Monday, May 05, 2008

സി.പി.എമ്മിന്റെ "പാര്‍ട്ടികുടുംബ" നിര്‍മ്മാണം - ചില അണിയറ രഹസ്യങ്ങള്‍

സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ 'സൗഹാര്‍ദ്ദസദസ്സ്‌ ' എന്നൊക്കെയുള്ള പേരില്‍ കുടുംബസംഗമങ്ങള്‍ നടക്കുകയാണ്‌. അതിനുപിന്നിൽ, പാർട്ടികുടുംബങ്ങളുടെ നിർമ്മാണം എന്നൊരു ലക്‌‌ഷ്യം കൂടിയുണ്ടെന്നു പറയപ്പെടുന്നു. ഇപ്പോള്‍ ഇത്തരമൊരു കുടുംബനിർമ്മിതിയേപ്പറ്റി ചിന്തിക്കാൻ പാര്‍ട്ടിയെ പ്രേരിപ്പിച്ചിരിക്കാവുന്ന ഘടകങ്ങളെന്തൊക്കെയാണെന്ന ചില ചിന്തകളാണ്‌ ഇക്കുറി. പലരും പെട്ടെന്നു ശ്രദ്ധിച്ചേക്കില്ലാത്ത - എന്നാല്‍ പകല്‍ പോലെ വ്യക്തമായ - ചില കാര്യങ്ങള്‍.

ഒരേ വീട്ടില്‍ത്തന്നെ പലപാര്‍ട്ടികളില്‍പ്പെട്ട അംഗങ്ങളുണ്ടാകുന്നതിന്റെ പരിണതഫലങ്ങള്‍ വിശദീകരിക്കപ്പെടുന്ന ചെറിയ ചെറിയ ഓഡിയോ ക്ലിപ്പിങ്ങുകള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്‌.

*-*-*-*-*-*-*-*-*-*-*
സംസ്ഥാനത്തു ഭരണവും കേന്ദ്രത്തില്‍ ഭരണനിയന്ത്രണവുമുണ്ടായിരിക്കെ ഇപ്പോള്‍ സര്‍ക്കാര്‍വിരുദ്ധസമരങ്ങള്‍ക്ക്‌ സാദ്ധ്യതയില്ലാതായിത്തീര്‍ന്നിട്ടുണ്ട്‌. അധികാരം കയ്യിലിരിക്കെ, വിലക്കയറ്റത്തിനെതിരെയും ഹൈക്കോടതിബഞ്ചിനുവേണ്ടിയുമൊക്കെയുള്ള പ്രഹസനസമരങ്ങളുടെ പേരില്‍ ജനം തങ്ങളെ പരിഹസിക്കുകയില്ലെന്ന്‌ അണികള്‍ക്കു തന്നെ ഉറപ്പുമില്ല. അപ്പോള്‍പ്പിന്നെ, അണികളെ കര്‍മ്മനിരതരാക്കി നിലനിര്‍ത്തുന്നതിനു മറ്റു വഴിയൊന്നുമില്ലാതായപ്പോള്‍ കണ്ടുപിടിച്ച ഒരു പോംവഴി മാത്രമാണോ 'സ്നേഹസദസ്സുകള്‍?'

അല്ല.

ഇത്‌ ഗൗരവമായിട്ടെടുത്തൊരു പരിപാടി തന്നെയാണ്‌.

ചില മാദ്ധ്യമങ്ങള്‍ പറയുന്നത്‌ 'മുറിവുകളുണക്കാനാണ്‌ ' ഈ സംഗമങ്ങള്‍ എന്നാണ്‌. വിഭാഗീയത ഏറ്റവും താഴേത്തട്ടുവരെ വ്യാപിച്ചിരിക്കുന്നു - പരസ്യമായ തെരുവുയുദ്ധങ്ങളിലേക്കും ആയുധപ്രയോഗങ്ങളിലേക്കും വരെ അതു നീണ്ടിരിക്കുന്നു - പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ മാനസികമായ അകല്‍ച്ച കുറയ്ക്കാന്‍ സംഗമങ്ങള്‍ സഹായിക്കുമെന്നാണത്രെ കണക്കുകൂട്ടല്‍.

മറ്റു ചിലര്‍ പറയുന്നത്‌ ഇത്‌ 'പാര്‍ട്ടികുടുംബങ്ങള്‍ നിര്‍മ്മിച്ചു'കൊണ്ട്‌ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനുള്ള ശ്രമമാണെന്നാണ്‌. കുറച്ചുനാളുകളായി ജനം ഓരോ അഞ്ചുകൊല്ലം കൂടുന്തോറും ഇരുമുന്നണികളേയും മാറിമാറി വാശിയോടെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നു - അപ്പോള്‍ ഓരോതവണയും മറുവശത്തുള്ളവര്‍ക്കു സംഭവിക്കുന്ന സ്വാഭാവിക വിജയം മാത്രമാണ്‌ ഒന്നിടവിട്ട തവണ തങ്ങള്‍ക്കും ലഭിക്കുന്നതെന്നും - അല്ലാതെ തെരഞ്ഞെടുപ്പുവിജയങ്ങള്‍ പാര്‍ട്ടിയുടെ ജനസ്വാധീനത്തിന്റെ അളവുകോലായി കണക്കാക്കാനാവില്ല എന്നും തിരിച്ചറിഞ്ഞിരിക്കുന്നു.

കണ്ണൂരിലുള്ളതുപോലുള്ള 'പാര്‍ട്ടിഗ്രാമ'ങ്ങള്‍ മറ്റുജില്ലകളില്‍ സൃഷ്ടിച്ചെടുക്കുന്നത്‌ അസാദ്ധ്യമാണെന്നിരിക്കെ, കുറേ 'പാര്‍ട്ടികുടുംബ'ങ്ങളെങ്കിലും നിര്‍മ്മിച്ചെടുക്കുക എന്നതാണത്രേ ലക്ഷ്യം. കുടുംബനാഥന്‍ മാര്‍ക്സിസ്റ്റുകാരനായിരിക്കേ പുതുതലമുറ പാര്‍ട്ടിയിലേക്കു വരുന്നതിനു പകരം മറ്റുപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാകുകയും ചിലപ്പോള്‍ സജീവപ്രവര്‍ത്തകര്‍ തന്നെയായി മാറുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്‌. സി.പി.എം. അല്ലാതെ മറ്റൊരു പാര്‍ട്ടി ഇല്ലാത്ത - ഉണ്ടാവാന്‍ അനുവദിക്കാത്ത - ഗ്രാമമാണ്‌ പാര്‍ട്ടിഗ്രാമമെങ്കില്‍, മാര്‍ക്സിസ്റ്റുകാരല്ലാതെ മറ്റാരുമില്ലാത്ത - ഉണ്ടാവാന്‍ അനുവദിക്കാത്ത - കുടുംബമാവണം‌ പാര്‍ട്ടികുടുംബം എന്നറിയപ്പെടാന്‍ പോകുന്നത്‌.

അപ്പോള്‍, പാർട്ടികുടുംബനിർമ്മാണത്തിന്റെ ആവശ്യകതയെന്ത്‌ എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെയുണ്ട്‌.

പാര്‍ട്ടി അനുഭാവികളോ അംഗങ്ങളോ - എന്തിന്‌ - നേതാക്കള്‍ തന്നെയോ ആയവരുടെ അടുത്ത തലമുറ പാര്‍ട്ടിയിലേക്കു വരാതെ മറ്റുപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാകുന്നു!

അതു തടയണം!

മാര്‍കിസ്റ്റുകുടുംബത്തിലെ അംഗങ്ങള്‍ മറ്റെവിടേയ്ക്കു പോകുന്നുവെന്നാണു നേതൃത്വം കരുതുന്നത്‌? ഇതരകമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളിലേയ്ക്കോ? അതോ യു.ഡി.എഫിലെ ഘടക കക്ഷികളിലേതിലേക്കെങ്കിലുമോ? അതോ എല്ലായിടങ്ങളിലേയ്ക്കുമോ?

സ്നേഹസദസ്സെന്ന പരിപാടിയേക്കുറിച്ചും പ്രസംഗങ്ങളേക്കുറിച്ചുമൊക്കെയുള്ള പത്രവാര്‍ത്തകള്‍ പരിശോധിച്ചതില്‍ നിന്ന്‌ നേരിട്ടുള്ള പരാമര്‍ശങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. അതു പ്രതീക്ഷിച്ചും കൂടല്ലോ. ആകെപ്പാടെ ഒരു സൂചന കിട്ടിയത്‌ ഒരു വാചകത്തില്‍ നിന്നു മാത്രമാണ്‌. 'കുടുംബാംഗങ്ങള്‍ക്കിടയിലെ റിബലുകളെ സ്വാധീനിക്കാന്‍ ഫാസിസ്റ്റുകള്‍ക്കും മറ്റും സാധിക്കുന്നു'വെന്നൊരു പ്രയോഗം!

അപ്പോള്‍ അതാണു പ്രശ്നം!

പാർട്ടി പാരമ്പര്യമുള്ള കുടുംബത്തിൽ റിബലുകളുണ്ടാകാതെ നോക്കണം. ഇല്ലെങ്കിൽ അവർ ചിലപ്പോൽ ‘ഫാസിസ്റ്റു‘കളുടെ സ്വാധീനത്തിൽ‌പ്പെട്ടേക്കും!

ആരാണ് ഈ ഫാസിസ്റ്റുകൾ? ആ വാക്കിനു തൃപ്തികരമായൊരു നിർവചനം കൊടുക്കാൻ ഇന്നുവരെ പാർട്ടിഗുരുക്കന്മാർക്കു കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ നിഘണ്ടുവനുസരിച്ചു നോക്കിയാല്‍ അവിടെ 'ബി.ജെ.പി.' എന്നാണ്‌ അര്‍ത്ഥമെടുക്കേണ്ടത്‌. തത്ക്കാലം ഒരു പേരായി മാത്രം അതുമനസ്സിലാക്കുക എന്നാണു മട്ട്‌.

അപ്പോൾ, പാർട്ടിയോടു ചായ്‌വുള്ള കുടുംബങ്ങളിൽനിന്നു ബി.ജെ.പി.ക്കാർ ഉണ്ടായി വരുന്നു. അതു തടയണം.

അച്ഛന്‍ മാര്‍ക്സിസ്റ്റുകാരനും മകന്‍ ബി.ജെ.പി.ക്കാരനുമായ കുടുംബങ്ങള്‍ കേരളത്തില്‍ ഉടലെടുത്തുതുടങ്ങിയത്‌ ഒരു പുതുമയൊന്നുമല്ല. ഇതു സംഭവിക്കാന്‍ തുടങ്ങിയിട്ടു കുറച്ചു വര്‍ഷങ്ങളായി. ശ്രദ്ധയില്‍പ്പെടാതിരുന്നിട്ടുമില്ല. എന്നിട്ടും - എന്തെങ്കിലും ചെയ്തേ പറ്റൂവെന്ന്‌ - ഇപ്പോള്‍ മാത്രമെന്താണു പെട്ടെന്നു തോന്നാന്‍ കാരണം?

അതിന്റെ ഉത്തരമറിയാന്‍, പാര്‍ട്ടിഗ്രാമങ്ങളുടെ നാടായ കണ്ണൂരിലേക്കുതന്നെ നോക്കണം. അവിടെ അടുത്തിടെ നടന്ന സംഭവങ്ങൾ, ‘കുടുംബനിർമ്മാണ’ത്തിനുള്ള തീരുമാനത്തിനു പ്രേരിപ്പിച്ചിട്ടുണ്ടാവണം എന്നതിന്റെ വ്യക്തമായ സൂചനകള്‍ കാണാന്‍ സാധിക്കും.

പരമാവധി സംഘപ്രവര്‍ത്തകരെ കൊന്നൊടുക്കുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക എന്ന ലക്ഷ്യവുമായി അടുത്തിടെ സി.പി.എം. കണ്ണൂരില്‍ നടപ്പാക്കിയ രണ്ടു കലാപങ്ങളില്‍ ആദ്യത്തേത്‌ ആരംഭിച്ചത്‌ 2007 നവംബറില്‍ ആയിരുന്നു. ഒമ്പതുസംഘപ്രവര്‍ത്തകരെ മൃതപ്രായരാക്കുകയും മുപ്പത്തിയഞ്ചോളം പേരുടെ വീടുകള്‍ തകര്‍ക്കുകയും പിന്നീട്‌ വിദ്യാഭാരതിയുടെ സ്കൂള്‍ ആക്രമിച്ച്‌ ഇരുപതുലക്ഷം രൂപയുടെ നഷ്ടം വരുത്തുന്ന മട്ടില്‍ വസ്തുവകകള്‍ നശിപ്പിക്കുകയുമൊക്കെച്ചെയ്തു.

അടുത്തടുത്ത ദിവസങ്ങളിലായി നാലു സംഘപ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുകൊണ്ട്‌ ആരംഭിച്ച ആ കലാപത്തില്‍ ആദ്യം വെട്ടേറ്റത്‌ മുകളില്‍പ്പറഞ്ഞമട്ടുള്ള ഒരു 'ബഹുകക്ഷികുടുംബ'ത്തിലെ അംഗത്തിനാണ്‌.

മാഹിയില്‍ - ഷെറിന്‍ എന്ന സംഘപ്രവര്‍ത്തകനായിരുന്നു ആദ്യത്തെ വെട്ടേല്‍ക്കുന്നത്‌.

ഷെറിന്റെ അമ്മ സി.പി.എം. അംഗം മാത്രമല്ല - നേതാവുകൂടിയാണ്‌. കഴിഞ്ഞടേമില്‍ സി.പി.എമ്മിന്റെ ബാനറില്‍ തെരഞ്ഞെടുപ്പു ജയിച്ച പഞ്ചായത്തുമെംബര്‍ കൂടിയായിരുന്നു അവര്‍. പക്ഷേ മകന്‌ താത്പര്യം തോന്നിയത്‌ സംഘത്തിന്റെ ആദര്‍ശങ്ങളിലാണ്‌.

വെട്ടി!

ഭാഗ്യവശാല്‍ ജീവന്‍ തിരിച്ചുകിട്ടി. ഇപ്പോള്‍ പരസഹായം കൂടാതെ കഴിയാനാവാത്ത മകനെ, സി.പി.എമ്മുകാരിയായ അമ്മ തന്നെ ശുശ്രൂഷിക്കുന്നു.

ഒരു പ്രസംഗത്തില്‍നിന്നെടുത്ത ചെറിയൊരു ഓഡിയോ ക്ലിപ്‌ താഴെ.

(Download this clip)

മാര്‍ക്സിസ്റ്റുഭീകരതയ്ക്കൊപ്പം ഭീരുത്വവും കൂടി കുറേക്കൂടി നഗ്നമായി വെളിപ്പെട്ട രണ്ടാം കലാപം നടന്നത്‌ 2008 മാര്‍ച്ചു മാസത്തില്‍. അതിനു തുടക്കമിട്ടത്‌ സുമേഷ്‌ എന്ന സംഘനേതാവിനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു. എന്നാല്‍, ആദ്യദിനം തന്നെ വധിയ്ക്കപ്പെട്ട രണ്ടു സംഘാനുഭാവികളിലൊരാളായ 'നിഖില്‍', മുകളില്‍പ്പറഞ്ഞമട്ടുള്ള ഒരു 'ബഹുകക്ഷികുടുംബാംഗ'മാണ്‌.

ദാരിദ്ര്യത്തിനിടയിലും ദേശാഭിമാനി മുടങ്ങാതെ വന്നുവീഴുന്നൊരു കുടുംബത്തിലെ അംഗമായിരുന്നു നിഖില്‍. സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമങ്ങളിലൊന്നിലുള്ള ആ വീടിന്റെ ചിത്രം താഴെ.

നിഖിലിനോട്‌ പാര്‍ട്ടിമാറണമെന്ന്‌ പലരും ആവശ്യപ്പെട്ടതാണ്‌. പ്രശ്നങ്ങളുണ്ടാകുന്ന സമയത്ത്‌ കരുതിയിരിക്കണമെന്ന്‌ പലരും ഉപദേശിച്ചിരുന്നതുമാണ്‌. താന്‍ മനസ്സില്‍ ഒരു ആദര്‍ശം സൂക്ഷിക്കുന്നുവെന്നല്ലാതെ പ്രവര്‍ത്തിക്കുന്നുപോലുമില്ലല്ലോ? എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിനു മറുപടിയായുണ്ടായിരുന്നത്‌. ആ മറുപടിയുടെ വിലയായി - മനസ്സില്‍ സംഘാദര്‍ശം സൂക്ഷിച്ചതിന്റെ പേരില്‍ മാത്രം - അദ്ദേഹത്തിന്‌ തന്റെ ജീവന്‍ നല്‍കേണ്ടിവന്നു.

(Download this clip)

അപ്പോള്‍, കണ്ണൂരിലെ രണ്ടുകലാപങ്ങളുടെയും ചരിത്രത്തിന്റെ തുടക്കത്തില്‍ത്തന്നെ കേള്‍ക്കുന്നത്‌ ഒരേകാര്യം തന്നെയാണ്‌. കൊല്ലാനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ പോയ ആദ്യകലാപത്തിലെ ആദ്യശ്രമവും - കൊല്ലാന്‍ സാധിച്ച രണ്ടാം കലാപത്തിലെ ആദ്യകൊലയും - രണ്ടിനും പൊതുവായുള്ള കാര്യവും അതു തന്നെയാണ്‌. രണ്ടിടത്തും - സംഘപ്രവര്‍ത്തകനോ അനുഭാവിയോ ആയ മകന്‌ വെട്ടേറ്റതില്‍ മനസ്സുപൊള്ളിക്കഴിയുന്ന മാതാപിതാക്കള്‍ മാര്‍ക്സിസ്റ്റുകാരാണ്‌ !

കലാപത്തിനിടെ സി.പി.എമ്മുകാര്‍ തങ്ങളുടെ തന്നെ പ്രവര്‍ത്തകനായ ബാലന്റെ വീട്‌ ആക്രമിക്കുകയും വളര്‍ത്തുനായയെ വെട്ടിക്കൊല്ലുകയുമൊക്കെ ചെയ്തിരുന്നു. ബാലന്റെ മക്കള്‍ ബി.ജെ.പി.ക്കാരാണ് എന്നതായിരുന്നു കാരണം.

കലാപത്തിനിടെ കൊല്ലപ്പെട്ട മഹേഷ്‌ എന്ന ചെറുപ്പക്കാരൻ മാർക്സിസ്റ്റ് ആഭിമുഖ്യം ഉപേക്ഷിച്ച്‌ സംഘപ്രസ്ഥാനങ്ങളിലേയ്ക്കു വന്നിട്ട്‌ അധികം കാലമായിരുന്നില്ല.

ഉദാഹരണങ്ങൾ നിരവധിയാണ്.

കലാപങ്ങള്‍ക്കു മുമ്പുണ്ടായ സംഭവങ്ങളും ഇതിനു സമാനമാണ്‌.

മുഴപ്പിലങ്ങാട്‌ സൂരജ്‌ എന്ന സംഘപ്രവര്‍ത്തകനെ മാര്‍ക്സിസ്റ്റുകള്‍ വധിച്ചിരുന്നു. പാര്‍ട്ടിഗ്രാമത്തില്‍ നിന്നു തന്നെയുള്ള - ഡി.വൈ.എഫ്‌.ഐയുടെ ഭാരവാഹിത്വം വരെയുണ്ടായിരുന്ന - വ്യക്തിയായിരുന്നു സൂരജ്‌. സംഘാദര്‍ശങ്ങളില്‍ ആകൃഷ്ടനായി ഏഴുമാസങ്ങള്‍ക്കുള്ളില്‍ വധിക്കപ്പെട്ടു.

(Download this clip)

പടുവിലായിയില്‍ ഷാജി എന്നയാള്‍ വധിക്കപ്പെട്ടതിന്റെ കാരണവും, സി.പി.എം. വിട്ടു സംഘത്തിലേക്കു വന്നു എന്നതായിരുന്നു.

(Download this clip)


കണ്ണൂരിലെ ആദ്യകാല പ്രാദേശിക കമ്മ്യൂണിസ്റ്റുനേതാക്കന്മാരില്‍ പ്രമുഖനായിരുന്നൊരാളിന്റെ കൊച്ചുമകനായിരുന്നു വിശ്വന്‍. മാര്‍ക്സിസ്റ്റുകോട്ടയില്‍ എ.ബി.വി.പി.യുടെ പ്രവര്‍ത്തനം സംഘടിപ്പിച്ചു എന്ന ഒരൊറ്റക്കാരണത്താല്‍ കൊല്ലപ്പെട്ടു.

(Download this clip)

സി.പി.എം. നേതാവായ പുഞ്ചയില്‍ നാണുവിന്റെ മരുമക്കളായിരുന്നു സുജേഷും സുനിലും. പാര്‍ട്ടിവിട്ട്‌ സംഘത്തിലേക്കു പോവുകയും ഒരുവര്‍ഷത്തിനുള്ളില്‍ വധിക്കപ്പെടുകയും ചെയ്തു.

(Download this clip)


പാര്‍ട്ടിയുടെ പ്രാദേശിക-ജില്ലാ തലത്തിലുള്ള നേതാക്കളുടെ മാത്രമല്ല - സംസ്ഥാന - ദേശീയ-നേതാക്കളുടെ ബന്ധുക്കള്‍ കൂടി സംഘത്തിലേക്കു വരികയും അതിന്റെ പേരില്‍ വെട്ടേല്‍ക്കുകയും ചെയ്തിട്ടുണ്ട്‌. 2007 മാര്‍ച്ചിലാണ്‌ പി.ബി.അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്റെ ഒരു ബന്ധുവിന്‌ വെട്ടേറ്റത്‌. സംഘപ്രസ്ഥാനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തനോത്സുകനായി മുന്നോട്ടു വന്നതായിരുന്നു കുറ്റം!

