Monday, April 23, 2007

ആര്യനാക്രമണവാദവും അന്വേഷണങ്ങളുടെ ആഴവും

തൊട്ടുമുമ്പത്തെ ‍പോസ്റ്റിന്റെ തുടര്‍ച്ചയാണിത്‌.

>> [വിചാരം] മുസ്ലിംങ്ങള്‍ - അവരുടെ പാരമ്പര്യം ഇവിടെ (ഭാരതത്തില്‍) ഉടലെടുത്തവരല്ലേ ചരിത്രപരമായ സത്യമെടുത്താല്‍ പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ ആര്യ വംശരായ ബ്രാഹ്മണരല്ലേ ഇന്ത്യവിട്ട് പോവേണ്ടത് ? .. <<


പണ്ട്‌ ഞാനും ഇത്തരം ചരിത്രങ്ങളൊക്കെ വായിക്കുകയും പഠിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നതാണു വിചാരം. ആര്യനാക്രമണ വാദം തെളിയിക്കേണ്ടത്‌ ചിലരുടെയൊക്കെ ആവശ്യകതയാണെന്നതാണ് പഠനങ്ങളുടെ പ്രാധാന്യം എന്നു മനസ്സിലാക്കിയതോടെ താല്പര്യം കുറഞ്ഞു. മാത്രമല്ല, ഇന്നിപ്പോള്‍ നേരിട്ടു കാണുന്നതല്ലാതെ ഒന്നും ആരു പറയുന്നതും വിശ്വസിക്കില്ല എന്നൊരവസ്ഥയായിട്ടുണ്ട്‌.

താങ്കള്‍ പറയുന്നത്‌ മുസ്ലീങ്ങളുടെ പാരമ്പര്യം ഭാരതത്തില്‍ ഉടലെടുത്തതാണ്‌ - പേര്‍ഷ്യയില്‍ നിന്നു വന്ന ബ്രാഹ്മണര്‍ ഇന്ത്യ വിട്ടു പോകണം എന്ന മട്ടാണ്‌. ഈ 'വിട്ടു പോകല്‍' സിദ്ധാന്തം താങ്കളുടെ മനസ്സിലുദിക്കുന്നതു തന്നെ തെറ്റാണ്‌. ആ ഒരു സിദ്ധാന്തത്തേപ്പറ്റിയുള്ള തെറ്റിദ്ധാരണകളും ഉത്‌കണ്ഠകളും പേറി അതിനെ പ്രതിരോധിക്കാനായി കഷ്ടപ്പെടുമ്പോഴാണ്‌ പേര്‍ഷ്യന്‍ ആര്യന്മാര്‍ സഹായത്തിനെത്തുന്നത്‌. (ദയവായി മറുമൊഴിയിലെ എന്റെ മുന്‍പോസ്റ്റുകള്‍ വായിക്കുക. പ്രത്യേകിച്ച്‌ ഇത്‌)

ആരാണ്‌ 'കഴിയുന്നത്ര അലിഞ്ഞു ചേര്‍ന്ന്‌ ഇവിടെത്തന്നെ നില്‍ക്കൂ' എന്നു പറഞ്ഞത്‌? ആരാണ്‌ 'അതിനാവില്ല ഞങ്ങള്‍ വിട്ടുപോകുന്നു' എന്നു പറഞ്ഞ്‌ അകന്നത്‌? ആരാണ്‌ 'ഇനിയെങ്കിലും തിരിച്ചു വന്നു കൂടേ' എന്നു ചോദിച്ചു വിളിക്കുന്നത്‌?

