത്? സംഘപ്രവർത്തകർ പരസ്പരം പോരാടുന്നവരാണെന്നോ? മനസ്സിലായില്ല?

പരിവാർ സംഘടനകളിലൊന്നുമല്ലാതെ നേരിട്ട് സംഘത്തിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു സ്വയംസേവകനാണെങ്കിൽ, ശാഖയ്ക്കിടെ കബഡി കളിയ്ക്കുകയോ മറ്റോ ചെയ്യുമ്പോൾ താത്ക്കാലികമായി മറ്റു സ്വയംസേവകർക്കെതിരെ തിരിഞ്ഞുനിൽക്കുമായിരിക്കും. വിനോദത്തിനും വ്യാ‍യാമത്തിനുമായി ചെയ്യുന്ന അതിനെയൊക്കെ ആധാരമാക്കി താങ്കൾ ഓരോന്നിങ്ങനെ ആരോപിച്ചുകളഞ്ഞാലോ? വിനോദവേള കഴിഞ്ഞാൽ‌പ്പിന്നെ സ്വയംസേവകർ ഒത്തുചേർന്നു പ്രവർത്തിക്കുക തന്നെയാണ്. അല്ലാതെ പരസ്പരം തിരിഞ്ഞുനിൽക്കുകയല്ല. എന്താണുദ്ദേശിച്ചതെന്നു മനസ്സിലായെന്നു തന്നെ കരുതട്ടെ.

‘സംഘപരിവാർ’ എന്നതിലെ ‘സം’(തിംഗ്) എങ്കിലും മനസ്സിലാക്കി വച്ചിട്ടു സംസാരിക്കാം എന്നു താങ്കൾ തീരുമാനിച്ചിരുന്നുവെങ്കിൽ, ഇത്രയ്ക്ക് പരമാബദ്ധങ്ങൾ പറയുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. താങ്കൾ എവിടെനിന്നൊക്കെയാണ് സംഘത്തേക്കുറിച്ചു മനസ്സിലാക്കാൻ ശ്രമിച്ചതെന്നു താങ്കളുടെ വരികളിൽ നിന്നു തന്നെ വ്യക്തമാണ്. കുറ്റപ്പെടുത്തുക വയ്യ.

തുടർന്ന്, “കഴിഞ്ഞ കാല സവർണ്ണമേധാവിത്വ ചരിത്രങ്ങൾ പഠിക്കാൻ ഇട വന്നാൽ പുതിയ തലമുറ ഹിന്ദുത്വത്തെയും അതിന്റെ വക്താക്കളേയും തിരസ്കരിക്കുമെന്ന് അവർ ഭയപ്പെടുന്നു” എന്നൊക്കെക്കൂടി എഴുതിക്കാണുമ്പോൾ, മറ്റൊരു സംശയം കൂടി ബലപ്പെടുകയാണ്. സംഘപ്രവർത്തനത്തേക്കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കാൻ ഇടവന്നാൽ ആളുകൾ തങ്ങളുടെ കുപ്രചാരണങ്ങളേയും തങ്ങളേത്തന്നെയും തിരസ്കരിച്ചേക്കുമെന്നു ഭയന്ന് പണ്ടുകാലത്ത് കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്ന സംഘവിരുദ്ധനുണകളിൽ ഊന്നിത്തന്നെയല്ലേ താങ്കൾ ഇപ്പോളും സംസാരിക്കുന്നത് എന്നതാണാ സംശയം.

ഏതാണ്ട് എൺപതുകളുടെ പകുതിവരെയൊക്കെ വ്യാപകമായിരുന്ന ഇത്തരം സവർണ്ണാഭിമുഖ്യസംബന്ധിയായ നുണകൾ പിന്നീട് സംഘശാഖകൾ വ്യാപകമാകുകയും ജനങ്ങൾ കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കിത്തുടങ്ങുകയും ചെയ്തതോടെ അവസാനിപ്പിച്ചതായിരുന്നുവല്ലോ ചാണക്യൻ! താങ്കളതൊന്നും ഇനിയും അറിഞ്ഞില്ല എന്നു വരുമോ? അതോ ഇതൊരു പിന്മടക്കമോ?

