Thursday, June 12, 2008

മഹാകവി പാലാ - മരിക്കാത്ത ചില ഓര്‍മ്മകള്‍!

ഇത്‌ തികച്ചും വ്യക്തിപരമായ ചില ഓര്‍മ്മക്കുറിപ്പുകള്‍ മാത്രമാണ്‌. പാലാ ഉള്‍പ്പെടെ പലരേക്കുറിച്ചുമുള്ളത്‌. മഹാകവി പാലായേപ്പറ്റി വിശദമായി എഴുതുവാനുള്ള എന്തെങ്കിലും യോഗ്യത പോയിട്ട്‌ അദ്ദേഹത്തിന്റെ കൃതികള്‍ ധാരാളമായി വായിച്ചുള്ള പരിചയം പോലും എനിക്കില്ല.

*-*-*-*-*-*-*-*-*-*

ചില വേര്‍പാടുകള്‍ വളരെ വേദനിപ്പിക്കുന്നവയാണ്‌. ഓര്‍ക്കാപ്പുറത്താവുമ്പോള്‍ പ്രത്യേകിച്ചും. അത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിട്ടാല്‍ കൊള്ളാമെന്നു തോന്നാറുണ്ട്‌. ചിലപ്പോള്‍ ഡയറിയില്‍ എന്തെങ്കിലും എഴുതിയിടും. കുറേയായി ഇപ്പോള്‍ അതിനും കഴിയാറില്ല. മറവികൊണ്ടു മുറിവുകളുണക്കി, പുതിയവ സൃഷ്ടിച്ച്‌ കാലം വീണ്ടും മുമ്പോട്ട്‌...

കഴിഞ്ഞ ഒന്നു രണ്ടു കൊല്ലങ്ങള്‍ക്കിടെ അങ്ങനെ നേരിടേണ്ടി വന്ന ഒന്ന്‌ വി.പി.സത്യന്റെ 'സഡന്‍ ഡെത്ത്‌' ആയിരുന്നു. വാര്‍ത്ത സൃഷ്ടിച്ച നടുക്കം ഇപ്പോളുമോര്‍ക്കുന്നു. ഒരു കാലത്ത്‌ ആവേശപൂര്‍വ്വം നെഞ്ചേറ്റിയിരുന്ന പേരുകളിലൊന്ന്‌. കുരികേശ്‌ മാത്യു... ഷറഫലി... പാപ്പച്ചന്‍... തോമസ്‌ സെബാസ്റ്റ്യന്‍... ചാക്കോ... മറക്കാനാവാത്ത ചില പേരുകളിലൊന്ന്‌. കഴിഞ്ഞകുറേ വർഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും ഓര്‍ത്തിരുന്നില്ലെങ്കിലും, പെട്ടെന്നുള്ള വേര്‍പാടു സൃഷ്ടിക്കുന്ന നടുക്കം പലപ്പോഴും പഴയ ഓര്‍മ്മകളുമായി കൂടിക്കുഴഞ്ഞുപോകുമെന്നതുകൊണ്ട്‌, പറഞ്ഞറിയിക്കാനാവാത്തൊരു വികാരമാണതു സൃഷ്ടിക്കുക.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌, സത്യന്റേയും മറ്റും ചില "ബ്ലാക്‌ & വൈറ്റ്‌" ചിത്രങ്ങള്‍ മനോരമ സ്പോര്‍ട്‌സ്‌ പേജില്‍ നിന്നു വെട്ടിയെടുത്തുവച്ചിരുന്നതോര്‍ക്കുന്നു. ആ തുണ്ടുകടലാസ്സുകള്‍ ഇപ്പോള്‍ എവിടെയായിരിക്കും?

അറിയില്ല. എവിടെയോ കിടന്നു ചിതലരിച്ചു നശിച്ചുപോയിരിക്കണം!

