Wednesday, May 09, 2007

അഞ്ച് തുടര്‍ചോദ്യങ്ങള്‍

ഈ പോസ്റ്റും, ഏതാണ്ട്‌ മുന്‍ പോസ്റ്റിലെ ചര്‍ച്ചകളുടെ തുടര്‍ച്ച തന്നെയാണ്‌.

കഴിഞ്ഞയിടെ വിചാരം എന്നോടു ചോദിച്ചിരുന്നു - "താങ്കള്‍ക്കു നെഞ്ചത്തു കൈവച്ചു പറയാനാവുമോ - ട്രെയിന്‍ കത്തിച്ചതു മോഡിയല്ലെന്ന്‌?" എന്ന്‌.

വളരെ ഉറച്ച വിശ്വാസമാണ്‌ അദ്ദേഹത്തിന്റേത്‌. ഇത്തരം സമീപനമുള്ള ധാരാളം പേരെ കണ്ടുമുട്ടിയിട്ടുള്ള അനുഭവങ്ങളില്‍ നിന്നാണ്‌ കഴിഞ്ഞ പോസ്റ്റിലെ ചില വരികള്‍ ഉണ്ടായത്‌. അവിട വന്ന ചില കമന്റുകളിലും ഏതാണ്ട്‌ ഇതേ നിരീക്ഷണം കാണാനിടയായി.

മോഡി മനപൂര്‍വ്വം ചെയ്യിച്ചതാണതെന്ന്‌ ഉറച്ചുവിശ്വസിക്കാന്‍ ബുദ്ധിമുട്ടില്ലാത്തവര്‍ ഉണ്ടാവാം. പക്ഷേ അങ്ങനെയല്ലാത്തവരുമുണ്ട്‌ ഇവിടെ. ആസൂത്രണവാദത്തില്‍ അവിശ്വസനീയതയുണ്ട്‌ എന്നു കരുതുന്നത്‌ ഒരു പാതകമായി ഞാന്‍ കണക്കാക്കുന്നില്ല. അതേക്കുറിച്ചൊക്കെ മിണ്ടാതിരിക്കുന്നത്‌ മതനിരപേക്ഷതയുടെയും, സംസാരിക്കുന്നത്‌ വര്‍ഗ്ഗീയതയുടെയും ലക്ഷണമാണെന്നും.

ചില ചോദ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്ത്‌ ചുരുക്കി അവതരിപ്പിച്ചിരിക്കുകയാണ്‌ ഇവിടെ. ‘യെസ്‌/നോ‘ ചോദ്യങ്ങളുടെ രൂപത്തില്‍. ഗോധ്ര തീവയ്പ്‌ മോഡിയുടെ പദ്ധതിയായിരുന്നു എന്ന്‌ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചവര്‍ - ആ വാദത്തെ യുക്തിപൂര്‍വ്വവും മര്യാദാപൂര്‍വ്വവും ചോദ്യം ചെയ്തപ്പോള്‍ മറ്റു പലതും പറഞ്ഞ്‌ ഒഴിഞ്ഞുമാറിയവര്‍ - ഇവര്‍ക്കൊക്കെ ഈ ലളിതമായ ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം പറയാനാവുമോ എന്ന്‌ നോക്കാവുന്നതാണ്‌.

(1) ഗോധ്രയില്‍ സബര്‍മതി എക്സ്‌പ്രസിനു തീ വച്ച്‌ അറുപതോളം പേരെ ചുട്ടു കരിച്ചത്‌ ഒരു കലാപം സൃഷ്ടിക്കാനായി മോഡി അയച്ച ചില ആളുകള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന്‌ - കലാപ സൃഷ്ടിക്കായി അവര്‍ ചാവേറുകളായി സ്വയം വെന്തു മരിച്ചെന്ന്‌ - അല്ലെങ്കില്‍, അകത്തു നിന്നു തീ വച്ച ശേഷം അതിമാനുഷികമായി രക്ഷപെട്ടുവെന്ന്‌ - അസന്നിഗ്ദ്ധമായി - നൂറില്‍ നൂറു ശതമാനം നിങ്ങള്‍ വിശ്വസിക്കുന്നുവോ? സംശയലേശമില്ലാതെ?


