Tuesday, April 10, 2007

സംഘം - പുസ്തകങ്ങള്‍ - സംവരണത്തിന്റെ നകുലപക്ഷം - 'വിമത'നുള്ള മറുപടികള്‍

എന്റെ മറ്റൊരു പോസ്റ്റില്‍ വിമതന്‍ നല്‍കിയ കമന്റിനുള്ള മറുപടിയാണിത്‌. നാലുപേര്‍ക്കുള്ള മറുപടികളുടെ പരമ്പരയില്‍ ആദ്യത്തേത്‌ (ഇനി വരുന്നത്‌ കണ്ണൂസിനും, വിചാരത്തിനും കയ്യൊപ്പിനും)
-----------------------------------------------------------------
[വിമതന്‍]
>> പ്രിയ നകുലന്‍, താങ്കള്‍ ഇങനെ എഴുതി “ഗോള്‍വള്‍ക്കര്‍ സംഘനേതൃനിരയിലെത്തുന്നതിനും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘം ഭാ‍രതമാസകലം വ്യാപിക്കുന്നതിനും, സംഘത്തിന്റെ ആശയധാരയും കര്‍മ്മ പദ്ധതികളും കാര്യക്രമങ്ങളുമെല്ലാം അതിന്റെ ഏതാണ്ട്‌ പൂര്‍ണ്ണവികസിതമായ (ഇന്നത്തെ)രൂപത്തിലെത്തുന്നതിനുമെല്ലാം പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ, അദ്ദേഹം യുവാവായിരുന്നപ്പോള്‍ എഴുതിയ (വിവര്‍ത്തനം നടത്തുക മാത്രമായിരുന്നു എന്നുമൊരു തര്‍ക്കമുണ്ട്‌) ഒരു പുസ്തകത്തിലെ ഏതാനും ചില വരികളുദ്ധരിച്ചു കൊണ്ട് - ‘ഇതൊക്കെയാണ് ഇവരുടെ പരിപാടി‘ എന്ന പരമാബദ്ധവും വിശ്വസിച്ച്‌ (വിശ്വസിപ്പിച്ചും) - ഇന്നത്തെക്കാലത്ത്‌ അവരെ എതിര്‍ത്തു മുന്നേറുന്നതിന്‌ ഒരു പരിധിയുണ്ടെന്നും അതില്പരമൊരു മൌഢ്യമില്ലെന്നും ഇനിയെങ്കിലും മനസ്സിലാക്കുക”.

മേല്‍പ്പറഞതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ഗോള്‍വാര്‍ക്കര്‍ ചെറുപ്പത്തില്‍ എഴുതിയത് പില്‍ക്കാലത്ത് തള്ളിപ്പറഞ്ഞിട്ടുണ്ടോ? അതോ അന്ന് പറഞ്ഞിരുന്ന കാര്യങള്‍ ആര്‍ എസ്സ് എസ്സ് ഇന്ന് അംഗീകരിക്കുന്നില്ല എന്നാണോ? അതൊ, മേല്‍പ്പറഞ്ഞ പുസ്തകം ഗോള്‍വള്‍ക്കര്‍ എഴുതിയതല്ല , മറിച്ച് മറ്റാരോ എഴുതിയത് ഗോള്‍വള്‍ക്കര്‍ വിവര്‍ത്തനം ചെയ്യുക മാത്രമേ ചെയ്തുള്ളൂ, അതുകൊണ്ട് അതില്‍ പറഞ്ഞ കാര്യങള്‍ ഒന്നും ഗോള്‍വാള്‍ക്കരുടേയൊ, സംഘത്തിന്റെയോ അഭിപ്രായമല്ല എന്നാണോ വിവക്ഷ? അങിനെയാണെങ്കില്‍ എന്തുകോണ്ട് സംഘത്തിന്റെ ഔദ്യോഗിക നിലപാടായി അത് തുറന്നു പറയുന്നില്ല. <<

അല്ല വിമതന്‍ - അങ്ങനെയൊന്നുമല്ല മനസ്സിലാക്കേണ്ടത്‌. അതു തന്നെയാണ്‌ ആ വരിയുടെ സാംഗത്യവും. സംഘത്തെ വിമര്‍ശിക്കുന്നവര്‍ ഇപ്പോഴും അതുപോലുള്ള ചില വരികളെ ആശ്രയിക്കുകയാണ്‌. എന്നാല്‍ സംഘം ആ പുസ്തകത്തിനോ അതിലെ പരാമര്‍ശങ്ങള്‍ക്കോ ഒന്നും എന്തെങ്കിലും പ്രാധാന്യമോ പരിഗണനയോ കൊടുത്തു കാത്തു നില്‍ക്കുന്നതായിക്കാണുന്നില്ല. പലരും അത്തരമൊരു പുസ്തകത്തേപ്പറ്റി കേട്ടിട്ടുപോലുമില്ലാത്തത്ര തരത്തില്‍ അപ്രധാനമാണത്‌. സംഘം മറ്റു പലതുമാണ്‌. അവര്‍ ബഹുദൂരം മുമ്പോട്ടു പോയിട്ടുണ്ട്‌. അവരെ എതിര്‍ക്കണമെന്നുള്ളവര്‍ അവരുടെ ആശയഗതികളെയും വളര്‍ച്ചയേയും പിന്തുടര്‍ന്ന്‌ പ്രതിരോധമൊരുക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്‌. പകരം, ഗുരുജി സംഘചാലകനാവുന്നതിനു മുമ്പെങ്ങോ വിവര്‍ത്തനം ചെയ്ത ഒരു പുസ്തകത്തിലെ കാഴ്ചപ്പാടുകളെ തള്ളിപ്പറഞ്ഞിട്ടു മതി ബാക്കി കാര്യം എന്ന മട്ടില്‍ നിന്നാല്‍ അവിടെത്തന്നെ നില്‍ക്കുകയേയുള്ളൂ എന്നതാണു ഞാനുദ്ദേശിച്ചത്‌.

