Sunday, March 25, 2007

മോഡിയുടെ പ്രസംഗം - ഒരു മാദ്ധ്യമ വിചാരം

തിരുവനന്തപുരത്തു നടത്തപ്പെട്ട ഹിന്ദുമഹാമേളയും അതിനോടനുബന്ധിച്ച്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗവും റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ സംഭവിച്ച ചില്ലറ പിഴവുകളിലേക്കുള്ള ഒരു എത്തിനോട്ടമാണിത്‌. ചില പരാമര്‍ശങ്ങള്‍ വായിച്ചപ്പോള്‍, പ്രസംഗം ആദ്യവസാനം നേരിട്ടു ശ്രവിച്ച ഒരാളെന്ന നിലയില്‍ എന്നിലുളവായ ചില ശിഥില ചിന്തകളും ഇവിടെ സമാഹരിച്ചിട്ടുണ്ട്‌.

'ഓണ്‍ലൈന്‍' ആയി ലഭ്യമായിരുന്ന ചില പത്രങ്ങളിലെ വാര്‍ത്തകള്‍ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ദീപിക, മംഗളം, മനോരമ, മാധ്യമം, കൗമുദി, ഇന്ത്യന്‍ എക്സ്‌പ്രസ്‌, ഹിന്ദു, മാതൃഭൂമി എന്നിവയാണ്‌ ഇക്കൂട്ടത്തിലുള്ളത്‌. പലതിന്റേയും 'പ്രിന്റ്‌ വേര്‍ഷ'നില്‍ കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും ലഭ്യമായിരുന്നു.

(എന്തുകൊണ്ടോ ദേശാഭിമാനിയില്‍ തെറ്റുകള്‍ വളരെക്കൂടുതലായി കണ്ടതു കൊണ്ട്‌ അതിനു വേണ്ടി ഒരു പ്രത്യേക പോസ്റ്റു തന്നെ മാറ്റിവയ്ക്കേണ്ടിവന്നു. അത്‌ ഇവിടെ വായിക്കാവുന്നതാണ്.)

ദീപിക
--------
മറ്റുള്ളവര്‍ എഴുതാന്‍ മടിച്ചതു പലതും തുറന്നെഴുതാനുള്ള ആര്‍ജ്ജവം ദീപിക കാട്ടിയിട്ടുണ്ട്‌. എന്നാല്‍, സമ്പൂര്‍ണ്ണമായ അര്‍ത്ഥവ്യതിയാനമുണ്ടാക്കുന്ന ചില പിഴവുകളും അവര്‍ക്കു പറ്റി.
(1) പ്രകൃതിയെ ചൂഷണം ചെയ്യാതെ നമുക്കാവശ്യമുള്ളതുമാത്രം 'കറന്നെടുക്കുന്ന'താണു നമ്മുടെ സംസ്കാരം എന്നാണു മോഡി പറഞ്ഞത്‌. എന്നാല്‍, ദീപിക എഴുതിയത്‌ 'കവര്‍ന്നെടുക്കുന്ന' എന്നാണ്‌. അര്‍ത്ഥം നേരെ തിരിഞ്ഞുപോയി.

(2) "'കപടമതവിശ്വാസികള്‍' എന്തെല്ലാം പറഞ്ഞാലും ശരി" എന്നമട്ടില്‍ എഴുതിയിരിക്കുന്നതും തെറ്റാണ്‌. കപടമതവിശ്വാസം എന്നു പറഞ്ഞാല്‍ വിശ്വാസം കപടമാണെന്നോ അല്ലെങ്കില്‍ മതം കപടമാണെന്നോ ഒക്കെ അര്‍ത്ഥം വരുന്നു. മതേതരത്വത്തേക്കുറിച്ചു പറയുകയും എന്നാല്‍ ഉള്ളില്‍ കൊടിയ വര്‍ഗീയത സൂക്ഷിച്ചുകൊണ്ടു പെരുമാറുകയും ചെയ്യുന്ന രാഷ്ട്രീയക്കാരേയും കൂസിസ്റ്റുകളേയുമൊക്കെ സൂചിപ്പിക്കാനുപയോഗിക്കുന്ന 'കപടമതേതരവാദികള്‍' എന്നതാണ്‌ ശരിയായ, വേദിയില്‍ ഉപയോഗിക്കപ്പെട്ട, പദം.

മംഗളം
--------
ആരെയും കണ്ണടച്ച്‌ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ യാഥാര്‍ത്ഥ്യബോധത്തോടെയും ധൈര്യത്തോടെയും ചിലതൊക്കെ എഴുതാന്‍ പതിവുപോലെ ഇത്തവണയും 'മംഗളം' പത്രം മാത്രമേ തയ്യാറായിരുന്നുള്ളൂ.

മംഗളത്തില്‍, താഴെപ്പറയുന്നവ പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
  • നരേന്ദ്രമോഡിയെ എന്തിനെതിര്‍ക്കണം? (മുഖപ്രസംഗം - ജനു.29 - 2007)
  • മോഡിയുടെ വികസന നയം മാതൃകയാക്കണം (ജനു.29 - 2007)
  • മോഡിയുടെ പ്രസംഗം കേട്ട്‌ ലജ്ജിച്ച കേരളീയര്‍ (കെ. എം. റോയ്‌ - ഫെബ്രുവരി 5 - 2007)
എന്നാല്‍, പ്രസംഗം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ അവര്‍ക്കും പിഴവു പറ്റി.
(1) ‘പോലീസിനെ നോക്കുകുത്തിയാക്കി ‘ എന്ന പ്രയോഗം തികച്ചും തെറ്റാണ്‌. സമ്മേളനസ്ഥലത്തെ സുരക്ഷിതത്വത്തിന്റെ ചുമതല സംഘപ്രവര്‍ത്തകര്‍ തന്നെ കൈകാര്യം ചെയ്തു എന്നതു സത്യമാണ്‌. പക്ഷേ പോലീസിനെ ഒന്നും ചെയ്യാനാവാതെ വെറുതെ നിര്‍ത്തി എന്നര്‍ത്ഥം വരുന്ന പ്രയോഗങ്ങള്‍ ശരിയല്ല. പോലിസ്‌ അവിടെ സ്ത്യുത്യര്‍ഹമായ സേവനമാണ്‌ കാഴ്ചവച്ചത്‌. അവര്‍ക്ക്‌ മേളയുടെ സംഘാടകരില്‍ നിന്നും തിരിച്ചങ്ങോട്ടും നല്ല സഹകരണവുമുണ്ടായിരുന്നു.

(2) ‘പോലീസ്‌ കടത്തി വിട്ട ചിലരെ"പ്പോലും" പ്രവര്‍ത്തകര്‍ തടഞ്ഞു‘ എന്നതില്‍ ആശ്ചര്യമെന്താണുള്ളത്‌?പോലീസ്‌ കടത്തിവിട്ടു എന്നതു കൊണ്ട്‌, സമ്മേളനത്തിന്റെ നടത്തിപ്പുകാര്‍ക്ക്‌ - അതും സുരക്ഷയുടെ ചുമതലയുള്ളവര്‍ക്ക്‌ - ഒരാള്‍ തികച്ചും സ്വീകാര്യനായിക്കൊള്ളണമെന്നുണ്ടോ? സമ്മേളന സ്ഥലത്തേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയോ ആരെയെങ്കിലും പ്രവേശിക്കാനനുവദിക്കാതിരിക്കുകയോ ആരെയെങ്കിലും പുറത്താക്കുകയോ ചെയ്തിട്ടില്ല. തിരക്ക്‌ വളരെ വര്‍ദ്ധിക്കുമ്പോള്‍, ഗതാഗതസൗകര്യം പ്രമാണിച്ചും മറ്റും പലരേയും വഴിമാറ്റിയൊക്കെ വിടേണ്ടി വരും. അതില്‍ പ്രമുഖര്‍ കൂടി ഉള്‍പ്പെട്ടു എന്നതില്‍ നിന്നു തന്നെയറിയാം, തക്കതായ കാരണമുള്ളതുകൊണ്ടു തന്നെയാണ്‌ അതു ചെയ്തത്‌ എന്ന്‌.

(3) ‘കാക്കി നിക്കറും വെള്ള ഷര്‍ട്ടുമെന്ന "പതിവുയൂണിഫോമിനു" പകരം കറുത്ത പാന്റും വെള്ള ഷര്‍ട്ടുമാണ്‌ രക്ഷക്‌ പ്രവര്‍ത്തകര്‍ ധരിച്ചിരുന്നത്‌‘.
ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകരുടെ ഔദ്യോഗികവേഷമായ 'ഗണവേഷ'ത്തിന്റെ ഭാഗമാണ്‌ കാക്കി. 'രക്ഷകര്‍'ക്ക്‌ പ്രത്യേക വേഷമുണ്ടോ എന്നറിയില്ല. എന്തായാലും ഹിന്ദു മഹാമേള പോലൊരു പരിപാടിക്ക്‌ ഏതെങ്കിലുമൊരു സംഘപ്രവര്‍ത്തകന്‍ ഗണവേഷം ധരിച്ചുകൊണ്ട്‌ എത്തും എന്നു പ്രതീക്ഷിക്കുന്നത്‌ സംഘപ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയാണു കാണിക്കുന്നത്‌.

മനോരമ
-----------
(1) പ്രസംഗത്തിലൂടെ മോഡി പ്രകോപനമുണ്ടാക്കാതിരുന്നതും പോലീസിനും സര്‍ക്കാരിനും ആശ്വാസമായി.

പ്രസംഗത്തിലൂടെ മോഡി എന്തെങ്കിലും 'പ്രകോപന'മുണ്ടാക്കും എന്നു പ്രതീക്ഷിച്ചിരുന്നവര്‍ക്ക്‌ മോഡിയേക്കുറിച്ചോ സംഘത്തേക്കുറിച്ചോ ഒക്കെ പരിമിതമായ- അതും മുന്‍ധാരണകളാല്‍ വികലമായ - അറിവുകളേ ഉള്ളൂവെന്നു വ്യക്തം. സമ്മേളനത്തിനു മുമ്പുള്ള ഒന്നൊന്നര മാസക്കാലം തെരുവില്‍ മോഡിയുടെ കോലം കത്തിക്കലും ഭര്‍ത്സനവും പ്രചാരണബോര്‍ഡുകള്‍ നശിപ്പിക്കലുമൊക്കെ അനുസ്യൂതം നടക്കുന്നതു കണ്ടിട്ടും പ്രകോപിതരാവാതിരുന്നവര്‍ പെട്ടെന്നൊരു ദിവസം ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടു പ്രകോപിതരാവുമെന്നു കരുതുക വയ്യ. അല്ലെങ്കില്‍ത്തന്നെ എന്തു പറഞ്ഞാണ്‌ മോഡി പ്രകോപനമുണ്ടാക്കുക? ആരെയാണ്‌ പ്രകോപിപ്പിക്കുക? സമ്മേളനത്തിനെത്തിയവരെയോ അതോ പുറത്തുള്ളവരെയോ? ആവോ? അറിയാവുന്നത്‌ മനോരമയ്ക്കു മാത്രം.

(2) വര്‍ഗ്ഗീയച്ചുവയുള്ള പ്രസംഗമാണു മൈതാനം തിങ്ങി നിറഞ്ഞ ജനസഞ്ചയം പ്രതീക്ഷിച്ചതെങ്കിലും...

സ്വന്തം ചിന്തകള്‍ "ജനങ്ങളുടേ"താണെന്ന മട്ടില്‍ അവതരിപ്പിക്കാറുള്ളത്‌ സാധാരണ ദേശാഭിമാനി ലേഖകന്മാരാണ്‌. മനോരമയും അത്‌ അനുകരിച്ചു തുടങ്ങിയിരിക്കുന്നു. ഞാനടക്കം അവിടെക്കൂടിയ എല്ലാവരുടേയും മനസ്സ്‌ വായിക്കുവാനായി ലേഖകന്‍ ഉപയോഗിച്ച ആധുനിക സാങ്കേതിക വിദ്യയെന്താണാവോ? അവിടെ കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരും വടിയും കുത്തിപ്പിടിച്ചു വന്ന മുത്തശ്ശിമാരും (ഞാന്‍ നേരിട്ടു കണ്ടവര്‍) എല്ലാം 'വര്‍ഗ്ഗീയച്ചുവയുള്ള പ്രസംഗം കേള്‍ക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശയിലാവണം മടങ്ങിയത്‌!

അവിടെക്കൂടിയവരൊക്കെ എന്തെല്ലാം കാരണങ്ങളാല്‍ അവിടെ എത്തി എന്നു മനസ്സിലാക്കാന്‍ ആ ലേഖകനേപ്പോലെയുള്ളവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല ഉടനെയെങ്ങും കഴിയുമെന്നും തോന്നുന്നില്ല എന്നു വ്യക്തമാക്കുന്നു ഈ വാചകം.

കൗമുദി
---------
(1) "തീവ്രഹിന്ദുത്വ നിലപാടിലൂന്നിയ പ്രസംഗം പ്രതീക്ഷിച്ചവരെ ആശ്ചര്യപ്പെടുത്തി"..

പത്രക്കാരുടെ നിരാശ വളരെ നന്നായി പ്രതിഫലിപ്പിക്കുന്നു ഈ വാചകം.

