Sunday, May 25, 2008

കര്‍ണ്ണാടക തെരഞ്ഞെടുപ്പുഫലം - ശിഥിലചിന്തകള്‍

കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പിനേക്കുറിച്ചു പറയാനാണെങ്കില്‍ ഏറെയുണ്ട്‌. പെട്ടെന്നു തോന്നിയ ചില കാര്യങ്ങള്‍ - ചില ചിതറിയ ചിന്തകള്‍ - മാത്രം കുറിച്ചിടുന്നു.

*-*-*-*-*-*-*-*
(1) അപ്രതീക്ഷിതമല്ല - അത്ഭുതവുമില്ല
(2) സംവരണമണ്ഡലങ്ങള്‍
(3) കോണ്‍ഗ്രസ്‌ സംസ്ഥാനാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ
(4) സി.പി.എം. നേതാവ്‌ വൃന്ദാകാരാട്ട്‌
(5) മുസ്ലിംവോട്ടും മതേതരത്വവും
(6) ബഹുകക്ഷിനേതാവ്‌ ബംഗാരപ്പ
(7) തെരഞ്ഞെടുപ്പുകമ്മീഷന്‍
(8) കോണ്‍ഗ്രസുകാരോടു മൊത്തത്തില്‍

*-*-*-*-*-*-*-*

(1) അപ്രതീക്ഷിതമല്ല - അത്ഭുതവുമില്ല

ബി.ജെ.പി. നേടിയ വിജയം അവരെ സംബന്ധിച്ചിടത്തോളം അഭിമാനകരം തന്നെയാണ്‌. അതിന്‌ വളരെ പ്രാധാന്യവുമുണ്ട്‌. പക്ഷേ, അന്ധമായ ബി.ജെ.പി.വിരുദ്ധത പുലര്‍ത്തുന്ന ചില മാദ്ധ്യമങ്ങളിലൂടെ മാത്രമല്ലാതെ കാര്യങ്ങള്‍ വിലയിരുത്തിയ ഏതൊരാളെ സംബന്ധിച്ചിടത്തോളവും, ഒട്ടും അപ്രതീക്ഷിതമല്ല ഈ തെരഞ്ഞെടുപ്പുഫലം.

കഴിഞ്ഞ തവണ - പാര്‍ലമെന്റ്‌/അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്നപ്പോള്‍, അവിടെ പാര്‍ലമെന്റിലേക്കു ബി.ജെ.പി.യ്ക്കു വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു. പകുതിയിലധികം അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളിലാണ്‌ അവര്‍ക്കു മുന്‍തൂക്കമുണ്ടായിരുന്നത്‌. പക്ഷേ പകുതിയിലധികം അസംബ്ലിസീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നുമില്ല. പാര്‍ലമെന്റിലേക്കും അസംബ്ലിയിലേക്കും രണ്ടുരീതിയിലുള്ള പരിഗണനയാണു ചില വോട്ടര്‍മാര്‍ നല്‍കിയതെന്നുറപ്പ്‌. ഇത്തവണ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്ന നിലയ്ക്ക്‌, കഴിഞ്ഞ തവണ പകുതി മാത്രം അംഗീകരിച്ചവര്‍ വിചാരിച്ചാല്‍ത്തന്നെ ഈ വിജയം ഉറപ്പിക്കാമായിരുന്നു. അപ്പോള്‍, വലിയൊരു കുതിച്ചുചാട്ടമൊന്നുമില്ലാതെ തന്നെ നേടാവുന്നൊരു നേട്ടം തന്നെയാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.

മുമ്പുണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാതിരുന്നതുമായ ചില അനുകൂലഘടകങ്ങള്‍ മാത്രമേയുള്ളൂ. ബംഗാരപ്പയുടെയും ജനതാദള്‍ (യു)-വിന്റേയും സാന്നിദ്ധ്യമാണത്‌. അവര്‍ കാര്യമായ നഷ്ടമുണ്ടാക്കിയില്ലെന്നും വേണം കരുതാന്‍.

അനുകൂലഘടകങ്ങള്‍ മുതലെടുത്തുകൊണ്ട്‌ ചിട്ടയായ പ്രവര്‍ത്തനം നടത്തുവാനും ബി.ജെ.പി.ക്കു സാധിച്ചിരുന്നു. ഭരണപ്രതിസന്ധിയുണ്ടാകുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്ത അന്നു മുതല്‍ - കഴിഞ്ഞ ആറുമാസക്കാലം - പരോക്ഷമായ തെരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തുവാന്‍ അവര്‍ക്കു കഴിഞ്ഞു.

ഏറ്റവും ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും പ്രകടനപത്രിക പുറത്തിറക്കിയതും മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയതും എല്ലാം അവര്‍തന്നെയായിരുന്നു. പ്രചാരണത്തിന്റെ എല്ലാ മേഖലയിലും അവര്‍ മുന്നിലായിരുന്നു.

സംസ്ഥാനത്തെ പൊതുവേയുള്ള അന്തരീക്ഷം കണക്കിലെടുത്താല്‍, ബി.ജെ.പി. ജയിക്കുമെന്നോ ഇല്ലെങ്കില്‍ ജയത്തിന്‌ തൊട്ടടുത്തെങ്കിലും എത്തുമെന്നോ കരുതുന്നതു തന്നെയായിരുന്നു ബുദ്ധി. CNN-IBN നടത്തിയ പ്രീപോള്‍ - എക്സിറ്റ്‌പോള്‍ സര്‍വ്വേകളില്‍ മാത്രമാണ്‌ മറിച്ച്‌ എന്തെങ്കിലുമൊരു സൂചനകിട്ടിയത്‌. യോഗേന്ദ്രയാദവിനേയും രജ്‌‌ദീപ്‌ സര്‍ദേശായിയേയുമൊക്കെ മുമ്പേതന്നെ അറിയാവുന്നവരാരും അവരുടെ വാക്കുകള്‍ക്ക്‌ വിലകല്‍പിച്ചിട്ടുണ്ടാവില്ലെന്നു തീര്‍ച്ചയാണ്‌.

(2) സംവരണമണ്ഡലങ്ങള്‍

'ഇത്തവണ സംവരണമണ്ഡലങ്ങള്‍ വര്‍ദ്ധിച്ചു - അതു ബി.ജെ.പി.യ്ക്കു തിരിച്ചടിയാകും' എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടുകേട്ടിരുന്നു. ബി.ജെ.പി.യേക്കുറിച്ചു മറ്റുള്ളവര്‍ പറയുന്നതുമാത്രം കേട്ടുകൊണ്ട്‌ ഒരു അഭിപ്രായം സ്വരൂപിക്കുന്നതിന്റെയും അവരേക്കുറിച്ചു പഠിക്കാന്‍ തയ്യാറാകാത്തതിന്റേയും ഫലമായുണ്ടാകുന്ന മറ്റൊരു പ്രശ്നമാണതെന്നു തോന്നിയിരുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കു മുന്‍തൂക്കമുള്ള പല പ്രദേശങ്ങളും സംഘപരിവാര്‍ ശക്തികേന്ദ്രങ്ങളാണെന്നത്‌ കര്‍ണ്ണാടകയിലെ മാത്രമല്ല രാജ്യത്തിന്റെ പലഭാഗത്തുമുള്ളൊരു സ്ഥിതിവിശേഷമാണ്‌. കര്‍ണ്ണാടകയില്‍ കഴിഞ്ഞതവണ തന്നെ 35 സംവരണമണ്ഡലങ്ങളിലെ ഫലം ഇങ്ങനെയായിരുന്നു.