‘ഞങ്ങള്‍ പഴയ കാലത്ത്‌ മതം മാറിയ ബ്രാഹ്മണരുടെ പിന്തുടര്‍ച്ചക്കാരാണ്‌ ‘ എന്ന്‌ സ്വകാര്യ സംഭാഷണങ്ങളിലെങ്കിലും അവകാശപ്പെടുന്ന മുസ്ലീങ്ങളുണ്ടല്ലോ (നിഷേധിക്കരുത്‌ - സത്യമാണിത്‌). താങ്കളുടെ വാദമനുസരിച്ചാണെങ്കില്‍ അവരിവിടെ നില്‍ക്കണോ പോണോ? താങ്കളുടെ തരം തിരിവനുസരിച്ച്‌ അവരുടെ പാരമ്പര്യം എവിടെ ഉടലെടുത്തതാണ്‌? ഇന്ത്യയിലോ പേര്‍ഷ്യയിലോ? മുസ്ലീങ്ങള്‍ എന്നു പറഞ്ഞാല്‍ ഉടന്‍ തന്നെ അവര്‍ ഒന്നടങ്കം ദലിതര്‍, പിന്നാക്കക്കാര്‍, പണ്ടുതൊട്ടേ ഇവിടെയുള്ള ദ്രാവിഡന്മാരുടെ പാരമ്പര്യത്തിന്റെ അവകാശികള്‍, പ്രത്യേക പരിഗണനകള്‍ “ഔദാര്യമല്ല അവകാശമാണ്” എന്ന്‌ അഭിപ്രായപ്പെടാനര്‍ഹതയുള്ളവര്‍ - എന്നൊക്കെയാണോ താങ്കളുടെയും കാഴ്ചപ്പാട്‌?

ഞാന്‍ മുമ്പു പറഞ്ഞ ഒരു കാര്യമുണ്ടല്ലോ. "അന്വേഷണങ്ങളുടെ ആഴം". അത്‌ ഇവിടെയും പ്രസക്തമാണ്‌. പൂര്‍വ്വികതയെ സംബന്ധിക്കുന്ന ആര്യനാക്രമണ സിദ്ധാന്തം തെളിയേണ്ടത്‌ താങ്കളുടെ ആവശ്യമാണ്‌. അതിനായി താങ്കള്‍ ഒരു പാടു കാലം പിറകിലേക്കു പോകാന്‍ തയ്യാറാണ്‌. ധാരാളം ഗവേഷണങ്ങള്‍ നടത്താന്‍, എന്തു ഖനനം നടത്താനും തയ്യാറാണ്‌. അതു തെളിയിക്കുന്ന എന്തെങ്കിലും കിട്ടിയാല്‍ അവിടം കൊണ്ട്‌ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യും. എന്നാല്‍ വെറും അഞ്ഞൂറു കൊല്ലം മാത്രം പിറകിലേക്കു പോയാല്‍ ലഭിക്കുന്ന ഒരു ക്ഷേത്രധ്വംസനത്തേക്കുറിച്ച്‌ യാതൊരു ഗവേഷണത്തിനും താങ്കളൊരുക്കമല്ല. കാരണം താങ്കള്‍ക്കു വേണ്ട ഘട്ടം കിടക്കുന്നത്‌ 1992-ലാണ്‌. അതിനു പിറകിലേക്കു പോകാന്‍ താങ്കള്‍ ഒരുക്കമല്ല. പിറകിലേക്കു പോകേണ്ടത്‌ ആവശ്യമുള്ളവര്‍ ഖനനത്തിനും നാനാവിധത്തിലുള്ള തെളിവു ശേഖരണത്തിനുമായി മെനക്കെട്ടിറങ്ങുന്നു. അപ്പോള്‍ അവരെ ‘ചെളികോരികള്‍‘ എന്നു വിളിക്കുന്നവരുടെ കൂടെ നില്‍ക്കാനാണ്‌ താങ്കളുടെ താല്‍പര്യം. ശരിയല്ലേ? അമ്പലമുണ്ടായിരുന്നെങ്കില്‍ അക്ബര്‍ പുനര്‍നിര്‍മ്മിച്ചേനെ(!) എന്നു വാദം സൂചിപ്പിക്കുന്നതെന്താണ്‌?

എനിക്കിതിലൊന്നും പരാതിയില്ല വിചാരം. നാമെല്ലാം മനുഷ്യരാണ്‌. നമ്മുടെ പക്ഷ ചിന്തകള്‍ക്കനുസരിച്ച്‌ നാം നിലപാടെടുക്കുക. നമുക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്‌.

* * * * * * * * *

ഈ രണ്ടു കാര്യങ്ങളിലും ഞാനൊരു നൂതന വാദമുന്നയിക്കട്ടെ?