'തീവ്രഹിന്ദുത്വം' എന്നും മറ്റുമുള്ള വാക്കുകള്‍ സൃഷ്ടിച്ചെടുത്തവര്‍ തന്നെ പറയേണ്ടി വരും - അതു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നതെന്ന്‌. ശക്തമായ ഹിന്ദുത്വ നിലപാടില്‍ ഊന്നിയ പ്രസംഗം തന്നെയാണ്‌ മോഡി നടത്തിയത്‌. അത്‌ പ്രസംഗം കേട്ടവരുടെ കൂട്ടത്തില്‍ ഹിന്ദുത്വം എന്നാല്‍ എന്തെന്ന്‌ അറിയുന്നവര്‍ ആരും സമ്മതിക്കും. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആവേശവും അഭിമാനവും വാനോളമുയര്‍ത്തിയിട്ടാണ്‌ മോഡി മടങ്ങിയതും.

ഏതെങ്കിലും മതവിഭാഗങ്ങള്‍ക്കെതിരായ പ്രസംഗം പ്രതീക്ഷിച്ച്‌ ഇവിടുത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ കാത്തിരുന്നുവെങ്കില്‍, അവര്‍ അങ്ങേയറ്റം നാണം കെട്ടു എന്നതു വാസ്തവം. നിരാശയോടൊപ്പം, "ആശ്ചര്യ'വും കൂടി ഉണ്ടായെങ്കില്‍, അത്‌ യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ചുള്ള അവരുടെ അജ്ഞതയില്‍ നിന്ന്‌ ഉണ്ടായതാണെന്നാണ്‌ എനിക്കു തോന്നുന്നത്‌.

(2) പക്ഷേ ഞങ്ങള്‍ പാകിസ്ഥാനിലാണ്‌ പ്രശ്നമുണ്ടാക്കുന്നത്‌ - മോഡി പറഞ്ഞു.

നൂറുശതമാനം തെറ്റാണിത്‌. ഇതു കേട്ടാല്‍ തോന്നും മോഡിയുടെ ആള്‍ക്കാര്‍ ആരോ പാക്കിസ്ഥാനില്‍ നുഴഞ്ഞുകയറി അവിടെയെന്തോ പ്രശ്നമുണ്ടാക്കുന്നു എന്ന്‌.

ബംഗ്ലാദേശിന്റെ വശത്തു നിന്ന്‌ ആസ്സാമിലും മറ്റും നിര്‍ബാധം നടക്കുന്നതുപോലെയുള്ള നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനങ്ങളും അനുവദിച്ചുകൊടുക്കാത്തതിന്റെ പേരില്‍, പാക്കിസ്ഥാനു വിഷമമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌ ഞങ്ങള്‍ (ഗുജറാത്ത്‌ തീരസംരക്ഷണ സേനയും മറ്റും) എന്നാണ്‌ മോഡി പറഞ്ഞത്‌.

"ഹമാരേ കാരണ്‍ പാക്കിസ്ഥാന്‍ പരേശാന്‍ ഹെ" എന്ന്‌ ഹിന്ദിയിലെ മൂലവാചകം.

(3) ആര്‍. എസ്‌. എസ്‌. സഹസംഘപ്രചാരക്‌ നന്ദകുമാര്‍ പരിഭാഷപ്പെടുത്തി.

'സഹസംഘപ്രചാരക്‌' എന്നൊരു പദവിയേക്കുറിച്ച്‌ ഇതു വരെ കേട്ടിട്ടുമില്ല - സംഘത്തേക്കുറിച്ച്‌ വായിച്ച പുസ്തകങ്ങളിലൊന്നും കണ്ടിട്ടുമില്ല. കൗമുദി, എവിടെ നിന്നോ പകുതി കേട്ട ഒരു പേര്‌ തങ്ങള്‍ക്കു തോന്നിയ മട്ടില്‍ പൂരിപ്പിച്ചെടുത്തതാവാനേ തരമുള്ളൂ.

New Indian Express
----------------------------
(1) Moditva modified for development..

ഗുജറാത്തിലെ വികസനപ്രവര്‍ത്തനങ്ങളേപ്പറ്റിയോ, അതുമായി ബന്ധപ്പെട്ട്‌ മോഡിയുടെ ഇമേജിനേപ്പറ്റിയോ ഒന്നും വായിച്ചോ കേട്ടോ അറിഞ്ഞിട്ടില്ലാത്തതു കോണ്ടാണ്‌ 'modified‘ എന്നു പറയേണ്ടി വരുന്നത്‌. അല്ലെങ്കില്‍, അറിയാമെങ്കിലും മറച്ചുപിടിക്കുന്നതുമാവാം.

(2) No fumes to ignite communal passion

പ്രതീക്ഷയോടെ കാത്തിരുന്നു കിട്ടാതെ പോയ മറ്റൊരു കാര്യം എന്നേ പറയാനുള്ളൂ..

(3) No more justifications for politics of hatred..

Hatred against Modi's politics ആണ്‌ ഇങ്ങനെയൊക്കെ എഴുതിക്കുന്നത്‌ എന്നു തോന്നുന്നു.

(4) devoting his entire speach to list the development..

‘Entire speach‘ എന്നത്‌ തെറ്റാണ്‌. ഗുജറാത്തിലെ വികസനനേട്ടങ്ങളേക്കുറിച്ചല്ലാതെ മറ്റു പല കാര്യങ്ങളും പറഞ്ഞിരുന്നു.

(5) ‘I urge the centre to emulate gujarath model development‘ എന്നു പറഞ്ഞെന്നു തോന്നുന്നില്ല. ഹിന്ദിയില്‍ പറഞ്ഞുവോ എന്നുറപ്പില്ല. പരിഭാഷയില്‍ കേട്ടില്ല.

മാധ്യമം
---------
(1) തലസ്ഥാനം നിസ്സംഗമായിരുന്നു എന്ന്‌ അന്ന്‌ അവിടം സന്ദര്‍ശിച്ച ആരും അഭിപ്രായപ്പെടുമെന്നു തോന്നുന്നില്ല. ലേഖകന്റെ ഒരു 'ആഗ്രഹപ്രകടനം' വാക്കുകളില്‍ മുഴച്ചു നില്‍ക്കുന്നതുപോലെ തോന്നുന്നു. മൊത്തത്തില്‍ എന്തോ ഒരു ഭീതിജനകമായ അന്തരീക്ഷമായിരുന്നു എന്നു സ്ഥാപിക്കാന്‍ വേണ്ടിയെന്നോണം താഴെ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ തന്നെ, നിസ്സംഗം എന്ന തലക്കെട്ടിനെ ചോദ്യം ചെയ്യുന്നുണ്ട്‌.

(2) മോഡിയുടെ 'തീപ്പൊരി' പ്രസംഗം പ്രതീക്ഷിച്ചാണ്‌ സ്വയം സേവകര്‍ എത്തിയത്‌ എന്ന്‌ ലേഖകന്‍ എങ്ങനെ അറിഞ്ഞുവോ എന്തോ? അതുപോലെ തന്നെ ഒരു പ്രസംഗം തീപ്പൊരിയാകുന്നത്‌ എന്തു ഘടകങ്ങള്‍ അനുസരിച്ചാണാവോ? പ്രസംഗത്തിലെ ഓരോ വാചകവും അവിടെക്കൂടിയിരുന്ന സംഘപ്രവര്‍ത്തകര്‍ അഭിമാനത്തോടെയും ആവേശത്തോടെയുമാണ്‌ ശ്രവിച്ചതെന്നാണ്‌ അവരുടെ പ്രതികരണങ്ങളില്‍ നിന്ന്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.

(3) എം.ജി. റോഡിലും സമീപത്തുമുള്ള വ്യാപാരസ്ഥാപനങ്ങള്‍ വൈകിട്ട്‌ ആറുമണിയോടെ തന്നെ പൂട്ടി.

സമ്മേളനം നടന്ന സ്ഥലത്തു നിന്നും ദൂരെയുള്ള ഏതെങ്കിലും സ്ഥലമാണോ ലേഖകന്‍ ഉദ്ദേശിച്ചതെന്നറിയില്ല. സമ്മേളനസ്ഥലത്തിനടുത്തുള്ള കടകളൊക്കെ രാത്രി എട്ടു മണിക്കു ശേഷവും തുറന്നു കിടക്കുന്നതു തന്നെയാണു കണ്ടത്‌.

(4) സംഘര്‍ഷം ഭയന്നാണ്‌ പലരും കടയടച്ചത്‌.

ഇതു സത്യമാണെങ്കില്‍, മാദ്ധ്യമങ്ങളും ചില പ്രസ്ഥാനങ്ങളുമൊക്കെച്ചേര്‍ന്ന്‌ ഭീതി സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചു എന്നു വേണം കരുതാന്‍.

(5) "മുഖ്യമന്ത്രിയായല്ല - ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകനായാണ്‌ കേരളത്തിലെത്തിയതെന്ന്‌ അര്‍ത്ഥശങ്കയ്ക്കിട നല്‍കാതെ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു."

ഈ വാചകത്തില്‍ "അര്‍ത്ഥശങ്കയ്ക്കിട നല്‍കാതെ" എന്ന്‌ എഴുതുവാന്‍ ലേഖകനു തോന്നിയതിന്റെ പിന്നിലൊരു മനശ്ശാസ്ത്രമുണ്ട്‌. ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകനാണ്‌ എന്നത്‌ മറച്ചു പിടിച്ചു സംസാരിക്കാന്‍ ശ്രമിച്ചേക്കുമോ എന്ന സംശയത്തില്‍ നിന്നാണ്‌ ആ വാക്ക്‌ കടന്നു വന്നത്‌. സംഘപ്രവര്‍ത്തകന്‍ എന്ന ലേബല്‍ മോശമാണ്‌ എന്നു കരുതുന്നവര്‍ക്കാണ്‌ അത്തരമൊരു തോന്നലുണ്ടാകുന്നത്‌. എന്നാല്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം, മോഡിയടക്കം ഏതാണ്ട്‌ എല്ലാ സംഘപ്രവര്‍ത്തകരും അതൊരു അഭിമാനമായാണ്‌ കരുതുന്നത്‌.

(6) എന്നാല്‍ ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ കൂടുതലും ഗുജറാത്തിന്റെ വികസനം വര്‍ണ്ണിക്കാനാണ്‌ ഉപയോഗിച്ചതും.

ഈ വാചകത്തിന്റെ തുടക്കത്തിലുള്ള 'എന്നാല്‍' എന്ന വാക്കിന്റെ പിന്നിലെ മനശ്ശാസ്ത്രവും അല്‍പം പരിശോധിക്കുന്നത്‌ കൗതുകമുണര്‍ത്തും. ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകനായിട്ടാണ്‌ എത്തിയത്‌. - "എന്നാല്‍" ഗുജറാത്തിന്റെ വികസന കാര്യം പറഞ്ഞു എന്ന്‌ ലേഖകന്‍ അത്ഭുതപ്പെടുന്നു! പിന്നെ, ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകന്‍ വേറേ എന്തു പറയുമെന്നാണ്‌ ലേഖകന്‍ വിചാരിച്ചത്‌? രാഷ്ട്രപൂജ ചെയ്യുന്നവര്‍ എന്നറിയപ്പെടുന്ന ആര്‍. എസ്‌. എസ്‌.കാര്‍ രാഷ്ട്രസേവനം നടത്തുന്നത്‌ എങ്ങനെയൊക്കെയാണ്‌ എന്നത്‌ ഉദാഹരണസഹിതം വ്യക്തമാക്കുകയാണ്‌ മോഡി ചെയ്തത്‌. പ്രസംഗം മുഴുവന്‍ കേട്ടിരുന്നുവെങ്കില്‍ അതു മനസ്സിലായേനെ.

(7) മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.

മോഡിയുടെ തീരുമാനങ്ങള്‍ നേരിട്ടറിഞ്ഞ ഒരാള്‍ എഴുതുന്നതുപോലെയുണ്ട്‌! ആരൊക്കെക്കൂടിയാണാവോ മുന്‍കൂട്ടി നിശ്ചയിച്ചത്‌? ആ ചര്‍ച്ചയില്‍, മാധ്യമലേഖകനും ഉള്‍പ്പെട്ടിരുന്നോ എന്തോ? ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തും പെടുത്തും എന്നു കരുതി പേനയില്‍ മഷിനിറച്ചു വച്ചവരുടെ നിരാശ അറിയാതെ പുറത്തു വന്നതുപോലെയുണ്ട്‌ ഈ വാചകം.

The Hindu
---------------
(1) 'The Hindu'വിന്റെ പ്രിന്റ്‌ എഡിഷനില്‍ വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും, ഓണ്‍ലൈന്‍ എഡിഷനില്‍, മോഡി കേരളത്തില്‍ വന്നു പോയതിന്റെ ചെറിയ സൂചനകള്‍ പോലും കണ്ടില്ല. നിയമസഭാമന്ദിരത്തില്‍ ബോംബുഭീഷണി ഉണ്ടായതിനേപ്പറ്റിയുള്ള വാര്‍ത്തയിലും, ആ ഭാഗം പ്രത്യേകം മറച്ചുപിടിച്ചിട്ടുണ്ട്‌.

മാതൃഭൂമി
-----------
(1) ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം എന്ന്‌ എഴുതേണ്ടിയിരുന്നതിനു പകരം അബദ്ധത്തില്‍ ആഘോഷ'സമിതിയുടെ' സമാപനം എന്നായിപ്പോയതാണ്‌ മാതൃഭൂമിക്കു പറ്റിയ തെറ്റ്‌.

23 comments:

Unknown said...