ബി.ജെ.പി. - 14
ജനതാദള്‍ - 9
കോണ്‍ഗ്രസ്‌ - 8
മറ്റുള്ളവര്‍ - 4

ഇത്തവണത്തെ ഫലം - സംവരണമണ്ഡലങ്ങള്‍ മാത്രം പരിഗണിച്ചുള്ളത്‌ - ഇതുവരെ ലഭ്യമായിട്ടില്ല. ഇടയ്ക്കൊരു ചാനലില്‍ മിന്നിമറഞ്ഞ വിവരമനുസരിച്ച്‌ ബി.ജെ.പി. വളരെ മുമ്പില്‍ത്തന്നെയാണ്‌.

ഇടയ്ക്ക്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അഭിഷേക്‌ സിംഘ്‌വി അതിനേക്കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു. സംവരണസീറ്റുകളില്‍ ബി.ജെ.പി. ജയിക്കാനിടയായതെന്തുകൊണ്ടാണെന്നു പരിശോധിക്കണമെന്നൊക്കെ - ബി.എസ്‌.പി.യെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ അദ്ദേഹം രോഷം കൊള്ളുന്നതായിത്തോന്നി. ബി.ജെ.പി.യേക്കുറിച്ച്‌ യാതൊന്നുമറിയാതെയാണല്ലോ ഇവരൊക്കെ പൊരുതാനിറങ്ങുന്നത്‌ എന്നു തോന്നിപ്പോയി.

(3) കോണ്‍ഗ്രസ്‌ സംസ്ഥാനാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ

ഇപ്പോള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ ആരോടെങ്കിലും സംസാരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍, ഞാന്‍ ശ്രീ. ഖാര്‍ഗേയോടു തന്നെ സംസാരിക്കാന്‍ താത്പര്യപ്പെടും. അതിനു കാരണമുണ്ട്‌.

2006-ല്‍ കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിന്റെ സമയത്ത്‌ അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. കേരളത്തില്‍ ബി.ജെ.പി.ക്ക്‌ ഏറ്റവുമധികം ജയസാദ്ധ്യതയുള്ള മണ്ഡലമാണു മഞ്ചേശ്വരം. അന്ന്‌ ഒരു പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞ ഒരു വാചകം ഇപ്പോളുമോര്‍ക്കുന്നു. "പവിത്രമായ നിയമസഭയില്‍ കാലുകുത്താന്‍ ബി.ജെ.പി.ക്കാരെ അനുവദിക്കരുത്‌ " എന്നതായിരുന്നു ആ വാചകം. 'പവിത്രത'യേക്കുറിച്ചുള്ള വാദങ്ങള്‍ ആപേക്ഷികമല്ലെന്നുണ്ടോ ഖാര്‍ഗേ എന്നും - ഇതിനുള്ള മറുപടി തരാന്‍ ജനാധിപത്യസംവിധാനത്തില്‍ മാര്‍ഗ്ഗങ്ങളുണ്ട്‌ എന്നും മനസ്സില്‍പ്പറഞ്ഞിരുന്നു.


അന്ന്‌ അദ്ദേഹം ആര്‍ക്കു വേണ്ടി പ്രചാരണം നടത്തിയോ ആ സ്ഥാനാര്‍ത്ഥി ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി.ക്കും പിറകില്‍ മൂന്നാമതു പോയതോടെ ആദ്യത്തെ മറുപടിയായി. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പി.ഗവണ്മെന്റിനെതിരെ ഒരുപക്ഷേ പ്രതിപക്ഷനേതാവായി ഇരിക്കേണ്ടി വരിക എന്നത്‌ അദ്ദേഹത്തിന്‌ രണ്ടാമത്തെ മറുപടിയായിക്കൊള്ളും. ഒരു മുതിര്‍ന്ന രാഷ്ട്രീയനേതാവെന്ന നിലയില്‍ ആദരവിന്‌ അല്‍പം പോലും കോട്ടമില്ലാതെ തന്നെ - പ്രചാരണത്തിനിടെ "വെള്ളം കുടിക്കുന്ന" അദ്ദേഹത്തിന്റെ ഒരു ചിത്രം ഇവിടെ ഇട്ടുകൊള്ളട്ടെ.

(4) സി.പി.എം. നേതാവ്‌ വൃന്ദാകാരാട്ട്‌

മറ്റു സി.പി.എം.നേതാക്കള്‍ പ്രസംഗിച്ചുപോയ പലതും - ഇപ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ അത്യാവശ്യമായ പലതും ഉണ്ട്‌. അവയെല്ലാം മാറ്റിവച്ചാലും ഒന്നുമാത്രം പറയാതെ വയ്യ. ശ്രീമതി വൃന്ദാകാരാട്ട്‌ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആഹ്വാനം ചെയ്തത്‌ "ബി.ജെ.പി. എന്ന വൈറസിനെ തോല്‍പ്പിക്കണം" എന്നാണ്‌. രാഷ്ട്രീയ എതിരാളികളെ ശതൃക്കള്‍ എന്നു വിശേഷിപ്പിക്കുകയും ബി.ജെ.പി.യെ 'ഒന്നാം നമ്പര്‍ ശതൃ' എന്നു വിളിക്കുകയും ചെയ്തൊരു പാര്‍ട്ടിയുടെ നേതാവില്‍ നിന്ന്‌ കൂടുതലൊന്നും പ്രതീക്ഷിച്ചുകൂടെങ്കിലും, അത്‌ സകലരാഷ്ട്രീയമര്യാദകളേയും ലംഘിച്ചൊരു പരാമര്‍ശമായിരുന്നുവെന്നു പറയാതെ വയ്യ.

ഓരോ പാര്‍ട്ടിക്കും ഓരോ സംസ്കാരം - ഇഷ്ടം പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ - എന്നും കൂടി മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ.

ജനാധിപത്യം എന്ന വാക്ക്‌ ഇടയ്ക്കിടയ്ക്കു പ്രയോഗിച്ചുകാണാറുള്ളവര്‍ കര്‍ണ്ണാടകയിലെ ജനവിധി അംഗീകരിക്കുക മാത്രമല്ല - തങ്ങളുടെ "ആഹ്വാനങ്ങള്‍" ജനം തള്ളിക്കളഞ്ഞുവെന്നു തുറന്നു സമ്മതിക്കുക കൂടി ചെയ്യുമെന്നു കരുതാം.

ഭാരതത്തിലെ ഒരു അനിഷേദ്ധ്യരാഷ്ട്രീയശക്തിയാണു ബി.ജെ.പി. അതൊന്ന്‌ ഓര്‍മ്മപ്പെടുത്താനായി, ശ്രീമതി കാരാട്ടിന്‌ യാദൃച്ഛികമായി ബി.ജെ.പി.ക്കാരുമായി കൈകോര്‍ത്തുപിടിക്കേണ്ടിവന്നൊരു ചിത്രം ഇവിടെ കൊടുക്കട്ടെ. ഒരു ജനാധിപത്യസംവിധാനത്തില്‍ ഇങ്ങനെ പലരുമായും കൈകോര്‍ത്തുപ്രവര്‍ത്തിക്കേണ്ടിവരും. അസഹിഷ്ണുതപ്പെട്ടിട്ടു യാതൊരു കാര്യവുമില്ല.