അറിയാവുന്നത്‌ ഒന്നു മാത്രമാണ്‌. കേരളത്തിന്റെ പഴയകാല ഫുട്ബോള്‍പ്രതിഭകളെ ആദരിക്കാന്‍ നാമിനിയൊരു പരിപാടി സംഘടിപ്പിച്ചാല്‍ - ക്യാപ്റ്റന്റെ കരുത്തുറ്റ ചുവടുകളുമായി ആ വേദിയിലേക്കു കടന്നു വന്നിരിക്കാന്‍ - എനിക്ക്‌ ആദരവോടെ എണീറ്റു നിന്നു കയ്യടിക്കാന്‍ - സത്യന്‍ ഉണ്ടാവില്ല!

*-*-*-*-*-*-*-*-*-*

സി.പി.ഐ.യുടെ മുതിര്‍ന്ന നേതാവായിരുന്ന സഖാവ്‌ മമ്മൂട്ടിയുടെ മരണമായിരുന്നു മറ്റൊന്ന്‌. വളരെ കുറഞ്ഞ പരിചയമേയുള്ളൂ. അദ്ദേഹമെന്നെ ഓര്‍ത്തിരിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്തത്ര അകന്ന പരിചയം. 'യുവകലാസാഹിതി'യുമായി ബന്ധപ്പെട്ട ചില പരിപാടികള്‍ വഴി മാത്രമുള്ള ബന്ധം. പക്ഷേ, അദ്ദേഹം ഇനിയില്ല എന്നറിഞ്ഞപ്പോളാണ്‌ ഒരു കാര്യം ഞെട്ടലോടെ ഓര്‍ത്തത്‌. തന്നെ വന്നു കണ്ടേ തീരൂ എന്നു സ്നേഹപൂര്‍വ്വം ശഠിച്ചുകൊണ്ട്‌ ഒരു ചെറിയ തുണ്ടുകടലാസ്സില്‍ വിലാസം കുറിച്ചു തന്നിരുന്നു - അവസാനമായിക്കണ്ടപ്പോള്‍. ആ കടലാസ്‌ കഷണം ഇപ്പോളെവിടയാവും? ജീവിതയാത്രയ്ക്കിടയിലെപ്പോഴോ - എവിടെവച്ചായിരുന്നിരിക്കണം എനിക്കതു നഷ്ടപ്പെട്ടത്‌? താമസിച്ച അനവധി വാടകവീടുകളിലേതിലെങ്കിലും - ഏതെങ്കിലുമൊരു ഒഴിഞ്ഞ കോണിലോ മറ്റോ - പൊടിപിടിച്ച ഒരു പുസ്തകത്തിനുള്ളില്‍ അതിപ്പോളും ഒളിച്ചിരിപ്പുണ്ടാവുമോ? ഇനിയൊരിക്കലും വരാത്ത കയ്യക്ഷരവും പേറി? അതോ മഴനനഞ്ഞു മണ്ണടിഞ്ഞു പോയിരിക്കുമോ?

അറിയില്ല.

അറിയാവുന്നത്‌ ഒന്നു മാത്രമാണ്‌. എവിടെയെങ്കിലും വച്ച്‌ ഇനിയെപ്പോളെങ്കിലും - യുവകലാസാഹിതിയുടെ ക്യാമ്പു നടക്കുന്നുവെന്നോ മറ്റോ അറിഞ്ഞ്‌ കയറിച്ചെന്നൊന്നു പരിചയം പുതുക്കാമെന്നു വച്ചാല്‍ .. കൈ പിടിച്ചു സംസാരിക്കാന്‍ സഖാവ്‌ മമ്മൂട്ടി അവിടെയുണ്ടാവില്ല.

