Sunday, December 02, 2007

കാക്കിയിട്ടവന്റെ നേരേ കയ്യോങ്ങിയാല്‍.....നോവില്ല!

കമ്മീഷണര്‍ ഭരത്‌ ചന്ദ്രന്‍ ഉണ്ടായിരുന്നെങ്കില്‍, ഇന്ന്‌ സി.പി.ഐ.യുടെ ഓഫീസില്‍ കയറിച്ചെന്ന് വെളിയം ഭാര്‍ഗ്ഗവനെ കണ്ടുപിടിച്ച്‌ വാതിലടച്ചു കുറ്റിയിട്ട്‌ ചില ചോദ്യങ്ങള്‍ ചോദിച്ചേനെ. “പാര്‍ട്ടി ഓഫീസുകളെന്നാല്‍ പോലീസുകാരുടെ ശവപ്പറമ്പുകൂടിയാണോ“ എന്നതായിരിക്കും മുഖ്യമായിട്ടും അന്വേഷിക്കുക.

വെളിയം പറയുന്നതനുസരിച്ചാണെങ്കില്‍, പാര്‍ട്ടിഓഫീസില്‍ കയറിയ പോലീസുകാര്‍ തിരിച്ചു പോയ ചരിത്രമില്ല! ശവം പോലും വിട്ടുകൊടുക്കില്ലെന്നും അവിടെത്തന്നെ കുഴിച്ചുമൂടിക്കളയുമെന്നുമൊക്കെയാവണം ഉദ്ദേശിച്ചത്‌.
* * * * * * * * * * *
ഒന്നോര്‍ത്താല്‍, “കുത്തകവിരുദ്ധ”സമരമെന്നു പറഞ്ഞാല്‍ ശരിക്കും ഇങ്ങനെ വേണം. ചില സമരശൈലികളൊക്കെ മാര്‍ക്സിസ്റ്റുകാര്‍ കുത്തകയാക്കി വച്ചിട്ട്‌ കാലം കുറേയായി. ഇതൊക്കെ തങ്ങള്‍ക്കു മാത്രമേ കഴിയൂ എന്ന അവരുടെ അഹന്തയ്ക്കു ചുട്ട മറുപടിയാണു വെളിയവും കൂട്ടരും കൊടുത്തുകൊണ്ടിരിക്കുന്നത്‌.

നടുറോഡില്‍ വച്ച്‌ വനിതാപോലീസുകാരിയെ തല്ലിയ പ്രവര്‍ത്തക ഇതിനകം താരമായിക്കഴിഞ്ഞു. ദേശാഭിമാനിയുടെ ഭീഷണശൈലിയെ നാണം കെടുത്തുന്ന മട്ടില്‍ ‘ജനയുഗ‘ത്തിനുവേണ്ടി ഫണ്ടുപിരിച്ചതും നാടു മുഴുവന്‍ പ്രശസ്തിനേടിയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്കു പൊതുവായി ചില പ്രത്യേകതകളൊക്കെയുണ്ടെന്നും മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ ഇതൊന്നും തീറെഴുതിയിട്ടില്ലെന്നും നാലാളെ അറിയിക്കാന്‍ കഴിയുന്നതു നിസ്സാരകാര്യമല്ല.

* * * * * * * * * * *

ഇതിനൊക്കെ ഇടയില്‍ കിടക്കുന്ന പോലീസുകാരുടെ കാര്യമാണു കഷ്ടം. കമ്മ്യൂണിസ്റ്റുരാജ്‌ വന്നാലും പോയാലും അവരുടെ കാര്യം കഷ്ടം തന്നെയാണ്.

ഭരണമില്ലാത്ത കാലത്താണെങ്കില്‍, സര്‍ക്കാറിനെതിരെയുള്ള സമരങ്ങളുടെ സകലപീഢനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നത്‌ പോലീസുകാര്‍ തന്നെ. ശാരീരികപീഢനങ്ങളേക്കാള്‍ വലുത്‌ മാനസികപീഢനങ്ങളാണ്. ‘വേണ്ടിവന്നാല്‍ പോലീസ്‌ സ്റ്റേഷനുമുമ്പിലും ബോംബുണ്ടാക്കും‘ എന്നൊക്കെ ചിലര്‍ പ്രസംഗിക്കുമ്പോള്‍ കേട്ടു നില്‍ക്കാനേ കഴിയൂ.