  • (എ) ഉവ്വ്‌. തീര്‍ച്ചയായും
  • (ബി) ഇല്ല. ചിലപ്പോള്‍ മറ്റാരെങ്കിലും ചെയ്തതാവാനും മതി

(2) ഇനിപ്പറയുന്ന ഒരു നിരീക്ഷണം പേറുന്നവരുണ്ട്‌.
"ആദ്യം പറഞ്ഞ ആരോപണം സത്യമാവാം. പക്ഷേ അത്‌ കണ്ണുമടച്ച്‌ വിശ്വസിക്കേണ്ടതില്ല. മൗലാന ഉമര്‍ജി തുടങ്ങി പോലീസ്‌ പിടിയിലായവര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇതില്‍ പങ്കുണ്ടായിരിക്കാനുള്ള സാദ്ധ്യത നൂറു ശതമാനം തള്ളിക്കളയേണ്ടതില്ല"
ഇങ്ങനെ ചിന്തിക്കുന്നവരെല്ലാം - അതായത്‌ മോഡിയുടെ ആസൂത്രണം എന്നത്‌ കണ്ണുമടച്ചു വിശ്വസിക്കാന്‍ തയ്യാറാകാത്തവര്‍- അവരെല്ലാം 'ഫാസിസ്റ്റു'കളും 'മോഡിപ്രേമി'കളും 'ഉന്‍മൂലനവാദി'കളുമൊക്കെ ആണോ?


  • (എ) അതെ.
  • (ബി) അല്ല. ഏതൊരു നിഷ്പക്ഷമതിക്കും തോന്നാവുന്ന ചിന്തകളാണ്‌ അവ.

(3) കലാപത്തില്‍ ദു:ഖവും അമര്‍ഷവും രോഷവുമുണ്ടെങ്കിലും ശരി, തീവയ്പിനു പിന്നില്‍ ഏതെങ്കിലും ചില മുസ്ലീങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവാമെന്നു സമ്മതിക്കുകയും അങ്ങനെയാണെങ്കില്‍ത്തന്നെ അതിനു മറ്റുള്ളവരെന്തു പിഴച്ചു എന്നു ചോദിക്കുകയും ചെയ്യുന്ന അനേകം മുസ്ലീങ്ങളുണ്ട്‌. കാരണം എന്തായിരുന്നാലും ശരി - കലാപം ന്യായീകരിക്കപ്പെട്ടുകൂടാ എന്ന എന്റെ അതേ നിരീക്ഷണം പേറുന്നവരാണവര്‍. എന്നാല്‍ - അതു മാത്രം പോരാ - തീവയ്പ്‌ അടക്കം സകലപ്രശ്നങ്ങളും മോഡിയുടെ സൃഷ്ടിയാണെന്നു കൂടി സമ്മതിച്ചു തന്നേ പറ്റൂ എന്ന്‌ പിടിവാശി കാണിക്കുന്നത്‌ കൂടുതലും രാഷ്ട്രീയ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ചിന്തകരാണ്‌.


  • (എ) ശരിയാണ്‌. ഇടതുപക്ഷത്തല്ലാതെ നില്‍ക്കുന്ന കടുത്ത മോഡിവിരുദ്ധര്‍ പോലും ഇതു സമ്മതിക്കുന്നുണ്ട്‌. ഇത്തരം കടുംപിടുത്തങ്ങള്‍ കാരണം മോഡീപ്രതിരോധം വേണ്ടത്ര ഫലപ്രദമാകാതെ പോകുന്നതില്‍ അവര്‍ക്ക്‌ അമര്‍ഷവുമുണ്ട്‌.
  • (ബി) തെറ്റ്‌. മോഡിയുടെ ആരാധകര്‍ അല്ലാത്ത സകലരും - സകല മുസ്ലീങ്ങളും അടക്കം, ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ അതേ ചിന്ത പേറുന്നു.

