Sunday, February 22, 2009

തീർന്നില്ല! അതാ വരുന്നു – “ശിവരാമ”സേന!

അടുത്തിടെ നടന്ന ചില സംഭവവികാസങ്ങൾ കണ്ടപ്പോൾ ജാക്കിച്ചാൻ സിനിമകളേക്കുറിച്ചാണ് ഓർത്തുപോയത്‌. ജാക്കിച്ചാൻ ആദ്യകാലം മുതലേ ആക്ഷൻ നായകൻ തന്നെയാണ്. ഇടക്കാലത്ത് അദ്ദേഹം തന്റെ ചിത്രങ്ങളിൽ ഹാസ്യരംഗങ്ങളും കൂട്ടിച്ചേർത്തു തുടങ്ങി. ആ നീക്കം വിജയകരവുമായി.

ഇപ്പോളും, ആക്ഷൻ രംഗങ്ങളിൽത്തന്നെയാവും ഒരു ജാക്കിച്ചാൻ ചിത്രം തുടങ്ങുക. പിന്നീട് പതിയെപ്പതിയെ തമാശരംഗങ്ങൾ വന്നു തുടങ്ങും. അതിൽത്തന്നെ ഏറ്റവും പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങൾ കാണിക്കുന്നത് ഏറ്റവും അവസാനം, ചിത്രം തീർന്നതിനും ശേഷമാണ്. ഷൂട്ടിംഗ് സമയത്തു സംഭവിക്കുന്ന തമാശകളും അബദ്ധങ്ങളുമെല്ലാം - സിനിമയിൽ എഡിറ്റു ചെയ്തു കളയപ്പെട്ടവ – കത്രികവയ്ക്കുന്നതിനു മുമ്പുള്ള രൂപത്തിൽത്തന്നെ കാണിച്ചു തരും. ആരായാലും പൊട്ടിച്ചിരിച്ചുപോകുന്ന കാഴ്ചകൾ.

ഇവിടെ നടന്ന സംഭവങ്ങളുടെ കാര്യത്തിലുമതെ - എഡിറ്റു ചെയ്യപ്പെടാത്ത വീഡിയോ തന്നെ ഏറ്റവും ഉഗ്രൻ!

*-*-*-*-*-*-*-*-*-*-*-*-*-*

സി.പി.എം. എം.എൽ.എ. കുഞ്ഞമ്പുവിന്റെ മകളുടെ “മോഡസ്റ്റി” സംരക്ഷിക്കാനായി അദ്ദേഹത്തിന്റെ ആളുകൾ ചേർന്ന് ഒരു രക്ഷാപ്രവർത്തനം നടത്തി നോക്കിയത് – സംഗതി ആകെ പാളിപ്പോയത് – ഒടുവിലത് എം.എൽ.എ.യ്ക്കും കുടുംബത്തിനും പാർട്ടിയ്ക്കും മാത്രമല്ല ചില കേന്ദ്രമന്ത്രിമാർക്കു വരെ വലിയ നാണക്കേടാകുന്നിടം വരെ എത്തിയത് – ഇതെല്ലാം ഒരു ജാക്കിച്ചാൻ ചിത്രത്തെയാണ് ഓർമ്മിപ്പിച്ചത്.

ആക്ഷൻ രംഗങ്ങളിലായിരുന്നു തുടക്കം.

എന്തൊക്കെയാണ് സംഭവിച്ചതെന്ന് കുഞ്ഞമ്പു വിശദീകരിച്ചത് ഇങ്ങനെ. ബജ്രംഗ്‌‌ദൾ, ശ്രീരാമസേന എന്നിവരാണ് അതു ചെയ്തതെന്ന്‌ യാതൊരു സംശയവുമില്ലാത്ത മട്ടിലാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്‌.

യുട്യൂബ് വീഡിയോ

ബി.ജെ.പി.ഗവണ്മെന്റ് അധികാരത്തിലെത്തിയതോടെയാണ് ഇതെല്ലാം സംഭവിച്ചത് എന്നൊരു തമാശഡയലോഗ് അവിടെത്തന്നെ അവസാനം തിരുകിയിട്ടുണ്ട്. സംഗതി ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നൊക്കെയുള്ള മൾട്ടി മില്യൻ ജോക്കുകൾ ഒരു കേന്ദ്രമന്ത്രി അവതരിപ്പിച്ചതിനു പിന്നിലെ ഘടകവും രാഷ്ട്രീയം തന്നെ.

എന്നാലും ശരിക്കും തമാശസീനുകൾ അല്പം കൂടി കഴിഞ്ഞാണു കാണാൻ സാധിച്ചത്.

തങ്ങൾ ഇടതുപക്ഷക്കാരാണെന്നും, എം.എൽ.എ.യുടെ മകളെ രക്ഷിക്കാൻ മാത്രമാണു ശ്രമിച്ചതെന്നും പ്രതികൾ പറയുന്നു.

They were leftists – attempting to protect the MLA's daughter's modesty

കുഞ്ഞമ്പുവിനെ അവിടെപ്പിടിച്ചു ‘കണ്ണമ്പു’വാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യെ വിദ്യാർത്ഥിസംഘടനയായി വിശേഷിപ്പിച്ചിരിക്കുന്ന തമാശ വേറേയും. കേരളം വിട്ടുകഴിഞ്ഞാൽ‌പ്പിന്നെ ഇടതുപ്രസ്ഥാനങ്ങൾക്കു സ്വാധീനമുള്ള സ്ഥലമെത്തണമെങ്കിൽ ബംഗാളിൽച്ചെല്ലണമെന്നതുകൊണ്ടായിരിക്കും – മാദ്ധ്യമപ്രവർത്തകർക്ക് ഈ പേരുകളേപ്പറ്റിയൊന്നും വലിയ പിടിപാടൊന്നുമില്ല.