(5) മുസ്ലിംവോട്ടും മതേതരത്വവും

കല്‍ക്കട്ടയില്‍ നിന്നുള്ള "The Telegraph" എന്ന പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു. "Muslims ask candidates to promise they will keep religion out of politics" എന്ന തലക്കെട്ട്‌ പ്രതീക്ഷ നല്‍കി. മതേതരരാഷ്ട്രീയം എന്നതിന്റെ നല്ലൊരു നിര്‍വചനം കാണുമ്പോള്‍ സന്തോഷിക്കാതെയും പ്രതീക്ഷിക്കാതെയും വയ്യ. കൂസിസ്റ്റുകളുടെ തന്ത്രങ്ങളില്‍ വീഴാതെ മുസ്ലീങ്ങള്‍ ഉജ്ജ്വലമായ രാഷ്ട്രീയനിലപാടെടുക്കുന്നുവല്ലോ എന്നോര്‍ത്തു കുടുതല്‍ സന്തോഷമായി.

പക്ഷേ, വാര്‍ത്തയില്‍ കണ്ട ചില ഭാഗങ്ങള്‍ ഇങ്ങനെ.

In keeping with the image of a state synonymous with India’s IT boom, the Karnataka Muslim Muttahida Mahaz (Karnataka Muslims’ United Front) is listening to science, rather than electoral promises, to issue support to candidates in the Assembly elections.

A team of local researchers, working across Karnataka’s 28 districts, has sent in its statistical sampling of voter sentiment and perceptions of the candidates.
The study has thrown up a list of names — cutting across party lines, including some Independents — “most likely to defeat the BJP” in their respective constituencies.
......
“We do not have any real expectations from any of the parties. Our only aim is to stave off a BJP victory. So we cannot afford to be sucked in by emotions or promises,” says Sayyed Tanvir Ahmed, a senior Mahaz official.

മതത്തിന്റെ മാത്രം പേരില്‍ കുറേയാളുകള്‍ ഒരുമിച്ചുകൂടുക - ഒരുപാര്‍ട്ടിയെ എങ്ങനെയെങ്കിലും തോല്‍പിക്കാന്‍ വേണ്ടി മറ്റു പരിഗണനകളൊന്നുമില്ലാതെ വേറെ ആര്‍ക്കുവേണമെങ്കിലും വോട്ടുചെയ്യാമെന്ന നിലപാടെടുക്കുക - എന്തു പറയാനാണ്‌ - പ്രത്യേകിച്ചൊന്നും പറയാനില്ല.

കണക്കുകൂട്ടലുകള്‍ക്കിടയ്ക്കിടയ്ക്ക്‌ എപ്പോഴെങ്കിലും അവര്‍ക്കു സമയം കിട്ടുമെന്നും ബി.ജെ.പി.യിലെ ഏതെങ്കിലും മുതിര്‍ന്ന മുസ്ലീം നേതാവിനേയോ മറ്റോ വിളിച്ച്‌ "എന്താ സത്യത്തില്‍ പരിപാടി" എന്നു ചോദിക്കാനെങ്കിലും തുനിയുമെന്നും പ്രത്യാശിക്കാം.

മതേതരത്വം വിജയിക്കട്ടെ.

(6) ബഹുകക്ഷിനേതാവ്‌ ബംഗാരപ്പ

ബംഗാരപ്പയുടെ പേരില്‍ രണ്ടു റിക്കോര്‍ഡുകളാണുള്ളത്‌. തെരഞ്ഞെടുപ്പില്‍ പരാജയമറിയാതിരുന്നതിന്റെ റെക്കോര്‍ഡാണ്‌ ഒന്ന്‌. അനവധി പാര്‍ട്ടികള്‍ മാറിമറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനിടയില്‍ മത്സരിച്ച ചിഹ്നങ്ങളുടെ എണ്ണമാണ്‌ മറ്റൊന്ന്‌.

അതില്‍ ഒരു റെക്കോര്‍ഡ്‌ ഇത്തവണ തകര്‍ന്നു. പരാജയം എന്തെന്നു മനസ്സിലായി.

യെദ്ദ്യൂരപ്പയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിനായി കോണ്‍ഗ്രസും ജനതാദളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയും "സെക്യുലര്‍" പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ തന്നെ ബംഗാരപ്പ പരാജയം ഉറപ്പിച്ചിരുന്നു. പക്ഷേ അതിലും ശ്രദ്ധേയമായ പരാജയം സംഭവിച്ചത്‌ മക്കളായ ബംഗാരപ്പമാര്‍ക്കാണ്‌. കോണ്‍ഗ്രസിലും എസ്‌.പി.യിലുമായി മക്കള്‍ ബംഗാരപ്പമാര്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ പോരാട്ടം കനത്തു. ആ മണ്ഡലത്തിലെ ബി.ജെ.പി.സ്ഥാനാര്‍ത്ഥിയേക്കുറിച്ചു സംസാരിക്കാന്‍ പോലും ആര്‍ക്കും സമയമുണ്ടായിരുന്നില്ല. പക്ഷേ ഫലം വന്നപ്പോള്‍ ജനം രണ്ടു ബംഗാരപ്പമാരേയും പറഞ്ഞയച്ച്‌ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു. താന്‍ മാറിയതോടെ ബി.ജെ.പി. ഇല്ലാതായി എന്നൊക്കെ അഹങ്കരിച്ചിരുന്ന ബംഗാരപ്പയ്ക്ക്‌ ഇതിലും നല്ലൊരു ശിക്ഷ കൊടുക്കാനില്ലെന്ന്‌ ജനം കരുതിയിരിക്കണം.

(7) തെരഞ്ഞെടുപ്പു കമ്മീഷന്‍

ഇവിടെ യഥാര്‍ത്ഥവിജയി എന്ന വിശേഷണവും അഭിനന്ദനവും ഏറ്റവുമര്‍ഹിക്കുന്നതാരെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം. അതു തെരഞ്ഞെടുപ്പു കമ്മീഷനാണ്‌. മണ്ഡലപുനര്‍നിര്‍ണ്ണയം വിസ്മയകരമായ വേഗത്തില്‍ പൂര്‍ത്തിയാക്കിയതു മാത്രമല്ല - തെരഞ്ഞെടുപ്പു സമയത്തെ പണമൊഴുക്കു തടഞ്ഞതും -പരാതികള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ഇടയാക്കാതെ സമയബന്ധിതമായി എല്ലാം പൂര്‍ത്തിയാക്കിയതും - അങ്ങനെ പലതുമുണ്ട്‌ കാരണങ്ങള്‍. പ്രചാരണത്തിന്റെ പരിധി നിശ്ചയിച്ചത്‌ അല്‍പം കടന്നുപോയില്ലേ എന്ന സംശയവും അതിനേപ്പറ്റിയുള്ള ചര്‍ച്ചകളും അവശേഷിക്കുമ്പോള്‍ത്തന്നെ, കമ്മീഷന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

(8) അവസാനമായി, കോണ്‍ഗ്രസുകാരോടു മൊത്തത്തില്‍ ചിലതു പറയാനുണ്ട്‌.

ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ബി.ജെ.പി.ക്ക്‌ കര്‍ണാടകയില്‍ ആകെ ഒരു എം.എല്‍.എ. മാത്രമാണുണ്ടായിരുന്നത്‌ എന്നു നിങ്ങള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. പണ്ട്‌ - അടിയന്തിരാവസ്ഥയ്ക്കുശേഷം - രാജ്യം മുഴുവന്‍ തനിക്കെതിരെ നിന്നിരുന്ന കാലങ്ങളില്‍ ഇന്ദിരാഗാന്ധി മത്സരിക്കാനായി തെരഞ്ഞെടുത്തത്‌ കര്‍ണ്ണാടകയായിരുന്നുവെന്നും ആലോചിക്കുക. അത്രയ്ക്ക്‌ സുരക്ഷിതമായ ഒരു കോണ്‍ഗ്രസ്‌ കോട്ടയായിരുന്നു കര്‍ണ്ണാടകം. അവിടെയിപ്പോളത്തെ സ്ഥിതിചൂണ്ടിക്കാണിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വം പറയുന്ന കാരണം കേള്‍ക്കേണ്ടതു തന്നെയാണ്‌.

സെക്യുലര്‍ വോട്ടുകള്‍ വിഭജിച്ചുപോയതാണത്രേ പ്രശ്നം.!

അപ്പോള്‍, ഇക്കണ്ടജനമൊക്കെ ഈ കാലയളവിനുള്ളില്‍ “കമ്മ്യൂണലിസ്റ്റു“കളായി മാറിയെന്നു ചുരുക്കം. അതോ ഇക്കാലയളവില്‍ വളര്‍ന്നു വന്ന പുത്തന്‍തലമുറ - പുതിയ വോട്ടര്‍മാര്‍ - മാത്രമാണോ വര്‍ഗ്ഗീയവാദികള്‍? എന്തായാലും അവര്‍ക്കാണു ഭൂരിപക്ഷം എന്നു വന്നിരിക്കുന്നു ഇപ്പോള്‍.

പ്രിയ കോണ്‍ഗ്രസ്‌ - ഈ "സെക്യുലര്‍" വാദഗതികളില്‍ കടിച്ചുതൂങ്ങുക എന്ന പരമാബദ്ധം നിങ്ങള്‍ എന്നവസാനിപ്പിക്കുന്നോ അന്നു വരെ തെരഞ്ഞെടുപ്പുകളുടെ മൊത്തം ഫലം ഏതാണ്‌ ഇങ്ങനെയൊക്കെത്തന്നെയായിരിക്കും എന്ന്‌ ഉറപ്പിച്ചു പറയാം.

അല്ല - കേള്‍ക്കണേ! - കോണ്‍ഗ്രസ്‌ മതേതരമാണെന്ന്‌!

തെരഞ്ഞെടുപ്പിന്റെ ചൂടും ഫലപ്രഖ്യാപനത്തിന്റെ ടെന്‍ഷനും ഒക്കെ കഴിഞ്ഞില്ലേ ഇനിയല്‍പം തമാശയൊക്കെയാവാം എന്നാണെങ്കില്‍ വിരോധമില്ല. അപ്പോള്‍ - മതേതരത്വത്തിന്റെ നിര്‍വചനമിതാണ്‌. ബി.ജെ.പി. വര്‍ഗ്ഗീയം. മറ്റുപാര്‍ട്ടികളെല്ലാം മതേതരം! കൊള്ളാം. മതേതരത്വം വിജയിക്കട്ടെ.

________________
അനുബന്ധപോസ്റ്റുകള്‍ :-
(1) ബി.ജെ.പി.യ്ക്ക്‌ "പുത്തന്‍ ഉണര്‍വ്വ്‌ "? സത്യമോ മിഥ്യയോ?
(2) കര്‍ണ്ണാടക - കടമ്പകള്‍ ഇനിയുമേറെ

11 comments:

കുതിരവട്ടന്‍ | kuthiravattan said...

ബിജെപി വളരുന്നില്ലെന്നു ആരൊക്കെയോ ബ്ലോഗില് പറയുന്നത് കേട്ടിരുന്നല്ലോ. ഇതിനും എന്തെങ്കിലും മറുപടി അവരില് നിന്നും പ്രതീക്ഷിക്കാം അല്ലേ? :-)

കയ്യെഴുത്ത് said...

ഇടതുപക്ഷത്തിന്റെയും, കോണ്‍ഗ്രസ്സിന്റെയും കപടമതേതര വാദങ്ങളും,മുസ്ലീം മതപ്രീണനങ്ങളും ജനം തിരിച്ചറിയുന്നു.കര്‍ണ്ണാടകത്തിലേത് ആദ്യ വെടിയാണ്. ഇനി വെടിക്കെട്ടുകള്‍ പ്രതീക്ഷിക്കാം....

സസ്നേഹം
മിനീഷ്

കുഞ്ഞന്‍ said...

ഹഹ..ഏറ്റവും വലിയ ഒരു രസകരമായ വാക്കുകള്‍... കോണ്‍ഗ്രസ്സിന്റെ കഴിവുകേടുകൊണ്ടാണ് അവിടെ ബിജെപി അധികാരത്തിലേക്ക് വന്നെതെന്നും അതുകൊണ്ട് ഇതില്‍ നിന്ന് പാഠം പഠിച്ച് മുന്നേറണമെന്ന് കോടിയേരി കോണ്‍ഗ്രസ്സിനെ ഉപദേശിക്കുന്നു..അപ്പോ..കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നത് ഇടതുപക്ഷത്തിനോടുള്ള സ്നേഹം, വിശ്വാസം ജനങ്ങള്‍ കാണിച്ചതല്ല മറിച്ച് കോണ്‍ഗ്രസ്സിന്റെ കഴിവുകൊണ്ടാണന്നല്ലെ സൂചിപ്പിക്കുന്നതും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷെത്തെ തോല്‍പ്പിക്കണമെന്നല്ലെ സാരം..!

എന്തൊരു കോണ്‍ഗ്രസ്സ് സ്നേഹം...! ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന എനിക്ക് എന്നോട് സഹതാപം തോന്നുന്നു ഈ വാചക കസര്‍ത്തുക്കള്‍ കാണുമ്പോള്‍..!

Anonymous said...

പണക്കൊഴുപ്പാണ് വിജയ കാരണങ്ങളില്‍ മുഖ്യം.
കട്ട സുബ്രമണ്യ നയിഡു എന്ന ബി ജെ പി സ്ഥാനാര്‍ത്ഥി ഒരു വോട്ടിനു 2000 രൂപ വീതമാണ് കൊടുത്തത്.ഇതിനു വേണ്ടി കൊണ്ടു പോകുകയായിരുന്ന പൈസ പോലീസുകാര്‍ പിടിച്ചെടുത്തതുമാണ്. ഷിക്കാരിപ്പൂരില്‍ 20000 വോട്ടുകള്‍ വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നാണ് സംസാരം.(കേരളത്തില്‍ വോട്ട് വില്‍ക്കുന്നു,കര്‍ണ്ണാടകത്തില്‍ വാങ്ങുന്നു..എന്തൊരു പാര്‍ട്ടി)

രണ്ടാമത്തെ കാരണം മതേതര വോട്ടുകള്‍ ഭിന്നിച്ചു പോയത്

മൂന്നമത്തെ കാരണം നരേന്ദ്ര മോഡി അടക്കമുള്ളവര്‍ വടക്കന്‍ കര്‍ണ്ണാടകത്തില്‍ നടത്തിയ വര്‍ഗീയ പ്രസംഗങ്ങള്‍

നാലാമത്തെ കാരണം കോണ്‍ഗ്രസ്സിലെ നേതൃബാഹുല്യം

അഞ്ചാമത്തെ കാരണം കര്‍ണ്ണാടക ജനത ഒരു സുസ്ഥിര ഭരണം ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ്സിനെതിരായി ദളിനു വോട്ടു ചെയ്തിരുന്ന ലോവര്‍ മിഡില്‍ ക്ലാസ്,കോണ്‍ഗ്രസ്സിനോടുള്ള പക മനസ്സില്‍ സൂക്ഷിക്കുന്നത് കൊണ്ട് അവര്‍ക്ക് വോട്ട് ചെയ്യാന്‍ മാനസികമായി തയ്യാറായില്ല. അപ്പോള്‍ പിന്നെ ഉണ്ടായിരുന്ന ചോയ്സ് ബ ജ പ .