'നാമും നമ്മുടെ ദേശീയതയും' ഞാന്‍ വായിച്ചിട്ടില്ല. ഇത്തരം ചില ഭാഗങ്ങള്‍ ഉദ്ധരിച്ചു കേട്ടിട്ടേയുള്ളൂ. വിചാര ധാരയിലെ ചില ഭാഗങ്ങള്‍ വായിച്ചിട്ടുണ്ട്‌. അതേക്കുറിച്ചും ഹിന്ദുത്വത്തേക്കുറിച്ചു പൊതുവിലുമുള്ള ചില ചിന്തകള്‍ മറ്റൊരു പോസ്റ്റിലൂടെ (കയൊപ്പിനുള്ള മറുപടിയിലോ മറ്റോ) പങ്കു വയ്ക്കാം. അധികമാരും കേട്ടിട്ടുണ്ടാവില്ലാത്ത ഒന്നു രണ്ടു ഗോള്‍വള്‍ക്കര്‍ വചനങ്ങള്‍ മാത്രം ഇവിടെ പറഞ്ഞു വയ്ക്കാം.

"മത പരിവര്‍ത്തനം നടത്തുന്നതിന്‌ പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുവെന്നതൊഴിച്ചാല്‍ ക്രൈസ്തവരോട്‌ യാതൊരെതിര്‍പ്പും ഞങ്ങള്‍ക്കില്ല. മാത്രമല്ല, പല ഇന്ത്യന്‍ സഭകളും റോമില്‍ നിന്നു സ്വതന്ത്രമാകാനും സ്വയംഭരണത്തിനും നടത്തുന്ന നീക്കങ്ങളില്‍ ഞാന്‍ സന്തുഷ്ടനാണ്‌."

"മുസ്ലീങ്ങളോടുള്ള ഏറ്റവും ഉചിതമായ നയം സ്നേഹം കൊണ്ട്‌ അവരുടെ കൂറ്‌ നേടിയെടുക്കുകയാണ്‌. പൂര്‍വ്വികര്‍ ഇന്ത്യ ഭരിച്ചിരുന്നവരാണെന്ന കാര്യം അവര്‍ മറക്കണം. മാതൃഭൂമിയായി വിദേശ ഇസ്ലാമിക രാജ്യങ്ങളെ കാണുന്നത്‌ അവര്‍ മതിയാക്കണം. ഭാരതീയതയുടെ മുഖ്യധാരയില്‍ അവര്‍ ലയിക്കണം. ചില വേളകളില്‍ മുസ്ലീങ്ങളുടെ പ്രവര്‍ത്തി കണ്ട്‌ പലരും ക്ഷുഭിതരാവാറുണ്ട്‌. പക്ഷേ ഹൈന്ദവരക്തത്തില്‍ അത്തരം പകയോ വിദ്വേഷമോ ദീര്‍ഘകാലത്തേയ്ക്കു നിലനില്‍ക്കില്ല."

------------
[വിമതന്‍]
>>മേല്‍പ്പറഞ്ഞ പുസ്തകം പോലെ , അല്ലെങ്കില്‍ മനുസ്മ്രിതി പോലെ, സ്ത്രീ-അവര്‍ണ്ണ വിരുദ്ധ നിലപാടുകള്‍ ഉണ്ട് എന്നു ആരോപിക്കപ്പെടുന്നവ, സംഘം കാലഹരണപ്പെട്ടതായി കണക്കാക്കി തള്ളീപ്പറഞ്ഞിട്ടുണ്ടോ? അതോ, അവയെ തള്ളിപ്പറയാതെ അവയ്ക്കൊക്കെ വെള്ളപൂശുന്ന പുതിയ വ്യാഖ്യാനങള്‍ ചമയ്ക്കുകയണോ ചെയ്യാറുള്ളത്?<<

മനുസ്മൃതി ഞാന്‍ വായിച്ചിട്ടില്ല. മനുസ്മൃതിയേപ്പറ്റി സംഘത്തിന്റെ ആദ്യകാല നേതാക്കന്മാര്‍ എന്താണു പറഞ്ഞിട്ടുള്ളതെന്നറിയില്ല. ഏതെങ്കിലും പുസ്തകങ്ങളില്‍ കാണുകയാണെങ്കില്‍ ശ്രദ്ധിക്കാം. എന്തായാലും നിങ്ങളുടെ ആരോപണങ്ങളില്‍ നിന്ന്‌ ഏതാണ്ടൊരു രൂപം എനിക്കൂഹിക്കാന്‍ കഴിയുന്നുണ്ട്‌. എപ്പോഴെങ്കിലും, ആ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യത്തിനെ ന്യായീകരിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിക്കാണണം.

