Thursday, November 30, 2006

സൂത്രധാരന്‍ ഉവാച

മറ്റുള്ള ബ്ലോഗുകളിലെ ചില പോസ്റ്റുകള്‍ക്ക്‌ അല്‍പം വിശദമായ ഒരു കമന്റ്‌ എഴുതിയാല്‍ കൊള്ളാമെന്നു വരുമ്പോള്‍ അതിനായി ഒരിടം എന്ന നിലയ്ക്ക്‌ ഇവിടം ഉപകരിക്കുമെന്നു വിചാരിക്കുന്നു. പ്രധാനമായും മൂന്നു കാരണങ്ങള്‍ കൊണ്ടാണ്‌ ഇങ്ങനെയൊരു ബ്ലോഗ്‌ തുടങ്ങാമെന്നു വച്ചത്‌.

(1) ചില ബ്ലോഗുകളില്‍ കമന്റ്‌ എഴുതിക്കഴിയുമ്പോളേക്കും, വേണമെങ്കില്‍ ഇതൊരു പോസ്റ്റ്‌ തന്നെ ആക്കാമായിരുന്നു എന്നു തോന്നിപ്പോയിട്ടുണ്ട്‌. വിഷയത്തിന്റെ പ്രത്യേകത കൊണ്ടോ അല്ലെങ്കില്‍ ആ കമന്റില്‍ വിശദീകരിക്കേണ്ടി വന്ന കാര്യങ്ങളുടെ ആധികാരികത കൊണ്ടോ എന്തെങ്കിലും. അത്തരമൊരു കമന്റ്‌, ആ ബ്ലോഗിന്റെ ഉടമസ്ഥന്‍ അയാളുടെ സ്വന്തം പോസ്റ്റ്‌ എന്നെങ്കിലും ഡിലീറ്റു ചെയ്യാന്‍ ഇടയായാല്‍ നഷ്ടപ്പെടും എന്നൊരു പ്രശ്നം കൂടിയുണ്ട്‌.

(2) എന്തെങ്കിലുമൊന്ന്‌ കാര്യ കാരണസഹിതം വിശദീകരിക്കേണ്ടി വരുമ്പോള്‍ ചിത്രങ്ങളുടെ സഹായമുണ്ടെങ്കില്‍ നന്നായിരുന്നു എന്നു തോന്നാറുണ്ട്‌. സ്വന്തം ബ്ലോഗിലാവുമ്പോള്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കൂടുതല്‍ സൗകര്യമുണ്ട്‌.

(3) ഏതാണ്ട്‌ ഒരേ കാര്യത്തേപ്പറ്റി സംസാരിക്കുന്ന പലര്‍ക്കുമുള്ള മറുപടി ഏതാണ്ട്‌ ഒന്നു തന്നെയാകുമ്പോള്‍, അത്‌ ഓരോ തവണയും ആവര്‍ത്തിക്കേണ്ടി വരുന്നു. ഒരു 'മറുമൊഴി'യുടെ രൂപത്തില്‍ അത്‌ സ്വന്തം ബ്ലോഗില്‍ത്തന്നെയുണ്ടെങ്കില്‍, മറുപടി ആവര്‍ത്തിക്കുന്നതിനു പകരം ലിങ്ക്‌ കൊടുക്കാമല്ലോ.

ഇതൊക്കെ ബൂലോഗത്ത്‌ പൊതുവേ പാലിക്കപ്പെടുന്ന നിയമങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമാണോ എന്നു പോലും ചെറിയൊരു ആശങ്കയില്ലാതില്ല. അതോ ഇതൊക്കെ പണ്ടേയ്ക്കു പണ്ടേ ബൂലോക ഗുരുക്കന്മാര്‍ പരീക്ഷിച്ചറിഞ്ഞു കഴിഞ്ഞതാണോ എന്തോ? ഒരാളുടെ രചനകള്‍ക്ക്‌ മറ്റൊരിടത്ത്‌ അഭിപ്രായമെഴുതുക. അവയ്ക്കു മേല്‍ മൂലരചയിതാവിന്‌ ഒരു നിയന്ത്രണവും ഇല്ലാതിരിക്കുക. ആവോ? എനിക്കറിയില്ല. ആവിഷ്കാര സ്വാതന്ത്ര്യം, വിമര്‍ശനസ്വാതന്ത്ര്യം ഇതൊക്കെ എത്രത്തോളം വേണം എന്നൊക്കെപ്പറഞ്ഞ്‌ വേണമെങ്കില്‍ ഒരു വലിയ ചര്‍ച്ചയ്ക്കുമുള്ള വകുപ്പില്ലാതില്ല. പക്ഷേ ഇത്തരം വിഷയങ്ങള്‍ക്കൊന്നും ഇപ്പോള്‍ ആളു കൂടാതായിരിക്കുന്നു.

എന്തായാലും ഇത്‌ ആരെയും വേദനിപ്പിക്കാതിരിക്കട്ടെ എന്നാണ്‌ എന്റെ പ്രാര്‍ത്ഥന.ചില മറുമൊഴികളെങ്കിലും ആര്‍ക്കെങ്കിലും തര്‍ക്കുത്തരങ്ങളായി തോന്നിയെങ്കിലോ? അതിന്‌ മുന്‍കൂര്‍ ക്ഷമാപണവും.