അനന്തകുമാര്‍ ആയിരുന്നെങ്കില്‍ പിന്നേം സഹിക്കാമായിരുന്നു. ഈ അലുമിനിയ പാത്രക്കച്ചവടക്കാ‍രന്‍ ബാംഗളൂരിനെ എവിടെ കൊണ്ടെത്തിക്കും എന്ന് കണ്ടറിയണം

Anonymous said...

As for Indian citizen its shame that BJP like anti social evilness / anti Indian parties governing a state.

മുസാഫിര്‍ said...

നല്ല വിശകലനം,നകുലന്‍

പ്രവീണ്‍ ചമ്പക്കര said...

അല്ല...ആരാ ഈ മതേതര ശക്തികള്‍? ജാതിയും മതവും നോക്കി സീറ്റും സ്ഥാനങ്ങള്ളും കൊടുക്കുന്ന കോണ്‍ഗ്രസ്സോ? മുസ്ലിലീഗിനെ വച്ചു ഭരണം നടത്തുന്ന കേന്ദ്രത്തിലെ “മതേതര” ഗവണ്മറ്റോ??

അതൊ “മതേതരം” എന്നതിനു “ഹിന്ദു” ഒഴികെ ഉള്ളവര്‍ എന്നൊരു അര്‍ത്ഥം ഉണ്ടോ

Anonymous said...

I am sure the above said "anonymous" is not interested to stay in India. Where were you from year 1998 to 2004, when Vajpayee was PM? When Shekhavat was Wise president? when Advaniji was deputy PM?... sorry these will again be contd from 2009. Take some permenant Citizenship from Pakistan( I am not sure whether they accept you)

Unknown said...

>> [കുഞ്ഞന്‍] കോണ്‍ഗ്രസ്സിന്റെ കഴിവുകേടുകൊണ്ടാണ് അവിടെ ബിജെപി അധികാരത്തിലേക്ക് വന്നെതെന്നും അതുകൊണ്ട് ഇതില്‍ നിന്ന് പാഠം പഠിച്ച് മുന്നേറണമെന്ന് കോടിയേരി കോണ്‍ഗ്രസ്സിനെ ഉപദേശിക്കുന്നു


മറ്റൊരു വാര്‍ത്തയും കണ്ടുകാണുമെന്നു കരുതുന്നു. ഉമ്മന്‍ ചാണ്ടി സി.പി.എമ്മിനെ ഉപദേശിക്കുന്നതും 'പാഠം പഠിക്കാന്‍' ആവശ്യപ്പെടുന്നതുമായ വാര്‍ത്ത. അങ്ങോട്ടുമിങ്ങോട്ടും പാഠം പഠിപ്പിക്കുന്ന നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ബി.ജെ.പി.യെ എതിര്‍ക്കണമെന്നല്ലാതെ മറ്റൊരു അജണ്ടയുമില്ലാതെ തമ്മില്‍ കൈകോര്‍ത്തുനില്‍ക്കുന്ന അവര്‍ രണ്ടുപേരും പാഠം പഠിക്കണം എന്നുമാണ്‌ ഒരു എളിയ വോട്ടര്‍ എന്ന നിലയില്‍ എനിക്കു പറയാനുള്ളത്‌.

>> [കുഞ്ഞന്‍] ...കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നത് ഇടതുപക്ഷത്തിനോടുള്ള സ്നേഹം, വിശ്വാസം ജനങ്ങള്‍ കാണിച്ചതല്ല മറിച്ച് കോണ്‍ഗ്രസ്സിന്റെ കഴിവുകൊണ്ടാണന്നല്ലെ സൂചിപ്പിക്കുന്നതും..

അക്കാര്യത്തില്‍ സംശയമുണ്ടോ കുഞ്ഞന്‍? തീര്‍ച്ചയായും സ്നേഹം കൊണ്ട്‌ ആരെയെങ്കിലും അധികാരത്തില്‍ കയറ്റാനല്ല - വിരോധം കൊണ്ട്‌ മറ്റവരെ താഴെയിറക്കാന്‍ തന്നെയാണു കേരളം കഴിഞ്ഞ കുറേ തവണയായി വോട്ടു ചെയ്തുകൊണ്ടിരിക്കുന്നത്‌. 2001-ല്‍ യു.ഡി.എഫ്‌ ജയിച്ചതും ജനങ്ങള്‍ക്ക്‌ അവരോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. അതിനു മുമ്പുണ്ടായിരുന്ന നായനാര്‍ ഗവണ്‍മെന്റിനെതിരായ നെഗറ്റീവ്‌ വോട്ടിങ്ങാണ്‌ യു.ഡി.എഫിന്‌ 100 സീറ്റിന്റെ തിളക്കം നല്‍കിയത്‌. ഓരോ തവണയും ഇടതിനെയും വലതിനെയും മാറി മാറി ജയിപ്പിക്കുന്നു എന്ന പ്രയോഗം ശരിയല്ല. ഓരോ തവണയും നാം ഇടതിനെയും വലതിനെയും മാറിമാറി തോല്‍പ്പിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌.

ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനു പറ്റിയ സകല പാളിച്ചകളുടെയും ചിത്രം ജനങ്ങളുടെ മനസ്സിലുണ്ട്‌. പലരേയും സര്‍ക്കാര്‍ വെറുപ്പിച്ചിട്ടുമുണ്ട്‌. മൂന്നുവര്‍ഷം കൂടി കഴിയുമ്പോള്‍ അതു വര്‍ദ്ധിക്കാന്‍ തന്നെയാണു സാദ്ധ്യത. സ്വാഭാവികമായും അതു യു.ഡി.എഫിന്‌ അനുകൂലമാകും. ഇക്കാലയളവിനുള്ളില്‍ യു.ഡി.എഫിനോടു ജനങ്ങള്‍ക്കു പ്രത്യേകിച്ചു സ്നേഹമൊന്നും ഉടലെടുക്കണമെന്നില്ല - ജനം അവര്‍ക്കു വോട്ടു ചെയ്യാം എന്നു തീരുമാനിക്കാന്‍. ഇനിയിപ്പോള്‍ ഇടതു സര്‍ക്കാര്‍ ബാക്കിയുള്ള മൂന്നു വര്‍ഷക്കാലം അത്ഭുതകരമായ പ്രകടനം കാഴ്ചവച്ചാലും ശരി - ആ സ്ഥിതിവിശേഷം മാറാന്‍ ബുദ്ധിമുട്ടാണ്‌. പൊതുവേ നമ്മള്‍ അല്‍പം നിഷേധവോട്ടിങ്ങിന്റെ ആള്‍ക്കാരാണ്‌. ഒരു തീരുമാനമെടുക്കുന്ന സമയത്ത്‌ negative factors-നാണ്‌ എപ്പോഴും കൂടുതല്‍ weightage കിട്ടുന്നതും. യു.ഡി.എഫ്‌ മനപ്പൂര്‍വ്വം വേണ്ടാ എന്നു പറയുന്നില്ലെങ്കില്‍, അടുത്തതവണ ഇടതിന്‌ അധികാരം നഷ്ടപ്പെടുമെന്ന്‌ ഇപ്പോളേ ഉറപ്പാണ്‌.