സംഘപ്രവര്‍ത്തകനായ മകന്‌ സിപിഎമ്മുകാര്‍ ഊരുവിലക്കു കല്‍പിച്ച്‌ വര്‍ഷങ്ങളോളം വീട്ടില്‍നിന്ന്‌ അകറ്റി നിര്‍ത്തിയപ്പോള്‍, തിരുവോണത്തിന്റെ അന്നെങ്കിലും അവനൊന്നു വീട്ടില്‍ വന്ന്‌ അച്ഛനമ്മമാര്‍ക്കൊപ്പം ഊണുകഴിച്ചോട്ടേ എന്നു യാചിക്കുവാനായി പാര്‍ട്ടി നേതാക്കളുടെ അടുത്തെത്തിയതും - പറ്റില്ലെന്നു കേട്ട്‌ കരഞ്ഞുകൊണ്ടു മടങ്ങേണ്ടി വന്നതും മാര്‍ക്സിസ്റ്റുകാരനായ ഒരു അച്ഛനു തന്നെ.

(Download this clip)

അപ്പോള്‍, കണ്ണൂരില്‍ സി.പി.എം. അടുത്തിടെ നടത്തിയ കലാപങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം ഇടയ്ക്കിടയ്ക്ക്‌ അറിയാതെ കടന്നുവന്നുകൊണ്ടിരുന്നത്‌ ആ ഒരു കാര്യം തന്നെയാണ്‌. മാര്‍ക്സിസ്റ്റുകാരായ മാതാപിതാക്കളുടെ - സംഘാനുഭാവിയായ മകനെ മാര്‍ക്സിസ്റ്റുകാര്‍ ചേര്‍ന്നു വെട്ടുന്നു - പലപ്പോഴും കൊല്ലുന്നു.

മാർക്സിസ്റ്റുകൊലക്കത്തിയ്ക്കിരയാകുന്നവരേക്കുറിച്ചു സംസാരിക്കേണ്ടിവരുമ്പോളെല്ലാം ഇടയ്ക്കിടെ അവരുടെ മാർക്സിസ്റ്റുകുടുംബപശ്ചാത്തലം കൂടി കടന്നുവരുന്നു. എന്നെങ്കിലും ഇതിനൊരവസാനം വേണ്ടേയെന്ന്‌ പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ആരെങ്കിലും ചോദിച്ചിട്ടുണ്ടാവണം.

പലവിധ പരിഹാരങ്ങളുണ്ടായിരുന്നു അതിന്‌. അസഹിഷ്ണുതയവസാനിപ്പിക്കാമെന്നും, പോകുന്നവര്‍ പോട്ടെ എന്നു വയ്ക്കാമെന്നും, ആയുധം താഴെ വയ്ക്കാമെന്നും, എന്തുകൊണ്ടുപോകുന്നു എന്നു ചിന്തിക്കാമെന്നും - അങ്ങനെ പലതും.

പക്ഷേ പാര്‍ട്ടി ചിന്തിച്ചതു മറ്റൊരു വഴിക്കായിരിക്കണം. പാര്‍ട്ടികുടുംബത്തില്‍ നിന്ന്‌ മറ്റിടങ്ങളിലേക്കു പോകുന്ന അവസ്ഥയുള്ളതുകൊണ്ടല്ലേ വെട്ടേണ്ടി വരുന്നത്‌? ആരും പോവില്ല - പോവാനുള്ള സാദ്ധ്യതകള്‍ മുളയിലേ നുള്ളിക്കളയും - എന്നാണെങ്കില്‍പ്പിന്നെ, ആയുധമെടുക്കലും അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുന്നതും ഒഴിവാക്കാമല്ലോ. അതല്ലേ കൂറേക്കൂടി ബുദ്ധിപരം - എന്നു ചിന്തിച്ചിട്ടുണ്ടാവണം.

അത്തരമൊരു തോന്നലില്‍ നിന്നായിരിക്കണം 'പാര്‍ട്ടികുടുംബങ്ങള്‍ വളര്‍ത്തണ'മെന്ന തീരുമാനം ഉടലെടുത്തത്‌. സി.പി.എമ്മുകാരല്ലാതെ മറ്റാരുമില്ലാത്ത - സി.പി.എമ്മിന്റെ നയങ്ങളെ അന്ധമായി പിന്തുണയ്ക്കുക മാത്രം ചെയ്യുന്ന - ചിന്താസ്വാതന്ത്ര്യം വിലക്കപ്പെട്ട - കൊച്ചുകൊച്ചു ജനസമൂഹങ്ങള്‍!

*-*-*-*-*-*-*-*-*-*-*
ഇത്തരമൊരു കുടുംബനിര്‍മ്മിതി സാദ്ധ്യമാകുമോ എന്നതാണ്‌ അടുത്ത ചോദ്യം.

അങ്ങേയറ്റം ദുസ്സാദ്ധ്യമെന്നല്ല - അസാദ്ധ്യമാണത്‌ - എന്നു തന്നെയാണതിന്റെ മറുപടി.

ഇത്‌ സ്വതന്ത്രചിന്തയുടേയും സ്വതന്ത്രമാദ്ധ്യമങ്ങളുടെയുമൊക്കെ കാലമാണ്‌. ഒരുതരം "കുത്തകവിരുദ്ധവികാരം" എന്നത്‌ കക്ഷികളുടെ കാര്യത്തിലും ബാധകമാണ്‌. പ്രത്യയശാസ്ത്രപുസ്തകങ്ങള്‍ക്കു മുന്നില്‍ മാനസികാടിമത്തം പ്രഖ്യാപിച്ചു കീഴടങ്ങിക്കഴിയുവാന്‍ പഴയതുപോലെ ആളുകള്‍ തയ്യാറാവുന്നില്ല. മതമൗലികവാദത്തിന്റെ മറ്റൊരു മുഖം മാത്രമായ - അതിനേക്കാള്‍ അപകടകരം കൂടിയായ - 'പാര്‍ട്ടിമൗലികവാദ'ത്തോട്‌ ആളുകള്‍ക്ക്‌ ആഭിമുഖ്യം നശിക്കുകയുമാണ്‌. 'ഇവിടെ ഈ പാര്‍ട്ടി മതി' എന്ന ശാഠ്യത്തിനു നേരെ കീഴടങ്ങാന്‍ കൂട്ടാക്കാത്തവര്‍ ഉയര്‍ത്തുന്ന വിമതസ്വരം കര്‍ക്കശവും കുറേക്കൂടി ശക്തവുമായിരിക്കും താനും.

പാര്‍ട്ടിഗ്രാമങ്ങളും മറ്റും സൃഷ്ടിക്കപ്പെട്ട സാഹചര്യങ്ങളില്‍നിന്ന്‌ കാലമേറെ മുന്നോട്ടുപോയിരിക്കുന്നു എന്നതു തന്നെയാണിവിടുത്തെ അടിസ്ഥാനപരമായ തടസ്സം. പാര്‍ട്ടി വളര്‍ച്ച നേടിയ പഴയകാലത്തെ സാമൂഹികാന്തരീക്ഷമല്ല ഇന്നു നിലവിലുള്ളത്‌. ആളുകള്‍ സ്വയം പാര്‍ട്ടിയിലേക്കു വലിച്ചടുപ്പിക്കപ്പെടുന്ന ഘടകങ്ങളൊന്നും ഇന്നു നിലവിലില്ല. പുതിയ അനുഭാവികളെ സൃഷ്ടിക്കണമെങ്കില്‍ത്തന്നെ അദ്ധ്വാനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നു മാത്രമല്ല - നിലവിലുള്ളവരെ അടുപ്പിച്ചു നിര്‍ത്തുവാനും - അത്‌ ഏതുപാര്‍ട്ടിയുമായിക്കൊള്ളട്ടെ - തൃണമൂലതലത്തിലുള്ള നിരന്തരപ്രവര്‍ത്തനം അത്യാവശ്യവുമാണ്‌.

പാര്‍ട്ടിക്കനുകൂലമായ വികാരങ്ങളുണര്‍ത്തുന്ന വിവരങ്ങള്‍ മാത്രം ഒരുകുടുംബത്തിലെ എല്ലാവര്‍ക്കും നിരന്തരം എത്തിച്ചുകൊണ്ടിരിക്കുക എന്നത്‌ ഇന്നത്തെക്കാലത്ത്‌ അപ്രായോഗികം തന്നെയാണ്‌. ദേശാഭിമാനി മാത്രം വായിക്കുന്നവരുടെ എണ്ണം ഓരോ ദിനവും ചുരുങ്ങിവന്നേ പറ്റൂ. പാര്‍ട്ടിപത്രം തരുന്ന വിവരങ്ങളില്‍ നിന്നു കടകവിരുദ്ധമായ വിവരങ്ങളുമായി അനേകം മാദ്ധ്യമങ്ങള്‍ ചുറ്റും ചിതറിക്കിടക്കുമ്പോള്‍ പാര്‍ട്ടി പറയുന്നതില്‍ മാത്രം വിശ്വാസമുറപ്പിച്ചു നിര്‍ത്തുന്നതിന്‌ കഠിനമായ മാനസികപ്രയത്നം തന്നെ വേണ്ടിവരും. 'കൈരളി' ചാനലിന്റെ തൊട്ടപ്പുറത്തും ഇപ്പുറത്തുമെല്ലാമായി ഒരു ബട്ടണമര്‍ത്തുക മാത്രം ചെയ്യുമ്പോള്‍ മറ്റനവധി വിവരങ്ങള്‍ ലഭ്യമാണെന്നിരിക്കേ, 'വിശ്വാസസംരക്ഷണം' എന്നത്‌ വലിയൊരു വെല്ലുവിളി തന്നെയാണ്‌. എത്രയെത്ര സ്റ്റഡിക്ലാസുകളില്‍ പങ്കെടുത്താലും ശരി - മറിച്ചുള്ള വിവരങ്ങളുമായി നാലുചുറ്റും നിന്നുമുയരുന്ന ശബ്ദങ്ങള്‍ക്കു നേരെ നിരന്തരം ചെവികൊട്ടിയടച്ചുകൊണ്ടു ജീവിക്കുക എന്നത്‌ ഏതൊരാളെ സംബന്ധിച്ചും തീര്‍ത്തും ദുഷ്ക്കരം തന്നെയാണ്‌.

സ്വന്തം പ്രതിച്ഛായ നിലനിര്‍ത്തുന്നതില്‍ മാത്രമല്ല - മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിലുമതെ - പഴയതുപോലെ കാര്യങ്ങളിന്ന്‌ എളുപ്പമല്ല. ദുരാരോപണങ്ങള്‍ ആര്‍ക്കെതിരെ ഉന്നയിച്ചാലും ശരി - അത്‌ ഉടനടിപൊളിഞ്ഞുവീഴുന്നു എന്നൊരു സാഹചര്യമുണ്ടാവുമ്പോള്‍, ആരോപണമുന്നയിച്ചവരെത്തന്നെയാണതു പ്രതികൂലമായി ബാധിക്കുക.

സമകാലീന സംഭവങ്ങളെടുത്താല്‍ത്തന്നെ ഉദാഹരണങ്ങള്‍ നിരവധിയാണ്‌. സംഘപ്രസ്ഥാനങ്ങള്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത അനവധി സംഭവങ്ങളിലാണ്‌ കുറ്റം അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടത്‌. ഫസല്‍ - വത്സരാജക്കുറുപ്പ്‌ - അങ്ങനെ മാര്‍ക്സിസ്റ്റുകള്‍ തന്നെ നടത്തിയ പല കൊലപാതകങ്ങളുടെ പിന്നില്‍പ്പോലും സംഘമാണെന്നു പ്രചാരണം നടത്തി. അവയുടെയെല്ലാം യാഥാര്‍ത്ഥ്യം അധികം വൈകാതെ തന്നെ തിരിച്ചറിയപ്പെടുകയും ചെയ്തു. മാര്‍ക്സിസ്റ്റുപാര്‍ട്ടി തന്നെ മനപ്പൂര്‍വ്വം കലാപമുണ്ടാക്കിയതിനുശേഷം അതൊരു 'തിരിച്ചടി' മാത്രമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതും പരാജയപ്പെട്ടു. വാര്‍ത്താവിനിമയ-സാങ്കേതിക രംഗത്ത്‌ വന്‍പുരോഗതിയുണ്ടായിരിക്കുന്ന ഇക്കാലത്ത്‌ പഴയതുപോലെ വസ്തുതകള്‍ മറച്ചുപിടിച്ചുകൊണ്ട്‌ രക്ഷപെടുവാന്‍ സാധിക്കില്ല.

ഏറ്റവുമൊടുവില്‍, ചങ്ങനാശ്ശേരിയില്‍ എ.എസ്‌.ഐ. മരണപ്പെട്ടസംഭവത്തിലും ധൃതിപിടിച്ചുള്ള രാഷ്ട്രീയനീക്കങ്ങളുണ്ടായത്‌ മാര്‍ക്സിസ്റ്റുകാരായ പ്രതികളെ രക്ഷിക്കാനായിരുന്നുവെന്നു പരക്കെ വിശ്വസിക്കപ്പെടുന്ന സാഹചര്യമുണ്ടായി. കുറ്റാരോപിതരെ ക്രൂരമായി പീഢിപ്പിച്ചതും ആ പോലീസുകാര്‍ക്ക്‌ അംഗീകാരം നല്‍കിയതും പരക്കെ അപലപിക്കപ്പെട്ടു. ഒടുവില്‍, മൊഴിമാറ്റം എന്ന കൊടിയ നാണക്കേടിനിടയാകുകയും ചെയ്തു. നിരപരാധികളെ അറസ്റ്റുചെയ്തുപീഢിപ്പിക്കുന്ന വാര്‍ത്തകള്‍ എന്നിട്ടും തുടരുകയാണ്‌.

പാര്‍ട്ടി തങ്ങള്‍ക്കെത്തിച്ചുതന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ നുണകളാണെന്ന തിരിച്ചറിവുകള്‍ തുടരെത്തുടരെ വന്നുകൊണ്ടിരിക്കെ, എന്തിനാണിതെല്ലാം ഇനിയും വിശ്വസിക്കുന്നത്‌ എന്നൊരു തോന്നലുണ്ടായേക്കാവുന്ന പ്രവര്‍ത്തകനെ തിരുത്തുക എന്നത്‌ എളുപ്പമല്ല.

ഇടതുപക്ഷാഭിമുഖ്യമുണ്ടായിരുന്നവര്‍ സംഘത്തിലേക്കു പോകുന്നുണ്ടെങ്കില്‍, അത്‌ എന്തുകൊണ്ടാണെന്നു കണ്ടെത്തുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ആയുധം കാട്ടി ഭീഷണിപ്പെടുത്തി സംഘപ്രവര്‍ത്തനം തടയാമായിരുന്നുവെങ്കില്‍, സംഘത്തെ മാര്‍ക്സിസ്റ്റുകള്‍ ആക്രമിച്ചുതുടങ്ങിയ 1969-ല്‍തന്നെ അതു സാധിച്ചേനെ. തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന സാഹചര്യത്തില്‍പ്പോലും - അതും മാര്‍ക്സിസ്റ്റു കോട്ടകളില്‍ - ആളുകള്‍ സംഘത്തിലേക്കു പോകുന്നുണ്ടെങ്കില്‍, അവിടെ അടിയുറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍, എന്ത്‌ ആദര്‍ശമാണവരെ കൂട്ടിയിണക്കുന്നതെന്നു കണ്ടെത്തണം. കണ്ണൂരിലെന്നല്ല എവിടെയായാലും ശരി - അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും അയിത്തപ്രഖ്യാപനങ്ങളും നുണപ്രചാരണങ്ങളും സംഘത്തെ തളര്‍ത്തുകയല്ല - വളര്‍ത്തുകതന്നെയാണു ചെയ്തിട്ടുള്ളതെന്ന തിരിച്ചറിവാണ്‌ ആദ്യമുണ്ടാകേണ്ടത്‌.

കുറഞ്ഞപക്ഷം, വിട്ടുവീഴ്ചയില്ലാത്ത ദേശീയവീക്ഷണങ്ങളും രാഷ്ട്രഭാവനയുമൊക്കെയാണ്‌ സംഘാനുഭാവത്തിന്റെയും ചിന്തകളുടെയും കാതലെന്ന അടിസ്ഥാനപരമായ തിരിച്ചറിവെങ്കിലും ഉണ്ടാക്കിയെടുക്കണം. അതുപോലുമില്ലാതെ നടത്തുന്ന ഏതൊരു സംഘപ്രതിരോധവും തരിമ്പും വിജയിക്കാന്‍ പോകുന്നില്ല.

പക്ഷേ, 'ചിന്ത' എന്നതും 'ദേശാഭിമാനം' എന്നതും പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍ മാത്രമാക്കി ചുരുക്കിക്കൊണ്ട്‌ മറ്റു കാര്യങ്ങളുടെ തിരക്കിലാണു മാര്‍ക്സിസ്റ്റുകള്‍. ഒളിമ്പിക്സ്‌ നടക്കുന്നതു ചൈനയിലാണെന്ന ഒറ്റക്കാരണത്താല്‍ - ചൈനയുടെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നു എന്ന ഒറ്റക്കാരണത്താല്‍ - കേരളത്തില്‍ “ഐക്യദാര്‍ഢ്യപ്രതിജ്ഞ“യും പ്രകടനങ്ങളും നടത്താന്‍ തിരക്കുകൂട്ടിയവരാണു മാര്‍ക്സിസ്റ്റുകള്‍.

മറ്റുപലരാജ്യങ്ങളുടെയും ഉപഗ്രഹങ്ങള്‍ നാം വിക്ഷേപിക്കുന്ന കൂട്ടത്തില്‍ ഇസ്രായേലിന്റേതും പെട്ടു പോയാല്‍, അത്‌ ഇറാനുമേല്‍ ചാരനിരീക്ഷണത്തിനുള്ളതാവുമോ എന്നാണ്‌ ഇടതുപക്ഷം ആശങ്കപ്പെടുന്നത്‌. ചൈന പാക്കിസ്ഥാന്‌ ആയുധം നല്‍കുന്നതേപ്പറ്റി അവര്‍ക്ക്‌ ആശങ്കയൊന്നുമില്ല താനും.

ഇന്ത്യയുടെ അണുപരീക്ഷണങ്ങളെ എന്നും ഭര്‍ത്സിക്കുക മാത്രം ചെയ്തിട്ടുള്ള ഇടതുപക്ഷത്തിന്‌, ഇറാനെ അണുപരീക്ഷണം നടത്താന്‍ അനുവദിക്കുന്ന മട്ടില്‍ നാം വോട്ടുചെയ്തില്ലെങ്കില്‍ സര്‍ക്കാറിനെ മറിച്ചിടുമെന്നു വരെ ഭീഷണിപ്പെടുത്താന്‍ മടിതോന്നിയില്ല. ചൈന നമ്മെ ആക്രമിച്ചതിന്റെ നടുക്കം മാറുന്നതിനുമുമ്പു തന്നെ അവർ തങ്ങളുടെ ആണവപരീക്ഷണങ്ങൾ ആരംഭിച്ചപ്പോൾ അതു സ്വാഗതം ചെയ്യുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തവർ കൂടിയാണ് ഇടതുപക്ഷം.

ഇപ്പോളത്തെ ആണവക്കരാര്‍ നിര്‍ദ്ദേശം മുസ്ലീംവിരുദ്ധമാണ്‌ എന്നുപോലും ഇടതുപക്ഷം പറഞ്ഞുകളഞ്ഞുവെന്നാണ്‌ ഒരു ക്രൈസ്തവനേതാവിന്റെ പ്രസ്താവനയില്‍നിന്നു മനസിലാകുന്നത്‌. ക്രൈസ്തവവിരുദ്ധവികാരം ഇളക്കുന്നതിനുള്ള സുരക്ഷിതമാന്ത്രികവാക്കായി മാറിക്കഴിഞ്ഞു "സാമ്രാജ്യത്വവിരുദ്ധത" എന്നതുകൊണ്ടാണ്‌ അത്തരം കോണുകളില്‍ നിന്നു പ്രതികരണമുണ്ടാവുന്നതും. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി - മതവികാരങ്ങള്‍ ഇളക്കിവിട്ടുകൊണ്ടും ദേശീയവികാരങ്ങള്‍ക്കു പുല്ലുവിലകല്‍പിച്ചുകൊണ്ടും ഇടതുപക്ഷം നടത്തിയിട്ടുള്ള പ്രസ്താവനകളും പ്രവൃത്തികളും അനവധിയാണ്‌.

മുംബൈയിൽ തീവ്രവാദിയാക്രമണമുണ്ടായി അനവധി ഭാരതീയര്‍ മരിക്കുകയും രാഷ്ട്രമൊന്നടങ്കം ദു:ഖമാചരിക്കുകയും ചെയ്തദിവസങ്ങളില്‍, ലെബനനിലെ "പോരാളി"കള്‍ക്ക്‌ ഐക്യദാര്‍ഢ്യവുമായി പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്ന തിരക്കിലായിരുന്നു മാര്‍ക്സിസ്റ്റുകള്‍!

ഇവിടെയെല്ലാം, മറ്റുള്ളവര്‍ക്കായി നിലകൊള്ളുന്നുവെന്നതല്ല - മറിച്ച്‌ - ഭാരതീയജനതയുടെ ഐക്യം തകര്‍ക്കുകയും അതു മുതലെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൂടിയുള്ളതുകൊണ്ടാണ്‌ അത്‌ രാഷ്ട്രഹിതങ്ങള്‍ക്ക്‌ എതിരാകുന്നത്‌. ചൈന നമ്മെ ആക്രമിച്ചപ്പോള്‍ അവരെ പരസ്യമായി പിന്തുണച്ചവരില്‍ നിന്ന്‌ കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നതിലര്‍ത്ഥമില്ല. പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ക്കുമുമ്പില്‍ അവര്‍ രാഷ്ട്രഹിതങ്ങള്‍ എന്തും പണയം വയ്ക്കാന്‍ മടിച്ചേക്കില്ല.