വിമതന്‍, താങ്കള്‍ക്കും അറിവുള്ളതാണല്ലോ. ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെ കടന്ന്‌ തലമുറകളിലൂടെ കൈമാറിവന്ന ആചാരങ്ങളും ജീവിതരീതികളുമൊക്കെയാണ്‌ ഹൈന്ദവരുടേത്‌. സ്വാഭാവികമായും അതിന്‌ അതിന്റേതായ ശക്തിദൗര്‍ബല്യങ്ങളുണ്ട്‌. പലവിധ അനാചാരങ്ങളും ചില അന്ധവിശ്വാസങ്ങളുമൊക്കെ ഇടയ്ക്കു കടന്നുകൂടി. ജാതിവ്യവസ്ഥയുമെല്ലാം അതിനിടയ്ക്കുണ്ടായി. അസ്പൃശ്യതയും വിവേചനങ്ങളുമെല്ലാം നിലനിന്നു. വിദ്യാഭ്യാസവും മറ്റും ചില വിഭാഗങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു. ഇതൊക്കെ യാഥാര്‍ത്ഥ്യങ്ങളാണ്‌. സംഘത്തിന്റെ ആശയധാരയും കാര്യപദ്ധതിയുമൊക്കെ രൂപപ്പെടുത്തിയവര്‍ ഇതേക്കുറിച്ചൊന്നും ബോധവാന്മാരായിരുന്നില്ല എന്നു കരുതുന്നെങ്കില്‍ തികഞ്ഞ തെറ്റാണത്‌. അനാചാരങ്ങള്‍ ഒഴിവാക്കുന്നതിനു തന്നെയാണവര്‍ ആഗ്രഹിച്ചതും പരിശ്രമിച്ചതും. സമൂഹ്യ സമരസത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, ജാതീയമായ അകല്‍ച്ചകള്‍ പരമാവധി ഇല്ലാതാക്കി ഹിന്ദു ഏകത സാദ്ധ്യമാക്കുക എന്നതു തന്നെയായിരുന്നു അവര്‍ ലക്ഷ്യം വച്ചത്‌. അവര്‍ ജാതീയത പ്രോത്സാഹിപ്പിക്കുന്നു - മനുസ്മൃതി ആരാധിക്കുന്നു എന്നതൊക്കെ വെറും ആരോപണങ്ങള്‍ മാത്രമായിരുന്നു. ജാതി സമ്പ്രദായം നിലനില്‍ക്കുന്നതുകൊണ്ട്‌ ഹിന്ദു സമൂഹം ആക്ഷേപിക്കപ്പെട്ടപ്പോള്‍, അത്‌ വലിയ എതിര്‍പ്പിനു കാരണമായപ്പോള്‍, ജാതിവ്യവസ്ഥ ഒരുപക്ഷേ ആദിമകാലത്ത്‌ എന്തുകൊണ്ടു നിലവില്‍ വന്നു എന്നതിനൊരു വിശദീകരണം കണ്ടെത്തേണ്ടത്‌ സ്വാഭാവികമായും സംഘാധികാരികളുടെ ആവശ്യമായി മാറി. അതില്‍ അസ്വാഭാവികതയൊന്നുമില്ല. അവരതിന്‌ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടാവാം. അതു സ്വാഭാവികമായും ന്യായികരണങ്ങളുടെ രൂപം പ്രാപിച്ചേക്കാം. അത്തരമൊരു "ഉത്തരവാദിത്ത"ത്തില്‍ നിന്ന്‌ ഒഴിഞ്ഞു മാറിയാലാണ്‌ അവര്‍ ആക്ഷേപിക്കപ്പെടേണ്ടത്‌ എന്നു ഞാന്‍ കരുതുന്നു. ജാതീയതയുടെ പേരു പറഞ്ഞ്‌ ഹിന്ദുധര്‍മ്മം ഒന്നടങ്കം അവഹേളിക്കപ്പെട്ടപ്പോള്‍, പ്രതിരോധിക്കുന്നതിനായി മേല്‍പറഞ്ഞ തരം ചില വാദമുഖങ്ങള്‍ അവതരിപ്പിച്ചിരിക്കാം എന്നതുകൊണ്ട്‌ അവര്‍ "ജാതീയമായ ഉച്ചനീചത്വങ്ങളെ പ്രോത്സാഹിപ്പിച്ചു" എന്നു കരുതുന്നതിന്‌ യാതൊരു ന്യായീകരണവും ഞാന്‍ കാണുന്നില്ല.

'ന സ്ത്രീ സാതന്ത്ര്യമര്‍ഹതി' എന്ന്‌ അവസാനിക്കുന്ന ശ്ലോകം മാത്രമാണോ മനുസ്മൃതിയെ സ്ത്രീവിരുദ്ധമാക്കുന്നത്‌ എന്നൊന്നുമെനിക്കറിയില്ല. മനുസ്മൃതിയുമായി ബന്ധപ്പെട്ട്‌ ഞാന്‍ കേട്ടിട്ടുള്ളത്‌ അതു മാത്രമാണ്‌.