മോഡിയുടെ പ്രസംഗം - ഒരു മാദ്ധ്യമ വിചാരം
തിരുവനന്തപുരത്തു നടത്തപ്പെട്ട ഹിന്ദുമഹാമേളയും അതിനോടനുബന്ധിച്ച്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗവും റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ സംഭവിച്ച ചില്ലറ പിഴവുകളിലേക്കുള്ള ഒരു എത്തിനോട്ടമാണിത്‌. ചില പരാമര്‍ശങ്ങള്‍ വായിച്ചപ്പോള്‍, പ്രസംഗം ആദ്യവസാനം നേരിട്ടു ശ്രവിച്ച ഒരാളെന്ന നിലയില്‍ എന്നിലുളവായ ചില ശിഥില ചിന്തകളും ഇവിടെ സമാഹരിച്ചിട്ടുണ്ട്‌

കൈയൊപ്പ്‌ said...

ഒന്നാന്തരം!

പത്രമാധ്യമങ്ങളെ രസകരമായി വര്‍ഗ്ഗീകരിച്ച കിരണ്‍ തോമസിനു മാംഗളത്തിന്റെയും ദീപികയുടെയും ‘പക്ഷ’ത്തെക്കുറിച്ച് നല്ലൊരു സൂചകം കൂടി ഇവിടെ നിന്നു ലഭിക്കും.

'മോഡി ദേവോ ഭവ:' അല്ലേ മറുമൊഴീ!
‘കപടമതേതരവാദികള്‍’ തുലയട്ടെന്നേ!

ചില നേരത്ത്.. said...

ആദ്യമായിട്ടാണ് ‘മറുമൊഴി’ വായിക്കുന്നത്. താല്പര്യപൂര്‍വ്വം തന്നെ . മറുമൊഴിയാകുമെന്ന് മുന്‌വിധി വേണോ? മൂടുപടമില്ലാത്ത ‘മറുമൊഴി’ വായനയ്ക്ക് തുടര്‍ന്നും സഹായിക്കുമെന്ന് കരുതുന്നു.
സസ്നേഹം
ഇബ്രു.

Unknown said...

നന്ദി - കയ്യൊപ്പേ.

>> മംഗളത്തിന്റെയും ദീപികയുടെയും ‘പക്ഷ’ത്തെക്കുറിച്ച് നല്ലൊരു സൂചകം കൂടി ഇവിടെ നിന്നു ലഭിക്കും<<

മംഗളവും ദീപികയും മോഡിയെ അന്ധമായി അനുകൂലിച്ചു എന്നു താങ്കള്‍ കരുതുന്നുവോ എന്നു ഞാന്‍ സംശയിക്കുന്നു. ഉവ്വെങ്കില്‍ അതു തെറ്റാണ്‌. ദീപികയുടെ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രസംഗത്തിലുണ്ടായിരുന്നവ തന്നെയാണ്‌. അതു മറച്ചു പിടിച്ചില്ല എന്നതുകൊണ്ട്‌ അമിതമായ പക്ഷപാതം കാട്ടി എന്നു കരുതേണ്ടതില്ല. 'മതേതരത്വം' എന്നതിന്റെ അര്‍ത്ഥം മാറിപ്പോയതുപോലെ 'നിഷ്പക്ഷത' എന്നതിന്റെ അര്‍ത്ഥവും മാറിപ്പോകാന്‍ ഒരിക്കലും നാം അനുവദിക്കരുത്‌.

മനോരമയുടെ പ്രിന്റ്‌ വേര്‍ഷനില്‍, 'നഗരം അക്ഷരാര്‍ത്ഥത്തില്‍ കാവിക്കടലായി' എന്നൊക്കെയുള്ള ആലങ്കാരികപ്രയോഗങ്ങളും ഉണ്ടായിരുന്നു. ദീപിക എന്തായാലും അങ്ങനെയൊന്നും എഴുതിയില്ലല്ലോ.

'മംഗള'ത്തിന്റെ കാര്യമാണെങ്കില്‍, അവര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട്‌ പക്ഷപാതിത്വം പുലര്‍ത്തി എഴുതാറുണ്ടെന്നു ഞാന്‍ കരുതുന്നതേയില്ല. ഈ പോസ്റ്റില്‍ത്തന്നെ കൊടുത്തിരിക്കുന്ന വാര്‍ത്തകളില്‍ അതു സ്പഷ്ടവുമാണ്‌. "സംഘം" പ്രവര്‍ത്തകര്‍ എന്ന്‌ ക്വോട്‌സിനുള്ളില്‍ ഇടുന്നതു പോലും ശ്രദ്ധേയമാണ്‌. (ഭാവനയുടെ കക്ഷി പരത - എഴുത്തുകാരന്റെ പക്ഷപാതം - അയാളുടെ രചനകളില്‍ പ്രതിഫലിക്കുന്നതെങ്ങനെ എന്നു സൂക്ഷ്മമായി നിരീക്ഷിക്കുന്നത്‌ കൗതുകകരമാണ്‌)

ഇന്ത്യ ലോകകപ്പില്‍ കളി തോറ്റപ്പോള്‍, 'ജാര്‍ഖണ്ട്‌ യുവമോര്‍ച്ച' എന്നൊരു സംഘടനയുടെ (ജാര്‍ഖണ്ട്‌ മുക്തി മോര്‍ച്ചയുടെ യുവജന വിഭാഗം) ആള്‍ക്കാര്‍ ചേര്‍ന്ന്‌ ധോണിയുടെ പണി നടന്നു കൊണ്ടിരുന്ന വീട്‌ ചവിട്ടിപ്പൊളിച്ചു. മംഗളം മുന്‍പേജില്‍ത്തന്നെ ആ ചിത്രം കൊടുത്തിട്ട്‌ അടിക്കുറിപ്പില്‍ ജാര്‍ഖണ്ട്‌ എന്നത്‌ ഒഴിവാക്കി 'യുവമോര്‍ച്ച പ്രവര്‍ത്തകര്‍' എന്നു മാത്രം എഴുതി. 'ക്രിക്കറ്റ്‌ കര്‍സേവ' എന്നൊരു തലക്കെട്ടും! ബി.ജെ.പി.യുടെ യുവജനവിഭാഗമായ 'ഭാരതീയ ജനതാ യുവമോര്‍ച്ച'യാണ്‌ പൊതുവെ 'യുവമോര്‍ച്ച' എന്ന്‌ അറിയപ്പെടുന്നത്‌. അവരെ താറടിച്ചു കാണിക്കുക എന്നതു തന്നെയാണ്‌ ഉദ്ദേശമെന്ന്‌ വ്യക്തം. സത്യത്തില്‍, ബി.ജെ.പി.ക്കാരനായ മുന്‍മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട സമ്മാനിച്ചതായിരുന്നു 50 ലക്ഷത്തിന്റെ ആ വീട്‌. നോക്കണം - സത്യമെവിടെ നില്‍ക്കുന്നു - മംഗളം മുന്‍പേജില്‍ മലയാളികള്‍ക്കു നല്‍കിയ വിവരമെവിടെ നില്‍ക്കുന്നുവെന്ന്‌. ഇങ്ങനെയൊക്കെയാണ്‌ ഇക്കാലത്തെ പത്രപ്രവര്‍ത്തനം!

അതേ ദിവസത്തെ മംഗളം പത്രത്തില്‍ത്തന്നെ മറ്റൊരു ചിത്രമുണ്ട്‌. ഇന്ത്യന്‍ താരങ്ങളുടെ പോസ്റ്ററുകള്‍ക്കു മുകളില്‍ ചിലര്‍ ചെരുപ്പുകൊണ്ട്‌ അടിക്കുന്നു. ഒരു താരത്തിന്റെ ചിത്രവും അതിനു മുകളില്‍ ചെരുപ്പു പിടിച്ച ചില കൈകളും മാത്രം കാണാം. ആരുടെയും മുഖം പോലും ഇല്ല. അടിക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്‌ "പ്രതിഷേധിക്കുന്ന ബി.ജെ.പി.ക്കാര്‍" എന്നാണ്‌! എന്തടിസ്ഥാനത്തിലാണ്‌ അത്‌ ബി.ജെ.പി.ക്കാരാണ്‌ എന്നു വിശ്വസിക്കേണ്ടത്‌ എന്നു വ്യക്തമല്ല!

ഇതൊക്കെയാണോ മംഗളത്തിന്റെ സംഘപരിവാര്‍ അനുകൂല എഴുത്ത്‌? മാര്‍ക്സിസ്റ്റു പാര്‍ട്ടിയേയോ മറ്റോ മന:പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനായി ഇത്തരമൊരു കളി കളിച്ചിരുന്നെങ്കില്‍, എം.സി.വര്‍ഗ്ഗീസിന്റെ വീട്‌ പൊളിയുന്ന ചിത്രം പിറ്റേദിവസം പ്രസിദ്ധീകരിക്കേണ്ടി വന്നേനെ. മര്യാദയും ക്ഷമയും കൂടിപ്പോയാലും കുഴപ്പമാണ്‌ എന്ന പാഠം പലരും മാര്‍ക്സിസ്റ്റുകളില്‍ നിന്നു പഠിക്കേണ്ടതുണ്ടെന്നു തോന്നുന്നു.


വാല്‍ക്കഷണം:- "മോഡി ദേവോ ഭവ" എന്നതിനേപ്പറ്റി.

അത്രയൊക്കെ വേണോ കയ്യൊപ്പേ? അതിഥി എന്ന നിലയില്‍ തല്‍ക്കാലം ദേവോ ഭവ എന്നു കരുതാം എന്നേയുള്ളൂ. അതിപ്പോള്‍ മോഡിയല്ല ആരു വന്നാലും അങ്ങനെയായിരിക്കണം. കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികാഘോഷവുമായോ മറ്റോ ബന്ധപ്പെട്ട്‌ ബുദ്ധദേവ്‌ ഭട്ടാചാര്യ കേരളത്തിലെത്തിയാലും അത്‌ അങ്ങനെ തന്നെ ആയിരിക്കണം. പക്ഷേ കുറഞ്ഞപക്ഷം കര്‍ഷകകോണ്‍ഗ്രസ്സും കര്‍ഷകമോര്‍ച്ചയുമെങ്കിലും അപ്പോള്‍ കരിങ്കൊടി ഉയര്‍ത്താതിരിക്കില്ല. 'അതിഥി ദേവോ ഭവ'യൊക്കെ അപ്പോളവര്‍ പാലിക്കുമോ എന്നു കണ്ടറിയണം.

(പിന്നെ, കെ.എന്‍.പണിക്കരൊക്കെ ചെയ്യുന്നതുപോലെ 'ഇവിടെ കാലുകുത്താന്‍ അനുവദിക്കരുത്‌' - 'മിണ്ടാനനുവദിക്കരുത്‌' എന്നൊന്നും ധാര്‍ഷ്ട്യത്തോടെ പറഞ്ഞില്ലെന്നു വരും. അത്‌ വലിയ ആതിഥ്യമര്യാദകൊണ്ടൊന്നുമാവില്ല - ഒരു സാമാന്യ മര്യാദ - സംസ്കാരം - 'അങ്ങനെയൊക്കെ പറയാന്‍ നമ്മളാരാ' എന്ന ഒരു തിരിച്ചറിവ്‌ - എന്നൊക്കെ മാത്രമേ കരുതേണ്ടതുള്ളൂ.)

കൈയൊപ്പ്‌ said...

പ്രിയ കാണാപ്പുറം,

എം.സി വര്‍ഗീസോ റോബിന്‍ വടക്കാഞ്ചേരിയോ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, സ്റ്റേറ്റ്സ്മാന്‍ തുടങ്ങിയവയെപ്പോലെ പരസ്യമായ തീവ്രവലതു പക്ഷ സംഘ്പരിവാര്‍ നിലപാടുകള്‍ സ്വീകരിക്കുന്നില്ലല്ലോ. എങ്കിലും മാത്രുഭൂമിയടക്കം ചില മലയാള പത്രങ്ങള്‍ പരസ്യമായല്ലെങ്കിലും പലപ്പോഴും കാവി പുതക്കാറുണ്ടെന്നത് മറന്നു കൂടാ.

‘കാണാപ്പുറ’ത്തെ പോലെ പ്രകടമായി സംഘപരിവാര്‍ അനുഭാവം പുലര്‍ത്താന്‍ ഈ പത്രങ്ങളെ കേരള സാഹചര്യം അനുവദിക്കാത്തതിനാലോ അതൊരു സാംസ്കാരിക വിലയിടിവായി തിരിച്ചറിയുന്നതിനാലോ ആവാം ഈ ഒളിച്ചു കളി. ‘മോഡി’യെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലും ഈ ഒളിച്ചു കളിയുണ്ടെന്നേ ഞാന്‍ പറയുന്നുള്ളൂ.

നന്ദി!

Unknown said...

>> പ്രകടമായി സംഘപരിവാര്‍ അനുഭാവം പുലര്‍ത്താന്‍ ഈ പത്രങ്ങളെ കേരള സാഹചര്യം അനുവദിക്കാത്തതിനാലോ <<

You said it! സത്യമാണ്. ഈ ‘കേരള സാഹചര്യം‘ എന്താണെന്നു വിശദീകരിക്കുക കൂടി ചെയ്താല്‍ പൂര്‍ണ്ണമായി. ചില കമ്മ്യൂണിസ്റ്റ്‌ - ഇസ്ലാമിസ്റ്റ്‌ - സുഹൃത്തുക്കള്‍ പരിഭവിക്കുമല്ലോ എന്നോര്‍ത്തല്ല - സത്യമായിട്ടും സമയമില്ലാഞ്ഞിട്ടാണ് കൂടുതല്‍ എഴുതാനിപ്പോള്‍ തുനിയാത്തത്‌. പിന്നീടു ശ്രമിക്കാം. ഒരു ലേഖനത്തിനു വിഷയമിട്ടു തന്നതിനു നന്ദി.