നേരേമറിച്ച്‌ - ഓരോ തവണയും നെഞ്ചില്‍ കൈചേര്‍ത്തുവച്ച്‌ "നമസ്തേ സദാവത്സലേ മാതൃഭൂമേ" എന്നാരംഭിക്കുന്ന പ്രാര്‍ത്ഥനചൊല്ലിക്കൊണ്ടല്ലാതെ - മാതൃഭൂമിയോടുള്ള അചഞ്ചലമായ ഭക്ത്യാദരങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടല്ലാതെ - മാതൃഭൂമിക്കായി സര്‍വ്വവും ത്യജിക്കാന്‍ തയ്യാറാണെന്ന പ്രതിജ്ഞയാവര്‍ത്തിച്ചുകൊണ്ടല്ലാതെ - സംഘത്തിന്റെ ഒരു കാര്യപരിപാടിയും നടക്കാറില്ല.

രാഷ്ട്രത്തോടുള്ള സമീപനത്തില്‍ അതിഭീമമായ അന്തരമുണ്ടിവിടെ. ആളുകള്‍ മാറിച്ചിന്തിക്കണമെങ്കില്‍ ആവോളം കാരണങ്ങളുണ്ടെന്നു മനസ്സിലാക്കുകയാണ്‌, ആയുധമെടുക്കുന്നതിനു മുമ്പ്‌ ആദ്യം ചെയ്യേണ്ടത്‌.

രാഷ്ട്രതാത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന പ്രതിജ്ഞ മറ്റുള്ളവരെ എതിര്‍ക്കുന്നതിനും ആക്രമിക്കുന്നതിനുമുള്ള പ്രേരണയുണ്ടാക്കുന്നുവെന്ന വാദവും യാതൊരു കഴമ്പുമില്ലാത്തതാണ്‌. ചരിത്രത്തിലിന്നോളം ഒരു അധിനിവേശം നടത്തിയ കഥ പറയാനില്ലാത്തൊരു രാഷ്ട്രമാണു ഭാരതം. പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളിലെ അന്തരത്തിന്റെ വിശദാംശങ്ങളും അക്കാര്യത്തിലെ ഇടതുപക്ഷവീക്ഷണങ്ങളിലെ പിശകുകളും, വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു.

വര്‍ഗ്ഗീയത എന്ന പദത്തിലൂന്നിക്കൊണ്ടു മാത്രം എത്രനാള്‍ സംഘത്തിനെതിരെയുള്ള വിദ്വേഷപ്രചാരണം തുടരാനാകും എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്‌. 'ഹിന്ദുരാഷ്ട്ര'സങ്കല്‍പ്പത്തെ വികലമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചുകൊണ്ടും, മറ്റിടങ്ങളില്‍ നൂറുശതമാനവും പ്രാദേശികമായ കാരണങ്ങളാല്‍ മാത്രം ഉടലെടുക്കുന്ന പ്രശ്നങ്ങളെ ദേശീയതലത്തിലുള്ള ഗൂഢാലോചനയെന്നും മറ്റും ചിത്രീകരിച്ചുകൊണ്ടും ഇടതുപക്ഷം മറ്റിടങ്ങളില്‍ വര്‍ഗ്ഗീയമായ മുതലെടുപ്പു നടത്തുന്നതു മനസ്സിലാക്കാന്‍ സാമാന്യമായ യുക്തിബോധം മാത്രം മതി. ഇടതുപക്ഷമല്ലാതെ മറ്റാരുമല്ല - ഇവിടെ വര്‍ഗ്ഗീയചേരിതിരിവുകള്‍ പരമാവധി സൃഷ്ടിക്കാനും അതു മുതലെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

സങ്കുചിതമായ വര്‍ഗ്ഗീയതാല്‍പര്യങ്ങളാല്‍ മാത്രം നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങളായിരുന്നു സംഘത്തിനൊപ്പമുള്ളവയെങ്കില്‍, അവര്‍ക്കു ഭാരതം പോലൊരു പ്രദേശത്തു സര്‍വത്രവ്യാപിക്കാനും ശക്തമായ ജനസ്വാധീനമുറപ്പിക്കാനും കഴിഞ്ഞതെങ്ങനെയെന്നെങ്കിലും ചിന്തിക്കേണ്ടതായിരുന്നു. രാഷ്ട്രസേവനമെന്നത്‌ ഏതൊരു രാഷ്ട്രപുത്രന്റേയും കര്‍ത്തവ്യം മാത്രമാണെന്നും അതു കൊട്ടിഘോഷിക്കപ്പെടേണ്ടതല്ലെന്നുമുള്ള നയത്തിന്റെ ഭാഗമായി നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നുവെന്നല്ലാതെ രഹസ്യമായൊന്നുമല്ല സംഘപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ആര്‍ക്കുവേണമെങ്കിലും വിശദാംശങ്ങള്‍ അന്വേഷിച്ചുകണ്ടത്താവുന്നൊരു സാഹചര്യമുള്ളപ്പോള്‍, എത്രതന്നെ പ്രചരിപ്പിച്ചാലും അവരെ പ്രതിരോധിക്കാനാവുന്നതിനൊരു പരിധിയുണ്ട്‌. സത്യത്തില്‍, നിഷേധാത്മകമായ പ്രചാരണങ്ങള്‍ എക്കാലത്തും സംഘവ്യാപനത്തിനു സഹായകരമാവുകയാണുണ്ടായത്‌.

സംഘകുടുംബത്തിലെ രാഷ്ട്രീയസാന്നിദ്ധ്യമായ ഭാരതീയ ജനതാപാര്‍ട്ടി 'ഒരൊറ്റ രാഷ്ട്രം - ഒരൊറ്റ ജനത' എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നുണ്ട്‌. വ്യത്യസ്തമായ - മതാചാര-ഭാഷാ-വേഷ-സമ്പ്രദായങ്ങള്‍ പുലര്‍ത്തുമ്പോളും നാമെല്ലാവരും ചില പൊതുസാംസ്കാരികമൂല്യങ്ങളാല്‍ പരസ്പരം ബന്ധിതരാണെന്ന ബോധത്തോടെ - ഒരേ രാഷ്ട്രത്തിന്റെ സന്തതികളാണെന്ന തിരിച്ചറിവോടെ ഒരുമിച്ചുനില്‍ക്കണമെന്ന ആശയമാണതിന്റെ കാതല്‍. തങ്ങളുടെ വ്യത്യസ്തമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാരതീയജനജീവിതത്തില്‍ ഇഴുകിച്ചേരാനാഗ്രഹിക്കുന്ന ഏതൊരു ജനസമൂഹത്തിനും അതിനു സാധിക്കുന്ന മട്ടിലുള്ള ബഹുമുഖമായ കാഴ്ചപ്പാടും ഇടസമ്പന്നതയുമുള്ളൊരു സംസ്ക്കാരമാണ്‌ നമ്മുടേത്‌.

ഭാരതീയരില്‍ത്തന്നെയുള്ള ഉപസമൂഹങ്ങള്‍ ചേരിതിരിഞ്ഞു പരസ്പരം കലഹിച്ചാല്‍ - പ്രത്യേക അവകാശങ്ങള്‍ക്കായി വാദിച്ചുകൊണ്ടു നിലകൊണ്ടാല്‍ - തങ്ങളുടെ ദേശീയാസ്തിത്വത്തെ തള്ളിപ്പറഞ്ഞുകൊണ്ട്‌ വൈദേശികകേന്ദ്രങ്ങളോടു കൂറുപുലര്‍ത്തിയാല്‍ - അതെല്ലാം ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പിനെയും പുരോഗതിയെയും ബാധിക്കുമെന്നാണു സംഘത്തിന്റെ കാഴ്ചപ്പാട്‌. നാം ഇത്ര ബൃഹത്തും ശക്തവുമായ ഒരു രാഷ്ട്രമായിരുന്നിട്ടുകൂടി നൂറ്റാണ്ടുകളോളം വിദേശികളുടെ അടിമകളായി കഴിഞ്ഞുകൂടേണ്ടി വന്നതെന്തുകൊണ്ട്‌ എന്നും - വിദൂരദേശത്തുള്ള ചെറുരാഷ്ട്രങ്ങള്‍ക്കുപോലും നമ്മെ അനായാസം നിയന്ത്രിക്കാന്‍ കഴിഞ്ഞതെങ്ങനെ എന്നുമുള്ള ചിന്തകളില്‍നിന്നാണ്‌ സംഘസ്ഥാപനമെന്ന ആശയം പൊട്ടിമുളയ്ക്കുന്നതു തന്നെ. ആരുമിവിടെ എല്ലാവരേയും ഹിന്ദു(മതവിശ്വാസി)കളാക്കാന്‍ ശ്രമിക്കുകയോ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കാന്‍ പരിശ്രമിക്കുകയോ ഒന്നും ചെയ്യുന്നില്ല. അത്തരം പച്ചക്കള്ളങ്ങള്‍ - തലയ്ക്കടിച്ച നുണകള്‍ - എത്രതവണ ആവര്‍ത്തിച്ചാലും യാതൊരു പ്രയോജനവുമുണ്ടാവാന്‍ പോകുന്നില്ല.

സംഘത്തിന്‌ ഒരു സവര്‍ണ്ണമുഖം സമ്മാനിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഇടതുപക്ഷം നടത്തുന്ന ജാതീയമായ വിദ്വേഷപ്രചാരണവുമതെ - സത്യത്തിന്റെ ഉരുക്കുകോട്ടയില്‍ത്തട്ടി തകര്‍ന്നടിഞ്ഞിട്ടേയുള്ളൂ. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ - പ്രായോഗികമായ - കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്‌ സംഘമാണ്‌. തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നില്ലാത്തതിന്റെ പേരില്‍ അവരതൊന്നും പരസ്യത്തിനു വയ്ക്കുന്നില്ല എന്നേയുള്ളൂ. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടില്‍ക്കഴിയുന്നവരെന്നു പറയാവുന്ന ആദിവാസികളുടെയിടയില്‍വരെ കടന്നുചെന്നെത്തി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളതു സംഘം മാത്രമാണ്‌.

ജാതിവിദ്വേഷങ്ങളിലൂന്നുകയും സംഘര്‍ഷങ്ങള്‍ വളര്‍ത്തുകയും ചെയ്തുകൊണ്ട്‌ വളര്‍ച്ചനേടുവാനുള്ള മാര്‍ക്സിസ്റ്റ്‌ പരിശ്രമങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ വിജയിക്കാത്തതിന്റെ മുഖ്യകാരണവും ഇതുതന്നെയാണ്‌. അവര്‍ക്ക്‌ സംഘത്തോടുള്ള പ്രഖ്യാപിതശതൃതയുടെ പിന്നിലുള്ള അപ്രഖ്യാപിതപ്രേരണകളില്‍ പ്രധാനവും ഇതുതന്നെ.

മാര്‍ക്സിസ്റ്റുപാര്‍ട്ടിയ്ക്ക്‌ മറ്റുസംസ്ഥാനങ്ങളില്‍ വേരുറപ്പിക്കുക എന്നത്‌ എത്രമാത്രം ശ്രമകരമാണോ അതിനേക്കാളധികമായിരിക്കും - രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രം - അതും ചുരുക്കം ചില ജില്ലകളില്‍ മാത്രം - ഇപ്പോള്‍ നിലവിലുള്ള ശക്തികേന്ദ്രങ്ങള്‍ തന്നെ സംരക്ഷിച്ചു നിര്‍ത്തുവാനുള്ള ബുദ്ധിമുട്ട്‌.

'തെക്കോട്ടു പോകുക' എന്ന ശൈലീപ്രയോഗത്തിനര്‍ത്ഥം 'അവസാനിക്കുക' എന്നാണ്‌. കണ്ണൂരിനു തെക്ക്‌ പുതിയ പാര്‍ട്ടി കുടുംബങ്ങളോ ഗ്രാമങ്ങളോ ഒക്കെ ഉണ്ടാകുന്നതിനു പകരം, നിലവിലുള്ളവ കൂടി 'തെക്കോട്ടുപോകുക' എന്നതു മാത്രമേ സംഭവിക്കാന്‍ പോകുന്നുള്ളൂവെന്നുറപ്പാണ്‌. ഇത്‌ ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്റെയോ പ്രവര്‍ത്തനഫലമായിട്ടോ മറ്റേതെങ്കിലും പ്രസ്ഥാനത്തിന്റെ സ്വാധീനഫലമായിട്ടോ ഉണ്ടാകുന്നതല്ല. മറിച്ച്‌, മാറിയ സാമൂഹ്യക്രമങ്ങള്‍ മൂലം - കാലഘട്ടത്തിന്റെ ഒരു അനിവാര്യത എന്ന മട്ടില്‍ - സംഭവിക്കുന്ന ഒന്നു മാത്രമാണ്‌.

*-*-*-*-*-*-*-*-*-*-*
പാര്‍ട്ടിയോടു ചായ്‌വുണ്ടായിരുന്ന കുടുംബങ്ങളില്‍ നിന്ന്‌ ബി.ജെ.പി.ക്കാര്‍ ഉണ്ടായി വരുന്നതും അവരെ ചെന്നു വെട്ടേണ്ടിവരുന്നതും ഇനിയെങ്കിലും ഒഴിവാക്കാനുള്ള ശ്രമം പാർട്ടികുടുംബനിർമ്മാണത്തിന്റെ ഭാഗമാണെന്ന്‌ പാര്‍ട്ടി ഒരുപക്ഷേ തുറന്നംഗീകരിച്ചുവെന്നു വരില്ല. പാർട്ടികുടുംബനിർമ്മാണം എന്നത് സ്നേഹസദസ്സുകൾക്കു പിന്നിലെ ഒരു പ്രധാനലക്‌‌ഷ്യമാണെന്നതും അംഗീകരിക്കാനിടയില്ല. വിഭാഗീയതയുണ്ട്‌ എന്നത്‌ ഔദ്യോഗികമായി ഇതിനകം തന്നെ അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക്‌ ആ കാരണത്തില്‍ മുറുകിപ്പിടിക്കാനാണു സാദ്ധ്യത. വിഭാഗീയപ്രവണതകള്‍ ശമിപ്പിക്കാനും പാര്‍ട്ടിയംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണമനോഭാവം വളര്‍ത്താനുമാണു സംഗമങ്ങള്‍ എന്നവര്‍ വാദിച്ചേക്കും.

അതില്‍ അല്‍പമെങ്കിലും സത്യമുണ്ടെങ്കില്‍. ആ ശ്രമവും വിജയിക്കാന്‍ പോകുന്നില്ല എന്നതാണു സൂചനകള്‍. പരിപാടിയുടെ തുടക്കം തന്നെ വിഭാഗീയതയേച്ചൊല്ലി നിറം മങ്ങുകയാണുണ്ടായത്‌. വാര്‍ത്ത താഴെ.
മന്ത്രിമാരും പ്രവര്‍ത്തകരും തൊടുന്നതെല്ലാം പിഴയ്ക്കുകയും - സംസ്ഥാനസമ്മേളനം പോലും അശുഭകരമായി അവസാനിക്കുകയും - പാര്‍ട്ടിയ്ക്ക്‌ അപകീര്‍ത്തികരമായ ഒരു വാര്‍ത്തയെങ്കിലുമില്ലാതെ ഒരു ദിനം പോലും പുലരുന്നില്ലെന്ന അവസ്ഥയുണ്ടാകുകയും ചെയ്ത്‌ - മൊത്തത്തില്‍ പാര്‍ട്ടിയ്ക്കിപ്പോള്‍ വെല്ലുവിളികളുടെ സമയമാണ്‌. വെല്ലുവിളികളെ ഇതിനുമുമ്പും നേരിട്ടിട്ടുള്ള പ്രസ്ഥാനമാണു തങ്ങളുടേതെന്ന ഊറ്റം കൊള്ളലുകള്‍ അവരെ പിന്തുണയ്ക്കുമോയെന്നും, ഏതെങ്കിലും നയവ്യതിയാനങ്ങള്‍ക്കവര്‍ നിര്‍ബന്ധിതരായേക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്‌.



*-*-*-*-*-*-*-*-*-*-*
പിന്നീടു കൂട്ടിച്ചേർത്തത്‌ :-

ഈ പോസ്റ്റിട്ടതിനുശേഷമാണ് കണ്ണൂരിലെ കുടുംബസംഗമങ്ങളും അവയുടെ അവലോകനങ്ങളും നടന്നത്‌. അതുമായി ബന്ധപ്പെട്ടുവന്ന ഒരു വാർത്ത ഇവിടെ കൂട്ടിച്ചേർക്കുന്നു. നുണപ്പത്രം എന്നു മാർക്സിസ്റ്റുകൾ വിശേഷിപ്പിക്കുന്ന മനോരമയിൽ വന്ന വാർത്ത ഇതുവരെ എന്തായാലും ആരും നിഷേധിച്ചുകണ്ടില്ല.

Tuesday, April 22, 2008

ചങ്ങനാശ്ശേരിയിലെ പോലീസുകാരേ - സ്മരണ വേണം! സ്മരണ!

ചങ്ങനാശ്ശേരി സംഭവത്തില്‍ ചില പോലീസുകാര്‍ അന്നു പറഞ്ഞതെന്തായിരുന്നു‌ - ഇന്നു പറയുന്നതെന്താണ്‌ - എന്നൊരു താരതമ്യമാണിവിടെ. പാവങ്ങള്‍ സ്വന്തം കുടുംബത്തെ ഓര്‍ത്താവണം കള്ളം പറയാന്‍ തുനിഞ്ഞത്‌. പക്ഷേ തെറ്റ്‌ തെറ്റു തന്നെയാണ്‌. പോലീസുകാരന്‍ "വിതുമ്പലോടെ വര്‍ണ്ണിച്ച" സംഭവം ദേശാഭിമാനി അന്ന്‌ എഴുതിവിട്ടത്‌ എങ്ങനെയായിരുന്നുവെന്ന്‌ ഇപ്പോള്‍ ഒരിക്കല്‍ക്കൂടി വായിച്ചുനോക്കേണ്ടതു തന്നെയാണ്‌!

*-*-*-*-*
അടുത്തിടെയായി പലരും ഇ-മെയില്‍ വഴിയായും കമന്റിലൂടെയുമെല്ലാം ചോദിച്ചുതുടങ്ങിയൊരു കാര്യമുണ്ട്‌. പച്ചക്കള്ളം പച്ചയ്ക്കു പറയാനും പ്രചരിപ്പിക്കാനും - ഭീഷണിയിലൂടെ മറ്റുള്ളവരേക്കൊണ്ടു പറയിപ്പിക്കാനും - മടിയില്ലാത്തവരാണു മാര്‍ക്സിസ്റ്റുകള്‍ എന്നത്‌ സ്വബോധമുള്ള ഏതൊരാള്‍ക്കും അറിയാവുന്നതല്ലേ? അവയൊക്കെ ചൂണ്ടിക്കാണിക്കാനായി ഇടയ്ക്കു ചില പോസ്റ്റുകളില്‍ ചെലവിടാറുള്ള സമയംകൂടി ഗൌരവസ്വഭാവമുള്ള മറ്റുപോസ്റ്റുകള്‍ക്കായി നീക്കി വച്ചുകൂടേ?

ശരിയാണ്‌. എത്രയോ വര്‍ഷമായി ഇതെല്ലാം കാണുന്നു. പക്ഷേ, ഇപ്പോളും ചിലതൊക്കെ കാണുമ്പോള്‍ മിണ്ടാതിരിക്കണമെങ്കില്‍ അത്ഭുതകരമായ ആത്മനിയന്ത്രണം വേണം എന്നതാണു പ്രശ്നം.

ചങ്ങനാശ്ശേരിയില്‍ എ.എസ്‌.ഐ. മരണപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തെ മുതലെടുക്കാനായി എന്തെല്ലാം തരം താണ കളികളായിരുന്നു മാര്‍ക്സിസ്റ്റുനേതൃത്വവും അവരുടെ സര്‍ക്കാരും ഇവിടെ നടത്തിയത്‌!

സംഭവം നടന്നു മണിക്കൂറുകള്‍ക്കകം പ്രതികളെ അങ്ങുദൂരെ തിരുവനന്തപുരത്ത്‌ പാര്‍ട്ടിയോഫീസില്‍ നിന്നു പ്രഖ്യാപിക്കുന്നു. അത്‌ ആഭ്യന്തരമന്ത്രിയുടെ നാവിലൂടെ ജനമറിയുന്നു! പെരുന്നയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ കോട്ടയത്തുള്ള ബി.എം.എസ്‌ ഓഫിസില്‍ പരിശോധന നടത്തുന്നു! നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നു! കൊലപാതകികളെന്നാരോപിച്ച്‌ കുറച്ചുപേരെ അറസ്റ്റുചെയ്ത്‌ പീഢിപ്പിക്കുന്നു. മൂക്കിന്റെ പാലമടിച്ചു തകര്‍ക്കുന്നു. എന്തൊക്കെ പുകിലായിരുന്നു! ഒടുവില്‍ കണ്ണൂര്‍ കലാപത്തിനുള്ള ന്യായീകരണമായിപ്പോലും പറഞ്ഞുവച്ചു ആ സംഭവം!

തിരുത്തലുകളും പിന്നാലെ വന്നുകൊണ്ടിരുന്നു (പോലീസ്‌ രേഖകള്‍ തിരുത്തിയതിനു പുറമേ). ആഭ്യന്തരമന്ത്രിയ്ക്കും ഡി.ജി.പി.യ്ക്കും എല്ലാം തങ്ങള്‍ പറഞ്ഞതു തിരുത്തേണ്ടി വന്നു. ചങ്ങനാശ്ശേരിയില്‍ "അരുതാത്തതു സംഭവിച്ചു"വെന്ന്‌ പാര്‍ട്ടി സെക്രട്ടറിയ്ക്കുപോലും തുറന്നു സമ്മതിക്കേണ്ടിവന്നു.