അതുള്‍ക്കൊള്ളുന്ന ആശയം എന്നതൊക്കെ ഓരോരുത്തര്‍ ചമയ്ക്കുന്ന വ്യാഖ്യാനങ്ങള്‍ക്കനുസരിച്ചല്ലേ വിമതന്‍? 'കൗമാരത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ധക്യത്തില്‍ പുത്രനും സംരക്ഷിക്കേണ്ടതുണ്ട്‌. ഒറ്റയ്ക്കലഞ്ഞ്‌ വശം കെടേണ്ട ദുര്‍ഗതി സ്ത്രീയ്ക്കു വരുത്തിക്കൂടാ' എന്നല്ലേ അര്‍ത്ഥമെന്നും അതു നല്ലതല്ലേയെന്നുമൊക്കെ ചിലര്‍ ചോദിച്ചു കേട്ടിട്ടുണ്ട്‌. 'ലോകത്ത്‌ സ്വാതന്ത്ര്യം അര്‍ഹിക്കുന്നത്‌ നായ്ക്കളും സ്ത്രീകളും മാത്രമാണ്‌' എന്നും ഒരു വിരുതന്‍ വിവര്‍ത്തനം ചെയ്തിരുന്നു. എന്തായാലും മനുവാദികളെന്ന പ്രയോഗമൊക്കെ ബ്രാഹ്മണ-ദലിത്‌ വിടവുകള്‍ മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഞാന്‍ കാണുന്നത്‌. സംഘം ജാതിവിടവുകളും അതിന്റെ പേരിലുള്ള മുതലെടുപ്പുകളും അസ്പൃശ്യതയുമെല്ലാം ഒഴിവാക്കാനാണ്‌ അന്നും ഇന്നും പ്രയത്നിക്കുന്നത്‌ എന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുകയാണ്‌. സംഘത്തെ ബ്രാഹ്മണക്കൂട്ടമായി ചിത്രീകരിക്കുന്നത്‌ ദലിത്‌ രാഷ്ട്രീയത്തിന്റെ ഒരു 'പ്രയോഗബാക്കി' മാത്രമാണ്‌. സത്യമല്ല അത്‌.

------------
[വിമതന്‍]

>>ഓ ടോ: മറ്റൊന്നുകൂടി , ഓ ബി സി സംവരണ പ്രശ്നത്തില്‍ സംഘത്തിന്റെ ഔദ്യോഗിക നിലപാട് എന്താണ് ?.<<

എനിക്കറിയില്ല വിമതന്‍. എനിക്കവരുടെ നിലപാടുകള്‍ അപ്പപ്പോള്‍ അറിയാനുള്ള ഒരു മാര്‍ഗ്ഗവുമില്ല. അല്ലെങ്കിലും, 'സാമൂഹ്യപിന്നാക്കാവസ്ഥയ്ക്കുള്ള ദീര്‍ഘകാലാടിസ്ഥാത്തിലുള്ള ഒരു പരിഹാരമെന്ത്‌' എന്ന വിഷയത്തിലോ മറ്റോ ആണെങ്കിലേ സംഘത്തിന്‌ ഒരു അഭിപ്രായപ്രകടനത്തിനു താല്‍പര്യമുണ്ടാവൂ എന്നു ഞാന്‍ കരുതുന്നു. ഇപ്പോള്‍ നടന്നത്‌ ഒരു രാഷ്ട്രീയ അടവു നാടകം മാത്രമാണ്‌. അതിലൊക്കെ പ്രതികരിക്കേണ്ടത്‌ രാഷ്ട്രീയ കക്ഷികളാണ്‌.

എന്റെ അഭിപ്രായം വേണമെങ്കില്‍ ചുരുക്കി അവതരിപ്പിക്കാം. വലിയൊരു ചര്‍ച്ചയ്ക്കു വകുപ്പുള്ള വിഷയമാണ്‌. രാജ്യപുരോഗതിക്ക്‌ എന്തെങ്കിലും പ്രയോജനം കിട്ടുന്ന കാര്യവുമാണ്‌. പക്ഷേ ഈയിടെയായി കുറച്ചധികം എഴുതിയതു കൊണ്ട്‌ ഉടനെ ഒരു ദീര്‍ഘ ചര്‍ച്ചയ്ക്ക്‌ ആരോഗ്യം പോലും സമ്മതിക്കുന്നില്ല.

ചില വിഭാഗങ്ങളുടെ സാമൂഹ്യ പിന്നാക്കാവസ്ഥ ഇനിയും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു എന്നത്‌ നമ്മുടെ രാഷ്ട്രതന്ത്രജ്ഞന്മാരുടെ പിടിപ്പുകേടുമാത്രമല്ല, നമ്മുടെ മൊത്തത്തിലുള്ള സാംസ്കാരികമായ പിന്നാക്കാവസ്ഥയും സൂചിപ്പിക്കുന്നുണ്ട്‌. ഒരു പരിഷ്‌കൃതസമൂഹം എന്നു വിശേഷിപ്പിക്കപ്പെടാന്‍ ആഗ്രഹമുള്ളവര്‍ എത്രയും പെട്ടെന്ന്‌ ഇത്തരം ജീര്‍ണ്ണതകളില്‍ നിന്ന്‌ പുറത്തു വരേണ്ടതുണ്ട്‌. അതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളും അവയുടെ പ്രയോഗസാധുതയുമൊക്കെ വിശദമായി പരിശോധിക്കേണ്ടതുണ്ട്‌. സംവരണം എത്രത്തോളം ഒരു പരിഹാരമാണ്‌ - അതുമാത്രമാണോ പരിഹാരം എന്നുമൊക്കെ ചിന്തിക്കേണ്ടതുണ്ട്‌. സംവരണം എന്നത്‌ ഇപ്പോഴും അനിവാര്യതയായിത്തന്നെ തുടരുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണെന്നു ഞാന്‍ കരുതുന്നു. ഇന്നത്തെ സാഹചര്യത്തില്‍ നമുക്കതില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കാനാവില്ല.