ഭരണം മാറുകയും മേല്‍പ്പടി പ്രസംഗം നടത്താന്‍ മടിക്കാത്തവര്‍ ആഭ്യന്തരമന്ത്രിക്കസേരയിലൂടെ പോലീസിന്റെ തലപ്പത്തെത്തുകയും ചെയ്താല്‍ രക്ഷയുണ്ടോ എന്നു ചോദിച്ചാല്‍ അതുമില്ല! ‍ ‘സല്‍ഭരണം’ നടത്താനുദ്ദേശിക്കുന്നവര്‍ക്കേ പോലീസിനെക്കൊണ്ട്‌ ആവശ്യമുള്ളൂ. ‘സെല്‍ഭരണം’ നടത്തുന്നവര്‍ക്കായി ക്രമസമാധാനപാലനം നടത്താന്‍ ‘ജനകീയപോലീസ്‌‘ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്‌. അവര്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനിടയില്‍ മെനക്കെടുത്താന്‍ ചെന്നാല്‍ കുട്ടി സഖാക്കന്മാര്‍ തലയ്ക്കടിച്ചു കൊന്നുകളയും താനും.

അങ്ങനെയങ്ങു വിടാന്‍ പറ്റുമോ എന്നു കരുതി കുട്ടിപ്പോലീസിനെയും സഹായികളേയും അറസ്റ്റുചെയ്യാമെന്നു വച്ചാല്‍ മുകളില്‍ നിന്ന്‌ ഉടന്‍ നിര്‍ദ്ദേശങ്ങളെത്തും. എല്ലാവരെയും വിട്ടയക്കേണ്ടിവരും. ഫോണിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച്‌ പ്രതികളെ പ്രഖ്യാപിക്കേണ്ടിയും വരും.

വയറ്റിപ്പിഴപ്പിന്റെ പ്രശ്നമാണല്ലോ എന്നു കരുതി, പ്രതികരിക്കാതെ, അമര്‍ഷം ഉള്ളിലൊതുക്കി കഴിയാമെന്നു വച്ചാല്‍, പത്രങ്ങളൊക്കെ ദാ ഇമ്മട്ടിലൊക്കെ ഓരോന്നു തുറന്നെഴുതി നാട്ടുകാരെ മുഴുവനറിയിച്ച്‌ നാണം കെടുത്തുകയും ചെയ്യും.

പരമാവധി ആശ്രിതത്വം പ്രകടിപ്പിച്ച്‌ ആജ്ഞകള്‍ യഥാവിധി അനുസരിച്ചാല്‍ പ്രയോജനമുണ്ടോ എന്നു ചോദിച്ചാല്‍ അതുമില്ല. കള്ളക്കളികള്‍ നാടുമുഴുവനറിഞ്ഞ്‌ നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ അവസാനം കുറ്റം വന്നു വീഴുന്നതും പോലീസിന്റെ തലയില്‍ത്തന്നെ! ‘അന്വേഷണശേഷമുള്ള’ സ്ഥലം മാറ്റം!

* * * * * * * * * * *

പോലീസാകുന്നെങ്കില്‍ ബംഗാളിലെ പോലീസാകണം. പ്രത്യേകിച്ചു പണിയൊന്നുമില്ല. വല്ല ഓപ്പറേഷനും വേണ്ടിവന്നാല്‍, കേവലം ലാത്തിയുമായിച്ചെന്ന്‌ തടികേടാകുമോയെന്ന ഭയവും വേണ്ട - നല്ല ഉന്നമുള്ള തോക്കുകളുമായി പാര്‍ട്ടിപ്രവര്‍ത്തകരും കൂടെയുണ്ടാവും.

‘അബദ്ധവശാല്‍‘ വെടിപൊട്ടി പത്തു പതിനഞ്ചെണ്ണം ചത്താലും പരാതിയൊന്നും കേള്‍ക്കേണ്ടി വരില്ല. മാത്രമല്ല - തുടര്‍ന്നുള്ള ഓപ്പറേഷനില്‍ പങ്കെടുക്കേണ്ടി വരികയുമില്ല. “ഇത്തവണ കൂടണമെന്നില്ല” എന്ന അഭിപ്രായത്തിനു പകരം “ആ ഏരിയയില്‍ കണ്ടുപോകരുത്‌ “ എന്ന ഉത്തരവു തന്നെ കിട്ടുമ്പോള്‍, സന്തോഷത്തോടെ മാറി നിന്നു കാഴ്ചകണ്ടുരസിക്കുക എന്നതേ ചെയ്യാനുള്ളൂ. കേന്ദ്രസേനയേപ്പോലും അടുപ്പിക്കാത്ത സ്ഥലത്ത്‌ വെറും ലോക്കല്‍ പോലീസ്‌ ചെന്നിട്ട്‌ അല്ലെങ്കിലും എന്തു കാണിക്കാനാണ്?