(4) ഞാന്‍ മുന്‍പോസ്റ്റില്‍ സൂചിപ്പിച്ചതു പോലെ, ന്യായീകരണവാദം അങ്ങേയറ്റം അപകടകരമാണ്‌. അകത്തു നിന്നോ പുറത്തുനിന്നോ - തീ എവിടെ നിന്നു പകര്‍ന്നാലും ശരി - അതിനു പിന്നില്‍ ആരു പ്രവര്‍ത്തിച്ചാലും ശരി - കലാപം ന്യായീകരിക്കപ്പെടില്ല എന്നൊരു നിലപാടിലെത്തിച്ചേരാന്‍ എല്ലാവര്‍ക്കും കഴിഞ്ഞാല്‍‍പ്പിന്നെ ആര്‍ക്കും കലാപങ്ങള്‍ "സൃഷ്ടിക്കാന്‍" കഴിയാതെ വരും. 'തീവയ്പു നടത്തിയത്‌ മുസ്ലീങ്ങളായേക്കാം' എന്ന്‌ ഒരു സന്ദേഹത്തിന്റെ രൂപത്തിലെങ്കിലും സമ്മതിച്ചുകൊടുക്കേണ്ടി വന്നാല്‍പ്പിന്നെ ‘അതില്‍ പ്രകോപിതരായ ഹിന്ദുക്കളുടെ പ്രവൃത്തികള്‍‘ എന്ന വാദത്തെ തങ്ങള്‍ക്കു പുര്‍ണ്ണമായി തള്ളിപ്പറയാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ചിലരുടെ ആത്മവിശ്വാസമില്ലായ്മയില്‍ നിന്നു കൂടിയാണ്‌ 'തീവയ്പിലും മോഡിയുടെ ആസൂത്രണമുണ്ട്‌' എന്ന ആരോപണം ജനിക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍, തീവയ്പിലും മോഡിക്കു പങ്കുണ്ടെന്നു വീറോടെ വാദിക്കുന്ന തീവ്ര ഇടതുപക്ഷ ചിന്തകര്‍, ഉള്ളിന്റെയുള്ളില്‍, അറിയാതെ കലാപത്തെ ന്യായീകരിച്ചു പോകുകയാണ്‌. അല്ലെങ്കില്‍, തീവയ്പില്‍ ഏതെങ്കിലും മുസ്ലീങ്ങള്‍ക്കു പങ്കുണ്ടാവാം എന്നെങ്കിലും സമ്മതിക്കാന്‍ അവരിത്ര ഭയക്കേണ്ട ആവശ്യമില്ല.

സ്വയമറിയാതെ കലാപത്തെ ന്യായീകരിക്കുകയാണ്‌ ചില കമ്മ്യൂണിസ്റ്റുകള്‍!


  • (എ) ശരിയാണ്‌. മുന്‍വിധികളില്ലാതെ, ആവേശമോ രോഷമോ കൊള്ളാതെ, ബുദ്ധിപരമായും സമാധാനപരമായും അല്‍പനേരം ഇരുത്തിച്ചിന്തിച്ചാല്‍ ഇതു ബോദ്ധ്യമാവും.
  • (ബി) എന്തൊരു അസംബന്ധമാണിത്‌?
    മനസ്സിലായില്ല / വ്യക്തമായില്ല
    മറുപടി പറയാന്‍ തയ്യാറില്ല
    ഇതൊരു ഫാസിസ്റ്റ്‌ - പ്രതിലോമ -
    എന്തൊക്കെയോ അജണ്ടകളുടെ
    ഭാഗമായുള്ള ചിന്തയാണ്‌.