6 comments:

Unknown said...

പ്രസിദ്ധീകരിച്ചതിനു ശേഷം സ്വന്തം ബ്ലോഗ്‌-പോസ്റ്റ്‌ ഒരിക്കല്‍ക്കൂടി വായിച്ചു നോക്കിയപ്പോള്‍ തോന്നിയ ഒരു സംശയമാണ്. “പോസ്റ്റ്‌“, “ഡിലീറ്റു ചെയ്യല്‍” മുതലായ വാക്കിനൊക്കെ പകരം ഉപയോഗിക്കാവുന്ന ഏതെങ്കിലും മലയാള പദങ്ങളുണ്ടെങ്കില്‍ അവ ഏതാണ്? ബൂലോകത്ത്‌ ഇപ്പോള്‍ തന്നെ അവയ്ക്കു പകരം പൊതുവെ ഉപയോഗിക്കപ്പെടുന്ന പദങ്ങള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞു തരണമെന്നപേക്ഷ. “കമന്റിനു“ വേണമെങ്കില്‍ ‘അഭിപ്രായ‘മെന്നു പറയാം. ചില സമയത്ത്` ആംഗലേയത്തിലുള്ള മൂലരൂപം തന്നെ നല്ലത്‌ എന്നും വരും.

“ഓടോ“യ്ക്ക് (ഓഫ് ടോപിക്) ഒരു മലയാളിത്തമൊക്കെയുണ്ട്‌. അത്‌ ഭാഷയ്ക്കൊരു സംഭാവനയായി, പുതിയൊരു പദമായി ഇരിക്കട്ടെ.
PS (post script) എന്നതിനു പകരം (എല്ലാം പറഞ്ഞു കഴിഞ്ഞതിനു ശേഷം, വിഷയസംബന്ധിയായതു തന്നെ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നത്‌) ഞാന്‍ ഉപയോഗിക്കാറുള്ള ഒന്നുണ്ട്‌.

“വൈത്തോ”

ഒരു തമിഴ്‌ ഗന്ധം. അല്ലേ? “വൈകിത്തോന്നിയത്” എന്നു പൂര്‍ണ്ണരൂപം.

myexperimentsandme said...

ഞാനറിഞ്ഞിടത്തോളം സിബു പണ്ടേ ഇങ്ങിനെ അഭിപ്രായങ്ങള്‍ക്കായി ബ്ലോഗ് തുടങ്ങിയിരുന്നു. പിന്നെ കെ.പി എന്നൊരു ബ്ലോഗറും തുടങ്ങി (പക്ഷേ കെ.പി. അവിടെ കമന്റുകള്‍ അനുവദിച്ചിരുന്നില്ല). പിന്നെ ഉമേഷ്‌ജിയും തുടങ്ങി (ഉമേഷ്‌ജിയുടെ പ്രൊഫൈലില്‍ പോയി ആ ബ്ലോഗ് ഏത് ബ്ലോഗെന്ന് തപ്പിക്കണ്ടുപിടിക്കണമെങ്കില്‍ തപ്പല്‍ ഔട്ട് സോഴ്സ് ചെയ്യേണ്ടിവരും :) )

എന്തായാലും ഉദ്യമത്തിന് ഭാവുകങ്ങള്‍. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉണ്ട് എന്ന് തോന്നുന്നു.

വൈത്തോ ഇഷ്ടപ്പെട്ടു. വൈക്കോയുടെ അനുയായികള്‍ക്കും സന്തോഷമാവുമായിരിക്കും :)

ഉമേഷ്::Umesh said...

വക്കാരി പറഞ്ഞതിന്റെ വിശദവിവരങ്ങള്‍:

സിബുവിനു് ഇതിനു പ്രത്യേകം ബ്ലോഗില്ല. ഇവിടെത്തന്നെ ആണു് അദ്ദേഹം കമന്റുകളുമെഴുതാറുള്ളതു്.

എന്റെ കമന്റ് ബ്ലോഗ് ഇവിടെ.

കെ. പി. യുടെ കമന്റ് ബ്ലോഗ് ഇവിടെ.

Anonymous said...

എന്തു കൊടച്ചക്രമായാലും കൊള്ളാം. ആന്റി സെമിറ്റിക് രാഷ്ട്രങ്ങളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് നാസി പുതകങ്ങളും, ‘മൈയിന്‍ കാഫ്’ ഒക്കെയാണെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍

Unknown said...

ലോനപ്പന്‍, ഇത്‌ ഈ പോസ്റ്റിനുള്ള കമന്റായിരുന്നോ അതോ ഫാസിസത്തിന്റെ നിര്‍വചനത്തേക്കുറിച്ചുള്ള പുതിയ പോസ്റ്റിനുള്ള കമന്റായീരുന്നോ? ആകെ “കണ്‍ക്ലൂഷ”നായല്ലോ.

Devadas V.M. said...

സ്ഥലം മാറിയോ, ക്ഷമിക്കുക
ഫാസിസത്തിലേക്കുള്ളതാണ്. സീസറിനുള്ളത് സീസറിന്