പത്രക്കാര്‍ ആരെങ്കിലും വരുമ്പോള്‍, ‘ഇത്തവണ വല്ലതും നടക്കും’, ‘പഴയതുപോലെ ഈസി ആവില്ല - ഇത്തവണ ടൈറ്റ്‌ ആവും’ എന്നൊക്കെ വെറുതേ അഭിപ്രായവും തട്ടിമൂളിച്ച്‌ - ലാത്തിയടി” എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കി - അങ്ങനെയങ്ങു നിന്നാല്‍ മതി. പരമസുഖം! ദാ കണ്ടില്ലേ!

ഇക്കാരണവും പറഞ്ഞ്‌ “ജനക്കൂട്ടം” ചിലപ്പോള്‍ തെരുവുകളില്‍ കലാപമഴിച്ചുവിട്ടേക്കും എന്നൊരു പ്രശ്നമുണ്ട്‌. പക്ഷേ അവിടെയും ഇടപെടേണ്ടിവരുമെന്നു പേടിക്കേണ്ട. കലാപം അടിച്ചമര്‍ത്താനുള്ള ഉത്തരവൊന്നും ലഭിക്കില്ല. ‘കലാപത്തിന് ഇടയാക്കി‘യവരെ രായ്ക്കുരാമാനം നാടുകടത്തിക്കൊണ്ട്‌ സര്‍ക്കാര്‍ തന്നെ പ്രശ്നം പരിഹരിച്ചോളും.

പോലീസാകുന്നെങ്കില്‍, ബംഗാളിലെ പോലീസാകണം!

കേരളാപോലീസിന്റെ കാര്യം പറയാനാണെങ്കില്‍, “കട്ടപ്പുക” എന്നതിലും നല്ലൊരു വാക്ക്‌ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

* * * * * * * * * * *

ഇതിനൊക്കെയിടയിലും - ഇത്ര അസുഖകരമായ ജോലിസാഹചര്യങ്ങള്‍ക്കിടയിലും - ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുന്ന പോലീസുകാരുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അറിയാതെ നമിച്ചു പോകുകയാണ്.

WE SALUTE YOU!

In fact, The Nation salutes you!


-------------------------
ഈ പോസ്റ്റിട്ടതിനു രണ്ടുമൂന്നു ദിവസം കഴിഞ്ഞു വന്ന ഒരു വാര്‍ത്തകൂടി കൂട്ടിച്ചേര്‍ക്കുന്നു. പൊതുജനമദ്ധ്യത്തില്‍ താറടിച്ച്‌ സേനയുടെ ആത്മവീര്യം കെടുത്തുന്ന നേതാക്കള്‍ക്കെതിരെയുള്ള അസംതൃപ്തി പോലീസ്‌ അസ്സോസ്സിയേഷന്‍ ‘രഹസ്യമായി’ ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ടത്രെ. ഭരണമുന്നണിയോട്‌ ആഭിമുഖ്യമുള്ളവരാണ് അസ്സോയിയേഷനെ നിയന്ത്രിക്കുന്നതെന്നതിനാല്‍ പരസ്യമായി പ്രതികരിക്കാനാവുന്നില്ലത്രെ!

ഒന്നോര്‍ത്താല്‍, പരസ്യമായി പ്രതികരിക്കാതിരിക്കുന്നതു തന്നെയാണു നല്ലത്‌. ആരൊക്കെ എത്രയൊക്കെ ആക്ഷേപിച്ചാലും പോലീസിനോട്‌ ജനങ്ങള്‍ക്ക്‌ ഇപ്പോഴും ഒരു ബഹുമാനമൊക്കെയുണ്ട്‌. ഓരോരുത്തരുടെ അപക്വപ്രയോഗങ്ങള്‍ക്ക്‌ മറുപടി കൊടുത്ത്‌ ഉള്ളവിലകൂടി കളയുന്നതെന്തിന്?

9 comments:

Unknown said...