കുട്ടിയുടെയും സുഹൃത്തിന്റെയും പെരുമാറ്റം അത്ര പന്തിയല്ലായിരുന്നുവെന്നും, അതുകൊണ്ടാണു പാർട്ടിക്കാർ ഇടപെട്ടതെന്നുമൊക്കെയുള്ള സൂചനകൾ പുറത്തുവന്നതും മാദ്ധ്യമങ്ങൾ ചർച്ച ചെയ്തതും ദു:ഖകരമാണ്. അതല്ലെങ്കിൽത്തന്നെ സംഭവത്തേക്കുറിച്ച് ആദ്യമറിയുമ്പോൾ പാവം എം.എൽ.എ. വികാരവിക്ഷോഭങ്ങൾക്ക് അടിമപ്പെടുമെന്നതു സ്വാഭാവികമാണ്. അദ്ദേഹം അപ്പോൾപ്പറയുന്ന വാക്കുകൾ മുഖവിലയ്ക്കെടുക്കാതിരിക്കാനുള്ള മര്യാദ മറ്റുള്ളവർ കാട്ടണമായിരുന്നു.

എന്നാലും, എത്രയൊക്കെ ദു:ഖമോ ദേഷ്യമോ വന്നാലും ശരി – അതിഭയങ്കരമായ മുൻ‌വിധികളിലേക്ക് അദ്ദേഹം എടുത്തുചാടാനും പാടില്ലായിരുന്നു. എന്തടിസ്ഥാനത്തിലാണദ്ദേഹം “രാമസേന” എന്ന പേരൊക്കെ അവിടേയ്യ്ക്കു വലിച്ചിഴച്ചത്? വല്ല കാര്യവുമുണ്ടായിരുന്നോ‍? ഇടയ്ക്ക് ബജ്‌റംഗ്‌ദൾ എന്നും പറഞ്ഞുകേട്ടു. എന്താണു സംഗതിയെന്നൊക്കെ അന്വേഷിച്ചതിനു ശേഷം, നാലാളറിയാതെ ഒതുക്കാൻ ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചതു വലിയ തെറ്റായിപ്പോയി. കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ഹോസ്റ്റലിലേക്കു വിട്ടത് തന്റെ ആളുകൾ തന്നെയാവുമോ എന്നൊന്നു സംശയിക്കുക പോലും ചെയ്യാതെ ഓരോന്നു ചാടിപ്പറഞ്ഞുകളഞ്ഞത് വലിയ മണ്ടത്തരമായിപ്പോയി (മനപ്പൂർവ്വം പറഞ്ഞതാണെന്നു തോന്നുന്നില്ല - പാവം - അബദ്ധം പറ്റിയതാവും - ആരോടായാലും ശരി - അന്ധമായ രാഷ്ട്രീയവിദ്വേഷം ഒരു പരിധിയിൽക്കൂടുതൽ മനസ്സിൽ കൊണ്ടുനടന്നാൽ അക്കിടിപറ്റും‌.‌).

സിനിമ തീർന്നതിനു ശേഷം, എഡിറ്റു ചെയ്യാത്ത തമാശ രംഗങ്ങൾ കണ്ടപ്പോളാണു കാര്യം പിടികിട്ടിയത്.

പാവം കുഞ്ഞമ്പു! അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഈപ്പറയുന്ന ശ്രീരാമസേന – ബജ്‌റംഗ്‌‌ദൾ - എന്നീ രണ്ടുപേരുകളും അദ്ദേഹം സ്വന്തനിലയ്ക്കു പറഞ്ഞതായിരുന്നില്ല!! മറിച്ച്, മറ്റു ചിലർ അദ്ദേഹത്തിന്റെ നാവിൽ തിരുകിക്കയറ്റിയതായിരുന്നു. രാമസേന എന്ന പേരൊന്നും അദ്ദേഹം കേട്ടിട്ടുതന്നെയുണ്ടായിരുന്നില്ലെന്നു തോന്നുന്നു. എന്തായാലും അദ്ദേഹത്തിനാ പേരു പരിചയമില്ല. ചുറ്റും നിന്നവർ വിട്ടില്ല. മറ്റുള്ളവർ ‘പ്രോം‌പ്‌റ്റു’ ചെയ്തു പറയിപ്പിക്കുന്നതും അദ്ദേഹത്തിന് തെറ്റുപറ്റുന്നതും മറ്റുള്ളവർ തിരുത്തിപ്പറയിപ്പിക്കുന്നതുമൊക്കെയായ ഭാഗം ചാനലുകാർ എഡിറ്റു ചെയ്തു മാറ്റിയതായിരുന്നു.

ഒറിജിനൽ വാക്കുകൾ ഇങ്ങനെ:-

ഐ തിങ്ക് ഇറ്റ് ഈസ് ശിവ….. (ശ്ശെ. മറന്നു..) ഇറ്റ് ഈസ് (കിട്ടുന്നില്ല) വാ‍ട്ട് സേന(പറഞ്ഞുതാഡേയ്‌..) യാ ! ” (ആരോ ശരിക്കുള്ള പേരു വിളിച്ചുപറഞ്ഞു എന്നൊന്ന്‌ അഭിനയിച്ചുകളയാം. ഇരിക്കട്ടെ ഒരു “യാ”. ചുറ്റും നിശബ്ദതയായിരുന്നെങ്കിലും.)

അപ്പോളേക്കും ഏതോ ഒരു ചാനൽ പ്രവർത്തകനോ മറ്റോ ചോദിക്കുന്നു.

ബജ്‌റംഗ്‌‌ദൾ?

ഉടൻ ആ പേരും കൂട്ടിച്ചേർത്തു. അതെ – ഇരിക്കട്ടെ - ബജ്‌റംഗ്‌‌ദൾ.