(5) തെറ്റുകള്‍ എല്ലാവരും തുറന്നംഗീകരിക്കാന്‍ തയ്യാറാകണം - ഒരു തെറ്റിനെ മറ്റൊന്നു കൊണ്ടു ന്യായീകരിച്ചു കൂടാ - പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയല്ല വേണ്ടത്‌ - മൗനം പ്രശ്നപരിഹാരത്തിനുതകില്ല എന്നും മറ്റുമുള്ള നിലപാടുകളുമായി - ചില വ്യത്യസ്ത നിരീക്ഷണങ്ങളും തുറന്ന മനസ്സും മുറിവുകളുണങ്ങണമെന്ന ആഗ്രഹവുമായി ധൈര്യപൂര്‍വ്വം മുന്നോട്ടു വരുന്ന ചിലരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വേണ്ടില്ല - അധിക്ഷേപിക്കുന്നത്‌ മോശമാണ്‌. പ്രശ്നങ്ങള്‍ അവശേഷിക്കുന്നതുകൊണ്ട്‌ നേട്ടമുള്ളവരാണ്‌ അധിക്ഷേപങ്ങള്‍ക്കു മുതിരുന്നത്‌.


  • (എ) ശരിയാണ്‌.
  • (ബി) അല്ല. അത്തരം ചിന്തകളവതരിപ്പിക്കുന്നവര്‍ മുഖംമൂടിയണിഞ്ഞ ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ രഹസ്യ അജണ്ട നടപ്പാക്കുകയാണ്‌. വര്‍ഗ്ഗീയവാദികളെന്നു വിളിച്ചും ഭര്‍ത്സിച്ചും പരമാവധി അധിക്ഷേപിച്ച്‌ ഒതുക്കണം അവരെ. ഇത്‌ ഇടതുപക്ഷത്തിന്റെ മാത്രമല്ല - സമൂഹത്തിന്റെ ഒരു പൊതു ആവശ്യമാണ്‌.

ചോദ്യങ്ങളവസാനിച്ചു.
എന്റെ ഉത്തരങ്ങള്‍ ഇവയാണ്‌.
(1) ബി (2) ബി (3) എ (4) എ (5) എ

താല്‍പര്യമുള്ളവര്‍ക്ക്‌ മറുപടി പറയാം. മൗനവും ഒരു മറുപടിയാണ്‌.

അഭിപ്രായസ്വാതന്ത്ര്യം വിജയിക്കട്ടെ!

6 comments:

Unknown said...

‘മറുമൊഴി‘യില്‍, ‘ന്യായീകരണവാദത്തിലെ അപകടം’ എന്ന എന്റെ പോസ്റ്റില്‍ അവതരിപ്പിക്കപ്പെട്ട ചിന്തകളുടെയും, അവിടെ എഴുതിച്ചേര്‍ക്കപ്പെട്ട കമന്റുകളുടെയും ഏതാണ്ടു തുടര്‍ച്ച തന്നെയാണിത്‌. ചില ചോദ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്ത്‌ ചുരുക്കി അവതരിപ്പിച്ചിരിക്കുകയാണ്‌ ഇവിടെ. ‘യെസ്‌/നോ‘ ചോദ്യങ്ങളുടെ രൂപത്തില്‍. ഗോധ്ര തീവയ്പ്‌ മോഡിയുടെ പദ്ധതിയായിരുന്നു എന്ന്‌ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചവര്‍ - ആ വാദത്തെ യുക്തിപൂര്‍വ്വവും മര്യാദാപൂര്‍വ്വവും ചോദ്യം ചെയ്തപ്പോള്‍ മറ്റു പലതും പറഞ്ഞ്‌ ഒഴിഞ്ഞുമാറിയവര്‍ - ഇവര്‍ക്കൊക്കെ ഈ ലളിതമായ ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം പറയാനാവുമോ എന്ന്‌ നോക്കാവുന്നതാണ്‌.

വിചാരം said...