*-*-*-*-*-*-*-*-*-*

ഒരിക്കല്‍, തിരുവനന്തപുരത്ത്‌ പി.എസ്‌.സി. ഓഫീസില്‍ പോകേണ്ടിവന്നപ്പോളാണ്‌ അതിനടുത്ത്‌ ഒരു പരിപാടി നടക്കുന്നതു ശ്രദ്ധിച്ചത്‌. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ സേവാവിഭാഗമായ സേവാഭാരതി മെഡിക്കല്‍ കോളേജിലെ നിര്‍ദ്ധനരായ രോഗികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള അന്നദാനപദ്ധതിയുടെ വാര്‍ഷികമോ മറ്റോ. അന്നാണ്‌ സംഘത്തിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഗോപിക്കുട്ടന്‍സാറിനെ ആദ്യം ശ്രദ്ധിക്കുന്നത്‌.

പിന്നീടൊരിക്കല്‍ ജന്മഭൂമിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും അദ്ദേഹം പ്രസംഗിക്കുന്നതുകാണാനിടയായി. ഏറ്റവും പിറകിലിരുന്നിട്ടുകൂടി, പരിപാടി കഴിഞ്ഞപ്പോള്‍ അദ്ദേഹം അടുത്തേയ്ക്കു വന്നു പരിചയപ്പെട്ടത്‌ അത്ഭുതപ്പെടുത്തിക്കളഞ്ഞു. കൈപിടിച്ചു സംസാരിച്ചതു മറക്കാനാവില്ല. പിന്നീടു കേള്‍ക്കുന്നത്‌ അദ്ദേഹം വിടപറഞ്ഞുവെന്നാണ്‌. അധികം പരിചയമില്ലാതിരുന്നിട്ടുകൂടി - അദ്ദേഹത്തിന്റെ മരണവാര്‍ത്ത വല്ലാതെ ദു;ഖിപ്പിച്ചുകളഞ്ഞു.

*-*-*-*-*-*-*-*-*-*

ഇപ്പോളിതാ മഹാകവി പാലാ ഇനിയില്ല എന്ന വാര്‍ത്ത മുന്നില്‍ തെളിയുന്നു!

എണ്‍പതുകളുടെ അവസാനം - അല്ലെങ്കില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ - എന്നാണെന്നു പോലുമോര്‍ക്കുന്നില്ല - അവസാനമായി കണ്ടത്‌.

അറിയണമെന്നാഗ്രഹിച്ചും അനുഗ്രഹം തേടിയുമായിരുന്നു കണ്ടത്‌. അഭിസംബോധന ചെയ്യേണ്ടുന്നതെങ്ങനെ എന്നറിയാതെ കുഴങ്ങുന്നുവെന്നു തിരിച്ചറിഞ്ഞപ്പോള്‍ 'അമ്മാവനെന്നു വിളിച്ചോളൂ' എന്നു പറഞ്ഞുകൊണ്ടു സ്നേഹപൂര്‍വ്വം എന്റെ കയ്യില്‍ പിടിച്ചു. അന്നതു തൊട്ടതു ഹൃദയത്തിലായിരുന്നുവെന്നുറപ്പ്‌.

അന്നു തന്നെ പ്രായം എണ്‍പതിനടുത്തുണ്ടായിരുന്നിരിക്കണം അദ്ദേഹത്തിന്‌. കുട്ടികളേപ്പോലെ കാര്യമായി സംസാരിച്ചു.

പാലായില്‍ നിന്നു തുടങ്ങി ഒടുവില്‍ വൈക്കത്തുവന്നെത്തി താമസിക്കുന്നത്‌ - അവിടെ 'തിരുമണിവെങ്കിടപുരം' എന്ന സ്ഥലം 'ടി.വി. പുരം' ആയത്‌. അതിനെ ആളുകള്‍ 'തൃണയങ്കുടം' എന്നു ചുരുക്കി വിളിക്കുന്നത്‌ - 'പാലാ, വൈക്കം' എന്നിങ്ങനെ രണ്ടു സ്ഥലപ്പേരുകള്‍ മാത്രമെഴുതി ഒരു കത്തിട്ടാല്‍ അതു കൃത്യമായി തനിക്കു കിട്ടിക്കൊള്ളുമെന്ന കൗതുകകരമായ കാര്യം - അങ്ങനെയൊക്കെ ഓരോരോ നാട്ടുകാര്യങ്ങള്‍ - വീടുകാര്യങ്ങള്‍ - ഇടയ്ക്കു കുറച്ചു കവിതയും കഥയും - അങ്ങനെ ഒത്തിരി സംസാരിച്ചിരുന്നു അദ്ദേഹം. അതു പതിവുള്ളതോ എന്തോ?