"ദൃക്‌സാക്ഷി" എന്നവകാശപ്പെട്ടിരുന്ന ഒരു പോലീസുകാരന്റെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു ദേശാഭിമാനിയുടെ സകലനുണപ്രചാരണവും. 'കൊല്ലടാ അവനെ' എന്ന്‌ ആക്രോശിച്ചു കൊണ്ടാണത്രേ അടിച്ചത്‌. കൃത്യം "ഇടതുകര്‍ണ്ണത്തിനടിയിലാണ്‌ അടിച്ചതെന്നും" പറഞ്ഞു. തന്നെയാദ്യം തള്ളിത്താഴെയിട്ടതിനുശേഷമാണത്രേ അടിച്ചത്‌.

എ.എസ്‌.ഐ.യ്ക്കു് അടിയേറ്റിരുന്നില്ല എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാവുകയും ഹൃദയസ്തംഭനമാണ് മരണകാരണമെന്നുതെളിയുകയും ചെയ്തതോടെയാണ് സകല നുണകളും തകര്‍ന്നടിഞ്ഞത്‌. പഴയ ദൃക്‌സാക്ഷികള്‍ ഇപ്പോള്‍ പറയുന്നത്‌ തങ്ങള്‍ ചെന്നപ്പോള്‍ എ.എസ്‌.ഐ. വീഴുന്നതു മാത്രമാണു കണ്ടതെന്നാണ്‌. അപ്പോള്‍ "വിദ്യാര്‍ത്ഥികള്‍" കൂടി നില്‍പ്പുണ്ടായിരുന്നുവെന്നും. (ഏതു വിദ്യാര്‍ത്ഥികള്‍ എന്ന്‌ ഇപ്പോളും പറയുന്നില്ല) അവരുടെ അടികൊണ്ടാണു വീണതെന്നു ചുമ്മാ അങ്ങു വിചാരിച്ചു പോയതാണത്രേ!

ഇപ്പോളത്തെ മൊഴിയേപ്പറ്റിയുള്ള ദീപിക വാര്‍ത്ത ഇങ്ങനെ (ചിത്രത്തില്‍ ക്ലിക്കു ചെയ്താല്‍ പുതിയ വിന്‍ഡോയില്‍ തുറന്നു വരും).
അന്നത്തെ മൊഴി ഒരു അപസര്‍പ്പകനോവലിനെ അനുസ്മരിപ്പിക്കുന്ന വിധം ദേശാഭിമാനിയുടെ നുണയെഴുത്തുകാര്‍ വര്‍ണ്ണിച്ചത്‌ ഇങ്ങനെയായിരുന്നു.
കണ്ണില്‍‍ ഇരുട്ടുകയറിയത്രേ! ഇന്നിപ്പോള്‍ അതു വീണ്ടും വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല - സകലരുടേയും കണ്ണില്‍ ഇരുട്ടുകയറുകയാണ് !

അന്ന്‌, തങ്ങള്‍ “നേര് നേരത്തെ അറിയിക്കുന്ന“തിനെ‌ മറ്റുപത്രങ്ങള്‍ പിന്തുണയ്ക്കാത്തതിലുള്ള അമര്‍ഷപ്രകടനങ്ങളും ഒപ്പമുണ്ടായിരുന്നു. മറ്റു മാദ്ധ്യമങ്ങളൊന്നും പോലീസുകാരനെ "അടിച്ചുകൊന്നു" എന്നു വ്യക്തമായി പറയുന്നില്ല എന്നാരോപിച്ച്‌ സകലരേയും ചീത്തവിളിച്ചിരുന്നു. ‘തലയ്ക്കടിച്ചു വീഴുത്തുന്നത്‌ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ "വ്യക്തമായി" കണ്ടതാണ്‌ - എന്നിട്ടും!‘ എന്ന മട്ടായിരുന്നു ആക്രോശം.

ആ ഭര്‍ത്സനം ദാ ഇങ്ങനെയായിരുന്നു.

*-*-*-*-*
നുണപറച്ചിലിന്റെ ആഗോളതമ്പുരാക്കന്മാരേക്കുറിച്ച്‌ കൂടുതല്‍ സംസാരിച്ചു സമയം കളയേണ്ടതില്ല.

പക്ഷേ... താഴെക്കാണുന്നതും പണ്ടത്തെ ഒരു വാര്‍ത്ത തന്നെയാണ്‌. അതിനൊക്കെ ഇനിയാരു സമാധാനം പറയും എന്നതാണ്‌ നടുക്കുന്നൊരു ചോദ്യം.
അന്നു സമരം ചെയ്ത ഇവരൊക്കെ മാത്രമല്ല - കേരളസമൂഹമൊന്നടങ്കം ചോദിക്കുകയാണ്‌ - മാര്‍ക്സിസ്റ്റുകളേ - നിങ്ങള്‍ പുതിയ എന്തു നുണ പറഞ്ഞാണ്‌ ഇനി രക്ഷപെടുവാന്‍ ശ്രമിക്കുക?
ഏതുകൊടിയുടെ പിറകിലാണ്‌ നിങ്ങളിനി മുഖം മറയ്ക്കുക?

Saturday, April 05, 2008

മാര്‍ക്സിസ്റ്റ്‌ അക്രമമില്ലാത്ത ഒരു ദിവസമെങ്കിലും ഇവിടെ പുലരുമോ?

"പറഞ്ഞു നാവെടുത്തില്ല - അതിനുമുമ്പ്‌ " എന്നൊരു പ്രയോഗമുണ്ട്‌. അതുപോലായിപ്പോയി സംഭവം. ഇവിടെ ഒരു പോസ്റ്റ്‌ 'പബ്ലിഷ്‌ ' ചെയ്ത്‌ മൗസിന്റെ മേലുള്ള ഞെക്കു വിട്ടില്ല - അതിനു മുമ്പ്‌ ദാ വീണ്ടും!

സി.പി.എമ്മുകാര്‍ പോലീസിനെ വെറുമൊരു പാര്‍ട്ടി ഉപകരണമായി മാത്രം കണക്കാക്കുകയും അറസ്റ്റു ചെയ്യപ്പെടുന്ന പ്രതികളെ ബലം പ്രയോഗിച്ചു മോചിപ്പിക്കുക മുതലായ ധാര്‍ഷ്ട്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ ചില ഉദാഹരണങ്ങളായിരുന്നു കഴിഞ്ഞ പോസ്റ്റില്‍. കഴിഞ്ഞ മാസങ്ങളില്‍ ഓരോന്നിലും നിന്ന്‌ ഓരോ ഉദാഹരണങ്ങള്‍ വീതമെങ്കിലും എടുക്കാനുണ്ടായി എന്നത്‌ സംസ്ഥാനത്തെ ആശങ്കാകരമായ സ്ഥിതിവിശേഷമാണു കാണിച്ചിരുന്നത്‌.

ഈ മാസം അല്‍പമെങ്കിലും ഭേദമുണ്ടാകും എന്നാരെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അവരെ അങ്ങേയറ്റം നിരാശപ്പെടുത്തിക്കൊണ്ട്‌, ആദ്യത്തെ ആഴ്ചയില്‍ത്തന്നെ, അതും മുമ്പത്തേതിനേക്കാളും അപലപനീയമായ, ഒരു സംഭവമുണ്ടായിരിക്കുന്നു.

ഇത്തവണ ഒരു വ്യത്യാസമുള്ളത്‌ - വനംവകുപ്പ്‌ ഉദ്യോഗസ്ഥരാണ്‌ അപമാനിതരായത്‌ എന്നതാണ്‌. താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മാത്രമല്ല - എം.എല്‍.എ.യടക്കമാണ്‌ "മോചന"കൃത്യം നിര്‍വഹിച്ചത്‌ എന്നതു മറ്റൊന്നും.

വനംവകുപ്പ്‌ ഉദ്യോഗസ്ഥരെ മാര്‍ക്സിസ്റ്റുകള്‍ വളഞ്ഞുവച്ച്‌ സമരം ചെയ്യുന്നു. അറസ്റ്റു ചെയ്യപ്പെട്ടിരുന്നവരെ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ച്‌ സമരക്കാരുടെ കൂടെ നിര്‍ത്തുന്നു (രണ്ടുകൂട്ടരുടെ നേരെയും ബലം പ്രയോഗിക്കുന്നു എന്നര്‍ത്ഥം). മഹസ്സര്‍ വലിച്ചു കീറുന്നു. മൈക്കില്‍ അനൗണ്‍സ്‌മെന്റ്‌ നടത്തിയിട്ട്‌ ഔദ്യോഗികവാഹനത്തില്‍ (പാര്‍ട്ടിയുടെയല്ല) കൂടുതല്‍ സമര(=പാര്‍ട്ടി)ക്കാരെ എത്തിച്ചശേഷം കസ്റ്റഡിയിലായിരുന്ന വാഹനങ്ങളും ആളുകളേയുമൊക്കെ തന്നിഷ്ടപ്രകാരം ഇറക്കിക്കൊണ്ടുപോകുന്നു!

ഈ "പ്രകടനങ്ങള്‍" എല്ലാം പോരാഞ്ഞ്‌ ഇതിനെല്ലാം ശേഷം നഗരത്തില്‍ വേറേ പ്രകടനം നടത്തുന്നു. അതിനിടയില്‍ മറ്റൊരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഓഫീസിനു നേരെ കല്ലെറിയുന്നു. വയറ്റില്‍പ്പിഴപ്പിന്റെ ഭാഗമായി ഇതൊക്കെ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ തല്ലിയും കലി തീര്‍ക്കുന്നു!

വാര്‍ത്ത ചുവടെ.
കലി തീര്‍ക്കലാണു കണ്ടുകൊണ്ടിരിക്കുന്നത്‌! കലികാലം തന്നെ!

എറണാകുളത്താണെങ്കില്‍, കഴിഞ്ഞയിടെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു തല്ലുകിട്ടിയതിന്റെ പിന്നില്‍ ഏതൊക്കെയോ മാഫിയയുണ്ടായിരുന്നുവത്രെ. എന്തായാലും അതിന്റെയും തലപ്പത്തുള്ളയാളുടെ മാര്‍ക്സിസ്റ്റുബന്ധം ആളുകള്‍ വെറുതെ വലിച്ചു പുറത്തിട്ടു നാണക്കേടുണ്ടാക്കി.

ഇതൊക്കെ എവിടെയെങ്കിലും പരാമര്‍ശിക്കപ്പെടുമ്പോള്‍ മറ്റുസംസ്ഥാനങ്ങളിലേയ്ക്ക്‌ ഓടാന്‍ ശ്രമിച്ചു പരിഹാസ്യരാകുന്നവരുണ്ട്‌. എവിടൊക്കെ പോയി നോക്കിയിട്ടെന്താണു കാര്യം? മാര്‍ക്സിസ്റ്റുകള്‍ - മാവോയിസ്റ്റുകള്‍ - നക്സലൈറ്റുകള്‍ മുതലായ വിപ്ലവസംഘടനകള്‍ മാത്രമാണ്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമണം - നിയമപാലകരെ ആക്രമിക്കല്‍ - അവരുടെ മേല്‍ ബലപ്രയോഗം നടത്തി നിയമം കയ്യിലെടുക്കല്‍ മുതലായ പരിപാടികളില്‍ ഏര്‍പ്പെട്ടുകാണാറ്‌ (കഴിഞ്ഞയിടെ മലപ്പുറത്ത്‌ തീവ്രനിലപാടുകള്‍ പുലര്‍ത്തുന്നതായിപ്പറയുന്ന ഒരു മുസ്ലിം സംഘടനയും പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചിരുന്നു). മാദ്ധ്യമങ്ങളെ ഏറ്റവും ഭയക്കുന്നതായിക്കണ്ടുവരുന്നതും മാര്‍ക്സിസ്റ്റുകള്‍ തന്നെ.

ആരെങ്കിലുമൊക്കെ പാര്‍ട്ടിക്കെതിരെ നില്‍ക്കണമെന്നു കൂടിയില്ല. എതിരു നില്‍ക്കുന്നു എന്നു പാര്‍ട്ടിക്കു തോന്നിയാലും മതി. ബലപ്രയോഗം - അടിച്ചമര്‍ത്തല്‍ ശ്രമം - അതിന്റെ ഭാഗമായ അക്രമം - കൊലപാതകം - എല്ലാം ഉറപ്പാണ്‌.

വരുന്ന തലമുറയെങ്ങാന്‍ രക്ഷപെടുമോ എന്നറിയാന്‍ കലാലയങ്ങളിലേക്കു നോക്കാമെന്നു വച്ചാല്‍ അതിലും കഷ്ടമാണ്‌. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കല്‍ എന്നത്‌ "വളര്‍ന്നു വരുന്ന" പ്രവര്‍ത്തകര്‍ക്ക്‌ ഒരു അക്രമപരിശീലനപരിപാടിയായിത്തന്നെ മാറിയിട്ടുണ്ട്‌. എസ്‌.എഫ്‌.ഐ.യെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന്‌ ക്രൈസ്തവസംഘടനാനേതൃത്വത്തിന്‌ ഇന്നലെ പറയേണ്ടിവന്ന സാഹചര്യവും ഇവിടെ ചേര്‍ത്തുവയ്ക്കാവുന്നതാണ്‌.

എന്നാല്‍, അതെല്ലാം ഇന്നലത്തെ വാര്‍ത്തകളല്ലേ - ഇന്നൊരു ദിവസമെങ്കിലും ഈ നശിച്ച അക്രമപരമ്പരയ്ക്ക്‌ മാര്‍ക്സിസ്റ്റുകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമോ എന്നറിയാന്‍ ഇന്നത്തെ പത്രം വായിക്കാമെന്നു വച്ചാല്‍ ദാ കഷ്ടം - കോഴിക്കോട്‌ അതാ ഒരു കൂലിവേലക്കാരനെ അടിച്ചു കൊല്ലാറാക്കി ഇട്ടിരിക്കുന്നു. ജീവന്‍ കിട്ടിയാലും ഇനി അയാള്‍ക്കു കൂലിപ്പണി ചെയ്തു ജീവിക്കാന്‍ കഴിയില്ല. ജീവിതം തുലഞ്ഞുവെന്നര്‍ത്ഥം. കൂടെയുള്ളവര്‍ക്കും ഇരുമ്പുവടികൊണ്ട്‌ അടികിട്ടിയിട്ടുണ്ടെങ്കിലും ജീവനു ഭീഷണിയില്ല. ജനതാദളുകാരാണ്‌ എന്നതാണ്‌ അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള കുറ്റം.
പരക്കെ അക്രമവും അരാജകത്വവും! ഭരണത്തിലേറിയെന്നു വച്ച്‌ സമരങ്ങള്‍ നിര്‍ത്താനുദ്ദേശമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിത്രവലിയൊരു ഭീഷണിയായിരിക്കുമെന്നാരും കരുതിയിരിക്കില്ല.

"ജനാധിപത്യ" പ്രസ്ഥാനങ്ങളെന്നാല്‍ ഇങ്ങനെയൊക്കെയാണ്‌. ജനം എന്നാല്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ എന്നാണ്‌ അവരുടെ നിര്‍വചനം. "ആധിപത്യം" നേടുന്നതിന്‌ 'തോക്കിന്‍കുഴലിനു' പകരം കമ്പിപ്പാരയും ഇടിക്കട്ടയും മറ്റു നാടന്‍ ഉപകരണങ്ങളുമൊക്കെയാണ്‌. (ചിലര്‍ തോക്കും കൊണ്ടുനടക്കുന്നുണ്ടെന്ന്‌ ചില പത്രവായനക്കാര്‍ അടക്കം പറഞ്ഞു കേള്‍ക്കുന്നു. അതിന്റെ ഉണ്ട എവിടെനിന്നോ കളഞ്ഞുകിട്ടിയത്രെ.)

*-*-*-*-*-*-*-*

വയനാട്ടില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റതിലുള്ള പ്രതിഷേധം രേഖപ്പെടുത്താമെന്നു കരുതിയെടുത്ത പേനയാണ്‌. അതു പല വഴിയ്ക്കുപോയി - അഥവാ കീബോര്‍ഡിലെ പല കട്ടകളും അധികം ഞെങ്ങി.

മറ്റു ചില പണികള്‍ കരുതിവച്ചിരുന്നതു മുടങ്ങിപ്പോയി.

എസ്‌.എഫ്‌.ഐ.ക്കാരെ മാത്രം ജയിപ്പിച്ചിരുന്ന കോളേജില്‍ എ.ബി.വി.പി.യുടെ ബാനറില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിച്ചുജയിച്ചു എന്ന അതിഭീകരമായകുറ്റം ചെയ്തതായി മാര്‍ക്സിസ്റ്റു കോടതി കണ്ടെത്തുകയും മരണശിക്ഷവിധിക്കുകയും ചെയ്ത ഒരു വിദ്യാര്‍ത്ഥിയേപ്പറ്റി മുമ്പ്‌ എഴുതിയിരുന്നു. മരണശിക്ഷ നടപ്പാക്കാനായി പരീക്ഷാഹാള്‍ തന്നെ തെരഞ്ഞെടുത്ത കണ്ണില്‍ച്ചോരയില്ലാത്ത ആരാച്ചാര്‍മാരെ ന്യായീകരിക്കുവാന്‍ വ്യഗ്രത കാണിച്ച "Ignited Words" എന്ന ബ്ലോഗറുടെ ചില സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കാമെന്നു കരുതിയിരുന്നു. അതു നടന്നില്ല.

അദ്ദേഹത്തിന്റെ കമന്റ്‌ ഒരിക്കല്‍കൂടി വായിക്കാന്‍ മാത്രം പറ്റി.

ഉള്ളില്‍ത്തട്ടിയ ചില ഭാഗങ്ങള്‍ പലയാവര്‍ത്തി വായിക്കാനും സമയം കിട്ടി.

(1) ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എന്നും ജനങ്ങളുടെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വന്നവരാണ്‌.

('വന്നവരാണ്‌ ' എന്ന ഭൂതകാലത്തിലെ പ്രയോഗം മനപ്പൂര്‍വ്വമോ അതോ അറിയാതെ വന്ന പിഴവോ എന്നുറപ്പില്ല. 'ഇപ്പോളങ്ങനെയല്ല' എന്നൊരു സമ്മതഭാവം എന്തായാലും ഉള്ളിലുണ്ടാവണം. എന്തായാലും "ജനം" എന്നതിന്‌ "പാര്‍ട്ടിയോടൊപ്പം കൂറും വിധേയത്വവും കാണിച്ചു ഭയപ്പെട്ടു നില്‍ക്കാന്‍ തയ്യാറുള്ളവരുടെ (മാത്രം) കൂട്ടം" എന്നാണ്‌ അര്‍ത്ഥമെന്നിരിക്കെ ആ വാചകം തികച്ചും സത്യം തന്നെ. ഇപ്പോഴും.)

(2) അതുകൊണ്ടുതന്നെയാണ്‌ ഇന്നും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേതാക്കളെ ജനങ്ങള്‍ നെഞ്ചോടടുക്കി ഇപ്പോളും ആരാധിക്കുന്നത്‌.

("അതുകൊണ്ട്‌ " എന്നതിലെ 'അത്‌ ' എന്നത്‌ ഏതെങ്കിലും ആയുധമാണോ ഉദ്ദേശിക്കുന്നത്‌ എന്നു സംശയിച്ചുകൂടായ്കയില്ല. ആ ആയുധം 'കൊണ്ടി'ട്ടാണോ ആരാധിക്കുന്നത്‌ എന്നും. അതു'കൊണ്ടിട്ട്‌ ' "തലയോട്‌ " ഇളകണ്ട എന്നു കരുതിയാണോ "നെഞ്ചോട്‌ " ചേര്‍ക്കുന്നത്‌ എന്നും.)

(3) ആരാണ്‌ അക്രമികളെന്ന്‌ ഇന്നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അറിയാവുന്നൊരു വസ്തുതയാണ്‌.

(സത്യം! എല്ലാവര്‍ക്കുമറിയാം! പ്രത്യയശാസ്ത്രതിമിരം ബാധിക്കാത്ത രണ്ടു കണ്ണുകളും പണിയെടുക്കാന്‍ തയ്യാറുള്ള ഒരു തലച്ചോറുമുള്ള ഏതൊരാള്‍ക്കും അറിയാം.

ഇനി അഥവാ കേരളത്തില്‍ ആദ്യമായി കാലുകുത്തുന്ന വല്ല ടൂറിസ്റ്റുകളോ മറ്റോ ആണെങ്കില്‍ - ഇവിടുത്തെ കാര്യങ്ങളേക്കുറിച്ച്‌ ഒരു അറിവുമില്ലാത്ത വല്ല കേന്ദ്ര സംഘമോ മറ്റോ ആണെങ്കില്‍ - ഇന്റര്‍നെറ്റിലെ പത്രവാര്‍ത്തകളിലെ ഫ്ലാഷ്‌ ന്യൂസില്‍ ഇപ്പോള്‍ ആദ്യം കാണുന്നതു വായിച്ച്‌ അര്‍ത്ഥം പറഞ്ഞുതരാന്‍ ആരോടെങ്കിലും പറയാവുന്നതാണ്‌.