എന്തായാലും, ജാതീയതയ്ക്കെതിരെ കമ്മ്യൂണിസ്റ്റുകാർ ഫലപ്രദമായി പ്രവർത്തിച്ചു എന്നൊന്നും അവകാശപ്പെട്ടു കണ്ടില്ല. അങ്ങനെ ചെയ്യാതിരിക്കാനുള്ള വിവേചനബുദ്ധിയെങ്കിലും താങ്കളിൽ നിന്നു തുടർന്നും പ്രതീക്ഷിക്കട്ടെ. അതല്ലെങ്കിൽ ഇ.എം.എസിന്റെ മുമ്പിൽ വച്ച് അദ്ദേഹത്തിന്റെ മകൻ "ചോത്തിഗൌരി" എന്നു വിളിച്ചതും, അതുകേട്ട് അവഗണിക്കുന്നതിനു പകരം വികാരംകൊണ്ട് "നമ്പൂതിരിപ്പാടിന്റെ" മൌനത്തേക്കുറിച്ചു ഗൌരിയമ്മ തിരിച്ചുചോദിച്ചതും കേട്ടിട്ടുള്ള പഴമക്കാരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. തൊലിപ്പുറത്തുള്ള ചില പ്രയോഗങ്ങളല്ലാതെ ജാതിവികാരങ്ങളകറ്റി അടുപ്പം സൃഷ്ടിക്കാൻ എന്തൊക്കെ മരുന്നാണ് കമ്മ്യൂണിസ്റ്റുകൾ പരീക്ഷിച്ചു പരാജയപ്പെട്ടതെന്ന്.

ഇവിടെ, ജാതീയതയ്ക്കെതിരെ പ്രവർത്തിച്ചതും ഫലപ്രദമായി എന്തെങ്കിലും ചെയ്തതും ഹിന്ദുക്കൾ തന്നെയാണ്. അല്ലാതെ, ആ പേരിനോടു തന്നെ നിതാന്തശതൃത പ്രഖ്യാപിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റുകളല്ല. സ്വാമിവിവേകാനന്ദന്റെ അനുഗ്രഹത്തോടെ ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും ഹരിശ്രീ കുറിച്ച നവോത്ഥാനപ്രസ്ഥാനത്തിന്റെയും അതിൽ നിന്ന് പ്രേരണയുൾക്കൊണ്ട് സ്ഥാപിക്കപ്പെട്ടതും ഗാന്ധിജിയുടെ നിർദ്ദേശാനുസരണം കേളപ്പജിയും മന്നവും ടി.കെ.മാധവനുമൊക്കെ ശക്തിപ്പെടുത്തിയതുമായ ദേശീയപ്രവർത്തനങ്ങളുടെയുമെല്ലാം അന്തസത്ത ഒന്നു തന്നെയായിരുന്നു. അവയൊന്നടങ്കം ഹിന്ദുസമൂഹത്തിലെ ആന്തരികദോഷങ്ങൾ ഇല്ലാതാക്കുവാൻ കൂടി ഉദ്ദേശിച്ചുള്ളവ തന്നെയായിരുന്നു. ചരിത്രവസ്തുതകൾ ദുർവ്യാഖ്യാനം ചെയ്തും മുറിവിപ്ലവങ്ങളെ മഹത്വവൽക്കരിച്ചുമൊക്കെ എഴുതിക്കൂട്ടിയ വിപ്ലവസാഹിത്യത്തിന്റെ താളുകൾക്കിടയിലെല്ലാം ഒരുപക്ഷേ കമ്മ്യൂണിസ്റ്റുകൾ നടത്തിയ "നവോത്ഥാന"പരിശ്രമങ്ങളേക്കുറിച്ചുള്ള പരാമർശങ്ങൾ മാത്രമേ കണ്ടുള്ളൂ എന്നു വരും.

ജാതിവികാരങ്ങൾ മുതലെടുത്തുകൊണ്ട് പ്രത്യയശാസ്ത്രപാഠങ്ങൾ തിരുകുവാൻ ശ്രമിച്ചതല്ലാതെ – ജാതിവികാരങ്ങൾ അവസാനിപ്പിച്ച് ആളുകളെ അടുപ്പിക്കുവാൻ ആത്മാർത്ഥമായ എന്തു ശ്രമമാണ് കമ്മ്യൂണിസ്റ്റുകൾ നടത്തിയത്? കണ്ണുമടച്ച് എതിർക്കുക – ബലം പ്രയോഗിക്കുക – മുതലായ പരിപാടികൾ ജാതിവികാരം വർദ്ധിപ്പിക്കാൻ ഇടയാക്കുക മാത്രമാണുണ്ടായത്.