>> അതൊരു സാംസ്കാരിക വിലയിടിവായി തിരിച്ചറിയുന്നതിനാലോ ആവാം <<

സാംസ്കാരിക വില എന്നത്‌ തികച്ചും ഓരോരുത്തരം സ്വയം തീരുമാനിക്കുന്നതാണ് - തികച്ചും ആപേക്ഷികമായ ഒന്നാണ് അത്‌ - എന്നതു കൊണ്ട്‌ നമുക്കൊരു തര്‍ക്കമൊഴിവാക്കാം. ഞാന്‍ മുമ്പെഴുതിയതുപോലെ, മലപ്പട്ടം പഞ്ചായത്തില്‍ സി.പി.എമ്മിനെതിരെ മത്സരിക്കാന്‍ ആളില്ലാത്തത്‌ ദേശാഭിമാനി അഭിമാനപൂര്‍വ്വം ആഘോഷമാക്കുമ്പോള്‍ അവരെ എതിര്‍ക്കുന്നവര്‍ അതേ കാര്യം തന്നെ അവരെ അടിക്കാനുള്ള വലിയൊരു വടിയായിക്കണ്ട്‌ ആഘോഷമാക്കുന്നു. ആപേക്ഷികതയുടെ അങ്ങേയറ്റം!

കൈയൊപ്പ്‌ said...
This comment has been removed by the author.
കൈയൊപ്പ്‌ said...

പ്രിയ കാണാപ്പുറം,

സംഘ്പരിവാറിനു വേരോട്ടം നല്‍കാത്ത ഈ ‘കേരള സാഹചര്യ’ത്തെ നമ്മള്‍ കാണുന്നത് രണ്ടറ്റത്തു നിന്നാണു. അതെന്താനെന്നു താങ്കള്‍ വിശദീകരിക്കണേ. അടുത്ത പോസ്റ്റിനു സ്വാഗതം!

കണ്ണൂസ്‌ said...

ഗുജറാത്ത്‌ വികസിച്ചു, മോഡിക്ക്‌ വികസന കാഴ്ച്ചപ്പാട്‌ ഉണ്ട്‌ എന്നതൊക്കെ കൊണ്ട്‌ കലാപത്തില്‍ അയാളുടെ കുറ്റകരമായ അനാസ്ഥ വിസ്‌മരിക്കപ്പെടേണ്ടതുണ്ടെങ്കില്‍, 14 പേര്‍ മാത്രം മരിച്ച നന്ദിഗ്രാമിനെച്ചൊല്ലി ഒരാഴ്ച്ച പാര്‍ലമന്റ്‌ തടഞ്ഞ ബി.ജെ.പി. ജനങ്ങളോട്‌ പരസ്യമായി മാപ്പ്‌ പറയണം.

vimathan said...

കണ്ണൂസ്, “ കലാപത്തില്‍ അയാളുടെ കുറ്റകരമായ അനാസ്ഥ ” എന്നുള്ളത്, കലാപത്തില്‍ അയാളുടെ കുറ്റകരമായ “പങ്കാളിത്തം” എന്നല്ലേ എഴുതേണ്ടിയിരുന്നത്, എന്നാണ് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പല റിപ്പോര്‍ട്ടുകളും വായിക്കുമ്പോള്‍ തോന്നുന്നത്.

കണ്ണൂസ്‌ said...

വിമതന്‍, തീര്‍ച്ചയായും.എന്റെ ലേഖനം ആയിരുന്നെങ്കില്‍, ഞാന്‍ കുറ്റകരമായ പങ്കാളിത്തം എന്നു പോലും ആവില്ല എഴുതുക. കലാപം ആസൂത്രണം ചെയ്തതും, നടപ്പാക്കിയതും ഒക്കെ മോഡിയുടേയും മന്ത്രിമാരുടേയും നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ വഴിയാണെന്നാണ്‌ ബറോഡയിലും അഹമദാബാദിലുമുണ്ടായിരുന്ന പല സുഹൃത്തുകളും പറഞ്ഞറിഞ്ഞത്‌. ഒരു മുസ്ലീം കോളനി ആയുധങ്ങള്‍ക്കായി പോലിസ്‌ റെയ്‌ഡ്‌ ചെയ്ത്‌ കറിക്കത്തിയും കത്രികയും വരെയുള്ള സാധനങ്ങള്‍ എടുത്തു കൊണ്ടു പോകുന്നതിനും, അതേ കോളനി കലാപകാരികള്‍ ആക്രമിക്കുന്നതിനും ഇടയില്‍ 15 മിനിറ്റേ കാണുകയുള്ളത്രേ. അതായത്‌ കോളനി റെയ്‌ഡ്‌ ചെയ്ത്‌, ഇവിടെ ഇനി നിസ്സഹായരായ കുറേ മനുഷ്യ ജന്‍മങ്ങള്‍ മാത്രമേയുള്ളൂ എന്ന് പോലിസ്‌ വേണ്ടപ്പെട്ടവരെ അറിയിക്കുന്നു, 15 മിനിറ്റിനുള്ളില്‍ ആ മനുഷ്യജന്‍മങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു!!

തെളിവുണ്ടോ, ആരു പറഞ്ഞു എന്ന ചോദ്യങ്ങളൊക്കെ ഒഴിവാക്കാനാണ്‌ മുഖ്യമന്ത്രി എന്ന നിലയിലുള്ള ധാര്‍മികമായ ഉത്തരവാദിത്തം മാത്രം മോഡിയില്‍ ആരോപിച്ച്‌ കുറ്റകരമായ അനാസ്ഥ എന്ന് ഞാന്‍ എഴുതിയത്‌. യാഥാര്‍ത്ഥ്യം അതിനും എത്രയോ അപ്പുറത്താണെന്ന് എല്ലാവര്‍ക്കും അറിയുന്നതല്ലേ.

Unknown said...

കണ്ണൂസേ,
'"14 പേര്‍ മാത്രം" മരിച്ച നന്ദിഗ്രാം എന്നു പറഞ്ഞ്‌ നിസ്സാരവത്‌കരിക്കുന്നു' എന്നൊക്കെപ്പറഞ്ഞ്‌ താങ്കളുടെ നേരെ വാക്‌ശരങ്ങളെയ്യുക എന്നതാണ്‌ ഇന്നത്തെക്കാലത്തെ പ്രതികരണശൈലിയനുസരിച്ചാണെങ്കില്‍ ചെയ്യേണ്ടത്‌. അതു ഞാനിഷ്ടപ്പെടുന്നില്ല. പക്ഷേ ഇനിയെങ്കിലും ഇത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കണം എന്നൊരപേക്ഷയുണ്ട്‌. എണ്ണം പറഞ്ഞു കളിക്കുന്ന കളികള്‍ നമ്മളെയെല്ലാം തോല്‍പിച്ചു കളയുകയേയുള്ളൂ. എണ്ണമായിരിക്കരുത്‌ - പ്രതികരണത്തിനുള്ള നമ്മുടെ മാനദണ്ഠം. 14 പേര്‍ക്ക്‌ അഞ്ചു ദിവസം കൂടുതലായിപ്പോയി എന്നതു ശരി തന്നെ. ഒരു ദിവസം ശരാശരി എത്ര ശവശരീരങ്ങള്‍ക്കു കണക്കു പറയാമെന്നാണ്‌? നമുക്കെത്ര ലളിതമായി ഇതേപ്പറ്റിയെല്ലാം പറയാന്‍ കഴിയുന്നു അല്ലേ? നമുക്കനുഭാവമുള്ള പ്രസ്ഥാനങ്ങള്‍ പ്രതിക്കൂട്ടിലാവുമ്പോള്‍ പ്രതികരണങ്ങളില്‍ അറിയാതെ പക്ഷപാതിത്വം വന്നുപോകുന്നതിനെ പക്ഷേ തെറ്റുപറയേണ്ടതില്ല. മനുഷ്യരാണു നമ്മളെല്ലാം. നന്ദിഗ്രാം മറക്കുക. കഴിയുന്നതും പെട്ടെന്ന്‌.

ഔദ്യോഗികമായി ആയിരത്തിനു മുകളിലും, അനൗദ്യോഗികമായി രണ്ടായിരവുമായ ഗുജറാത്തിലെ കണക്കുകള്‍ 14-നേക്കാള്‍ വളരെ മുകളിലാണെന്നതു സത്യം തന്നെ. പക്ഷേ അപ്പോള്‍ ഗുജറാത്തിനേക്കാള്‍ വളരെ വളരെ മുകളില്‍, അതിനേക്കാള്‍ മൂന്നിരട്ടിയായ സിഖ്‌ വിരുദ്ധ കലാപം നമുക്കു സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത വിഷയമായതിന്‌ വിശദീകരണം കണ്ടെത്തി നാം ബുദ്ധിമുട്ടിപ്പോകാനിടയുണ്ട്‌. കാശ്മീരിലേക്കും, വിഭജനാനന്തര കലാപങ്ങളിലേക്കുമെല്ലാം കടന്നാല്‍ എണ്ണം ആയിരക്കണക്കില്‍ നിന്ന്‌ ലക്ഷങ്ങളിലേയ്ക്കെത്തും. അതു മാത്രമല്ല, അവിടെയൊക്കെ 'ആസൂത്രണം' നടത്തിയവരെത്തേടി നാം ബുദ്ധിമുട്ടേണ്ടി വരുമെന്ന വലിയ അപകടവുമുണ്ട്‌. സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലഘട്ടത്തിലേക്കു പോയാല്‍ കാല്‍കുലേറ്ററുകള്‍ പ്രവര്‍ത്തിക്കാതെ വരും. എണ്ണം പറയാതിരിക്കുക. ദയവായി. അതു നമുക്കൊഴിവാക്കാം.

ഓരോ അക്രമവും, ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുമെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്‌. ഒരാള്‍ പോലും മരിച്ചില്ലെങ്കില്‍ത്തന്നെയും. എതിര്‍ പാര്‍ട്ടിക്കു വേണ്ടി പോളിംഗ്‌ ബൂത്തില്‍ ഏജന്റായി ഇരിക്കാന്‍ തയ്യാറാവുകയോ പാര്‍ട്ടി പത്രത്തിനു വരിക്കാരനാകാന്‍ മടിക്കുകയോ സംഭാവന കൊടുക്കാതിരിക്കുകയോ ചെയ്യുന്ന ഒരാളെ ഭീഷണിപ്പെടുത്തുകയും വേണ്ടി വന്നാല്‍ മര്‍ദ്ദിക്കുകയും ചെയുന്ന നിസ്സാര കാര്യം മുതല്‍ മുകളിലേയ്ക്ക്‌ എല്ലാം. അതില്‍ വിയോജിപ്പില്ലെന്നു കരുതട്ടെ. ഇപ്പറഞ്ഞ ഉദാഹരണത്തെ, ആക്രമണോദ്ദേശത്തോടെയുള്ള ഒരു ആരോപണമായി കാണാതെ, സ്നേഹപൂര്‍വ്വമുള്ള ഓര്‍മ്മപ്പെടുത്തലായി മാത്രം കാണണമെന്നപേക്ഷ.

Unknown said...

കയ്യൊപ്പേ,

(1) 'കേരള സാഹചര്യം' വിശദമായ ഒരു പോസ്റ്റായിത്തന്നെ എഴുതാമെന്നു വച്ചാല്‍ ഒരു പക്ഷേ നടന്നെന്നു വരില്ല. ഒന്നു രണ്ടു കാര്യം മാത്രം പറഞ്ഞവസാനിപ്പിക്കാം.

കേരളത്തില്‍, മാദ്ധ്യമങ്ങളെന്നല്ല, പ്രതികരിക്കുന്ന ആരായാലും, കമ്മ്യൂണിസ്റ്റുകളെയോ ഇസ്ലാമിസ്റ്റുകളെയോ ഒക്കെ തൊട്ടാല്‍ കൈ പൊള്ളും. തൊടാന്‍ പോകുന്നതു കൊണ്ട്‌ നേട്ടമില്ല - നഷ്ടങ്ങളേയുള്ളൂ. അതേ സ്ഥാനത്ത്‌ സംഘപരിവാറിന്റെ പുറത്താണെങ്കില്‍ കുതിരയെന്നല്ല ആന കയറിയാലും അവര്‍ പ്രതികരിക്കാന്‍ പോകുന്നില്ല. അവരേക്കുറിച്ച്‌ പലര്‍ക്കും വലിയ പിടിപാടൊന്നുമില്ലാത്തതു കൊണ്ട്‌ അവരേക്കുറിച്ച്‌ ആര്‍ക്കും എന്തും പറയുകയും ചെയ്യാം. അതു കൊണ്ട്‌ നഷ്ടമില്ല - നേട്ടമുണ്ടു താനും.