അര്‍ജുന്‍സിംഗിന്റെ '27%' എന്ന ധൃതി പിടിച്ചുള്ള പ്രഖ്യാപനം വന്നപ്പോള്‍ത്തന്നെ ഏതാണ്ടുറപ്പായിരുന്നു അത്‌ അംഗീകരിക്കപ്പെടുകയില്ല എന്ന്‌. യാതൊരു തയ്യാറെടുപ്പുമില്ലാതെയുള്ള ആ എടുത്തു ചാട്ടത്തില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല. എന്തടിസ്ഥാനത്തിലാണ്‌ സംവരണത്തോതും മറ്റും സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്‌ എന്ന കോടതിയുടെ ചോദ്യത്തിന്‌ അര്‍ജ്ജുന്‍ സിംഗിന്റെ കയ്യില്‍ ഉടന്‍ ഉത്തരം ഉണ്ടായിരുന്നില്ല. അതേക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ അനുവദിച്ച സമയം പോലും വേണ്ട വിധം വിനിയോഗിച്ചില്ലെന്നു വേണം കരുതാന്‍.

സംവരണം ഒരിക്കലും വേണ്ട എന്നല്ല - അതു ശാസ്ത്രീയമായി നടപ്പിലാക്കാന്‍ കഴിയും വിധം തുടര്‍ന്നും പഠനങ്ങള്‍ നടത്തണമെന്നാണ്‌ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ എന്നതുകൊണ്ട്‌ വിധി എല്ലാവരിലും സന്തോഷം തന്നെയാണു സൃഷ്ടിക്കേണ്ടത്‌.

'സംവരണവിരുദ്ധര്‍' എന്നു വിളിക്കപ്പെട്ടവരുടെ എതിര്‍പ്പ്‌ യഥാര്‍ത്ഥത്തില്‍ സംവരണത്തോടായിരുന്നില്ല. മറിച്ച്‌ യാതൊരു ശാസ്ത്രീയതയും ഉറപ്പു വരുത്താതെ നിശ്ചയിച്ച അതിന്റെ തോത്‌ - സംവരണാര്‍ഹരെ കണ്ടെത്തുന്നതിന്‌ ജാതി മാത്രം മാനദണ്ഡമാക്കുന്നത്‌ എന്നതൊക്കെയായിരുന്നു.

27% എന്ന തോത്‌ നിശ്ചയിക്കപ്പെട്ടതിന്റെ അടിസ്ഥാനം കോടതി മുമ്പു നിശ്ചയിച്ചിട്ടുള്ള മൊത്ത സംവരണ പരിധിയായ 50% എന്നതാണ്‌ (22.5% ഇപ്പോഴേ നിലവിലുണ്ട്‌) എന്നും, മൊത്തം സംവരണ പരിധി 60% ആയിരുന്നെങ്കില്‍ അര്‍ജുന്‍ സിംഗ്‌ കണ്ണുമടച്ച്‌ 37% പ്രഖ്യാപിച്ചേനെ എന്നുമുള്ള തോന്നല്‍, സംവരണത്തിലൂടെ അവസരങ്ങള്‍ നഷ്ടപ്പെടുന്നവരെ ചൊടിപ്പിച്ചു.

സംവരണം അടിച്ചേല്‍പ്പിക്കുന്നതിനു പകരം, സംയമനത്തിന്റെ പാത സ്വീകരിക്കുക എന്നത്‌ അപ്രായോഗികമൊന്നുമല്ല. ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ അത്‌ എതിര്‍ക്കപ്പെടുകയൊന്നുമില്ല. നിലവിലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ അവശവിഭാഗങ്ങള്‍ക്കു മാത്രമായി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക മുതലായ നല്ല നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്ത്‌ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു ആസൂത്രണവും കൂട്ടായ പ്രയത്നവുമൊക്കെ ഇവിടെ ആവശ്യമാണ്‌. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇച്ഛാശക്തിയുള്ള ആരെങ്കിലുമൊക്കെ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. ഇത്തരം രാഷ്ട്രീയ തീരുമാനങ്ങള്‍ വരുമ്പോള്‍ നമ്മുടെ കക്ഷിതാല്‍പര്യങ്ങളോ അല്ലെങ്കില്‍ ജാതിയോ മാത്രം ഓര്‍ത്ത്‌ "യെസ്‌" അല്ലെങ്കില്‍ "നോ" എന്നു മാത്രം പറഞ്ഞ്‌ സംഘടിച്ച്‌ സംഘര്‍ഷത്തിന്റെ പാതയിലേക്കു നിങ്ങുന്നവരാണു നമ്മളെങ്കില്‍, 'നമ്മളൊക്കെ രക്ഷപെട്ടിട്ടെന്തിനാണ്‌' എന്നു ചോദിച്ചു പോകും.