ഇത് വിസ്തരിച്ചു പറയേണ്ട വിഷയമാണ്. സ്ഥല-സമയ-പരിമിതി മൂലം ചുരുക്കുകയാണ്.

ജാതിസ്പർദ്ധ നിലനിൽക്കുന്നത് കമ്മ്യൂണിസ്റ്റുകൾക്കു ഗുണകരമാണ്. മറിച്ച്, ജാതിമൂലമുള്ള അകൽച്ചകൾ ഇല്ലാതാകുന്നതാകട്ടെ സംഘത്തിനു ഗുണകരവുമാണ്. ആര് എന്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നത് എളുപ്പം പരിശോധിക്കാവുന്നതേയുള്ളൂ.

പറയനെന്നും പട്ടരെന്നും വിളിച്ച് കമ്മ്യൂണിസ്റ്റുകാർ ഇപ്പോളും കൃത്യമായി വേർതിരിച്ചുനിർത്തിത്തന്നെ വോട്ടെണ്ണി തിട്ടപ്പെടുത്തുന്നവർ തോളിൽ കയ്യിട്ടു നിൽക്കുന്നതു കാണണമെങ്കിൽ ഇപ്പോളും സംഘശാഖയിലേക്കു തന്നെ ചെല്ലണം എന്നിടത്താണ് സകല വിപ്ലവവായാടിത്തങ്ങളും പൊളിഞ്ഞുവീഴുന്നത്. ഗാന്ധിജിയും അംബേദ്ക്കറുമടക്കമുള്ളവർ സംഘത്തെ ഉള്ളഴിഞ്ഞ് അഭിനന്ദിച്ചിട്ടുള്ളതും ജാതിചിന്ത തകർത്തെറിഞ്ഞുകളയിക്കുന്നതിലുള്ള സംഘത്തിന്റെ അത്ഭുതകരമായ വിജയം കണ്ടതുകൊണ്ടാണ്. ഇതൊന്നും നമ്മൾ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല ചാണക്യൻ. താങ്കൾക്ക് അതേപ്പറ്റിയൊന്നും ഇതുവരെ അറിയാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ, ഇനിയെങ്കിലും കുറേക്കൂടി അന്വേഷണതല്പരനാകുക. താങ്കളൊക്കെ പലപ്പോഴും പറഞ്ഞുകാണുന്ന മട്ടൊരു പശ്ചാത്തലമാണ് സംഘത്തിനു യഥാർത്ഥത്തിൽ ഉണ്ടായിരുന്നതെങ്കിൽ അവർക്കിത്രയും വളരാൻ കഴിയുമായിരുന്നോ എന്നു ചിന്തിക്കുക.

ജാതീയതയ്ക്കെതിരെയൊക്കെ ഫലപ്രദമായി പ്രവർത്തിക്കുന്നത് സംഘമോ ഇടതുപക്ഷമോ എന്നതൊരു നല്ല ചർച്ചാവിഷയമാണ്. താൽപര്യമുണ്ടെങ്കിൽ, പിന്നീടാവാം.

ഒരുകാര്യം മാത്രം ഇപ്പോൾത്തന്നെ പറയാതെ വയ്യ. രണ്ടാം ക്ഷേത്രപ്രവേശന സമരമെന്നോ എന്തൊക്കെയോ പേരുവിളിച്ച് ഗുരുവായൂരിൽ ഒരു സമരം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ട ഇടതുപക്ഷം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണത് ക്ഷേത്രപ്രവേശനം പോയിട്ട് ശ്രീകോവിൽ പ്രവേശനം തന്നെ സാദ്ധ്യമാക്കുന്ന തരത്തിലുള്ള വിപ്ലവകരമായ പ്രവർത്തനങ്ങളിലാണ് സംഘത്തിനു താല്പര്യം. അല്ലാതെ, വില കുറഞ്ഞ വാഗ്വാദങ്ങളിലല്ല. അതുകൊണ്ടു തന്നെയാണ് സംഘത്തിനെതിരെയുള്ള പല തരംതാണ ആരോപണങ്ങളും തമാശകളുമൊക്കെ ഒട്ടും പ്രതിരോധിക്കപ്പെടാതെ അവശേഷിക്കുന്നതും ആളുകൾ ആവേശം കയറി വീണ്ടും വീണ്ടും അബദ്ധം പറയുന്നതും.