രാവിലത്തെയല്ല - സാഹാഹ്നവാര്‍ത്ത - ഏറ്റവും പുതിയത്‌ - ഇന്നത്തേത്‌ - ചൂടുള്ളത്‌ - മഞ്ചേരിയില്‍ നിന്നെത്തിയിരുന്നു. കുറേ ചെറുപ്പക്കാര്‍ - "മാനവികത" സംരക്ഷിക്കൂ - "മനുഷ്യത്വത്തിനായി അണിചേരൂ" എന്നൊക്കെ യാചനാപൂര്‍വ്വം മുദ്രാവാക്യം വിളിക്കുന്നവരാണെന്നു സംശയിക്കുന്നു - ഒരു കട അടിച്ചുതകര്‍ത്തിരിക്കുന്നു. കട പോയാല്‍ വേറെ പണിയാം. പക്ഷേ അടികൊണ്ടു മൂന്നു പല്ലുപോയ പോലീസുദ്യോഗസ്ഥന്‌ അതു വീണ്ടും മുളയ്ക്കുന്ന പ്രായം കഴിഞ്ഞിരിക്കാന്‍ തന്നെയാണു സാദ്ധ്യതയത്രേ.
"ജനാധിപത്യ"പരമായ പ്രതിഷേധത്തിന്റെ ഓരോരോ ശൈലികളാണു കണ്ടുകൊണ്ടിരിക്കുന്നത്‌! ഏറ്റവും പുതിയ ഈ പ്രകടനം പെട്ടെന്നു നടത്തിയതായതുകൊണ്ട്‌ മുന്‍കൂട്ടി പേരിടാന്‍ കഴിഞ്ഞിട്ടില്ലത്രേ. 'ജനകീയ പ്രതിരോധം' - 'ചെറുത്തുനില്‍പ്പ്‌ ' - മുതലായ പഴയ പേരുകള്‍ കേള്‍ക്കുമ്പോള്‍ ജനം കാര്‍ക്കിച്ചു തുപ്പുന്നു എന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന്‌ 'കുത്തകവിരുദ്ധജനകീയമുന്നേറ്റം' എന്നോ മറ്റോ ആക്കാനാണു സാദ്ധ്യതയെന്ന്‌ അണിയറയില്‍ കേള്‍ക്കുന്നു. നാളത്തെ പത്രം കണ്ടാലറിയാം - അവസാനം തീരുമാനിച്ചുറപ്പിച്ച പേര്‌.

സൂക്ഷിച്ചുസൈക്കിളോടിക്കാത്തതുകൊണ്ട്‌ പണ്ടെങ്ങാനും ഒരു ദേശാഭിമാനിയുടെ അരിക്‌ അല്‍പം മഴനനയാനിടയായിരുന്നു എന്നോ മറ്റോ പറഞ്ഞ്‌ പത്രക്കാരനെ ഈ രാത്രി "പ്രതിരോധിക്കുകയും" അയാള്‍ നാളെ ആശുപത്രിക്കിടക്കയിലോ മോര്‍ച്ചറിയിലോ ആവുകയും ചെയ്യുന്നില്ല എങ്കില്‍, നാളെ പ്രഭാതത്തിലും പത്രക്കെട്ടുകള്‍ വന്നു വീഴും. പേരുമാത്രമല്ല - പലതും അപ്പോള്‍ അറിയാം. രാത്രി അധികം വൈകാതെ മറ്റെന്തെങ്കിലും "ജനകീയ"പരിപാടി കൂടി സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ അതും. )

Monday, March 24, 2008

പോലീസ്‌ യൂണിഫോമിന്റെ നിറം മാറ്റണമോ?

ഒന്ന്‌

സേവനസന്നദ്ധതയുടെ പ്രതീകമായി കാക്കിനിറം പൊതുവെ കണക്കാക്കപ്പെടുന്നുണ്ട്‌. ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ജനസേവനം നടത്തുന്നവര്‍ - സേവനത്തിനു സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍ - എല്ലാവരും തങ്ങളുടെ യൂണിഫോമിന്റെ ഭാഗമായി കാക്കി നിറം ഉള്‍പ്പെടുത്തിക്കാണാറുണ്ട്‌.

ചുവപ്പു നിറം പൊതുവെ അപകടത്തിന്റേയും 'അരുത്‌' എന്ന സൂചനയുടേയും പ്രതീകമായി ഉപയോഗിക്കപ്പെട്ടു കാണുന്നു.

വിദേശരാജ്യങ്ങളിലും മറ്റും - നിയമപാലനത്തിനുമപ്പുറത്തുള്ള പല ഉത്തരവാദിത്തങ്ങളും പോലീസിനുണ്ടെന്നും - പല അടിയന്തിരഘട്ടങ്ങളിലും സേവനസന്നദ്ധരായി ആദ്യമെത്തേണ്ടുന്നവര്‍ അവരാണെന്നും പറയപ്പെടുന്നു. നമ്മുടെ പോലീസ്‌ സേനയേയും ജനസേവകരായിട്ടു തന്നെയാണു നാം കണക്കാക്കുന്നതെങ്കില്‍, അവര്‍ക്ക്‌ ഇപ്പോളുള്ള കാക്കി യൂണിഫോം തന്നെയാവും നല്ലത്‌. അതല്ല - ഭയപ്പെടേണ്ടുന്നവരായി അവരെ ചിത്രീകരിക്കണമെന്നുണ്ടെങ്കില്‍ മാത്രമേ ഒരു ചുവപ്പു യൂണിഫോം നിര്‍ദ്ദേശിക്കേണ്ടതുള്ളൂ.

രണ്ട്‌
കര്‍ത്തവ്യനിര്‍വ്വഹണത്തിലെ കാര്യക്ഷമതയുടെ കാര്യത്തില്‍ കേരളാപോലീസ്‌ ഇപ്പോളും മുന്‍പന്തിയില്‍ത്തന്നെയാണെന്നുള്ളതിനു സംശയം വേണ്ട. കഴിവുള്ള ഉദ്യോഗസ്ഥരും കുറ്റമറ്റ സംവിധാനങ്ങളുമൊക്കെയായി ഒന്നാന്തരം പോലീസ്‌ സേന തന്നെയാണ്‌ നമുക്കുള്ളത്‌. ആക്ഷേപങ്ങള്‍ക്ക്‌ ഇതുവരെ അവസരമുണ്ടായിട്ടില്ലെന്നല്ല. പക്ഷേ അത്തരം സംഭവങ്ങളില്‍ ഏതാണ്ട്‌ മുഴുവനിലും, ബാഹ്യമായ ഇടപെടലുകളാണ്‌ പ്രശ്നമുണ്ടാക്കിയിട്ടുള്ളതെന്നു കാണാം. പോലീസിനു കൂച്ചുവിലങ്ങിടുന്ന രാഷ്ട്രീയ നേതൃത്വം തന്നെയാണ്‌ മുഖ്യമായും പ്രതിസ്ഥാനത്ത്‌.

മൂന്ന്‌
കണ്ണൂരിലേയും ചങ്ങനാശ്ശേരിയിലേയും മറ്റും സംഭവങ്ങളുടെ വെളിച്ചത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചോദ്യമിതാണ്‌.

"ഇടതുഭരണത്തിന്‍കീഴില്‍ കേരളാ പോലീസ്‌ സമ്പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞോ?"

"ഇല്ലേയില്ല" എന്നുതന്നെയാണുത്തരം.

കണ്ണൂരില്‍, കലാപം നടത്തുന്നതിനുള്ള അനുകൂലസാഹചര്യമൊരുക്കാനായി അനേകം പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റേണ്ടിവന്നുവെങ്കില്‍ അതിനര്‍ത്ഥം രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്ര്യത്തിനു വഴങ്ങാനൊരുക്കമല്ലാത്ത ഉദ്യോഗസ്ഥര്‍ ഇപ്പോളും സേനയിലുണ്ടെന്നു തന്നെയാണ്‌.

ചങ്ങനാശേരിയില്‍, ആയുധങ്ങളുമായി അറസ്റ്റുചെയ്യപ്പെട്ട SFI/DYFI പ്രവര്‍ത്തകരെ വിട്ടയക്കേണ്ടി വന്നതും പോലീസ്‌ രേഖകള്‍ തിരുത്തേണ്ടിവന്നതുമെല്ലാം വെളിയില്‍ കൊണ്ടുവന്നതും പോലീസുകാര്‍ തന്നെ.

അപ്പോള്‍ - ബംഗാളിലെ സ്ഥിതിവിശേഷമല്ല ഇവിടെയുള്ളതെന്നുറപ്പ്‌. നന്ദിഗ്രാമില്‍ വ്യാപകമായ അക്രമം നടത്താന്‍ സി.പി.എം. കേഡര്‍മാരെ പോലീസുകാര്‍ എങ്ങനെയല്ലാം സഹായിച്ചുവെന്നു പത്രങ്ങള്‍ വിശദമായി എഴുതിയിരുന്നതാണ്‌. പടയൊരുക്കത്തിനിടെ, സേനയിലുള്ള തങ്ങളുടെ ആധിപത്യം ആഘോഷിക്കാനെന്നോണം പോലീസ്‌ ഔട്ട്‌പോസ്റ്റില്‍ പാര്‍ട്ടിക്കൊടി ഉയര്‍ത്താന്‍ പോലും മടിക്കാതിരുന്നതിന്റെ കഥ മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെയും പുറത്തു വന്നിരുന്നു.
കേരളത്തില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്‌. മുന്നണി സംവിധാനങ്ങളുടെ ബലത്തില്‍ ഇടയ്ക്കിടയ്ക്ക്‌ അധികാരം പങ്കിടുവാന്‍ സാധിക്കുന്നുണ്ടെന്നല്ലാതെ, ചോദിക്കാനാരുമില്ലാത്തൊരു സ്ഥിതി കേരളത്തിലില്ല. ഇനിയൊട്ടുണ്ടാകുമെന്നും തോന്നുന്നില്ല.

നാല്
കേരളത്തില്‍ സി.പി.എമ്മുകാരെ അറസ്റ്റുചെയ്യുവാന്‍ പൊതുവെ പോലീസ്‌ മടികാണിക്കുന്നുണ്ടോ? ഇക്കാര്യത്തില്‍ - കണ്ണൂര്‍/ചങ്ങനാശ്ശേരി ശൈലി മറ്റിടങ്ങളിലുണ്ടോ?

ഇല്ല.

അഥവാ ആരെങ്കിലും അറസ്റ്റു ചെയ്യപ്പെട്ടാല്‍ ഉടന്‍തന്നെ ഉന്നതങ്ങളില്‍ നിന്ന്‌ നേരിട്ടെത്തുന്ന നിര്‍ദ്ദേശപ്രകാരം അവര്‍ വിട്ടയക്കപ്പെടുന്നുണ്ടോ? എല്ലായ്പ്പോഴും? ഇക്കാര്യത്തിലും - കണ്ണൂര്‍/ചങ്ങനാശ്ശേരി ശൈലി മറ്റിടങ്ങളിലുണ്ടോ?

ഇല്ല.

ഏറ്റവും അടുത്ത നാളുകളിലെ ചില പത്രവാര്‍ത്തകള്‍ തന്നെ അതിനു തെളിവ്‌.

രണ്ടാഴ്ച മുമ്പു നടന്ന ഒരു അറസ്റ്റു വിവരം ചുവടെ.
പോലീസ്‌ അറസ്റ്റിനു മടിച്ചില്ല എന്നത്‌ ഒരു കാര്യം. നേതാക്കള്‍ ആദ്യം തന്നെ ഇടപെടുന്നതിനു പകരം താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ നേരിട്ടാണ്‌ മോചനത്തിനു മുന്‍കൈയെടുത്തത്‌ എന്നത്‌ മറ്റൊന്ന്‌. മുന്‍പു കൊടുത്ത രണ്ടാരോപണങ്ങളും തികച്ചും തെറ്റാണ്‌.

മേല്‍പ്പറഞ്ഞത്‌ ഒരു ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞു തള്ളിക്കളയാനും വയ്യ. കഴിഞ്ഞ മാസം നടന്ന മറ്റൊരു അറസ്റ്റു വിവരം ഇങ്ങനെ.
ഇവിടെയും അറസ്റ്റു നടന്നു - പ്രവര്‍ത്തകര്‍ നേരിട്ടു കയ്യാങ്കളി നടത്തിയാണ്‌ മോചിപ്പിച്ചതും. ഉന്നത നേതൃത്വത്തിന്റെ ഇടപെടലുകളെ പഴിക്കുവാന്‍ ഇവിടെ അവസരമില്ല.

അറസ്റ്റിനു ശേഷം മാത്രമല്ല - അറസ്റ്റുണ്ടായേക്കാം എന്നൊരവസ്ഥയുണ്ടെങ്കില്‍, മുന്‍കൂട്ടിത്തന്നെ പോലിസിനെ ആക്രമിക്കുന്ന പരിപാടിയുമുണ്ട്‌. അതു നടന്നതും കഴിഞ്ഞമാസം.
എന്തുകാര്യത്തിനും പോലീസിനെ കുറ്റപ്പെടുത്തുന്നതിനു മുമ്പ്‌ മലയാളികള്‍ ഓര്‍ത്തിരിക്കേണ്ടതായ അനേകം സംഗതികള്‍ വേറെയുമുണ്ട്‌.

'പാര്‍ട്ടി ഓഫീസില്‍ കയറിയ പോലീസുകാര്‍ തിരിച്ചുപോയ ചരിത്രമില്ല' എന്ന്‌ മറ്റൊരു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ നേതാവു ഭീഷണിപ്പെടുത്തിയിട്ട്‌ മൂന്നുമാസമേ ആയിട്ടുള്ളൂ. വനിതാപോലീസിനെ തല്ലിയ തങ്ങളുടെ പ്രവര്‍ത്തകയ്ക്കും മറ്റുമുള്ള സ്വീകരണം ഉത്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു ആ പരാമര്‍ശം.

പോലീസ്‌സേന ഇതിനെല്ലാം ഇടയ്ക്കു കിടന്നു വെള്ളം കുടിക്കുകയും കയ്യുംകാലുമിട്ടടിക്കുകയുമാണ്‌ എന്നു ജനം കരുതിപ്പോയാല്‍ തെറ്റുപറയാനാവില്ല.

വെള്ളംകുടിയും കൈകാലടിയും ഒഴിവാക്കാന്‍ മാര്‍ഗ്ഗമൊന്നേയുള്ളൂ. നീന്തല്‍ പഠിക്കുക.
അതെന്തായാലും നല്ല നീക്കം തന്നെ. നടക്കട്ടെ. നന്നായി വരട്ടെ.

വാല്‍ക്കഷണം:-

പോലീസിനെതിരെ ഭരണമുന്നണിയില്‍ നിന്നു തന്നെ ശാരിരികമായും മാനസികമായും പീഢനങ്ങളും പരസ്യമായ പോര്‍വിളിയുമുണ്ടാകുന്നത്‌ സേനയുടെ ആത്മവീര്യം കെടുത്തുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

ഈയൊരു ഘട്ടത്തില്‍, നിയമപാലകരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത്‌ സാമൂഹ്യപ്രതിബദ്ധതയുള്ളവരുടെ കര്‍ത്തവ്യമായിത്തീരുകയാണ്‌.

അത്യന്തം ദുര്‍ഘടമായ ജോലിസാഹചര്യങ്ങളിലും ആത്മാര്‍ത്ഥതയോടെ ജോലിനോക്കുന്ന പോലീസ്‌ സേനാംഗങ്ങളേ - ഞങ്ങള്‍ നിങ്ങളെ നമിക്കുന്നു.

WE SALUTE YOU!
In fact, The Nation salutes you!

Sunday, February 10, 2008

സംവരണം വേണോ? ആര്‍ക്ക്‌? എന്തിന്‌?

സംവരണവുമായി ബന്ധപ്പെട്ട ചില ശിഥിലചിന്തകളാണിവിടെ.

വളരെ വലിയൊരു വിഷയമാണിത്‌. ആഴത്തില്‍ പഠിക്കണമെന്നാഗ്രഹിച്ച്‌ ഇനിയും നടക്കാതെ അവശേഷിക്കുന്നവയിലൊന്ന്‌. ഇതേക്കുറിച്ച്‌ ആധികാരികമായി സംസാരിക്കുവാന്‍ വേണ്ടതിന്റെ ഏഴയലത്തു വരില്ല - ഇതില്‍ എനിക്കുള്ള അറിവ്‌. അതുകൊണ്ടു തന്നെ, ഒരു പക്ഷേ, വെറും തോന്നലുകളായി തള്ളിക്കളയേണ്ടുന്നവയാവാം ഇതെല്ലാം.

ഇതെഴുതുന്നതിനുമുമ്പ്‌ പുതിയതായി ഒന്നും പഠിക്കാനും പോയില്ല. മനപ്പൂര്‍വ്വമാണ്‌. ഇപ്പോള്‍ എന്തെങ്കിലും വായിച്ചാല്‍, അതില്‍ നിന്നു കിട്ടുന്ന വിവരങ്ങളാല്‍ സ്വാധീനിക്കപ്പെട്ടാലോ എന്നു കരുതി.

ഏതെങ്കിലുമൊരു സമൂഹത്തിന്റെ പൊതുചിന്തയെ പ്രതിനിധീകരിക്കാന്‍ യാതൊരു തരവുമില്ലാത്ത - തികച്ചും വ്യക്തിപരമായ - അഭിപ്രായങ്ങള്‍ മാത്രം!

* * * * * * * * *
സംവരണം വേണോ?

വേണം.

വിദ്യാഭ്യാസ - തൊഴില്‍ - മേഖലകളില്‍ സംവരണം ഇപ്പോളും ഒരു അനിവാര്യതയായി തുടരുക തന്നെയാണ്‌. അത്‌ അവസാനിപ്പിക്കാവുന്ന ഒരു സാമൂഹ്യപശ്ചാത്തലം ഇനിയും സംജാതമായിട്ടില്ല.

അത്‌ ഏതൊക്കെ മേഖലകളില്‍ - എത്ര തോതില്‍ - ആര്‍ക്കൊക്കെ നല്‍കണം - എന്നതേപ്പറ്റി പുനരവലോകനങ്ങളും വേണമെങ്കില്‍ പുത്തന്‍ തീരുമാനങ്ങളുമാവാം.

സംവരണം ആര്‍ക്ക്‌?

സംശയമില്ല. പിന്നോക്കക്കാര്‍ക്ക്‌.

പിന്നോക്കാവസ്ഥ എന്നത്‌ എങ്ങനെ നിര്‍ണ്ണയിക്കും എന്നതുമായി ബന്ധപ്പെട്ട്‌ പുനരവലോകനങ്ങളും വേണമെങ്കില്‍ പുത്തന്‍ തീരുമാനങ്ങളുമാവാം.

സംവരണം എന്തിന്‌?

ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഒരു വിവേചനവും അനുഭവിക്കേണ്ടിവരാത്ത മട്ടില്‍ എല്ലാ മേഖലകളിലും തുല്ല്യാവസരങ്ങള്‍ ഉറപ്പു വരുത്തുക എന്നത്‌ ശ്രമകരമായൊരു കാര്യം തന്നെയാണ്‌. ഇത്തരത്തില്‍, 'സമഗ്രമായ സാമൂഹ്യനീതി' എന്നതൊക്കെ സത്യത്തില്‍ സ്വപ്നതുല്യമായൊരു ലക്ഷ്യം മാത്രമാണ്‌. എന്നാല്‍, പരമാവധി അതിനടുത്തെത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാവണം ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണം.

വിവിധകാരണങ്ങളാല്‍ പിന്നോക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്ക്‌, അവരുടെ ജീവിതസാഹചര്യങ്ങള്‍ മൂലം തന്നെ, ഒരിക്കലും ആ പിന്നോക്കാവസ്ഥ മറികടക്കാന്‍ കഴിയാത്ത ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്‌. പരിമിതമായ വിഭവങ്ങളുള്ള അവസരങ്ങളില്‍, ഒരു മത്സരത്തിന്റെ സാഹചര്യമുണ്ടാവുമ്പോള്‍, അവര്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവാതെ പിന്തള്ളപ്പെട്ടു പോവേണ്ടി വരുന്നതു സ്വാഭാവികം. അത്തരക്കാരെ, പുറത്തുനിന്നുള്ള ഒരു കൈത്താങ്ങോടു കൂടിത്തന്നെ ഉയര്‍ത്തിവിടേണ്ടി വരും. അതിനുള്ള പലമാര്‍ഗ്ഗങ്ങളിലൊന്നാണ്‌ - നിര്‍ബന്ധമായും കുറച്ചു വിഭവങ്ങള്‍ അവര്‍ക്കു മാത്രമായി നീക്കിവയ്ക്കുക എന്ന - സംവരണം.

* * * * * * * * *

ഈ വിഷയത്തില്‍ നടക്കുന്ന ഏതൊരു ചര്‍ച്ചയും ഒടുവില്‍ തര്‍ക്കങ്ങള്‍ മാത്രമായി പരിണമിച്ചുകാണാറുണ്ട്‌. സംവരണത്തിനു ജാതി മാത്രം പരിഗണിച്ചാല്‍ മതിയെന്നും, അതല്ല സാമ്പത്തിക മാനദണ്ഡങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നുമൊക്കെ വാദിക്കുന്നവരുണ്ട്‌. മതാടിസ്ഥാനത്തിലുള്ള സംവരണം, മതപരിവര്‍ത്തനത്തേത്തുടര്‍ന്ന്‌ ജാതി സംവരണം നഷ്ടപ്പെടുന്നത്‌ ഇതൊക്കെയും തര്‍ക്കവിഷയങ്ങളാണ്‌. സാമുദായികപശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച കുറവുകള്‍ക്കു പരിഹാരം കാണാനുദ്ദേശിച്ചു നടപ്പാക്കുന്നതു പലതും, സമുദായങ്ങള്‍ തമ്മിലുള്ള വിടവുകള്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്നും ആരോപണമുണ്ട്‌. ഇതൊക്കെ തര്‍ക്കങ്ങളില്‍ പ്രതിഫലിച്ചുകാണാറുള്ളതും നിര്‍ഭാഗ്യകരമാണ്‌.

ഈ കാര്യങ്ങളില്‍, നടന്നു കിട്ടിയാല്‍ കൊള്ളാമെന്ന്‌ എനിക്ക്‌ (ഇപ്പോള്‍) തോന്നുന്ന ചില സ്വപ്നങ്ങളാണ്‌ ഇനി പറയുന്നത്‌. ഇതേക്കുറിച്ചൊക്കെ കൂടുതല്‍ ചിന്തിക്കാനോ അറിവു നേടാനോ ഒക്കെ സമയം കിട്ടിക്കഴിഞ്ഞാല്‍ ഒരു പക്ഷേ ഈ ചിന്താഗതികളൊക്കെ പാടേ മാറി മറിഞ്ഞേക്കാം.