ഈ അവസ്ഥാവിശേഷത്തെ 'സൂക്കേട്‌' എന്നാണു കഴിഞ്ഞ ദിവസം കൊടിയേരി വിശേഷിപ്പിച്ചത്‌. ആ സൂക്കേട്‌ ഇനി മാറുമെന്നും പറഞ്ഞു. ഇടതുവലതു വോട്ടു മാര്‍ജിനുകളില്‍ വലിയ വ്യത്യാസമില്ലാത്ത ഇവിടെ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ സ്ഥിരപ്പെടണമെങ്കില്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ. നിഷ്പക്ഷമായോ അല്ലെങ്കില്‍ യു.ഡി.എഫിന്‌ അനുകൂലമായോ ഇപ്പോള്‍ നില്‍ക്കുന്ന കുറേ വോട്ടുകള്‍ സ്ഥിരമായി ഇടതിനു തന്നെ ലഭിക്കുന്ന അവസ്ഥ സൃഷ്ടിച്ചെടുക്കണം. അതോടൊപ്പം ഇടതുവോട്ടുകളില്‍ വന്‍തോതിലുള്ള കൊഴിച്ചിലുകളൊന്നും ഉണ്ടാകാതെ നോക്കുകയും വേണം. ഇതില്‍ ആദ്യം പറഞ്ഞതു നടപ്പാക്കാനായാണ്‌ സി.പി.എം. ഇപ്പോള്‍ മുസ്ളീം സമുദായത്തിലെ കുറേപ്പേരെയെങ്കിലും ഒപ്പം നിര്‍ത്തുവാന്‍ കിണഞ്ഞുപരിശ്രമിക്കുന്നതും അവരെ പ്രീണിപ്പിക്കുവാനായി എന്തുചെയ്യാനും മടിക്കില്ല എന്നൊരു നിലപാടെടുത്തിരിക്കുന്നതും. ഇതൊക്കെ ആര്‍ക്കും മനസ്സിലാക്കാവുന്നത്ര ലളിതമായ രാഷ്ട്രീയപാഠങ്ങളാണ്‌.

അടുത്തതവണ ഇടതുഗവണ്‍മെന്റിനെ താഴെയിറക്കാനായി ജനം വോട്ടുചെയ്യുന്നെങ്കില്‍, അതു യു.ഡി.എഫിനോടുള്ള സ്നേഹം കൊണ്ടല്ല - ഗത്യന്തരമില്ലായ്മ കൊണ്ടാണ്‌. ഇപ്പോള്‍ത്തന്നെ യു.ഡി.എഫ്‌. ഒരു നല്ല പ്രതിപക്ഷമായെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറയാനാവുമോ? കോണ്‍ഗ്രസ്‌ ഇപ്പോളും ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിച്ചു തീര്‍ന്നിട്ടില്ല. അതൊന്നു കഴിഞ്ഞിട്ടുവേണം അവര്‍ക്ക്‌ മുന്നണിയിലെ മറ്റുകക്ഷികളുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍. ഇവിടെയിപ്പോള്‍ പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുത്ത്‌ സര്‍ക്കാരിനെതിരെ ക്രിയാത്മകവിമര്‍ശനം ഉയര്‍ത്തുന്നതായിക്കാണുന്നതു പലപ്പോഴും ബി.ജെ.പി.യാണ്‌. ആഭ്യന്തരവകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോളൊക്കെ യു.ഡി.എഫ്‌ ഉറങ്ങിക്കിടക്കുന്നതു നാം കാണാതിരുന്നു കൂടാ. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ലാലുപ്രസാദ്‌ യാദവുമൊക്കെ യു.പി.എ.യെ നിലനിര്‍ത്താന്‍ വേണ്ടിയുള്ള ധാരണ ഇവിടെ പുറമേയ്ക്കു കാണിക്കുന്നില്ലെങ്കിലും, പിന്നണിയില്‍ അതു പ്രതിഫലിക്കുന്നുണ്ട്‌. അവരെല്ലാം ഒറ്റക്കെട്ടാണെന്നതാണു സത്യം. റെയില്‍വേ അവഗണന പോലുള്ള ഗൌരവമുള്ള പ്രശ്നങ്ങളില്‍ ജനകീയസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാനും ബി.ജെ.പി.യെ മാത്രമേ പ്രതീക്ഷിച്ചിട്ടു കാര്യമുള്ളൂവെന്ന അവസ്ഥയാണിന്ന്‌. സര്‍ക്കാരിനെതിരെയും മാര്‍ക്സിസ്റ്റു മുഷ്ക്കിനെതിരെ പൊതുവിലും ചെറുത്തുനില്‍പ്പു നടത്തുന്നതായിക്കാണുന്നതും ബി.ജെ.പി. മാത്രമാണ്‌. മറ്റുള്ളവരെയെല്ലാം ഒരുതരം ആശ്രിതബോധമോ അടിമത്തമനോഭാവമോ പിടികൂടിയതായിത്തോന്നുന്നു.

പക്ഷേ, ഇടതുസര്‍ക്കാരിനെതിരായ വികാരങ്ങള്‍ അപ്പാടെ ബി.ജെ.പി.യ്ക്കുള്ള വോട്ടായി പരിണമിക്കുക എന്നത്‌ ഇപ്പോളത്തെ സാഹചര്യത്തില്‍ അസംഭവ്യമാണ്‌. യു.ഡി.എഫ്‌. വെറുതെ കൈയും കെട്ടി ഇരുന്നാലും ശരി - കുറേ വോട്ടുകള്‍ അവര്‍ക്കു തന്നെ ലഭിക്കും. യു.ഡി.എഫിനെതിരായ ജനവികാരമുണ്ടാകുമ്പോളുമതെ, അത്‌ പരോക്ഷമായി എല്‍.ഡി.എഫിനു മാത്രമാണ്‌ അനുകൂലമായിത്തീരുക. ഇരുമുന്നണികളിലായി നമ്മുടെ രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടും പരീക്ഷണസാദ്ധ്യതകള്‍ പരിമിതപ്പെട്ടും പോയതിന്റെ പ്രശ്നമാണിത്‌. എത്ര നാണം കെട്ടാലും വേണ്ടില്ല എന്നു കരുതി ഏതെങ്കിലുമൊരു മുന്നണിയില്‍ കയറിപ്പറ്റാനായി കെ.മുരളീധരനും മറ്റും നിരന്തരം ശ്രമിക്കുന്നതിന്റെ കാരണവും അതു തന്നെ. മുന്നണിയിലല്ലെങ്കില്‍ ഭരണമില്ല. പ്രത്യേകിച്ചൊരു പ്രത്യയശാസ്ത്രമോ ആശയമോ ഒന്നും മുന്നോട്ടുവയ്ക്കാനില്ലാത്തവര്‍ക്ക്‌ ഭരണമില്ലെങ്കില്‍ നിലനില്‍പ്പുമില്ല. അതു തന്നെ അതിന്റെ ലോജിക്‌.