ഉടമസ്ഥത എന്നത്‌ - പാരമ്പര്യം എന്നത്‌ - ഇതിന്റെയൊക്കെ ആരംഭം നാം എങ്ങനെ നിശ്ചയിക്കും? അന്വേഷണങ്ങളുടെ അതിരുകള്‍ നാം എങ്ങനെ നിശ്ചയിക്കും? ക്ഷേത്രമുണ്ടായിരുന്നെങ്കില്‍, അതു നിര്‍മ്മിക്കപ്പെട്ടതു മുതലല്ലല്ലോ ചരിത്രമാരംഭിക്കുന്നത്‌. അതിനും മുമ്പ്‌ ആ സ്ഥലം എന്തായിരുന്നു? രാമന്‍ ജനിച്ചുവെങ്കില്‍, അതിനും മുമ്പ്‌ അവിടം ആരുടേതായിരുന്നു? അതിനും മുമ്പോ? അതിനും അതിനും മുന്‍പ്‌? അങ്ങനെ എത്ര കാലം നാം പുറകോട്ടു പോയി ഉടമയെ കണ്ടെത്തും? അതുപോലെ തന്നെ, ബ്രാഹ്മണരെ വരത്തന്മാരാക്കി മാറ്റി നിര്‍ത്തിയിട്ട്‌ ദ്രാവിഡരുടെ കാര്യം ആലോചിക്കാം. അവരുടെ പിന്‍ഗാമികള്‍ ആരാണ്‌? അവരിവിടെത്തന്നെ ഉണ്ടായിരുന്നവരാണോ? പിറകോട്ടു പോകാന്‍ നമുക്കു താല്‍പര്യമുണ്ടോ? ഉവ്വെങ്കില്‍ എത്ര കാലം പുറകോട്ടു പോകും?

ചിന്തിച്ചു ചിന്തിച്ച്‌ പ്രബുദ്ധരാകുക.
നമ്മുടെ ചിന്തകളില്‍ പക്ഷപാതിത്വമുണ്ടെന്നും അതാണ് നമ്മുടെ അന്വേഷണങ്ങളുടെ ആഴം നിര്‍ണ്ണയിക്കുന്നതെന്നുമൊക്കെ തിരിച്ചറിയുന്ന ഒരു കാലമെത്തുമ്പോള്‍ അത്യത്ഭുതകരമായ ഒരു പക്വത നമുക്കു വന്നു ചേരും.

>> [വിചാരം] ഇവരല്ലേ (സംഘവും ഉത്തര്യേന്ത്യന്‍ ബ്രാഹ്മണ കൂട്ടം) ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ .. <<

അവരാണ്‌ ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍!
ആയിരിക്കണം - വിചാരം. ആയിരിക്കണം.. സംഘം ഉടലെടുത്തിരുന്നില്ലെങ്കില്‍, “ഉത്തരേന്ത്യയിലെ ബ്രാഹ്മണക്കൂട്ടം“ ചത്തൊടുങ്ങുകയോ കാശ്മീരി പണ്ഡിറ്റുകള്‍ക്കു സംഭവിച്ചതു പോലെ അപ്രത്യക്ഷരാകുകയോ ചെയ്തിരുന്നെങ്കില്‍, ഒരു പക്ഷേ ഇവിടെ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ല. എനിക്കു കൂടുതലൊന്നും പറയാനില്ല. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

കഴിഞ്ഞയിടെ ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍, ബി.ജെ.പി. വന്‍വിജയം നേടിയതിനേപ്പറ്റിയുള്ള ഒരു വിലയിരുത്തല്‍ കണ്ടത്‌ ഓര്‍ത്തു പോകുന്നു. ദല്‍ഹിയിലെ ചില അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചതാണത്രേ കോണ്‍ഗ്രസ്‌ പരാജയപ്പെടുവാനുള്ള ഒരേയൊരു കാരണം!

ആരും ഒന്നും പഠിക്കുന്നില്ല. എത്രയെത്ര അനുഭവങ്ങള്‍ തുടരെത്തുടരെയുണ്ടായാലും.

(തുടരും)
അടുത്ത പോസ്റ്റ്‌ :- “ന്യായീകരണവാദത്തിലെ അപകടം

1 comment:

Unknown said...

ആര്യനാക്രമണവാദവും അന്വേഷണങ്ങളുടെ ആഴവും.

ഉടമസ്ഥത എന്നത്‌ - പാരമ്പര്യം എന്നത്‌ - ഇതിന്റെയൊക്കെ ആരംഭം നാം എങ്ങനെ നിശ്ചയിക്കും? അന്വേഷണങ്ങളുടെ അതിരുകള്‍ നാം എങ്ങനെ നിശ്ചയിക്കും?