* * * * * * * * *

ഒന്ന്‌
സാമൂഹ്യപിന്നോക്കാവസ്ഥയ്ക്കു പരിഹാരംകാണുക - സംവരണസംബന്ധിയായ തീരുമാനങ്ങള്‍ കൈക്കൊള്ളുക - ഇതിനൊക്കെ ചുമതലപ്പെട്ട ഒരു ഉന്നതാധികാര സമിതി ഉണ്ടാവണം. (നിലവില്‍ അങ്ങനെയൊന്നുണ്ടാവാനിടയില്ല. അറിയില്ല. ന്യൂനപക്ഷകമ്മീഷനും പട്ടികജാതി ക്ഷേമവകുപ്പിലെ സമിതികളുമൊന്നുമല്ല ഉദ്ദേശിച്ചത്‌. തീര്‍ച്ചയായും മണ്ഡല്‍ കമ്മീഷന്‍ പോലൊന്നുമല്ല!)

ഇതിന്റെ അധികാരങ്ങള്‍ പരമാവധി - പറ്റുമെങ്കില്‍ സമ്പൂര്‍ണ്ണമായി - രാഷ്ട്രീയവിമുക്തമാക്കുക എന്നതാണു പ്രധാനം. സര്‍ക്കാരുകള്‍ വരികയോ പോകുകയോ കക്ഷികള്‍ മാറുകയോ ചെയ്യുന്നതൊന്നും ഇതിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത്‌.

തെരഞ്ഞെടുപ്പു കമ്മീഷനും മറ്റും പോലെ - ഒരുപക്ഷേ അതിലും ഉയരത്തില്‍ - ഒരു constitutional body(?) - എന്നൊക്കെ വിളിക്കാവുന്ന മട്ടില്‍ ഒന്നു സാദ്ധ്യമാവുമോ എന്തോ? ഒരു ഇംപീച്ചുമെന്റോ നിയന്ത്രണങ്ങളോ ഒക്കെ വേണമെങ്കില്‍, ഇരു സഭകളിലും മൂന്നില്‍ രണ്ടോ അതില്‍ക്കൂടുതലോ ഭൂരിപക്ഷം വേണം - മുതലായ നിയന്ത്രണങ്ങളിലൂടെ, രാഷ്ട്രീയക്കാര്‍ക്ക്‌ പരമാവധി അപ്രാപ്യമാവണം ആ സമിതി. എന്നുവച്ച്‌ തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമുണ്ടാവാന്‍ പാടില്ല താനും.

ആര്‍ക്കെങ്കിലും സംവരണം ലഭിക്കാനിടയാകുന്നെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌ അവകാശപ്പെടാന്‍ ഒരു രാഷ്ട്രീയകക്ഷിക്കും കഴിയരുത്‌. ആര്‍ക്കെങ്കിലും നഷ്ടപ്പെടുന്നെങ്കില്‍, അതൊരു കക്ഷിയുടെയും കുറ്റമായി കണക്കാക്കപ്പെടുകയുമരുത്‌.

തങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നവര്‍ക്കു മാത്രമേ തങ്ങള്‍ വോട്ടു ചെയ്യൂ എന്ന്‌ പരസ്യമായി പ്രഖ്യാപിക്കാന്‍ ആളുകള്‍ മടിക്കാത്ത നിര്‍ഭാഗ്യകരമായ സാഹചര്യം ഇന്നു നിലവിലുണ്ട്‌.

ഇതൊക്കെ, രാഷ്ട്രീയ കരുനീക്കങ്ങളില്‍ പ്രതിഫലിക്കപ്പെടും എന്നത്‌ - സംവരണാനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയകക്ഷികളുടെ കണക്കുകൂട്ടലുകളില്‍ തങ്ങള്‍ക്കു ലഭിക്കാനിടയുള്ള വോട്ടുകളുടെ എണ്ണവും പെടും എന്നത്‌ - ഇന്നൊരു രഹസ്യമൊന്നുമല്ല. അധികസംവരണത്തിന്റെ തോത്‌ ധൃതിയില്‍ 27% എന്നു തീരുമാനിച്ചത്‌ എന്തടിസ്ഥാനത്തിലാണെന്ന കോടതിയുടെ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ കോണ്‍ഗ്രസിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.

മതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സംവരണനീക്കങ്ങള്‍ അപകടകരമാണെന്നും അവയെ തുടര്‍ന്നും ചെറുക്കുമെന്നുമുള്ള ബി.ജെ.പി.യുടെ പ്രഖ്യാപനത്തിന്‌ ചിലര്‍ വര്‍ഗ്ഗീയമായ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നുമുണ്ട്‌.

ഇത്തരം അവസ്ഥകളെല്ലാം ഒഴിവാകണം. സംവരണവും രാഷ്ടീയവും തമ്മിലുള്ള അകലം എത്ര വര്‍ദ്ധിക്കുന്നോ - കാര്യങ്ങള്‍ നേരെയാവാനുള്ള സാദ്ധ്യത അത്രയും കൂടുന്നു.

രണ്ട്‌
പിന്നോക്കാവസ്ഥ എന്നത്‌ വ്യക്തമായി നിര്‍വചിക്കപ്പെടണം. ഏതൊക്കെ ഘടകങ്ങളാണ്‌ പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നത്‌ എന്നതില്‍ വ്യക്തമായ ധാരണയിലെത്തുകയും അത്‌ എഴുതിവയ്ക്കുകയും വേണം.

എന്തിനാണു നാം സംവരണം കൊടുക്കുന്നത്‌ എന്ന ചോദ്യത്തിന്‌ വ്യക്തമായൊരു ഉത്തരം കരുതിവയ്ക്കപ്പെടാത്തിടത്തോളം കാലം, സംവരണാര്‍ഹരെ കണ്ടെത്തുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരും.

പിന്നോക്കജാതികളായി കണക്കാക്കപ്പെട്ടിരുന്നവരെ ഉദ്ധരിക്കുക എന്നത്‌ തീര്‍ച്ചയായും ഒരു ലക്ഷ്യം തന്നെയാണ്‌. അതു മാത്രമാണോ നാം ലക്ഷ്യം വയ്ക്കുന്നത്‌? ഇപ്പോളത്തെ അവസ്ഥ എന്തു തന്നെയായിരുന്നാലും ശരി, അവരുടെ മുന്‍ഗാമികളുടെ അവസ്ഥ പരിഗണിച്ച്‌ 'ഭൂതകാലത്തില്‍ ജാതിയുടെ പേരിലേല്‍ക്കേണ്ടിവന്ന സഹനങ്ങള്‍ക്ക്‌ ആശ്വാസമെത്തിക്കുക'യാണു വേണ്ടതെന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടു കാണാറുണ്ട്‌. ഇതുതന്നെയാണോ യഥാര്‍ത്ഥത്തില്‍ 'ഔദ്യോഗികമായ' നിലപാടും? ആണെങ്കില്‍, അതു വ്യക്തമായി പ്രഖ്യാപിച്ച്‌, എഴുതി വയ്ക്കണം.

സാമ്പത്തികമായി ഏറ്റവും താഴേക്കിടയിലുള്ളവരോടുള്ള നമ്മുടെ നിലപാടെന്താവണം? മറ്റു ഘടകങ്ങള്‍ക്കതീതമായി അവരെ നാം പിന്നോക്കമായി പരിഗണിക്കുന്നുണ്ടോ? അവരെ നാം പുറത്തുനിന്നുള്ള കൈത്താങ്ങോടു കൂടി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കേണ്ടതുണ്ടോ? ഇല്ല എന്നുണ്ടെങ്കില്‍, ജാതിമാത്രമേ പരിഗണിക്കേണ്ടതുള്ളൂ എങ്കില്‍, അതു വ്യക്തമായി പ്രഖ്യാപിച്ച്‌, എഴുതി വയ്ക്കണം. മറിച്ചാണെങ്കില്‍ അതും.

പ്രാദേശികഘടകങ്ങള്‍ - വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ - ഇതൊക്കെ നം പരിഗണിക്കേണ്ടതുണ്ടോ? ചില പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ - ചരിത്രപരമായ കാരണങ്ങളാല്‍ - സാമ്പത്തിക/ജാതീയ ഘടകങ്ങള്‍ക്കതീതമായി - വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരല്ലേ? അവര്‍ മത്സരങ്ങളില്‍ പിന്തള്ളപ്പെട്ടുപോകുകയും ആ പ്രദേശങ്ങള്‍ എന്നും പിന്നോക്കമായിത്തന്നെ അവശേഷിക്കുകയും ചെയ്യുന്നൊരു സ്ഥിതിവിശേഷമില്ലേ? അത്തരം ഘടകങ്ങള്‍കൂടി പരിഗണിച്ച്‌, അവരേക്കൂടി പിന്തുണയ്ക്കുവാനുള്ള ബാദ്ധ്യത നമുക്കുണ്ടോ? ഇല്ലെങ്കിലും ഉണ്ടെങ്കിലും, അതു വ്യക്തമായി പ്രഖ്യാപിച്ച്‌, എഴുതി വയ്ക്കണം.

ചുരുക്കിപ്പറഞ്ഞാല്‍, ആരാണ്‌ പിന്നോക്കക്കാരന്‍? എന്തൊക്കെ ഘടകങ്ങളാണ്‌ അയാളെ പിന്നോക്കക്കാരനാക്കുന്നത്‌?

ഒരു പിന്നോക്കക്കാരന്‌ ഇല്ലാത്തത്‌ എന്തെല്ലാമാണ്‌? സംവരണത്തിലൂടെ നാം അവനുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നത്‌ എന്തൊക്കെയാണ്‌?

ഈ ചോദ്യങ്ങള്‍ക്കെല്ലാം സുവ്യക്തമായ ഉത്തരങ്ങളിലെത്തുക എന്നതാവണം സമിതിയുടെ ആദ്യ ചുമതലകളിലൊന്ന്‌. അത്‌ സംശയങ്ങള്‍ക്കിടയില്ലാത്തവിധം ഒരു ലിഖിതരൂപത്തിലാക്കുകയും വേണം.

മൂന്ന്‌
പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കപ്പെടുന്നത്‌ ആപേക്ഷികമായാവരുത്‌. അതിന്‌ വ്യക്തമായ ഒരു സൂചകം വേണം. ഒരു - Index of backwardness - അഥവാ പിന്നോക്കാവസ്ഥാസൂചകം എല്ലാവരിലും നിര്‍ണ്ണയിക്കാന്‍ കഴിയണം. ഒരു "quantitative approach" ആണ്‌ ഇവിടെ വേണ്ടത്‌.

"അയാള്‍ ഒരു പിന്നോക്കക്കാരനാവാന്‍ തരമുണ്ട്‌ - മറ്റേയാളാണെന്നു തോന്നുന്നു അതിലും പിന്നോക്കം" എന്നൊക്കെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാവരുത്‌ തീരുമാനം എന്നു ചുരുക്കം. ഉദാഹരണത്തിന്‌, സുധാകരന്റെ 'Index Of Backwardness (IOB?)' 44 ആണ്‌. പക്ഷേ ശശിയുടേത്‌ 51 ആണ്‌. അതുകൊണ്ട്‌ ശശിയാണു കൂടുതല്‍ പിന്നോക്കം എന്നു പറയാന്‍ കഴിയണം.

നാല്‌
പിന്നോക്കാവസ്ഥാസൂചകം നിര്‍ണ്ണയിക്കാന്‍, ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. അതിന്റെയൊരു വിശദമായ മാര്‍ഗ്ഗരേഖ തയ്യാറാക്കി വയ്ക്കണം.

ജാതിയുടെയോ അല്ലെങ്കില്‍ ദാരിദ്ര്യത്തിന്റെയോ മാത്രം അടിസ്ഥാനത്തിലാവണം സംവരണം എന്നു വാദിക്കുന്നവരുടെ ശ്രദ്ധയിലേക്കായി ചില ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. പിന്നോക്കാവസ്ഥാസൂചകം കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌ എന്നു വ്യക്തമാക്കാനും അവ സഹായിച്ചേക്കും.

ആളുകള്‍ പല തരത്തിലാണ്‌. പലജാതിയില്‍പ്പെട്ടവരുണ്ട്‌. സാമ്പത്തികമായും, വിദ്യാഭ്യാസപരമായുമൊക്കെ ഉയര്‍ന്നവരും താഴ്‌ന്നവരുമുണ്ട്‌. എട്ടു വ്യക്തികള്‍ - മൂന്നു വ്യത്യസ്തമേഖലകളില്‍ പരമാവധി എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കാം എന്ന്‌ താഴെക്കൊടുത്തിരിക്കുന്നു.

'Y' എന്ന്‌ അടയാളപ്പെടുത്തിയിരിക്കുന്നത്‌ 'പിന്നോക്കമാണ്‌' എന്നു സൂചിപ്പിക്കുന്നു. '---' എന്നത്‌ 'പിന്നോക്കമല്ല' എന്നതിനേയും.
'One' എന്നയാള്‍ ഒരു കാര്യത്തിലും പിന്നോക്കമല്ല എന്നുകാണാം.
'Two' എന്നയാള്‍ 'പിന്നോക്കജാതി'യില്‍പ്പെട്ടയാളാണ്‌. പക്ഷേ അദ്ദേഹത്തിന്‌ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. 'Seven' എല്ലാക്കാര്യത്തിലും പിന്നോക്കമാണ്‌.

ഇപ്പോള്‍ നിലവിലുള്ള പിന്നോക്കജാതിലിസ്റ്റു മാത്രം പരിഗണിച്ച്‌ സംവരണം ഏര്‍പ്പെടുത്തിയാല്‍, 'Two', 'Three', 'Seven', 'Eight' എന്നിവര്‍ക്കു സംവരണം ലഭിക്കും.
സാമ്പത്തികമാനദണ്ഡങ്ങള്‍ മാത്രം പരിഗണിച്ചാല്‍ 'Four', 'Five', 'Seven', 'Eight' എന്നിവര്‍ക്കു ലഭിക്കും.
മൂന്നാമത്തെ മാനദണ്ഡമെടുത്താല്‍, 'Three', 'Five', 'Six', 'Seven' എന്നിവര്‍ക്കായിരിക്കും ലഭിക്കുക.
ഇനി, കുറഞ്ഞത്‌ ഏതെങ്കിലും രണ്ടു മേഖലകളിലെങ്കിലും പിന്നോക്കമായവര്‍ക്കേ സംവരണാര്‍ഹതയുള്ളൂ എന്നാണെങ്കില്‍, 'Three', 'Five', 'Seven', 'Eight' എന്നിവര്‍ക്കായിരിക്കും അവസരം.
ഇതില്‍ ഏതു രീതി ഉപയോഗിച്ചാലും, ഏറ്റവും പിന്നോക്കമായ 'Seven' സംവരണാര്‍ഹനാണ്‌ എന്നു കാണാം. ഏറ്റവും മുന്നോക്കമായ 'One' ഒരിക്കലും അര്‍ഹനാകുന്നില്ല താനും. പക്ഷേ, അവര്‍ക്കു രണ്ടു പേര്‍ക്കുമിടയ്ക്കുള്ളവരുടെ കാര്യത്തില്‍ വ്യത്യാസങ്ങളുണ്ടാവുന്നുണ്ട്‌. ഇതില്‍ ഒരു രീതിയും പൂര്‍ണ്ണമായും കുറ്റമറ്റതാണെന്നു പറയാനാവില്ല.

ആദ്യം ചെയ്യേണ്ടത്‌ ഈയൊരു ടേബിള്‍ വിപുലീകരിക്കുക എന്നതാണ്‌. പിന്നോക്കാവസ്ഥയ്ക്കു കാരണമാകുന്ന മൂന്നു ഘടകങ്ങള്‍ മാത്രമേ ഇവിടെ പരിഗണിച്ചിട്ടുള്ളൂ. സമിതി കണ്ടെത്തുന്ന എല്ലാ ഘടകങ്ങളിലെയും പിന്നോക്കാവസ്ഥകള്‍ പ്രത്യേകം കണക്കിലെടുക്കണം.
അടുത്തതായി ചെയ്യേണ്ടത്‌ ഒരു ഗ്രേഡിംഗ്‌ കൊണ്ടുവരുക എന്നതാണ്‌. ഇതു വരെ നാം രണ്ടു തരത്തിലേ വിഭജിച്ചിരുന്നുള്ളൂ. ഒന്നെങ്കില്‍ പിന്നോക്കമാണ്‌ (Y) അല്ലെങ്കില്‍, പിന്നോക്കമല്ല (---) എന്നിങ്ങനെ. അതിനു പകരം പല ഗ്രേഡുകളായി തിരിക്കാം. എത്രഗ്രേഡുകള്‍ വേണം, ഓരോ ഗ്രേഡിലും പെടുത്താനുള്ള മാനദണ്ഡങ്ങളെന്ത്‌ ഇവയൊക്കെ വ്യക്തമായി നിര്‍വചിക്കപ്പെടണം.

ഉദാഹരണത്തിന്‌ അഞ്ചു ഗ്രേഡുകളായി തിരിക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍, 5 എന്നു വച്ചാല്‍, ഒരു മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്നു. 1 എന്ന ഗ്രേഡുള്ളവര്‍ താരതമ്യേന ഭേദപ്പെട്ട നിലയിലുള്ളവരായിരിക്കും. പരമദരിദ്രരായുള്ളവര്‍, ആ മാനദണ്ഡത്തില്‍ ഗ്രേഡ്‌ 5 ആയിരിക്കും. ആദിവാസികളും പട്ടികവര്‍ഗ്ഗക്കാരുമൊക്കെ ജാതിവിഭാഗത്തിലെ ഗ്രേഡ്‌ 5 ആയിരിക്കും.
ഓരോരുത്തര്‍ക്കും പല വിഭാഗങ്ങളിലായി കിട്ടിയ ഗ്രേഡുകള്‍ കൂട്ടി നോക്കിയാല്‍, മൊത്തത്തിലുള്ള പിന്നോക്കാവസ്ഥയുടെ ഒരു സൂചകം ലഭിക്കും. മുകളിലെ ചിത്രമനുസരിച്ച്‌ Three (16) -> One (15) -> Two (14) എന്നാണ്‌ പിന്നോക്കാവസ്ഥയുടെ ക്രമം എന്നു കാണാം.

ഇവിടെ പക്ഷേ ഒരു പ്രശ്നമുണ്ട്‌. എല്ലാ മാനദണ്ഡങ്ങള്‍ക്കും ഒരേ പ്രാധാന്യമാണ്‌ നല്‍കിയിരിക്കുന്നത്‌. അതു ശരിയല്ല.

മുകളിലത്തെ ചിത്രത്തില്‍, ആദ്യത്തെ രണ്ടു മാനദണ്ഡങ്ങള്‍ ജാതീയവും സാമ്പത്തികവുമായ ഘടകങ്ങളായിരുന്നു എന്നു വിചാരിക്കുക. അവയ്ക്കാണു നാം മറ്റു ഘടകങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കാനുദ്ദേശിക്കുന്നത്‌ എന്നും കരുതുക. ഈ രണ്ടു കാര്യത്തിലും, Two എന്നയാള്‍ ഏറ്റവും പിന്നോക്കമാണ്‌. അദ്ദേഹത്തിന്‌ അതു രണ്ടിലും 5 പോയിന്റു വീതമാണുള്ളത്‌. മറ്റു രണ്ടുപേരും ആ രണ്ടു ഘടകങ്ങളില്‍ മുന്നോക്കമായതുകൊണ്ട്‌ ഓരോ പോയിന്റു വീതമേയുള്ളൂ. എന്നാല്‍പ്പോലും, മൊത്തം കണക്കെടുക്കുമ്പോള്‍ 'Two' ഏറ്റവും മുന്നോക്കമായി കണക്കാക്കപ്പെട്ടുപോകുന്നു. എല്ലാ മാനദണ്ഡങ്ങള്‍ക്കും തുല്യമായ മൂല്യം - ഒരു weightage" - കൊടുക്കുന്നതിന്റെ പ്രശ്നമാണിത്‌.

ഓരോ ഘടകങ്ങള്‍ക്കും അതിന്റെ പ്രാധാന്യമനുസരിച്ചുള്ള ഒരു 'weightage factor' കൂടി നല്‍കിക്കൊണ്ടുള്ള ഒരു കണക്കുകൂട്ടല്‍ താഴെ കൊടുത്തിരിക്കുന്നു. ആദ്യ രണ്ടു ഘടകങ്ങള്‍ക്ക്‌ ഏറ്റവും കൂടിയ weightage - 5 - നല്‍കിയിട്ടുണ്ട്‌. ഓരോ പോയിന്റും അതാതിന്റെ മൂല്യം കൊണ്ടു ഗുണിക്കപ്പെട്ടതിനു ശേഷമാണ്‌ ആകെത്തുക കണക്കുകൂട്ടുന്നത്‌.
ഈ രീതി ഉപയോഗിക്കുമ്പോള്‍, Two (58) ഏറ്റവും പിന്നോക്കമാണെന്നതു വെളിപ്പെടുന്നു. ആദ്യ രണ്ടു ഘടകങ്ങള്‍ക്ക്‌ ഉയര്‍ന്ന മൂല്യം നല്‍കിയതുകൊണ്ടാണ്‌ ഇതു സാധിച്ചത്‌.

One, Three എന്നിവ തുല്യനില(37)യിലാണ്‌. അവരുടെ കൃത്യമായ നില അറിയാനൊരു മാനദണ്ഡം വേണമെന്നാണെങ്കില്‍, മുല്യം ഏറ്റവും കൂടിയ ഘടകങ്ങളോരോന്നായി പരിശോധിച്ചു വരുകയോ മറ്റോ ആകാവുന്നതാണ്‌. മൂല്യം 5 ആയ ഘടകങ്ങളില്‍ രണ്ടുപേരും തുല്യനിലയിലാണ്‌. 10 പോയിന്റു വീതം. അടുത്തതായി ഏറ്റവും ഉയര്‍ന്ന മൂല്യമായ 3 എടുത്തു നോക്കിയാല്‍, One (12) ആണ്‌ Three (9) - യേക്കാള്‍ പിന്നോക്കം.

അപ്പോള്‍, പിന്നോക്കാവസ്ഥയുടെ പുതിയ ക്രമം - Two (58) -> One (37(12)) -> Three (37(9)) എന്നാകുന്നു. മുമ്പത്തെ ക്രമത്തിന്റെ നേര്‍വിപരീതമാണിത്‌.