“ഇതൊക്കെ ഏതു പോലീസുകാരനും പറ്റുന്നകാര്യമല്ലേ?” എന്നൊരു പ്രയോഗമുള്ളത്‌ മലയാളികള്‍ക്ക്‌ പോലീസുകാരേക്കുറിച്ചുള്ള ബഹുമാനക്കുറവുതന്നെയാവണം സൂചിപ്പിക്കുന്നത്‌. ഇത്തരം അപമാനങ്ങള്‍ക്കു പുറമേ, പെരുവഴിയില്‍ തല്ലുമേടിക്കേണ്ടി വരികയും, “ഇങ്ങോട്ടു കയറിയാല്‍ തിരിച്ചുപോവില്ല“ എന്ന മട്ടിലൊക്കെ ഭീഷണികേള്‍ക്കേണ്ടി വരികയും കൂടി ചെയ്താലോ? കഷ്ടം തന്നെയാണ് അവരുടെ കാര്യം.

പോലീസാകുന്നെങ്കില്‍, ബംഗാളിലെ പോലീസാകണം. കേരളത്തിലെയല്ല!

അങ്കിള്‍ said...

:)

മുക്കുവന്‍ said...

ജനകീയ പോലീസുള്ളപ്പോള്‍ പിന്നെ എന്തിനാണാവോ കാശുകൊടുത്ത് പോലീസിനെ വച്ചിരിക്കുന്നത്?

നന്നായിരിക്കുന്നു മറുമൊഴി.

പറയുന്നതൊന്ന്, ചെയ്ത്ത് മറ്റൊന്ന്. കോടികള്‍ കട്ട് മുടിക്കുന്നു... സ്വന്തം മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കുന്നു. നാട്ടില്‍ കോളേജുകളില്‍ ഷവേസിനെ സപ്പോ‍ര്‍ട്ട് ചെയ്യാന്‍ സമരം, പിന്നെ പെപ്സിക്കെതിരെ സമരം.....അങ്ങനെ നാട് കുട്ടിച്ചോറാക്കുന്നു..

ഇതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ കുറെ കുട്ടി സഖാക്കളും, പിന്നെ പാര്‍ട്ടി പത്രം, പാര്‍ട്ടി ചാനല്‍. സത്യം ആരറിയുന്നു...

Roby said...

പോലീസായാല്‍ ഗുജറാത്തിലെ പോലീസാകണം. വ്യക്തി വൈരാഗ്യമുള്ളവരെയും അഹിന്ദുക്കളെയും Encounter killing എന്നു പറഞ്ഞു വക വരുത്താം. ഭരിക്കുന്ന ചെകുത്താന്മാര്‍ ഒന്നുകില്‍ കൈയും കെട്ടി നോക്കി നില്‍ക്കും, അല്ലെങ്കില്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കും.

Unknown said...

മുകളിലത്തെ കമന്റിലെ ‘അഹിന്ദുക്കള്‍‘ എന്ന പ്രയോഗം, ഓരോരുത്തരുടെ മനസ്സിന്റെ അടിത്തട്ടില്‍ ആരൊക്കെയോ ചേര്‍ന്നു വിതച്ചിരിക്കുന്ന വര്‍ഗ്ഗീയചിന്തകള്‍ എത്രമാത്രം ഈ രാജ്യത്തെ അധ:പതിപ്പിക്കുന്നു എന്നതിന്റെ തെളിവാണ്. താനൊരു വര്‍ഗ്ഗീയവാദിയാണെന്നു തിരിച്ചറിയാത്ത ഇത്തരം ലക്ഷക്കണക്കിനു കൂസിസ്റ്റുകളേക്കോണ്ടു സമ്പന്നമാണ് - ദൌര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യം. നൂറുകണക്കിനു വ്യാജഏറ്റുമുട്ടലുകള്‍ മറ്റുസംസ്ഥാനങ്ങളില്‍ നടക്കുന്നതില്‍, ധാരാളമാളുകള്‍ കൊല്ലപ്പെടുന്നതില്‍ ആര്‍ക്കും ഒരു വേവലാതിയുമില്ല. ഗുജറാത്തില്‍ ഒന്നോ രണ്ടോ നടന്നാല്‍, അപ്പോളേക്കും ആളുകള്‍ കുറ്റവാളിയുടെ മതവും പൊക്കിപ്പിടിച്ച്‌ ആര്‍ത്തു വിളിക്കാന്‍ തുടങ്ങും. കൊടും കുറ്റവാളിയായിരുന്ന സൊഹ്രാബുദ്ദീന്റെ തലവന്‍ ലത്തീഫിനെ കൊന്നത്‌ ഒരു ഭരണനേട്ടമായി ഉയര്‍ത്തിപ്പിടിച്ചു നടന്ന കക്ഷിയാണ് ശങ്കര്‍സിംഗ്‌ വഗേല. അയാളും അയാളുടെ പാര്‍ട്ടിയും അവരെ പിന്തുണയ്ക്കുന്നവരും, ബി.ജെ.പി.വിരുദ്ധത കൊണ്ടു കണ്ണു മൂടിയ സകലരുമൊക്കെ ഇപ്പോള്‍ ആര്‍ത്തുവിളിക്കുന്നതു വലിയ കോമഡി തന്നെ.