ബജ്‌റം‌ഗ്‌‌ദൾ….ആൻ‌ഡ്……ദിസീസ്…ദിസീസ്…(ശ്ശെ. എന്നിട്ടും കിട്ടുന്നില്ല..)

അടുത്ത പേരിനായി വീണ്ടും തപ്പുമ്പോൾ അരികിൽ നിന്ന്‌ ആരോ ശ്രീരാമസേന എന്നു പറഞ്ഞുകൊടുക്കുന്നു.

ഉടനെ കുഞ്ഞമ്പു:- “ശിവരാമ”. ഒന്നു സംശയിച്ചിട്ട്‌ - “വാട്ട്? …”

പേരു പറഞ്ഞുകൊടുത്തയാൾ പെട്ടെന്നു തിരുത്തിക്കൊടുക്കുന്നു – (ഹ - ശിവരാമയല്ല പണ്ടാരം - ശ്രീരാമ - ക്യാമറയ്ക്കു മുന്നിലാണ് - അലമ്പാക്കല്ലേ - എന്ന മട്ടിൽ) “‘ശ്രീരാമ’സേന….

‘ങാ – അങ്ങനെയെങ്കിൽ അങ്ങനെ’ എന്ന മട്ടിൽ ഉടനെ തിരുത്തുന്നു - “ശ്രീരാമസേന”!

(തുടർന്ന്, കണ്ടക്ടർക്ക് ഒരു പ്രധാനറോൾ ഉണ്ടെന്നു പറയുന്നതും കേൾക്കാം. ആ കണ്ടക്ടറുടെ പിതാവാണ് പിന്നീട് താനും തന്റെ മകനും കുഞ്ഞമ്പുവിനുവേണ്ടി തെരഞ്ഞെടുപ്പുപ്രവർത്തനം നടത്തിയിരുന്നവരാണെന്ന് കോടതിയിൽ സത്യവാങ്മൂലം നല്കിയത്)

“ശിവരാമ”ന്മാരുടെ സേനയേപ്പറ്റിയുള്ള വാക്കുകൾ - ആവർത്തിച്ചു കണ്ടു ചിരിക്കാൻ പ്രേരിപ്പിക്കുന്ന തമാശരംഗങ്ങൾ - താഴെ.

റീപ്പോർട്ടർമാരുടെ കൂട്ടത്തിൽ രസികന്മാർ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരു കുസൃതിപ്പണി കൂടി ഒപ്പിക്കാമായിരുന്നു. താനൊരു ജനപ്രതിനിധിയാണെന്നതും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തിക്കൂടാ എന്നതുമൊക്കെ മറന്നുകൊണ്ട് വായിൽത്തോന്നിയതു വിളിച്ചു പറഞ്ഞും മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്നതു കണ്ണുമടച്ച് ഏറ്റുപറഞ്ഞും നിൽക്കുന്ന അദ്ദേഹത്തോട്‌ ഇങ്ങനെ കൂടി വിളിച്ചു ചോദിക്കാമായിരുന്നു:-

“ഗോപാലസേന?”

പറഞ്ഞുകൊടുക്കുന്നതു പാർട്ടിക്കാരാണെന്നു ധരിച്ച്‌ ഉടനെ അദ്ദേഹം അതും ഏറ്റുപറഞ്ഞേനെ.

“യാ. ഐ തിങ്ക് – ദാറ്റ് സേന - ഗോപാലസേന…”

അങ്ങനെയെങ്കിൽ അതും വലിയ തമാശ സൃഷ്ടിച്ചേനെ. പക്ഷേ അതു കൂടുതലും പഴമക്കാരെയായിരിക്കും പൊട്ടിച്ചിരിപ്പിക്കുക. കാരണം, കേരളത്തിൽ പണ്ട് കമ്മ്യൂണിസ്റ്റുകാർ അവതരിപ്പിച്ചു നോക്കി പൊളിഞ്ഞുപോയ “ഗോപാലസേന“ എന്ന പരീക്ഷണത്തേക്കുറിച്ച് പുതിയ തലമുറ കേട്ടിട്ടുണ്ടാവണമെന്നില്ലല്ലോ.

*-*-*-*-*-*-*-*-*-*-*-*-*-*
വാൽക്കഷണം:-

പെൺകുട്ടിയെ ‘തട്ടിക്കൊണ്ടുപോ’യെന്നും ‘മർദ്ദി’ച്ചെന്നുമെല്ലാമുള്ള പച്ചക്കള്ളം പ്രചരിപ്പിച്ച് അട്ടഹസിച്ചവർ – കൂടെക്കണ്ട ചെറുപ്പക്കാരന്റെ പേരിനോ അയാളുടെ മതം ഏതാണെന്നതിനോ ഒന്നും യാതൊരു പ്രാധാന്യവുമില്ലാതിരിക്കെ, തികച്ചും അനാവശ്യമായി അതെല്ലാം പൊക്കിപ്പിടിച്ചു ബഹളമുണ്ടാക്കുകയും വർഗ്ഗീയനിറം നൽകുകയും ചെയ്തവർ – മതത്തിന്റെ പേരിലാണു തല്ലുകിട്ടിയത് എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചവർ - മതസൂചനകളുള്ള പേരുള്ള ഒരു സംഘടനയെ ബോധപൂർവ്വം ഇതിലേക്കു വലിച്ചിഴച്ചു ബഹളമുണ്ടാക്കിയവർ – അങ്ങനെയെല്ലാം മതസ്പർദ്ധ വളരാൻ ഇടയാക്കിയവർ – രാഷ്ട്രീയം കളിക്കുന്നതിനിടയിൽ രാജ്യത്തെ മറക്കുന്നവർ - മതേതരത്വസംരക്ഷണത്തിനും മതസൌഹാർദ്ദം വളർത്തുന്നതിനും കഴിഞ്ഞ കുറേ വർഷങ്ങളായി അവരെല്ലാം നൽകിക്കൊണ്ടിരിക്കുന്ന ഇത്തരം അമൂല്യസംഭാവനകളുടെ പേരിൽ വീണ്ടുമൊരിക്കൽക്കൂടി നന്ദി പറയാം. അവരെ ദൈവം രക്ഷിക്കട്ടെ! യഥാർത്ഥമതേതരത്വ/ജനാധിപത്യവിശ്വാസികൾ ദൈവത്തോട് പിണങ്ങിയേക്കുമെങ്കിൽക്കൂടി.