അഞ്ച്‌
ഇങ്ങനെ കണക്കു കൂട്ടിക്കിട്ടുന്നതില്‍, ഒരു നിശ്ചിതസംഖ്യയ്ക്കു മുകളിലുള്ളവരെ പിന്നോക്കമായി പ്രഖ്യാപിക്കണം. ആനുകൂല്യങ്ങള്‍ അവര്‍ക്കിടയിലായിരിക്കണം വീതിക്കപ്പെടേണ്ടത്‌. ഈ സംഖ്യ - Threshold figure - എത്രയാണെന്നത്‌ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്തപ്പെടുത്താം.

ആറ്‌
പിന്നോക്കക്കാര്‍ക്കിടയില്‍ത്തന്നെ സംവര്‍ണാനുകൂല്യങ്ങളും മറ്റും വീതം വയ്ക്കുന്നതിലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ (Index Of Backwardness ഏറ്റവും കൂടുതലുള്ളവര്‍ക്ക്‌) ഏറ്റവും ആദ്യം എന്നു കരുതിക്കൂടാ. അവര്‍ക്കു തന്നെ മുന്‍ഗണന. പക്ഷേ അവര്‍ക്കു മാത്രമായിപ്പോകുന്നെങ്കില്‍, അതിലൊരു പ്രശ്നമുണ്ട്‌.

ആദിവാസികള്‍ - മറ്റു പട്ടികവര്‍ഗ്ഗങ്ങള്‍ - മുതലായവര്‍ എല്ലാ മേഖലയിലും പിന്നോക്കമായിരിക്കും. അവരുടെ Total Index Of Backwardness വളരെക്കൂടുതലായിരിക്കും. സംവരാണാനുകൂല്യങ്ങളും മറ്റും അവര്‍ക്കു മാത്രമായി ചുരുങ്ങിപ്പോയിക്കൂടാ. അവരുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനായിരിക്കും താരതമ്യേന കൂടുതല്‍ സമയം ആവശ്യമായി വരിക എന്നതും ഓര്‍ക്കേണ്ടതുണ്ട്‌. മറ്റുള്ളവര്‍ അത്ര ദീര്‍ഘകാലം കാത്തുനില്‍ക്കേണ്ടതായി വരരുത്‌.

അതുകൊണ്ട്‌, Threshold figure-നു മുകളിലുള്ളവരെ മൂന്നോ മറ്റോ തട്ടുകളായി തിരിക്കാം. ഓരോ തട്ടിലുമുള്ളവര്‍ക്ക്‌ നിശ്ചിതശതമാനം സംവരണം എന്നു തീരുമാനിക്കാം.
കൃത്യം ഇടയില്‍പ്പെട്ടുപോകുന്നവരുടെ കാര്യത്തില്‍ അനീതിയില്ലേ എന്നു സംശയം തോന്നാം.
ഇല്ല. യാതൊരു മാനദണ്ഡങ്ങളുമില്ലാത്തതിന്റെ പേരില്‍ അനര്‍ഹരായ പലരും ഇപ്പോള്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്നതു വച്ചു നോക്കിയാല്‍ അതൊരു പ്രശ്നമേയല്ല. ഇടയില്‍പ്പെട്ടുപോകുന്നവര്‍ക്ക്‌ അധികം താമസിയാതെ അവസരങ്ങളുണ്ടാവാനുള്ള സാദ്ധ്യതയുണ്ടു താനും.

മൊത്തം ഇന്‍ഡക്സുകള്‍ ഒരു പട്ടികരൂപത്തില്‍ എഴുതിയാല്‍ ഓരോരുത്തരുടെയും നില എവിടെയൊക്കെയാണ്‌ - ഓരോ കാര്യത്തിലും ഏതൊക്കെ പോയിന്റുകളില്‍ വച്ചാണ്‌ മുറിക്കപ്പെടുന്നത്‌ - ഇത്തരം കാര്യങ്ങളൊന്നും വളരെ സുതാര്യമാക്കേണ്ടതില്ലെന്നു തീരുമാനിച്ചാല്‍, പരാതികളൊഴിവാക്കാം. ആവശ്യമായ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍, ബാക്കി കണക്കുകൂട്ടലുകളെല്ലാം കമ്പ്യൂട്ടറാണു ചെയ്യുന്നത്‌ എന്നും, സ്വന്തം ഇഷ്ടപ്രകാരം ആളുകളെ തിരുകിക്കയറ്റാന്‍ അവസരമില്ല എന്നും വന്നാല്‍, ഈ അതാര്യതയും എതിര്‍ക്കപ്പെടാനിടയില്ല.

ഏഴ്‌
അളക്കാവുന്ന ഒന്നായി - ഒരു 'masurable quantity' യായി - പിന്നോക്കാവസ്ഥയെ ഇതിനകം മാറ്റിക്കഴിഞ്ഞ സ്ഥിതിക്ക്‌, ആ measurement കൂടി ഇടയ്ക്കിടയ്ക്കു നടക്കാനുള്ള സംവിധാനമുണ്ടാവണം. നിശ്ചിത കാലയളവുകളില്‍, ഈ കണക്കുകള്‍ പുതുക്കിക്കൊണ്ടിരിക്കണം. ഇതിനകം സംവരണം നേടിക്കഴിഞ്ഞവരുടെ കാര്യത്തില്‍, അവരുടെ പിന്നോക്കാവസ്ഥാസൂചകം താഴ്‌ന്നു താഴ്‌ന്നു വന്ന്‌ ഒടുവിലവര്‍ തുടര്‍ന്ന്‌ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരല്ലാതായിത്തീരുന്നത്‌ വ്യക്തമായി കാണുവാന്‍ സാധിക്കണം. ഏതെങ്കിലും സമുദായങ്ങള്‍ മൊത്തത്തില്‍ മുന്നോക്കാവസ്ഥ കൈവരിച്ചു തുടങ്ങുന്നുവെങ്കില്‍, അവരുടെ കാര്യത്തില്‍ സമുദായസൂചകത്തിന്റെ മൂല്യത്തില്‍ കുറവു വരുത്തണം.

* * * * * * * * *
ഇത്രയും എഴുതിയത്‌ ഓടിച്ചൊന്നു വായിച്ചു നോക്കിയപ്പോളാണു തോന്നിയത്‌ - അല്ലാ - ഇതൊക്കെയല്ലേ പണ്ടു മണ്ഡല്‍ കമ്മീഷനും ചെയ്യാന്‍ നോക്കിയത്‌? അബദ്ധമായോ? ഇതിനകം പരീക്ഷിക്കപ്പെട്ടവയുടെ ആവര്‍ത്തനം മാത്രമായോ? മണ്ഡലിനേപ്പറ്റിയാണെങ്കില്‍ തീരെ പിടിപാടില്ല താനും.

ഓടിച്ചൊന്നു 'ഗൂഗിള്‍' ചെയ്തു നോക്കി. ആശ്വാസം. അതു സംഗതി വേറെയാണെന്നു തോന്നുന്നു.

വിവിധഘടകങ്ങള്‍ പരിഗണിച്ച്‌ പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നതേപ്പറ്റിയൊക്കെ ചിന്തിച്ചതുകൊണ്ടാണ്‌ സാദൃശ്യം അനുഭവപ്പെട്ടത്‌. എന്നാല്‍, അവിടെ സമുദായങ്ങളുടെ പിന്നോക്കാവസ്ഥയാണു പരിഗണിക്കപ്പെട്ടത്‌. ഇവിടെ, മനുഷ്യരുടെ പിന്നോക്കാവസ്ഥയേപ്പറ്റിയാണു ചിന്തിച്ചത്‌.

ഇതുതന്നെ - ഈ വ്യത്യാസം തന്നെ - യഥാര്‍ത്ഥത്തില്‍ എല്ലാ 'സംവരണവിരുദ്ധ'(?)വാദങ്ങളുടെയും കാതല്‍.

മനുഷ്യനെ മനുഷ്യനായിക്കാണുക എന്നത്‌ പറഞ്ഞുനടക്കുന്നതിനു പകരം പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍, ആളുകള്‍ക്കതിനെ എതിര്‍ക്കാന്‍ തോന്നുമോ എന്തോ?

ഇപ്പോള്‍ സാമുദായികപരിഗണനകളാല്‍ സംവരണാര്‍ഹരായിരിക്കുന്നവര്‍ക്ക്‌ അതു നഷ്ടപ്പെടാത്തൊരു സാഹചര്യത്തില്‍ത്തന്നെ, ജാതിമാത്രമല്ല പിന്നോക്കാവസ്ഥയുടെ അടിസ്ഥാനം എന്നൊരു സങ്കല്‍പം കൂടി കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ മാറാതിരിക്കുമോ എന്തോ?

ജാതിവിടവുകള്‍ കൂട്ടുന്നതിനു പകരം അലിയിച്ച്‌ ഇല്ലാതാക്കാന്‍ അതു സഹായിക്കാതിരിക്കുമോ എന്തോ?

ചോദ്യങ്ങള്‍ക്ക്‌ 'convincing' ആയ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ തെരുവിനുപകരം ക്ലാസ്‌മുറികള്‍ തന്നെ തെരഞ്ഞെടുക്കാതിരിക്കുമോ? അതോ അവര്‍ 'സംവരണം എന്ന സങ്കല്‍പമേ തെറ്റാണ്‌ ' എന്നൊരു വാദമുയര്‍ത്തി പെട്രോള്‍ക്യാന്‍ തലയ്ക്കു മുകളിലുയര്‍ത്തുമോ?

അറിയില്ല. ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്‌. സകലഭാരതീയരും കൂടുതല്‍ ഉന്നതിയെ പ്രാപിക്കും. ഇന്നല്ലെങ്കില്‍ നാളെ ഭാരതം ലോകത്തിന്റെ നെറുകയിലെത്തും. ഇല്ലെങ്കില്‍ ആരെങ്കിലുമൊക്കെച്ചേര്‍ന്ന്‌ എത്തിക്കും. തീര്‍ച്ച!

* * * * * * * * *
വാല്‍ക്കഷണം:-

സ്വപ്നങ്ങള്‍ക്ക്‌ പൊതുവായ ഒരു സ്വഭാവമുണ്ട്‌. അപ്രായോഗികതകള്‍ കൊണ്ട്‌ സമ്പന്നമായിരിക്കും അവ.

ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള - വിപുലമായ അധികാരങ്ങളുള്ള - വിപുലമായ പ്രാതിനിധ്യസ്വഭാവമുള്ള - നല്ല അംഗബലമുള്ള - ഒരു സമിതി - അതൊരു സ്ഥിരം സമിതിയായിരിക്കണം - ജോലിഭാരം കണക്കിലെടുക്കുമ്പോള്‍ 'support staff'-ന്റെ അംഗബലവും ഭീമമായിരിക്കും - താഴേത്തട്ടില്‍വരെയെത്തുന്ന പ്രവര്‍ത്തനങ്ങള്‍ - ഇതൊക്കെ നടക്കുന്ന കാര്യമാണോ?

സമുദായങ്ങള്‍ എണ്ണത്തില്‍ കുറവല്ലെങ്കിലും, ഒരു പരിധിയൊക്കെയുണ്ട്‌. ജനങ്ങളുടെ കാര്യത്തില്‍ അതാണോ സ്ഥിതി? വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും കാര്യം മാത്രമെടുക്കാമെന്നു കരുതിയാല്‍ത്തന്നെയും, എന്തൊരു ഭീമമായ 'ഡേറ്റാബേസ്‌' ആയിരിക്കും അത്‌? കൃത്യമായ കണക്കുകളൊക്കെ ആര്‌ - എങ്ങനെ - ശേഖരിക്കും? - ആര്‌ അവയൊക്കെ കൃത്യമായി പുതുക്കിക്കൊണ്ടിരിക്കും?

അങ്ങേയറ്റം ദുസ്സാദ്ധ്യമാണ്‌. സംശയമില്ല അതില്‍. പക്ഷേ എന്നു വച്ച്‌ സ്വപ്നം പോലും കാണാന്‍ പറ്റാത്ത മട്ടില്‍ അസാദ്ധ്യമാണെന്നില്ലല്ലോ.

ഇത്രയും പേര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊടുക്കാന്‍ സാധിക്കുമെന്ന്‌ ആരെങ്കിലും പ്രതീക്ഷിച്ചതാണോ? ഇത്രയും തെരഞ്ഞെടുപ്പുകള്‍ സമ്പൂര്‍ണ്ണമായി വോട്ടിംഗ്‌ യന്ത്രങ്ങളുപയോഗിച്ചു നടത്താന്‍ സാധിക്കുമെന്ന്‌ ആരെങ്കിലും കരുതിയിരുന്നോ?

Data collection, entry, refreshment എല്ലാം ഭഗീരഥന്മാര്‍ക്കു മാത്രം പറ്റുന്ന പണികള്‍ തന്നെ. കുറെയൊക്കെ തെറ്റുകള്‍ കടന്നുകൂടുമായിരിക്കും താനും. പക്ഷേ, ആ വിവരങ്ങളുപയോഗിച്ച്‌ പിന്നോക്കാവസ്ഥാസൂചകങ്ങള്‍ നിര്‍ണ്ണയിക്കാനും മറ്റും വെറുമൊരു 'മൗസ്‌ ക്ലിക്കില്‍' സാധിക്കുന്ന മട്ടിലൊരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കാന്‍ നമ്മുടെ എഞ്ചിനീയര്‍മാര്‍ക്കു കഴിയില്ല എന്നു വരുമോ?

എല്ലാം ശരിയാവുമെന്ന്‌ ഉറപ്പുവരുത്തിയിട്ട്‌ ഒരു കാര്യം തുടങ്ങാമെന്നു വച്ചാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തുടങ്ങാനാവുമോ?

അല്ലെങ്കില്‍ത്തന്നെ, ഇതൊക്കെ ഒരു സ്വപ്നം മാത്രമാണല്ലോ.
സ്വപ്നം കാണുന്നതിന് നാമാരെയും ഭയക്കേണ്ടതില്ല.

'If there is a will, there is a way' എന്നാണു പറയാറുള്ളത്‌. ഏതോ ഒരു വിരുതന്‍ അതിനെ 'If there is a well, there is a way' എന്നു തിരുത്തിക്കളഞ്ഞു. ഒരു കിണറുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങോട്ടൊരു വഴിയുമുണ്ടാവുമത്രേ! ചിരിയും കൊള്ളാം ചിന്തയും കൊള്ളാം. ആരെങ്കിലുമൊക്കെ ചിന്തിച്ച്‌ ഇവിടുത്തെ പാവപ്പെട്ടവരുടെ മുഖത്തു ചിരി വരുത്തിയാല്‍ നന്നായിരുന്നു.

ഭാരതമാതാവു വിജയിക്കട്ടെ!

Wednesday, December 26, 2007

ഗുജറാത്തിലെ "വേവ്‌ " അഥവാ 'തരംഗം'

ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും ഏറെപ്പറഞ്ഞുകേള്‍ക്കാറുള്ള ഒരു വാക്കാണ്‌ 'തരംഗം' അഥവാ 'വേവ്‌ ' എന്നത്‌. സഹതാപതരംഗം - ഭരണവിരുദ്ധതരംഗം - അങ്ങനെ പലതും.

ഇക്കൂട്ടത്തില്‍, ഭരണവിരുദ്ധതരംഗം - 'anti-incumbency wave' - ആണ്‌ ഏറ്റവും പ്രമുഖം. ഒരു അനുഷ്ഠാനമെന്നോണം സ്ഥിരമായി അതെടുത്തുപയോഗിച്ചു ശീലമായിപ്പോയതുകൊണ്ടാവണം, ഇത്തവണത്തെ (2007) ഗുജറാത്ത്‌ തെരഞ്ഞെടുപ്പിന്റെ സമയത്തും ചിലര്‍ ആ വാക്കിനു പിന്നാലെ പോയി. ഗവണ്മെന്റിന്റെ വീഴ്ചകാണാനാഗ്രഹിച്ചവര്‍ക്ക്‌ അനാവശ്യപ്രതീക്ഷയ്ക്കും സത്യമറിയാവുന്നവര്‍ക്കു വിനോദത്തിനും വകനല്‍കിക്കൊണ്ട്‌.

ചില ബി.ജെ.പി.അനുകൂലികള്‍ ഒരു ഭരണാനുകൂല തരംഗം -'pro-incumbency wave' - ഉണ്ടെന്നവകാശപ്പെട്ടു.

കോണ്‍ഗ്രസിനനുകൂലമായി ഒരു സഹതാപതരംഗം - 'sympathy wave' - ഉണ്ടെന്നു ചിലര്‍ അടക്കം പറഞ്ഞു. ചൂണ്ടിക്കാണിക്കാന്‍ ഒരു നേതാവോ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മുദ്രാവാക്യമോ പോലുമില്ലാത്ത ദുരവസ്ഥയില്‍, ജാതി-മത-വര്‍ഗ്ഗീയ വിഷയങ്ങളില്‍ ഊന്നല്‍ കൊടുക്കുകയും - എതിരാളികളിലെ വിമതരെ ആശ്രയിക്കുകയുമെല്ലാം ചെയ്ത്‌ സമ്പൂര്‍ണ്ണമായും ഒരു 'വിഭജനത്തിന്റെ രാഷ്ട്രീയം' കളിക്കേണ്ടി വന്നതുകൊണ്ടല്ല - മറിച്ച്‌, അതു ചെയ്യുമ്പോഴും പതിവുമട്ടില്‍ തങ്ങളുടെ 'മതേതര'വാചകക്കസര്‍ത്തു തുടര്‍ന്ന്‌ പരിഹാസ്യരായതുകൊണ്ടാണ്‌ സഹതാപമുളവായത്‌ എന്നായിരുന്നു പക്ഷം. ഡല്‍ഹിയില്‍ നിന്ന്‌ പ്രസംഗത്തിനായി എത്തിച്ചവര്‍ ഓരോരുത്തരും കുറഞ്ഞത്‌ ഓരോ അബദ്ധപരാമര്‍ശങ്ങള്‍ വീതമെങ്കിലും നടത്തി മടങ്ങി എന്നതും തരംഗത്തിന്‌ ആക്കം കൂട്ടിയത്രേ. ഗുജറാത്തിലെ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം, സഹതാപതരംഗത്തിന്‌ മറ്റുചില കാരണങ്ങളായിരുന്നുവെന്നു പറയപ്പെടുന്നു. മഞ്ചേശ്വരത്ത്‌ ഒളിഞ്ഞും തെളിഞ്ഞും പരമ്പരാഗതമായി ചെയ്തുപോന്നിരുന്ന ഇടതുവലത്‌ വോട്ടു ബാന്ധവം ഭാവ്‌നഗറില്‍ പരസ്യമായി ചെയ്യുന്നതും, കോണ്‍ഗ്രസുകാര്‍ അരിവാള്‍ ചുറ്റികയ്ക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതുമൊക്കെയായിരുന്നു അത്‌.

ഇങ്ങനെയൊക്കെ അഭിപ്രായങ്ങള്‍ പലതുണ്ടാകാമെങ്കിലും, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, അവിടെ എന്തെങ്കിലുമൊരു 'വേവ്‌ ' ഒന്നും ഉണ്ടായിരുന്നില്ല എന്നു കാണാന്‍ കഴിയും. കഴിഞ്ഞതോ അതിനു മുന്‍പിലത്തെയോ വര്‍ഷമായാലും ശരി - ഇനി അടുത്ത വര്‍ഷമായാലും ശരി - അവിടെ തെരഞ്ഞെടുപ്പു നടന്നാല്‍ ബി.ജെ.പി. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമായിരുന്നു എന്നുതന്നെയാണു തോന്നുന്നത്‌. പെട്ടെന്നുണ്ടാവുന്ന എന്തെങ്കിലും സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ മൊത്തത്തിലുണ്ടാകുന്ന ചലനങ്ങളെ നമുക്കു 'വേവ്‌ ' എന്നു വിശേഷിപ്പിക്കാം. സ്ഥായിയായ ജനപിന്തുണയുടെ അടിസ്ഥാനത്തിലുണ്ടാകുന്ന വിജയങ്ങള്‍ക്കു പിന്നില്‍ 'വേവു'കള്‍ക്കായി പരതുന്നതു മൗഢ്യമാണ്‌. അവിടെ തരംഗദൈര്‍ഘ്യമല്ല, മറിച്ച്‌ ആഴമാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ അളക്കാന്‍ ശ്രമിക്കേണ്ടത്‌.

നരേന്ദ്രമോദി ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങള്‍ അത്ഭുതാവഹമാണെന്നതില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കുപോലും എതിരഭിപ്രായമില്ല. അത്‌ തെരഞ്ഞെടുപ്പു വിജയത്തിനു സഹായിച്ചിട്ടില്ലേ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്‌. എന്നാല്‍ അതൊരു വലിയ 'വേവ്‌ ' ഉണ്ടാക്കിയോ എന്നു ചോദിച്ചാല്‍, ഇല്ലെന്നു തന്നെയാണു തോന്നുന്നത്‌.

2002-ലെ തെരഞ്ഞെടുപ്പു വിജയമെടുത്താലും ശരി - അത്‌ ഒരു വര്‍ഗ്ഗീയതരംഗം - communal wave - മൂലമുണ്ടായതാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. മറ്റു ചില സമയങ്ങളില്‍ അതിനെ തന്ത്രപൂര്‍വ്വം "ഹിന്ദുത്വ വേവ്‌ " എന്നും വിളിച്ചു. ഹിന്ദുത്വാശയങ്ങളേക്കുറിച്ചു പിടിപാടില്ലാത്ത ശുദ്ധഹൃദയന്മാരുടെ മനസ്സില്‍ വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട ഒരു നിര്‍വചനമെത്തിക്കാനുള്ള വിദഗ്ദ്ധതന്ത്രമല്ലാതെ മറ്റൊന്നുമല്ല ആ ഇരട്ടപ്രയോഗങ്ങള്‍.