വ്യാജഏറ്റുമുട്ടല്‍ എന്നതിനേയും ഗുജറാത്ത്‌ പോലീസിനേയും ചേര്‍ത്തുവയ്ക്കുന്നവര്‍ ഈ വിഷയത്തില്‍ തീരെ പരിജ്ഞാനമില്ലാത്തവരാണെന്നുറപ്പ്‌. സൊഹ്രാബുദ്ദീനെ അഹിന്ദുവാക്കുന്നവര്‍ ചെയ്യുന്നത്‌ അങ്ങേയറ്റം കൊടിയ പാപവും. ഇതേക്കുറിച്ചൊക്കെ ധാരാളം എഴുതിയിട്ടുള്ളതുകൊണ്ട്‌ ആവര്‍ത്തിക്കുന്നില്ല. BJP bashing രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവരോട്‌ വേദമോതിയിട്ടു കാര്യമില്ല.

qw_er_ty

Unknown said...

ഹൊ സമാധാനമായി. നന്ദിഗ്രാമില്‍ കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളെ കൊന്നതിന് പകരം ഗുജറാത്തില്‍ ബിജെപി ജനങ്ങളെ കൊല്ലുന്നുണ്ട് എന്ന് വന്നിരിക്കുന്നു. അപ്പൊ ടാലി ആയല്ലോ അല്ലേ? എല്ലാവര്‍ക്കും സമാധാനമായി പിരിഞ്ഞ് പോകാം. രാഷ്ട്രീയപരമായി ആരും ഇപ്പൊ സ്കോര്‍ ചെയ്തില്ല. എതിരാളികളെ ജയിക്കണമെങ്കില്‍ സാധാരണ ജനങ്ങളെ ഇങ്ങനെ ഒന്നും രണ്ടുമായിട്ട് കൊന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായല്ലോ. അപ്പൊ ഇനി അണ്ണന്മാര്‍ ഇന്ത്യന്‍ പൌരന്മാരെ ഡസന്‍ കണക്കിന് കൊല്ലാന്‍ ശ്രമിച്ച് നോക്കൂ. ചിലപ്പോള്‍ രാഷ്ട്രീയപരമായി അല്‍പ്പം കൂടി മൈലേജ് കിട്ടിയേക്കും.

Roby said...

ഭരണകൂട ഭീകരത എന്നത് ബംഗാളിലും കേരളത്തിലും മാത്രം സംഭവിക്കുന്ന ഒന്നല്ല. വ്യാജ ഏറ്റുമുട്ടലുകള്‍ ഗുജറാത്തില്‍ മാത്രമല്ല സംഭവിക്കുന്നത്...ഇതൊന്നും അറിയാതെയല്ല.

താങ്കള്‍ ബംഗാളും കേരളവും മാത്രമെ കുറ്റപ്പെടുത്തലിനായി തെരഞ്ഞെടുക്കുന്നുള്ളൂ..കാരണം നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രതിലോമകരമായ ആ രാഷ്ട്രീയത്തിന്‌ ഇന്നുള്ള പൊട്ടെന്‍ഷ്യല്‍ ഭീഷണി മാര്‍ക്സിസ്റ്റു പാര്‍ട്ടി തന്നെ. നിങ്ങളുടെ മാര്‍ക്സിസ്റ്റ് വിരോധം പോസ്റ്റായി പുറത്തു ചാടുന്നു. എന്റെ ബി ജെ പി വിരോധം കമന്റായും.

അല്ലാതെ ദില്‍ബാസുരന്‍ കരുതുന്നതു പോലെ ബംഗാളിനെ ഗുജറാത്തുകൊണ്ട് ന്യായീകരിക്കുകയല്ല. ഇതൊന്നും ടാലിയാക്കാവുന്ന കണക്കുകളല്ലല്ലോ.