*-*-*-*-*-*-*-*-*-*-*-*-*-*
അനുബന്ധപോസ്റ്റ്‌:-

മുസ്ലീങ്ങളോടു മിണ്ടിപ്പോകരുത്! (ഇമ്മാതിരി നുണകൾ)

14 comments:

Unknown said...

ശിവസേനയെന്നൊക്കെ മുമ്പു കേട്ടിട്ടുണ്ട്. അടുത്തിടെ രാമസേന എന്നും കേട്ടു. എന്നാൽ, ഇതു രണ്ടിനും പുറമേ ഒരു തരം സങ്കരയിനം സേന കൂടി നിലവിലുള്ളതായി ഇപ്പോളാണു വെളിപ്പെടുന്നത്. ശിവരാമസേന! അവർ മലയാളികൾ കൂടിയായ സ്ഥിതിക്ക് സൂക്ഷിക്കണം. അമ്മച്ചിയാണെ സൂക്ഷിക്കണം!

Mr. K# said...

ടിവി ഡെയ്ജിവേ‌‌ള്‍ഡ്കാരു പേരുക‌‌ള്‍ പറഞ്ഞു കൊടുക്കുന്ന ഭാഗമൊക്കെ കത്രിക വച്ച് മനോഹരമാക്കിയിട്ടുണ്ടല്ലോ. :-)

paarppidam said...

POSTUKOLLAAMM....
Samgathi naalarijaal naanakketalle..appol irikkatte senakkittu ennukaruthikanum...

iniyippol ethelum penkutti randeesathinu kaamukanoppam onnichu hotelil thamasichu valla raid undaayaalum, kallavettinu naattukaar pidichaalum okke athu sreeramasenayude peril akki mukham rakshikkum....anganeyenkilum kelippu theeratte machaaa...

Anonymous said...

മം‌ഗലാപുരം സംഭവത്തെക്കുറീച്ച് എന്താണഭിപ്രായം?
കുഞ്ഞമ്പുവിന് ശ്രീരാമസേനയെക്കുറീച്ച് അറിയില്ല എന്നു വെച്ച് ശ്രീരാമസേന പുണ്യസേനയായോ?
ലഷ്കര്‍ ഇ തയിബ, ജമാത്ത് ഉല്‍ മുജ്ജാഹിദ്ദീന്‍ എന്നൊക്കെ എല്ലാവര്‍ക്കും മര്യാദക്ക് പേരറിയില്ലെന്ന് വെച്ച് അവരൊന്നും ഈ മരങ്ങോടസേനയെപ്പോലെ മനുഷ്യരെ വെറുക്കുന്നവര്‍ അല്ലേ?

ശ്രീരാമസേന എന്ന പേരും വെച്ച് ഗുണ്ടായിസം ചെയ്യുന്നത് ശ്രീരാമനെ നാറ്റിക്കാനാണ് എന്നു പറഞ്ഞ് ഒരു കേസ് കൊടടേയ്-ആത്മാര്‍‌ത്ഥതയുണ്ടെങ്കില്‍.

Anonymous said...

അനോണി അണ്ണാ.. കൂടുതൻ നാണക്കേടുണ്ടാ‍ക്കാതിരിക്കിനെന്റണ്ണാ.. രാമസേനയെന്ന പേരു പറഞ്ഞുള്ള ബഹളം ഇവിടെ ഓടാൻ സാദ്ധ്യതയില്ലണ്ണാ. ഈ ബ്ലോഗിലത്തെ തന്നെ മുമ്പത്തെ പോസ്റ്റുകൾ കണ്ടിരുന്നില്ലല്ലേ അണ്ണ...അതൊക്കെ വായിച്ചു പഠിച്ച്‌ വായ പൊത്തി വിട്ടുപോകിനെന്റണ്ണാ...

Anonymous said...