കേരളത്തില്‍ ബി.ജെ.പി.യ്ക്കു വോട്ടുചെയ്യാന്‍ തയ്യാറുള്ള - എന്നാല്‍ അസംബ്ളി തെരഞ്ഞെടുപ്പില്‍ ജയസാദ്ധ്യതയില്ലാത്തതിന്റെ പേരില്‍ മാത്രം മുന്നണികളുടെ ബലാബല നിര്‍ണ്ണയത്തില്‍ പങ്കാളിയാകാന്‍ പ്രേരിപ്പിക്കപ്പെട്ടുപോകുകയും ഏതെങ്കിലുമൊരു മുന്നണിക്കു വോട്ടുചെയ്യുകയും ചെയ്യുന്ന - ധാരാളമാളുകളുണ്ട്‌. അവരുടെ വോട്ടുകള്‍ മാറിമറിഞ്ഞൊക്കെ വന്നെന്നിരിക്കും. വോട്ടു മറിച്ചു - ചെരിച്ചു - വിറ്റു - വാങ്ങി - എന്നൊക്കെയുള്ള അസംബന്ധ ആരോപണങ്ങള്‍ ഉണ്ടാവുന്നതങ്ങനെയാണ്‌. ജയസാദ്ധ്യതയുണ്ട്‌ എന്നൊരു അവസ്ഥ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ബി.ജെ.പി. വോട്ടുകളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്നതിനു യാതൊരു സംശയവുമില്ല. പാര്‍ലമെന്റ്‌‌/അസംബ്ളി തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ്‌ നിലയിലെ വ്യത്യാസം സൂചിപ്പിക്കുന്നതും അതു തന്നെ. ജയസാദ്ധ്യത കുറവാണ്‌ എന്ന ആ ഒരു 'ഇനിഷ്യല്‍ ത്രെഷോള്‍ഡ്‌' ബ്രേക്കു ചെയ്യാന്‍ സാധിക്കുക എന്നതാണ്‌ ബി.ജെ.പി.ക്കു മുമ്പിലുള്ള വെല്ലുവിളി. പത്തു പതിനഞ്ചു കക്ഷികള്‍ ചേര്‍ന്ന്‌ ഇരുമുന്നണികളിലായി സംഘടിച്ചു നില്‍ക്കുമ്പോള്‍ അതിനിടയില്‍പ്പെട്ടു ഞെരുങ്ങുന്ന ഏതൊരു കക്ഷിക്കുമുള്ള വെല്ലുവിളികള്‍ തന്നെയാണ്‌ ബി.ജെ.പി.ക്കുമുള്ളത്‌. എന്നിട്ടും അവര്‍ക്ക്‌ ഒറ്റയ്ക്ക്‌ അവിടവിടെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുന്നുമുണ്ട്‌.

>> [ദൊട്ട ഗൌഡ] കേരളത്തില്‍ വോട്ട് വില്‍ക്കുന്നു,കര്‍ണ്ണാടകത്തില്‍ വാങ്ങുന്നു...

ഗൌഡേ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ എതിരാളികളെ താഴ്ത്തിക്കെട്ടാനായി പല ആരോപണങ്ങളും പരസ്പരം ഉന്നയിച്ചെന്നു വരും. അനുഭാവികളും അവയെല്ലാം അതേപടി ഏറ്റുപിടിച്ചാലും വേണ്ടില്ല. എന്നാലും ജനാധിപത്യ സംവിധാനത്തെത്തന്നെ മൊത്തത്തില്‍ പരിഹസിക്കുന്ന തരത്തിലുള്ളവ ഒഴിവാക്കാമെന്നു വിചാരിച്ചുകൂടേ? ജനം ആര്‍ക്കുവോട്ടുചെയ്യണമെന്നു തീരുമാനിക്കുന്നതു പല കാരണങ്ങളെ അടിസ്ഥാനമാക്കിയാണ്‌. പോസിറ്റീവ്‌ വോട്ടിങ്ങും നെഗറ്റീവ്‌ വോട്ടിങ്ങും ഒക്കെ നടക്കും. സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റു സാഹചര്യങ്ങള്‍ക്കുമൊക്കെയനുസരിച്ച്‌ ഓരോ തവണയും അഭിപ്രായം മാറ്റാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍പ്പിന്നെ ഓരോ തെരഞ്ഞെടുപ്പിലും എല്ലാവര്‍ക്കും വീണ്ടും വോട്ടുചെയ്യാനുള്ള അവസരം കൊടുക്കുന്നതെന്തിനാണ്‌? ഒരിക്കല്‍ മാത്രം ചെയ്യിച്ചിട്ട്‌ ആ ഡാറ്റ പിന്നീടും ഉപയോഗിച്ചാല്‍പ്പോരേ?

ബി.ജെ.പി.യെ ആക്ഷേപിക്കാനായി എന്തും പറയാമെന്നാണെങ്കില്‍, അതേ നിയമങ്ങള്‍ തങ്ങളുടെ കാര്യത്തിലും ബാധകമാണെന്ന്‌ ചിന്തിക്കുന്നതു നന്നായിരിക്കും. കേരളത്തിലും വില്‍പന മാത്രമല്ല - വാങ്ങലും നടക്കുന്നുണ്ടല്ലോ. കഴിഞ്ഞ പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍, ഒറ്റപ്പാലമൊഴിച്ച്‌ മറ്റെല്ലാ സീറ്റിലും ബിജെ.പി.ക്ക്‌ അല്ലെങ്കില്‍ സഖ്യകക്ഷിക്ക്‌ വന്‍തോതില്‍ വോട്ടു വര്‍ദ്ധിച്ചിരുന്നു. ഇടതുമുന്നണിയുടെ വോട്ടുകള്‍ അതുപോലെ തന്നെ കുറയുകയും ചെയ്തു. ബി.ജെ.പി.
ക്ക്‌ വോട്ടുവിറ്റതിന്റെ പേരില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ എത്ര പണമുണ്ടാക്കിയിട്ടുണ്ടോ ആവോ?


ഇനി കര്‍ണാടകമെടുക്കാമെന്നു വച്ചാലും അവിടെയും വില്‍പന നടന്നിട്ടുണ്ട്‌. അവിടെ സി.പി.എമ്മിന്‌ ഒരു സീറ്റുണ്ടായിരുന്നത്‌ - കഴിഞ്ഞ രണ്ടുതവണയും നിലനിര്‍ത്താന്‍ കഴിഞ്ഞത്‌ - ഇത്തവണ വന്‍തുകയ്ക്ക്‌ കോണ്‍ഗ്രസിനു വിറ്റ്‌ 'പൂജ്യ'രായി. എത്ര രൂപയ്ക്കായിരുന്നോ എന്തോ കച്ചവടം? ആ സീറ്റിനായി പണമെറിഞ്ഞിട്ടും കോണ്‍ഗ്രസിനു പ്രയോജനമുണ്ടായില്ല താനും. എന്തേ - അങ്ങനെ കരുതിക്കൂടേ?