താങ്കള്‍ ഒത്തിരി ചോദ്യങ്ങള്‍ ബൂലോകത്തോട് ചോദിക്കുന്നു ഞാനൊരു ചോദ്യം ചോദിക്കട്ടെ താങ്കളോട്
ഇന്നലെ എന്തിനായിരുന്നു മമ്മുട്ടിയുടെ കോലം സംഘാദികള്‍ കത്തിച്ചത് അവരുടെ പ്രവര്‍ത്തി താങ്കള്‍ ശരിവെയ്ക്കുന്നുവോ ?

Unknown said...

വിചാരം!!! താങ്കളിങ്ങനെയൊരു രക്ഷപെടലിനു ശ്രമിച്ചതു ഭംഗിയായോ?

ബൂലോഗവും കേട്ടു നിന്നുവെങ്കിലും ചോദിച്ചതു മിക്കവാറും താങ്കളോടായിരുന്നുവല്ലോ വിചാരം. മുന്‍പൊരു പോസ്റ്റില്‍, (താങ്കള്‍ക്കുള്ള മറുപടികളില്‍ ആദ്യത്തേത്‌) ഞാന്‍ ഉന്നയിച്ച എല്ലാ ചോദ്യങ്ങളും എന്റെ ആത്മാര്‍ത്ഥമായ സംശയങ്ങള്‍ കൂടിയാണ്‌. 'സത്യാന്വേഷി' എന്നു വിളിച്ച്‌ പരിഹസിക്കാതെ താങ്കള്‍ക്കറിയാമെങ്കില്‍ പറഞ്ഞുതരിക. സ്വന്തം നിലപാടുകള്‍ ബൂലോകത്തു പരസ്യമാക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ ദയവായി എനിക്കു മെയില്‍ ആയിട്ടെങ്കിലും അയക്കുക. എനിക്കു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ മനസ്സില്‍ സംശയങ്ങളുണ്ടാകുന്നതും അന്വേഷണകൗതുകത്തോടും ആത്മാര്‍ത്ഥതയോടുംകൂടി അവ ചോദിച്ചു പോകുന്നതും ഒരു പാതകമല്ല എന്നു തന്നെ വിശ്വസിക്കട്ടെ. കൂടുതല്‍ തിരിച്ചറിവുകളുണ്ടാക്കി സ്വയം നവീകരിക്കപ്പെടുക എന്നു സദുദ്ദേശം മാത്രമേ എനിക്കുള്ളൂ.

പിന്നെ, എന്നോടു ചോദിച്ചതിനു ഞാന്‍ എന്തായാലും മറുപടി തരാം. അല്പംസമയം തരുമല്ലോ.

Unknown said...

വിചാരം,
'മമ്മൂട്ടിയുടെ കോലം കത്തിക്കല്‍' ഇവിടെ സമ്പൂര്‍ണ്ണമായും ഓടോ ആണ്‌. എന്നാലും ചോദിച്ച സ്ഥിതിക്കു പറയുകയാണ്‌

'സംഘാദികള്‍' എന്നു താങ്കള്‍ വിളിക്കുന്നത്‌ ആരെയാണാവോ? ഇന്നലെ ചില യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ മമ്മൂട്ടിയുടെ കോലം കത്തിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. പ്രതിഷേധത്തിന് രണ്ടു കാരണങ്ങളാണ്‌ പറഞ്ഞുകേട്ടത്‌. ഒന്ന്‌ - മൂന്നാറിലെ കയ്യേറ്റത്തില്‍ മമ്മൂട്ടിക്കും പങ്കുണ്ടെന്ന്‌ ആരോപിക്കപ്പെട്ടത്‌. രണ്ട്‌ - ഗുജറാത്തില്‍ ഡി.വൈ. എഫ്‌. ഐ. ഉണ്ടായിരുന്നെങ്കില്‍ അവിടെ കലാപമൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന്‌ അവരുടെ സമ്മേളനത്തില്‍ വച്ച്‌ അഭിപ്രായപ്പെട്ടത്‌.