ഹലോ അനോണിമസ് ! ഈ പോസ്റ്റു വായിച്ചിട്ടു മറ്റുള്ളവർ മനസ്സിലാക്കുന്നതുപോലെയല്ലല്ലോ താങ്കൾ മനസ്സിലാക്കിയത്. ഇവിടെ എന്താ പറഞ്ഞതെന്നു മനസ്സിലാകാഞ്ഞിട്ടാണോ അതോ അഭിനയിക്കുകയാണോ? രാമസേനയെ പുണ്യവാന്മാരാക്കുകയാണെന്ന തോന്നൽ എവിടുന്നു കിട്ടി മിസ്റ്റർ? രക്ഷപെടാൻ നോക്കണ്ട. നടപ്പില്ല. അതൊന്നുമല്ലല്ലോ ഇവിടെ വായിക്കാൻ സാധിച്ചത്. സംഭവത്തിൽ, റ്റോട്ടല്ലി ഇറെസ്‌പോൺസിബിൾ റെസ്പോൺസ് അല്ലേ ശ്രീ. കുഞ്ഞമ്പു നടത്തിയത്. അതല്ലേ ഇവിടെ കണ്ടത്? സമൂഹത്തിൽ അതു വരുത്തി വച്ച ദോഷം തീർക്കാൻ ഇനി അദ്ദേഹം പ്രവർത്തിക്കുമോ? കേസുകൊടടേയ് എന്നു പറഞ്ഞതു ബക്കിയുള്ളവർ കേൾക്കാൻ നിന്നാൽ ഒരു പക്ഷേ പതിനായിരക്കണക്കിനു കേസുകളായിരിക്കും കുഞ്ഞമ്പുവിന്റെ നേരെ ചെന്നേക്കുക. പിടിച്ച് അകത്തിടുകയാണു വേണ്ടത്. പുറം ലോകം കാണരുത് പത്തു മാസം. അതിനു തക്ക നിയമങ്ങൾ ഇല്ലെങ്കിൽ നിയമനിർമ്മാണം നടത്തണം. വില കുറഞ്ഞ വർഗ്ഗീയരാഷ്ട്രീയം കളിച്ച്/ പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ച്/ ജനമനസ്സുകളെ വർഗ്ഗീയമായി വിഭജിച്ച് നടന്നിട്ട് ഇതെല്ലാം കഴിഞ്ഞിട്ട് പുണ്യവാളൻ ചമയുക. ഇതിന്റെയെല്ലാം പേരിൽ കടുത്ത ശിക്ഷ തന്നെ ലഭിക്കണം. പ്രചാരണങ്ങൾക്കു കൂട്ടു നിന്നവർക്കും കൊടുക്കണം ശിക്ഷ. നാട്ടിലെ ഓരോ കവലയിലും ചെന്നു നിന്നു ചെണ്ടകൊട്ടി സമസ്താപരാധം പറയണം. അയ്യോ/ തെറ്റുചെയ്തതു ഞങ്ങൾ തന്നെയാണേ/ ഞങ്ങളതു മറ്റുള്ളവരുടെ തലയിൽ ചാരിയതു ശീലം കൊണ്ടു ചെയ്തു പോയതാണേ/ ആ കൊച്ചൻ മുസ്ലീമാണെന്നതൊക്കെ ഞങ്ങൾ എടുത്തിട്ടത് മനപ്പൂർവ്വം ചെയ്തതാണേ/ ഇനി മേലിൽ ചെയ്യില്ലേ/ പൊതുജനങ്ങളേ ഞങ്ങളുടെ കൂമ്പിടിച്ചു വാട്ടല്ലേ എന്നൊക്കെ കൈകൂപ്പി അപേക്ഷിക്കണമെന്നതായിരിക്കണം ശിക്ഷ. പഠിക്കട്ടെ എല്ലാവനും. ഇനി മേലിൽ ഈ പോക്രിത്തരം കാണിക്കരുത്.

Suvi Nadakuzhackal said...

മോളുടെ പേരു രക്ഷിക്കാന്‍ വേണ്ടി വര്‍ഗീയ വിരോധം വളര്‍ത്തുന്ന ഈ ആരോപണം കൊണ്ടുവന്നതിനു രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട കേസാണ്.

ചന്തു said...

ഒരു കമ്മ്യൂണിസ്റ്റൂ‍കാരനു തന്റെ ചിന്തയ്ക്കൊത്തല്ലേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഈ വാര്‍ത്ത വന്നപ്പഴേ കരുതിയതാ സത്യമാകില്ലെന്ന് . ഒരു കമ്മ്യൂണിസ്റ്റൂ‍കാരന്‍ അല്ലാതെ ഒരുത്തനും സ്വന്തം മോളെ വച്ചു രാഷ്രീയം കളിക്കില്ല.

പിന്നെ അനോണീ മം‌ഗലാപുരം സംഭവത്തെക്കുറീച്ച് എത്രയോ ബ്ലോഗ്ഗുകള്‍ വന്നു. സാമ്പിളിനു ഇതു കാണൂ..
http://desadanakili.blogspot.com/2009/02/blog-post_19.html

Unknown said...

>>[Anonymous said .... 2/22/2009 01:12:00 PM]
…. എല്ലാവർക്കും മര്യാദക്ക് പേരറിയില്ലെന്നു വച്ച് ….

[നകുലൻ] സുഹൃത്തേ, ശിവരാമസേന എന്ന പേരുകേൾക്കുമ്പോൾ, ശിവരാമൻ എന്നു പേരുള്ളവരുടെയോ മറ്റോ ഒരു സംഘടന എന്ന തോന്നലിൽ നിന്നു പെട്ടെന്നുണ്ടാകുന്ന തമാശയുണ്ടെന്നതു ശരിതന്നെ. പക്ഷേ, കുഞ്ഞമ്പുവിന് ‘രാമസേനയുടെ പേരുപോലുമറിയില്ല‘ എന്നൊരു “പരിഹാസ“മല്ല ഇവിടെ പറഞ്ഞതിന്റെ കാതൽ. മറിച്ച്, പേരു പോലുമറിയില്ലായിരുന്നു എന്നൊരു “നീരീക്ഷണ”മാണ്. ദയവായി താങ്കളതു കൃത്യമായി മനസ്സിലാക്കി വയ്ക്കുക. അദ്ദേഹത്തെ പ്രോം‌പ്റ്റു ചെയ്ത് പറയിക്കുകയായിരുന്നു എന്ന കണ്ടെത്തലാണത്. സത്യത്തിൽ അദ്ദേഹത്തെ സഹായിക്കുന്ന മട്ടിൽത്തന്നെയാണു താങ്കളതു മനസ്സിലാക്കേണ്ടത്. അദ്ദേഹത്തിന്റെ അപ്പോളത്തെ മാനസികാവസ്ഥയിൽ, മറ്റുള്ളവർ പറഞ്ഞുകൊടുത്തു പറയിപ്പിച്ചതു മാത്രമാണ് എന്നൊരു തിരിച്ചറിവുണ്ടാകുമ്പോൾ, അദ്ദേഹം നടത്തിയ പ്രസ്താവനകളിലെ ഗുരുതരമായ പിഴവുകൾ ലഘൂകരിക്കപ്പെടുക തന്നെയാണു ചെയ്യുന്നത്.