വൈത്തോ:- വിമതാ, താങ്കളുടെ ഈ അവസാന ചോദ്യം, സംഘത്തെയും സവര്‍ണ്ണതയെയും സംബന്ധിക്കുന്ന താങ്കളുടെ വിശ്വാസങ്ങള്‍ ഒന്നുകൂടി വെളിപ്പെടുത്തിയിരുന്നു. സംഘം എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നതില്‍ താങ്കള്‍ക്ക്‌ ആശയക്കുഴപ്പമുണ്ടെന്നു വ്യക്തമാണ്. എന്നെ വിശ്വസിക്കുക - സംഘത്തിന്റെ സവര്‍ണ്ണമുഖം എന്നത്‌ പൊയ്‌മുഖമാണ്‌. ദലിത്‌ രാഷ്ട്രീയത്തിന്റെ ചില വക്താക്കള്‍ ചേര്‍ന്നാണ്‌ ആ മുഖം സംഘത്തിന്റെ മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്‌. സംഘപ്രതിരോധത്തിനുള്ള തരക്കേടില്ലാത്ത ഒരു തന്ത്രം എന്ന നിലയില്‍.

5 comments:

Unknown said...

'നായ്ക്കളും സ്ത്രീകളും മാത്രമാണ്‌ ഇന്ന്‌ ലോകത്ത്‌ സ്വാതന്ത്ര്യം അര്‍ഹിക്കുന്നത്‌' എന്നും ഒരു വിരുതന്‍ നിര്‍ദ്ദോഷഫലിതമെന്ന മട്ടില്‍ വിവര്‍ത്തനം ചെയ്തിരുന്നു അതിന്നെ.
'ന സ്ത്രീ സാതന്ത്ര്യമര്‍ഹതി' എന്ന്‌ അവസാനിക്കുന്ന ആ ശ്ലോകം മാത്രമാണോ മനുസ്മൃതിയെ സ്ത്രീവിരുദ്ധമാക്കുന്നത്‌ എന്നൊന്നുമെനിക്കറിയില്ല. മനുസ്മൃതിയുമായി ബന്ധപ്പെട്ട്‌ ഞാന്‍ കേട്ടിട്ടുള്ളത്‌ അതു മാത്രമാണ്‌.

vimathan said...

പ്രിയ നകുലന്‍ തങ്കള്‍ ഇങനെ എഴുതുന്നു: “എന്നാല്‍ സംഘം ആ പുസ്തകത്തിനോ അതിലെ പരാമര്‍ശങ്ങള്‍ക്കോ ഒന്നും എന്തെങ്കിലും പ്രാധാന്യമോ പരിഗണനയോ കൊടുത്തു കാത്തു നില്‍ക്കുന്നതായിക്കാണുന്നില്ല. പലരും അത്തരമൊരു പുസ്തകത്തേപ്പറ്റി കേട്ടിട്ടുപോലുമില്ലാത്തത്ര തരത്തില്‍ അപ്രധാനമാണത്‌.”...
ആര്‍ എസ്സ് എസ്സ് മേല്‍പ്പറഞ്ഞ പുസ്തകത്തിനോ അതിലെ ആശയധാരയ്ക്കൊ ഒരു പ്രാധാന്യവും കൊടുക്കുന്നില്ല എന്നാണെങ്കില്‍ എന്തുകൊണ്ട് അത് തുറന്നുപറഞ്ഞ്, ആ പുസ്തകത്തിന്റെ പേരില്‍ സംഘത്തെ വിമര്‍ശിക്കുന്നവരുടെ വായടക്കുന്നില്ല എന്നാണ് ഞാന്‍ ചോദിച്ചത്.
അതുപോലെ വീണ്ടും താങ്കള്‍ എഴുതിയത് ഇങനെ: “അസ്പൃശ്യതയും വിവേചനങ്ങളുമെല്ലാം നിലനിന്നു. വിദ്യാഭ്യാസവും മറ്റും ചില വിഭാഗങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു. ഇതൊക്കെ യാഥാര്‍ത്ഥ്യങ്ങളാണ്‌”.... “അവരതിന്‌ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടാവാം. അതു സ്വാഭാവികമായും ന്യായികരണങ്ങളുടെ രൂപം പ്രാപിച്ചേക്കാം”...
മേല്‍പ്പറഞ്ഞ, താങ്കള്‍ തന്നെ സമ്മതിക്കുന്ന, അനീതികളെ, അവയെ തള്ളിപ്പറയാതെ, ന്യയീകരണം കണ്ടെത്തുന്നതിനെ, അല്ലെങ്കില്‍ വെള്ളപൂശുന്നതിനെ തന്നെയാണ് ഞാന്‍ ചോദ്യം ചെയ്തത്. തെറ്റ്/അനീതി, തെറ്റാണെന്ന് , അനീതിയാണെന്ന് തന്നെ വിളിച്ചു പറയാനുള്ള ആര്‍ജ്ജവം എന്തുകൊണ്ടില്ല?.

പിന്നെ ജാതിസംവരണത്തെപറ്റി സംഘത്തിന്റെ അഭിപ്രായം താങ്കള്‍ക്ക് അറിയില്ല എന്നു പറഞ്ഞത് ഞാന്‍ മുഖവിലയ്ക്കെടുക്കുന്നു.

Unknown said...