ഒരൊറ്റ കത്തിനുപോലും മറുപടി തരാതിരുന്നിട്ടില്ല. എഴുതാന്‍ പഴയതുപോലെ കൈവഴങ്ങുന്നില്ലെന്ന ക്ഷമാപണത്തോടെ ആരംഭിച്ചിരുന്ന - വിറയാര്‍ന്ന കൈകള്‍ കൊണ്ടെഴുതിയത്‌ എന്നു കണ്ടാല്‍ത്തന്നെ ഉറപ്പിക്കാമായിരുന്ന ചില കത്തുകള്‍ ഇപ്പോളുമോര്‍ക്കുന്നു. ബന്ധുജനങ്ങളോടൊപ്പം ക്ഷേത്രദര്‍ശനം നടത്തിയ വിശേഷമൊക്കെ വര്‍ണ്ണിച്ചിരുന്നതു വായിച്ചപ്പോള്‍ അത്ഭുതം കൂറിയിട്ടുണ്ട്‌. എവിടെയോ നിന്നുള്ള ഏതോ ഒരു ചെക്കനെ മരുമകനെന്നു വിളിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന - തന്റെ വിശേഷങ്ങള്‍ എഴുതിയറിയിക്കുന്ന - ഈ മനുഷ്യനെ മഹാകവിയെന്നോ അതോ മഹദ്‌കവി എന്നോ വിളിക്കേണ്ടത്‌?

കവിതയെന്ന പേരില്‍ എന്തെങ്കിലും എഴുതി അയച്ചുകൊടുത്ത്‌ അഭിപ്രായമാരാഞ്ഞാല്‍ സമയമെടുത്ത്‌ ഓരോ വരിയും ഇഴപിരിച്ചു വിശകലനം ചെയ്ത്‌ തിരുത്തിത്തരുമായിരുന്നു. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്നേഹപൂര്‍വ്വമുള്ള ശാസനകളും നിറഞ്ഞ മറുപടിക്കത്തുകള്‍.

അവസാനം അയച്ചുകൊടുത്ത ചില വരികളും അതിന്‌ അദ്ദേഹം നടത്തിയ തിരുത്തലുകളും നടുക്കത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല. ഒരു ചെറുകാറ്റ്‌ ഒരു ചിതയില്‍ നിന്ന്‌ ചെന്തീപ്പൊരികള്‍ "സംഭരിക്കുന്ന"തായി എഴുതിയ വരിയില്‍ അദ്ദേഹം "സഞ്ചയിക്കുന്നു" എന്നു തിരുത്തി.

ഞാനിന്നിതെഴുതുമ്പോള്‍, പണ്ട്‌ അദ്ദേഹമെന്റെ കൈപിടിച്ചു സംസാരിച്ചിരുന്ന സ്ഥലത്തിനടുത്തെരിയുന്ന ഒരു ചിതയില്‍ നിന്നും ചെന്തീപ്പൊരികള്‍ സഞ്ചയിക്കപ്പെടുന്നുണ്ടാവണം!

ചിതയ്ക്കടുത്തു നിന്നും അവസാനത്തെയാളും നടന്നു മറഞ്ഞു എന്നു സൂചിപ്പിക്കാനായി ചിത 'മങ്ങി' എന്നെഴുതിയപ്പോള്‍ - അതുപോര എന്നും "അനാഥമായ്‌ " എന്നുതന്നെ പറഞ്ഞാലേ ശക്തികിട്ടൂ എന്നും ഉപദേശിച്ചു അദ്ദേഹം.