ബംഗാളില്‍ ഇപ്പോള്‍ക്കഴിഞ്ഞ ത്രിതലപഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ത്രുണമൂല്‍കോണ്‍ഗ്രസാണ്‌ വന്‍തുകയ്ക്ക്‌ കമ്മ്യൂണിസ്റ്റുവോട്ടുകള്‍ വാങ്ങിച്ചുകൂട്ടിയത്‌. അങ്ങനെ കിട്ടിയ പണമുപയോഗിച്ചുകൊണ്ട്‌ സി.പി.എമ്മുകാര്‍ കൂടുതല്‍ തോക്കുകള്‍ വാങ്ങിക്കാനും പണം തന്ന തൃണമൂല്‍കാരെത്തന്നെ വെടിവച്ചിടാനും പദ്ധതിയുണ്ടെന്നാണ്‌ "സംസാരം".
എന്താ അങ്ങനെയൊക്കെ ഒരു ആരോപണം അടിച്ചുവിട്ടുകൂടെന്നുണ്ടോ?

ബി.ജെ.പി.യെ എത്രവേണമെങ്കിലും പരിഹസിക്കാം. കണ്ണുമടച്ചുള്ള എതിര്‍പ്പ്‌ അവരുടെ വളര്‍ച്ചയ്ക്ക്‌ വളരെ സഹായകമായിട്ടുണ്ട്‌ എന്നുകൂടി ഓര്‍ത്തുകൊണ്ട്‌. പക്ഷേ, ഒരു കക്ഷിയ്ക്കു പകരം ജനാധിപത്യസംവിധാനത്തെത്തന്നെ മൊത്തത്തില്‍ പരിഹസിച്ചുകളയരുത്‌. പലപാര്‍ട്ടികളും പലരീതിയില്‍ പണമൊഴുക്കിയിട്ടുണ്ടാകാം. പക്ഷേ, കാശുകിട്ടിയാല്‍ മാത്രം വോട്ടുചെയ്യുന്നവരല്ല ഇവിടുത്തെ ജനങ്ങള്‍. കര്‍ണ്ണാടക ബി.ജെ.പി. ഭരിക്കണമെന്ന ജനവിധി അംഗീകരിക്കാന്‍ പഠിക്കുക. 'ഇങ്ങനെയൊക്കെയാണു സംസാരം' എന്ന മട്ടിലുള്ള ആരോപണങ്ങളൊക്കെ പരദൂഷണ-ഗോസിപ്പു-കോളങ്ങള്‍ക്കാണൂ കൂടുതല്‍ ചേരുക എന്നു കൂടി ഓര്‍ക്കുക.

>> [Anonymous] As for Indian citizen its shame that BJP like anti social evilness / anti Indian parties governing a state.

ബി.ജെ.പി. ചൈനാവിരുദ്ധകക്ഷിയാണെന്നൊക്കെയാണ്‌ കഴിഞ്ഞയിടെ ചിലര്‍ രോഷം കൊള്ളുന്നതു കേട്ടത്‌. ഇന്ത്യാവിരുദ്ധകക്ഷിയാണെന്നതൊക്കെ പുതിയ കേട്ടറിവാണ്‌. കൂതൂഹലം കൊണ്ടുപോയി എന്നേ പറയേണ്ടൂ. എന്തായാലും ബി.ജെ.പി.യെ ഭര്‍ത്സിക്കുന്നതിനിടയിലെങ്കിലും ഇന്ത്യ എന്ന വികാരം കടന്നു വന്നുകാണുന്നതില്‍ സന്തോഷം. അത്രയുമെങ്കിലും ഒരു മാറ്റമുണ്ടാക്കാന്‍ ബി.ജെ.പി. തന്നെ വേണ്ടിവന്നു.

ആംഗലേയ കമന്റില്‍‍ ആകെമൊത്തം ഒരു ‘അനോണിമ‘യും 'ആംബിഗ്വിറ്റി'യും ഒക്കെ അനുഭവപ്പെട്ടതുകൊണ്ട്‌. ഇടയ്ക്ക്‌ 's' എന്ന ഒരക്ഷരം കൂടി ചേര്‍ത്തു വായിച്ചുനോക്കി.

...shame that BJP like's' anti Indian parties governing a state’ എന്നാണോ ഉദ്ദേശിച്ചത്‌?

ഇല്ല അനോനിമസേ. BJP doesn't like it. And..it has become a responsibility for them to keep the anti- India elements out of power. That is why they seem to be busy "capturing" power from such elements in many states. One after the other. Delhi state is the next one in the list and there are many to follow.

Unknown said...

സംവരണമണ്ഡലങ്ങളിലെ മാത്രം ഫലം ഇന്നത്തെ മാതൃഭൂമിയിലുണ്ട്‌.

ബി.ജെ.പി. - 29
കോണ്‍ഗ്രസ്‌ - 17

പട്ടികജാതിസംവരണസീറ്റുകളില്‍ 22 എണ്ണവും, പട്ടിവര്‍ഗ്ഗസംവരണസീറ്റുകളില്‍ 7 എണ്ണവും ബി.ജെ.പി.ക്കാണ്‌.

"തങ്ങളുടെ" ദലിത്‌ വോട്ടുകള്‍ എങ്ങോട്ടുപോയി എന്നൊക്കെ കോണ്‍ഗ്രസ്‌ വിലപിക്കുന്നതായി മറ്റൊരിടത്തു കണ്ടു. ലിംഗായത്തുവിരുദ്ധ വോട്ടുകളുടെ ഏകീകരണമുണ്ടാവുമെന്നും അതു തങ്ങള്‍ക്കനുകൂലമാവുമെന്നും പ്രതീക്ഷിച്ചു കാത്തിരുന്നതു നടന്നില്ല എന്നൊരു തുറന്നുസമ്മതിക്കലും കേട്ടു. ചില വോട്ടുകള്‍ 'തങ്ങളുടേതാണ്‌' എന്ന തോന്നല്‍ മാറ്റുകയാണ്‌ കോണ്‍ഗ്രസ്‌ ആദ്യം അവസാനിപ്പിക്കേണ്ടത്‌. ലിംഗായത്ത്‌ - വൊക്കലിഗ - പട്ടികവിഭാഗ - മുസ്ളീം - മുന്‍തൂക്കമുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം ബി.ജെ.പി.ക്കു നല്ലതോതില്‍ വോട്ടു ലഭിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസിന്റെ ജാതി-മത-വര്‍ഗ്ഗീയ കണക്കുകൂട്ടലുകളെല്ലാം പിഴച്ചതാണ്‌ ഈ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം. ബി.ജെ.പി.യെ ആക്ഷേപിക്കാനായി ഓരോരോ ആരോപണങ്ങളും വിശേഷണങ്ങളുമൊക്കെ കൊണ്ടുവരുന്നതുകൊള്ളാമെങ്കിലും അതു തങ്ങള്‍തന്നെ വിശ്വസിച്ചുപോകുന്നൊരു അവസ്ഥ വന്നു കൂടാ എന്നും അവരേക്കുറിച്ച്‌ അറിയില്ലെങ്കില്‍ ഇനിയെങ്കിലും പഠിക്കാന്‍ തയ്യാറാകണമെന്നുമുള്ളതായിരിക്കണം ഇതിലെ ഗുണപാഠവും.

Unknown said...

Well said nakulan sir....in karnataka bjp teach big lesson to this anti social and pseudo secular Italian congress.Nobody can save this italian congress other wise they kick out the italian madam and stop to slavery of this useless family ruling. and stop to minority appeasement. start to see all Indian are same and equal.