പ്രിയ വിമതന്‍,
രണ്ടു മൂന്നു കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ സ്വയം ചോദിച്ച - കുറെയൊക്കെ അന്വേഷണങ്ങള്‍ക്കു തുനിഞ്ഞിറങ്ങാന്‍ എന്നെ പ്രേരിപ്പിച്ച - അതേ ചോദ്യമാണ് ഇപ്പോള്‍ താങ്കളും ചോദിക്കുന്നത്‌. 'സംഘം എന്തുകൊണ്ട്‌ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ശ്രമിക്കാറില്ല?" അരോപണങ്ങള്‍ ശരിയാണെന്നു സമ്മതിക്കലാണോ അത്‌? പ്രഥമദൃഷ്ട്യാ തെറ്റാണെന്നുറപ്പുള്ള ആരോപണങ്ങള്‍ക്കു നേരേ പോലും അവര്‍ എന്തുകൊണ്ട്‌ നിശ്ശബ്ദത പാലിക്കുന്നു?

കുറച്ചൊക്കെ മനസ്സിലായ കാര്യങ്ങള്‍ അവിടവിടെയായി കുറിച്ചു വച്ചിട്ടുണ്ട്‌. എന്നെങ്കിലും ക്രോഡീകരിച്ച്‌ ഒരു പോസ്റ്റാക്കാം.

ഇപ്പോള്‍ സംഘത്തേക്കുറിച്ച്‌ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്‌. ആര്‍ക്കും സ്വന്തം ഭാവനയനുസരിച്ച്‌ എന്തു കഥയും മെനഞ്ഞെടുത്ത്‌ അവതരിപ്പിക്കാം. സംഘം അതിനെയൊന്നും പിന്തുടര്‍ന്നു പ്രതിരോധിക്കാന്‍ ശ്രമിക്കാറില്ല.

ഞാന്‍ മുമ്പൊരു പോസ്റ്റില്‍ ഇതേപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്‌. (അവസാനഭാഗത്ത്‌)


-----

>>> “അസ്പൃശ്യതയും വിവേചനങ്ങളുമെല്ലാം നിലനിന്നു. വിദ്യാഭ്യാസവും മറ്റും ചില വിഭാഗങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു. ഇതൊക്കെ യാഥാര്‍ത്ഥ്യങ്ങളാണ്‌”.... “അവരതിന്‌ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടാവാം. അതു സ്വാഭാവികമായും ന്യായികരണങ്ങളുടെ രൂപം പ്രാപിച്ചേക്കാം”...
മേല്‍പ്പറഞ്ഞ, താങ്കള്‍ തന്നെ സമ്മതിക്കുന്ന, അനീതികളെ, അവയെ തള്ളിപ്പറയാതെ, ന്യയീകരണം കണ്ടെത്തുന്നതിനെ, അല്ലെങ്കില്‍ വെള്ളപൂശുന്നതിനെ തന്നെയാണ് ഞാന്‍ ചോദ്യം ചെയ്തത്.
<<

എന്റെ വാക്കുകളിലെ രണ്ടു ഭാഗങ്ങള്‍ ചേര്‍ത്തു വച്ച്‌ - ഇടയ്ക്കുള്ള ഭാഗം വിട്ടുകളഞ്ഞ്‌ വായിക്കുക എന്നതല്ലേ മുകളില്‍ ചെയ്തിരിക്കുന്നത്? വല്ലാതെ അര്‍ത്ഥ വ്യത്യാസം വന്നുപോകുന്നുണ്ട്‌ അപ്പോള്‍.

ജാതീയമായ ഉച്ച നീചത്വങ്ങളേയും അനാചാരങ്ങളേയും അതു സൃഷ്ടിച്ച അനീതികളേയും ആരു പിന്തുണച്ചുവെന്നാണ്‌? 'ജാതിവ്യവസ്ഥ' നിലവില്‍ വരാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടാവുമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. 'ജാതിവ്യവസ്ഥ' എന്നു പറഞ്ഞതില്‍, കാലക്രമത്തില്‍ അതില്‍ എഴുതിച്ചേര്‍ക്കപ്പെട്ട കൊള്ളരുതായ്മകള്‍ കൂടി ഉദ്ദേശിച്ചിരുന്നില്ല.

ജാതീയമായ അകല്‍ച്ചകളേയും, താങ്കള്‍ പറയുന്ന അനീതികളേയുമൊക്കെ സംഘം തുറന്നെതിര്‍ത്തിട്ടില്ലെന്ന്‌ ആരു പറഞ്ഞു? ആ എതിര്‍പ്പുകളുടെ ശബ്ദം കേള്‍ക്കണമെങ്കില്‍, നമ്മുടെ 'മുഖ്യധാരാ'മാദ്ധ്യമങ്ങളില്‍ മാത്രം ചെവിയോര്‍ത്തിട്ടു കാര്യമില്ല എന്നതാണു യഥാര്‍ത്ഥ പ്രശ്നം.

സംഘം 'ശൂദ്ര'രില്‍ത്തന്നെ ഏറ്റവും പതിതരേയും ഏറ്റവും അധ:കൃതരായി പണ്ടു പരിഗണിക്കപ്പെട്ടിരുന്നവരേയുമെല്ലാം ഹിന്ദുക്കളായിത്തന്നെയാണു കാണുന്നത്‌ - വിമതന്‍. അവരുടെ ഉന്നമനം സംഘപ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണു താനും (സംഘവിരോധത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌). അവര്‍ 'ഹിന്ദുക്കളല്ല' എന്നു സ്ഥാപിക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌ സംഘമല്ല - സംഘവിരോധം പേറുന്നവരാണ്‌.