വൈക്കത്ത്‌ ഇപ്പോളെരിയുന്ന ആ ചിതയും ഒടുവില്‍ ആളുകള്‍ അകന്ന്‌ അനാഥമാകില്ലേ? അതും പതുക്കെ മറവിയിലേക്കു മറയില്ലേ?

വല്ലാത്ത കുറ്റബോധം തോന്നുന്നു. ഒരിക്കലെങ്കിലും ഒന്നു കൂടി പോയി ഒന്നു കാണാന്‍ ശ്രമിക്കേണ്ടതായിരുന്നു. കഴിഞ്ഞില്ല. മറ്റു ബന്ധങ്ങളും പതിയെപ്പതിയെ അറ്റുപോയി.

ഒരുകാലത്ത്‌ വളരെ അമൂല്യമായിക്കരുതി സൂക്ഷിച്ചുവച്ചിരുന്ന - പിന്നിടെപ്പോഴോ ജീവിതയാത്രയുടെ തിരക്കുകളില്‍ മറഞ്ഞുമറഞ്ഞുപോയ - ഇപ്പോളും വിലമതിക്കാനാവാത്ത - ആ കത്തുകള്‍ ഇപ്പോളെവിടെയാവും? പുസ്തകക്കെട്ടുകള്‍ക്കിടയില്‍ എവിടെയെങ്കിലും അവ ഇപ്പോളും ഭദ്രമായി ഇരിപ്പുണ്ടാവുമോ? അതോ?

അറിയില്ല. എനിക്കറിയില്ല.

അറിയാവുന്നത്‌ ഒന്നു മാത്രമാണ്‌. ഇനിയെന്നെങ്കിലും പണ്ടത്തേപ്പോലെ 'പാലാ - ടി.വി.പുരം - വൈക്കം' എന്ന വിലാസത്തില്‍ ഒരു പദ്യശകലം അയച്ചുകൊടുത്താല്‍ ആ കത്തു മടങ്ങിവരും! വെട്ടിത്തിരുത്തലുകളും സ്നേഹോപദേശങ്ങളുമില്ലാതെ - തുറക്കപ്പെടുകപോലും ചെയ്യാതെ - അതേപടി അതു മടങ്ങിവരും.

എന്റെ അമ്മാവന്‍ മരിച്ചുപോയിരിക്കുന്നു!

14 comments:

നന്ദു said...

മരിക്കാത്ത ഓർമ്മകൾ മാത്രമെ ബാക്കിയുണ്ടാവൂ.

മാരീചന്‍ said...

ഉളളില്‍ തൊടും വിധം എഴുതിയിരിക്കുന്നു. മരണം സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവാത്തതു തന്നെയാണ്. പ്രിയപ്പെട്ടവരുടേതാകുമ്പോള്‍ ആ ശൂന്യത നെഞ്ചകത്തിരുന്നെരിയും. നാം എരിഞ്ഞു തീരുവോളം.

മഹാകവിയ്ക്ക് ആദരാഞ്ജലികള്‍

Radheyan said...

നകുലന്റെ ബ്ലോഗില്‍ കയറി എന്തെങ്കിലും നല്ലത് പറയുന്നതില്‍ സന്തോഷമുണ്ട്,

പക്ഷെ അത് ഇത്തരമൊന്നിനെ കുറിച്ചാകുന്നതില്‍ സങ്കടവും.

ഹൃദയസ്പര്‍ശിയായ സ്മരണ.

എല്ലാം വിലയിക്കുന്ന ശൂന്യതയില്‍ നിന്നും
പോയവര്‍ എല്ലാം അറിയുന്നുണ്ടാവാം...

NITHYAN said...