സംഭവങ്ങളുടെ നിജസ്ഥിതി അറിയാൻ സാധിക്കുന്നതിനു വളരെ മുമ്പു തന്നെ കടുത്ത മുൻ‌വിധികളോടെ അദ്ദേഹം മാദ്ധ്യമങ്ങളുടെ മുമ്പിൽ അഭിപ്രായപ്രകടനം നടത്തിയത് ഇപ്പോളും തെറ്റു തന്നെയാണ്. തനിക്കറിയാത്ത ആരൊക്കെയോ ചെയ്ത കാര്യം – തനിക്കറിയാത്ത ഏതെങ്കിലും സംഘടനയുടെ മേൽ ആരോപണമായി ഉന്നയിക്കുന്നതിനു മുമ്പ് അദ്ദേഹം അത്തരം നിരുത്തരവാദപരമായ പ്രസ്താവനകളുടെ പ്രത്യാഘാതങ്ങളേപ്പറ്റിക്കൂടി ആലോചിക്കണമായിരുന്നു. സംഭവത്തിനു വർഗ്ഗീയ നിറം കൂടി നൽകുമ്പോൾ പ്രത്യേകിച്ചും. ചങ്ങനാശേരിയിൽ പോലീസുകാരൻ മരിച്ചപ്പോൾ മിനുട്ടുകൾക്കകം തിരുവനന്തപുരത്ത് ആഭ്യന്ത്രമന്ത്രി പ്രതികളെ പ്രഖ്യാപിച്ച സംഭവത്തിൽ സി.പി.എം. ശരിക്കും നാണം കെടുകയും കുറച്ചു നിരപരാധികൾ പീഢിപ്പിക്കപ്പെടുകയും ചെയ്തുവെന്നല്ലാതെ സമൂഹത്തിനു മൊത്തത്തിൽ അതു വലിയ പരിക്കുകളുണ്ടാക്കിയില്ല. ഇതു പക്ഷേ കുറച്ചു കൂടി സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു. ഇക്കാര്യത്തിൽ, നിരുത്തരവാദപരമായ പ്രസ്താവന നടത്തുക എന്ന കുറ്റത്തിൽ കൂട്ടുപ്രതികളുള്ളതുകൊണ്ട് കുഞ്ഞമ്പുവിന്റെ അവസ്ഥ പഴയതിലും ഭേദപ്പെടുകയാണു ചെയ്യുന്നത്.

സത്യത്തിൽ, ഇക്കാര്യത്തിൽ മാദ്ധ്യമങ്ങളെത്തന്നെയാണ് ഒന്നാമതായി പ്രതിചേർക്കേണ്ടത്. കുഞ്ഞമ്പുവൊക്കെ പിന്നീടാണു വരുന്നത്. യഥാർത്ഥത്തിൽ എന്തൊക്കെയാണു സംഭവിച്ചതെന്നും ആരൊക്കെയാണ് സംഭവത്തിൽ പങ്കാളികളായിട്ടുള്ളതെന്നും എന്തൊക്കെയായിരുന്നു ഓരോരുത്തരുടേയും പ്രേരണ എന്നുമൊക്കെയുള്ളത് ഇനിയും വെളിവായിട്ടില്ലെന്നു തന്നെ വേണം കരുതാൻ. മാദ്ധ്യമങ്ങളിൽ നിന്ന് അതു മനസ്സിലാക്കാമെന്ന പ്രതീക്ഷയും വേണ്ടെന്നു തന്നെ പറയേണ്ടിവരുന്നു. “മുസ്ലീമിനെ“ തല്ലി എന്നു പറഞ്ഞു ബഹളം വച്ചതോടെ തങ്ങളുടെ ജോലി കഴിഞ്ഞ മട്ടാണ് അവർക്ക്. സംഭവങ്ങളെ പർവ്വതീകരിക്കുകയും തെറ്റിദ്ധാരണകൾ പരത്തുകയുമൊക്കെച്ചെയ്യുന്ന മാദ്ധ്യമങ്ങൾക്കു കടിഞ്ഞാണിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിനായി പാർട്ടികളുടേയും പൊതുജനങ്ങളുടേയുമൊക്കെയിടയിൽ അഭിപ്രായരൂപീകരണം നടക്കണം. അല്ലെങ്കിൽ ഈ നാട് ഇനിയും കുട്ടിച്ചോറാകും.

മുക്കുവന്‍ said...

hahaa... really sreerama sena need a Glass house! yea... we can make keep them as saints in every corners of roads!

yea I do agree that Kunjapoo is incapable to speak in english. which kerala politician can? I heard VS's english couple of months back. it was far worse than this!

Unknown said...

മുക്കുവാ,

സേനയെ ചില്ലുകൂട്ടിലിടണമെന്നു പറയാൻ കാരണം?
എന്താണുദ്ദേശിച്ചത്‌?

കുഞ്ഞമ്പുവിന്റെ ഇംഗ്ലീഷല്ല ഇവിടെ പ്രശ്നം. ഒരു പൊതുപ്രവർത്തകനാകാൻ ഇംഗ്ലീഷ്‌ നിർബന്ധമൊന്നുമില്ല.

Unknown said...