ഒരു കാര്യം കൂടി. മേല്‍പ്പറഞ്ഞതു സമര്‍ത്ഥിക്കാനായി കൂട്ടിച്ചേര്‍ക്കുന്നതല്ല - ഓര്‍ത്തപ്പോള്‍ പറയുന്നെന്നേയുള്ളൂ. ഈയിടെ ഒരു സംഗതി ശ്രദ്ധയില്‍പ്പെട്ടു. ഹൈന്ദവ സമാജ സമുദ്ധാരണം എന്നത്‌ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാദ്ധ്യമാകണമെങ്കില്‍, അയിത്തം മുതലായവ തുടച്ചുനീക്കിയാല്‍ മാത്രം പോര, ജാതി സമ്പ്രദായം തന്നെ അവസാനിപ്പിക്കണമെന്ന മട്ടില്‍ വി. ഡി. സവര്‍ക്കര്‍ നിലപാടെടുത്തിരുന്നുവെന്നും അതിന്റെ പേരില്‍ അംബേദ്‌കര്‍ അദ്ദേഹത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും ഒരിടത്തു വായിച്ചു. അങ്ങനെയെങ്ങാനും മുമ്പു കേട്ടിരുന്നോ വിമതാ? എനിക്കിപ്പോള്‍ വന്നു വന്ന്‌ ആരെയും വിശ്വാസമില്ലാതായിരിക്കുന്നു.

ഓ.ടോ. അംബേദ്‌കര്‍ ജയന്തി കഴിഞ്ഞു പോയത്‌ എത്ര പേര്‍ അറിഞ്ഞുവോ ആവോ?

vimathan said...

പ്രിയ നകുലന്‍, വി ഡി സവര്‍ക്കര്‍ അങിനെ ഒരു നിലപാട് തീര്‍ച്ചയായും എടുത്തിട്ടുണ്ട്. മറ്റ് ഹിന്ദുരാഷ്ട്രവാദികളില്‍ നിന്നും വിഭിന്നമായി, വളരെ റാഷണല്‍ ആയി കാര്യങള്‍ നോക്കി കണ്ട ഒരാളായിരുന്നു അദ്ദേഹം. വ്യക്തിപരമായി ഒരു യുക്തിവാദിക്ക് ചേര്‍ന്ന ജീവിതരീതിയായിരുന്നു അദ്ദേഹത്തിന്റേത്. “വേദാന്തവും, തത്വചിന്തയുമെല്ലാം അവയുടെ ദൈവത്തെയും, ആത്മാവിനെക്കുറിച്ചുമുള്ള കടങ്കഥകളോടെ വിധവകള്‍ക്കും, വയസ്സന്മാര്‍ക്കും, പെന്‍ഷന്‍ പറ്റിയവര്‍ക്കും വിട്ടുകൊടുക്കുകയാണ് നല്ലത്” എന്നെഴുതിയ സവര്‍ക്കറുടെ നോവലുകളില്‍ സവര്‍ണ്ണ കഥാപാത്രങള്‍ ക്രൂരരും, ചൂഷകരും ആണ്, അവരെ എതിര്‍ക്കുന്നതോ ദളിതരും, സ്ത്രീകളും.സവര്‍ക്കര്‍ സ്ഥാപിച്ച പതിത് പാവന്‍ മന്ദിറിന്റെ ഉത്ഘാടനം ഒരു ദലിതാണ് നിര്‍വഹിച്ചത്. തന്റെ അനുഗ്രഹാസ്സിസ്സുകളോടെ ആരംഭിച്ച ആര്‍ എസ്സ് എസ്സിലും അതിന്റെ രാഷ്ട്രീയപാര്‍ട്ടിയായ ജനസംഘിലും അദ്ദേഹം പക്ഷെ പ്രവര്‍ത്തിച്ചില്ല. അവസാന കാലത്ത് നിരാശനായി, ഏകനായി, ഹിന്ദുമതതിലെ അനാചരങളെയൂം, ജാതിവ്യവസ്ഥയെയും എതിര്‍ക്കുന്ന പ്രവര്‍ത്തനങളില്‍ മുഴുകി, അദ്ദേഹം ജീവിച്ചു, അവസാനം ഉപവസിച്ച് മരിച്ചു.
പക്ഷെ ഇതേ സവര്‍ക്കര്‍ തന്നെയാണ് ഹിന്ദുരാഷ്ട്രവാദമുയര്‍ത്തിയത്. പക്ഷെ തന്റെ ഹിന്ദുരാഷ്ട്രത്തില്‍ എല്ലാ മതക്കാര്‍ക്കും തുല്യ അവകാശം ഉണ്ടായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.വംശീയശുദ്ധി, മതം എന്നിവ ഒഴിവാക്കി, ഭൂമിശാസ്ത്രപരമായി അദ്ദേഹം ഇന്ത്യയെ, അദ്ദേഹത്തിന്റെ ഭാഷയില്‍ ഹിന്ദുസ്ഥാനിനെ വിശദീകരിക്കാന്‍ ശ്രമിച്ചു.

Unknown said...

നന്ദി, വിമതാ.
പുതിയ പുതിയ തിരിച്ചറിവുകളിലൂടെ നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുക എന്നതില്‍പ്പരം സുഖമുള്ളൊരു കാര്യമില്ല തന്നെ.