അപ്പോഴേക്കും മമ്മൂട്ടിയെ ഞങ്ങള്‍ "സംരക്ഷിക്കും" എന്നൊക്കെപ്പറഞ്ഞ്‌ ഇവിടുത്തെ ഡി.വൈ.എഫ്‌.ഐ.ക്കാര്‍ രംഗത്തു വന്നത്‌ വലിയ തമാശ സൃഷ്ടിച്ചിരുന്നു. ഈ ‘കോലം കത്തിക്കല്‍‘ മുതലായ പരിപാടികള്‍ സത്യത്തില്‍ ഇവിടെ അവതരിപ്പിച്ചതു തന്നെ അവരാണ്‌. ഈ പരിപാടി ധാരാളം കണ്ടിട്ടുള്ളതു കൊണ്ട്‌ എല്ലാവരും 'സാധാരണ ഒരു പ്രതിഷേധമുറ' എന്നേ കരുതിയുള്ളൂ. ഡി.വൈ.എഫ്‌.ഐ.ക്കാര്‍ അവസരം മുതലെടുക്കാനായിട്ടല്ല - മറിച്ച്‌ സീരിയസ്‌ ആയിട്ടു തന്നെയാണ്‌ സംരക്ഷിക്കും എന്നു പറഞ്ഞതെങ്കില്‍ അതിനര്‍ത്ഥം കോലം കത്തിക്കലില്‍ ഒരു ഭീഷണി കൂടി അടങ്ങിയിട്ടുണ്ടെന്നാണ്‌. ഇതൊക്കെ നടത്തുന്നവര്‍ക്കല്ലേ ഇതുകൊണ്ടൊക്കെ എന്താണുദ്ദേശിക്കുന്നതെന്ന്‌ അറിയൂ. ദൈവമേ അപ്പോള്‍ ഈ ഡിഫിക്കാര്‍ പണ്ട്‌ സ്ഥിരം ഓരോരുത്തരുടെ കത്തിച്ചുകൊണ്ടിരുന്നപ്പോള്‍ - തങ്ങള്‍ക്കെതിരായി വിധി പ്രഖ്യാപിച്ച ജഡ്ജിയുടെ അടക്കം കത്തിച്ചപ്പോള്‍ - മനസ്സില്‍ ഈ ഭീഷണിയുണ്ടായിരുന്നുവോ ആവോ? അങ്ങനെയാണെങ്കില്‍, ഡിഫിക്കാരില്‍ നിന്നും ന്യായാധിപന്മാരെയും രാഷ്ട്രീയ എതിരാളികളേയുമൊക്കെ സംരക്ഷിക്കാന്‍ ആരു മുന്നോട്ടു വരുമോ ആവോ?

പിന്നെ - ഞാന്‍ ആ പ്രതിഷേധരീതിയെ പിന്തുണയ്ക്കുന്നോ എന്നത്‌ - ഇല്ല. മമ്മൂട്ടിയുടെ പരാമര്‍ശത്തെ പൂര്‍ണ്ണമായും അവഗണിക്കാമായിരുന്നുവെന്നു ഞാന്‍ കരുതുന്നു. ഓരോ സിനിമയിലും അതിനനുസരിച്ചുള്ള ഒരു ഡയലോഗ്‌ ഒരു നടന്‍ പറയും എന്നു കൂട്ടിയാല്‍ മതി. സംഘപരിവാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സാഹിത്യപുരസ്കാരം ('കൃഷ്ണാഷ്ടമി പുരസ്കാരം എന്നോ മറ്റോ ആണു പേര്‌) സമ്മാനിക്കാറുള്ളത്‌ മിക്കവാറും മമ്മൂട്ടി ഒക്കെ ആണ്‌. ഇക്കഴിഞ്ഞയിടെയും അദ്ദേഹം സംഘപരിവാര്‍ വേദിയില്‍ ചെന്നു പ്രസംഗിച്ചു മടങ്ങി. അപ്പപ്പോളത്തെ റോള്‍ ഭംഗിയാക്കുന്നുവോ എന്നേ നോക്കേണ്ടതുള്ളൂ. ഡി.വൈ.എഫ്‌.ഐ. സമ്മേളനം ഓക്കെ. ഇനി അടുത്ത സെറ്റിലേക്ക്‌.