Mr. K# said...

ആ സ്കാന്‍ ചെയ്തിട്ടിരിക്കുന്ന വാര്‍ത്തകളാണു വായിക്കേണ്ടത്. പോലീസുകാര്‍ ക്രിക്കറ്റ് കളിയെക്കുറിച്ചു പറയുന്നതു പോലെ ഭൂമി പിടിച്ചെടുക്കുന്നതിനെക്കുറിച്ചു പറയുന്നത്.അവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒന്നും ചെയ്യാനില്ല. പാര്‍ട്ടിക്കാരായാല്‍ ഇങ്ങനെ വേണം.

Unknown said...

>>[ദില്‍ബാസുരന്‍]നന്ദിഗ്രാമില്‍ കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളെ കൊന്നതിന് പകരം ഗുജറാത്തില്‍ ബിജെപി ജനങ്ങളെ കൊല്ലുന്നുണ്ട് എന്ന് വന്നിരിക്കുന്നു. അപ്പൊ ടാലി ആയല്ലോ അല്ലേ?

കലാപങ്ങള്‍ തുലനം ചെയ്ത്‌ ടാലിയാക്കല്‍ ക്രൂരമാണെങ്കിലും ഒന്നു രണ്ടു കാര്യങ്ങള്‍ പറയാതെ വയ്യ. ഈയിടെയായി പലരും സിഖ്‌ വിരുദ്ധകലാപത്തേയും ഗുജറാത്ത്‌ കലാപത്തേയും നന്ദിഗ്രാം കൂട്ടക്കൊലകളേയും ഒക്കെ തുലനം ചെയ്തുകാണാറുണ്ട്‌. കോണ്‍ഗ്രസിനു കൊടിയ നാണക്കേടായ സിഖ്‌ വിരുദ്ധകലാപം ഏകപക്ഷീയതയുടേയും ക്രൂരതയുടേയും ഇരകളുടെ എണ്ണത്തിന്റേയും ഭരണകൂടത്തിന്റെ നിശ്ശബ്ദതയുടേയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു. വര്‍ഗ്ഗീയാംശത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഗുജറാത്ത്‌ കലാപം ബി.ജെ.പി.ക്കും, രാഷ്ട്രീയമായ അടിച്ചമര്‍ത്തലിന്റേയും ഭരണകൂടഭീകരതയുടേയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നന്ദിഗ്രാം സി.പി.എമ്മിനും നാണക്കേടാണ്.‍

പിന്നെ, “ഗുജറാത്തില്‍ ‘ബി.ജെ.പി.ക്കാര്‍’ ജനങ്ങളെ കൊന്നു“ എന്നത്‌ പലര്‍ക്കും പറഞ്ഞുരസിക്കാവുന്ന ഒരു വാചകം തന്നെ എന്നത്‌ അംഗീകരിക്കുന്നു. എന്നാല്‍ സത്യവും കൂടി വല്ലപ്പോഴും പറയുന്നതു നല്ലതാണല്ലോ. ഗുജറാത്തില്‍ നടന്നത്‌ വര്‍ഗ്ഗീയകലാപമാണ്. പാര്‍ട്ടിപ്രവര്‍ത്തകരുടെ പങ്കും ഭരണകൂടത്തിന്റെ പരാജയവുമെല്ലാമാണ് ബി.ജെ.പി.യെ അവിടെ പ്രതിക്കൂട്ടിലാക്കുന്നത്‌. കലാപത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഒരു പാര്‍ട്ടിക്കു മേല്‍ ചൊരിയാമെന്നു കരുതുന്നതു മൌഢ്യമാണ്. മരിച്ചവരില്‍ കാല്‍ ഭാഗത്തോളം പേര്‍ ഹിന്ദുക്കളാണ്. അക്കൂട്ടത്തില്‍ പോലീസ്‌ വെടിവയ്പില്‍ കൊല്ലപ്പെട്ടവരും മുസ്ലീങ്ങളാല്‍ കൊല്ലപ്പെട്ടവരും ഉള്‍പ്പെടും. ആ പോലീസുകാരും മുസ്ലീങ്ങളുമെല്ലാം ബി.ജെ.പി.ക്കാരാണെന്നു വരുമോ എന്തോ? മുസ്ലീങ്ങളെ കൊല ചെയ്തവരുടെ കൂട്ടത്തിലാണെങ്കില്‍‍ കോണ്‍ഗ്രസുകാരും പെടും താനും. ഇപ്പോള്‍ മോഡിക്കെതിരെ തിരിഞ്ഞിരിക്കുന്ന ചിലരെ കൂട്ടു പിടിച്ച് കോണ്‍ഗ്രസ്‌ തന്നെ അവതരിപ്പിച്ച തെഹല്‍ക്ക റിപ്പോര്‍ട്ടില്‍പ്പോലും അത്‌ തുറന്നംഗീകരിക്കുന്നുമുണ്ട്‌.