സംഘം തന്നെ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ‘താന്ത്രിക് വിദ്യാപീഠ’ത്തിൽ നിന്ന് അടുത്തിടെ പഠിച്ചിറങ്ങിയ പൂജാരിമാരുടെ കൂട്ടത്തിൽ "വർണ്ണ"വ്യത്യാസമൊന്നും കൂടാതെ വിവിധജാതിവിഭാഗങ്ങളുണ്ട്. അവർക്കിടയിൽ ആദിവാസികളടക്കമുള്ള ആളുകളുണ്ട്. സോ കോൾഡ് "സവർണ്ണ"സംഘടനകളുടെ എതിർപ്പിനെ അതിജീവിച്ചുകൊണ്ടാണ് സംഘം ഉജ്ജ്വലമായ ഇത്തരം നിശ്ശബ്ദവിപ്ലവങ്ങൾ സംഘടിപ്പിക്കുന്നതും വിജയിപ്പിക്കുന്നതും.

ആവശ്യമുള്ളവർക്ക്‌ കേരളത്തിലെയും മറ്റും സംഘനേതൃനിരയിലുള്ളവരുടെ വർണ്ണവും മറ്റും പരിശോധിച്ചുനോക്കുകയുമാവാം. സംഘത്തെ സംബന്ധിച്ചിടത്തോളം അവരെല്ലാം തുല്യരാണ് - ജാതി-വർണ്ണ-പരിഗണനകൾക്ക്‌ അവിടെ യാതൊരു പ്രസക്തിയുമില്ല. ഇവിടുത്തെ ഇടതുപക്ഷം അത്രത്തോളം ജാതിവിമുക്തമായിരിക്കുമെന്നു കരുതാൻ യാതൊരു വകയുമില്ല.

ഇടതുപക്ഷവും മറ്റും എത്രയൊക്കെ ശ്രമിച്ചിട്ടും സംഘപരിവാർ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കാൻ ആളുകളുണ്ടാവുന്നെങ്കിൽ, അതിന്റെ പിന്നിലൊക്കെ എന്തെങ്കിലും ശക്തമായ കാരണങ്ങൾ കാണുമെന്നെങ്കിലും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. അത്രയുമില്ലെങ്കിലും, ഒന്നു മാത്രമെങ്കിലും താങ്കൾ ദയവായി മനസ്സിലാക്കി വയ്ക്കുക. സംഘപരിവാർ പ്രവർത്തകർ താങ്കൾ കരുതിയേക്കാമെന്നതുപോലെ ശീതീകരിച്ച മുറികളിലിരുന്ന് ബ്ലോഗ് എഴുതുകയോ വിശകലനം ചെയ്യുകയോ അല്ല. അവർ സർവ്വസാധാരണക്കാരായ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കുകയാണ്. കാണാൻ സാധിക്കാത്തവരുണ്ടെങ്കിൽ കൊട്ടാരങ്ങളിൽ നിന്ന് ഇറങ്ങിച്ചെന്നു നോക്കുക. അതല്ലെങ്കിൽ, കറുത്ത കണ്ണട കാട്ടിലെറിഞ്ഞതിനു ശേഷം ശ്രദ്ധിക്കുക!

*-*-*-*-*-*-*-*-*-*-*

വാൽക്കഷണം:-

സി.പി.എം. നേതാവു രാമചന്ദ്രൻപിള്ള, ഇടതുപക്ഷാനുഭാവിയായ ബ്ലോഗർ രാമചന്ദ്രൻ എന്നിവരൊക്കെ ഇനി മേൽ പറഞ്ഞേക്കാവുന്ന കാര്യങ്ങൾ മുതൽ മണ്മറഞ്ഞ മരുതൂർ ഗോപാല രാമചന്ദ്രൻ പറഞ്ഞിട്ടുപോയ ഡയലോഗുകൾക്കു വരെ ഇനി ആളുകൾ സംഘപരിവാറിനോടു കണക്കു ചോദിക്കുമെന്നു വരുമോ? അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുകയാണ്. പറഞ്ഞുവരുമ്പോൾ എല്ലാവരും രാമചന്ദ്രന്മാർ തന്നെ. യേത് ?