ഫലപ്രഖ്യാപനത്തിനു തൊട്ടുമുമ്പു വരെ 'കമ്മ്യൂണല്‍ വേ'വിന്റെ കാര്യം ആരും മിണ്ടിക്കേട്ടിരുന്നില്ല എന്നതാണു കൗതുകകരം. കോണ്‍ഗ്രസ്‌ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്നൊക്കെയുള്ള അവകാശവാദങ്ങളുള്‍ക്കൊള്ളുന്ന അന്നത്തെ പത്രവാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോളും ലഭ്യമാണ്‌. ഫലം പുറത്തുവന്നതോടെ പ്ലേറ്റു മാറ്റി. 'കമ്മ്യൂണല്‍ വേവ്‌ ' കണ്ടുപിടിക്കപ്പെട്ടു.

"അങ്ങനെയാണെങ്കില്‍, അതിനു തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ - 1998-ല്‍ - 117 സീറ്റോടെ മികച്ച വിജയം നേടിയതോ" എന്നു ചോദിച്ചാല്‍ മറുപടിയില്ല. 2002-ല്‍ ഒരു പത്തു സീറ്റു കൂടുതല്‍ നേടാനായത്‌ ഒരു വലിയ കുതിച്ചു ചാട്ടമായിട്ടൊന്നും കണക്കാക്കേണ്ടതില്ല. പത്തിലേറെ മണ്ഡലങ്ങളില്‍ ചെറിയ ഭൂരിപക്ഷത്തിനാണ്‌ (ഇരുവശത്തിനുമനുകൂലമായി) അന്തിമഫലം നിര്‍ണ്ണയിക്കപ്പെട്ടത്‌. അത്തവണ, യഥാര്‍ത്ഥത്തില്‍, ബി.ജെ.പി.യുടെ എക്കാലത്തേയും ശക്തികേന്ദ്രങ്ങളായിരുന്ന സൗരാഷ്ട്രമേഖലയില്‍ പാര്‍ട്ടിക്ക്‌ ക്ഷീണം സംഭവിക്കുകയാണുണ്ടായത്‌.

ഗുജറാത്തില്‍ ബി.ജെ.പി.യുടെ സ്വാധീനത്തെ 'under estimate' ചെയ്യുന്നിടത്താണ്‌ ആശയക്കുഴപ്പമുണ്ടാകുന്നത്‌. അവിടെ ഒരു തെരഞ്ഞെടുപ്പു വിജയത്തിന്‌ അവര്‍ക്ക്‌ കമ്മ്യൂണലോ മറ്റെന്തെങ്കിലുമോ ആയ ഒരു വേവിന്റെ ആവശ്യമൊന്നുമില്ല. അതു തിരിച്ചറിയാത്തവരാണ്‌ വേവുകള്‍ കണ്ടുപിടിക്കാന്‍ ബദ്ധപ്പെടുന്നത്‌. അവരാണ്‌ "മനപ്പൂര്‍വ്വം കലാപം സൃഷ്ടിച്ചു" എന്നൊക്കെയുള്ള മൂഢവിശ്വാസങ്ങളിലേക്ക്‌ എളുപ്പം എത്തിപ്പെടുന്നതും. ദേശീയവാദികള്‍ക്കു പണ്ടുമുതല്‍ക്കേ സ്വാധീനമുള്ള പ്രദേശങ്ങള്‍ കൊണ്ടു സമ്പന്നമാണ്‌ ഗുജറാത്ത്‌. ജനസംഘകാലം മുതല്‍ക്കേ അതൊക്കെ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടുമുണ്ട്‌. കഴിഞ്ഞ രണ്ടുദശകങ്ങളിലായി കോണ്‍ഗ്രസ്‌ ഏതാണ്ടു സമ്പൂര്‍ണ്ണമായെന്നോണം തകരുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തില്‍, അമ്പതു ശതമാനത്തോളം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന ഒരു അനിഷേദ്ധ്യശക്തിയായി ബി.ജെ.പി. മാറിയിട്ടുള്ള ഒരു സ്ഥലത്ത്‌ അവര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കരസ്ഥമാക്കുന്നെങ്കില്‍ എന്തതിശയമാണുള്ളത്‌? ഇതൊക്കെ മനസ്സിലാക്കാന്‍ വലിയ രാഷ്ട്രീയപരിജ്ഞാനത്തിന്റെയൊന്നും ആവശ്യമില്ല.

ബി.ജെ.പി.ക്ക്‌ നഗരപ്രദേശങ്ങളില്‍ മാത്രമേ കാര്യമായ സ്വാധീനമുള്ളൂ എന്നതും മിഥ്യാധാരണമാത്രമാണ്‌. ഇത്തവണ (2007-ല്‍) വിജയിച്ച സീറ്റുകളില്‍ 75 എണ്ണം ഗ്രാമീണമേഖലയില്‍ നിന്നാണ്‌. സ്ഥാനാര്‍ത്ഥികളുടെയും മറ്റും വിശദ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിക്കൊണ്ട്‌ ഒരു 'professionally managed campaign' നടത്തി എന്നത്‌, സ്വാധീനവും പ്രവര്‍ത്തനവും 'നഗരകേന്ദ്രീകൃത'മാകുന്നതിന്റെ യാതൊരു സൂചനയും നല്‍കുന്നില്ല.

ഇത്തവണത്തെ 117 സീറ്റുകള്‍ 'വമ്പന്‍' നേട്ടമാണെന്നൊക്കെയാണ്‌ പലരും പറയുന്നത്‌. എന്തു വമ്പന്‍ നേട്ടം? Jamjodhpur മണ്ഡലത്തില്‍ കേവലം 17 വോട്ടുകള്‍ക്കാണ്‌ ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെട്ടത്‌. ജനതാദള്‍(യു)-വും ശിവസേനയുമൊക്കെച്ചേര്‍ന്നു നഷ്ടപ്പെടുത്തിയ വോട്ടുകളേക്കാള്‍ വളരെ താഴ്‌ന്ന ഭൂരിപക്ഷത്തിനു പരാജയപ്പെട്ട മറ്റ്‌ എട്ടു സീറ്റുകള്‍ കൂടിയുണ്ട്‌. NDA സഖ്യകക്ഷിതന്നെയായ JD(U)-വിന്‌ ഒരു സീറ്റുണ്ട്‌. അവിടെയും ബി.ജെ.പി.ക്ക്‌ തരക്കേടില്ലാത്ത വോട്ടു ലഭിച്ചിട്ടുമുണ്ട്‌. ഇവയെല്ലാം കൂടി ലഭിച്ചിരുന്നെങ്കില്‍ ഇത്തവണയും മൊത്തം സീറ്റുകള്‍ കഴിഞ്ഞതവണത്തേതുപോലെ 127 തന്നെ ആയേനെ. അങ്ങനെയെങ്കില്‍, അതിനെ എന്തു "വേവ്‌ " എന്നായിരിക്കും മാദ്ധ്യമങ്ങള്‍ വിളിക്കുക? യഥാതഥമായ - സത്യസന്ധമായ - വിലയിരുത്തലുകള്‍ പാര്‍ട്ടിയേപ്പറ്റി നടത്താന്‍ മാദ്ധ്യമങ്ങള്‍ വിമുഖതകാട്ടുന്നതുകൊണ്ടാണ്‌ മുകളില്‍പ്പറഞ്ഞ കാര്യങ്ങളൊന്നും ഒരു അവലോകനറിപ്പോര്‍ട്ടിലും ഇടംപിടിക്കാത്തത്‌.

2002-ല്‍ "വര്‍ഗ്ഗീയ ധൃവീകരണം" ഉണ്ടായി എന്നും, അതു സംഭവിച്ചിരുന്നില്ലെങ്കില്‍ ബി.ജെ.പി. പരാജയപ്പെടുമായിരുന്നു എന്നും കരുതുന്നതുന്നവരുണ്ട്‌. തെറ്റാണത്‌. ഗോധ്ര കൂട്ടക്കൊലയുടേയും തുടര്‍ന്നുണ്ടായ കലാപത്തിന്റേയും മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങിയിരുന്നില്ല എന്നതു ശരിയാണ്‌. പക്ഷേ എന്നു വച്ച്‌ ജനങ്ങള്‍ സ്പര്‍ദ്ധ വച്ച്‌ ഇരുവശത്തും നിന്ന്‌ വാശിക്കു വോട്ടു ചെയ്യുകയൊന്നുമായിരുന്നില്ല. അന്നു തന്നെ ഓരോ ആറുപേരിലും ഒരാള്‍ എന്ന കണക്കില്‍ മുസ്ലീങ്ങളും ബി.ജെ.പി.യെ പിന്തുണച്ചു എന്നാണു കണക്ക്‌. പിന്നെ, കലാപസംബന്ധിയായ സകലകുറ്റങ്ങളും - എന്തിന്‌ ഗോധ്രാസംഭവത്തിന്റെ ആസൂത്രണാപരാധം പോലും - മോദിയുടെയും ഹിന്ദുത്വപ്രസ്ഥാനങ്ങളുടെയും മേല്‍ ചാര്‍ത്തി തികച്ചും ഏകപക്ഷീയമായ ആക്രമണമഴിച്ചുവിട്ടവരെ പ്രതിരോധിക്കണമെന്നും അവര്‍ക്ക്‌ ബാലറ്റിലൂടെ മറുപടി പറയണമെന്നും തീരുമാനിച്ച്‌ ധാരാളമാളുകള്‍ മുന്നോട്ടു വന്നു പ്രവര്‍ത്തിച്ചതും വാസ്തവമാണ്‌. അതിനെയാണുദ്ദേശിച്ചതെങ്കില്‍, 'communal wave' എന്നല്ല - 'anti koosist tsunami' എന്ന പേരാവും കൂടുതല്‍ അനുയോജ്യം.

It is partly true that people were polarized then. People were polarized as 'Modi-haters' and 'Modi-non-haters', and the latter won the elections. Everybody knows who all, apart from the media, were behind that polarization. Certainly, it was not BJP.

സൗരാഷ്ട്രയുടെ ഒറ്റ ഉദാഹരണമെടുത്താല്‍ മതി മേല്‍പ്പറഞ്ഞ under estimation-ന്റെ ആഴമളക്കാന്‍. കേശുഭായിയേപ്പോലെ വളരെ മുതിര്‍ന്ന - ഇപ്പോഴും ആദരണീയനായ - സ്വാധീനശേഷിയുള്ള ഒരു നേതാവിന്റെ വിമതശബ്ദത്തിന്‌ തെരഞ്ഞെടുപ്പുഫലത്തെ തെല്ലും സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. അതില്‍ നിന്നു വെളിപ്പെടുന്നത്‌ ഭരണനേട്ടങ്ങളുടെ മാത്രമല്ല, പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന്റെ കൂടി ശക്തിയാണ്‌. 1984-ല്‍, രാജ്യം മുഴുവന്‍ 'കൈപ്പത്തി'ക്ക്‌ വോട്ടു ചെയ്യുകയും കോണ്‍ഗ്രസിതര നിരയിലെ പല പ്രമുഖരും പരാജയമറിയുകയും ചെയ്ത തെരഞ്ഞെടുപ്പില്‍പ്പോലും ബി.ജെ.പി.യെ ജയിപ്പിച്ചുവിട്ട ചരിത്രമുള്ള മെഹ്‌സാന മണ്ഡലമുള്‍ക്കൊള്ളുന്ന സ്ഥലങ്ങളാണതൊക്കെ. അതേപ്പറ്റിയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍, 'വേവു'കളുണ്ടാകും എന്നു പ്രതീക്ഷ വളര്‍ത്തി പിന്നീട്‌ പ്രവര്‍ത്തകര്‍ക്ക്‌ നൈരാശ്യമുണ്ടാക്കുന്ന സാഹചര്യം കോണ്‍ഗ്രസിന്‌ ഒഴിവാക്കാമായിരുന്നു.

(84-ലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച്‌ ഒന്നു കൂടി പറയാനുണ്ട്‌. 542 ലോക്‌സഭാമണ്ഡലങ്ങളില്‍ 415 എണ്ണം ഒരു കക്ഷി - കോണ്‍ഗ്രസ്‌ - ഒറ്റയ്ക്കു നേടുക എന്ന ചരിത്രപരമായ മഹാത്ഭുതം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്‌. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ സിഖ്‌ വംശജരായ ആയിരക്കണക്കിനാളുകളെ, പാര്‍ട്ടി നേതാക്കളുടെ ആസൂത്രണത്തില്‍, ഏകപക്ഷീയമായി അരുംകൊല നടത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ കോണ്‍ഗ്രസുകര്‍ അവസാനിപ്പിക്കുന്നതിനു മുമ്പായിരുന്നു ആ വിജയത്തിന്റെ മധുരവും. കോണ്‍ഗ്രസിന്റേയും ഇപ്പോള്‍ അവരെ പിന്തുണയ്ക്കുന്നവരുടേയും തിയറി അനുസരിച്ചാണെങ്കില്‍, സ്വതന്ത്രഭാരതംകണ്ട ഏറ്റവും വലിയ "വംശഹത്യ" നടത്തിയതിന്റെ പാരിതോഷികം എന്ന നിലയ്ക്കായിരിക്കണം അവര്‍ക്ക്‌ ആ തെരഞ്ഞെടുപ്പു വിജയം ജനങ്ങള്‍ സമ്മാനിച്ചത്‌! കഷ്ടം - നമ്മുടെ പൗരന്മാരുടെ ജനാധിപത്യബോധത്തേക്കുറിച്ച്‌ ചിലര്‍ക്കൊക്കെ എത്ര വികലമായ ധാരണകളാണുള്ളത്‌! ജനം വോട്ടു ചെയ്യുന്നതെന്തുകൊണ്ട്‌ എന്നു കണ്ടെത്താനുള്ള വിവരം എന്നാണിവര്‍ കൈവരിക്കുക?)

* * * * * * * * * *

ചുരുക്കിപ്പറഞ്ഞാല്‍, ഗുജറാത്തില്‍ ബി.ജെ.പി. വന്‍മാര്‍ജിനില്‍ പരാജയപ്പെടുക എന്ന അത്ഭുതം സംഭവിച്ചാല്‍ മാത്രമേ നാം 'വേവുകള്‍'ക്കായി പരതേണ്ടതുള്ളൂ. പക്ഷേ, മൂന്നു തിരുത്തലുകള്‍ വരുത്തിയാല്‍, വേവുകളേക്കുറിച്ച്‌ ഇപ്പോളുള്ള നിരീക്ഷണം തന്നെ സത്യമാവും താനും.

(1) ഗുജറാത്തിനെ സംബന്ധിച്ച്‌ സംസ്ഥാനത്തിനകത്തു മാത്രമല്ല - പുറത്തും നല്ല വേവ്‌ ഉണ്ട്‌.
(2) തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമല്ല - അത്‌ ഏതാണ്ട്‌ എല്ലായ്പോഴും ഉണ്ട്‌.
(3) അത്‌ ഇംഗ്ലീഷിലെ വേവ്‌ അല്ല - മലയാളത്തിലെ "വേവ്‌ " ആണ്‌. ഉള്ളിന്റെയുള്ളില്‍, എരി പൊരി കൊള്ളിക്കുന്ന ഒരു വേവ്‌! തനി നാടന്‍ വേവ്‌ - അഥവാ ആധി - അല്ലെങ്കില്‍ അസൂയ - അങ്ങനെ പലതും.

ആ വേവു മൂത്ത്‌ - അല്ലെങ്കില്‍ ആധി വര്‍ദ്ധിച്ച്‌ - രാഷ്ട്രീയവിദ്വേഷം മൂലം അന്ധത വന്നു കഴിയുമ്പോഴാണ്‌ ചില മാദ്ധ്യമപ്രവര്‍ത്തകരുടെ പേനയില്‍ വിഷം നിറയുന്നത്‌. അപ്പോഴാണ്‌ സകലതും മോദിമയമായിത്തോന്നുന്നത്‌. അയോദ്ധ്യയിലേക്ക്‌ ആളുകളെ അയച്ചതു മോദി. തിരിച്ചു വരുമ്പോള്‍ അവരെ ചുട്ടെരിച്ചതു മോദി. അപ്പോള്‍, തന്റെ പദ്ധതിയനുസരിച്ച്‌ സംശയിക്കപ്പെടാന്‍ മാത്രമായി ആയിരക്കണക്കിനാളുകളോട്‌ കൃത്യസമയത്ത്‌ അക്രമാസക്തരേപ്പോലെ അഭിനയിച്ച്‌ കൂട്ടം ചേര്‍ന്നു വരാന്‍ നിര്‍ദ്ദേശിച്ചതു മോദി. അതിനു ശേഷം നടന്നതും സകലതും മുന്നില്‍ നിന്നു നടപ്പാക്കിയതു മോദി. കലാപകാരികളായ നൂറുകണക്കിനാളുകളെ വെടിവച്ചിടാന്‍ പോലീസിന്‌ ഉത്തരവു കൊടുത്ത്‌ ‘തന്റെ ആളുകളെ‘(?)ത്തന്നെ വഞ്ചിച്ചതു മോദി. പതിനായിരത്തില്‍പ്പരം ഹിന്ദുക്കള്‍ ദുരിതാശ്വാസക്യാമ്പില്‍ കഴിയാനിടയാക്കിയതു മോദി. സര്‍വ്വം മോദിമയമാണ്‌, വേവു കൂടുമ്പോള്‍. പടവാളുമായി കടന്നുവരാന്‍ ബാബറേയും കൂട്ടരേയും പോയി ക്ഷണിച്ചുകൊണ്ടുവന്നത്‌ മോദിയുടെ മുതുമുത്തച്ഛനായിരുന്നു എന്നു വാദിച്ചാല്‍പ്പോലും അത്ഭുതപ്പെടേണ്ടതില്ലാത്ത അവസ്ഥയാണ്.

കലാപം പ്രോത്സാഹിപ്പിച്ചുകൊണ്ടും സകലമാദ്ധ്യമമര്യാദകളും ലംഘിച്ചുകൊണ്ടും പലരും എഴുതിക്കൂട്ടിയ ലക്ഷക്കണക്കിനു പേജുകള്‍ ചരിത്രത്തില്‍ അവശേഷിക്കുകയാണ്‌. വേവിന്റെ ഉദാഹരണമായി അതില്‍നിന്ന്‌ ഒരേയൊരെണ്ണം മാത്രം ചൂണ്ടിക്കാണിച്ചു നിര്‍ത്തുന്നു.

പലരും ആക്രോശിച്ചത്‌, കലാപം നിയന്ത്രിക്കാനെത്തിയ കേന്ദ്രസേനയെ മോദി മൂന്നു ദിവസം തടഞ്ഞുവച്ചുവെന്നും, അതിനുള്ളില്‍ എല്ലാം കഴിഞ്ഞുവെന്നുമാണ്‌. ഇരുപത്തിയെട്ടാം തീയതി സംസ്ഥാനത്തെത്തിയ കേന്ദ്രസേനയെ വിന്യസിച്ചത്‌ പിറ്റേമാസം ഒന്നാം തീയതി മാത്രമാണത്രേ! വിവരമുള്ളവര്‍ ആരും നെഞ്ചത്തുകൈവച്ചുപോകും. എന്തൊരപരാധമാണത്‌? 29, 30, 31 - എന്നീ തീയതികളിലെന്നെങ്കിലും കേന്ദ്രസേനയെ വിന്യസിക്കാനനുവദിച്ചിരുന്നെങ്കില്‍ കുറേപ്പേരുടെ കൂടി ജീവന്‍ രക്ഷിക്കാമായിരുന്നില്ലേ?

വിവരവും ചിന്താശേഷിയും രണ്ടും രണ്ടാണ്‌. ആരും ചിന്തിക്കില്ല - ഗോധ്ര കൂട്ടക്കൊല നടന്നത്‌ ഫെബ്രുവരി 27-ന്‌ അല്ലേ എന്ന്‌. തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തിയത്‌ പിറ്റേദിവസം 28-ന്‌ അല്ലേ എന്ന്‌. കേന്ദ്രസേനയെ അന്നു വൈകിട്ടു തന്നെ സംസ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞില്ലേ എന്ന്‌. 2002 ഫെബ്രുവരിക്ക്‌ 28 ദിവസമേ ഉള്ളല്ലോ എന്ന്‌. തൊട്ടു പിറ്റേ ദിവസം - അതായത്‌ മാര്‍ച്ച്‌ ഒന്നിനു തന്നെ സേനാവിന്യാസം നടന്നില്ലേ എന്ന്‌. ആരുമാലോചിക്കില്ല. ആരുമതു ചൂണ്ടിക്കാട്ടാന്‍ മെനക്കെടുകയുമില്ല.

മൂന്നു ദിവസം സേനയെ തടഞ്ഞുവച്ചു എന്ന തെറ്റിദ്ധാരണയും പേറി - അതുപോലെ മറ്റനേകം ധാരണകളും പേറി - മനസ്സിലുണ്ടായിരുന്ന വിദ്വേഷം കൂടുതല്‍ ഉജ്ജ്വലിക്കപ്പെട്ട്‌ - ലക്ഷക്കണക്കിനാളുകള്‍ ഇന്നും ജീവിക്കുകയാണ്‌. മാദ്ധ്യമങ്ങള്‍ ആശിച്ച മട്ടില്‍ത്തന്നെ.

എന്തുപറയാനാണ്‌! ചില മാദ്ധ്യമപ്രവര്‍ത്തകരുടെ "വേവ്‌ ലെംഗ്‌ത്‌ " അപാരം തന്നെ എന്ന്‌ ആശ്ചര്യപ്പെടുകയല്ലാതെ എന്തുചെയ്യാന്‍? ഈശ്വരോ രക്ഷതു!

* * * * * * * * * *

അനുബന്ധരചനകള്‍:-
(1) ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ - മാദ്ധ്യമങ്ങളിലെ "ഹൈപ്പും" "കൈപ്പും"

(2) ഗുജറാത്ത്‌ ഫലം - ചില പുരോഗമന-ജനാധിപത്യ-മതേതരചിന്തകള്‍