മുക്കുവന്റെ മറുപടി വന്നില്ല. എന്തായാലും, രാമസേന അനുകൂലിക്കപ്പെടണം എന്നൊരു ധ്വനി അദ്ദേഹത്തിന്റെ വാക്കുകളിൽ തോന്നിയതു കൊണ്ട് ചിലതൊക്കെ ഇവിടെ എഴുതിച്ചേർക്കുന്നു. ഏതൊരു സംഭവത്തിനും അതിഭീമമായ തോതിൽ വർഗ്ഗീയമാനം നൽകുകയും പരിധിവിട്ടു പർവ്വതീകരിക്കുകയുമൊക്കെച്ചെയ്തതിനുശേഷം ‘ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആകെ പ്രശ്നമാണ് ‘ എന്നൊക്കെയുള്ള ഒരു തരം ഇമേജുണ്ടാക്കാൻ വൃഥാശ്രമം നടത്തുന്നവരുണ്ട്. ഇത്തരം അന്ധമായ പ്രചാരണങ്ങളിലൂടെ അവരൊക്കെ പരോക്ഷമായി ബി.ജെ.പി.ക്കുള്ള ജനപിന്തുണ വർദ്ധിപ്പിക്കുകയാണു ചെയ്യുന്നതെന്നതുകൊണ്ട്, പാർട്ടി അനുഭാവികൾ ഒരർത്ഥത്തിൽ അവരോട് നന്ദിയുണ്ടായിരിക്കേണ്ടവരാണ്. പക്ഷേ, സംഘവിരുദ്ധരുടെ ഇത്തരം ചെയ്തികൾ സമൂഹത്തിൽ വലിയ പരിക്കുകൾ അവശേഷിക്കുവാൻ കൂടി ഇടയാക്കുമെന്നതുകൊണ്ട് സംഘാനുഭാവികൾ അത്തരം പ്രചാരണങ്ങളെ ചെറുക്കുന്നുമുണ്ട്.

“രാമസേന“ എന്നൊക്കെ കേട്ടാൽ ഉടൻ‌തന്നെ സംഘപരിവാറുകാർ കയ്യടിച്ചേക്കുമെന്ന മിഥ്യാധാരണ വച്ചുപുലർത്തുന്ന പലരുമുണ്ട്. രാമസേന, അഭിനവ് ഭാരത്, മഹാരാഷ്ട്ര നവനിർമ്മാൺ സേന - ഇതൊന്നും സംഘപരിവാർ സംഘടനകളല്ല. അതു വിചാരിച്ചു മാത്രം അവർക്കു നേരെ ചാടുന്നവരുണ്ടെങ്കിൽ - തികഞ്ഞ മണ്ടത്തരമാണു കാണിക്കുന്നത്. ആത്മാർത്ഥതയുണ്ടെങ്കിൽ - അവരുടെ ചെയ്തികളെ വിമർശിക്കാനും അത്തരക്കാരെ ദുർബലപ്പെടുത്താൻ ക്രിയാത്മകമായി എന്തു ചെയ്യാൻ കഴിയുമെന്നു പരിശോധിക്കുകയുമാണു വേണ്ടത്. അല്ലാതെ, സംഘപരിവാർ എന്ന വാക്കിനേക്കുറിച്ചു തന്നെയുള്ള തികഞ്ഞ അജ്ഞത തുടർന്നും വെളിപ്പെടുത്തിക്കൊണ്ട് വെറുതെ ആക്രോശിച്ചു സമയം കളയുകയല്ല. ഇതേപ്പറ്റി ഇതിനകം തന്നെ ധാരാളം എഴുതിക്കഴിഞ്ഞതുകൊണ്ട് ആവർത്തിക്കുന്നില്ല. ഈ പോസ്റ്റിലും കമന്റുകളിലുമൊക്കെയാണ് കൂടുതലും അവ കാണാൻ കഴിയുക.

രാഷ്ട്രീയസ്വയംസേവകസംഘം ശ്രീരാമസേനയുടെ ചെയ്തിയെ ശക്തിയായി അപലപിച്ചിട്ടുണ്ട്.
(The RSS sought stringent action against RamSene. It said the government should ban the outfit if it was found necessary).

ബി.ജെ.പി.യുടെ നിലപാടെന്താണെന്നും വ്യക്തമാണ്. ( They may have named themselves after Shri Ram – so what? - they have absolutely nothing to do with the party (the BJP) )

സത്യത്തിൽ ഈപ്പറയുന്ന രാമസേന പോലെയുള്ളവർ ഒതുങ്ങിക്കാണാൻ തന്നെയാണ് സംഘപരിവാറിന്റെ താല്പര്യം. പരിവാർ സംഘടനകളിൽ മുത്തലിക്കിനേപ്പോലെയുള്ളവർക്കുള്ള സ്പേസ് ഉണ്ടായിരുന്നെങ്കിൽപ്പിന്നെ അയാൾക്ക് ഒരിടത്തും നിൽക്കാനാവാതെ ഒടുവിൽ സ്വന്തമായ ഒരു ഗ്രൂപ്പ് ഉണ്ടാക്കേണ്ടിവരുമായിരുന്നില്ല.