കവേ പ്രണാമം.
"അനുമോദനത്തിനെന്തര്‍ത്ഥം
പിന്നെ അനുശോചനം വെറും വ്യര്‍ത്ഥം"

വര്‍ക്കേഴ്സ് ഫോറം said...

ഉചിതമായ ആദരാഞ്ജലി

Anonymous said...

പ്രിയ നകുലന്,

പല തവണ താങ്കളുടെ ബ്ലൊഗുകള് വായിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് താങ്കളുടെ ഈ ഒരു മുഖം കാണുന്നത് .വളരെ ആത്മാര്തമായ ഹ്രുദയത്തില് തട്ടുന്ന ഒരു സ്മരണക്കുറിപ്പ്. താങ്കളെപ്പൊലുള്ള സഹ്രുദയരുടെ മനസ്സിലൂടെ അദ്ദേഹം എന്നെന്നും ജീവിക്കും.

സത്യന്

Anonymous said...

നകുലേട്ടാ,
ഹൃദയ രക്തം തൊട്ടെഴുതിയ വാക്കുകള്‍...

ആ മഹാത്മാക്കളുടെ അനുഗ്രഹങ്ങള്‍ ഉണ്ടല്ലോ.... ആശിര്‍വാദങ്ങള്‍ ഉണ്ടല്ലോ....
നമുക്കു നടക്കാന്‍ അവര്‍ കാട്ടിത്തന്ന വഴികള്‍ ഉണ്ടല്ലോ... അവര്‍ തെളിച്ച വിളക്കുകള്‍ ഉണ്ടല്ലോ.....

ആദരാജ്ഞലികള്‍

-----------
നിരഞ്ജന്‍

N.J Joju said...

പാലായെക്കുറിച്ച് നകുലന്‍ എന്റെഴുതാനാണ്‌ എന്ന മുന്‍‌‌വിധിയോടെ രണ്ടുമൂന്നുദിവസം വായിച്ചില്ല. വെറുമൊരു അനുശോചനം മാത്രമാകുമെന്നു കരുതി.

വായിക്കാതിരുന്നെങ്കില്‍ ഒരു നഷ്ടമായേനേ എന്ന് ഇപ്പോള്‍ തോന്നുന്നു.

ഭൂലോകം said...

ഹ്യദയത്തില്‍ നിന്നും വരുന്ന വാക്കുകളുടെ ശക്തി അല്‍ഭുതകരമാണെന്ന്‌ താങ്കളുടെ എഴുത്ത്‌ വീണ്ടും തെളിയിക്കുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തൊക്കെയോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരങ്ങള്‍. യാത്ര പറയാതെ കടന്നുപോയവരുടെ മുഖങ്ങള്‍ മുന്നില്‍ വന്നു നില്‍ക്കുന്നു...

മനുഷ്യന്‍ നശ്വരനാകുന്നത്‌ ഒരു പക്ഷെ ജീവിച്ചിരിക്കുന്ന സ്നേഹനിധികളുടെ മനസ്സുകളില്‍ മാത്രമായിരിക്കും.

വല്യമ്മായി said...

മനസ്സില്‍ തട്ടിയ വിവരണം

പാമരന്‍ said...

മനസ്സില്‍ തട്ടി. വല്ലാത്തൊരു നഷ്ടം തന്നെ.

തണല്‍ said...

വല്ലാതെ നോവിപ്പിക്കുന്നു.

വായുജിത് said...

നകുലേട്ടാ ഹൃദയ സ്പര്‍ശം ആയ വിവരണം ..

മരിക്കാത്ത ഓര്‍മ്മകള്‍ പലപ്പോഴും ഹൃദയത്തെ ചുട്ടു പൊള്ളിക്കും .. വായിച്ചു കഴിഞ്ഞപ്പോള്‍ ഹൃദയത്തില്‍ ഒരു നീറ്റല്‍...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹൃദയസ്പര്‍ശിയായ സ്മരണ.