ശബരിമലയ്ക്കു പോകുന്ന അയ്യപ്പന്മാരില്‍ കറുപ്പുമുണ്ടുടുക്കുന്നവര്‍ തന്നെയാണ്‌ ഇപ്പോഴും കൂടുതലെങ്കിലും ഈയിടെയായി ചിലര്‍ കാവി മുണ്ടുടുത്തു കാണുന്നു. ഇതൊക്കെ സംഘപരിവാര്‍ ഗൂഢാലോചനയാണ്‌ (!!!!!???) എന്നൊക്കെപ്പോലും എഴുതിവിടുന്നതിനും ഇടതുപക്ഷ-മതേതര-ബുദ്ധിജീവി-പുരോഗമന പ്രസ്ഥാനങ്ങള്‍ ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കണമെന്ന്‌ ചര്‍ച്ച ചെയ്യുന്നതിനുമൊക്കെയാണ്‌ ഇവിടെ ഡിമാന്റ്‌. (തലയറഞ്ഞു ചിരിക്കാനുള്ള ഇത്തരം മരുന്നുകള്‍ ആവശ്യമുള്ളവര്‍ പതിവായി 'പച്ചക്കുതിര' മാസിക വായിക്കുന്ന ശീലം വളര്‍ത്തുക)

ഇതൊക്കെത്തന്നെ കേരള സാഹചര്യം. സംഘപരിവാര്‍ ഇതിനൊക്കെ എതിരെയുള്ള പ്രതികരണങ്ങള്‍ എന്തുകൊണ്ട്‌ പുഞ്ചിരിയില്‍ മാത്രം ഒതുക്കുന്നു - മാദ്ധ്യമങ്ങളാണെങ്കില്‍ മറ്റുള്ളവര്‍ക്കെതിരെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍പ്പോലും എന്തു കൊണ്ട്‌ പ്രതികരിക്കാന്‍ മടിക്കുകയോ അതിസൂക്ഷ്മതയോടെ മാത്രം പ്രതികരിക്കുകയോ ചെയ്യുന്നു എന്നതൊക്കെയാണ്‌ എഴുതാമെന്നു വിചാരിച്ചു പോയത്‌. തടിച്ചൊരു പുസ്തകമായി മാറിയേക്കും. വേണ്ട.

(2) 'സംഘപരിവാറിനു വേരോട്ടം നല്‍കാത്ത' കേരളം എന്ന പ്രയോഗത്തിലും ധാരാളം എഴുതാന്‍ വകുപ്പുണ്ട്‌. അതേക്കുറിച്ചും രണ്ടു മൂന്നു കാര്യങ്ങള്‍ മാത്രം പറഞ്ഞു വയ്ക്കാം.

ഈ വേരോട്ടം കണക്കാക്കുന്നതിനായി നമുക്കൊരു ഏകകമോ ഒരു മാനദണ്ഠമോ ഇല്ല എന്നതാണ്‌ ഒരു വലിയ പ്രശ്നം.

ഒരു കൂട്ടം പ്രസ്ഥാനങ്ങള്‍ക്ക്‌ ഒരു സമൂഹത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം നാം എങ്ങനെ അളക്കും? ഇനിയിപ്പോള്‍ പ്രവര്‍ത്തകരുടെ എണ്ണം എടുക്കാം എന്നു വിചാരിച്ചാലും അത്‌ അസാദ്ധ്യമാണ്‌. കേരളത്തില്‍ മൊത്തം എത്ര സംഘപരിവാര്‍ പ്രവര്‍ത്തകരുണ്ട്‌ എന്നൊരു കണക്കെടുക്കാന്‍ അവര്‍ക്കു പോലും കഴിയില്ല. കാരണം, അത്തരമൊരു പ്രവര്‍ത്തനശൈലിയാണ്‌ അവരുടേത്‌. ഔദ്യോഗികമായി പ്രവര്‍ത്തകരുടെ കണക്കെടുക്കാന്‍ കുറെയെങ്കിലും സാധിച്ചേക്കുക ഒരു പക്ഷേ ബി.ജെ.പി.ക്കു മാത്രമായിരിക്കും. അവിടെയും അനുഭാവികളുടെ എണ്ണമെടുക്കുക അസാദ്ധ്യം. അല്ലെങ്കിലും അവര്‍ സംഘകുടുംബത്തിലെ ഒരു അംഗം മാത്രമേ ആകുന്നുള്ളൂ. തെരഞ്ഞെടുപ്പു വിജയങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ക്കുള്ള പൊതു ജനാംഗീകാരത്തിന്റെ മാത്രം പ്രതിഫലനമാണ്‌ എന്നു ധരിച്ചിരിക്കുന്ന പലരും ബി.ജൈ.പി.ക്കു ലഭിക്കുന്ന വോട്ടുകളുടെ എണ്ണം വച്ച്‌ സംഘപരിവാറിന്റെ സ്വാധീനമളക്കാന്‍ ശ്രമിച്ച്‌ 'ഒരു എട്ടു ശതമാനത്തിനും പത്തു ശതമാനത്തിനും ഇടയ്ക്കു മാത്രം' എന്നു പറഞ്ഞു കാണാറുണ്ട്‌. കാര്യമറിയാവുന്നവര്‍ക്ക്‌ വലിയൊരു തമാശയാണത്‌. 'സംഘം' എന്നു പറഞ്ഞാല്‍ 'ബി.ജെ.പി.' എന്നോ അല്ലെങ്കില്‍ തിരിച്ചോ ഒരു "സബ്സ്റ്റി റ്റ്യൂഷന്‍" സാദ്ധ്യമല്ല. തികച്ചും വ്യത്യസ്തമായ രണ്ടു പ്രസ്ഥാനങ്ങളാണവ.

മറ്റൊരു സാദ്ധ്യതയുള്ളത്‌ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളുടെ എണ്ണമെടുക്കുക എന്നതാണ്‌. അങ്ങനെയാണെങ്കില്‍, കേരളത്തിലാണ്‌ ഏറ്റവുമധികം സംഘശാഖകളുള്ളത്‌ എന്നതും 'സംഘത്തേക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നു' എന്നും മറ്റും പലരും തെറ്റിദ്ധരിച്ചിട്ടുള്ള ഗുജറാത്തൊന്നും അക്കാര്യത്തില്‍ നമ്മുടെ ഏഴയലത്തു പോലും വരില്ല എന്നതും താങ്കള്‍ക്കറിയാമെന്നു കരുതുന്നു.

സംഘത്തെ ഞാന്‍ അളക്കാന്‍ ശ്രമിച്ചിട്ടുള്ളത്‌ പ്രവര്‍ത്തകരുടെ എണ്ണം കൊണ്ടല്ല. ഇവിടുത്തെ ഹിന്ദു സമാജ ജീവിതത്തില്‍ അവരവശേഷിപ്പിക്കുന്ന മുദ്രകളിലൂടെയാണ്‌. ഒരു കാലത്ത്‌ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ കുതിച്ചു കയറ്റത്തില്‍ വളരെയധികം അഹിന്ദുവല്‍ക്കരിക്കപ്പെട്ടു പോയ കേരളസമൂഹത്തില്‍ (ഇതൊരു കുറ്റാരോപണമായി കാണാതിരിക്കുക) ഹിന്ദുത്വാവബോധവും അഭിമാനവും പിടിച്ചു നിര്‍ത്തിയത്‌ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണ്‌. സംഘത്തെ ഭര്‍ത്സിച്ചു കൊണ്ട്‌ ഇന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ പരസ്യമായും കമ്മ്യൂണിസ്റ്റുകാര്‍ രഹസ്യമായും സന്ദര്‍ശിക്കുന്ന അമ്പലങ്ങള്‍ മിക്കവയും ഇന്നു നിലനില്‍ക്കുന്നത്‌ ഇവിടെ സംഘമുണ്ടായിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടു മാത്രമാണ്‌. ക്ഷേത്ര സംരക്ഷണ സമിതി എന്നത്‌ ശക്തമായ പ്രവര്‍ത്തനപശ്ചാത്തലമുള്ള ഒരു സംഘപരിവാര്‍ സംഘടനയാണെന്ന്‌ എത്ര പേര്‍ക്കറിയാമോ എന്തോ? ജാതി മതഭേദമെന്യേ ഇന്നു കര്‍ക്കിടകത്തില്‍ ജനം രാമായണമാസാചരണത്തിന്റെ ഭാഗമായി രാമായണം കയ്യിലെടുക്കുന്നെങ്കില്‍, ആകാശവാണി അതു പ്രക്ഷേപണം ചെയ്യുന്നെങ്കില്‍, ശ്രീകൃഷ്ണജയന്തിക്ക്‌ ബാലകര്‍ കൃഷ്ണവേഷത്തില്‍ ഘോഷയാത്ര നടത്തുന്നുവെങ്കില്‍, ദൂരദര്‍ശന്‍ അതു പ്രക്ഷേപണം ചെയ്യുന്നുവെങ്കില്‍, കുട്ടികള്‍ക്ക്‌ പുരാണങ്ങളേക്കുറിച്ചും ഹിന്ദു ആചാരാനുഷ്ഠാനങ്ങളേക്കുറിച്ചും എന്തെങ്കിലുമറിയാന്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നെങ്കില്‍, ഹിന്ദുവാണ്‌ എന്നു പറയാന്‍ അറയ്ക്കാത്ത ആരെങ്കിലും ഇവിടെ അവശേഷിക്കുന്നു എങ്കില്‍, ഹൈന്ദവസംസ്കാരത്തിന്റേതായ എന്തെങ്കിലും ശേഷിപ്പുകള്‍ ഇനിയും അവശേഷിക്കുന്നുവെങ്കില്‍, അതിന്റെ പിന്നിലൊക്കെ സംഘത്തിന്റെ സ്ഥായിയായ - ചിട്ടയായ - നിശ്ശബ്ദം നടക്കുന്ന - പ്രവര്‍ത്തനമുണ്ട്‌. കണക്കു പറഞ്ഞു കാശോ വോട്ടോ വാങ്ങാന്‍ താല്‍പര്യമില്ല എന്നതാണ്‌ "സ്വയം സേവനം" എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. നിശ്ശബ്ദപ്രവര്‍ത്തനം എന്നതു കൊണ്ട്‌ ഞാന്‍ മനസ്സിലാക്കുന്നത്‌ ഇതൊക്കെക്കൂടിയാണ്‌. അല്ലാതെ ആരൊക്കെയോ പറഞ്ഞു തന്നിരിക്കുന്നതുപോലെ 'രാത്രിയുടെ മറവില്‍ ആര്‍ക്കൊക്കെയോ എതിരെ രഹസ്യമായി നടക്കുന്ന എന്തോ ഒന്ന്‌' അല്ല. ഏതു സമയത്തും ആര്‍ക്കു വേണമെങ്കിലും കടന്നു ചെല്ലാന്‍ കഴിയുന്ന തുറസ്സായ മൈതാനങ്ങളില്‍ വച്ചല്ലാതെ നടത്തുന്ന ഒരു സംഘ ശാഖ കണ്ടെത്താന്‍ പലരും ശ്രമിച്ചതായി കേട്ടിട്ടുണ്ട്‌. വിജയിച്ചതായി കേട്ടിട്ടില്ല.

മുകളില്‍പ്പറഞ്ഞ പലതും, കമ്മ്യൂണിസ്റ്റുകള്‍ എന്തുകൊണ്ട്‌ സംഘത്തെ എതിര്‍ക്കുന്നു എന്നതിന്റെ കാരണങ്ങള്‍ കൂടിയാകുന്നതില്‍ യാതൊരു അത്ഭുതവുമില്ല. ഹിന്ദു സമാജ ശാക്തീകരണവും ദേശീയബോധം വളരുന്നതും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കു വിഘാതമാണ്‌ എന്നതു തന്നെ മുഖ്യ കാരണം. മതനിഷേധത്തിലേക്കും പുരോഗമനപരമെന്നു വിളിക്കപ്പെടുന്ന ചിന്താധാരകളിലേക്കും ജനങ്ങളെ എത്തിക്കാന്‍ പ്രയത്നിക്കുന്നവര്‍ക്ക്‌ സംഘപ്രവര്‍ത്തനം തടസ്സം തന്നെയാണ്‌. ഇതൊന്നും ഞാനൊരു ആക്ഷേപമായിട്ടല്ല പറയുന്നത്‌. ഏതൊരു മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകനും അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണിവ.

കമ്മ്യൂണിസ്റ്റുകളുടെ എതിര്‍പ്പിന്റെ മറ്റൊരു വലിയ കാരണം ശാഖയിലെത്തുന്ന സ്വയം സേവകര്‍ ഹിന്ദുക്കള്‍ മാത്രമാണ്‌ - അവര്‍ക്കിടയില്‍ ജാതിയില്ല എന്നതാണ്‌. പെട്ടെന്നു കേള്‍ക്കുമ്പോള്‍ ആക്ഷേപകരമായിത്തോന്നുമെങ്കിലും, ചിന്തിച്ചാല്‍ മനസ്സിലാവുന്നൊരു യാഥാര്‍ത്ഥ്യമാണിത്‌. കമ്മ്യൂണിസ്റ്റുകള്‍ ജാതി പ്രോത്സാഹിപ്പിച്ചു എന്നു പറയുന്നില്ല. പക്ഷേ സവര്‍ണ്ണാധിപത്യത്തോടുള്ള എതിര്‍പ്പുകള്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുള്ള നിര്‍ണ്ണായകമായ ഏണിപ്പടികളായിരുന്നുവെന്നും അകലങ്ങള്‍ ഒരു പരിധി വിട്ട്‌ കുറയുന്നത്‌ ഇപ്പോള്‍പ്പോലും അത്രയ്കൊന്നും ആശാസ്യകരമല്ല എന്നും ആരും സമ്മതിക്കും. നമ്പൂതിരിയും പുലയനും കൂടി കെട്ടിമറിഞ്ഞ്‌ ചിരിച്ച്‌ കളികളിലേര്‍പ്പെടുന്നതും പുലയന്റെ വിയര്‍പ്പു പറ്റി നനഞ്ഞ പൂണൂലുമായി നമ്പൂതിരി വീട്ടിലേക്കു മടങ്ങുന്നതുമായ ഒരു വിപ്ലവകരമായ സാഹചര്യം സംഘശാഖയില്‍ നിലവിലുണ്ട്‌ എന്നതിലെ ഭീഷണി പണ്ടേ തന്നെ തിരിച്ചറിഞ്ഞ ധിഷണാശാലികളായ കമ്മ്യൂണിസ്റ്റ്‌ ആചാര്യന്മാര്‍ ആസൂത്രണം ചെയ്ത എതിര്‍പ്പുകളും പ്രചാരണങ്ങളുമൊക്കെയാണ്‌ ഇന്നും കാര്യമറിയാതെ അണികളില്‍ പലരും തുടര്‍ന്നും പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്‌. സവര്‍ണ്ണ മേധാവിത്വത്തിനായി സംഘം ശ്രമിക്കുകയാണെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍, കാര്യമറിയാവുന്നവരുടെയിടയില്‍ വലിയ തമാശകളായി പരിണമിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്‌.