ഇന്ത്യയിലെ ഏറ്റവുമധികം വ്യവസായവല്‍ക്കരിക്കപ്പെട്ടതും ധാരാളം തൊഴിലവസരങ്ങളുള്ളതുമായ സംസ്ഥാനമായ ഗുജറാത്തില്‍ തൊഴിലാളി യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്‌.ഐ.ക്കു തീരെ സാന്നിദ്ധ്യമില്ല എന്ന്‌ നാട്ടുകാരെ ഓര്‍മ്മിപ്പിച്ചു എന്നതാവണം ആ പരാമര്‍ശം ഉളവാക്കിയ ഒരു ചലനം. മാറാടു കലാപക്കേസിലെ പ്രതികളില്‍ പതിനെട്ടോളം പേര്‍ ഡി.വൈ.എഫ്‌.ഐ.ക്കാരാണല്ലോ എന്നതും വെറുതെ നാട്ടുകാര്‍ ഓര്‍മ്മിച്ചെടുത്തു. സത്യത്തില്‍, വെറുതെ ഇതൊക്കെ ഓര്‍മ്മിപ്പിച്ച്‌ തങ്ങളെ നാണം കെടുത്തിയതിന്‌ ഡിഫിക്കാരായിരുന്നു മമ്മൂട്ടിയുടെ കോലം കത്തിക്കേണ്ടത്‌.

മുസ്ലീങ്ങളില്‍ അരക്ഷിത ബോധം വളര്‍ത്താന്‍ കിട്ടുന്ന ഏതൊരവസരവും പരമാവധി ഉപയോഗിക്കുക. എന്നിട്ട്‌ തങ്ങളാണ്‌ അവരുടെ സംരക്ഷകര്‍ എന്നു വരുത്തുക - ഇതൊക്കെ എത്ര നാളായി നാം കാണുന്നു. രമേശ്‌ ചെന്നിത്തലയുടെ പത്രസമ്മേളനത്തിലാണ്‌ മമ്മൂട്ടി ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത്‌. 'മമ്മൂട്ടിക്കെന്തറിയാം - ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ ഉണ്ടായിരുന്നതുകൊണ്ടാണ്‌ കലാപം ഗോധ്രയിലും വഡോദരയിലുമൊക്കെയായി ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിയത്‌' എന്നാണ്‌ പുള്ളി വാദിച്ചത്‌. ആ "സംസ്ഥാനം മൊത്തം കത്തി" എന്നും മറ്റുമുള്ള പ്രയോഗങ്ങളില്‍ നിന്ന്‌ ഒരാള്‍ ആദ്യമായി പിന്നാക്കം പോയിക്കണ്ടത്‌ ഇപ്പോഴാണ്‌.

ഞാനീ വാര്‍ത്തകളൊക്കെ അവഗണിക്കുകയാണു വിചാരം (ബ്ലോഗര്‍). കത്തിക്കലിനേക്കുറിച്ചല്ല, പണ്ടു കത്തിയടങ്ങിയതിന്റെ കനലെങ്കിലും എങ്ങനെ കെടുത്താമെന്നാണ്‌ എന്റെ വിചാരം (ചിന്ത).

സജിത്ത്|Sajith VK said...