ബി.ജെ.പി. ഒഴിച്ചുള്ള മറ്റു പരിവാർ സംഘടനകൾക്ക്, മുത്തലിക്കിന്റെ ആളുകൾ പബ്ബിൽ തല്ലുണ്ടാക്കിയതു രണ്ടു രീതിയിലാണു ദോഷമുണ്ടാക്കിയത്. ഒന്നാമതായി - പലരും അതിനെ സംഘപരിവാറിന്റെ മേൽ ആരോപിച്ചു ബഹളമുണ്ടാക്കിയത്. സംഘം ദുരാരോപണങ്ങളെ ചെറുക്കാൻ കാര്യമായൊന്നും ശ്രമിക്കാ‍ത്ത കൂട്ടർ കൂടിയാണ്. അഥവാ എത്ര തന്നെ തിരുത്തിക്കൊടുത്താലും - ഒരു പരിധിവിട്ടു പ്രചാരണമുണ്ടാകുമ്പോൾ അത് കുറച്ചെങ്കിലും പരിക്കുകൾ അവശേഷിപ്പിക്കാതെയുമിരിക്കില്ല. രണ്ടാമതായി - ആക്രോശങ്ങളുടെ പ്രതിപ്രവർത്തനമെന്ന രീതിയിൽ കുറച്ചെങ്കിലും പേർ അറിയാതെ രാമസേനക്കാരെ സപ്പോർട്ടു ചെയ്തു പോകും എന്നത്. ഈ രണ്ടാമത്തേതാണ് ഏറ്റവും വലിയ തലവേദന. സി.പി.എമ്മുകാർ എം.എൽ.എ.യുടെ മകളെയും സുഹൃത്തിനേയും ഇറക്കിവിട്ട സംഭവത്തിൽക്കൂടി രാമസേന എന്ന പേരു വലിച്ചിഴയ്ക്കുകയും ചെറുപ്പക്കാരന്റെ മതമൊക്കെ ഉയർത്തിപ്പിടിച്ചു പ്രശ്നമാക്കുകയും കേന്ദ്രമന്ത്രിമാരടക്കം കാര്യമറിയാതെ ബഹളം വയ്ക്കുകയും കൂടി ചെയ്തതോടെ രാമസേന എന്നു കേട്ടാൽ നാലാളറിയും എന്ന അവസ്ഥയായി. ചില ചുരുങ്ങിയ പ്രദേശങ്ങളിൽ മാത്രം അറിയപ്പെട്ടിരുന്ന തികച്ചും ചെറിയ ഒരു പ്രാദേശിക ഗ്രൂപ്പിന് ഇതിലും വലിയൊരു പ്രശസ്തി കിട്ടാനില്ല. അവർക്കു കുറേയെങ്കിലും പിന്തുണക്കാരെ കിട്ടിയിട്ടുമുണ്ടാവും. ‘പിങ്ക് ഷഡ്ഡി‘ കാമ്പൈനും ‘പകരം സാരി‘ കാമ്പൈനുമെല്ലാം വിപരീതഫലം ചെയ്തിട്ടുണ്ടാവുമെന്നും ചിലരെയെങ്കിലും രാമസേനയ്ക്കനുകൂലമായി ഒരിക്കലെങ്കിലും ചിന്തിപ്പിക്കാൻ അതു പ്രേരിപ്പിച്ചിട്ടുണ്ടാവുമെന്നും തീർച്ചയാണ്. ഇക്കഴിഞ്ഞയിടെ, വലന്റൈൻസ് ദിനത്തിനു ശേഷം, ജാതിപ്രശ്നങ്ങൾ മൂലം വിവാഹം കഴിക്കാൻ സാധിക്കാതിരുന്ന കമിതാക്കളെ അവർ വിവാഹത്തിനു സഹായിക്കുകയും ചെയ്തതോടെ കൂടുതൽ പ്രശസ്തിയായി. ചുരുക്കിപ്പറഞ്ഞാൽ, എല്ലാവരും കൂടി വളമിട്ടുകൊടുത്ത് രാമസേന എന്ന ചെടിയെ ഇങ്ങനെ വളർത്തി വലുതാക്കുന്നത് സംഘപരിവാറിനു സന്തോഷമൊന്നുമല്ല ഉണ്ടാക്കേണ്ടത്.

ബി.ജെ.പി. ഒഴിച്ചുള്ള സംഘടനകൾക്കാണു വലിയ ദോഷമുണ്ടാക്കിയത് എന്നു പറയാൻ കാരണമുണ്ട്. കർണ്ണാടകത്തിൽ പാർട്ടി അധികാരത്തിലിരിക്കുന്നതുകൊണ്ടു മാത്രമാണ് സംഭവങ്ങൾ ഇത്രയ്ക്കു പർവ്വതീകരിക്കപ്പെട്ടതും ആക്രോശങ്ങൾ ഇത്ര കടുത്തതും. ബി.ജെ.പി. സർക്കാറിന് പരമാവധി നാണക്കേടുണ്ടാക്കുകയായിരിക്കണം ലക്ഷ്യമെന്നു പരസ്യമായി പറയുക പോലും ചെയ്തുകൊണ്ടാണ് പലരും ബഹളം വച്ചത്. മറുവശത്ത് ഗവണ്മെന്റ്റ് ശക്തമായ നടപടികൾ എടുക്കുകയും ചെയ്തു. പബ്ബ് സംഭവവുമായി താരത‌മ്യം ചെയ്യുമ്പോൾ നവനിർമ്മാണസേനയുടെ അക്രമങ്ങളുടെ വ്യാപ്തിയെന്തായിരുന്നു – മഹാരാഷ്ട്രഗവണ്മെന്റ് അവരെ നേരിട്ടതെങ്ങനെ – ഗവണ്മെന്റിന് അതിന്റെ പേരിൽ നേരിടേണ്ടിവന്ന വിമർശനങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടായിരുന്നു-എന്നൊക്കെയുള്ള ഒരു താരത‌മ്യം ഞെട്ടിപ്പിക്കുന്നതാണ്. ആളുകളുടെ സംഘപരിവാർവിരുദ്ധഭർത്സനങ്ങളിലെ കാപട്യം ഒരിക്കൽക്കൂടി വെളുപ്പെടുത്തുന്നതായിരുന്നു അത്തരമൊരു തുലനം ചെയ്യൽ. ഇങ്ങനെ, ഒരു വശത്ത് അന്ധമായ നെഗറ്റീവ് പ്രൊപ്പഗണ്ട കൊടുമ്പിരിക്കൊള്ളുക – മറുവശത്ത് ആരോപണങ്ങളിൽ കഴമ്പില്ലെന്നു തെളിയിക്കുന്ന യാഥാർത്ഥ്യങ്ങൾ തുറന്നുവയ്ക്കപ്പെടുക – ഈയൊരു അവസ്ഥാവിശേഷം ബി.ജെ.പി.യുടെ വളർച്ചയിൽ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

Anonymous said...

Even though in a different context, this speech shows how RSS generally thinks about negative propaganda : http://www.youtube.com/watch?v=BRreaGUD7y4

Anonymous said...

kollam