സംഘത്തേക്കുറിച്ചു പരത്തിയിരിക്കുന്ന ധാരണകളൊക്കെ സത്യമായിരുന്നുവെങ്കില്‍, അവര്‍ക്കിതിന്റെ പതിനായിരത്തിലൊന്നു പോലും വളരാന്‍ കഴിയുമായിരുന്നില്ല എന്ന തിരിച്ചറിവുള്ളവര്‍ക്കെല്ലാം ഇങ്ങനെ പല യാഥാര്‍ത്ഥ്യങ്ങളും അറിയാം. ഇതേക്കുറിച്ചൊന്നും അവകാശവാദം ഉന്നയിക്കുന്നതും നിലവാരമില്ലാത്ത വാഗ്വാദങ്ങളിലേര്‍പ്പെടുന്നതും സംഘം ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന സംസ്കാരത്തിനും സ്വഭാവശുദ്ധിയ്ക്കും നിരക്കാത്തതായതു കൊണ്ടു മാത്രമാണ്‌ ഇതൊന്നും പലരും കേട്ടിട്ടില്ലാത്തത്‌. അവരുടെ 'വ്യക്തിനിര്‍മ്മാണം' നടക്കാത്തൊരാള്‍ എന്ന നിലയിലാണ്‌ എനിക്കിതൊക്കെ പറയാന്‍ സാധിക്കുന്നതും. ഇതൊക്കെ യാഥാര്‍ത്ഥ്യങ്ങളാണ്‌. എതിര്‍ക്കപ്പെടാവുന്ന, അവിശ്വസിക്കപ്പെട്ടേക്കാവുന്ന, പരിഹസിക്കപ്പേട്ടേക്കാവുന്ന, എനിക്കും ഒരു കാലത്ത്‌ അറിഞ്ഞുകൂടായിരുന്ന ചില വസ്തുതകള്‍.

പുറമേയ്ക്കു കാണുന്നതു കൂടാതെ, സംഘം എതിര്‍ക്കപ്പെടുന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്‌. കാണാപ്പുറത്തു കിടക്കുന്ന അവയേക്കുറിച്ചൊക്കെ സമയം കിട്ടിയാല്‍ എഴുതാം. പറഞ്ഞു വരുന്നത്‌ സംഘപ്രവര്‍ത്തകരെല്ലാം സംന്യാസിമാരാണെന്നാണോ - അവരാരും യാതൊരു അക്രമപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നില്ലെന്നാണോ എന്നു ചോദിച്ചാല്‍ - അല്ല. തീര്‍ച്ചയായും ഏര്‍പ്പെട്ടു കണ്ടിട്ടുണ്ട്‌. അവയ്ക്കെല്ലാം പൊതുവായ ചില പ്രത്യേകതകളുമുണ്ട്‌. അതും മറ്റൊരു വിഷയം തന്നെ. ഞാന്‍ എഴുതി മടുക്കുന്ന ലക്ഷണം കാണുന്നുണ്ട്‌.

ഇതൊക്കെ ഞാന്‍ വെറുതെ അനുഭാവം കൊണ്ടു പറയുകയാണ്‌ എന്നു കരുതേണ്ട. സംഘപരിവാര്‍ എന്തു കൊണ്ട്‌ നിലനില്‍ക്കുന്നു എന്നു പഠിക്കാനിറങ്ങിയ ഞാന്‍ കണ്ടെത്തിയ അനേകം കാര്യങ്ങളില്‍ ചിലതു മാത്രമാണിവ. സംഘത്തോടുള്ള അന്ധമായ വെറുപ്പും എതിര്‍പ്പും ഉപേക്ഷിച്ചയാള്‍ എന്ന നിലക്ക്‌ ഞാന്‍ പറയുന്നതിനെയെല്ലാം പുച്ഛിച്ചു തള്ളാനൊരുങ്ങാത്തവര്‍ക്ക്‌ - സംഘത്തെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും - ഞാന്‍ തുറന്നു പറയുന്നകാര്യങ്ങളില്‍ നിന്ന്‌ പലതും പഠിക്കാനുണ്ടാവുമെന്നു ഞാന്‍ കരുതുന്നു. ഒരുപക്ഷേ തോന്നല്‍ മാത്രമാവാം.

Unknown said...

കണ്ണൂസിനും വിമതനുമെല്ലാം പൊതുവായി മറുപടി

യാഥാര്‍ഥ്യബോധത്തോടെയുള്ള പ്രതികരണങ്ങള്‍ വന്നു തുടങ്ങിയതില്‍ സന്തോഷമുണ്ട്‌. നല്ല കാര്യമാണത്‌. ഈ പോസ്റ്റ്‌ കലാപത്തേപ്പറ്റിയുള്ളതല്ല (ഒരെണ്ണം എഴുതാന്‍ പദ്ധതിയുണ്ട്‌). എന്നാലും മോഡിയേപറ്റി പറയുമ്പോള്‍ കലാപത്തേപ്പറ്റിയും പരാമര്‍ശിക്കേണ്ടി വരുന്നത്‌ സ്വാഭാവികം.

കലാപത്തിന്റെ സമയത്ത്‌ പ്രശ്നബാധിതമായ പ്രദേശങ്ങളിലെ ജനമനസ്സ്‌ അത്യന്തം പ്രക്ഷുബ്ധമായിരുന്നു. പച്ചയായ അക്രമമാണവിടെ നടന്നത്‌. സംഭവിച്ചതൊക്കെയും അതിക്രൂരവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. ഗോധ്രയില്‍ സബര്‍മതി എക്സ്‌പ്രസില്‍ ആദ്യത്തെ തീപ്പൊരി പ്രത്യക്ഷപ്പെട്ടതു മുതല്‍, അവസാനത്തെ മുസ്ലിം ഭവനവും കത്തിയടങ്ങുന്നതു വരെ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ കത്തിജ്ജ്വലിച്ചു കൊണ്ടിരുന്നത്‌ പകയും വിദ്വേഷവും ക്രൂരതയും അക്രമവാസനയും കൂടിക്കുഴഞ്ഞ മനസ്സുകളായിരുന്നു. എരിതീയില്‍ ഏണ്ണ പകരുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടവിടെ. സകലമാന രാഷ്ട്രീയക്കാരും കക്ഷിഭേദമില്ലാതെ അതിന്റെ ഒരു വശമല്ലെങ്കില്‍ മറ്റൊരു വശം മുതലെടുക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്‌. മോഡിയ്ക്ക്‌ അക്ഷന്തവ്യമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നത്‌ പാര്‍ട്ടി തന്നെ അംഗീകരിച്ചിട്ടുള്ള യാഥാര്‍ത്ഥ്യമാണ്. ഇതിലൊക്കെ ആര്‍ക്കെങ്കിലും സംശയമുണ്ടാവും എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്‌. എന്നാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ അവയേക്കുറിച്ചു ചിന്തിക്കാനും മോഡിയേപ്പറ്റി സംസാരിക്കാനുമൊക്കെ മുതിരുന്നവരെല്ലാം കലാപകാലത്ത്‌ സംഭവിച്ച കാര്യങ്ങളില്‍ ആഹ്ലാദമുള്ളവരാണ്‌ എന്നു കരുതുന്നവരുണ്ടെങ്കില്‍, അത്യന്തം ക്രൂരമായൊരു ചിന്താഗതിയാണത്‌ എന്നു സങ്കടത്തോടെ പറയേണ്ടിവരും.

സംഘപരിവാറിനോട്‌ വിരോധമില്ലാത്തവരുടെയോ ശക്തമായ അനുഭാവമുള്ളവരുടെയോ കാര്യമെടുത്താലും അത്‌ അങ്ങനെ തന്നെയാണ്‌. അവര്‍ക്ക്‌ കലാപത്തേക്കുറിച്ചു ദു:ഖമുണ്ടായിരിക്കാനുള്ള അവകാശമില്ലെന്നു നാം അറിയാതെ നിര്‍ബന്ധബുദ്ധി പിടിച്ചു പോകുന്നതെന്തു കൊണ്ടാണ്‌? ഒന്നുമില്ലെങ്കിലും തങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്ന ആശയധാരയ്ക്കും പിന്തുണയ്ക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും മേല്‍ കരിനിഴല്‍ വീണു എന്നതിന്റെ പേരിലെങ്കിലും അവര്‍ക്കു ദു:ഖമുണ്ടാവില്ലെന്നു കരുതാമോ? അത്രയ്ക്കൊരു മുന്‍വിധിയെന്തിനാണ്‌? അതുപോലും സമ്മതിച്ചു കൊടുക്കാതെ - ഇല്ല അവര്‍ കലാപത്തില്‍ സന്തോഷിക്കുകയാണ്‌ - അതിനെ ന്യായികരിക്കുകയാണ്‌ - എന്ന മുന്‍വിധിയും കടും പിടുത്തവുമെന്തിനാണ്‌? അപ്പോള്‍ അതിനര്‍ത്ഥം നമ്മുടെ ദു:ഖം യഥാര്‍ത്ഥത്തില്‍ കലാപത്തെയോര്‍ത്തല്ല - അതിന്റെ പാപഭാരം മൊത്തത്തില്‍ സംഘപരിവാറിനു തലയില്‍ വച്ച്‌ നമുക്കാഘോഷിക്കാന്‍ കഴിയാത്തതിലാണ്‌ എന്നല്ലേ? മനസ്സാക്ഷിയുമായി സംവദിക്കാനുള്ള നല്ലൊരവസരമാണ്‌ ഇതേപ്പറ്റിയൊക്കെയുള്ള ചിന്തകള്‍. ഈയൊരു ഖണ്ഡിക പലയാവര്‍ത്തി വായിച്ചു മനസ്സിലുറപ്പിച്ചാല്‍ ഒരു ആത്മവിമര്‍ശനത്തിന്‌ അവസരംകിട്ടുന്നതാണ്‌.

മോഡിയെ പിന്തുണയ്ക്കാന്‍ എന്തു കൊണ്ട്‌ ആളുകള്‍ തയ്യാറാവുന്നു എന്നതില്‍ പലര്‍ക്കും അത്ഭുതമോ ജിജ്ഞാസയോ ഇല്ലായിരിക്കാം. എനിക്കതുണ്ട്‌. അതുള്ളിടത്തോളം കാലം, സമയം കിട്ടുമ്പോളൊക്കെ ഞാന്‍ ചിലതൊക്കെ അന്വേഷിച്ചു കണ്ടെത്തുകയും കുത്തിക്കുറിക്കുകയും ചെയ്തു കൊണ്ടിരിക്കും.

പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ എതിര്‍പ്പുകളും വിമര്‍ശനവും നേരിടേണ്ടി വന്നയാളാണ്‌ മോഡി. പാര്‍ട്ടിയിലെ മുസ്ലിം നേതാക്കളില്‍ നിന്നോ മുസ്ലിം പ്രവര്‍ത്തകരില്‍ നിന്നോ മാത്രമായിരുന്നില്ല അത്‌. പൊതുവിലുള്ള വികാരം മോഡിക്കെതിരായിരുന്നു. കലാപം തന്നെയാണ്‌ അതിന്റെ പ്രധാന കാരണം. എന്നാല്‍ ഈയിടെയായി മോഡിയ്ക്ക്‌ സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ട്‌. വികസന കാഴ്ചപ്പാടുകള്‍ക്കോ ഭരണനേട്ടങ്ങള്‍ക്കോ ഒക്കെ അപ്പുറം മറ്റു കാരണങ്ങളും അതിനുണ്ട്‌ എന്നു ഞാന്‍ കരുതുനു. മോഡിയെ ഒറ്റപ്പെടുത്തി ഏകപക്ഷീയമായി ആക്രമിക്കുകയാണ്‌ - വിമര്‍ശനങ്ങള്‍ക്കൊപ്പം മറ്റു വശങ്ങളും കൂടി പരാമര്‍ശിക്കുവാന്‍ പോലും ആരും തയ്യാറാകുന്നില്ല എന്നൊരു തോന്നല്‍ പ്രബലമായതും കൂടി ഒരു പ്രധാന കാരണമാണ്‌ എന്നു തീര്‍ച്ച.