സുഹൃത്തേ,
താങ്കള്‍ ഇപ്പോള്‍ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ YES/No ചോദ്യങ്ങളല്ല, YES ചോദ്യങ്ങളാണ്. മൂന്നാമത്തെ ചോദ്യം നോക്കുക...
"........പറ്റൂ എന്ന്‌ പിടിവാശി കാണിക്കുന്നത്‌ കൂടുതലും രാഷ്ട്രീയ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ചിന്തകരാണ്‌." എന്ന് ചോദ്യം. ഉത്തരങ്ങളോ,
എ. ശരി...........
ബി. തെറ്റ്, എല്ലാ മോഡിയുടെ ആരാധകരല്ലാത്ത ഏവര്‍ക്കും ഈ കാഴ്ചപ്പാടുണ്ട്....

ഇനി പ്രശ്നമെന്താണെന്നു നോക്കാം. രണ്ട് ഉത്തരം വന്നാലും ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാട് അതാണെന്ന് അംഗീകരിക്കലാണ്....
"താങ്കള്‍ കള്ളുകുടിക്കാത്തപ്പോഴും ഭാര്യയെ തല്ലാറുണ്ടോ?" എന്ന് ചോദിച്ചപോലുണ്ട്. ഉത്തരമെന്തായാലും കള്ളുകുടിക്കുമ്പോ തല്ലാറുണ്ട് എന്നംഗീകരിക്കലാകും...

മനോരമകാകരുടെ സര്‍വ്വേ പോലെ....

കഴിഞ്ഞ പോസ്റ്റില്‍ നിന്നും ഈ പോസ്റ്റിലേക്കുള്ള വ്യത്യാസം വളരെ വലുതാണ്. കഴിഞ്ഞപോസ്റ്റിലെ വ്യക്തത പോയി ഇവിടെ തന്ത്രമായി മാറിയപോലെ...

Unknown said...

സജിത്,
A-യും B-യും അല്ലാത്തവ യ്ക്ക്‌- 'Others' എന്നു പറഞ്ഞ്‌ സ്വന്തം വാചകം എഴുതിച്ചേര്‍ക്കാവുന്നതാണ്.

ശരിയാണ് - മൂന്നാമത്തെ ചോദ്യം അല്പം ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. അതിന്റെ ഉത്തരങ്ങള്‍ താങ്കള്‍ക്കു വേണ്ടി ഇങ്ങനെ തിരുത്തുന്നു.

(a) Leftists ആരും അങ്ങനെ വാദിക്കുന്നില്ല.
(0%)

(b) അങ്ങനെ വാദിക്കുന്നവരില്‍ കുറച്ചുപേര്‍ Leftists ആണ്. പക്ഷേ മറ്റുള്ളവരാണു കൂടുതല്‍.
(<50%)

(c) അങ്ങനെ വാദിക്കുന്നവരില്‍ കൂടുതലുംപേര്‍ Leftists ആണ്. മറ്റുള്ളവര്‍ കുറവ്‌.
(>50%)

(d) Leftists മാത്രമേ അങ്ങനെ വാദിക്കുന്നുള്ളൂ.
(100%)

ഇനി, ‘എല്ലാ Leftists-ഉം അങ്ങനെ വാദിക്കുന്നുവോ‘ എന്ന്‌ - ഇല്ല. അങ്ങനെ ഞാന്‍ കരുതുന്നില്ല. Leftists - ന്റെ ഗണത്തില്‍ അങ്ങനെ വാദിക്കുന്നവരുടെ അളവിനേക്കുറിച്ചല്ല - അങ്ങനെ വാദിക്കുന്നവരുടെ ഗണത്തില്‍ Leftists-ന്റെ അളവാണ് ചോദ്യത്തില്‍. അത്‌ ആദ്യം തന്നെ വ്യക്തമായിരുന്നുവെന്നു തോന്നുന്നു.

അതുപോലെ, മൂന്നാമത്തേതല്ലാത്ത മറ്റു ചോദ്യങ്ങളേക്കുറിച്ച്‌ താങ്കളൊന്നും പറഞ്ഞുമില്ല?

qw_er_ty