>>[‍റോബി] നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രതിലോമകരമായ ആ രാഷ്ട്രീയത്തിന്‌ ഇന്നുള്ള പൊട്ടെന്‍ഷ്യല്‍ ഭീഷണി മാര്‍ക്സിസ്റ്റു പാര്‍ട്ടി തന്നെ

‘പ്രതിലോമകരമായ’ എന്തെങ്കിലും രാഷ്ട്രീയം പരീക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ഒരു ‘പൊട്ടന്‍ഷ്യല്‍” ഭീഷണിയായി - “ഒന്നാം സ്ഥാനം ഞങ്ങളാര്‍ക്കും വിട്ടുകൊടുക്കില്ല“ എന്ന നിശ്ചയദാര്‍ഢ്യത്തോടെ - നിലകൊള്ളുന്നത്‌ മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണ് എന്നൊരര്‍ത്ഥമെടുക്കാമോ?
കുസൃതിച്ചോദ്യമായിട്ടെടുക്കുക.

>>[റോബി] പോലീസായാല്‍ ഗുജറാത്തിലെ പോലീസാകണം.

ഓ. അവരുടെ കാര്യവും ഒന്നോര്‍ത്താല്‍ കഷ്ടമാണ്. കലാപസമയത്ത്‌ അക്രമികളെ വെടിവച്ചുവീഴ്ത്തിയാല്‍ ചില മാദ്ധ്യമങ്ങള്‍ പറയും ചിലര്‍ക്കു വേണ്ടി മനപ്പൂര്‍വ്വം രക്തസാക്ഷികളെ സൃഷ്ടിച്ചതാണെന്ന്‌! മൂക്കത്തു വിരല്‍ വയ്ക്കാനല്ലേ പറ്റൂ? സഹപ്രവര്‍ത്തകരേക്കൂടി അറസ്റ്റു ചെയ്യാന്‍ മടിക്കാതെ ആത്മാര്‍ത്ഥമായി കേസന്വേഷണം നടത്തിയാലും ചിലര്‍ ആരോപിക്കും ആരൊക്കെയോ പറയുന്നതനുസരിച്ചു പ്രവര്‍ത്തിക്കുക മാത്രമാണെന്ന്‌. അന്വേഷണസമയത്ത്‌ ആരാലും - ഒന്നിനാലും - സ്വാധീനിക്കപ്പെട്ടിട്ടില്ല എന്ന്‌ വിശദീകരിച്ചാല്‍പ്പോലും വേണ്ടത്ര പ്രാധാന്യത്തോടെ അതു പ്രസിദ്ധീകരിക്കപ്പെടുകയുമില്ല.

ഒരുകാര്യത്തില്‍ പക്ഷേ അവര്‍ക്കു സുഖമാണ്. ചില കാര്യങ്ങളില്‍ ജോലിഭാരം കുറവാണ്. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഭാരതത്തിലാകമാനം 5619 പേരാണ് ഭീകരാക്രമണങ്ങളിലും മറ്റും കൊലചെയ്യപ്പെട്ടത്‌. അതില്‍ ഒരേയൊരാള്‍ മാത്രമാണ് ഗുജറാത്തില്‍ നിന്നുള്ളത്‌. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ആന്ധ്രയിലുമൊക്കെ പോലീസുകാര്‍ കര്‍ഫ്യൂ ഉറപ്പുവരുത്തലും മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യലും ബോംബ് തിരച്ചിലുമൊക്കെയായി സദാസമയം തിരക്കിലായിരിക്കുമ്പോള്‍, ഗുജറാത്ത്‌ പോലീസിന് ആ ബുദ്ധിമുട്ടില്ല. ഉള്ളതു പറയുന്നതിനു നമുക്കെന്ത്‌?

qw_er_ty