ഗുജറാത്ത്‌ കലാപത്തേക്കുറിച്ച്‌ പറയുമ്പോള്‍, സംഘപരിവാര്‍ അജണ്ട, ഫാസിസം, വംശഹത്യ എന്നൊക്കെ പെട്ടെന്നു പറഞ്ഞവസാനിപ്പിച്ച്‌ കൂടുതല്‍ തുറന്ന ചര്‍ച്ചകളില്‍ നിന്ന്‌ ഒളിച്ചോടുന്നവരുണ്ടെങ്കില്‍, അവര്‍ കാണിക്കുന്നതും കുറ്റകരമായ അനാസ്ഥയാണെന്നു ഞാന്‍ പറയും. നമുക്കെന്തുകൊണ്ടാണ്‌ പലപ്പോഴും കലാപസംബന്ധിയായ കാര്യങ്ങള്‍ ഹൃദയം തുറന്നു സംസാരിക്കാന്‍ കഴിയാത്തത്‌? ഒരിക്കല്‍ അത്തരമൊരു ചര്‍ച്ചയ്ക്കിടെ 'ട്രെയിന്‍' എന്നൊരു വാക്കു അറിയാതെ പറഞ്ഞുപോയതിന്റെ പേരില്‍ ഞാന്‍ കേള്‍ക്കേണ്ടി വന്ന പഴികള്‍ക്കും ഭര്‍ത്സനങ്ങള്‍ക്കും കയ്യും കണക്കുമില്ല. ആരോഗ്യകരമായ ഒരു സ്ഥിതിവിശേഷമല്ല അത്‌. ചര്‍ച്ചയ്ക്കു വരുന്നവരിലാരെങ്കിലും സംഘപരിവാറിനെ കുറ്റപ്പെടുത്തുന്നതിലേക്കു മാത്രം വാക്കുകളൊതുക്കുന്നില്ലെങ്കില്‍, ഉടന്‍ തന്നെ അയാള്‍ കലാപത്തെ ന്യായീകരിക്കുകയാണ്‌(!) എന്നു വരുത്തിത്തീര്‍ക്കുന്നത്‌ ആരോഗ്യകരമായ ചര്‍ച്ചയുടെ ലക്ഷണമല്ല. കലാപത്തെക്കുറിച്ചു ഞാനെഴുതുന്ന പോസ്റ്റിലേക്കായി കൂടുതല്‍ ചര്‍ച്ചകള്‍ മാറ്റിവയ്ക്കാമെന്നു വിചാരിക്കുന്നു.

കലാപകാലസ്മരണകളില്‍ ഇപ്പോഴും നീറി നില്‍ക്കുന്ന ഒരു പ്രതികരണത്തേക്കുറിച്ചു കൂടി മാത്രം പറഞ്ഞു നിര്‍ത്താം. 2002 - ലെ തെരഞ്ഞെടുപ്പില്‍ മോഡിയോടു മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി, പലപ്രഖ്യാപനത്തിനു മുമ്പു തന്നെ ഒരു അഭിമുഖത്തില്‍ തന്റെ പരാജയം സമ്മതിച്ചു കൊണ്ട്‌ രോഷത്തോടെ അഭിപ്രായപ്പെട്ടൊരു കാര്യം നിങ്ങള്‍ക്കറിയാമോ? "മാദ്ധ്യമങ്ങളാണ്‌ മോഡിയെ ഇത്ര വലിയ താരമാക്കിയത്‌ - അദ്ദേഹം സത്യത്തില്‍ അത്രയ്ക്കൊന്നും ഇല്ല - ചാനലുകള്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ മാത്രം എടുത്തുകാട്ടിക്കൊണ്ടിരുന്നു - അതു വരെ ക്ഷമിച്ചു നിന്നവര്‍ പ്രകോപിതരായ ഒരു അവസരത്തില്‍ മോഡിയ്ക്കതിന്റെ ഗുണം കിട്ടി. ചരിത്രത്തിലാദ്യമായി ഇതാ തങ്ങളേപ്പോലെ മുസ്ലീങ്ങളും കഷ്ടപ്പെടുകയാണ്‌ എന്ന്‌ ചില ഹിന്ദുക്കള്‍ കരുതി. മോഡിയാണ്‌ ഈ തിരിച്ചടികള്‍ക്കെല്ലാം പിന്നില്‍ എന്നു പ്രചരിപ്പിച്ച മാദ്ധ്യമങ്ങള്‍ അദ്ദേഹത്തെ ഒരു ഹീറോ ആക്കി." എന്നൊക്കെയാണ്‌ അയാള്‍ രോഷത്തോടെ അഭിപ്രായപ്പെട്ടത്‌. തന്റെ പരാജയ കാരണങ്ങള്‍ വിലയിരുത്തുകയായിരുന്നു അയാള്‍. കലാപത്തെ സംബന്ധിച്ച്‌ കേട്ട കാര്യങ്ങളില്‍ എന്നെ ഇത്ര മാത്രം ഞെട്ടിച്ച ഒരു വാചകമില്ല. "അനര്‍ഹമായ ക്രെഡിറ്റെല്ലാം മോഡിയ്ക്കു കിട്ടി." എന്ന മട്ടിലായിരുന്നു ആ സംസാരം! ആലോചിച്ചു നോക്കു...ആ വാചകങ്ങള്‍ പലയാവര്‍ത്തി വായിച്ചു നോക്കൂ. അതു നിങ്ങളെ ഞെട്ടിക്കുന്നുവോ ഇല്ലയോ? ഒരു കോണ്‍ഗ്രസ്‌ നേതാവിന്റെ വാക്കുകളാണവ. നിങ്ങള്‍ക്കതേക്കുറിച്ചൊന്നും പറയാനില്ലേ? നാം സംഘപരിവാറിനേക്കുറിച്ചു മാത്രം തുടര്‍ന്നും സംസാരിച്ചാല്‍ മതിയെന്നാണോ? അതോ ഉത്തരേന്ത്യയില്‍ ജനമനസ്സുകളില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള സമുദായ സ്പര്‍ദ്ധയേക്കുറിച്ചും അതു സൃഷ്ടിക്കുന്ന അകലങ്ങളേക്കുറിച്ചും അതിന്റെയൊക്കെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളേക്കുറിച്ചും കാരണങ്ങളേക്കുറിച്ചും അതു പരിഹരിക്കാന്‍ നമുക്കൊക്കെ എന്തു ചെയ്യുവാന്‍ കഴിയുമെന്നതിനേക്കുറിച്ചുമൊക്കെ ഒരു അഞ്ചു മിനുട്ട്‌ - വേണ്ട ഒരു മിനുട്ട്‌ - ചര്‍ച്ചകളില്‍ ഒന്നോ രണ്ടോ ശതമാനം സമയമെങ്കിലും - ചിലവഴിക്കാമെന്നാണോ? താല്‍പര്യവും സമയവും ദയയുമുള്ളവര്‍ കാത്തിരിക്കുമെന്നു കരുതുന്നു. എന്റെ പോസ്റ്റിനായി.

കണ്ണൂസ്‌ said...

കാണാപ്പുറം, എഴുതിയത്‌ നല്ല അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കുന്നു.

നരേന്ദ്രമോഡിയുടെ സന്ദര്‍ശനം എന്തു കൊണ്ട്‌ ഒരു മുന്‍വിധിയോടെ മാധ്യമങ്ങള്‍ നോക്കിക്കണ്ടു എന്നതാണ്‌ താങ്കളുടെ ഈ നീണ്ട പോസ്റ്റിന്റെ സാംഗത്യം എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന് ഊന്നിപ്പറയുകയാണ്‌ പോസ്റ്റിന്റെ ഉദ്ദേശമെന്നും. താരതമ്യേനെ രൂക്ഷത കുറഞ്ഞ ഒരു കലാപത്തിന്റെ പേരില്‍ ഇത്രയും പ്രശ്‌നമുണ്ടാക്കുന്ന ഒരു സംഘടനക്കോ അതിന്റെ വക്താക്കള്‍ക്കോ ഇങ്ങനെ ഒരു കാര്യം ഉന്നയിക്കാനുള്ള ധാര്‍മികമായ അവകാശം ഇല്ല എന്ന് ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ഞാന്‍ ചെയ്തത്‌.

സിഖ്‌ വിരുദ്ധ കലാപങ്ങള്‍ ആസൂത്രണം ചെയ്തവരേയും നടപ്പാക്കിയവരേയും - സജ്ജന്‍ കുമാര്‍, ഭഗത്‌, ടൈറ്റ്‌ലര്‍ - വൈകിയാണെങ്കിലും തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സ്‌ നിര്‍ബന്ധിതമായി. നന്ദിഗ്രാമിന്റെ കാര്യത്തില്‍ ജനങ്ങളോട്‌ ഉത്തരം പറയാന്‍ CPM-ഉം ബാധ്യസ്ഥരാണ്‌. പക്ഷേ, മോഡി ഇന്നും BJP യുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ത്തന്നെ ഇരിക്കുമ്പോള്‍ ഇനിയും ഇത്തരം താരതമ്യങ്ങള്‍ വന്നേക്കാം. അത്‌ അംഗീകരിക്കുകയും, ചര്‍ച്ച ചെയ്യുകയും ചെയ്യാതെ ആര്‍ക്കും മുന്നോട്ട്‌ പോവാനാവില്ല.

കണ്ണൂസ്‌ said...

മോഡിയ്ക്ക്‌ അക്ഷന്തവ്യമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നത്‌ പാര്‍ട്ടി തന്നെ അംഗീകരിച്ചിട്ടുള്ള യാഥാര്‍ത്ഥ്യമാണ്. ഇതിലൊക്കെ ആര്‍ക്കെങ്കിലും സംശയമുണ്ടാവും എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്‌.

കാണാപ്പുറം, എനിക്ക്‌ സംശയമുണ്ട്‌. സ്വകാര്യമെന്ന് പറയാവുന്ന ഒരു സംഭാഷണത്തില്‍ ഒരു പഹ്റ്റ്രലേഖകനോട്‌ വാജ്‌പേയി പറഞ്ഞ ഒരു വാചകം അല്ലാതെ (അതിന്റെ പേരില്‍ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് വളരെ പഴി കേള്‍ക്കുകയും ചെയ്തു) ഏതവസരത്തിലാണ്‌ കലാപത്തില്‍ മോഡി സര്‍ക്കാരിന്റെ നിഷ്ക്രിയത (പങ്ക്‌ എന്ന വാക്ക്‌ വീണ്ടും മനഃപൂര്‍വം ഞാന്‍ ഒഴിവാക്കുന്നു) BJP അംഗീകരിച്ചിട്ടുള്ളത്‌? അതിനെതിരെ പാര്‍ട്ടി എന്തു ചെയ്തു?

BJP യുടെ സാധാരണ പ്രവര്‍ത്തകന്‌ കലാപം പാര്‍ട്ടിക്ക്‌ മേല്‍ വീഴ്‌ത്തിയ നിറത്തില്‍ സങ്കടമുണ്ടെന്ന് ഒരു സംശയവും എനിക്കും ഇല്ല. പിന്നെ ഗുജറാത്തില്‍ മോഡിക്കുള്ള പിന്തുണ കിട്ടിയ വോട്ടിന്റെ കണക്ക്‌ വെച്ചാണ്‌ നിരത്തുന്നതെങ്കില്‍, കാണാപ്പുറം കഴിഞ്ഞ കമന്റില്‍ സൂചിപ്പിച്ച പോളിംഗ്ബൂത്തില്‍ ഇരിക്കാന്‍ ആളെ കിട്ടാത്ത സ്ഥിതി തന്നെ അതിന്‌ ഉത്തരം.

riyaz ahamed said...
This comment has been removed by the author.
കൈയൊപ്പ്‌ said...
This comment has been removed by the author.
കൈയൊപ്പ്‌ said...

പ്രിയ കാണാപ്പുറം, കമന്റിനു നന്ദി!

താങ്കളുടെ പോസ്റ്റിനു കാത്തു നില്‍ക്കുകയായിരുന്നു. കമന്റിലെ കാര്യങ്ങള്‍ താഴെപ്പറയും വിധം ചുരുക്കട്ടെ.

1) സംഘ്പരിവാര്‍ അടിത്തറ പ്രത്യക്ഷത്തിലും വിപുലമാണു
2) സമൂഹത്തില്‍ ഹൈന്ദവാചാരങ്ങളെ നില നിര്‍ത്തുന്നതും സംരക്ഷിക്കുന്നതും സംഘ് പരിവാര്‍ ആകുന്നു.
3) ‘ആര്‍.എസ്. എസ്. ശാഖകളിലെ ഹിന്ദുക്കള്‍ക്കിടയില്‍ ജാതിയില്ല.’ അടുത്ത വരിയില്‍ ‘അകലങ്ങള്‍ ഒരു പരിധി വിട്ട്‌ കുറയുന്നത്‌ ഇപ്പോള്‍ ‍പ്പോലും അത്രയ്കൊന്നും ആശാസ്യകരമല്ല’ (!!!)

-കേരളീയ സാഹചര്യത്തെക്കുറിച്ച് പറയുന്നതിനു മുമ്പ് ചില വസ്തുതകള്‍ സൂചിപ്പിക്കാമല്ലോ.

1) താങ്കളുടെ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ആരാധ്യപുരുഷനായ മാധവ് റാവ് സദാശിവ് ഗോള്‍വാള്‍ക്കറെകുറിച്ച് അറിയുമായിരിക്കുമല്ലോ.

‘വംശശുദ്ധി’ എന്ന ഹിറ്റ്ലറുടെ ആശയത്തിന്റെ ആരാധകനായിരുന്നു ഈ ഗോള്‍വാള്‍കര്‍. ഗോള്‍വാള്‍കറുടെ ‘We. Our Nationhood Defined‘ എന്ന പുസ്തകത്തില്‍ താഴെ പറയുന്ന വിധം കാണാം:

"From this standpoint, sanctioned by the experience of shrewd old nations, the foreign races in Hindusthan must either adopt the Hindu culture and language, must learn to respect and hold in reverence Hindu religion, must entertain no idea but those of the glorification of the Hindu race and culture, i.e. of the Hindu nation, and must lose their separate existence to merge in the Hindu race; or may stay in the country, wholly subordinated to the Hindu Nation, claiming nothing, deserving no privileges, far less any preferential treatment -- not even citizen's rights."
-page 47-48/ page 55-56

"To keep up the purity of the Race and its culture, Germany shocked the world by her purging the country of the Semitic races -- the Jews. Race pride at its highest has been manifested here. Germany has also shown how well-nigh impossible it is for Races and cultures, having differences going to the root, to be assimilated into one united whole, a good lesson for us in Hindusthan to learn and profit by."
-page 35/ page 43

സംഘ് പരിവാറിന്റെയും അതിന്റെ പാര്‍ലമെന്ററി മുഖമായ ബി.ജെ.പി യുടെയും ഹിന്ദുത്വ അജണ്ടകളുടെ ആത്മാവ് മേല്‍പ്പറഞ്ഞ വരികളില്‍ ഊന്നിയതാണു.

2) ബ്രാഹ്മണ്യത്തിനും ജാതീയതക്കും എതിരെയുള്ള പ്രക്ഷോഭങ്ങള്‍ സ്വാതന്ത്ര്യസമര കാലങ്ങളില്‍ അതിനോടു ചേര്‍ന്നു നടന്നിരുന്നു. 1925 ല്‍ ബ്രാഹ്മണിസത്തെ സംരക്ഷിക്കാന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍‍, ബാലക്രിഷ്ണ ശിവറാം മൂന്‍ജെ, ബാഹറാവ് സവര്‍കര്‍, ബി.ബി. തല്‍കാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു പ്രതി-പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു. ആര്‍.എസ്.എസിന്റെ തുടക്കം.

മൂന്‍ജെയെ ജര്‍മനിയിലേക്കും ഇറ്റലിയിലേക്കും ആര്‍.എസ്.എസ്. അയച്ചിരുന്നു. മനുസ്മ്രിതിയില്‍ ആക്രിഷ്ടനായ ഹിറ്റ്ലറുടെ വംശശുദ്ധി പ്രവര്‍ത്തനങ്ങള്‍, ആയുധപ്രയോഗം, ഗീബന്‍സിയന്‍ നുണ പ്രചാരണ തന്ത്രങ്ങള്‍ എന്നിവ മൂന്‍ജെ കണ്ടറിഞ്ഞു. ഹിറ്റ്ലറുടെ ഹാന്‍ഡ് സല്യൂട്ടും സ്വസ്തികയും ആര്‍.എസ്.എസ്. അടിച്ചെടുക്കുകയും ചെയ്തു!

ഇവിടെ ഒരു കാര്യം വളരെ രസകരമാണു. 1923 ല്‍ സവര്‍ക്കറുടെ ഹിന്ദു മഹാസഭയില്‍ ചേരാതെ ഡോ. ഹെഡ്ഗേവാര്‍ ബ്രാഹ്മിണ മേധാവിത്ത സമൂഹത്തിന്റെ പുനരുദ്ധാനത്തിനു ആര്‍.എസ്.എസ്. രൂപീകരിച്ച വിധം! ഹിന്ദുമഹാസഭയുടെയും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ഹിന്ദു നേതാക്കളുടെയും കൂടെ ഇവര്‍ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നതിനു പകരം ‘നിങ്ങളുടെ ഊര്‍ജ്ജം കാത്തു സൂക്ഷിക്കാനാ’ണു ഹെഡ്ഗേവാര്‍ അണികളോട് പറഞ്ഞത്. കെ.ബി. ലിമായെയെപ്പോലുള്ളവര്‍ ഇതില്‍ പ്രതിഷേധിച്ച് ഈ സംഘടന വിടുകയും ചെയ്തു. വിശാല ഹിന്ദുത്വമല്ല, ബ്രാഹ്മണിസമായിരുന്നു ഹെഡ്ഗേവാറിന്റെ അജണ്ട. അങ്ങനെ ഹിന്ദു മഹാസഭയുടെയും ദേശീയതയുടെയും ഒറ്റുകാരാകുന്നു ആര്‍.എസ്.എസ്.

ഇനി കേരളത്തില്‍ എന്തു കൊണ്ട് ആര്‍.എസ്.എസ് ബഹുജനാടിത്തറയുണ്ടാക്കുന്നില്ല എന്നു നോക്കാം. ഫ്യൂഡല്‍- കൊളോണിയല്‍- ജാതീയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉഴുതു മറിച്ച മണ്ണ് ഇവിടെയുണ്ടായിരുന്നു. ബ്രാഹ്മണ്യമേധാവിത്തത്തിനു പിണ്ഠം വെച്ച് വി.ടി. പ്രേംജി, ഇ.എം.എസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ കത്തി നിന്ന കാലത്താണു ‘സംഘം’ ബ്രാഹ്മണ്യത്തിന്റെ ഈറ്റില്ലമായ വടക്കേ ഇന്ത്യയില്‍ വളരുന്നത്. ദ്രാവിഡ ഭൂമിശാസ്ത്ര മേല്‍ക്കോയ്മയുള്ള തമിഴ്നാട്ടിലും കേരളത്തിലും ആര്‍.എസ്.എസ്. സംഹിത വേവാന്‍ പ്രയാസമാണു. ചെറിയ ഹൈന്ദവ ബിംബങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും സംഘത്തെ പ്രതിനിധാനം ചെയ്യുക എന്ന അടവാണു കേരളത്തില്‍ കാണാപ്പുറത്തിന്റെ ‘സംഘം’ എടുക്കുന്നത്. ഇത് വടക്കേ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ നിന്ന് വിഭിന്നമാണു. ഈ പുതിയ കപട മുഖം ഇവിടെ സമ്മാനിച്ചതില്‍ ‘വിചാര കേന്ദ്ര’ത്തിനു വലിയ പങ്കുണ്ട്.

ആദിവാസികളെ ‘വനവാസി’കളെന്നു വിളിക്കുന്ന, മനുസ്മ്രിതിയെയും ചാതുര്‍വര്‍ണ്യത്തെയും ഇപ്പോഴും കൂട്ടു പിടിക്കുന്ന (“അകലങ്ങള്‍ ഒരു പരിധി വിട്ട്‌ കുറയുന്നത്‌ ഇപ്പോള്‍ ‍പ്പോലും അത്രയ്കൊന്നും ആശാസ്യകരമല്ല” എന്ന് കാണാപ്പുറം!), ഹിറ്റ്ലറിലും മുസോളിനിയിലും ജന്മവേരുകള്‍ ചെന്നെത്തുന്ന അപകടകാരിയായ ഈ മാനവവിരുദ്ധ പ്രത്യയ ശാസ്ത്രം കേരളത്തില്‍ ജനകീയമാവാത്തതിനു കാരണം അതിന്റെ പിറവിക്കു പിന്നില്‍ തന്നെയുണ്ട്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുന്ന പുരോഗമന പ്രസ്ഥാനങ്ങളും ജനതയും ജാഗ്രത്താവുന്നിടത്തോളം കാലം ബ്രാഹ്മണ്യത്തിന്റെ പരിപ്പ് കേരളത്തിന്റെ അടുക്കളയില്‍ വേവില്ലല്ലോ പ്രിയ കാണാപ്പുറം!

ഓടോ: ആര്‍.എസ്.എസിനെ വിശ്വസിക്കാനാവില്ലെന്നു ഏറ്റവും കൂടുതല്‍ അറിയുന്നത് അതിന്റെ ‘ജാരസന്തതിയായ’ ബി.ജെ.പിക്ക് തന്നെയാണു, അല്ലേ കാ‍ണാപ്പുറം! (പ്രയോഗം നെഹ്രു).

വിചാരം said...

കാണാപ്പുറമൊരു കമന്‍റില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു .. ഈ ഖണ്ഡികയില്‍ ...ഇതൊക്കെ ഞാന്‍ വെറുതെ അനുഭാവം കൊണ്ടു പറയുകയാണ്‌ എന്നു കരുതേണ്ട. സംഘപരിവാര്‍ എന്തു കൊണ്ട്‌ നിലനില്‍ക്കുന്നു എന്നു പഠിക്കാനിറങ്ങിയ ഞാന്‍ കണ്ടെത്തിയ അനേകം കാര്യങ്ങളില്‍ ചിലതു മാത്രമാണിവ. സംഘത്തോടുള്ള അന്ധമായ വെറുപ്പും എതിര്‍പ്പും ഉപേക്ഷിച്ചയാള്‍ എന്ന നിലക്ക്‌ ഞാന്‍ പറയുന്നതിനെയെല്ലാം പുച്ഛിച്ചു തള്ളാനൊരുങ്ങാത്തവര്‍ക്ക്‌ - സംഘത്തെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും - ഞാന്‍ തുറന്നു പറയുന്നകാര്യങ്ങളില്‍ നിന്ന്‌ പലതും പഠിക്കാനുണ്ടാവുമെന്നു ഞാന്‍ കരുതുന്നു. ഒരുപക്ഷേ തോന്നല്‍ മാത്രമാവാം.

എനിക്കൊരു ലളിതമായൊരു ചോദ്യം സഘപരിവാറിന്‍റെ ഒരു അനുഭാവി എന്ന നിലക്കുള്ള ഒരാളോട്... മുസ്ലിംങ്ങള്‍ എന്താണ് സംഘത്തോട് ചെയ്തത് ? പ്രത്യേകിച്ച് കേരളത്തിലെ മുസ്ലിംങ്ങള്‍ എന്തിനാണവരെ ആര്‍.എസ്.എസ് വേട്ടയാടുന്നത് ? അവരുടെ പാരമ്പര്യം ഇവിടെ (ഭാരതത്തില്‍) ഉടലെടുത്തവരല്ലേ ചരിത്രപരമായ സത്യമെടുത്താല്‍ പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ ആര്യ വംശരായ ബ്രാഹ്മണരല്ലേ ഇന്ത്യവിട്ട് പോവേണ്ടത് ? ദ്രാവിഡ വംശജരെ രാക്ഷസന്മാരാക്കി ആര്യ വംശരെ ദേവന്മാരാക്കി ചിത്രീകരിച്ച ഇവരല്ലേ (സംഘവും ഉത്തര്യേന്ത്യന്‍ ബ്രാഹ്മണ കൂട്ടം) ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ .. ഇന്ന് സുപ്രധാനമായ ഒരു വിധി വരുന്ന ദിവസമാണ് .. താങ്കള്‍ പറയുന്നത് പോലെ സംഘ ശാഖകളില്‍ പൂണൂല്‍ ദളിദന്‍റെ തോളിലുരുമലും വിധി 27% സം‌വരണത്തിന് അനുകൂലമെങ്കില്‍ കാണാം പൂരം ആ പൂണൂല്‍ കൊണ്ട് ദളിദന്‍റെ കഴുത്തില്‍ മരണമാല്യം അണിയിക്കുന്നത്

Unknown said...

‘കയ്യൊപ്പി’ന് മറുപടി.

>> (“അകലങ്ങള്‍ ഒരു പരിധി വിട്ട്‌ കുറയുന്നത്‌ ഇപ്പോള്‍‍പ്പോലും അത്രയ്കൊന്നും ആശാസ്യകരമല്ല” എന്ന് കാണാപ്പുറം!) >>

കയ്യൊപ്പേ, ദു:ഖത്തോടെ പറയട്ടെ - ഇത്ര വികലമായൊരു വായന താങ്കള്‍ നടത്തുമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. ഇതിനുള്ള എന്റെ മറുപടി എഴുതി വന്നപ്പോള്‍ അല്പം നീണ്ടു പോയതു കൊണ്ട്‌ അത്‌ ഇവിടെ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്`. ആക്രമണമായി കാണാതെ, സ്നേഹസംവാദമായിത്തന്നെ എടുക്കുമെന്നു കരുതട്ടെ.

കണ്ണൂസ്‌, വിചാരം,
നിങ്ങളെ മറന്നിട്ടില്ല. കാത്തിരിക്കണമെന്നപേക്ഷ.

Unknown said...

കണ്ണൂസ്‌,
താങ്കള്‍ക്കുള്ള മറുപടി മറ്റൊരു പോസ്റ്റായി ഇവിടെ എഴുതിയിട്ടുണ്ട്‌. “ബുദ്ധദേവിനെയോ മോഡിയേയോ സ്വന്തം പാര്‍ട്ടികള്‍ തള്ളിപ്പറയുമോ? - കണ്ണൂസിനു മറുപടി“ എന്ന പേരില്‍. വായിക്കുമല്ലോ.

സു | Su said...

ഈ പോസ്റ്റ് ഇഷ്ടമായി. വളച്ചൊടിച്ച വാ‍ര്‍ത്തകളിലെ, സത്യം എത്രയാണെന്നും മനസ്സിലായി. പല വായനക്കാരും, പക്ഷെ, അവര്‍ വായിക്കുന്നത് മാത്രം, മനസ്സിലാക്കി വെക്കാന്‍ കഴിവുള്ളവരാകും. കൂടുതല്‍ അറിയാനും പറ്റില്ലല്ലോ. പ്രത്യേകിച്ചും ഒരു പത്രം വായിക്കുന്നവര്‍. എല്ലാ പത്രങ്ങളും വായിക്കാന്‍ പറ്റുന്നവര്‍ വളരെ ചുരുക്കം ആവും.

ഹിന്ദി പരിഭാഷപ്പെടുത്തിയത് കണ്ടു. ഇങ്ങനെ എന്നും ചെയ്താല്‍, ചുക്കെന്ന് പറയുന്നത്, വായനക്കാരന്റെ അടുത്തെത്തുമ്പോള്‍ കൊക്ക് ആവും.

:)